Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Saturday, 14 March 2026

ഹോജ രാജന്റെ കട്ട ബൊമ്മൻ !!

 ചാപ്റ്റർ 4- തെയ്യം!!


         ചുടല പറമ്പിലെ കാളിയെ കാണാൻ വന്നവരെ ചുടല പറമ്പിൽ കയറ്റി കയറൂരി വിട്ടിട്ട്, നിളയുടെ തീരത്ത് ചെന്ന് മലർന്ന് കിടന്നു.ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു തിമിർത്തതിന്റെ അലസ്യം കാറ്റിലൂടെ തണുപ്പായി അരിച്ചെത്തി സിരകളെ തളർത്തിക്കൊണ്ടിരുന്നു.വാനം നോക്കി ബോറടിച്ച പോളകൾ, തൊട്ടടുത്ത നിമിഷത്തിൽ കൂമ്പിഅടഞ്ഞു നൈസ് ആയി കൂർക്കം വലി തുടങ്ങി.കൂർക്കം വലി താളാത്മകമായി തുടർന്നപ്പോൾ, താളബോധമില്ലാത്ത മറ്റൊരു കൂർക്കം ഇടയിലൂടെ കയറി വന്ന് ആരോചകമായി മാറി എന്റെ വലിയിലെ താളം തെറ്റിച്ചു.തല ചരിച്ചു നോക്കുമ്പോൾ തെയ്യം കാണാൻ ചുടല പറമ്പിൽ ഇറക്കി വിട്ടവനിൽ ഒരുവൻ നിളയെ പ്രകമ്പനം കൊള്ളിക്കും വിധം ആത്മാർത്ഥമായി കൂർക്കം വലിക്കുന്നു.
"വലിക്കാൻ ആണേൽ വീട്ടിൽ കിടന്ന് കൊറസ് ആയി വലിച്ചാൽ പോരെ, ഇവിടെ കിടന്ന് നാട്ടുകാരെ വെറുപ്പിക്കണ്ടല്ലോ"
കൂടുതൽ ചിന്തിച്ചില്ല, കൂർക്കം വലി ആർട്ടിസ്റ്റിനേയും തൂക്കി വീട്ടിലെ കിടക്കയിൽ താണു.

***********

"കോഴി തന്റെ ഡ്യൂട്ടി കിളിയെ ഏൽപ്പിച്ചോ?? കൊച്ചു വെളുപ്പിനെ തന്നെ എന്തൊരു ചിലയ്ക്കൽ!!ഇതിനെ ഒക്കെ ഇന്ന് എറിഞ്ഞു കൊല്ലും"
എന്നും പറഞ്ഞു പിടഞ്ഞെണീറ്റ് വാതിൽ തുറന്നപ്പോ ചിലച്ചത് കിളി അല്ല കോളിങ് ബെൽ!!ചുടല പറമ്പിൽ മിച്ചം വച്ചിട്ട് പോന്നവർ രണ്ടും ഭദ്രകാളിയുടെ അനുഗ്രഹവും വാങ്ങി കല്പനയും കിട്ടി ഉറങ്ങാൻ വന്നതാ.രണ്ടിനെയും വലിച്ചകത്തിട്ട് രണ്ടാം ഘട്ടം ഉറക്കത്തിലേയ്ക്ക് ബെഡിൽ പോയി വീണു കൊടുത്തു. സമയം 6 ആകുന്നെ ഉള്ളൂ. 10 മണി വരെ ഉറങ്ങാം, അപ്പോളേക്ക് അമ്മ തിന്നാൻ എന്തേലും വിളമ്പും!!

ഒരു നാളത്തെ ക്ഷീണം മാറ്റാൻ മൂന്നു നാൾ കിടന്നുറങ്ങി.മൂന്നാം നാൾ സമയം 10 എത്തും മുന്നേ ആരോ ഫോണിൽ വന്നു മുട്ടിവിളിച്ചു.പലവട്ടം മുട്ടിയപ്പോ ഫോൺ തുറക്കപ്പെട്ടു.
"അല്ല... ന്ത പരുപാടി..?"
"ന്തേലും പരുപാടി ആയാലോ എന്ന് ചിന്തിച്ചു കിടപ്പാ"
"ന്നാ... പോയാലോ?"
"ന്നാ... പോകാം, ബാഗ് എടുത്തോട്ടെ വെയിറ്റ്!"
"അയ്യോ ഇന്നല്ല.. ഫെബ്രുവരി 2 ന് "
"തേ...ഞ്ഞ്!! 
ഞാൻ കരുതി ഇന്ന് തന്നേ പോകാം എന്ന്"
2 വരെ കാത്തിരിപ്പ് ബോർ തന്നെ!!എങ്കിലും ഒരു യാത്ര അല്ലെ... എങ്ങോട്ടെന്നൊന്നും ചോദിച്ചില്ല, ബാഗ് എടുത്ത് രണ്ട് കളസവും പല്ലൊരക്കൽ യന്ത്രവും, സപ്പോർട്ടിനൊരു കെട്ട് വടക്കൻ പുകലയും കുത്തി നിറച്ചു.

**********

ബോർ അടിച്ചു കയറി മൂക്കറ്റം മുങ്ങിതാണ ഒരു ദിവസം രാവിലെ ഹിന്ദി വിദ്വാന്റെ വിളി വന്നു. "ഞങ്ങൾ തീവണ്ടി ആപ്പീസിൽ എത്തി.നിങ്ങളെവിടെ?"

"ഭഗവാനെ... ഇന്നാണല്ലോ യാത്ര, മറന്നുപോയി കോപ്പ്!!" 

ചാടി പിണഞ്ഞേണീറ്റ് സഹയാത്രികരെ ഓരോന്നായി വിളിച്ചു. എല്ലാവരും തീവണ്ടി ആപ്പീസ് ലക്ഷ്യമാക്കി പാഞ്ഞോണ്ടിരിക്കുന്നു.
"ഇനിയിപ്പോ ഞാനൊറ്റയ്ക്ക് പായേണ്ടി വരുമല്ലോ..ശെടാ!!' എന്ന് ചിന്തിച്ചു തീരും മുന്നേ ഭുജംഗനാട്യ രാജ്യത്തെ പുതിയ അധികാരി ഹോജരാജന്റെ വിളി വന്നു.
ഭാഗ്യം!! രാജൻ പോയിട്ടില്ല.
രാജനെയും പൊക്കി സാരഥി സുനിൽ മലഹോത്രയുടെ രഥത്തിൽ രാജകീയമായി തീവണ്ടി ആപ്പീസ്സിലേയ്ക്ക് കുതിച്ചു. കുതിപ്പിനിടയിൽ ഹോജന് ഒരു വിളി വന്നു.

"ഞാനും വരട്ടെ... ഞാനും വരട്ടെ.. ആട് മേയ്ക്കാൻ കൂടെ പോന്നോ...ട്ടെ...??"

മലയാളം മുൻഷി മാതംഗി വാരസ്യാർ ആണ്.മാമാങ്കം യാത്രയിൽ കൂടെ കൂട്ടുന്ന കാര്യം കഠിന ഹൃദയരായ മറ്റു സഹയാത്രികാരോട് ചോദിക്കുന്നതിലും ഭേദം ലോല ഹൃദയനായ ഹോജ രാജനോട് ചോദിക്കാം എന്ന് കരുതി വിളിച്ചതാണ് പാവം.
"ഞങ്ങൾ പെട്ടെന്ന് പോയിട്ട് ഠപ്പേന്നു വരാം.ഞങ്ങൾ തിരികെ വരും വരെയ്ക്കും രാജ ഭരണ ചുമതല ഇനി മാതംഗിക്ക് ആണ്. നന്നായി തന്നെ ഭരിച്ചേക്കണേ" ഹോജൻ നൈസ് ആയി മുൻഷിയെ തേച്ചു.മാതംഗി ആദ്യം ഒന്ന് ചിണുങ്ങി, പിന്നെ പിണങ്ങി.

പോകും വഴി പരിചയമുള്ള രണ്ട് മുഖങ്ങൾ പൂമരചോട്ടിൽ തളർന്നിരുന്നുറങ്ങുന്നത് കണ്ടു.
"നിങ്ങളല്ലേ തീവണ്ടിസ്റ്റാൻഡിൽ എത്തി എന്ന് പറഞ്ഞെ??എന്നിട്ട് ഇവിടെ കുത്തി ഇരിപ്പാണോ??"
ശ്വാസം പോലും വലിക്കാൻ ഇടമില്ലാത്ത വിധം,മൂക്ക് മുട്ടെ കുക്കുടബിരിയാണി തിന്ന് നടക്കാൻ വയ്യാതെ മരച്ചോട്ടിൽ വീണു പോയതാണ് രണ്ടും.ഹിന്ദി വിദ്വാൻ പുഷ്പകുമാറും, പടത്തലവൻ എട്ടുവീട്ടിൽ ബുള്ളറ്റ്കുമാർ പിള്ളയും!!
രണ്ടിനെയും പൊക്കി രഥത്തിൽ ഇട്ട് വല്ലവിധേനയും ആപ്പീസിൽ എത്തി.തീവണ്ടിയിൽ കയറിയ ഉടൻ തന്നെ ഹിന്ദി മുൻഷി പിന്നെയും തീറ്റ തുടങ്ങി.
രാജാവിനും പരിവാരങ്ങൾക്കും ഒപ്പം മാമങ്കത്തിനുള്ള പുറപ്പാടിൽ വള്ളുവനാട് ദേശത്തെ സാമൂതിരി മിസ്റ്റർ ശങ്കരൻ തിരുമേനി എവിടുന്നോ കൂടെ ചേർന്നു.സാമന്ത ദേശങ്ങൾ താണ്ടി, പച്ചവെള്ളത്തിന്റെ രസത്തിൽ ലയിച്ച്, കപ്പലണ്ടിയും കൊറിച്ച്... ഒടുവിൽ "കോൾമുട്ട" എന്ന വടക്കൻദേശത്തത് ഞങ്ങൾ കാലുകുത്തി.

അവിടെ നിന്നും "കോൾതുരുത്ത്" എന്ന ഭൂപടത്തിൽ രേഖപ്പെടുത്താത്ത വാഗ്ദത്ത ഭൂമിയിലേക്ക് അള്ളിപിടിച്ചിരുന്നൊരു രഥയാത്ര!!
രഥയാത്രയിൽ ഹിന്ദി മുൻഷിയുടെ ഈർക്കിലി രൂപത്തിൽ തള്ളി നിന്ന വലിയ വയർ സ്ഥലം മുടക്കി ആയി തുറിച്ചു നിന്നപ്പോൾ വിദ്വാനെ എടുത്ത് ഗോഡൗണിൽ തട്ടി.രാത്രിയുടെ അന്ത്യയാമത്തിൽ പൊടി പാറിക്കൊണ്ട്, രാജവീഥിയിലൂടെ വായു വേഗത്തിൽ പാഞ്ഞ രഥം ഏതോ കൊട്ടാര മുറ്റത്ത് ഒരു വ്യാഘ്രത്തെ പോലെ മുരണ്ട് കൊണ്ട് ഞെരിഞ്ഞമർന്നു കിതച്ചു നിന്നു. ഇരുട്ടിന്റെ മറവിൽ സൊറപറഞ്ഞു കൊണ്ടിരുന്ന മണ്ഡൂകങ്ങൾ നാലുപാടും ചിതറിയോടി.

കൊട്ടാരമുറ്റത്ത് കാട്ടുപോത്തുകൾ പല്ലിനിടയിൽ ഈർക്കിലികൊണ്ട് കുത്തി രസിച്ചു നടന്നിരുന്നു.വീശിയടിക്കുന്ന തണുത്ത കാറ്റ് അയവിറക്കി കൊട്ടാര പശുക്കൾ കാലിന്മേൽ കാലുകയറ്റി ചാരുകസ്സേരകളിൽ റിലാക്സ്സ് മോഡിൽ കിടപ്പുണ്ട്.അരയന്ന റാണി "സുസ്മിത സെൻ" മുറ്റത്തെ പൊയ്കയിൽ മലർന്ന്കിടന്ന് കാലിൽ മൈലാഞ്ചി വരയ്ക്കുന്നു.

