Tuesday, 24 March 2026

"ഉല്പലാക്ഷൻ പിള്ള" അഥവാ "ഉൽപ്പു"

"കഷ്ടകാല സമയത്ത് ആകും പെണ്ണുകെട്ടലും വീട് പണിയുമൊക്കെ നടക്കുക" എന്നൊരു പഴമൊഴി ഗ്രാമത്തിലെ താമ്പൂല പ്രേമികളായ ചിലകാരണവർമാർ സന്ദർഭോചിതമായി ഇടയ്ക്കിടെ  പറഞ്ഞു പോന്നിരുന്നു.കാളവണ്ടി യുഗത്തിൽ നിന്നും സ്മാർട്ട്ഫോൺ യുഗത്തിലേക്കുള്ള പരിണാമത്തിന് സ്വയം വിധേയമായ 80സ്സ് 90സ്സ് കിഡ്സ് ബാച്ചിൽ പെട്ടത് കൊണ്ടാണോ എന്നറിയില്ല, ഇത്തരം മുൻതലമുറ ചൊല്ലുകളോടും വിശ്വാസങ്ങളോടും പറയത്തക്ക കാരണങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു അയിത്തം ഞാൻ പുലർത്തി പോന്നിരുന്നു.

കല്യാണം നടക്കാഞ്ഞത് കൊണ്ട്, "കല്യാണഉണ്ണി" ആയാൽ മാത്രം ഉണ്ടാകേണ്ട "കഷ്ട കാലം", എന്നെ മനഃപൂർവം അവോയിഡ് ചെയ്തുകൊണ്ട് വിവാഹിതരെ തേടി മറ്റെങ്ങോ പോയി.പ്രാത്യേകിച്ചു ദോഷങ്ങൾ ഒന്നും ഇല്ലാതെ പോയിരുന്ന ആ കാലം "നല്ലകാലം" ആണ് എന്ന് കരുതി സന്തോഷിച്ചിരിക്കുന്നതിനിടയിൽ ആണ് വീടുപണി തുടങ്ങുന്നത്.അതോടെ നാട്ടിലെ താംബൂല മൂപ്പിൽസിൻ്റെ പഴമൊഴിയിൽ കാര്യമില്ലാതില്ല എന്നൊരു ചിന്ത മനസ്സിൽ കടന്നുകൂടി.ആ ചിന്തകൾക്ക് ബലം കൂട്ടുവാനെന്നപോലെ മറ്റ് ചില അനുബന്ധ സംഗതികൾ കൂടി ജീവിതത്തിൽ നടന്നു.അതിൽ ചിലതാണ്, ലൈഫ്ലോങ്ങ്‌ സുരക്ഷയ്ക്കായി മുതൽമുടക്കിയ കാര്യത്തിൽ "മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ട് പോയതും", അതിന് തൊട്ടടുത്ത മാസങ്ങളിൽ.... പേർഷ്യൻ നാടുകളിൽനിന്നും സ്ഥിരമായി പ്രോജക്ടുകളുമായി കടലുകടന്നു രാത്രി കാലങ്ങളിൽ വന്നിരുന്ന ഉരുക്കൾ
 മുഴുവൻ എമർജൻസി ബ്രെക്കിട്ടപോലെ ഒറ്റയടിക്ക് നിന്നതും.പ്രത്യേകിച്ച് പണി ഒന്നുമില്ലാതെ മച്ചും നോക്കി കിടക്കുമ്പോൾ ആണ്,"റൂമിൽ കുത്തിയിരുന്ന് വേരിറങ്ങുന്ന സമയം കൊണ്ട് നാട്ടിൽ ചെന്ന് സ്വന്തം വീടുപണിക്ക് കൈയാളായി നിന്നാൽ ഹെൽപ്പറിനു കൊടുക്കുന്ന  കൂലി എങ്കിലും ലാഭിക്കാം" എന്നൊരു കാഞ്ഞ ബുദ്ധി തലയിൽ ഉദിച്ചത്.അങ്ങിനെ നാട്ടിലെത്തിയ പിറ്റേന്ന് തന്നെ ചിലവ് ചുരുക്കലിന്റെ ഭാഗമായി അധികാരം ഞാൻ ഏറ്റെടുത്തു.ഹെൽപ്പർ ജാനകി ചേച്ചി എന്നെ പ്രാകികൊണ്ട് പുതിയ പണിതേടി ഭാണ്ഡവുമെടുത്ത് കാശിക്ക് പോയി.ഇഷ്ടിക ചുമ്മിയും മണല് കോരിയും നുരയും പതയും വന്ന് കിതച്ചു വീണ എന്നിലെ ഹെൽപ്പർ നാൾക്കു നാൾ ശോഷിച്ച് കൊണ്ടേയിരുന്നു. ഞാനെന്ന ശല്യത്തിന് ശാശ്വത പരിഹാരം നോക്കി ഇരുന്ന അച്ഛൻ എന്നിലെ ഹെൽപ്പറെ മൂന്നു നേരവും ചുറ്റിനും നടന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.  പ്രോത്സാഹനത്തോടൊപ്പം 10 മണിക്കും നാലുമണിക്കും അച്ഛൻ എത്തിച്ചു തന്ന കാരയ്ക്ക മിട്ടായിയും പരിപ്പ് വടയും കട്ടൻ കാപ്പിയും കൂടി ആയപ്പോൾ നുരയും പതയും തേപ്പ് പലകയ്ക്ക് വടിച്ചു കളഞ്ഞ് ഹെൽപ്പർ വേഷം ആടി തിമിർത്തു.ആടി തളർന്ന ഒരു സായം കാലം കുളിപ്പുരയ്ക്കുള്ളിലെ നര വീണ കണ്ണാടിയിലൂടെ നഗ്നമായ മേനിയിൽ കണ്ണുരുട്ടി നോക്കിയപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന ആ സത്യം ഞെട്ടലില്ലാതെ ഞാൻ മനസ്സിലാക്കിയത്.
 ഹെൽപ്പർ പണി ഇനിയും തുടർന്നാൽ വീടുപണി തീരുംമുന്നേ എൻ്റെ "പണി" തീരും!!

 തൽക്കാലം പണിനിർത്തി, പണിതീരാത്ത ആ വീട്ടിലേക്ക് അഡ്ജസ്റ്റ് ചെയ്ത് കയറിതാമസിച്ച ശേഷം ബാംഗളൂർക്ക് മടങ്ങാൻ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.ആ തീരുമാനം പൂർണമായി നടപ്പിലാക്കും മുന്നേ നാട്ടിലെങ്ങും പെട്ടെന്ന് ചൈനീസ് പ്രോഡക്ട് പടർന്നു പിടിച്ചു.റൂട്ട് മാപ്പ്,സമ്മത പത്രം, N95,കുന്തം, കുടചക്രം,കൂടോത്രം... അങ്ങിനെ നാട് മൊത്തം കട്ടയ്ക്ക് ലോക്ക്!!

പണിതീരാത്ത വീട്ടിൽ എത്തുകയും ചെയ്തു, ബാംഗ്ലൂർക്ക് ഒട്ട് പോയതും ഇല്ല.

ശരിയാ, വീടുപണി നടക്കുക കഷ്ടകാല സമയത്ത് തന്നെ!! താംബൂല വയോധികരുടെ വാക്കുകൾ ഞാനും ശരിവച്ച് അടച്ചുപൂട്ടി പണിതീരാത്ത
 വീട്ടിലിരിപ്പായി.

അങ്ങിനെ വീട്ടിലിരുന്നു വേര് പിടിച്ചു തുടങ്ങിയ ഏതോ ഒരു ദിവസം പതിവ് പോലെ കട്ട് തിന്നുവാൻ വേണ്ടി  പാത്തും പതുങ്ങിയും അടുക്കളയിൽ എത്തിയപ്പോൾ,എവിടെ  നിന്നോ ഒരു ചിൽ ചിൽ!! മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി കൊലുസിന്റെ കിലുക്കം അന്വേഷിച്ച് കാലിൽ നോക്കിയ പോലെ ഞാനുമൊന്ന്  ശ്രമിച്ചു നോക്കി.വയർ കാരണം കാല് കാണാൻ പറ്റുന്നില്ല.അപ്പോളാണ് 
പിന്നേയും ചിൽ ചിൽ!!
കട്ട് തിന്നോണ്ടിരുന്ന പാത്രം കുലുക്കി നോക്കി, അടുക്കളയിൽ കയറുന്ന എന്നെ കണ്ട് പിന്നാലെ എത്തിയ മരുമകന്റെ തല പിടിച്ച് കുലുക്കി,ഘടം പോലെ വീർത്തു നിന്ന സ്വന്തം വയർ വരെ കുലുക്കി നോക്കി. അവിടുന്നൊന്നും അല്ല. ഒടുവിൽ തപ്പി പെറുക്കി ചെന്നപ്പോൾ,പണി  തീരാത്ത പുറം ചുമരിനുള്ളിൽ എവിടെ നിന്നോ ആണ് ആ ചിൽ ചിൽ!!

മുകളിലേക്ക് ചുമര് കെട്ടി പൊക്കുവാൻ വേണ്ടി നില കെട്ടുവാനുള്ള മുള ഉറപ്പിക്കാൻ ചുമരിൽ ഉണ്ടാക്കിയ പൊത്തിനെ  ഏതോ അണ്ണാത്തി പെണ്ണ് പ്രസവ വാർഡ്‌ ആക്കിയത് അറിയാതെ,ആ ഗ്യാപ്പ് ഇന്നലെ കെട്ടി അടച്ചു. അതിനുള്ളിലെ തൊട്ടിലിൽ കിടന്ന് ഉറങ്ങിയവൻ വിശന്ന് കാറിയതിന്റെ കൊറസ്സ് ആയിരുന്നു ആ ചിൽ ചിൽ ശബ്ദം!!

അടച്ച പൊത്ത് കുത്തി തുറന്ന ഉടൻ എന്റെ കൈയിലേയ്ക്ക് എന്തോ ചാടി. നോക്കിയപ്പോ ചെറു വിരലോളം പോന്നൊരു അണ്ണാൻകുഞ്ഞി!!
അവൻ എന്റെ കൈയിൽ പറ്റിച്ചേർന്നു കിടന്നു. താഴെ ഇറങ്ങാനുള്ള ഉദ്ദേശമില്ല!!
അവിടെ തന്നെ ഇരിക്കാനാണോ പ്ലാൻ??
കൊള്ളാലോ!!എവിടേലും പോയി ജീവിച്ചോ എന്നും പറഞ്ഞു ഞാനതിനെ തൊട്ടടുത്തു കണ്ട മരക്കോമ്പിൽ കയറ്റി ഇരുത്തി മൂട്ടിൽ തട്ടി പ്രോത്സാഹിപ്പിച്ച ശേഷം തിരിഞ്ഞു നടന്നു. മൂക്ക് ചൊറിയാൻ കൈ ഉയർത്തിയപ്പോൾ ഒരു വിരൽ മാത്രം കറുത്തിരിക്കുന്നു.ഭഗവാനെ എന്റെ ചൂണ്ടുവിരൽ കാപ്പിരി ആയി മാറിയല്ലോ എന്ന് കരുതി സൂക്ഷിച്ചു നോക്കിയപ്പോ ദേ... എന്റെ ചൂണ്ടുവിരലിൽ അള്ളി പിടിച്ചിരുന്നുറങ്ങുന്നു ഞാൻ മരക്കൊമ്പിൽ ഒരുലോഡ് പ്രോത്സാഹനം നൽകീട്ട് ഇറക്കി വിട്ട അണ്ണാൻ കുഞ്ഞി.
"വലിച്ചൊരൊറ്റ ഏറു കൊടുത്താലോ??എന്നിലെ മൃഗസ്സ്‌നേഹി എന്നോട് തന്നെ ചോദിച്ചു.
"വേണ്ട!! പാവം തല ഇടിച്ചു വടി ആകും.
കൊല്ലണ്ട നടേശാ, ഒന്ന് പേടിപ്പിച്ചു വിട്ടേക്ക്" ഉള്ളിലിരുന്നുറങ്ങിയ മനസ്സാക്ഷി കോട്ടുവാ ഇട്ടുകൊണ്ട് മൊഴിഞ്ഞു.
വിരലിൽ നിന്നും വാലിൽ തൂക്കി എടുത്തു നിലത്തിട്ടു.അവനവിടെ കൈകൾ രണ്ടും കാലിനിടയിൽ തിരുകി പിന്നേം ഉറങ്ങി. 
"അമ്പട!! നിന്നെ ഞാനിപ്പോ ഉറക്കാം'

 ആദ്യം കിട്ടിയ സ്റ്റീൽ പാത്രമെടുത്തു അതിലാ, ഞ്ഞൊരു കൊട്ട് കൊടുത്തു.
ശബ്ദം കേട്ട് അണ്ണാൻ കുഞ്ഞി വാലും പൊക്കി ഒറ്റ ചാട്ടം. നേരെ തൊട്ടടുത്ത ബക്കറ്റിൽ.
ഭഗവാനെ... അമ്മ കിണറ്റിൽ നിന്നും കഷ്ടപ്പെട്ട് കോരിയ കുടിവെള്ളം!!
നോക്കുമ്പോൾ അവൻ ബക്കറ്റിലെ വെള്ളത്തിൽ കിടന്നു നാണമില്ലാതെ നീന്തുന്നു. എന്റെ തല കണ്ടതും ഒരു കവിൾ വെള്ളം എടുത്ത് മേപ്പോട്ട് തുപ്പിക്കൊണ്ട് ഊളിയിട്ട് ബക്കറ്റിനടിയിലേക്ക് അവൻ  മുങ്ങി താഴ്ന്നു.
ഡാ അത് ചത്ത് പോകും. അമ്മ പിന്നിൽ നിന്നും ആക്രോശിച്ചു. പിന്നെ സമയം കളഞ്ഞില്ല, കക്ഷിയെ തൂക്കി എടുത്തു ചാക്കിലിട്ടു വെയിലത്തുണക്കി ഒരു കാർഡ് ബോർഡ് പെട്ടിൽ തള്ളി.

"അവിടെ കിടന്നോണം. പുറത്തിറങ്ങിയ ചന്തിക്ക് പെട കിട്ടും"
സംഗതി പിടികിട്ടിയ അവൻ അതിനുള്ളിൽ കിടന്ന് രണ്ടു വട്ടം ചിലച്ചിട്ട് ഒറ്റ ഉറക്കം.


























Saturday, 14 March 2026

ഹോജ രാജന്റെ കട്ട ബൊമ്മൻ !!

 ചാപ്റ്റർ 4- തെയ്യം!!


         ചുടല പറമ്പിലെ കാളിയെ കാണാൻ വന്നവരെ ചുടല പറമ്പിൽ കയറ്റി കയറൂരി വിട്ടിട്ട്, നിളയുടെ തീരത്ത് ചെന്ന് മലർന്ന് കിടന്നു.ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു തിമിർത്തതിന്റെ അലസ്യം കാറ്റിലൂടെ തണുപ്പായി അരിച്ചെത്തി സിരകളെ തളർത്തിക്കൊണ്ടിരുന്നു.വാനം നോക്കി ബോറടിച്ച പോളകൾ, തൊട്ടടുത്ത നിമിഷത്തിൽ കൂമ്പിഅടഞ്ഞു നൈസ് ആയി കൂർക്കം വലി തുടങ്ങി.കൂർക്കം വലി താളാത്മകമായി തുടർന്നപ്പോൾ, താളബോധമില്ലാത്ത മറ്റൊരു കൂർക്കം ഇടയിലൂടെ കയറി വന്ന് ആരോചകമായി മാറി എന്റെ വലിയിലെ താളം തെറ്റിച്ചു.തല ചരിച്ചു നോക്കുമ്പോൾ തെയ്യം കാണാൻ ചുടല പറമ്പിൽ ഇറക്കി വിട്ടവനിൽ ഒരുവൻ നിളയെ പ്രകമ്പനം കൊള്ളിക്കും വിധം ആത്മാർത്ഥമായി കൂർക്കം വലിക്കുന്നു.
"വലിക്കാൻ ആണേൽ വീട്ടിൽ കിടന്ന് കൊറസ് ആയി വലിച്ചാൽ പോരെ, ഇവിടെ കിടന്ന് നാട്ടുകാരെ വെറുപ്പിക്കണ്ടല്ലോ"
കൂടുതൽ ചിന്തിച്ചില്ല, കൂർക്കം വലി ആർട്ടിസ്റ്റിനേയും തൂക്കി വീട്ടിലെ കിടക്കയിൽ താണു.

