Thursday, 19 November 2020

കാലന്‍ കഥകള്‍ (ഭാഗം 14)

 മുന്നത്തെ 2 ഭാഗങ്ങൾ വായിച്ച്  വായിക്കുക  
***************************************************************

                      മൂട്ടില്‍ തൂങ്ങിയ പട്ടിയുമായി ഓടും വഴി ആണ്  ഗുരുവായൂരെ അപ്പന്‍ തമ്പ്രാന്‍ വക "ഗരുഢ മോട്ടോഴ്സ്" അപ്പൻ തമ്പ്രാൻ അറിയാതെ അന്തി മോന്താൻ പോയി വരുന്നത് കണ്ടത്.

പട്ടി കടിയേറ്റു കുറഞ്ഞ ചന്തിയോടെ ഇനി ഒരടി വയ്യ എന്നും പറഞ്ഞു, അന്തി മോന്തി താണു പറന്നു പോകുന്ന ഗരുഢ മോർട്ടേഴ്സ്സിനെ ലാക്കാക്കി കുതിക്കാൻ പാകത്തിന് കാലൻ ഒരാന്റിക് എടുക്കാൻ കുത്തിയിരുന്ന ഇരുപ്പിൽ പട്ടിയുടെ പിടി അയഞ്ഞു.കിട്ടിയ ലാക്കിനു ചാടിയ കാലൻ ഗരുഢ മോർട്ടേഴ്സ്സിന്‍റെ  മടക്കി വച്ച ലാൻഡിംഗ് ടയറിൽ പിടുത്തമിട്ടു. അപ്രതീക്ഷിത പിടിത്തത്തിൽ ഒരു ടയർ അൽപ്പം താഴേയ്ക്ക് വലിഞ്ഞു നീണ്ടു. അന്ന് മുതൽ ഗരുഢ തലമുറക്കാർ നടക്കുമ്പോൾ മേ.. കോ എന്ന് ഇരു വശങ്ങളിലേയ്ക്കും കുണുങ്ങി കുണുങ്ങി ഞൊണ്ടി തുടങ്ങി.

ആദ്യമൊന്നു ബാലൻസ് പോയി എങ്കിലും സംഗതിയുടെ "തൂങ്ങി" കിടപ്പു മനസ്സിലാക്കിയ ഗരുഢൻ കാലനേയും കൊണ്ട് പാഞ്ഞു.

പോകുന്ന വഴി ലാടവൈദ്യൻ ബൃഹസ്പതി ഗുരുക്കളുടെ പൊടി പിടിച്ചുകിടന്ന വീട്ട് മുറ്റത്ത് കാലനെ അൺലോഡ് ചെയ്തശേഷം ഗരുഢ മോട്ടോഴ്സ് സ്കൂട്ടായി.

വാതത്തിനു കഷായം കുടിച്ചും പെടലി വേദനയ്ക്ക് ബെൽറ്റിട്ടും, മുട്ടും തടവി മുറുക്കാനും ചവച്ച് കോലായിൽ മൂത്തുനരച്ചു കിടന്നിരുന്ന ഗുരു ശബ്ദം കേട്ട് വടിയും കുത്തി വേച്ച് വേച്ച് കാലനരികിൽ ചെന്നു.തൻ്റെ വീട്ടിലേയ്ക്കുള്ള റോഡ് പണിക്ക് വന്ന ദേവേന്ദ്രൻ്റെ ആളുകൾ കൊണ്ടിട്ടിട്ടു പോയ ടാറിൻ വീപ്പ ആണെന്നാണ് ഗുരു ആദ്യം കരുതിയത്.

ബൃഹു ഗുരുനെ കണ്ടയുടൻ, തൻ്റെ മീൻ ചട്ടിപോലത്തെ ചന്തിയേൽ പട്ടി കടിച്ച കാര്യം എട്ടു വട്ടം പറഞ്ഞു പൊട്ടികരഞ്ഞ കാലൻ്റെ,  പട്ടി നുഴഞ്ഞുകയറിയ പിന്നിലെ രഹസ്യ ബങ്കറുകളിൽ കമ്യുണിസ്റ്റു പച്ച പിഴിഞ്ഞൊഴിച്ച ശേഷം ബൃഹു ഗുരു കാലനെ എടുത്ത് വെയിലത്ത് ഉണങ്ങാൻ ഇട്ടു.

അപ്പോളാണ് മൂക്കിനിടയിൽ വിരലിട്ടു കിള്ളിക്കൊണ്ട്, പൊട്ടന് ലോട്ടറി അടിച്ചപോലത്തെ ചിരിയും ചിരിച്ചുകൊണ്ടൊരു രൂപം കടന്നു വന്നത്.

മൂപ്പിലാനേ ഇതേതാണ്ടപ്പ ഈ ശവി?? ആഗതൻ മൂക്കേന്നു വിരലെടുക്കാതെ തന്നെ വെയിലത്ത് തിരിഞ്ഞു കിടന്നിരുന്ന കാലനെ ചൂണ്ടി കളിയാക്കി ചിരിച്ചു.

"ആല്ല ഗഡിയേ   ... ഇതെന്തൂട്ടാണ് ഈ കുരുപ്പിൻ്റെ മൂട്ടില് ?? "

ഹോ ഹോ ഹോ ഹോ ഹോ ....

ആസ്മ പിടിച്ച പട്ടി കുരയ്ക്കുന്ന പോലെ ചിരിക്കുന്നവൻ ആരെടാ എന്നറിയാൻ ചാടി എണീറ്റപ്പോൾ ആണ് കാലന് ആഗതനെ പിടികിട്ടിയത്.

ചാക്ക് ചരടിട്ടു മുറുക്കിചുറ്റിയ കീറിയ മുണ്ടും, ഉണങ്ങിയ ചെമ്പരത്തി പൂമാലയും,ഇടംകൈയിലൊരു ചിരവ പോലത്തെ കമ്പി പൊട്ടിയ വീണയും, വലത് കൈയിൽ രണ്ടു ചിരട്ട പൊട്ടുകളും , വെടല ചിരിയുമായി ദേവഋഷി നാരദർ !!

താനെന്താണ്ടോ ഇബടെ  ??

കാലനെ കണ്ട നാരദർ ചോദിച്ചു.

എന്തേ എനിക്കിവിടെ വരാൻ പാടില്ലേ ??

തന്നെ ഇവിടെ കണ്ടപ്പോ "ബൃഹു കിളവൻ്റെ കാര്യം പോക്കാണോ"  എന്ന് കരുതി ചോദിച്ചതാ!!

അത് പോട്ടെ ... തന്നെ കണ്ടത് നന്നായി .
"ഗുണ്ട് മേരി സുഖമായിട്ടിരിക്കുന്നോ? കാലപുരിക്ക് ഞാനൊന്നു വരുന്നുണ്ട്!!"

"ഇനി അവിടേം വന്നു കലക്കാൻ ആണോ ? തൻ്റെ നാരദ പണി കാലപുരിക്ക് പുറത്ത് മതി"കടിച്ച പട്ടിയോടുള്ള ചൊരുക്ക്  നാരദരോട് തീർത്താലോ എന്നു കാലനൊന്നു ചിന്തിച്ചു.ദേവർഷി അല്ലേ.. തന്നേമല്ല.. ആടിനെ പട്ടി ആക്കുന്ന സ്വഭാവവും.

വേണ്ട, പിണക്കിയാൽ പണി ബ്ലൂ ഡാർട്ട് വഴി വരും.

നാരദരെ നോക്കി ഒന്നിളിച്ചു കാണിച്ച ശേഷം കാലൻ ചരിഞ്ഞു കിടന്നു വെയിൽ കൊള്ളൽ തുടർന്നു.

ഉച്ച വരെ നീണ്ട ബൃഹ-നാരദ ഉച്ചകോടിയ്ക്ക് ശേഷം, നാരദർ വന്ന പോലെ ചിരവയും തൂക്കി തിരിച്ചു പോയി.

ബൃഹന്റെ മരുന്ന് ഫലിച്ചു.പട്ടി കടിച്ച ത് കരിഞ്ഞു തുടങ്ങിയ ഉടൻ കിടന്ന കിടപ്പിൽ നിന്നും ഒന്നാം ക്ലാസ്സിൽ പോകാൻ വേണ്ടി കാലൻ ചാടി എണീറ്റു.പോയി നിന്നു തപ്പി നോക്കിയപ്പോ ദേ ഒരെണ്ണം എസ്ട്ര.

പടച്ചോനെ... ഈ കിളവൻ തന്ന മരുന്നിനു സൈഡ് എഫ്ക്റ്റോ?? എന്നു കരുതി സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് കാര്യം പിടി കിട്ടിയത്.വെയിലത്ത് ഉണങ്ങാൻ കിടന്ന കിടപ്പിൽ ഒന്നാം ക്ലാസ് വാതിലിനടുത്ത് പറ്റി കൂടിയ അട്ട ചോര കുടിച്ചു വളർന്നൊരു പ്രസ്ഥാനമായി മാറിയത് ആണ്.

തീക്കട്ടയിൽ ഉരുമ്പരിക്കുന്നോ??
അട്ട മോന്റെ ചീട്ട് ഉടൻ കീറിയ കാലൻ ഒന്നാം ക്ലാസ് കഴിഞ്ഞ ഉടൻ ഒന്നും മിണ്ടാതെ ഫീസും കൊടുക്കാതെ ബൃഹു കാണാതെ കാലപുരി ലക്ഷ്യമാക്കി ഒറ്റ മുങ്ങൽ!!

**********
കയ്യിലെ അട്ടയെ കണ്ടു തെറ്റിദ്ധരിച്ച കാലത്തി ചേമ്പ് പുഴുങ്ങാനുള്ള കലമെടുത്ത് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ചിട്ട് മുളക് അരയ്ക്കാൻ പോയി.


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി

Tuesday, 27 October 2020

മഞ്ഞുതിരും വഴിയരികേ..

                      വീടുപണി എന്നത് പഞ്ചവത്സര പദ്ധതി ആക്കുവാനുള്ള കഠിന  ശ്രമത്തിൻ്റെ ഭാഗമായി, ഇനിയുള്ള പണികൾ ആഴ്ചയിൽ ഒരു ദിവസ്സം മാത്രമാക്കി ചുരുക്കിയതിനാൽ, കുറച്ചു നാളുകളായി,ഞായറാഴ്ച ദിവസ്സങ്ങൾ പൊതുവെ സിമിന്റാവൃതമായി മാറുകയാണ് പതിവ്. 

ആ പതിവനുസരിച്ച്, മുണ്ടും മടക്കി കുത്തി  അവലോസു പൊടി കൈകാര്യം ചെയ്യും പോലെ സിമന്റ് മിശ്രിതം എടുത്ത് താജ്മഹൽ പണിയുമ്പോൾ ആണ് മരുമകൻ ഓടി ഒരു ഫോണുമായി വന്നത്.
"മാമനാ ഫോൺ"

മനുഷ്യനെ മേലനങ്ങി പണിയാനും സമ്മതിക്കില്ലേ എന്ന ഭാവത്തിൽ "ആരാ" ന്ന് ചോദിച്ചപ്പോ അവൻ കൈ മലർത്തി കാണിച്ചുകൊണ്ട് ഫോൺ വച്ച് നീട്ടി.

ആരാന്നറിയാതെ ആണോ "ക്ലാസ് മേറ്റ് വിളിച്ചാലെന്നപോലെ" സംസാരിച്ചോണ്ട് വന്നത് എന്ന സംശയം പതുക്കെ വിഴുങ്ങിക്കൊണ്ട് ഫോൺ വാങ്ങി സംസാരിച്ചപ്പോൾ മറു തലയ്ക്കൽ ഏതോ ഒരു കിളവി.

"ഉൽപ്പുൻ്റെ അച്ഛനാണോ?"

"ഈശ്വര... ന്നെ പ്രകൃതി വിരുദ്ധ കാമ പൂരകൻ ആക്കിയത് ഏതു ദ്രോഹിയാ" എന്ന് ചിന്തിക്കും മുന്നേ തന്നെ ആളെ പിടി കിട്ടി.ക്ലാസ്സ് മേറ്റ് മരുമകൻ്റെ അല്ല എൻ്റെ തന്നെ.

"നിൻ്റെ വീട്ടിലേയ്ക്കു ഉള്ള വഴി എങ്ങനാ?"

ഐവ!! അടിപൊളി.

ഒരിക്കൽ കൈ പിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്ന മുതൽ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ദേ....... ൻ്റെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുന്നു!!

എന്തെന്നില്ലാത്ത സന്തോഷം!!

കലാലയ വർണ്ണങ്ങൾ കാലത്തിന് വഴിമാറിയ വേദിയിൽ, പിന്നീട് വീട് തേടി വന്നിട്ടുള്ളത് മനസ്സിൽ ചേർത്ത് വച്ചിരുന്ന ചില ബന്ധങ്ങൾ മാത്രം!!

ന്‍റെ വീട്ടിലും വരണമെന്നോരടുപ്പം പ്രീയ സഖി "സുന്ദരി കിളവി" യ്ക്കും തോന്നിയതില്‍ ഉണ്ടായ സന്തോഷത്താല്‍ വീട്ടിലേയ്ക്കുള്ള വഴി തെറ്റാതെ പറഞ്ഞു കൊടുത്ത ശേഷം, പണികൾ തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ വഴികാട്ടിയായി റോഡിൽ പോയി നിൽക്കുവാൻ മണിക്കുട്ടനെ കച്ചകെട്ടിച്ച് പറഞ്ഞയച്ചു.

സ്പെഷ്യൽ  ഫ്രണ്ട് വരുന്ന കാര്യം അമ്മയെ അറിയിച്ചു. "ഒന്നും കഴിച്ചിട്ടില്ല ന്ന തോന്നുന്നത്,വല്ലതും ഉണ്ടോ" എന്ന് സംശയിച്ച് ചോദിച്ചത്, ഉച്ചയ്ക്ക് കാര്യമായ കറികൾ  ഒന്നുമില്ലായിരുന്നു എന്നറിയാവുന്ന കൊണ്ടല്ല മറിച്ച് , ചോറ് മിച്ചമുണ്ടോ എന്നറിയാത്ത കൊണ്ടാണ്.

ഭാഗ്യം ചോറുണ്ട്!! 

ൻ്റെ ഫ്രണ്ട് അല്ലേ ഉള്ള  വച്ചഡ്ജസ്റ്റ് ചെയ്തോളും.

"ന്നാലും ആദ്യമായി വരുന്നതല്ലേ, എന്തേലും ഉണ്ടാക്കണ്ടേ ?" അമ്മയ്ക്ക് സങ്കടം. 

"ന്തായാലും അവൾ വരട്ടെ, ബാക്കി അപ്പൊ നോക്കാം"

അപ്പോളേക്കും പാമ്പാടി എത്തി എന്ന് പറഞ്ഞു വന്ന കോള്‍ മനസ്സിലും ശരീരത്തിലും ഒരുപോലെ മുട്ടിവിളിച്ചു.ഭാഗ്യത്തിന് വഴികാട്ടി ആയി പോയവൻ പലവഴി കറങ്ങി തിരിഞ്ഞു പോയതിനാൽ അവർ തമ്മിൽ കണ്ടില്ല!!

അതുകൊണ്ടാണോ എന്നറിയില്ല, സഖി കൃത്യമായി  വീട്ടിലെത്തി.

