Showing posts with label എഴുത്തുകാരന്‍ ഒരാമുഖം. Show all posts
Showing posts with label എഴുത്തുകാരന്‍ ഒരാമുഖം. Show all posts

Monday, 6 July 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 5

വൈലോപ്പിള്ളി ശ്രീധരമേനോന്‍
==============================================================================


കാല്പനികതയുടെ പിടിയില്‍ വല്ലാതെ അമര്‍ന്നുപോയ മലയാള കവിതാ ശാഖയെ ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു കവിയെയാണ്‌ ഇന്നത്തെ കുലപതിയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളത്തെ കലൂരില്‍ 1911 മെയ് 11ന്, കൊച്ചുകുട്ടൻ കർത്താവിന്‍റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു.മാടകുഴിപറമ്പില്‍ കണ്ടനാശാന്‍റെ അടുത്ത് നിന്നും അക്ഷരം പഠിച്ച അദ്ദേഹത്തിന്‍റെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. 18-ആം വയസ്സില്‍ “ശ്രീ” എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ കാവ്യ സമാഹാരം, 1947 ല്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്താണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. ആധുനികമായ ജിവിതബോധത്തിന്‍റെ വെളിച്ചത്തില്‍ കേരളീയനുഭവങ്ങളുടെ ആഴവും സങ്കീര്‍ണ്ണതയും ആവിഷ്കരിച്ച, വൈലോപ്പിള്ളി ശ്രീധരമേനോന്‍ - കനവും കാതലുമുള്ള കവിതകളിലൂടെ മലയാളികളുടെ മനം കവര്‍ന്നു എന്ന് തന്നെ പറയാം.

പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്ന അദ്ദേഹത്തിന്‍റെ കടല്‍ക്കാക്കകള്‍യുഗപരിവര്‍ത്തനംകണ്ണീര്‍പ്പാടം തുടങ്ങിയ കവിതകള്‍ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തെ ആന്തികാനുഭൂതികളോടെ ആവിഷ്കരിച്ചവയാണ്. കാവ്യാത്മകമായ അച്ചടക്കവും സുനിയന്ത്രിതത്വവുമാണ് വൈലോപ്പിള്ളിക്കവിതകളുടെ പ്രത്യേകത. കാച്ചിക്കുറുക്കിയ കവിത എന്നാണു വൈലോപ്പിള്ളി കവിതകള്‍ അറിയപ്പെടുന്നത്. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി.
മാമ്പഴം
അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
കൃതികള്‍
കവിതകൾ:
മാമ്പഴം (1936)
കന്നിക്കൊയ്ത്ത് (1927)
സഹ്യന്റെ മകൻ (1944))
ശ്രീരേഖ (1950)
കുടിയൊഴിയൽ (1952)
ഓണപ്പാട്ടുകാർ (1952)
വിത്തും കൈക്കോട്ടും (1956)
കടൽക്കാക്കകൾ (1958)
കയ്പ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
പച്ചക്കുതിര (1981)
കുന്നിമണികൾ(1954)
മിന്നാമിന്നി (1981)
കുരുവികൾ(1961)
വൈലോപ്പിള്ളിക്കവിതകൾ(1984)
മുകുളമാല(1984)
കൃഷ്ണമൃഗങ്ങൾ(1986)
അന്തിചായുന്നു]](1995)

മറ്റു കൃതികൾ:

ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956)
കാവ്യലോകസ്മരണകൾ (സ്മരണകൾ-1988)
അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001)
പുരസ്കാരങ്ങള്‍

സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം(കുടിയൊഴിക്കൽ)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(വിട)
കേരള സാഹിത്യ അക്കാദമി പുരസ്കാരം(കയ്പ്പവല്ലരി)
വയലാർ പുരസ്കാരം(മകരകൊയ്ത്ത്)
ഓടക്കുഴൽ അവാർഡ് – (വിട)
എം.പി. പോൾ പുരസ്കാരം(ശ്രീരേഖ)
കല്യാണീ കൃഷ്ണമേനോൻ പുരസ്കാരം
സാഹിത്യനിപുണൻ ബഹുമതി
മദ്രാസ് ഗവണ്മെന്റ് അവാർഡ്
ആശാൻ പ്രൈസ്
കാവ്യപരാഗങ്ങള്‍
തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു-
ഞങ്ങള്‍ക്കു മഷിപ്പാത്രം (യുഗപരിവര്‍ത്തനം)
ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ (കന്നിക്കൊയ്ത്ത്)
പിറക്കാതിരുന്നെങ്കില്‍
പാരില്‍ നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു
മുട്ടാതെയിരുന്നെങ്കില്‍ (കണ്ണീര്‍പ്പാടം)
കേവലം മണ്‍തുരുമ്പില്‍ക്കിടപ്പൂ
ദേവലോകം തുറന്നിടും താക്കോല്‍ (കുടിയൊഴിക്കല്‍)
ഉര്‍വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗവ്യാപാരമുണ്ടോ മന്നില്‍? (കയ്പവല്ലരി)
ഹാ സഖി നീയെന്നോടു
ചേര്‍ന്നു നില്ക്കുക, വീതോ
ല്ലാസമായ് മങ്ങീടുന്നൂ
ജീവിതം ജീവന്‍പോലെ. (യുഗപരിവര്‍ത്തനം)
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകാം പുകയാകാം
പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടിക വളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്നിവ്വണ്ണ-
മുന്നയിപ്പു ഞാന്‍ തത്ത്വനിരകള്‍ (കുടിയൊഴിക്കല്‍)
ഉയിരിന്‍ കൊലക്കുടു-
ക്കാവും കയറിനെ-
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം (ഊഞ്ഞാലില്‍)
==============================================================================