അവർക്കിടയിലൂടെ തുരുത്ത്ദേശരാജൻ, രാജാമധുപാണ്ഡ്യ കട്ടബോമ്മൻ 70 എംഎം ൽ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. വന്നപാടെ കെട്ടിപിടിച്ചു, പിച്ചി പറിച്ചു, യോയോ പാടി,കൂക്കി വിളിച്ചു..കുരവയിട്ടു...വരവേറ്റു
ഒടുവിൽ കൂമ്പിനിടിച്ചു ഞങ്ങളെ  അകത്തു കയറ്റി.
മട്ടുപ്പാവിനോട് ചേർന്ന കിടപ്പറകളിലെ പരവധാനി വിരിച്ച തറയിൽ ഭാണ്ഡകെട്ടുകൾ ഇറക്കി വച്ചിട്ട്, ടോക്കൺ എടുത്ത് വരി വരിയായി ക്യു നിന്ന് എല്ലാവരും നീരാട്ട് നടത്തി.മാമാങ്ക വേഷങ്ങൾ എടുത്തണിഞ്ഞ ഞങ്ങളെ മധുരാജൻ അമൃതേത്തിന് ക്ഷണിച്ചു.അങ്കത്തട്ടിൽ പോകാനുള്ളതല്ലേ... ഒരു മിനി അങ്കം ഇവിടെയും ആകാം."നാരിയൽ കാ പാനി" കൂട്ടി മൂക്ക് മുട്ടെ വിഴുങ്ങി.ഒരു പറ നിറയെ ചറ പറ തിന്നുതീർത്ത ഹിന്ദി വിദ്വാൻ പുഷ്പകുമാർ, ഭരണിയിൽ അരിപ്പൊടി കുലുക്കി നിറയ്ക്കും പോലെ ഇടം വലം അഞ്ചാറ് കുലുങ്ങീട്ട് പിന്നെയും വാങ്ങി വിഴുങ്ങി.കുമ്പ നിറഞ്ഞ ഉടൻ ഏവരും മാമാങ്ക തട്ടിലേയ്ക്ക് യാത്ര തിരിച്ചു.

കൈലി ഉടുത്ത് തനി നാടനായി വന്ന ഹോജരാജൻ, മറന്ന കിരീടം എടുക്കാനെന്ന വ്യാജേന കൊട്ടാരത്തിൽ തിരികെ കയറി കിടന്നുറങ്ങി."അന്യ രാജ്യത്ത് മാമങ്കത്തിന് വന്നിട്ട് കിടന്നുറങ്ങുന്നോ,ഇങ്ങളൊക്കെ എന്ത് മനുഷ്യന്മാരാ?? " എന്നും പറഞ്ഞു 
കണ്ണുരുട്ടി പേടിപ്പിച്ച ശങ്കരൻ സാമൂതിരി,ഉറങ്ങിയ ഹോജ രാജനെ കുത്തിപ്പൊക്കി അങ്കത്തട്ടിലേയ്ക്ക് ആട്ടി പായിച്ചു വിട്ടു.
അടയാഭരണ വേഷഭൂഷാധികളില്ലാതെ വെറുമൊരു കൈലിയും പുലിത്തോലും മാത്രമാണ് വേഷമെങ്കിലും തലയിലെ കിരീടവും ഇലമുറ തമ്പുരാൻ മധുപാണ്ഡ്യന്റെ അംഗചേഷ്ഠകളും കാട്ടു ഭാഷ്യവും തിരിച്ചറിഞ്ഞ തുരുത്ത് സാമ്രാജ്യ മന്ത്രിമാർ, ഹോജ രാജനെയും പരിവാരങ്ങളെയും സിംഹാസനം തന്ന് മതിലിനോട് ചേർത്ത് ആനയിച്ചിരുത്തി.
പടത്തലവനും ശങ്കർതിരുമേനിയും അങ്കത്തട്ടിൽ തുറിച്ചു നോക്കി ബോറടിച്ചപ്പോ കുത്തിയിരുന്നുറങ്ങി. പുഷ്പകുമാർ ഒളിക്കണ്ണിട്ട് ആരെയോ ഒക്കെ നോക്കി പുഷ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.പുഷ്പന്റെ സ്വഭാവം ശരിക്കറിയാരുന്ന പുഷ്പഭാര്യ പുഷ്പവല്ലി, വീഡിയോ വിളിച്ചു പരിസരം നിരീക്ഷിച്ചു.

 മധു പാണ്ഡ്യ കൊട്ടാരം മുതൽ അങ്കത്തട്ടുവരെയുള്ള ഓട്ടത്തിൽ, തിന്നത് മുഴുവൻ ദഹിച്ചു എന്നും പറഞ്ഞു ഹോജ രാജൻ മാമങ്ക കലവറയിൽ കയറി കുമ്പ നിറയെ കട്ട് തിന്നു.അതൊന്നും പോരാഞ്ഞ് പ്രസാദമായി കൊടുക്കാൻ അവർ കരുതിയിരുന്ന ഒരു ബക്കറ്റ് പായസവും തീർത്തിട്ട്, ഏമ്പക്കവും വിട്ടുകൊണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ തിരികെ വന്നു പഴയ പടി ഉപവിഷ്ടനായി.
പായസം എന്ന് കേട്ടതും പടത്തലവൻ ഉറക്കം ഉണർന്നു. പായസം അല്ല ആന വന്നാലും എണീക്കില്ല എന്ന ഭാവേന വള്ളുവ നാട് സമൂതിരി ഉറക്കം തുടർന്നു.
പെട്ടെന്നാണ് വയറില്ലാ മാർഗത്തിൽ ഹോജരാജന് ഒരു സന്ദേശം വന്നത്.
"ടാ... മോനെ...."
"രാജാവിനെ കയറി മോനെ എന്നോ??ആരടാ അത്??"
ഹോജരാജൻ ആദ്യമൊന്ന് ശങ്കിച്ചു.ശങ്ക മാറിയപ്പോൾ സ്‌ക്രീനിൽ തുറിച്ചു നോക്കി ആഗത നാമം ഒന്നൂടെ ഊട്ടി ഉറപ്പിച്ചു .
ഭുജംഗനാട്യ രാജ്യ വിദൂഷകൻ "കോവാലൻ" ആണ്.കോവാല പൂക്കൾ പിന്നെയും ശബ്ദിച്ചു.
"ടാ മോനെ... ഒരു രണ്ടായിരം ഇട്ടെടാ.രണ്ടീസം കഴിയുമ്പോ തിരിച്ചിട്ടേക്കാടാ മോനെ"
ഹോജ രാജൻ സന്ദേശ വാഹിനി എടുത്ത് അടുത്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
"അവിടുന്ന് പോന്നാലും മനുഷ്യന് സ്വസ്ഥത ഇല്ല!!"
5 നിമിഷത്തെ ഇടവേള ഇട്ട് കൊണ്ട് ഇതേ സന്ദേശം മറ്റ് അംഗങ്ങൾക്കും കോപ്പി പേസ്റ്റ് ആയി കിട്ടി.
"ചുമ്മ എറിഞ്ഞുനോക്കാം, ചിലപ്പോ ബിരിയാണി കിട്ടിയാലോ!!"എന്നതാണ് കോവാല വിദൂഷക തന്ത്രം.

"കോവാലൻ" ചേട്ടൻ ഇവിടുന്ന് വാങ്ങി സമാന്തര ബ്ലേഡ് കമ്പനി നടത്തുന്നുണ്ടോ?? എന്ന ഒരു സംശയം സ്വഭാവികമായി തന്നെ ഏവരിലും മുളച്ചു പൊന്തി. എന്തൊരത്ഭുത മനുഷ്യൻ!!

കോവാലൻ ചേട്ടനെ അറിയാത്ത, കോവാലൻ ചേട്ടനിൽ നിന്നും രക്ഷപ്പെട്ട 
ആരൊക്കെയോ അങ്കത്തട്ടിൽ വരുന്നു പോകുന്നു. ചടങ്ങുകൾ എന്തൊക്കെ ആണെന്ന് ചോദിച്ചറിയാൻ ഇളമുറ തമ്പുരാൻ മധുപാണ്ഡ്യന് നേരെ തിരിഞ്ഞപ്പോൾ തമ്പുരാൻ ചാരിയിരുന്നുറങ്ങുന്നു. 
"ഇങ്ങേർക്ക് ഫുൾ ടൈം ഇതേ ഉള്ളോ പണി?? എവിടേലും ഇരുന്നാൽ അവിടിരുന്നുറങ്ങും.രാജ സദസ്സിൽ
കൊട്ടാരനർത്തകിമാരായ ചിഞ്ചു മോൾ, മഞ്ജു റാണി തുടങ്ങിവരുടെ  നൃത്തനൃത്യങ്ങൾ നടക്കുമ്പോൾ പോലും ഇത് തന്നെ പരുപാടി, ഉറക്കം!! ഇങ്ങേരെന്താ കുംഭകർണ്ണന്റെ കൊച്ചു മോനോ??!!" 
തേച്ച് മിനുക്കിയ കിറിക്ക് തന്നെ ഒറ്റ കുത്ത് വച്ചു കൊടുത്തു.
"സോറി ബ്രോ... ഭുജംഗനാട്യ രാജ്യ സഭയിലാണെന്ന് കരുതി ഞാനൊന്ന് ചെറുതായി.... മയങ്ങി. പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ??"

അന്യരാജ്യ മഹിളകളുടെ ചിത്രങ്ങൾ സ്റ്റാറ്റസ് ആയി വിളമ്പിയത് കണ്ട് ഭുജംഗനാട്യ രാജ നർത്തകികൾ കൊട്ടാര ഗ്രൂപ്പിൽ സ്റ്റിക്കറുകൾ വാരി വലിച്ചിട്ട് പ്രതിഷേധിച്ചു കൊണ്ടിരുന്നു.
 ചിഞ്ചുമോൾ മൗസ് തല്ലി പൊട്ടിക്കുന്നതിന്റെയും, മഞ്ജു റാണി അന്നത്തെ ഇംഗ്ളീഷ് പത്രം പിച്ചി ചീന്തുന്നതിന്റെയും സ്റ്റിക്കറുകൾ ഇട്ടത് കണ്ടു കണ്ണുനിറഞ്ഞ ഹോജരാജൻ, "തിരികെ പോകുമ്പോൾ റാവുത്തറുടെ പീടികയിൽ നിന്നും പഞ്ചാര മിട്ടായി വാങ്ങാൻ മറക്കരുതെന്ന് പുഷ്പകുമാറിനെ ചട്ടം കെട്ടിച്ചു"
പഞ്ചാര മിട്ടായി മാത്രം പോരാ, തേൻ മുട്ടായി കൂടി വാങ്ങണം.പുഷ്പകുമാർ ഹിന്ദിയിൽ എഴുതി ഉറപ്പിച്ചു.

അപ്പോഴേക്കും സമയം മാറി അസമയം ആയി കഴിഞ്ഞിരുന്നു. മാമാങ്കം തുടങ്ങുകയായി.കൊട്ടും കുരവയും കേട്ടുണർന്നവർക്ക് മുന്നിൽ തീപ്പന്തങ്ങൾ മത്സരിച്ചു ആളി തുടങ്ങി.
അത് വരെ ബോറനായി നിന്നിരുന്ന അങ്കവീരൻ കതിവന്നൂർ വീരനായി തോറ്റം പാടി ചലിച്ചു തുടങ്ങി.

"ഏത് മൂഡ്.. മാമാങ്ക മൂഡ്...
ഏത് മൂഡ്.... യുദ്ധ മൂഡ്...
ഏത് മൂഡ്... സ്റ്റാറ്റസ്സ് മൂഡ്..
ഏത് മൂഡ്... ഒടുക്കത്തെ മൂഡ്..."

ആഹാ വൈബ്!!

അങ്കത്തട്ടിൽ തീപ്പൊരി പാറി. മെയ് വഴക്കത്തോടെ വാളുകൾ പലവിധത്തിൽ മാറ്റിയും മറിച്ചും, ഉരുമികൾ വീശിയും ചുഴറ്റിയും അങ്കം കൊഴുത്തു. ഒടുവിൽ അങ്ക വീരന് പകരം വേഷ പകർച്ചയും ആയി വന്നവൻ കുക്കുട ബലി നടത്തി രക്തദാനത്തോടെ പാത്രം കമഴ്ത്തി.
"ബാ പോകാം.."
"കഴിഞ്ഞോ??"
"ഇല്ല, ഇനി പുലർച്ചെ.."
"പുലർച്ചെ ആകാറായല്ലോ"
"ഇപ്പൊ രണ്ട് മണി അല്ലെ ആയുള്ളൂ. ബാക്കി ഉള്ളത് 5 മണിക്ക്."
"അതെന്ത് ഏർപ്പാടാ??"
"കച്ചമുറുക്കി ചുകപ്പിക്കാൻ അവർക്ക് ടൈം വേണം ഹേ.. മിസ്റ്റർ ഹോജൻ"
"എന്നാ പിന്നെ നോം ആവോളം സമയം അനുവദിച്ചിരിക്കണ്!!"
"എന്നാ വേഗം പോകാം..."
"മുൻപേ നടക്കും ആ പാണ്ഡ്യന്
 വാലായി പിൻപേ മണ്ടി ആ ഹോജയും സംഘവും....
നാരാ...യണ ജയ നാ...രായണ ജയ... നാരാ..യണ ജയ നാരായണ ജയ !!"

