നീയമപരമായ മുന്നറിയിപ്പ്: ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികവും, വെറും നേരം പോക്കിന് മാത്രമായി നിർമ്മിച്ചതുമാണ്. ആയതിനാൽ ജീവിച്ചിരിക്കുന്നവരോ ഇനി ജീവിക്കാൻ പോകുന്നവരോ ആയ ആരുമായും ഇവർക്ക് യാതൊരു വിധ സാമ്യവും ഇല്ല. സാമ്യം തോന്നുന്നവർക്ക് നെല്ലിക്ക തളം മാത്രമേ പ്രതിവിധി ഉള്ളൂ.മുഴുവൻ ചിത്രങ്ങളും AI നിർമ്മിതമാണ്.
ആപ്ത വാക്യം: "ഹിംസ പാപമാണ്!!"
ആമുഖം: "സർപ്പ നൃത്ത" രാജ്യത്തെ പ്രജകൾക്ക് മുന്നിൽ കമഴ്ത്തിയ കലങ്ങളിൽ വെള്ളം നിറയ്ക്കാൻ പാട് പെട്ട് ക്ഷീണിച്ചവർക്ക് മുന്നിൽ
"തമ്പോല കൊട്ടി" അവധിയിൽ പോയ പ്രജകൾ. പ്രജാ ശല്യം ഇല്ലാതെ സ്വസ്ഥമായി കുടുബത്ത് കുത്തി ഇരിക്കുന്ന മന്ത്രി പ്രമുഖരുടെ പച്ചയായ ജീവിതം വരച്ചു കാണിക്കുന്ന കുഞ്ഞൊരു ക്യാൻവാസ്സ്.
ചാപ്റ്റർ 3- പുലിക്കളി:
ഓണസദ്യ ഉണ്ടും ഉറങ്ങിയും ബോർ അടിച്ചു കിടക്കുന്നതിനിടയിൽ ബോറടി മാറ്റാൻ കൂർക്കം വലിച്ച വലി ചെറുതായി പാളിയപ്പോൾ, ഫോൺ എടുത്തു മുപ്പൻ ചുമ്മാ ഒന്ന് തോണ്ടി നോക്കി. പഴയ ചില ഫോട്ടോസ്സിനിടയിൽ നിന്നും, പടത്തലവന്റെ മണ്ടയ്ക്ക് ഞോണ്ടാൻ നോക്കുന്ന "ഡാമിയോം ഗർർർർർർർർ" ന്റെ ഫോട്ടോ കണ്ടപ്പോൾ ആണ് "പുലിക്കളി" കാണാനുള്ള മോഹം മന്ത്രി മുഖ്യൻ "വാസുദേവ മൂപ്പന്" മുന്നിൽ നടുവ് നിവർത്തി ആദ്യമായി പൊങ്ങി വന്നത്.
പൊങ്ങിയ മോഹത്തെ താഴും മുന്നേ വിരലിൽ തോണ്ടി എടുത്ത് "വാദ്യാർ
ഗ്രൂപ്പിൽ" കൊണ്ടോയി കുടഞ്ഞിട്ടു. 'കോളീഞ്ഞിയം' വിൽക്കാൻ കണ്ണൂര് പോയവരോ, ഇടുക്കി പോയി ഇടിയപ്പവും തിന്ന് തേയില നുള്ളി നടന്നിരുന്നവരോ, സ്റ്റാറ്റസ്സ് ഇടാൻ വേണ്ടി മാത്രം ശടകുട വണ്ടിയിൽ പത്തു രൂപയുടെ പെട്രോളും കമഴ്ത്തി കൊല്ലങ്കോട് വരെ ഓവർ ലോഡ് കയറ്റി പോയവരോ, പാലരുവി രഥത്തിൽ തൂങ്ങി ഇല്ലത്ത് പോയ പുതിയ രാജാ "ഹോജരാജ"നോ ഗ്രൂപ്പിൽ തല പോയിട്ട് ഒരു ഇല പോലും പൊക്കിയില്ല.
