Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, 30 December 2024

തൊമ്മൻകുത്തിലെ മുത്ത്!!

         മലയാളസാഹിത്യത്തിൻ്റെ 
മഞ്ഞുകാലം മാഞ്ഞതിൻ്റെ പിറ്റേന്ന്... ഭൂമിയിലെ കണക്കുകളുടെ ഭാരമേറ്റ് തളർന്ന ശരീരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി മൻമോഹൻജിയുടെ ആത്മാവ് എഴുന്നേറ്റ് എങ്ങോട്ടോ പോയി.അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പ്രശസ്തരുടെ വിടപറയലും, ക്രിസ്മസ്സ്‌ രാവിൽ ചുടലപറമ്പിൽ നിറഞ്ഞാടിയ കളിയാട്ടദർശനവും നൽകിയ ക്ഷീണത്താൽ കിടന്നുറങ്ങിയ 
ഞാൻ രാവിലെ എണീറ്റ് ബാഗും എടുത്ത് എങ്ങോട്ടോ പോയി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മൽ ശേഖരമുള്ള,
മുല്ലപ്പൂ ചൂടിയ സുന്ദരി ഇഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും തട്ടിയശേഷം പതിവ് കറക്കത്തിനിറങ്ങിയ വാർത്ത വാട്സ്അപ്പൻ "ന്യൂസ്‌സ്ക്രോൾ" ആക്കി അയച്ച് തന്നു.പ്രസ്തുത വിഭവങ്ങൾ തന്നെ വിഴുങ്ങി ഏമ്പക്കം വിട്ട് റോഡിലിറങ്ങി ഫോണും കുത്തി നിന്നിരുന്ന ഞാൻ വാട്ട്സപ്പ ന്യൂസ്സ് തോണ്ടി മാറ്റിയ ശേഷം,എങ്ങോട്ടെന്നറിയാത്ത യാത്രയിൽ "കൂടേ വരാം" എന്നേറ്റ മൂവർ സംഘത്തെ വിളിച്ചു.

റോഡിൽ വായ് നോക്കി നിന്നപ്പോ വണ്ടി തട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലായ ഒന്നാമൻ ബാഗും, വീൽ ചെയറും, മൂത്ര സഞ്ചിയും സെറ്റ് ആക്കി ട്രിപ്പിനു റെഡി ആയി ഭാര്യ കാണാതെ തൊഴുത്തിന് പിന്നിൽ ഒളിച്ചിരുപ്പുണ്ട്, വണ്ടിയുമായി ചെന്ന് പൊക്കി അകത്തിട്ടാൽ മാത്രം മതി!! രണ്ടാമനെ വിളിച്ചപ്പോ ഫോണിൽ കൂർക്കംവലി ശബ്ദം. അവൻ പൊങ്ങിയിട്ടില്ല. മൂന്നാമൻ രണ്ടാമൻ്റെ  വരവും കാത്ത് റോഡിൽ കുത്തിഇരിക്കുന്നു.

എന്നാ പിന്നെ ടൗണിൽ ചുറ്റിവരാം എന്ന് കരുതി സാംസ്കാരിക കേന്ദ്രത്തിൽ ഒരു കറക്കം.നഗരത്തിൻ്റെ ഒരു ഭാഗത്ത് വണ്ടികളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് അറിഞ്ഞത്, അന്ന് ഈവനിംഗ് ആണ് "ബോൺ നത്താലേ" എന്ന്.
"അതെന്താ സാധനം??"സംഭവം പിടികിട്ടാതെ ഞാൻ തലചൊറിഞ്ഞു നിന്നു.
"ഇത് പോലും അറിയില്ലെടാ ഊളെ" എന്ന ഭാവത്തിൽ കമ്മറ്റിക്കാരിലൊരുവൻ എന്നെ നോക്കി പുച്ഛിച്ചു കടന്ന് പോയി.
പതിനായിരം ക്രിസ്മസ്സ്‌ പാപ്പമാർ, 21 നിശ്ചല ദൃശ്യങ്ങളുടെയും, കുട്ടികളുടെയും, മാലാഖമാരുടെയും അകമ്പടിയിൽ നഗരം ചുറ്റുന്ന ആഘോഷം.എന്നാ പിന്നെ ഇന്ന് ഇവിടാകാം അന്തികറക്കം എന്ന് തീരുമാനിച്ച് അടുത്തു കണ്ട കടയിൽ കയറി ഒരു "ബോഞ്ച" അടിച്ചോണ്ടിരുന്നപ്പോൾ രണ്ടാമന്റെ വിളി വന്നു."അരമണിക്കൂർ മുന്നേ പുറപ്പെട്ടു" എന്നും പറഞ്ഞു അവനൊരു കൊച്ചു മാന്നാർ മത്തായി ആയി.അതോടെ ഇത്തവണത്തെ ബോൺ നത്താലേ ആഗ്രഹത്തെ മുളയിലേ ഗർഭഛിദ്രം ചെയ്യണ്ടി വന്നു.
11....,12...,1... മണിക്കൂറുകൾക്ക് യുഗങ്ങളുടെ വലുപ്പം.ഒടുവിൽ 2 മണിയോടെ 4 ആളുമായി വണ്ടി അതിരപ്പിള്ളി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.ചെക്ക് പോസ്റ്റ് അടയ്ക്കും മുന്നേ കടക്കണം, അതാണ്‌ അജണ്ട!! അജണ്ടയിൽ തൂങ്ങിയാടിയ രണ്ടാമൻ ആക്സിലറേറ്ററിനെ ഒരു കാമഭ്രാന്തനെ പോലെ ചവിട്ടിയരച്ചു.രംഗം കൊഴുപ്പിക്കാൻ വേണ്ടി ഒന്നാമൻ, ടോപ്പ് ഗീയറിൽ നിൽക്കെ ഗീയറൂരി സഞ്ചിയിലിട്ടു ഡിക്കിയിൽ തള്ളി.ഒരു ജാക്ക്പോട്ട് റേസിലെ കരിംകുതിരയുടെ ഗർവ്വോടെ വളവും, തിരിവും, ഹമ്പും, കുഴിയുമെല്ലാം 
ചാടി കടന്നന്നോടിയ വണ്ടി കാടേറിയ ഉടൻ വിശക്കുന്നെന്നും പറഞ്ഞു മൂന്നാമൻ കാറി തുടങ്ങി.അതുവരെ സീറ്റിലള്ളിപ്പിടിച്ചുറങ്ങിയ ഞാൻ 
മൂന്നാമൻ്റെ കാറലിനു കോറസ്സ് ചേർന്നതോടെ ഗീയർ ഫിറ്റ് ചെയ്ത് ടോപ്പിൽ നിന്നും ഉരുട്ടി താഴെയിട്ട്, പതിമൂന്നാമത്തെ വളവിനപ്പുറം മാനം നോക്കി കുത്തിയിരുന്ന സുഹറ താത്തയുടെ തട്ടിനു മുന്നിൽ ബാക്ക് പൊക്കി മൂക്ക് കുത്തി... അലറിക്കൊണ്ട് വണ്ടി നിന്നു.കഴിഞ്ഞ മാസം തുമ്പിക്ക് തട്ടി തൻ്റെ തട്ട് തകർത്ത കരിവീരൻ "ബൽവർസിങ്" വീണ്ടും വന്നതെന്ന് കരുതി സുഹറത്ത ഓടി മരപ്പൊത്തിൽ ഒളിച്ചു.സംഗതി ആനചേട്ടനല്ല എന്ന് തിരിച്ചറിഞ്ഞ താത്ത വന്ന് രണ്ടാമൻ്റെ പൂർവികരെ പള്ള് വിളിച്ചു.

സുഹറത്ത വിളമ്പിയ നൂലപ്പവും മുട്ടകറിയും,പൊറോട്ടയും ചാറും, കപ്പയും മത്തികറിയും, കടല കറിയും ഓംലെറ്റും തിന്നത് പോരാഞ്ഞു ഇത്ത വീട്ടിൽ കൊണ്ടോകാൻ വെട്ടിവച്ച "അണ്ടിഹള്ളി" മീനും കൂടി പൊരിച്ചടിച്ചത് കണ്ട്, കളയാൻ വച്ചിരുന്ന ക്യാബേജ് ഉപ്പേരിയും പഴങ്കഞ്ഞിയും കൂടി ചട്ടീലിട്ടു നീട്ടി ഇത്ത.

4 ആർത്തി പണ്ടാരങ്ങൾ മൂക്ക് മുട്ടെ തിന്നിട്ടും 265 ഇന്ത്യൻ ബക്സ്സ് മാത്രമേ സുഹറത്ത വാങ്ങിയുള്ളു.  സ്നേഹമുള്ള ഇത്ത, നല്ല ഫുഡ്‌.ഇത്തയുടെ നല്ല ചിരി പോക്കറ്റിൽ നിറച്ചുകൊണ്ട് വീണ്ടും വണ്ടി കുതിച്ചു.

കാട്ടിലെ തണുപ്പേറ്റ് മൂന്നാമൻ്റെ കിഡ്നി ഉണർന്നു പണി തുടങ്ങി. പിന്നെ ഇടയ്ക്കിടെ ഒന്നാംക്ലാസ്സിന് പോകൽ ഒരു പതിവായി.ഇനി ഇവൻ കാറ്റ് കൊള്ളിക്കാൻ വേണ്ടിയോ, വിറ്റാമിൻ D യ്ക്ക് വേണ്ടിയോ ചെയ്യുന്നതാണോ??

അല്ല!!ശബ്ദത്തോടെയുള്ള പനിനീർ ധാര നന്നായി നടക്കുന്നുണ്ട്!!
"ഡേയ് എവിടാ ഏറുമാടം പറഞ്ഞു വെച്ചേക്കുന്നേ??"
"അത് ഇവിടൊന്നും അല്ല, ചെക്ക് പോസ്റ്റ് കടന്ന് പെരിങ്ങൽകൂത്ത് വരെ പോണം"
"ഇങ്ങനെ പനിനീർ ധാരയോടെ അങ്ങിങ്ങായി നിർത്തി പോയാൽ എങ്ങും എത്തില്ല.നമ്മുടെ വണ്ടിയിൽ ആണെങ്കിൽ അല്ലെ ഇവൻ നിർത്തുവാൻ പറയൂ.ഞങ്ങൾ രണ്ടും ആനവണ്ടിയ്ക്ക് വരാം. നിങ്ങൾ പോയി ചെക്കിൻ ചെയ്ത് സൗകര്യങ്ങൾ നോക്കി റിപ്പോർട്ട്‌ അയക്കൂ.5 ന് ചെക്ക് പോസ്റ്റ് അടയ്ക്കും.ബസ്സിൽ ആകുമ്പോൾ ഇവൻ്റെ ഇടയ്ക്കുള്ള മൂത്ര കർമം താനേ നിന്നോളും"
അങ്ങിനെ ഞാനും മൂന്നാമനും കൂടി അവർപോയ പിന്നാലെ വന്ന ആനവണ്ടിയുടെ വാലിൽ തൂങ്ങികയറി.അതിരപ്പിള്ളി, വാഴച്ചാൽ കടന്ന് ചെക്ക് പോസ്റ്റുകളെ പിന്നിലാക്കി ആന ഇഴഞ്ഞു.വണ്ടിയിൽ പല നാട്ടുകാർ, പല ഭാഷകൾ.പഴക്കം ചെന്ന സ്പീക്കറുകൾ 90S മെലഡികൾ മലയാളത്തിൽ പാടി തന്നുകൊണ്ടേയിരിക്കുന്നു.ജനലിൽ കൂടി കാടിൻ്റെ മണമുള്ള കാറ്റ് വന്ന് കവിളിൽ തലോടി പോകുന്നു. മെലിഞ്ഞ പുഴ പാറക്കെട്ടുകളെ തൊട്ടുതഴുകി ഇക്കിളിയാക്കി പതഞ്ഞൊഴുകുന്നു.
പുഴയുടെ രതി മറച്ചു പുഴയരികിൽ നിൽക്കുന്ന ഈറ്റയും പേരറിയാത്ത മരങ്ങളും റോഡിലേയ്ക്ക് നോക്കി കാവൽ നിൽക്കുന്നു.ഇടയ്ക്കിടെ അങ്ങിങ്ങായി ഓരോ 
കുഞ്ഞി വെള്ളചാട്ടങ്ങൾ.

വണ്ടിയിലുള്ള ആളുകളോട് പെട്ടെന്ന് സൗഹൃദത്തിൽ ആയി.പെരിങ്ങൽകൂത്തിലെ ഏറുമാടത്തെപറ്റി നാട്ടുകാരായ 
അവരോട് ചോദിച്ചു.അവരാരും അതെപ്പറ്റി കേട്ടിട്ടില്ല. അങ്ങിനിരിക്കുമ്പോൾ ഒരു കൊച്ചു വെള്ളചാലിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം കടന്ന് ഒരു നാലുകാലൻ കരിവണ്ടി എതിർദിശയിൽ ആനവണ്ടിയെ കടന്ന് ചാലക്കുടി ദിശ നോക്കി പോകുന്നത് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ള വണ്ടി ആണല്ലോ എന്ന് ഉറക്കെ ചിന്തിച്ചത് കേട്ടപ്പോൾ ആണ് മൂന്നാമൻ പറഞ്ഞത്, "അത് നമ്മുടെ വണ്ടി ആണ്, നമ്പർ നോക്കടാ മണ്ടാ"
ശരിയാണല്ലോ, ഇവരെന്താ തിരിച്ചു പോകുന്നെ??
രണ്ടാളും ഒരുമിച്ച് ഫോണിൽ തോണ്ടി.അസ്ഥാനത്ത് തോണ്ട് കിട്ടിയത് ഇഷ്ടപ്പെടാഞ്ഞ ഫോണുകൾ രണ്ടും റേഞ്ച് മായിച്ച് ഞങ്ങളെ തേച്ചു.ഞങ്ങൾ ഒരുമിച്ച് കരഞ്ഞു കാണിച്ചു, കാല് പിടിച്ചു,അനക്കമില്ല!!ട്രിപ്പ് കഴിയും മുന്നേ പുതിയ കുപ്പായം വാങ്ങി ഇട്ടുതരാം എന്ന് പറഞ്ഞപ്പോ മനസില്ലാമനസ്സോടെ എൻ്റെ ഫോൺ bsnl സിമ്മിൽ എവിടുന്നോ പെറുക്കിയ റേഞ്ച് തന്നു.അപ്പോഴും കോൾ പോകുന്നില്ല.കിട്ടിയത് വച്ച്
വാട്സ്അപ്പൻ വഴി വിളിച്ചു. മെസ്സേജ് അയച്ചു.ഒന്നും ഡെലിവറി കാണിക്കുന്നില്ല.
ഞങ്ങടെ പരിഭവം കണ്ട് സഹതാപികളായ സഹയാത്രികരോട് കാര്യം പറഞ്ഞു. "നിങ്ങടെ കൂട്ടുകാർക്ക് റേഞ്ച് ഉണ്ടാവില്ല, നിങ്ങളെപ്പോലെ ഓഫർ കൊടുക്കാൻ അവർക്കറിയില്ല, അതാ കാര്യം!"വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ യാത്രക്കാർ തടഞ്ഞു.
"ഞങ്ങൾ പറയുന്നിടത്ത് നിങ്ങൾ ഇറങ്ങിയ മതി.എന്നിട്ട് അവരെ കാത്ത് നിൽക്കൂ.ഇവിടെ ഇറങ്ങിയാൽ കാട്ടാന നക്കി കൊല്ലും"

അപ്പോളേക്ക് എൻ്റെ ഫോൺ കനിഞ്ഞു രണ്ട് bsnl കട്ട കൂടി കിട്ടി. കിട്ടിയത് പോകും മുന്നേ ട്രൂ കോളറിൽ "ഫോറസ്ററ് ചെക്ക് പോസ്റ്റ്‌" എന്ന പേര് തെളിഞ്ഞു.
"നിങ്ങൾ എവിടാ, നിങ്ങടെ രണ്ട് കൂട്ടുകാരെന്നും പറഞ്ഞു കള്ളലക്ഷണമുള്ള രണ്ടുപേർ 
ഇവിടെ പാത്തും പതുങ്ങിയും നിൽപ്പുണ്ട്"
"അവന്മാരെ കാലിൽ വാരി നിലത്തടിക്ക് സാറേ" എന്ന് മനസ്സിൽ നിന്ന് വന്ന വാക്കുകൾ കഷ്ടപ്പെട്ട് തടഞ്ഞു.
"അവർ വരും വരെ നിങ്ങൾ പെരിങ്ങൽകൂത്തിൽ കാത്തിരിക്കൂ" എന്നും പറഞ്ഞു ഫോൺ കട്ട്‌ ആയി.അവിടെ ഇറങ്ങിയ ഞങ്ങളെ സംഗതി അറിഞ്ഞ ആളുകൾ തൊട്ടടുത്ത ചായക്കടയിലേയ്ക്ക് നയിച്ചു.
"ഇവിടിരുന്നു ചായ കുടിക്ക്, അപ്പോളേക്ക് അവർ വരും"
ചായ കുടിച്ച്, അലമാരിയിൽ തണുത്ത് വിറച്ചു ഉറങ്ങിയിരുന്ന വടയും തിന്ന് കൈ കഴുകിയപ്പോളേക്ക് അവർ എത്തി.അദ്ധ്യാപകനായ മൂന്നാമൻ ആഗതരെ നോക്കി സരസ്വതി നമസ്തുഭ്യം പല ടോണിൽ ചൊല്ലി.എന്നിട്ട് ചാടി വണ്ടിയിൽ കയറി. പിന്നാലെ ഞാനും കയറി വാതിൽ വലിച്ചടച്ച് ദേഷ്യം തീർത്തു.
വണ്ടിയിൽ കയറിയപ്പോ ആണ് മനസിലായത്, ഓൺലൈൻ വഴി ബുക്കിയ ഏറുമാടം ലൊക്കേഷനും ഗൂഗിൾ അമ്മായിയും പ്രചരിപ്പിച്ചപോലെ പെരിങ്ങലിൽ അല്ല, അത് ഞങ്ങൾ ആനവണ്ടിയിൽ കയറിയതിൻ്റെ അരകിലോമീറ്റർ പുറകിൽ ആണ്.
ആഹാ, അന്തസ്സ്!!
"എന്നാ പിന്നെ അത് ക്യാൻസൽ ചെയ്യൂ. ഇനി അത്രേം പിന്നിലോട്ട് ഓടുന്നതിലും നല്ലത് മുന്നോട്ട് തന്നെ പോയി വേറെ എവിടേലും താമസിക്കുന്നതല്ലേ"
"അതിനി ക്യാൻസൽ പറ്റില്ല. ചെക്കിൻ ടൈം കഴിഞ്ഞു. അതോണ്ട്, തിരിച്ചു പോകാം. തന്നേമല്ല... ഫോറസ്റ്റ്കാര് തിരിച്ചു വരണം എന്ന് ഓലയിൽ കല്പ്പന പുറപ്പെടുവിച്ചിട്ടും ഉണ്ട്"

     ***************
തിരിച്ച് അതിരപ്പിള്ളി എത്തുമ്പോളേക്ക് സൂര്യൻ അങ്ങേരുടെ പാട് നോക്കി പോയിരുന്നു.
"പന്നി, കുറച്ചുംകൂടി കഴിഞ്ഞു പോയിരുന്നേൽ വെള്ളച്ചാട്ടം എങ്കിലും....!! മൂന്നാമൻ മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"സാരമില്ല, ഈ കേട് നമുക്ക് ഫുഡ്‌ അടിച്ചു തീർക്കാം"ഒന്നാമൻ പറഞ്ഞ കേട്ട ഉടൻ ഞങ്ങൾ അവിടുന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചു. പൈനാപ്പിൾ വിശപ്പ് കൂട്ടും...ത്രെ!!

