കൊച്ചു വർത്തമാനത്തിനിടയിൽ കാലത്തി ഉണ്ടാക്കിയ എള്ളുണ്ട, എടുത്ത് ആർത്തിയോടെ കടിച്ച ഉടൻ "കിടും" എന്നൊരു ശബ്ദവും, പിന്നാലെ കോറസ്സായി യമപുരി മുഴുവൻ കേൾക്കുന്ന പോലെ കാലൻ്റെ കാറിച്ചയും മുഴങ്ങി.
അത് കേട്ടു നാലുമണി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ചിത്രഗുപ്തൻ, ഓടി പോത്തപ്പൻ്റെ അടുത്തെത്തി മൂക്കിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.
"മര്യാദയ്ക്ക് ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ല, ല്ലേ ? കൊരങ്ങൻ !!"
അപ്പോൾ ആണ് കാലൻ്റെ രണ്ടാം കാറൽ നാലാം കാലത്തിൽ മുഴങ്ങിയത്.
നല്ല അസ്സൽ പോത്തൂർ തറവാടിയായ തന്നെ "കൊരങ്ങാ" എന്ന് വിളിച്ച ഗുപ്തൻ തിരുമേനിയുടെ പള്ളയ്ക്ക് ഒരു തൊഴി കൊടുക്കാൻ ചാടി എണീറ്റ പോത്തപ്പൻ, കാല കാറൽ കേട്ട് ഒന്ന് ഞെട്ടി.
"പടച്ചോനെ.... ഇങ്ങേര് വേറെ പോത്തിനെ വാങ്ങിയോ ?"
"തൻ്റെ പണി പോയോ" എന്ന പേടിയാൽ പോത്തച്ചനും, പുതിയ പോത്തിൽ കാലന് മുന്നേ കയറി ഇരുന്നു "ഫസ്റ്റ് റൈഡ്" നടത്തണം എന്നുറച്ച് ചിത്രഗുപ്തനും, കാറൽ കേട്ട ദിക്ക് നോക്കി പാഞ്ഞു!!
**************
കാലപുരി ആസ്ഥാന വൈദ്യൻ ഉല്പലാക്ഷൻ പിള്ള ഭൂമിയിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ "അണ്ണാൻ" കുഞ്ഞായി പോയത് കൊണ്ട് ആസ്ഥാന മേസ്തിരി കോമക്കുറുപ്പ് വന്ന് " എള്ളുണ്ട" കടിച്ചപ്പോൾ പൊട്ടിയ പല്ല് കമ്പിയിട്ടു കെട്ടി, കോൺക്രീറ്റ് ചെയ്ത് "ഒരാഴ്ച വായ തുറക്കരുതെന്നു' നിർദ്ദേശിച്ചിട്ടു "ഗ്രൗട്ട്" കലക്കി ബ്രെഷിനു "തേച്ചിട്ടു" പോയി.
കോൺക്രീറ്റ് ചെയ്തുറപ്പിച്ച പല്ല് ദിവസ്സേന നനയ്ക്കേണ്ടതിനാൽ കാലൻ ഒരാഴ്ച സ്വയം ലീവ് പ്രഖ്യാപിച്ചു കട്ടിലിൽ കയറി കേന്ദ്രത്തിൽ കയ്യും വച്ച് ചുരുണ്ടു കൂടി കിടന്ന് കൂർക്കം വലി തുടങ്ങി.
"ഇംഗ്ലീഷ് ആത്മാക്കളോടു സംസാരിക്കുമ്പോൾ ഇങ്ങേരുടെ സ്റ്റാൻഡേർഡ് പോരാ" എന്നും പറഞ്ഞു കാലനുറങ്ങിയ ഉടൻ കാലൻ്റെ ടാബെടുത്ത് കാലത്തി "ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ്ങിന്" കാലൻ്റെ പേര് എവിടെയോ കൊണ്ടുപോയി റെജിസ്റ്റർ ചെയ്തു.
കാലൻ പട്ടം രാജി വച്ച്,മസാജ്ജ് സെൻററിൽ ഓയിൽ മസ്സാജ്‌ജ് ആസ്വദിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് സ്വപ്ന തടസ്സം ആയി ഫോൺ ഉറക്കെ ശബ്‌ദിച്ചത്.
"ഹലോ ഈസ്സ് ഇറ്റ് മിസ്റ്റർ കാലൻ??"
ഉം
"ഐ ആം കോളിംഗ് ഫ്രം ആനമുട്ട ലിമിറ്റഡ് "
ങ്ങ
വേർ ആർ യൂ ലൊക്കേറ്റഡ് സർ ?
ഓ "ആർ യു സ്റ്റിൽ വർക്കിംഗ് അസ് എൻ ഇൻഷുറൻസ് ഏജൻറ്?"
