Showing posts with label എന്‍റെ സിനിമ. Show all posts
Showing posts with label എന്‍റെ സിനിമ. Show all posts

Monday, 7 November 2016

എന്‍റെ സിനിമ - ഷോ 7

ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 1934 ൽ ചിലർ ചേർന്ന് ഒരു പ്രതിമ പ്രതിമ സ്ഥാപിക്കുകയുണ്ടായി.ഒരു നായയുടെ!!


എന്തിനെന്നറിയണം എന്ന ആഗ്രഹത്തിൽ ഗൂഗിൾ മാമന്‍റെ ഉമ്മറത്ത് ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ എത്തിപ്പെട്ടപ്പോൾ ആണ് മാമൻ ആ കഥ പറഞ്ഞുതന്നത്.

ആ പ്രതിമയുടെ ജീവനുള്ള രൂപം ആയിരുന്നു "ഹാച്ചിക്കോ" എന്ന ഒരു വളർത്തു നായ.1920 ൽ യെനൊ എന്ന തന്‍റെ യജമാനനെ റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചിരുന്ന ഹാച്ചി, വൈകിട്ട് ജോലി കഴിഞ്ഞു ട്രെയിനിൽ വന്നിറങ്ങുന്ന യെനൊ യ്ക്ക് വേണ്ടി പകൽ മുഴുവൻ ആ സ്റ്റേഷൻ പരിസരത്ത് കാത്തിരിക്കുമായിരുന്നു.ആ പതിവ് അഞ്ചുകൊല്ലം മുടങ്ങാതെ തുടർന്നു.

എന്നാൽ 1925 ൽ ഒരുനാൾ പതിവ് പോലെ സ്റ്റേഷനിൽ വച്ച് ട്രെയിൻ കയറി ജോലിക്കു പോയ ഹാച്ചിയുടെ യജമാനൻ മടങ്ങിവരവ് സാധ്യമല്ലാത്ത ലോകത്തിലേയ്ക്ക് യാത്ര തിരിച്ചതറിയാതെ ഹാച്ചി യജമാനൻ മടങ്ങിവരുന്നതും കാത്ത് സ്റ്റേഷനിൽ തന്നെ തുടരുന്നു.

ആ കാത്തിരിപ്പിനു മുന്നിൽ മണിക്കൂറുകൾ ദിവസങ്ങൾക്ക് വഴിമാറി,ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ പിന്നീട് മാസങ്ങൾക്കും ഒടുവിൽ മാസങ്ങൾ വർഷങ്ങൾക്കും വഴിമാറികൊടുത്തു.ഏകദേശം പത്ത് കൊല്ലം തന്‍റെ യജമാനൻ ഒരിക്കൽ മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ചിയുടെ ശരീരം കാത്തിരിപ്പ് ആത്മാവിന് കൈമാറിക്കൊണ്ട് ഒടുവിൽ നിശ്ചലമായി.

ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ഒന്നും കെട്ടിമാറാപ്പുകളോ അളവുകോലുകളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ പറ്റാത്ത ഇരുകാലികൾക്കിടയിൽ, നിസ്വാർത്ഥ സ്നേഹത്തോടെ .... തന്‍റെ മരണം വരെയുള്ള കാത്തിരിപ്പു തുടർന്ന ആ നാൽക്കാലിയുടെ സ്നേഹം അറിഞ്ഞു കണ്ണുനിറഞ്ഞ ചിലർ ചേർന്ന് ആ കഥ അഭ്രപാളികളിൽ എത്തിക്കുകയുണ്ടായി.

2009 ജൂൺ മാസ്സത്തിൽ പുറത്തിറങ്ങിയ ഹാച്ചി- എ ഡോഗ്സ് ടേൽ എന്ന സിനിമ, ഹാച്ചിക്കോ എന്ന നായയുടെ യജമാന സ്നേഹത്തിന്‍റെ കഥ പറയുന്നു.



ക്ലാസ്സ് മുറിയിൽ വച്ച് തങ്ങളുടെ പ്രീയപ്പെട്ട ഹീറോകളെ പറ്റി പറയുന്ന കുട്ടികൾക്കിടയിൽ നിന്നും തന്‍റെ ഏറ്റവും വലിയ ഹീറോ ഹാച്ചിക്കോ എന്ന, തന്‍റെ മുത്തശ്ശന്‍റെ വളർത്ത് നായ ആണെന്ന് പറഞ്ഞുതുടങ്ങുന്ന റോണി എന്ന കൊച്ചു മിടുക്കനിലൂടെ സിനിമ ഹാച്ചിക്കോയുടെ ജീവിതത്തിലേയ്ക്ക് കടക്കുന്നു.

ബെഡ്റിജ്ജ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോംമിൽ വച്ച് ആണ് പ്രൊഫസർ പാട്രിക് വിത്സൺ ആദ്യമായി കൊച്ചു ഹാച്ചിയെ കണ്ടുമുട്ടുന്നത്.

പിന്നീട്....സ്നേഹിക്കപ്പെടുവാൻ വെമ്പുന്ന ഹൃദയത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു ഈ സിനിമ.കാല്പനികതയോ അതിഭാവുകത്വമോ ഇല്ലാതെ.... ഹൃദയത്തിൽ തൊട്ടുകൊണ്ട് കടന്നുപോകുന്ന കഥാ സന്ദർഭങ്ങളിൽ പലതും കണ്ണിൽ ചെറുനനവോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നെടുവീർപ്പുകളോ പുറപ്പെടുവിച്ചെക്കാം.

 ആത്മാർത്ഥ സ്നേഹം എന്നത് ഒരു മൃഗത്തിന് സാധിക്കും എങ്കിൽ, എല്ലാം തികഞ്ഞവർ എന്നൂറ്റം കൊള്ളുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്ത പ്രേക്ഷകർക്കുള്ളിൽ ജനിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയവും.

ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാടു സിനിമകൾ കാണുമെങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ട്, ഹൃദയസ്പർശ്ശിയായ ഈ സിനിമ തന്നെ ആവും എക്കാലത്തെയും എന്‍റെ ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉണ്ടാവുക.


കാത്തിരിപ്പിന് ഒരു നല്ലവശം ഉണ്ട്.ഒരിക്കൽ നടക്കും എന്ന നല്ലവശം.അത്തരം  ശുഭ  പ്രതീക്ഷകൾ തന്നെയാണ്  ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.


  








Monday, 24 October 2016

എന്‍റെ സിനിമ - ഷോ 6

           ടുത്ത ഷോ ആയി പ്രദര്‍ശിപ്പിക്കാനായി ഒരു സിനിമ പ്രൊജക്ടർ റൂമിൽ വരെ എത്തിച്ചപ്പോൾ ആണ് അപ്രതീക്ഷിതമായി ഒരു കവറുമായി ഒരാൾ!!