***********

"കോഴി തന്റെ ഡ്യൂട്ടി കിളിയെ ഏൽപ്പിച്ചോ?? കൊച്ചു വെളുപ്പിനെ തന്നെ എന്തൊരു ചിലയ്ക്കൽ!!ഇതിനെ ഒക്കെ ഇന്ന് എറിഞ്ഞു കൊല്ലും"
എന്നും പറഞ്ഞു പിടഞ്ഞെണീറ്റ് വാതിൽ തുറന്നപ്പോ ചിലച്ചത് കിളി അല്ല കോളിങ് ബെൽ!!ചുടല പറമ്പിൽ മിച്ചം വച്ചിട്ട് പോന്നവർ രണ്ടും ഭദ്രകാളിയുടെ അനുഗ്രഹവും വാങ്ങി കല്പനയും കിട്ടി ഉറങ്ങാൻ വന്നതാ.രണ്ടിനെയും വലിച്ചകത്തിട്ട് രണ്ടാം ഘട്ടം ഉറക്കത്തിലേയ്ക്ക് ബെഡിൽ പോയി വീണു കൊടുത്തു. സമയം 6 ആകുന്നെ ഉള്ളൂ. 10 മണി വരെ ഉറങ്ങാം, അപ്പോളേക്ക് അമ്മ തിന്നാൻ എന്തേലും വിളമ്പും!!

ഒരു നാളത്തെ ക്ഷീണം മാറ്റാൻ മൂന്നു നാൾ കിടന്നുറങ്ങി.മൂന്നാം നാൾ സമയം 10 എത്തും മുന്നേ ആരോ ഫോണിൽ വന്നു മുട്ടിവിളിച്ചു.പലവട്ടം മുട്ടിയപ്പോ ഫോൺ തുറക്കപ്പെട്ടു.
"അല്ല... ന്ത പരുപാടി..?"
"ന്തേലും പരുപാടി ആയാലോ എന്ന് ചിന്തിച്ചു കിടപ്പാ"
"ന്നാ... പോയാലോ?"
"ന്നാ... പോകാം, ബാഗ് എടുത്തോട്ടെ വെയിറ്റ്!"
"അയ്യോ ഇന്നല്ല.. ഫെബ്രുവരി 2 ന് "
"തേ...ഞ്ഞ്!! 
ഞാൻ കരുതി ഇന്ന് തന്നേ പോകാം എന്ന്"
2 വരെ കാത്തിരിപ്പ് ബോർ തന്നെ!!എങ്കിലും ഒരു യാത്ര അല്ലെ... എങ്ങോട്ടെന്നൊന്നും ചോദിച്ചില്ല, ബാഗ് എടുത്ത് രണ്ട് കളസവും പല്ലൊരക്കൽ യന്ത്രവും, സപ്പോർട്ടിനൊരു കെട്ട് വടക്കൻ പുകലയും കുത്തി നിറച്ചു.

**********

ബോർ അടിച്ചു കയറി മൂക്കറ്റം മുങ്ങിതാണ ഒരു ദിവസം രാവിലെ ഹിന്ദി വിദ്വാന്റെ വിളി വന്നു. "ഞങ്ങൾ തീവണ്ടി ആപ്പീസിൽ എത്തി.നിങ്ങളെവിടെ?"

"ഭഗവാനെ... ഇന്നാണല്ലോ യാത്ര, മറന്നുപോയി കോപ്പ്!!" 

ചാടി പിണഞ്ഞേണീറ്റ് സഹയാത്രികരെ ഓരോന്നായി വിളിച്ചു. എല്ലാവരും തീവണ്ടി ആപ്പീസ് ലക്ഷ്യമാക്കി പാഞ്ഞോണ്ടിരിക്കുന്നു.
"ഇനിയിപ്പോ ഞാനൊറ്റയ്ക്ക് പായേണ്ടി വരുമല്ലോ..ശെടാ!!' എന്ന് ചിന്തിച്ചു തീരും മുന്നേ ഭുജംഗനാട്യ രാജ്യത്തെ പുതിയ അധികാരി ഹോജരാജന്റെ വിളി വന്നു.
ഭാഗ്യം!! രാജൻ പോയിട്ടില്ല.
രാജനെയും പൊക്കി സാരഥി സുനിൽ മലഹോത്രയുടെ രഥത്തിൽ രാജകീയമായി തീവണ്ടി ആപ്പീസ്സിലേയ്ക്ക് കുതിച്ചു. കുതിപ്പിനിടയിൽ ഹോജന് ഒരു വിളി വന്നു.

"ഞാനും വരട്ടെ... ഞാനും വരട്ടെ.. ആട് മേയ്ക്കാൻ കൂടെ പോന്നോ...ട്ടെ...??"

മലയാളം മുൻഷി മാതംഗി വാരസ്യാർ ആണ്.മാമാങ്കം യാത്രയിൽ കൂടെ കൂട്ടുന്ന കാര്യം കഠിന ഹൃദയരായ മറ്റു സഹയാത്രികാരോട് ചോദിക്കുന്നതിലും ഭേദം ലോല ഹൃദയനായ ഹോജ രാജനോട് ചോദിക്കാം എന്ന് കരുതി വിളിച്ചതാണ് പാവം.
"ഞങ്ങൾ പെട്ടെന്ന് പോയിട്ട് ഠപ്പേന്നു വരാം.ഞങ്ങൾ തിരികെ വരും വരെയ്ക്കും രാജ ഭരണ ചുമതല ഇനി മാതംഗിക്ക് ആണ്. നന്നായി തന്നെ ഭരിച്ചേക്കണേ" ഹോജൻ നൈസ് ആയി മുൻഷിയെ തേച്ചു.മാതംഗി ആദ്യം ഒന്ന് ചിണുങ്ങി, പിന്നെ പിണങ്ങി.

പോകും വഴി പരിചയമുള്ള രണ്ട് മുഖങ്ങൾ പൂമരചോട്ടിൽ തളർന്നിരുന്നുറങ്ങുന്നത് കണ്ടു.
"നിങ്ങളല്ലേ തീവണ്ടിസ്റ്റാൻഡിൽ എത്തി എന്ന് പറഞ്ഞെ??എന്നിട്ട് ഇവിടെ കുത്തി ഇരിപ്പാണോ??"
ശ്വാസം പോലും വലിക്കാൻ ഇടമില്ലാത്ത വിധം,മൂക്ക് മുട്ടെ കുക്കുടബിരിയാണി തിന്ന് നടക്കാൻ വയ്യാതെ മരച്ചോട്ടിൽ വീണു പോയതാണ് രണ്ടും.ഹിന്ദി വിദ്വാൻ പുഷ്പകുമാറും, പടത്തലവൻ എട്ടുവീട്ടിൽ ബുള്ളറ്റ്കുമാർ പിള്ളയും!!
രണ്ടിനെയും പൊക്കി രഥത്തിൽ ഇട്ട് വല്ലവിധേനയും ആപ്പീസിൽ എത്തി.തീവണ്ടിയിൽ കയറിയ ഉടൻ തന്നെ ഹിന്ദി മുൻഷി പിന്നെയും തീറ്റ തുടങ്ങി.
രാജാവിനും പരിവാരങ്ങൾക്കും ഒപ്പം മാമങ്കത്തിനുള്ള പുറപ്പാടിൽ വള്ളുവനാട് ദേശത്തെ സാമൂതിരി മിസ്റ്റർ ശങ്കരൻ തിരുമേനി എവിടുന്നോ കൂടെ ചേർന്നു.സാമന്ത ദേശങ്ങൾ താണ്ടി, പച്ചവെള്ളത്തിന്റെ രസത്തിൽ ലയിച്ച്, കപ്പലണ്ടിയും കൊറിച്ച്... ഒടുവിൽ "കോൾമുട്ട" എന്ന വടക്കൻദേശത്തത് ഞങ്ങൾ കാലുകുത്തി.

അവിടെ നിന്നും "കോൾതുരുത്ത്" എന്ന ഭൂപടത്തിൽ രേഖപ്പെടുത്താത്ത വാഗ്ദത്ത ഭൂമിയിലേക്ക് അള്ളിപിടിച്ചിരുന്നൊരു രഥയാത്ര!!
രഥയാത്രയിൽ ഹിന്ദി മുൻഷിയുടെ ഈർക്കിലി രൂപത്തിൽ തള്ളി നിന്ന വലിയ വയർ സ്ഥലം മുടക്കി ആയി തുറിച്ചു നിന്നപ്പോൾ വിദ്വാനെ എടുത്ത് ഗോഡൗണിൽ തട്ടി.രാത്രിയുടെ അന്ത്യയാമത്തിൽ പൊടി പാറിക്കൊണ്ട്, രാജവീഥിയിലൂടെ വായു വേഗത്തിൽ പാഞ്ഞ രഥം ഏതോ കൊട്ടാര മുറ്റത്ത് ഒരു വ്യാഘ്രത്തെ പോലെ മുരണ്ട് കൊണ്ട് ഞെരിഞ്ഞമർന്നു കിതച്ചു നിന്നു. ഇരുട്ടിന്റെ മറവിൽ സൊറപറഞ്ഞു കൊണ്ടിരുന്ന മണ്ഡൂകങ്ങൾ നാലുപാടും ചിതറിയോടി.

കൊട്ടാരമുറ്റത്ത് കാട്ടുപോത്തുകൾ പല്ലിനിടയിൽ ഈർക്കിലികൊണ്ട് കുത്തി രസിച്ചു നടന്നിരുന്നു.വീശിയടിക്കുന്ന തണുത്ത കാറ്റ് അയവിറക്കി കൊട്ടാര പശുക്കൾ കാലിന്മേൽ കാലുകയറ്റി ചാരുകസ്സേരകളിൽ റിലാക്സ്സ് മോഡിൽ കിടപ്പുണ്ട്.അരയന്ന റാണി "സുസ്മിത സെൻ" മുറ്റത്തെ പൊയ്കയിൽ മലർന്ന്കിടന്ന് കാലിൽ മൈലാഞ്ചി വരയ്ക്കുന്നു.

അവർക്കിടയിലൂടെ തുരുത്ത്ദേശരാജൻ, രാജാമധുപാണ്ഡ്യ കട്ടബോമ്മൻ 70 എംഎം ൽ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. വന്നപാടെ കെട്ടിപിടിച്ചു, പിച്ചി പറിച്ചു, യോയോ പാടി,കൂക്കി വിളിച്ചു..കുരവയിട്ടു...വരവേറ്റു
ഒടുവിൽ കൂമ്പിനിടിച്ചു ഞങ്ങളെ  അകത്തു കയറ്റി.
മട്ടുപ്പാവിനോട് ചേർന്ന കിടപ്പറകളിലെ പരവധാനി വിരിച്ച തറയിൽ ഭാണ്ഡകെട്ടുകൾ ഇറക്കി വച്ചിട്ട്, ടോക്കൺ എടുത്ത് വരി വരിയായി ക്യു നിന്ന് എല്ലാവരും നീരാട്ട് നടത്തി.മാമാങ്ക വേഷങ്ങൾ എടുത്തണിഞ്ഞ ഞങ്ങളെ മധുരാജൻ അമൃതേത്തിന് ക്ഷണിച്ചു.അങ്കത്തട്ടിൽ പോകാനുള്ളതല്ലേ... ഒരു മിനി അങ്കം ഇവിടെയും ആകാം."നാരിയൽ കാ പാനി" കൂട്ടി മൂക്ക് മുട്ടെ വിഴുങ്ങി.ഒരു പറ നിറയെ ചറ പറ തിന്നുതീർത്ത ഹിന്ദി വിദ്വാൻ പുഷ്പകുമാർ, ഭരണിയിൽ അരിപ്പൊടി കുലുക്കി നിറയ്ക്കും പോലെ ഇടം വലം അഞ്ചാറ് കുലുങ്ങീട്ട് പിന്നെയും വാങ്ങി വിഴുങ്ങി.കുമ്പ നിറഞ്ഞ ഉടൻ ഏവരും മാമാങ്ക തട്ടിലേയ്ക്ക് യാത്ര തിരിച്ചു.

കൈലി ഉടുത്ത് തനി നാടനായി വന്ന ഹോജരാജൻ, മറന്ന കിരീടം എടുക്കാനെന്ന വ്യാജേന കൊട്ടാരത്തിൽ തിരികെ കയറി കിടന്നുറങ്ങി."അന്യ രാജ്യത്ത് മാമങ്കത്തിന് വന്നിട്ട് കിടന്നുറങ്ങുന്നോ,ഇങ്ങളൊക്കെ എന്ത് മനുഷ്യന്മാരാ?? " എന്നും പറഞ്ഞു 
കണ്ണുരുട്ടി പേടിപ്പിച്ച ശങ്കരൻ സാമൂതിരി,ഉറങ്ങിയ ഹോജ രാജനെ കുത്തിപ്പൊക്കി അങ്കത്തട്ടിലേയ്ക്ക് ആട്ടി പായിച്ചു വിട്ടു.
അടയാഭരണ വേഷഭൂഷാധികളില്ലാതെ വെറുമൊരു കൈലിയും പുലിത്തോലും മാത്രമാണ് വേഷമെങ്കിലും തലയിലെ കിരീടവും ഇലമുറ തമ്പുരാൻ മധുപാണ്ഡ്യന്റെ അംഗചേഷ്ഠകളും കാട്ടു ഭാഷ്യവും തിരിച്ചറിഞ്ഞ തുരുത്ത് സാമ്രാജ്യ മന്ത്രിമാർ, ഹോജ രാജനെയും പരിവാരങ്ങളെയും സിംഹാസനം തന്ന് മതിലിനോട് ചേർത്ത് ആനയിച്ചിരുത്തി.
പടത്തലവനും ശങ്കർതിരുമേനിയും അങ്കത്തട്ടിൽ തുറിച്ചു നോക്കി ബോറടിച്ചപ്പോ കുത്തിയിരുന്നുറങ്ങി. പുഷ്പകുമാർ ഒളിക്കണ്ണിട്ട് ആരെയോ ഒക്കെ നോക്കി പുഷ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.പുഷ്പന്റെ സ്വഭാവം ശരിക്കറിയാരുന്ന പുഷ്പഭാര്യ പുഷ്പവല്ലി, വീഡിയോ വിളിച്ചു പരിസരം നിരീക്ഷിച്ചു.

 മധു പാണ്ഡ്യ കൊട്ടാരം മുതൽ അങ്കത്തട്ടുവരെയുള്ള ഓട്ടത്തിൽ, തിന്നത് മുഴുവൻ ദഹിച്ചു എന്നും പറഞ്ഞു ഹോജ രാജൻ മാമങ്ക കലവറയിൽ കയറി കുമ്പ നിറയെ കട്ട് തിന്നു.അതൊന്നും പോരാഞ്ഞ് പ്രസാദമായി കൊടുക്കാൻ അവർ കരുതിയിരുന്ന ഒരു ബക്കറ്റ് പായസവും തീർത്തിട്ട്, ഏമ്പക്കവും വിട്ടുകൊണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ തിരികെ വന്നു പഴയ പടി ഉപവിഷ്ടനായി.
പായസം എന്ന് കേട്ടതും പടത്തലവൻ ഉറക്കം ഉണർന്നു. പായസം അല്ല ആന വന്നാലും എണീക്കില്ല എന്ന ഭാവേന വള്ളുവ നാട് സമൂതിരി ഉറക്കം തുടർന്നു.
പെട്ടെന്നാണ് വയറില്ലാ മാർഗത്തിൽ ഹോജരാജന് ഒരു സന്ദേശം വന്നത്.
"ടാ... മോനെ...."
"രാജാവിനെ കയറി മോനെ എന്നോ??ആരടാ അത്??"
ഹോജരാജൻ ആദ്യമൊന്ന് ശങ്കിച്ചു.ശങ്ക മാറിയപ്പോൾ സ്‌ക്രീനിൽ തുറിച്ചു നോക്കി ആഗത നാമം ഒന്നൂടെ ഊട്ടി ഉറപ്പിച്ചു .
ഭുജംഗനാട്യ രാജ്യ വിദൂഷകൻ "കോവാലൻ" ആണ്.കോവാല പൂക്കൾ പിന്നെയും ശബ്ദിച്ചു.
"ടാ മോനെ... ഒരു രണ്ടായിരം ഇട്ടെടാ.രണ്ടീസം കഴിയുമ്പോ തിരിച്ചിട്ടേക്കാടാ മോനെ"
ഹോജ രാജൻ സന്ദേശ വാഹിനി എടുത്ത് അടുത്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
"അവിടുന്ന് പോന്നാലും മനുഷ്യന് സ്വസ്ഥത ഇല്ല!!"
5 നിമിഷത്തെ ഇടവേള ഇട്ട് കൊണ്ട് ഇതേ സന്ദേശം മറ്റ് അംഗങ്ങൾക്കും കോപ്പി പേസ്റ്റ് ആയി കിട്ടി.
"ചുമ്മ എറിഞ്ഞുനോക്കാം, ചിലപ്പോ ബിരിയാണി കിട്ടിയാലോ!!"എന്നതാണ് കോവാല വിദൂഷക തന്ത്രം.