ഏറുമാടത്തിൽ കയറി കുളിച്ചു, ഡ്രസ്സ്‌ മാറി നേരെ പോയി ഫുഡ്‌ വാങ്ങി വന്നു.ഫുഡ് തീർന്ന ഉടൻ Uno കാർഡ് നിരത്തി കളി തുടങ്ങി. ഒപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ചർച്ചകൾ... കോളേജ് കാല കഥകൾ... ഫാമിലി വിശേഷങ്ങൾ... എല്ലാം കഴിഞ്ഞു ഒറ്റ ഉറക്കം. രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കണ്ട്, വെള്ളച്ചാട്ടം ചാടി മലക്കപ്പാറയ്ക്ക്!! അതാണ്‌ പ്ലാൻ.

**************

പുലർച്ചെ 5 ന് ഒന്നാമൻ കാലിലെ പരിക്കും ചുറ്റിക്കെട്ടും താങ്ങി എടുത്ത് പുറത്തേക്ക് പോകുന്നത് സ്വപ്നം പോലെ കണ്ടു. 6 മണിക്ക് തിരികെ വന്നു.പിന്നെ ബാഗ് പായ്ക്ക് ചെയ്തു റ്റാറ്റ പറഞ്ഞിറങ്ങി.
അപ്പോളാണ് ഞങ്ങൾ മൂവരും കാര്യമറിയുന്നത്. സംഗതി കുടുംബികം ആണ്. ഫ്രണ്ട്‌സ്നൊപ്പം ഭർത്താവ് സന്തോഷിക്കുന്നത് കാണാനിഷ്ടമില്ലാത്ത ക്രൂരയായ ഭാര്യവക മാനസിക പീഡനം സഹിക്കവയ്യാതെ, കക്ഷി വയ്യാത്ത കാലും തൂക്കി കിട്ടിയ വണ്ടിക്ക് തിരികെ പോയതാണ്.ചെന്നില്ല എങ്കിൽ, അനന്തര ഫലം കിട്ടുക പാവം കുട്ടികൾക്കാവും.
എന്നാ പിന്നെ ട്രിപ്പിന് വിട്ടത് എന്തിനാണാവോ?? ശെടാ!! 
"ഭാര്യ ഒരു സാഡിസ്റ്റ്" എന്നൊരു കഥ ഉടൻ തന്നെ ഡ്രാഫ്റ്റ്‌ ചെയ്തേ തീരു‌ എന്നുറപ്പിച്ചുകൊണ്ട് കുറച്ച് നേരം കൂടി മയങ്ങി.

************

പിന്നീടുള്ള യാത്രയിൽ ഞങ്ങൾ മൂന്നാൾ മാത്രം. മൂന്നാള് ചേർന്നൊരു വഴി പോയാൽ 3G എന്നല്ലേ?എന്നാലതൊന്നറിയണമല്ലോ!!

അങ്ങിനെ വണ്ടി മൂവരുമായി യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഹോട്ടലിൽ പ്രാതൽ. പിന്നീട് ഫോട്ടോകളും വീഡിയോകളും, വാർത്തമാനങ്ങളും ചർച്ചക്കളുമായി കാടിൻ്റെ ഭംഗിയിൽ അലിഞ്ഞുചേർന്നൊരു യാത്ര. പോകും വഴി ചില കുരങ്ങൻസ് വഴിയിലിരുന്ന് എൻ്റെ നേരെ തുറിച്ചു നോക്കുന്നുണ്ടാരുന്നു. താടി വച്ച എന്നെ കണ്ടു വലിയ സിംഹവാലനെന്ന് തെറ്റിദ്ധരിച്ചിട്ടാണോ???

ഡാമിൻ്റെ മുകളിലെ വ്യൂ പോയിൻ്റ് വർണ്ണനകൾക്ക് അപ്പുറമായിരുന്നു. മനോഹരമായ ഓരോ വ്യൂ പോയിൻ്റിലും നിർത്തി കണ്ടുകൊണ്ട് കാട് കടന്ന് മലക്കപ്പാറ ചെക്പോസ്റ്റ് പരിസരത്തു നിന്നും ചായ കുടിച്ച് തേയില തോട്ടങ്ങളെ വകഞ്ഞ്മാറ്റി മലക്കപ്പാറ ഷോളയാർ ഡാമിൻ്റെ സ്പിൽ വേ കണ്ട് ഫോട്ടോസ് പകർത്തി.വളഞ്ഞ പാത മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. വഴിയരികിൽ ഉള്ള "ഗുണ" എന്ന ചെറുപ്പക്കാരൻ്റെ കടയിൽ നിന്നും ഓംലെറ്റും കട്ടനും തട്ടി. ഒന്നാമൻ പോയ വിഷമത്തിൽ വണ്ടിയിലിരുന്നുറങ്ങിയ മൂന്നാമന് ബോഞ്ച കൊടുത്തു ഉഷാറാക്കി.

ഡാമിൻ്റെ മുകളിൽ നല്ല വ്യൂ ഉണ്ടായിരുന്നു എങ്കിലും അതിലും കിടു കാഴ്ചകൾ പിന്നീടാണ് എത്തിയത്. ഡാമിൻ്റെ സൈഡിലൂടെ വാൽപാറയിലേയ്ക്ക് നയിച്ച വഴിയിലെ പല പ്രകൃതി ഭംഗികളും ഒന്നിനൊന്നു മെച്ചം ആയിരുന്നു.
ഒരു ചിത്രത്തിലെന്ന പോലെ, ഭംഗിയായി ഒരുക്കിയിട്ടുള്ള തേയില തോട്ടങ്ങൾ കുന്നുകളെ പച്ചപുതപ്പിച്ചു കിടത്തിയതിനിടയിൽ അങ്ങിങ്ങായി തണുത്ത് വിറച്ച് ഒറ്റയ്ക്ക് നിൽക്കുന്ന ഓക്ക് മരങ്ങൾ!!നീലാകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ വെള്ള മേഘങ്ങൾ... അവയെ നോക്കി 
പേരറിയാത്ത പക്ഷികൾ പാറിപറക്കുന്നുണ്ട്.കറുത്തൊരു ഭീകര സർപ്പം ഇഴഞ്ഞപോലുള്ള റോഡിലൂടെ സർപ്പത്തിൻ്റെ തല തേടിയ വണ്ടി ഉള്ളിലെ പുല്ലാംകുഴൽ റെക്കോർഡിങ്ങ് ആസ്വദിച്ചുകൊണ്ട്
 പാമ്പിനു മുകളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.സമയം 2 ആയി എങ്കിലും ഉച്ചവെയിലിലും എസിയിൽ ഇരിക്കും പോലുള്ള തണുപ്പോടെ ഭൂമി കുളിരു കോരി നൽകുന്നു. വാൽപ്പാറ പോകാതെ പൊള്ളാച്ചി പോകുവാനുള്ള വഴി അൽപ്പം ആശങ്ക നൽകി.

മറ്റ് മനുഷ്യരെ ആരേയും ആവഴിയിൽ കാണാഞ്ഞത് കൊണ്ട്, മരമിറങ്ങി വണ്ടിക്കരികിൽ വന്ന മർക്കടകുമാരൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ വാൽപ്പാറ വഴി പോകുവാൻ തീരുമാനിച്ചു.ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് വാൽപ്പാറയിൽ ഫുഡ്‌ കഴിച്ചപ്പോൾ മനസ്സിലായി.

"ശ്രീ സായി ഭവൻ" ശുദ്ധ വെജിറ്ററിയൻ. ബോർഡ് കണ്ട് ചെന്ന് നോക്കുമ്പോൾ അവിടെങ്ങും അങ്ങനൊരു ഹോട്ടൽ കാണുന്നില്ല.തൊട്ടടുത്ത കടയിലെ അണ്ണൻ ചൂണ്ടിയ വഴി റോഡ് നിരപ്പിൽ നിന്നും ഇടുങ്ങിയ ഒരു ഗോവണി ഇറങ്ങി വലതു തിരിഞ്ഞുള്ള ഒരു വീടിൻ്റെ കൊച്ചു ഹാളിൽ ആണ് കൊണ്ടെത്തിച്ചത്.6-7 ആളുകൾക്ക് മാത്രം ഇരിക്കുവാനുള്ള സ്ഥലം.
തമിഴ് കൂതറ ഫുഡ്‌ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.മഞ്ഞ കലർന്ന ഇളം വാഴയിലയിൽ ആദ്യം വീണത്  കടുകിട്ടഎണ്ണയിൽ മുളകും, ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് താളിച്ച് ഫ്രഷ് പയർ പച്ചപ്പ് പോകാതെ ഉപ്പിട്ട് പാകം ചെയ്തെടുത്ത പയർ മെഴുക്കുപുരട്ടി ആണ്.പിന്നീട് തമിഴ് സ്റ്റൈലിൽ പൊന്നി അരിയുടെ വെള്ളചോറ് വന്നു. അതിലേക്ക് സാമ്പാർ,അച്ചാർ, പപ്പടം. പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കൂടാതെ പച്ച പാവയ്ക്ക മുളക് പൊടി മുക്കി വറുത്തെടുത്തതും.
തമിഴ് ടേസ്റ്റ് ഉണ്ടെങ്കിലും ബന്ധുവീട്ടിലോ ഒരുപക്ഷെ സ്വന്തം വീട്ടിലോ കഴിക്കുന്ന രുചി.ജന്മനാ ആർത്തിപണ്ടാരമായവന് രുചിയുള്ള ഭക്ഷണം കൂടി കിട്ടിയാലോ?? രണ്ടാമതും ചോറ് കൂമ്പാരമായി വാങ്ങി. അപ്പോഴേക്ക് "പുളികുളമ്പ്" വേണോ എന്ന് തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചോണ്ട് ഓണർ വന്നു. തീറ്റ വസ്തു വേണ്ട എന്ന് പറയണമെങ്കിൽ നിറഞ്ഞു തുളുമ്പി മൂക്കിലൂടെ വെളിയിൽ ചാടനം എന്ന ശീലമുള്ള ഞാൻ കൈകൊണ്ട് കാണിച്ചു ഒഴിക്കൂ എന്ന്.പുളിയും എരിവും ഒക്കെയുള്ള ഓറഞ്ച് നിറം കലർന്ന കുറുക്കിയ  തിക്ക് ഗ്രേവി.

ഐ... വ്വ!! നാവിൽ വെള്ളം ഊറുന്ന ടേസ്റ്റ്.

ഒടുവിൽ കട്ടി മോരും കൂട്ടി കുഴച്ചു ഇല വടിച്ച് കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി വന്നപ്പോൾ "ഭക്ഷണം നന്നായി, നല്ല ടേസ്റ്റ്" എന്ന് ഓണറിനോട് പറഞ്ഞു. ഹോട്ടലിൻ്റെ ബോർഡിലും ഓണറുടെ ടി ഷർട്ടിലും കറികളിലും ഒക്കെ ഒരു മഞ്ഞ സാനിധ്യം ഉണ്ടെങ്കിലും നല്ല ഭക്ഷണം ആയത് കൊണ്ട് പേര് ചോദിച്ചു. രമേശ്‌, ഒറ്റപ്പാലം വെങ്ങാശ്ശേരി സ്വദേശി. 40 കൊല്ലം മുന്നേ വാൽപ്പാറയ്ക്ക് കുടിയേറിയവർ.ചുമ്മാതല്ല ഒരു നാട് ഫീൽ ഫുഡിൽ ഉണ്ടായത്!!

അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. വാൽപ്പാറ ടൌൺ കഴിഞ്ഞു കുറെ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹെയർ പിൻ വളവ് തിരിഞ്ഞു കയറ്റം തുടങ്ങി. അവിടെ 40/40 എന്നൊരു ബോർഡ്‌ കണ്ടു. അതായത് 40 ഹെയർ പിന്നിൽ ഞങ്ങൾക്ക് എതിരെ വരുന്ന വണ്ടികളുടെ ഒടുക്കത്തെ ഹെയർ പിൻ ആണ് ഇത്, ഞങ്ങളുടെ ആദ്യത്തേതും!!

40 അല്ലെ ദേ ധിപ്പോ തീരും എന്ന് കരുതി ഇരുന്ന ഞങ്ങൾ പിന്നെയും മണിക്കൂറുകൾ സഞ്ചരിച്ചപ്പോൾ ആണ് 1/40 എന്ന ബോർഡ്‌ കണ്ടത്. ഒന്നിനും നാൽപ്പതിനും ഇടയിൽ ഹെയർ പിന്നിനോളം പോന്ന 200 വലിയ വളവുകളെങ്കിലും ഒളിച്ചിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇടയിൽ ഏതോ ഒരു വളവിനോട് ചേർന്നാണ് വാട്ടർഫാൾസ് പോസ്റ്റ്‌ ഓഫീസ്.അതിന് മുന്നിൽ പോസ്റ്റുമാന്റെ ഗാർവോടെ ഒരു മർക്കടൻ കുത്തി ഇരുന്ന് രംഗ വീക്ഷണം നടത്തിയിരുന്നു.പോസ്റ്റ്‌ ഓഫീസിനോട് ചേർന്നുള്ള ബസ് വെയിറ്റിങ് ഷെഡിനുള്ളിൽ..... മെടഞ്ഞിട്ട മുടിയിൽ ചുകപ്പ് റിബൺ കെട്ടിയ,നീല ഹാഫ് സാരി ചുറ്റിയ,  നിഷ്കളങ്കമായ ചിരിയുള്ളൊരു ഒരു തമിഴ് പെൺകൊടി പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്നുണ്ട്.അതിനോട് 
ചേർന്നുള്ള ടി ഷോപ്പിൽ കയറി ഞങ്ങൾ ചുക്ക് കാപ്പികുടിച്ചു.
 ചുക്ക് കാപ്പി എങ്കിൽ ചുക്ക് കാപ്പി എന്ന് കരുതി അത് തട്ടി പറിക്കാൻ കടയുടെ മച്ചിന് മേലെ താഴോട്ട് നോക്കി ഇരിക്കുന്ന ഒരു കുട്ടി കുരങ്ങൻ "ഗോപി"യിൽ നിന്നും ഞങ്ങളിലെ രണ്ടാമൻ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഗോപിയുടെ ചേട്ടൻ വികൃതിരാമനായ "ബാബുമോൻ" കൂടി വന്നതോടെ ഞങ്ങൾ കാപ്പിയുമായി കടയുടെ ഉള്ളിൽ കയറി.

*******

പിന്നീടുള്ള യാത്രയിൽ അഗാതമായ കൊക്ക പോലൊരു സ്ഥലത്തിനടുത്തു വണ്ടി നിർത്തി താഴോട്ട് നോക്കിയപ്പോൾ അങ്ങകലെ വെള്ളമഷി പേനയ്ക്ക് കുത്തിയ പോലെ കുറെ രൂപങ്ങൾ. അതാണ്‌ ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് തള്ളി വിടേണ്ട ടൗൺ.

കുറച്ചുനേരം കൂടി വണ്ടി പോയപ്പോൾ ഇറക്കം തുടങ്ങി. ഇറക്കം ഇറങ്ങി കുറെകൂടി ചെന്നപ്പോൾ മുന്നിലായി ഞങ്ങളുടെ ശ്രദ്ധയിൽ നിന്നും മറന്നു തുടങ്ങിയ നാല്പത്അംഗ ഹെയർ പിൻ കുടുംബത്തിലെ 15ആമൻ. ആ ഹെയർ പിൻ വളവ് തിരിഞ്ഞ ഉടൻ ഒരു കാര്യം മനസ്സിലായി, ഞങ്ങൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു രാക്ഷസ മലയുടെ വിളുമ്പിൽ കൂടി വളഞ്ഞു ചുറ്റി സമതലം തേടി പോകുവാണെന്ന്. ഒന്ന് കാലിടറിയാൽ ആകാശത്തു നിന്നും താഴെ വീണു പൊടിയുന്ന അത്രയും വിളുമ്പിലൂടെ ഹെയർ പിന്നുകൾ ഓരോന്നായി തിരിഞ്ഞ് താഴേയ്ക്ക്.
12 എണ്ണം കൂടിയേ ബാക്കി ഉള്ളു എന്ന സൂചകവുമായി വന്ന "റാക്കറ്റ് ടെൽഡ് ദ്രോങ്കോ ഹെയർ പിൻ ബെൻഡ്" ൽ ഞങ്ങൾക്ക് വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. വണ്ടി നിർത്തി പുറത്തിറങ്ങി നോക്കുമ്പോൾ... മുന്നിലായി അതിമനോഹരമായ ഒരു കാഴ്ച. വലിയൊരു തടാകം പോലെ.. നിറയെ വെള്ളം പരന്ന് കിടക്കുന്ന "ആളിയാർ ഡാം" അതിൻ്റെ ഒരു സൈഡിൽ ആയി ചിരട്ട കമിഴ്ത്തി ചുട്ട മണ്ണപ്പം ആരോ തട്ടി പരത്തിയ പോലെ ചില പാറ കൂട്ടങ്ങൾ.വലത് സൈഡിൽ തള്ളി നിൽക്കുന്ന ഞങ്ങൾ നിൽക്കുന്ന മലയുടെ ഭാഗം!!
ഐവ്വ!! എത്ര മനോഹരം!!
പിന്നീടുള്ള ഓരോ ഹെയർ പിൻ വളവുകളും ഞങ്ങളെ ഡാമിൻ്റെ വശ്യ സൗന്ദര്യത്തിലേയ്ക്ക് ഉന്തി ഇറക്കികൊണ്ടിരുന്നു.ഓരോ ഹെയർപിൻ വളവുകളും കണ്ണിനായി വിരുന്നൊരുക്കിയത് ആസ്വദിച്ചു ചുരമിറങ്ങി ഡാം നിരപ്പിൽ വന്നു.ജലപ്പരപ്പിൽ പാതി മുങ്ങിയ പന്തുപോലുള്ള രണ്ട് പാറകൾ ഉണ്ടായിരുന്നു.
ഇതിൽ മുന്നിലെ കറുത്ത പാറമുകളിൽ അല്പനേരം കഴിഞ്ഞപ്പോൾ ഒരു കാട്ടാന കുടുംബം വെയിൽ കായാനിറങ്ങി നടക്കുന്ന കാഴ്ച്ചയും വ്യത്യസ്തമായി.ആ വ്യത്യസ്തതയെ പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. റോഡിൻ്റെ വലതു ഭാഗത്ത് ഒരു ഫോറസ്റ്റ് ഓഫീസർ റോഡിൻ്റെ ഇടതു വശത്തുള്ള ഒരാൾ മാത്രം പൊക്കമുള്ള മൺതിട്ടയിലേയ്ക്ക് നോക്കി എന്തോ ആഗ്യം കാണിക്കുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ, അസാമാന്യ വലുപ്പമുള്ളൊരു കൊമ്പൻ ചേട്ടൻ റോഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.അതിനെ ആണ് ഫോറസ്റ്റ് ഓഫീസർ ആംഗ്യം കാണിച്ച് ഓടിക്കാനോ മറ്റോ ശ്രമിച്ചു കൊണ്ടിരുന്നത്. ആനക്കാര്യം അങ്ങാടിപാട്ടായി പാടിയ ഉടൻ വണ്ടി 100-100 ൽ ഓടി തള്ളി.
പിന്നെ നിന്നത് "ആളിയാർ ഡാം" മുന്നിൽ ആണ്.

