Tuesday, 21 June 2016

അരപ്പിരി വണ്ടി ട്രിപ്പ്‌ 1

********************************************************************************************************
നിയമപരമായ മുന്നറിയിപ്പ്:
അരപ്പിരി വണ്ടിയില്‍ ഇത് വരെ കയറാത്തവര്‍  മുന്‍ഭാഗങ്ങള്‍ വായിച്ചിട്ട് മാത്രം തുടരുക.


**********************************************************************************************************************************
തുടര്‍ന്നു വായിക്കുക.....

                         മണികിലുക്കം കെട്ടിടത്തേയ്ക്ക് ഏവരും ആക്രാന്തത്തോടെ നോക്കി.

അപ്പോളുണ്ട്‌ നാണം കൊണ്ട് പൊതിഞ്ഞ മുഖവുമായി ഒരു "തൈ കിളവി" വേച്ചു വേച്ച് കടന്നു വരുന്നു. സര്‍ക്കാര്‍ പണം അടിച്ച്മാറ്റിയ കേസില്‍ സസ്പെന്‍ഷനില്‍ പറഞ്ഞുവിട്ട സര്‍ക്കാര്‍ വാഹന കണ്ടക്ടര്‍ കുസുമം!! പണിലാല്‍ റാവുത്തറുടെ ബാല്യകാല സഖി.

വലിഞ്ഞ സ്പ്രിംഗ് പോലത്തെ മുടിയും,പായല് പിടിച്ച മുറം പോലത്തെ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട്,ഏതോ പൊട്ട കവിതയും മൂളിക്കൊണ്ട് വണ്ടിക്കു നേരെ നടന്നടുക്കുന്ന കുസുമത്തിന് തൊട്ടു പിന്നില്‍ മറ്റൊരു രൂപം.

കണ്ടക്ടര്‍ക്ക് പിന്നില്‍, പണിലാല്‍ റാവുത്തറുടെ പ്രധാന ഭൂതം എന്നറിയപ്പെടുന്ന “സജിന മൂത്താപ്പ” യെ കൂടി കണ്ടപ്പോള്‍ പൂവാലന്സ്സ് എല്ലാം മുഖം തിരിച്ചു. "ഇനി മുത്തശി കഥകളും ഉപദേശങ്ങളും മാത്രം കേള്‍ക്കേണ്ടി വരുമല്ലോ”.

*******************

കുസുമത്തിന്‍റെ ഡബിള്‍ ബെല്‍ കേട്ടതോടെ “പ്ലിങ്ങന്‍ കുഞ്ഞാക്ക” വണ്ടി സ്ടാര്ട്ടാക്കി.

വണ്ടിയില്‍ പെണ് കണ്ടക്ടര്‍ ആണെന്നറിഞ്ഞ, ആക്ക്രി പെറുക്കാന്‍ പോയ ആക്രിവാസു,ആക്രി പെറുക്കല്‍ മാറ്റി വച്ച് ഓടി കിതച്ചെത്തി.
ആക്രിവാസുന് പിന്നാലെ ഒരു വിധം ഇഴഞ്ഞെത്തിയ വെട്ടിരുമ്പ് മത്തായി ആക്രിയുടെ "ആക്ക്രിയേല്‍" തന്നെ പിടിത്തമിട്ടു.അപ്പോഴേയ്ക്കും വണ്ടി നീങ്ങി തുടങ്ങി.വാതിലേല്‍ തൂങ്ങി നില്‍ക്കുന്ന ആക്രിവാസുവും, ആക്രിവാസുന്‍റെ ആക്രിയേല്‍ തൂങ്ങി പിടിച്ച് വെട്ടിരുമ്പ് മത്തായിയും.....

ആ പോക്ക് കണ്ട പണിലാല്‍ റാവുത്തര്‍, ബാല്യകാല സഖിക്ക് നല്ലൊരു പണി കൊടുത്ത സന്തോഷത്തില്‍ പൊട്ടി ചിരിച്ചു.

**************

അതേ സമയം അരപ്പിരിവണ്ടിയില്‍ നിലത്തിരുന്ന് ചീട്ടുകളിച്ചവരുടെ മേലേയ്ക്കു സീറ്റിലിരുന്നുറങ്ങിയ ഗുണ്ട ഉരുണ്ട് പിടഞ്ഞ് വീണു.നിലത്ത് വീണ ഗുണ്ട ഉറക്കെ വിളിച്ചു കൂവി.

“തീ തീ തീ.....”

തീ എന്ന് കേട്ടതും കലിപ്പ് മുഖവുമായി പിണങ്ങി ഇരുന്ന പഴയ വിപ്പ് കുപ്പയും മറിച്ചിട്ട് സീറ്റിനടിയില്‍ കയറി ഒളിച്ചു.അവിടിരുന്ന് തെറി വിളി തുടങ്ങി.