"കോവാലൻ" ചേട്ടൻ ഇവിടുന്ന് വാങ്ങി സമാന്തര ബ്ലേഡ് കമ്പനി നടത്തുന്നുണ്ടോ?? എന്ന ഒരു സംശയം സ്വഭാവികമായി തന്നെ ഏവരിലും മുളച്ചു പൊന്തി. എന്തൊരത്ഭുത മനുഷ്യൻ!!

കോവാലൻ ചേട്ടനെ അറിയാത്ത, കോവാലൻ ചേട്ടനിൽ നിന്നും രക്ഷപ്പെട്ട 
ആരൊക്കെയോ അങ്കത്തട്ടിൽ വരുന്നു പോകുന്നു. ചടങ്ങുകൾ എന്തൊക്കെ ആണെന്ന് ചോദിച്ചറിയാൻ ഇളമുറ തമ്പുരാൻ മധുപാണ്ഡ്യന് നേരെ തിരിഞ്ഞപ്പോൾ തമ്പുരാൻ ചാരിയിരുന്നുറങ്ങുന്നു. 
"ഇങ്ങേർക്ക് ഫുൾ ടൈം ഇതേ ഉള്ളോ പണി?? എവിടേലും ഇരുന്നാൽ അവിടിരുന്നുറങ്ങും.രാജ സദസ്സിൽ
കൊട്ടാരനർത്തകിമാരായ ചിഞ്ചു മോൾ, മഞ്ജു റാണി തുടങ്ങിവരുടെ  നൃത്തനൃത്യങ്ങൾ നടക്കുമ്പോൾ പോലും ഇത് തന്നെ പരുപാടി, ഉറക്കം!! ഇങ്ങേരെന്താ കുംഭകർണ്ണന്റെ കൊച്ചു മോനോ??!!" 
തേച്ച് മിനുക്കിയ കിറിക്ക് തന്നെ ഒറ്റ കുത്ത് വച്ചു കൊടുത്തു.
"സോറി ബ്രോ... ഭുജംഗനാട്യ രാജ്യ സഭയിലാണെന്ന് കരുതി ഞാനൊന്ന് ചെറുതായി.... മയങ്ങി. പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ??"

അന്യരാജ്യ മഹിളകളുടെ ചിത്രങ്ങൾ സ്റ്റാറ്റസ് ആയി വിളമ്പിയത് കണ്ട് ഭുജംഗനാട്യ രാജ നർത്തകികൾ കൊട്ടാര ഗ്രൂപ്പിൽ സ്റ്റിക്കറുകൾ വാരി വലിച്ചിട്ട് പ്രതിഷേധിച്ചു കൊണ്ടിരുന്നു.
 ചിഞ്ചുമോൾ മൗസ് തല്ലി പൊട്ടിക്കുന്നതിന്റെയും, മഞ്ജു റാണി അന്നത്തെ ഇംഗ്ളീഷ് പത്രം പിച്ചി ചീന്തുന്നതിന്റെയും സ്റ്റിക്കറുകൾ ഇട്ടത് കണ്ടു കണ്ണുനിറഞ്ഞ ഹോജരാജൻ, "തിരികെ പോകുമ്പോൾ റാവുത്തറുടെ പീടികയിൽ നിന്നും പഞ്ചാര മിട്ടായി വാങ്ങാൻ മറക്കരുതെന്ന് പുഷ്പകുമാറിനെ ചട്ടം കെട്ടിച്ചു"
പഞ്ചാര മിട്ടായി മാത്രം പോരാ, തേൻ മുട്ടായി കൂടി വാങ്ങണം.പുഷ്പകുമാർ ഹിന്ദിയിൽ എഴുതി ഉറപ്പിച്ചു.

അപ്പോഴേക്കും സമയം മാറി അസമയം ആയി കഴിഞ്ഞിരുന്നു. മാമാങ്കം തുടങ്ങുകയായി.കൊട്ടും കുരവയും കേട്ടുണർന്നവർക്ക് മുന്നിൽ തീപ്പന്തങ്ങൾ മത്സരിച്ചു ആളി തുടങ്ങി.
അത് വരെ ബോറനായി നിന്നിരുന്ന അങ്കവീരൻ കതിവന്നൂർ വീരനായി തോറ്റം പാടി ചലിച്ചു തുടങ്ങി.

"ഏത് മൂഡ്.. മാമാങ്ക മൂഡ്...
ഏത് മൂഡ്.... യുദ്ധ മൂഡ്...
ഏത് മൂഡ്... സ്റ്റാറ്റസ്സ് മൂഡ്..
ഏത് മൂഡ്... ഒടുക്കത്തെ മൂഡ്..."

ആഹാ വൈബ്!!

അങ്കത്തട്ടിൽ തീപ്പൊരി പാറി. മെയ് വഴക്കത്തോടെ വാളുകൾ പലവിധത്തിൽ മാറ്റിയും മറിച്ചും, ഉരുമികൾ വീശിയും ചുഴറ്റിയും അങ്കം കൊഴുത്തു. ഒടുവിൽ അങ്ക വീരന് പകരം വേഷ പകർച്ചയും ആയി വന്നവൻ കുക്കുട ബലി നടത്തി രക്തദാനത്തോടെ പാത്രം കമഴ്ത്തി.
"ബാ പോകാം.."
"കഴിഞ്ഞോ??"
"ഇല്ല, ഇനി പുലർച്ചെ.."
"പുലർച്ചെ ആകാറായല്ലോ"
"ഇപ്പൊ രണ്ട് മണി അല്ലെ ആയുള്ളൂ. ബാക്കി ഉള്ളത് 5 മണിക്ക്."
"അതെന്ത് ഏർപ്പാടാ??"
"കച്ചമുറുക്കി ചുകപ്പിക്കാൻ അവർക്ക് ടൈം വേണം ഹേ.. മിസ്റ്റർ ഹോജൻ"
"എന്നാ പിന്നെ നോം ആവോളം സമയം അനുവദിച്ചിരിക്കണ്!!"
"എന്നാ വേഗം പോകാം..."
"മുൻപേ നടക്കും ആ പാണ്ഡ്യന്
 വാലായി പിൻപേ മണ്ടി ആ ഹോജയും സംഘവും....
നാരാ...യണ ജയ നാ...രായണ ജയ... നാരാ..യണ ജയ നാരായണ ജയ !!"

അഞ്ചുമണിക്ക് എണീറ്റ് മൂത്രമൊഴിച്ചിട്ട് വീണ്ടും കിടന്നുറങ്ങിയവരോടെല്ലാം ഇളമുറ തമ്പുരാൻ പിണങ്ങി.
"ഞാൻ പറഞ്ഞതല്ലേ പുറപ്പാട് കാണണം എന്ന്. നിങ്ങൾക്ക് ആർക്കും കണ്ണിൽ ചോര ഇല്ല, ദുഷ്ടന്മാർ.ന്നാലും ഇത് വല്ലാത്ത ചതി ആയി പോയി!!"
സെന്റിമെന്റൽ ആയ മധുപാണ്ഡ്യനെ ഹോജ രാജനും വള്ളുവനാട് സമൂതിരി ശങ്കരൻ തിരുമേനിയും ചേർന്ന് "ഫിഷ് അച്ചാർ" വാങ്ങിതരാം എന്ന ഉറപ്പിന്മേൽ ആശ്വസിപ്പിച്ചു. 

************

അങ്കതട്ടിന് മുന്നിലെ സീറ്റുകൾ 
തുരുത്ത് നാരികൾ കയ്യേറിയിരിക്കുന്നു.സൈഡ് സീറ്റുകൾ കാലി. സൂര്യകുമാർ ഇപ്പോളും ഉറക്കം തന്നെ. ചെമ്മരത്തി തറയിൽ കുത്തി നിർത്തിയ പന്തങ്ങൾ സൂര്യകുമാറിന്റെ പണി തൽക്കാലം ഏറ്റെടുത്ത് വെട്ടം സ്പോൺസർ ചെയ്തു.
ഉറഞ്ഞു തുള്ളി അങ്ക വീരൻ പടപുറപ്പാട് ആരംഭിച്ചു. സ്റ്റാറ്റസ്സ് ഇട്ട് അപ്സരസ്സുകളെ കൊതിപ്പിക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ ഏറ്റവും മുന്നിൽ പോയി പുറപ്പാട് ഒപ്പി എടുക്കാൻ നിന്ന പുഷ്പകുമാറിനു നേരെ പാഞ്ഞടുത്ത കതിവന്നൂർ വീരന്റെ ഫുൾ വേർഷൻ കണ്ട് വിറച്ചു മുള്ളിപോയ പുഷ്പ്പൻ മതില് ചാടി പേടിച്ചോടി.

പുഷ്പനില്ലാതെ എന്താഘോഷം!!
എന്ന് പറഞ്ഞു പോകാനൊരുങ്ങിയ ഹോജരാജനോട് ഒറ്റ ചോദ്യം!!
"ഒറ്റയ്ക്ക് പോകാൻ വഴി അറിയുമോ? അറിഞ്ഞാൽ തന്നെ നേരം വെളുക്കാതെ താങ്കൾക്ക് കണ്ണ് കാണുമോ? " ഒറ്റ ചോദ്യത്തിനൊപ്പം കിട്ടിയ ബോണസ്സ് ചോദ്യം കൂടി ആയപ്പോൾ ഹോജരാജൻ അങ്കത്തട്ടിലേയ്ക്ക് മാത്രം ശ്രദ്ധ കൊടുത്ത് ഏറ്റവും മുന്നിലായി പോയി കുത്തി ഇരുന്നു അങ്കം കണ്ടു.

മനം നിറച്ചുകൊണ്ട് കതിവന്നൂർ വീരൻ നിറഞ്ഞാടി.എല്ലാം കഴിഞ്ഞപ്പോളേക്ക് സൂര്യകുമാർ യാദവ് മുറുക്കി ചുകപ്പിച്ചതെല്ലാം കിഴക്കേ തൊടിയിൽ തുപ്പിക്കൊണ്ട് ഉറക്ക ചടവിൽ കയറി വന്നു. അതോടെ പ്രധാന ഘട്ടത്തിന് സമാപനം ആയി.

വീണ്ടും മധു രാജകൊട്ടാരത്തിലേക്ക്. അവിടെ ചെന്ന് അരമനയിൽ കയറി 
പള്ളിയുറക്കം തുടർന്നു.ഇടയിലെപ്പോഴോ ആരോ വിളിച്ചു പറഞ്ഞ "പ്രാതൽ" എന്ന് കേട്ട ഉടൻ എല്ലാരും പിടഞ്ഞെണീറ്റ് പ്ളേറ്റും ആയി ചെന്നപ്പോ പുലർച്ചെ പേടിച്ചോടിയ പുഷ്പകുമാർ തീൻ മേശയ്‌ക്കരികിൽ മടിയിലൊരു കുടവും ആയി ഇരുന്ന് കഷ്ടപ്പെട്ട് എന്തൊക്കെയോ വാരിവലിച്ച്‌ കഴിക്കുന്നു.
"ഇതെന്താ മടിയിലൊരു കുടം?"
ശങ്കരൻ തിരുമേനി ആകാംക്ഷയിൽ അടുത്ത് ചെന്ന് കുടത്തിൽ കൊട്ടി നോക്കി.
"വയറിൽ തട്ടാതെ തിരുമേനി!!"
ഹിന്ദി വിദ്വാൻ കൈ കൂപ്പി അപേക്ഷിച്ചു.
ഫുഡും അടിച്ച് വീണ്ടുമൊരുറക്കത്തിനായി തുടങ്ങിയപ്പോൾ ആണ് ഇളമുറതമ്പുരാൻ കട്ട ബോമ്മൻ ഒരു മൊന്തയിൽ നിറയെ "സ്വീറ്റ് നാരിയൽ ക പാനി"യും ആയി പെണ്ണുകാണൽ ചടങ്ങിലെ തരുണിയെപോലെ കടന്നു വന്നത്.മൊന്തയിൽ ഉള്ളത് സ്പടിക കപ്പിലേക്ക് ഊറ്റി ഒറ്റ വലി.
ഐവ!! കിടു. കപ്പിൽ എഴുതിയ പോലെ "സ്വർഗീയം" തന്നെ!!
"ഇനീം ഇണ്ടോ??"
"ഇല്ല" 
"ഇച്ചിരി കഞ്ഞിവെള്ളം എങ്കിലും പഞ്ചാര ഇട്ട് കിട്ടുമോ? "
"നാരിയൽ കാ പാനീ, എന്നും പറഞ്ഞു കാട്ടു പോത്തിനു കൊടുക്കാൻ വച്ചിരുന്ന കഞ്ഞി വെള്ളം പോലും പടത്തലവൻ ബുള്ളറ്റ് കുമാർ മൊത്തത്തിൽ എടുത്തു മോന്തി"
"പഴങ്കഞ്ഞീടെ വെള്ളം?? " 
"അത് ഞാൻ തന്നെ കുടിച്ചു" പാണ്ഡ്യ രാജൻ കുമ്പസരിച്ചു.
"കാടിവെള്ളം വേണേൽ ഒപ്പിക്കാം"
താടിക്കിട്ട് ഒരു തട്ട് വച്ചു കൊടുക്കാൻ തോന്നി.പുഴ കാണിക്കാം എന്ന് പറഞ്ഞിരുന്നത് കൊണ്ട് താടിക്ക് തട്ട് ഒഴിവാക്കി നേരെ പുഴയിലേയ്ക്കുള്ള വഴിയേ ഇളമുറ തമ്പുരാന്റെ പിന്നാലെ നടന്നു.

നൂല് പോലൊരു പുഴ പ്രതീക്ഷിച്ചു ചെന്നപ്പോ ദേ ഒരു എമണ്ടൻ ജലപ്പരപ്പ് കായല് പോലെ നീണ്ടു പരന്ന് കിടക്കുന്നു. കടലിലേയ്ക്ക് ഉള്ള ഒഴുക്ക് ആണ്. ആ ഒഴുക്കിനൊത്ത് പോയാൽ, മുത്തപ്പ രായൻ "കല്പനകൾ" കൈമാറുന്ന നാട്ടുരാജ്യം ആയ പറശ്ശിനിക്കടവിൽ എത്തും.ജല പരപ്പിലൂടെ അങ്ങകലെ ഒരു വലിയ പാലം ഉണ്ട്. അതിനപ്പുറത്ത് നിന്നും ചില ബോട്ടുകൾ പാലത്തിനൊപ്പം വന്നെത്തി നോക്കീട്ട് നാണത്തോടെ മടങ്ങി പോകുന്നു. ചില വഞ്ചികളിൽ ഇടയ്ക്കിടെ ആരൊക്കെയോ ടപ്പയിൽ നിറച്ച "നാരിയൽ കാ പാനീ" കടവിൽ അടുപ്പിച്ചുകൊണ്ടേയിരിക്കുന്നു.അങ്ങിനെ ആരോ വന്ന ഒരു കെട്ടുവള്ളം കടവത്ത് കെട്ടിയിട്ടിട്ടുണ്ട്. സ്റ്റാറ്റസ്സ് ഇട്ട് കൊതിപ്പിക്കണം എന്ന് പറഞ്ഞു "പുഷ്പകുമാർ" വഞ്ചിയിൽ ചാടി കയറി.
ബാലൻസ് തെറ്റി വെള്ളത്തിൽ വീഴാൻ തുടങ്ങിയ പുഷ്പനെ നോക്കി വലിയൊരു വാളമീൻ നാവു നുണഞ്ഞു.
"കാത്തു സൂക്ഷിച്ചൊരു പുഷ്പന്റെ ബോഡിയെ വാളമീൻ വെട്ടി വിഴുങ്ങും... അത് കാക്കച്ചി പാടി നടക്കും..."
അതിലെ പോയൊരു തോണിക്കാരൻ ഈണത്തിൽ പാടി താളത്തിൽ തുഴഞ്ഞു.
"പോത്ത് പോലെ വളർന്നു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല.തമാശ കളിക്കാതെ വഞ്ചിന്ന് കയറിക്കോ വേഗം" കട്ടബോമ്മൻ കൈ ചൂണ്ടി ഉത്തരവിട്ടു.
"ഇത്രത്തോളം വന്ന സ്ഥിതിക്ക് പറശ്ശിനി നാട്ടിൽ ചെന്ന് മുത്തപ്പരായനെ കണ്ട് കുശലം പറഞ്ഞിട്ട് തിരികെ പോന്നാലോ??"ബുള്ളറ്റ്കുമാർ ആശയം എടുത്തിട്ടു. ആശയം ശബ്ദ വോട്ടാൽ പാസ്സായി.

