Friday, 28 March 2014

മദ്യ കച്ചേരി

                                                                                   

ഭൂമിയിലെ അവസാന മൃഗവും പക്ഷിയും മൽത്സ്യവും കൂടിച്ചേർന്ന് മനുഷ്യനെ കാണുവാൻ തീരുമാനിച്ചു.

       ഭൂമിയിലെ പല വംശങ്ങളേയും വേരോടെ പിഴുതെറിഞ്ഞതിന്റെ ഗർവ്വോടെ , എന്തും ചെയ്ത് കൊടുക്കുവാൻ കെല്പ്പുള്ള ഒരു പറ്റം യന്ത്രങ്ങളാൽ ചുറ്റപ്പെട്ട് ഇരിക്കുന്ന അവന്റെ മാളികയിൽ അപ്പൊൾ, മനുഷ്യൻ നേരിടുന്ന non-veg ഭക്ഷണങ്ങളുടെ ലഭ്യത കുറവിനേകുറിച്ചും, ബദൽ മാർഗ്ഗങ്ങളേക്കുറിച്ചുമുള്ള ചർച്ച തുടങ്ങിയിരുന്നു. മുന്തിയ തരം മദ്യം വിളമ്പുന്നതും, പണ്ടെങ്ങോ ടിന്നിലടച്ച്പൂട്ടിയ, പൊന്നിനേക്കാൾ വിലമതിക്കുന്ന മാംസ വിഭങ്ങള്‍ പൊരിച്ച്, ടച്ചിങ്ങ്സുണ്ടാക്കുന്നതുമൊക്കെ യന്ത്രമനുഷ്യർ തന്നെ!!

ഉപയോഗമില്ലായ്മ കൊണ്ട് മനുഷ്യന്റെ ഒരു കൈയും, രണ്ട് കാലുകളും പൂർണ്ണമായും ഉൾവലിഞ്ഞിരുന്നു. തലയാവട്ടെ, കഴുത്തിനെ ശരീരത്തിൽ നിന്നും പുറത്താക്കികൊണ്ട് നെഞ്ചിന്റെ തൊട്ടുമുകളിലായി സ്ഥാനം പിടിച്ചു. സ്വിച്ചുകൾ ഞെക്കുവാൻ മാത്രമായി ഒരു കുറുകിയ കൈയും അതിൽ  എതാനും വിരലുകളും അവശേഷിച്ചിരുന്നു.

നില നില്പ്പിനുവേണ്ടിയുള്ള നിവേദനവുമായി എത്തിയ മൂവർ സംഘത്തെ കണ്ട ഉടൻ രംഗം നിശബ്ദമായി.

സ്വിച്ചുകൾ മാറി മാറി ഞെക്കപ്പെട്ടു. നിർദ്ദേശങ്ങൾ അതിവേഗം  പ്രവഹിച്ചു!!
ഒരു യന്ത്രം മൂന്നിന്നേയും ചേർത്ത് നിർത്തി പടമെടുത്ത്, ചരിത്ര താളുകളിലും, പുരാവസ്തു ഷെല്ഫുകളിലും കുത്തി കയറ്റി.
ഇനിയൊരുത്തൻ, മൂന്നു തലകളും കൂട്ടിച്ചേർത്ത്, പക്ഷി-മൃഗാധി-മൽത്സ്യ ചമ്മന്തി തയ്യാറാക്കി. വേറൊരുത്തൻ , കാലുകളരിഞ്ഞ് മിക്സ്സഡ് മീറ്റ്  “കൽമായി” ഉണ്ടാക്കി. ഫിഷ് മോളി, മീറ്റ് റോസ്റ്റ്, പലതരം തന്തൂരികൾ ..... !!   അവസാനം,  മൃഗത്തോലുണക്കി, ചെണ്ടയും സഞ്ചിയും ബെൽറ്റുമുണ്ടാക്കി,  മിച്ചം വന്ന പക്ഷിത്തൂവൽ വിവിധ നിറങ്ങളിൽ മുക്കി, അതിലെല്ലാം അലങ്കരിച്ചു.


എല്ലാം കൂടി അന്നത്തെ മദ്യ കച്ചേരി പൊടി പൊടിച്ചു!!!

* * * * *

  
ഭൂമിയിലെ നിലനില്പിനുവേണ്ടി മാത്രം എഴുതപ്പെട്ട നിവേദനം, ആരോരുമില്ലാതെ എതോ ഒരു  കാറ്റിൽ , എങ്ങോട്ടോ പൊയ്ക്കോണ്ടിരുന്നു!!!





********************************************************************************************

2 comments: