Friday, 6 March 2015

കാലന്‍ കഥകള്‍ (ഭാഗം 2)




കാലന്‍ കോഴി
(ഉപകഥ)

യമപുരിയില്‍ "ആസ്ഥാന അലാറം" എന്നത്  ആയിരുന്ന അവന്‍റെ ആകെയുള്ള പണി, കൊച്ചുവെളുപ്പാന്‍കാലത്ത് കൊക്കര....ക്കോ.....പാടല്‍ മാത്രമായിരുന്നു.അതുകഴിഞ്ഞാല്‍ പിന്നെ പള്ള നിറയ്ക്കാന്‍ പാടുപെടുകയും, ഉറക്കവും.അവന്‍റെ പള്ളയാണേല്‍, അരിപ്പയില്‍ വെള്ളം ഒഴിച്ചാലെന്നപോലെ ഒരിക്കലും നിറഞ്ഞു കണ്ടിട്ടുമില്ല.

ഒരാനയെ വെട്ടി അരിഞ്ഞിട്ട് കൊടുത്താലും ഒറ്റയടിക്ക് തിന്ന്‍, ഒരേമ്പക്കവും വിട്ട്, മുകളിലൂടെ കിട്ടിയതിനെ ചുരുക്കി കൂട്ടി ഒരൌണ്‍സ്സ്  ആക്കി പിന്നിലൂടെ വിട്ടിട്ട് ഒരു നോട്ടമാ...    

"ഇനിയും ഉണ്ടോ??" എന്ന ഭാവത്തില്‍!!

എന്നാല്‍  കണ്ടാലോ??അസ്ഥികൂടത്തേല്‍ തൊലി വലിച്ചു കയറ്റി, അസ്ഥാനത്ത് വച്ച അരിവാളുപോലെ 5-6 അങ്കവാലും... അവാര്‍ഡ്‌ പടത്തിനു ആളുകുത്തിയിരിക്കും പോലെ അവിടേയും ഇവിടേയും കുറച്ച് പപ്പും പൂടയും ഒട്ടിച്ചു വച്ച്,കാലേലും കഴുത്തിലും പിടിച്ച് നീട്ടി വലിച്ചത് പോലത്തെ ഒരു രൂപം.

വെളുപ്പാന്‍കാലത്ത്‌ എങ്കിലും പോയികിട്ടുംഎന്ന് കരുതുന്ന പലരേയും ഓണ്‍ടൈമില്‍ കൊണ്ടോകാത്തത് ഇവന്‍ കാരണമാ.അലാറംമുടക്കും.അന്നു, ചന്തിയേല്‍ വെയിലടിക്കുന്നത് വരെ കാലന്‍ കിടന്നുറങ്ങുകേം ചെയ്യും.പിന്നെ...., പിന്നെ അതൊരു പതിവായി.



അങ്ങനെ, സൂര്യന്‍ ചന്തിക്കിട്ട് ചവുട്ടിയ ഒരുനാള്‍,... കാലനും കൊടുത്തു ഒരു തോഴി അവന്‍റെ ചന്തിക്കിട്ടും.
കൂടെ ഒരു ഗര്‍ജനവും,....
മേലാല്‍ എന്‍റെ കണ്‍ മുന്‍പിലെങ്ങാനും വന്നുപോയാല്‍, അന്നെടുക്കും നിന്‍റെ ജീവന്‍!!!....

  * * * * * * * * * * * *


അന്നു തന്നെ ഗ്രീസ്സില്‍ ചെന്ന് പ്ലാറ്റനെ പൊക്കി.പ്ലാറ്റനാകട്ടെ.. തീറ്റ വേണ്ടാത്ത അലാറം ക്ലോക്ക് ഉണ്ടാക്കി കാലന് കൊടുത്തു.
  

        

ആ തോഴിയില്‍... കോഴി ചെന്ന് വീണത്, കാലപുരീടെ അതിര്‍ത്തിയില്‍ തുടങ്ങുന്ന കള്ളിയന്‍ കാട്ടിലാണ്.തൊഴിച്ച തോഴിയില്‍ എല്ലു കുത്തി കാലന് നൊന്തെങ്കിലും, മൂക്ക് കുത്തി ബാലന്‍സ്സ് ചെയ്തതിനാല്‍ കോഴി സേഫ്!! പൊടിയും തട്ടി കക്ഷി എണീറ്റു.

മുന്നിലതാ......................കള്ളിയന്‍ കാട്”!!!!

ചോര കുടിയന്‍മാരായ  ചാത്തന്‍”.., “നീലി”,.... “മറുത”, “മായാവി”.. എന്നിവരൊക്കെ.... ലാപ്ടോപ്പില്‍ ചുണ്ണാമ്പും തേച്ച്, ചോരയ്ക്കായി കാത്തിരിക്കുന്ന ആപ്പിള്‍ മരങ്ങള്‍ ഉള്ള, മനുഷ്യവാസം ഇല്ലാത്ത ഒരു കൊടും കാട്!!! വനംവകുപ്പ്പോലും അങ്ങോട്ട്‌ വരില്ല. അവിടെ തന്നെ കഴിയാന്‍ അവന്‍ തീരുമാനിച്ചു.അവിടാകുമ്പോള്‍ ഉറക്കമിളയ്ക്കണ്ട, രാവിലേ പോങ്ങുകേം വേണ്ട.
പകരം, ഒരു രാത്രി”... “രാത്രിഅരമണി ഒക്കെ ആകുമ്പോള്‍ അവരെ ഉണര്‍ത്തി അങ്ങു പറഞ്ഞ് വിട്ടാല്‍, കൊതുക് തിരിയും കത്തിച്ച്, എതേലും പഴയ പ്രേതപാട്ടും പാടി സഞ്ചാരികളായ എതെങ്കിലും മാനവനേയോ, അവന്‍റെ സഹയാത്രികരേയോ, ഒക്കെ തേടി പൊക്കോളും.പിന്നെ പുലരുമ്പോളേ തിരിച്ച് എത്തൂ.തിന്നാനും കൊണ്ടുവരും, എല്ലു മാത്രമുള്ളതിനാലും, “എക്സ് എപ്ലോയര്‍ കാലനായതിനാലും അവര്‍ക്കിടയില്‍ കക്ഷി സേഫ് ആയിരുന്നു.കാരണം,കാലന്‍റെ ചില കൊട്ടേഷന്‍സ്സ്ഇവര്‍ക്കാണല്ലോ


പക്ഷെ,അവിടുത്തെ സുഖവാസത്തിലും, അവന്‍റെ ആകെ ഉള്ള പേടി കാലനെ ആയിരുന്നു.എങ്ങാനും മുന്നില്‍ ചെന്നുപെട്ടലോ?? കാലനാകട്ടെ, ചിലപ്പോഴെല്ലാം പോകുന്നതും, എന്നും തിരിച്ച് വരുന്നതും..ഈ തെക്കേ അതിരിലൂടെയാണ്.
അങ്ങനെ തെക്കോട്ടെടുക്കുകഎന്നത് നാട്ടില്‍ പാട്ടായി.

* * * * * *

ഒരിക്കല്‍, കാലന്‍ ഇരപിടിക്കാനിറങ്ങിയനേരം..., ഉറങ്ങാന്‍ പോയ പോക്കില്‍ അവന്‍ എങ്ങനെയോ പുള്ളിടെ മുന്നില്‍ പെട്ടു.കാലന്‍ കാണാതെ ജീവനും കൊണ്ട് പാഞ്ഞു കേറിയത് തോട്ടടുത്ത ഗ്രാമത്തില്‍!
കണ്ണും പൂട്ടി ഉള്ള ഓട്ടമയതിനാല്‍ എവിടെ എന്ന് ഒരുപിടുത്തവുമില്ല.നോക്കുമ്പോള്‍ അകലേന്നു വരുന്നു കാലന്‍സാര്‍

എന്നെ രക്ഷി  ക്കോ.....”.. എന്ന വിളിയില്‍ ആദ്യഭാഗം പേടി തിന്നു.

ബാക്കി വന്നത് ക്കോയും അതിന്റെ എക്കോ ആയി കുറച്ച് . “...കോ...കളുമാണ്.ഓടുന്ന ഓട്ടത്തില്‍ , കേന്ദ്രത്തില്‍ തലയും വച്ച്,വഴിയില്‍ ഉറങ്ങിയിരുന്ന ചില പട്ടികളെ ചവിട്ടികൂട്ടി.കോഴിടെ എല്ലു കൊണ്ടുണര്‍ന്ന അവര്‍, ശല്യം ചെയ്തവനെ ഉച്ചത്തില്‍....,  നീട്ടി തെറി വിളിച്ചു.
കൂ............"

ഊ..........

അങ്ങനെ പലതും.

ചില നാട്ടുകാര്‍ അത് കേട്ടുണര്‍ന്നു.പിറ്റേന്ന് രാവിലെ നാട്ടിലെ രോമാഞ്ചം ഗുണ്ട്മേരി"  പടം മടക്കി എന്നത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായി പടര്‍ന്നുപിടിച്ചു.

പിന്നീടുള്ള പലനാളിലും കോഴിക്ക് കാലനെ പേടിച്ച് ഓടെണ്ടി വന്നു.അന്നൊക്കെ അവന്‍റെ നിലവിളികേട്ട നാട്ടുകാര്‍,പിറ്റേന്ന്......, ആരോ ഉള്ളികച്ചവടത്തിന് യാത്രയായി എന്ന വാര്‍ത്തയും ആയാണു ഉണര്‍ന്നിരുന്നത്.അങ്ങനെ അവര്‍ അവനു കാലന്‍ കോഴിഎന്ന പേരിട്ട്, ഇരുപത്തെട്ടും കെട്ടി.

