Wednesday, 11 March 2015

കാലന്‍ കഥകള്‍ (ഭാഗം 5)



“കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”




ഇന്ന് യമപുരിയിലെ പ്രധാനപ്പെട്ട മേളകളിലോന്നിന്‍റെ ഉല്‍ഘാടനമാണ്.
യമപുരിയിലെത്തിച്ചേര്‍ന്ന സകല അണ്ടന്‍റെയും അടകോടന്‍റെയുംവരെ ഹിസ്റ്ററിയും,ജ്യോഗ്രഫിയും ഒക്കെ നോക്കി നിര്‍ണ്ണയം നടത്തുന്ന ദിനം.

കേശുമ്മാവന്‍ ആണ് ഉല്‍ഘാടനവേളയിലെ മുഖ്യാകര്‍ഷണം.കേശവനെ ഒന്ന് അടുത്ത് കാണാനും, കൂടെ നിന്നൊരു സെല്‍ഫി എടുക്കാനും ഒക്കെ  ആയി ആകെ തിക്കും തിരക്കും!!

 എന്തിനേറെ, ചില വിദ്വാന്മാര്‍കാലന്‍റെ കണ്ണുവെട്ടിച്ച് ചാത്തന്റെ കൈയില്‍ നിന്നും ഒപ്പിച്ച ആപ്പിളിട്ട് വാറ്റിയ നാടനടിച്ചിട്ട്‌ ഓടി വന്ന് ഒന്ന് "കേശപ്പനെ" തൊട്ട്നക്കീട്ട് വരെ പോകുന്നുണ്ട്.ടച്ചിംഗ്സ്സ് ആണത്രേ!!

ഒടുവില്‍ കാലനെത്തി,മീശ പിരിച്ചു... എല്ലാവരും പിരിഞ്ഞു.

കേശുമ്മാന്‍റെ മുതുകത്ത് കേറാന്‍ നോക്കിയ കാലത്തിയാകട്ടെ...., താഴെ വീണ്,"പെടലി"യായി വടക്ക്നോക്കിയന്ത്രംകണക്കെ ഇരിപ്പുണ്ട്.അങ്ങനെ കാലത്തിടെ പണി കൂടി കാലപ്പന് കിട്ടി.നിന്ന് തിരിയാന്‍ സമയമില്ല.ആസനത്തില്‍ തീ പിടിച്ചത് കെടുത്താനെന്നപോലെ ഓടി നടന്നു കാലന്‍.പെട്ടെന്നാണ് ടാബ് വാ തുറന്നത്.

യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്........നേരിട്ട് പോയി ക്ഷണിച്ചാല്‍ മാത്രം വരുന്ന ചില ജീവന്‍സ്സിന്‍റെഇന്നത്തെ ലിസ്റ്റ് ഓര്‍മ്മപ്പെടുത്തിയതാ.


ഓടിചെന്ന്, കാലന്‍ ടാബനിട്ടൊരു കുത്ത് കൊടുത്തു.

"ഇപ്പോളാണോ ഓര്‍മപ്പെടുത്തുന്നത്..... പൊട്ടന്‍!!

ഇനിയെന്ത് ചെയ്യും കര്‍ത്താവേ??”
ജഡ്ജിംഗ് പാനലില്‍ കയറി, ഒരു കുരിശുമായി ഇരിക്കുന്ന കര്‍ത്താവ് തിരിഞ്ഞ് നോക്കി കൈ മലര്‍ത്തി.

ബുക്ക്‌ വര്‍ക്ക്ഉള്ളതിനാല്‍ ചിത്രഗുപ്തനേയും വിടാനാവില്ല.ഉടനേ തന്നെ എന്തെങ്കിലും ചെയ്തേ പറ്റു!!
വേറെ ആരെയെങ്കിലും വിട്ടുനോക്കാം.ആരെ വിടും??

ഞാന്‍ പോകാംസായിപ്പിന്‍ പൂട പോലത്തെ തലയുമായി... വെളുക്കെചിരിച്ചുകൊണ്ട്‌,തുള്ളി നീലത്തിന്‍റെ പരസ്യം പോലെ വെള്ളയും വെള്ളയും ഇട്ട്.... മരതവളേ പോലെ ഒരാള്‍ ചാടി ചാടി വരുന്നു.

ലീ....ഡര്‍ര്‍ര്‍ര്‍ര്‍” !!!

