കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ചൊറിയും കുത്തി,
മേപ്പോട്ടു നോക്കി കുത്തിയിരിക്കുമ്പോളാണ്, അന്നത്തെ പോസ്റ്റ് വന്നത്.സ്വര്‍ഗം,നരകം
എന്നിവിടങ്ങളില്‍ നിന്നൊന്നും പതിവ് പരാതി കത്തുകള്‍ ഇല്ല.
ഭാഗ്യം!!
ദൈവം ആശ്വാസത്തില്‍ ഒരു “കീഴ്ശ്വാസം” വിട്ടു.
അപ്പോളാണ് ഭൂമിയില്‍ നിന്നുള്ള ചില രജിസ്റ്റേഡ് കത്തുകള്‍
കണ്ണില്‍ പെട്ടത്.
“ഭൂമിയില്‍ നിന്നല്ലേ, കോമഡി
തന്നാവും!!”
കപ്പലണ്ടി കൈയില്‍ ഉള്ളത് കൊണ്ട്, ഒരു കൈയും
പല്ലും ഉപയോഗിച്ച് കത്ത് പൊട്ടിച്ചു വായിച്ചു.
“മിസ്റ്റര്‍ ദൈവം,
താങ്കള്‍ക്കെതിരെ ചില കേസ്സുകള്‍ ഉണ്ട്.നാളെ ആണ് വിചാരണ.എല്ലാത്തിന്റെയും സമന്സ്സ്
മറ്റു കത്തുകളില്‍ ഉണ്ട്.
സോ,
നാളെ വന്നില്ലേല്‍, താങ്കളുടെ പണി പോകും!!”
ഹതു കൊള്ളാലോ!! നുമ്മ പടച്ചു
വിട്ടിട്ടു, നുമ്മക്കെതിരെ കേസും ആയി വന്നോ??
ങാ!! എന്തായാലും പോയി നോക്കാം.!!
പുള്ളി, സമന്സ്സ് കത്തുകള്‍ എല്ലാം വാരി കെട്ടി ഭൂമിക്ക്
വച്ചു പിടിച്ചു.
“അതേ..........യ്യ്.... യ്യ്
വരുമ്പോള്‍ കുറച്ചു പുളിമുട്ടായി കൊണ്ടുവരാമോ”
ദൈവി പുറകില്‍ നിന്നും വിളിച്ചു
പറയുന്നുണ്ടാരുന്നു.
“ബാക്കിയുള്ളോര്‍ക്ക് തിരിച്ചു വരുമ്പോള്‍ പണി കാണുമോന്നറിയില്ല,
അപ്പോളാ അവളുടെ ഒരു പുളിമുട്ടായി.....
പൊക്കോണം അവിടുന്ന്”
**********************************************
വിചാര കോടതി പരിസരം വിശ്വാസികളെയും, വിശ്വാസം
ഇല്ല എന്ന് കരുതുന്നവരേയും കൊണ്ട് നിറഞ്ഞിരുന്നു.കോടതി ഉള്ളറ ആകട്ടെ, ചെറുകിട
മതങ്ങളെ ഒഴിവാക്കി, വലിയമതങ്ങളുടെ വ്യാപാരി വ്യവസായിഏകോപന സമിതി മതനേതാക്കള്‍
കൈയടക്കിയിരുന്നു.
ദൈവം കൂട്ടില്‍ കയറി നിന്നു.
“ഏതു മത ഗ്രന്ഥം
തൊട്ടു സത്യം ചെയ്യിക്കണം” എന്ന കാര്യത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടതുകൊണ്ട്,
തല്ക്കാലം “ബോബനും മോളിയും,ബാലരമയും” തൊട്ടു സത്യം ചെയ്യിപ്പിച്ചു.
ആദ്യ കേസ് “വിശ്വാസവഞ്ചന!!”
Sc 300/ 2015
വാദിഭാഗത്ത് മതവ്യാപാരികള്‍ നിരന്നു.