                       * * * * * *
കഥയൊന്നുമറിയാതെ....., ചുമ്മാ രണ്ട് തെറി വിളിച്ചു എന്ന പേരില്‍, പാവം പട്ടികള്‍ക്കും കിട്ടി കാലന്‍ കൂവലുകാര്‍ എന്ന പേര് ദോഷം!!!


ഇതറിഞ്ഞ ഏതോ ഒരു ചാവാലി കുറുക്കന്‍, കോഴിയെ ശത്രുവായി പ്രഖ്യാപിച്ചു.അതും കാട്ടിലെ റേഡിയോ ,മൃഗവാണിയിലൂടെ.


           * * * * * * * * * * * * * * * * * * * * * * * *

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫോട്ടോഷോപ്പ് & ഗൂഗിള്‍.

Wednesday, 4 March 2015

കാലന്‍ കഥകള്‍ (ഭാഗം 1)

മുൻ‌കൂർ ജാമ്യം: മരണ ദേവൻ ആയ "യമദേവൻ" അഥവാ കാലനെ ചുറ്റി പറ്റി ഉള്ള ചില കേട്ടുകേൾവിയും ആനുകാലിക സംഭവങ്ങളും ചേർത്ത് കഥാ രൂപേണ അവതരിപ്പിക്കാൻ ഉള്ള ഒരു ശ്രമം ആണ് "കാലൻ  കഥകൾ!!". ഇതിൽ ഉള്ള സംഭവങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം!!മരിച്ചവരോ മരിച്ചുകൊണ്ടിരിക്കുന്നവരോ ഇനി മരിക്കാൻ പോകുന്നവരോ ആയ ആരുമായും ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല. 






“ഗുണ്ട്മേരി”


ഡും ഡും ഡും...... ഡുംഡും
......
ഡുംഡും..ഡുംഡും...

തുടര്‍ച്ചയായ മുട്ടു കേട്ട് കണ്ണുകള്‍ പാതി തുറന്നോന്നടച്ച്, മുതുപാതിരായ്ക്ക് കിടന്ന കിടപ്പില്‍ തന്നെ മേരി ഒന്നു ഞരങ്ങി.
“ആരാടാ... ഗോപിയാണോ?”   

അനക്കമില്ല!

“പിന്നാരാ മജീദാ ??... ആരായാലും നാളെ വാ”
മേരി പിന്നേം ടോപ്പ് ഗീയറില്‍ ഓട്ടോ ഓടിച്ച് തുടങ്ങി, 
"ങൂര്‍.. കുര്‍..കുര്‍ര്‍ര്‍.....കുര്‍ര്‍ര്‍ര്‍ര്‍ര്‍..."

ങാ.....ഹാ!! അത്രയ്ക്കായോ!!

“മേരി.................... എടീ..... മേ.....രീ......മേരീ.... 
ഞണ്ടുതൊണ്ടുന്നത് പോലത്തെ തോണ്ടല്‍ സഹിക്കാഞ്ഞ് ഒടുവില്‍
“ഇവനൊക്കെ പാതിരയ്ക്കാ ഓരോന്നുമൂക്കുന്നത്....” എന്നും പിറുപിറുത്തുകൊണ്ട് നാട്ടുകാരുടെ സ്വന്തം “ഗുണ്ട്മേരി” ചെറുതായൊന്നു തിരിഞ്ഞോണ്ട് ചോദിച്ചു."ആരാടാ ഈ സമയത്ത്??"

“കാലന്‍!!”

“അപ്പൊ ഈ കിടന്നുറങ്ങുന്ന പോത്തേതാ?”
കട്ടിലിന്‍റെ,വിരല്‍ ചൂണ്ടിയ ഭാഗത്ത് ആരുമില്ലാന്നു മനസ്സിലായ മേരിക്ക് അരിശം വന്നു. “ഓ! അപ്പോ, ഇപ്പോളാണോ എഴുന്നള്ളുന്നത്??ഞാന്‍ കരുതി നിങ്ങള്‍ കട്ടിലേലുണ്ടെന്നു! നിങ്ങള്‍ക്ക് മിണ്ടാതെ വന്നു കിടന്നാല്‍ പോരെ?, മനുഷ്യനെ മിനക്കെടുത്താനായി ഓരോമാരണങ്ങളെ കെട്ടിയോനായി കിട്ടും,ഒന്നിനും കൊള്ളാത്ത കിഴങ്ങന്‍ !!..... ..“ഫ്ഹൂൂൂൂൂ...”

വീണ്ടും ഓട്ടോ വണ്ടി ആയ ഗുണ്ടിന്‍റെ മണ്ടയ്ക്കിട്ടോന്നു കൊടുത്തു.ഞെട്ടിപ്പിടഞ്ഞുണര്‍ന്ന്‍ ഉണ്ടകണ്ണ്‍ തുറന്നപ്പോള്‍,ഇരുട്ടില്‍ ദേ നില്‍ക്കുന്നു മുന്നില്‍, ചളുങ്ങിയ ടാറിന്‍ വീപ്പയ്ക്ക് കൈയും കാലും വെച്ചപോലത്തെ ഒരു രൂപം!!
“ഏതാടാ... നീ..യ്?”
“ഞാന്‍ കാ...ല.....
“ആരായാലും നാളെ വരാന്‍ പറഞ്ഞില്ലേ?” “ദേ അതിയാന്‍ എപ്പോവേണമെങ്കിലും കേറി വരാം,താനിപ്പോ പോയിട്ട് നാളെവാ..”

“അതല്ല, ഞാന്‍ കാലന്‍, യമരാജന്‍!!  നിന്നെ കൊണ്ടുപോകാന്‍ വന്നതാ!!”
“എങ്ങോട്ട്?”
“യമലോകത്തിലേയ്ക്ക്”
“റേറ്റ് കൂടും,... ആട്ടേ എത്ര ആള്‍ക്കാരുണ്ട്?”

കാലനോന്നു പരുങ്ങി!! ഇവളെന്താ ഉദ്ദേശിച്ചത് ??
????
??
.....
..

ഛീ........!!! വൃത്തികേട്ടവള്‍!!
പ്...ഫാ............,” പിന്നൊരോറ്റ ആട്ടായിരുന്നു.
ആട്ടിയ ആട്ടില്‍ ദേ കിടക്കുന്നു, വെപ്പുപല്ലുകളെല്ലാം കൂടി നിലത്ത്!!ഇരുട്ടത്ത് അതു തപ്പിഎടുക്കുമ്പോള്‍ പിന്നിലൊരു കാലനക്കം.

“അ..ളി..യാ സുരേസ്ശേ........”

പാമ്പുജോസഫാണ്. "ഗുണ്ടി"ന്‍റെ കെട്ടിയവന്‍!!

ഉള്ളിലെത്തിയ മുതലിന്‍റെ പേരിനോത്ത്‌ പെരുമാറുന്നവന്‍.
“മണവാട്ടി” അടിച്ചാല്‍, കാല്‍ വിരളാല്‍ പടമൊക്കെ വരച്ച്,നഖവും കടിച്ചു.. നാണംകുണുങ്ങി ഒറ്റ നില്പ്പാ!!
“കൂവീ..ച്ച” അടിച്ചാല്‍ വീട്ടിലോട്ട് കടക്കില്ല, മൂളിപാട്ടും പാടി..കതകിനു മുന്നില്‍തന്നെ അങ്ങോട്ടും ഇങ്ങോട്ടും തത്തി കളിച്ച് നില്ക്കും.
“നിയമസഭ” അടിക്കുന്ന അന്ന്, അസഭ്യ വര്‍ഷമാ.ഇടയ്ക്കിടയ്ക്ക് തുണി പൊക്കി കാണിക്കുകേം ചെയ്യും.
“ചെണ്ട” ആണേല്‍ പിന്നെ പേടിക്കണ്ട,നാട്ടുകാര്‌ മുഴുവനും കൂടി കൊട്ടി കൊട്ടി എങ്ങനെയെങ്കിലും വീട്ടിലെത്തിച്ചോളും.ആ ലിസ്റ്റ് അങ്ങനെ നീളുന്നു.

ജോസഫിനെ കണ്ടതും,പെട്ടന്നു കാലന്‍ തന്‍റെ ടാബെടുത്ത് തോണ്ടിനോക്കി ഉറപ്പു വരുത്തി, ഇല്ല... ഇവന്‍റെ സമയമായിട്ടില്ല !!!

അപ്പോഴേയ്ക്കും പാമ്പ് കാലേല്‍ ചുറ്റിയിരുന്നു. "അ...ളി..യാ, കുറേ നേരമായി എന്‍റെ വീട് തപ്പുന്നു, അതെവിടെ പൊയീന്നറിയില്ല."കൈയില്‍ ബാക്കിയുണ്ടായിരുന്ന കുപ്പി കാലനു കൊടുത്തിട്ട് മൊഴിഞ്ഞു, “ഞാനിന്നിവിടെ കിടന്നോട്ടെ ?”
പളിം...ഗ്സ്സ്!!

അതുപറഞ്ഞതും പാമ്പ് പടം മടക്കി.ടാറിന്‍വീപ്പ വീണ്ടും "ഗുണ്ടി"നു നേരെ തിരിഞ്ഞു.മേരി ലൈറ്റുകള്‍ ഓണാക്കി.
“നിന്‍റെ സമയം തീരാറായി.എന്തെങ്കിലും അവസാന ആഗ്രഹം?”