പോത്തച്ചന്‍റെ മോളില്‍ ഒരു കസ്സേര കെട്ടിവച്ച്, അത് കാണിച്ച് കൊതിപ്പിച്ച് കൊതിപ്പിച്ച് ഇവിടം വരെ കൊണ്ടുവരാന്‍ പെട്ട പാട് തനിക്കറിയാം. ഇനി ഒന്നും കൂടി ഇങ്ങേരേ പുറത്ത് വിട്ടാല്‍ പിന്നെ, ഈ ജന്മത്ത് തിരികെയെത്തില്ല.
ഓ..നെ ബിട്ടാല്‍... നമ്മന്റെ ആള്‍ക്കാര്‍  അനക്ക് പണി തരും....ട്ടാ 
ഇതാ വരുന്നു കോമഡി മുഖ്യന്‍. രണ്ടിനേയും ഓടിച്ചുകൊണ്ട് കാലന്‍ പിന്നേം നോക്കി.ആരെ വിടും??

അപ്പൊ ദേ നില്‍ക്കുന്നു.... ആല്ഫ്രഡ്പേരേര വില്ഫ്രഡ് ഡിസ്സൂസ്സ ഗ്രിഗറിഗോണ്‍സാല്‍വസ്സ് മരംചാടികോരന്‍”. സങ്കരയിനമാ, അച്ഛന്‍ വിദേശി, അമ്മ സ്വദേശി.

A.P.W.D.G.G.M കോരന്‍... എന്ന് ചുരുക്കം.

അങ്ങു ഇറ്റലിയിലെ, പോക്കണംകോട് നഗരത്തിലെ ലൈന്‍മാനായിരുന്നു.11 കെ.വി യേല്‍ തൂങ്ങി മരിച്ചതാ.നല്ല നാടന്‍ വാറ്റടിച്ച്,11 കെ.വി പോസ്റ്റില്‍ കേറി.അവിടിരുന്നുറങ്ങി.അങ്ങനെ ഉറക്കം തൂങ്ങി തൂങ്ങി കമ്പിയേലോട്ട് വീ ണു. "തന്തൂരിപരുവത്തിലാ കാലനുകിട്ടിയെ!!

ഡാ ശശി.......കാലന്‍ നീട്ടി വിളിച്ചു.വിളിക്കാനെളുപ്പം ശശിന്നാ.   നാക്കുളുക്കില്ലല്ലോ.

A.P.W.D.G.G.M കോരന്‍ ഹാജര്‍!!

വര്‍ണ്ണിക്കാനേ പറ്റാത്ത അത്ര ബോറു രൂപം.

ഹം!! ഇവന്‍തന്നെ മതി.കാണുമ്പോള്‍ തന്നെ കാറ്റ് പൊയ്ക്കോളും.
കാര്യം പറഞ്ഞു.കോറിക്കാന്‍ വാങ്ങിയ കപ്പലണ്ടിടെ പേപ്പറെല്‍ പേരെഴുതി കൊടുത്തു.ടാബും കൊടുത്തു.ടാബുണ്ടെങ്കിലെ യദാര്‍ത്ഥ സമയം നോക്കി പോക്കാനാകു.

പക്ഷേ,...... കാലന്‍ തോണ്ടിയാലേ ടാബന്‍ ഉണരൂ.അല്ലെങ്കില്‍ കാലന്‍റെ ഗദയ്ക്ക് കുത്തണം.

ഗദയെടുത്ത് കൈയില്‍ കൊടുത്തു. കണ്ണടച്ച് തുറന്നപ്പോള്‍ ശശി ഇല്ല.

ഇത്രവേഗം പോയോ?, നല്ല ആത്മാര്‍ത്ഥത!!

പറഞ്ഞുതീരുംമുന്‍പേ ഒരു കാറല്‍ കേട്ടു.നോക്കുമ്പോള്‍ ദേ കിടക്കുന്നു ശശി ഗദയും കൊണ്ട് താഴെ!!

ഒരിക്കല്‍ ചത്തത് കൊണ്ട് ഇത്തവണ രക്ഷപെട്ടു.
തന്‍റെ ഗദ മറ്റാര്‍ക്കും വഴങ്ങില്ല എന്നത് അപ്പോളാണ് കാലന്‍ ഓര്‍ത്തത്.
ഗദ മാറ്റി..കോരനെ കോരിയെടുത്തു.അരത്തോടം കാടിവെള്ളത്തില്‍ കലക്കിയ ബൂസ്റ്റ്‌ കൊടുത്തു.കോരന്‍സ്സ് ഒക്കെ!!

ടാബെടുത്ത് അറ്റകൈ പ്രയോഗിച്ചു. "ഓതറൈസേഷന്‍" കത്ത് കൊടുത്തു.
ചിലപ്പോള്‍ ചില ചോദ്യങ്ങളും, “ക്യാപ്സിക്കംനോക്കി വരയ്ക്കാനും തരും.തെറ്റിക്കരുത്.
പിന്നെ, അത്യാവശ്യസമയത്ത് പോത്തപ്പന്‍ സഹായത്തിനെത്തിക്കോളും.

ടാബും തൂക്കി കോരപ്പന്‍ തിരിച്ചു.

*********************************


അതേ സമയം,....

പല ഗുരുക്കളുടെയും അടുത്ത് മാറി മാറി പോയിട്ടും അവര്‍ ഓതിയ വേദമോന്നും പോത്തിന്‍റെ ചെവിയില്‍ കേറിയില്ല.ഒടുവില്‍ സാക്ഷാല്‍ വേദപ്പന്‍റെ അടുത്ത് തന്നെ പോകാന്‍ തീരുമാനുച്ചു.




ചെന്ന് കേറിയപ്പോളെ നല്ല പച്ചപ്പുള്ള ഒരു തണ്ട് കണ്ട പോത്തന്‍, കേറിയൊരു കടി കൊടുത്തു.തണ്ടോടിഞ്ഞു.

ഉച്ചയൂണും കഴിഞ്ഞ്, ചുരുണ്ടുകൂടി കിടന്നുറക്കമായിരുന്ന, വേദപ്പന്‍ താമരയോടെ നടുവുംതല്ലി താഴെ!!

വേദങ്ങള്‍ പുറപ്പെട്ട നാവില്‍ നിന്നും ബ്രഹ്മന്‍ അഞ്ചാം വേദം പുറപ്പെടുവിച്ചു.ജാതിമത ഭേതമന്യേ ഏവരും അതേറ്റുവാങ്ങി ഇന്നും പതിവായുരുവിട്ടുപോരുന്നു.

മറ്റു വേദങ്ങള്‍ പലവട്ടം കേട്ടിട്ടും ഒരു പിണ്ണാക്കും പിടികിട്ടാത്ത പോത്തന്‍, “പുളിച്ച തെറി” എന്ന അഞ്ചാം വേദം പഠിക്കുന്ന ആദ്യ ശിഷ്യനായി മാറി. വീണു കിടക്കുന്ന വേദപ്പനെ,പോത്തന്‍ കുത്തിനു പിടിച്ചു പൊക്കിനിര്‍ത്തി.പഞ്ഞി മൊട്ടായി ആണെന്നോര്‍ത്ത് താടിക്ക് കടിച്ചു വലിച്ചപ്പോള്‍, ബ്രഹ്മന്‍ ഒരിക്കല്‍കൂടി “പോത്തിന്‍റെ ചെവിയില്‍ വേദമോതി” പേരെടുത്തു.

ജലദോഷം പിടിച്ച്, 4 മൂക്കും ഒലിപ്പിച്ച് മുന്നില്‍ നില്‍ക്കുന്ന വേദപ്പനായ ബ്രഹ്മനെ കണ്ട് പോത്തന് ചിരി പൊട്ടി.

ബ്രേ.......ഹ്ഹ...ഹ..ഹ..ഹ, ബേ...........ഹ .....ഹഹഹ.........”

“മ്ബേ.....ഹ,.....ഹ ..ഹ...  ബ്രേ....ഹ..കി.... കി...കി........... ഹഹഹഅഹഹ...”




അതുകണ്ട ബ്രഹ്മനു കലി പൊട്ടി.

കൈയ്യില്‍ കിട്ടിയത് കൊണ്ട് മണ്ടയ്ക്കിട്ടോന്നു കൊടുത്തു.
തുറന്ന വായില്‍ കിടന്നു പിടച്ചിരുന്ന നാക്കിനിട്ട്... അള്ള് വച്ച് കിള്ളി!!
അടുത്ത് കിടന്ന തേങ്ങയെടുത്ത് പോത്തന്‍റെ കൂമ്പിനെറിഞ്ഞുടച്ചു.
തീപ്പെട്ടി ഉരച്ചു വാലീല്‍ കൊളുത്തി.
ചട്ടുകം പഴുപ്പിച്ച് ചന്തിക്കിട്ട് കുത്തി.


“കഥ മാറി...., കളി...മാറി...,
ചിരി മാഞ്ഞു..., കിറി..കോട്ടി!!
കണ്ണിലെല്ലാം ഇരുട്ട്കേറി....
പാ....യലേ..വിട!! പൂപ്പലേ വിട!!”

*************************

പോത്തന്‍സ്സ് വാലും പൊക്കി ഓട്ടം തുടങ്ങി.ഒട്ടത്തിനിടയില്‍ കരഞ്ഞു കൂവി.

“ഇങ്ങനെയൊക്കെ.. ചെയ്യാമോ?..
നമ്മുക്ക് വീണ്ടും... കാണണ്ടെ...??
പേടിപ്പിച്ചാല്‍....  പോരാരുന്നോ?..
ഒത്തിരി.. സങ്കടം ഉണ്ട്ട്ടോ...”

ബ്രഹ്മപ്പന്‍ ചൂടിലാന്നു മനസ്സിലായ പോത്തന്‍,ന്യൂട്ടന്‍റെ ചലന നീയമം പരീക്ഷിച്ചു.മൂട്ടില്‍ നിന്നും ചാണകം പുറത്തേയ്ക്ക് തള്ളി,ആ ഫോഴ്സ്സില്‍ എസ്കേപ്പ് വെലോസിറ്റി കിട്ടി.