മനസ്സ് നിറയുന്ന ചിരിയും സൗന്ദര്യവുമായി ഇറങ്ങി വന്ന് വീട്ടിലെ ഒരംഗമായി മാറിയ സഖിയെ, വീട് മൊത്തം കാണിച്ച ശേഷം, ബാല്‍ക്കണിയില്‍ പോയിരുന്ന് അല്‍പ്പം വിശേഷം പറച്ചില്‍ കഴിഞ്ഞു വന്നപ്പോളെയ്ക്കും....
 "ഡാ ഞാന്‍ പോകട്ടെ" എന്ന, കേള്‍ക്കുവാന്‍ ഒട്ടും ഇഷ്ടമില്ലാത്ത .....ആ ചോദ്യം  കാതില്‍ ഇടിച്ചു കയറി പായവിരിച്ച് കിടന്നുറക്കം തുടങ്ങി.

അല്ലേലും ഇഷ്ടമുള്ളവര്‍ക്കൊപ്പം ഉള്ള മണിക്കൂറുകള്‍, നിമിഷങ്ങള്‍ പോലെ കടന്നു പോകുമല്ലോ !!

നിളയുടെ തീരങ്ങളില്‍ പോയി വെള്ളി നിറമുള്ള സായിപ്പിന്‍ പുല്ല് പറിച്ചെടുത്ത് മണലിലിരുന്നു കാറ്റ് കൊള്ളുന്നതും....
ജലപ്പരപ്പില്‍ പരന്ന കല്ലുകള്‍ തെന്നിച്ച് ചാടിക്കുന്നതും, ചൂണ്ട ഇട്ട് കാത്തിരുന്ന് പരല്‍ മീന്‍ പിടിക്കുന്നതും,  "അപ്പര..ലീ..പ്പരല്...പരല് പൂവാലി പ്പരല് ....പരല് .... ഇന്നലീ നേരത്ത്.......... പരല് വെള്ളത്തിലോടുണല്ലോ...." എന്ന് പാടിക്കൊണ്ട്,  പിടിച്ച പരലിനെ കുരുമുളകരച്ച്, വാഴയിലയില്‍ പൊതിഞ്ഞുകെട്ടി ചുട്ടു തിന്നുന്നതും......... 
വില്വാദ്രിമലയിലെ പാറപ്പുറത്തിരുന്ന് സൂര്യന് ടാറ്റ പറഞ്ഞ് ചന്ദ്രികയെ വരവെല്‍ക്കുന്നതും,സപ്ത്ര്ഷികളെ നോക്കി മലര്‍ന്നു കിടന്നു വായില്‍ വരുന്നത് പാടുന്നതും, മയില്‍ സങ്കേതത്തിലൂടെ സൊറ പറഞ്ഞു നടക്കുന്നതും, കുഞ്ചന്റെയും വികെഎന്‍ ന്‍റെയും നാട്ടിലൂടെ ചുറ്റികറങ്ങി വള്ളുവനാടന്‍  കഥകള്‍ പറയുന്നതും ആയ ഒന്നും നടന്നില്ല!!

എങ്കിലും....

പവിഴ മുത്തുകള്‍ പോലെ മനോഹരമായ ചില കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചില ഫീലിംഗ്സ്കള്‍!!!

 അവയാണ് അമൂല്യ ഓര്‍മകളായി ജീവന്‍റെ തുടിപ്പിനോപ്പം മാത്രം അസ്തമിക്കുവാനായി മനസ്സിന്‍റെ മണിച്ചെപ്പില്‍ ആരുമറിയാതെ കാത്തു സൂക്ഷിക്കുക.


മനോഹരമായ ചില ഭാവങ്ങള്‍ മനസ്സില്‍ പകര്‍ന്നു നല്‍കി.....പച്ചമരങ്ങള്‍ തണലേകിയ വഴിയിലൂടെ....മണ്ണിട്ടപാതയെ പിന്നിലാക്കി ടാറിട്ട വഴികളിലൂടെ........വരണ്ട നഗരങ്ങളെ തേടി അവള്‍ മടങ്ങുമ്പോള്‍..... വീട്ടിലെ റേഡിയോ കിതപ്പോടെ പാടിക്കൊണ്ടേയിരുന്നു...

"ആ.....രാ.......ധികേ..
മഞ്ഞുതിരും വഴിയരികേ.......
നാളേറെയായ്.. 
കാത്തുനിന്നു മിഴിനിറയേ.......
............... .................................... ............."

ഓര്‍മ്മകള്‍ മങ്ങുന്ന കാലത്തിലെ ചിന്തകള്‍ക്കായി,മനോഹരമായ ഒരു സായംസന്ധ്യയുടെ ഒര്മകളിലെയ്ക്കുള്ള കിളിവാതിലിന്‍റെ കുട്ടി താക്കോല്‍ മാത്രാണീ കുറിപ്പുകള്‍!!

താക്കോല്‍ തുറന്ന് മനസ്സിലേയ്ക്ക് കടന്നാല്‍....,  പ്രീയ സഖി....നിൻ്റെ മഷിയെഴുതിയ കണ്ണുകൾ പോലെ മനോഹരമായ.................,  നിനക്ക് പോലും അന്യമായൊരു ഫീലിംഗ്സ് ഉണ്ടവിടെ.

അതെന്നും............. എനിക്ക് മാത്രം സ്വന്തം !!

















Sunday, 25 October 2020

കഷ്ടകാലെ കോണകെ സർപ്പെ..!!

                           ഷ്ടകാല സമയത്താണ് വീടുപണിയും കല്യാണവും എന്ന് പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നത് നല്ല രീതിയിൽ മനസ്സിലാക്കി കൊണ്ട്, മൊത്തത്തിൽ കുത്തുപാള എടുത്ത് മെപ്പോട്ട് നോക്കി കുത്തി  ഇരിക്കുന്ന കാലം!!

വായ്‌പ്പാ കുടിശ്ശിക ഓർമ്മപ്പെടുത്തിക്കൊണ്ട്, മനസിനെ തളർത്തുവാൻ മുടങ്ങാതെ എത്തുന്ന, ബാങ്കിൽ നിന്നുള്ള വിളികൾ അല്ലാതെ മറ്റൊരു കോളിനായി ഫോൺ പോലും കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നിൽ, രാവിലെ തന്നെ ഒരു കോൾ.

"അതേയ്...ഞാനിന്ന് നിങ്ങടെ നാട്ടിലൂടെ വര്ണ്ട്ട്ടാ... "

ഠിം!!

ഇതിലും ഭേദം ബാങ്കുകാരുടെ കോൾ എടുക്കുന്നതായിരുന്നു.

പണ്ടും ഇതുപോലെ ഒരു കോൾ വന്നതാ.അന്ന് സ്ഥലത്തില്ല എന്ന് പറഞ്ഞു തലനാരിഴയ്ക്ക് രക്ഷപെട്ടത് ആണ്.ഇതിപ്പോ തലേന്ന് വിളിച്ച് "നാളെ തൃശൂർക്ക് എങ്ങാനും വരുന്നുണ്ടോ??" എന്ന ചോദ്യം മുഴുവനായി കേൾക്കും മുന്നേ തന്നെ  "നാളെ വീട്ടിൽ നിന്നും മാറി നില്ക്കാൻ പറ്റില്ല, പണിക്കാർ ഉണ്ട്" എന്ന് പറഞ്ഞു ഫോൺ വച്ചത് ആണ്.

ഇനിയിപ്പോ എന്ത് ചെയ്യും??

ങാ.. ന്തേലും വഴി തെളിയാതിരിക്കില്ല, നോക്കാം!!

പണിക്കാർ വന്നു. പണി തുടങ്ങി.പ്രാതൽ കഴിയുന്ന സമയം കഴിഞ്ഞു, ഉച്ച ഊണിൻ്റെ സമയവും കഴിഞ്ഞു.

"ഹോ രക്ഷപെട്ടു, ഇനി വരാൻ വഴിയില്ല!!" സമയം പിന്നെയും മുന്നോട്ട് പോയി.

***********

ബെല്ലടി കേട്ട് മണിക്കുട്ടൻ ഫോൺ കൊണ്ടുവന്നു തന്നത് എടുത്ത് നോക്കിയപ്പോൾ രാവിലെ വന്ന അതേ നമ്പർ!!.

"ഇന്ന് വരാൻ പറ്റിയില്ല, വേറൊരു ദിവസം വരാം" എന്ന് പറയാൻ വിളിക്കുന്നതാകും.അങ്ങിനെ എങ്കിൽ ഇന്ന് ഫോണിലൂടെ ചൊറിഞ്ഞു കൊല്ലുന്നുണ്ട്."ആഗതയുടെ വരവിനായി ഇവിടെല്ലാവരും കാത്തിരിക്കുകയായിരുന്നു" എന്ന തോന്നൽ ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം!!

രാവിലെയും ഉച്ചയ്ക്കും ഒക്കെ ഉണ്ടാക്കി കാത്ത് വച്ച ഫുഡിൻ്റെ ലിസ്റ്റ് ആയി പറയാൻ ഹോട്ടൽ മെനുകൾ മനസ്സിൽ കരുതിക്കൊണ്ട്, പണിത്തിരക്കിനിടയിൽ സ്‌പീക്കറിൽ ഇട്ടുകൊണ്ട് കോൾ  എടുത്തു.

"ഞാൻ നിങ്ങടെ ബസ്സ് സ്റ്റോപ്പിലി.... ണ്ട്, ഇവിടുന്നു എങ്ങോട്ടാ വരേണ്ടത്ത് ??"

"ഈശ്വരാ ......" ഞാൻപോലുമറിയാതൊരു നിലവിളി തൊണ്ടയിൽ നിന്നുമുതിർന്ന് നിലത്ത് വീണു ചിതറി.

"ആരാ മാമാ വരുന്നത്? ഞാൻ പോയി വിളിച്ചു കൊണ്ടുവരാം" എന്നും പറഞ്ഞു മരുമകൻ ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

അല്ലെങ്കിലും ഇവന് കുറച്ച് നാളായിട്ട് മാമനിട്ട് പണിയാനുള്ള താൽപ്പര്യം കൂടി വരുന്നുണ്ട്.ഇങ്ങനാണേൽ, ഞാനൊരു കംസനാകേണ്ടി വരുമോ എന്ന് ചിന്തിച്ച ശേഷം, 5 മിനിറ്റ് കഴിഞ്ഞില്ല,ഏതോ ഒരു അറവുകാരൻ പോത്തിനേയും തെളിച്ചു വരുന്നത് കണ്ടു.സൂക്ഷിച്ച്‌ നോക്കിയപ്പോൾ അത് പോത്തല്ല ഒരു അമ്പല കാള നടന്നു വരുന്നത് ആണ് , പിന്നാലെ അമ്മിക്കല്ലിൽ ചുരിദാർ ഇട്ടപോലെ ഒരു ഹിഡുംബി, അരികിലായി വലിയൊരു പൊതിയും പിടിച്ച് മണികുട്ടനും!!

ബേക്കറി സാധനങ്ങൾ കൊടുത്തു ഹിഡുംബി മരുമകനെ മയക്കി എന്ന് മനസ്സിലായി.

അമ്പലകാള വീട്ടിൽ കയറാതെ നേരെ പോയി. പിന്നാലെ വന്നത് രണ്ടും വഴി തെറ്റാതെ നേരെ വീട്ടിലേയ്ക്കു തന്നെ കയറി!!

"കഷ്ടകാലെ കോണകെ സർപ്പെ..!! 

കഷ്ടകാല സമയത്ത് കോണകം വരെ സർപ്പമായി മാറും എന്നത് എത്ര സത്യം ആണ്!!

ഏതോ അകന്ന ബന്ധുവിൻ്റെ വീട്ടിൽ സദ്യ നടക്കുന്നു എന്നറിഞ്ഞ ഉടൻ വലിയൊരു ബാഗും ആയി ചെന്ന് "വിളിക്കാത്ത സദ്യ" തിന്ന്, ബാക്കി വന്ന ഫുഡ് മൊത്തം ആ ബാഗിൽ കുത്തി നിറച്ച് തിരികെ പോകും വഴി എന്നെകൂടി മുടിപ്പിക്കാനുള്ള വരവാണത്രേ !!

(മട്ടുപ്പാവിലെ ഹിഡുംബി)

താമസ സ്ഥലം എവിടെ എന്ന് ഏകദേശം പറഞ്ഞു കൊടുത്തത് കൂട്ടുകാരൻ രതീഷ് ആണെന്നറിഞ്ഞ ഉടൻ അവനെയും വിളിച്ച് വരുത്തി.ഈ കുരിശ്ശ് ഞാൻ ഒറ്റയ്ക്ക് ചുമക്കണ്ടല്ലോ !! 

ഉണ്ടക്കണ്ണും, മത്തങ്ങാ മോറും, ചകിരി തലയും, സൈക്കിൾ യജ്ഞക്കാരുടെ പോലുള്ള ഡ്രെസ്സും, മീൻ മാർക്കറ്റിൽ ചെന്ന പോലുള്ള നാറ്റവും, തൃശ്ശൂർ വരെ നീണ്ടു കിടക്കുന്ന നാക്കും ഒക്കെ കണ്ടു അച്ഛനും അന്നത്തെ പണിക്കാരും പേടിച്ചു.അത് തിരിച്ചറിഞ്ഞ ഉടൻ ഞാനും രതീഷും ചേർന്ന് പുതിയ പ്ലാൻ ഇട്ടു.ഏതേലും ഹോട്ടലിൽ കയറ്റി എന്തെലും വാങ്ങി കൊടുത്ത് എത്രയും വേഗം പറഞ്ഞയക്കുക !!

ഫുഡ് എന്ന് കേട്ട ഉടൻ കക്ഷി ബാഗും ചുമന്ന് ചാടിയിറങ്ങി.അച്ഛനോടും പണിക്കാരോടും യാത്ര പറഞ്ഞ് നേരെ ചെന്ന് കയറിയത് ശരവണ ഭവനിൽ.അതാകുമ്പോൾ "നോൺ വെജ്ജ് വാങ്ങി കീശ കാലി ആകില്ലല്ലോ" എന്നതാണ് ബുദ്ധി !!

ചെന്ന് കയറിയതും കൈ പോലും കഴുകാതെ ഹോട്ടലിലെ പലഹാര പെട്ടിയിൽ കയ്യിട്ടിളക്കി  അഞ്ചാറു വട വലിച്ച് വാരി തിന്നുന്ന കണ്ടു ഹോട്ടൽ മുതലാളി ചൂലുമായി ഓടി വന്നു."തലക്ക് സുഖമില്ലാത്ത കുട്ടി ആണെന്നും, കളയാൻ വച്ച വല്ല ഫുഡും ഉണ്ടേൽ ഒന്ന് ചൂടാക്കി കൊടുക്കാമോ, കാശു തരാം" എന്നൊക്കെ പറഞ്ഞു അങ്ങേരെ പാട്ടിലാക്കി.

"ഫുഡ് കഴിച്ച ഉടൻ ആദ്യത്തെ ബസ്സിന്‌ സ്ഥലം വിട്ടോണം, അങ്ങിനെ എങ്കിൽ വയറു നിറയെ ഫുഡ് വാങ്ങി തരാം" ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലിൽ വച്ചിട്ട ആ ഇരയിൽ ഹിഡുംബി കൊത്തി.


 അപ്പോളാണ് രതീഷിനു മറ്റൊരു ബുദ്ധി തോന്നിയത്.