ആരാടാ എന്നെ തള്ളിയിട്ടെ” എന്ന് ചോദിച്ചുകൊണ്ട് പിടഞ്ഞെണിറ്റ ഗുണ്ടയുടെ മുന്നില്‍ ഒലക്കയുമായി വന്നുപെട്ട അധികാരി മാടം, ലേഡിസ്സ് സീറ്റിനടുത്ത്‌ അഴകിയ രാവണന്‍ ആയി നിറഞ്ഞാടിക്കൊണ്ടിരുന്ന പൊട്ട മണ്‍കലത്തിന് നേരെ വിരല്‍ ചൂണ്ടി.കണ്ട പാടെ കാണാത്ത പാടെ അങ്ങോട്ട്‌ പാഞ്ഞ ഗുണ്ടയ്ക്ക് മുന്നില്‍ പെടലി ഒരുകുപ്പി "ചാരായം" എടുത്തുവച്ചു.

ചാരായം കണ്ട ഗുണ്ട, പെടലിയുടെ തെയ്യാര കളി കണ്ടില്ലെന്നു നടിച്ചു.ചാരായ മണം അടിച്ച വെട്ടിരുമ്പ് മത്തായി ആക്രിയെലേ പിടി വിട്ട് പതുക്കെ ഇഴഞ്ഞ് കുപ്പിക്കരുകില്‍ എത്തി പത്തി വിടര്‍ത്തി.ഓസിക്കടിക്കാന്‍ വന്ന മത്തായിയെ കൂട്ട് കിട്ടിയ ഗുണ്ട സന്തോഷം കൊണ്ട് തെറിപാട്ട് തുടങ്ങി.
പണ്ടാരാ കാലാ.... കോന്തന്‍ മത്തായി.
ഓസിക്കടിക്കാന്‍ വന്നോനല്ലേ നീ ...
ആസിഡ് കിട്ട്യാലും ഓസിനടിക്കും 
തിരുപ്പൂരെ ഊച്ചാളി കിളവന്‍ മത്തായി ..

അപ്പോഴാണ് വണ്ടിക്ക് കുറുകെ ഒരു പെണ്‍പട വട്ടം കയറി നില്‍ക്കുന്നത് പ്ലിങ്ങന്‍ കണ്ടത്.കണ്ട പാടെ ആഞ്ഞു ചവുട്ടിയത്‌ കൊണ്ട് ഞെരിഞ്ഞമര്‍ന്നു ചാടി കുത്തി, അലറി വിളിച്ചുകൊണ്ട് വണ്ടി നിന്നു.വണ്ടിയേല്‍ തൂങ്ങിനിന്നാടിയ ആക്രിവാസു തെറിച്ച് ഗ്രാമത്തിലെ അഴുക്കു ചാലില്‍ വീണു.അതോടെ ആ ചാല്‍ മൊത്തത്തില്‍ മലിനമായി.

വണ്ടിയേലെ ഒലക്ക കൊണ്ട് പലരുടെയും പല്ലിളകി.
വണ്ടി നിന്ന പാടെ പെണ്പട അടുത്ത് വന്നു.അവര്‍ക്കിടയില്‍ നിന്നും അതിശയന്‍ കണക്കെ വലിയ ശരീരവും ചെറിയ ബുദ്ധിയും കൈയ്യില്‍ കോലുമുട്ടായിയുമായി, വള്ളി നിക്കറിട്ടു മൂക്കൊലിപ്പിച്ചൊരു ചെറുക്കന്‍.

"ഇവനും ഗുണ്ടയാ.ഞങ്ങടെ ഒരേ ഒരു ആങ്ങള.ഇവനും വണ്ടിയേല്‍ കയറണം പോലും"

"ഗുണ്ട" എന്ന് കേട്ടപ്പോള്‍തന്നെ പേടിച്ച കണ്ടക്ടര്‍ കുസുമം ഉടന്‍തന്നെ, ആ പീറ ചെറുക്കനെ പിടിച്ച് വണ്ടിയേല്‍ കയറ്റി."താനല്ലാതെ മറ്റൊരു ഗുണ്ടയോ" എന്ന് കരുതി ഗുണ്ടവിനു കത്തിയേല്‍ പിടി മുറുക്കി.
"ഉള്ള ഗുണ്ടയെ തന്നെ സഹിക്കാന്‍ പറ്റാതെ ഇരിക്കുമ്പോളാ വേറൊരെണ്ണം" എന്ന് ചിലര്‍.
"പുതിയ ഗുണ്ടയെ വച്ച് പഴയ ഗുണ്ടയെ ഒതുക്കാം" എന്ന് മറ്റു ചിലര്‍.