Monday, 29 June 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 4

==============================================================================
എസ്സ്.കെ. പൊറ്റെക്കാട്
********************************************************
1913 മാര്‍ച്ച് 14 നു കോഴിക്കോട് ജനിച്ച “ശങ്കരന്‍ കുട്ടി” എന്ന കുട്ടി കുട്ടിക്കാലത്ത് അമ്പലത്തില്‍പ്പോയി ദൈവത്തോട് പ്രാര്‍ഥിച്ചത് "തന്നെ നാടറിയുന്ന കവിയാക്കണേ" എന്നാണ്. കള്ളങ്ങളൊന്നുമില്ലാത്ത കുഞ്ഞുമനസ്സിന്‍റെ പ്രാര്‍ഥന ദൈവം കേട്ടു. അവന്‍ വളര്‍ന്നപ്പോള്‍ ആദ്യം കവിയായി, പിന്നീട് കഥാകൃത്തായി, അതും കഴിഞ്ഞപ്പോള്‍ യൗവ്വനത്തില്‍ അയാള്‍ ലോകത്തിന്‍റെ അജ്ഞാതമായ പരപ്പുകളിലേക്ക് തനിയെ യാത്രപോയി. മാസങ്ങളും വര്‍ഷങ്ങളും നീളുന്നയാത്ര, കപ്പലിലും ബസ്സിലും കാപ്പിരിയുടെ ലോറികളിലും കയറി, കാടുകളും വെള്ളച്ചാട്ടങ്ങളും കടന്ന്, മരുഭൂമികള്‍ കണ്ട്, പിരമിഡുകള്‍ക്ക് മുന്നില്‍ വണങ്ങി ആ യാത്ര നീണ്ടുപോയി. തിരിച്ചുവന്ന് അതെല്ലാം അദ്ദേഹം വിവരിച്ചപ്പോള്‍ അതുവരെ സ്വന്തം നാടിന്റെ നാലതിരുകള്‍ക്കപ്പുറം അജ്ഞാതമായിരുന്ന മലയാളി രമണീയമായ മലയാളത്തില്‍ വിടര്‍ന്ന ലോകത്തിന്റെ ഭൂപടം കണ്ട് വിസ്മയിച്ചു. ഇദ്ദേഹത്തിലൂടെയാണ്- കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി അറിഞ്ഞുതുടങ്ങിയത്,അല്ലെങ്കില്‍  ഇദ്ദേഹത്തിലൂടെ ആണു മലയാളികള്‍ ലോകത്തെ അറിഞ്ഞ് തുടങ്ങിയത്  എന്ന് പറയുന്നതാവും ശരി.
കത്തിടപാടുകളിലൂടെ ആതിഥേയരെ കണ്ടെത്തി ദേശം മുഴുവന്‍ സഞ്ചരിച്ച് അത് യാത്രാക്കുറിപ്പ് ആക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ഓരോ യാത്രയും ഓരോ ജീവിതമായിരുന്നു എസ്.കെ ക്ക്. ഇന്ന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ വിമാനമുണ്ട്. മറ്റ് സംവിധാനങ്ങളുണ്ട്. അതൊന്നുമില്ലാതിരുന്ന കാലത്ത് കപ്പലില്‍ പോയി കഥകള്‍ കണ്ടെത്തി അത് നമുക്ക് മുന്നില്‍ എത്തിച്ചു തന്ന ഇദ്ദേഹത്തിനെ, കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
സഞ്ചാര സാഹിത്യം എന്നാല്‍ മലയാളികള്‍ക്ക് ആദ്യം ഒര്‍മ്മവരുക, ലോക സഞ്ചാരി എന്ന് വിളിക്കാവുന്ന, “എസ്സ്.കെ” എന്ന് ചുരുക്കത്തില്‍ അറിയപ്പെടുന്ന, “എസ്സ്.കെ. പൊറ്റെക്കാട്” എന്ന “ശങ്കരന്‍ കുട്ടി പൊറ്റെക്കാട്” നെ തന്നെ ആണ്.
അദ്ധ്യാപകൻ, ഇന്ത്യൻ പാർലമെന്റ് അംഗം(1962) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ലോകസഭയില്‍ എത്തുന്ന അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്
 1928 ല്‍ ആദ്യ കഥ “രാജനീതി” പ്രസിദ്ധപ്പെടുത്തി.1939ല്‍ മുംബൈയ്ക്ക് നടത്തിയ യാത്രയില്‍ നിന്നും ആണു, അദ്ദേഹത്തിന്റെ യാത്രകള്‍ തുടങ്ങുന്നത്. കോളിളക്കം ആയി പുറത്തിറങ്ങിയ ചങ്ങമ്പുഴയുടെ രമണന് ശേഷം, ഇങ്ങനൊരു സമാഹാരം ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്ന കാലത്താണ്, മുംബൈയില്‍ വച്ച് എസ്സ്.കെ എഴുതിയ “നാടന്‍പ്രേമം” എന്ന ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. ചങ്ങമ്പുഴയുടെ കവിതയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ നാടന്‍ പ്രമേത്തിന്‍റെ ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനുമായി ആളുകള്‍ കാത്തിരുന്ന കാലം!! "കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല എനിയ്‌ക്കെന്‍റെ ഡ്രൈവറെ തന്നെ മതി" എന്ന വരികളെല്ലാം അന്ന് ഏറ്റുപാടിയവര്‍ ഏറെയായിരുന്നു.
 എന്നും സാധാരണക്കാരുടെ ഒപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.മനുഷ്യരില്‍ നിന്നും അകന്ന്,ഏകാന്തത വൃതമാക്കിയ ഒരു കലാകാരന്‍ ആയിരുന്നില്ല എസ്.കെ.എന്നും രാവിലെ അദ്ദേഹം നടക്കുവാന്‍ ഇറങ്ങിയിരുന്നു.ആയിരം വട്ടം നടന്ന വഴികളിലൂടെ ഉള്ള ആ യാത്രകളില്‍ നിന്നും ആണു, അദ്ദേഹം പല ജീവിതങ്ങളും ഒപ്പി എടുത്തിരുന്നത്.1962ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച, “ഒരു തെരുവിന്‍റെ കഥ”യ്ക്കുള്ള ആധാരം, നിരന്തരം നോക്കിനിന്നുകൊണ്ട്  “മിഠായി തെരുവില്‍” നിന്നും ഒപ്പിയെടുത്തവ തന്നെ ആണ്.
 നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കോഴിക്കോട്, ഇന്നത്തെ തിരക്കുകാളോ, ഫ്ലാറ്റുകളോ, ആഢംബരമോ ഒന്നും ഇല്ലാത്ത........, വയലുകളും, മണ്ണ്‍ വഴികളും, കൃഷിയിടങ്ങളും ഒക്കെ ആയി ഗ്രാമീണ മുഖമുള്ള നന്മ നിറഞ്ഞ ഒരു കൊച്ചു ദേശം.അന്നത്തെ കോഴിക്കോട് ഇന്നില്ല, അതിനെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയണം എന്നുണ്ടെങ്കില്‍- ആ ദേശത്തിലൂടെ, മുത്തച്ഛന്‍റെ കൈയും പിടിച്ചുകൊണ്ട്, ശങ്കരന്‍ കുട്ടി എന്ന ബാലന്‍ നടത്തിയ കൊച്ചു കൊച്ചു യാത്രകള്‍, “ശ്രീധരന്‍” എന്ന കഥാപാത്രത്തിലൂടെ ഓര്‍മ്മിക്കുന്ന ആത്മ കഥാപരമായ നോവലായ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം, സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ്, ജ്ഞാനപീഠ പുരസ്കാരം  എന്നിവ നേടിയ, “ഒരു ദേശത്തിന്‍റെ കഥ വായിക്കുക തന്നെ വേണം.
 കണ്ടു കണ്ടു കൊതി തീരാത്ത തെരുവുകളിലൂടെയുള്ള യാത്രകള്‍ അവസാനിപ്പിച്ചുകൊണ്ട് 1982 ഓഗസ്റ്റ് 6നു മറ്റൊരു വലിയ യാത്രയ്ക്കായി ഈ ലോകത്തില്‍ നിന്നും യാത്രതിരിച്ച, എസ്.കെയെ അവസാനമായി കാണാന്‍ എത്തിയവരില്‍ അധികവും, അദ്ദേഹത്തിന്‍റെ ഒരു പുസ്തകങ്ങള്‍ പോലും വായിക്കാത്തവര്‍ ആയിരുന്നു എന്നത് എന്തുകൊണ്ടായിരുന്നു എന്നത് “എപ്പോള്‍ എവിടെവച്ച് കണ്ടാലും സുഖാന്വേഷണങ്ങള്‍ നടത്താതെ പോകില്ല” എന്ന അവരുടെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാണ്.
 പ്രധാന കൃതികള്‍

