ഇല്ല!!
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ ട്രിപ്പീസ്സു കളി ഇനി ഇല്ല !!
പ്രണയമെന്ന് തോന്നിയ ജാര സന്തതിയെ കുടത്തിലാക്കി ഉഗ്ഗ്രതീഷ്ണയുടെ നദിയിൽ ഒഴുക്കി.കാലയവനികയിൽ മറഞ്ഞ പലർക്കും ജാര സന്തതികളെ അല്‍പ്പം കണ്ണീരിനൊപ്പം ഒഴുക്കികളയുവാൻ പുരാണങ്ങളുടെ അകമ്പടി സേവ ഒരു കൂട്ടായിരുന്നത്കൊണ്ട് , മനസ്സെന്തിനു മടിക്കണം ??പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇല്ലാതെ, അടർത്തി മാറ്റിയപ്പോൾ പൊടിഞ്ഞുവോ എന്ന് പോലും ഉറപ്പില്ലാത്ത പച്ചചോരമണം തിരയാതെ,നിശബ്ദതയെ സാക്ഷി നിർത്തി,മനസ്സിനെ ബലി മൃഗം ആക്കിക്കൊണ്ട് ഒരു പേടകം ഇരുട്ടിലെങ്ങോ ഒഴുകി അകലുമ്പോൾ, ശിരസറ്റ് കിടക്കുന്ന ബലിമൃഗത്തിന്റെ അവസാന പിടച്ചിൽ നിർവികാരമായി നോക്കി നിന്ന്, ആ കാഴ്ച മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു അവൻ.
വിശേഷണങ്ങൾക്കോ പുകഴ്ത്തലിനോ,ഗുണനിലവാര ചർച്ചകൾക്കോ ഒന്നും അർഹൻ അല്ലാത്തവൻ.സമൂഹം കല്പിച്ചരുൾ ചെയ്തു നല്കിയ പട്ടികയിൽ പേരില്ലാത്തവൻ.നിർഗുണൻ എന്ന ഇരട്ട പേരിലറിയുന്നവൻ.കാലത്തിനൊപ്പം നടക്കാൻ മടിക്കുന്നവൻ.ഇവനൊരു പേര് വേണമെന്ന് തോന്നിയപ്പോൾ "അശരീരി" എന്നപേര് സ്വയം എടുത്തണിഞ്ഞു.
വ്യക്തിത്വം ഉള്ളവർക്കല്ലേ വ്യക്തമായ പേരിന്റെ ആവശ്യം വരൂ.
ഒരു സ്വപ്നം പോലെ, മതി ഭ്രമം പോലെ ഒക്കെ ഇവന്റെ സാനിധ്യം പലരും അറിഞ്ഞെന്നു വരാം.ഒരു പക്ഷെ നേരിട്ട് കണ്ടുവെന്ന് വരാം.
പക്ഷെ, അറിഞ്ഞതായി നടിക്കരുത്!!
അവന്റെ വാക്കുകള്‍, ചിന്തകള്‍, വികാരങ്ങള്‍ എല്ലാത്തിനേയും പുച്ഛിച്ച് തള്ളുക മാത്രമേ ചെയ്യാവൂ...
ഒടുവിലൊരുനാള്‍ ഇല്ലാത്ത പൈപ്പിന് ചോട്ടില് ഒരിറ്റു ദാഹജലം തേടുന്ന അവനെ നോക്കി, മണിമാളികയിലിരുന്നു കൊണ്ട്, തിന്ന ചോറിനു നന്ദിയില്ലാതെ ഉറക്കെ വിളിച്ചു പറയണം, "ഭ്രാന്തന്!!"
അപ്പോഴും അവന്റെ ഉള്ളില്‍ ഒഴുകി അകലുന്ന കുടവും, അതിലെ ഓര്‍മകളും, പിന്നെ ലോകത്തോട് മുഴുവനുള്ള സ്നേഹവും മായാതെ കിടപ്പുണ്ടാവും !!
കടലിനെ സ്നേഹിച്ച തീരം കടലിനടിയിൽ അമർന്നത് പോലെ!!
No comments:
Post a Comment