നീ ബ്ലോഗിൽ ഇട്ടിരുന്നേൽ ആയാസമില്ലാതെ വായിക്കാമായിരുന്നു'
നിമിഷങ്ങൾക്ക് അകം "വിനോദ് ഒറ്റപ്പാലം" എന്നനാമത്തിൽ വഴിയിൽ അലഞ്ഞു നടന്ന ചില കഥകൾ pdf രൂപത്തിൽ ചാറ്റിൽ തലപൊക്കി.
Pdf കളോട് പ്രഥമ ദൃഷ്ട്യലുള്ള ഒരു താല്പര്യക്കുറവ് പണ്ട് മുതലിപ്പോഴും തുടരുന്നതിനാൽ ഒന്നോടിച്ചു നോക്കി. കൊള്ളാം, പതിവ് പോലെ തന്റെ ശൈലിയും നിലവാരവും നിലനിർത്തിയിട്ടുണ്ട്.
"നിനക്കിപ്പോഴും എഴുതാൻ പറ്റുന്നുണ്ടല്ലോ, അടിപൊളി"
"ഏയ്.. ഇതൊക്കെ പഴേത.. ഇപ്പൊ എഴുത്തില്ല.."
"എന്താ നിന്റെ അവസ്ഥ?"
"ഞാനിപ്പോ കട്ടയ്ക്ക് എഴുത്താണ്.
കുറെ എണ്ണം എഴുതി,വെറും ചവറുകൾ!!"
"എഴുതുമ്പോൾ കടന്ന് പോകുന്ന ഒരു വൈബ് ഇല്ലേ... രതി പോലെ സുഖം തരുന്ന ഒരനുഭൂതി.അതിപ്പോ കിട്ടുന്നില്ല. രചനാ ഷണ്ഡത്വം ബാധിച്ച പോലെ!!"
"ഹഹഹഹ... അപ്പൊ ജീവിതം പോലെ തന്നെ ആയി എഴുതും"
"ജീവിതത്തിൽ നിന്നെ പോലെ അടിമത്തം ഇല്ല.വിലങ്ങുകൾ ഇല്ലാതെ പറന്ന് നടക്കുന്ന എന്നോടോ? നിന്റെ രതിമോൾ അകാലത്തിൽ ചരമം അടഞ്ഞതൊക്കെ ഞാൻ അറിഞ്ഞു'
"പോ.. മൈ..... ....... ......."
"ഹഹഹ.. അത് വിട്.. നീ കഥകൾ അയക്ക്... വായിച്ചു പ്രചോദിതനാവട്ടെ, എന്നിട്ട് വേണം മലയാള സാഹിത്യ മല ഒന്ന് മറിച്ചിടാൻ!"
"പോ..ത്തോടിയാൽ എവിടെ വരെ...?? ങ്ങ.. ഹരിത കർമസേനകൾ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നത് കൊണ്ട് ചവറുകൾ പറന്ന് നടക്കില്ല"
"പോടാ പട്ടി... ചവറുകൾ ചാവേറുകൾ ആണ്... എന്റെ പോലുള്ള ചവറുകൾ ഉള്ളത് കൊണ്ടാണ് നിന്റെ ഒക്കെ എഴുത്തുകൾക്ക് ആളുകൾ കൂടുന്നത്....നിന്നെ പോലെ എഴുതി നിനക്കുള്ള ഫാൻ ബേസ് കുറച്ചിട്ട് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ എന്റെ നിലവാരം ഉയർത്താത്തത മോനേ"
"ഉവ്വ!!ചത്താലും നാവിന് ഒരുകുറവുമില്ല"
"ഈ നാവ് കൂടി ഇല്ലേൽ നിന്നെപോലുള്ള സാഹിത്യ ബൂർഷകൾ എന്നെ തിരിഞ്ഞു നോക്കുമോഡാ പുല്ലേ??"
"അത് നേരാ..., എന്നാ ശരി പിന്നെ കാണാം. ഒരു വഴി പോകാനുണ്ട്"
"പോകും മുന്നേ കുറച്ചു കഥകൾ ചാറ്റിൽ കമഴ്ത്തിയിട്ട് പോകൂ"
മറുപടി വന്നില്ല, പക്ഷെ അല്പം കഴിഞ്ഞപ്പോ കുറച്ച് കഥകൾ ചാറ്റിൽ ചൂടോടെ കിടന്ന് പിടച്ചു.
ഇതുവരെ വായിക്കാതെ കുറെ കഥകൾ.മനോഹരമായ വരികൾ!!