ആരാണപ്പാ നുമ്മക്ക് കവർ തരാൻ എന്ന് കരുതികൊണ്ട്, കവറിലേയ്ക്ക് നോക്കിയപ്പോൾ "കുടനന്നാക്കുന്ന ചോയി" മാധവന് കൈ മാറിയ ലക്കോട്ട് ആണ് മനസ്സിൽ വന്നത്. അപ്പോൾ ഏതോ ഒരു ഫോൺ വന്നു. കവർ മേശമേൽ വച്ചിട്ടു ഫോണിൽ സംസാരം കഴിഞ്ഞു വന്നപ്പോളേയ്ക്കു കവറിൻ്റെ കാര്യം മറന്നു കഴിഞ്ഞു.

പിന്നീടെപ്പോഴോ യാദൃശ്ചികമായാണ് ആ കവർ ഒന്ന് തുറന്നു നോക്കാൻ തോന്നിയത്.തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

കവറിനുള്ളിൽ നവംബർ നാലിന് മാത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു സിനിമ ചെയ്ത സ്റ്റുഡിയോ അവരുടെ ഓഫീസിലെ ആളുകൾക്ക് വേണ്ടി മാത്രം പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഒരു ഷോ, അതുകാണുവാൻ.....

അതും ആ സിനിമയിൽ വർക്ക്‌ ചെയ്തിട്ടുള്ള കലാകാരന്മാരോടൊപ്പം തന്നെ ഇരുന്നു കാണുവാൻ ഉള്ള പ്രത്യേക ക്ഷണം.ഒപ്പം ടിക്കറ്റും!!!



അനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ,.... ലോകത്തിലെ ഏറ്റവും മികച്ച അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ.....
ഹോളിവുഡ് സിനിമയിലെ സൂപ്പർസ്റ്റാർ സംവിധായകൻ "സ്റ്റീവ് സ്പിൽബർഗ്"ൻ്റെ ഉടമസ്ഥതയ്യിൽ ഉള്ള "ഡ്രീം വർക്സ്" എന്ന സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ആനിമേഷൻ സിനിമ ആയ "ട്രോൾസ്" എന്ന സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നേ കാണുവാൻ കിട്ടിയ അവസ്സരം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലിയ സന്തോഷം നൽകുന്നതായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ പ്രത്യേക ഷോ നടക്കുന്ന തീയറ്ററിൽ എത്തി ചേർന്നു.

സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകളെ എല്ലാം പരിചയപ്പെട്ടുകഴിഞ്ഞപ്പോളേയ്ക്കു സിനിമ തുടങ്ങി.

ആടുകയും പാടുകയും പരസ്പരം സ്നേഹിച്ചുകൊണ്ട് ആലിംഗനം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് സന്തോഷകരമായി ജീവിക്കുന്ന ഇത്തിരി കുഞ്ഞന്മാരായ ജീവികൾ ആണ് ട്രോൾസ്.എന്നാൽ, ഒരിക്കലും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കാത്ത ഭീമാകാരന്മാർ ആണ് ബെർഗെൻസ്. ട്രോൾസ് നെ ഭക്ഷിക്കുന്നതിലൂടെ മാത്രം ആണ് തങ്ങൾക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന് ചിന്തിക്കുന്ന ബർഗെൻസ് , ഇപ്പോഴും അതിനായുള്ള ശ്രമങ്ങളിൽ ആണ്.

ബർഗൻസിൽ നിന്നും ഓടി രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചു താമസിക്കുന്ന ട്രോൾസ്കൾ ,അവർക്കിടയിലേക്ക് ഒരു നാൾ ഒരു ബർഗന്‍ കടന്നു വന്ന് അവരില്‍ ചിലരെ കൊണ്ടുപോകുന്നു.ഇരുപതു വർഷങ്ങൾക്കു ശേഷമാണ്  അവര്‍ക്കങ്ങിനെ ഒരു അപകടം സംഭവിക്കുന്നത്.അന്ന് അവരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ ട്രോൾസ് രാജാവ് "പെപ്പി"ക്ക് ഇന്ന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു.

ട്രോള്‍സ്സ്  രാജകുമാരി "പോപ്പി" ഒറ്റയ്ക്ക് തന്‍റെ കൂട്ടുകാരെ രക്ഷപെടുത്താന്‍ യാത്ര തിരിക്കുന്നു.യാത്രയ്ക്കിടയിൽ സംഭവിക്കുന്ന അപകടത്തിൽ നിന്നും പോപ്പിയെ രക്ഷപ്പടുത്തുന്ന "ബ്രഞ്ച്" എന്ന ട്രോൾസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം.പിന്നീടങ്ങോട്ടുള്ള യാത്ര അവർ ഒന്നിച്ചായി.

 "എല്ലാവരുടെയും ഉള്ളിൽ സന്തോഷം ഉണ്ട്, അത് നമ്മൾ കണ്ടെത്തിയാൽ ജീവിതം ഹാപ്പി ആയിരിക്കും" എന്ന ഒരു സന്ദേശം നേരിട്ട് പറയാതെ പറയുന്ന മനോഹരമായ കഥാന്ത്യത്തിൽ മനസ്സുനിറഞ്ഞു തിയറ്ററിനു വെളിയിലേക്കു പോന്നപ്പോൾ സിനിമയിലെ രസകരമായ സംഭാഷങ്ങളും , രംഗങ്ങളും ആയിരുന്നു ഏവരുടെയും സംസാര വിഷയം.

ട്രോൾസ് തൊപ്പിയും, ഒരു ബാഡ്ജും , അതിലെ ഓരോ കഥാപാത്രങ്ങളുടെയും ഒക്കെ ഡ്രോയിങ്ങ്‌സ്സും മറ്റു വിവരങ്ങളും ഉള്ള ഒരു പുസ്തകവും കിട്ടി.

700 കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ഈ മനോഹരമായ ആനിമേഷൻ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ നടത്തിയിരിക്കുന്നത് "ഡ്രീം വർക്ക്സ്" സ്റ്റുഡിയോ ആണ്.


ലോകത്തിലെ എല്ലാ വർണ്ണങ്ങളും ചാലിച്ച് നെയ്തു കൂട്ടിയ ഒരു മനോഹര സ്വപ്നം എന്നതുപോലെ കണ്ടിരിക്കാൻ പറ്റുന്ന,മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന രംഗങ്ങളും സംഭാഷണങ്ങളും, ഹൃദയ സ്പർശ്ശിയായ സന്ദർഭങ്ങളും നിറഞ്ഞ, നല്ലൊരു കഥയുള്ള ഈ  കൊച്ചു സിനിമ നവംബർ 4 ന് ലോകമെമ്പാടും റിലീസ് ആകുന്നു.ത്രീ ഡി ഗ്ളാസ്സ് വച്ച് തീയറ്ററിൽ തന്നെ പോയി കാണുവാൻ ശ്രമിക്കും എന്ന വിശ്വാസത്തോടെ .....

(ട്രോൾസ് തൊപ്പി ധരിച്ച പാവം മീ )



Friday, 21 October 2016

എന്‍റെ സിനിമ - ഷോ 5

                                           ഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഏതോ ലോക്കല്‍ ചാനലില്‍ ഒരു കോമഡി സിനിമ. മലയാളത്തിലെ ദിലീപ് എന്ന നടന്‍ അഭിനയിച്ചു തകര്‍ക്കുന്ന ദയനീയ കാഴ്ച വീട്ടിലെ ടെലി "വിഷം", കാണിച്ചു തന്നു. വീട്ടില്‍ എല്ലാവരും ഇരുന്നു കാണുന്നു. ചില രംഗങ്ങള്‍ കണ്ടപ്പോള്‍ നല്ല പരിചയം. പണ്ടെന്നോ കണ്ട ഒരു ഇംഗ്ലീഷ്  സിനിമയുടെ കഥ പോലെ !!