അവിടിറങ്ങി ഒരു കരിക്ക് കുടിച്ചു. ഒരു കരിക്കിൽ ഇത്രയും വെള്ളമോ,സ്‌നഗി വാങ്ങി കെട്ടേണ്ടി വരുമോ??? എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വലിയ കട ശ്രദ്ധയിൽ പെട്ടത്. പല നൂലിലായി പലതരം മീനുകൾ തലയോടെയും തലയില്ലാതെയും ഒക്കെ തൂങ്ങി കിടക്കുന്നു. ചിലതിൽ ഹിഡുമ്പിയെ പോലൊരുവൾ മസാല തേച്ചു പിടിപ്പിക്കുന്നു. കാട്ടാളനെ പോലൊരുവൻ, കൊതിയന്മാർ ആവശ്യപ്പെടുന്ന മീൻ പൊരിച്ചെടുത്തു ചൂടോടെ മിണുങ്ങാൻ വച്ച് നീട്ടുന്നു.അതെ പോലുള്ള വേറെയും ചില കടകൾ അടുത്തടുത്തായുണ്ട്. എല്ലായിടത്തും മീനുകൾ പല കോലത്തിൽ തൂങ്ങി ആടുന്നുണ്ട്.അതിൽ ഒന്ന് വാങ്ങി പൊരിച്ച് ഒറ്റയടിക്ക് തിന്നാൻ എന്നിലെ ആർത്തിചേട്ടൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. മറ്റുള്ള രണ്ടാൾക്കും വേണ്ട, എന്നറിഞ്ഞ ഞാൻ ആർത്തിയെ പറ്റിച്ചു ചാടി വണ്ടിയിൽ കയറി.തെങ്ങിൻ തോട്ടങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീളുന്ന പൊള്ളാച്ചി റോഡിലൂടെ,ഓടി ഇടം തിരിഞ്ഞു ഞങ്ങൾ കേരളത്തിൻ്റെ മണ്ണ് തേടി പിന്നെയും ഓടി. ഞങ്ങൾക്ക് മുന്നിലായുള്ള പശ്ചിമഘട്ട മലനിരകൾക്ക് പിന്നിലോളിക്കാൻ വെമ്പിയ സൂര്യൻ ചുവപ്പ് വാരി എറിഞ്ഞു.

തമിഴ്മണ്ണിലും, വെട്ടിമാറ്റിയ പാലക്കാടൻ മണ്ണിൻ്റെ ശേഷിപ്പുകൾ പോലെ കരിമ്പനകൾ തലയുയർത്തി നിന്ന് സൂര്യനോട് കാറ്റിൽ തലകളാട്ടി റ്റാറ്റ പറയുന്നുണ്ടായിരുന്നു.ഞങ്ങളുടെ വഴിക്കിരുവശവും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തൊപ്പിനും മാവിൻ തോട്ടത്തിനുമൊക്കെ നടുവിൽ... അങ്ങിങ്ങായി ഒരു കൊച്ചു ഗ്രാമം മങ്ങിയ ലൈറ്റുകൾ തെളിച്ചു തുടങ്ങിയിരുന്നു.

പകൽ കൊഴിയുന്ന വേളയിൽ സൂര്യനിൽ നിന്നും പിന്നെയും ചുവപ്പ് പൊടിഞ്ഞുകൊണ്ടേയിരുന്നു. ആ ചുവപ്പിന് നേരെ നീളുന്ന വിജനമായ വഴിയിലൂടെ ഗൂഗിൾ അമ്മായി ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് നയിച്ചു.

********

ഒറ്റയ്ക്കായാലും ഫാമിലിയ്‌ക്കൊപ്പം ആയാലും, കൂട്ടുകാർക്ക് ഒപ്പം ആയാലും യാത്രകൾ എന്നും നല്ലതാണ്.ഓരോ യാത്രകളും പുതു അനുഭവങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഒരേ വൈബ് ഉള്ളവർക്കൊപ്പം ഉള്ള യാത്രകൾ ഇരട്ടിമധുരം ആണ്.മനസ്സിൻ്റെ അമൂല്യ നിധിശേഖരത്തിലേയ്ക്ക് ആത്മ 
സുഹൃത്തുക്കളോടൊപ്പമുള്ള ഈ യാത്രയും, ആ യാത്രയിൽ വരികൾകൊണ്ട് കോറിയിടാൻ പറ്റാത്ത ഒരുപിടി സൗഹൃദ നിമിഷങ്ങളും!!

അത്തരം സൗഹൃദങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് വീടിൻ്റെ പടി കടന്നപ്പോൾ... ഇതുവരെ കാണാത്ത ഒരാൾ ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചു.ഞാൻ പോയ തക്കത്തിന് എൻ്റെ മരുമോൻ വീട് മറിച്ച് വിറ്റ് കാശാക്കിയോ എന്ന ചിന്തയിൽ ശങ്കിച്ചു നിന്ന എൻ്റെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്ന ആൾ മധുരമായി ചോദിച്ചു.
"എന്നെ മനസിലായില്ല അല്ലെ?? മേരി ആന്റി ആണ്"
"ങേ!" "ഇതെപ്പോ വന്നു..."വേറെ ആരാ കൂടേ ഉള്ളെ?"
ഒരുപാട് ചോദ്യങ്ങൾ വരിതെറ്റിച്ച്  പുറത്തു ചാടി.

**********
മൂന്നു മുതൽ പത്തുവരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തേടി തൊമ്മൻകുത്തിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നതാണ് കക്ഷി, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്കെല്ലാവർക്കും സുപരിചിതയായ.... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്!!

25 വർഷം മുന്നേ കണ്ടുമുട്ടിയവർക്കൊപ്പം നടത്തിയ യാത്രയുടെ ഉന്മാദത്തിൽ ഞാനന്നുറങ്ങി എണീറ്റ്‌ ഫ്രഷ് ആയി മേരി ആന്റിയെ അടുത്തുള്ള സ്ഥലങ്ങൾ കാണിക്കുവാൻ ഒരുങ്ങിയപ്പോൾ....
"മരിക്കും മുന്നേ ദേ... ഇവളുടെ വീട്ടിൽ ഒരിക്കൽ എങ്കിലും 
വരണമെന്നുണ്ടായിരുന്നു.... ഇവളെ കാണുവാൻ മാത്രമാണ് ഞാനീ യാത്രയ്ക്ക് തയ്യാറായത്,എൻ്റെ ഈ യാത്രയിലെ ഏറ്റവും വലിയ കാഴ്ച ഇവൾ ആണ്, ഇനി വേറെ സ്ഥലങ്ങളൊന്നും എനിക്ക് കാണണ്ട!!"
രണ്ട് ദിവസം ആയി വീടിന് വെളിയിൽ ഞാൻ നടത്തിയ യാത്രയിൽ മനം കുളിർപ്പിച്ച ഏതൊരു കാഴ്ചയേക്കാളും പത്തിരട്ടി മനോഹരമായ കാഴ്ച!!

ഫോണുകളും, സോഷ്യൽമീഡിയകളും,ഇന്റർനെറ്റും,കമ്പ്യൂട്ടറുകളും ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത്..... വൈദ്യുതിയോ യാത്രാ സൗകര്യങ്ങളോ പോലും എത്താത്ത നാട്ടിൽ തുടങ്ങിയ...നീണ്ട ആറു പതിട്ടാണ്ട്
കാലം പിന്നിട്ട സൗഹൃദത്തിൻ്റെ  സന്തോഷത്തിൽ.... അമ്മയെ അരികിൽ ചേർത്ത് പിടിച്ച് നിറമനസ്സോടെ... 
പുഞ്ചിരിച്ച് കൊണ്ട് മേരി ആന്റി പറഞ്ഞ ആ വാക്കുകളിൽ......... ആ കാഴ്ച്ചയിൽ..................ഞാൻ അലിഞ്ഞില്ലാതായി!!

************


Tuesday, 6 April 2021

കൊറോണകാലത്തെ ഒരു തിരഞ്ഞെടുപ്പ് ദിനം!!

                        വർഷങ്ങൾക് ശേഷമാണ് തിരങ്ങെടുപ്പു ഡ്യൂട്ടിയ്ക്ക് എത്തുന്നത്.രജനിയണ്ണന് ഫാൽക്കെ കിട്ടിയതിന്  ശേഷം വന്ന ഡ്യൂട്ടി ആയതുകൊണ്ട് അണ്ണനോടുള്ള സ്നേഹപ്രകടനത്തിനായി "ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരുവേൻ" എന്നുറക്കെ പറഞ്ഞുകൊണ്ട്, ഡ്യൂട്ടി സ്ഥലത്ത് വളരെ വൈകി എത്തിച്ചേർന്നു.
എത്തി ചേർന്നു എന്നല്ല, ഭീഷണിപ്പെടുത്തി എത്തിച്ചു എന്നതാണ് സത്യം!!കണ്ട്രോൾ റൂമിൽ നിന്നവിളിയോട് വിളി , ലാസ്റ്റ് വാർണിങ് അഞ്ചുവട്ടം കിട്ടി.ഒടുവിൽ,ഏപ്രിൽ 5,2021 ന്  വൈകിട്ട് 4 മണിക്ക് ഒരുവിധം ബൂത്തിൽ റിപ്പോർട്ട് ചെയ്തു.ഉച്ച ഭക്ഷണം കാര്യമാകാത്ത കൊണ്ട് വിശന്നു കുടൽ കരിയുന്നു.അല്ലേലും തീരെ സമയം ഇല്ലാത്ത അവസരങ്ങളിൽ ഈ കുടലിനെ പിടിച്ചു കൂമ്പിനിടിക്കാൻ തോന്നും വിധം ഉള്ള വിശപ്പ് ആണ്.

രാത്രി 8  മണിയോടെ,തൊട്ടടുത്ത ബൂത്തിൽ ഡ്യൂട്ടിയിൽ ഇരുന്നു ചിതൽ പിടിച്ച മച്ചാനെയും വിളിച്ചു ബൂത്ത്‌ വിട്ട് തട്ടുകടയിൽ എത്തി വയറു നിറയെ ദോശ വാങ്ങി കഴിച്ചു.എത്ര എണ്ണം കഴിച്ചു എന്ന് അറിയാത്ത കൊണ്ട് ബില്ല് കൂടെ കഴിക്കാൻ വന്ന സതീഷ് മാഷിനെ ഏൽപ്പിച്ചു ഞങ്ങൾ മുങ്ങി.വീട്ടിൽ ചെന്നപ്പോൾ ദേ ചോറും കറിയും തലേന്ന് മിച്ചം വന്ന ഭക്ഷണങ്ങൾ എല്ലാം മേശയിൽ നിരത്തി വച്ചിരിക്കുന്നു.നിവൃത്തി ഇല്ലാതെ അതും കഴിച്ചു നേരെ ബെഡിലേയ്ക്ക്.

************

ഇലക്ഷൻ ദിനം, ഇന്ന് രജനി അണ്ണന് പഠിക്കാൻ നിന്നാൽ ഇലക്ഷൻ കമ്മീഷന്റെ തനി രൂപം കാണേണ്ടി വരും എന്നറിയാവുന്ന കൊണ്ട് പുലർച്ചെ തന്നെ ഒരു ചൂട്ടും കത്തിച്ചു ലാപ്പും തൂക്കി ബൂത്തിൽ എത്തി.

സംഗതി ലൈവ് ആണെന്നറിഞ്ഞ ഉടൻ ഓഫീസർമാർക്ക് വരെ ചെറിയ ടെൻഷൻ.ഒരു ചെറിയ സഭാ കമ്പം!!

5.30 ക്ക് മോക്ക് പോൾ തുടങ്ങി.ഓരോ സ്ഥാനാർത്ഥിയുടെയും പോളിംഗ് ഏജന്റ്മാർ 10 വോട്ട് വീതം ചെയ്യും.അതിനു ശേഷം വോട്ടിങ് മെഷ്യനിൽ അതെല്ലാം കൃത്യമായി രേഖപ്പെടുത്തി എന്നുറപ്പു വരുത്തിയ ശേഷം മെഷ്യൻ ക്ലിയർ ചെയ്യും.അതിനു ശേഷം ദോശ കടയിൽ ദോശ ചുടാനായി കല്ല് ചൂടാക്കി ഇടും പോലെ  അത് സീൽ ചെയ്തു വോട്ടിങ്ങിനായി തയ്യാറാക്കി നിർത്തും.ഇത്തവണ പതിവ് വോട്ടിങ് മെഷ്യനു കൂട്ടായി ഒരു തടിമാടൻ കൂടി ഉണ്ട്.വോട്ട് രേഖപ്പെടുത്തിയാൽ ഉടൻ, വോട്ടു രേഖപ്പെട്ട ചിഹ്നം,സ്ഥാനാർത്ഥിയുടെ പേര് ,ക്രമനമ്പർ എന്നിവ 7 സെക്കൻഡ് നേരത്തേയ്ക്ക് ലൈറ്റ് ഇട്ട കണ്ണാടി കൂടിൽ പേപ്പറിൽ പ്രിന്റു ചെയ്തു കാണിച്ച ശേഷം ബ്ലും എന്ന് വിഴുങ്ങുക എന്നതാണ് കക്ഷിയുടെ പണി.വോട്ടിങ്ങിനു ശേഷം തടിയന്റെ (വിവിപാറ്റ്-വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ)  കുടവയർ തുറന്നു ഈ പേപ്പറുകൾ എന്നി നോക്കിയാൽ ഓരോ ചിഹ്നത്തിനും കിട്ടിയ വോട്ടുകൾ അറിയാൻ പറ്റും. മോപ്പ് പോളിൽ ഈ പേപ്പറുകൾ കൂടി എടുത്ത് പ്രത്യേകം കവറിൽ സീൽ ചെയ്തു കഴിഞ്ഞാൽ മോക്ക് പോൾ കദം!!

ഇതെല്ലാം ഓടി നടന്നു റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് ആരോ ചൂടുള്ള ചായ തന്നു. ഇന്നത്തെ ദിവസം മിക്കതും ഈ ചായയുടെ  അയവിറക്കി എൻ്റെ പെരുവയർ കരിഞ്ഞുണങ്ങി കിടക്കേണ്ടി വരുമോ എന്നൊരു ചിന്ത എന്നെ അലട്ടി തുടങ്ങിയപ്പോളേയ്ക്ക് മണി 7 ആയി.അതോടെ യഥാർത്ഥ പോളിംഗ് തുടങ്ങി.


അതിനിടയിൽ മറ്റു പോളിംഗ് ഓഫീസർമാർ ഒക്കെ എവിടെയോ പോയി തട്ടിയിട്ട് ഏമ്പക്കവുംവിട്ടു കുമ്പയും തടവി തിരികെ വരുന്ന കണ്ടപ്പോൾ വിശപ്പ് കൂടി.ഉടൻ അടുത്ത ബൂത്തിൽ കുത്തിയിരുന്നുറങ്ങുന്ന മച്ചാനെ കുത്തി ഉണർത്തി കാര്യം പറഞ്ഞു.അപ്പോൾ ആണ് അവൻ പറയുന്നത്, ഞങ്ങളെ കൂടാതെ ഡ്യൂട്ടിക്ക് ഉള്ള മൂന്നാമൻ ഫുഡ് അടിച്ചു എന്ന്. അവൻ വയറിളകി ചാകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരുകവിൾ പച്ചവെള്ളം ചവച്ചരച്ചിറക്കിയപ്പോളേയ്ക്ക് "ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു കൊണ്ട്"
 വീട്ടിൽ നിന്നും വിളി വന്നു.അറ്റ കൈക്ക് ഏതേലും വീട്ടിൽ കയറി ഭക്ഷണം കഴിക്കേണ്ടി വരുമോ?? 

സമയം 9.ഈശ്വര, ഉറക്കം തെളിഞ്ഞിട്ട് ഭക്ഷണയില്ലാതെ 6 മണിക്കൂർ!!ഇന്നെങ്ങാനും ഭക്ഷണം കിട്ടിയില്ല എങ്കിൽ, ഇതിലേയ്ക്ക് പിടിച്ചിട്ട ആ കൂതറ മാഷിനേയും മാഷിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആ കൂതറ ടീച്ചറേയും തല്ലിക്കൊന്നിട്ടു ജയിലിൽ പോയി കിടക്കാനുള്ള ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞു.

കാര്യം അറിഞ്ഞ ഉടൻ വെട്ടുക്കിളി നീല സാരി ഉടുത്തപോലുള്ള ഒരു ആശാ പ്രവർത്തക ഞങ്ങൾക്ക് ആഹാ നൽകി കൊണ്ട് വണ്ടി എടുത്തു അതിൽ കയറി ചെവിത്തോണ്ടി പറക്കും പോലെ ഒറ്റ പോക്ക്.അങ്ങിനെ ഒടുവിൽ ഭക്ഷണം എത്തി.ഒരു നേരത്തെ ഭക്ഷണത്തിന് ചിലവ് 500. ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കുന്ന വികാരത്തിൽ മാറാല നിറഞ്ഞ സർക്കാർ സ്കൂൾ സ്റ്റാഫ് മുറിയിലെ പൊടിപിടിച്ച ബഞ്ചിൽ ഇരുന്നു കരിഞ്ഞ ദോശ തിന്നുമ്പോൾ, ഫൈവ് സ്റ്റാർ ഹോട്ടലിലും 500 രൂപയ്ക്ക്  ഇതുപോലെ കരിഞ്ഞ ഫുഡ് ആവും കിട്ടുക എന്ന ആശ്വാസം മനം നിറഞ്ഞു പുറത്തു വന്നു.അപ്പോളേയ്ക്ക് കൊടുത്ത കാശിന്റെ ബാക്കി കിട്ടും എന്ന ആശ ബാക്കി വയ്ക്കാതെ ആശാ പ്രവർത്തക എങ്ങോ പോയി മറഞ്ഞിരുന്നു.

വീണ്ടും ബൂത്തിലേയ്ക്. അവിടെ ചെന്ന് മാഷിനെ ചൊറിയുന്നതിനിടയിൽ ചുമന്ന സാരി ഉടുത്ത തത്തയും വടികുത്തി മോണ കാട്ടി പാഞ്ചാലിയും വെളുത്ത് തുടുത്ത കറുമ്പനും, വിയർപ്പിന് വാടയുള്ള സുഗന്ധയും,ആരാച്ചാരുടെ മുഖമുള്ള സുന്ദരനും ഒക്കെ വോട്ടു രേഖപ്പെടുത്തിക്കൊണ്ടിരുന്നു.ചൊരിഞ്ഞത് മാഷിന് പിടിച്ചില്ല, ഉടൻ തന്നെ ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിൽ നിന്നും പിടിച്ചു പുറത്തിട്ടു. 
ഇടയ്ക്കിടെ ഏതേലും അധ്യാപകർ ഇതുപോലെ പതിവായി ക്ലാസ്സിൽ നിന്നും പുറത്താക്കിയിരുന്ന പഠനകാലഘട്ടം അതോടെ  ഓര്മയിലേക്ക് ഇടിച്ചു കയറി  വന്നു.

ഐവ!!.. 

ഇനി കുറെ നേരം കോളേജ് കാലം അയവിറക്കി സമയം കളയാം എന്ന് തീരുമാനിച്ചു.

അതിനിടയിൽ ആണ്, ഇന്നത്തെ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നതിലും ഭേദം വല്ല വലവിരിക്കാനും പൊയ്ക്കൂടേ എന്ന ഭാവേന ഒരു എട്ടുകാലി വല നെയ്യുന്നത് കണ്ണിൽ പെട്ടത്.അതിനിടയിൽ കൂതറ മാഷിന്റെ ഭാര്യ എന്തോ മെസ്സേജ് അയച്ചു ശ്രദ്ധ തിരിച്ചു. കാര്യം ചോദിച്ചപ്പോൾ ബൂത്തിൽ ഇരുന്നുറങ്ങി മൂക്ക് ഫോണിൽ കുത്തി മെസ്സേജ് താനേ പോയത് ആണത്രേ.ഊള!!