വണ്ടിയേല്‍ ഗുണ്ട പ്രശ്നം രൂക്ഷമാകുന്നതിനു മുന്നേ തന്നെ പ്ലിങ്ങന്‍ കുഞ്ഞാക്ക വീണ്ടും വണ്ടി എടുക്കാന്‍ തുടങ്ങിയപ്പോളെയ്ക്കും കയ്യില്‍ കുറെ കൊച്ചുപുസ്തകങ്ങളുമായി ഒരുവന്‍ ചാടി കയറി.

വട്ട മുഖം,ചട്ടി തല, തേച്ചുമിനുക്കിയ മുഖം. കള്ളചിരിയും വീഞ്ഞിന്‍റെ മണവും കുറുക്കന്‍റെ  നോട്ടവുമായി വന്നവന്‍ എരിവും പുളിവും ഉള്ള തീവ്രവികാരങ്ങള്‍ തുളുമ്പുന്ന പുസ്തകങ്ങള്‍ വിറ്റ് കൈ നിറയെ പണം വാരി.മനസ്സിനും ശരീരത്തിനും ചൂട് പിടിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിച്ച ആരാധകര്‍ക്കും ആരാധികമാര്‍ക്കും മുന്നില്‍ അവന്‍ പമ്മന്‍ ആയി മാറി.

വണ്ടി പിന്നെയും ഓടി തുടങ്ങിയപ്പോള്‍, ബോറടി മാറ്റാനായി അന്താക്ഷരി കളി തുടങ്ങി.പല പല ടീമുകളായി വാശിയോടെ പൊരുതി.പെണ്‍പടയുടെ തെറ്റിയ വരികള്‍ തിരുത്തിക്കൊടുത്ത പെടലിയെ ആരോ "മൂരാച്ചി" എന്ന് വിളിച്ചു.വിളി കേട്ട പെടലി നെഞ്ചത്തടിച്ച് നിലവിളിച്ചു.മൂക്ക് പിഴിഞ്ഞ് അടുത്തവന്റെ ഷര്‍ട്ടില്‍ തേച്ചു.എന്നിട്ടും സങ്കടം മാറഞ്ഞ്‌ മൂന്നര കട്ടയില്‍ ഒരു വിരഹ ഗാനം കാറി കൂവിയേച്ചു പുറകിലെ സീറ്റില്‍ പോയിരുന്നുറങ്ങി.

അതുകണ്ട പലരും ശവത്തെല്‍ കുത്തുന്ന പോലെ പൊട്ടിചിരിച്ചു.

*****************************
തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും വിക്കനായ ഒരു കുടനന്നാക്കുകാരനും പൊട്ടനായ ഒരു ചെരുപ്പ് കുത്തിയും കൂടി തോളത്ത് കൈയിട്ട് കയറി വന്നു.ഒരുവന്‍ അല്‍പ്പം വിക്കുള്ളവന്‍ 
"സൂ... സൂ ... സൂ ...സൂ " അവന്‍ കിടന്ന് വിക്കി.
 ചെരിപ്പ്കുത്താന്‍ പറ്റിയ സ്ഥലം കണ്ട് പിടിച്ച പോട്ടനാവട്ടെ "സമാധി"യിലിരിക്കും പോലെ ഒരു മൂലയ്ക്ക് പോയി കുത്തിയിരുന്നു.



                                                                                                            (ജും ജും)

Monday, 20 June 2016

കൈസര്‍ !!


                    സ്ഥിരമായി നടക്കുന്ന തേങ്ങാ മോക്ഷണം തടയാനായി കൊണ്ടുവന്ന നായയെ അച്ഛന്‍ തന്നെ പേരിട്ട് വിളിച്ചു."കൈസര്‍".തനി നാടന്‍ ചാവാലി ആയ ഇവന് "കൈസര്‍" എന്ന പേര്??

ആ സംശയം അന്ന് രാത്രി തന്നെ തീര്‍ന്നു.ചീവിടുകളുടെ സംഗീതവും,ഓടി നടന്നുള്ള കൈസറിന്റെ കുരയ്ക്കു മുന്നിലായി ഓടി മറയുന്ന കാലടികള്‍ക്കൊപ്പം ഉയര്‍ന്നു വന്ന ഒരു നിലവിളിയും കൂടി ചേര്‍ന്നപ്പോള്‍ അന്നത്തെ രാത്രിയെ കൈസര്‍ തന്‍റെ പേരിലെഴുതി ചേര്‍ത്തു.നാടന് ശൌര്യം കൂടും എന്ന് അന്ന് മനസ്സിലായി.

അതോടെ കൈസര്‍ വീട്ടിലെ താരമായി മാറി.അതിക്രമിച്ചു കയറിയ മറ്റു നായകളെ അവന്‍ ഓടിച്ചിട്ടു കടിച്ചു.വീട്ടില്‍ വന്ന പലരെയും അവന്‍ പേടിപ്പിച്ചു.ചിലര്‍ക്കിട്ടു ചെറിയ കടിയും കിട്ടി. അതോടെ കൈസറെ ഭയന്ന് ആളുകള്‍ അവിടെ വരാന്‍ മടിച്ചു.ഇത് കണ്ട അച്ഛന്‍ അവനെ തുടലിട്ടു പൂട്ടി.

ഒരു നാള്‍ രാവിലെ അവന്‍ തുടലും പൊട്ടിച്ച് എങ്ങോ പോയി മറഞ്ഞു.

************************************************************
പിന്നീടൊരുനാള്‍ നാടുണര്ന്നത് കള്ളന്‍ കണാരന് പേ വിഷബാധ ഏറ്റു എന്ന വാര്‍ത്തയുമായാണ്.അതൊരു തുടക്കം മാത്രമായിരുന്നു....

ത്രിഫല !!



                       വായനാദിനത്തിൽ നടന്ന സെമിനാറിൽ സൊസൈറ്റിയിലെ പ്രമുഖർക്കൊപ്പം "പ്രമുഖർ" ആകാൻ ശ്രമിക്കുന്നവരും,ദിവസകൂലിക്ക് അണികളായി പോകുന്നവരും,സംഘാടകരും,അവരുടെ കുടുംബക്കാരും,അധ്യക്ഷനായ പ്രമുഖ സാഹിത്യകാരനും,ഉത്‌ഘാടകൻ ആയ രാഷ്ട്രീയ നേതാവും, കൂടാതെ ഹാള് സൂക്ഷിപ്പുകാരനും കൂടി ആയപ്പോൾ ടൗൺഹാളിൻറെ സ്റ്റേജ് ഉൾപ്പെടുന്ന പകുതിയുടെ പകുതി ഭാഗം നിറഞ്ഞു കവിഞ്ഞതിനാൽ ഹാള് സൂക്ഷിപ്പുകാരൻ തൊട്ടു പുറകിലെ നിരയിലേക്ക് കടന്നിരുന്നു.

പകുതിയും,പകുതിയുടെ പകുതിയും ചേർന്ന,ആളുകളില്ലാത്ത വലിയ ഭാഗത്ത് സംഘാടകരുടെ കുട്ടികൾ ഓടി കളിച്ചു രസിച്ചു.
സ്ത്രീകൾ സീരിയലുകളേയും,ടൗണിൽ തുടങ്ങിയ പുതിയ വസ്ത്രാലയത്തെ കുറിച്ചും, സ്വർണ വിലയേയും,മഹിളാ വേദിയേയും കുറിച്ചും ഒക്കെ വാചാലരായി.

പുരുഷ കേസരികൾ വായനയേകുറിച്ചും വായനയുടെ ഗുണങ്ങളെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിക്കുന്ന രാഷ്ട്രീയ നേതാവിനെ അസൂയയോടെ നോക്കിക്കൊണ്ട് "സമയം ഉണ്ടായിരുന്നെങ്കിൽ തങ്ങളും വായിച്ചേനെ" എന്നു നെടുവീർപ്പിട്ടു.തങ്ങളിൽ നിന്നും പുസ്തകങ്ങളെ അകറ്റി നിർത്തിയതിന് "സമയകുറവിനെ" എല്ലാവരും കുറ്റപ്പെടുത്തി.

അപ്പോളാണ് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നു പറഞ്ഞുകൊണ്ട് ഉത്‌ഘാടകൻ തന്നെ അതിനൊരു പരിഹാരവും ഇട്ട്കൊടുത്തു.

"ഒരു ജന പ്രതിനിധിയുടെ തിരക്കുകളും സമയക്കുറവും നിങ്ങൾക്ക് ഊഹിക്കാമല്ലോ ??അങ്ങിനുള്ള ഞാൻ പോലും വായനയ്ക്ക് സമയം കണ്ടെത്തുന്നുണ്ട്.അതും ഒരു ദിവസം പോലും മുടങ്ങാതെയുള്ള വായന.
ദിവസ്സേനെയുള്ള ടോയിലറ്റിൽപോക്കിനൊപ്പം ആണ് എൻ്റെ വായന.രാത്രിയിൽ കിടക്കും മുന്നേ ഒരു ത്രിഫല കഴിച്ചിട്ട് കിടന്നാൽ, നിങ്ങൾക്കും ദിവസ്സേന ഉള്ള വായന സാധ്യമാകും"

വായിക്കുവാൻ സമയം കണ്ടെത്തിയ സന്തോഷത്തിൽ കേട്ടിരുന്ന പ്രമുഖർ വായിക്കേണ്ട പുസ്തകങ്ങളെകുറിച്ചുള്ള ചർച്ചകൾ തുടങ്ങി.