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത എന്നിലെ പല്ല് കൊഴിഞ്ഞ സാഹിത്യകാരൻ മുണ്ടുമടക്കി ചാടി എണീറ്റു.എന്തേലുമൊക്കെ എഴുതുവാൻ മുട്ടിയ എന്റെ വിരലുകളിലേയ്ക്ക് സാഹിത്യം ചുരന്നുവന്നു.രചനയ്ക്കായി ഒന്നരക്കൊല്ലം മുന്നേ വാങ്ങിവച്ച പേനയും പേപ്പറും തപ്പാൻ സമയമില്ല. ചുറ്റിനും നോക്കി, വല്ല തുണ്ട് പേപ്പറും?? മേശയുടെ കാലിനടുത്ത് നിലത്തൊരു പേപ്പർ!!
ഒറ്റചാട്ടത്തിന് ആ പേപ്പറെടുത്ത് കയ്യിൽ കിട്ടിയ പേന കൊണ്ട് ആദ്യവരി കുറിച്ചുതുടങ്ങി.
പണ്ടാരം!! പേന തെളിയുന്നില്ല.
"ഫ്ലോ കളയാതെ തെളിയു പരട്ട പേനെ.." എന്നും പറഞ്ഞു പേപ്പറിൽ വട്ടത്തിൽ കുത്തി വരഞ്ഞു. തെളിയുന്നില്ല. ബീഡിവലിക്കാൻ വച്ചിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ച്
പേനയുടെ നിബൊന്നു ചൂടാക്കി. തെളിയുമോ എന്നറിയാൻ വീണ്ടും കുത്തിവരഞ്ഞു. ചെറുതായി തെളിയുന്നുണ്ട്. വയറിളക്കം ബാധിച്ച പൂവാലി പശു നടക്കും വഴിയിൽ ചാണകമിടും പോലെ അവിടെയും ഇവിടെയുമായി ചില തെളിയലുകൾ.
പണ്ടാരം... ആ മൂഡിപ്പോ പോകും.
പേപ്പറിൽ കുത്തി എട്ടു വരഞ്ഞു. ചെറുതായി തെളിച്ചം കൂടി വരുന്നു.
കൊള്ളാം!! കുത്തിവരയലിന്റെ വേഗത കൂട്ടി.
അങ്ങിനെ മരിയാധയ്ക്ക് തെളിയ്. നീ അല്ല നിന്റപ്പനെ വരെ തെളിയിക്കും...എന്നോടാ കളി!! ഹും!!
എഴുതുവാൻ എടുത്ത പേപ്പർ കുത്തിവരഞ്ഞു അങ്ങിങ്ങായി തുളകൾ വീണിരിക്കുന്നു. കൂടാതെ വട്ടങ്ങളും എട്ടുകളും കൂടി കളം നിറഞ്ഞു കളിക്കുന്നുമുണ്ട്.
ഇനി ഈ പേപ്പറിൽ എവിടെ എഴുതും??
അടുത്തൊന്നും വേറെ പേപ്പറുമില്ല.
എണീറ്റ് പോയി വേറെ പേപ്പർ തപ്പാനുള്ള മടികൊണ്ട്.. മുണ്ട് മടക്കി എണീറ്റ് നിന്ന കലാകാരന്റെ മുണ്ടേൽ പിടിച്ചു താഴോട്ട് വലിച്ച് അവിടിരുത്തി. തെളിയാൻ മടിച്ചുപിണങ്ങി നിന്ന്കൊണ്ട് എന്റെ സാഹിത്യസൃഷ്ടി മൂഡ് കളഞ്ഞ പേന എടുത്ത് ഒറ്റ കുത്തിന് മുന ഓടിച്ചു. എന്നിട്ടും കലി തീരാതെ തൂക്കി എടുത്ത്...
തുറന്നു കിടന്ന ജനലിലൂടെ പുറത്തെറിഞ്ഞു.കുത്തിവരഞ്ഞ പേപ്പർ ചുരുട്ടി പേനയ്ക്ക്
പിന്നാലെ വിട്ടു.
ലൈറ്റും ഓഫ് ആക്കി പിന്നെ കട്ടിലിലേയ്ക്ക് ഒറ്റ മറിച്ചിൽ!!
********
"അച്ഛാ.... എണീക്ക്!!എത്ര നേരമായി ചോദിക്കുന്നു...
പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ തന്നിട്ട് എവിടാ വച്ചത്?? ഇന്ന് കൊണ്ടുചെന്നില്ലേൽ ടീച്ചർ ക്ലാസ്സിൽ കയറ്റില്ല. കഴിഞ്ഞ ആഴ്ച തന്നതല്ലേ?? ഒപ്പിടാൻ തന്ന പേന പോലും കാണുന്നില്ല."
"എണീ... ക്ക് അച്ഛാ..."
No comments:
Post a Comment