പൊട്ടാതെ വല നെയ്യാൻ മോറൽ സപ്പോർട്ട് നൽകിയ എൻ്റെ കണ്ണ് തെറ്റിയ ഉടൻ എട്ടുകാലി വലയിൽ നിന്നും ഉരുണ്ടു മറിഞ്ഞു ചന്തിയും കുത്തി താഴെ വീണു.അതോടെ വല നോക്കുന്ന ഫ്ലോ പോയി.പിന്നീട് തറ ഓട് എണ്ണുവാൻ തീരുമാനിച്ചു.510 എണ്ണം.തറ ഓട് എണ്ണിക്കഴിഞ്ഞു മെപ്പോട്ട് നോക്കി ഇരിക്കുന്ന എന്നെ കണ്ട് , ഇവനെങ്ങാനും ഇനി മുകളിലെ ഓട് എണ്ണാൻ വലിഞ്ഞു കയറുമോ എന്ന പേടി കാരണം ആരോ കൊടുത്ത ചായയും ആയി വന്ന പ്രിസൈഡിങ് ഓഫീസർ എവിടുന്നോ ഒരു പരിപ്പ് വടയും വച്ച് നീട്ടി.

പണ്ടേ ഭക്ഷണം കണ്ടാൽ കവാത്ത് മറക്കുന്ന ഞാൻ അതോടെ ഫ്‌ലാറ്റ്!! 

രാവിലത്തെ 5 സ്റ്റാർ അനുഭവവും ബാങ്ക് അക്കൗണ്ടിൽ പൂച്ച പെറ്റുകിടക്കുന്നതു കൊണ്ടും പോക്കറ്റിൽ പേരിനു പോലും 10 ഹോട്ട് ഇന്ത്യൻ ബക്സ് ഇല്ലാത്തതും കൊണ്ട് ഉച്ചയ്ക്ക് ഊണ് വീട്ടിൽ നിന്നാക്കാം എന്ന് കരുതി വീട്ടിൽ വലിഞ്ഞു കയറി ചെന്ന് മൂക്ക് മുട്ടെ തിന്നു ഏമ്പക്കം വിട്ടു എണീറ്റ് 5 മിനിറ്റ് റെസ്റ്റും കഴിഞ്ഞു ബൂത്തിൽ എത്തിയപ്പോൾ എല്ലാരും ഈച്ച ആട്ടി ഇരിക്കുന്നു.തിരക്ക് ഇല്ല.ഇതറിഞ്ഞിരുന്നു എങ്കിൽ 2 മണിക്കൂർ കൂടി ഉറങ്ങീട്ടു പോന്നാൽ മതിയാരുന്നു.എന്തായാലും വന്നു,വാട്സ് ആപ്പിൽ സ്നേഹത്തോടെ മുടങ്ങാതെ  മെസ്സേജ് അയച്ചിരുന്ന ഏക വ്യക്തി വോട്ട് കുത്താൻ പോയി അനിയത്തിയേയും കണ്ടിട്ട് ആ വഴി പോയതിനാൽ വാട്സ് ആപ്പിലും കൊടിയ വരൾച്ച.അല്ലേലും കക്ഷിക്ക് ഇപ്പോൾ ഇച്ചിരി ജാഡ കൂടുന്നുണ്ട്.

എന്നാൽ പിന്നെ യൂട്യൂബ് കാണാം എന്ന് കരുതി അതിൽ കയറി നിരങ്ങി.സമയം ആരെയും നോക്കി നിൽക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഒടുവിൽ 7 മണി ആയി.പോളിംഗ് അവസാനിച്ചു. പിന്നെ ബാലറ്റ് സീൽ ചെയ്യുന്ന തിരക്കായി.ബാലറ്റ് സീൽ ചെയ്തു കഴിഞ്ഞ ഉടൻ കട്ടയും പടവും മൂടി എല്ലാം പെറുക്കി കെട്ടി വീട്ടിലേയ്ക്കു വച്ച് പിടിച്ചു.വീട്ടിൽ ചെന്നപ്പോൾ മുതു പാതിരാത്രി!!

എന്നെ വീട്ടിലാക്കിയ ഉടൻ മച്ചാൻ ചേർത്തലയ്ക്ക് വണ്ടി തിരിച്ചു.

പിറ്റേന്ന് സൂര്യൻ വന്നു ചന്തിയ്ക്ക് ചവുട്ടി വിളിച്ചപ്പോ എപ്പോഴോ പൊങ്ങി.ഉറക്ക ചടവോടെ കുറെ നേരം ഇരുന്നപ്പോൾ പോസ്റ്റൽ വോട്ടും ആയി പോസ്റ്റ് വുമൺ വന്നു. ഇനി അത് ചെയ്തു നായകന.അതൊരു ചടങ്ങായി!!



Friday, 26 March 2021

കഴിഞ്ഞു പോയ കാലം ...കാറ്റിനക്കരെ...



                     ബോയ്സ് സ്കൂളിലെ പൂപ്പൽ മണം തങ്ങി നിൽക്കുന്ന മുരടിച്ച ചുമരുകളുടെ ആലിംഗനത്തിൽ നിന്നും പുറത്തുകടന്ന്, സ്വാതന്ത്ര്യത്തിൻ്റെ പഞ്ഞി മിഠായികൾ വിരിച്ച വഴിയിലൂടെ നടന്നു കയറിയത്... കലാലയ രാഷ്ട്രീയവും പ്രണയവും ഇഴചേർത്തു നെയ്ത നിത്യവസന്തകാലം തണൽ പാകും വൃക്ഷങ്ങളായി വളർന്നു പന്തലിച്ച കലാശാലയുടെ മുറ്റത്തേയ്ക്കായിരുന്നു.പ്രതീക്ഷയുടെ, ആനന്ദത്തിൻ്റെ  തോരണങ്ങൾ ചുവപ്പും പച്ചയും വെള്ളയും കാവിയും നീലയും ഒക്കെ ആയി വഴിതെളിച്ചത് ചതുര കല്ലുകൾ ചേർന്നു തൂണുകൾ ആയി ചേർന്ന് കൗമാര പ്രൗഢിയുടെ  മുഖപടം ചാർത്തി നിൽക്കുന്ന നീണ്ട വരാന്തയിൽ നിന്നും ഇരുവശങ്ങളിലൂടെ മുകളിലേക്ക് നയിക്കുന്ന പടവുകൾക്ക് നടുവിൽ കൂടി പ്രധാന ഗ്രൗണ്ടിനോട് ചേർന്നു, സ്റ്റേജിന് പിന്നിലായി കുടിപള്ളിക്കൂടം പോലെ നീളത്തിലുള്ള,ചുറ്റും പുല്ലുകൾ വളർന്നു നിൽക്കുന്ന ഓടിട്ട ഒരു ബ്ലോക്കിലേക്കായിരുന്നു.

ഇരുവശത്തേക്കും തുറന്നിരിക്കുന്ന വലിയ വാതിൽ പാതികളിൽ ഒന്നിൽ കറുത്തതും വെളുത്തതുമായ അക്ഷരങ്ങൾ ചേർന്ന് PDC എന്ന് കുത്തിവരച്ചതിനു ചുറ്റും ആരോ ഒരു ചുവപ്പ് ഹൃദയം വരച്ചു ചേർത്തിരുന്നതിൽ ഉടക്കിയ കണ്ണുകളെ പിൻവലിച്ചുകൊണ്ട്....ഉണ്ട കണ്ണുള്ള രാമനും,ചകിരി തലയൻ ജോസും, ചാണക വാടയുള്ള ജസ്റ്റിനും,ഉണ്ട പീക്കിരി ബഷീറും ചേർന്ന് ഒരുപോലെ വായി നോക്കിയിരുന്ന സുന്ദരികോതകളാൽ നിറഞ്ഞ ആ  വലിയ മുറിയിൽ കടന്ന് കൂടിയതോടെ.... ഹൃദയത്തിലും ജീവിതത്തിലും പിന്നീട് മായാത്ത ഓര്മകളാൽ സമ്പന്നമായ ആ കാലം തുടങ്ങുകയായിരുന്നു, കലാലയ ജീവിതം!!

കോളേജിൽ എത്തിയ കൗതുകത്തിൽ സ്വപ്നങ്ങൾ പാറിനടന്നിരുന്ന പ്രീ ഡിഗ്രി സയൻസ് ക്ലാസ്സ് മുറിയുടെ കൊളുത്തുകൾ ഇല്ലാത്ത ജനലുകൾ വഴി ചാടികയറി, മുകളിലെ ഓടിനിടയിൽ മറഞ്ഞിരുന്നു അണ്ണാറക്കണ്ണൻ നിർത്താതെ ഉച്ചത്തിൽ ചിലച്ചിരുന്ന ആ ദിവസം, മായാ വർണ്ണങ്ങൾ വിടർന്നു നിൽക്കുന്ന സുവർണ്ണ കാലം ജീവിതത്തിൽ പിറവിയെടുക്കുക മാത്രമല്ല, ജീവിതത്തിൽ ആദ്യമായി ഇത്ര അധികം സുന്ദരികളെ ഒരുമിച്ചു കാണുക എന്ന ഉത്സവത്തിൻ്റെ  കൊടിയേറൽ കൂടി ആയിരുന്നു. 

"കഞ്ചൻ" എന്ന ഗംഗാധരൻ പിള്ള സാറിൻ്റെ ഇംഗ്ലീഷ് ക്ലാസിലിരുന്ന് കൗതുകത്തോടെ പെണ് നിരകളിലൂടെ പരതി നടന്നിരുന്ന കണ്ണും മനസ്സും ഇംഗ്ലീഷ് എന്ന ഭാഷയോട് ചതുർത്ഥി പാലിച്ചു പോന്നിരുന്നത് കൊണ്ട്, പ്രഥമ ഭാഷാ വിജയം എന്നത് ജീവിതത്തിൽ ഉടനീളം മറ്റൊരു  ബാലികേറാ മലയായി എൻ മുന്നിൽ ആകാശം മുട്ടെ വളർന്നു നിന്നിരുന്നു.
അറുബോറൻ ക്ലാസ്സുകളിൽ പോലും പെണ്കുട്ടികൾ പുസ്തകപുഴുക്കളായി അരിച്ചു തുടങ്ങിയപ്പോൾ, പാറി നടന്നൊരു ശാലഭത്തിൽ നിന്നും ചിറകുകൾ കടമായെടുത്ത് ക്ലാസ് മുറികളെ ബഹിഷ്‌കരിച്ചു കൊണ്ട് ശുദ്ധവായു തേടി ഞങ്ങളിൽ ചിലരും ക്യാമ്പസിലൂടെ അദ്ധ്യാപകരുടെ കണ്ണിൽ പെടാതെ മറ്റാരും കാണാത്ത സന്തോഷത്തിൻ പൂക്കൾ തേടി പറന്നു നടന്നു.

പതിവ് നടവഴികളും കാമിതാക്കളുടെ പ്രേമ സല്ലാപ കേന്ദ്രങ്ങളും കടന്നു അതിരുകൾ നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ക്യാമ്പസ്സ് ചുറ്റലുകളിൽ പലതും ചെന്നു നിന്നത്, പ്രകൃതി കനിഞ്ഞു നൽകിയ നാട്ടു മാവിൻ കൊമ്പതും തേൻ വരിക്ക ചുവട്ടിലും ഒക്കെ തന്നെയായിരുന്നു.

വീട്ടിൽ നിന്നും അമ്മ അറിയാതെ അടിച്ചു മാറ്റിയ മുളക് പൊടിയും, ഉപ്പും പേനാക്കത്തിയും ഒക്കെ ആയി സുധിയും ഷാനുവും രഘുവും ഒപ്പം ചേർന്നപ്പോൾ മാവിൽ വലിഞ്ഞു കയറുക എന്നതിൻ്റെ കാർമ്മികത്വം എന്നിൽ വന്നു ചേർന്നു.സ്കൂൾ കാലഘട്ടത്തിൽ വീട്ടിൽ നിന്നും ബസ്സ് സ്റ്റോപ്പിലേക്ക് ഉള്ള രണ്ട് കിലോമീറ്റർ നടത്തത്തിൽ പകുതി ദൂരം വെട്ടിചുരുക്കുവാൻ വേണ്ടി പതിവായി kseb സബ്സ്റ്റേഷൻ്റെ വലിയ മതിൽ വലിഞ്ഞു കയറി ചാടിയിരുന്ന എന്നിലെ മുൻ പരിചയത്തിൻ്റെ ബലത്തിൽ പല മാവിൻ കൊമ്പുകളിൽ നിന്നും മാങ്ങകൾ കൃത്യമായി താഴെയെത്തിയിരുന്നു.

മരം കയറ്റം വിജയകരമായി പോയിരുന്ന ഒരു ദിവസം പതിവില്ലാതെ ആരോ ഓടി അകലുന്ന ശബ്ദവും പിന്നാലെ എത്തിയ അൺപാർലമെന്ററി പദ സമ്പത്തും കേട്ട് മാവിൻ ചുവട്ടിലേക്ക് പകച്ചു നോക്കിയപ്പോൾ,ഓടിപ്പോയ ഇരയെ തുറിച്ചു നോക്കുന്ന ഇറച്ചി വെട്ടുകാരനെ പോലെ ഒരുവൻ മടക്കി കുത്തിയ മുണ്ടും വിറയ്ക്കുന്ന മൂക്കുമായി മുകളിലേയ്ക്ക് നോക്കി പുളിച്ചത് വാരി വിതറുന്നു.

താഴത്തായിരുന്നു എങ്കിൽ ഓടി തള്ളാമായിരുന്നു, ഇതിപ്പോ മാവിൻ മേലെ ഇരുന്ന് എങ്ങനെ ??

ഇറച്ചിക്കടയിൽ തൂങ്ങുന്ന പൊത്തിൽ കാലിന് പകരം എൻ്റെ തുണിയില്ലാ കോലം കയറിൽ ആടിക്കളിക്കുന്നത് മനസ്സിൽ ഉറപ്പിച്ചു തുടങ്ങിയപ്പോൾ ആഗതൻ അഭിഷേകം നിർത്തി.ഉപദേശം തുടങ്ങി!!

ക്യാമ്പസിലെ മാവും പ്ലാവും പാട്ടത്തിനെടുത്ത കരാറുകാരൻ ആണ് കക്ഷി. അങ്ങേരുടെ എത്ര ലാഭം ആണ് ഞാനും കൂട്ടുകാരും പൂളി ഉപ്പും മുളകും ചേർത്ത് ചവച്ചരച്ചത് ?? 
പാവം !! ഇനി മേലാൽ മുടങ്ങാതെ ഉള്ള മരം കയറ്റം ഇല്ല, വല്ലാതെ കൊതി കയറുമ്പോൾ മാത്രം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് സയൻസ് ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു.

മരം കയറ്റ ശേഷി കുറച്ചതിനാലും ബാലി കയറാ മലകളുടെ എണ്ണം വർദ്ധിച്ചതിനാലും ഒരുപാട് സമയം ഫ്രീ ആയി കിട്ടി തുടങ്ങിയിരുന്ന കാലഘട്ടത്തിലെ ഒരു ദിവസം ആണ് ആ കാഴ്ച ആദ്യമായി കണ്ണിൽ പെട്ടത്.
മാറോടു ചേർത്ത പുസ്തകങ്ങളും ആയി കൂട്ടുകാർക്കൊപ്പം നടന്നു വരുന്ന പാവാടയും ടോപ്പും ധരിച്ച നീണ്ട് മെലിഞ്ഞ ഒരു സുന്ദരി!!

അവളുടെ നെറ്റിയിൽ ചന്ദനം പൊന്നിന്കുടത്തിലെ പൊട്ടു പോലെ ആദ്യം തോന്നി.സ്ഥിരമായി കണ്ടുതുടങ്ങിയപ്പോൾ ആ തോന്നൽ താനേ മാറി.എങ്കിലും ആ ചന്ദന കുറിക്ക് അവളോളം സൗന്ദര്യം തോന്നിയിരുന്നത് ഒരു പക്ഷെ ഉള്ളിൽ അവളോട് തോന്നിയ അടുപ്പം കൊണ്ട് ആയിരിക്കാം. നീണ്ട മുടികളിൽ തുളസി കതിർ ചൂടി അവൾ വന്നിരുന്ന ചില ദിവസങ്ങളിൽ എന്നിലെ പ്രണയം പുഴയായി ഒഴുകി അവളുടെ അടുത്ത് വരെ ചെന്നിട്ടു മൗനമായി തിരികെ പോന്നിരുന്നു.

"ഡാ സ്മിനു, നിനക്ക് ചേരും അവൾ, നിന്നെ പോലെ നല്ല പൊക്കം ഉണ്ട് അവൾക്കും" പൊക്കമില്ലാത്ത സുധി അന്ന് എന്നേക്കാൾ പൊക്കമുള്ളവനായി പിന്നിൽ നിന്നും നൽകിയ പ്രോത്സാഹനം പിറ്റേന്ന് അവളെ പരിചയപ്പെടുവാൻ ഉള്ള സാഹസത്തിനുള്ള ധൈര്യം പകർന്നു നൽകി.


മഷിയെഴുതിയ കണ്ണുകളിൽ സംശയം നിറച്ച ശേഷം അവളെന്നെ നോക്കിക്കൊണ്ടു താല്പര്യമില്ലാത്ത രീതിയിൽ പേര് പറഞ്ഞു,"ഉമ"!!
"ഉമ്മ" എന്ന് മുഖത്തു നോക്കി പറഞ്ഞാലും "അത് താനല്ലയോ ഇതെന്നു വർണ്ണ്യത്തിൽ വിരിയുന്ന ആശങ്കയുടെ ബലത്തിൽ"  തെറ്റിധാരണ ഒഴിവാക്കാൻ പറ്റുന്ന നല്ല പേര്. അടിപൊളി !!
 
അന്ന് വരെ ഒരു സുന്ദരിയോട് ഞാനോ എൻ്റെ കൂടെ നടന്നവരോ പേര് ചോദിച്ചിട്ടില്ല,ഇനി ആരേലും ചോദിച്ചാൽ തന്നെ ആരും മറുപടി പറഞ്ഞിട്ടും ഇല്ല!!അന്നത്തെ പ്രീഡിഗ്രി പൊടിമീശക്കാരന് അത് തന്നെ സ്വർഗം കിട്ടിയ പോലെ ആയിരുന്നു. 

പക്ഷെ, അന്നത്തെ പേര് പറയലിന് ശേഷം പിന്നീട് ഒരു വാക്ക് ഇങ്ങോട്ടു പറയുകയോ, എന്നെ എന്നല്ല എൻ്റെ കൂടെ ഉള്ളവരെ പോലുമോ അവളുടെ കൂടെ ഉണ്ടായിരുന്നവർ അടക്കം തിരിഞ്ഞു നോക്കിയില്ല എന്നത് ഞങ്ങളെ തളർത്തിയില്ല. പതിവ് പോലെ ക്ലാസ്സ് കട്ട് ചെയ്യലും കറങ്ങി നടക്കലും സിനിമയ്ക്ക് പോക്കും മുറയ്ക്ക് നടന്നു .ഒന്ന് മാത്രം നടന്നില്ല , പഠനം!!