ഉത്‌ഘാടകൻ പ്രസംഗിച്ചു തളർന്ന് കസ്സേരയിലേയ്ക്ക് മടങ്ങി.അടുത്തിരുന്ന സാഹിത്യകാരൻ അധ്യക്ഷൻ, തിരക്കുള്ള ജീവിതത്തിലും വായനയെ സ്നേഹിക്കുന്ന രാഷ്ട്രീയകാരനെ അഭിന്ദനപൂർവം നോക്കികൊണ്ട് ചോദിച്ചു.

"ഏതു പുസ്തകം ആണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് ?"

"പുസ്തകം വായിക്കാൻ ഒന്നും സമയം കിട്ടണില്ല, പത്രങ്ങൾ ആണ് വായിക്കുന്നത്.രാഷ്ട്രീയക്കാർ പല പത്രങ്ങൾ വായിച്ചാലല്ലേ പിടിച്ചു നിൽക്കാനാവൂ"

"എന്നാൽ പിന്നെ രാത്രി കിടക്കും മുന്നേ പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി....??"

"അതെങ്ങനെ ശരിയാകും ?? ആ പോക്കിനല്ലേ സാഹ്‌യാന പത്രങ്ങൾ വായിക്കുന്നത് !!"

"എന്നാൽ പിന്നെ ഉച്ചയ്ക്ക് ?? ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ !!"

"അപ്പൊ ഫേസ്ബുക്ക് എപ്പോ നോക്കും?"

രാഷ്ട്രീയക്കാരന്റെ പ്രധാന പ്രവർത്തന മേഖല ടോയ്‌ലറ്റ് തന്നെ എന്നു തിരിച്ചറിഞ്ഞ സാഹിത്യകാരൻ, അധ്യക്ഷനായി തന്നെ ഇരിപ്പ് തുടർന്നു.

"ദിവസ്സേനയുള്ള പുസ്തക വായനയ്ക്കായി" അന്നുമുതൽ തന്നെ പലരും ത്രിഫല കഴിച്ചുതുടങ്ങി.

പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുവാനായി, പല പ്രസാധകരും പുസ്തകങ്ങൾക്കൊപ്പം  "ഫ്രീ" ത്രിഫല കൂടി ചേർത്തുകൊണ്ട് പുസ്തക മേളകൾ സംഘടിപ്പിച്ചു.


*******************************************************************************











Sunday, 19 June 2016

ഈശ്വരാ ഞാനിന്ന് ചാവണേ....



ഞാനൊരു "ജീവന്‍ പരിരക്ഷാ ഇന്‍ഷുറന്‍സ്സ്" എടുത്തു.

അങ്ങിനെ,
കാശ്കൊടുത്ത് സ്വന്തം മരണത്തിനായി ദിവസ്സേന പ്രാര്‍ഥിക്കുവരുടെ കൂട്ടത്തില്‍ ഞാനുമൊരംഗമായി.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാലാവധി തീരുമ്പോള്‍...., കൈയില്‍ കിട്ടുന്ന പണത്തിന് ഒരു പക്ഷെ ഒരു "ചെവിതോണ്ടി"പോലും കിട്ടില്ല.

ഒരു ബിസിനസ്‌ ആകുമ്പോള്‍ ലാഭം വേണമല്ലോ??

അതുകൊണ്ട് കാലാവധി തീരും മുന്‍പുള്ള മരണത്തിനായി പ്രാര്‍ഥിക്കാം!!അതും അപകട മരണം തന്നെ.എന്നാലല്ലേ ലാഭം ഉണ്ടാവൂ.....

പോളീസി നമ്പര്‍ എഴുതി പോളീസ്സി എടുക്കാത്ത ദൈവത്തിന് മുന്നില്‍ സമര്‍പ്പിച്ച ശേഷം കണ്ണടച്ച്, മനമുരുകി പ്രാര്‍ഥിച്ചു,




                          ഈശ്വരാ ഞാനിന്ന് ചാവണേ....




Tuesday, 14 June 2016

ചിത്രകാരി !!



                 നാലാളറിയുന്ന നല്ലൊരു ചിത്രകാരിയായി സൂസ്സി  മാറിയത് വളരെ പെട്ടെന്നായിരുന്നു.അമ്മയുടെ പാരമ്പര്യം അതെപടി പകർന്ന് കിട്ടിയത് അവൾക്കാണെന്ന് അവളുടെ ഗ്രാമവാസികൾ ഒന്നടക്കം  സമ്മതിക്കുക തന്നെ ചെയ്തു.

കൃത്യമായി പറഞ്ഞാൽ വിവാഹശേഷം ആണ് അവളുടെ വരയ്ക്കാനുള്ള കഴിവുകൾ ആദ്യമായി പ്രകടമായത്.

അവൾ വരച്ച വരകളിൽ കൃത്യമായി നിന്നുകൊണ്ട്, സൂസ്സിയുടെ കെട്ടിയവൻ പൊറിഞ്ചു, അവളിലെ ചിത്രകാരിയെ അനുദിനം പ്രശസ്തിയിലേയ്ക്ക് ഉയർത്തിക്കൊണ്ടിരുന്നു......