"ഈ മുതലിനെ ഈ സന്ധ്യ സമയത്ത് ബസ്സിൽ വിടുന്നതിലും സേഫ് ട്രെയിനിൽ വിടുന്നതാകും.ബസ്സിൽ ആകുമ്പോൾ ആരെങ്കിലുമൊക്കെ ആയി വഴക്കുണ്ടാക്കിയാൽ നമ്മൾ പുറകെ പോകേണ്ടി വരും.ട്രെയിൻ ആകുമ്പോൾ, ഇവിടുന്നു വിട്ടാൽ  പിന്നെ തൃശൂർ അല്ലെ സ്റ്റോപ്പ് ഉള്ളു?? 6.15 ന് ഒരു തൃശൂർ പാസഞ്ചർ ഉണ്ട് താനും.ടിക്കറ്റ് എടുത്ത് കൊടുത്താൽ പോലും ബാസ്സ് ചാർജ്ജ് കൊടുക്കുന്നതിലും ലാഭം!!" 

പഴയ റയിൽവേ ജീവനക്കാരൻ ആയ രതീഷിന് റെയിൽവേയോട് അൽപ്പം കൂറ് എങ്ങാണ്ടൊക്കെ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാനും ആ ഐഡിയ കൈയടിച്ച് പാസ്സാക്കി.

ഇരു കൈയോണ്ടും മസാലദോശ വലിച്ച് പറിച്ച് വിഴുങ്ങുന്ന മുതലിനോട് കാര്യം പറഞ്ഞു. ട്രെയിൻ എന്ന് കേട്ടപ്പോൾ, അത്രയും നേരം തനി അലമ്പി ആയി കട്ടയ്ക്ക് ബഹളം വച്ചിരുന്ന കക്ഷി പൂച്ച പോലെ പതുങ്ങി തുടങ്ങി.

ജീവിതത്തിലിതുവരെ ട്രെയിനിൽ പോയിട്ടില്ല ത്രെ.അതോണ്ട് "ട്രെയിൻ" എന്ന് കേട്ടാൽ തന്നെ പേടി ആണ് കക്ഷിക്ക്!!

ഒടുവിൽ ഒരു മസാല ദോശ കൂടി വാങ്ങി പ്ളേറ്റിലിട്ടു കൊടുക്കുകയും മറ്റൊരെണ്ണം പാർസൽ ആയി മുന്നിൽ വയ്ക്കുകയും ചെയ്തപ്പോൾ "ട്രെയിൻ തന്നെ മതി" എന്ന തീരുമാനമായി.

***********************


റെയിൽവേ സ്റ്റേഷൻ്റെ  പ്ലാറ്റ്ഫോം നിറയെ ലോക്കൽ ശുനക ശ്രേഷ്ഠന്മാർ കിടന്നുറങ്ങുന്നുണ്ട്.കിടന്നുറങ്ങുന്നതിൽ ആഢ്യത്തം തോന്നിയ ഒരു ശുനക ശ്രീമാൻ്റെ അടുത്ത് തന്നെ ഉള്ള ബഞ്ചിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ടിക്കറ്റ് എടുത്ത് അൽപ്പം കഴിഞ്ഞപ്പോൾ ആണ് ആരൊക്കെയോ പറഞ്ഞു  കേട്ടറിഞ്ഞത്, ട്രെയിൻ 10 മിനിറ്റ് ലേറ്റ് ആണ്.

ട്രെയ്‌നിനായുള്ള കാത്തിരിപ്പിനിടയിൽ ഒരു ആത്മഗതം പോലെ രതീഷ് പറഞ്ഞത് ഒരു കാര്യവുമില്ലാത്ത ഒരു മനഃസുഖത്തിനു വേണ്ടി ഞാനും ഏറ്റു പിടിച്ചു. "ശരിയാ, ഈ ട്രെയിനിൽ നിന്നും തന്നെ ആണ് ഗോവിന്ദചാമി സൗമ്യയെ തള്ളി ഇട്ടത്"

 അപ്പോഴേയ്ക്കും, ഇരുട്ട് പറന്നു തുടങ്ങിയിരുന്നു ഒപ്പം, തുരുമ്പിച്ച വയലിനിൽ പൂച്ച മാന്തിയ പോലെ എന്തോ ഒരു അപശബ്ദവും, തുടർന്നൊരു മോങ്ങലും!!

ഏതു പട്ടിക്കാണ് ഏറു കൊണ്ടത്  എന്നറിയാൻ ചുറ്റിനും നോക്കിയപ്പോ എല്ലാ പട്ടീസ്സും, ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് തന്നെ തുറിച്ചു നോക്കുന്നു.ഞങ്ങളിരുന്നു ബഞ്ചിന് അടുത്ത് കിടന്നുറങ്ങിയ ശുനക ശ്രേഷ്ഠൻ ചാടി എണീറ്റ് ഞങ്ങളെ നോക്കി കുരയ്ക്കുന്നു.

അപ്പോളാണ് കൂടെ ഉണ്ടാരുന്ന, "ഭരണിയ്ക്ക് കൈകാൽ മുളച്ച" പോലത്തെ  രൂപം  മൂക്ക് പിഴിഞ്ഞു കരയുന്ന കണ്ടത്.

"ഞാൻ പറഞ്ഞതല്ലേ എനിക്ക് ട്രെയിനിൽ പോകണ്ട , ബസ്സിൽ പോയാൽ മതീന്ന്. എനിക്ക് ഇപ്പൊ വീട്ടിൽ പോകണം, ന്നെ ഇപ്പൊ കൊണ്ടാകണം!!"

തൃശൂർ വഴി പോയാൽ റൌണ്ട് ഒഴിവാക്കി ആരെ പേടിച്ചാണോ ഞങ്ങൾ പോയിരുന്നത് ആ മുതൽ ദേ നത്ത് കുത്തി ഇരിക്കും പോലെ കുത്തിയിരുന്ന്. പോത്ത് പോലെ അമറി കരയുന്നു!! ഇരുട്ട് വീണാൽ തീരുന്ന ധൈര്യവും നാവും മാത്രമേ ഈ മുതലിന്നുള്ളൂ എന്ന സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

"രതീഷേട്ടൻ അല്ലെ പറഞ്ഞത് ട്രെയിൻ കിട്ടിയില്ല എങ്കിൽ കൊണ്ടാക്കാം എന്ന്, ന്നെ ഇപ്പൊ കൊണ്ടാകണം...നിക്ക് പേടിയാ!!"

"സ്മിനേഷേ പെട്ടല്ലോ!! തൃശ്ശൂർക്കുള്ള ലാസ്റ്റ് ബസ്സും പോയിക്കാണും."

"പെട്ടുന്നാ നിക്കും തോന്നുന്നത്."

*****************

അന്നത്തെ ദിവസം പിന്നീട് 2 അത്ഭുതങ്ങൾ സംഭവിച്ചു.

30 നു മുകളിൽ സ്പീഡിൽ പോകാത്ത രതീഷ് 70 നു മുകളിൽ വണ്ടി ഓടിച്ചു!!

ആകാശം ഇടിഞ്ഞു വീണാലും അത്താഴം മുടക്കാത്ത ഞാൻ, അത്താഴം മുടങ്ങിയ കുറവ്, "ട്രെയിനിൽ കയറാൻ പേടിയുള്ള ഒരാളെ ലാസ്റ്റ് ബസ്സിൽ പോലും കയറ്റി വിട്ടില്ല" എന്ന പേരിൽ വീട്ടിൽ നിന്നും കേട്ട വഴക്കു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു, മനസ്സ് നിറഞ്ഞു കിടന്നുറങ്ങി!!

*************

 എണീറ്റപ്പോൾ രാവിലെ തന്നെ തൃശൂർ നിന്നുള്ള മെസ്സേജ്.
"ഞാൻ ഇനി വരുമ്പോൾ കുറെ കൂടി നേരത്തെ വരാട്ടാ,മര്യാദയ്ക്ക് വയറു നിറച്ച് തിന്നുവാൻ പോലും പറ്റിയില്ല "
"നീ ഇനി ഈ വഴി വന്നാൽ നിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കും പരട്ടെ!!"
"ഞാൻ വരും"
"അന്ന് നിൻ്റെ  അന്ത്യമാ!! 


******************************************************************************




പിൻകുറിപ്പ്:
             കഥയും, കഥാപാത്രങ്ങളും, സംഭവങ്ങളും, യാഥാർഥ്യം എങ്കിലും തികച്ചും സങ്കല്പികമാണ് ഈ രചന !!😇

 





Saturday, 24 October 2020

കൊറോണ കാലത്തെ ദിനങ്ങൾ -5 !!

                          ല മലയാളികളുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നായ കാറ്റുകൊണ്ടുള്ള ഒരു "ശു..........ർ" ഒത്തുവന്നത് വീട്ടിലേയ്ക്കുള്ള വിജനമായ വഴിയുടെ ഇരു പുറത്തുമുള്ള കുറ്റിക്കാട് കണ്ടപ്പോളാണ്. ചുമന്ന്  നടന്നാൽ ആരും ചുമട്ടു കൂലി ഒന്നും തരില്ലല്ലോ!! ന്ന പിന്നെ ഇവിടെ തന്നാകാം ന്നു കരുതി ഒരു മൂളിപ്പാട്ടും പാടി, കൊച്ചു കാറ്റിൻ്റെ കുളിരുമേറ്റുവാങ്ങി അങ്ങനെ നിന്ന് വിനോദിച്ച്‌ തുടങ്ങിയതും പതിഞ്ഞ ശബ്ദത്തിൽ ഒരു "മ്യാ...വു

പെടുക്കുമ്പോൾ ഒരു  "മ്യാ.....വു" ഈ നാൽപ്പതു വയസ്സിനിടയിൽ ഇതാദ്യം !!
"ഈശ്വ..രാ... ഇനി പൂച്ചയെങ്ങാനും കയറിയോ ???? "

പുറത്ത് പോകാനുള്ള ധൃതിയിൽ പാൻസ് വലിച്ച് കയറ്റിയപ്പോൾ ഒന്ന് കുടഞ്ഞിട്ട് ഇടാമായിരുന്നു.... എന്ന ചിന്ത പിടി മുറുക്കും മുന്നേ, ഭാഗ്യത്തിന് ഒരു കുഞ്ഞി തല കുറ്റിക്കാട്ടിൽ നിന്നും പുറത്തെത്തി.പിന്നാലെ കോറസ് പാടിയ മറ്റു തലകൾ കൂടി കണ്ടപ്പോൾ ആണ് ശ്വാസം നേരെ  വീണത്.

കുട്ടി മാർജ്ജാര പ്രജകൾ മുകളിലേയ്ക്കു നോക്കും മുന്നേ തന്നെ പെടുക്കൽ വിനോദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ, "മൂഷിക രിപു, കുട്ടി മാർജ്ജൂസിൽ ഒന്നിനെ പൊക്കി വീട്ടിൽ കൊണ്ടുപോയാലോ" എന്ന് ചിന്തിക്കാതെ ഇരുന്നില്ല.അങ്ങിനെ കൊണ്ടുപോകുന്നവൻ മിസ്റ്റർ ഉൽപ്പലാക്ഷൻ പിള്ളയെ സമീപ ഭാവിയിലെ ടച്ചിങ് ആയി കണ്ടു നാവു നുണഞ്ഞാലോ എന്ന സംശയം ഒരു നിഴലായി എന്നെ പിന്തുടർന്നതിനാൽ, മാർജ്ജൂസിനെ കണ്ട വിവരം വീട്ടിൽ പറഞ്ഞില്ല, പ്രത്യേകിച്ച് മരുമകൻ മണികുട്ടനോട്!!

പക്ഷെ,...."വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!!"  എന്നത് വായിച്ചിട്ടുള്ള, വായനാ ശീലമുണ്ടായിരുന്ന ഏതോ  പൂച്ചമ്മയുടെ കുട്ടികൾ ആയത് കൊണ്ട്, വരാനുള്ളതിനുള്ള വഴി എവിടുന്നൊക്കെയോ ഓട്ടോ വിളിച്ച് വന്നു ചേർന്നു.

മാർജ്ജൂസ് വിവരം അറിഞ്ഞ മരുമകൻ ആദ്യം അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ തുടങ്ങിയവരുടെ മുന്നിലും പിന്നീട് ഉൽപ്പു അണ്ണാൻ , ജമ്പൻ തവള , ജിമ്മി പട്ടി, പതുങ്ങൻ പല്ലി, കിട്ടു അരണ,മല്ലൻ പാറ്റ എന്നിവരോടും ഒടുവിലായി അടിയനോടും മാർജ്ജാരദത്ത് സമ്മത പത്രത്തിൽ ഒപ്പു ശേഖരണത്തിന് വന്നു നിന്ന് കുണുങ്ങി.

ആദ്യ മൂന്നു പേർ അവൻ്റെ ഭീഷണിയാലും, ജിമ്മി "മാർജ്ജാര വധം" കഥകളി പ്രാക്ടീസ് ചെയ്യാം എന്ന അതിമോഹത്താലും അവരുടെ ഒപ്പുകൾ ദാനം നൽകി.

പ്രാണഭയത്താൽ ഒപ്പിടാതെ മാറിയവർക്കൊപ്പം "പൂച്ചകൾക്ക് മാന്തുവാനും കൂടി ജീവിതം വച്ച് നീട്ടുന്നില്ല" എന്ന തീരുമാനത്തോടെ ഞാനും കൂടിയതോടെ, കേവല ഭൂരിപക്ഷമില്ലാതെ പ്രമേയം പരാജയപ്പെട്ടു.

ജിമ്മി വന്നതോടെ പുറത്താക്കപ്പെട്ട, ലോക്കൽ ഗുണ്ടകൾ ആയ കറുമ്പൻ ആൻഡ് വെളുമ്പൻ പട്ടി അസോസിയേറ്റ്‌സ്സ്ൻ്റെ കടികൊണ്ടു അന്ന് വൈകിട്ട്, സംഘഗാനമായി മ്യാവു പാടിയിരുന്നവർ ഏകവചനമായി മാറി.

പിറ്റേന്ന് സന്ധ്യയോടടുത്ത്, അനുവാദമില്ലാതെ ചോര കുത്തി എടുത്ത ഒരു കൊതുകി  മോളുടെ കൊമ്പു മുറിച്ച് മാവോയിസ്റ്റായി ഉഗ്ര വീര്യത്തിൽ നിൽക്കുമ്പോൾ  ആണ് തൊട്ടടുത്തായി മണിക്കുട്ടൻ വന്നിരുന്നു ഉറക്കത്തിലെ മഴപോലെ ശബ്ദമില്ലാതെ പെയ്യുന്നതു കണ്ടത്.കൊമ്പുമുറിക്കൽ സമ്മേളനം പിരിച്ചു വിട്ടുകൊണ്ട് കാര്യമന്വേഷിച്ചപ്പോൾ മുക്കി മൂളി കരഞ്ഞു വിളിച്ച് "കുറ്റിക്കാട്ടിലെ കൊലപാതകം" ചുരിക്കിപ്പറഞ്ഞ ശേഷം ഇന്നലെ പരാജയപ്പെട്ട പ്രമേയത്തിൻ്റെ പുതുക്കിയ വേർഷൻ ഒപ്പിനായ് വച്ച് നീട്ടി.

നിലപാടിൽ മാറ്റമില്ലാതെ തുറിച്ചു നോക്കി നിന്ന എൻ്റെ മുന്നിൽ അവൻ വാജ്ജ്രായുധം എടുത്ത് തൊടുത്തു വിട്ടു.