"എന്നാൽ പിന്നെ നമുക്ക് അവസാനമായി മാമാങ്ക വേദിയിൽ ഒന്നൂടെ പോകാം. വെറൈറ്റി ഐറ്റംസ് വല്ലതും പ്രസാദം ആയി കിട്ടിയാലോ??" ഹോജ രാജൻ മുന്നേ നടന്നു. ഇത്തവണ നാടൻ അല്ല, രാജകീയ വേഷം ആണ്. വേഷം രാജകീയം ആയത് കൊണ്ട് കിരീടം പെട്ടിയിൽ വച്ചു പൂട്ടി. അല്ലേലും ആ കിരീടം പകൽ വെളിച്ചത്തിൽ കൊണ്ടുപോകാത്തതാണ് നല്ലത്. 916 സ്വർണം പൂശിയ കുന്നംകുളം മെയ്ഡ് ആണ് കിരീടം.

**************

പ്രകടനം ഒക്കെ കഴിഞ്ഞു ശാന്തപ്പനായി കാണപ്പെട്ട യുദ്ധവീരന്റെ മുന്നിലേയ്ക്ക് ഭുജംഗനാട്യ രാജ സഭാഗങ്ങൾ ഒരുമിച്ചു ചേർന്നു കുമ്പിട്ടു നിന്നു. യുദ്ധ വീരൻ വട്ടം കൂടി തല്ലാൻ വന്നവർ ആണോ എന്നറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ചേർത്ത് നിർത്തി. ഹോജ രാജന്റെ മുഖത്തെ കള്ള ലക്ഷണം കണ്ട് വീരൻ കാര്യം നേരെ ചൊവ്വേ തുറന്നു ചോദിച്ചു. വീരന്റെ മുന്നിൽ ഹോജരാജൻ ദുർബലനായി സത്യങ്ങൾ സമ്മതിച്ചു കുറിപ്പെഴുതി ഒപ്പിട്ട് നൽകി.
"അമ്പട കേമാ... ഹോജ കുട്ടാ.."
വീരൻ ഹോജനെ ചേർത്ത് പിടിച്ച്‌ കാതിൽ ചോദിച്ചു "വൈകിട്ടെന്താ പരുപാടി??"

കൊട്ടാര സഭയിൽ നിന്നും "പൂരം കാണാൻ" വേണ്ടി ലീവ് എടുക്കാതെ മുങ്ങാൻ സമ്മതിക്കാത്ത പക്ഷം, ഹോജ രാജനെ ഭീഷണി പെടുത്താൻ വേണ്ടി മാത്രം പുഷ്പ്പൻ അതെല്ലാം രേഖകളായി പകർത്തി എടുത്തു. പകർത്തിയത് ഭദ്രമായി സൂക്ഷിക്കാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ് പുഷ്പന്റെ ഫോണിൽ മറ്റൊരു സന്ദേശം പറന്ന് വന്നിറങ്ങിയത്.കൊട്ടാര അപ്സരസ്സുകളിൽ ആരേലും ആകുമെന്ന ശുഭ പ്രതീക്ഷയിൽ കള്ളപുഞ്ചിരിയോടെ പുഷ്‌പ്പു ആ സന്ദേശം നോക്കി.
"ഒരു 200 ബക്സ് അയച്ചേ ഘടി. അത്യാവശ്യം ആണ്.കടല മിട്ടായി വാങ്ങാനാ"
കോവാലൻ റീ ലോഡഡ്ഡ്!!
സന്ദേശം ഫ്ലാഷ് ആയ ഉടൻ തുരുത്ത് രാജ്യത്തെ മൊത്തം മൊബൈലും ഓഫ്‌ ആക്കിക്കൊണ്ട് കോവാല ബഹിഷ്കരണം തുരുത്ത് നാട്ടിൽ നടപ്പിലാക്കി.

"ഇതൊന്നുമല്ലാതെ ഇനി എന്തെങ്കിലും...." വീരൻ ഭാഗികമായി നോക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു.
"ഇനിയാണ് പ്രധാന കാര്യം!!"
"എത്ര പ്രവർത്തിച്ചിട്ടും ഫലം നഹി ഹേ ഹൈ ഹോ "പടത്തലവൻ ഭാവ്യതയിൽ താണ് തൊഴുതുകൊണ്ട് ഉണർത്തിച്ചു.
"ഫലം ഇച്ഛിക്കാതെ പ്രവർത്തിക്കൂ... എന്നല്ലേ, ഫലം താനേ വരും!!"
"ഫലം ഒട്ടും കിട്ടുന്നില്ല"സാമൂതിരി തല ചൊറിഞ്ഞുകൊണ്ട് മൊഴിഞ്ഞു.
"നിങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിച്ചു എന്ന് ഉറപ്പുണ്ടോ?"വീരൻ ഹോജരാജനെ നോക്കിക്കൊണ്ട് ചോദ്യം ആഞ്ഞെറിഞ്ഞു. രാജനെന്തോ പറയും മുന്നേ വീരൻ വീണ്ടും മുരടനക്കി.
"പാത്രം അറിഞ്ഞു വിളമ്പുക എന്ന് കേട്ടിട്ടില്ലേ...??"
"ഉവ്വ്!!"
"എന്താ അതിനർത്ഥം??"
"ആവോ!!" ഹോജനും കൂട്ടരും ഒരുപോലെ പറഞ്ഞു.
"അതാണ്‌ പ്രശ്നം. വിളമ്പുന്നത് കഞ്ഞി ആണേലും പായസമാണേലും.. പാത്രം ഇല ആണേൽ തറയിൽ കുഴി കുത്തി അതിൽ ഇല വച്ചിട്ട് കുറേശ്ശേ വിളമ്പണം. ഇല്ലേൽ വിളമ്പിയത് മുഴുവൻ ഇലയിൽ നിന്നും താഴെ വീണു പോകും. സ്റ്റീൽ പാത്രം കയ്യിൽ ഉള്ളവന് കൊടുക്കും പോലെ ഇലയും ആയി വരുന്നവന് വിളമ്പിയാൽ..അവന്റെ കൈ വരെ പൊള്ളി പോകാൻ ഇടയുണ്ട്. അങ്ങിനെ വരുമ്പോൾ പ്രവർത്തിയിൽ ഒട്ടും ഫലം ഉണ്ടാവില്ല" വടക്കൻ പുകലയേക്കാൾ വീര്യമുള്ള വാക്കുകൾ എടുത്ത് യുദ്ധവീരൻ വീര്യത്തിൽ വീശി. ആൾക്കൂട്ടത്തിനിടയിലായിരുന്നിട്ടും വല്ലാത്തൊരു നിശബ്ദത അവർക്ക് ചുറ്റും തളം കെട്ടി നിൽക്കപ്പെട്ടു.
വീരൻ തുടർന്ന് ചോദിക്കാൻ ഒരുങ്ങിയ
"പാത്രം അറിഞ്ഞാണോ നിങ്ങൾ പ്രവർത്തിച്ചത്??" എന്ന കാരി മുള്ളിന്റെ മൂർച്ചയുള്ള ചോദ്യവും,അതിന്റെ പിന്നാലെ ഉള്ള "മുൻകൂട്ടി തയ്യാറായ അച്ചിൽ ദ്രവ്യം കോരിയൊഴിച്ചു മനോഹര ശിൽപ്പങ്ങൾ തയ്യാറാക്കി വിടുന്നത് അല്ല , പകരം അഭംഗിയുള്ള പാറ കഷ്ണത്തിൽ നിന്നും ആവശ്യമില്ലാത്തതെല്ലാം കൊത്തി കളഞ്ഞു ശിൽപങ്ങൾ മിനുക്കി എടുക്കുന്നത് ആണ് യഥാർത്ഥ ശിൽപ്പി ധർമ്മം. അതിന് ചിലപ്പോൾ വെയില് കൊള്ളേണ്ടി വരും, കൈകളിൽ മുറിവ് ഏൽക്കേണ്ടി വരും....." എന്ന സുവർണ്ണ ലിപികളും കേൾക്കുവാൻ ശേഷിയില്ലാത്ത കൊണ്ട് വീരന് ദക്ഷിണ നൽകി അവിടുന്ന് വല്ല വിധേനയും പുറത്തു ചാടി.

ആകെ ക്ഷീണിച്ച "ബുള്ളറ്റ് കുമാർ" "വിശക്കുന്നു" എന്ന് പറഞ്ഞു കൊട്ടാരത്തിലേയ്ക്ക് ഓടി.ബുള്ളറ്റ് കുമാറിനെ സഹായിക്കാനായി മറ്റുള്ളവരും പിന്നാലെ പാഞ്ഞു. കലവറയിൽ മിച്ചം ഉണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കൾ മുഴുവനും വിഴുങ്ങി ഏമ്പക്കവും വിട്ട് എണീറ്റ ഭുജംഗനാട്യ രാജ്യക്കാർ കൈ കഴുകി വന്നപ്പോളേക്ക് കട്ടബോമ്മ രാജൻ തന്റെ കൊട്ടാരം "ഭക്ഷ്യക്ഷാമ പ്രദേശമായി" പ്രഖ്യാപിച്ചു ബോർഡ് വച്ചിരുന്നു. ഇനി കൊട്ടാരത്തിൽ തുടർന്നാൽ പട്ടിണി കിടക്കേണ്ടി വരുമെന്ന് മനസ്സിലായ ഉടൻ തന്നെ ഭാണ്ഡങ്ങൾ എല്ലാം മുറുക്കികെട്ടി കൊട്ടാരം വിടാൻ തീരുമാനിച്ചു.മധുരാജന്റെ അഭ്യർത്ഥന മാനിച്ച്, കൊട്ടാരനിവാസികളുടെ കൂടെ ഒരു ചിത്രത്തിന് നിന്നു കൊടുക്കേണ്ടി വന്നു.അമ്മ മഹാറാണിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഭുജംഗനാട്യ രാജ അംഗങ്ങൾ മാത്രം നിന്നുകൊണ്ട് മറ്റൊരു ചിത്രം കൂടി അവർ ഒപ്പിയെടുത്തു.ആ ചിത്രം അവർ ഓയിൽ പെയിന്റ് ആക്കി കൊട്ടാരം ഭിത്തിയിൽ തൂക്കിയിട്ടു. കൂടെ ഒരു അടിക്കുറുപ്പും, "ഇവരെ സൂക്ഷിക്കുക,ഭക്ഷ്യ ക്ഷാമം ക്ഷണിച്ചു വരുത്തരുത് "
"ഇവരെ തുരുത്തൊക്കെ കൊണ്ടുപോയി കാണിച്ചുകൊടുക്ക്" ബൊമ്മന്റെ ഭാര്യ ബോമ്മി മൊഴിഞ്ഞു. ബൊമ്മ രാജൻ അത് കേട്ട ഭാവം നടിക്കാതെ കിങ്കരന്മാരെ വിളിച്ചു രഥം കൊണ്ടുവരാൻ ഉത്തരവിട്ടു.

********

ഭുജംഗനാട്യ നാട്ടുരാജാക്കളെ നാഗന്മാരുടെ ദേശത്തത്  കൊണ്ടുപോയി തട്ടിയിട്ട് രഥം വന്ന വഴി പാഞ്ഞു പോയി.പാമ്പുകൾ ആടുന്ന നാട്ടിൽ നിന്നും വന്നവർ ആണ് എങ്കിലും നാഗന്മാരെന്ന് കേട്ടപ്പോൾ ഉള്ളിലൊരു വല്ലാത്ത ഭീതി.നാഗദേശത്തിലേയ്ക്ക് ഉള്ളിലെ ഭയം മൂടി വച്ചുകൊണ്ട് പമ്മി പതുങ്ങി കടന്നു ചെന്നു. ഭാഗ്യം, നാഗന്മാർ എല്ലാം ചില്ലു കൂടാരത്തിൽ ഉച്ചയുറക്കത്തിൽ ആണ്. ഉറങ്ങുന്നവരെ ശല്യം ചെയ്യാതെ... പതുങ്ങി നടന്നു എല്ലാം കണ്ട് വേഗം പുറത്തിറങ്ങി. നേരെ ചൊവ്വേ മുത്തപ്പ രാജ സന്നിധിയിലേക്ക്.
മുത്തപ്പ രാജ്യം, കട കമ്പോളങ്ങളാൽ സമൃദം. വലിയ കൊട്ടാരം. കൊട്ടാരമുറ്റത്ത് ശ്വാനന്മാർ കുന്തവും പിടിച്ച്, തലങ്ങും വിലങ്ങും നടന്ന് പാറാവ് ചെയ്യുന്നു.കൊട്ടാര കാര്യസ്ഥ പുരയിൽ ഭാണ്ഡങ്ങൾ ഇറക്കി വച്ചു.
വിശപ്പിന്റെ അസുഖം ഉള്ള ഹിന്ദി വിദ്വാൻ മിസ്റ്റർ പുഷ്പകുമാർ കലവറയിൽ വിതരണം ചെയ്തിരുന്ന സ്റ്റാർട്ടർ ഫുഡും വാങ്ങി അടിച്ചിട്ട് മുത്തപ്പ സന്നിധിയിലേക്ക് അനുവാദം ഇല്ലാതെ കടന്നു ചെന്നു. മുത്തപ്പ രാജൻ പള്ളി ഉറക്കം ആണത്രേ. മുത്തപ്പ രാജൻ ബോറടി മാറ്റാൻ ഒരുക്കിയിട്ടുള്ള ഉല്ലാസ നൗകകൾ ജലപ്പരപ്പിൽ പാറി നടക്കുന്നുണ്ട് എന്നറിഞ്ഞ ഉടൻ ഹോജ രാജന്റെ നേതൃത്വത്തിൽ മുട്ടനൊരു നൗകയിലേക്ക് യാത്രയായി.
ഭുജംഗനാട്യ രാജ സഭയേക്കാൾ വലിയൊരു നൗക!!കൗരവർക്കും പാണ്ഡവർക്കും ഒരുമിച്ചു കൂടാനും മാത്രമുള്ള ഇരിപ്പിടങ്ങൾ. നൗകയുടെ സൗകര്യങ്ങൾ ഓടിനടന്നു കണ്ടുതീർത്തു.
"ഇതുപോലൊരെണ്ണം ഭുജംഗനാട്യ രാജ്യത്തെ പുഴയിലും നമുക്ക് വേണം രാജൻ" പടത്തലവൻ ബുള്ളറ്റ്കുമാരൻ തന്റെ ആഗ്രഹം  ഹോജരാജന് മുന്നിൽ ഇറക്കിവച്ചു.
"അപ്സരസുകളുടെ നൃത്തങ്ങളും, രാജ യോഗങ്ങളും, മഞ്ജു റാണിയുടെയും കണക്കപിള്ള ശാരദാമ്പാളിന്റെയും പാർട്ടികൾ നമുക്ക് അതുള്ളിൽ ആക്കാം"പുഷ്പകുമാർ പുഷ്പ്പിച്ചു മൊഴിഞ്ഞു.ഹോജരാജൻ പൂച്ച പെറ്റു കിടക്കുന്ന കൊട്ടാര ഖജനാവിനെ പറ്റി ഒട്ടും ചിന്തിക്കാതെ "ഭുജംഗനാട്യ തീരത്ത് നൗക വരും" എന്നൊരു ഉറപ്പ് കുറിപ്പായി നൽകി. അപ്പോഴേക്കും മുത്തപ്പ നൗക അറബികടൽ ലക്ഷ്യമാക്കി അനങ്ങി തുടങ്ങി.
നൗകയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, മുത്തപ്പ കൊട്ടാരം കാണാൻ വല്ലാത്ത ഒരു ഭംഗി. "മുത്തപ്പ രാജ്യം പിടിച്ചടക്കിയാൽ ഈ ഭംഗി ദിവസേന ആസ്വദിക്കാം അല്ലെ??" പടത്തലവൻ വള്ളുവനാട് സാമൂതിരിയോട് ഗൂഢമായി കൂടി ആലോചന നടത്തി. സൂര്യാകുമാർ തന്റെ മുറുക്കാൻ ചെല്ലം തുറന്ന് ,  പടിഞ്ഞാറ്റെ കുളിക്ക് മുന്നുള്ള 
ഒന്നാം വട്ടം മുറുക്കി തുപ്പ് നടത്തിയിരുന്നു അപ്പോളേക്ക്. ദൂരത്തായി ഒരു തുരുത്ത് വെള്ളത്തിൽ തലപൊക്കി നൗകയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പാണ്ഡ്യ രാജന്റെ രാജ്യത്തു നിന്നും മലവെള്ളത്തിൽ അടർന്നു പോയത് പോലെ ഉണ്ട്. "അടുത്ത് ചെന്ന് നോക്കാം" എന്ന് കരുതി ശങ്കർ തിരുമേനി സാരഥിക്ക് വേണ്ട നിർദ്ദേശം നൽകാൻ വേണ്ടി മട്ടുപ്പാവിൽ നിന്നും നൗകയ്ക്ക് ഉള്ളിലേയ്ക്ക് കടന്നു.ഉള്ളിൽ എത്തിയപ്പോൾ സാരഥിയും സഹായിയും കൂടി ചേർന്ന് സംഗീത സഭ നടത്തുകയാണ്. പണ്ടേ പാട്ടിൽ വീണു പോകുന്ന ശീലമുള്ള ശങ്കർ തിരുമേനി താളം തല്ലി പാട്ടിൽ ലയിച്ചു.

പാട്ടുകൾ പലതും മാറി മാറി ഒഴുകി.ആ ഒഴുക്കിൽ മുഴുകിയത് കൊണ്ട് നൗകയുടെ ഒഴുക്ക് എങ്ങോട്ടെന്ന് ആരും കണ്ടില്ല.
"പറക്കും തളിക.... ഇത് മനുഷ്യരെ കറക്കും തളിക....." പാട്ട് തീരും മുന്നേ 
ഒന്ന് കറക്കി തിരികെ കൊണ്ടുവന്നു മുത്തപ്പ മുറ്റത്ത് ഇറക്കി വിട്ടിട്ട് നൗക ജലപ്പരപ്പിൽ ഓളം തട്ടി തീരം ചേർന്ന് നിന്നു. അപ്പോളേക്ക് മുത്തപ്പ രാജൻ വേഷ ഭൂഷാദികളോടെ ഹാജർ!!

തന്നേക്കാൾ പ്രതാപി ആയ മുത്തപ്പ രാജനെ കാണാൻ ഞാനില്ല,അങ്ങേർക്ക് വേണേൽ എന്നെ അങ്ങോട്ട് വന്ന് കാണട്ടെ എന്നും പറഞ്ഞു ഹോജ രാജൻ കൊട്ടാര വെളിയിലെ ആലിൻചോട്ടിൽ പോയി ഹുഡ്കയും വലിച്ച് വെറുതെ കാത്തിരുന്നു.മുത്തപ്പ രാജനെ കണ്ട് തിരികെ പോകാം എന്ന് കരുതി ബാക്കി വന്നവർ സദസ്സിൽ കാത്തു നിന്നു. കിരീടവും ചെങ്കോലും ആയി പ്രതാപിയായി മുത്തപ്പരാജൻ എഴുന്നള്ളി. സഭയിൽ ജയഭേരി മുഴങ്ങി. പ്രജകൾ കൂപ്പു കൈകളാൽ രാജനെ വരവേറ്റു.

മത്തങ്ങ പോലുള്ള മുത്തപ്പ രാജനെ കണ്ട് പൊട്ടിച്ചിരിച്ചു പോയ ഭുജംഗനാട്യ രാജ്യക്കാരെ മുത്തപ്പ കിങ്കാരന്മാർ തൂക്കി വെളിയിൽ എറിഞ്ഞു.വെളിയിൽ കാവൽ നിന്നിരുന്ന ശ്വാനഭടന്മാർ ജാഗ്രതയോടെ നോക്കി.കുന്തത്തിൽ പിടി മുറുക്കി. അവരൊന്നു മുരണ്ടു.

തന്നെ കാണാൻ മുത്തപ്പരാജൻ വരുമെന്ന് പ്രതീക്ഷിച്ചു വെളിയിൽ കുത്തിയിരുന്നിരുന്ന ഹോജ രാജനെയും പൊക്കി കിട്ടിയ രഥത്തിൽ ഭാണ്ഡങ്ങൾ കയറ്റി മുത്തപ്പരാജ്യാതിർത്തി കടന്ന് വടക്കൻദേശ നഗരിയിൽ എത്തി അവർ തങ്ങളുടെ തടി കേടാകാതെ സംരക്ഷിച്ചു. തന്റെ പ്രജകളെ പുറത്തേക്ക് എടുത്തിട്ട മുത്തപ്പരാജനെതിരെ ഒളിയുദ്ധ സാധ്യത വിലയിരുത്താൻ ഹോജ രാജൻ അയൽ രാജാവായ കോദണ്ഡപാണിയെ വിളിച്ചു വരുത്തി.പാണിയും ഹോജനും പണ്ടത്തെ ചൂതുകളി പാർട്ണർസ് ആണത്രേ.പാണിവന്ന ഉടൻ ഹോജൻ, പാണിയേം കൂട്ടി എങ്ങോട്ടോ പോയി.ആ പോക്ക് കണ്ടാൽ അറിയാം സംഗതി മുത്തപ്പ യുദ്ധം ഒന്നുമല്ല, മറ്റെന്തോ തരികിട ആണ് എന്ന്.

നേരം നട്ട പാതിരാ.വിശപ്പിന്റെ വിളി തുരു തുരാ മുഴങ്ങി.ചിഞ്ചുവിനും മഞ്ജുവിനും മിട്ടായി വാങ്ങാനുള്ള കുറിപ്പടി പുഷ്പ്പൻ എടുത്ത് നോക്കീട്ട് കാറ്റിൽ പറത്തി. ഹോജൻ ഇല്ലാതെ എന്ത് മിട്ടായി. തൊട്ടടുത്ത തട്ടുകടയിൽ കയറി ചൂടുള്ള വെള്ളവും ചൂടപ്പവും തിന്നിട്ട് നാൽവർ സംഘം തീവണ്ടി സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിൽ പലതരം വണ്ടികൾ ഓടി ചാടി വരുന്നു പോകുന്നു.പേർഷ്യയിൽ നിന്നും വടക്കൻ ദേശം വഴി പാണ്ടി ദേശത്തേയ്ക്ക് പോകുന്ന കുടു കുടു വണ്ടി 5 മണിക്കൂർ വൈകി ഓടുന്നു എന്ന ഞെട്ടിക്കുന്ന സത്യം അധികാരികൾ ചുമരിൽ പശ തേച്ചൊട്ടിച്ചു വച്ചു.
 "ഇനി എന്ത് ചെയ്യും പടത്തലവാ ?? "
"കാത്തിരിക്കാം.വേറെന്ത് ചെയ്യാൻ!!"

നേരം പോക്കിന് കിളികൾ ആരുമില്ല എന്നും പറഞ്ഞു ഹിന്ദി വിദ്വാൻ ആദ്യം കണ്ട ആൽത്തറയിൽ നീണ്ടു നിവർന്നു കിടന്നുറങ്ങി.സമൂതിരിയും പടത്തലവനും ഓരോരോ ആലിൻ ചുവട്ടിൽ ആയി കിടന്ന് കൂർക്കം വലി തുടങ്ങി. പഞ്ചാര കൂടിയ പുഷ്പനെ പക്ഷെ കൊതുക് പെണ്ണുങ്ങൾ വളഞ്ഞിട്ട് പീഡിപ്പിച്ചു.വഴിതെറ്റി ആ വഴി മിണ്ടാതെ വന്നൊരു വണ്ടി ഷൊർണ്ണൂർ രാജ്യ കരയിലും പോണുണ്ട് എന്നറിഞ്ഞ നാൽവർ സംഘം കിട്ടിയ വണ്ടിയിൽ പെട്ടെന്ന് ചാടി കയറി. പുലർച്ചെ 4 ന് ഷൊർണ്ണൂർ രാജ്യ തീരത്ത് ഉറക്കചടവോടെ ചാടിയിറങ്ങി.

ഒരു ചായ, ഒരു വട, ഒരു ബിരിയാണി.. അത്രേം തിന്നപ്പോളേക്ക് വള്ളുവ രാജ്യത്തിലൂടെ പാണ്ടി നാട്ടിലേയ്ക്ക് പോണ "വെസ്റ്റപ്പൻ" കൂക്കി വിളിച്ചു നിരങ്ങി വന്നു.വെസ്റ്റപ്പനിലേറി വള്ളുവ രാജ്യനഗരിയിൽ വച്ച് നാൽവരും നാലു വഴി പിരിഞ്ഞു.


പിൻകുറിപ്പ് : കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കസൽപ്പികം മാത്രം!! ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ഇനി ജനിക്കാൻ പോകുന്നവരോ ആയ ആരുമായും യാതൊരു ബന്ധവും ഈ കഥയ്ക്ക് ഇല്ല.



കഥാന്ത്യം:
പുഷ്‌പ്പനും,സാമൂതിരിയും, പടത്തലവനും ചേർന്ന് ഭുജംഗനാട്യ രാജ്യത്ത് അഗ്നി പരീക്ഷ നടത്തി.ഭക്ഷ്യ ക്ഷാമത്തിന് കാരണഭൂതനായ കട്ട ബൊമ്മനെ തുരുത്തിൽ നിന്നും താൽക്കാലികമായി പുറത്താക്കി.പുറത്താക്കപ്പെട്ട ഇളമുറക്കാരൻ കിട്ടിയ വണ്ടിയിൽ ഭുജംഗനാട്യ സഭയിൽ എത്തി.എല്ലിന്റെ എണ്ണം കൂടിയ പേരിൽ അവധിയിൽ പോയിരുന്ന രസതന്ത്ര വിദഗ്ദ  സുഭദ്ര തമ്പുരാട്ടി നൈസ് ആയി തിരികെ എത്തി.അതു കണ്ട ഭൗതികവാദി ഇന്ദുമതി "പുഞ്ചിരിച്ച്  സന്തോഷം" പ്രകടിപ്പിച്ചു.

ഹോജരാജൻ എന്തൊക്കെയോ തരികിടയും ആയി കറങ്ങി നടന്നിട്ട് ഒരുമാസ ശേഷം രാജ്യത്ത് തിരികെ എത്തി പായസം കൂട്ടി ഏവർക്കും സദ്യ നടത്തി.നർത്തകി മഞ്ജുവിനെയും കണക്കപ്പിള്ള ശാരദാമ്പാളിനേയും  ഇനിയുള്ള മാമാങ്കത്തിന് കൂടെ കൂട്ടാം എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ച പുഷ്പനും സംഘവും അവരെ കൊണ്ട് "രാജകീയ കലവറയിൽ" നിന്നും വിരുന്നൊരുക്കിച്ചു.വിരുന്നിനിടയിലും കോവാലൻ ചേട്ടൻ "ഡാ മോനെ..." എന്ന സന്ദേശം ആർക്കൊക്കെയോ ഇടയ്ക്കിടെ അയച്ചു കൊണ്ടേയിരുന്നു.

മലയാളം വാദ്യാർ മാതംഗി വാരസ്യാർ
നടത്തിയ സ്നേഹ വിരുന്നിൽ പങ്കെടുത്ത് തിരികെ വന്നപ്പോളേക്ക് ഭുജംഗനാട്യ രാജ്യത്തെ കുട്ടിപ്രജകൾക്ക് "എഴുത്തുത്സവം" ആരംഭിച്ചിരുന്നു.

                   *******************





Saturday, 18 October 2025

നടേശാ... കൊല്ലണ്ട!!

അടക്കാകുരുവി മുട്ട പോലെ ചെറിയ നമ്മുടെ പാവക്കാ ഷെയ്പ്പൻ കേരളത്തിൽ 130 ഓളം തരം പാമ്പുകൾ ഉണ്ട് എന്ന് കേട്ടപ്പോ തന്നെ ഒരു വല്ലാത്ത ഭീതി.രണ്ട് ദിവസം ന്യൂഡിൽസ് മാത്രം തിന്ന് വീട്ടിൽ തന്നെ കുത്തി ഇരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചു.നടക്കുന്ന വഴിയരികിൽ എങ്ങാനും ഒളിച്ചിരുന്ന് വിഷം ചീറ്റി ഒളിയമ്പിൽ തേച്ച് ഉന്നം നോക്കി എറിഞ്ഞു വീഴ്ത്തുമോ എന്ന ചിന്ത ഫണം ഉയർത്തി അതിനിടയിൽ എപ്പോളോ ചീറ്റിയപ്പോൾ ആണ് എവിടാണ് ഇവരൊക്കെ ഉള്ളത് എന്ന് അന്വേഷിച്ചു തുടങ്ങിയത്."എവിടുണ്ട്" എന്നറിഞ്ഞാൽ പിന്നെ ആ വഴി പോകാതിരുന്നാൽ മതിയല്ലോ!!
കവടി നിരത്തി, നട്ടാരറിയാതെ ഉച്ചത്തിൽ തപ്പികൊണ്ടിരുന്നപ്പോൾ, "അങ്ങനങ്ങു പേടിച്ചാലെങ്ങനാ മല്ലയ്യാ" എന്ന ചോദ്യവുമായി പറന്നിറങ്ങിയ ഡിങ്കൻ ആ സത്യം പൊതിയഴിച്ചു നിലത്തിട്ടു.കേരളകരയാകെ ഇഴഞ്ഞു നടക്കുന്ന നൂറ്റി മുപ്പതോളം പാമ്പൻ തറവാട്ടുകാരിൽ 20 എണ്ണത്തിന് മാത്രമേ സംഗതി ഉള്ളൂ, വിഷം!! അതിൽ തന്നെ നമ്മുടെ ഈ കൊച്ചു കരയിലെ 6 മുന്തിയ ഇല്ലക്കാർക്ക് മാത്രമേ കാലപുരിക്ക് വിസ അടിച്ചു തരാനുള്ള അധികാരം രാജാവ് കൽപ്പിച്ചു കൊടുത്തിട്ടുള്ളൂ.

"ഡേയ് പാക്കാരാ... നീ വേണേൽ പോയി ദേ ധിവിടെ കയറി നോക്കി അവരെ പറ്റി പഠിച്ചെടുത്തോ" എന്നും പറഞ്ഞു ഡിങ്കൻ നേരെ 6 കേമന്മാരെ ഒഴിവാക്കി തൊട്ട് താഴെ ഉള്ള തറവാടുകളിലേയ്ക്ക് ഓടി കയറി.ഷെഡ്യുൾ 4 ൽ പെട്ടവർ ആണ് ഇവർ എല്ലാം.

ആദ്യ തറവാട് "കുഴിമണ്ഡലി" (Pit vipers): അന്തിക്ക് രണ്ടെണ്ണം അടിച്ചിട്ട് കുഴിയിൽ ചുരുണ്ടു കൂടി കിടക്കുന്നത് കൊണ്ടല്ല തറവാട്ട് പേരിൽ "കുഴി" ചേർക്കപ്പെട്ടത്, മറിച്ച് അവയുടെ മൂക്കിനും കണ്ണിനും ഇടയിൽ ചൂട് തിരിച്ചറിയാൻ സഹായിക്കുന്ന, കുഴിപോലെ ഒരു ഭാഗം ഉള്ളത് കൊണ്ടാണ്. അണലി വിഭാഗത്തിൽ പെട്ടത് ആണ് ഇവർ എങ്കിലും താരതമ്യേന കുറഞ്ഞ വിഷമുള്ള പാമ്പുകൾ ആണ് ഇവർ.എങ്കിലും കടി ഏറ്റാൽ നിർബന്ധമായും ചികിത്സ നേടേണ്ടതാണ്.

1) മലബാർ കുഴിമണ്ഡലി: (മലബാർ പിറ്റ് വൈപ്പർ )[Trimeresurus malabaricus]

മലബാർ റോക്ക് പിറ്റ് വൈപ്പർ എന്നും റോക്ക് വൈപ്പർ എന്നും ഇവ അറിയപ്പെടുന്നു.50 മുതൽ 70 സെൻ്റീമീറ്റർ വരെ സാധാരണയായി നീളമുണ്ടാകാറുണ്ട്. തല ത്രികോണാകൃതിയിലുള്ളതും കഴുത്തിനെക്കാൾ വീതിയുള്ളതുമാണ്. കണ്ണുകൾക്ക് കുത്തനെയുള്ള കൃഷ്ണമണികളുണ്ട്.പല നിറങ്ങളിൽ ഇവയെ കാണാറുണ്ട്.പച്ച, മഞ്ഞ, ഓറഞ്ച്, തവിട്ടുനിറം എന്നിവ ഇവയുടെ നിറങ്ങളിൽ ചിലതാണ്.


