"എടോ , ഇയാളെ എനിക്ക് ഒരുപാടിഷ്ടാ, തന്നെ കല്യാണം കഴിക്കണം എന്നാണ് എൻ്റെ ആഗ്രഹം"
അപ്രതീക്ഷിതമായി മനുവിൻ്റെ ഭാഗത്തുനിന്നങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
രേഖയും മനുവും സഹപാഠികൾ ആണ്.പണ്ടേ തൊട്ടാവാടി ആണ് മനു എന്ന് രേഖയ്ക്കറിയാം.അതുകൊണ്ട് തന്നെ,മനുവിനോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവൾ മൗനം പൂണ്ടു!!
"തനിക്കൊരു ചേട്ടനെ ഇഷ്ടമാണെന്നും അയാളെ മാത്രമേ താൻ കല്യാണം കഴിക്കുകയുള്ളു എന്നും പറഞ്ഞാലോ ??"
പെട്ടെന്ന് പറയുമ്പോൾ, അവൻ വിശ്വസിച്ചു എന്ന് വരില്ല.താൻ മനഃപൂർവ്വം അവനെ ഒഴിവാക്കാൻ പറയുന്നതാണെന്നു അവൻ കരുതിയാലോ??
മറുപടി ഒന്നും പറയാതെ ചാറ്റ് അവസാനിപ്പിച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് ചരിഞ്ഞു.
മനുവിൻ്റെ സന്ദേശങ്ങൾ ചാറ്റിൽ വരുന്നതിൻ്റെ സൂചനയുമായി ഫോൺ പലവട്ടം ശബ്ദിച്ചു.
താൻ നല്ലൊരു ഫ്രണ്ട് ആയി, അല്ലെങ്കിൽ സഹോദരനായി കണ്ടിരുന്ന മനുവിന് എന്താ തന്നോട് അങ്ങിനെ തോന്നാൻ??
അവനോടു ഇടപെടുമ്പോൾ കുറെ കൂടി അകലം പാലിക്കേണ്ടതായിരുന്നില്ലേ??
പിന്നീട് പല നാളിൽ മനു രേഖയേ ഫോണിൽ വിളിച്ചു.എല്ലാ കോളുകളും അവൾ അവഗണിച്ചുകൊണ്ടിരുന്നു.
"ചില കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ.............,
പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ........
തിരുത്താനാവാത്ത വിധം അത് കൈവിട്ടു പോകും" എന്ന അവൾക്കു ഏറ്റവും ഇഷ്ടമുള്ള ഒരാൾ ഇടയ്ക്കിടെ പറയാറുള്ള വാക്കുകൾ അവൾ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.ആ വാക്കുകൾ എന്തോ മുന്നറിയിപ്പ് തരുന്നത് പോലെ!!
എങ്കിലും പിന്നെയും കുറെ നാളുകൾ വേണ്ടി വന്നു അവളിൽ ധൈര്യം നിറയുവാൻ.
ഒടുവിൽ ഒരുനാൾ അവൾ മനുവിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.അവളുടെ പ്രണയത്തെ കുറിച്ച് എല്ലാം കേട്ടറിഞ്ഞ നിമിഷം അവിടൊരു പെങ്ങൾ ജനിക്കുകയായിരുന്നു.
"ഇനി മുതൽ നീ എനിക്ക് പെങ്ങൾ ആണ്, നീ എന്നെ പെട്ടെന്ന് ഒഴിവാക്കരുത്.എൻ്റെ ചാറ്റുകളും, ഞാനാകെ തകർന്നു പോകും "
തന്നെ പെങ്ങൾ ആയി കണ്ട തൻ്റെ ചങ്ങാതിയോടു അവൾക്കു സഹതാപവും കരുണയും തോന്നി.തൊട്ടാവാടിയായ മനു, താൻ പറഞ്ഞത് ശരിയായ രീതിയിൽ ഉൾക്കൊണ്ടതിൽ അവൾക്കു ആശ്വാസവും സന്തോഷവും തോന്നാതിരുന്നില്ല.
മാസങ്ങളും വർഷങ്ങളും പലതും കടന്നുപോയി.ഇപ്പോളും മനു അവളെ പെങ്ങളായി തന്നെ കാണുന്നു.പെങ്ങളുമായി എപ്പോഴും ചാറ്റ് ചെയ്യുവാൻ അവൻ ആഗ്രഹിച്ചിരുന്നു.രക്തബന്ധത്തിൽ കൂടി കിട്ടിയ പല പെങ്ങൾമാരേയും തിരിഞ്ഞു പോലും നോക്കിയില്ല എങ്കിലും, ഒരിക്കൽ തനിക്ക് പ്രണയം തോന്നിയിരുന്ന "രേഖ" പെങ്ങൾക്ക് "ഉമ്മയും", "ഐ ലവ് യു" സന്ദേശങ്ങളും മുടങ്ങാതെ അയക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.അവൾ തൻ്റെ സന്ദേശങ്ങളെ തെറ്റിദ്ധരിക്കാതിരിക്കുവാൻ വേണ്ടി "നീ എൻ്റെ പെങ്ങൾ ആണ്, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പെങ്ങളെ,പെങ്ങളുടെ നെറുകയിൽ ഉമ്മ" എന്നീ ഞൊടുക്ക് വിദ്യകളിലൂടെ അവളുമായി കൂടുതൽ കൂടുതൽ അടുക്കുവാൻ മനു കിണഞ്ഞു ശ്രമിക്കുകയായിരുന്നു.
"പെങ്ങൾ" എന്ന വിളിയുടെ മറവിൽ തൻ്റെ പ്രണയം കൈമാറുവാൻ ശ്രമിക്കുകയാണ് മനു എന്നറിയാതെ,അവൻ കാണിക്കുന്ന അടുപ്പം തൻ്റെ ജീവിതത്തിലെ ഒറ്റപ്പെടലിനിടയിൽ ഒരാശ്വാസമായി അവൾ കാണുകയുണ്ടായി.
*********************
തന്നെ സ്വന്തം സഹോദരി ആയി കണ്ടിരുന്ന ഒരാളോടുള്ള അതിയായ പ്രണയം കാരണം, ഇപ്പോൾ മനു ചെയ്യുന്നത് പോലെ വര്ഷങ്ങൾക്കുമുന്നെ രേഖയും, പെങ്ങളുടെ സ്ഥാനത്ത് നിന്നുകൊണ്ട്,"തന്നെ പ്രണയിനിയായി കാണണേ" എന്നഗ്രഹിച്ചുകൊണ്ട്..... ഒരാൾക്ക് ചുംബനങ്ങളും സ്നേഹസമ്മാനങ്ങളും തുടർച്ചയായി ചാറ്റിൽ കൂടി നൽകിയിരുന്നു.
"പെങ്ങളിൽ" നിന്നും "പ്രണയിനിയിലേയ്ക്ക്" അദ്ദേഹത്തിൻ്റെ മനസ്സുമാറുവാൻ വേണ്ടി പ്രാർത്ഥനകളും വഴിപാടുകളുമായി കഴിഞ്ഞിരുന്ന ആ പതിനെട്ടു മാസങ്ങൾ രേഖയുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നുവോ എന്നറിയാതെ..... കാലം മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.
************************
*********
***
No comments:
Post a Comment