ഉറപ്പിക്കാന്‍ വേണ്ടി,തൂശനിലയില്‍ പരസ്യം വിളബിയ നേരത്ത് അതുവരെ ഉള്ള കഥ ചോദിച്ചറിഞ്ഞു.അതുവരെ ഉള്ള കഥയും നല്ല പരിചിതം.

"എന്നാല്‍ പിന്നെ രണ്ടിലോന്നറിയണമല്ലോ" എന്ന് കരുതി, ടെലിവിഷത്തിനു മുന്നില്‍ കാലും നീട്ടി ഞാനും ഇരിപ്പുറപ്പിച്ചു.
ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കാണുവാന്‍ ഒരു കിലോമീറ്റര്‍ നടന്നു ചെന്ന്, നാട്ടില്‍ ടിവി ഉള്ള അപൂര്‍വ്വം ചില വീടുകളില്‍ ഒന്നായ "സെബാസ്റ്യന്‍ ചേട്ടായി"യുടെ വീട്ടിലെ ചുമന്നു മിനുത്ത തറയിലെ തണുപ്പാസ്വദിച്ചുകൊണ്ട്, കണ്ണും വായും തുറന്ന് നിലത്തിരുന്നു  സിനിമ കണ്ട വള്ളി നിക്കറുകാരന് കിട്ടിയിരുന്ന സുഖമൊന്നും ഇപ്പോഴത്തെ ഇരിപ്പിനില്ല!!
ഓര്‍മകളിലേയ്ക്ക് ഊളിഇടാന്‍ തുടങ്ങും മുന്നേ തന്നെ ദിലീപ് സ്ക്രീനില്‍ കോപ്രായങ്ങള്‍ തുടര്‍ന്നു.

മലപ്പുറം കത്തിയും, അമ്പും വില്ലും, വെല്ലുവിളികളും പൊങ്ങച്ചവുമൊക്കെയായി വന്ന "പവനായി" ഒടുവില്‍ ശവമായി!!

എല്ലാവീടുകളിലേയും പോലെ ഒരു ക്ലീഷേ ആയി, ടെലിവിഷം യഥാര്‍ത്ഥ വിഷമായ സീരിയലുകളിലേയ്ക്ക്  മൂക്കും കുത്തി വീണപ്പോള്‍ എണീറ്റ്‌ ഉമ്മറത്ത് ചെന്നിരുന്നുകൊണ്ട്.... ആ സിനിമയുടെ യഥാര്‍ത്ഥ സിനിമയുടെ പേരോര്‍ത്തെടുക്കുവാന്‍ ഒരു ശ്രമം നടത്തി.

ഇല്ല.... രക്ഷയില്ല!!

സിനിമകളില്‍ വര്‍ണ്ണങ്ങള്‍ പടരും മുന്നേ ഇറങ്ങിയ ഒരു സിനിമയുടെ പേരും, ഓര്‍മയുടെ വര്‍ണ്ണങ്ങള്‍ക്കപ്പുറമെങ്ങോ മറഞ്ഞുവോ ???

ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആ ഒര്‍ജിനല്‍ സിനിമയ്ക്ക് സംസാര ശേഷി ഇല്ലായിരുന്നു.പശ്ചാത്തല സംഗീതവും, ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ കൂടി നമുക്ക് പരിചിതമായ ചില വിവരണങ്ങളും, പെട്ടെന്നുള്ള ചലനങ്ങളും ഒക്കെ ആയി, ഒന്നര മണിക്കൂറില്‍ താഴെ മാത്രമുള്ള ഒരു കൊച്ചു സിനിമ.

ഇന്നത്തെ സാങ്കേതിക മികവ് മനസ്സില്‍ വച്ചുകൊണ്ട് ഒരിക്കലും കാണുവാന്‍ പാടില്ലാത്ത ഒരു സിനിമ ആണ് എങ്കിലും, അഭിനയം, സംവിധാനം തുടങ്ങി പലതും ഇന്നത്തെ പല സിനിമകളെക്കാളും മികച്ചത്!!

മലയാള വേര്‍ഷന്‍ മിക്കവരും കണ്ടതായത് കൊണ്ട് തന്നെ കഥാവിവരണം ഒഴിവാക്കിക്കൊണ്ട് സിനിമയുടെ ലിങ്ക്  താഴെ ചേര്‍ക്കുന്നു.

1923 നവംബര്‍ 19 ന് പ്രദര്‍ശനത്തിനെത്തിയ "അവര്‍ ഹോസ്പിറ്റാലിറ്റി" എന്ന ഈ ചിത്രത്തില്‍ "ബസ്‌റ്റര്‍ കേറ്റണ്‍ " പ്രധാന വേഷത്തില്‍ എത്തുന്നു. ഈ ചിത്രത്തിന്‍റെ പ്രധാന സംവിധായകന്‍ അദ്ദേഹം തന്നെ ആണ്.മൊത്തം കളക്ഷന്‍ ഏകദേശം മൂന്നര കോടിയില്‍ അധികം ആണ്.



*************************************************************************************

Thursday, 20 October 2016

എന്‍റെ സിനിമ - ഷോ 4

                          കാള്‍ ഫെഡ്രിക്സന്‍ എന്ന എട്ടുവയസ്സുകാരന്‍ സൌത്ത് അമേരിക്കയിലെ പാരഡൈസ്സ് വെള്ളചാട്ടം കാണുവാനായ അതിയായി ആഗ്രഹിക്കുന്നു.പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ആഗ്രഹത്തെ മനസ്സിലെവിടെയോ കൊണ്ടുനടക്കുന്നു.

വളരെ ചുറുചുറുക്കുള്ള ഏലി എന്ന കളികൂട്ടുകരിയോടൊപ്പം കളിച്ചു നടക്കുന്ന ഫെഡ്രിക്സന്‍.ഏലി എന്നും അയാള്‍ക്കൊരു അത്ഭുതമായിരുന്നു.ഒടുവില്‍ തങ്ങളുടെ ബാല്യകാല സ്വപ്‌നങ്ങള്‍ എല്ലാം ഒരുമിച്ചു നേടുവാന്‍ തീരുമാനിച്ച്കൊണ്ട് അവര്‍ വിവാഹ ജീവിതം തുടങ്ങുന്നു.

ഫെഡ്രിക്സന്‍ ബലൂണ്‍ വില്പനയിലൂടെ ഉപജീവനത്തിനുള്ള പണം ഉണ്ടാക്കുന്നു.അവരുടെ  കൊച്ചു ഭവനത്തില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്നു.