ന്യൂട്ടന്‍ ജയിച്ചു,ബ്രഹ്മന്‍ തോറ്റു!!

പേടിച്ചു തൂറി, നില്‍ക്കടാ അവിടെ ” വേദപ്പന്‍ കലിതുള്ളി.

പോത്തനോടിയ വഴിയില്‍ വീണ ചാണകത്തിന്‍ മേലെ പുല്ലു മുളച്ചു.
ബ്രഹ്മ ലോകം കടന്നതും മൊബൈലില്‍ മെസ്സേജ് എത്തി.

“എനക്ക് തരക്കാ!!
പൊകരം, കോറന്‍ ഈസ്സ് ഓണ്‍ തൂട്ടി.
ഒന്ന് പോയി ഹല്‍പ്പിയേക്ക്.

                             എന്ന് ചോന്തം കോളന്‍”


മുഴുവന്‍ അക്ഷരത്തെറ്റാ, ഊള!!

പോത്തനു കാര്യം പുടി കിട്ടി. GPS ഓണാക്കി.

കോരപ്പനെ തപ്പി പോത്തന്‍സ്സ് ഡ്യൂട്ടി തുടങ്ങി!!





Tuesday, 10 March 2015

കാലന്‍ കഥകള്‍ (ഭാഗം 4)

ഭാഗം 3 വായിച്ചിട്ട് തുടരുക( http://smineshravindran.blogspot.com/2015/03/3.html )


"ന്യൂട്ടയന്ത്രം"
(“കേശുമ്മാവന്‍”- തുടര്‍ച്ച)

“PAY N USE” എന്നെഴുതിയ ഒരു പോതുമേഖല സ്ഥാപനത്തിന് വെളിയിലോട്ടിച്ച ബാനറിലെ കവിത, സംഗതികള്‍ പിന്നേം വഷളാക്കി.

"അടി.. തടുക്കാം,....
ഇടി തടുക്കാം...
തൂ....... മുട്ടുമ്പോള്‍.....
............തടുക്കാന്‍ പറ്റില്ല!!”

പിന്നൊന്നും ആലോചിച്ചില്ല!! ചാടി ഇറങ്ങി,മൂടും താങ്ങി ഒറ്റ പാച്ചിലാരുന്നു.....

അല്പം കഴിഞ്ഞ്, മന്ത്രി ആക്കപ്പെട്ട വാര്‍ഡുമെമ്പറെ പോലെ വെളുക്കെ ചിരിച്ചും കൊണ്ട് ഇറങ്ങിവന്ന്, പൈസായും പിന്നെ ടിപ്പും,അവനിട്ടൊരു ഉമ്മയും കൊടുത്ത്, തിരികെ വീണ്ടും കേശുന്‍റെ മുതുകില്‍.
പോണ പോക്കിന് ആദ്യം കണ്ട മെഡിക്കല്‍ ഷാപ്പില്‍ കേറി 5 മീറ്ററിന്‍റെ "സ്നഗ്ഗി" വാങ്ങി,വലിച്ചുവാരി ചുറ്റി.

അങ്ങനെ ഡേയ്ഞ്ചര്‍ സോണില്‍ നിന്ന കാലന്‍  പെട്ടെന്ന് സേഫ് സോണിലെത്തി.

പക്ഷേ... കടുത്ത വായൂ കോപം!!!

ഉള്ള പരിപ്പെല്ലാം കൂട്ടിട്ടാകും.വെടിക്കെട്ടിന്‍റെ അകമ്പടിയോടെയുള്ള കാലന്‍റെ വരവറിഞ്ഞ്, കാലത്തി ഹാപ്പി.കാലപുരിയിലോട്ട് കടക്കുമ്പോളുള്ള ആചാര വെടി ഇത്തവണ, കാലന്‍ തന്നെ പൊട്ടിച്ചു.
കേശുമ്മാവന്‍ ചെവി പൊത്തി.ആനേ കണ്ട്, സന്തോഷിനു പഠിച്ച കാലത്തി അന്ന് രാത്രി, പൊന്‍തളികയില്‍ അത്താഴം വിളമ്പി.

“പാവയ്ക്കാ കറി...ഉണ്ട്, എടുക്കട്ടെ??”

“പ്..ഫാ...” കാലനാട്ടി!!

ആട്ടിന്‍റെ കൂടൊരു കളര്‍ വെടി പൊട്ടി.


കാലത്തിക്കല്‍ഭുതം.മേളയ്ക്ക് പൊട്ടിക്കാനുള്ള പടക്കം വാങ്ങിട്ട് ഇതെവിടെ കൊണ്ടോളുപ്പിച്ചു???
“എന്നേം കൂടി കാണിച്ചേ...  , കാണിക്ക്യോ ??” കാര്യമറിയാതെ കാലത്തി വീട് മുഴുവന്‍ പരതി.

