മഷിയെഴുതിയ മിഴിയോരങ്ങളെ ആലിംഗന ബന്ധരാക്കി വിട്ടുകൊണ്ട് നീ ഉറങ്ങുമ്പോൾ......
ജനലിഴകളിലൂടെ അരിച്ചിറങ്ങി, നിൻ നയന മനോഹാരിത പരതി നടക്കുന്ന നിലാവെളിച്ചത്തിൽ...
ഒരു ചെറുകാറ്റായി നിന്നെ തഴുകി തലോടി നിൻ കവിളിൽ ഒരു മണിമുത്തം നൽകി.... ഞാൻ തിരികെ പോരുമ്പോൾ....
കൈ പിടിച്ച് കൂടെ വരുവാൻ മടിക്കുന്നത്, പഴന്തുണി കെട്ടിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിൻ മനസ്സോ അതോ ഹൃദയമോ എൻ പ്രീയ സഖി ???
മടി അല്ല എന്നതറിയാഞ്ഞിട്ടല്ല,ഒരിക്കലും വരില്ല എന്നുമറിയാം!!
എങ്കിലും......
വന്നു എന്ന് ചിന്തിക്കുവാനും
ആരൊക്കെയോ ആണ് എന്ന് സങ്കല്പിക്കുവാനും വെറുതെ ഒരു സുഖം.
മഴനനഞ്ഞു കൈകോർത്തു നടക്കുവാനും, നിളയിൽ മുങ്ങി കുളിക്കുവാനും കൈപിടിച്ച് മലകയറാനും,ഗസലിൽ നുരയുന്ന ലഹരിക്കൊപ്പം മിഴികൾ പൂട്ടുവാനും,മഞ്ഞു പെയ്യുന്ന താഴ്വരകളിൽ പുകയൂതി നടക്കുവാനും ഒക്കെയായുള്ള........... സ്വപ്നലോകത്തെ സങ്കല്പയാത്രകൾ!!
അത്തരം സങ്കല്പ ലോകങ്ങൾ ആണ് ഇപ്പോഴത്തെ പ്രീയ സുഹൃത്തുക്കൾ !!
ദൈവത്തിന്റെ വികൃതിയിൽ ജീവിതത്തിൽ കിട്ടാതെ പോയ പലതും....സമൃദ്ധമായിതന്നെ ലഭ്യമാകുന്ന സങ്കല്പ ലോകം!!
*********
മഴയെ സ്നേഹിച്ച സുന്ദരി...
നിനക്ക് വേണ്ടി എന്നപോലെ പുറത്തു വേനൽ മഴ തകർത്തു പെയ്യുന്നു. നിന്നോടുള്ള എൻ പ്രണയം പുറത്ത് പെയ്യുന്ന മഴയിൽ അലിഞ്ഞു ചേർന്നെങ്ങോ ഒഴുകി അകലുന്നത്, ബാഷ്പമായി ഉയർന്നു പൊങ്ങി വീണ്ടുമൊരു പെരു മഴയായ് പെയ്യുവാൻ മാത്രമെന്നറിയുക നീ സഖി.
മഴചക്രം കറങ്ങികൊണ്ടേ ഇരിക്കും...രണ്ട് പതിറ്റാണ്ടു കറങ്ങിയ അതേ ഊർജ്ജത്തോടെ, ഒരു പക്ഷെ അതിൽ കൂടുതൽ വേഗതയിൽ!!
"വെറുതെ" എന്നറിഞ്ഞുകൊണ്ടു തന്നെ!!