Showing posts with label കുഞ്ഞി കഥകള്‍. Show all posts
Showing posts with label കുഞ്ഞി കഥകള്‍. Show all posts

Wednesday, 14 October 2020

പരൽ ഫ്രൈ

"നീരാടുവാൻ ..നിളയിൽ....."

മുക്കിലിരുന്നു പാടിയ റേഡിയോ ഒറ്റ പാട്ടിലൂടെ എന്നെ ഉന്തി തള്ളി വിട്ടത് നിളയുടെ തീരങ്ങളിയേക്കാണ്.

സ്ഥിരമായി വരുന്നവരുടെ,ജലപ്പരപ്പിനടിയിലെ വൈകൃതം കണ്ടു മടുത്ത ഏതോ ഒരു പരൽ മീൻ എന്നെ കണ്ടു "യൂ ടൂ..." എന്ന് കടുപ്പിച്ച് മൊഴിഞ്ഞ ശേഷം മുഖം കറുപ്പിച്ചു കാർക്കിച്ചു  തുപ്പിട്ട് പുളിച്ച തെറിയും വിളിച്ചുകൊണ്ടു  ഊളിയിട്ടു ആഴങ്ങളിലെങ്ങോ മറഞ്ഞു.

അങ്ങിനെ ഒരുമീനിനെയും വെറുപ്പിച്ചിട്ടുള്ള ഒരു കുളി വേണ്ട എന്ന് തീരുമാനിച്ചുകൊണ്ട് പതിയെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ..

ആ പരലിനെ എങ്ങിനെ പിടിക്കാം എന്നത് മാത്രമായിരുന്നു മനസ്സു നിറയെ !!

Thursday, 23 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!

               മത്സ്യത്തൊഴിലാളി!!*

പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.

ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!


മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!

Friday, 17 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!

പേരിനു ചില "ബ്രോ"സ്സ്!!


                      ലോക്ക്ഡൗണ് ആയത് കൊണ്ട് എവിടെയും പൊക്കില്ല.പ്രത്യേകിച്ചു പണി ഒന്നും ഇല്ല,എങ്കിലും ഒട്ടും ടൈം ഇല്ല.
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!

എന്നാൽ.. 

ഒരു വാക്കോ അല്ലേൽ വോയ്‌സോ അയച്ചു വിശേഷങ്ങൾ ചോദിക്കില്ല.
ചുരുക്കി പറഞ്ഞാൽ അങ്ങോട്ടു വിളിച്ചാൽ തേൻ ഒലിക്കും, "നിന്നെ വിളിക്കാൻ ഒരുങ്ങുക ആയിരുന്നു" എന്നോ അല്ലേൽ "നീ ആയിരുന്നോ, ഫോൺ മാറ്റിയപ്പോ  നിൻ്റെ നമ്പർ പോയി" എന്നോ പറഞ്ഞേക്കാം!! 

ഇനി അങ്ങോട്ട് വിളിച്ചില്ല എങ്കിൽ ... നമ്മളെകൊണ്ട് എന്തെങ്കിലും ആവശ്യം വരാത്തിടത്തോളം കാലം  "പൂര"ത്തിന് കണ്ട ഭാവം പോലും കാണിക്കില്ല!!

ഈ ലക്ഷണങ്ങൾ ഒക്കെ ആയാൽ, നമുക്ക് മുന്നിൽ ഏതാണ്ട് ഒരു "ബ്രോ" ജനിക്കുകയായ്!!

പേരിനൊരു "ബ്രോ"





Thursday, 9 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-3 !!

            കൂടോത്ര നിർമാർജ്ജന ശേഷം രാഘവമാമയുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുകൊണ്ടിരിക്കെ മാവിൽ നിന്നും പിടിവിട്ടൊരു മാങ്ങ തേടി പുറത്തിറങ്ങിയപ്പോൾ ആണ് ചെടിച്ചട്ടിയിൽ മദാലസ ആയി തഴച്ചുതുടങ്ങിയ ഒരു റോസാച്ചെടിയിൽ കൗമാരം മൊട്ടുകൾ ആയി വളർന്നു തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്.

"അമ്മേ..ദേ റോസ്സിൽ കുരു മുളച്ചു"

"കുരു അല്ലടാ മണ്ടാ പൂ വിരിയാൻ
മൊട്ടിട്ടതാ."

"കൊറേണ്ണം വരിണ്ടല്ലോ"

*******************

ആരും കാണാതെ 60 ഒഴിക്കാൻ ശ്രമം തുടങ്ങിയ നേരത്തുള്ള, എന്‍റെ "റോസ്സചരിത"ത്തിന്‍റെ ഒടുക്കം മാത്രം ശ്രദ്ധിച്ച രാഘവമാമ പെട്ടെന്ന് ഞെട്ടിയതോടെ തറമുഴുവൻ ഫ്ലോർ സാനിറ്റൈസർ പരന്നു... ഒപ്പം "യ്യോ..." എന്ന നെഞ്ചു തകർന്നുള്ള ഒരു കരച്ചിലും!!

റോസ്സ് ചരിതത്തിന്‍റെ ഒടുക്ക വാചകം കേട്ട് "കൊറോണ വരുന്നുണ്ട്" എന്നു തെറ്റിദ്ധരിപ്പിക്കപെട്ടത് കൊണ്ട് മാത്രമാണ് മാമായുടെ ത്രി ഗുണൻ സമാധി ആയത് എന്നറിയാതെ ശബ്ദം കേട്ട ഉടൻ  മാമായുടെ മുറിയിലേയ്ക്ക് ഞാൻ പാഞ്ഞു!!

                                     ഹാപ്പി തല്ലുകൊള്ളൽ ഡേ!!


Wednesday, 8 April 2020

Expectations !!

ഈ "Expectation"എന്ന വാക്കാണ് മനുഷ്യരുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം!!

അതായത് ബാലാ....
നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മറ്റുള്ളവർ പെരുമാറും,നമ്മുടെ മനസ്സറിഞ്ഞു മറ്റുള്ളവർ പ്രവർത്തിക്കും,നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണ്..തുടങ്ങി കൊറോണ നമ്മളെ ബാധിക്കില്ല എന്ന് വരെയുള്ള expectations!!

ഈ വാക്ക് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ "ഡിപ്രെഷൻ" എന്ന വാക്കിനു ഒരർത്ഥവും ഇല്ലാതായി പോയേനെ !!

സത്യം!!


Friday, 3 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-1 !!

 ലോക്ക് ഡൗണ്!!


               
"ദേ ഒരു പൊതി"
"കൂടോത്രം ആകും.തൊടണ്ട
പൊതി എടുക്കുവാൻ തുടങ്ങിയ ചേച്ചിയെ തടഞ്ഞു കൊണ്ടു ഞാൻ ഓടി ചെന്നു.നിരന്തര ശല്യമായ അയൽവാസിക്കുള്ള പണി എങ്ങനെ കൊടുക്കാമെന്നു ആലോചിച്ചിരുന്ന എന്റെ കലി മുഴുവൻ പുറത്തു ചാടി.
"അവന്റെ കോപ്പിലെ കൂടോത്രം" എന്നു പറഞ്ഞു പൊതി എടുത്തോരേറു കൊടുത്തു.

കിഡിം എന്ന ശബ്ദത്തിൽ എന്തോ പൊട്ടി!!!

കൊറോണ കാലത്ത് മദ്യം ഇല്ലാതെ കൈ വിറ തുടങ്ങിയ രാഘവമാമ ആരോടോ ഒരാഴ്ച്ച കെഞ്ചി കിട്ടിയ കുപ്പി ആണെന്നും, അച്ഛൻ അറിയാതെ കുടിക്കാൻ ഗേറ്റിൽ ഒളിപ്പിച്ചു വച്ചത് ആണെന്നും ഒക്കെ അമ്മ പറഞ്ഞറിഞ്ഞ ഉടൻ തന്നെ...., 
കുളിക്കാൻ കയറിയ മാമൻ ഇറങ്ങും മുന്നേ........ 
2 ആഴ്ചത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചുകൊണ്ട്.... 
കിട്ടിയതെല്ലാം എടുത്തു ആദ്യം കണ്ട മുറിയിൽ കയറി ഞാൻ കുറ്റിയിട്ടു!!


Sunday, 8 September 2019

ബന്ധങ്ങൾ ബന്ധനങ്ങൾ!!

                         ല്ലാ ബന്ധങ്ങളും സ്വാര്‍ത്ഥത നിറഞ്ഞതാണ്‌. 