തപ്പി മടുത്തപ്പോള്‍,
“ഹോ...!! അത്രയ്ക്ക് ഗമയാണേല്‍..പോ!!
മേളയ്ക്ക് പൊട്ടിക്കുമ്പോള്‍ കണ്ടോളാം.അല്ല പിന്നെ.” എന്നും പറഞ്ഞ് കിറിയും കോട്ടി ഇറങ്ങി പോയി.

കാലത്തി പോയ പുറകേ തന്നെ കാലപുരിയിലെ ആസ്ഥാന വൈദ്യന്‍ "ഡോ.ഉല്‍പ്പലാക്ഷന്‍ പിള്ള"യെ തേടി കാലനോടി.കൈയില്‍ കിട്ടിയതൊക്കെ മരുന്നാന്നും പറഞ്ഞ് കാലന് കൊടുത്ത് പിള്ള തലയൂരി. 2 ദിവസ്സം കഴിഞ്ഞിട്ടും ങേ...ഹേ!!

ഒരു മാറ്റവുമില്ല.തന്നേയുമല്ല,ഉല്‍പ്പുന്‍റെ പ്രയോഗത്തിനു ശേഷം, വിവിധ രീതിയില്‍ പൊട്ടാനും തുടങ്ങി.

കാലത്തിയാകട്ടെ, തീര്‍ന്ന ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനു പകരം, റെഗുലേറ്റര്‍ ഊരി നേരേ കാലനില്‍ കുത്തി.

ഡോ.ഉല്‍പ്പു പല മരുന്നുകള്‍ പരീക്ഷിച്ചു.മരുന്ന് കുറഞ്ഞതല്ലാതെ, വേറൊന്നും കുറഞ്ഞില്ല.രാജ്യസഭായോഗം പോലും പറ്റാതായി. കാലന്‍ സങ്കടത്തിലായി.

അപ്പോളാണ്, "ആപ്പിള്" കൊണ്ട് ചളുങ്ങിയ തലയുമായി നടക്കുന്ന ന്യൂട്ടനളിയന്‍ പുതിയൊരു കണ്ടുപിടുത്തവുമായി എത്തിയത്.ഒരു സിംഹാസനം!!!

കാലനും,കാലത്തിയും കൂടി പ്രവര്‍ത്തനം കാണാന്‍ കുത്തിയിരുന്നു.
ന്യൂട്ടളിയന്‍ ഡെമോ തുടങ്ങി. സിംഹാസനം ഓണ്‍ ആക്കി.ഏതൊക്കെയോ സ്വിച്ച് പിടിച്ച് തിരിച്ചു. ഒരു പഴയ നാലുവരി കവിത പുറത്ത് വന്നു.

“ഭും.. ഭും......”, പരിമളം നാസ്തി!! 

“പി..പ്പി”...യായത്‌ മദ്ധ്യമം!!
“കശ..പിശ”, മഹാ കഷ്ടം!!
“നിശബ്ദേ....”, പ്രാണ....... സങ്കടം!!

കവിത തരുന്നത് നാല് ഓപ്ഷന്‍സ്സ്.
ആദ്യത്തെ രണ്ടു വരികളുടെ ഓപ്ഷന്‍സ്സ് ആയി പച്ചയും,നീലയും ലൈറ്റുകള്‍.
മൂന്നും നാലും വരികള്‍ക്ക് യഥാക്രമം... മഞ്ഞയും,ചെമപ്പും ലൈറ്റുകള്‍.

സഭായോഗം നടക്കുമ്പോള്‍ ഇതിലിരുന്നാല്‍ മതി.ശബ്ദം പുറത്ത് പോകില്ല.
കവിതയാകട്ടെ കാലന് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലും, ലൈറ്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിനും.

കാലന് സന്തോഷമായി.അന്ന് തന്നെ പഴയത് മാറ്റി, ന്യൂട്ടന്‍റെ കസേര പിടിപ്പിച്ചു.

പിറ്റേന്ന് സഭയില്‍ പച്ചയും നീലയും മാറി മാറി കത്തി.
മേളയ്ക്കുള്ള കാര്യങ്ങള്‍ക്ക് തീരുമാനമായി.അപ്പന്‍ തമ്പുരാനെ തന്നെ പ്രത്യേക ജുറി ആക്കി.തലതൊട്ടത്തപ്പന്മാര്‍ പ്രധാന ജുറികളായി. അതിനിടയില്‍ മഞ്ഞ തെളിഞ്ഞത് കണ്ട കാലത്തി മൂക്ക് പൊത്തി.
വീശിയടിച്ച കാറ്റില്‍ ആ അപകടം ഒഴിഞ്ഞു പോയി. പക്ഷേ......,
വലിയത് വരുന്നേ ഉള്ളായിരുന്നു.
യോഗത്തിന്‍റെ അവസാന വേളയിലെപ്പോഴോ പെട്ടന്ന് ചെമപ്പ് കത്താന്‍ തുടങ്ങി.