ങേ !!
കോൺക്രീറ്റ് ഇളകണ്ട എന്ന് കരുതി ഏകാക്ഷര മന്ത്രങ്ങൾ മാത്രം ഉരുവിട്ടു കൊണ്ടിരുന്ന കാലൻ കാര്യമറിയാതെ കുഴങ്ങി
ഹൌ ലോങ്ങ് ആർ യൂ ബീയിങ് ഇൻ ദിസ് ഫീൽഡ് ??
ആ..
"ജനറൽ ഇൻഷുറൻസ്
ആണോ മെഡി ക്ലെയിം ആണോ ചെയ്യുന്നത്?"
"ഇപ്പോൾ ബിസിനസ് എങ്ങനെ പോകുന്നു?"
"ക്യാൻ യു പ്ളീസ് റെഫർ എനി അദർ ഏജൻറ്സ്സ് ?"
കാലൻ്റെ മനസ്സിൽ ചിത്ര ഗുപ്തന്റെയും പോത്തപ്പന്റെയും മുഖങ്ങൾ ഹൈഡ്രജൻ
ബലൂൺ പോലെ പൊങ്ങി വന്നു."ഡു യു വാണ്ട് ടു ട്രൈ ഫോർ എ ബെറ്റർ ഓപ്പർട്യൂണിറ്റി ഇൻ ബിസിനസ്?"
"ഉള്ള പണി തന്നെ ചെയ്യാൻ മടി, അപ്പോള !!" കാലൻ മനസ്സിൽ പറഞ്ഞു
"ഞങ്ങൾ അതിനായി നൽകുന്ന ട്രെയിനിംഗ്പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ?"
ഫാ.... കാലൻ ഉറക്കെ ആട്ടി. കോൺക്രീറ്റ് ഒന്നിളകി. കാലൻ കാറി!!
സ്വപ്ന കുളി മുടങ്ങിയ കലിപ്പിൽ ഇരുന്ന കാലന് തൻ്റെ എഫിഷെൻസിയെ ചോദ്യം ചെയ്തതിലും കൂടുതൽ പിടിക്കാതിരുന്നത് മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷിൽ പറഞ്ഞു എന്നതാണ് .അതിൻ്റെ കൂടെ കോൺക്രീറ്റ് ഇളകിയപ്പോളത്തെ വേദനയും.
ദേഷ്യത്തിൽ വിറച്ച കാലൻ്റെ ചകിരി ബ്രഷ് പോലത്തെ മീശയിൽ പറ്റി പിടിച്ചിരുന്നുറങ്ങിയിരുന്ന ഈച്ചകൾ തെന്നി തെറിച്ചു താഴെവീണു!!
ഫോൺ കട്ട് ചെയ്തു ടാബ് എടുത്ത് തോണ്ടി ഫോണിൽ വിളിച്ചവൻ്റെ ഡീറ്റെയിൽസ് എടുത്ത് അവൻ്റെ ആയുസ്സ് ഒരാഴ്ച ആയി വെട്ടിച്ചുരുക്കി.
"ലീവ് കഴിഞ്ഞ ഉടൻ അവനെ പൊക്കി ഇവിടെ കൊണ്ടുവന്നു തീയിൽ പൊരിക്കുന്നുണ്ട്. എന്നോടാ കളി!!
പണ്ട് "കാലൻപരീക്ഷ"യ്ക്ക് കോപ്പി അടിക്കാനുള്ള ബിറ്റ് എഴുതി മിച്ചം വന്ന പേപ്പറില്‍ അവന്‍റെ പേരെഴുതി ചുരുട്ടി ചെവിയിൽ തിരുകി.
കോമ കുറുപ്പ് മേസ്‌തിരി പറഞ്ഞതു കൊണ്ട് മാത്രം കാലൻ ആ ഒരാഴ്ച വായിൽ മുടങ്ങാതെ വെള്ളം നനച്ചു. ശരീരം നനച്ചില്ല !! അങ്ങിനെ "വാട്ടർ ബില്ലിൽ വലിയൊരു സേവിങ് " എന്ന പതിവ് ആ മാസവും തെറ്റിയില്ല !!
വായിലെ കോൺക്രീറ്റിങ്ൻ്റെ തട്ട് പൊളിച്ച അന്ന് തന്നെ കാലൻ, തന്നെ വിളിച്ചു ഇംഗ്ലീഷ് പറഞ്ഞവനെ പൊക്കാനായി, വെറുതെ കിടന്നുറങ്ങിയിരുന്ന പോത്തപ്പനേയും കുത്തിപ്പൊക്കി യാത്ര തിരിച്ചു.