"അവർക്ക് അമ്മയും ഇല്ല അച്ഛനും ഇല്ല. 3 പേരുണ്ടായിരുന്നതാ.ഇപ്പോ ഒരു പൂച്ച കുട്ടി മാത്രമേ ഉള്ളു.ബാക്കി എല്ലാം മരിച്ചുപോയി.മാമൻ്റെ ചേച്ചി ആണ് ഇങ്ങനെ മരിച്ചത് എങ്കിൽ മാമൻ ഒറ്റയ്ക്ക് ആവില്ലേ? മാമന് വിഷമം ആവില്ലാരുന്നോ ? "  

ചെറിയ വായിൽ വലിയ വാചകം കേട്ട് വിജ്രംഭിതനായപ്പോൾ പൊളിഞ്ഞു പോയ വായിൽ കൂടി കൊമ്പു മുറിച്ച കൊതുകി പ്രതിക്ഷേധത്തിൽ പാറി പറന്നിറങ്ങിയ ഉടൻ തുറന്ന വായ അടച്ചുകൊണ്ട്, പുതിയ പ്രമേയത്തെ അറിയാതെ തന്നെ അനുകൂലിച്ചു ഒപ്പിട്ടു പോയി!!

മൂക്കിൽ വിരലും തിരുകി തൊട്ടടുത്തിരുന്ന പ്രഭാകരൻ, അന്യഭാഷാ തൊഴിലാളിയെ പോലെ നിർവ്വികാരത നടിച്ച്, ഇതൊന്നും തന്നെ ബാധിക്കില്ല മട്ടിൽ വിരൽ പണി തുടർന്നുകൊണ്ടേയിരുന്നു..

കേവല ഭൂരിപക്ഷം കിട്ടിയ സന്തോഷത്തിൽ കുതിക്കുവാൻ തുടങ്ങിയ മരുമകനെ പിടിച്ച് നിർത്തി "ഉൽപ്പു സംരക്ഷണവും, അപ്പി നിർമ്മാർജ്ജനവും" കരാറെഴുതി വാങ്ങിയ ഉടൻ അവൻ ഓടി ചെന്ന് അപ്പൂപ്പനേയും കൂട്ടി മാർജ്ജു പ്രജാപതിയെ പൊക്കി വീട്ടിലിറക്കി.


6 ഉം 60 ഉം ഒരുപോലെ എന്ന് ആരോ പറഞ്ഞതനുസ്സരിച്ച്, അവൻ്റെ അപ്പൂപ്പൻ ആണ് അവൻ്റെ എല്ലാ കളിക്കും കൂട്ട് നിൽക്കുന്നത് എന്ന കാര്യം സത്യമല്ലേ....ന്നൊരു തോന്നൽ !!

വെറുമൊരു പല്ലിയിൽ തുടങ്ങി , അണ്ണാൻകുട്ടി , പട്ടി, ..........
അങ്ങനെ ഇപ്പോൾ അവൻ ഒരു പൂച്ച മൊയ്‌ലാളി കൂടി ആയി മാറിയിരിക്കുന്നു.

"അടുത്തതായി എന്തിനെ ആണാവോ അവൻ സ്വന്തമാക്കുന്നത്??" 
കീരി കാടൻ??  
കോലുനാരായണൻ ??
നിളയെ തേടി വന്ന സഹ്യൻ്റെ പ്രീയ ഒറ്റയാൻ ??
അതോ... 
"ഇനി വല്ല ഒട്ടകത്തിനേയും വിളിച്ച് മുറിയിൽ കയറ്റി, എനിക്ക് കിടക്കാൻ സ്ഥലമില്ലാതാക്കുമോ??" 
എന്തരായാലും ൻ്റെ മരുമോൻ കൊടും ഭീകരായി മാറിക്കൊണ്ടിരിക്കുന്നു !!


ഇടതടവില്ലാതെ മുഴങ്ങി തുടങ്ങിയ "മ്യാ.....വു" വിളി കേട്ട്, കണ്ണിൽ ഭീതി പടർന്നു തുടങ്ങിയ ഉൽപ്പുവിൻ്റെ നിഷ്കളങ്ക രൂപം ഇടയ്ക്കിടെ മനസ്സിലോടി എത്തിക്കൊണ്ടിരിക്കുന്നത് എന്നിൽ വല്ലാത്തോരാശങ്ക നിറച്ചുകൊണ്ടേയിരിക്കുമ്പോഴും...... പൂച്ച മുതലാളി, മാർജാര കുട്ടിയെ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഒന്നുറപ്പായി.... ജിമ്മിയുടെ അവിഞ്ഞ കുരയ്‌ക്കൊപ്പം, ഈ പീക്കിരിയുടെ "മ്യാവു" കൂടി സഹിച്ചാൽ മാത്രമേ ഇനിമുതൽ ഈ വീട്ടിൽ എനിക്കൊരു ജീവിതമുള്ളൂ!! 














Wednesday, 14 October 2020

പരൽ ഫ്രൈ

"നീരാടുവാൻ ..നിളയിൽ....."

മുക്കിലിരുന്നു പാടിയ റേഡിയോ ഒറ്റ പാട്ടിലൂടെ എന്നെ ഉന്തി തള്ളി വിട്ടത് നിളയുടെ തീരങ്ങളിയേക്കാണ്.

സ്ഥിരമായി വരുന്നവരുടെ,ജലപ്പരപ്പിനടിയിലെ വൈകൃതം കണ്ടു മടുത്ത ഏതോ ഒരു പരൽ മീൻ എന്നെ കണ്ടു "യൂ ടൂ..." എന്ന് കടുപ്പിച്ച് മൊഴിഞ്ഞ ശേഷം മുഖം കറുപ്പിച്ചു കാർക്കിച്ചു  തുപ്പിട്ട് പുളിച്ച തെറിയും വിളിച്ചുകൊണ്ടു  ഊളിയിട്ടു ആഴങ്ങളിലെങ്ങോ മറഞ്ഞു.

അങ്ങിനെ ഒരുമീനിനെയും വെറുപ്പിച്ചിട്ടുള്ള ഒരു കുളി വേണ്ട എന്ന് തീരുമാനിച്ചുകൊണ്ട് പതിയെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ..

ആ പരലിനെ എങ്ങിനെ പിടിക്കാം എന്നത് മാത്രമായിരുന്നു മനസ്സു നിറയെ !!

Thursday, 7 May 2020

"കോസ്മിക്ക് കലണ്ടറും, ഫുട്‍ബോൾ സൂര്യനും പിന്നെ ദൈവത്തിൻ്റെ കൂർക്കം വലിയും !!"


                   ഗൂഗിള്‍ ജ്യോത്സ്യന്‍റെ കവടി പലകയ്ക്ക് മുന്നില്‍ ഇരുന്നു നമ്മുടെ പ്രപഞ്ച ജാതകം വായിച്ചു നോക്കിയപ്പോള്‍ സംഗതി "കുഞ്ഞി" കളി അല്ല, ഇമ്മിണി ബലിയ വര്‍ഷങ്ങളുടെ കളികള്‍ ആണ്!!

        ജാതക പ്രകാരം 13.8 ബി ല്യൺ വർഷങ്ങൾക്ക് മുന്നാണത്രെ ഈ പ്രപഞ്ചൻ പൊട്ടിമുളച്ചു കരഞ്ഞുതുടങ്ങിയത്!!

ജാതകം വായിച്ച് മില്യനും  ബില്യനും ഒക്കെ ആയി സീന്‍ ഡാര്‍ക്ക് ആയപ്പോള്‍ പതിവ് പോലെ താടിയിൽ പിടിച്ച് വലിച്ച്കൊണ്ട് അല്‍പ്പനേരം മേപ്പോട്ടു നോക്കി കുത്തിയിരുന്നു.

അപ്പോളാണ് ജ്യോതിഷ ശിരോമണി കാള്‍ സാഗന്‍ തിരുമേനി ബാലരമ രൂപത്തിലുള്ള കുഞ്ഞി ജാതകവും ആയി വന്നത്.സംഗതി വായിച്ചപ്പോള്‍ അതിൽ മില്യണും ബില്യണും ഒന്നുമില്ല.

365 ദിവസത്തെ കണക്ക് മാത്രം, അതായത് വെറും ഒരു കൊല്ലം !!

ആ...ഹാ, അത് കൊള്ളാലോ!!

ആദ്യ പേജ് മറിച്ച് ആവേശത്തിൽ നോക്കിയപ്പോ അതിൽ ഉറുമ്പരിച്ച പോലത്തെ കൈ അക്ഷരത്തിൽ എന്തോ ഒന്ന്!!

1 സെക്കന്റ് = 438 വർഷങ്ങൾ
1 മിനിറ്റ് = 26,280 വർഷങ്ങൾ
1 മണിക്കൂർ = 15.8 ലക്ഷം വർഷങ്ങൾ
1 ദിവസം = 3.78 കോടി വർഷങ്ങൾ

ങാ ഹാ !! ചുമ്മാതല്ല, പ്രപഞ്ച ജാതകം ബാലരമ സൈസ് ആയത്

"അമ്പട കേമാ സണ്ണി കുട്ടാ.." എന്നും പറഞ്ഞു അടുത്ത പേജിൽ തുടങ്ങുന്ന കുഞ്ഞി ജാതകത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു."പ്രപഞ്ചത്തിൻ്റെ  ജാതകം നോക്കി മറ്റൊരു ജ്യോതിഷൻ ആകാൻ തുടങ്ങുമ്പോൾ ആണ് അമ്മയുടെ ഒരു ഫുഡ്" എന്ന് പറയാൻ വെമ്പി എങ്കിലും പെട്ടെന്ന് തന്നെ മനസ്സ് മാറ്റി.ഏതൊക്കെ ആയാലും ഫുഡ് അല്ലേ??അങ്ങിനെ പറഞ്ഞ ഫുഡ് നമ്മളെ കുറിച്ച് എന്ത് കരുതും!!

തേങ്ങായും മഞ്ഞളും ജീരകവും ചേർന്നുള്ള അരപ്പ് ചേർത്ത മുരിങ്ങ പൂവ് ,  കറിവേപ്പിലയും വറ്റൽ മുളകും കടുകും ഒക്കെ ഇട്ടു തോരൻ ആക്കിയതും, എണ്ണ മാങ്ങാ അച്ചാറും,മാങ്ങായും മുരിങ്ങക്കായും ഒക്കെ ഉള്ള  ചക്കക്കുരുചാറും , ചമ്മന്തി പൊടിയും, മുരിങ്ങക്ക 3 ഇഞ്ചു നീളത്തിൽ മുറിച്ചിട്ട് മസാല ഒക്കെ ഇട്ടുണ്ടാക്കിയ മെഴുക്ക് പുരട്ടി. 

ഈ കൊറോണ കാലത്ത് മുരിങ്ങക്ക തിന്നിട്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ എന്ന ചിന്ത വന്നു എങ്കിലും പാടത്തിറങ്ങിയ പന്നിയെ പോലെ
മൂക്കറ്റം തിന്നു വന്ന ഉടൻ പ്രപഞ്ച ജാതകവായന തുടർന്നു.

കോസ്മിക്ക് കലണ്ടർ: 

                       രു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടായി എങ്കിൽ അടുത്ത ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക്, പ്രപഞ്ചം ഇന്നത്തെ കോലത്തിൽ എത്തുന്നു.അതായത്,പ്രപഞ്ച ചരിത്രം  1 വർഷത്തെ കഥകളായി ചുരുക്കി പറയുക ആണ് "കോസ്മിക്ക് കലണ്ടർ" എന്ന പ്രപഞ്ചത്തിൻ്റെ കുഞ്ഞിജാതകം ചെയ്യുന്നത്.

                                                                 **************

കുഞ്ഞി ജാതകമനുസരിച്ച് ഒരു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് ഓലപ്പടക്കം പൊട്ടുന്ന പോലെ ബിഗ്ബാങ്.

                               ഭും !!

അത്ര തന്നെ!!

പിന്നെ കുറച്ചു നാളത്തേയ്ക്ക് അനക്കം ഒന്നും ഇല്ല. തലവഴി പുതപ്പും പുതച്ചു ദൈവം കൂർക്കം വലിച്ചുറങ്ങി.

വാർഷിക കണക്കെടുപ്പിനു മുന്നേ, മുള്ളാൻ മുട്ടി ഉറക്കമുണർന്ന ദൈവം മാർച്ച് 15 നു "മിൽക്കി വേ" എന്ന ക്ഷീര പഥം ഉണ്ടാക്കിയ ശേഷം പിന്നെയും കൂർക്കം വലി തുടർന്നു.
(മിൽക്കി വേ)

ഉറക്കം കഴിഞ്ഞു ദൈവം കോട്ടുവാ ഇട്ടു എഴുന്നേറ്റപ്പോൾ ഓഗസ്റ്റ്  31 ആയി.അന്നാണ് സൂര്യനും സൗരയൂഥവും ഒക്കെ ഉണ്ടാവുന്നത്.

സെപ്റ്റംബർ 14 നോടടുത്താണ് കട്ട കരച്ചിലോടെ കൊച്ചു ഭൂമി പിറന്നുവീണത്.ജനിച്ചപ്പോ കരഞ്ഞുണ്ടാക്കിയ കണ്ണീര് പിന്നീട് എന്നോ കടൽ ആയി മാറി!!

പിന്നെയും ഏകദേശം പത്ത് ദിവസങ്ങൾ കഴിഞ്ഞു സെപ്റ്റംബർ 24 നോടടുത്ത് ഭൂമിയിൽ ജീവൻ്റെ ആദ്യ കണമായ പ്രോകാരിയോട്ട് എന്നറിയപ്പെടുന്ന ഏക കോശ ജീവി ഉടലെടുത്തു.


മനുഷ്യന് ഏറ്റവും താല്പര്യമുള്ളതിൽ ഒന്നായ "സെക്സ്"  നവംബർ 1 നു തന്നെ ദൈവം പായ്ക്കറ്റിൽ ആക്കിയത് ഒരു പക്ഷെ അതുപോലൊരു നവംബർ 1 ന് പാവയ്ക്ക പോലുള്ള കേരളം പിറവിയെടുക്കും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയായിരിക്കും!!

പിന്നെയും 10 ദിവസം കഴിഞ്ഞാണ് പ്രോകാരിയോട്ടുകളിൽ ന്യൂക്ലിയസുകൾ സൃഷ്ടിക്കപ്പെട്ടു അവ യൂക്കാരിയോട്ടുകൾ ആയി മാറുന്നത്.കോശങ്ങളിൽ മർമം വയ്ക്കുന്നതിന് മുന്നേ തന്നെ സെക്സ് ഉണ്ടാക്കിയത് ദൈവത്തിൻ്റെ കള്ളത്തരം തന്നെ !!

ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേക്കും ദൈവത്തിൻ്റെ പെണ്ണുമ്പിള്ള പ്രാതൽ വലിച്ചു വാരി വിളമ്പി.അത് വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടു ദൈവം ഉഷാർ ആയി വന്നപ്പോളേയ്ക്കു ഡിസംബർ 1.

അതായത് കൊല്ലത്തിലെ അവസാന മാസം!!