“നിശബ്ദേ....”, പ്രാണ....... സങ്കടം!!

സഭ മതിയാക്കി കാലനോഴികെ എല്ലാരും സ്കൂട്ടായി.
ഇനിയെന്ത് ചെയ്യും എന്നറിയാതെ, കാലനിരുന്നു.

**********

അപ്പോഴേയ്ക്കും കാലത്തി,വിറകുപുര തൂത്തുവാരി.......അവിടെ “കാലപുരി ഗ്യാസ്സ്” (KP ഗ്യാസ്) എന്നപേരിലുള്ള ഗ്യാസ്സ്ഏജന്‍സിയുടെ ബോര്‍ഡ്‌ തൂക്കിയിരുന്നു.



Monday, 9 March 2015

കാലന്‍ കഥകള്‍ (ഭാഗം 3)


“കേശുമ്മാവന്‍”

യമപുരിയിലെ പ്രധാന മേള അടുത്തതിനാല്‍ , സംഘാടക സമിതി യോഗം ചേര്‍ന്നു.സമിതിയിലെ പ്രധാന അംഗമായ, കാലത്തി “ധൂമോർണ്ണ” ഉത്ഘാടനത്തിനു ആനയെ കൊണ്ടുവരണം എന്നും..., അതും “കേശവന്‍” തന്നെ വേണമെന്നും പറഞ്ഞു.പയറ് നടാന്‍ കുഴി എടുക്കുന്ന ചില ബംഗാളി “കുഴിയാന”കളുടെ മേലെ കുതിര കേറിട്ടുണ്ട് എന്നല്ലാതെ, “കാലത്തി” ആനപ്പുറത്ത് കേറിട്ടില്ല.

കേശവനെ കൊണ്ടുവന്നാല്‍ ഗുരുവായൂരേ....., “അപ്പന്‍ തമ്പുരാന്‍” പിണങ്ങിയാലോ?പുള്ളിക്കാരനോട് ചോദിച്ചിട്ടാകാം എന്ന് കരുതി “കാലപ്പന്‍” എതിര്‍ത്തപ്പോള്‍, കാലത്തി.....

ആദ്യം.. ഒന്നു കിണുങ്ങി!!

പിന്നെ, ചിണുങ്ങി!

മുഖം മങ്ങി!!

ശേഷം, വിങ്ങി!!

ഒടുവില്‍, പിണങ്ങി!!

എന്നിട്ട് സഭേന്ന് ഇറങ്ങി!!

യോഗം മാറ്റി വച്ച് സമിതി മടങ്ങി!!!

തുടര്‍ച്ചയായി ഒരാഴ്ച്.... കലം പൊട്ടിക്കലും,പാത്രം പറത്തലും,കൂടാതെ എന്നും ഒരേ കറികളും കൂടി ആയപ്പോള്‍ കാലന്‍ കുലുങ്ങി.

“കുലുക്കി.. തക്കതെയ്യ്...” ,
“കുലുക്കി.. തക്ക..താ..”
“കുലുക്കി.. തക്ക..”
  
ഒടുവില്‍ കാലന്‍, “അപ്പന്‍ തമ്പുരാനു” മെയില്‍ അയച്ചു.വീഡിയോ ചാറ്റ് നടത്തി... ദുരിതബാതിത പ്രദേശങ്ങള്‍ കാണിച്ചുകൊടുത്തു.

"അപ്പന്‍ തമ്പുരാന്‍” ഫ്ളാറ്റേന്നു തെന്നി താഴെ!!

പുള്ളിക്കാരന്‍ നേരില്‍ തന്നെ വന്ന് കാലത്തിയെ കാണാന്‍ തീരുമാനിച്ചു.കാലത്തിയും ആയി സംസാരിച്ച “തമ്പുരാന്‍” ഒടുവില്‍ “കേശവനെ” കൊണ്ടുപോകാന്‍ സമ്മതം മൂളി.
മൂളി തീരും മുന്‍പേ, തമ്പുരാന്‍റെ “ഗരുഡാ മോട്ടോഴ്സ്സില്‍” കാലന്‍ ഒരു ലിഫ്റ്റ് ചോദിച്ചു. “കേശു” മാമനെ താങ്ങാന്‍ “പോത്തച്ചനു” പറ്റില്ലല്ലോ!! തന്നെ അല്ല, വേദമോതുന്നത് കേള്‍ക്കാന്‍ പോകാനായി... കുറേ നാളായി പോത്തച്ചന്‍ ലീവിനു അപേക്ഷിക്കുന്നു.പോത്തന്‍റെ ആഗ്രഹവും നടക്കട്ടെ!!