ഏലിയുടെയും ഫെഡ്രിക്സന്‍റെയും ജീവിതത്തില്‍ ഒരു കുഞ്ഞുണ്ടാവഞ്ഞതിന്റെ വിഷമം ഉള്ളില്‍ ഉള്ളപ്പോഴും, അവരുടെ പരസ്പര സ്നേഹവും പെരുമാറ്റവും എല്ലാം ഹൃദയത്തെ സ്പര്ശ്ശിക്കുന്നതാണ്.
പാരഡൈസ്സ് വെള്ളചാട്ടം കാണുവാന്‍ പോകാന്‍ വേണ്ടി അവര്‍ മിച്ചം വരുന്ന പണം പലപ്പോഴും കൂട്ടി വച്ചു എങ്കിലും, എപ്പോഴും അത് മറ്റാവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടതായി വരുകയാണുണ്ടായത്. 

ഒടുവില്‍ ഭാര്യയുടെ മരണ ശേഷം, ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന ഫെഡ്രിക്സന്‍, റിട്ടയര്‍മെന്റ് ഭാവനത്തിലെയ്ക്ക് പോകേണ്ട ഒരു സാഹചര്യം ഉടലെടുത്തപ്പോള്‍, താനും തന്‍റെ ഭാര്യയും, തങ്ങളുടെ സ്വപ്നങ്ങളും ഒക്കെ ഉറങ്ങിയിരുന്ന ആ വീടും കൊണ്ട്,വാര്‍ദ്ധക്യം തളര്‍ത്താത്ത മനസ്സുമായി, ഭാര്യക്ക്‌ കൊടുത്തിരുന്ന വാക്ക് പാലിക്കാനായി ഒരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നു.തങ്ങളുടെ എക്കാലത്തെയും സ്വപ്നഭൂമിയായിരുന്ന പാരഡൈസ്സ് വെള്ളചാട്ടം തന്നെ ലക്‌ഷ്യം.

ബലൂണുകളില്‍ തൂങ്ങി പറക്കുന്ന ആ വീട്ടില്‍ പക്ഷെ അദ്ദേഹത്തെ കൂടാതെ മറ്റൊരാള്‍ കൂടി  കയറി കൂടിയിരുന്നു ,അയാള്‍ പക്കത്തെ റസല്‍ എന്ന കൊച്ചു കുട്ടി!!

അവരുടെ തുടര്‍ യാത്രയില്‍ ഉണ്ടാകുന്ന  ചില സംഭവങ്ങളിലൂടെ ചിത്രം അതി വേഗം മുന്നോട്ടു പോകുന്നു.അടുത്തതായി അവര്‍ക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷ തുടര്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

             വാള്‍ട്ട് ഡിസ്നി പിക്ചേര്‍ഴ്സും, പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസ്സും ചേര്‍ന്ന് 2009 ലെ മെയ്‌ 29 ന്  പുറത്തിറക്കിയ "UP" എന്ന ഈ ആനിമേഷന്‍ സിനിമ 2010 ലെ ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്BAFTA തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആസ്വദിപ്പിച്ചുകൊണ്ട്, ഏകദേശം 4898 കോടി രൂപ ബോക്സ്‌ഓഫീസ് കളക്ഷന്‍ വാരി കൂട്ടി.

ഏതൊരു നല്ല സിനിമ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ആനിമേഷന്‍ സിനിമകളും എന്ന്, ഈ പംക്തിയിലെ ആദ്യ ഷോയില്‍ അവതരിപ്പിച്ച സിനിമ മുഴുവനായി കണ്ടിട്ടുള്ള ഏവര്‍ക്കും മനസ്സിലായിട്ടുണ്ടാവും.
അങ്ങിനുള്ളവരോടായി.... 
ആനിമേഷന്‍ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരോടായി.....
..............
"ഒരുപാട് ആളുകളുടെ ഒരുപാടു വര്‍ഷത്തെ ശ്രമങ്ങള്‍ ആണ് ഒരു അനിമേഷന്‍ സിനിമ.അത് ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ കണ്ടാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ. അതുകൊണ്ട്, വല്ലപ്പോഴും നല്ല ആനിമേഷന്‍ സിനിമകള്‍ നിങ്ങളുടെ കുട്ടികളോടൊപ്പം തീയറ്ററില്‍ പോയി തന്നെ കാണുവാന്‍ ശ്രമിക്കുക.അതിനു പറ്റാത്തവര്‍ ഒര്‍ജിനല്‍ പ്രിന്‍റ് എങ്കിലും കാണുവാന്‍ ശ്രമിക്കുക
*************************************************************************************

Monday, 1 August 2016

എൻ്റെ സിനിമ- ഷോ 3

                             ർക്കുട്ട് എന്ന അകാല ചരമം പൂകിയ, "സോഷ്യൽ മീഡിയകളുടെ തുടക്കക്കാരനിൽ" നിന്നും പരിചയപ്പെട്ട ആ സുഹൃത്തിനോട് വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു.ഹോബികളെ കുറിച്ചുള്ള സംസാരം  എപ്പോഴോ സിനിമകളെ കുറിച്ചുള്ളതായി മാറിയപ്പോൾ ആണ് ആദ്യമായി കൊറിയൻ സിനിമകളെ കുറിച്ച് കേൾക്കുന്നത്.അവരുടെ സിനിമകളെ കുറിച്ച് ആവേശത്തോടെ സംസാരിച്ച് പിരിയുമ്പോൾ ഒരു അഭ്യർത്ഥന പോലെയോ നിർദ്ദേശം പോലെയോ ആ സുഹൃത്ത് ഒരു കൊറിയൻ സിനിമ എങ്കിലും കണ്ടു നോക്കണം എന്നു പറഞ്ഞു.ഒപ്പം നല്ല ചില സിനിമകളുടെ പേരും പറഞ്ഞുതന്നു.പിന്നെയും കുറച്ച് നാളുകൾക്കു ശേഷം ആണ് ആദ്യമായി ഒരു കൊറിയൻ സിനിമ കാണുവാൻ തോന്നിയത്.സംഭാഷണ രീതികൾ ചിരി പടർത്തി എങ്കിലും, സബ് ടൈട്ടിലിൻ്റെ സഹായത്തോടെ സിനിമ മൊത്തം കണ്ട് തീർത്തപ്പോൾ ആദ്യം ചെയ്തത്, ഏറ്റവും നല്ല കൊറിയൻ സിനിമകളുടെ ടോറന്റ് തിരയുക തന്നെ ആണ്.പല പല സിനിമകൾ കണ്ടപ്പോൾ അതൊരത്ഭുത ലോകം തന്നെ എന്നു മനസ്സിലാക്കുവാൻ സാധിച്ചു.

ഓർക്കുട്ടിനൊപ്പം,കൊറിയൻ സിനിമകളെ കുറിച്ച് വാതോരാതെ  ആ സൗഹൃദവും മരിച്ചു എങ്കിലും, ഓരോ കൊറിയൻ സിനിമകൾ കാണുമ്പോഴും എങ്ങോ നഷ്ടപ്പെട്ട ആ സൗഹൃദത്തെ കുറിച്ചോർക്കാറുണ്ട്. മനോഹരമായ കൊറിയൻ സിനിമാ ലോകത്തിലേയ്ക്ക് എന്നെ എത്തിച്ചതിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത ആ സുഹൃത്തിന് നന്ദി പറയാറുണ്ട്.