അഞ്ചുമണിക്ക് എണീറ്റ് മൂത്രമൊഴിച്ചിട്ട് വീണ്ടും കിടന്നുറങ്ങിയവരോടെല്ലാം ഇളമുറ തമ്പുരാൻ പിണങ്ങി.
"ഞാൻ പറഞ്ഞതല്ലേ പുറപ്പാട് കാണണം എന്ന്. നിങ്ങൾക്ക് ആർക്കും കണ്ണിൽ ചോര ഇല്ല, ദുഷ്ടന്മാർ.ന്നാലും ഇത് വല്ലാത്ത ചതി ആയി പോയി!!"
സെന്റിമെന്റൽ ആയ മധുപാണ്ഡ്യനെ ഹോജ രാജനും വള്ളുവനാട് സമൂതിരി ശങ്കരൻ തിരുമേനിയും ചേർന്ന് "ഫിഷ് അച്ചാർ" വാങ്ങിതരാം എന്ന ഉറപ്പിന്മേൽ ആശ്വസിപ്പിച്ചു. 

************

അങ്കതട്ടിന് മുന്നിലെ സീറ്റുകൾ 
തുരുത്ത് നാരികൾ കയ്യേറിയിരിക്കുന്നു.സൈഡ് സീറ്റുകൾ കാലി. സൂര്യകുമാർ ഇപ്പോളും ഉറക്കം തന്നെ. ചെമ്മരത്തി തറയിൽ കുത്തി നിർത്തിയ പന്തങ്ങൾ സൂര്യകുമാറിന്റെ പണി തൽക്കാലം ഏറ്റെടുത്ത് വെട്ടം സ്പോൺസർ ചെയ്തു.
ഉറഞ്ഞു തുള്ളി അങ്ക വീരൻ പടപുറപ്പാട് ആരംഭിച്ചു. സ്റ്റാറ്റസ്സ് ഇട്ട് അപ്സരസ്സുകളെ കൊതിപ്പിക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ ഏറ്റവും മുന്നിൽ പോയി പുറപ്പാട് ഒപ്പി എടുക്കാൻ നിന്ന പുഷ്പകുമാറിനു നേരെ പാഞ്ഞടുത്ത കതിവന്നൂർ വീരന്റെ ഫുൾ വേർഷൻ കണ്ട് വിറച്ചു മുള്ളിപോയ പുഷ്പ്പൻ മതില് ചാടി പേടിച്ചോടി.

പുഷ്പനില്ലാതെ എന്താഘോഷം!!
എന്ന് പറഞ്ഞു പോകാനൊരുങ്ങിയ ഹോജരാജനോട് ഒറ്റ ചോദ്യം!!
"ഒറ്റയ്ക്ക് പോകാൻ വഴി അറിയുമോ? അറിഞ്ഞാൽ തന്നെ നേരം വെളുക്കാതെ താങ്കൾക്ക് കണ്ണ് കാണുമോ? " ഒറ്റ ചോദ്യത്തിനൊപ്പം കിട്ടിയ ബോണസ്സ് ചോദ്യം കൂടി ആയപ്പോൾ ഹോജരാജൻ അങ്കത്തട്ടിലേയ്ക്ക് മാത്രം ശ്രദ്ധ കൊടുത്ത് ഏറ്റവും മുന്നിലായി പോയി കുത്തി ഇരുന്നു അങ്കം കണ്ടു.

മനം നിറച്ചുകൊണ്ട് കതിവന്നൂർ വീരൻ നിറഞ്ഞാടി.എല്ലാം കഴിഞ്ഞപ്പോളേക്ക് സൂര്യകുമാർ യാദവ് മുറുക്കി ചുകപ്പിച്ചതെല്ലാം കിഴക്കേ തൊടിയിൽ തുപ്പിക്കൊണ്ട് ഉറക്ക ചടവിൽ കയറി വന്നു. അതോടെ പ്രധാന ഘട്ടത്തിന് സമാപനം ആയി.

വീണ്ടും മധു രാജകൊട്ടാരത്തിലേക്ക്. അവിടെ ചെന്ന് അരമനയിൽ കയറി 
പള്ളിയുറക്കം തുടർന്നു.ഇടയിലെപ്പോഴോ ആരോ വിളിച്ചു പറഞ്ഞ "പ്രാതൽ" എന്ന് കേട്ട ഉടൻ എല്ലാരും പിടഞ്ഞെണീറ്റ് പ്ളേറ്റും ആയി ചെന്നപ്പോ പുലർച്ചെ പേടിച്ചോടിയ പുഷ്പകുമാർ തീൻ മേശയ്‌ക്കരികിൽ മടിയിലൊരു കുടവും ആയി ഇരുന്ന് കഷ്ടപ്പെട്ട് എന്തൊക്കെയോ വാരിവലിച്ച്‌ കഴിക്കുന്നു.
"ഇതെന്താ മടിയിലൊരു കുടം?"
ശങ്കരൻ തിരുമേനി ആകാംക്ഷയിൽ അടുത്ത് ചെന്ന് കുടത്തിൽ കൊട്ടി നോക്കി.
"വയറിൽ തട്ടാതെ തിരുമേനി!!"
ഹിന്ദി വിദ്വാൻ കൈ കൂപ്പി അപേക്ഷിച്ചു.
ഫുഡും അടിച്ച് വീണ്ടുമൊരുറക്കത്തിനായി തുടങ്ങിയപ്പോൾ ആണ് ഇളമുറതമ്പുരാൻ കട്ട ബോമ്മൻ ഒരു മൊന്തയിൽ നിറയെ "സ്വീറ്റ് നാരിയൽ ക പാനി"യും ആയി പെണ്ണുകാണൽ ചടങ്ങിലെ തരുണിയെപോലെ കടന്നു വന്നത്.മൊന്തയിൽ ഉള്ളത് സ്പടിക കപ്പിലേക്ക് ഊറ്റി ഒറ്റ വലി.
ഐവ!! കിടു. കപ്പിൽ എഴുതിയ പോലെ "സ്വർഗീയം" തന്നെ!!
"ഇനീം ഇണ്ടോ??"
"ഇല്ല" 
"ഇച്ചിരി കഞ്ഞിവെള്ളം എങ്കിലും പഞ്ചാര ഇട്ട് കിട്ടുമോ? "
"നാരിയൽ കാ പാനീ, എന്നും പറഞ്ഞു കാട്ടു പോത്തിനു കൊടുക്കാൻ വച്ചിരുന്ന കഞ്ഞി വെള്ളം പോലും പടത്തലവൻ ബുള്ളറ്റ് കുമാർ മൊത്തത്തിൽ എടുത്തു മോന്തി"
"പഴങ്കഞ്ഞീടെ വെള്ളം?? " 
"അത് ഞാൻ തന്നെ കുടിച്ചു" പാണ്ഡ്യ രാജൻ കുമ്പസരിച്ചു.
"കാടിവെള്ളം വേണേൽ ഒപ്പിക്കാം"
താടിക്കിട്ട് ഒരു തട്ട് വച്ചു കൊടുക്കാൻ തോന്നി.പുഴ കാണിക്കാം എന്ന് പറഞ്ഞിരുന്നത് കൊണ്ട് താടിക്ക് തട്ട് ഒഴിവാക്കി നേരെ പുഴയിലേയ്ക്കുള്ള വഴിയേ ഇളമുറ തമ്പുരാന്റെ പിന്നാലെ നടന്നു.

നൂല് പോലൊരു പുഴ പ്രതീക്ഷിച്ചു ചെന്നപ്പോ ദേ ഒരു എമണ്ടൻ ജലപ്പരപ്പ് കായല് പോലെ നീണ്ടു പരന്ന് കിടക്കുന്നു. കടലിലേയ്ക്ക് ഉള്ള ഒഴുക്ക് ആണ്. ആ ഒഴുക്കിനൊത്ത് പോയാൽ, മുത്തപ്പ രായൻ "കല്പനകൾ" കൈമാറുന്ന നാട്ടുരാജ്യം ആയ പറശ്ശിനിക്കടവിൽ എത്തും.ജല പരപ്പിലൂടെ അങ്ങകലെ ഒരു വലിയ പാലം ഉണ്ട്. അതിനപ്പുറത്ത് നിന്നും ചില ബോട്ടുകൾ പാലത്തിനൊപ്പം വന്നെത്തി നോക്കീട്ട് നാണത്തോടെ മടങ്ങി പോകുന്നു. ചില വഞ്ചികളിൽ ഇടയ്ക്കിടെ ആരൊക്കെയോ ടപ്പയിൽ നിറച്ച "നാരിയൽ കാ പാനീ" കടവിൽ അടുപ്പിച്ചുകൊണ്ടേയിരിക്കുന്നു.അങ്ങിനെ ആരോ വന്ന ഒരു കെട്ടുവള്ളം കടവത്ത് കെട്ടിയിട്ടിട്ടുണ്ട്. സ്റ്റാറ്റസ്സ് ഇട്ട് കൊതിപ്പിക്കണം എന്ന് പറഞ്ഞു "പുഷ്പകുമാർ" വഞ്ചിയിൽ ചാടി കയറി.
ബാലൻസ് തെറ്റി വെള്ളത്തിൽ വീഴാൻ തുടങ്ങിയ പുഷ്പനെ നോക്കി വലിയൊരു വാളമീൻ നാവു നുണഞ്ഞു.
"കാത്തു സൂക്ഷിച്ചൊരു പുഷ്പന്റെ ബോഡിയെ വാളമീൻ വെട്ടി വിഴുങ്ങും... അത് കാക്കച്ചി പാടി നടക്കും..."
അതിലെ പോയൊരു തോണിക്കാരൻ ഈണത്തിൽ പാടി താളത്തിൽ തുഴഞ്ഞു.
"പോത്ത് പോലെ വളർന്നു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല.തമാശ കളിക്കാതെ വഞ്ചിന്ന് കയറിക്കോ വേഗം" കട്ടബോമ്മൻ കൈ ചൂണ്ടി ഉത്തരവിട്ടു.
"ഇത്രത്തോളം വന്ന സ്ഥിതിക്ക് പറശ്ശിനി നാട്ടിൽ ചെന്ന് മുത്തപ്പരായനെ കണ്ട് കുശലം പറഞ്ഞിട്ട് തിരികെ പോന്നാലോ??"ബുള്ളറ്റ്കുമാർ ആശയം എടുത്തിട്ടു. ആശയം ശബ്ദ വോട്ടാൽ പാസ്സായി.

"എന്നാൽ പിന്നെ നമുക്ക് അവസാനമായി മാമാങ്ക വേദിയിൽ ഒന്നൂടെ പോകാം. വെറൈറ്റി ഐറ്റംസ് വല്ലതും പ്രസാദം ആയി കിട്ടിയാലോ??" ഹോജ രാജൻ മുന്നേ നടന്നു. ഇത്തവണ നാടൻ അല്ല, രാജകീയ വേഷം ആണ്. വേഷം രാജകീയം ആയത് കൊണ്ട് കിരീടം പെട്ടിയിൽ വച്ചു പൂട്ടി. അല്ലേലും ആ കിരീടം പകൽ വെളിച്ചത്തിൽ കൊണ്ടുപോകാത്തതാണ് നല്ലത്. 916 സ്വർണം പൂശിയ കുന്നംകുളം മെയ്ഡ് ആണ് കിരീടം.

**************

പ്രകടനം ഒക്കെ കഴിഞ്ഞു ശാന്തപ്പനായി കാണപ്പെട്ട യുദ്ധവീരന്റെ മുന്നിലേയ്ക്ക് ഭുജംഗനാട്യ രാജ സഭാഗങ്ങൾ ഒരുമിച്ചു ചേർന്നു കുമ്പിട്ടു നിന്നു. യുദ്ധ വീരൻ വട്ടം കൂടി തല്ലാൻ വന്നവർ ആണോ എന്നറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ചേർത്ത് നിർത്തി. ഹോജ രാജന്റെ മുഖത്തെ കള്ള ലക്ഷണം കണ്ട് വീരൻ കാര്യം നേരെ ചൊവ്വേ തുറന്നു ചോദിച്ചു. വീരന്റെ മുന്നിൽ ഹോജരാജൻ ദുർബലനായി സത്യങ്ങൾ സമ്മതിച്ചു കുറിപ്പെഴുതി ഒപ്പിട്ട് നൽകി.
"അമ്പട കേമാ... ഹോജ കുട്ടാ.."
വീരൻ ഹോജനെ ചേർത്ത് പിടിച്ച്‌ കാതിൽ ചോദിച്ചു "വൈകിട്ടെന്താ പരുപാടി??"