“അതെങ്ങനെ ശരിയാകും? ഒരു ഹിന്ദുകാലന്‍റെ കൂടെ ഞാന്‍ പോയാല്‍ കര്‍ത്താവെന്നാ കരുതും??ഞാന്‍ വരില്ല”
“മേ..രീ...., ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലീമുമൊക്കെ മനുഷ്യര്‍ക്കിടയിലല്‍ മാത്രമേ ഉള്ളൂ."
മനുഷ്യന് ഒരിക്കലും മനസ്സിലാക്കുവാനും പറ്റാത്ത ഒരു സത്യം!!
"നീ വാ,പോകാം”

പണിപാളുമെന്നു തോന്നിയ മേരി, കഴുത്തേല്‍ കിടന്ന മാല ഊരിക്കൊടുത്തിട്ട് ചോദിച്ചു “ഒരു 10 വര്‍ഷംകൂടി തരുവോ??”
കാലന്‍ മിണ്ടുന്നില്ലെന്ന് കണ്ട്, വളകളും ഊരി നീട്ടി.
“ഓരഞ്ചു വര്‍ഷം ??”

കാലനു പിന്നേം "വായില്ലാകുന്നിലപ്പന്‍" ഭാവം!! 

മേരി തുടര്‍ന്ന്‍ കമ്മല്‍,മൂക്കുത്തി,അരഞ്ഞാണം തുടങ്ങി എല്ലാം വച്ചു നീട്ടി. “കുറച്ച് നാളും കൂടി താ.. പ്ലീസ്സ്, ഞാനിനി നല്ലവളായി ജീവിച്ചോളാം.”

“മേരി...., നിന്‍റെ സമയം തീരാറായി.എന്തെങ്കിലും അവസാന ആഗ്രഹമുണ്ടേല്‍ പറ”
1 മണിക്കൂര്‍ നേരത്തെ നെഞ്ചത്തടിയും നിലവിളിക്കും ഒടുവില്‍ മേരി ചോദിച്ചു... “അവിടെ സീരിയലു കാണാനൊക്കെ പറ്റുമല്ലോ അല്ലേ?”
വാരിക്കുഴി,ചക്കപോത്ത്,പരദൂഷണം,ചേനപൂവ്,ചട്ടിയും വാളും,വരിക്കച്ചക്ക,മറുത,ജാരന്‍,.... അങ്ങനെ സീരിയലുകളുടെ ഒരു നീണ്ട ലിസ്റ്റ്തന്നെ വളരെ തിരക്കിലോടുന്ന ഒരു ട്രെയിന്‍ എന്നപോലെ മനസ്സിലോടിയെത്തി.മേരി പ്രതീക്ഷയോടെ കാലനെ നോക്കി.

“ഇല്ല!!”...

അതു കേട്ടതും മേരി ബോധംകെട്ടു വീണു.

പാമ്പ് തന്ന കുപ്പിയിലെ ദ്രാവകം മുഖത്ത് തളിച്ച് കാലന്‍ മേരിയെ പൊക്കി. “പോകാറായി, ഒടുക്കത്തെ ആഗ്രഹം പറഞ്ഞാല്‍ വേണേലൊരരകൈ നോക്കാം”
“എനിക്ക് നാളെത്തെ എല്ലാസീരിയലുകളും കാണണം” മേരിക്ക് മറ്റൊന്നും ആലോചിക്കാനില്ലാരുന്നു.
“സമയം നീട്ടാന്‍ പറ്റില്ലല്ലോ മേരി...”
“അയ്യോ... ഈ കാലമാടന്‍റെ തലയില്‍ ഇടിത്തീവീഴ്ത്തണേ...കര്‍ത്താവേ....”

തന്‍റെ മണ്ടയ്ക്ക് നേരേ എന്തേലും വരുന്നുണ്ടോ?? എന്നറിയാന്‍ കാലന്‍ ആല്പസമയം മേലേയ്ക്ക് നോക്കി നിന്നു.ഭാഗ്യം ഒന്നും വന്നില്ല!!

“വേണമെങ്കില്‍ ഒരുമണിക്കൂര്‍ തരാം.നിനക്ക് വല്ലതും തിന്നാനുണ്ടെങ്കില്‍ തിന്നാം.എനിക്കും എടുത്തോ,നന്നായി വിശക്കുന്നു”
കേട്ട വഴി മേരി ഓടിപോയി TVവച്ചു.അതില്‍ പ്രവാസികള്‍ക്കായി സീരിയലുകലുടെ ആവര്‍ത്തനം നടക്കുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ 2 ആള്‍ക്ക് കഴിക്കാന്‍ പാകത്തിനുള്ള ചോറും ചിക്കന്‍ കറിയും വിളമ്പി.അപ്പോളും മേരിയുടെ കണ്ണുകള്‍ TVയേല്‍ തന്നെ.

ഇവളുടെ കണ്ണിവിടുന്നു കൊണ്ട്പോകാന്‍ തനിക്ക് പറ്റാതെ വരുമോ എന്ന സംശയം കാലന് തോന്നാതിരുന്നില്ല!!

കഴിക്കാന്‍ തുടങ്ങുംമുമ്പേ അവള്‍ 2 ഗ്ലാസ്സുകളില്‍ ജോസഫിന്‍റെ അന്നത്തെ കുപ്പിയിലെ ബാക്കി വന്ന മദ്യം പകര്‍ന്നു. “ഞാന്‍ വല്ലപ്പോഴും ഈയാളുടെ കുപ്പീന്നു കട്ട് കുടിക്കറുള്ളതാ.ഇന്നു കാലേട്ടനും എന്‍റൊപ്പം കുറച്ച് കുടിക്കണം.എന്‍റെ ഒരാഗ്രഹമാ”
കാലന്‍ അതും സമ്മതിച്ചു.ഉണ് കഴിഞ്ഞ് കൈയും നക്കി തുടച്ച് അവസാനത്തെ യാത്രയ്ക്ക് മുന്നോടിയായി ആ ഗ്ലാസ്സുകള്‍ എടുക്കപ്പെട്ടു. മേരിക്കിനി ഒറ്റവലിയ്ക്ക്‌ അതു തീര്ക്കാനുള്ള സമയം മാത്രം."ചീയേഴ്സ്" പറഞ്ഞ് അവര്‍ ഗ്ലാസ്സുകള്‍ ചുണ്ടോടടുപ്പിച്ചു.മേരിടെ കണ്ണുകളിലിരുട്ടു കയറി. 

              * * * * * * * * * * * *



നോക്കുകൂലി പേടിച്ച്...., ചുമട്ടു തൊഴിലാളികളറിയാതെ തന്നെ, വളരെ കഷ്ടപ്പെട്ട് കാലന്‍റെ ചടാക്ക്‌ വണ്ടിയില്‍ ഗുണ്ട്മേരീടെ ഭാരം കേറ്റിവയ്ക്കുമ്പോള്‍ ഉപ-കാലനായ ചിത്രഗുപ്തന്‍ പിറുപിറുത്തു...

“കാലനാന്നു പറഞ്ഞിട്ടെന്താ, ജോസഫിന്‍റെ “ഈസ്റ്റര്‍” എടുത്തടിച്ചാല്‍ മൂന്നാം നാളല്ലേ ഇനി തല പൊങ്ങൂ. മരമണ്ടന്‍!! 

                    * * * *

ഹോ, ഇതിനെ രണ്ടിനേയും ഇനി ഞാന്‍തന്നെ സഹിക്കണമല്ലോ!!” 

Saturday, 7 February 2015

അജ്ഞാതര്‍ !!

“അച്ഛന്‍ വന്നോ ഏട്ടാ ? ”

“ഇല്ല മോളേ..

“അച്ഛനെന്താ വരാത്തത് ?”

“മോളുറങ്ങിക്കോ.. അച്ഛന്‍ വരുമ്പോള്‍ വിളിക്കാം”


                      തന്‍റെ മടിയില്‍ തലവച്ചുറങ്ങുന്ന അനിയത്തിയേയും നോക്കി ഇരിക്കുമ്പോള്‍, ആ അഞ്ചാം ക്ലാസ്സുകാരന്‍റെ മനസ്സില്‍ നിറയെ “കൊല്ലും ഞാനാപന്നികളെ... എന്‍റെ മോളെ അവര്‍.... “  എന്നലറിക്കൊണ്ട് ഒരു കത്തിയും പിടിച്ച് പടിയിറങ്ങി പാഞ്ഞുപോയ, പിന്നീട് ഒരു ആംബുലന്‍സില്‍ തണുത്തുറഞ്ഞ പെട്ടിയില്‍ തിരിച്ചെത്തിയ അച്ഛന്‍റെ മുഖമല്ലായിരുന്നു.മറിച്ച്, തന്റെ കുഞ്ഞിപെങ്ങളെ ഇങ്ങനെ ആക്കിയ, അപരിചിതരായ ചില മുഖങ്ങള്‍!!
അച്ഛന്‍ തിരിച്ചറിഞ്ഞ ആ മുഖങ്ങള്‍ എത്രയും വേഗം തിരിച്ചറിയാന്‍ തനിക്കെങ്ങനെ പറ്റും എന്നാ ചിന്തകളായിരുന്നു.

 * * * * * * *

തങ്ങളുടെ  അച്ഛനും,അമ്മയും ഒക്കെ ആയിരുന്ന അച്ഛന്‍ "ഇനി ഒരിക്കലും വരില്ല" എന്ന തിരിച്ചറിവിനുള്ള മനോനില എങ്കിലും തന്‍റെ  കുഞ്ഞിപെങ്ങള്‍ക്ക് കൊടുക്കണേ... എന്ന പ്രാർത്ഥനയോടെ, നിറഞ്ഞൊഴുകിയിരുന്ന ആ കണ്ണുകളവനടച്ചു.


