പല്ലിയമ്മ, കുഞ്ഞിപല്ലികളുടെ കൈയും പിടിച്ച് ഗൌളിയാശാന്‍റെ പള്ളികൂടത്തിലേയ്ക്ക് പോകുന്നത് കണ്ടു പുറകെ ചെന്ന കുഞ്ഞിപാത്തു ആ കാഴ്ചകണ്ട് വാ പൊളിച്ചു.ആശാന്‍ പള്ളികൂടത്തില്‍ ഇരിക്കുവാന്‍ പോലും സ്ഥലമില്ല.ചില കുഞ്ഞിപല്ലികള്‍ ചുവരിന്‍മേലും, മച്ചിന്‍മേലും ഒക്കെ ആയി അഡ്ജസ്റ്റ് ചെയ്തിരിപ്പുണ്ട്. പുതിയ ജോലിയുടെ “മര്‍മം” പഠിപ്പിക്കുകയാണവിടെ.മോട്ടേന്നു വിരിയുമ്പോള്‍ തന്നെ പഠിച്ചു തുടങ്ങുവാന്‍ തയാറായി കുറേ പല്ലി മുട്ടകള്‍ മുന്‍ബഞ്ചില്‍ തന്നെ വച്ചിട്ടുണ്ട്.
കാലഹരണപ്പെട്ട ഒരു തൊഴിലും കൊണ്ട് ഇനി ജീവിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ പല്ലികള്‍ അവസരോചിതമായി കാലുമാറികഴിഞ്ഞു.ഇനി മുതല്‍ സത്യത്തിന് വാലുപിടിച്ചു ചിലയ്ക്കില്ല,പകരം നുണയെ സത്യമാക്കാന്‍ വേണ്ടി വാ പൊളിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം വരുമാനം പല മടങ്ങായി വര്‍ദ്ധിച്ചു.എല്ലാ നുണകള്‍ക്കും ഓടി നടന്ന് ചിലക്കാന്‍ പറ്റാതെ വന്നപ്പോള്‍,ഓടി നടന്നു പരാഗണം നടത്തി.എന്നിട്ടും ആള് തികയാഞ്ഞു, ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഈച്ചയേയും പൂച്ചയേയും ഒക്കെ പല്ലി മതത്തില്‍ ചേര്‍ത്തു. കാലുമാറ്റത്തിന് ശേഷം,നിന്ന് തിരിയാന്‍ സമയമില്ലാത്ത വിധം നുണയ്ക്ക് വേണ്ടി ചിലച്ചോണ്ടിരിക്കുന്നത് കൊണ്ട്,സ്വിസ്സ് ബാങ്കില്‍ സ്വന്തമായി അക്കൗണ്ട് വരെ തുറന്ന് കഴിഞ്ഞു ഭാവിയിലെ ഈ ബൂര്‍ഷ്വാ!!
“നാടോടുമ്പോള്‍ നടുവേ ഓടുക” എന്ന തത്വം അന്വര്‍ത്ഥമാക്കിയ പല്ലികളോട് കുഞ്ഞിപാത്തുവിന് ഒടുക്കത്തെ ആരാധനയും കുശുമ്പും ഒക്കെ തോന്നിത്തുടങ്ങി.കോടീശ്വരന്മാരാകാന്‍ പോകുന്ന ഗൌളി വര്‍ഗത്തോടു മുഴുവനുള്ള അസ്സൂയ മൂത്ത്, ഒടുവില്‍ അവളും ഒരു പല്ലിയാകാന്‍ കൊതിച്ചുപോയി.
(ഫിംഗ്.... ഫിങ്)
No comments:
Post a Comment