കൊട്ടാര സഭയിൽ നിന്നും "പൂരം കാണാൻ" വേണ്ടി ലീവ് എടുക്കാതെ മുങ്ങാൻ സമ്മതിക്കാത്ത പക്ഷം, ഹോജ രാജനെ ഭീഷണി പെടുത്താൻ വേണ്ടി മാത്രം പുഷ്പ്പൻ അതെല്ലാം രേഖകളായി പകർത്തി എടുത്തു. പകർത്തിയത് ഭദ്രമായി സൂക്ഷിക്കാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ് പുഷ്പന്റെ ഫോണിൽ മറ്റൊരു സന്ദേശം പറന്ന് വന്നിറങ്ങിയത്.കൊട്ടാര അപ്സരസ്സുകളിൽ ആരേലും ആകുമെന്ന ശുഭ പ്രതീക്ഷയിൽ കള്ളപുഞ്ചിരിയോടെ പുഷ്‌പ്പു ആ സന്ദേശം നോക്കി.
"ഒരു 200 ബക്സ് അയച്ചേ ഘടി. അത്യാവശ്യം ആണ്.കടല മിട്ടായി വാങ്ങാനാ"
കോവാലൻ റീ ലോഡഡ്ഡ്!!
സന്ദേശം ഫ്ലാഷ് ആയ ഉടൻ തുരുത്ത് രാജ്യത്തെ മൊത്തം മൊബൈലും ഓഫ്‌ ആക്കിക്കൊണ്ട് കോവാല ബഹിഷ്കരണം തുരുത്ത് നാട്ടിൽ നടപ്പിലാക്കി.

"ഇതൊന്നുമല്ലാതെ ഇനി എന്തെങ്കിലും...." വീരൻ ഭാഗികമായി നോക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു.
"ഇനിയാണ് പ്രധാന കാര്യം!!"
"എത്ര പ്രവർത്തിച്ചിട്ടും ഫലം നഹി ഹേ ഹൈ ഹോ "പടത്തലവൻ ഭാവ്യതയിൽ താണ് തൊഴുതുകൊണ്ട് ഉണർത്തിച്ചു.
"ഫലം ഇച്ഛിക്കാതെ പ്രവർത്തിക്കൂ... എന്നല്ലേ, ഫലം താനേ വരും!!"
"ഫലം ഒട്ടും കിട്ടുന്നില്ല"സാമൂതിരി തല ചൊറിഞ്ഞുകൊണ്ട് മൊഴിഞ്ഞു.
"നിങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിച്ചു എന്ന് ഉറപ്പുണ്ടോ?"വീരൻ ഹോജരാജനെ നോക്കിക്കൊണ്ട് ചോദ്യം ആഞ്ഞെറിഞ്ഞു. രാജനെന്തോ പറയും മുന്നേ വീരൻ വീണ്ടും മുരടനക്കി.
"പാത്രം അറിഞ്ഞു വിളമ്പുക എന്ന് കേട്ടിട്ടില്ലേ...??"
"ഉവ്വ്!!"
"എന്താ അതിനർത്ഥം??"
"ആവോ!!" ഹോജനും കൂട്ടരും ഒരുപോലെ പറഞ്ഞു.
"അതാണ്‌ പ്രശ്നം. വിളമ്പുന്നത് കഞ്ഞി ആണേലും പായസമാണേലും.. പാത്രം ഇല ആണേൽ തറയിൽ കുഴി കുത്തി അതിൽ ഇല വച്ചിട്ട് കുറേശ്ശേ വിളമ്പണം. ഇല്ലേൽ വിളമ്പിയത് മുഴുവൻ ഇലയിൽ നിന്നും താഴെ വീണു പോകും. സ്റ്റീൽ പാത്രം കയ്യിൽ ഉള്ളവന് കൊടുക്കും പോലെ ഇലയും ആയി വരുന്നവന് വിളമ്പിയാൽ..അവന്റെ കൈ വരെ പൊള്ളി പോകാൻ ഇടയുണ്ട്. അങ്ങിനെ വരുമ്പോൾ പ്രവർത്തിയിൽ ഒട്ടും ഫലം ഉണ്ടാവില്ല" വടക്കൻ പുകലയേക്കാൾ വീര്യമുള്ള വാക്കുകൾ എടുത്ത് യുദ്ധവീരൻ വീര്യത്തിൽ വീശി. ആൾക്കൂട്ടത്തിനിടയിലായിരുന്നിട്ടും വല്ലാത്തൊരു നിശബ്ദത അവർക്ക് ചുറ്റും തളം കെട്ടി നിൽക്കപ്പെട്ടു.
വീരൻ തുടർന്ന് ചോദിക്കാൻ ഒരുങ്ങിയ
"പാത്രം അറിഞ്ഞാണോ നിങ്ങൾ പ്രവർത്തിച്ചത്??" എന്ന കാരി മുള്ളിന്റെ മൂർച്ചയുള്ള ചോദ്യവും,അതിന്റെ പിന്നാലെ ഉള്ള "മുൻകൂട്ടി തയ്യാറായ അച്ചിൽ ദ്രവ്യം കോരിയൊഴിച്ചു മനോഹര ശിൽപ്പങ്ങൾ തയ്യാറാക്കി വിടുന്നത് അല്ല , പകരം അഭംഗിയുള്ള പാറ കഷ്ണത്തിൽ നിന്നും ആവശ്യമില്ലാത്തതെല്ലാം കൊത്തി കളഞ്ഞു ശിൽപങ്ങൾ മിനുക്കി എടുക്കുന്നത് ആണ് യഥാർത്ഥ ശിൽപ്പി ധർമ്മം. അതിന് ചിലപ്പോൾ വെയില് കൊള്ളേണ്ടി വരും, കൈകളിൽ മുറിവ് ഏൽക്കേണ്ടി വരും....." എന്ന സുവർണ്ണ ലിപികളും കേൾക്കുവാൻ ശേഷിയില്ലാത്ത കൊണ്ട് വീരന് ദക്ഷിണ നൽകി അവിടുന്ന് വല്ല വിധേനയും പുറത്തു ചാടി.

ആകെ ക്ഷീണിച്ച "ബുള്ളറ്റ് കുമാർ" "വിശക്കുന്നു" എന്ന് പറഞ്ഞു കൊട്ടാരത്തിലേയ്ക്ക് ഓടി.ബുള്ളറ്റ് കുമാറിനെ സഹായിക്കാനായി മറ്റുള്ളവരും പിന്നാലെ പാഞ്ഞു. കലവറയിൽ മിച്ചം ഉണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കൾ മുഴുവനും വിഴുങ്ങി ഏമ്പക്കവും വിട്ട് എണീറ്റ ഭുജംഗനാട്യ രാജ്യക്കാർ കൈ കഴുകി വന്നപ്പോളേക്ക് കട്ടബോമ്മ രാജൻ തന്റെ കൊട്ടാരം "ഭക്ഷ്യക്ഷാമ പ്രദേശമായി" പ്രഖ്യാപിച്ചു ബോർഡ് വച്ചിരുന്നു. ഇനി കൊട്ടാരത്തിൽ തുടർന്നാൽ പട്ടിണി കിടക്കേണ്ടി വരുമെന്ന് മനസ്സിലായ ഉടൻ തന്നെ ഭാണ്ഡങ്ങൾ എല്ലാം മുറുക്കികെട്ടി കൊട്ടാരം വിടാൻ തീരുമാനിച്ചു.മധുരാജന്റെ അഭ്യർത്ഥന മാനിച്ച്, കൊട്ടാരനിവാസികളുടെ കൂടെ ഒരു ചിത്രത്തിന് നിന്നു കൊടുക്കേണ്ടി വന്നു.അമ്മ മഹാറാണിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഭുജംഗനാട്യ രാജ അംഗങ്ങൾ മാത്രം നിന്നുകൊണ്ട് മറ്റൊരു ചിത്രം കൂടി അവർ ഒപ്പിയെടുത്തു.ആ ചിത്രം അവർ ഓയിൽ പെയിന്റ് ആക്കി കൊട്ടാരം ഭിത്തിയിൽ തൂക്കിയിട്ടു. കൂടെ ഒരു അടിക്കുറുപ്പും, "ഇവരെ സൂക്ഷിക്കുക,ഭക്ഷ്യ ക്ഷാമം ക്ഷണിച്ചു വരുത്തരുത് "
"ഇവരെ തുരുത്തൊക്കെ കൊണ്ടുപോയി കാണിച്ചുകൊടുക്ക്" ബൊമ്മന്റെ ഭാര്യ ബോമ്മി മൊഴിഞ്ഞു. ബൊമ്മ രാജൻ അത് കേട്ട ഭാവം നടിക്കാതെ കിങ്കരന്മാരെ വിളിച്ചു രഥം കൊണ്ടുവരാൻ ഉത്തരവിട്ടു.

********

ഭുജംഗനാട്യ നാട്ടുരാജാക്കളെ നാഗന്മാരുടെ ദേശത്തത്  കൊണ്ടുപോയി തട്ടിയിട്ട് രഥം വന്ന വഴി പാഞ്ഞു പോയി.പാമ്പുകൾ ആടുന്ന നാട്ടിൽ നിന്നും വന്നവർ ആണ് എങ്കിലും നാഗന്മാരെന്ന് കേട്ടപ്പോൾ ഉള്ളിലൊരു വല്ലാത്ത ഭീതി.നാഗദേശത്തിലേയ്ക്ക് ഉള്ളിലെ ഭയം മൂടി വച്ചുകൊണ്ട് പമ്മി പതുങ്ങി കടന്നു ചെന്നു. ഭാഗ്യം, നാഗന്മാർ എല്ലാം ചില്ലു കൂടാരത്തിൽ ഉച്ചയുറക്കത്തിൽ ആണ്. ഉറങ്ങുന്നവരെ ശല്യം ചെയ്യാതെ... പതുങ്ങി നടന്നു എല്ലാം കണ്ട് വേഗം പുറത്തിറങ്ങി. നേരെ ചൊവ്വേ മുത്തപ്പ രാജ സന്നിധിയിലേക്ക്.
മുത്തപ്പ രാജ്യം, കട കമ്പോളങ്ങളാൽ സമൃദം. വലിയ കൊട്ടാരം. കൊട്ടാരമുറ്റത്ത് ശ്വാനന്മാർ കുന്തവും പിടിച്ച്, തലങ്ങും വിലങ്ങും നടന്ന് പാറാവ് ചെയ്യുന്നു.കൊട്ടാര കാര്യസ്ഥ പുരയിൽ ഭാണ്ഡങ്ങൾ ഇറക്കി വച്ചു.
വിശപ്പിന്റെ അസുഖം ഉള്ള ഹിന്ദി വിദ്വാൻ മിസ്റ്റർ പുഷ്പകുമാർ കലവറയിൽ വിതരണം ചെയ്തിരുന്ന സ്റ്റാർട്ടർ ഫുഡും വാങ്ങി അടിച്ചിട്ട് മുത്തപ്പ സന്നിധിയിലേക്ക് അനുവാദം ഇല്ലാതെ കടന്നു ചെന്നു. മുത്തപ്പ രാജൻ പള്ളി ഉറക്കം ആണത്രേ. മുത്തപ്പ രാജൻ ബോറടി മാറ്റാൻ ഒരുക്കിയിട്ടുള്ള ഉല്ലാസ നൗകകൾ ജലപ്പരപ്പിൽ പാറി നടക്കുന്നുണ്ട് എന്നറിഞ്ഞ ഉടൻ ഹോജ രാജന്റെ നേതൃത്വത്തിൽ മുട്ടനൊരു നൗകയിലേക്ക് യാത്രയായി.
ഭുജംഗനാട്യ രാജ സഭയേക്കാൾ വലിയൊരു നൗക!!കൗരവർക്കും പാണ്ഡവർക്കും ഒരുമിച്ചു കൂടാനും മാത്രമുള്ള ഇരിപ്പിടങ്ങൾ. നൗകയുടെ സൗകര്യങ്ങൾ ഓടിനടന്നു കണ്ടുതീർത്തു.
"ഇതുപോലൊരെണ്ണം ഭുജംഗനാട്യ രാജ്യത്തെ പുഴയിലും നമുക്ക് വേണം രാജൻ" പടത്തലവൻ ബുള്ളറ്റ്കുമാരൻ തന്റെ ആഗ്രഹം  ഹോജരാജന് മുന്നിൽ ഇറക്കിവച്ചു.
"അപ്സരസുകളുടെ നൃത്തങ്ങളും, രാജ യോഗങ്ങളും, മഞ്ജു റാണിയുടെയും കണക്കപിള്ള ശാരദാമ്പാളിന്റെയും പാർട്ടികൾ നമുക്ക് അതുള്ളിൽ ആക്കാം"പുഷ്പകുമാർ പുഷ്പ്പിച്ചു മൊഴിഞ്ഞു.ഹോജരാജൻ പൂച്ച പെറ്റു കിടക്കുന്ന കൊട്ടാര ഖജനാവിനെ പറ്റി ഒട്ടും ചിന്തിക്കാതെ "ഭുജംഗനാട്യ തീരത്ത് നൗക വരും" എന്നൊരു ഉറപ്പ് കുറിപ്പായി നൽകി. അപ്പോഴേക്കും മുത്തപ്പ നൗക അറബികടൽ ലക്ഷ്യമാക്കി അനങ്ങി തുടങ്ങി.
നൗകയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട്, മുത്തപ്പ കൊട്ടാരം കാണാൻ വല്ലാത്ത ഒരു ഭംഗി. "മുത്തപ്പ രാജ്യം പിടിച്ചടക്കിയാൽ ഈ ഭംഗി ദിവസേന ആസ്വദിക്കാം അല്ലെ??" പടത്തലവൻ വള്ളുവനാട് സാമൂതിരിയോട് ഗൂഢമായി കൂടി ആലോചന നടത്തി. സൂര്യാകുമാർ തന്റെ മുറുക്കാൻ ചെല്ലം തുറന്ന് ,  പടിഞ്ഞാറ്റെ കുളിക്ക് മുന്നുള്ള 
ഒന്നാം വട്ടം മുറുക്കി തുപ്പ് നടത്തിയിരുന്നു അപ്പോളേക്ക്. ദൂരത്തായി ഒരു തുരുത്ത് വെള്ളത്തിൽ തലപൊക്കി നൗകയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പാണ്ഡ്യ രാജന്റെ രാജ്യത്തു നിന്നും മലവെള്ളത്തിൽ അടർന്നു പോയത് പോലെ ഉണ്ട്. "അടുത്ത് ചെന്ന് നോക്കാം" എന്ന് കരുതി ശങ്കർ തിരുമേനി സാരഥിക്ക് വേണ്ട നിർദ്ദേശം നൽകാൻ വേണ്ടി മട്ടുപ്പാവിൽ നിന്നും നൗകയ്ക്ക് ഉള്ളിലേയ്ക്ക് കടന്നു.ഉള്ളിൽ എത്തിയപ്പോൾ സാരഥിയും സഹായിയും കൂടി ചേർന്ന് സംഗീത സഭ നടത്തുകയാണ്. പണ്ടേ പാട്ടിൽ വീണു പോകുന്ന ശീലമുള്ള ശങ്കർ തിരുമേനി താളം തല്ലി പാട്ടിൽ ലയിച്ചു.

പാട്ടുകൾ പലതും മാറി മാറി ഒഴുകി.ആ ഒഴുക്കിൽ മുഴുകിയത് കൊണ്ട് നൗകയുടെ ഒഴുക്ക് എങ്ങോട്ടെന്ന് ആരും കണ്ടില്ല.
"പറക്കും തളിക.... ഇത് മനുഷ്യരെ കറക്കും തളിക....." പാട്ട് തീരും മുന്നേ 
ഒന്ന് കറക്കി തിരികെ കൊണ്ടുവന്നു മുത്തപ്പ മുറ്റത്ത് ഇറക്കി വിട്ടിട്ട് നൗക ജലപ്പരപ്പിൽ ഓളം തട്ടി തീരം ചേർന്ന് നിന്നു. അപ്പോളേക്ക് മുത്തപ്പ രാജൻ വേഷ ഭൂഷാദികളോടെ ഹാജർ!!

തന്നേക്കാൾ പ്രതാപി ആയ മുത്തപ്പ രാജനെ കാണാൻ ഞാനില്ല,അങ്ങേർക്ക് വേണേൽ എന്നെ അങ്ങോട്ട് വന്ന് കാണട്ടെ എന്നും പറഞ്ഞു ഹോജ രാജൻ കൊട്ടാര വെളിയിലെ ആലിൻചോട്ടിൽ പോയി ഹുഡ്കയും വലിച്ച് വെറുതെ കാത്തിരുന്നു.മുത്തപ്പ രാജനെ കണ്ട് തിരികെ പോകാം എന്ന് കരുതി ബാക്കി വന്നവർ സദസ്സിൽ കാത്തു നിന്നു. കിരീടവും ചെങ്കോലും ആയി പ്രതാപിയായി മുത്തപ്പരാജൻ എഴുന്നള്ളി. സഭയിൽ ജയഭേരി മുഴങ്ങി. പ്രജകൾ കൂപ്പു കൈകളാൽ രാജനെ വരവേറ്റു.

മത്തങ്ങ പോലുള്ള മുത്തപ്പ രാജനെ കണ്ട് പൊട്ടിച്ചിരിച്ചു പോയ ഭുജംഗനാട്യ രാജ്യക്കാരെ മുത്തപ്പ കിങ്കാരന്മാർ തൂക്കി വെളിയിൽ എറിഞ്ഞു.വെളിയിൽ കാവൽ നിന്നിരുന്ന ശ്വാനഭടന്മാർ ജാഗ്രതയോടെ നോക്കി.കുന്തത്തിൽ പിടി മുറുക്കി. അവരൊന്നു മുരണ്ടു.

തന്നെ കാണാൻ മുത്തപ്പരാജൻ വരുമെന്ന് പ്രതീക്ഷിച്ചു വെളിയിൽ കുത്തിയിരുന്നിരുന്ന ഹോജ രാജനെയും പൊക്കി കിട്ടിയ രഥത്തിൽ ഭാണ്ഡങ്ങൾ കയറ്റി മുത്തപ്പരാജ്യാതിർത്തി കടന്ന് വടക്കൻദേശ നഗരിയിൽ എത്തി അവർ തങ്ങളുടെ തടി കേടാകാതെ സംരക്ഷിച്ചു. തന്റെ പ്രജകളെ പുറത്തേക്ക് എടുത്തിട്ട മുത്തപ്പരാജനെതിരെ ഒളിയുദ്ധ സാധ്യത വിലയിരുത്താൻ ഹോജ രാജൻ അയൽ രാജാവായ കോദണ്ഡപാണിയെ വിളിച്ചു വരുത്തി.പാണിയും ഹോജനും പണ്ടത്തെ ചൂതുകളി പാർട്ണർസ് ആണത്രേ.പാണിവന്ന ഉടൻ ഹോജൻ, പാണിയേം കൂട്ടി എങ്ങോട്ടോ പോയി.ആ പോക്ക് കണ്ടാൽ അറിയാം സംഗതി മുത്തപ്പ യുദ്ധം ഒന്നുമല്ല, മറ്റെന്തോ തരികിട ആണ് എന്ന്.

നേരം നട്ട പാതിരാ.വിശപ്പിന്റെ വിളി തുരു തുരാ മുഴങ്ങി.ചിഞ്ചുവിനും മഞ്ജുവിനും മിട്ടായി വാങ്ങാനുള്ള കുറിപ്പടി പുഷ്പ്പൻ എടുത്ത് നോക്കീട്ട് കാറ്റിൽ പറത്തി. ഹോജൻ ഇല്ലാതെ എന്ത് മിട്ടായി. തൊട്ടടുത്ത തട്ടുകടയിൽ കയറി ചൂടുള്ള വെള്ളവും ചൂടപ്പവും തിന്നിട്ട് നാൽവർ സംഘം തീവണ്ടി സ്റ്റാൻഡിൽ എത്തി. സ്റ്റാൻഡിൽ പലതരം വണ്ടികൾ ഓടി ചാടി വരുന്നു പോകുന്നു.പേർഷ്യയിൽ നിന്നും വടക്കൻ ദേശം വഴി പാണ്ടി ദേശത്തേയ്ക്ക് പോകുന്ന കുടു കുടു വണ്ടി 5 മണിക്കൂർ വൈകി ഓടുന്നു എന്ന ഞെട്ടിക്കുന്ന സത്യം അധികാരികൾ ചുമരിൽ പശ തേച്ചൊട്ടിച്ചു വച്ചു.
 "ഇനി എന്ത് ചെയ്യും പടത്തലവാ ?? "
"കാത്തിരിക്കാം.വേറെന്ത് ചെയ്യാൻ!!"

നേരം പോക്കിന് കിളികൾ ആരുമില്ല എന്നും പറഞ്ഞു ഹിന്ദി വിദ്വാൻ ആദ്യം കണ്ട ആൽത്തറയിൽ നീണ്ടു നിവർന്നു കിടന്നുറങ്ങി.സമൂതിരിയും പടത്തലവനും ഓരോരോ ആലിൻ ചുവട്ടിൽ ആയി കിടന്ന് കൂർക്കം വലി തുടങ്ങി. പഞ്ചാര കൂടിയ പുഷ്പനെ പക്ഷെ കൊതുക് പെണ്ണുങ്ങൾ വളഞ്ഞിട്ട് പീഡിപ്പിച്ചു.വഴിതെറ്റി ആ വഴി മിണ്ടാതെ വന്നൊരു വണ്ടി ഷൊർണ്ണൂർ രാജ്യ കരയിലും പോണുണ്ട് എന്നറിഞ്ഞ നാൽവർ സംഘം കിട്ടിയ വണ്ടിയിൽ പെട്ടെന്ന് ചാടി കയറി. പുലർച്ചെ 4 ന് ഷൊർണ്ണൂർ രാജ്യ തീരത്ത് ഉറക്കചടവോടെ ചാടിയിറങ്ങി.

ഒരു ചായ, ഒരു വട, ഒരു ബിരിയാണി.. അത്രേം തിന്നപ്പോളേക്ക് വള്ളുവ രാജ്യത്തിലൂടെ പാണ്ടി നാട്ടിലേയ്ക്ക് പോണ "വെസ്റ്റപ്പൻ" കൂക്കി വിളിച്ചു നിരങ്ങി വന്നു.വെസ്റ്റപ്പനിലേറി വള്ളുവ രാജ്യനഗരിയിൽ വച്ച് നാൽവരും നാലു വഴി പിരിഞ്ഞു.


പിൻകുറിപ്പ് : കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കസൽപ്പികം മാത്രം!! ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ഇനി ജനിക്കാൻ പോകുന്നവരോ ആയ ആരുമായും യാതൊരു ബന്ധവും ഈ കഥയ്ക്ക് ഇല്ല.



കഥാന്ത്യം:
പുഷ്‌പ്പനും,സാമൂതിരിയും, പടത്തലവനും ചേർന്ന് ഭുജംഗനാട്യ രാജ്യത്ത് അഗ്നി പരീക്ഷ നടത്തി.ഭക്ഷ്യ ക്ഷാമത്തിന് കാരണഭൂതനായ കട്ട ബൊമ്മനെ തുരുത്തിൽ നിന്നും താൽക്കാലികമായി പുറത്താക്കി.പുറത്താക്കപ്പെട്ട ഇളമുറക്കാരൻ കിട്ടിയ വണ്ടിയിൽ ഭുജംഗനാട്യ സഭയിൽ എത്തി.എല്ലിന്റെ എണ്ണം കൂടിയ പേരിൽ അവധിയിൽ പോയിരുന്ന രസതന്ത്ര വിദഗ്ദ  സുഭദ്ര തമ്പുരാട്ടി നൈസ് ആയി തിരികെ എത്തി.അതു കണ്ട ഭൗതികവാദി ഇന്ദുമതി "പുഞ്ചിരിച്ച്  സന്തോഷം" പ്രകടിപ്പിച്ചു.

ഹോജരാജൻ എന്തൊക്കെയോ തരികിടയും ആയി കറങ്ങി നടന്നിട്ട് ഒരുമാസ ശേഷം രാജ്യത്ത് തിരികെ എത്തി പായസം കൂട്ടി ഏവർക്കും സദ്യ നടത്തി.നർത്തകി മഞ്ജുവിനെയും കണക്കപ്പിള്ള ശാരദാമ്പാളിനേയും  ഇനിയുള്ള മാമാങ്കത്തിന് കൂടെ കൂട്ടാം എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ച പുഷ്പനും സംഘവും അവരെ കൊണ്ട് "രാജകീയ കലവറയിൽ" നിന്നും വിരുന്നൊരുക്കിച്ചു.വിരുന്നിനിടയിലും കോവാലൻ ചേട്ടൻ "ഡാ മോനെ..." എന്ന സന്ദേശം ആർക്കൊക്കെയോ ഇടയ്ക്കിടെ അയച്ചു കൊണ്ടേയിരുന്നു.

മലയാളം വാദ്യാർ മാതംഗി വാരസ്യാർ
നടത്തിയ സ്നേഹ വിരുന്നിൽ പങ്കെടുത്ത് തിരികെ വന്നപ്പോളേക്ക് ഭുജംഗനാട്യ രാജ്യത്തെ കുട്ടിപ്രജകൾക്ക് "എഴുത്തുത്സവം" ആരംഭിച്ചിരുന്നു.