അത് ചിലപ്പോൾ സൗഹൃതത്തിൽ നിന്നും കിട്ടുന്ന "സന്തോഷത്തിന്" വേണ്ടി ആകും, ചിലപ്പോള്‍ ഒരു ആങ്ങളയുടെ അല്ലെങ്കില്‍ പെങ്ങളുടെ സംരക്ഷണവും  സ്നേഹവും കിട്ടുവാന്‍ വേണ്ടി ആകും, ചിലപ്പോൾ പണത്തിനോ ശരീര സുഖത്തിനോ വേണ്ടി ആയിരിക്കും.മറ്റു ചിലപ്പോള്‍ "എന്‍റെത്" എന്ന് പറയുമ്പോള്‍ കിട്ടുന്ന അഭിമാനത്തിന് വേണ്ടി ആയിരിക്കും.


എങ്ങിനെ ഒക്കെ ആയാലും....
തലനാരിഴകീറി നോക്കിയാൽ ഒട്ടുമിക്ക ബന്ധങ്ങളും കാര്യസാധ്യതയ്ക്ക് വേണ്ടി തന്നെ!!

അതിപ്പോ പിറന്നു വീണ കൊച്ചിന് അമ്മയോട് ഉള്ളതായാലും... അമ്മയ്ക്ക് തിരികെ കുഞ്ഞിനോട് ഉള്ള ബന്ധമായാലും അടിസ്ഥാന ഉദ്ദേശം  "സ്വാര്‍ത്ഥത" തന്നെ!!

ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്. 

ആ തിരിച്ചറിവിലൂടെ കാണുമ്പോള്‍ എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍ തന്നെ!!

********************

സ്വാർത്ഥതയ്ക്ക് വേണ്ടി ഉള്ള, നിബന്ധനകൾക്ക് വിധേയമായുള്ള ഒട്ടുമിക്ക ബന്ധനങ്ങളുടെയും  ബന്ധനങ്ങള്‍ പൊട്ടിച്ചെറിയുവാന്‍ മനസ്സ് കൊതിച്ചുതുടങ്ങിയിരിക്കുന്നു.

Wednesday, 3 August 2016

ജയില്‍ മുറി !!


കുമ്പസാരകൂടുകളെ ബഹുദൂരം പിന്തള്ളിക്കൊണ്ട്.....

 പശ്ചാത്താപങ്ങളാല്‍ വിങ്ങുന്ന മനസ്സുകളുടെ കണ്ണുനീരാല്‍ കുതിര്‍ന്ന ചുമരുകളുള്ള  ജയില്‍ മുറി  ദിവ്യത്വം നേടിയതിന് പിന്നില്‍.....

എണ്ണിയാല്‍ തീരാത്ത പാപക്കറകളെ തുടച്ചുനീക്കിക്കൊണ്ട്,
ഉറങ്ങാത്ത രാത്രികളിലെ ഇരുട്ടിന്‍റെ മറവില്‍, മനസിന്‍റെ ആഴങ്ങളില്‍ നിന്നും അടര്‍ന്നു വീണ തേങ്ങലുകള്‍, ആരോരുമറിയാത്ത ഏറ്റുപറച്ചിലുകള്‍, "ഇരകളുടെ" കാലുകളില്‍ മുഖമമര്‍ത്തി ഹൃദയം കൊണ്ടുള്ള മാപ്പ് പറച്ചിലുകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു!!

ഒടുവില്‍....

അനിവാര്യമായ ഫലം ഏറ്റുവാങ്ങുവാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ ഒരു കൈത്താങ്ങായി ജയില്‍ മുറി മാറുകയായിരുന്നു.

അവിടെ ഇടനിലക്കാരായി ദൈവങ്ങളോ, ആത്മീയാചാര്യന്‍മാരോ, മതപണ്ഡിതരോ,അല്ലെങ്കില്‍ മറ്റിടപെടലുകാളോ ഒന്നും തന്നെ ഇല്ലായിരുന്നു!!

മൂകതയില്‍ മുങ്ങിയ ജയില്‍ മുറി, ഒരായിരം കഥകള്‍ പറയുവാന്‍ വെമ്പിക്കൊണ്ടിരുന്നു....