കടി ഏറ്റാൽ: കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാകാം. 

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ

Craspedocephalus malabaricus,(മലബാർ പിറ്റ് വൈപ്പർ)

Craspedocephalus anamallensis, (ആനമല പിറ്റ് വൈപ്പർ)

Craspedocephalus travancoricus (ട്രാവൻകൂർ പിറ്റ് വൈപ്പർ)

എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.


2) മുളമണ്ഡലി:(ബാംബൂ വൈപ്പർ) [Trimeresurus gramineus]

കേരളത്തിൽ കാണുന്ന ഏറ്റവും വലിയ പിറ്റ് വൈപ്പർ ആണ് ഇവർ.തിളക്കമുള്ള പച്ച ശരീരവും അതിൽ കറുത്ത പുള്ളികളും, ഇടുങ്ങിയ കഴുത്തും പരന്ന തലയും ഇവയുടെ പ്രത്യേകതകൾ ആണ്. ബാബൂ കോർപ്പറേഷനോടുള്ള അതിയായ സ്നേഹം കാരണം ഇവർ മുളങ്കാടുകളിൽ ആണ് കൂടുതൽ ആയി വസിക്കുന്നത്.കാട്ടുപ്രദേശങ്ങളിൽ ഇവർ ധാരാളമായുണ്ട്.

കടി ഏറ്റാൽ: ഒരാഴ്ച നന്നായി പനിച്ചു കിടക്കാനും ഛർദ്ദി, നീര് എന്നിവ മൂലം ബുദ്ധിമുട്ടാനും ഉള്ള അവസരം ഇവന്റെ ഒരു കടികൊണ്ട് തന്നെ കിട്ടും. അതുകൊണ്ട് "വടി" ആവില്ല എന്ന ആശ്വാസത്തിൽ ചികിത്സ വേണ്ട എന്ന് വയ്ക്കരുത്.

3) ചട്ടി തലയൻ കുഴിമണ്ഡലി : (Large- Scaled Pit Viper)

കാടുകൾ, തേയില, ഏലം തൊട്ടങ്ങൾ ചോല കാടുകൾ എന്നിവയിൽ കാണപ്പെടുന്നു.ഇവയ്ക്ക് വളരെ വലിയ ശൽക്കങ്ങൾ ആണ് ഉള്ളത്.ഇവയ്ക്ക് നല്ല തിളങ്ങുന്ന പച്ച നിറം ആണുള്ളത്.ഇവരുടെ കഴുത്തിനു താഴെയായി മഞ്ഞനിറം കാണാറുണ്ട്.


4) ലാട മണ്ഡലി : (Horse shoe pit viper)

കഴുത്തിനു മുകളിൽ കുതിര ലാടം പോലുള്ള അടയാളം വച്ച് ഇവയെ തിരിച്ചറിയാം.നീലഗിരി കുന്നുകളിലും സൈലന്റ് വാലിയിലും ഇവയെ കണ്ടിട്ടുണ്ട്.

അടുത്ത തറവാട് "പവിഴ പാമ്പുകളുടെ" (coral snakes) ആണ്.4 തരം പാമ്പുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.

1) എഴുത്താണി മൂർഖൻ: ( Slender coral snake) - തലയ്ക്കും കഴുത്തിനും  നല്ല കറുപ്പു നിറമാണ്. കഴുത്തിനു മുകളിൽ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളി കാണുന്നു.രണ്ട് കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന് നീലകലർന്ന ചാരനിറമാണ്.
2) വരയൻ പവിഴപ്പാമ്പ്:( Striped Coral snake)
കറുപ്പ്, ചുവപ്പ്, ചാര നിറങ്ങളിൽ കാണുന്ന ഇവയെ എട്ടടി മൂർഖൻ എന്നും അറിയപ്പെടുന്നു.തല മുതൽ വാല് വരെ നീളുന്ന 3-5 ഇരുണ്ട വരകളും  അടിഭാഗത്ത് കാണുന്ന കുങ്കുമചുവപ്പ് നിറവും ഇവയെ മനോഹരം ആക്കുന്നു.

50-110 cm വരെ നീളം വരാറുണ്ട് 

3) പുള്ളി പവിഴപ്പാമ്പ്: (Beddoms Coral snake)
എഴുത്താണി വരയൻ എന്നും അറിയപ്പെടുന്ന ഇവയുടെ കഴുത്തു മുതൽ വാല് വരെ മൂന്ന് വരികളിലായി കറുത്ത പുള്ളികൾ കാണാം.
4) എഴുത്താണി വളയൻ: (Bibron Coral snake)
വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും
50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു.

അടുത്തത് കടൽ പാമ്പുകളുടെ തറവാട് ആണ്.6 അംഗങ്ങൾ ആണ് ഇതിൽ ഉള്ളത്.
1) വലകടിയൻ കടൽപാമ്പ്: (hook nosed sea snake)
                 Hydrophis Schistosus
ശരീരത്തിന് ഇളം നീലകലർന്ന ചാരനിറമാണ്. വാൽ തുഴയുടെ ആകൃതിയിലും. ശരാശരി ഒന്നര മീറ്ററോളമാണ് നീളം. മഴക്കാലം കഴിയുമ്പോൾ മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങി ഈ പാമ്പുകൾ കരയിലെത്താറൂണ്ട്. വലയിൽ കടിച്ച് പിടിച്ചിരിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാന് വലകടിയൻ കടൽപാമ്പ് എന്ന് വിളിയ്ക്കുന്നത്.
മൂർഖൻ പാമ്പിന്റെ പത്തിരട്ടി വിഷ വീര്യം ഉണ്ട് എങ്കിലും ഇവ വളരെ അപൂർവമായേ കടിക്കാറുള്ളൂ.120-130 cm നീളം വയ്ക്കാറുണ്ട്.
LD50 വാല്യൂ 0.02 mg/kg

2) മഞ്ഞ കടൽ പാമ്പ്: (Yellow sea snake)
                     Hydrophis spiralis
1-2 മീറ്റർ നീളം.ശരീരം മുഴുവൻ ഇടവിട്ട കറുത്ത പട്ടകൾ.
LD50 വാല്യൂ 0.315 mg/kg

3) ചിട്ടൂളി പാമ്പ് : (Cochin Banded sea snake )
                     Hydrophis Ornatus
ഒരു മീറ്ററിൽ അധികം നീളം വയ്ക്കാറുണ്ട്. തടിച്ചുരുണ്ട ഇവയെ കേരളത്തിന്റെ തീരങ്ങളിൽ അപൂർവമായാണ് കാണുന്നത്.
LD50 വാല്യൂ 0.12 mg/kg

4) മഞ്ഞകറുമ്പൻ പാമ്പ്, മഞ്ഞക്കുറുശ്ശി പാമ്പ് : ( Yellow-Bellied Sea Snake)
                  Hydrophis Platurus
മൂന്ന് മണിക്കൂറിൽ അധികം കടലിനടിയിൽ മുങ്ങി നീന്തുവാനുള്ള കഴിവുണ്ട്.മേൽഭാഗം കറുത്തതും അടിവശം നല്ല തിളങ്ങുന്ന മഞ്ഞനിറവുമാണ്. വാലിന്റെ അറ്റത്ത് മഞ്ഞയിൽ കറുത്തപുള്ളികളുണ്ട്.
LD50 വാല്യൂ 0.067 mg/kg


5) കടലൊര കോടാലി (Annulated Sea Snake)
               Hydrophis Cyanocinctus
275 സെ.മീറ്റർ വരെ വലിപ്പത്തിൽ കണാറുണ്ട്. പല നിറത്തിലും കാണുന്നുണ്ട്. സാധാരണയായി പച്ചകലർന്ന ഒലീവ് നിറത്തിൽ കാണുന്നു. ദേഹത്തിൽ നിറയെ 75 ഓളം കറുത്ത പട്ടയോ വളയങ്ങളോ കാണാം.
LD50 വാല്യൂ 0.35 mg/kg

6) അറബി പാമ്പ് : ( Shaw's Short Sea Snake )
                    Hydrophis Curtus
കേരള തീരത്ത് ഉള്ള ഏറ്റവും ചെറിയ കടൽ വിഷപാമ്പ് ആണ് അറബി പാമ്പ്. ഉഗ്ര വിഷം ഉള്ള ഇവയുടെ LD50 വാല്യൂ 1.5 mg/kg

തറവാട്ടുകാർ ഒക്കെ തീർന്ന സ്ഥിതിക്ക് സ്ഥലത്തെ ചില പ്രധാന പയ്യന്മാരെ കൂടി ഒന്ന് കണ്ടുനോക്കാം.

അതിൽ ഒന്നാമൻ ആണ് മഞ്ഞ, കറുപ്പ് എന്നിങ്ങനെ കളറുകളിൽ കാണപ്പെടുന്ന നമ്മുടെ കേരള സംസ്ഥാന ഉരഗം മിസ്റ്റർ
"ചേരസാർ": (Indian rat snake)                                        Ptyas mucosa
കർഷക മിത്രം ആയ ഇവരെ പലപ്പോഴും മൂർഖൻ എന്ന് തെറ്റിദ്ധരിച്ചു കൊല്ലാറുണ്ട്. വായയുടെ താഴത്ത് ഉള്ള കറുപ്പ് വരകളും, വേഗത്തിൽ ഉള്ള ചലനങ്ങളും, ശല്കങ്ങളുടെ ഷേപ്പും ഒക്കെ വച്ച് ഇവയെ മൂര്ഖനിൽ നിന്നും വളരെ വേഗം തിരിച്ചറിയാൻ പറ്റുന്നതാണ്.

കിങ് കോലി, നീർക്കോലി : പുളവൻ (Checkered keelback)
                Xenochrophis piscator
ശുദ്ധജലത്തിൽ ജീവിക്കുന്ന വെനം ഇല്ലാത്ത പാമ്പാണ് നീർക്കോലി.എങ്കിലും കടിച്ചാൽ ആശുപത്രിയിൽ പോകണം. ഇൻഫെക്ഷൻ വരാതിരിക്കാനുള്ള ചികിത്സ നേടണം.

പച്ചിലപാമ്പ്:വില്ലോളിപാമ്പ് (Asian vine snake or Asian whip snake or Common vine snake.) 
                     Ahaetulla nasuta
മരങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് കടിച്ചാൽ 2-3 മണിക്കൂർ നേരത്തേയ്ക്ക് നീര് ഉണ്ടാകാറുണ്ട്. നീണ്ട തല. കേരളത്തിൽ മൂന്ന് തരം പച്ചിലാപാമ്പുകളെ കാണാറുണ്ട്.

ഇത്രേം ആയ സ്ഥിതിയ്ക്ക് ലോകത്തിലെ ഏറ്റവും വീര്യമുള്ള വെനം സ്വന്തമായി ഉള്ള ചിലരെ കൂടി കണ്ടിട്ട് പോകാം.

ടൈഗർ സ്‌നേക്ക് (ഓസ്ട്രേലിയ)
                   (Notechis scutatus)
LD50 വാല്യൂ 0.5 mg/kg

ബ്ലാക്ക് മാമ്പ (ആഫ്രിക്ക)
                 (Dendroaspis polylepis)
LD50 വാല്യൂ 0.28 mg/kg
10-15 mg വെനം മതി ഒരു മനുഷ്യനെ കൊല്ലുവാൻ. സാധാരണയായി ഒറ്റ കടിയിൽ 120 mg വെനം കടത്തി വിടുന്നു.

കോസ്റ്റൽ തായ്‌പൻ ( ഓസ്ട്രേലിയ and ന്യൂ Guinea)
               (Oxyuranus scutellatus)
LD50 വാല്യൂ 0.099 mg/kg

ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്.(ഈസ്റ്റ്‌ കോസ്റ്റ് ഓഫ് ഓസ്ട്രേലിയ)
                 (Pseudonaja textilis)
LD50 വാല്യൂ 0.053 mg/kg

Dubois' Sea Snake
                (Aipysurus duboisii)
LD50 വാല്യൂ 0.044 mg/kg

ഇൻലാൻഡ് തായ്‌പൻ (ഓസ്ട്രേലിയ)
               (Oxyuranus microlepidotus)
LD50 വാല്യൂ 0.106 mg/kg.
ഇതുവരെ കണ്ടുപിടിച്ചത് വച്ചിട്ട് ലോകത്തിലെ ഏറ്റവും വെനം ഉള്ള പാമ്പ്. ഒറ്റ കടിയിൽ 100 ആളെ കൊല്ലാനുള്ള വിഷം വരെ ഉണ്ടാകും.


ബോക്സ്‌ ജെല്ലി ഫിഷ്
                (Chironex fleckeri)
2-10 മിനിറ്റിനുള്ളിൽ ഒരു വലിയ മനുഷ്യനെ പടമാക്കാനും മാത്രമുള്ള കഴിവുള്ള ഇദ്ദേഹം ആണ് ഇതുവരെ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും മാരകമായ വെനം ഉള്ള ജീവി.താരതമ്യേന തണുപ്പ് കുറഞ്ഞ, തീരത്തിനോട് ചേർന്നുള്ള ജലത്തിൽ ഇവയെ കാണാറുണ്ട്. കേരളത്തിന്റെ തീരങ്ങളിൽ ചൂട് കാലത്ത് ഇവയെ കണ്ടതായി റിപ്പോർട്ട് ഉണ്ട്.തീരപ്രദേശങ്ങളിൽ വെള്ളത്തിൽ ഇറങ്ങും മുന്നേ ജെല്ലി ഫിഷുകളുടെ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടോ എന്നത് നിരീക്ഷിക്കുക.

പേപ്പട്ടി:
മനുഷ്യനെ ബാധിക്കുന്ന ജന്തു ജന്യ രോഗങ്ങളിൽ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്ന് ആയ ഇതിനെ ഹൈഡ്രോ ഫോബിയ എന്നും പറയാറുണ്ട്.നായകൾ ആണ് ഈരോഗം 90% പരത്തുന്നത്. പൂച്ച 5% വും
കുറുക്കൻ, ചെന്നായ് വവ്വാൽ,കീരി, പന്നി, പശു,എരുമ,ആട്,കഴുത, കുരങ്ങ്, കാട്ടു പൂച്ച, സിംഹം, കടുവ തുടങ്ങിയ ജീവികൾ ബാക്കി 5% പരത്തുന്നു. 
പേ വിഷം പറത്തുന്ന ജീവി
നേരിട്ട് കടി ഏൽക്കുകയോ, മുറിവുകളിൽ നക്കുകയോ, കണ്ണ്, മൂക്ക് തുടങ്ങി കനം കുറഞ്ഞ ഭാഗങ്ങളിൽ അവയുടെ ഉമിനീര് എത്തുകയോ വഴി ഈ വയറസ്സ് മനുഷ്യരിലേക്ക് പകരുന്നു.തലച്ചോറിനെ റാബിസ് വയറസ്സ് ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ചികിത്സ ഇല്ല എന്നതാണ് യാഥാർഥ്യം!!

കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ,
തലവേദന, തൊണ്ട വേദന എന്നിവ ആണ് ഒന്നാം ഘട്ട രോഗ ലക്ഷണങ്ങൾ.
വിറയൽ,ശബ്ദ വ്യത്യാസം, 
പേടി, ശ്വാസതടസം, ഉത്ഘണ്ട,വിളർച്ച തുടങ്ങിയവ രണ്ടാം ഘട്ട ലക്ഷണങ്ങൾ ആണ്.മൂന്നാം ഘട്ടത്തിൽ വെപ്രാളം,ശ്വാസം മുട്ടൽ, ഉമിനീര് വായിലൂടെ ഒലിച്ചിറങ്ങൽ, വെള്ളത്തിനോടുള്ള പേടി ഒടുവിൽ മരണം എന്നിവ സംഭവിക്കുന്നു.