"ശെടാ, ഇവരൊക്കെ ഇതെവിടാ?? ന്റെ പുലിക്കളി മോഹം ഈ പെരുമഴയത്ത് തന്നെ വാടി കരിഞ്ഞു പോകുമോ??" എന്ന് മാത്രം ശങ്കിച്ച് മൂപ്പൻ രണ്ട് ദിവസം മച്ച് നോക്കി ഒറ്റ കിടപ്പ് കിടന്നു.പുലിക്കളി മോഹം തലയിണയാക്കി ഉറങ്ങും മുന്നേ "ഇത്തവണ പെൺപുലികൾ ധാരാളമിറങ്ങും " എന്ന ഒരു പോസ്റ്റർ കൂടി നൈസ് ആയി ഗ്രൂപ്പിൽ തട്ടി. ഇട്ട കൈ തിരിച്ചെടുക്കും മുന്നേ തന്നെ ഗ്രൂപ്പിൽ ഇട്ട ചൂണ്ടയിൽ ആദ്യ മീൻ വന്നു ചാടി കൊത്തി.കൊല്ലങ്കോട് നിന്നും സ്കൗട്ടൻ!!
കണ്ണൂര് മുങ്ങിയ ആൾ പഴന്നൂരിൽ പൊങ്ങി.നുള്ളിയ തേയിലയും കൊണ്ട് ഇലവീഴാ പൂഞ്ചിറയിൽ കുളിച്ചു രസിച്ചിരുന്നവർ, പാലാ തൊടാതെ മുട്ടം മേലുകാവ് താണ്ടി തൊടുപുഴ വഴി ആനവണ്ടിയിൽ മുണ്ടൂരിറങ്ങി. "ഓണമുണ്ട വയറേ നീ ചൂളം പാടി കിടക്കൂ"എന്ന പാട്ട് പാടി പഠിച്ചോണ്ടിരുന്ന ഹോജ രാജൻ 'പുലിക്കളി മേളം' കണ്ടില്ല എന്ന് നടിച്ചു.
അങ്ങിനെ ഇങ്ങനെ മൂപ്പന്റെ വണ്ടിയിൽ നാൽവർ സംഘം ഓണപ്പാട്ട് പാടി ത്രിശിവ പേരൂർക്ക് വച്ച് പിടിച്ചു.സൈക്കിളിൽ വന്നൊരു പയ്യൻ കൈവീശി റ്റാറ്റ തന്നിട്ട് ബഹുദൂരം കടന്നു പോയി.
"ഏത് മൂഡ്... ആഘോഷ മൂഡ്..
ഏത് മൂഡ്... ഒലക്കേടെ മൂഡ്.."
വണ്ടിയുടെ മെല്ലെപ്പോക്ക് മാറ്റാൻ സ്പീഡിലുള്ള ഒരു പാട്ട് റേഡിയോ കയ്യീന്നിട്ട് ഉറക്കെ പാടി!!
"മസാല ദോശയും ലഡ്ഡുവും
ചമ്മന്തിയും കിട്ടുന്ന ഏക കട" എന്നു നിലവിച്ചു പറഞ്ഞ സെക്രട്ടറി, "സിനിമ കട റെസ്റ്റോറന്റ്" മുന്നിൽ തന്നെ വണ്ടി പാർക്ക് ചെയ്യിപ്പിച്ചു.
"ഫ്ലാപ്പ്" അടിച്ചു കടന്നു വന്ന മെനു കാർഡ് നോക്കാതെ മസാല ദോശ വിളിച്ചു വരുത്തി കുഴച്ചു തിന്നു. ബില്ലും കൊടുത്ത് നീട്ടി ഒരു ഏമ്പക്കവും ഒപ്പിച്ച ശേഷം, നാലും കൂടി നീണ്ടു വലിഞ്ഞു നടന്ന് ടൌൺ എത്തി.
എങ്ങും പുലിക്കളി പോസ്റ്ററുകൾ.
"ഇവർ മേക്കപ്പിടുന്നത് കണ്ടിണ്ടാ?"
സെക്രട്ടറി തുറിച്ചു നോക്കി തറപ്പിച്ച് ചോദിച്ചു.