                                               ***************************


Friday, 23 January 2015

സുഹൃത്ത്

                          മെട്രോ നഗരത്തിലാണു ജീവിതമെങ്കിലും, ഒരു നാട്ടിൻ പുറത്തുകാരനായി ജനിച്ചു വളർന്ന അയാളുടെ മഃനസ്സിൽ, നാടും നാട്ടാരും ഒക്കെ ഒരു നനുത്ത വികാരമായി എപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടു തന്നെയാണു തരം കിട്ടുമ്പ്പോളെല്ലാം നാട്ടിലെത്തിയിരുന്നത്. പലകാര്യങ്ങളിലും അയാൾക്കിപ്പോഴും നാടൻ രീതികൾതന്നെയായിരുന്നു ഇഷ്ടം.

**********************************************

അതിർത്തി കടന്നു വണ്ടി കേരളത്തിലേയ്ക്ക് കടക്കുമ്പോളെല്ലാം, എന്തെന്നില്ലാത്ത സന്തോഷം മഃനസ്സിൽ നിറഞ്ഞിരുന്നു.നാട്ടിൽ നിന്നും തിരിച്ചുള്ള യാത്രകളിൽ ഉണ്ടാകാറുള്ള ശൂന്യത!!! ആതൊഴിവാക്കാനെന്നവണ്ണം,അമ്മയുടെ പാചകം, അച്ഛ്ന്റെ പായ്ക്കിങ്ങ്!ആ പൊതിചോറുമുണ്ട്, അതിർത്തികടക്കും മുൻപ് തന്നെ ഒറ്റ ഉറക്കം.നല്ല തൂശ്ശനില തീകനലിൽ വാട്ടിയെടുത്ത്, ചൂടോടെ അതിൽ വിളമ്പിയ കുത്തരിചോറിൽ, കുറച്ച് സാമ്പാറൊ അല്ലെങ്കിൽ വറുത്തരച്ച ഉള്ളിതീയലൊ നിരത്തി ഒഴിക്കും. ഒരു സൈഡിലായി കനലിൽ ചുട്ടെടുത്ത ചുമന്നമുളകും,ചുമന്നുള്ളിയും,വാളൻപുളിയും ഒക്കെ ചേർത്ത് അരകല്ലേൽ അരച്ചെടുത്ത ചമ്മന്തി.വാട്ടിയെടുത്ത ഒരു കീറ്റിലയിൽ പൊതിഞ്ഞ പച്ചപയർ മെഴുക്കുപുരട്ടി അല്ലെങ്കിൽ തോരൻ മറ്റൊരു സൈഡിൽ.മേമ്പടിയായി അല്പം ഇഞ്ചിക്കറിയും, നാരങ്ങ അച്ചാറും.കൂടാതെ, ഒരു കുഞ്ഞികുപ്പിയിൽ ഇഞ്ചിയും,പച്ചമുളകും,കറിവേപ്പിലയും,ചുമന്നുള്ളിയും കൂടി ചതച്ചിട്ട് കലക്കിയെടുത്ത പച്ച മോരും കൂടിയാകുമ്പോൾ ബഹുകേമം!!!.

                                 പൊതിച്ചോറഴിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നൊരു മണമുണ്ട്.വാഴയിലയും,ചോറും,കറികളും എല്ലാം കൂടിചേർന്നൊരു മണം. പതിവു പോലെ അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപ്പ് വട പൊതിക്കുള്ളിലായി ഒളിപ്പിച്ച് വച്ചിട്ടുണ്ട്.പരിപ്പുവട എല്ലായിടത്തും കിട്ടുമെങ്കിലും, നാട്ടിൽ കിട്ടുന്ന നാടൻ പരിപ്പുവടയുടെ അല്ലെങ്കിൽ, വീട്ടിലുണ്ടാക്കിയതിന്റെ രുചി ലോകത്ത് മറ്റെവിടേയും കിട്ടില്ല. ഒരോ കറികളും മാറിമാറി കൂട്ടികൊണ്ട്,ഇടയ്ക്കിടയ്ക് പരിപ്പുവട ഒന്നു കടിച്ച്കൊണ്ട്...... അങ്ങനെ ആ പൊതി തീരുന്നത് വരെ വെറൊരു ലോകമാണു.കഴിഞ്ഞുപോയ പല ഓർമ്മകളുടേയും ലോകം.ഓരൊ ഉരുള ചോറിനും ഒന്നിനൊന്നു മെച്ചമായ വ്യത്യസ്ത രുചികൾ.ഓരോ രുചികളിലും കാലം പിറകോട്ട് നടത്തിച്ചപോലെ ഓരോ ഓർമ്മകൾ!!!

അഴുക്കുപുരണ്ട തുണിസഞ്ചിയിൽ സ്ലേറ്റും, ചെറിയൊരു ബോക്സിൽ സ്ക്കൂളിൽ പോരും വഴി ഒടിച്ചെടുത്ത മഷി തണ്ടും പിന്നെ പൊട്ടിയ ചില കല്ലുപെൻസിൽ കക്ഷണങ്ങളും. ഒരു മൂലയ്ക്കായി പൊതിച്ചോറും. അന്നത്തെ ആ പൊതിച്ചോറിന്റേയും, പിന്നെന്നോ ഒരുനാൾ കൈയിൽ നിന്നും താഴെ വീണ പൊതിച്ചോറിനു പകരം, വിജയകുമാരി ടീച്ചർ വിളമ്പിതന്ന സ്ക്കൂളിലെ ഉച്ചക്കഞ്ഞിയുടേയും ചെറുപയർ കറിയുടേയും, സ്ക്കൂൾ ഗേയ്റ്റിനു സമീപം ഉന്തുവണ്ടിക്കാരൻ കാദറിക്ക പല പല ചില്ലുഭരണികളിലാക്കി അഞ്ചും പത്തും അൻപതും പൈസകൾക്ക് വിറ്റിരുന്ന,നല്ല എരിവും പുളിപ്പും ഒക്കെയുള്ള ഉപ്പിലിട്ട മാങ്ങ,നെല്ലിക്ക,അരിനെല്ലിക്ക,ശീമ നെല്ലിക്ക,അമ്പഴങ്ങ.... അങ്ങനെ ഭൂതകാലത്തിലെ പലരുചികൂട്ടുകളും. അവസാന വറ്റും പെറുക്കി തിന്നു, വിരളുകളോരോന്നായി നക്കി കഴിയുമ്പോളേയ്ക്കും അറിയാതെതന്നെ ഏമ്പക്കം എത്തിയിരിക്കും.കൈയും വായും കഴുകി വന്നുകിടന്നാലും നാവിൽ തങ്ങിനില്ക്കുന്ന ആ രുചികളോട് കൂടിതന്നെ ഒറ്റ ഉറക്കം.നേരം പുലരുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി മഹാനഗരത്തിന്റെ തിരക്കുകളിലേയ്ക്ക് മറ്റുള്ളവർക്കോപ്പം അയാളും!!

*************************************************************
കൈ നിറയെ വേതനം നല്കുകയും എന്നാലതനുഭവിക്കാനുള്ള സമയം കിട്ടാത്ത വിധം ജോലിഭാരമേല്പ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴിൽ തന്റെ എല്ലാ സ്വാതന്ത്ര്യവും ത്യജിച്ച്കൊണ്ട് ജോലിചെയ്യുമ്പോളെല്ലാം, തനിക്കു കിട്ടുന്ന വേതനം കൊണ്ട്മാത്രം ജീവിതം പച്ചപിടിപ്പിച്ചോണ്ടിരിക്കുന്ന തന്റെ കുടുംബവും പിന്നെ ആരോരുമറിയാതെ താൻ സഹായിക്കുന്ന ഒരു ശരണാലയത്തിലെ കുറേ അന്തേവാസികളും ആയിരുന്നു അയാളുടെ മഃനസ്സിൽ നിറയെ.

                    അങ്ങനിരിക്കുമ്പോളാണു യാദൃശ്ചികമായി ആ ചെറുപ്പക്കാരൻ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.വളരെ മാന്യമായ പെരുമാറ്റം, വശ്യമായ മുഖം, ആരെയും മയക്കാൻ പറ്റുന്ന വാക്കുകൾ.എങ്കിലും എന്തൊക്കെയോ ദുരൂഹതകൾ ഒളിപ്പിച്ച ആ കണ്ണുകൾ അയാളോടെന്തോ പറയുന്നത് പോലെ.ഓഫീസ്സിൽ നിന്നും മടങ്ങി വരും വഴി എവിടുന്നാണെന്നറിയാതെ എന്നും ആ ചെറുപ്പക്കാരൻ അയാളുടെമുന്നിൽ എത്തിയിരുന്നു. പറയാതെ തന്നെ, തന്റെ ഓഫീസ്സിലെ പ്രശ്നങ്ങൾ മഃനസ്സിലാക്കുകയും,“ ഓഫീസ്സും സ്വകാര്യതയും കൂട്ടികുഴയ്ക്കരുത്, ഓഫീസ്സ് പിരിമുറുക്കങ്ങൾ പുറംലോകത്തിലേയ്ക്ക് ചുമക്കരുത്, ജീവിതം ആസ്വദിക്കനുള്ളതാ, അതെല്ലാരീതിയിലും ആസ്വദിക്കണം” തുടങ്ങിയ പ്രോൽസാഹന വാക്കുകളുമൊക്കെയായി  എതാനും ദിവസങ്ങൾ കൊണ്ടു തന്നെ ആ  ചെറുപ്പക്കാരൻ അയാളുടെ ആത്മ സുഹൃത്തായിമാറി. അയാളുടെ കാര്യങ്ങൾ എല്ലാം പണ്ടേ അറിയുന്ന ഒരുവനെ പോലാണവന്റെ പെരുമാറ്റം.എന്നാൽ അവനെ കുറിച്ച് അയാൾക്കൊന്നുമറിയില്ലതാനും.ചോദിക്കുമ്പോളെല്ലാം, അയാൾ പോലുമറിയാതെ വളരെ വിദഗ്ദമായവനാവിഷയം മാറ്റിയിരുന്നു.