                   *******************





Saturday, 6 September 2025

ചാ..ടി കളിക്കട പുള്ളി പുലി...!!



നീയമപരമായ മുന്നറിയിപ്പ്: ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികവും, വെറും നേരം പോക്കിന് മാത്രമായി നിർമ്മിച്ചതുമാണ്. ആയതിനാൽ ജീവിച്ചിരിക്കുന്നവരോ ഇനി ജീവിക്കാൻ പോകുന്നവരോ ആയ ആരുമായും ഇവർക്ക് യാതൊരു വിധ സാമ്യവും ഇല്ല. സാമ്യം തോന്നുന്നവർക്ക് നെല്ലിക്ക തളം മാത്രമേ പ്രതിവിധി ഉള്ളൂ.മുഴുവൻ ചിത്രങ്ങളും AI നിർമ്മിതമാണ്.


ആപ്ത വാക്യം: "ഹിംസ പാപമാണ്!!"


ആമുഖം: "സർപ്പ നൃത്ത" രാജ്യത്തെ പ്രജകൾക്ക് മുന്നിൽ കമഴ്ത്തിയ കലങ്ങളിൽ വെള്ളം നിറയ്ക്കാൻ പാട് പെട്ട് ക്ഷീണിച്ചവർക്ക് മുന്നിൽ
"തമ്പോല കൊട്ടി" അവധിയിൽ പോയ പ്രജകൾ. പ്രജാ ശല്യം ഇല്ലാതെ സ്വസ്ഥമായി കുടുബത്ത് കുത്തി ഇരിക്കുന്ന മന്ത്രി പ്രമുഖരുടെ പച്ചയായ ജീവിതം വരച്ചു കാണിക്കുന്ന കുഞ്ഞൊരു ക്യാൻവാസ്സ്.




ചാപ്റ്റർ 3- പുലിക്കളി:
               ഓണസദ്യ ഉണ്ടും ഉറങ്ങിയും ബോർ അടിച്ചു കിടക്കുന്നതിനിടയിൽ ബോറടി മാറ്റാൻ കൂർക്കം വലിച്ച വലി ചെറുതായി പാളിയപ്പോൾ, ഫോൺ എടുത്തു മുപ്പൻ ചുമ്മാ ഒന്ന് തോണ്ടി നോക്കി. പഴയ ചില ഫോട്ടോസ്സിനിടയിൽ നിന്നും, പടത്തലവന്റെ മണ്ടയ്ക്ക് ഞോണ്ടാൻ നോക്കുന്ന "ഡാമിയോം ഗർർർർർർർർ" ന്റെ ഫോട്ടോ കണ്ടപ്പോൾ ആണ്‌ "പുലിക്കളി" കാണാനുള്ള മോഹം മന്ത്രി മുഖ്യൻ "വാസുദേവ മൂപ്പന്" മുന്നിൽ നടുവ് നിവർത്തി ആദ്യമായി പൊങ്ങി വന്നത്.
       (പടത്തലവനും വരയൻ പുലിയും)

പൊങ്ങിയ മോഹത്തെ താഴും മുന്നേ വിരലിൽ തോണ്ടി എടുത്ത് "വാദ്യാർ
ഗ്രൂപ്പിൽ" കൊണ്ടോയി കുടഞ്ഞിട്ടു. 'കോളീഞ്ഞിയം' വിൽക്കാൻ കണ്ണൂര് പോയവരോ, ഇടുക്കി പോയി ഇടിയപ്പവും തിന്ന് തേയില നുള്ളി നടന്നിരുന്നവരോ, സ്റ്റാറ്റസ്സ് ഇടാൻ വേണ്ടി മാത്രം ശടകുട വണ്ടിയിൽ പത്തു രൂപയുടെ പെട്രോളും കമഴ്ത്തി കൊല്ലങ്കോട് വരെ ഓവർ ലോഡ് കയറ്റി പോയവരോ, പാലരുവി രഥത്തിൽ തൂങ്ങി ഇല്ലത്ത് പോയ പുതിയ രാജാ "ഹോജരാജ"നോ ഗ്രൂപ്പിൽ തല പോയിട്ട് ഒരു ഇല പോലും പൊക്കിയില്ല.

"ശെടാ, ഇവരൊക്കെ ഇതെവിടാ?? ന്റെ പുലിക്കളി മോഹം ഈ പെരുമഴയത്ത് തന്നെ വാടി കരിഞ്ഞു പോകുമോ??" എന്ന് മാത്രം ശങ്കിച്ച് മൂപ്പൻ രണ്ട് ദിവസം മച്ച് നോക്കി ഒറ്റ കിടപ്പ് കിടന്നു.പുലിക്കളി മോഹം തലയിണയാക്കി ഉറങ്ങും മുന്നേ "ഇത്തവണ പെൺപുലികൾ ധാരാളമിറങ്ങും " എന്ന ഒരു പോസ്റ്റർ കൂടി നൈസ് ആയി ഗ്രൂപ്പിൽ തട്ടി. ഇട്ട കൈ തിരിച്ചെടുക്കും മുന്നേ തന്നെ ഗ്രൂപ്പിൽ ഇട്ട ചൂണ്ടയിൽ ആദ്യ മീൻ വന്നു ചാടി കൊത്തി.കൊല്ലങ്കോട് നിന്നും സ്കൗട്ടൻ!!

കണ്ണൂര് മുങ്ങിയ ആൾ പഴന്നൂരിൽ പൊങ്ങി.നുള്ളിയ തേയിലയും കൊണ്ട് ഇലവീഴാ പൂഞ്ചിറയിൽ കുളിച്ചു രസിച്ചിരുന്നവർ, പാലാ തൊടാതെ മുട്ടം മേലുകാവ് താണ്ടി തൊടുപുഴ വഴി ആനവണ്ടിയിൽ മുണ്ടൂരിറങ്ങി. "ഓണമുണ്ട വയറേ നീ ചൂളം പാടി കിടക്കൂ"എന്ന പാട്ട് പാടി പഠിച്ചോണ്ടിരുന്ന ഹോജ രാജൻ 'പുലിക്കളി മേളം' കണ്ടില്ല എന്ന് നടിച്ചു.

അങ്ങിനെ ഇങ്ങനെ മൂപ്പന്റെ വണ്ടിയിൽ നാൽവർ സംഘം ഓണപ്പാട്ട് പാടി ത്രിശിവ പേരൂർക്ക് വച്ച് പിടിച്ചു.സൈക്കിളിൽ വന്നൊരു പയ്യൻ കൈവീശി റ്റാറ്റ തന്നിട്ട് ബഹുദൂരം കടന്നു പോയി.
"ഏത് മൂഡ്... ആഘോഷ മൂഡ്..
ഏത് മൂഡ്... ഒലക്കേടെ മൂഡ്.."
വണ്ടിയുടെ മെല്ലെപ്പോക്ക് മാറ്റാൻ സ്പീഡിലുള്ള ഒരു പാട്ട് റേഡിയോ കയ്യീന്നിട്ട് ഉറക്കെ പാടി!!

"മസാല ദോശയും ലഡ്ഡുവും
ചമ്മന്തിയും കിട്ടുന്ന ഏക കട" എന്നു നിലവിച്ചു പറഞ്ഞ സെക്രട്ടറി,  "സിനിമ കട റെസ്റ്റോറന്റ്" മുന്നിൽ തന്നെ വണ്ടി പാർക്ക് ചെയ്യിപ്പിച്ചു.
"ഫ്ലാപ്പ്" അടിച്ചു കടന്നു വന്ന മെനു കാർഡ് നോക്കാതെ മസാല ദോശ വിളിച്ചു വരുത്തി കുഴച്ചു തിന്നു. ബില്ലും കൊടുത്ത് നീട്ടി ഒരു ഏമ്പക്കവും ഒപ്പിച്ച ശേഷം, നാലും കൂടി നീണ്ടു വലിഞ്ഞു നടന്ന് ടൌൺ എത്തി.

എങ്ങും പുലിക്കളി പോസ്റ്ററുകൾ.
"ഇവർ മേക്കപ്പിടുന്നത് കണ്ടിണ്ടാ?"
സെക്രട്ടറി തുറിച്ചു നോക്കി തറപ്പിച്ച് ചോദിച്ചു.
മൂവരും ഒന്നിച്ച് "ഇല്ല" എന്ന് തലയാട്ടി.
"കാണണം, കിടു ആണ്‌"
"നിങ്ങള് കണ്ടിണ്ടോ സെക്രു?"
"ഇല്ല, അതല്ലേ കാണണം എന്ന് പറഞ്ഞെ"
"അയ്സരി, എന്നാ ബാ പോകാം!!"
"പോകും വഴി ലക്ഷ്മി സ്വീറ്റ്‌സ്ൽ കയറി മൂക്ക് മുട്ടെ പലഹാരം വാങ്ങി വിഴുങ്ങാം"
"കുറച്ചു മുന്നേ തിന്ന മസാല ദോശയോ?"
 "ഇത്രേം ദൂരം നടന്നപ്പോ മസാല ദോശ ആവിയായി." 
"ഏറ്റവും കൂടുതൽ പലഹാരങ്ങൾ കിട്ടുന്ന ടൗണിലെ ഏക കടയാണ് ശ്രീ ലക്ഷ്മി സ്വീറ്റ്‌സ് എന്നാ കേട്ടത്"
പലഹാരം തിന്ന് വീർത്ത വയറും തൂക്കി ധനലക്ഷ്മി ബാങ്കിന് സൈഡിലൂടെ നടന്ന് ഒടുവിൽ അവർ വിവേകോദയം സ്കൂളിലെ പുലി മേക്കപ്പ് അണിയറയിൽ എത്തിച്ചേർന്നു.

ചെന്ന പാടെ തന്നെ "സ്റ്റാറ്റസ് ഇടാൻ" എന്നും പറഞ്ഞ് ഫോണും പൊക്കി, ആരുടെയോ മേക്കപ്പ് സീൻ പിടിച്ച സ്കൗട്ടനെ ഏതോ ഒരു പെരുവയറൻ പുലി നിലത്തിട്ടുരുട്ടി, പിന്നെ... പൊക്കിയിട്ടിടിച്ചു!!

അത് കണ്ട് പേടിച്ചോടിയ സെക്രട്ടറിക്ക് പിന്നാലെ കാര്യമറിയാതെ മൂപ്പനും പടത്തലവനും കണ്ണടച്ച് പാഞ്ഞു.
മൂവരും കൂടി ഓടി കയറിയത്, മേക്കപ്പിട്ട് വെയിലത്തുണക്കാൻ ഇട്ടിരുന്ന അഞ്ചാറു പുലികളുടെ മേലെ ആരുന്നു.ബ്രെക്ക് കിട്ടാതെ,
തപ്പി തടഞ്ഞു പുലി വയറിൽ വീണവരെ പൊക്കിയെടുത്ത് മേക്കപ്പിട്ട് മുണ്ടുടുപ്പിച്ച് വെയിലത്ത് നിർത്തി ഉണക്കിയെടുത്ത ശേഷം അവർ പുലിക്കളിക്ക് ഇറക്കി.
                (മുണ്ടുടുത്ത പുലികൾ)

അടി കൊണ്ട് പതം വന്ന സ്കൗട്ടനെ തൂക്കി എടുത്ത് കളറിൽ മുക്കി റൗണ്ടിൽ കൊണ്ടു പോയി, പുലി കൂട്ടത്തിന് നടുവിൽ നിർത്തി തുള്ളിച്ച് നാട് ചുറ്റിച്ച് നടന്നു മറ്റുചിലർ.
        (റോക്കിങ് സ്കൗട്ടൻ @തൃശൂർ)

അങ്ങിനെ.....പുലിക്കളി കാണാൻ വന്നവർ നാലും കൂടി,
"ഡിം... ഡിം..... ഡിം ഡി ഡിടിം ഡിം!"
"ഡും.... ഡും ഡും ടു ഡ് ഡും... ഡും!" എന്ന
താളത്തിനൊത്ത് തുള്ളുന്ന പുലികളായി അനുസരണയോടെ നാട് ചുറ്റി.

സംഗതി ടിവിയിൽ കണ്ട ചില "പ്രതിനിധി" അംഗങ്ങൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് സംഭവം കളറാക്കി.

          (ഡബിൾ പുലിയൻ സെക്രു)

ഇരട്ടപുലി ഡിസൈനുമായി ഓടിനടന്ന് തുള്ളികളിച്ച സെക്രട്ടറിക്ക്, പുലിക്കളി കമ്മറ്റി നൽകുന്ന "തബോല" പുരസ്കാരം സമ്മാനമായി കിട്ടി.