മൂവരും ഒന്നിച്ച് "ഇല്ല" എന്ന് തലയാട്ടി.
"കാണണം, കിടു ആണ്"
"നിങ്ങള് കണ്ടിണ്ടോ സെക്രു?"
"ഇല്ല, അതല്ലേ കാണണം എന്ന് പറഞ്ഞെ"
"അയ്സരി, എന്നാ ബാ പോകാം!!"
"പോകും വഴി ലക്ഷ്മി സ്വീറ്റ്‌സ്ൽ കയറി മൂക്ക് മുട്ടെ പലഹാരം വാങ്ങി വിഴുങ്ങാം"
"കുറച്ചു മുന്നേ തിന്ന മസാല ദോശയോ?"
"ഇത്രേം ദൂരം നടന്നപ്പോ മസാല ദോശ ആവിയായി."
"ഏറ്റവും കൂടുതൽ പലഹാരങ്ങൾ കിട്ടുന്ന ടൗണിലെ ഏക കടയാണ് ശ്രീ ലക്ഷ്മി സ്വീറ്റ്‌സ് എന്നാ കേട്ടത്"
പലഹാരം തിന്ന് വീർത്ത വയറും തൂക്കി ധനലക്ഷ്മി ബാങ്കിന് സൈഡിലൂടെ നടന്ന് ഒടുവിൽ അവർ വിവേകോദയം സ്കൂളിലെ പുലി മേക്കപ്പ് അണിയറയിൽ എത്തിച്ചേർന്നു.
ചെന്ന പാടെ തന്നെ "സ്റ്റാറ്റസ് ഇടാൻ" എന്നും പറഞ്ഞ് ഫോണും പൊക്കി, ആരുടെയോ മേക്കപ്പ് സീൻ പിടിച്ച സ്കൗട്ടനെ ഏതോ ഒരു പെരുവയറൻ പുലി നിലത്തിട്ടുരുട്ടി, പിന്നെ... പൊക്കിയിട്ടിടിച്ചു!!
അത് കണ്ട് പേടിച്ചോടിയ സെക്രട്ടറിക്ക് പിന്നാലെ കാര്യമറിയാതെ മൂപ്പനും പടത്തലവനും കണ്ണടച്ച് പാഞ്ഞു.
മൂവരും കൂടി ഓടി കയറിയത്, മേക്കപ്പിട്ട് വെയിലത്തുണക്കാൻ ഇട്ടിരുന്ന അഞ്ചാറു പുലികളുടെ മേലെ ആരുന്നു.ബ്രെക്ക് കിട്ടാതെ,
തപ്പി തടഞ്ഞു പുലി വയറിൽ വീണവരെ പൊക്കിയെടുത്ത് മേക്കപ്പിട്ട് മുണ്ടുടുപ്പിച്ച് വെയിലത്ത് നിർത്തി ഉണക്കിയെടുത്ത ശേഷം അവർ പുലിക്കളിക്ക് ഇറക്കി.
(മുണ്ടുടുത്ത പുലികൾ)
അങ്ങിനെ.....പുലിക്കളി കാണാൻ വന്നവർ നാലും കൂടി,
"ഡിം... ഡിം..... ഡിം ഡി ഡിടിം ഡിം!"
"ഡും.... ഡും ഡും ടു ഡ് ഡും... ഡും!" എന്ന
താളത്തിനൊത്ത് തുള്ളുന്ന പുലികളായി അനുസരണയോടെ നാട് ചുറ്റി.
സംഗതി ടിവിയിൽ കണ്ട ചില "പ്രതിനിധി" അംഗങ്ങൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് സംഭവം കളറാക്കി.
(ഡബിൾ പുലിയൻ സെക്രു)
(വെറും പുലിയല്ല പുപ്പുലി)
(മൂപ്പനാരാ മോൻ, അല്ല പിന്നെ!!)