ആ ഇടയ്ക്ക് ആണ് സ്നേഹപുല്ലു പറിക്കൽ ഒരു പകർച്ചവ്യാധി കണക്കെ ക്യാമ്പസ്സിൽ പടർന്നത്. ആരുടേയും ശ്രദ്ധയിൽ പെടാതെ ക്യാമ്പസ്സിൽ വെറുതെ ജീവിച്ചു മരിച്ചു പോന്നിരുന്ന സ്നേഹപുല്ലുകൾ പെട്ടെന്നൊരുദിവസം രാവിലെ മുതൽ  അന്നത്തെ ഞൊറിപ്പാവാട പ്രായക്കാരികളിൽ പലരുടെയും വർണ്ണ പാവാടകളിൽ കയറി കുത്തി ഇരിക്കുകയും പരോപകാരികളായ ചേട്ടന്മാരിൽ പലരും തങ്ങൾക്കിഷ്ടമുള്ള തരുണികളിളെ,ആരുമില്ലാത്ത ക്‌ളാസ്സുകളിൽ വച്ച് സ്നേഹപ്പുൽ പെറുക്കി മാറ്റുവാൻ സഹായിക്കുകയും ചെയ്യുക എന്നത് ആണ് "സ്നേഹപ്പുല്ല് പറിക്കൽ". കലാപരുപാടി ദർശനം നേരിട്ടും ഒളിഞ്ഞും ഒക്കെ കിട്ടിയ പലരും നടത്തിയ  വിവരണം വഴി ആ ചേട്ടന്മാരോട് അസൂയയിൽ പൊതിഞ്ഞൊരാരാധന മനസ്സിൽ പൊട്ടിമുളച്ചു.ഒരിക്കൽ കൂടെ പഠിച്ച ഒരുത്തിയെ തന്നെ സ്നേഹപുല്ലു മത്സരത്തിൽ നേരിട്ട് കണ്ടതോടെ മനസ്സിൽ മറ്റൊരാധി പടർന്നു. ഇതുപോലെ ഇനി ആരെ ഒക്കെ കാണേണ്ടി വരും ??

അതോടെ ചേട്ടന്മാരോട് ഉണ്ടായിരുന്ന ആരാധന തുണിയഴിഞ്ഞു എങ്ങോ വീണുപോയി.ഹരിദാസൻപിള്ള സാർ പുലിയെ പോലെ ഇറങ്ങിയത് കൊണ്ട് ക്യാമ്പസിലെ സ്നേഹപുല്ലുകൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്തതു.വർഷങ്ങൾക്ക് അപ്പുറം, അതിലെ ഫോട്ടോഗ്രാഫർ ആയിരുന്ന ചേട്ടൻ ബൈക്ക് അപകടത്തിൽ പെട്ട് ദൈവത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫിക്ക് ഫ്രെമിലേയ്ക്ക് ആരോടും മിണ്ടാതെ യാത്രതിരിച്ചതറിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം!!കാരണം, സ്നേഹപ്പുല്ല് പോലുള്ള ചിലത് ഒഴിച്ച് നിർത്തിയാൽ അദ്ദേഹത്തിനെ എനിക്ക് ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ക്യാമറകണ്ണുകളെ!!

പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതു കൊണ്ടും പഠിക്കുവാൻ തീരെ താല്പര്യമില്ലാഞ്ഞത് കൊണ്ടും പിന്നീടുള്ള 2  കൊല്ലത്തെ ഒട്ടു മിക്ക പകലുകളിലും എൻ്റെ കണ്ണുകൾ അവളറിയാതെ ഉമയുടെ പിന്നാലെയും, രാത്രികളിൽ മനസ്സ് ഉമയുടെ കൂടെയും ഒക്കെ ആയി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കെ തന്നെ പ്രീഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകളും തിയറി കടമ്പകളും ഒക്കെ  യഥാസമയങ്ങളിൽ ഋതുക്കൾ മറയുന്നതിലും വേഗം കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു.

ഒടുവിൽ ഒരുനാൾ പ്രീഡിഗ്രി കാലവും കൂട്ടുകാരും ഉമയും കണ്മുന്നിൽ കൂടി  ദൂരേയ്ക്ക് നടന്നകന്നപ്പോൾ ആണ് "ഇനി എന്ത്" എന്ന വലിയ ചോദ്യം മാത്രം കൂട്ടിനായി വന്നു ചേർന്നത്.

********************

ഇംഗ്ലീഷ് എന്ന ബാലികേറാമലയുടെ ചുവട്ടിൽ കുത്തിയിരുന്നു  പലവട്ടം സപ്ലി എഴുതി കഷ്ടപ്പെട്ട് വാങ്ങിയ മാർക്ക് ലിസ്റ്റുകൾ തൂക്കി നോക്കിയിട്ടോ എന്നറിയില്ല, ഒടുവിൽ പ്രീഡിഗ്രിക്കാരൻ എന്ന ലേബൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ദാനമായി വച്ച് നീട്ടി. ദോഷം പറയരുതല്ലോ, "ദാനം കിട്ടിയ പശുവിൻ്റെ പല്ലുകൾ എണ്ണാൻ പാടില്ല" എന്ന പഴമൊഴിയിൽ ഉള്ള വിശ്വാസം അന്നത്തെ കാലത്തെ  പ്രമുഖ കലാലയങ്ങളിലെ അധികാരികൾക്ക് ഇല്ലാതിരുന്നതുകൊണ്ട് തന്നെ മാർക്കടിസ്ഥാനത്തിൽ, ഒരു കോളേജിലുംഅഡ്മിഷൻ കിട്ടിയില്ല!!

ഒടുവിൽ, വ്യാസയുടെ പരിസരത്ത് തട്ടുകട നടത്തി ജീവിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതിൻ്റെ പിറ്റേന്ന് ആരുടെയോ പ്രാർത്ഥന ഫലം കൊണ്ടെന്ന പോലെ വ്യാസയിൽ നിന്നും പ്രതീക്ഷയുടെ ഒരു മിന്നാമിന്നിങ്‌ എൻ്റെ നെറ്റിയിൽ  പറന്നു വന്നിരുന്നിട്ട് പോയി.മിന്നാമിന്നിങ്‌ പോയ പിന്നാലെ കുളി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ, ആ പ്രാർത്ഥന അച്ഛന്റെയും അമ്മയുടെയും ആണ് എന്ന തിരിച്ചറിവ് നൽകി കൊണ്ട് അമ്പലത്തിലെ പ്രസാദവുമായി 'അമ്മ കടന്നു വന്നു. 

അതോടെ "തട്ടുകട നടത്തി കീശയും വയറും കുത്തിനിറയ്ക്കാം" എന്ന ഞാനുണ്ടാക്കിയ ആ മനോഹര "ചീട്ടുകൊട്ടാരം" തകർന്നു താഴെവീണു.അതിലൊരു ചീട്ടിലെ "ജോക്കർ" എന്നെ നോക്കി അമർത്തി ചിരിച്ചു.

"മാനേജ്മെന്റ് ക്വാട്ട" എന്ന രണ്ടാം വാതിലിലൂടെ അങ്ങിനെ വീണ്ടും വ്യാസയുടെ ക്യാറ്റിൽ ട്രാപ്പ് കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ മനസ്സിൽ ബി.എ അഡ്വെർടൈസിങ് എന്ന പുതിയ കോഴ്സ് മാത്രമായിരുന്നു.സ്വന്തമായൊരു പരസ്യ കമ്പനി എന്ന ഭാവികാല സ്വപ്നസാക്ഷാകാരം മുന്നിൽ നടന്നു വഴി കാണിച്ചു കൊണ്ടിരുന്നത് കൊണ്ട് മറ്റൊന്നും ശ്രദ്ധയിൽ പെട്ടില്ല.ഓഫീസിൽ കയറി കഴിഞ്ഞപ്പോൾ തന്നെ "കൊതിച്ചതില്ല, കിട്ടുന്നത് വേണേൽ വാങ്ങണം ഇല്ലേൽ പുറത്തു പോകണം" എന്ന കാലാവസ്ഥ മുറിക്കുള്ളിൽ രൂപാന്തര പെട്ടു.

കൊടിയ ദരിദ്രത്തിനിടയിലും പ്രതീക്ഷയുടെ നാമ്പുകൾ എന്നിൽ അർപ്പിച്ച രക്ഷിതാക്കൾ രണ്ടുപേരുടെയും ദയനീയ മുഖം ഒരു നോക്ക് കണ്ടതോടെ ഭാവിയിലെ എൻ്റെ ആ പരസ്യ കമ്പനി, ഗര്ഭത്തിന് മുൻപേ തന്നെ താഴിട്ടു പൂട്ടി ആ താക്കോൽ ഞാൻ വിഴുങ്ങി.

*********

അങ്ങിനെ ഒന്നാം വർഷ ഭൗതികശാസ്ത്രം ക്ലാസ്സിലേക്ക് എൻ്റെ മനസ്സ്, മനസ്സില്ലാമനസ്സോടെ പറിച്ചു നടപ്പെട്ടു.കൊതിച്ചത് കിട്ടാഞ്ഞതിൻ്റെ ദേഷ്യമോ, അതോ ഫിസിക്സ് പഠിക്കണമെങ്കിൽ ഇംഗ്ലീഷും പഠിക്കണം എന്ന സത്യത്തിനോടുള്ള വിമുഖതയോ എന്നറിയില്ല, എന്നിലെ ഉഴപ്പൻ മറനീക്കി പുറത്തെത്തി, അതോടെ പ്രകൃതിയോടിണങ്ങുവാൻ എന്ന ഭാവേന ക്ലാസിനു പുറത്ത് തന്നെ ആയി സ്ഥിര വാസം.

ഉച്ചയ്ക്ക് എല്ലാവരും വട്ടമിട്ടിരുന്നു പരസ്പ്പരം കറികൾ വാരി വിളമ്പി ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ വയറിനേക്കാൾ വേഗം നിറച്ചിരുന്നത് ഞങ്ങളുടെ മനസ്സുകൾ ആയിരുന്നു.വാട്ടിയ ഇലയിൽ പൊതിഞ്ഞ ചോറിൽ ഒളിപ്പിച്ച തേങ്ങാ ചമ്മന്തിയും, കടു മാങ്ങാ അച്ചാറും, കുട്ടി പാത്രത്തിൽ ഞെരിഞ്ഞമർന്നു വീർപ്പു മുട്ടിയ പപ്പടവും,ചെമ്മീൻ അച്ചാറും....അന്നത്തെ രുചികൾ ഇന്നും നാവിൽ മായാതെ നിൽക്കുന്നതിനു ഒറ്റ കാരണമേ ഉള്ളൂ.അമ്മമാർ!!

അമ്മമാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ആ ഉച്ച ഊണുകൾ തന്നെ ആണ് , ഞങ്ങൾക്കായി അന്ന് വിഭവങ്ങൾ ഒരുക്കിയ ആ അമ്മമാരും ആയി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആത്മ ബന്ധം ഇന്നും നിലനിർത്തുന്നതിന് പ്രധാന കാരണം.
                                          (ഉത്രാളികാവ് പൂരം കൂടാൻ ശ്രീ യുടെ വീട്ടിൽ )


ഇംഗ്ലീഷ്നോട് ഉണ്ടായിരുന്ന വിമുഖത "ഹൗണ്ട് ഓഫ് ബാസ്‌ക്കർവില്ലീസ്" ലെ സ്റ്റേപ്പിൾട്ടൻ്റെ മുഖഭാവമുള്ള നന്ദകുമാർ സാറിൻ്റെ ക്ലാസുകൾ ഒഴികെ ഉള്ള എല്ലാ ഇംഗ്ലീഷ് ക്ലാസ്സുകളിൽ നിന്നും അതിവേഗം "ബഹുദൂരം" മാറിനിൽക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന കണക്കെ ആയിരുന്നു പുന്നയ്ക്കൽ നാരായണൻ എന്ന പഴുതാര മീശ വച്ച മാഷിൻ്റെ ഫിസിക്സ് ക്ലാസുകൾ.ഫിസിക്സ് കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിലും പിജി ഉള്ളത് കൊണ്ട് ഫിസിക്സ് ക്ലാസ്സുകളിലെ ചോദ്യോത്തര വേദികളിൽ ഞാൻ പറയുന്ന ഉത്തരങ്ങളിലെ ഗ്രാമർ തെറ്റുകൾ കൂടി തിരുത്തി തുടങ്ങിയപ്പോൾ പുന്നയ്ക്കൽ സാറിനോടുള്ള സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ക്ലാസ്സിൽ നിന്നും പലപ്പോഴും ഇറങ്ങിപോരേണ്ടി വന്നു.

നാരായണി ടീച്ചറുടെ മാത്‍സ് ക്ലാസ്സിൽ 2 കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും കയറിയിട്ടില്ല എന്നത് എന്തുകൊണ്ട് എന്ന് ഇന്നും അറിയില്ല.ഒരിക്കൽ ടീച്ചർ ഇതെന്നോട് തുറന്നു ചോദിച്ചത് മനസ്സിൽ പൊള്ളലുകളായി നീറിയിരുന്നത് കൊണ്ടാകും, ഫൈനൽ ഇയർ ജയിച്ച ശേഷം മാർക്ക് ലിസ്റ്റും വാങ്ങി ടീച്ചറെ നേരിൽകണ്ട് ക്ലാസ്സ് കട്ട് ചെയ്തതിനു ക്ഷമ ചോദിച്ചതും, പിന്നീടുള്ള ജീവിതത്തിൽ ഫിസിക്സ്നൊപ്പം മാത്‍സ്നേയും സ്നേഹിച്ചതും.
ഒരിക്കൽ പോലും ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിട്ടില്ല എങ്കിലും, ഇരുവശത്തേക്കും വകഞ്ഞുമാറ്റിയ നര പടർന്ന മുടിയും ഭംഗിയായി ഉടുത്ത ഇളം കളർ സാരികളും വട്ട കണ്ണാടിയും വട്ട മുഖവും ഉള്ള ടീച്ചറുടെ മുഖം ഇന്നും മനസ്സിൽ മായാതെ സൂക്ഷിക്കുന്നത് ഒരു പക്ഷെ, അന്ന് ക്ഷമ പറഞ്ഞപ്പോൾ ഒരമ്മയെ പോലെ എൻ്റെ കവിളിൽ സ്നേഹത്തോടെ പിടിച്ചത് കൊണ്ടാകുമോ ?

എന്തായാലും ഒട്ടുമിക്ക ക്ലാസുകളിലും കയറാതെ കറങ്ങി നടന്നിരുന്നത് കൊണ്ട് മറ്റു കുട്ടികൾക്ക് ഇല്ലാതിരുന്ന ഒന്ന് എനിക്ക് കിട്ടി , ധാരാളം സമയം!!

അങ്ങിനുള്ള സമയങ്ങൾ ആനന്ദകരമാക്കുവാൻ കറങ്ങി നടക്കുന്നതിനിടയിൽ ആണ് മിന്നായം പോലെ കണ്ണിലേക്ക് ആ പഴയ പോസറ്റീവ് എനർജി വീണ്ടും കടന്നു വന്നത്, ഉമ!!

ഐ വ!!

പ്രീഡിഗ്രിക്കാരിയിൽ നിന്നും ചില്ലറ മാറ്റങ്ങൾ, അൽപ്പം പൊക്കം വച്ചോ എന്നൊരു സംശയം !!

ചെറുതായി ഒന്ന് മിനുങ്ങിയിട്ടുണ്ട്.ഗൗരവത്തിൽ നിന്നും പെട്ടെന്നുള്ള ചിരി കൂടിയിട്ടുണ്ട്,അതുപോലെ തന്നെ ആ സൗന്ദര്യവും!!.മാറത്ത് പുസ്തകം അടക്കി പ്രീഡിഗ്രി കാലത്ത് ഉണ്ടായിരുന്ന ആ പതുങ്ങൽ ഇപ്പോൾ ഇല്ല, കുറെ കൂടി സോഷ്യൽ ആയത് പോലെ.

ഇഷ്ടം പോലെ സമയവും പ്രേമിക്കാൻ പറ്റിയ അന്തരീക്ഷവും. എന്നാ പിന്നെ ഇവളെ അങ്ങ് പ്രേമിച്ചാലോ ? ലൈബ്രറിയുടെ പുറം ചുമരിലെ വലിയ ജനലിൻ പടിയിൽ കാലുകൾ ആട്ടി ചാരിയിരുന്നു വ്യാസയുടെ പ്രധാന കവാടത്തിലൂടെ കടന്നു വരുന്ന സുന്ദരികളെ മുടങ്ങാതെ നോക്കി അവളുമായി താരതമ്യം ചെയ്തു ഒടുവിൽ പിന്നെയും പിന്നെയും മനസ്സിൽ ഉറപ്പിച്ച ശേഷം പറ്റിയ ഒരു സാഹചര്യം നോക്കി നടപ്പായി.

വിക്രമാദിത്യന് വേതാളം എന്നപോലെ അവളുടെ കൂടെ എപ്പോളും ഒരു ചകിരി തലയുള്ള കൂട്ടുകാരി !! ഇവർ എന്താ സയാമീസ് ഇരട്ടകളോ ?
ഇനി അഥവാ ഉമയെ കെട്ടേണ്ടി വന്നാൽ സയാമീസ് ഇരട്ടയേയും കൂടെ കൂട്ടേണ്ടി വരുമോ ? അങ്ങിനെ ചില അശുഭ ചിന്തകൾ കാരണം ദിവസങ്ങൾ പിന്നെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ഒടുവിൽ ഒരുനാൾ, അപ്രതീക്ഷിതമായി അവൾ എൻ്റെ മുന്നിൽ വന്നു പെട്ടു.മറ്റൊന്നും നോക്കിയില്ല, പെട്ടെന്ന് അവളെ തടഞ്ഞു നിർത്തി കാര്യം പറഞ്ഞു.

"എടൊ ഉമാ... ഇയാളെ എനിക്ക് ഇഷ്ടം ആണ്, ലബ്ബ്‌ യൂ  !!"

ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചത് കേട്ടിട്ടോ കേൾക്കാതെയോ മനസ്സിലായിട്ടോ മനസ്സിലാവാതെയോ എന്നറിയില്ല, മഷിയെഴുതിയ കൂർത്ത കണ്ണുകൾ കൊണ്ട് എൻ്റെ ഹൃദയത്തിൽ ആഞ്ഞൊരോറ്റ കുത്ത് വച്ച് തന്നിട്ട്, പേടിച്ച ഭാവത്തിൽ അവൾ ഒറ്റ ഓട്ടം.

പിന്നീടുള്ള ഒന്ന് രണ്ട് ദിവസങ്ങളിൽ അവൾ വന്നില്ല, അവളുടെ കൂടെ വേതാളവും !!

പിന്നീട് അവളെ കാണുമ്പോൾ, കാർമേഘം മൂടി കെട്ടിയ മുഖവുമായി വേതാളം കൂടെയുണ്ട്. അവൾ എല്ലാം വേതാളത്തിനോട് പറഞ്ഞിട്ടുണ്ട് .ഉറപ്പ് , ഞാൻ മനസ്സിൽ ഉറപ്പിച്ചു. പിന്നീടുള്ള പല ദിവസങ്ങളിലും അത് തന്നെ അവർത്തിച്ചു.വേതാളത്തിൻ്റെ നോട്ടത്തെക്കാൾ എന്നെ അസ്വസ്ഥമാക്കിയത് ഉമയുടെ കണ്ണുകൾ, വ്യാസയിൽ നിന്നും പിരിയാൻ നേരം ഓട്ടോഗ്രാഫിനായി സമീപിച്ചപ്പോൾ അല്ലാതെ പിന്നീടൊരിക്കൽ പോലും എന്നിലേയ്ക്ക് വന്നില്ല എന്നതാണ്.