*******************
പല്ല് കേസ്സിൽ കാലൻ അപ്രതീക്ഷിത ലീവിൽ പോയതറിഞ്ഞ കാലാദികാലനായ "ശിവപ്പ",തൻ്റെ ഭൂതഗണങ്ങളിലെ കുഞ്ഞി പൂതങ്ങങ്ങളിൽ ഒന്നായ കൊറോണ പൂതത്തെ വിളിച്ച് വേൾഡ് ടൂർ പാക്കേജ്ജ് ഒപ്പിട്ടു കൊടുത്തു. ചൈനീസ് ന്യൂഡിൽസ് തിന്നാൻ ദീർഘ നാളായി കൊതിച്ചിരുന്ന കുട്ടി പൂതം നേരെ ഗൂഗിൾ മാപ്പിട്ട് ചൈനയ്ക്ക് വച്ച് പിടിച്ചു.
കാലപുരിയിലെ ഒരാഴ്ച എന്നാൽ, ഭൂമിയിലെ കാക്കത്തൊള്ളായിരം മണിക്കൂറുകൾ ആയതിനാൽ,കാലൻ ലീവ് കഴിഞ്ഞു വന്നപ്പോളേക്കും കൊച്ചു പൂതം, കപ്പയും മീനും തിന്നാനായി കേരളത്തിലും എത്തിച്ചേർന്നിരുന്നു.
കൊച്ചു പൂതത്തിൻ്റെ ടൂർ പ്ലാനറിയാത്ത കാലൻ ആനമുട്ട ലിമിറ്റഡിന് മുന്നിൽ പോത്തിറങ്ങി!!
സംഗതി പൂട്ടി കിടക്കുന്നു.എന്നാ പിന്നെ അടുത്ത കടയിൽ ചോദിക്കാം എന്ന് കരുതി നോക്കിയപ്പോൾ അതും താഴിട്ടിരിക്കുന്നു."ഇനി വല്ല ഹർത്താലും ആണോ??"
ന്തായാലും അവൻ്റെ വീട്ടിൽ പോയി പൊക്കാം.എന്ന് കരുതി നടന്നു തുടങ്ങിയപ്പോൾ ആണ് ഒരു പോലീസ് വണ്ടി വന്ന് വലിയ ശബ്ദത്തിൽ പോത്തിനെ വട്ടം വച്ച് ബ്രെക്കിട്ടു നിന്നത്.ബ്രേക്ക് നിലവിളി കേട്ട് പേടിച്ച പോത്തച്ചൻ അപ്പോൾ തന്നെ വാലും പൊക്കി കണ്ടം വഴി ഓടി തള്ളി.
"ലോക്ക് ഡൗണിലാണോടാ പെരുവയറാ പോത്തിനെ അറക്കാൻ കൊണ്ടുപോണേ? നിൻ്റെ മാസ്ക്ക് എവിടെടാ അലവലാതി ?"
"മാസ്‌ക്കോ??, അതെന്തിനാ?? " കാര്യമറിയാതെ കാലൻ വാപൊളിച്ചു.
"കൊറോണ കാലത്ത് മാസ്ക്ക് എന്തിനാണെന്നോ ?"
ഏതാടാ നീ ...
കാ...ലൻ!!"
"ഫ...പന്ന................. പൊക്കിയെടുത്ത് വണ്ടീലിടവനെ, ലോക്‌ഡൌൺ തെറ്റിച്ചതും പോരാഞ്ഞു എന്നെ ഇരട്ടപ്പേരും വിളിക്കുന്നോ @$%^&*....."
കാലൻമത്തായി എന്ന സർക്കിൾ ഏമാൻ ഉറഞ്ഞു തുള്ളി തീരും മുന്നേ കൊറോണ കിറ്റ് ധരിച്ച കോൺസ്റ്റബിൾ ബാബു കാലനെ പൊക്കി വണ്ടീൽ കയറ്റി. വണ്ടി നേരെ കൊറോണ വാർഡിലെ ബെഡിനു സമീപം കൊണ്ടോയി നിർത്തി.കാലനെ ബെഡിലേയ്ക്ക് മറിച്ചിട്ട ഉടൻ സർക്കിൾ മത്തായി മീശ വിറപ്പിച്ച് കൊണ്ട് ആക്രോശിച്ചു
.
"ക്വാററ്റൈൻ എങ്ങാനും തെറ്റിച്ച ചവുട്ടി എല്ലൂരിക്കളയും പന്നി"
നടന്നതൊന്നും പിടികിട്ടാതെ നിലാവത്ത് പെട്ട കോഴിയെ പോലെ അന്തിച്ചു പോയ കാലനെ ആരൊക്കെയോ ചേർന്ന് പിടിച്ച് കെട്ടി മൂക്കിൽ കോലിട്ടു കുത്തി ആന്റിജൻ ടെസ്റ്റ് നടത്തി, 14 ദിവസം നിരീക്ഷണത്തിന് വച്ചു.
