ഒരു ചങ്ങാതിയെ തേടി ഒരു നാട്ടിൽ പുറത്ത് ചെന്നിറങ്ങിയതാണ്.അടുത്ത കടയിൽ കയറി അഡ്രസ്സ് കാണിച്ചു വഴി ചോദിച്ചപ്പോൾ മുതൽ അടുത്തു നിന്ന ഒരാൾ ഇടിച്ചു കയറി വഴി പറഞ്ഞു കൊണ്ട് മുന്നിൽ നടപ്പ് ആയി.മുഷിഞ്ഞ വേഷം.ചപ്ര തല. കളസത്തിനു തൊട്ടു താഴെ വരെ കേറ്റി മടക്കി കുത്തിയ കൈലി,കറ പിടിച്ച പല്ലുകൾ!!
"എവിടുന്നു വരുന്നു...?എന്താ ചെയ്യുന്നേ...?അപ്പൊ ഒരു പാട് ശമ്പളം ഉണ്ടാകും അല്ലേ...എത്ര കിട്ടും? കല്യാണം കഴിഞ്ഞോ?...." തുടങ്ങി അനാവശ്യ ചോദ്യങ്ങൾ ശരിക്കും ആരോചകം ആയി തോന്നി.
അല്പ ദൂരം കഴിഞ്ഞപ്പോ അയാൾ ഒരു ബീഡി എടുത്തു കത്തിച്ച് ആഞ്ഞു വലിച്ചു അയാളെക്കാൾ വലിയ പുക പുറത്തേയ്ക്ക് ഉന്തി വിട്ടു തുടങ്ങി.ഇടയ്ക്കിടെ വളവുകൾ ഉള്ള മണ്ണിട്ട പാത ആണ്.അടുത്തോന്നും വീടുകൾ ഇല്ല എന്നു തന്നെ പറയാം.ഒരു വളവ് തിരിഞ്ഞു വിജനമായ പാതയുടെ അരികിൽ അയാൾ തന്റെ അല്പ മുണ്ട് പൊക്കി നിന്നു മൂത്രമൊഴിച്ചു.കറ വീണ ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ബീഡി കുറ്റി ആഞ്ഞു വലിച്ചു പുക തള്ളി അയാൾ ആ നിന്ന നിൽപ്പിൽ തല ചെരിച്ചു നോക്കി ഒരു വിടല ചിരി ചിരിച്ചു.
ഇയാൾ ഇനി വല്ല തട്ടിപ്പ് കാരനും ആണോ എന്ന ചിന്തയും... റോഡിൽ ആരും ഇല്ല എന്ന സത്യവും എന്നിൽ ആശങ്ക പടർത്തി തുടങ്ങി.മൊത്തത്തിൽ നിന്ന് ഒന്നു കുലുങ്ങിയ ശേഷം...കൈ മുണ്ടിൽ തുടച്ചുകൊണ്ടു, സംശയിച്ചു നിൽക്കുന്ന എന്റെ മുന്നിൽ കയറി അയാൾ വീണ്ടും നടന്നു തുടങ്ങി.ഏകദേശം അര മണിക്കൂർ പിന്നെയും നടന്നു കാണും.അതിനിടയിൽ ബീഡികൾ പലതും കത്തിയമർന്നു പുകയായി കാറ്റിലലിഞ്ഞു. ഒരു പാമ്പ് ഇഴഞ്ഞു നീങ്ങിയതിന്റെ തൊട്ടടുത്ത വളവ് തിരിഞ്ഞ ഉടൻ അല്പം അകലെ ആയി ഒരു വീട് കണ്ടു.
"അതാണ് സാറേ വീട്" എന്നും പറഞ്ഞു ആ മനുഷ്യൻ പെട്ടെന്ന് തിരിഞ്ഞു നടക്കുമ്പോൾ..... എന്നിൽ ഞാൻ തന്നെ നട്ടുവളർത്തിയ സംശയത്തിന്റെ വന്മരം ഒരു വലിയ ശബ്ദത്തോടെ കടപുഴകി വീണു!!
എന്നിൽ ആരോചകം ഉണ്ടാക്കിയ ആ മനുഷ്യന്റെ രൂപത്തിനോട് എനിക്ക് തോന്നിയ വിദ്വേഷം എന്നോട് തന്നെ തോന്നി തുടങ്ങി.നാട്ടിൻ പുറത്ത് കാരന്റെ സൗന്ദര്യം അവന്റെ മനസ്സുകൾക്ക് ആണ് എന്ന തിരിച്ചറിവ് നേടുവാൻ എടുത്ത സമയത്തിനുള്ളിൽ അയാൾ എന്റെ പിന്നിൽ അവസാന വളവും തിരിഞ്ഞു എങ്ങോ മറഞ്ഞു പോയിരുന്നു.
സുഹൃത്തിനെ കണ്ടു മടങ്ങും വഴി, തിരികെ ബസ്സിൽ കയറുന്ന വരെ... ആ മുഴിഞ്ഞ വേഷധാരിയെ പരതി കണ്ണുകൾ അലഞ്ഞത്....പറയുവാൻ മറന്നു വച്ച നന്ദി പറയുവാനോ അതോ അദ്ദേഹം ചോദിച്ചതിൽ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആണോ എന്നറിയില്ല!!
ഒരു പക്ഷെ ഞാൻ ബസ്സിൽ കയറി പോകുന്നത് കണ്ടുകൊണ്ടു ചെറു പുഞ്ചിരിയോടെ അദ്ദേഹം ഏതെങ്കിലും കടത്തിണ്ണയിൽ കുത്തിയിരുന്നു പുകയൂതിയിരിക്കാം!!
പേരു പോലും അറിയാത്ത ആ മനുഷ്യനെ പിന്നീട് പല നാടുകളിൽ, പല സമായത്തായി കണ്ടുമുട്ടിയിട്ടുണ്ട്.വ്യത്യസ്ത മുഖങ്ങളോടെ,വ്യത്യസ്ത പേരുകളിൽ!!
ചോദിക്കാതെ തന്നെ സഹായ ഹസ്തവും ആയി വന്നു ഒരു നന്ദിയ്ക്ക് പോലും കാത്ത് നിൽക്കാതെ തിരിഞ്ഞു നടന്നവരിലൂടെ....
********
പിൻകുറിപ്പ്:
പതിവിൽ കൂടുതലായി ഒരു "ഹായ്" അല്ലേൽ ഒരു കോൾ ചെയ്തു നിർദോഷമായി വിശേഷങ്ങൾ ചോദിക്കുന്ന പലരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം ആയി കാണുന്നവർ ആണ് നമ്മൾ എല്ലാം!!
No comments:
Post a Comment