തന്നെ അല്ല , ആരൊക്കെയോ എന്നോട് പറയുകയും ഉണ്ടായി.. "അവൾക്ക് വേറെ ബോയ് ഫ്രണ്ട് ഉണ്ട്" എന്ന്. അതോടെ ആ അദ്ധ്യായം ഞാൻ മൂടി കെട്ടി,പക്ഷെ ഉള്ളിൽ എനിക്ക് തോന്നിയ പ്രണയത്തെ മൂടി വയ്ക്കാൻ അത്ര എളുപ്പം അല്ലായിരുന്നു.അത് കൊണ്ട് തന്നെ അവളുടെ ശ്രദ്ധയിൽ പെടാതെ അവളെ  ഇടംകണ്ണിട്ട് നോക്കുകയും , അവളുടെ ക്ലാസ് മുറിയിൽ ദിവസം ഒരു തവണ എങ്കിലും പോകുകയും ഞാൻ പതിവാക്കി.

ആ പതിവ് തെറ്റിക്കാതിരിക്കാൻ പാകത്തിൽ അവിടെ ചില സൗഹൃദങ്ങൾ ഉണ്ടായിരുന്നു. "S3D". മിക്ക ദിവസങ്ങളിലും ഞങ്ങൾ നാൽവർ സംഘത്തിനൊപ്പം കോളേജിൽ പോകുമ്പോഴും വരുമ്പോഴും ഒക്കെ ഈ നാൽവർ സംഘവും ഉണ്ടാവാറുണ്ട്.പ്രണയത്തേക്കാൾ മനോഹരമായ ഒരു സൗഹൃദം ആ പെൺപടയോട് ആദ്യമേ ഉടലെടുത്തത് കൊണ്ടും, ഞങ്ങളുടെ ക്ലാസ്സിലെ പെൺപടകൾക്ക് ഞങ്ങളോട് ചതുർത്ഥി ആയിരുന്ന കൊണ്ടും എന്നും ഒഴിവു സമയം നോക്കി ഞങ്ങൾ അവരെ കാണുവാനും സംസാരിക്കാനും അവരുടെ ക്ലാസ്സിൽ പോകുക പതിവായിരുന്നു.ആ വഴി ആരുമറിയാതെ ഉമയെയും കടകണ്ണിലൂടെ നോക്കാന് ഞാൻ മറന്നിരുന്നില്ല.

ഇങ്ങോട്ടു തിരികെ  കിട്ടണം എന്ന വാശി ഇല്ല എങ്കിൽ ആർക്കും ആരെയും സ്നേഹിക്കാൻ പറ്റും എന്ന ആത്മ ബോധം നേടിയ ഞാൻ അങ്ങിനെ കൗമാരത്തിൽ തന്നെ ഒരു "ആത്മ ബോധി" ആയി മാറി. അതോടെ പിന്നീടുള്ള ശ്രദ്ധ ചീട്ടുകളിയിലും സിനിമയ്ക്ക് പോക്കിലും ചക്കപ്പഴം തിന്നു ക്ലാസ്സിൽ വരുകയും ആ പേരിൽ വിജയകുമാർ സാർന്റെ ചീത്ത കേട്ട് ക്ലാസ്സിൽ നിന്നും ഇറക്കി വിടപ്പെടുകയും,Ncc യും ഉല്ലാസ്സേട്ടൻ്റെ കടയിൽ പോയി വെടി പറഞ്ഞിരിക്കലിലും ഒക്കെ ആയി.

വെടി പറഞ്ഞിരിക്കാൻ സപ്പോർട്ട് ചെയ്ത ഉല്ലാസ്സേട്ടൻ തലയിൽ ചക്ക വീണ് മരിച്ചു എന്നത് അറിഞ്ഞത് പതിറ്റാണ്ടുകൾ കഴിഞ്ഞു ഒരു ദിവസം കിഷനും, നിവാസും, ജയൻ ചേട്ടനും ഒപ്പം വ്യാസയിൽ പോയ അന്നാണ്.

അങ്ങിനെ കറങ്ങി നടക്കുന്നതിനിടയിൽ ഒരിക്കൽ ,എക്കണോമിക്സ് ബ്ലോക്കിൽ നിന്നും , ക്യാന്റീനും മലയാളം ഹിന്ദി ഡിപ്പാർട്ട് മെന്റുകൾക്കും മുന്നിലുള്ള,കെമിസ്ട്രി എം.എസ്സ് സി ലാബിന് പുറകിള്ള ചെറിയ ഗ്രൗണ്ടിലേയ്ക്ക് കയറുന്ന ചെറിയ വഴിയിലൂടെ മുകളിലേയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് എന്തോ ഒന്ന് ഉരുണ്ടു വന്നു തൊട്ടു മുന്നിലായി പതിച്ചത് കണ്ടത്.പെട്ടെന്നുണ്ടായ അമ്പരപ്പിൽ ഒന്നും പിടി കിട്ടിയില്ല.പിന്നീടാണ് കാര്യം പിടി കിട്ടിയത്,താഴ്ന്നു കിടന്ന കർട്ടൻ പൊങ്ങിയ പോലെ സ്ഥാനം തെറ്റി സിൽക്ക് പാവാടയോടെ അന്നത്തെ കാലത്ത് ഞങ്ങളുടെ ഒപ്പം മലയാളം ക്ലാസ്സിൽ വന്നിരുന്ന അന്യായ ജാഡക്കാരി ആയ ബി.എ ക്ലാസ് മേറ്റ്!! ഒരൊറ്റ വീഴ്ച മതി സകല ജാഡകളും കൊഴിഞ്ഞുവീഴാൻ എന്നാരോ പറഞ്ഞത് സത്യം ആയി. പിന്നീടൊരിക്കലും ആ കുട്ടി ഞങ്ങളോട് ഒരു രീതിയിലുമുള്ള തലക്കനം കാണിച്ചിട്ടില്ല.വർഷങ്ങൾക്ക് ഇപ്പുറവും ആ വീഴ്ചയും കാഴ്ചയും മനസ്സിൽ നിൽക്കുന്നു എങ്കിലും സത്യസന്ധമായി തന്നെ പറയാം, ആ കുട്ടിയുടെ മുഖം ഓർമയിൽ ഇല്ല.

സ്റ്റഡി ടൂർ എന്ന വ്യാജേന തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കാണുവാൻ പോയ വഴി തിരുവനന്തപുരവും കന്യാകുമാരിയും കറങ്ങി വന്നപ്പോൾ ഉണ്ടായ അനുഭവ ഓർമകളിലെ പ്രധാനി ആണ് വേളിയിലെ മൽസ്യകന്യകയും കൊട്ടാരവും വിവേകാനന്ദപാറയും ഞണ്ടു ബജ്ജിയും പത്മനാഭസ്വാമി ക്ഷേത്ര ദർശനവും പ്ലാനറ്റോറിയവും എല്ലാം.
                                                                 (തിരുവനന്തപുരം ട്രിപ്പ്)


ഫൈനൽ ഇയറിലെ മൂന്നാർ ടൂർന്റെ സുഖം പിന്നീട്  നടത്തിയ ഒരു മൂന്നാർ ട്രിപ്പിലും കിട്ടിയിട്ടില്ല.


പുന്നയ്ക്കൽ സാറിൻ്റെ ഒഴികെ ഉള്ള എല്ലാ ഫിസിക്സ് ക്ലാസ്സുകളിലും മുടങ്ങാതെ കയറിയിരുന്ന കൊണ്ട് തന്നെ ഫസ്റ്റ് ഇയർ റിസൾട്ട് വന്നപ്പോൾ സെക്കൻഡ് ലാംഗ്വേജ് മലയാളം ഒഴികെ എല്ലാ വിഷയത്തിലും 8 നിലയിൽ പൊട്ടി.ഏറ്റവും വലിയ അത്ഭുതം മെയിൻ വിഷയം ആയ ഫിസിക്സ്ന് കിട്ടിയത് വെറും 1 മാർക്ക് എന്നതാണ്. 


മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ വീട്ടിൽ കാണിച്ചില്ല."മാർക്ക് ലിസ്റ്റ് ഫൈനൽ ഇയറേ കിട്ടൂ" എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചതോടെ സെക്കൻഡ് ഇയർ റിസൾട്ട് വരുമ്പോളത്തെ കാര്യവും കൂടി മുൻ‌കൂർ സേഫ് ആക്കി.

ആ മുൻ‌കൂർ ജാമ്യം ദൈവം അറിഞ്ഞിട്ടോ എന്നറിയില്ല പുള്ളി പണി തന്നു. സെക്കൻഡ് ഇയറിൽ ആകെ 2 പരീക്ഷയെ എഴുതാൻ പറ്റിയുള്ളൂ. അതിൽ ഒന്ന് മലയാളം ആയതു കൊണ്ട് ജയിച്ചു, പക്ഷെ പതിവ് തെറ്റിക്കാതെ ഇംഗ്ലീഷിന് എട്ടു നിലയിൽ പൊട്ടി.മൂന്നാം പരീക്ഷയ്ക്ക് ഹാളിൽ തലകറങ്ങി വീണത് കൊണ്ട് അവിടുന്നങ്ങോട്ടുള്ള പരീക്ഷകൾക്ക് പൊരുതി തോറ്റു എന്ന പഴി കേൾക്കേണ്ടി വന്നില്ല.അതിനു മുന്നേ ആയുധം വച്ച് കീഴടങ്ങി!!

വയറൽ ഫീവർ കഴിഞ്ഞു എക്സാം എഴുതാൻ വന്നപ്പോളേയ്ക്ക് അത് കഴിഞ്ഞിരുന്നതിനാൽ തത്വത്തിൽ ഒന്നാം വർഷത്തിൻ്റെ തനിയാവർത്തനം തന്നെ ആയി റിസൾട്ട്.

ഒന്നാം വർഷത്തെ മുണ്ടത്തിക്കോട് പഞ്ചായത്തിലൂടെ നടന്നുള്ള ജനസംഖ്യ കണക്കെടുപ്പും, രണ്ടാം വര്ഷം പൈങ്കുളം തടയണ നിർമാണവും, ഭാരത പുഴയുടെ തീരത്ത് വച്ച് കപ്പ പുഴുങ്ങി അടിച്ചതും ഒക്കെ ആയ ഓർമ്മകൾ മാത്രം മനസ്സിൽ അവശേഷിപ്പിച്ചു കൊണ്ട് മൂന്നാം വർഷത്തെ കമ്പൽസറി സോഷ്യൽ സർവീസ് തുടങ്ങുന്നതിന് 2  ആഴ്ച മുന്നേ, കൃത്യമായി പറഞ്ഞാൽ ഫൈനൽ ഇയർ എക്സാം തുടങ്ങാൻ വെറും 2 മാസം മാത്രമുള്ളപ്പോൾ, ഡിസംബർ 15 ന് ഫസ്റ്റ് ഇയറും സെക്കൻഡ് ഇയറും കൂടി "മലയാളം" മാത്രം പാസ്സ് ആയ അക്കൊല്ലത്തെ ഏക സയൻസ് വിദ്യാർത്ഥി എന്ന പട്ടം "മാർക്ക് ലിസ്റ്റ്" രൂപേണ എന്നെ തുറിച്ചു നോക്കി കൈയിൽ എത്തി ചേർന്നു.

3 കൊല്ലം കൊണ്ട് എഴുതി എടുക്കേണ്ട 18 പേപ്പറിൽ അടുത്ത 4 മാസം കൊണ്ട് സപ്ലി അടക്കം എഴുതി എടുക്കേണ്ടത് 16 പേപ്പർ.

ആഹാ, അന്തസ്സ്!!

ഫൈനൽ ഇയർ പകുതി മുതൽ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ഉള്ള 60 കിലോമീറ്റർ യാത്ര ഒഴിവാക്കി ആ സമയം കൂടി പഠനത്തിൽ ശ്രദ്ധിക്കുവാൻ വേണ്ടി ശ്രീകുമാർ സാറിൻ്റെ വീട്ടിൽ താമസിച്ചു, വ്യാസ ആശ്രമത്തിൽ ഭക്ഷണവും മെഡിറ്റേഷനും ഒക്കെ ആയി മുന്നോട്ടു പോയിരുന്ന ജീവിതം നിർത്തി തിരികെ നാട്ടിൽ പോയാലോ എന്ന് ചിന്തിച്ചു.
                                        (ശ്രീകുമാർ സാറിൻ്റെ ഔട്ട് ഹൗസ്സിലെ പഴയ ഒരോർമ്മ


ആ ചിന്തകൾക്ക് സപ്പോർട്ട് എന്ന പോലെ ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രത്യേകം വിളിപ്പിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ്നുള്ള പണം ശാസനാ രൂപത്തിൽ തന്നു മനം നിറച്ചു.

"സ്മിനേഷ് എക്സാം എഴുതണ്ട, ഇത്രയും പേപ്പർ എഴുതി എടുക്കാൻ തനിക്ക് പറ്റില്ല.എടൊ സ്മിനു താൻ എഴുതിയാൽ 100% വിജയം എന്ന ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രതീക്ഷ നടക്കാതെ വരും"

"ഇല്ല സാർ, ഞാൻ കാരണം  നാണക്കേട് വരില്ല, ഞാൻ ഇന്ന് തന്നെ സ്ഥലം വിടും" ലാബിൽ കയറി വെർണിയർ തൊട്ടു സത്യം ചെയ്തു.ഒരു പണിയുമില്ലാതെ തൊട്ടടുത്തായി വെറുതെ തൂങ്ങി കിടന്നുറങ്ങിയിരുന്ന  സിമ്പിൾ പെൻഡുലം പിടിച്ചാട്ടി ആ സത്യം ഞാൻ ഉറപ്പിച്ചു.

അതോടെ ഡിപ്പാർട്ട്മെന്റ് തലവൻ്റെ  മുഖത്ത് അക്കൊല്ലം 100% വിജയം കിട്ടുമെന്ന വിശ്വാസം പുഞ്ചിരിയായി വിരിഞ്ഞു.ആ പുഞ്ചിരി മായും മുന്നേ യാത്ര പറഞ്ഞു ഞാനിറങ്ങി. തിരികെ പോരും വഴി എതിരെ നടന്നു വന്ന, ഞങ്ങളുടെ ട്യൂട്ടർ ആയിരുന്ന വിജയമേനോൻ സാറിനോട് യാത്ര പറഞ്ഞു.

"താനിതെവിടെ പോകുന്നു?"

കാര്യം അറിഞ്ഞ സാർ പതിവ് ശൈലിയിൽ പാൻസ് മുകളിലോട്ടു വലിച്ച് കയറ്റിയിട്ട് പറഞ്ഞു.

"ഡിപ്പാർട്ട്മെന്റ് ഹെഡിനോട് പോകാൻ പറയടോ, ഇതുവരെ എന്ത് എന്നതല്ല, ഇനി താൻ എന്ത് ചെയ്യുന്നു എന്നതാണ് തൻ്റെ റിസൾട്ട്. പരിചയപ്പെട്ടപ്പോൾ മുതൽ തൻ്റെ നിഷ്കളങ്ക ചിരി എനിക്കിഷ്ടമാ ഒപ്പം തന്നേയും.അതുകൊണ്ടാണ് നിങ്ങൾ ക്ലാസ്സിൽ ഒപ്പിക്കുന്ന വേലകൾ ഒക്കെ ഞാൻ കണ്ടില്ല എന്ന് നടിച്ചത്.ചെല്ലൂ... പോയിരുന്നു നന്നായി പഠിക്ക്. താൻ കാരണം ഡിപ്പാർട്മെന്റ്ന്  ഒരു പേരും പോകില്ല,തന്നിൽ എനിക്ക് വിശ്വാസമുണ്ട് "

ഫിസിക്സ് ക്ലാസ് മുറിയോട് ചേർന്നുള്ള പൈപ്പിന് അടുത്ത് വച്ച് സാർ പകർന്നു നൽകിയത് ഏതാനും ചില വാക്കുകൾ മാത്രമല്ലായിരുന്നു, മറിച്ച് കൃത്യമായ സമയത്ത് ഒരദ്ധ്യാപകൻ തെളിക്കേണ്ട പ്രകാശം തന്നെ ആയിരുന്നു.ഇന്ന് പല അദ്ധ്യാപകർക്കും തെളിക്കുവാൻ അറിയാത്തതും അതെ പ്രകാശം തന്നെ.

അത് കൊണ്ട് തന്നെ ആയിരിക്കാം, ഫൈനൽ ഇയർ ലാസ്റ്റ് ക്ലാസ്സിൽ സാർ പാടിയ 
"കഴിഞ്ഞു പോയ കാലം ...കാറ്റിനക്കരെ... 
കൊഴിഞ്ഞു പോയ രാഗം  കടലിനക്കരെ.... 
ഓർമകളെ..........." എന്ന വരികളും അന്നത്തെ ആ നിമിഷവും അന്നത്തെ മുഖങ്ങളും എല്ലാം ഒട്ടും മങ്ങലേൽക്കാത്ത വർണ്ണ ചിത്രമായി മനസ്സിൽ ഇടയ്ക്കിടെ തെളിയുന്നത്.

ക്ലാസ്സിൽ ഇരുന്നു ചീട്ടുകളിച്ചതും,കലാഭവൻ മണിയും ജയരാജ് വാര്യരും ഒക്കെ നിറഞ്ഞാടിയ കോളേജ് ഡേകളിൽ ക്ലാസ്സ്മുറികളിൽ ഇരുന്നു തെങ്ങിൻ കള്ള് കുടിച്ചതും ഒക്കെ കയ്യോടെ പിടിച്ചിട്ടും ചെവിക്ക് പിടിച്ചു തിരിച്ചുകൊണ്ട്, പ്രിസിപ്പാൾ ആയിരുന്ന "ഹരിദാസൻ പിള്ള സാറിനോട് പറയും" എന്നും പറഞ്ഞുകൊണ്ട്  പോയ വഴി നേരെ കാന്റീനിൽ പോയി ചായ കുടിച്ചിട്ട് ഒന്നും അറിഞ്ഞില്ല എന്ന ഭാവേന  തിരികെ വന്നത് സ്നേഹം കൊണ്ട് ആയിരുന്നു എന്ന തിരിച്ചറിവ്, അപ്പോഴും മുഖത്ത് മായാത്ത ഒരു ചിരി  സൂക്ഷിച്ച എൻ്റെ കവിളിലൂടെ നനവൊഴുകാൻ കാരണമായി.

ചിരിച്ചുകൊണ്ട് തോളിൽ തട്ടിയ സാറിൻ്റെ  കാലിൽ തൊട്ടു നെറുകയിൽ വച്ച് കൊണ്ട് റൂമിലേയ്ക്ക് നടക്കുമ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു.തോറ്റാലും ശരി  ജയിച്ചാലും ശരി പരീക്ഷ എഴുതുക തന്നെ ചെയ്യും!!


റൂമിൽ ചെന്ന ഉടൻ ശ്രീകുമാർ സാർ അടുത്ത് വന്നു.
ആരോടും അധികം സംസാരിക്കാത്ത സാർ അന്ന് ആദ്യമായി കുറെ നേരം എന്നോട് സംസാരിച്ചു.എന്നിൽ ആത്മവിശ്വാസം പകർന്നു നൽകി.