 പ്രണയമോ, യുദ്ധമോ, സൗഹൃദമോ, ആത്മബന്ധമോ അങ്ങിനെ വിഷയം എന്തുമാകട്ടെ, കണ്ടിരിക്കുന്നുവരുടെ ഹൃദയത്തിൽ പതിയും വിധം, മനോഹരമായ ഒരു കവിത പോലുള്ള കൊറിയൻ സിനിമകളിൽ മിക്കതും ഈ വേദിയിൽ അവതരിപ്പിക്കുവാൻ അർഹം തന്നെ.

എന്നാലും.
എൻ്റെ സിനിമയുടെ ഇന്നത്തെ ഷോയിൽ അവതരിപ്പിക്കുന്നത് , 2004 ൽ പുറത്തിറങ്ങിയ "Windstruck" എന്ന  കൊറിയൻ മൂവി  ആണ്.
Windstruck )

ഹൃദയ സ്പർശിയായ പ്രണയം അതാണ് "വിൻഡ്‌സ്റ്റ്ക്ക്"

ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ള, പ്രണയിക്കുവാൻ ആഗ്രഹിക്കുന്ന, മനസ്സിൽ പ്രണയം കാത്ത് സൂക്ഷിക്കുന്ന, ഏതൊരാൾക്കും പ്രണയാതുരമായ ഹൃദയത്തോട് കൂടി മാത്രം കണ്ടിരിക്കാവുന്ന സിനിമ എന്നത് തന്നെ ആണ് ഈ സിനിമയുടെ പ്രത്യേകത!!

സിനിമ കണ്ടു തീരുമ്പോൾ, തൻ്റെ പ്രണയം, അതിന്നെവിടെ ആണെങ്കിലും അതിൻ്റെ മനോഹരമായ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ എത്തുകയും, സ്വന്തം പ്രണയത്തെ മനസ്സുകൊണ്ടെങ്കിലും വാരിപുണർന്നു പോകുകയും ചെയ്യും എന്നതാണ് സത്യം.
Windstruck )

വാക്കുകൾക്കതീതമായ അനുഭവം കണ്ടുതന്നെ അറിയുന്നതാണ് നല്ലത് എന്നത് കൊണ്ട് തന്നെ കൂടുതൽ വിവരണം കണ്ട് തന്നെ അറിയുക.








Thursday, 14 July 2016

എന്‍റെ സിനിമ - ഷോ 2

                      ന്‍റെ സിനിമ എന്ന ഈ പംക്തിയുടെ ആദ്യ ഷോയില്‍ സിനിമ കാണുവാന്‍ വന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, അടുത്ത ഷോയിലേയ്ക്ക് കടക്കുന്നു.


നല്ലൊരു കഥയ്ക്കനുസരിച്ച്,നല്ലൊരു സംവിധായകന്‍റെ കീഴില്‍ കഥാപാത്രങ്ങള്‍ ജീവിക്കുമ്പോള്‍, നല്ലൊരു  സിനിമ ജനിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, അത്തരത്തില്‍ ജനിച്ച ഒരു സിനിമ ആണ് 2001 ഡിസംബര്‍ 28 ന്  പുറത്തിറങ്ങിയ "ഐ ആം സാം" എന്ന ഇംഗ്ലീഷ് മൂവി.

ജെസ്സി നെല്‍സണ്‍ കഥയും തിരക്കഥയും എഴുതിയ ഈ സിനിമ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു.

ഏഴു വയസ്സിന്‍റെ മാനസ്സിക വളര്ച്ച മാത്രമുള്ള അച്ഛനായി "സീന്‍ പെന്‍" എന്ന,രണ്ട് തവണ ഓസ്കാര്‍ നേടിയ അതുല്യ നടന്‍ അഭിനയിക്കുക അല്ല, മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയാണ്.


ഈ സിനിമയിലെ അഭിനയത്തിന് എന്തൊകൊണ്ട് അദ്ദേഹത്തിന് ഓസ്കാര്‍ കിട്ടിയില്ല എന്നത്, അക്കൊല്ലത്തെ അവാര്‍ഡു നേടിയ സിനിമ കണ്ടപ്പോള്‍ തോന്നാതിരുന്നില്ല എന്നതാണ് സത്യം.

തന്നെക്കാള്‍ മാനസ്സിക വളര്‍ച്ചയില്‍ എത്തിയ, തന്‍റെ മകള്‍ "ലൂസി ഡയമണ്ട്" എന്ന കൊച്ചുസുന്ദരി കുട്ടിയെ അധികാരികള്‍ സാം എന്ന അച്ഛനില്‍ നിന്നും അകറ്റുമ്പോള്‍ നിസ്സഹായനായി മാറുന്ന സാം ഒടുവില്‍,"റിത ഹാരിസന്‍" എന്ന  നഗരത്തിലെ പ്രശസ്ത വക്കീലിനെ സമീപിക്കുന്നു.

ആദ്യമെല്ലാം സാമിനെ ഒഴിവാക്കാന്‍ ശ്രമിച്ച "റിത" ഒടുവില്‍ ഫ്രീ ആയി ആ കേസ് വാദിക്കുവാന്‍ തയ്യാറാകുന്നു.

തന്നെക്കാള്‍ മാനസ്സിക വളര്‍ച്ച കുറവുള്ള അച്ഛന്റെ മുന്നില്‍, തന്‍റെ കഴിവുകള്‍ മനപൂര്‍വം കുറച്ചു കാണിക്കുന്ന ലൂസിയും, സാമിനെ പോലെ തന്നെ മാനസ്സിക വളര്ച്ച കുറഞ്ഞ സാമിന്റെ ചില കൂട്ടുകാരുടെ സ്നേഹവും,സാമിന് വേണ്ടി സാക്ഷി പറയുവാന്‍ വരുന്നവരും ഒക്കെ ആയി വളരെ മനോഹരമായ ഒരു സിനിമ ആണ് "ഐ ആം സാം".


മറ്റു തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ സമയം, ഒറ്റയ്ക്കിരുന്നു കാണുന്ന ഏതൊരാള്‍ക്കും മനസ്സ് നിറയുന്ന,സന്തോഷ കണ്ണീര്‍ പൊടിയുന്ന പല ഹൃദയ സ്പര്‍ശിയായ രംഗങ്ങളും ഈ സിനിമയുടെ പ്രത്യേകതകള്‍ ആണ്.








ട്രെയിലര്‍ കാണുവാന്‍ ഇവിടെ 



Tuesday, 12 July 2016

ഒരു ആനിമേഷന്‍ സിനിമ !!



                             രു ആനിമേറ്റര്‍ ആയി ഉപജീവനം നടത്തുന്നത് അഭിമാനമായി കരുതുന്നത് കൊണ്ട് തന്നെ "എന്‍റെ സിനിമ" എന്ന ഈ പംക്തിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഒരു ആനിമേഷന്‍ സിനിമ തന്നെയാണ് !!