“ദൈവം ഒരു മാതിരി കോപ്പിലെ പരുപാടി
കാണിക്കരുത്,ചെറുപ്പം മുതല്‍ ഒരു കുട്ടിയെ ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് വിശ്വാസി
ആയി വളര്ത്തുന്നതെന്നറിയോ നിങ്ങക്ക്?? നിങ്ങള്‍ ആനയാണ്, ചേനയാണ്......, അത്ഭുതം കാണിക്കും-
എന്നൊക്കെ പറഞ്ഞ് വിശ്വപ്പിച്ചിട്ടു നിങ്ങള്‍ വല്ലതും ചെയ്തോ? കോടികള്‍ മുടക്കിയാ
ഞങ്ങള്‍ ഓരോ മതങ്ങള്‍ നിലനിര്‍ത്തുന്നത്.നിങ്ങള്‍ ചെയ്തു എന്നും പറഞ്ഞ് പല
അത്ഭുതങ്ങളും ഞങ്ങള്‍ തന്നെ സൃഷ്ടിച്ചു.
എന്നിട്ടും വല്ല കുലുക്കവും ഉണ്ടോ നിങ്ങള്‍ക്ക്??”
ഒരു മത മുഖ്യന് ചൊടിച്ചു.
മറ്റൊരുവന് “കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും
അടിച്ചു മാറ്റിയ ഒരു പോസ്റ്റര്‍ ഉയര്‍ത്തി വീശി-“വിശ്വാസം!! അതല്ലേ എല്ലാം!!”
“ദേ... ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം,
ഇപ്പോളുള്ള പോക്ക് പോയാല്‍ ശരിയാവില്ല,വരുമാനം കൂട്ടണം.ഇപ്പോള്‍ ലാഭം കുറവാ.ആരാധനാലയങ്ങളില്‍
വന്നു വഴിപാടുകള്‍ നടത്തി പ്രാര്‍ഥിക്കുന്നവരുടെ മാത്രം കാര്യങ്ങള്‍ സാധിച്ചു
കൊടുത്താല്‍ മതി.അല്ലാത്തവരെ ഒഴിവാക്കിയേക്ക്” ഒരുവന് നയം വ്യക്തമാക്കി.
“പിന്നെ, ഒരുകാര്യം പ്രത്യേകം പറയാം. ചെറുകിട
മതങ്ങളുടെ ആവശ്യങ്ങളും പ്രാര്‍ത്ഥനകളും ഒന്നും മൈന്‍ഡ് ചെയണ്ട.ഒരു ആഗോള
മതമാറ്റ ക്യാമ്പ് നടത്തുന്നുണ്ട്.അതോടെ അവരെയെല്ലാം വലിയ സ്രാവുകള്‍ വിഴുങ്ങും.”
മറ്റൊരുവന് അജണ്ട എടുത്തു ഇലയിട്ടു വിളമ്പി,
ദൈവത്തെ കൊണ്ട് തീറ്റിച്ചു.
“പിന്നെ, ഞങ്ങള്‍ വര്‍ഗീയ കലാപം നടത്തും.അതില്‍
ഞങ്ങള്‍ നേതാക്കള്‍ മാറി നിന്നു കളി കാണും.ഒരു കാരണവശാലും ഞങ്ങള്‍ക്കാര്‍ക്കും
ഒന്നും സംഭവിക്കാന്‍ പാടില്ല.” മറ്റൊരു നേതാവ് കൈ ഉയര്‍ത്തി.
“ങേ!! അപ്പൊ എന്നെ വിശ്വസിക്കുന്ന,
ഓരോ മതത്തിലേയും വിശ്വസികളോ??, എന്നെ ചൊല്ലി അല്ലെ അവര്‍ സ്വയം വെട്ടി മരിക്കാന്‍
തുടങ്ങുന്നത്??”
“വിശ്വാസികള്‍!! പോകാന്‍ പറ. ഊളകള്‍!!