അതിന് ശേഷം വന്ന സോഷ്യൽ സർവീസിൽ എനിക്ക് വേണ്ടി അറ്റെൻഡൻസ് മാർക്ക് ചെയ്യാനും എൻ്റെ ഒപ്പു വരെ ഇടാനും സഹായിച്ച ചങ്കുകൾ ആയ ഉറ്റ തോഴരുടെ സഹായവും, അച്ഛനുമമ്മയുടെ പ്രാർത്ഥന കൊണ്ടും ഒടുവിൽ റിസൾട്ട് വന്നപ്പോൾ ഫസ്റ്റ് ക്ലാസ്സ് നേടി ജയിക്കുവാൻ ആയപ്പോഴും സന്തോഷം തോന്നാതിരിക്കാൻ ഒരു കാരണമുണ്ടായിരുന്നു.
"എടൊ സ്മിനു താൻ എഴുതിയാൽ 100% വിജയം എന്ന ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രതീക്ഷ നടക്കാതെ വരും" എന്ന് പറഞ്ഞ ഡിപ്പാർട്ട്മെന്റ് തലവന് പണി കൊടുക്കാൻ വേണ്ടി മാത്രം എന്ന പോലെ, കൂടെ ഉണ്ടായിരുന്ന ചങ്കുകളിൽ ചിലർ തോറ്റു!!

കൃത്യസമയത്ത് കിട്ടുന്ന മോറൽ സപ്പോർട്ട് ഉണ്ടെങ്കിൽ ഏതു ഈച്ചയ്ക്കും പൂച്ച ആകാം എന്ന വലിയ പാഠം ആയിരുന്നു ഡിഗ്രി വിജയത്തിലൂടെ ഞാൻ നേടിയെടുത്തത്. പിന്നീടുള്ള ജീവിതത്തിൽ പകച്ചു നിൽക്കുന്ന പല പ്രതിസന്ധികളിലും ഊർജ്ജം നൽകുവാൻ ഈ അനുഭവം എന്നെ സഹായിച്ചിട്ടുണ്ട് എന്ന്, പലരോടുമുള്ള നന്ദിയോടെ മാത്രമേ പറയുവാൻ സാധിക്കുകയുള്ളു

പഠിക്കുവാൻ എൻ്റെ കയ്യിൽ നിന്നും വാങ്ങിയ പുസ്തകത്തിൻ്റെ അവസാന പേജുകളിലെവിടെയോ ഒരു ചിത്രം വരച്ചിരുന്നു.പുസ്തക പൊതിച്ചിലിനുള്ളിലെ പേജുകളിൽ ഒന്നിൽ ആയിരുന്ന കൊണ്ടും, അത് വരച്ചിട്ടു മാസങ്ങൾ കഴിഞ്ഞിരുന്നത് കൊണ്ടും ആ കാര്യം ഞാൻ മറന്ന് പോയിരുന്നു.എന്തോ ആവശ്യത്തിന് പുസ്തകത്തിൻ്റെ  പുറം പൊതി അഴിക്കുകയും ആ ചിത്രം അനാവരണം ചെയ്യപ്പെടുകയും, അതിൻ്റെ പേരിൽ മറ്റുള്ളവർ  കളിയാക്കി എന്നുമുള്ള കാരണത്തിൽ "S3D" എന്നോട് മിണ്ടാതാവുകയും ചെയ്തത് മനസ്സിനെ  വല്ലാതെ ബാധിച്ചിരുന്നു.കാരണമറിയാതെ കുഴങ്ങിയ എന്നോട്, ഞാൻ വരച്ച ചിത്രം ആണ് അകൽച്ചയ്ക്ക് കാരണമെന്ന് പറയുവാൻ വൈകിയതും ഒരുപക്ഷെ കാലത്തിൻ കുസൃതികൾ തന്നെ.അതുകൊണ്ടാകും അവരിൽ 3 പേരും ഇപ്പോൾ എവിടെ എന്ന് പോലും അറിയുവാൻ പറ്റാത്തത്.

എന്നെങ്കിലും അവരെ എവിടെ വച്ചെങ്കിലും കണ്ടുമുട്ടിയേക്കാം!! എന്നാൽ ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരാൾ ഉണ്ട്, വേതാളം!! 

കഥകൾ പറഞ്ഞും കുസൃതികൾ കാട്ടിയും അവൾ എങ്ങോ പോയി.ഒരു കാലം കഴിഞ്ഞപ്പോൾ ഉമയിൽ നിന്നും സ്വയം ഞാൻ മാറി നടന്നത് കൊണ്ടോ എന്നറിയില്ല വേതാളത്തോടു സംസാരിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല, പക്ഷെ, വേറിട്ട വ്യക്തിത്വം ഉണ്ടായിരുന്നത് കൊണ്ടോ അല്ലെങ്കിൽ എൻ്റെ കാർട്ടൂണുകളിലെ പ്രധാന കഥാപാത്രം ആയിരുന്നത് കൊണ്ടോ എന്നറിയില്ല, അവളോട് എവിടെയൊക്കെയോ ഒരു സൗഹൃദം പലപ്പോഴും തോന്നിയിരുന്നു.അതുകൊണ്ടു തന്നെ ആയിരിക്കാം, വേതാളം തിരികെ പോയി എന്നറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം!! നിൻ പ്രീയ സഖി ഉമയ്ക്  നേർവഴി കാട്ടുവാനായി ആ പഴയ വേതാളമായി  ഭൂമിയിൽ നീ ഉണ്ടാവണമായിരുന്നു!!

 ഓർമ്മ പുസ്തകത്തിൽ നീ കുറിച്ച വരികൾ പോലെ...വരയും മൂളിപ്പാട്ടും ഞാനുള്ള കാലത്തോളം എന്നിൽ ഉണ്ടാകും!! പക്ഷെ നിൻ്റെ കഴിവുകൾ ലോകത്തെ കാണിക്കാതെ എന്തിനു നീ എങ്ങോ പോയി മറഞ്ഞു??

ഈഗോയും തലക്കനവും പണവും പ്രതാപവും മനസ്സിൽ ജനിക്കും മുന്നേ കിട്ടിയ സൗഹൃദങ്ങൾ ആയതുകൊണ്ടാകും, ഒരിക്കൽ ചെമ്പരത്തി പൂ വച്ച് കോളേജിൽ പോകുവാനും അതേപടി ക്ലാസ്സിൽ ഇരിക്കുവാനും കാണിച്ച അതെ ഐക്യത്തിൽ,ഫൈനൽ ഇയർ മോഡൽ എക്സാം കട്ട് ചെയ്ത് രാംദാസിൽ മോഹൻലാൽ റീലീസ്സ് പടം കാണാൻ പോയ അതേ ഒത്തൊരുമയിൽ സജുവും, വത്സനും, കിഷനും, നിവാസും, കുട്ടി മഹേഷും, ജിന്നിയും, വിപിന്ദാസും,ബിനുവും, പ്രസൂണും, ഒക്കെ ഇപ്പോളും എൻ്റെ ഹൃദയത്തോട് ചേർന്നു തന്നെ ജീവിച്ചു പോരുന്നത്.

ഓട്ടോ ഗ്രാഫിൽ ഉമ എഴുതിയ വരികൾ ആയ "....രൂപത്തിൽ വേറിട്ട് നിൽക്കുന്നതിനാലും കലാബോധം കൊണ്ടും ഒരിക്കലും മറക്കില്ല........" എന്നതിന് പകരം   "5 കൊല്ലം എന്നെ വായ് നോക്കിയവൻ ആയതുകൊണ്ട് മറക്കില്ല" എന്നെങ്കിലും എഴുതാഞ്ഞതിൻ്റെ  വിഷമം  മനസ്സിലെവിടെയോ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

വൺ വേ എങ്കിലും ആദ്യപ്രണയം ആയതുകൊണ്ടാകാം,ഒരിക്കലും പ്രണയ സാഫല്യം നേടില്ല എന്നറിഞ്ഞിട്ടും "ഉമ" എന്നിൽ, റൺവേയിൽ കയറാത്ത എൻ്റെ പ്രണയിനി ആയി തന്നെ ഇപ്പോളും നിലകൊള്ളുന്നത്!!


വർഷങ്ങൾ പതിറ്റാണ്ടുകൾക്ക് വഴിമാറിക്കൊടുത്ത് മുന്നോട്ടു പോകുമ്പോളും ഓർമ്മയുടെ അവസാന നാളവും അണയും വരെ വ്യാസയിൽ നിന്നും കിട്ടിയ  ഈ ബന്ധങ്ങൾ എല്ലാം ഹൃദയത്തോട് ചേർന്ന് തന്നെ ഉണ്ടാകും. അതൊരുപക്ഷേ ഏകപക്ഷീയമായാൽ പോലും !!
 
ലയലാസ്യ കലാ കാ....ന്തി സഖി നി..ൻ്റെ രൂ...പമേ......ന്തി....
...... ..................   .... ....... .......................... .......
.................................................  ..................

ഈ മാ..റിൽ മുഖം ചേർത്താ.. സുര ലോ...കം ഒന്നു തീ..ർത്തു ..
......സുര ലോ...........കം ഒന്നു തീ.........ർത്തു ..

 

Sunday, 25 October 2020

കഷ്ടകാലെ കോണകെ സർപ്പെ..!!

                           ഷ്ടകാല സമയത്താണ് വീടുപണിയും കല്യാണവും എന്ന് പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നത് നല്ല രീതിയിൽ മനസ്സിലാക്കി കൊണ്ട്, മൊത്തത്തിൽ കുത്തുപാള എടുത്ത് മെപ്പോട്ട് നോക്കി കുത്തി  ഇരിക്കുന്ന കാലം!!

വായ്‌പ്പാ കുടിശ്ശിക ഓർമ്മപ്പെടുത്തിക്കൊണ്ട്, മനസിനെ തളർത്തുവാൻ മുടങ്ങാതെ എത്തുന്ന, ബാങ്കിൽ നിന്നുള്ള വിളികൾ അല്ലാതെ മറ്റൊരു കോളിനായി ഫോൺ പോലും കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നിൽ, രാവിലെ തന്നെ ഒരു കോൾ.

"അതേയ്...ഞാനിന്ന് നിങ്ങടെ നാട്ടിലൂടെ വര്ണ്ട്ട്ടാ... "

ഠിം!!

ഇതിലും ഭേദം ബാങ്കുകാരുടെ കോൾ എടുക്കുന്നതായിരുന്നു.

പണ്ടും ഇതുപോലെ ഒരു കോൾ വന്നതാ.അന്ന് സ്ഥലത്തില്ല എന്ന് പറഞ്ഞു തലനാരിഴയ്ക്ക് രക്ഷപെട്ടത് ആണ്.ഇതിപ്പോ തലേന്ന് വിളിച്ച് "നാളെ തൃശൂർക്ക് എങ്ങാനും വരുന്നുണ്ടോ??" എന്ന ചോദ്യം മുഴുവനായി കേൾക്കും മുന്നേ തന്നെ  "നാളെ വീട്ടിൽ നിന്നും മാറി നില്ക്കാൻ പറ്റില്ല, പണിക്കാർ ഉണ്ട്" എന്ന് പറഞ്ഞു ഫോൺ വച്ചത് ആണ്.

ഇനിയിപ്പോ എന്ത് ചെയ്യും??

ങാ.. ന്തേലും വഴി തെളിയാതിരിക്കില്ല, നോക്കാം!!

പണിക്കാർ വന്നു. പണി തുടങ്ങി.പ്രാതൽ കഴിയുന്ന സമയം കഴിഞ്ഞു, ഉച്ച ഊണിൻ്റെ സമയവും കഴിഞ്ഞു.

"ഹോ രക്ഷപെട്ടു, ഇനി വരാൻ വഴിയില്ല!!" സമയം പിന്നെയും മുന്നോട്ട് പോയി.

***********

ബെല്ലടി കേട്ട് മണിക്കുട്ടൻ ഫോൺ കൊണ്ടുവന്നു തന്നത് എടുത്ത് നോക്കിയപ്പോൾ രാവിലെ വന്ന അതേ നമ്പർ!!.

"ഇന്ന് വരാൻ പറ്റിയില്ല, വേറൊരു ദിവസം വരാം" എന്ന് പറയാൻ വിളിക്കുന്നതാകും.അങ്ങിനെ എങ്കിൽ ഇന്ന് ഫോണിലൂടെ ചൊറിഞ്ഞു കൊല്ലുന്നുണ്ട്."ആഗതയുടെ വരവിനായി ഇവിടെല്ലാവരും കാത്തിരിക്കുകയായിരുന്നു" എന്ന തോന്നൽ ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം!!

രാവിലെയും ഉച്ചയ്ക്കും ഒക്കെ ഉണ്ടാക്കി കാത്ത് വച്ച ഫുഡിൻ്റെ ലിസ്റ്റ് ആയി പറയാൻ ഹോട്ടൽ മെനുകൾ മനസ്സിൽ കരുതിക്കൊണ്ട്, പണിത്തിരക്കിനിടയിൽ സ്‌പീക്കറിൽ ഇട്ടുകൊണ്ട് കോൾ  എടുത്തു.

"ഞാൻ നിങ്ങടെ ബസ്സ് സ്റ്റോപ്പിലി.... ണ്ട്, ഇവിടുന്നു എങ്ങോട്ടാ വരേണ്ടത്ത് ??"

"ഈശ്വരാ ......" ഞാൻപോലുമറിയാതൊരു നിലവിളി തൊണ്ടയിൽ നിന്നുമുതിർന്ന് നിലത്ത് വീണു ചിതറി.

"ആരാ മാമാ വരുന്നത്? ഞാൻ പോയി വിളിച്ചു കൊണ്ടുവരാം" എന്നും പറഞ്ഞു മരുമകൻ ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

അല്ലെങ്കിലും ഇവന് കുറച്ച് നാളായിട്ട് മാമനിട്ട് പണിയാനുള്ള താൽപ്പര്യം കൂടി വരുന്നുണ്ട്.ഇങ്ങനാണേൽ, ഞാനൊരു കംസനാകേണ്ടി വരുമോ എന്ന് ചിന്തിച്ച ശേഷം, 5 മിനിറ്റ് കഴിഞ്ഞില്ല,ഏതോ ഒരു അറവുകാരൻ പോത്തിനേയും തെളിച്ചു വരുന്നത് കണ്ടു.സൂക്ഷിച്ച്‌ നോക്കിയപ്പോൾ അത് പോത്തല്ല ഒരു അമ്പല കാള നടന്നു വരുന്നത് ആണ് , പിന്നാലെ അമ്മിക്കല്ലിൽ ചുരിദാർ ഇട്ടപോലെ ഒരു ഹിഡുംബി, അരികിലായി വലിയൊരു പൊതിയും പിടിച്ച് മണികുട്ടനും!!

ബേക്കറി സാധനങ്ങൾ കൊടുത്തു ഹിഡുംബി മരുമകനെ മയക്കി എന്ന് മനസ്സിലായി.

അമ്പലകാള വീട്ടിൽ കയറാതെ നേരെ പോയി. പിന്നാലെ വന്നത് രണ്ടും വഴി തെറ്റാതെ നേരെ വീട്ടിലേയ്ക്കു തന്നെ കയറി!!

"കഷ്ടകാലെ കോണകെ സർപ്പെ..!! 

കഷ്ടകാല സമയത്ത് കോണകം വരെ സർപ്പമായി മാറും എന്നത് എത്ര സത്യം ആണ്!!

ഏതോ അകന്ന ബന്ധുവിൻ്റെ വീട്ടിൽ സദ്യ നടക്കുന്നു എന്നറിഞ്ഞ ഉടൻ വലിയൊരു ബാഗും ആയി ചെന്ന് "വിളിക്കാത്ത സദ്യ" തിന്ന്, ബാക്കി വന്ന ഫുഡ് മൊത്തം ആ ബാഗിൽ കുത്തി നിറച്ച് തിരികെ പോകും വഴി എന്നെകൂടി മുടിപ്പിക്കാനുള്ള വരവാണത്രേ !!

(മട്ടുപ്പാവിലെ ഹിഡുംബി)

താമസ സ്ഥലം എവിടെ എന്ന് ഏകദേശം പറഞ്ഞു കൊടുത്തത് കൂട്ടുകാരൻ രതീഷ് ആണെന്നറിഞ്ഞ ഉടൻ അവനെയും വിളിച്ച് വരുത്തി.ഈ കുരിശ്ശ് ഞാൻ ഒറ്റയ്ക്ക് ചുമക്കണ്ടല്ലോ !! 

ഉണ്ടക്കണ്ണും, മത്തങ്ങാ മോറും, ചകിരി തലയും, സൈക്കിൾ യജ്ഞക്കാരുടെ പോലുള്ള ഡ്രെസ്സും, മീൻ മാർക്കറ്റിൽ ചെന്ന പോലുള്ള നാറ്റവും, തൃശ്ശൂർ വരെ നീണ്ടു കിടക്കുന്ന നാക്കും ഒക്കെ കണ്ടു അച്ഛനും അന്നത്തെ പണിക്കാരും പേടിച്ചു.അത് തിരിച്ചറിഞ്ഞ ഉടൻ ഞാനും രതീഷും ചേർന്ന് പുതിയ പ്ലാൻ ഇട്ടു.ഏതേലും ഹോട്ടലിൽ കയറ്റി എന്തെലും വാങ്ങി കൊടുത്ത് എത്രയും വേഗം പറഞ്ഞയക്കുക !!

ഫുഡ് എന്ന് കേട്ട ഉടൻ കക്ഷി ബാഗും ചുമന്ന് ചാടിയിറങ്ങി.അച്ഛനോടും പണിക്കാരോടും യാത്ര പറഞ്ഞ് നേരെ ചെന്ന് കയറിയത് ശരവണ ഭവനിൽ.അതാകുമ്പോൾ "നോൺ വെജ്ജ് വാങ്ങി കീശ കാലി ആകില്ലല്ലോ" എന്നതാണ് ബുദ്ധി !!

ചെന്ന് കയറിയതും കൈ പോലും കഴുകാതെ ഹോട്ടലിലെ പലഹാര പെട്ടിയിൽ കയ്യിട്ടിളക്കി  അഞ്ചാറു വട വലിച്ച് വാരി തിന്നുന്ന കണ്ടു ഹോട്ടൽ മുതലാളി ചൂലുമായി ഓടി വന്നു."തലക്ക് സുഖമില്ലാത്ത കുട്ടി ആണെന്നും, കളയാൻ വച്ച വല്ല ഫുഡും ഉണ്ടേൽ ഒന്ന് ചൂടാക്കി കൊടുക്കാമോ, കാശു തരാം" എന്നൊക്കെ പറഞ്ഞു അങ്ങേരെ പാട്ടിലാക്കി.

"ഫുഡ് കഴിച്ച ഉടൻ ആദ്യത്തെ ബസ്സിന്‌ സ്ഥലം വിട്ടോണം, അങ്ങിനെ എങ്കിൽ വയറു നിറയെ ഫുഡ് വാങ്ങി തരാം" ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലിൽ വച്ചിട്ട ആ ഇരയിൽ ഹിഡുംബി കൊത്തി.


 അപ്പോളാണ് രതീഷിനു മറ്റൊരു ബുദ്ധി തോന്നിയത്.

"ഈ മുതലിനെ ഈ സന്ധ്യ സമയത്ത് ബസ്സിൽ വിടുന്നതിലും സേഫ് ട്രെയിനിൽ വിടുന്നതാകും.ബസ്സിൽ ആകുമ്പോൾ ആരെങ്കിലുമൊക്കെ ആയി വഴക്കുണ്ടാക്കിയാൽ നമ്മൾ പുറകെ പോകേണ്ടി വരും.ട്രെയിൻ ആകുമ്പോൾ, ഇവിടുന്നു വിട്ടാൽ  പിന്നെ തൃശൂർ അല്ലെ സ്റ്റോപ്പ് ഉള്ളു?? 6.15 ന് ഒരു തൃശൂർ പാസഞ്ചർ ഉണ്ട് താനും.ടിക്കറ്റ് എടുത്ത് കൊടുത്താൽ പോലും ബാസ്സ് ചാർജ്ജ് കൊടുക്കുന്നതിലും ലാഭം!!" 