                  ഒരിക്കൽ, കമ്പനിയിലെ സീനിയർ മാനേജറായിരുന്ന ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെ അയാൾ ആ ചെറുപ്പക്കാരനെ കണ്ടുവെങ്കിലും,പിന്നീട് അവിടെമുഴുവൻ നോക്കിയിട്ടും കാണാഞ്ഞതിനാൽ അതു തന്റെ തോന്നൽ മാത്രമാകുമെന്നു കരുതി വിട്ടുകളഞ്ഞു.തന്നെയുമല്ല എന്തോ അത്യാവശ്യത്തിനു എങ്ങോട്ടോപോകുന്നതിനാൽ, രണ്ടുദിവസം ഇവിടെകാണില്ല എന്നും ഇന്നലെ പിരിയുമ്പോൾ പറഞ്ഞിരുന്നു.

ആഷുഘോവിന്റെ മരണവും, ഞായറാഴ്ചയും അടുത്തടുത്തായിരുന്നതിനാൽ രണ്ടു ദിവസം അയാൾക്ക് പ്രത്യേകിച്ച് പണികളൊന്നുമില്ലായിരുന്നു.ഉച്ചയൂണും കഴിഞ്ഞ് വീട്ടിൽ മയങ്ങുമ്പോളാണു എന്തോ ഒരു പൊട്ടിത്തെറി കേൾക്കുന്നത്.ആരൊക്കെയോ കരയുകയും ഓടുകയും ഒക്കെ ചെയ്യുന്നുണ്ട്.ചാടി എണിറ്റ് നോക്കുമ്പോൾ തൊട്ടു മുന്നിലത്തെ തെരുവിലെ ഒരു വീട്ടിൽ നിന്നും തീ ആളികത്തുന്നു.ഗ്യാസ്സ് ലീക്കായി തീപിടിച്ചതാണെന്നാരോ പറയുന്നത് കേട്ടു.വെള്ളം കോരി ഒഴിച്ച് തീ കെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നു.ആ തിരക്കിനിടയിൽ ആരോ ഒരാൾ ഓടിമറയുന്നത് കണ്ടപ്പോൾ അയാൾക്ക് എന്തോ ഒരു ദുരൂഹത തോന്നാതിരുന്നില്ല.അപ്പ്പോളേയ്ക്ക് സൈറൺ മുഴക്കിക്കൊണ്ട് ഫയറെഞ്ചിൻ എത്തിയതിനാൽ അയാളുടെ ശ്രദ്ധ അതിലേയ്ക്ക് തിരിഞ്ഞു.പൊള്ളലേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.അതിൽ രണ്ടുപേർ അന്നു രാത്രിയോടെ മരണമടഞ്ഞു.

               കഴിഞ്ഞ രണ്ടുദിവസങ്ങളിലെ സംഭവങ്ങൾ ആലോചിച്ച്, തിങ്കളാഴ്ച്ച ഓഫീസ്സിൽ ചെന്നശേഷം അയാൾക്ക് ഒന്നുംതന്നെ ചെയ്യുവാനുള്ള മൂഢുണ്ടായിരുന്നില്ല.അലസ്സമായി എന്തോക്കെയോ ചെയ്തോണ്ടിരുന്നപ്പോളാണു തനിക്കോരു വിസിറ്റർ ഉണ്ടെന്നാരോപറഞ്ഞത്.ചെന്നു നോക്കുമ്പോൾ ചെറുപ്പക്കാരൻ.“ഇന്നു അധികം പണിയൊന്നുമില്ലല്ലോ,നേരത്തെ ഇറങ്ങണം.ഒരിടം വരെപോകാനുണ്ട് ” എന്നുമാത്രം പറഞ്ഞ്കൊണ്ട് ഒരു കള്ളചിരി ചിരിച്ച്കൊണ്ട് ചെറുപ്പക്കാരൻ നടന്നകലുമ്പോൾ, ഇന്നു തനിക്ക് അധികം ജോലിയൊന്നുമില്ല എന്നു അവനെങ്ങനെ അറിഞ്ഞു എന്നോർത്ത് അയാൾക്കത്ഭുതമായി.

എന്തായാലും അയാളന്നു നേരത്തെ ഇറങ്ങി.പതിവായി കാണുന്നിടത്ത് ചെറുപ്പക്കാരൻ അയാളേയും കാത്ത് നില്പ്പുണ്ടായിരുന്നു.അയാളേയും കൂട്ടി ചെറുപ്പക്കാരൻ നേരെ പോയത് ഒരു ബാറിലേയ്ക്കായിരുന്നു. ജീവിതത്തിലിന്നുവരെ കയറാത്ത ഒരിടം!! അകത്തുകടക്കാതെ മടിച്ചു നിന്ന അയാൾ ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി അന്നാദ്യമായി ബാറിൽ കയറി. അരണ്ട വെളിച്ചത്ത് ഒരു മേശയ്ക്കിരു വശങ്ങളിലായിരുന്ന ഉടൻ അവൻ ഒരു ബീയറും, രണ്ടു ഗ്ലാസ്സും,ഓരോ പ്ലേറ്റ് വെജ്ജ് സാലഡും കല്മി ചിക്കനും ഓർഡർ ചെയ്തു.ബീയർ വന്ന ഉടൻ അതു രണ്ടു ഗ്ലാസ്സുകളിലായി ഒഴിച്ചു.അയാളുടെ എതിർപ്പ് അവഗണിച്ച്കൊണ്ട്, ഒരുഗ്ലാസ്സെടുത്ത് അയാൾക്ക് നീട്ടി കൊണ്ട് അവൻ പറഞ്ഞു.“ ഞാൻ പോയ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ കലാശിച്ചു.അതിന്റെ ചിലവാണിത്.എന്റെ സന്തോഷത്തിനു വേണ്ടി ഒരുഗ്ലാസ്സെങ്കിലും കുടിച്ചേ തീരു. പിന്നെ, ഇതു മഃനസ്സിനെ തണുപ്പിച്ച് ടെൻഷനും ആകുലതകളുമൊക്കെ മറക്കാൻ സഹായിക്കും.ദേ.. ഇതങ്ങുപിടിച്ചെ.” അറിയാതെ പിടിച്ചുപോയി. “ചീയേഴ്സ്സ്....” ഗ്ലാസ്സെടുത്ത് അയാളുടെ ഗ്ലാസ്സിൽ മുട്ടിച്ച്കൊണ്ട് അവൻ പറഞ്ഞു.“ചീയേഴ്സ്സ് പറഞ്ഞാൽ പിന്നെ ഒരു സിപ്പെങ്കിലും എടുക്കാതെ ഗ്ലാസ്സ് നിലത്ത് വയ്ക്കൻ പാടില്ല.തണുത്ത ബീയർ അയാൾ ചുണ്ടോടു ചേർത്തു.ഇറക്കുമ്പോൾ ചെറിയ കയ്പ്പ്.”ഒരു കവിളും കൂടി കുടിക്ക്“. അയാളനുസരിച്ചു.പിന്നീട് ചിക്കൻ കഷ്ണം എടുത്ത് കടിച്ചു. അല്പസമയം കഴിഞ്ഞപ്പൊളേയ്ക്ക്, അയാൾക്ക് ചെറിയൊരു തരിപ്പ് തോന്നിതുടങ്ങി.നല്ല സുഖം.ചെറിയ കയ്പ്പ് വക വയ്ക്കാതെ അയാൾ ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്നത് കുറേശെ കുടിക്കാൻ തുടങ്ങി.പിന്നീടുള്ള ഒരാഴ്ച്ച തുടർച്ചയായി അയാൾ ചെറുപ്പക്കാരന്റൊപ്പം അവിടെ എത്തിച്ചേർന്നു.ബാറിലെ ലഹരി അയാൾക്കിഷ്ടപെട്ടു എന്നുതന്നെ പറയാം.അങ്ങനെ അതൊരു പതിവായി.ഇപ്പോൾ ഓഫീസ്സിലെ ഒരു കാര്യങ്ങളും തനിക്കൊരു തവേദന അല്ല എന്നു അയാൾക്ക് തോന്നി തുടങ്ങി.

                  ഒരു ഞായറാഴ്ച്ച, തന്റെ മറ്റൊരു സുഹൃത്തിന്റെ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ഒരു ബൈക്ക് കൊണ്ടുവന്നു. നഗരത്തിനു വെളിയിലുള്ള ഒരു ഗ്രാമത്തിൽ നല്ല നാടൻ മദ്യം കിട്ടുമെന്നും, അതു കുടിച്ചാൽ സ്വർഗ്ഗം കാണാമെന്നും ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച്, ചെറുപ്പക്കാരന്റെ പിന്നിലായി ബൈക്കിൽ കയറി. നാട്ടിൽ നിന്നും പോന്ന ശേഷം ബൈക്ക് ഓടിച്ചിട്ടില്ലാത്ത അയാൾക്ക് അതോടിക്കണമെന്നുണ്ടായിരുന്നു.അയാളുടെ മഃനസ്സറിഞ്ഞെന്നപ്പോലേ , ഒരു സൈഡേ താനോടിക്കൂ,തിരിച്ച് വരുംമ്പോൾ അയാളോടിക്കണം എന്നും പറഞ്ഞായിരുന്നു അവർ യാത്രതുടങ്ങിയത്. പോകും വഴി അവർ മനോഹരമായ ഒരു വലിയ പുഴ കണ്ടു.നിറയെ വെള്ളം.വലിയ പാലം.പാലം കടക്കുംവഴി അയാൾ പറഞ്ഞു “നമുക്കിവിടെ ഇറങ്ങി കുറച്ച്നേരം പുഴയൊക്കെ കണ്ടിട്ട് പോയാലോ?” “നമ്മുക്ക് തിരിച്ച് വരുമ്പോളിറങ്ങാം.എന്നിട്ട് കൊതി തീരുന്നത് വരെ ഇവിടെ വിശ്രമിച്ചിട്ട് പോകാം.” ചെറുപ്പക്കാരൻ അതും പറഞ്ഞ് ബൈക്കിന്റെ സ്പീഡ് കൂട്ടി.

                  ഗ്രാമത്തിലെത്തി കുടിച്ച്മറിഞ്ഞ ശേഷം,തിരികെ പോരാനായി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ പകൽ മായാറായിരുന്നു.നഗരത്തിലേയ്ക്ക് കടക്കുന്നത് വരെ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു.അതുകൊണ്ടു തന്നെ, ഓരോ കാഴ്ച്ചകളും കണ്ട് വളരെ ആസ്വദിച്ചാണയാൾ ബൈക്കോടിച്ചിരുന്നത്.ചെറുപ്പക്കാരൻ പിന്നിലിരുന്ന് ചില പാട്ടുകൾ പാടിക്കോണ്ടിരുന്നു.

                 അങ്ങോട്ട് പോകുമ്പോൾ കണ്ട ആ പുഴയും അതിനു കുറുകെയുള്ള പാലവും എത്തിയപ്പോൾ, പാലത്തിന്റെ കൈവരിയിലായി ആരോ ഇരിക്കുന്നത് പോലെ.ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ അരണ്ട വെളിച്ചം കണ്ട ഉടൻ ആ മനുഷ്യൻ, തന്നെ കാത്താണിരുന്നത് എന്ന പോലെ കൈവരിയിൽ നിന്നും എണീറ്റു.അപ്പോളേയ്ക്ക് ബൈക്ക് പാലത്തിൽ നിന്നിരുന്ന ആളുടെ അടുത്തെത്താറായിരുന്നു.റോഡിനു നടുവിലേയ്ക്ക് അപ്രതീക്ഷിതമായി നടന്നു കയറിയ അയാളുടെ മുഖം ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ട അയാൾ ഞെട്ടി!! തന്റെ പിന്നിൽ ഇരുന്നിരുന്ന ആ ചെറുപ്പക്കാരൻ! ചെറുപ്പക്കാരനെ കണ്ട ഞെട്ടലിൽ ബൈക്കൊന്നു പാളി.അയാൾ ക്ലച്ച്പിടിച്ച് , ബ്രേയ്ക്കിൽ കാലമർത്തി.

*********************************************************************

പതിവിനു വിപരീതമായി, നാട്ടിലേയ്ക്കുള്ള ഈ യാത്രയിൽ മഃനസ്സ് ആകെ അസ്വസ്ഥമാണു. എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ!!എന്താണീ അസ്വസ്ഥതയ്ക്ക് കാരണമെന്നു മാത്രം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. തന്നെയുമല്ല,കേരളത്തിലേയ്ക്കുള്ള അതിർത്തി കടക്കുമ്പ്പോളുണ്ടാകാറുള്ള പതിവു സന്തോഷമൊന്നും ഇന്നില്ല. അങ്ങനെ പലവിധ വ്യാകുലതകളിൽ മുഴുകിയിരിക്കുമ്പ്പോളാണു തന്നെ ആരോ പിറകോട്ട് പിടിച്ച് വലിച്ച് എങ്ങോട്ടോ കൊണ്ടു പോകുന്നത് പോലെ തോന്നിയത്.തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കഴുത്തിലൊരു കുരുക്ക്! തന്റെ കഴുത്തിൽ വീണകുരുക്കിന്റെ അറ്റം, ഒരു പോത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് ആരോപിടിച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കി.പോത്തിന്മുകളിലിരിക്കുന്ന അയാൾക്ക്, ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെകണ്ട, തീപിടുത്തമുണ്ടായപ്പോൾ ഓടിമറഞ്ഞ, തന്റെ ബൈക്കിനു പിന്നിലിരുന്നു പുഴവരെ സഞ്ചരിച്ച ആ ചെറുപ്പക്കാരന്റെ അതേ മുഃഖം!!

************** 

നാട്ടിലോട്ടുള്ളയാത്രയിലെ പതിവു സുഖങ്ങളൊന്നും ഇല്ലാതെ അയാളുടെ ശരീരം വാളയാർ ചെക്ക് പോസ്റ്റ് കടന്നു കേരളത്തിന്റെ മണ്ണിലേയ്ക്ക് കടന്നു.

**************

തനിക്കു നഷ്ടപെട്ടതെന്തൊക്കെയാണെന്നറിഞ്ഞതിന്റെ വേനയോടെ, അയാൾ ആ ചെറുപ്പാക്കാരന്റെ പിന്നിലായി കയറി ഇരുന്നു.



മറ്റൊരു ലോകത്തിലേയ്ക്കുള്ള യാത്രയ്ക്കായി..!!!



      *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *

Tuesday, 30 December 2014

പട്ടിയും മനുഷ്യനും

തെരുവുതെണ്ടിയായ പട്ടിയുടെലോകത്തിലേയ്ക്ക് ഒരിക്കലൊരുമനുഷ്യൻ കടന്നുവന്നു.മനുഷ്യരുമായുള്ള ചങ്ങാത്തം നല്ലതല്ല എന്ന സുഹൃത്തുക്കളുടെ വാക്കുകളെ തള്ളിക്കോണ്ട്, തനിക്ക് നേരെ ആദ്യമായി നീട്ടപ്പെട്ട അപ്പത്തിന്റെ പങ്ക് അവൻ ആസ്വദിച്ച് തന്നെ ഭക്ഷിച്ചു.പിന്നീടതൊരു പതിവായി.മനുഷ്യന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് പട്ടിയുടെ അവകാശമായി മാറി.രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ അനുകരിച്ച് , മുൻ കാലുകൾ പൊക്കി പട്ടിയും ഇടയ്ക്കൊക്കെ നടക്കാൻ ശ്രമിച്ചിരുന്നു.വാക്കുകളിലൂടെ പറയാനാവാത്ത നന്ദി , പട്ടി വാലിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങി.എന്നിട്ടും തൃപ്തിവരാത്തതിനാൽ മനുഷ്യന്റെ സംരക്ഷണം കൂടി അവൻ ഏറ്റെടുത്തു.മനുഷ്യൻ ഉറങ്ങുമ്പോൾ , ഉണർന്നിരുന്നുകൊണ്ട് പട്ടി അവനെ സംരക്ഷിച്ചു പോന്നു. അങ്ങനെ പട്ടിയും മനുഷ്യനും മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കും വിധം ആത്മഃസുഹൃത്തുക്കളായി മാറി.


നാളുകൾക്കപ്പുറം ഒരുദിവസം മനുഷ്യനും പട്ടിയും കൂടി ഒരു വീട്ടിലോട്ട് താമസം മാറി.മതിലും ഗേറ്റും ഒക്കെ ഉള്ള ആ വീടിനേക്കാൾ പട്ടിക്കിഷ്ടം തെരുവു തന്നെയായിരുന്നു.ഏങ്കിലും, തന്റെ ആത്മ സുഹൃത്തിനൊപ്പം താമസിക്കുന്നതിനു വേണ്ടി അവൻ തെരുവുപേക്ഷിച്ചു.മനുഷ്യനാകട്ടെ പുതിയതായി കിട്ടിയ ജോലിക്കായി എന്നും എങ്ങോട്ടോ പോയിതുടങ്ങി.അങ്ങനെ പകല്മുഴുവൻ പട്ടി ആ വീട്ടിൽ തനിച്ചായി.ജോലികഴിഞ്ഞുള്ള മനുഷ്യന്റെ വരവിനായി കാത്തിരിക്കുന്നത് അവന്റെ ശീലമായി.ഗേറ്റ് തുറന്നു മനുഷ്യൻ വരുന്നതിനു മുൻപേതന്നെ  പട്ടിയുടെ സ്നേഹ പ്രകടനം തുടങ്ങിയിരിക്കും. വാലാട്ടിയും, മുൻ കാലുകൾ മനുഷ്യന്റെ മേലെടുത്തുവച്ചും, അവന്റെ കാലുകളിൽ നക്കിയും, മുൻ കാലുകളിൽ പതുങ്ങിയും, ചാടിയുമൊക്കെ അവൻ മനുഷ്യനെ വീടിനുള്ളിലേയ്ക്ക് ആനയിച്ചിരുന്നു.


ഒരുനാൾ മനുഷ്യന്റെ ചില സുഹൃത്തുക്കൾ ആ വീട്ടിലെത്തി.ഏതാനും ദിവസം അവിടെതങ്ങിയ അവർക്കു വേണ്ടി പട്ടി തന്റെ കിടപ്പ് വീടിനു പുറത്തെ വരാന്തയിലേയ്ക്ക് മാറ്റി.മനുഷ്യൻ അവനു കിടക്കനായി ഒരു പഴയ ചാക്കെടുത്ത് വരാന്തയിൽ വിരിച്ചു കൊടുത്തു.മനുഷ്യന്റെ തന്നോടുള്ള സ്നേഹം കണ്ട് പട്ടി പിന്നെയും വാലാട്ടി.സുഹൃത്തുക്കൾ പോയ ഉടൻ അകത്തു കടക്കാൻ ശ്രമിച്ച പട്ടിയോട് മനുഷ്യൻ ആ പ്രദേശത്തെ അക്രമികളായ കള്ളന്മാരെ കുറിച്ചും, അടുത്ത വീടുകളിൽ അവർനടത്തിയ കളവുകളേയും കുറിച്ചും പേടിയോടെപറഞ്ഞു.തന്റെ സുഹൃത്തിനെ കള്ളന്മാരിൽ നിന്നും സംരക്ഷിക്കാനായി വീടിനു പുറത്തുതന്നെ കിടക്കാൻ പട്ടി തീരുമാനിച്ചു.രാത്രിയിൽ ചെറിയൊരനക്കം പോലും അവൻ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചിരുന്നു.അങ്ങനെ മനുഷ്യൻ പേടിയില്ലതെ വീടിനുള്ളിൽ സുഖമായുറങ്ങിപോന്നു.