"വാൾട്ട് ഡിസ്‌നി പിച്ചേഴ്‌സ്" ഉം "പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ"യും ചേര്‍ന്ന്, 2003 മെയ് മാസം 30ന്  പുറത്തിറക്കിയ "ഫൈൻ്റിങ്ങ് നെമോ" എന്ന ആനിമേഷന്‍ സിനിമ 2004 ല്‍ ഓസ്കാറും, ഗോള്‍ഡന്‍ ഗ്ലോബും അടക്കം നിരവധി പുരസ്കാരങ്ങള്‍ വാരികൂട്ടുക തന്നെ ചെയ്തു.

1 മണിക്കൂര്‍ 40 മിനിറ്റുള്ള ഈ സിനിമ 630 കോടി രൂപ മുതൽ മുടക്കിൽ ഏകദേശം 6500 കോടിയോളം രൂപ കളക്ഷൻ നേടുകയുണ്ടായി.ഈ സിനിമയുടെ, നാല് കോടിയിലധികം ഡിവിഡി കൾ ആണ് വിറ്റുപോയത്.



ഓറഞ്ചും വെള്ളയും കറുപ്പും കൂടി കലർന്ന് മനോഹര നിറമുള്ള ക്ലൌണ്‍ഫിഷ്‌ ആയ "മര്‍ലിന്‍" തന്‍റെ മകനായ "നിമോ" യെ രക്ഷപെടുത്തുവാന്‍ വേണ്ടി നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാവുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം.

"ഭാര്യയേയും നൂറുകണക്കിന് മുട്ടകളെയും ഒരു മത്സ്യം തിന്നത്കൊണ്ട്, അവശേഷിച്ച ഒരേ ഒരു മുട്ടയില്‍ നിന്നും ഉണ്ടായ "നിമോ" യെ വളരെ കരുതലോടെയും,നീയന്ത്രണങ്ങളോടെയും ആണ് "മര്‍ലിന്‍" വളര്‍ത്തുന്നത്.ഒരിക്കല്‍ അച്ഛനും ആയി പിണങ്ങുന്ന "നിമോ" ആഴക്കടലിലേയ്ക്ക് നീന്തുകയും ഒരു ബോട്ടില്‍ വന്നവര്‍ അവനെ പിടിച്ച് കൊണ്ട്പോവുകയും ചെയ്യുന്നു.മകനെ തേടി പുറപ്പെടുന്ന മെര്‍ലിന്‍, ഷോര്‍ട്ട്ടേം മെമ്മറി ലോസ്സ് ഉള്ള "ഡോറി" എന്ന നീല മത്സ്യത്തെ കണ്ടുമുട്ടുന്നു.നിമോയെ തേടിയുള്ള യാത്രയില്‍ "ഡോറി" കൂടി ചേരുന്നു.യാത്രയില്‍ അവര്‍ കുറെ അപകടങ്ങള്‍ നേരിടുന്നു.


അതെ സമയം,സിഡ്നി ഹാര്‍ബറിനടുത്തുള്ള ഒരു ഫിഷ്‌ടാങ്കില്‍ എത്തപ്പെട്ട നിമോ മറ്റ് മത്സ്യങ്ങളോടൊപ്പം  അവിടുന്ന് രക്ഷപെടാന്‍ വേണ്ടി പല രീതിയില്‍ ശ്രമിക്കുന്നു"

കടലിനടിയിലെ ദൃശ്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ കുട്ടികളെക്കാള്‍ അധികം കണ്ടിരിക്കുന്നത് മുതിര്‍ന്നവര്‍ ആണ്.സിനിമയിലെ എല്ലാ സീനുകളും പൂര്‍ണമായി കമ്പ്യൂട്ടര്‍ നിര്‍മിതം ആണെന്നത് അവിശ്വസനീയം എന്ന് തോന്നും.അത്ര മനോഹരമായും റിയല്‍ ആയും ആണ് കടലും, കടലിനടിയും ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്.


ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ആനിമേഷൻ സിനിമ കാണണം എന്ന ആഗ്രഹം തോന്നാത്തവർക്ക്‌ പോലും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് "ഫൈൻ്റിങ്ങ് നെമോ" എന്നതിൽ സംശയമില്ല.


                                  ************************************************

ഇനി നമുക്ക് തിരശീലയ്ക്ക് പിറകിലേക്ക് പോകാം................