              (വെറും പുലിയല്ല പുപ്പുലി) 

പടത്തലവനെ 8 ആം ഗ്രൂപ്പുകാർ ക്യാപ്റ്റനായി നിയമിച്ചു ഓല കൈമാറി.കിട്ടിയ ഓലയുമായി നെഞ്ചു വിരിച്ച്, മുണ്ടൂര് എത്തിയ പടത്തലവന് "കുമ്മാട്ടി പുലി" എന്നൊരു പട്ടം നാട്ടുകാർ പട്ടിൽ ചുരുട്ടി "കെട്ടി" ഏൽപ്പിച്ചു.

         (മൂപ്പനാരാ മോൻ, അല്ല പിന്നെ!!)

മൂപ്പൻ ആകട്ടെ "സർപ്പ നൃത്ത" രാജ്യത്തെ പ്രജകളെ നന്നാക്കുന്നതിലും ഭേദം, പുലിക്കളി തന്നെ എന്ന് കരുതി നാട്ടിൽ സ്വന്തമായി ഒരു പുലിക്കളി ട്രൂപ്പ് തുടങ്ങി.

നാട മുറിച്ച് ട്രൂപ്പുത്ഘാടനം ചെയ്യാനുള്ള ക്ഷണം, പത്രിക ആക്കി പലർക്കായി മണിയോർഡർ ചെയ്തു മൂപ്പൻ. മണിയോർഡർ കിട്ടിയവർ ചേർന്ന് നാടമുറിക്ക് പോകാൻ കാലേകൂട്ടി വട്ടം കൂടി. വട്ടത്തിൽ കൂടാമെന്നേറ്റ "പ്രതിനിധി"യെ "ഇപ്പൊ തിരിച്ചു വിളിക്കാം" എന്ന് പറഞ്ഞു തേച്ചിട്ട്..…., പകരം വിവര സാങ്കേതിക വിദഗ്ധ "തേൻകനി"യെ നാടമുറിക്കാൻ കൂടെ കൊണ്ടുപോയ സ്കൗട്ടനും സംഘവും, tv യിൽ പുലിക്കളി ലൈവായി കണ്ടു ചിരിച്ചതിന്റെ ആ പഴയ പ്രതികാരം, ഉടൻ തന്നെ ചെയ്ത് കണക്ക് തീർത്ത് രസീത് വാങ്ങി പെട്ടിയിൽ വച്ചു.
 
പിന്നാമ്പുറ കഥകൾ അറിയാത്ത പാവം "പ്രതിനിധി" സ്കൗട്ടന്റെ വിളിയും കാത്ത് സർപ്പ നൃത്ത രാജ്യത്ത് കടലയും കൊറിച്ച് മഴനോക്കി കുത്തിയിരുന്നു.അതെ സമയം സ്കൗട്ടനും സംഘവും മൂപ്പനെ പറഞ്ഞു പറ്റിച്ച് ശ്രീലക്ഷിമിയിൽ കൊണ്ടുപോയി മൂക്ക് മുട്ടെ സദ്യ വാങ്ങി ഉണ്ടു. കുമ്പ നിറഞ്ഞ ഉടനെ, ബില്ല് മുഴുവൻ മണ്ടയ്ക്ക് വച്ചിട്ട് മൂപ്പനെ വഴിയിലുപേക്ഷിച്ച് അവർ മുങ്ങി. അവിടുന്ന് മുങ്ങി പിന്നീട് നേരെ പോയി ഏതോ കാട്ടിലെ പാറപ്പുറത്ത് വലിഞ്ഞു കയറി "തേൻ" ചേർത്ത് ഫോട്ടോഷൂട്ട് നടത്തി സ്റ്റാറ്റസ്സിൽ നിറച്ചു.
ഷൂട്ട് കഴിഞ്ഞു പോകാൻ തുടങ്ങിയ "തേൻകനി" കാട്ടു വാസികൾ പിടിച്ചു കെട്ടി തങ്ങളുടെ മൂപ്പത്തി ആക്കി. 5 നേരം കുമ്പ നിറയെ ഫുഡ്‌ കിട്ടും എന്നറിഞ്ഞ "തേൻകനി" സ്കൗട്ടനേയും കൂട്ടരെയും തേച്ചിട്ട് മൂപ്പത്തി പട്ടം ഏറ്റെടുത്തു.
    (പുതിയ കാട്ടു മൂപ്പത്തി "തേൻകനി" )


സ്കൗട്ടന്റെ വിളിയും
നോക്കിയിരുന്നു വേരുവന്ന പാവം "പ്രതിനിധി" ഒടുവിൽ പയ്യനേയും കൂട്ടി മൂപ്പന്റെ നാട്ടിലേക്ക് പെരുമഴയും നനഞ്ഞു യാത്ര പുറപ്പെട്ടു.അപ്പോഴേക്ക് മൂപ്പൻ കൂർക്കം വലിയോടെ ഉച്ചയുറക്കം തുടങ്ങിയിരുന്നു.



വാൽ കഷ്ണം:
ഓടിച്ചിട്ടിടിക്കാനോ, വഴിയിലൂടെ പോകുന്നത് കാണുമ്പോൾ കല്ലെടുത്തേറിയാനോ തോന്നുന്നത് ദുർബല ഹൃദയർക്ക് മാത്രം ആണ്‌. അതുകൊണ്ട് അങ്ങിനെ തോന്നിയവർ തുടക്കത്തിൽ ഉള്ള ആപ്തവാക്യം അഞ്ചു തവണ വായിക്കാൻ മറക്കരുത്.



Wednesday, 8 January 2025

പ്രോഗ്രസ്സ് കാർഡ്!!

"ഡേയ്.. നിന്റെ ബ്ലോഗിൽ ഇല്ലാത്ത ചില കഥകൾ pdf രൂപേണ റോഡിൽ പ്രചരിക്കുന്നത് കണ്ടല്ലോ.അതെല്ലാം അടിച്ചുവാരി 
നീ ബ്ലോഗിൽ ഇട്ടിരുന്നേൽ ആയാസമില്ലാതെ വായിക്കാമായിരുന്നു'
നിമിഷങ്ങൾക്ക് അകം "വിനോദ് ഒറ്റപ്പാലം" എന്നനാമത്തിൽ വഴിയിൽ അലഞ്ഞു നടന്ന ചില കഥകൾ pdf രൂപത്തിൽ ചാറ്റിൽ തലപൊക്കി.
Pdf കളോട് പ്രഥമ ദൃഷ്ട്യലുള്ള ഒരു താല്പര്യക്കുറവ് പണ്ട് മുതലിപ്പോഴും തുടരുന്നതിനാൽ ഒന്നോടിച്ചു നോക്കി. കൊള്ളാം, പതിവ് പോലെ തന്റെ ശൈലിയും നിലവാരവും നിലനിർത്തിയിട്ടുണ്ട്.

"നിനക്കിപ്പോഴും എഴുതാൻ പറ്റുന്നുണ്ടല്ലോ, അടിപൊളി"
"ഏയ്‌.. ഇതൊക്കെ പഴേത.. ഇപ്പൊ എഴുത്തില്ല.."
"എന്താ നിന്റെ അവസ്ഥ?"
"ഞാനിപ്പോ കട്ടയ്ക്ക് എഴുത്താണ്.
കുറെ എണ്ണം എഴുതി,വെറും ചവറുകൾ!!"
"എഴുതുമ്പോൾ കടന്ന് പോകുന്ന ഒരു വൈബ് ഇല്ലേ... രതി പോലെ സുഖം തരുന്ന ഒരനുഭൂതി.അതിപ്പോ കിട്ടുന്നില്ല. രചനാ ഷണ്ഡത്വം ബാധിച്ച പോലെ!!"
"ഹഹഹഹ... അപ്പൊ ജീവിതം പോലെ തന്നെ ആയി എഴുതും"
"ജീവിതത്തിൽ നിന്നെ പോലെ അടിമത്തം ഇല്ല.വിലങ്ങുകൾ ഇല്ലാതെ പറന്ന് നടക്കുന്ന എന്നോടോ? നിന്റെ രതിമോൾ അകാലത്തിൽ ചരമം അടഞ്ഞതൊക്കെ ഞാൻ അറിഞ്ഞു'
"പോ.. മൈ..... ....... ......."
"ഹഹഹ.. അത് വിട്.. നീ കഥകൾ അയക്ക്... വായിച്ചു പ്രചോദിതനാവട്ടെ, എന്നിട്ട് വേണം മലയാള സാഹിത്യ മല ഒന്ന് മറിച്ചിടാൻ!"
"പോ..ത്തോടിയാൽ എവിടെ വരെ...?? ങ്ങ.. ഹരിത കർമസേനകൾ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നത് കൊണ്ട് ചവറുകൾ പറന്ന് നടക്കില്ല"
"പോടാ പട്ടി... ചവറുകൾ ചാവേറുകൾ ആണ്... എന്റെ പോലുള്ള ചവറുകൾ ഉള്ളത് കൊണ്ടാണ് നിന്റെ ഒക്കെ എഴുത്തുകൾക്ക് ആളുകൾ കൂടുന്നത്....നിന്നെ പോലെ എഴുതി നിനക്കുള്ള ഫാൻ ബേസ് കുറച്ചിട്ട് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ എന്റെ നിലവാരം ഉയർത്താത്തത മോനേ"
"ഉവ്വ!!ചത്താലും നാവിന് ഒരുകുറവുമില്ല"
"ഈ നാവ് കൂടി ഇല്ലേൽ നിന്നെപോലുള്ള സാഹിത്യ ബൂർഷകൾ എന്നെ തിരിഞ്ഞു നോക്കുമോഡാ പുല്ലേ??"
"അത് നേരാ..., എന്നാ ശരി പിന്നെ കാണാം. ഒരു വഴി പോകാനുണ്ട്"
"പോകും മുന്നേ കുറച്ചു കഥകൾ ചാറ്റിൽ കമഴ്ത്തിയിട്ട് പോകൂ"
മറുപടി വന്നില്ല, പക്ഷെ അല്പം കഴിഞ്ഞപ്പോ കുറച്ച് കഥകൾ ചാറ്റിൽ ചൂടോടെ കിടന്ന് പിടച്ചു.

ഇതുവരെ വായിക്കാതെ കുറെ കഥകൾ.മനോഹരമായ വരികൾ!!
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത എന്നിലെ പല്ല് കൊഴിഞ്ഞ സാഹിത്യകാരൻ മുണ്ടുമടക്കി ചാടി എണീറ്റു.എന്തേലുമൊക്കെ എഴുതുവാൻ മുട്ടിയ എന്റെ വിരലുകളിലേയ്ക്ക് സാഹിത്യം ചുരന്നുവന്നു.രചനയ്ക്കായി ഒന്നരക്കൊല്ലം മുന്നേ വാങ്ങിവച്ച പേനയും പേപ്പറും തപ്പാൻ സമയമില്ല. ചുറ്റിനും നോക്കി, വല്ല തുണ്ട് പേപ്പറും?? മേശയുടെ കാലിനടുത്ത് നിലത്തൊരു പേപ്പർ!!
ഒറ്റചാട്ടത്തിന് ആ പേപ്പറെടുത്ത് കയ്യിൽ കിട്ടിയ പേന കൊണ്ട് ആദ്യവരി കുറിച്ചുതുടങ്ങി.

പണ്ടാരം!! പേന തെളിയുന്നില്ല.
"ഫ്ലോ കളയാതെ തെളിയു പരട്ട പേനെ.." എന്നും പറഞ്ഞു പേപ്പറിൽ വട്ടത്തിൽ കുത്തി വരഞ്ഞു. തെളിയുന്നില്ല. ബീഡിവലിക്കാൻ വച്ചിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ച് 
പേനയുടെ നിബൊന്നു ചൂടാക്കി. തെളിയുമോ എന്നറിയാൻ വീണ്ടും കുത്തിവരഞ്ഞു. ചെറുതായി തെളിയുന്നുണ്ട്. വയറിളക്കം ബാധിച്ച പൂവാലി പശു നടക്കും വഴിയിൽ ചാണകമിടും പോലെ അവിടെയും ഇവിടെയുമായി ചില തെളിയലുകൾ.
പണ്ടാരം... ആ മൂഡിപ്പോ പോകും.
പേപ്പറിൽ കുത്തി എട്ടു വരഞ്ഞു. ചെറുതായി തെളിച്ചം കൂടി വരുന്നു.
കൊള്ളാം!! കുത്തിവരയലിന്റെ വേഗത കൂട്ടി.

അങ്ങിനെ മരിയാധയ്ക്ക് തെളിയ്. നീ അല്ല നിന്റപ്പനെ വരെ തെളിയിക്കും...എന്നോടാ കളി!! ഹും!!

എഴുതുവാൻ എടുത്ത പേപ്പർ കുത്തിവരഞ്ഞു അങ്ങിങ്ങായി തുളകൾ വീണിരിക്കുന്നു. കൂടാതെ  വട്ടങ്ങളും എട്ടുകളും കൂടി കളം നിറഞ്ഞു കളിക്കുന്നുമുണ്ട്.