ഒടുവില്‍,
തമ്പുരാന്‍ കനിഞ്ഞു, ഗരുഡന്‍ കുനിഞ്ഞു..., കാലന്‍ കേറി, മോട്ടോഴ്സ്സ് ചീറി. കാലത്തീടെ മുഖം തിളങ്ങി.

കൊട്ടാരത്തിന് മുകളിലെത്തിയതും, അപ്പന്‍ തമ്പുരാന്‍ പറഞ്ഞു, “വണ്ടി സര്‍വീസ്സിനു കൊടുത്തേച്ച് വരാം.മൈലേജ് കുറവാ.ഒരു ലോറി ന്യൂഡില്‍സ്സിനു 10-200 കിലോമീറ്ററെ കിട്ടുന്നുള്ളൂ.പിന്നെ, ഓയിലും ഗ്രീസ്സും മാറ്റണം.ഇറങ്ങിക്കോ”

“പാമ്പ് ന്യൂഡില്‍സ്സിനു പകരം മാഗി ന്യൂഡില്‍സ്സ് തന്നിട്ട്, എന്‍റെ മൈലേജ് കുറവാന്ന്.... ഹും...”

പറഞ്ഞ് തീര്‍ന്നതും, ഗരുഡന്‍ ഒന്ന് ചെരിഞ്ഞു,കാലന്‍ മറിഞ്ഞു.

കുംഭേം കുത്തി വീണത്, കല്യാണ സദ്യക്കിടയില്‍.ചാടി എണീറ്റ്‌, ആദ്യം കണ്ട സീറ്റില്‍ കേറി ഇരിപ്പായി. “ഇന്നത്തെ പണികളൊക്കെ തീര്‍ന്നിട്ടേ,,, “കേശുമാനെ” കൊണ്ടോകാവൂ എന്ന് തമ്പുരാന്‍ പ്രത്യേകം പറഞ്ഞതിനാല്‍,ഇരുട്ടും വരെ  താന്‍  ഫ്രീയാ.

എന്തായാലും “വീണത് സദ്യ” എന്നും പറഞ്ഞ്, കക്ഷി സദ്യക്കൊരുങ്ങി.

ഇലവന്നു....,

അച്ചാര്‍, ഉപ്പ്, ഉപ്പേരി, ഇഞ്ചിക്കറി, പുളിയിഞ്ചി, പരിപ്പ്, നെയ്യ്, അവിയല്‍, ഇസ്റ്റു, പപ്പടം, പഴം....... അങ്ങനെ ഇലനിറച്ചും വിഭവങ്ങള്‍.ഓരോന്നായി തൊട്ടു നക്കിയ കാലന് പക്ഷെ പാവയ്ക്കാ കറി പിടിച്ചില്ല.കാലത്തിടെ... ഒലര്‍ത്തിയ കറികളിലെ സ്ഥിരം നമ്പര്‍!!

കറി ഹോള്‍സേയിലായി വിരളില്‍ വടിച്ച്... ഗുഹ പോലത്തെ വായിലേയ്ക്ക് ഒറ്റ ഞൊടി വച്ചുകൊടുത്തു.
“കണ്ണില്‍ കറി പോയീ”ന്നും പറഞ്ഞ് ഏതോ “അഹങ്കാരി” കാറി കൂവി.

ചോറ് വന്നു.
കൂമ്പാരം പോലെ വാങ്ങി, നടുവില്‍ കുഴികുത്തി കാത്തിരുന്നു.
ഒരുവന്‍ സാമ്പാര്‍ ബക്കറ്റ് കൊണ്ടോയി കൊട്ടി.സാമ്പാര്‍ മണം ഇടിച്ച് കേറി. ആ.........ഹ......,!! കാലന്‍റെ വായീന്ന്, മുന്‍സ്സിപ്പല്‍ പൈപ്പ് പോലെ കൊതിവെള്ളം ലീക്കായി.
                                                          
പിന്നെല്ലാം പെട്ടെന്നാരുന്നു.വാര്‍പ്പിനുള്ള മിശ്രിതം കൂട്ടുന്നത് പോലെ, ചോറും കറികളും കുഴച്ച്, ഉരുളയാക്കി വായിലേക്കെറിഞ്ഞു.കന്നിനെ കയം കാണിച്ച പോലെ പിന്നൊരു പ്രകടനമായിരുന്നു.പന്തികള്‍ പലതും മാറി മറിഞ്ഞു.കാലന്‍ മാത്രം മാറിയില്ല.ഒടുവില്‍,വിളമ്പുകാര്‍ കുത്തിനുപിടിച്ചപ്പോ,അഞ്ചാം പന്തിയില്‍ വച്ച്.... കക്ഷി ഇലവടിച്ച്,കൈ നക്കി തുടച്ച്, ഏമ്പക്കവും വിട്ടു... ഒന്ന് ഇളകി ഇരുന്ന ശേഷം 3 ബക്കറ്റ് പായസവും, ഒടുവില്‍ ആ ഇലയും കൂടി അങ്ങു മിണുങ്ങി.