Tuesday, 7 June 2016

തംസ്സ് അപ്പ് വിത്ത് മാത്തപ്പ്സ്സ്!!

                                                   “കൂയ്....”

                                                   “ഹോ...യ്യ്!!...”

                                                    “മാത്തപ്സ്.....!!”

                                                   “എന്നാടാ അലവലാതി...”

                                                    “ബ്ഹുഹഹഹഹഹ.................”


            ലേന്നു വിളിച്ചപ്പോള്‍ അങ്ങിനെ തുടങ്ങി.എന്നാല്‍ നേരിട്ട് പോയി കണ്ട് രണ്ടെണ്ണം കൊടുത്തിട്ട് കിട്ടുന്നതും വാങ്ങി പോരാം എന്ന് തന്നെ തീരുമാനിച്ചു.

നാളെ കാണാം” എന്ന് പറഞ്ഞപ്പോള്‍ തന്നെ വന്നു മറുപടി.

“അല്ലേലും എനിക്കെന്തോ വലുത് വരാനിരിക്കുന്നു എന്ന് കുറച്ചു ദിവസമായി മനസ്സ് പറയുന്നുണ്ടാരുന്നു.അതിത്രയും വലിയ പണി ആണെന്ന് കരുതിയില്ല!! വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...... ങാ നീ വാ....!!”

കിര്‍.....ണ്ണിം.....കിര്‍..... ണ്ണിം... ണ്ണിം..... ണ്ണിം അടിച്ച് തുടങ്ങിയ ഫോണ്‍ കാള്‍ “ണ്ണിം!!”


*************************************************************************

പിറ്റേന്നത്തെ യാത്രയുടെ മൂഡോ, നാടന്‍ പാട്ട് പാടി തന്ന് ചോര കളി നടത്തിയ കൊതുകിനെ നോക്കി കുത്തിയിരുന്ന് ചോറിഞ്ഞതിനാലോ എന്നറിയില്ല, അതിരാവിലെ പുലര്‍ചെ  ഒന്പതു മണി ആയപ്പോ എണീറ്റ് പിന്നെയും കുത്തിയിരുന്നു.
അവിടിരുന്ന് കുറച്ച് ഉറങ്ങി,പിന്നെ കിടന്നുറങ്ങി....ഒടുവില്‍ ബെഡ്ഷീറ്റ് എടുത്തുടുത്ത്‌ ബെഡ്ഡില്‍നിന്നും പൊങ്ങി പോന്നപ്പോ സമയം പത്ത് മണി.

അപ്പോളാണ് “ഇനി ആ ഊള വരില്ല” എന്ന സന്തോഷത്തില്‍ തുള്ളിചാടാന്‍ ചാനസ്സ്  ഉള്ള മാത്തപ്പ്സ്സിന്‍റെ മുഖം ഓര്‍മ്മ വന്നത്.

ഉടന്‍ തന്നെ ഉറക്കചടവൊക്കെ വലിച്ചെറിഞ്ഞ് മുഖത്ത് രണ്ട്തുള്ളി വെള്ളം തളിച്ച് പല്ലും തേക്കാതെ നേരെ ബൊമ്മനഹള്ളിക്ക് വച്ച് പിടിച്ചു.അവിടെ ചെന്ന് ഷെയര്‍ ഓട്ടോയില്‍ കയറി “ടെന്റ്” എന്ന സ്ഥലത്ത് ചാടിയിറങ്ങി.പണ്ട് കാലത്ത് ടെന്റ് കെട്ടി അതിനുള്ളില്‍ സിനിമാപടം കാണിച്ചു കാണിച്ച് നേടിയെടുത്ത പേരാണത്രേ “ടെന്റ്” എന്നത് എന്ന് മാത്തപ്പ്സ്സ് പിന്നീട് പരദൂഷണമായി പറഞ്ഞു തന്നു.

ഓട്ടോയില്‍ നിന്നും ഇറങ്ങി ചുറ്റിനും നോക്കിയപ്പോള്‍ "മുഷിഞ്ഞു നാറിയ" ഒരു കീറ കൈലിമുണ്ടും, “ഈച്ച പറക്കുന്ന” ഒരു ഷര്ട്ടും ഇട്ട്, കൈയില്‍ ഒരു ചങ്ങലയും കറക്കി ഒരു രൂപം.മൂക്കിന് മുകളില്‍ താഴെ വീഴാന്‍ പാകത്തിന് വച്ചേക്കുന്ന ചതുര ഫ്രെയിം ഉള്ള കണ്ണടയും, കണ്ണടയ്ക്ക് മുകളിലൂടെ,ജന്മനാഉള്ള കള്ള ദൃഷ്ടിയും, മാമുക്കോയയുടെ പോലുള്ള ചിരിയും, വെള്ള ചകിരി നാരില്‍ വാഴകറ പിടിച്ച പോലുള്ള കപടാ മീശയും, കാക്കയുടെ പോലുള്ള ചെരിഞ്ഞ നോട്ടവും കണ്ടപ്പോള്‍ തന്നെ ആളെ പിടികിട്ടി.

