=======================================================================
=======================================================================
പഴം പുരാണം :
ചരിത്രത്തിന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റെടുത്താരോ കടല പോതിഞ്ഞതിനാല്‍,ജര്‍മന്‍ നമ്പൂരി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടമാവന്‍ ഓവര്‍ ടൈം തലകുത്തിനിന്ന് ആദ്യ നിഘണ്ടു ചുട്ടെടുത്തത് മുതല്‍ തുടങ്ങുന്നു.ഗദ്യസാഹിത്യത്തിന്‍റെ വിത്തുകള്‍ കൃഷിഭവന്‍ വഴി വിട്ടുകൊണ്ട്,പലരും കടന്നെത്തി.അക്കൂട്ടത്തില്‍ ഒയ്യാരത്ത് ചന്തുമേനോന്‍ അവറുകള്‍,1889ല്‍ ആദ്യത്തെ ലക്ഷണമൊത്ത ഒരു നോവല്‍ പെണ്‍കൊടിക്ക് അച്ഛനായിമാറി - “ഇന്ദുലേഖ”. മലയാളത്തിലെ ആദ്യ നോവല്‍!!
അതിനു ശേഷം, ഇതിഹാസശൈലിയിൽ നോവല്‍ എഴുതിക്കൊണ്ട് പുതിയൊരു കലയുമായി എത്തി....
സി.വി.രാമന്‍പിള്ള

നീലകണ്ഠന്‍-പാര്‍വതി പിള്ളാസ്സ് ദമ്പതികളുടെ കുഞ്ഞാവയായി 1858 മെയ് 19 ന് കൈയില്‍ ഒരു പേനയും പിടിച്ചിങ്ങു പിറന്ന് വീണു,അതും നമ്മുടെ തലസ്ഥാന നഗരിയില്‍.തിരുവനതപുരം രാജകീയ കോളേജില്‍ നിന്നും 1881ല്‍ ബി.എ പാസ്സായ ശേഷം,അസാമാന്യ ഇംഗ്ലീഷ് പ്രാവണ്യമുള്ള സി.വി. “കേരള പേട്രിയറ്റ്” എന്ന ഒരു ഇംഗ്ലീഷ് പത്രം തുടങ്ങി ഒടുവില്‍ അതു മുടങ്ങി.1884ല്‍ സി.വി എഴുതിയ “ചന്ദ്രമുഖീവിലാസം” എന്ന ഹാസ്യകൃതി, 1887ല്‍ നാടകമായി അവതരിപ്പിക്കപ്പെട്ടു. സി.വി അഭിനയിക്കുകയും കൂടി ചെയ്ത ആ നാടകം മലയാളത്തില്‍ ആദ്യമായി ആവിര്‍ഭവിച്ചതും,അഭിനയിക്കപ്പെട്ടതുമായ നാടകം ആണ്.

ഒടുവില്‍ 1891ല്‍ ജാതി-പ്രദേശ വ്യതിയാനങ്ങള്‍ അനുസ്സരിച്ചുള്ള സംഭാഷണ ശൈലി ഉള്‍ക്കൊള്ളിച്ചു കൊണ്ട്,എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനാവും തമ്മിലുള്ള ജഗപൊഗയും ആയി എത്തിയ “മാർത്താണ്ഡവർമ്മ” എന്ന നോവല്‍ അദ്ദേഹത്തെ മലയാള സാഹിത്യത്തിന്‍റെ ഉന്നതങ്ങളിലെത്തിച്ചു.സ്കൂള്‍ വിദ്യാഭ്യാസകാലത്ത് പഠിക്കുവാനുണ്ടായിരുന്ന -ചന്ത്രക്കാരന്‍റെയും കേശവപിള്ളയുടെയും ഒക്കെ കഥ പറയുന്ന,“ധര്‍മ്മരാജാ” 1913ല്‍ എഴുതിയതാണെന്ന് വിശ്വസിക്കുവാന്‍ ഇപ്പോളും എനിക്ക് പ്രയാസം ആണ്. അതിന്‍റെ തുടര്‍ച്ചയായി 1918ലും, 1919ലും, രണ്ടു ഭാഗങ്ങള്‍ ആയി പുറത്തിറക്കിയ “രാമരാജാബഹദൂര്‍”.
പിന്നീട് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന പേരില്‍-“മാർത്താണ്ഡവർമ്മ”, “ധര്‍മ്മരാജാ”, “രാമരാജാബഹദൂര്‍” എന്നീനോവലുകള്‍ ചേര്‍ന്ന് അറിയപ്പെട്ടുതുടങ്ങി.
സി.വി.യുടെ കൃതികള്‍ :
മാർത്താണ്ഡവർമ്മ(1891)
ധര്‍മ്മരാജാ(1913)
പ്രേമാമൃതം(സാമൂഹ്യനോവല്‍-1917)
രാമരാജാബഹദൂര്‍(1918-1919)
കുറുപ്പില്ലാക്കളരി (ഹാസ്യ നാടകം- 1909)
തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (ഹാസ്യ നാടകം- 1914)
കൈമളശ്ശൻറെ കടശ്ശിക്കളി (ഹാസ്യ നാടകം- 1915)
ഡോക്ടർക്കു കിട്ടിയ മിച്ചം (ഹാസ്യ നാടകം- 1916)
ചെറുതേൻ കൊളംബസ് (ഹാസ്യ നാടകം- 1917)
പണ്ടത്തെ പാച്ചൻ (ഹാസ്യ നാടകം- 1918)
പാപിചെല്ലണടം പാതാളം (ഹാസ്യ നാടകം- 1919)
കുറുപ്പിൻറെ തിരിപ്പ് (ഹാസ്യ നാടകം- 1920)
ബട്ട്ലർ പപ്പൻ (ഹാസ്യ നാടകം- 1921)
വിദേശീയ മേധാവിത്വം (ലേഖനം-1922)
1922 മാര്‍ച്ച് 21ന് അന്തരിച്ച, മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായിക ആയ “മാർത്താണ്ഡവർമ്മ” യുടെ രചിയിതാവിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്.....
വയിച്ചുവളരുന്ന ഒരു തലമുറയ്ക്ക് വഴികാട്ടിയാവാനുള്ള നമ്മുടെ ഈ ശ്രമത്തിന്‍റെ ഭാഗമാകുന്നതോടൊപ്പം,ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വാക്കുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തികളാണ് വരും തലമുറകള്‍ അനുകരിക്കുക.
സ്വയം മാതൃക കാണിച്ച് കൊണ്ട്,വായനയുടെ ലോകത്തിലേയ്ക്ക് എന്നെ കൈപിടിച്ച് നടത്തിച്ച,ഇന്നും ഞാന്‍ വാങ്ങുന്ന മിക്ക പുസ്തകങ്ങളും ആദ്യം വയിക്കുകയും,ചില പുസ്തകങ്ങള്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്നേഹനിധിയായ എന്‍റെ അമ്മയ്ക്ക് ഒരായിരം നന്ദി പ്രകാശിപ്പിച്ചുകൊണ്ട്,
“രാമരാജാബഹദൂര്‍”ന്‍റെ പേജുകളിലേയ്ക്ക് ഞാന്‍ മടങ്ങുന്നു....
=======================================================================
No comments:
Post a Comment