അതിൻ്റെ ആദ്യ ദിവസം ഓക്സിജൻ ഉണ്ടാകുന്നു.ഡിസംബർ 5 നു ബഹുകോശ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 14 നു കടലിനടിയിലെ ലളിതമായ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 18 നു മത്സ്യങ്ങളും ഉഭയ ജീവികളുടെ പൂർവികരും ഉണ്ടാകുന്നു.ഡിസംബർ 20 നു കരയിൽ സസ്യങ്ങളും 21 നു ചെറു പ്രാണികളും ഇന്നത്തെ ഇൻസെക്ടുകളുടെ പൂർവികരും 22 നു ഉഭയ ജീവികളും 23 നു ഉരഗങ്ങളും ഉണ്ടാകുന്നു.

ഡിസംബർ 25 നു (ഇന്നത്തെ ക്രിസ്മസ് ദിനം) ആണ് ദിനോസറുകൾ ഉണ്ടാകുന്നത്.മൂന്നു നാല് ദിവസം ഭൂമി അടക്കി ഭരിപ്പിച്ച ശേഷം ദിനോസറുകളെ ദൈവം തിരികെ വിളിക്കുന്നു.അതിനിടയിൽ ഡിസംബർ 27  നു പക്ഷികളും ഡിസംബർ 28 ന് ചെടികളിൽ പൂക്കളും ഉണ്ടായി.

മനുഷ്യൻ്റെ കാര്യം ദൈവം ആലോചിച്ചിട്ട് പോലും ഇല്ല.എങ്ങനെ ആലോചിക്കും, ദിനോസറുകൾ ചത്തൊടുങ്ങിയിട്ടു വേണ്ടേ മനുഷ്യനെ പഞ്ച് മ്യൂസിക്കോടെ അവതരിപ്പിക്കാൻ!!

 അങ്ങിനെ ഡിസംബർ 29  ന് ദിനോസറുകൾ ഫോസിലുകൾ ആകുന്നു.
ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകും എന്ന അവസരം മുതലെടുത്ത് ഡിസംബർ 30 നു എല്ലാ ഹോമിഡുകളുടെയും പൂർവികർ ആയ പ്രൈമേറ്റുകളുടെ ബീറ്റ വേർഷൻ ദൈവം പുറത്ത് വിട്ടു.


ഡിസംബർ 31 നു രാവിലെ 6 നു ശേഷം ape ഉണ്ടാകുന്നു.ഉച്ചയ്ക്ക് 2.30 നു അടുത്ത് "ഹോമിനിഡ്" എന്ന  മനുഷ്യൻ്റെയും,ചിമ്പാന്സിയുടെയും ഒക്കെ പൊതു ഗ്രൂപ്പിന്റെ പൂർവികർ ഉണ്ടായി.രാത്രി 10.15നു ആദ്യത്തെ ആൾകുരങ്ങുണ്ടാകുന്നു.10.24 നു മനുഷ്യൻ്റെ പൂർവികർ ആയ "ഹോമോ എറക്റ്റസ്" ഉണ്ടായി. 11 മണിയോടടുത്ത് കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നു.11.44 നു തീയുടെ ഉപയോഗം കണ്ടുപിടിക്കുന്നു.സമയം ഡിസംബർ 31 രാത്രി 11.50 ദേ ഇനി വെറും 10 മിനിറ്റ് മാത്രം !! ദൈവം ഇപ്പോളും മനുഷ്യനെ ഉണ്ടാക്കി വിട്ടിട്ടില്ല.ദൈവത്തെ നോക്കി ദൈവി മടിയൻ എന്ന ഭാവത്തിൽ ഒന്ന് ഇളിച്ചു.  

അതു കണ്ട പുള്ളി കുറച്ചു നേരം ആലോചിച്ചു.

മൂക്ക് ചൊറിഞ്ഞു!!

ചെവി ചൊറിഞ്ഞു!!

തല ചൊറിഞ്ഞു...!!

അങ്ങിനെ കുറച്ചു നേരം "ചൊറിയാൻ പറ്റുന്നതൊക്കെ" ചൊറിഞ്ഞു!!

ഒടുവിൽ രണ്ടും കൽപ്പിച്ച്... മൂട്ടിലെ പൊടിയും തട്ടി എണീറ്റു. 

എന്നിട്ടു,
"മിന്നിച്ചേക്കണേ ....." എന്ന് പറഞ്ഞു എന്തോ ഒരു ഗോഷ്ടി കാണിച്ചിട്ട് പൊടിയും പാറിച്ചു പുള്ളി മുങ്ങി.

പൊടി അടങ്ങിയപ്പോ രാത്രി 11.52.

നോക്കുമ്പോൾ കോന്ത്രപ്പല്ലും കാണിച്ച് ഇളിച്ചുകൊണ്ട് ദേ... നിൽക്കുന്നു  ആധുനിക മനുഷ്യൻ!!

                                                 ***************

കലണ്ടർ അവസാനിക്കാൻ വെറും 8 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ പൊട്ടിമുളച്ചവൻ്റെ "സകല ചരിത്രങ്ങളും ഈ 8 മിനിറ്റിൽ ഒതുങ്ങുന്നു" എന്ന് പോലും പറയാൻ പറ്റില്ല.കാരണം ഇന്നത്തെ മനുഷ്യൻ്റെ അറിയാവുന്ന ചരിത്രം വെറും "പതിനായിരം" കൊല്ലത്തെ മാത്രം ആണ്.കുഞ്ഞി ജാതകത്തിലെ 8 മിനിറ്റ് യഥാർത്ഥ ജാതകത്തിലെ 2 ലക്ഷത്തി പതിനായിരം വർഷങ്ങൾക്ക് തുല്യം ആണ്.

ആധുനിക മനുഷ്യൻ്റെ സർവത്ര ദൈവങ്ങളും, മതങ്ങളും, ഐതീഹ്യങ്ങളും ശാസ്ത്രജ്ഞരും പ്രശസ്തരും ആയ എല്ലാം വരുന്നത് അവസാന 8 മിനിറ്റിൽ ആണ്.എന്നിട്ടും "ഈ പ്രപഞ്ചം മനുഷ്യന് വേണ്ടി ഉണ്ടാക്കിയത് ആണ്" എന്ന് കേമത്തം പറയുന്നവർ ധാരാളം!!

എഴുത്ത് കണ്ടുപിടിക്കുന്നത് അവസാനത്തെ 13 സെക്കന്റിലും, വേദങ്ങളും, ബുദ്ധനും റോമാ സാമ്രാജ്യവും അശോകനും ഒക്കെ അവസാന 6 സെക്കന്റിലും,ആധുനിക ശാസ്ത്രവും, ആകെ മൊത്തം ടോട്ടൽ വിപ്ലവങ്ങളും യുദ്ധങ്ങളും ഒക്കെ സംഭവിച്ചത് അവസാന 1 സെക്കന്റിനുള്ളിലും ആണെന്ന് മനസ്സിലാക്കുമ്പോൾ ആണ് പ്രപഞ്ച ചരിത്രത്തിൽ മനുഷ്യൻ എത്ര ചെറുതാണ് എന്ന് തിരിച്ചറിയുക!!

ആ തിരിച്ചറിവിനു അൽപ്പം കൂടി വ്യക്തത വരുത്തുവാൻ വേണ്ടി മാത്രം 13ലക്ഷം കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള(Diameter) സൂര്യനെ ഒരു ഫുട്‍ ബോളായി കരുതുക.

എങ്കിൽ....,

ബുധൻ(Mercury) = 13 മീറ്റർ അകലെ കിടക്കുന്ന ഒരു മണൽത്തരി !!
ശുക്രൻ(Venus) = 25 മീറ്റർ അകലെ ഉള്ള ഒരു കുന്നിക്കുരു.
ഭൂമി(Earth) =  34 മീറ്റർ അകലെ ഉള്ള മറ്റൊരു കുന്നിക്കുരു.
ചൊവ്വ(Mars) = 54 മീറ്റർ അകലെ ഉള്ള ചെറിയൊരു കുന്നിക്കുരു.
വ്യാഴം(Jupiter) = 180 മീറ്റർ അകലെ ഉള്ള ഒരു പേരയ്ക്ക.
ശനി(Saturn= 320 മീറ്റർ അകലെ ഉള്ള ഒരു ചെറിയ പേരയ്ക്ക
യുറാനസ്സ്(Uranus) = 650 മീറ്റർ അകലെ ഉള്ള ഒരു ഗോട്ടി
നെപ്ട്യൂൺ(Neptune) = 1 കിലോമീറ്റർ അകലെ ഉള്ള മറ്റൊരു ഗോട്ടി

ഈ ഫുട്‍ബോൾ വലുപ്പ കണക്ക് വച്ച് നോക്കിയാൽ സൂര്യൻ്റെ ഏറ്റവും അടുത്ത നക്ഷത്രം ആയ പ്രോക്സിമ സെന്റൂറി 8000 കിലോമീറ്റർ അകലെ ആകും.
(1 light year = 94,60,80,00,00,000 km

നമ്മുടെ "മിൽക്കി വേ" യ്ക്ക് ഒരു ആളുടെ വലുപ്പമേ  ഉള്ളൂ എങ്കിൽ നമ്മുടെ സൗരയൂഥത്തിന്  ഒരു ആറ്റത്തിൻ്റെ വലുപ്പമേ കാണുകയുള്ളു!!


1990 ൽ വോയേജർ-1 അതിൻ്റെ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ തുറിച്ചു നോക്കിയാൽ പോലും നമ്മുടെ കൊച്ചു ഭൂമി കണ്ടുപിടിക്കാൻ എളുപ്പം അല്ല.അപ്പോൾ ആണ് അതിൻ്റെ ഉള്ളിൽ "അവനവൻ്റെ" എന്നുപറഞ്ഞു മതിലുകെട്ടി തിരിച്ചും, മതത്തിന്റെയും ദൈവങ്ങളുടേയും വര്ണത്തിന്റേയും ഒക്കെ പേരിൽ ഈഗോ കെട്ടിപ്പൊക്കി അതിന് മുകളിൽ കിടന്നുറങ്ങുന്ന മനുഷ്യനെ!!

(ഭൂമി-ഇത്രേ ഉള്ളു സകല ഈഗോകളും

തലയ്ക്ക് മുകളിൽ ഒരു ഡ്രോൺ  500 മീറ്റർ ഉയരത്തിൽ പറത്തിയാൽ, ആ ക്യാമറയിൽ പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര ചെറുതാണ് ദൈവത്തിൻ്റെ  ശ്രേഷ്ഠ സൃഷ്ടി ആയി അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ്റെ വ്യക്തിത്വം.

നമ്മുടെ പ്രപഞ്ചൻ്റെ ആയുസ്സിൻ്റെ 42% മാത്രമേ നമ്മുടെ ഭൂമി കണ്ടിട്ടുള്ളു.മനുഷ്യനും അവൻ്റെ സൃഷ്ടികൾ ആയ മതങ്ങളും അവയുടെ ദൈവങ്ങളും എല്ലാം ചേർന്ന് കണ്ടിട്ടുള്ളത് വെറും  0.00125% പോലുമില്ല!!

"കോസ്മിക് കലണ്ടർ" പ്രകാരം, വെറും 8 മിനിറ്റുകൾ മാത്രം ജീവിച്ച പെരുമയിൽ പ്രപഞ്ച ജേതാവ് ആയി അഹങ്കരിക്കുന്ന മനുഷ്യന് മുന്നിൽ 5 ദിവസം രാജാക്കന്മാർ ആയി ജീവിച്ച ദിനോസറുകൾ പോലും അവശേഷിപ്പിച്ചത് ഫോസിലുകൾ മാത്രം ആണ്.പ്രപഞ്ച ചരിത്രം നോക്കിയാൽ "പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വംശനാശങ്ങൾ സമയാസമയങ്ങളിൽ നടക്കുന്നുണ്ട് എന്ന സത്യം മറച്ചുവയ്ക്കാനാവില്ല.


ഭൂമിയുടെ ഉത്പത്തി മുതൽ ഉള്ള കലണ്ടർ:


നമ്മുടെ കൊച്ചു ഭൂമി ഉണ്ടായത് ഒരു ജനുവരി 1 നു ആണെന്നും അതിനു ശേഷം ഇന്നുവരെയുള്ള കാലഘട്ടങ്ങൾ ഒറ്റ വർഷത്തിൽ തീരുകയും ചെയ്‌താൽ, പ്രധാന സംഭവങ്ങൾ എങ്ങിനെ എന്ന് നോക്കാം.

  • ജനുവരി 6, 14:46 -ചന്ദ്രൻ രൂപപ്പെടുന്നു
  • ജനുവരി 29, 01:50 - സമുദ്രങ്ങൾ രൂപം കൊള്ളുന്നു
  • ഏപ്രിൽ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
  • ജൂൺ 6, 10:17 – പ്രാധമിക കോശങ്ങൾ (പ്രോകാര്യോസൈറ്റ്സ്)
  • ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങൾ രൂപപ്പെടുന്നു
  • ഒക്ടോബർ 12, 18:43 - പൂപ്പലുകൾ
  • ഒക്ടോബർ 20, 19:15 – ബഹു കോശ ജീവികൾ
  • നവമ്പർ 5, 20:18 – സമുദ്രസസ്യങ്ങൾ
  • നവമ്പർ 23, 11:52 – നട്ടെല്ലുള്ള ജീവികൾ, മത്സ്യങ്ങൾ
  • നവമ്പർ 27, 04:25 – കര സസ്യങ്ങൾ
  • നവമ്പർ 25, 21:37 ‌‌- കര ജീവികൾ - ആർത്രോപോഡ്സ്
  • ഡിസംബർ 1, 23:59 – നാലുകാലുള്ള ജീവികൾ.
  • ഡിസംബർ 1, 23:59 – ഞണ്ടുകൾ, പന്നൽ ചെടികൾ
  • ഡിസംബർ 3, 22:09 - സ്രാവുകൾ
  • ഡിസംബർ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
  • ഡിസംബർ 14, 18:04 - സസ്തനികൾ
  • ഡിസംബർ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
  • ഡിസംബർ 17, പാൻജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
  • ഡിസംബർ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആർക്കിയോപ്ടെറിക്സ്
  • ഡിസംബർ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങൾ (ആൻജിയോസ്പേം )
  • ഡിസംബർ 26, 13:04 – റ്റൈറനോസറസ് റെക്സ്
  • ഡിസംബർ 26, 18:51 - ഡിനോസറുകൾ ഉൾമൂലനം ചെയ്യപ്പെടുന്നു.
  • ഡിസംബർ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 29 , 23:52 – മാനുകളുടെ പൂർവ്വികർ
  • ഡിസംബർ 31, 12:26:54 – മനുഷ്യൻ, ചിമ്പൻസി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 31, 18:03:58 - മാമത്തുകൾ
  • ഡിസംബർ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
  • ഡിസംബർ 31, 22:27:36 - ഹോമോകൾ തീ ഉപയോഗിക്കാൻ പഠിക്കുന്നു.
  • ഡിസംബർ 31, 23:19:34 – നിയാണ്ടർത്താളുകളുടെ ഉത്പത്തി.
  • ഡിസംബർ 31, 23:36:54 – ഹോമോ സാപ്പിയൻസ് (മനുഷ്യൻ)
  • ഡിസംബർ 31, 23:57:06 – നിയാണ്ടർത്താളുകളുടെ അന്ത്യം.
  • ഡിസംബർ 31, 23:58:16 – മാമത്തുകൾക്ക് വംശനാശം
  • ഡിസംബർ 31, 23:58:50 - മനുഷ്യൻ കൃഷി വശമാക്കുന്നു
  • ഡിസംബർ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
  • ഡിസംബർ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യൻ കലണ്ടർ
  • ഡിസംബർ 31, 23:59:18 - സുമേരിയൻ കുനിഫോം , ആദ്യ എഴുത്ത്
  • ഡിസംബർ 31, 23:59:24 – പിത്തള യുഗം
  • ഡിസംബർ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
  • ഡിസംബർ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
  • ഡിസംബർ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റിൽ .
  • ഡിസംബർ 31, 23:59:28 – മായൻ, ഹാരപ്പൻ സംസ്കൃതി. ഗിസായിലെ പിരമിഡ് നിർമ്മാണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:36 – ഋഗ് വേദം
  • ഡിസംബർ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
  • ഡിസംബർ 31, 23:59:42 – പേർഷ്യൻ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
  • ഡിസംബർ 31, 23:59:42 - ബുദ്ധൻ, കൺഫൂഷ്യസ്, മഹാവീരൻ
  • ഡിസംബർ 31, 23:59:44 - ചേരരാജവംശം
  • ഡിസംബർ 31, 23:59:46 ‌‌- ചോള രാജവംശം
  • ഡിസംബർ 31, 23:59:46 – ക്രിസ്തുവർഷാരംഭം, ക്രിസ്തു
  • ഡിസംബർ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
  • ഡിസംബർ 31, 23:59:50 – മുഹമ്മദ്
  • ഡിസംബർ 31, 23:59:56 - ഗുട്ടൻ ബർഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
  • ഡിസംബർ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തിൽ എത്തുന്നു.
  • ഡിസംബർ 31, 23:59:57 – മൊണാലിസ
  • ഡിസംബർ 31, 23:59:58 – ടാജ് മഹൽ
  • ഡിസംബർ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:58.4 - അമേരിക്കൻ സ്വാതന്ത്ര്യം
  • ഡിസംബർ 31, 23:59:58.43 - അമേരിക്കൻ വിപ്ളവം
  • ഡിസംബർ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
  • ഡിസംബർ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
  • ഡിസംബർ 31, 23:59:58.96 – ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
  • ഡിസംബർ 31, 23:59:58.97 - അമേരിക്കൻ സിവിൽ യുദ്ധം
  • ഡിസംബർ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
  • ഡിസംബർ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
  • ഡിസംബർ 31, 23:59:59.35 - റഷ്യൻ വിപ്ളവം
  • ഡിസംബർ 31, 23:59:59.44 - പെൻസിലിൻ കണ്ടു പിടിക്കുന്നു.
  • ഡിസംബർ 31, 23:59:59.47 – അഡോൾഫ് ഹിറ്റ്‌‌ലർ ജർമ്മൻ ചാൻസലറായി അധികാരമേൽക്കുന്നു.
  • ഡിസംബർ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
  • ഡിസംബർ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
  • ഡിസംബർ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
  • ഡിസംബർ 31, 23:59:59.72 - മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു.
  • ഡിസംബർ 31, 23:59:59.94 – 9/11 ആക്രമണം.