പതിനഞ്ചാം ദിവസം രാവിലെ ആരും കാണാതെ പുറത്തിറങ്ങിയ കാലൻ നേരെ ആനമുട്ടക്കാരനെ തപ്പി നടന്നു തുടങ്ങി.ആദ്യത്തെ വളവ് തിരിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ചെക്കിങ്ങിനായി സൈഡാക്കിയ പോലീസ്സ് ജീപ്പ് കണ്ണിൽ പെട്ടത്.ജീപ്പിനടുത്ത് നിന്ന് തന്നെ തുറിച്ചു നോക്കുന്ന പോലീസിനെ കണ്ട ഉടൻ ആണ് മാസ്ക് മറന്ന കാര്യം ഓർമ്മ വന്നത്.ഒട്ടും വൈകിയില്ല, ഉടു വസ്ത്രത്തിൻ്റെ അറ്റം കൊണ്ട് മൂക്കും വായും പൊത്തി കാലൻ ഞെളിഞ്ഞു നടന്നു.
"ഞെളിഞ്ഞിതെവിടെ പോകുന്നു?പോകും മുന്നേ ദേ ഇതും കൂടി അടച്ചെക്കൂ"
പോലീസ് വച്ചു നീട്ടിയ സ്ലിപ്പ് വാങ്ങി വായിച്ച കാലൻ അന്തിച്ചു പോയി
.
"മാസ്ക് ഇല്ലാത്തതിന് 200 രൂപയെ പിഴ ഉള്ളൂ എന്ന് ഇന്നലത്തെ പേപ്പറിൽ വായിച്ചല്ലോ!! ഇതെന്താ ആയിരം? ഇതെന്തു ന്യായം"
"മാസ്ക് ഇല്ലാത്തതിന് പിഴ 200 തന്നെ, പക്ഷേ പോലീസിനെ തുണി പൊക്കി കാണിച്ചതിന് പിഴ 800 ആണ്!! "
വെപ്രാളത്തിൽ മാസ്ക് ആക്കുവാൻ പൊക്കിയ മുണ്ട് പതിയെ താഴ്ത്തിയ ശേഷം കാലൻ ഒറ്റ ഓട്ടം വച്ചു കൊടുത്തു.
ആ ഓട്ടം നിന്നത് കാടിനുള്ളിലെ ഒരു നീർചോലയ്ക്ക് അടുത്താണ്.അല്‍പ്പ നേരം ഇരുന്ന് കിതപ്പകറ്റിയപ്പോള്‍ ആണ് വയറ്റില്‍ ഒരുരുണ്ട് കയറ്റം, ഒപ്പം മുണ്ട് വലിച്ചു കീറും പോലെ ഒരു ശബ്ദവും!!
"വായുഗുളിക വണേണ്ടതായിരുന്നു!! ങ്ങ... അടുത്ത തവണ ആവട്ടെ"
വയറും തിരുമ്മി കാലന്‍ അടുത്ത് കണ്ട പൊന്ത കാട്ടില്‍ പോയി കുത്തി ഇരുന്നു രണ്ടാം ക്ലാസ്സ് പരീക്ഷ വിജയകരമായി എഴുതി തീര്ത്ത് മടങ്ങി.
********************
ആന മുട്ട ലിമിറ്റഡ് തപ്പി നടന്നു മടുത്ത കാലന്‍, പോലീസ്സ് ജീപ്പ് കണ്ട് പേടിച്ചോടിയ പോത്തനെ, പലവട്ടം തെറി വിളിച്ചത് കേട്ടറിഞ്ഞ പോത്തച്ചന്‍ കുണ്ഠിത പെട്ട് കുണ്ടിയും കുലുക്കി തിരിച്ചു വന്നു.ഒടുവിൽ പോത്തച്ചൻ്റെ സഹായത്തോടെ കാലൻ, മുട്ടക്കാരൻ്റെ വീട്ടിൽ എത്തി ചേർന്നു. അപ്പോളേക്കും മുട്ടക്കാരൻ കൊറോണ ഭൂതത്തിൻ്റെ പിടിയിൽ അമർന്നു ഒരു പിടി ചാരമായി മാറിയിരുന്നു.ഭൂതം ചപ്പിയ ആനമുട്ടക്കാരൻ്റെ ആത്മാവിനേയും കെട്ടി വരിഞ്ഞു തിരികെ പോകും വഴി "മുണ്ടുപൊക്കി" എന്നും പറഞ്ഞു "സംഗതി"യ്ക്ക് വിലയിട്ട പോലീസിനേയും നൈസ് ആയി പൊക്കി.
പാവം കാലന്റെ ഒരു ഗതികേട്
ReplyDelete