                                       "നിമേഷന്‍" എന്നാല്‍ കുട്ടികളി, കുട്ടികള്‍ക്കുള്ള സിനിമ എന്നാണ് ഒരു സാധാരണ ഇന്ത്യക്കാരനുള്ള ധാരണ. ആനിമേറ്റര്‍ ആണ് എന്ന് അറിയുമ്പോള്‍ "കൊള്ളാവുന്ന പണി ഒന്നും കിട്ടിയില്ലേ?", "ഇതുവരെ ജോലി ഒന്നും ആയില്ല അല്ലെ" എന്നൊക്കെ ചോദിച്ചവരും, ചോദിക്കുന്നവരും ഒരുപാടാണ്..
.
                    എന്നാല്‍ ഒരു ആനിമേഷന്‍ സിനിമയുടെയോ അല്ലെങ്കില്‍ ഒരു ആനിമേഷന്‍ സീരിയലിന്‍റെയോ പിന്നില്‍ ഉള്ള പ്രയത്നം എത്രത്തോളമെന്നോ അതിന് വരുന്ന ചിലവുകള്‍, സമയം  എന്നിവയെ കുറിച്ചോ ഒന്നും തന്നെ അറിയാത്തവരാണ് മിക്കവരും..
.
ആമുഖം:
         രണ്ടു രണ്ടരമണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ശരാശരി മലയാള സിനിമ ചെയ്യുന്നതിന് നൂറില്‍ താഴെ ആളുകളും, മൂന്നു മുതല്‍ അഞ്ചു കോടിയോളം രൂപ ചിലവും, രണ്ടോ മൂന്നോ മാസത്തെ അധ്വാനവും മതി..
.
എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ആനിമേഷന്‍ സിനിമയുടെ പുറകില്‍ ആയിരത്തോളം ആളുകളുടെ നാലോ അഞ്ചോ വർഷത്തെ പ്രയത്നവും ആയിരംകോടി രൂപയോളം ചിലവും ഉണ്ട് എന്നു പറയുമ്പോൾ അതിശയം തോന്നരുത്. ഒരു ആനിമേഷൻ സീരിയലിന് വരെമുന്നൂറും നാനൂറും കോടി രൂപ ചിലവുണ്ടെന്നതാണ് സത്യം !!.
എന്തുകൊണ്ടാണ് ഇത്രയും ചിലവ് വരുന്നതെന്ന് അറിയണമെങ്കിൽ, നമ്മൾ കാണുന്ന ഒരു ആനിമേഷന്‍ ചലച്ചിത്രത്തിന് പിന്നിൽ ഉള്ള ഘട്ടങ്ങൾ എന്തൊക്കെ ആണെന്ന് പരിശോധിക്കാം..
           പൊതുവെ നമ്മൾ "ആനിമേഷന്‍" എന്ന് പറയുമെങ്കിലും, "ആനിമേഷന്‍"  എന്നാൽ വലിയൊരു പ്രോസസ്സിങ്ങിലെ ഒരു ഘട്ടം മാത്രമാണ്.
 ********************************************************************************************
പ്രധാന ഘട്ടങ്ങൾ:
പ്രീ പ്രൊഡക്ഷൻ 
പ്രൊഡക്ഷൻ
പോസ്റ്റ് പ്രൊഡക്ഷൻ
 ********************************************************************************************
പ്രീ പ്രൊഡക്ഷൻ:
.
                      കഥ, തിരക്കഥ എന്നിവയ്ക്ക് ശേഷം ചിത്രകഥാ രൂപത്തില്‍ കഥ പറയുന്നതിനെ ആണ് "സ്റ്റോറിബോര്‍ഡിംഗ്" എന്ന് പറയുന്നത്. പിന്നീട്, അങ്ങനെ വരച്ച ചിത്രങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു ചിത്രകഥാ ചലച്ചിത്രം അഥവാ  "അനിമാറ്റിക്സ്‌" ആക്കി മാറ്റുന്നു. ഓരോ സീനും എത്ര സമയം വേണം എന്നതും, സംഭാഷണവും എല്ലാം ഉള്‍പ്പെട്ട ഈ "അനിമാറ്റിക്സ്‌" കണ്ടാല്‍ തന്നെ കഥയുടെ ഏകദേശ രൂപം മനസ്സിലാവുന്നതാണ്. സംവിധായകന്‍റെ ആശയങ്ങള്‍ എല്ലാവരിലേയ്ക്കും വളരെ എളുപ്പം എത്തിക്കുവാന്‍ സാധിക്കുന്ന ഒരു ബ്ലൂ പ്രിന്റ് എന്നു വേണമെങ്കിൽ പറയാം. ക്യാരക്ടർ, പ്രോപ്സ്, സെറ്റ് തുടങ്ങിയവയുടെ ഡിസൈനും ഈ ഘട്ടത്തിൽ ചെയ്യുന്നു..
.
.
.
പ്രൊഡക്ഷൻ:
.
             കളിമണ്‍ശില്പങ്ങള്‍ നിര്‍മിക്കുന്നത് പോലെ, ആനിമേഷന്‍ സിനിമകള്‍ക്ക്‌ വേണ്ട കഥാപാത്രങ്ങളെയും, സെറ്റും, പ്രോപ്സ്സും ഒക്കെ ഉണ്ടാക്കുന്നത് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ വഴി ആണ്. അങ്ങനെ, പ്രീ പ്രൊഡക്ഷനിൽ ചെയ്ത ഡിസൈന് അനുസരിച്ച് കമ്പ്യുട്ടറിൽ രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെ "മോഡലിങ്ങ്" എന്നാണ് പറയുന്നത്.
.
(റെഫറൻസ് വച്ചു മോഡൽ ചെയ്യുന്നു )
.
             നമ്മള്‍ക്ക് എല്ലാവര്‍ക്കും ശരിയായി ഓടുവാനും നടക്കുവാനും, കൈകൾ ചുരുട്ടുവാനും ഒക്കെ സാധിക്കുന്നത് ശരിയായ ജോയിന്റ്കളോടെ ഉള്ള അസ്ഥികളും മസിലുകളും ഒക്കെ ഉള്ളതുകൊണ്ടാണ്. അതുപോലെ തന്നെ ആണ് ആനിമേഷനിലും. അങ്ങിനെ "മോഡലിങ്ങ്" കഴിഞ്ഞ കഥാപാത്രങ്ങൾക്ക് ശരിയായ ബോണുകളും, കൺട്രോളുകളും കൊടുക്കുന്നതിനെ "റിഗ്ഗിങ്" എന്നാണ് പറയുന്നത്.
(കൻഡ്രോളുകൾ ആഡ് ചെയ്ത മോഡൽ അഥവാ റിഗ്ഗ്ഡ് മോഡൽ
.
.
                  "മോഡലിങ്ങ്"  വിഭാഗത്തിൽ നിന്ന് വരുന്ന  കഥാപത്രങ്ങൾക്കോ  അല്ലെങ്കില്‍ മറ്റു മോഡലുകള്‍ക്കോ ഒന്നും കളറുകള്‍ ഉണ്ടാവില്ല. ബോഡി കളർ, ഡ്രെസ്സ് കളർ തുടങ്ങിയ എല്ലാ ടെസ്റ്ററിങ്ങും  "സർഫസിങ്" വിഭാഗത്തിൽ ആണ്  ചെയ്യുന്നത്.
(ടെസ്റ്റർ നൽകിയ മോഡൽ ).
.
            ആനിമേഷൻ തുടങ്ങും മുന്നേ, ആനിമാറ്റിക്സ്സിന്റെയും , സ്റ്റോറിബോർഡിന്റെയും സഹായത്താൽ, ഓരോ സീനും തയ്യാറാക്കുന്നു. ക്യാമറയും, കഥാപാത്രങ്ങളേയും ആനിമേഷൻ സീനിനു വേണ്ട മറ്റ് വസ്തുക്കളെയും ഒക്കെ ക്രമീകരിക്കുന്നത് "ലേ ഔട്ട്" വിഭാഗം ആണ്.
.
.
            "ലേ ഔട്ടിൽ" കഥാപത്രങ്ങൾക്ക് ശരിയായ മൂവ്മെന്റ് ഉണ്ടാവില്ല. അതു ചെയ്യുന്നത് "ആനിമേഷൻ" വിഭാഗത്തിൽ ആണ്. ഒരു സിനിമയിലെ നടന്മാർ കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുന്നത് പോലെ ഉള്ള അഭിനയം തന്നെ ആണ് ആനിമേഷനിലും നടക്കുന്നത്. എന്നാൽ, കഥാപാത്രങ്ങൾ തനിയെ അനങ്ങില്ല, ഓരോ ആനിമേറ്ററും, അവർ ചെയ്യുന്ന സീനിലെ ഓരോ കഥാപാത്രങ്ങളേയും പ്രത്യേകമായി അഭിനയിപ്പിക്കുക ആണ് ചെയ്യുന്നത്.
.
.
                       നമ്മുടെ കൈയിൽ ഒരു "ടെഡി ബീർ" ഉണ്ടെന്ന് കരുതുക. അതിനെ നമ്മൾ നടത്തിക്കണമെങ്കിൽ, അതിന്‍റെ ഓരോ കാലുകളും നമ്മൾ തന്നെ പിടിച്ചുകൊണ്ട് മുന്നോട്ടോ പുറകോട്ടോ മാറ്റി വെച്ചു കൊടുക്കണ്ടേ? അതുപോലെ ആണ് ആനിമേഷൻ ചെയ്യുമ്പോളും. ഓരോ കൺട്രോളുകൾ ആയി നമ്മൾ മാറ്റി മാറ്റി വച്ചുകൊണ്ട് വേണം ഓരോ ചലനങ്ങളും, മുഖത്തെ ഭാവ മാറ്റങ്ങളും ഒക്കെ വരുത്തുവാൻ.
.
.
ചിലപ്പോൾ ചില ക്യാരറ്ററുകൾക്കു മൂവായിരം കൺട്രോളറുകൾ വരെ ഉപയോഗിക്കേണ്ടി വരും. ഡ്രാഗണുകൾ പോലുള്ള ക്യാരറ്ററുകൾക്കു ഏഴായിരം കൺട്രോളുകൾ വരെ ഉണ്ടാവാറുണ്ട്. ആനിമേറ്റർ ഓരോ സീനും ഒരു കണ്ണാടിക്കു മുന്നിലോ, അല്ലെങ്കിൽ ഒരു ക്യാമറയ്ക്കു മുന്നിലോ അഭിനയിച്ച്‌ നോക്കി, അതു റെക്കോർഡ് ചെയ്തു കണ്ട ശേഷം ആണ് മിക്കപ്പോഴും ആനിമേഷൻ ചെയ്യുക. അതിനായി പ്രത്യേക "ആക്റ്റിങ് മുറികൾ" തന്നെ എല്ലാ സ്റ്റുഡിയോകളിലും ഉണ്ട്. ചിലപ്പോൾ മറ്റുപല റെഫറൻസുകളും പഠിക്കേണ്ടതായും വരാറുണ്ട്.
.
.
നമ്മൾ കാണുന്ന ഒരു സെക്കൻഡ് ആനിമേഷൻ ചെയ്യാൻ പോലും ആഴ്ചകൾ എടുക്കുന്നുണ്ട്.
.
.
                     ആനിമേഷൻ കഴിഞ്ഞാൽ "ക്യാരറ്റർ എഫക്ട്സ്സ്" എന്ന വിഭാഗത്തിലോട്ട് പോകുന്നു.ക്യാരറ്ററിനോട് ചേർന്നു നിൽക്കുന്ന മുടി, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ മൂവ്മെന്റ്സ് ശരിയാക്കുന്നത് ഇവിടെ വച്ചാണ്.
.
.
              പിന്നീടാണ് "എഫക്ട്" വിഭാഗത്തിൽ എത്തുന്നത്. തീ , വെള്ളം, മിന്നൽ, കാറ്റ്, പൊട്ടിത്തെറികൾ തുടങ്ങിയ എഫക്ട്കൾ ഈ വിഭാഗത്തിൽ വച്ചു ചെയ്യുന്നു.
.
.
"മാറ്റ് പെയിന്റിങ്" വിഭാഗക്കാർ ആണ് ഓരോ സീനിനും ആവശ്യമായ വിദൂര ദൃശ്യങ്ങൾ വരയ്ക്കുന്നത്.
(സ്റ്റോറി ബോർഡിൽ നിന്നും ഫൈനൽ ഔട്ടിലോട്ടുള്ള മാറ്റങ്ങൾ )
.
.
                "ലൈറ്റ്" ഇല്ല എങ്കിൽ ഇരുട്ടത്ത് നമുക്ക് ഒന്നും തന്നെ കാണുവാൻ സാധിക്കില്ലല്ലോ. അതുപോലെ തന്നെ ആണ് ആനിമേഷനിലും. "ലൈറ്റിങ്" വിഭാഗം ആണ് കഥയ്ക്കനുസരിച്ച് ഓരോ സീനിനും പ്രകാശം നൽകുന്നത്. രാവിലെ, ഉച്ചയ്ക്ക്, സന്ധ്യക്ക്‌, രാത്രിയ്ക്ക് എന്നിങ്ങനെയുള്ള "ലൈറ്റിങ് " വ്യതിയാനങ്ങൾ നൽകുന്നത് ഇവർ ആണ്. അതിനു ശേഷം അതിനെ ഓരോരോ ചിത്രങ്ങൾ ആക്കി മാറ്റുന്നു. ഇതിനെ "റെൻഡറിങ്" എന്നാണ് പറയുന്നത്. ഒരു ഫ്രെയിമിന് ഒരു ചിത്രം എന്നതാണ് കണക്ക്. 24 ഫ്രെയിം അല്ലെങ്കിൽ 24 ചിത്രങ്ങൾ വേണം ഒരു സെക്കൻഡ് സിനിമ ആകുവാൻ.
.
.
പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ്കൾക്ക് ഉണ്ടാവുന്ന  എല്ലാ ടെക്നീക്കൽ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു "ടെക്‌നിക്കൽ ടീമ്" തന്നെ ഉണ്ടായിരിക്കും.
(ഓരോ സ്റ്റേജിലും ഉള്ള മാറ്റങ്ങള്‍)
.
.
.
പോസ്റ്റ് പ്രൊഡക്ഷൻ:
.
                 "റെൻഡറിങ്" കഴിഞ്ഞ ഇമേജുകളെ തീയറ്ററിൽ കാണുന്ന രീതിയിൽ മൂവി ആക്കി മാറ്റുന്നത് പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്. സംഭാഷണവും, പശ്ചാത്തല സംഗീതവും അടക്കം എല്ലാ ശബ്ദ മിശ്രണവും, കളർ കറക്ഷനും ഒക്കെ പോസ്റ്റ് പ്രൊഡക്ഷനിൽ വച്ച് നടക്കുന്നു.

