ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല !!
കിലുക്കം കണ്ടതിന്റെ ഹാങ്ങ് ഓവര് അല്ല, പുട്ടിനു പീര ഇടും പോലെ ഇടയ്ക്കിടെ എല്ലാ മാട്രിമോണിയിലും വിവാഹ പരസ്യം പോസ്റ്റിയ ശേഷമുള്ള റിസല്ട്ട് പറഞ്ഞതാ.
പണ്ടേ "തപ്പാൻ" അത്ര പോരാഞ്ഞ കൊണ്ടാകും മലയാള രാജ്യത്ത് ഉള്ള മാട്രിമോണികളിൽ മൊത്തം തപ്പീട്ടും ഒരുലോഡ് "ലൈക്കും" ഒരു കൊട്ട കമൻ്റും അല്ലാതെ പേരിന് ഒരു ജീരക മിട്ടായി പോലും കിട്ടാഞ്ഞത്.
ങ്ങാഹ !!
അങ്ങിനങ്ങു തോറ്റ് കൊടുത്താല് ശരിയാവില്ലല്ലോ !!
എന്നൊടാ കളി!!
അവിവാഹിതനോട് സമൂഹം കാണിക്കുന്ന ഒരുലോഡ് പുച്ഛത്തെ പുച്ഛിച്ചുകൊണ്ട് ഞാൻ മാട്രിമോണിയൽ ഇടാനായി പോസ്റ്റെഴുതി തുടങ്ങി.
പറയാന് വന്നത് മറന്നു പോകും മുന്നേ ഒരു കാര്യം പറഞ്ഞോട്ടെ ??
മതമേതായാലും.... ജാതി ഏതായാലും.... സ്ഥലമേതായാലും....,പെൺകുട്ടിയുമായി സംസാരിച്ചും, കണ്ടും പരസ്പരം ഇഷ്ടമായാൽ, ഉടൻ കെട്ടുവാൻ തയ്യാറായി നിൽക്കുന്ന എന്നെ പറ്റി പറയാൻ മറ്റാരുമില്ലാത്തത്കൊണ്ടും, ഞാൻതന്നെ പറയേണ്ടതുള്ളത് കൊണ്ടും മാത്രമാണ് പറയുന്നത് ട്ടോ !!
"അശ്വതി നക്ഷത്രം, 188 cm പൊക്കം,
തൃശ്ശൂർ ജില്ല
മാസ്റ്റർ ഡിഗ്രി
സ്വന്തം ബിസിനസ്സ്......
മ്യൂസ്സിക്കും,സിനിമയും, യാത്രകളും, വായനയും, എഴുത്തും,പാചകവും, വാചകവും,നീന്തലും ഒക്കെ ആണ് ഹോബികൾ.ജാതി,മതം,ജാതകം എന്നിവ ഒന്നും പ്രശ്നമല്ല.പോസ്റ്റ് കണ്ട് ലൈക്കും കമൻഡും അടിച്ചു പോകാതെ താല്പര്യമുള്ളവരോ,അവരുടെ ബന്ധുക്കളോ കൂട്ടുകാരോ പരിചയക്കാരോ ശത്രുക്കളോ ഒന്ന് സഹായിച്ചാൽ.... മുടങ്ങാതെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ "ഏകാന്തത"യെ അങ്ങ് പെൻഷൻ കൊടുത്തു പറഞ്ഞു വിടാമായിരുന്നു.തന്നെയുമല്ല, ഭാവിയിലെ ഒരു സന്യാസിയെ നിങ്ങൾക്ക് സഹിക്കേണ്ടിയും വരില്ല"
അങ്ങിനെ പുതിയ പോസ്റ്റ് പെട്ടെന്ന് പണിത് ക്രെയിൻ വിളിച്ചു ഓൺലൈനിൽ നാട്ടി.നാട്ടിയ പോസ്റ്റിൽ ഈച്ച പൊതിഞ്ഞു, ലൈക്ക് നിരന്നു,കിളികൾ കൂട് കൂട്ടി.ഒടുവിൽ.....
.......................................
കാക്ക പോലും വരാതായി!!!
എന്നാ പിന്നെ പോസ്റ്റ് അവിടെ കിടന്നു മഴനനയട്ടെ!!
മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കാലം കടന്നുപോയിക്കൊണ്ടേയിരുന്നു.ജീവിത പങ്കാളിക്കായി അന്വേഷിച്ചു പല മാട്രിമോണിയിലും ബ്രോക്കർക്കും പൈസ കളഞ്ഞു നടന്നതല്ലാതെ യാതൊന്നും നടന്നില്ല.അല്ല, "ഒന്നും നടന്നില്ല" എന്ന് തീർത്തു പറയാൻ പറ്റില്ല, പ്രായം മുന്നോട്ടു നടന്നു ദേ 40 ചാടി കടന്നു."മെൻ ആർ നോട്ടി അറ്റ് ഫോർട്ടി"എന്ന് വച്ച് നീ കിടന്നു പിടയ്ക്കണ്ട എന്ന് എൻ്റെ മനസ്സ് വരെ എന്നോട് പറഞ്ഞു.
പെണ്ണന്വേഷണം വീട്ടുകാർ ഏകദേശം നിർത്തിയ ലക്ഷണമാണ്.എന്നിട്ടും, "തളരരുത് രാമൻകുട്ടി" എന്ന് കണ്ണാടി നോക്കി സ്വയം പ്രോത്സാഹിപ്പിച്ചുകൊണ്ട്
"വധു" ഉണ്ടോ ചങ്ങാതീ... ഒരു കല്യാണം കഴിക്കാൻ??,"കല്യാണ കച്ചേരി പാടാമിനി" തുടങ്ങി ചില പോസ്റ്റുകൾ ഫേസ് ബുക്കിൽ അടക്കം, കണ്ട എല്ലാ മാട്രിമോണിയലിലും കൊണ്ടുപോയി നാട്ടിയതിനു സമീപത്തൂടെ ജിയോ അവരുടെ 5g കേബിൾ വലിച്ചതോടെ ഞാനിട്ട കണക്ഷൻ കേബിളുകൾ എല്ലാം 3g ആയി പോയി.
തടയണയിൽ ചൂണ്ട ഇട്ട്, മുറി ബീഡിയും വലിച്ച് നടന്ന ചകിരിതലയൻ വരെ പെണ്ണ്കെട്ടി മാന്യനായ ശേഷം മുടങ്ങാതെ പണിക്ക് പോയിത്തുടങ്ങി.
പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ കൂട്ടിൽ കിടന്നുറങ്ങി ഇടയ്ക്കെണീറ്റ് ഒരു കോട്ടുവായിട്ട ശേഷം പിന്നേം ചുരുണ്ട് ഉറങ്ങുന്ന വീട്ടിലെ "നായ"യെ തേടി ഏതോ ഒരു പട്ടി ഒരുനാൾ രാവിലെ ഗെയ്റ്റിന് വെളിയിൽ നിന്ന് പരുങ്ങി. കൂട്ടിൽ കിടക്കുന്ന ഈ ശുനകമോനെ വരെ അന്വേഷിച്ച് വരാൻ ആളായി!!കലിമൂത്തഞാനതിനെ കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞോടിച്ചു. "ചുമ്മാതല്ലടാ പെണ്ണ് കണ്ടെത്താൻ സഹായിക്കുന്നത് പോയിട്ട് ഒരു സദ്യയ്ക്ക് വിളിക്കാൻ പോലും നിന്നെ തേടി ആരും വരാത്തത്" എന്ന ഭാവേന കൂട്ടിൽ കിടന്നവൻ എന്നെ നോക്കി കുരച്ചു!!
ഉറുമ്പ് പോകാൻ വെയിലത്ത് വച്ച "കരിപ്പെട്ടി"എടുത്ത് കില്ലപട്ടിയെ എറിഞ്ഞെന്നും പറഞ്ഞ് പിന്നീട് വീട്ടിൽ നിന്നും കേട്ട ചീത്ത കയ്യും കെട്ടി നിന്ന് ഞാൻ കേൾക്കുമ്പോൾ കൂട്ടിൽ കിടന്നവൻ നന്ദിയോടെ അമ്മയ്ക്ക് നേരെ നോക്കി വാലാട്ടി.പന്ന പട്ടി, ശവത്തിൽ കുത്തുവാ!!