മനുഷ്യൻ പട്ടിക്ക് ഒരു കൂടു പണിതു കൊടുത്തു.തനിക്കുവിശ്രമിക്കാനായി ഒരു കൂടു പണിതുതന്ന മനുഷ്യനു എന്തു തിരിച്ച് നല്കണമെന്നറിയാതിരുന്ന പട്ടി മനുഷ്യന്റെ കാലുകളിൽ സ്നേഹത്തോടെ നക്കി.ഒരൊഴിവു ദിവസം പുറത്തുനടക്കാൻ പോയ മനുഷ്യൻ പട്ടിയുടെകഴുത്തിലൊറുബെല്റ്റും,അതിലൊരു തുടലും ഇട്ടുകൊണ്ട് അവനേയും ഒപ്പം കൂട്ടി.അടുത്തുള്ള മൈതാനത്തെത്തിയ ഉടൻ തുടലൂരി പട്ടിയെ അല്പ്പനേരം സ്വതന്ത്രനാക്കി.തെരുവിൽ നിന്നും പോന്നശേഷം ആദ്യമായികിട്ടിയ അനുഭവം!!! അവനാ മൈതാനത്ത് തലങ്ങും വിലങ്ങും ഓടി നടന്നു. പിന്നീടുള്ള ഒഴിവു ദിവസങ്ങളിൽ അതൊരു പതിവായി മാറി.

                 ഒരുനാൾ മൈതാനത്തിന്റെ മൂലയിലായി മറ്റുചില പട്ടികളെ കണ്ട അവൻ സന്തോഷത്തോടെ അവരോടൊപ്പം കൂട്ടുകൂടി.അന്നു തിരികെ പോരും വഴി അടുത്തുള്ള മൃഗാശുപത്രിയിൽ കയറി മനുഷ്യൻ പട്ടിയുടെ ബീജകേന്ദ്രം മുറിച്ചു.മറ്റു പട്ടികളുമായിടപഴകി രോഗങ്ങൾ വരാതിരിക്കാനാണെന്ന മനുഷ്യന്റെ വാദം പട്ടി വിശ്വസിച്ചു.തന്റെജീവിതത്തിൽ നിന്നും കന്നിമാസം കൊഴിഞ്ഞുപോയെങ്കിലും, മനുഷ്യനു തന്റെ ആരോഗ്യത്തിലുള്ള ശ്രദ്ധ കണ്ടു പട്ടിയുടെമനം നിറഞ്ഞു.


കാലങ്ങൾ കഴിഞ്ഞപ്പോൾ, പട്ടിക്കു വയസ്സായി.രോമങ്ങൾ കൊഴിഞ്ഞു തുടങ്ങി. ആരോഗ്യം നശിച്ചു.അങ്ങനിരിക്കെ, ഒരുനാൾ ഒരു ജീപ്പിലെത്തിയ സുഹൃത്തിന്റെ കൈയിൽ മനുഷ്യൻ പട്ടിയെ ഒരു പെട്ടിയിലടച്ചു കൊടുത്തു വിട്ടു. വളരെ വളരെ ദൂരെ എങ്ങോ ഒരിടത്ത് പെട്ടി തുറന്ന് വച്ച ശേഷം ആ സുഹൃത്ത് എങ്ങോട്ടൊ ജീപ്പോടിച്ച് പോകുന്നത് നിറണ്ണുകളോടെ നോക്കിനില്ക്കാനേ പട്ടിക്കപ്പോൾ കഴിഞ്ഞുള്ളു.
താൻ വീണ്ടും തെരുവു പട്ടിയായി എന്നതിലും, മനുഷ്യനെ വിട്ടുപോന്നതിലായിരുന്നു അവനു വിഷമം.ദിവസങ്ങൽ കഴിയുംതോറും അവന്റെ 
ആരോഗ്യം മോശമായിക്കോണ്ടിരുന്നു.


ഒരിക്കൽ കൂടി തന്റെ ആത്മഃ സുഹൃത്തിനെ കാണണമെന്ന ആഗ്രഹത്താൽ ദിവസങ്ങൾ അലഞ്ഞുതിരിഞ്ഞ്, ഒടുവിൽ ഒരു രാത്രി അവൻ മനുഷ്യന്റെ വീടിന്റെ അടുത്തെത്തിച്ചേർന്നു.കുറ്റാകൂരിരുട്ട്!!. ഗേറ്റടച്ചിരിക്കുന്നു.വീട്ടിൽ വെട്ടമോ അനക്കമോ ഒന്നും തന്നെയില്ല.മനുഷ്യൻ നല്ല റക്കമായിരുന്നു. പെട്ടെന്നാണു മനുഷ്യന്റെ വീടിന്റെ മതിലിനടുത്തായി എന്തോ അനക്കം.ആരോ മതിലു ചാടാൻ ശ്രമിക്കുന്നു.കള്ളൻ തന്നെ!! കള്ളനിൽ നിന്നും തന്റെ സുഹൃത്തിനെ രക്ഷിക്കണം. വാർദ്ധക്യവും,പട്ടിണിയും,രോഗവും തളർത്തിയ തന്റെ ശരീരത്തിലെ സകല ഊർജ്ജവും ശേഖരിച്ച് കള്ളനു നേരെ കുതിച്ചു.

                                    കുരച്ച്കൊണ്ട് തന്റെ നേരെ വരുന്ന പട്ടിയെ കണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും, ഉടൻ തന്നെ കള്ളന്റെ കൈകൾ ചലിച്ചു. തലയിൽ തന്നെ ആഞ്ഞു പതിച്ച ഇരുമ്പു ദണ്ഡ് ഒരിക്കൽ കൂടി ഉയർന്നു താഴുന്നതും ശരീരമാകെ ഒരു മരവിപ്പു പടരുന്നതും തിരിച്ചറിഞ്ഞെങ്കിലും,കള്ളന്റെ കാലിൽ തന്നെ ആഞ്ഞിറങ്ങിയ തന്റെ പല്ലുകൾ കുറേകൂടി മുറുക്കിക്കോണ്ട് അവനെ പിന്നോട്ട് വലിച്ചു വീഴ്ത്താനായതിൽ സന്തോഷം തോന്നി.പലവട്ടം കള്ളന്റെ കാലുകളിൽ കടിച്ച് കുടയുന്നതിനിടയിൽ ശരീരമാസകലം ഒരു തളർച്ച പടരുന്നതവൻ തിരിച്ചറിഞ്ഞിരുന്നു.ഒടുവിൽ, എങ്ങനെയൊക്കെയൊ രക്ഷപെട്ടു തിരിഞ്ഞോടുന്ന കള്ളന്റെ പിറകെ കുതിക്കാൻ ശ്രമിച്ചെങ്കിലും,കാലുകളിടറിയതും കണ്ണൂകളിൽ ഇരുട്ടു നിറഞ്ഞതും പെട്ടെന്നായിരുന്നു.


അല്പസമയത്തിനു ശേഷം കണ്ണുകൾ തുറന്ന അവൻ പതിയെ പതിയെ, നിരങ്ങി നിരങ്ങി മനുഷ്യന്റെ ഗേറ്റിനരികിലെത്തിയതും, അകത്ത് ലൈറ്റുകൾ തെളിഞ്ഞു.പുറത്തെ ശബ്ദം കേട്ട് ഉണർന്ന മനുഷ്യൻ പിറുപിറുത്തുകൊണ്ട് വാതിലുകൾ തുറന്നു പുറത്തെത്തി.


വാതില്ക്കൽ നില്ക്കുന്ന തന്റെ ആത്മഃ സുഹൃത്തിനെ കണ്ടതും പട്ടിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.തന്നെ കണ്ട് ഓടി വന്നു തന്റെ തല മടിയിലെടുത്തു വച്ചു, തന്നെ സ്നേഹത്താൽ തലോടുന്ന,മുറിവുകൾ ശുശ്രൂഷിച്ച് തരുന്ന, തന്നെ ദൂരെ കളഞ്ഞതിൽ പശ്ചാതപിക്കുന്ന തന്റെ ആ ആത്മഃ സുഹൃത്ത് ഗേറ്റ് തുറന്നടുത്തെത്തുന്നതിനു മുൻപ് തന്നെ അവന്റെ കണ്ണുകൾ ഒരിക്കലും തുറക്കാത്ത വിധം, എന്നന്നേയ്ക്കുമായി അടഞ്ഞിരുന്നു.



*******************************************************************************


ഗേറ്റുതുറന്നടുത്തുവന്ന മനുഷ്യൻ ആരോടെന്നില്ലാതെ പിറുപിറുത്തു. “കൊണ്ടുപോയി കളഞ്ഞിട്ടും നാശം, ഇവിടെതന്നെ വന്നു ചത്തു.ഇതിനെ ഇനി എവിടെകൊണ്ടുപോയി വലിച്ചെറിയുമോ എന്തോ!!! ഓരോ മാരണങ്ങൾ!!!

Friday, 20 June 2014

ഓന്ത്

      അവസാന ബോഗിയിൽ കയറികൂടി ഒരുവിധം ഒപ്പിച്ചെടുത്ത ഇരിപ്പിടം ഉറക്കിടമാക്കിയ കുഞ്ഞുണ്ണി, അവിടിരുന്നു അര കിലോ, ഒരു കിലോ, 2-5 കിലോ എന്നിങ്ങനെ പലവിധത്തിൽ തൂക്കം പിടിച്ച് തുടങ്ങി.ഇടയ്ക്കെപ്പോളോ തൂങ്ങി നിലത്ത് വീണു പിടഞ്ഞെണീറ്റപ്പോളാണു ചിലർ ടോയിലറ്റ് ലാക്കാക്കി പായുന്നത് കണ്ടത്!! എല്ലാത്തിനും കൂടി ഒരുമിച്ച് ഇളകിയോ?? “സമൂഹ വിവാഹം, സമൂഹ ഓട്ടം എന്നൊക്കെ പറയുന്നത് പോലെ , ഇനി വല്ല സമൂഹ ......???!!!

ഏ .....യ് !! അതാവില്ല!!

   നിലാവത്ത് വിട്ട കോഴിയെ പോലുള്ള കുഞ്ഞുണ്ണിടെ നോട്ടം കണ്ട് അടുത്തിരുന്ന മാന്യൻ മൊഴിഞ്ഞു “ ടിക്കറ്റ് എടുക്കാത്തവരെ പൊക്കാൻ ആളു വരുന്നുണ്ട് ചുമ്മാതല്ല കുറേ എണ്ണത്തിനൊരുമിച്ച് വയറിളകിയത്!!

   ഇരിപ്പിടം പോകാതെ ഏന്തി വലിഞ്ഞ് നോക്കിയപ്പോൾ, ഉജാലയിൽ മുക്കിയ ഷർട്ടും പാന്റും, കറുത്ത ബെല്റ്റും കറുത്ത ഷൂവും ഇട്ട്, കർക്കശ മുഖവുമായൊരു ഉദ്യോഗസ്ഥൻ ഓരോ ആൾക്കാരെ ആയി കണ്ട് കണ്ട് നടന്നടുക്കുന്നു. അടുത്തിരുന്നവരെല്ലാം ടിക്കറ്റെടുത്ത് കൈയിൽ പിടിച്ചു. കുഞ്ഞുണ്ണിയും തന്റെ ടിക്കറ്റ് പോക്കറ്റിൽ തന്നെ ഉണ്ടെന്നുറപ്പ് വരുത്തി.അവസാനം അടുത്തെത്തിയപ്പോളാണു ശ്രദ്ധയിൽ പെട്ടത്, പുള്ളിക്കാരൻ ടിക്കറ്റ് നോക്കാൻ വന്നതല്ല!!  ഒരു തടിച്ച പുസ്തകം മാറോട് ചേർത്ത് പിടിച്ചിരിക്കുന്നു.കൂടെ ഒരു സഹായിയും ഉണ്ട്.
രണ്ടാളും എന്തൊക്കെയോ ചേഷ്ടകളുടെ മേമ്പടിക്കൊപ്പം, എന്തൊക്കെയോ മൊഴിയുന്നുമുണ്ട്.

അല്പ്പം വൈകിയാണെകിലും കുഞ്ഞുണ്ണിയുടെ ട്യൂബും മിന്നി, ആത്മീയോർജ്ജം പകർന്നു നല്കാനെത്തിയ കരാളമുഃഖനും, കരാളമുഃഖിയും!! വാക്കുകൾ ശരവേഗത്തിൽ തെറിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞുണ്ണി ചെവികൾ കൂർപ്പിച്ചു. ങൂ...ഹു!! ഒന്നും പിടികിട്ടുന്നില്ല.എല്ലാം മഃനസ്സിലായ ഒരുവൻ, ഉറക്കത്തിൽ നിന്നും പിടഞ്ഞെണീറ്റ് എതാനും നോട്ടുകൾ കരാളമുഃഖനു വച്ചു നീട്ടി. തവള ഇരയെ നക്കിയെടുക്കുന്ന വേഗത്തിൽ നോട്ടുകൾ എങ്ങോപോയി മറഞ്ഞു. കരാള മുഃഖൻ കണ്ണുകളടച്ച് ആശീർവാദം കോരിചൊരിഞ്ഞു!!.
ഒടുവിൽ കരാളമുഃഖൻ അടുത്ത ഇരയ്ക്ക് നേരെ തിരിയാൻ തുടങ്ങിയതും,ആശീർവാദം കുറച്ചൂടി വേണമെന്നു തോന്നിയ കുംഭകർണ്ണൻ എതാനും നോട്ടുകൾ കൂടി എടുത്തങ്ങു വീശി.ആത്മീയോർജ്ജാത്താൽ ക്ഷീണിതനായ കുംഭു, ഒടുവിൽ കൂർക്കം വലിച്ചുറക്കം തുടങ്ങി.

അതു കണ്ടാവേശം മൂത്ത ഭക്തിപ്രീയയും എടുത്ത് വീശി എതാനും നോട്ടുകൾ.കരാളോർജ്ജം ആശീർവാദരൂപേണ പുറത്തേയ്ക്ക്! മുറിയാകെ ദൈവോർജ്ജത്താൽ അനുഗ്രഹിക്കപ്പെട്ടു. കരാളമുഃഖനും മുഃഖിയും എല്ലാവരേയും “ആശീർ-വധിച്ച ശേഷം ശാന്തരായി എങ്ങോപോയി.

     അല്പ്പ സമയം കഴിഞ്ഞ്, കരാളമുഃഖൻ തിരികെ എത്തി. ഈ വരവിൽ, അടിമുടി ഭാവമാറ്റം.കൈയിൽ തടിച്ച പുസ്തകമില്ല,മുഃഖത്ത് ദൈവീക ഭാവമില്ല.ചക്കരയും ഈച്ചയും പോലെ കൂടെ ഉണ്ടായിരുന്ന കരാളമുഃഖിയേയും കാണാനില്ല.ചുറ്റിനും കണ്ണോടിച്ചുകൊണ്ട് നില്ക്കുന്ന കരാളന്റെ ലക്ഷ്യം ഇരിക്കനൊരു സീറ്റ് തന്നെ!! അനുഗ്രഹം വാങ്ങി കീശയിലിട്ടവരും അല്ലാത്തവരും കണ്ണടച്ചുറക്കം തുടങ്ങി.അപ്പോളാണു ഭക്തിപ്രീയയുടെ കെട്ടിയോൻ “മിണ്ടാമൂളീക്കൊരൊന്നാം ക്ലാസ്സ് ശങ്ക!! പുള്ളി എഴുന്നേറ്റ് പോയ ഉടൻ, കരാളമുഃഖൻ ഭക്തി പ്രീയയോട് നീങ്ങി ഇരിക്കുവാൻ ആവശ്യപ്പെടുന്നു.

മിണ്ടാമൂളി ഉടൻ എത്തും എന്നു മൊഴിഞ്ഞും കൊണ്ട്, ഭക്തിപ്രീയ ഒന്നും കൂടി വിരിഞ്ഞങ്ങിരുന്നു.

കരാളമുഃഖത്ത് മേഘങ്ങളുരുണ്ടുകൂടി. ദൈവത്തിന്റെ പ്രതിപുരുഷൻ, നോക്കി നില്ക്കെ ചെകുത്താന്റെ വ്യക്താവായി മാറി.ഒരു ജനതയെ മുഴുവൻ അനുഗ്രഹിച്ചാശീർവദിച്ച ആ നാവിൽ നിന്നും സരസ്വതീ പ്രവാഹം തുടങ്ങി.കേട്ടിരുന്ന പല കർണങ്ങളും പൊട്ടിതെറിച്ചു നിലത്തു വീണു.എരിവും പുളിയും ആവശ്യത്തിലധികമുള്ള പല വാക്കുകളും കുഞ്ഞുണ്ണി അതി വേഗം എഴുതി എടുത്തു. എന്നെങ്കിലും ഉപകാരമായെങ്കിലോ!!

    പെട്ടന്നാണു ഭക്തി പ്രീയ ഒരു ഗാന്ധി തല എടുത്ത് നീട്ടിയത്. ചെകുത്താൻ പ്രവാഹത്തിനു സഡൻ ബ്രേക്ക് വീണു.കരാളൻ വിനീതനായി.ദൈവോർജ്ജം പതഞ്ഞ് പൊങ്ങി.ആശീർവാദം ഒഴുകി.ഭക്തിപ്രീയക്ക് ആശ്വാസം.പണം പോയാലെന്ത്,ചെകുത്താൻ വചനം കേൾക്കണ്ടല്ലോ!!

കിട്ടിയ ഗാന്ധിതലയ്ക്കുള്ള ആശീർവാദം ചൊരിഞ്ഞ ശേഷം, സീറ്റ് തരാത്ത ഭക്തിപ്രീയയെ നോക്കി “തൂ....” എന്നൊരറ്റ തുപ്പും വച്ചു കൊടുത്തിട്ട്, കരാളമുഃഖൻ എങ്ങോപോയി മറഞ്ഞു!

****************************


എല്ലാം കണ്ടിരുന്ന കുഞ്ഞുണ്ണിക്കാനന്ദമാഹ്ളാദം!!!

ഞൊടിയിടയിൽ നിറം മാറാൻ കഴിയുന്ന മറ്റൊരു ജീവിയെ കൂടി നേരിൽ കാണാനായല്ലൊ!!!

      ******************************************************************************