അല്ലെങ്കില്‍, ആകെ ഒറ്റ പീസ്സ് മാത്രമുള്ള
നിങ്ങളെ, പല രൂപത്തില്‍ കണ്ട്, അവര്‍ കണ്ടത് മാത്രമാണ് ദൈവം എന്ന് പറഞ്ഞ് പരസ്പരം
കലഹിക്കുമോ??” ഒരുവന് ഉള്ളത് പറഞ്ഞു.
“സോ, എന്റെ ബ്രോ, സെന്റി ഡൈലോഗ്സ്സ് ഒന്നും
ആലോചിക്കാതെ നുമ്മ പറയണത് അങ്ങാ കേട്ടാ മതി.
യോ യോ !!”
മറ്റൊരുവന് കൈകള്‍ എടുത്തു രണ്ട് കുത്തും ഒരു
കോമയും ഇട്ടു.
“അല്ല, അത് ശരിയാണല്ലോ,ഒരു രോഗം
വന്നാല്‍ ചികിത്സ സ്വീകരിക്കാന്‍ മതമില്ല, ജാതിയില്ല.
എന്നാല്‍,
ഒരു കല്യാണമോ മറ്റോ നടക്കണമെങ്കിലോ,മറ്റെന്തെകിലും
കാര്യങ്ങള്‍ക്കോ ഒക്കെ-ജാതി മതം രാഷ്ട്രീയം,.... അങ്ങനെ എന്തെല്ലാം!!
ഈ മണ്ടന്മാര് തമ്മില്‍ തല്ലി
ചാവുന്നെങ്കില്‍ ചാവട്ടെ”
ദൈവവും പ്രാക്ടിക്കല്‍ ആയി ചിന്തിച്ച് ഒരു
തീരുമാനം എടുത്തു.
മത വ്യാപാരി വ്യപിചാരികളുടെ എല്ലാ വ്യവസ്ഥകളും
അംഗീകരിച്ചു ദൈവം തന്റെ നില നില്പ് ഉറപ്പിച്ചു.എല്ലാ കേസ്സുകളും ഒറ്റയടിക്ക് സ്ക്കൂട്ടായി.
****************************************
പിറ്റേന്ന് “ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ”
എന്ന വിവിധ മതങ്ങളുടെ പരസ്യങ്ങള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു കവിഞ്ഞു
വെള്ളപ്പൊക്കം ഉണ്ടായി.
ആ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയ ഒരു വാര്‍ത്ത
മാത്രം പക്ഷെ ആരും അറിഞ്ഞില്ല.
****************************************
“കാണിക്ക ആയി കുറച്ചു പണം ഇട്ടാല്‍ ഒരു പാട്
സമ്പത്ത് കിട്ടും” എന്ന വിശ്വാസികളിലെ തെറ്റിദ്ധാരണയ്ക്ക് കൂട്ട് നിന്നുകൊണ്ട് “നോട്ടിരട്ടിപ്പിക്കല്‍”
പരിപാടിയിലെ പ്രധാന കണ്ണി,
കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ വഴിപാടുകള്‍
സ്വീകരിച്ചുകൊണ്ട്, "ശിശു വില്പന കുംഭകോണ" പങ്കാളി....
തുടങ്ങി പല പല കാര്യങ്ങള്‍ക്കായി- ആരാധനാലയങ്ങളിലും
മറ്റു പൂജാ സ്ഥലങ്ങളിലും വച്ചും ഒക്കെ, കാണിക്ക ആയും വഴിപാടായും കൈകൂലി വാങ്ങി
എന്നതാണ് കേസ്സ്.
****************************************
“കൈകൂലി കേസ്സില്‍ ദൈവം പിടിയില്‍”
എന്ന വാര്‍ത്ത അറിയാത്ത “ദൈവി”
പുളി മുട്ടായിയും കൊതിച്ചു, ദൈവത്തിന്റെ വരവും നോക്കി തലയിലെ പേനും പിടിച്ച്,
കാത്തിരിപ്പ് തുടര്‍ന്നു...
********************************************************
പൊളിച്ചു ട്ടാ 😌😌 ന്നാലും ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😌
ReplyDelete