വെട്ടിരുമ്പ് മത്തായി” എന്ന തിരുപ്പൂര്‍ മാത്യുചേട്ടായി.

കണ്ടഉടന്‍ “ആകാശവാണിയുടെ ടവറില്‍” നോക്കുന്ന പോലെ മേപ്പോട്ടു നോക്കി ഒരു ചോദ്യം

എന്നാടാ പോത്തേ...... ഇപ്പോളാണോ നിനക്ക് നേരം വെളുത്തത്??
"ബ്ഹുഹഹഹഹഹ..." എന്ന് ചിരിച്ചുകൊണ്ട് മത്തപ്പനെ കെട്ടി പിടിച്ചപ്പോള്‍ മാത്തപ്പന്‍ കൂള്‍ !!

കൂടുതല്‍ തെറി വിളി ഒഴിവായ ആശ്വാസത്തില്‍,അവിടുന്നു ഒരു കൊച്ച് കട്ട് റോഡുവഴി അഞ്ചുമിനിറ്റ് നടത്തം.പോകുന്ന വഴിയില്‍ ഒന്ന് രണ്ട് കൊച്ചു കടകളില്‍, നാട്ടില്‍ ആര്ക്കും വേണ്ടാത്ത ചക്ക അങ്ങിനെ തന്നെ വില്ക്കാ ന്‍ വച്ചിരിക്കുന്നു.

ചെന്നപ്പോള്‍ വീടിന്‍റെ വാതില്ക്കല്‍ തന്നെ നില്‍ക്കുന്നു മാത്തപ്പന്‍റെ പാതി “മാത്തപ്പി”.

ഉച്ചസമയമായതു കൊണ്ടും എന്‍റെ പെരുവയറ് കണ്ടത്  കൊണ്ടും മാത്തപ്പി ബുദ്ധിപൂര്വ്വം മൂന്നു ഗ്ലാസ് വെള്ളം കുടിപ്പിച്ചു.

അത്രയും കുറച്ചു ചോറല്ലേ കഴിക്കൂ!!!

മാത്തപ്പന്‍റെ മാത്തപ്പി അല്ലെ ?? മോശം വരില്ലല്ലോ.ചക്കിക്കൊത്ത ചങ്കരന്‍ തന്നെ !!

മാത്തപ്പന്‍ മത്തപ്പിയെ അഭിമാനപൂര്വ്വം ഒന്ന് നോക്കി.

ബഹളം കേട്ട് ജൂനിയര്‍ മാത്തപ്പന്‍ ഒന്നാമന്‍ ഉറക്ക ചടവോടെ “ഈത്തയും” ഒലിപ്പിച്ചുകൊണ്ട് എണീറ്റുവന്നു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവനെ പൊക്കിയ സന്തോഷത്തില്‍ ഞാന്‍ പരിചയം പുതുക്കി.
പുള്ളി ഒരു താല്പലര്യവുമില്ലാതെ മാറി നിന്നു.

ജൂനിയര്‍ മാത്തപ്പന്‍ രണ്ടാമന്‍ എടുത്താല്‍ പൊങ്ങാത്ത ഒരു കണ്ണടയും വച്ച് കട്ടിലില്‍ കുത്തിയിരുന്ന് “റണ്‍ വേ” എന്ന ദിലീപ് സിനിമ ഒച്ച കുറച്ച്കണ്ട് ജീവിതം വെറുപ്പിച്ച്കൊണ്ടിരുന്നു.

വട്ടനെ വിളിക്കാം” എന്ന് പറഞ്ഞ് മാത്തപ്പന്‍ പ്രഭാഷ് മച്ചാനെ ഫോണില്‍ വിളിച്ചു.


*************************************************************************

അപ്പോളെയ്ക്ക് മാത്തപ്പി ചോറും കറികളും മേശയില്‍ നിരത്തി.

ഫോണ്‍ വിളി കഴിഞ്ഞ മത്തപ്പ്സ്സ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാം ഒരാഴ്ച പഴക്കമുള്ളകറികളാ.എവിടെ കൊണ്ടോയി കളയും എന്ന് കരുതി ഇരുന്നപ്പോളാ നീ വന്നത്.
മാത്തപ്പന്‍ പണി തുടങ്ങി.

പുളി ഇട്ട മീന്‍കറിയും,ചിക്കനും,മീന്‍ വറുത്തതും,കോവയ്ക്കയും,വെള്ളരി കിച്ചടിയും, മീന്‍ അച്ചാറും അങ്ങിനെ വിഭവങ്ങള്‍ ധാരാളം.
പഴയതെങ്കില്‍ പഴയത്.ആര്ത്തിയയോടെ മൂക്കറ്റം വെട്ടി വിഴുങ്ങി.