”പോത്തച്ചന്‍” തിന്നുന്ന കണ്ട ശീലത്തില്‍ തട്ടിയതാ.

അതുകണ്ട അടുത്തിരുന്നവന്‍ പറഞ്ഞു “താനേവിടുന്നു വന്ന മണ്ണുണ്ണിയാടോ,... ഇലയെങ്കിലും ബാക്കി വച്ചൂടെ? ഊള!!”

ഇതുകേട്ട് പെട്ടന്ന്‌ തിരിഞ്ഞ കാലന്‍റെ,കൊമ്പന്‍മീശേല്‍ തൂങ്ങികിടന്നാടിയിരുന്ന മുരിങ്ങാക്കോല്‍ തെറിച്ചെങ്ങോ വീണു.കിട്ടിയവനതെടുത്ത് ചപ്പി, പിന്നെ തുപ്പി!!

തന്നെ ചൊറിഞ്ഞവന്‍റെ പേര് ചോദിച്ചറിഞ്ഞു.പുറത്തിറങ്ങിയ ഉടന്‍ ടാബേല്‍ തോണ്ടി.

ഇല്ല!! അവന്‍റെ സമയമായിട്ടില്ല!!

ഹും.. എന്നായാലും അവനെ എനിക്ക്തന്നെ കിട്ടും.താന്‍ ഉണ്ണുന്നതും നോക്കി അങ്ങനെ ഇരുത്തും. പച്ചവെള്ളം കൊടുക്കില്ല!!

കാലന്‍ കുടവയറേല്‍ കുറിച്ചിട്ടു.

അവിടുന്നിറങ്ങി അടുത്ത സദ്യാലയത്തില്‍ കയറി.ഇത്തവണ ഇല തിന്നില്ല എന്നേ ഉള്ളു.ബാക്കി ഒക്കെ തതൈവ!!

അങ്ങനെ തിന്ന്..... തിന്ന്‍ ഒടുവില്‍, ഇനി ഒരു വറ്റെടുത്ത് വച്ചാല്‍, അതു താഴെപോകും എന്ന് വന്നപ്പോള്‍ തീറ്റ നിര്‍ത്തി എണീറ്റു.മേല്‍പ്പത്തൂര്‍ വരാന്തേല്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങി. സന്ധ്യ കഴിഞ്ഞപ്പോള്‍ കേശവന്‍റെ മുന്നില്‍ ചെന്നു.

"മീശ വച്ച ഭരണി" കണക്കെ മുന്നില്‍ നില്‍ക്കുന്ന മത്തങ്ങാത്തലയനേതാ??
കേശവന്‍ ഒന്ന് ശങ്കിച്ചു.അപ്പന്‍ തമ്പുരാന്‍ ഇറങ്ങി വന്നു ശങ്ക നീക്കി.
റിലീവിങ്ങ് കത്ത് കൊടുത്തു .

“ഇനി വിശ്രമിച്ചോളൂ.”... കേശവന് സന്തോഷം.

“PF ന്‍റെ കണക്കൊക്കെ പിന്നെ തീര്‍ക്കാം,ഇപ്പൊ പൊക്കോ”.. അപ്പന്‍ തേച്ചു.

അപ്പനോട് യാത്ര പറഞ്ഞ്,അവര്‍ തെക്കോട്ടിറങ്ങി.
                                                      

അല്‍പ്പദൂരം പോയപ്പോള്‍,കേശുപ്പുറത്തെ കാലനൊരു വയ്യായ്മ.വയറ്റില്‍ എന്തൊക്കെയോ ഉരുണ്ടുരുണ്ട്‌ വരുന്നു.ഇതവന്‍ തന്നെ.ഇനി എന്തു ചെയ്യും??

തിരിച്ച് പോയി അപ്പന്‍ തിരുമേനീടെ ശഔചാലയത്തിലോന്നു കേറിയാലോ??

വേണ്ട!!

ഗരുഡനെങ്ങാനും അറിഞ്ഞാല്‍ പണിപാളും.ആ കുഞ്ഞികിളീടെ കേസ്സില്‍ പണ്ടൊന്നു പറ്റിച്ചതിന്‍റെ ദേഷ്യം തീര്‍ക്കും. പറഞ്ഞ് നാറ്റിക്കും.

ഇനി എന്തെന്നറിയാതെ... കാലന്‍ കുഴങ്ങി!

സംഗതി “പുറത്ത് വീഴുമോ” എന്ന ചിന്തയില്‍ കേശുമ്മാനും!! 

(തുടരും....)


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”