അങ്ങിനെ ഒടുവിൽ ഒരു ആനിമേഷൻ സിനിമ ജനിക്കുന്നു.സിനിമയുടെ അവസാനം എഴുതികാണിക്കുന്ന ക്രെഡിറ്റ്സ്സ് കൂടി നോക്കുവാൻ ക്ഷമ കാണിച്ചാൽ, സിനിമയ്ക്ക് പിന്നിൽ  ആരൊക്കെ, ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ്കൾ,ഏതൊക്കെ സോഫ്ട് വെയറുകൾ ഉപയോഗിച്ചു.... തുടങ്ങി പല വിവരങ്ങളും അറിയാവുന്നതാണ്.

നല്ല പ്രേക്ഷകർ ആണ് ഒരു സിനിമയുടെ വിജയം.മറ്റ് സിനിമകളെ കാണുന്ന പോലെ തന്നെ "ആനിമേഷൻ" സിനിമകളെയും കാണുക.അവയെ പ്രോത്സാഹിപ്പിക്കുക.സമൂഹത്തിൽ മറ്റേതൊരു ജോലിയും പോലെ മാന്യത അർഹിക്കുന്നവർ ആണ് ആനിമേഷൻ രംഗത്തുള്ളവരും.സർഗാത്മകമായ ഒരു രംഗത്ത് പ്രവർത്തിക്കുവാൻ അവസരം കിട്ടിയ എല്ലാ ആർട്ടിസ്റ്റ്കളും ഇങ്ങനൊരവസരം കിട്ടിയതിൽ അഭിമാനത്തോടെ, തലയുയർത്തി തന്നെ ദൈവത്തോട് നന്ദി പറയുക.കാരണം നിങ്ങൾ സന്തോഷിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രതിനിധികളായ കുട്ടികളെ ആണ്, സിനിമ കണ്ടിരിക്കുന്ന സമയത്തെങ്കിലും കുട്ടി ആയി മാറാന്‍ കൊതിക്കുന്ന മുതിര്‍ന്നവരെ ആണ്!!
.
**************************************************************************************
.