വയറു നിറഞ്ഞ തൃപ്തിയില്‍ ഞാനും, പഴകിയതെല്ലാം ചിലവായ സന്തോഷത്തില്‍ മാത്തപ്സ്സും കൈകഴുകി എണീറ്റു.

അപ്പോളേയ്ക്കും മാത്തപ്പി മാങ്ങപഴം കൊണ്ട് വന്നു.അത് പാത്രത്തോടെ തീര്ത്തയപ്പോള്‍,മറ്റൊരു പത്രത്തില്‍ ക്യാരറ്റ്അലുവ കൊണ്ടുവന്നു.

“ഇവിടെ ആര്ക്കും വേണ്ട.മോന് വേണേല്‍ തിന്നോ”
മാത്തപ്പി വിനയാന്വിതയായി മൊഴിഞ്ഞു.


അല്‍പ്പം തിന്നപ്പോള്‍ സംഭവം കൊള്ളാം.
നല്ല നെയ്യിന്റെ മണവും രുചിയും, ഇടയ്ക്കിടെ കിട്ടുന്ന ഉണക്ക മുന്തിരി രുചി, ഒളിഞ്ഞിരിക്കുന്ന കശുവണ്ടി.... അങ്ങിനെ ആകെ മൊത്തം കിടു.

അപ്പോളേയ്ക്കും മഴ തുടങ്ങി.
കുട ഇല്ലാതെയാ വന്നത്.പണി പാളിയോ ??

ഇല്ലടാ... പേടിക്കണ്ട !!ഞാനുള്ളിടത്ത് മഴപോലും പെയ്യാറില്ല, അതുകൊണ്ട് ഇതിപ്പോ തന്നെ മാറും” മാത്തപ്പന്‍ അഭിമാനപൂര്വ്വം പറഞ്ഞു.

ശരിയാ.... ഇതിയാന്‍ ഉള്ളിടത്ത് തുള്ളി വെള്ളം കിട്ടില്ല.നല്ല ഒന്നാന്തരം കിണറുണ്ടാരുന്നതാ.വെള്ളമില്ലാതെ മൂടി കളഞ്ഞു.”

കിണറിരുന്ന സ്ഥലം ചൂണ്ടി മാത്തപ്പി ഒരു ദീര്ഘ നിശ്വാസം എടുത്തുകൊണ്ട് ആത്മഗതം പോലെ പറഞ്ഞുപോയി.

ഐശ്വര്യം ഉള്ളവര്‍ ചെന്നതിനാലോ, മാത്തപ്പിയുടെ ആത്മഗതം കേട്ടത് കൊണ്ടോ എന്തോ, മഴ തകര്ത്ത് പെയ്തു.

മഴ അല്പ്പം കുറഞ്ഞപ്പോള്‍ മത്തപ്പ്സ് കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങി.

ചിലവാകാതിരുന്നതെല്ലാം തീര്ത്തു കൊടുത്ത സന്തോഷത്തില്‍ മാത്തപ്പന്‍ അല്പ‍ ദൂരം കത്തിവച്ച്കൊണ്ട് ഒപ്പം വന്നു.

പോരും വഴി മാത്തപ്പിയുടെ സ്വന്തം രചന “ഇറച്ചി അച്ചാര്‍” പാഴ്സല്‍ ആയി തന്നുവിടാനും മറന്നില്ല.

ബാംഗ്ലൂര്‍ നഗരത്തില്‍ പെയ്യുന്ന മഴ റോഡിനെ കുളങ്ങളാക്കി മാറ്റുമെങ്കിലും............., അവിടുന്ന് ഓട്ടോയില്‍ കയറിയപ്പോളെയ്ക്കും മഴ തകര്ത്ത് തുടങ്ങി!!

ഓട്ടോയില്‍ നിന്നിറങ്ങി അടുത്ത ബസ്സില്‍ കയറി സൈഡ് സീറ്റില്‍ തന്നെ കുത്തിയിരുന്നു!!


*************************************************************************

ഇന്നത്തെ ദിവസം എനിക്കായി മാറ്റി വച്ച മാത്തപ്സിനോട് നന്ദി പറഞ്ഞുകൊണ്ട്...

മഴയുടെ ഭംഗി ആസ്വദിച്ച് കൊണ്ട്, കാറ്റിന്‍റെ സീല്‍കാരത്തിനായി കാതോര്‍ത്തു കൊണ്ട്....

ഈ ദിവസത്തിനു ഞാനൊരു പേര് നല്‍കി,


"തംസ്സ് അപ്പ് വിത്ത് മാത്തപ്പ്സ്സ്!!"
ബ്ഹുഹഹഹഹഹ