നോവൽ:

1937- വല്ലികാദേവി
1941- നാടൻ പ്രേമം
1945- പ്രേമശിക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്‍റെ കഥ
1971- ഒരു ദേശത്തിന്‍റെ കഥ
1974- കുരുമുളക്
1979- കബീന
നോർത്ത് അവന്യൂ
ചെറുകഥകൾ:
1944 - ചന്ദ്രകാന്തം
1944 - മണിമാളിക
1945 - രാജമല്ലി
1945- നിശാഗന്ധി
1945 - പുള്ളിമാൻ
1945 - മേഘമാല
1946- ജലതരംഗം
1946 - വൈജയന്തി
1947- പൌർണ്ണമി
1947- ഇന്ദ്രനീലം
1948- ഹിമവാഹിനി
1949- പ്രേതഭൂമി
1949- രംഗമണ്ഡപം
1952- യവനികയ്ക്കു പിന്നിൽ
1954- കള്ളിപ്പൂക്കൾ
1954- വനകൗമുദി
1955- കനകാംബരം
1960- അന്തർവാഹിനി
1962- എഴിലംപാല
1967- തെരഞ്ഞെടുത്ത കഥകൾ
1968- വൃന്ദാവനം
1970 - കാട്ടുചെമ്പകം
ഒട്ടകം
അന്തകന്റെ തോട്ടി
നദീതീരത്തിൽ
കടവുതോണി
മെയിൽ റണ്ണർ
രഹസ്യം
മലയാളത്തിന്‍റെ ചോര
ജയിൽ
യാത്രാവിവരണം:
1947 - കശ്മീർ
1949- യാത്രാസ്മരണകൾ
1951- കാപ്പിരികളുടെ നാട്ടിൽ
1954- സിംഹഭൂമി
1954- നൈൽ ഡയറി
1954- മലയ നാടുകളിൽ
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യൻ ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെന്‍റെ നാട്ടിൽ
1958- ബാലിദ്വീപ്
1960- ബൊഹേമിയൻ ചിത്രങ്ങൾ
1967- ഹിമാലയൻ സാമ്രാജ്യത്തിൽ
1969- നേപ്പാൾ യാത്ര
1970- ലണ്ടൻ നോട്ട്ബുക്ക്
1974- കെയ്റോ കഥകൾ
1977- ക്ലിയോപാട്രയുടെ നാട്ടിൽ
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (1962ല്‍, “ഒരു തെരുവിന്‍റെ കഥ"യ്ക്ക്)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം (1973ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ് (1977 ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
ജ്ഞാനപീഠ പുരസ്കാരം (1980 ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
1940 ല്‍ വയനാടിന്‍റെ കഥ പറഞ്ഞ്കൊണ്ട് പ്രസിദ്ധീകരിച്ച, “വിഷകന്യക” എന്ന നോവലിന് മദിരാശി സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
==============================================================================