Sunday, 31 July 2016

അശരീരി - വെറുമൊരു ഭ്രാന്തന്‍ !!



ഇല്ല!!

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ ട്രിപ്പീസ്സു കളി ഇനി ഇല്ല !!

പ്രണയമെന്ന് തോന്നിയ ജാര സന്തതിയെ കുടത്തിലാക്കി ഉഗ്ഗ്രതീഷ്ണയുടെ നദിയിൽ ഒഴുക്കി.കാലയവനികയിൽ മറഞ്ഞ പലർക്കും ജാര സന്തതികളെ അല്പ്പം കണ്ണീരിനൊപ്പം ഒഴുക്കികളയുവാൻ  പുരാണങ്ങളുടെ അകമ്പടി സേവ ഒരു കൂട്ടായിരുന്നത്കൊണ്ട്  , മനസ്സെന്തിനു മടിക്കണം ??പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇല്ലാതെ, അടർത്തി മാറ്റിയപ്പോൾ പൊടിഞ്ഞുവോ എന്ന് പോലും ഉറപ്പില്ലാത്ത പച്ചചോരമണം തിരയാതെ,നിശബ്ദതയെ സാക്ഷി നിർത്തി,മനസ്സിനെ ബലി മൃഗം ആക്കിക്കൊണ്ട് ഒരു പേടകം ഇരുട്ടിലെങ്ങോ ഒഴുകി അകലുമ്പോൾ, ശിരസറ്റ് കിടക്കുന്ന ബലിമൃഗത്തിന്‍റെ അവസാന പിടച്ചിൽ നിർവികാരമായി നോക്കി നിന്ന്, ആ കാഴ്ച മനസ്സില് ഉറപ്പിക്കുകയായിരുന്നു അവൻ.

വിശേഷണങ്ങൾക്കോ പുകഴ്ത്തലിനോ,ഗുണനിലവാര ചർച്ചകൾക്കോ ഒന്നും അർഹൻ അല്ലാത്തവൻ.സമൂഹം കല്പിച്ചരുൾ ചെയ്തു നല്കിയ പട്ടികയിൽ പേരില്ലാത്തവൻ.നിർഗുണൻ എന്ന ഇരട്ട പേരിലറിയുന്നവൻ.കാലത്തിനൊപ്പം നടക്കാൻ മടിക്കുന്നവൻ.ഇവനൊരു പേര് വേണമെന്ന് തോന്നിയപ്പോൾ "അശരീരി" എന്നപേര് സ്വയം എടുത്തണിഞ്ഞു.

വ്യക്തിത്വം ഉള്ളവർക്കല്ലേ വ്യക്തമായ പേരിന്‍റെ ആവശ്യം വരൂ.

ഒരു സ്വപ്നം പോലെ, മതി ഭ്രമം പോലെ ഒക്കെ ഇവന്‍റെ സാനിധ്യം പലരും അറിഞ്ഞെന്നു വരാം.ഒരു പക്ഷെ നേരിട്ട് കണ്ടുവെന്ന് വരാം.

പക്ഷെ, അറിഞ്ഞതായി നടിക്കരുത്!!

അവന്‍റെ വാക്കുകള്‍, ചിന്തകള്‍, വികാരങ്ങള്‍ എല്ലാത്തിനേയും പുച്ഛിച്ച് തള്ളുക മാത്രമേ ചെയ്യാവൂ...

ഒടുവിലൊരുനാള്‍ ഇല്ലാത്ത പൈപ്പിന്‍ ചോട്ടില്‍ ഒരിറ്റു ദാഹജലം തേടുന്ന അവനെ നോക്കി, മണിമാളികയിലിരുന്നു കൊണ്ട്, തിന്ന ചോറിനു നന്ദിയില്ലാതെ ഉറക്കെ വിളിച്ചു പറയണം, "ഭ്രാന്തന്‍!!"

അപ്പോഴും അവന്‍റെ ഉള്ളില്‍ ഒഴുകി അകലുന്ന കുടവും, അതിലെ ഓര്‍മകളും, പിന്നെ ലോകത്തോട്‌ മുഴുവനുള്ള സ്നേഹവും മായാതെ കിടപ്പുണ്ടാവും !!

കടലിനെ സ്നേഹിച്ച തീരം കടലിനടിയിൽ അമർന്നത് പോലെ!!