മനുഷ്യനും, മനുഷ്യൻ്റെ സൃഷ്ടികൾ ആയ സകല ദൈവങ്ങളും കൂട്ടാളികളും, മത രാഷ്ട്രീയ വേർതിരിവില്ലാതെ, കോവിഡ്-19 എന്ന കുഞ്ഞൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച കണ്ടു "പ്രപഞ്ച സൃഷ്ടിയുടെ പിന്നിൽ ഉള്ള ദൈവം" പൊട്ടി ചിരിച്ചുകൊണ്ട്.... ദൈവി വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മോന്തിയ ശേഷം,കിട്ടിയ സ്ഥലത്ത് ചുരുണ്ടുകൂടി കൂർക്കം വലി തുടങ്ങി!!




കടപ്പാട്: 

       കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠനങ്ങൾ നടത്തിയ എല്ലാ മഹാന്മാർക്കും, അവരുടെ പഠനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചു തന്ന ഗൂഗിൾ അമ്മാവനും, മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ വായിക്കാൻ  പ്രേരിപ്പിച്ച കൊറോണയ്ക്കും!!

Monday, 27 April 2020

മഹാമാരികൾ!!


                           രേഖപ്പെടുത്തിയ മനുഷ്യ ചരിത്രത്തില്‍ അന്റോണിയന്‍ പ്ലേഗ് എന്ന്  അറിയപ്പെട്ടിരുന്ന "ഗാലന്‍ പ്ലേഗ്" ആണ് മഹാമാരികളുടെ മുതുമുത്തശ്ശൻ!!. റോമാ സാമ്രാജ്യത്തില്‍ എ.ഡി 165 -180 കാലഘട്ടത്തിൽ ആണ് ഇത് പടർന്നത്.അൻപത് ലക്ഷത്തോളം ആളുകൾ മരിച്ചു എന്നാണ് കണക്കുകൾ!!

എ.ഡി 541 അന്നത്തെ ലോക ജനസംഖ്യയുടെ ഏകദേശം പകുതിയോളം ആളുകളെ തുടച്ചു നീക്കിയ, മഹാമാരിളുടെ വരവിലെ  രണ്ടാമനായി എത്തിയ "ജസ്റ്റീനിയൻ പ്ലെഗ്" ബൈസെറ്റൈൻ സാമ്രാജ്യ തലസ്ഥാന നഗരിയായ കോൺസ്റ്റാന്റി നേപ്പിളിൽ ആണ് ഉടലെടുത്തത്.അതുകൊണ്ടാണ് ബൈസെറ്റൈൻ ചക്രവർത്തിയുടെ പേരിൽ തന്നെ ഇവൻ അറിയപ്പെട്ടത്.ഏഷ്യ,യൂറോപ്പ്, അറേബ്യാ,ഉത്തരാഫ്രിക്ക തുടങ്ങിയവയിലേക്കും കൂടി പടർന്നു കയറിയ ഈ പ്ലെഗ് മൂലം ഏകദേശം അഞ്ചുകോടി ജനങ്ങൾ മരിച്ചു വീണു.

എ.ഡി 735 -737 കാലഘട്ടത്തിലെ ജപ്പാൻ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ കൊന്നൊടുക്കിയ "ജപ്പാൻ വസൂരി" മൂലം ജപ്പാന്റെ വിവിധമേഖലകളിൽ ആയി ഏകദേശം പത്ത് ലക്ഷം ജനങ്ങൾ മരണത്തിന് കീഴടങ്ങി.

എ.ഡി 1346-1351 കാലത്ത് ഏഷ്യ യിൽ നിന്നും തുടങ്ങിയ "പ്ലെഗ്" വ്യാപനം 4 കൊല്ലം കൊണ്ട് 20കോടിയോളം ആളുകളെ കൊന്നൊടുക്കി കറുത്ത മരണം ആയി മാറുകയുണ്ടായി.1347 ൽ ഇറ്റാലിയൻ തുറമുഖമായ മെസ്സിനയിൽ 12 കപ്പലുകളിലായി എത്തിയ നവീകരിൽ നിന്നുമാണ് യൂറോപ്പിൽ രോഗം പടർന്നത് എന്നാണ് വിശ്വസിക്കുന്നത്.


എ.ഡി 1846-1860 പത്ത് ലക്ഷം ജനങ്ങൾ മരിച്ച "കോളറ" പൊട്ടിപ്പുറപ്പെട്ടത് നമ്മുടെ ഇന്ത്യയിൽ നിന്നും ആണ്.


എ.ഡി 1855 ൽ മഹാമാരി ആയി മൂന്നാമതും "പ്ലെഗ്"  പടർന്നപ്പോൾ അതിന്റെ ഉല്ഭവ സ്ഥാനം ചൈനയിലെ യുനാൻ ആയിരുന്നു.ഒന്നരകോടി ജനങ്ങൾ അന്ന് ലൊകമെമ്പാടും ആയി മരണത്തിനു കീഴങ്ങി.


എ.ഡി 1889-1890 കാലത്ത് റഷ്യയിൽ തുടങ്ങിയ, "റഷ്യൻ ഫ്ലൂ", "ഏഷ്യാറ്റിക്ക് ഫ്ലൂ" എന്നൊക്കെ അറിയപ്പെട്ടിരുന്ന,ഏകദേശം  പത്തുലക്ഷം ആളുകൾ മരിക്കാൻ കാരണമായ ഈ പകർച്ചപ്പനി ആയിരുന്നു 19 ആം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി.


ഒന്നാം ലോകയുദ്ധത്തിൻ്റെ കെടുതികൾക്ക് ഒപ്പം 1918 ൽ  പൊട്ടിപ്പുറപ്പെട്ടു 50 കോടിയിലേറെ പേരെ ബാധിച്ച "സ്പാനിഷ് ഫ്ലൂ" എന്നറിയപ്പെട്ട ഈ മഹാമാരിയിൽ ഇന്ത്യയിൽ മാത്രം  2 കോടിയിലേറെ പേരെ മരണത്തിനിരയാക്കി.ലോകത്താകമാനം പത്ത് കോടിയിൽ കൂടുതൽ മരണങ്ങളുണ്ടായി.


പിന്നീടാണ് മഹാമാരികളിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഭീമൻ ആയി ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏകദേശം അമ്പതുകോടി യിൽ അധികം ജനങ്ങളെ കൊന്നൊടുക്കിയ "വസ്സൂരി" അഥവാ "സ്‌മോൾ പോക്സ്" പടർന്നു പിടിക്കുന്നത്.പല നൂറ്റാണ്ടുകളിൽ ആയി എണ്ണമറ്റ രീതിയിൽ ജനങ്ങളെ കൊന്നൊടുക്കിയ വസ്സൂരിക്ക് ഏകദേശം മൂവായിരം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.



1981 ൽ അമേരിക്കയിലെ സ്വവര്ഗാനുരാഗികൾക്കിടയിൽ ആദ്യമായി "എച്ച്.ഐ.വി" മൂലം ഉണ്ടാകുന്ന "എയ്ഡ്സ്" ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏകദേശം മൂന്നര കോടി ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങാൻ കാരണമായ ഈ വയറസ്സ് 1920 ൽ, ആഫ്രിക്കയിലെ ചിമ്പാന്സികളിൽ നിന്നും ആണ് രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. ഏകദേശം നാല് കോടി ജനങ്ങൾ ഈ വയറസ്സ് ബാധയുമായി ജീവിക്കുന്നു എന്നാണ് കണക്കുകൾ.

2014-2016 ൽ "എബോള" മൂലം പതിനൊന്നായിരത്തിൽ അധികം ആളുകൾ മരിച്ചു.1976 ൽ "ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ" യിലെ എബോള നദിയ്ക്ക് അടുത്ത് ഈ വയറസ്സ് ആദ്യമായി കണ്ടെത്തിയതിനാൽ ആണ് ആ പേര് വരാൻ കാരണം.


2009-2019 വർഷങ്ങളിൽ ആയി രണ്ടുലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഈ നൂറ്റാണ്ടിലെ ഇപ്പോളും തുടരുന്ന മഹാമാരി ആയ "എച്ച്1 എൻ1" ആദ്യമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്.

നൂറ്റാണ്ടിൻ്റെ മഹാമാരി ആയി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മാറിയ "കോവിഡ്-19" എന്ന കൊച്ചു വയറസ്സ് പരത്തിയ "കൊറോണ", 2020 ൽ ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ലോകം മുഴുവൻ അടച്ചിടലിൻ്റെ പാതയിലേക്ക് കൊണ്ടുവന്ന ഈ കുഞ്ഞൻ, 2 മാസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.


  ഭൂമിയെക്കാൾ വലുതായി മനുഷ്യന്റെ ഈഗോ വളരുമ്പോൾ അവയ്‌ക്കെതിരെ കണ്ണിൽ കാണാൻ പോലും പറ്റാത്ത അത്ര കുഞ്ഞു അണുക്കളാൽ, മനുഷ്യന്റെ അഹങ്കാരത്തിന്മേൽ ഇനിയും പല രൂപത്തിൽ, പല പേരുകളിൽ മഹാമാരികൾ അവരുടെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.


Thursday, 23 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!

               മത്സ്യത്തൊഴിലാളി!!*

പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.

ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!


മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!

Friday, 17 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!

പേരിനു ചില "ബ്രോ"സ്സ്!!


                      ലോക്ക്ഡൗണ് ആയത് കൊണ്ട് എവിടെയും പൊക്കില്ല.പ്രത്യേകിച്ചു പണി ഒന്നും ഇല്ല,എങ്കിലും ഒട്ടും ടൈം ഇല്ല.
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!

എന്നാൽ.. 

ഒരു വാക്കോ അല്ലേൽ വോയ്‌സോ അയച്ചു വിശേഷങ്ങൾ ചോദിക്കില്ല.
ചുരുക്കി പറഞ്ഞാൽ അങ്ങോട്ടു വിളിച്ചാൽ തേൻ ഒലിക്കും, "നിന്നെ വിളിക്കാൻ ഒരുങ്ങുക ആയിരുന്നു" എന്നോ അല്ലേൽ "നീ ആയിരുന്നോ, ഫോൺ മാറ്റിയപ്പോ  നിൻ്റെ നമ്പർ പോയി" എന്നോ പറഞ്ഞേക്കാം!! 

ഇനി അങ്ങോട്ട് വിളിച്ചില്ല എങ്കിൽ ... നമ്മളെകൊണ്ട് എന്തെങ്കിലും ആവശ്യം വരാത്തിടത്തോളം കാലം  "പൂര"ത്തിന് കണ്ട ഭാവം പോലും കാണിക്കില്ല!!

ഈ ലക്ഷണങ്ങൾ ഒക്കെ ആയാൽ, നമുക്ക് മുന്നിൽ ഏതാണ്ട് ഒരു "ബ്രോ" ജനിക്കുകയായ്!!

പേരിനൊരു "ബ്രോ"





കൊറോണ കാലത്തെ ദിനങ്ങൾ -4 !!

                "രിപ്പ് വട" എന്ന എക്കാലത്തെയും വീക്നസ് തിരിച്ചറിഞ്ഞിട്ടോ എന്തോ,മൂക്കിൽ വെള്ളാരംകല്ലിന്റെ മൂക്കുത്തി ഇട്ട സഹപാഠി ഉമാദേവി പെരുംജീരകവും മിന്റും കുരുമുളകും ഒക്കെ ചേർത്തു "ലോക്ഡൗൻ സ്‌പെഷ്യൽ" പരിപ്പവട ഉണ്ടാക്കി ഫോട്ടോ അയച്ചു കൊതിപ്പിച്ചു.
അതേ ടൈമിൽ, ഒരു ചക്കയ്ക്ക് ആയുള്ള ആഗ്രഹം വീട് മൊത്തം കറങ്ങി നടപ്പുണ്ടാരുന്നു.

ലോക്ക് ഡൗണിൽ ചക്ക വേണേൽ സ്വന്തം വീട്ടിൽ "ചക്കമരം" വേണം.വീട്ടിൽ ആകെ ഉള്ള പ്ലാവ് ആണേൽ, ഗ്രോ ബാഗിൽ നിന്നും മണ്ണിലേക്ക് ഉള്ള സ്ഥലമാറ്റത്തിനായി മഴക്കാലം കാത്ത് മേപ്പോട്ടു നോക്കി ഇരിപ്പും."ചക്ക ഫാക്റ്ററി" താൻ ആണെന്ന് പോലും ഒരുപക്ഷേ ആ പാവത്തിന് അറിയാൻ വഴിയില്ല!!

അപ്പോൾ ആണ് മൊട്ടത്തലയൻ മാഷ്ന്റെ വീട്ടിൽ "ചക്ക മഹോത്സവം" നടക്കുന്ന കാര്യം അറിഞ്ഞത്.കോവിഡിനെ തുരത്താൻ ലോക രാഷ്ട്രങ്ങൾ നടത്തുന്ന മരുന്നു പരീക്ഷണം പോലെ, യൂ ട്യൂബ് നോക്കി പാചക പരീക്ഷണത്തിൽ മുഴുകിയ സഹധർമ്മിണിയെ പേടിച്ച് മൊട്ട മാഷും കുട്യോളും ഇപ്പൊ പ്രകൃതിയെ ആശ്രയിച്ചു വിശപ്പ് മറ്റുകയാണത്രേ.വിശപ്പ് മാറ്റുന്നതിൽ ചക്കമഹാത്മ്യം ശരിക്കറിയുന്ന മൊട്ട മാഷ്,എന്റെ ചക്കാന്വേക്ഷണം അറിഞ്ഞ ഉടൻ,
അടുത്ത വീട്ടിലെ ഭ്രാന്തൻ കണാരന്റെ കണ്ണുവെട്ടിച്ചു 2 ചക്ക, ചാക്കിൽ കടത്തി പാതി ദൂരം എത്തിച്ചു തന്നു.

അതോടെ മൊട്ട മാഷ് ചക്കമാഷ് ആയി.നാട് മുഴുവൻ ഉള്ള പോലീസിന്റെ കണ്ണുവെട്ടിച്ച് പാതിവഴിയിൽ പാർക്കിയ ചക്ക മാഷിന്റെ ചക്ക വണ്ടിയിൽ നിന്നും ചക്കയും പൊക്കി വീടെത്തിയപ്പോൾ ബഹുസ്വീകരണം.4 മണിക്ക് കട്ടൻ കാപ്പി കിട്ടി ഗ്ലാസ്സിൽ മുക്കാൻ 2 ടൈഗർ ബിസ്ക്കറ്റും!!

ചക്ക സ്നേഹികളുടെ ഇഷ്ടം മുഴുവൻ മുള്ളുകളായി മാറിയത് ആണത്രെ ചക്കോപരിതല രഹസ്യം.ആ രഹസ്യം ചികഞ്ഞു ചൊള എടുക്കുന്ന കണ്ടു ഓടി വന്ന "ഉൽപ്പു" നെ ചകിണി കൊടുത്തു പറ്റിച്ചു.

ചൂടായ വെളിച്ചെണ്ണയിൽ കുളിച്ചുകൊണ്ടിരിക്കുന്ന ചക്ക "കിലും കിലും" ശബ്ദത്തിൽ കലപില കൂട്ടുമ്പോൾ അൽപ്പം മഞ്ഞള് പൊടിയിട്ടു ഇളക്കി കുറച്ചു കഴിയുമ്പോൾ അൽപ്പം ഉപ്പും ചേർത്തു വറുത്ത് കോരി സഹപാഠിക്ക് അയച്ചപ്പോൾ, രാത്രിയിലെ ഉറക്കം ശാന്തി, സമാധാന പൂർണ്ണം!!

                                                              ****************

രാവിലെ നിളയിലെ നീന്തൽ കഴിഞ്ഞു വന്നു കൈകഴുകി ചെന്നപ്പോൾ, വാഴയിലയിൽ ആവി പരത്തി ചക്കപുഴുക്ക്!!

പച്ചമുളകിന്റെയും കറിവേപ്പിലയുടെയും വെളുത്തുള്ളിയുടെയും,മഞ്ഞളിന്റെയും ജീരകത്തിന്റെയും ആത്മാവുൾക്കൊണ്ട തേങ്ങാ അരപ്പിന്റെ മണത്തിന്റെ കൂടെ, ചതച്ച ചുമ്മനുള്ളിയിൽ പച്ച വെളിച്ചെണ്ണ തൂക്കി ഇളക്കിയപ്പോൾ പരന്ന സുഗന്ധം കൂടി ആവാഹിച്ചുകൊണ്ട് കണ്ണടച്ചു ഒരു നുള്ള് ചക്ക പുഴുക്ക് നാവിൽ വച്ചു നുണഞ്ഞു.

ആ...ഹ, അന്തസ്സ്!!

കാശ്മീരി മുളകിന്റെ ത്രസിപ്പിക്കുന്ന ചുവപ്പിൽ മുങ്ങിയ കടുമാങ്ങ അച്ചാറും ചൂടുള്ള ഉണക്കമീൻ വറവും കട്ടൻകാപ്പിയും കൂടി ആയപ്പോൾ.......വൗ!!

ചിലതൊക്കെ അങ്ങിനെ ആണ്, പറഞ്ഞറിയിക്കാൻ പറ്റില്ല!!

ചക്ക മോഹം സഫലീകരണത്തിനു സഹായിച്ച ചക്കമാഷേ നിങ്ങടെ മൊട്ടതലയിൽ ഒരു നൂറു ഉമ്മ!!!

ചക്ക കൊതി മൂത്ത ഉമാദേവി....

വാഴയിലയിൽ നിന്നും തോണ്ടിയെടുത്ത്, അതിനുള്ളിൽ ഒരു കുഞ്ഞു ഉണക്കമീൻ ഒളിപ്പിച്ചു അച്ചാറിൽ മുക്കിയ ഒരു പിടി ചക്കപ്പുഴുക്ക് നിനക്കായി ഞാനിതാ കൂടുതൽ കഴിക്കുന്നു!!


Monday, 13 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -3 !!

                      കുളി സീൻ!!

പതിവ് പോലെ നിളയിൽ കുളിക്കാൻ ചെന്നപ്പോൾ, തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്നും ചില സീൽക്കാരങ്ങൾ!!
ചെന്ന് നോക്കിയപ്പോ  കിടിലൻ സീൻ.

ജോണികുട്ടിയും ലീലയും തമ്മിൽ!!😳😳

അത് കണ്ടു സഹിക്ക വയ്യാതെ സദാചാര പോലീസ് ചമഞ്ഞു ബഹളം വച്ച അസീസിനിട്ടു ജോണിക്കുട്ടി കൊടുത്ത പണിയിൽ അസീസ് ഫുൾ ആയി സീൻ വിട്ടോടി!!

പണ്ടേ ഗുണ്ട ആയ ജോണികുട്ടിയെ പേടിച്ചു കുളിച്ചു എന്നു വരുത്തി തിരികെ നടക്കുമ്പോൾ.."നാളെ മുതൽ രാത്രി ആകും മുന്നേ കുളിക്കണം" എന്ന് ഉറച്ചു തീരുമാനിച്ചു.

അങ്ങകലെ എവിടെയോ അസീസ്ന്റെ ഞരക്കത്തിലൂടെ പുറത്തു കടന്ന പ്രാണൻ കാറ്റിൽ ചേർന്നലിഞ്ഞുകാണും.പാവം!!

                  *********

പിൻകുറിപ്പ്:ജോണികുട്ടിയും ലീലയും പ്രണയ ജോഡികളായ മൂർഖൻസ്സ് ആണ്!!

Thursday, 9 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-3 !!

            കൂടോത്ര നിർമാർജ്ജന ശേഷം രാഘവമാമയുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുകൊണ്ടിരിക്കെ മാവിൽ നിന്നും പിടിവിട്ടൊരു മാങ്ങ തേടി പുറത്തിറങ്ങിയപ്പോൾ ആണ് ചെടിച്ചട്ടിയിൽ മദാലസ ആയി തഴച്ചുതുടങ്ങിയ ഒരു റോസാച്ചെടിയിൽ കൗമാരം മൊട്ടുകൾ ആയി വളർന്നു തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്.

"അമ്മേ..ദേ റോസ്സിൽ കുരു മുളച്ചു"

"കുരു അല്ലടാ മണ്ടാ പൂ വിരിയാൻ
മൊട്ടിട്ടതാ."

"കൊറേണ്ണം വരിണ്ടല്ലോ"

*******************

ആരും കാണാതെ 60 ഒഴിക്കാൻ ശ്രമം തുടങ്ങിയ നേരത്തുള്ള, എന്‍റെ "റോസ്സചരിത"ത്തിന്‍റെ ഒടുക്കം മാത്രം ശ്രദ്ധിച്ച രാഘവമാമ പെട്ടെന്ന് ഞെട്ടിയതോടെ തറമുഴുവൻ ഫ്ലോർ സാനിറ്റൈസർ പരന്നു... ഒപ്പം "യ്യോ..." എന്ന നെഞ്ചു തകർന്നുള്ള ഒരു കരച്ചിലും!!

റോസ്സ് ചരിതത്തിന്‍റെ ഒടുക്ക വാചകം കേട്ട് "കൊറോണ വരുന്നുണ്ട്" എന്നു തെറ്റിദ്ധരിപ്പിക്കപെട്ടത് കൊണ്ട് മാത്രമാണ് മാമായുടെ ത്രി ഗുണൻ സമാധി ആയത് എന്നറിയാതെ ശബ്ദം കേട്ട ഉടൻ  മാമായുടെ മുറിയിലേയ്ക്ക് ഞാൻ പാഞ്ഞു!!

                                     ഹാപ്പി തല്ലുകൊള്ളൽ ഡേ!!


Wednesday, 8 April 2020

Expectations !!

ഈ "Expectation"എന്ന വാക്കാണ് മനുഷ്യരുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം!!

അതായത് ബാലാ....
നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മറ്റുള്ളവർ പെരുമാറും,നമ്മുടെ മനസ്സറിഞ്ഞു മറ്റുള്ളവർ പ്രവർത്തിക്കും,നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണ്..തുടങ്ങി കൊറോണ നമ്മളെ ബാധിക്കില്ല എന്ന് വരെയുള്ള expectations!!

ഈ വാക്ക് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ "ഡിപ്രെഷൻ" എന്ന വാക്കിനു ഒരർത്ഥവും ഇല്ലാതായി പോയേനെ !!

സത്യം!!


Sunday, 5 April 2020

പ്രതികാരം !!

                “ബെര്‍ലിന്‍ ഫ്രൈഡ് ചിക്കന്‍”(BFC) എന്ന ബോര്‍ഡ് കണ്ട് "ജര്‍മ്മന്‍ രുചി" മനസ്സില്‍ കണ്ട് കയറിയപ്പോളാണറിഞ്ഞത്, “മെര്‍ലിന്‍” എന്ന തന്‍റെ പഴയകാമുകിയുടെ പേരുചാര്‍ത്തി ഓരോ കോഴികളേയും വെട്ടിനുറുക്കി “ബേക്ക്" ചെയ്ത് പിന്നെ “ഫ്രൈ” ആക്കി വിളമ്പിക്കൊണ്ട്, തന്നെ വഞ്ചിച്ചവളെ ദിവസേന പ്രതീകാത്മകമായി കൊല്ലുകയാണവിടെ എന്ന നഗ്നസത്യം!!

Saturday, 4 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -2 !!

                                        പോലീസിൻ്റെ  വെടി !!


"ഈ ടയർ മാറ്റാരുന്നില്ലേ?"

"കീറിയ കളസം മാറ്റാൻ ക്യാഷ് ഇല്ല അപ്പോളാ ടയർ!!,അച്ഛൻ കേറുണ്ടോ?"

മുട്ടിനു വേദനയ്ക്ക് മരുന്നു വാങ്ങാൻ അച്ഛനെയും കൊണ്ടു  ഡോക്ടറുടെ അടുത്തു പോയി മടങ്ങി.

അനാവശ്യമായി ഇറങ്ങുന്നവരെ പൊക്കാൻ പോലീസ് ഇറങ്ങിയിട്ടുണ്ട്.അതിനാൽ മറ്റൊരു വഴി വീട്ടിലേയ്ക്ക് മടങ്ങി.വളഞ്ഞു പുളഞ്ഞ ഒരിറക്കം തുടങ്ങിയപ്പോ എവിടുന്നോ ഒരു ജീപ്പ് വരുന്നത് മിററിൽ കൂടി കണ്ടു.

പോലീസ്!!

" ഠോ..."

പോലീസ് വെടി വച്ചത് തന്നെ.

കൈകൾ വിറച്ചു.

വണ്ടി പാളി....

എങ്ങിനെയോ വണ്ടി നിർത്തിയ ഞാൻ വെടി കൊണ്ട മുറിവ് തപ്പിക്കൊണ്ടിരിക്കുമ്പോൾ അച്ഛന്റെ വക ആക്രോശം കേട്ടു.

"പല വട്ടം നിന്നോട് പറഞ്ഞു ടയർ മാറ്റണം എന്നു.വെടി തീർന്നപ്പോ സമാധാനം ആയോ? &@#$% "

ഇറക്കം ഇറങ്ങി വിയർത്തു നിൽക്കുന്ന എൻ്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം കീറിയ കളസമോ, പുതിയ ടയറും ട്യൂബുമോ ഒന്നും അല്ലായിരുന്നു.
ചോദ്യ ചിഹ്നം പോലെ വളഞ്ഞു കിടക്കുന്ന ആ ഒന്നൊന്നര കയറ്റം തന്നെ ആയിരുന്നു.

                                                   *********

"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്നും പറഞ്ഞുകൊണ്ട്...  കാറ്റുപോയ വണ്ടിയേയും കാറ്റില്ലാത്ത എന്നേയും തിരിഞ്ഞു നോക്കാതെ..... മുണ്ടുമടക്കി അച്ഛൻ നടന്നുതുടങ്ങി.....

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-2 !!


        രു ചങ്ങാതിയെ തേടി ഒരു നാട്ടിൽ പുറത്ത് ചെന്നിറങ്ങിയതാണ്.അടുത്ത കടയിൽ കയറി അഡ്രസ്സ് കാണിച്ചു വഴി ചോദിച്ചപ്പോൾ മുതൽ അടുത്തു നിന്ന ഒരാൾ ഇടിച്ചു കയറി വഴി പറഞ്ഞു കൊണ്ട് മുന്നിൽ നടപ്പ് ആയി.മുഷിഞ്ഞ വേഷം.ചപ്ര തല. കളസത്തിനു തൊട്ടു താഴെ വരെ കേറ്റി മടക്കി കുത്തിയ കൈലി,കറ പിടിച്ച പല്ലുകൾ!!

"എവിടുന്നു വരുന്നു...?എന്താ ചെയ്യുന്നേ...?അപ്പൊ ഒരു പാട് ശമ്പളം ഉണ്ടാകും അല്ലേ...എത്ര കിട്ടും? കല്യാണം കഴിഞ്ഞോ?...." തുടങ്ങി അനാവശ്യ ചോദ്യങ്ങൾ ശരിക്കും ആരോചകം ആയി തോന്നി.