പഴയ റയിൽവേ ജീവനക്കാരൻ ആയ രതീഷിന് റെയിൽവേയോട് അൽപ്പം കൂറ് എങ്ങാണ്ടൊക്കെ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാനും ആ ഐഡിയ കൈയടിച്ച് പാസ്സാക്കി.

ഇരു കൈയോണ്ടും മസാലദോശ വലിച്ച് പറിച്ച് വിഴുങ്ങുന്ന മുതലിനോട് കാര്യം പറഞ്ഞു. ട്രെയിൻ എന്ന് കേട്ടപ്പോൾ, അത്രയും നേരം തനി അലമ്പി ആയി കട്ടയ്ക്ക് ബഹളം വച്ചിരുന്ന കക്ഷി പൂച്ച പോലെ പതുങ്ങി തുടങ്ങി.

ജീവിതത്തിലിതുവരെ ട്രെയിനിൽ പോയിട്ടില്ല ത്രെ.അതോണ്ട് "ട്രെയിൻ" എന്ന് കേട്ടാൽ തന്നെ പേടി ആണ് കക്ഷിക്ക്!!

ഒടുവിൽ ഒരു മസാല ദോശ കൂടി വാങ്ങി പ്ളേറ്റിലിട്ടു കൊടുക്കുകയും മറ്റൊരെണ്ണം പാർസൽ ആയി മുന്നിൽ വയ്ക്കുകയും ചെയ്തപ്പോൾ "ട്രെയിൻ തന്നെ മതി" എന്ന തീരുമാനമായി.

***********************


റെയിൽവേ സ്റ്റേഷൻ്റെ  പ്ലാറ്റ്ഫോം നിറയെ ലോക്കൽ ശുനക ശ്രേഷ്ഠന്മാർ കിടന്നുറങ്ങുന്നുണ്ട്.കിടന്നുറങ്ങുന്നതിൽ ആഢ്യത്തം തോന്നിയ ഒരു ശുനക ശ്രീമാൻ്റെ അടുത്ത് തന്നെ ഉള്ള ബഞ്ചിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ടിക്കറ്റ് എടുത്ത് അൽപ്പം കഴിഞ്ഞപ്പോൾ ആണ് ആരൊക്കെയോ പറഞ്ഞു  കേട്ടറിഞ്ഞത്, ട്രെയിൻ 10 മിനിറ്റ് ലേറ്റ് ആണ്.

ട്രെയ്‌നിനായുള്ള കാത്തിരിപ്പിനിടയിൽ ഒരു ആത്മഗതം പോലെ രതീഷ് പറഞ്ഞത് ഒരു കാര്യവുമില്ലാത്ത ഒരു മനഃസുഖത്തിനു വേണ്ടി ഞാനും ഏറ്റു പിടിച്ചു. "ശരിയാ, ഈ ട്രെയിനിൽ നിന്നും തന്നെ ആണ് ഗോവിന്ദചാമി സൗമ്യയെ തള്ളി ഇട്ടത്"

 അപ്പോഴേയ്ക്കും, ഇരുട്ട് പറന്നു തുടങ്ങിയിരുന്നു ഒപ്പം, തുരുമ്പിച്ച വയലിനിൽ പൂച്ച മാന്തിയ പോലെ എന്തോ ഒരു അപശബ്ദവും, തുടർന്നൊരു മോങ്ങലും!!

ഏതു പട്ടിക്കാണ് ഏറു കൊണ്ടത്  എന്നറിയാൻ ചുറ്റിനും നോക്കിയപ്പോ എല്ലാ പട്ടീസ്സും, ഉറക്കം നഷ്ടപ്പെടുത്തിയ ദേഷ്യത്തിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് തന്നെ തുറിച്ചു നോക്കുന്നു.ഞങ്ങളിരുന്നു ബഞ്ചിന് അടുത്ത് കിടന്നുറങ്ങിയ ശുനക ശ്രേഷ്ഠൻ ചാടി എണീറ്റ് ഞങ്ങളെ നോക്കി കുരയ്ക്കുന്നു.

അപ്പോളാണ് കൂടെ ഉണ്ടാരുന്ന, "ഭരണിയ്ക്ക് കൈകാൽ മുളച്ച" പോലത്തെ  രൂപം  മൂക്ക് പിഴിഞ്ഞു കരയുന്ന കണ്ടത്.

"ഞാൻ പറഞ്ഞതല്ലേ എനിക്ക് ട്രെയിനിൽ പോകണ്ട , ബസ്സിൽ പോയാൽ മതീന്ന്. എനിക്ക് ഇപ്പൊ വീട്ടിൽ പോകണം, ന്നെ ഇപ്പൊ കൊണ്ടാകണം!!"

തൃശൂർ വഴി പോയാൽ റൌണ്ട് ഒഴിവാക്കി ആരെ പേടിച്ചാണോ ഞങ്ങൾ പോയിരുന്നത് ആ മുതൽ ദേ നത്ത് കുത്തി ഇരിക്കും പോലെ കുത്തിയിരുന്ന്. പോത്ത് പോലെ അമറി കരയുന്നു!! ഇരുട്ട് വീണാൽ തീരുന്ന ധൈര്യവും നാവും മാത്രമേ ഈ മുതലിന്നുള്ളൂ എന്ന സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

"രതീഷേട്ടൻ അല്ലെ പറഞ്ഞത് ട്രെയിൻ കിട്ടിയില്ല എങ്കിൽ കൊണ്ടാക്കാം എന്ന്, ന്നെ ഇപ്പൊ കൊണ്ടാകണം...നിക്ക് പേടിയാ!!"

"സ്മിനേഷേ പെട്ടല്ലോ!! തൃശ്ശൂർക്കുള്ള ലാസ്റ്റ് ബസ്സും പോയിക്കാണും."

"പെട്ടുന്നാ നിക്കും തോന്നുന്നത്."

*****************

അന്നത്തെ ദിവസം പിന്നീട് 2 അത്ഭുതങ്ങൾ സംഭവിച്ചു.

30 നു മുകളിൽ സ്പീഡിൽ പോകാത്ത രതീഷ് 70 നു മുകളിൽ വണ്ടി ഓടിച്ചു!!

ആകാശം ഇടിഞ്ഞു വീണാലും അത്താഴം മുടക്കാത്ത ഞാൻ, അത്താഴം മുടങ്ങിയ കുറവ്, "ട്രെയിനിൽ കയറാൻ പേടിയുള്ള ഒരാളെ ലാസ്റ്റ് ബസ്സിൽ പോലും കയറ്റി വിട്ടില്ല" എന്ന പേരിൽ വീട്ടിൽ നിന്നും കേട്ട വഴക്കു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു, മനസ്സ് നിറഞ്ഞു കിടന്നുറങ്ങി!!

*************

 എണീറ്റപ്പോൾ രാവിലെ തന്നെ തൃശൂർ നിന്നുള്ള മെസ്സേജ്.
"ഞാൻ ഇനി വരുമ്പോൾ കുറെ കൂടി നേരത്തെ വരാട്ടാ,മര്യാദയ്ക്ക് വയറു നിറച്ച് തിന്നുവാൻ പോലും പറ്റിയില്ല "
"നീ ഇനി ഈ വഴി വന്നാൽ നിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കും പരട്ടെ!!"
"ഞാൻ വരും"
"അന്ന് നിൻ്റെ  അന്ത്യമാ!! 


******************************************************************************




പിൻകുറിപ്പ്:
             കഥയും, കഥാപാത്രങ്ങളും, സംഭവങ്ങളും, യാഥാർഥ്യം എങ്കിലും തികച്ചും സങ്കല്പികമാണ് ഈ രചന !!😇

 





Saturday, 24 October 2020

കൊറോണ കാലത്തെ ദിനങ്ങൾ -5 !!

                          ല മലയാളികളുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നായ കാറ്റുകൊണ്ടുള്ള ഒരു "ശു..........ർ" ഒത്തുവന്നത് വീട്ടിലേയ്ക്കുള്ള വിജനമായ വഴിയുടെ ഇരു പുറത്തുമുള്ള കുറ്റിക്കാട് കണ്ടപ്പോളാണ്. ചുമന്ന്  നടന്നാൽ ആരും ചുമട്ടു കൂലി ഒന്നും തരില്ലല്ലോ!! ന്ന പിന്നെ ഇവിടെ തന്നാകാം ന്നു കരുതി ഒരു മൂളിപ്പാട്ടും പാടി, കൊച്ചു കാറ്റിൻ്റെ കുളിരുമേറ്റുവാങ്ങി അങ്ങനെ നിന്ന് വിനോദിച്ച്‌ തുടങ്ങിയതും പതിഞ്ഞ ശബ്ദത്തിൽ ഒരു "മ്യാ...വു

പെടുക്കുമ്പോൾ ഒരു  "മ്യാ.....വു" ഈ നാൽപ്പതു വയസ്സിനിടയിൽ ഇതാദ്യം !!
"ഈശ്വ..രാ... ഇനി പൂച്ചയെങ്ങാനും കയറിയോ ???? "

പുറത്ത് പോകാനുള്ള ധൃതിയിൽ പാൻസ് വലിച്ച് കയറ്റിയപ്പോൾ ഒന്ന് കുടഞ്ഞിട്ട് ഇടാമായിരുന്നു.... എന്ന ചിന്ത പിടി മുറുക്കും മുന്നേ, ഭാഗ്യത്തിന് ഒരു കുഞ്ഞി തല കുറ്റിക്കാട്ടിൽ നിന്നും പുറത്തെത്തി.പിന്നാലെ കോറസ് പാടിയ മറ്റു തലകൾ കൂടി കണ്ടപ്പോൾ ആണ് ശ്വാസം നേരെ  വീണത്.

കുട്ടി മാർജ്ജാര പ്രജകൾ മുകളിലേയ്ക്കു നോക്കും മുന്നേ തന്നെ പെടുക്കൽ വിനോദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ, "മൂഷിക രിപു, കുട്ടി മാർജ്ജൂസിൽ ഒന്നിനെ പൊക്കി വീട്ടിൽ കൊണ്ടുപോയാലോ" എന്ന് ചിന്തിക്കാതെ ഇരുന്നില്ല.അങ്ങിനെ കൊണ്ടുപോകുന്നവൻ മിസ്റ്റർ ഉൽപ്പലാക്ഷൻ പിള്ളയെ സമീപ ഭാവിയിലെ ടച്ചിങ് ആയി കണ്ടു നാവു നുണഞ്ഞാലോ എന്ന സംശയം ഒരു നിഴലായി എന്നെ പിന്തുടർന്നതിനാൽ, മാർജ്ജൂസിനെ കണ്ട വിവരം വീട്ടിൽ പറഞ്ഞില്ല, പ്രത്യേകിച്ച് മരുമകൻ മണികുട്ടനോട്!!

പക്ഷെ,...."വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!!"  എന്നത് വായിച്ചിട്ടുള്ള, വായനാ ശീലമുണ്ടായിരുന്ന ഏതോ  പൂച്ചമ്മയുടെ കുട്ടികൾ ആയത് കൊണ്ട്, വരാനുള്ളതിനുള്ള വഴി എവിടുന്നൊക്കെയോ ഓട്ടോ വിളിച്ച് വന്നു ചേർന്നു.

മാർജ്ജൂസ് വിവരം അറിഞ്ഞ മരുമകൻ ആദ്യം അപ്പൂപ്പൻ, അമ്മൂമ്മ, അമ്മ തുടങ്ങിയവരുടെ മുന്നിലും പിന്നീട് ഉൽപ്പു അണ്ണാൻ , ജമ്പൻ തവള , ജിമ്മി പട്ടി, പതുങ്ങൻ പല്ലി, കിട്ടു അരണ,മല്ലൻ പാറ്റ എന്നിവരോടും ഒടുവിലായി അടിയനോടും മാർജ്ജാരദത്ത് സമ്മത പത്രത്തിൽ ഒപ്പു ശേഖരണത്തിന് വന്നു നിന്ന് കുണുങ്ങി.

ആദ്യ മൂന്നു പേർ അവൻ്റെ ഭീഷണിയാലും, ജിമ്മി "മാർജ്ജാര വധം" കഥകളി പ്രാക്ടീസ് ചെയ്യാം എന്ന അതിമോഹത്താലും അവരുടെ ഒപ്പുകൾ ദാനം നൽകി.

പ്രാണഭയത്താൽ ഒപ്പിടാതെ മാറിയവർക്കൊപ്പം "പൂച്ചകൾക്ക് മാന്തുവാനും കൂടി ജീവിതം വച്ച് നീട്ടുന്നില്ല" എന്ന തീരുമാനത്തോടെ ഞാനും കൂടിയതോടെ, കേവല ഭൂരിപക്ഷമില്ലാതെ പ്രമേയം പരാജയപ്പെട്ടു.

ജിമ്മി വന്നതോടെ പുറത്താക്കപ്പെട്ട, ലോക്കൽ ഗുണ്ടകൾ ആയ കറുമ്പൻ ആൻഡ് വെളുമ്പൻ പട്ടി അസോസിയേറ്റ്‌സ്സ്ൻ്റെ കടികൊണ്ടു അന്ന് വൈകിട്ട്, സംഘഗാനമായി മ്യാവു പാടിയിരുന്നവർ ഏകവചനമായി മാറി.

പിറ്റേന്ന് സന്ധ്യയോടടുത്ത്, അനുവാദമില്ലാതെ ചോര കുത്തി എടുത്ത ഒരു കൊതുകി  മോളുടെ കൊമ്പു മുറിച്ച് മാവോയിസ്റ്റായി ഉഗ്ര വീര്യത്തിൽ നിൽക്കുമ്പോൾ  ആണ് തൊട്ടടുത്തായി മണിക്കുട്ടൻ വന്നിരുന്നു ഉറക്കത്തിലെ മഴപോലെ ശബ്ദമില്ലാതെ പെയ്യുന്നതു കണ്ടത്.കൊമ്പുമുറിക്കൽ സമ്മേളനം പിരിച്ചു വിട്ടുകൊണ്ട് കാര്യമന്വേഷിച്ചപ്പോൾ മുക്കി മൂളി കരഞ്ഞു വിളിച്ച് "കുറ്റിക്കാട്ടിലെ കൊലപാതകം" ചുരിക്കിപ്പറഞ്ഞ ശേഷം ഇന്നലെ പരാജയപ്പെട്ട പ്രമേയത്തിൻ്റെ പുതുക്കിയ വേർഷൻ ഒപ്പിനായ് വച്ച് നീട്ടി.

നിലപാടിൽ മാറ്റമില്ലാതെ തുറിച്ചു നോക്കി നിന്ന എൻ്റെ മുന്നിൽ അവൻ വാജ്ജ്രായുധം എടുത്ത് തൊടുത്തു വിട്ടു.

"അവർക്ക് അമ്മയും ഇല്ല അച്ഛനും ഇല്ല. 3 പേരുണ്ടായിരുന്നതാ.ഇപ്പോ ഒരു പൂച്ച കുട്ടി മാത്രമേ ഉള്ളു.ബാക്കി എല്ലാം മരിച്ചുപോയി.മാമൻ്റെ ചേച്ചി ആണ് ഇങ്ങനെ മരിച്ചത് എങ്കിൽ മാമൻ ഒറ്റയ്ക്ക് ആവില്ലേ? മാമന് വിഷമം ആവില്ലാരുന്നോ ? "  

ചെറിയ വായിൽ വലിയ വാചകം കേട്ട് വിജ്രംഭിതനായപ്പോൾ പൊളിഞ്ഞു പോയ വായിൽ കൂടി കൊമ്പു മുറിച്ച കൊതുകി പ്രതിക്ഷേധത്തിൽ പാറി പറന്നിറങ്ങിയ ഉടൻ തുറന്ന വായ അടച്ചുകൊണ്ട്, പുതിയ പ്രമേയത്തെ അറിയാതെ തന്നെ അനുകൂലിച്ചു ഒപ്പിട്ടു പോയി!!

മൂക്കിൽ വിരലും തിരുകി തൊട്ടടുത്തിരുന്ന പ്രഭാകരൻ, അന്യഭാഷാ തൊഴിലാളിയെ പോലെ നിർവ്വികാരത നടിച്ച്, ഇതൊന്നും തന്നെ ബാധിക്കില്ല മട്ടിൽ വിരൽ പണി തുടർന്നുകൊണ്ടേയിരുന്നു..

കേവല ഭൂരിപക്ഷം കിട്ടിയ സന്തോഷത്തിൽ കുതിക്കുവാൻ തുടങ്ങിയ മരുമകനെ പിടിച്ച് നിർത്തി "ഉൽപ്പു സംരക്ഷണവും, അപ്പി നിർമ്മാർജ്ജനവും" കരാറെഴുതി വാങ്ങിയ ഉടൻ അവൻ ഓടി ചെന്ന് അപ്പൂപ്പനേയും കൂട്ടി മാർജ്ജു പ്രജാപതിയെ പൊക്കി വീട്ടിലിറക്കി.


6 ഉം 60 ഉം ഒരുപോലെ എന്ന് ആരോ പറഞ്ഞതനുസ്സരിച്ച്, അവൻ്റെ അപ്പൂപ്പൻ ആണ് അവൻ്റെ എല്ലാ കളിക്കും കൂട്ട് നിൽക്കുന്നത് എന്ന കാര്യം സത്യമല്ലേ....ന്നൊരു തോന്നൽ !!

വെറുമൊരു പല്ലിയിൽ തുടങ്ങി , അണ്ണാൻകുട്ടി , പട്ടി, ..........
അങ്ങനെ ഇപ്പോൾ അവൻ ഒരു പൂച്ച മൊയ്‌ലാളി കൂടി ആയി മാറിയിരിക്കുന്നു.

"അടുത്തതായി എന്തിനെ ആണാവോ അവൻ സ്വന്തമാക്കുന്നത്??" 
കീരി കാടൻ??  
കോലുനാരായണൻ ??
നിളയെ തേടി വന്ന സഹ്യൻ്റെ പ്രീയ ഒറ്റയാൻ ??
അതോ... 
"ഇനി വല്ല ഒട്ടകത്തിനേയും വിളിച്ച് മുറിയിൽ കയറ്റി, എനിക്ക് കിടക്കാൻ സ്ഥലമില്ലാതാക്കുമോ??" 
എന്തരായാലും ൻ്റെ മരുമോൻ കൊടും ഭീകരായി മാറിക്കൊണ്ടിരിക്കുന്നു !!


ഇടതടവില്ലാതെ മുഴങ്ങി തുടങ്ങിയ "മ്യാ.....വു" വിളി കേട്ട്, കണ്ണിൽ ഭീതി പടർന്നു തുടങ്ങിയ ഉൽപ്പുവിൻ്റെ നിഷ്കളങ്ക രൂപം ഇടയ്ക്കിടെ മനസ്സിലോടി എത്തിക്കൊണ്ടിരിക്കുന്നത് എന്നിൽ വല്ലാത്തോരാശങ്ക നിറച്ചുകൊണ്ടേയിരിക്കുമ്പോഴും...... പൂച്ച മുതലാളി, മാർജാര കുട്ടിയെ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഒന്നുറപ്പായി.... ജിമ്മിയുടെ അവിഞ്ഞ കുരയ്‌ക്കൊപ്പം, ഈ പീക്കിരിയുടെ "മ്യാവു" കൂടി സഹിച്ചാൽ മാത്രമേ ഇനിമുതൽ ഈ വീട്ടിൽ എനിക്കൊരു ജീവിതമുള്ളൂ!!