നാട മുറിച്ച് ട്രൂപ്പുത്ഘാടനം ചെയ്യാനുള്ള ക്ഷണം, പത്രിക ആക്കി പലർക്കായി മണിയോർഡർ ചെയ്തു മൂപ്പൻ. മണിയോർഡർ കിട്ടിയവർ ചേർന്ന് നാടമുറിക്ക് പോകാൻ കാലേകൂട്ടി വട്ടം കൂടി. വട്ടത്തിൽ കൂടാമെന്നേറ്റ "പ്രതിനിധി"യെ "ഇപ്പൊ തിരിച്ചു വിളിക്കാം" എന്ന് പറഞ്ഞു തേച്ചിട്ട്..…., പകരം വിവര സാങ്കേതിക വിദഗ്ധ "തേൻകനി"യെ നാടമുറിക്കാൻ കൂടെ കൊണ്ടുപോയ സ്കൗട്ടനും സംഘവും, tv യിൽ പുലിക്കളി ലൈവായി കണ്ടു ചിരിച്ചതിന്റെ ആ പഴയ പ്രതികാരം, ഉടൻ തന്നെ ചെയ്ത് കണക്ക് തീർത്ത് രസീത് വാങ്ങി പെട്ടിയിൽ വച്ചു.
പിന്നാമ്പുറ കഥകൾ അറിയാത്ത പാവം "പ്രതിനിധി" സ്കൗട്ടന്റെ വിളിയും കാത്ത് സർപ്പ നൃത്ത രാജ്യത്ത് കടലയും കൊറിച്ച് മഴനോക്കി കുത്തിയിരുന്നു.അതെ സമയം സ്കൗട്ടനും സംഘവും മൂപ്പനെ പറഞ്ഞു പറ്റിച്ച് ശ്രീലക്ഷിമിയിൽ കൊണ്ടുപോയി മൂക്ക് മുട്ടെ സദ്യ വാങ്ങി ഉണ്ടു. കുമ്പ നിറഞ്ഞ ഉടനെ, ബില്ല് മുഴുവൻ മണ്ടയ്ക്ക് വച്ചിട്ട് മൂപ്പനെ വഴിയിലുപേക്ഷിച്ച് അവർ മുങ്ങി. അവിടുന്ന് മുങ്ങി പിന്നീട് നേരെ പോയി ഏതോ കാട്ടിലെ പാറപ്പുറത്ത് വലിഞ്ഞു കയറി "തേൻ" ചേർത്ത് ഫോട്ടോഷൂട്ട് നടത്തി സ്റ്റാറ്റസ്സിൽ നിറച്ചു.
ഷൂട്ട് കഴിഞ്ഞു പോകാൻ തുടങ്ങിയ "തേൻകനി" കാട്ടു വാസികൾ പിടിച്ചു കെട്ടി തങ്ങളുടെ മൂപ്പത്തി ആക്കി. 5 നേരം കുമ്പ നിറയെ ഫുഡ് കിട്ടും എന്നറിഞ്ഞ "തേൻകനി" സ്കൗട്ടനേയും കൂട്ടരെയും തേച്ചിട്ട് മൂപ്പത്തി പട്ടം ഏറ്റെടുത്തു.
സ്കൗട്ടന്റെ വിളിയും
നോക്കിയിരുന്നു വേരുവന്ന പാവം "പ്രതിനിധി" ഒടുവിൽ പയ്യനേയും കൂട്ടി മൂപ്പന്റെ നാട്ടിലേക്ക് പെരുമഴയും നനഞ്ഞു യാത്ര പുറപ്പെട്ടു.അപ്പോഴേക്ക് മൂപ്പൻ കൂർക്കം വലിയോടെ ഉച്ചയുറക്കം തുടങ്ങിയിരുന്നു.
വാൽ കഷ്ണം:
ഓടിച്ചിട്ടിടിക്കാനോ, വഴിയിലൂടെ പോകുന്നത് കാണുമ്പോൾ കല്ലെടുത്തേറിയാനോ തോന്നുന്നത് ദുർബല ഹൃദയർക്ക് മാത്രം ആണ്. അതുകൊണ്ട് അങ്ങിനെ തോന്നിയവർ തുടക്കത്തിൽ ഉള്ള ആപ്തവാക്യം അഞ്ചു തവണ വായിക്കാൻ മറക്കരുത്.