അതോടെ ഞാനും ഒരു തീരുമാനത്തിൽ എത്തി.
ഒട്ടും സമയം കളയാതെ മറ്റൊരു പോസ്റ്റിനുള്ള അപേക്ഷ കൊടുത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് രസീത് വാങ്ങി അലമാരിയിൽ വച്ച് പൂട്ടി.പോസ്റ്റിന് തലവാചകം എഴുതി പോസ്റ്റ് ചൂടോടെ കൊണ്ടോയി നാട്ടി.
"സദ്യ" ഉണ്ടോ ചങ്ങായി... ഒരു "പായസം" കഴിക്കാൻ??
"അശ്വതി നക്ഷത്രം, 188 cm പൊക്കം,തൃശ്ശൂർ ജില്ല....
......
.........
തുടങ്ങിയവ നിരത്തി മറുപടിയും കാത്ത് വെറുതെ മേപ്പോട്ട് നോക്കിയിരുന്നു സമയം കളയുന്നില്ല.വധു നെ തേടുമ്പോൾ അല്ലെ കുഴപ്പമുള്ളൂ.സ്വന്തം വിവാഹം കൂടാൻ പറ്റിയില്ലേലും മറ്റുള്ളവരുടെ കൂടുവാൻ കുഴപ്പമില്ലല്ലോ.ഉണ്ടോ?? അതുകൊണ്ട്, നല്ല പായസം കൂട്ടി വിവാഹ സദ്യകൾ നടത്തുമ്പോൾ മറക്കാതെ വിളിക്കണേ...!!വിളമ്പാൻ ആളുകുറവുള്ള സദ്യകളിൽ വിളംബി സഹായിക്കും.ഗ്രൂപ്പ് ഫോട്ടോ വേണ്ടവർക്ക് അവരുടെ ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കും.
പിന്നൊരു പ്രത്യേക കാര്യം,അവിടെ വന്നു പായസം കൂട്ടി സദ്യ തട്ടുന്നതിനിടയിൽ, "ഇയാളെ ഞങ്ങൾ അറിയില്ല" എന്ന് പറഞ്ഞു നാട്ടുകാരെ കൊണ്ട് തല്ലിക്കരുത്.അതുകൊണ്ട് മാത്രം എൻ്റെ ഒരു ഫോട്ടം ഇടാം !!
ഫോട്ടോയും,സദ്യയ്ക്ക് ക്ഷണിക്കാനുള്ള എൻ്റെ വാട്സ്ആപ്പ് നമ്പറും വച്ച് മുഖപുസ്തകത്തിൽ കുഴിച്ചിട്ട പോസ്റ്റ് പെട്ടെന്ന് തന്നെ കയറി വയറൽ ആയി.കമൻ്റുകളും ലൈക്കുകളും ചാകരക്കാലത്തെ മത്തിയെ പോലെ കുമിഞ്ഞു കൂടി.വാട്സാപ്പ് നമ്പറിൽ പല ഗ്രൂപ്പുകളിലും വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ടു.വിവാഹമാർക്കറ്റിൽ ഭ്രഷ്ട് ചാർത്തികിട്ടി പുരനിറഞ്ഞുകവിഞ്ഞൊഴുകിയവർ ചേർന്ന് നിർമിച്ച "ആട്ടും തുപ്പും" ഗ്രൂപ്പുകാർ അഡ്മിൻ പട്ടം തന്ന് ആദരിച്ചു.ഓഡിറ്റോറിയം ഗ്രൂപ്പുകാർ കല്യാണ പാർട്ടികളിൽ ആജീവനാന്ത പാസ്സ് നൽകി ചേർത്ത് നിർത്തി.
ഇനി സദ്യകാലം!!
കേരളത്തിൽ തെക്കുവടക്ക് ഓടിനടന്ന് സദ്യയും പായസവും തട്ടി ഏമ്പക്കം വിടുന്നതും സദ്യയ്ക്ക് വരുന്ന സുന്ദരികളെ വായിൽ നോക്കുന്നതുമായ കുളിർ സ്വപ്നങ്ങൾ പ്രതീക്ഷിച്ച് ഞാനുറങ്ങി.
No comments:
Post a Comment