കടി ഏറ്റാൽ: ആദ്യം ചെയ്യേണ്ടതും ഏറ്റവും പ്രാധാനമുള്ളതുമായ കാര്യം വെള്ളം ഒഴുകുന്ന പൈപ്പിന് ചുവട്ടിൽ വച്ച് മുറിവ് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 15 - 20 മിനിറ്റ് എങ്കിലും നന്നായി ഉരച്ച് കഴുകുക എന്നതാണ്. 85% രോഗാണുക്കളും ഇതോടെ നശിക്കുകയും വെള്ളത്തിൽ ഒഴുകി പോകുകയും ചെയ്യും. പിന്നീട് ഏതേലും ആന്റി സെപ്റ്റിക്ക് ഉപയോഗിച്ചു മുറിവ് കഴുകുകയോ ബീറ്റാഡിന് പോലുള്ള മരുന്നുകൾ വയ്കുകയോ ചെയ്യാൻ പറ്റിയാൽ അങ്ങിനെ ചെയ്ത ശേഷം അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കുക. 0,3,7,14,28 എന്നീ ദിവസങ്ങളിൽ ആണ് ഡോസ്സുകൾ എടുക്കേണ്ടത്. അത് മുടങ്ങാതെ കൃത്യമായി എടുക്കുക.സാധാരണയായി കൈകളിൽ ആണ് ഇപ്പോളത്തെ വാക്സിൻ എടുക്കാറുള്ളത്.

രണ്ട് രീതിയിൽ ഉള്ള വാക്സിൻ ഉണ്ട്. ഒന്ന് കുതിരയിൽ നിന്നും വേർതിരിച്ചു എടുക്കുന്നതാണ്. രണ്ടാമത്തേത് മനുഷ്യരിൽ നിന്നും വേർതിരിക്കുന്നതും.രണ്ടാമത്തെതിന് ചിലവ് കൂടുതൽ ആണ്.
തൊലിക്ക് ഉള്ളിലായി മാംസത്തിലേക്ക് കയറാത്ത വിധം വാക്സിൻ എടുക്കുന്നത് ആണ് ഏറ്റവും കൂടുതൽ ഫലപ്രദം.അങ്ങിനെ എടുക്കുവാൻ അറിയുന്നവർ എടുത്തില്ല എങ്കിൽ വാക്സിൻ ഉദ്ദേശിച്ച ഫലം കിട്ടി എന്ന് വരില്ല.വാക്സിൻ എടുത്താൽ 7 ദിവസം വരെ എടുത്തേക്കാം നമ്മുടെ ശരീരം റാബീസ് പ്രതിരോധ അണുക്കളെ ഉണ്ടാക്കി തുടങ്ങുവാൻ. അതുകൊണ്ട് കടി ഏറ്റ മുറിവുകൾക്ക് ചുറ്റിനുമായും, ചിലപ്പോൾ മുറിവുകളിൽ തന്നെയും ഉടൻ പ്രതിരോധം എന്ന നിലയിൽ "ഇമ്മ്യുണോ ഗ്ലോബിൻ" കുത്തി വയ്ക്കാറുണ്ട്.

റാബിസ് വയറസുകൾ ഒരു ദിവസംകൊണ്ട് 10-12 സെന്റിമീറ്റർ ആണ് സഞ്ചരിക്കാറുള്ളൂ.തലച്ചോറിലേയ്ക്ക് ഉള്ള ദൂരം എത്ര കുറയുന്നുവോ അത്രയും വേഗം അനുബാധ തലച്ചോറിനെ ബാധിക്കും. അത് കൊണ്ട് ഉടൻ പ്രതിരോധമായ "ഇമ്മ്യുണോ ഗ്ലോബിൻ" എല്ലാ മുറിവുകളിലും എടുത്തു എന്നും ആവശ്യത്തിന് ഡോസ്സുകൾ വാക്സിൻ എടുത്തു എന്നും ഉറപ്പ് വരുത്തുക നമ്മുടെ കടമ ആണ്.







Saturday, 6 September 2025

ചാ..ടി കളിക്കട പുള്ളി പുലി...!!



നീയമപരമായ മുന്നറിയിപ്പ്: ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികവും, വെറും നേരം പോക്കിന് മാത്രമായി നിർമ്മിച്ചതുമാണ്. ആയതിനാൽ ജീവിച്ചിരിക്കുന്നവരോ ഇനി ജീവിക്കാൻ പോകുന്നവരോ ആയ ആരുമായും ഇവർക്ക് യാതൊരു വിധ സാമ്യവും ഇല്ല. സാമ്യം തോന്നുന്നവർക്ക് നെല്ലിക്ക തളം മാത്രമേ പ്രതിവിധി ഉള്ളൂ.മുഴുവൻ ചിത്രങ്ങളും AI നിർമ്മിതമാണ്.


ആപ്ത വാക്യം: "ഹിംസ പാപമാണ്!!"


ആമുഖം: "സർപ്പ നൃത്ത" രാജ്യത്തെ പ്രജകൾക്ക് മുന്നിൽ കമഴ്ത്തിയ കലങ്ങളിൽ വെള്ളം നിറയ്ക്കാൻ പാട് പെട്ട് ക്ഷീണിച്ചവർക്ക് മുന്നിൽ
"തമ്പോല കൊട്ടി" അവധിയിൽ പോയ പ്രജകൾ. പ്രജാ ശല്യം ഇല്ലാതെ സ്വസ്ഥമായി കുടുബത്ത് കുത്തി ഇരിക്കുന്ന മന്ത്രി പ്രമുഖരുടെ പച്ചയായ ജീവിതം വരച്ചു കാണിക്കുന്ന കുഞ്ഞൊരു ക്യാൻവാസ്സ്.




ചാപ്റ്റർ 3- പുലിക്കളി:
               ഓണസദ്യ ഉണ്ടും ഉറങ്ങിയും ബോർ അടിച്ചു കിടക്കുന്നതിനിടയിൽ ബോറടി മാറ്റാൻ കൂർക്കം വലിച്ച വലി ചെറുതായി പാളിയപ്പോൾ, ഫോൺ എടുത്തു മുപ്പൻ ചുമ്മാ ഒന്ന് തോണ്ടി നോക്കി. പഴയ ചില ഫോട്ടോസ്സിനിടയിൽ നിന്നും, പടത്തലവന്റെ മണ്ടയ്ക്ക് ഞോണ്ടാൻ നോക്കുന്ന "ഡാമിയോം ഗർർർർർർർർ" ന്റെ ഫോട്ടോ കണ്ടപ്പോൾ ആണ്‌ "പുലിക്കളി" കാണാനുള്ള മോഹം മന്ത്രി മുഖ്യൻ "വാസുദേവ മൂപ്പന്" മുന്നിൽ നടുവ് നിവർത്തി ആദ്യമായി പൊങ്ങി വന്നത്.
       (പടത്തലവനും വരയൻ പുലിയും)

പൊങ്ങിയ മോഹത്തെ താഴും മുന്നേ വിരലിൽ തോണ്ടി എടുത്ത് "വാദ്യാർ
ഗ്രൂപ്പിൽ" കൊണ്ടോയി കുടഞ്ഞിട്ടു. 'കോളീഞ്ഞിയം' വിൽക്കാൻ കണ്ണൂര് പോയവരോ, ഇടുക്കി പോയി ഇടിയപ്പവും തിന്ന് തേയില നുള്ളി നടന്നിരുന്നവരോ, സ്റ്റാറ്റസ്സ് ഇടാൻ വേണ്ടി മാത്രം ശടകുട വണ്ടിയിൽ പത്തു രൂപയുടെ പെട്രോളും കമഴ്ത്തി കൊല്ലങ്കോട് വരെ ഓവർ ലോഡ് കയറ്റി പോയവരോ, പാലരുവി രഥത്തിൽ തൂങ്ങി ഇല്ലത്ത് പോയ പുതിയ രാജാ "ഹോജരാജ"നോ ഗ്രൂപ്പിൽ തല പോയിട്ട് ഒരു ഇല പോലും പൊക്കിയില്ല.

"ശെടാ, ഇവരൊക്കെ ഇതെവിടാ?? ന്റെ പുലിക്കളി മോഹം ഈ പെരുമഴയത്ത് തന്നെ വാടി കരിഞ്ഞു പോകുമോ??" എന്ന് മാത്രം ശങ്കിച്ച് മൂപ്പൻ രണ്ട് ദിവസം മച്ച് നോക്കി ഒറ്റ കിടപ്പ് കിടന്നു.പുലിക്കളി മോഹം തലയിണയാക്കി ഉറങ്ങും മുന്നേ "ഇത്തവണ പെൺപുലികൾ ധാരാളമിറങ്ങും " എന്ന ഒരു പോസ്റ്റർ കൂടി നൈസ് ആയി ഗ്രൂപ്പിൽ തട്ടി. ഇട്ട കൈ തിരിച്ചെടുക്കും മുന്നേ തന്നെ ഗ്രൂപ്പിൽ ഇട്ട ചൂണ്ടയിൽ ആദ്യ മീൻ വന്നു ചാടി കൊത്തി.കൊല്ലങ്കോട് നിന്നും സ്കൗട്ടൻ!!

കണ്ണൂര് മുങ്ങിയ ആൾ പഴന്നൂരിൽ പൊങ്ങി.നുള്ളിയ തേയിലയും കൊണ്ട് ഇലവീഴാ പൂഞ്ചിറയിൽ കുളിച്ചു രസിച്ചിരുന്നവർ, പാലാ തൊടാതെ മുട്ടം മേലുകാവ് താണ്ടി തൊടുപുഴ വഴി ആനവണ്ടിയിൽ മുണ്ടൂരിറങ്ങി. "ഓണമുണ്ട വയറേ നീ ചൂളം പാടി കിടക്കൂ"എന്ന പാട്ട് പാടി പഠിച്ചോണ്ടിരുന്ന ഹോജ രാജൻ 'പുലിക്കളി മേളം' കണ്ടില്ല എന്ന് നടിച്ചു.

അങ്ങിനെ ഇങ്ങനെ മൂപ്പന്റെ വണ്ടിയിൽ നാൽവർ സംഘം ഓണപ്പാട്ട് പാടി ത്രിശിവ പേരൂർക്ക് വച്ച് പിടിച്ചു.സൈക്കിളിൽ വന്നൊരു പയ്യൻ കൈവീശി റ്റാറ്റ തന്നിട്ട് ബഹുദൂരം കടന്നു പോയി.
"ഏത് മൂഡ്... ആഘോഷ മൂഡ്..
ഏത് മൂഡ്... ഒലക്കേടെ മൂഡ്.."
വണ്ടിയുടെ മെല്ലെപ്പോക്ക് മാറ്റാൻ സ്പീഡിലുള്ള ഒരു പാട്ട് റേഡിയോ കയ്യീന്നിട്ട് ഉറക്കെ പാടി!!

"മസാല ദോശയും ലഡ്ഡുവും
ചമ്മന്തിയും കിട്ടുന്ന ഏക കട" എന്നു നിലവിച്ചു പറഞ്ഞ സെക്രട്ടറി,  "സിനിമ കട റെസ്റ്റോറന്റ്" മുന്നിൽ തന്നെ വണ്ടി പാർക്ക് ചെയ്യിപ്പിച്ചു.
"ഫ്ലാപ്പ്" അടിച്ചു കടന്നു വന്ന മെനു കാർഡ് നോക്കാതെ മസാല ദോശ വിളിച്ചു വരുത്തി കുഴച്ചു തിന്നു. ബില്ലും കൊടുത്ത് നീട്ടി ഒരു ഏമ്പക്കവും ഒപ്പിച്ച ശേഷം, നാലും കൂടി നീണ്ടു വലിഞ്ഞു നടന്ന് ടൌൺ എത്തി.

എങ്ങും പുലിക്കളി പോസ്റ്ററുകൾ.
"ഇവർ മേക്കപ്പിടുന്നത് കണ്ടിണ്ടാ?"
സെക്രട്ടറി തുറിച്ചു നോക്കി തറപ്പിച്ച് ചോദിച്ചു.
മൂവരും ഒന്നിച്ച് "ഇല്ല" എന്ന് തലയാട്ടി.
"കാണണം, കിടു ആണ്‌"
"നിങ്ങള് കണ്ടിണ്ടോ സെക്രു?"
"ഇല്ല, അതല്ലേ കാണണം എന്ന് പറഞ്ഞെ"
"അയ്സരി, എന്നാ ബാ പോകാം!!"
"പോകും വഴി ലക്ഷ്മി സ്വീറ്റ്‌സ്ൽ കയറി മൂക്ക് മുട്ടെ പലഹാരം വാങ്ങി വിഴുങ്ങാം"
"കുറച്ചു മുന്നേ തിന്ന മസാല ദോശയോ?"
 "ഇത്രേം ദൂരം നടന്നപ്പോ മസാല ദോശ ആവിയായി." 
"ഏറ്റവും കൂടുതൽ പലഹാരങ്ങൾ കിട്ടുന്ന ടൗണിലെ ഏക കടയാണ് ശ്രീ ലക്ഷ്മി സ്വീറ്റ്‌സ് എന്നാ കേട്ടത്"
പലഹാരം തിന്ന് വീർത്ത വയറും തൂക്കി ധനലക്ഷ്മി ബാങ്കിന് സൈഡിലൂടെ നടന്ന് ഒടുവിൽ അവർ വിവേകോദയം സ്കൂളിലെ പുലി മേക്കപ്പ് അണിയറയിൽ എത്തിച്ചേർന്നു.

ചെന്ന പാടെ തന്നെ "സ്റ്റാറ്റസ് ഇടാൻ" എന്നും പറഞ്ഞ് ഫോണും പൊക്കി, ആരുടെയോ മേക്കപ്പ് സീൻ പിടിച്ച സ്കൗട്ടനെ ഏതോ ഒരു പെരുവയറൻ പുലി നിലത്തിട്ടുരുട്ടി, പിന്നെ... പൊക്കിയിട്ടിടിച്ചു!!

അത് കണ്ട് പേടിച്ചോടിയ സെക്രട്ടറിക്ക് പിന്നാലെ കാര്യമറിയാതെ മൂപ്പനും പടത്തലവനും കണ്ണടച്ച് പാഞ്ഞു.
മൂവരും കൂടി ഓടി കയറിയത്, മേക്കപ്പിട്ട് വെയിലത്തുണക്കാൻ ഇട്ടിരുന്ന അഞ്ചാറു പുലികളുടെ മേലെ ആരുന്നു.ബ്രെക്ക് കിട്ടാതെ,
തപ്പി തടഞ്ഞു പുലി വയറിൽ വീണവരെ പൊക്കിയെടുത്ത് മേക്കപ്പിട്ട് മുണ്ടുടുപ്പിച്ച് വെയിലത്ത് നിർത്തി ഉണക്കിയെടുത്ത ശേഷം അവർ പുലിക്കളിക്ക് ഇറക്കി.
                (മുണ്ടുടുത്ത പുലികൾ)

അടി കൊണ്ട് പതം വന്ന സ്കൗട്ടനെ തൂക്കി എടുത്ത് കളറിൽ മുക്കി റൗണ്ടിൽ കൊണ്ടു പോയി, പുലി കൂട്ടത്തിന് നടുവിൽ നിർത്തി തുള്ളിച്ച് നാട് ചുറ്റിച്ച് നടന്നു മറ്റുചിലർ.
        (റോക്കിങ് സ്കൗട്ടൻ @തൃശൂർ)

അങ്ങിനെ.....പുലിക്കളി കാണാൻ വന്നവർ നാലും കൂടി,
"ഡിം... ഡിം..... ഡിം ഡി ഡിടിം ഡിം!"
"ഡും.... ഡും ഡും ടു ഡ് ഡും... ഡും!" എന്ന
താളത്തിനൊത്ത് തുള്ളുന്ന പുലികളായി അനുസരണയോടെ നാട് ചുറ്റി.

സംഗതി ടിവിയിൽ കണ്ട ചില "പ്രതിനിധി" അംഗങ്ങൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് സംഭവം കളറാക്കി.

          (ഡബിൾ പുലിയൻ സെക്രു)

ഇരട്ടപുലി ഡിസൈനുമായി ഓടിനടന്ന് തുള്ളികളിച്ച സെക്രട്ടറിക്ക്, പുലിക്കളി കമ്മറ്റി നൽകുന്ന "തബോല" പുരസ്കാരം സമ്മാനമായി കിട്ടി.

              (വെറും പുലിയല്ല പുപ്പുലി) 

പടത്തലവനെ 8 ആം ഗ്രൂപ്പുകാർ ക്യാപ്റ്റനായി നിയമിച്ചു ഓല കൈമാറി.കിട്ടിയ ഓലയുമായി നെഞ്ചു വിരിച്ച്, മുണ്ടൂര് എത്തിയ പടത്തലവന് "കുമ്മാട്ടി പുലി" എന്നൊരു പട്ടം നാട്ടുകാർ പട്ടിൽ ചുരുട്ടി "കെട്ടി" ഏൽപ്പിച്ചു.

         (മൂപ്പനാരാ മോൻ, അല്ല പിന്നെ!!)