അല്പ ദൂരം കഴിഞ്ഞപ്പോ അയാൾ ഒരു ബീഡി എടുത്തു കത്തിച്ച് ആഞ്ഞു വലിച്ചു അയാളെക്കാൾ വലിയ പുക പുറത്തേയ്ക്ക് ഉന്തി വിട്ടു തുടങ്ങി.ഇടയ്ക്കിടെ വളവുകൾ ഉള്ള മണ്ണിട്ട പാത ആണ്.അടുത്തോന്നും വീടുകൾ ഇല്ല എന്നു തന്നെ പറയാം.ഒരു വളവ് തിരിഞ്ഞു വിജനമായ പാതയുടെ അരികിൽ അയാൾ തന്റെ അല്പ മുണ്ട് പൊക്കി നിന്നു മൂത്രമൊഴിച്ചു.കറ വീണ ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ബീഡി കുറ്റി ആഞ്ഞു വലിച്ചു പുക തള്ളി അയാൾ ആ നിന്ന നിൽപ്പിൽ തല ചെരിച്ചു നോക്കി ഒരു വിടല ചിരി ചിരിച്ചു.

ഇയാൾ ഇനി വല്ല തട്ടിപ്പ് കാരനും ആണോ എന്ന ചിന്തയും... റോഡിൽ ആരും ഇല്ല എന്ന സത്യവും എന്നിൽ ആശങ്ക പടർത്തി തുടങ്ങി.മൊത്തത്തിൽ നിന്ന് ഒന്നു കുലുങ്ങിയ ശേഷം...കൈ മുണ്ടിൽ തുടച്ചുകൊണ്ടു, സംശയിച്ചു നിൽക്കുന്ന എന്റെ മുന്നിൽ കയറി അയാൾ വീണ്ടും നടന്നു തുടങ്ങി.ഏകദേശം അര മണിക്കൂർ പിന്നെയും നടന്നു കാണും.അതിനിടയിൽ ബീഡികൾ പലതും കത്തിയമർന്നു പുകയായി കാറ്റിലലിഞ്ഞു. ഒരു പാമ്പ് ഇഴഞ്ഞു നീങ്ങിയതിന്റെ തൊട്ടടുത്ത വളവ് തിരിഞ്ഞ ഉടൻ അല്പം അകലെ ആയി ഒരു വീട് കണ്ടു.

"അതാണ് സാറേ വീട്" എന്നും പറഞ്ഞു ആ മനുഷ്യൻ പെട്ടെന്ന് തിരിഞ്ഞു നടക്കുമ്പോൾ.....  എന്നിൽ ഞാൻ തന്നെ നട്ടുവളർത്തിയ സംശയത്തിന്റെ വന്മരം ഒരു വലിയ ശബ്ദത്തോടെ കടപുഴകി വീണു!!

എന്നിൽ ആരോചകം ഉണ്ടാക്കിയ ആ മനുഷ്യന്റെ രൂപത്തിനോട് എനിക്ക് തോന്നിയ വിദ്വേഷം എന്നോട് തന്നെ തോന്നി തുടങ്ങി.നാട്ടിൻ പുറത്ത് കാരന്റെ സൗന്ദര്യം അവന്റെ മനസ്സുകൾക്ക് ആണ് എന്ന തിരിച്ചറിവ് നേടുവാൻ എടുത്ത സമയത്തിനുള്ളിൽ അയാൾ എന്റെ  പിന്നിൽ അവസാന വളവും തിരിഞ്ഞു എങ്ങോ മറഞ്ഞു പോയിരുന്നു.


തികച്ചും അപരിചിതൻ ആയ എന്നോടൊപ്പം ഒരു വഴികാട്ടി ആയി വന്ന്...ഒരു നന്ദി പോലും സ്വീകരിക്കുവാൻ നിൽക്കാതെ നടന്നകന്ന, പച്ചയായ ആ മനുഷ്യൻ ഊതി വിട്ട പുകയുടെ പടലം വായുവിൽ അലിഞ്ഞു ചേരുന്നത് പോലെ എന്റെ സ്വകാര്യതയും അവിടെങ്ങോ അലിഞ്ഞു ചേരുന്നത് ഞാനറിഞ്ഞു.

സുഹൃത്തിനെ കണ്ടു മടങ്ങും വഴി, തിരികെ ബസ്സിൽ കയറുന്ന വരെ... ആ മുഴിഞ്ഞ വേഷധാരിയെ പരതി കണ്ണുകൾ അലഞ്ഞത്....പറയുവാൻ മറന്നു വച്ച നന്ദി പറയുവാനോ അതോ അദ്ദേഹം ചോദിച്ചതിൽ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആണോ എന്നറിയില്ല!!

ഒരു പക്ഷെ ഞാൻ ബസ്സിൽ കയറി പോകുന്നത് കണ്ടുകൊണ്ടു ചെറു പുഞ്ചിരിയോടെ അദ്ദേഹം ഏതെങ്കിലും കടത്തിണ്ണയിൽ കുത്തിയിരുന്നു പുകയൂതിയിരിക്കാം!!

പേരു പോലും അറിയാത്ത ആ മനുഷ്യനെ പിന്നീട് പല നാടുകളിൽ, പല സമായത്തായി കണ്ടുമുട്ടിയിട്ടുണ്ട്.വ്യത്യസ്ത മുഖങ്ങളോടെ,വ്യത്യസ്ത പേരുകളിൽ!!
ചോദിക്കാതെ തന്നെ സഹായ ഹസ്തവും ആയി വന്നു ഒരു നന്ദിയ്ക്ക് പോലും കാത്ത് നിൽക്കാതെ തിരിഞ്ഞു നടന്നവരിലൂടെ....

                                                          ********



പിൻകുറിപ്പ്:

               പതിവിൽ കൂടുതലായി ഒരു "ഹായ്" അല്ലേൽ ഒരു കോൾ ചെയ്തു നിർദോഷമായി വിശേഷങ്ങൾ ചോദിക്കുന്ന പലരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം ആയി കാണുന്നവർ ആണ് നമ്മൾ എല്ലാം!!

Friday, 3 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-1 !!

 ലോക്ക് ഡൗണ്!!


               
"ദേ ഒരു പൊതി"
"കൂടോത്രം ആകും.തൊടണ്ട
പൊതി എടുക്കുവാൻ തുടങ്ങിയ ചേച്ചിയെ തടഞ്ഞു കൊണ്ടു ഞാൻ ഓടി ചെന്നു.നിരന്തര ശല്യമായ അയൽവാസിക്കുള്ള പണി എങ്ങനെ കൊടുക്കാമെന്നു ആലോചിച്ചിരുന്ന എന്റെ കലി മുഴുവൻ പുറത്തു ചാടി.
"അവന്റെ കോപ്പിലെ കൂടോത്രം" എന്നു പറഞ്ഞു പൊതി എടുത്തോരേറു കൊടുത്തു.

കിഡിം എന്ന ശബ്ദത്തിൽ എന്തോ പൊട്ടി!!!

കൊറോണ കാലത്ത് മദ്യം ഇല്ലാതെ കൈ വിറ തുടങ്ങിയ രാഘവമാമ ആരോടോ ഒരാഴ്ച്ച കെഞ്ചി കിട്ടിയ കുപ്പി ആണെന്നും, അച്ഛൻ അറിയാതെ കുടിക്കാൻ ഗേറ്റിൽ ഒളിപ്പിച്ചു വച്ചത് ആണെന്നും ഒക്കെ അമ്മ പറഞ്ഞറിഞ്ഞ ഉടൻ തന്നെ...., 
കുളിക്കാൻ കയറിയ മാമൻ ഇറങ്ങും മുന്നേ........ 
2 ആഴ്ചത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചുകൊണ്ട്.... 
കിട്ടിയതെല്ലാം എടുത്തു ആദ്യം കണ്ട മുറിയിൽ കയറി ഞാൻ കുറ്റിയിട്ടു!!


Thursday, 2 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -1 !!


                        വിടെ ലോക്ക് ഡൗണ് തുടരുന്നതിനാൽ വീട്ടിൽ തന്നെ ആണ്.പേപ്പർ വായിച്ചും ടിവി കണ്ടും ഫോണ് കുത്തിയും മടുത്തു.എല്ലാത്തിനും മേലെ പാലക്കാടൻ ചൂടും.വല്ലാത്ത ഒരു മരവിപ്പ് മനസ്സിൽ എവിടെയോ കടന്നു കൂടിയിട്ടില്ലേ എന്ന ഒരു സംശയം ഇല്ലാതില്ല.നീ ഇത് വല്ലതും അറിയുന്നുണ്ടോ?

പിന്നെ ആകെ ഒരു ആശ്വാസം കിണറ്റിൽ വെള്ളം ഇല്ല എന്നതാ.ഇതെങ്ങനെ ആശ്വാസം ആകും എന്നാവും നീ ഇപ്പൊ ചിന്തിക്കുന്നത്.പറയാം.

നിന്നോട് പറയാൻ മറന്ന ഒരു കാര്യം ഉണ്ട്, ഇടിഞ്ഞു കിടന്ന കിണർ വറ്റിച്ചു... ഓട് കൊണ്ടു ഇടിഞ്ഞ ഭാഗം കെട്ടി, ഉള്ളിലെ ഗുഹ കരിങ്കല്ലിൽ നിറച്ചു... കിണർ വൃത്തി ആക്കി!!
ഇപ്പോൾ കിണർ കാണാൻ ഒരു വൃത്തി ഒക്കെ ഉണ്ട് ട്ടോ.
കിണർ മൊത്തം വടിച്ചു കോരി വൃത്തി ആക്കിയത് അടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്നും അത്യാവശ്യം വന്നാൽ വെള്ളം എടുക്കാം എന്ന വിശ്വാസത്തിൽ ആണ്.പക്ഷെ...ഏതോ ദ്രോഹി... അതിൽ കറുത്ത കളർ ഉള്ള എന്തോ കലക്കി അത് ഉപയോഗ ശൂന്യമാക്കി.അങ്ങനെ അൽപ്പം അകലെ ഉള്ള ഒരു വീട്ടുകാരുടെ കാരുണ്യത്തിൽ അവിടുന്നു വെള്ളം കോരി ആണ് വീട്ടിൽ കാര്യങ്ങൾ ഓടുന്നത്.
ആ വെള്ളം കോരൽ കൂടി ഇല്ലായിരുന്നു എങ്കിൽ മൊത്തത്തിൽ ശോകം ആയേനെ.മരുമോൻ മണിക്കുട്ടന്റെ സഹായം കൂടി ആകുമ്പോൾ വെള്ളം കോരൽ ശരിക്കും ആസ്വദിക്കാൻ പറ്റുന്നുണ്ട്.

അവൻ എന്നെ ഇപ്പൊ ഒരു കളിപ്പാട്ടം ആക്കിയിരിക്കുക ആണ്.അവനുമായി ഇടയ്ക്ക് മുട്ടൻ അടി ഉണ്ടാകും.ഇന്ന് മുതൽ പുതിയ ഒരു കരാർ ഞങ്ങൾ ഉണ്ടാക്കി.അവൻ ഒരു ദിവസം എന്നെ ഇടിക്കുന്ന ഓരോ ഇടിയും എണ്ണും. ഉറങ്ങുന്നതിനു മുന്നേ അതൊക്കെ തിരികെ നൽകും. എന്തായാലും സംഗതി കിടു.രസമുള്ള ഗെയിം.അവനു തിരികെ കൊടുക്കാൻ ഉള്ള 155 അടി കൊടുത്തു തീർക്കാൻ ഇനി 3 മണിക്കൂറുകൾ മാത്രം.അത് കൊടുക്കാതെ ഞാൻ ഉറങ്ങില്ല!!

പിന്നെ ഇന്ന് പുഴയിൽ കുളിക്കാൻ നേരം ഒരു കാര്യം അത്ഭുതപ്പെടുത്തി.പുഴ മധ്യത്തിൽ വരെ നീന്തിയ ശേഷം നില ഇല്ലാത്ത ഭാഗത്ത് ജലോപരിതലത്തിൽ പൊങ്ങി കിടക്കുവാൻ ഒരു പ്രത്യേക ഫീൽ ആണ്.മലർന്നു മാനത്തെ ചന്ദ്രിക നോക്കി കിടക്കുക ഒരു അനുഭൂതി തന്നെ!!

കണ്ണും മൂക്കും വായും മാത്രമേ വെള്ളത്തിനു മുകളിൽ കാണു.
അങ്ങിനെ അനങ്ങാതെ വെള്ളത്തിന്റെ ഓളത്തിൽ പൊങ്ങിയും താഴ്ന്നും കിടന്നപ്പോൾ ആണ് വെള്ളത്തിനടിയിൽ ആയിരുന്ന ചെവികളിൽ ചീവീടു കരയുന്നത് കേട്ടത്.നമ്മുടെ രാത്രി കാലങ്ങളിൽ കേൾക്കുന്ന അതേ ശബ്ദം!!
തല മൊത്തം വെള്ളത്തിൽ നിന്നും പൊക്കിയപ്പോൾ ചീവീട് ശബ്ദം ഇല്ല.തോന്നിയത് ആണ് എന്ന് കരുതി വീണ്ടും പലവട്ടം മുങ്ങിയും പൊങ്ങിയും നോക്കി.ചെവികൾ വെള്ളത്തിൽ മുങ്ങി ഇരിക്കുമ്പോൾ ചീവീടുകൾ കരയുന്നു.ആഹാ കൊള്ളാലോ!!
ഇത് കേൾക്കുമ്പോൾ നീ ചിരിക്കും എന്നറിയാം.ചിരിക്കണ്ട.വെള്ളത്തിനടിയിൽ ചീവീട് ജീവിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല.പക്ഷെ ശബ്ദം കേട്ടത് നേരാണ്.

കുളി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മ അത്താഴം വിളമ്പിതുടങ്ങി.തേങ്ങ വറുത്തരച്ച സാമ്പാറും ഇരുമ്പാപുളി ഉണക്കിയ അച്ചാറും ബീറ്റ്‌റൂട്ട് തോരനും ഉച്ചയ്ക്കത്തെ തന്നെ.പക്ഷെ അതിന്റെ ഒപ്പം വേറൊരു ഐറ്റം ഉണ്ടാരുന്നു.നിനക്ക് പറയാമോ എന്താണ് എന്ന്??

ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും വറ്റൽ മുളകും കൂടി അരച്ചു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് തേച്ചു പിടിപ്പിച്ചു വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉണക്ക നങ്ക്!! മീനിന് പുറത്തു പറ്റി പിടിച്ചിരിക്കുന്ന ക്രിസ്‌പ്പി ആയ അരപ്പിൽ നിന്നും വരുന്ന ആ മണം അടിച്ച ഉടൻ ഉള്ളത് പറയാമല്ലോ വായിൽ വെള്ളം നിറഞ്ഞു.മീനിന്റെ കൂടെ പത്രത്തിൽ വീണു കിടക്കുന്ന മസാല ആദ്യമേ പെറുക്കി തിന്നു.പിന്നെ ഓരോ മീൻ ആയി എടുത്തു കറുമുറ ശബ്ദത്തിൽ കടിച്ചു കൊണ്ടു ചോറുണ്ടപ്പോൾ കിട്ടിയ ഒരു സുഖം ഉണ്ടല്ലോ.... ആ സമയത്ത് നീ വന്നു എനിക്ക് ബമ്പർ അടിച്ചു എന്നു പറഞ്ഞാൽ പോലും ഞാൻ മൈൻഡ് ചെയ്യില്ല!!

പറഞ്ഞു പറഞ്ഞു 10 മണി !!  കിടക്കാറായി ല്ലേ...??
ആ ചെക്കന് കൊടുക്കാൻ ഉള്ള 155 കൊടുക്കണം... എന്നിട്ടു സുഖമായി ഉറങ്ങണം.
സ്വപ്നത്തിൽ ഞാൻ ബാക്കി കഥകൾ പറയാം.നീ വന്നാൽ....