ഓർക്കുട്ട് എന്ന അകാല ചരമം പൂകിയ, "സോഷ്യൽ മീഡിയകളുടെ തുടക്കക്കാരനിൽ" നിന്നും പരിചയപ്പെട്ട ആ സുഹൃത്തിനോട് വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു.ഹോബികളെ കുറിച്ചുള്ള സംസാരം എപ്പോഴോ സിനിമകളെ കുറിച്ചുള്ളതായി മാറിയപ്പോൾ ആണ് ആദ്യമായി കൊറിയൻ സിനിമകളെ കുറിച്ച് കേൾക്കുന്നത്.അവരുടെ സിനിമകളെ കുറിച്ച് ആവേശത്തോടെ സംസാരിച്ച് പിരിയുമ്പോൾ ഒരു അഭ്യർത്ഥന പോലെയോ നിർദ്ദേശം പോലെയോ ആ സുഹൃത്ത് ഒരു കൊറിയൻ സിനിമ എങ്കിലും കണ്ടു നോക്കണം എന്നു പറഞ്ഞു.ഒപ്പം നല്ല ചില സിനിമകളുടെ പേരും പറഞ്ഞുതന്നു.പിന്നെയും കുറച്ച് നാളുകൾക്കു ശേഷം ആണ് ആദ്യമായി ഒരു കൊറിയൻ സിനിമ കാണുവാൻ തോന്നിയത്.സംഭാഷണ രീതികൾ ചിരി പടർത്തി എങ്കിലും, സബ് ടൈട്ടിലിൻ്റെ സഹായത്തോടെ സിനിമ മൊത്തം കണ്ട് തീർത്തപ്പോൾ ആദ്യം ചെയ്തത്, ഏറ്റവും നല്ല കൊറിയൻ സിനിമകളുടെ ടോറന്റ് തിരയുക തന്നെ ആണ്.പല പല സിനിമകൾ കണ്ടപ്പോൾ അതൊരത്ഭുത ലോകം തന്നെ എന്നു മനസ്സിലാക്കുവാൻ സാധിച്ചു.
ഓർക്കുട്ടിനൊപ്പം,കൊറിയൻ സിനിമകളെ കുറിച്ച് വാതോരാതെ ആ സൗഹൃദവും മരിച്ചു എങ്കിലും, ഓരോ കൊറിയൻ സിനിമകൾ കാണുമ്പോഴും എങ്ങോ നഷ്ടപ്പെട്ട ആ സൗഹൃദത്തെ കുറിച്ചോർക്കാറുണ്ട്. മനോഹരമായ കൊറിയൻ സിനിമാ ലോകത്തിലേയ്ക്ക് എന്നെ എത്തിച്ചതിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത ആ സുഹൃത്തിന് നന്ദി പറയാറുണ്ട്.
പ്രണയമോ, യുദ്ധമോ, സൗഹൃദമോ, ആത്മബന്ധമോ അങ്ങിനെ വിഷയം എന്തുമാകട്ടെ, കണ്ടിരിക്കുന്നുവരുടെ ഹൃദയത്തിൽ പതിയും വിധം, മനോഹരമായ ഒരു കവിത പോലുള്ള കൊറിയൻ സിനിമകളിൽ മിക്കതും ഈ വേദിയിൽ അവതരിപ്പിക്കുവാൻ അർഹം തന്നെ.
എന്നാലും.
എൻ്റെ സിനിമയുടെ ഇന്നത്തെ ഷോയിൽ അവതരിപ്പിക്കുന്നത് , 2004 ൽ പുറത്തിറങ്ങിയ "Windstruck" എന്ന കൊറിയൻ മൂവി ആണ്.
( Windstruck )
ഹൃദയ സ്പർശിയായ പ്രണയം അതാണ് "വിൻഡ്സ്റ്റ്ക്ക്"
ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ള, പ്രണയിക്കുവാൻ ആഗ്രഹിക്കുന്ന, മനസ്സിൽ പ്രണയം കാത്ത് സൂക്ഷിക്കുന്ന, ഏതൊരാൾക്കും പ്രണയാതുരമായ ഹൃദയത്തോട് കൂടി മാത്രം കണ്ടിരിക്കാവുന്ന സിനിമ എന്നത് തന്നെ ആണ് ഈ സിനിമയുടെ പ്രത്യേകത!!
സിനിമ കണ്ടു തീരുമ്പോൾ, തൻ്റെ പ്രണയം, അതിന്നെവിടെ ആണെങ്കിലും അതിൻ്റെ മനോഹരമായ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ എത്തുകയും, സ്വന്തം പ്രണയത്തെ മനസ്സുകൊണ്ടെങ്കിലും വാരിപുണർന്നു പോകുകയും ചെയ്യും എന്നതാണ് സത്യം.
( Windstruck )
വാക്കുകൾക്കതീതമായ അനുഭവം കണ്ടുതന്നെ അറിയുന്നതാണ് നല്ലത് എന്നത് കൊണ്ട് തന്നെ കൂടുതൽ വിവരണം കണ്ട് തന്നെ അറിയുക.
No comments:
Post a Comment