മൂപ്പൻ ആകട്ടെ "സർപ്പ നൃത്ത" രാജ്യത്തെ പ്രജകളെ നന്നാക്കുന്നതിലും ഭേദം, പുലിക്കളി തന്നെ എന്ന് കരുതി നാട്ടിൽ സ്വന്തമായി ഒരു പുലിക്കളി ട്രൂപ്പ് തുടങ്ങി.

നാട മുറിച്ച് ട്രൂപ്പുത്ഘാടനം ചെയ്യാനുള്ള ക്ഷണം, പത്രിക ആക്കി പലർക്കായി മണിയോർഡർ ചെയ്തു മൂപ്പൻ. മണിയോർഡർ കിട്ടിയവർ ചേർന്ന് നാടമുറിക്ക് പോകാൻ കാലേകൂട്ടി വട്ടം കൂടി. വട്ടത്തിൽ കൂടാമെന്നേറ്റ "പ്രതിനിധി"യെ "ഇപ്പൊ തിരിച്ചു വിളിക്കാം" എന്ന് പറഞ്ഞു തേച്ചിട്ട്..…., പകരം വിവര സാങ്കേതിക വിദഗ്ധ "തേൻകനി"യെ നാടമുറിക്കാൻ കൂടെ കൊണ്ടുപോയ സ്കൗട്ടനും സംഘവും, tv യിൽ പുലിക്കളി ലൈവായി കണ്ടു ചിരിച്ചതിന്റെ ആ പഴയ പ്രതികാരം, ഉടൻ തന്നെ ചെയ്ത് കണക്ക് തീർത്ത് രസീത് വാങ്ങി പെട്ടിയിൽ വച്ചു.
 
പിന്നാമ്പുറ കഥകൾ അറിയാത്ത പാവം "പ്രതിനിധി" സ്കൗട്ടന്റെ വിളിയും കാത്ത് സർപ്പ നൃത്ത രാജ്യത്ത് കടലയും കൊറിച്ച് മഴനോക്കി കുത്തിയിരുന്നു.അതെ സമയം സ്കൗട്ടനും സംഘവും മൂപ്പനെ പറഞ്ഞു പറ്റിച്ച് ശ്രീലക്ഷിമിയിൽ കൊണ്ടുപോയി മൂക്ക് മുട്ടെ സദ്യ വാങ്ങി ഉണ്ടു. കുമ്പ നിറഞ്ഞ ഉടനെ, ബില്ല് മുഴുവൻ മണ്ടയ്ക്ക് വച്ചിട്ട് മൂപ്പനെ വഴിയിലുപേക്ഷിച്ച് അവർ മുങ്ങി. അവിടുന്ന് മുങ്ങി പിന്നീട് നേരെ പോയി ഏതോ കാട്ടിലെ പാറപ്പുറത്ത് വലിഞ്ഞു കയറി "തേൻ" ചേർത്ത് ഫോട്ടോഷൂട്ട് നടത്തി സ്റ്റാറ്റസ്സിൽ നിറച്ചു.
ഷൂട്ട് കഴിഞ്ഞു പോകാൻ തുടങ്ങിയ "തേൻകനി" കാട്ടു വാസികൾ പിടിച്ചു കെട്ടി തങ്ങളുടെ മൂപ്പത്തി ആക്കി. 5 നേരം കുമ്പ നിറയെ ഫുഡ്‌ കിട്ടും എന്നറിഞ്ഞ "തേൻകനി" സ്കൗട്ടനേയും കൂട്ടരെയും തേച്ചിട്ട് മൂപ്പത്തി പട്ടം ഏറ്റെടുത്തു.
    (പുതിയ കാട്ടു മൂപ്പത്തി "തേൻകനി" )


സ്കൗട്ടന്റെ വിളിയും
നോക്കിയിരുന്നു വേരുവന്ന പാവം "പ്രതിനിധി" ഒടുവിൽ പയ്യനേയും കൂട്ടി മൂപ്പന്റെ നാട്ടിലേക്ക് പെരുമഴയും നനഞ്ഞു യാത്ര പുറപ്പെട്ടു.അപ്പോഴേക്ക് മൂപ്പൻ കൂർക്കം വലിയോടെ ഉച്ചയുറക്കം തുടങ്ങിയിരുന്നു.



വാൽ കഷ്ണം:
ഓടിച്ചിട്ടിടിക്കാനോ, വഴിയിലൂടെ പോകുന്നത് കാണുമ്പോൾ കല്ലെടുത്തേറിയാനോ തോന്നുന്നത് ദുർബല ഹൃദയർക്ക് മാത്രം ആണ്‌. അതുകൊണ്ട് അങ്ങിനെ തോന്നിയവർ തുടക്കത്തിൽ ഉള്ള ആപ്തവാക്യം അഞ്ചു തവണ വായിക്കാൻ മറക്കരുത്.



Wednesday, 28 May 2025

കുഞ്ഞൂട്ടന്റെ കുറിഞ്ഞി!!

പ്രീയ കുഞ്ഞൂട്ട...


ഇവിടെ മഴ തന്നെ ആണ്. അവിടെയും മഴ തന്നെ എന്ന് അറിഞ്ഞു. കുഞ്ഞൂട്ടൻ സേഫ് അല്ലെ? ഞാൻ സേഫ് ആണ്.

കുഞ്ഞൂട്ടന്റെ കത്ത് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ആയി. ഒപ്പം സങ്കടവും!!

കുഞ്ഞൂട്ടന്റെ കത്ത് ആദ്യം വായിച്ചതിനേക്കാൾ അധികം എന്നെ ഇന്ന് അത് ഒരുപാട് കരയിച്ചു. അതിനു കാരണം എന്റെ മുതലാളി ഇനി കുഞ്ഞൂട്ടന്റെ ബോസ്സുമായി ഒരു ബിസിനസ്സും ഇല്ല എന്ന് അച്ഛനെ ആണയിട്ട് പറഞ്ഞു എന്നതാണ്.
അതിനർത്ഥം നമ്മൾ ഇനി ഒരിക്കലും നേരിൽ കാണുകയില്ല എന്നാണ്.

കുഞ്ഞൂട്ട... അവർ രണ്ടാൾക്കും ഈഗോ ആണ്.രണ്ടാളും പരസ്പരം കുറ്റങ്ങൾ കണ്ടുപിടിച്ചു വിളിച്ചു പറഞ്ഞു മറ്റേ ആളുടെ ചിന്തകളെയും സ്വഭാവത്തെയും മാറ്റുവാൻ ശ്രമിക്കുന്നത് എന്ത് മണ്ടത്തരം ആണെന്ന് അവർ അറിയുന്നില്ലല്ലോ.ഓരോരുത്തരും എങ്ങിനെ ആണോ അതുപോലെ അംഗീകരിച്ചു മുന്നോട്ട് പോകുന്നത് അല്ലെ നല്ല ബിസിനസ്സ് ബന്ധങ്ങൾക്ക് ഗുണം ചെയ്യുക??

അവർക്ക് അവർ ആയി തന്നെ നിന്നുകൊണ്ട് പരസ്പര സഹകരണത്തോടെ പോകുവാൻ സാധിക്കില്ലേ?? എന്റെ മുതലാളി ചിന്തിക്കുന്നത് അടിമുടി മാറ്റം, അതും മുതലാളി പറയും പോലെ മാത്രം. കുഞ്ഞൂട്ടന്റെ ബോസ്സ് അതിനു തയ്യാറും അല്ല. മനുഷ്യർ എന്ത് വിഡ്ഢികൾ ആണല്ലേ??ഒന്നേൽ ആരേലും ഒരാൾ വിട്ടുവീഴ്ച ചെയ്യണം. എന്റെ അഭിപ്രായത്തിൽ രണ്ടാളുകളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരുന്ന നിസ്സാര പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളു.

ലോകം ഒട്ടും കാണാത്തതിന്റെ അറിവ്കേട് ആണ് എന്റെ മുതലാളിക്ക്. കുഞ്ഞൂട്ടന്റെ ബോസ്സിന് ലോകം കൂടുതൽ കണ്ടതിന്റെ കുഴപ്പം ആണ്.

എന്തായാലും.. രണ്ടും രണ്ടുവഴിക്ക് ആയി. ഹൃദയങ്ങൾ പരസ്പരം മുറിച്ചുകൊണ്ട് അവർ രണ്ടും എന്ത് നേടി എന്നറിയില്ല!! ബെറ്റർ ബിസിനസ്സ് പാർട്ണർ ആണ് എന്റെ മുതലാളി തേടുന്നത്.ബിസിനസ്സ് രംഗം തന്നെ ഉപേക്ഷിക്കുന്നു എന്നാണ് കുഞ്ഞൂട്ടന്റെ ബോസ്സ്ന്റെ നിലപാട്.

കഷ്ടം! രണ്ടാളുടെയും ഈഗോയും ആറ്റിട്യൂടും ആലോചനഇല്ലാത്ത വാശികളും പിണക്കങ്ങളും കാരണം ഭാവിയിൽ ലോകം അസൂയയോടെ കാണുമായിരുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം ഇല്ലാതായി. ഒപ്പം നമ്മുടെ സ്വപ്നങ്ങളും!!

കുഞ്ഞൂട്ടന്റെ നാട്ടിലൂടെ കുഞ്ഞൂട്ടനോട് ചേർന്ന് ഒരുപാട് സ്വപ്നങ്ങൾ ഞാനും കണ്ടിരുന്നു. അവയെല്ലാം ഇനി എന്നിൽ തന്നെ ഒതുങ്ങട്ടെ. അല്ലേലും എന്റെ സ്വപ്നങ്ങൾക്ക് ആരും വില നൽകാറില്ല. ഞാനിവിടെ ഉണ്ടെന്ന് പോലും എന്റെ മുതലാളി അറിഞ്ഞത് ഈ അടുത്താണ്. അതും കുഞ്ഞൂട്ടൻ കാരണം.

എനിക്കറിയാം കുഞ്ഞൂട്ടന് ഒരിക്കൽ പോലും എന്നെ ഒന്ന് കാണുവാനോ കേൾക്കുവാനോ പറ്റിയിട്ടില്ല എന്ന്.എന്റെ സന്തോഷത്തിനു വേണ്ടി മൂന്നു തവണയും കുഞ്ഞൂട്ടൻ മാറിനിന്നു എന്നും എനിക്കറിയാം. അതിന്റെ എല്ലാം കടം തീർത്ത് കുഞ്ഞൂട്ടനെ സ്നേഹിച്ചു കൊല്ലണം എന്ന് കരുതിയിരുന്നത.

ഇനി എല്ലാം വെറും സ്വപ്നങ്ങൾ മാത്രം. എന്റെ മുതലാളി പുതിയ ബിസിനസ്സ് ബന്ധത്തിലൂടെ... കുഞ്ഞൂട്ടനെ പോലെ ആർക്കേലും എന്നെ കൊടുക്കുമായിരിക്കും. 

പക്ഷെ... 

കുഞ്ഞൂട്ടനെ പോലെ ആരേലും അല്ല ഞാൻ ആഗ്രഹിച്ചത്. മുതലാളിക്ക് പോലും വേണ്ടായിരുന്ന എനിക്ക് ആദ്യമായി ഒറ്റപ്പെടൽ മാറ്റി സന്തോഷത്തിന്റെ മാർഗങ്ങൾ കാണിച്ചു തന്ന കുഞ്ഞൂട്ടനെത്തന്നെ വേണമായിരുന്നു എനിക്ക്.

കുഞ്ഞൂട്ട... എന്താ അവർക്ക് ബോധം വരാത്തത്. ഒരുമിച്ചു നിൽക്കുന്നത് ആണ് പിരിഞ്ഞു പോകുന്നതിലും ബിസിനസ്സിന് നല്ലത് എന്നവർ ചിന്തിക്കാത്തത് എന്താ??നിസ്സാര കാര്യങ്ങൾ ക്ഷമിക്കാൻ ഈ മനുഷ്യർ എന്നാ ഇനി പഠിക്കുക? മരിക്കുമ്പോൾ ഇത്തരം വാശിക്കൊണ്ട് എന്തേലും ഇവർ നേടുമോ കുഞ്ഞൂട്ട??

ഹൃദയം മുറിച്ചു കൊണ്ടുള്ള ഒരു ഈഗോ കൊണ്ടും ആരും ഒന്നും നേടില്ല എന്ന് അവർ രണ്ടും ഒരിക്കൽ തിരിച്ചറിയും.എന്തൊക്കെ ഈ ലോകത്ത് കാണിച്ചു കൂട്ടിയാലും ഒരുനാൾ ഈ മണ്ണിൽ കൊഴിഞ്ഞു വീഴും എല്ലാവരും എന്ന് തിരിച്ചറിഞ്ഞു വരുമ്പോളേക്കും... ഒരുപാട് വൈകിയിട്ടുണ്ടാകും. പിന്നീട് ഒരുമിച്ചൊരു ബിസിനസ്സും ഇനി പറ്റില്ല എന്ന രീതിയിൽ കാലം മുന്നോട്ട് ഓടിയിട്ടുണ്ടാകും... ഒരുപാട് ദൂരേക്ക്!!

തെറ്റുകളും കുറവുകളും ഇല്ലാത്ത ആളുകൾ ആരും ഇല്ല. തെറ്റുകൾ തിരുത്താൻ സാധിക്കും. തെറ്റിദ്ധാരണകൾ മനസ്സിലാക്കി വരുമ്പോളേക്ക് ഇനി ഒരു തിരുത്തൽ പറ്റാത്ത വിധം എല്ലാം തീർന്നിട്ടുണ്ടാകും.

കുഞ്ഞൂട്ടാ... കുഞ്ഞൂട്ടൻ വിഷമിക്കും എന്നറിയാം. എനിക്ക് ഓടി വരണം എന്നുണ്ട്. പക്ഷെ... ഞാൻ നിസ്സഹായ ആണ്.കുഞ്ഞൂട്ടനെ ഓർക്കുവാൻ പോലും എന്റെ മുതലാളി ഇനി സമ്മതിക്കുമോ എന്നറിയില്ല.പാവം എങ്കിലും പിടി വാശി കൂടുതൽ ആണ്

കുഞ്ഞൂട്ടന്റെ ബോസ്സ്നെ എന്റെ മുതലാളി ശത്രുവിനെ പോലെ കണ്ടു തുടങ്ങി എന്ന് തോന്നുന്നു. ഒരുപാട് തവണ അവിടുന്ന് വിളിച്ചു. പക്ഷെ എന്റെ മുതലാളി തിരിഞ്ഞു നോക്കിയില്ല.

കുഞ്ഞൂട്ട.. കുഞ്ഞൂട്ടനുള്ള പോലെ ഒരുപാട് കഥകൾ എനിക്കും ഉണ്ടായിരുന്നു കുഞ്ഞൂട്ടന് മുന്നിൽ പറയാൻ.എല്ലാ മോഹങ്ങളും ഉരുൾപൊട്ടലിൽ പെട്ടപോലെ എങ്ങോട്ടോ പോയി.എന്താ എന്റെ കുഞ്ഞൂട്ടനോട് പറയേണ്ടത് എന്ന് പോലും കുറിഞ്ഞിക്ക് അറിയില്ല ഇപ്പോൾ.

കുഞ്ഞൂട്ട... നമ്മൾ പരസ്പരം ഒരുപാട് മിസ്സ്‌ ചെയ്യും എന്നത് ഉറപ്പാ. എന്നെ ഓർത്തു വിഷമിക്കരുത്. ഞാൻ പിരിഞ്ഞാൽ ഒരു കൂട്ട് ഇല്ലാതെ കുഞ്ഞൂട്ടൻ ശരിക്കും ഒറ്റപ്പെടും എന്നറിയാം.മനുഷ്യരെ പോലെ
ഡിപ്രെഷൻ ഒന്നും ആയി വയ്യാതെ ആകരുത്. കുഞ്ഞൂട്ടൻ വിഷമിച്ചിരിക്കുമ്പോൾ...
സാരമില്ല എന്ന് പോലും പറഞ്ഞു അശ്വസിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.


കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല കുഞ്ഞൂട്ട....
നിർത്തിക്കോട്ടെ....ഞാൻ ??
ഇനി കുഞ്ഞൂട്ടനെ കാണുന്നത് പോയിട്ട് കുഞ്ഞൂട്ടന് ഒരു കത്തെഴുതാൻ പോലും എനിക്ക് ഇനി പറ്റുമോ എന്നറിയില്ല.

ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ.....

                      കുഞ്ഞൂട്ടന്റെ കുറിഞ്ഞി