ഇനി ഈ പേപ്പറിൽ എവിടെ എഴുതും??

അടുത്തൊന്നും വേറെ പേപ്പറുമില്ല.

എണീറ്റ് പോയി വേറെ പേപ്പർ തപ്പാനുള്ള മടികൊണ്ട്.. മുണ്ട് മടക്കി എണീറ്റ് നിന്ന കലാകാരന്റെ മുണ്ടേൽ പിടിച്ചു താഴോട്ട് വലിച്ച് അവിടിരുത്തി. തെളിയാൻ മടിച്ചുപിണങ്ങി നിന്ന്കൊണ്ട് എന്റെ സാഹിത്യസൃഷ്ടി മൂഡ് കളഞ്ഞ പേന എടുത്ത് ഒറ്റ കുത്തിന് മുന ഓടിച്ചു. എന്നിട്ടും കലി തീരാതെ തൂക്കി എടുത്ത്... 
തുറന്നു കിടന്ന ജനലിലൂടെ പുറത്തെറിഞ്ഞു.കുത്തിവരഞ്ഞ പേപ്പർ ചുരുട്ടി പേനയ്ക്ക് 
പിന്നാലെ വിട്ടു.
ലൈറ്റും ഓഫ്‌ ആക്കി പിന്നെ കട്ടിലിലേയ്ക്ക് ഒറ്റ മറിച്ചിൽ!!

********
"അച്ഛാ.... എണീക്ക്!!എത്ര നേരമായി ചോദിക്കുന്നു...

പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ തന്നിട്ട് എവിടാ വച്ചത്?? ഇന്ന് കൊണ്ടുചെന്നില്ലേൽ ടീച്ചർ ക്ലാസ്സിൽ കയറ്റില്ല. കഴിഞ്ഞ ആഴ്ച തന്നതല്ലേ?? ഒപ്പിടാൻ തന്ന പേന പോലും കാണുന്നില്ല."
"എണീ... ക്ക് അച്ഛാ..."


Tuesday, 7 January 2025

സർപ്പനൃത്തപുരിയിലെ യുദ്ധങ്ങൾ!!

ചാപ്റ്റർ 1- പയ്യൻ!!

"ർപ്പനൃത്തപുരി" എന്നത് വള്ളുവനാടൻ സാമൂതിരിയുടെ ഭരണത്തിന്റെ കീഴിൽ നിന്നും താഴെവീണു പോയി പുഴയെടുത്ത് മൂന്ന്ശിവന്മാരുടെ പേരോതും പ്രദേശത്തോട്.... "ചേർത്തുവയ്ക്കപ്പെട്ട" പോലൊരു നാട്ടുരാജ്യമായിരുന്നു.ഇടതും വലതും ഇവയിൽ പെടാത്ത കേന്ദ്രനും മാറിമാറി ഭരിച്ചിട്ടും കാര്യമായ പരിഗണന കിട്ടാതെ പോയൊരു ദരിദ്ര്യ രാജ്യം. അവിടുത്തെ ഇപ്പോളത്തെ താൽക്കാലിക രാജനാണ് വള്ളുവനാടൻ മട്ടും ഭാവവും സംസാരത്തിൽ പോലും പേറുന്ന സത്യരാജ തിരുമനസ്സ്!! തിരുമനസ്സിന്റെ രാജാധികാര്യത്തിൽ തിരുവിതാംകൂർ ഗവർണർ ജനറൽ  ഭരണഘടനാപരമായി വരച്ചു നൽകിയ അധികാര പരിധിയിൽ സാമൂതിരി ഭരണകാലത്തെ കെട്ടിടങ്ങളോ, അവയ്ക്ക് പകരം പണിതവയോ അവയിലെ വിരലിലെണ്ണാവുന്ന പ്രജകളോ ഇല്ലാത്തകൊണ്ട് പ്രസ്തുത പ്രദേശഭരണത്തിനായി ഒരു രക്ഷാധികാരിയെ പ്രശ്നവശാൽ അധികാരപ്പെടുത്തിയിരുന്നു.ഇപ്പോഴത്തെ രക്ഷാധികാരി ആയ സോമരജ ഗുരുക്കൾ ആണ് പഴഞ്ചനും പുതുഞ്ചനും ആയ എല്ലാ നിർമിതികളുടെയും പ്രഥമ ദൃഷ്ട്യലുള്ള അധികാരി. ആ അധികാരം ഉപയോഗിച്ച് കൊച്ചുകൊച്ച് ആഘോഷകമ്മറ്റികളും മറ്റുമായി മുന്നോട്ട് പോയിരുന്ന ഗുരുക്കളും സഹായികളും കൂടി 
അവസരം കിട്ടുമ്പോൾ എല്ലാം ഭരണാധികാരി സത്യരാജ തിരുമനസ്സിനേയും മന്ത്രിമാരെയും വാക്കുകളാൽ ചുരണ്ടുവാൻ മടിച്ചിരുന്നില്ല.

തീരുമനസ്സിന്റെ രാജ്സഭയിലെ മന്ത്രിമുഖ്യനായ വാസുദേവരാജ ചോളനും പടത്തലവനായ ശശി പെരുമാളും അത്തരം ചുരണ്ടലുകൾക്കെതിരെ ശക്തപ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരുന്നതിനാൽ തിരുമനസ്സിന്റെ ഭരണം സുഖമമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

സത്യരാജ സദസിലെ രാഷ്ട്ര ഭാഷാ മുൻഷി വിനോദ ഗുരുക്കളുടെ സായന്ധനങ്ങൾ നിരീക്ഷിച്ചാണ് തിരുവിതാംകൂർ മഹാരാജ്യത്ത്....  പൂരങ്ങളെപ്പറ്റിയും നാട്ടുത്സവങ്ങളെപറ്റിയുമൊക്കെ യുള്ള വിവരങ്ങൾ  താളിയോലയിലാക്കി ഗ്രന്ഥശാലയിൽ സൂക്ഷിച്ചു പോന്നിരുന്നത്.

കാലാകാലങ്ങളായി സർപ്പനൃത്തപുരിയിലെ ആംഗലേയത്തിൽ നിലവാരചോർച്ച ശ്രദ്ധയിൽപ്പെട്ട 
തിരുവിതാംകൂർ ദിവനായ കേശുപിള്ള നേരിട്ടിടപെട്ടാണ് ആംഗലേയ ഭാഷാ വിദഗ്ധയായ് സ്വ നാട്ടിലും അയൽനാട്ടിലും പേരെടുത്ത സുഷ മുൻഷിയെ സത്യരാജ തിരുമനസ്സിന്റെ സഭയിലേയ്ക്ക് അയക്കുന്നത്. കണക്കപിള്ള സുപ്രീതാർച്ച, മലയാളം മുൻഷി രേഷ്മകുട്ട്യേടത്തി,രാജ്യ രസതന്ത്ര വിദഗ്ധ പ്രീയ റാണി,ഭൗതികശാസ്ത്ര വിദഗ്ധയായ പുഞ്ചിരി വിദൂഷി,വിവര സംസ്കരണ യന്ത്ര വിദഗ്ധ തേൻകനി, മധുലോക വാസി തുടങ്ങി പിന്നെയും ചിലർ കൂടി ചേർന്നതാണ് ഭരണ സംവിധാനം.

അങ്ങനുള്ള സംവിധാനത്തിലേയ്ക്ക് ആണ് ആധുനിക കാലത്തൊരു സുപ്രഭാതത്തിൽ കൈയും വീശി പയ്യനേയും കയ്യിൽ തൂക്കി ആദ്യമായി കയറിചെന്നത്

**********

ലോട്ടറിക്കാരിയായ സെക്യൂരിറ്റിയുടെ കാവൽ ഉള്ള,ഇടിമിന്നലിന്റെ ഷേപ്പിൽ വിള്ളൽ വീണ ജാമ്പവാൻ കെട്ടിടത്തിന്റെ പിന്നിലോളിച്ചിരിക്കുന്ന പുത്തൻ കെട്ടിടത്തിലായിരുന്നു പയ്യന്റെ 16 ആം വയസ്സിലെ തുടർ പഠനം.വീടിനടുത്തുള്ള "അവിടെ" തന്നെ പയ്യനെ കൊണ്ടോയി 
പതിനൊന്നാംതരത്തിൽ  നടയിരുത്തിയതിനു പിന്നിലെ പ്രധാന കാരണം... അധികം മുറികളോ പിള്ളേരോ ഇല്ലാത്തത് 
കൊണ്ട് പയ്യന്റെ മേൽ വിദ്യാദാനികളായ അദ്ധ്യാപകരുടെയും വിദ്യാദാഹികളായ സഹപാഠികളുടെയും രണ്ട് കണ്ണുകളിലൊന്നിന്റെ നോട്ടവും കരുതലും തലോടലും എപ്പോഴും ഉണ്ടാകുമല്ലോ എന്നത് ആയിരുന്നു. അതിലൂടെ പയ്യന്റെ വിദ്യാ, സാംസ്കാരിക, സാമൂഹിക നിലവാരം റോക്കറ്റ് പോലെ കുതിച്ചുയർന്നു പൊങ്ങുന്നതും, സമീപകൊല്ലങ്ങളിൽ വീടിന്റെ ചുമതല പയ്യന്റെ മണ്ടയിൽ നൈസ്സായി കെട്ടിവച്ച ശേഷം, ഭാണ്ഡവും മുറുക്കികെട്ടി 
വേൾഡ് ടൂർ പോകുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ചുരുണ്ടുകൂടി കിടന്ന് ഞാനുറങ്ങി.

നല്ലവരായ സഹപാഠികൾ അവരുടെ ഒരു കണ്ണല്ല, മറിച്ച് രണ്ട് കണ്ണുകളുടെ നോട്ടവും 
ഒപ്പം രണ്ട് കൈകളുടെ തലോടലും കൂടി 
പയ്യന്റെ മേൽ പെട്ടെന്ന്  പതിപ്പിച്ചതിനാൽ, കാസർഗോഡൻ ഭാഷ പഠിക്കാൻ വേണ്ടി എച്ചിക്കാനത്തെ കണ്ണപ്പനാശാന്റെ കുടിപ്പള്ളിക്കൂട കളരിയിൽ ചേർന്ന് ഗുരുകുല വിദ്യാഭ്യാസത്തിലായിരുന്ന ഞാൻ ഉടൻതന്നെ മലയിറങ്ങി തീവണ്ടിയാപ്പീസിലെത്തി ആദ്യം വന്ന കൽക്കരി വണ്ടിയിൽ തൂങ്ങി വല്ലവിധേനയും നാട്ടിലെത്തി.
ആണ്പിള്ളേരായാൽ "കൊണ്ടും" "കൊടുത്തു"മൊക്കെ വളരണം എന്ന എന്റെ തന്നെ പഴയവാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പയ്യൻ..... കൊണ്ടത് "കൊടുക്കാ"നുള്ള കൊട്ടേഷൻ ടീമിനെ തയ്യാറാക്കിയത് കണ്ട് ഞാനൊന്ന് ഞെട്ടി.തല്ലുമാല,കൂട്ടയടി, പോലീസ് സ്റ്റേഷൻ.പയ്യനെന്ന ഭാവി ഗുണ്ട കോന്ത്രപല്ലുമൂടുന്ന കൊമ്പൻ മീശ പിരിച്ച് എന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു!!

ഭഗവാനെ.. എന്റെ വേൾഡ് ടൂർ!!

"ഡേ...യ് മിസ്റ്റർ പയ്യൻ, താങ്കൾ മറിഞ്ഞു വീണ പെരുംപാമ്പ് കണക്കെ നിന്ന് കൊണ്ടോ അതോ ഒന്നേലും തിരികെ കൊടുത്തോ"
"ഏ...യ്‌!! ആദ്യം വന്ന അഞ്ചവന്മാരെ ഞാൻ പഞ്ഞിക്കിട്ടു, അതുകണ്ട് എവിടുന്നൊക്കെയോ പിന്നെയും കുറെ എണ്ണം പറന്ന്  വന്നങ്ങു ഈച്ചപോലെ പൊതിഞ്ഞു.പിന്നൊന്നും ഓർമയില്ല"

"അപ്പൊ പിന്നെ നീ കുറച്ചു പഠിച്ച കരാട്ടെ??"
"കരാട്ടെ ആർക്കുമെതിരെ എടുക്കരുതെന്ന് തൃശൂല ഗുരുക്കൾ പറഞ്ഞിട്ടുണ്ട്"
"പിന്നെന്തിനാ പഠിക്കുന്നെ?
അങ്ങോട്ട്‌ പോയി ആരേം ഉപദ്രവിക്കരുതെന്നെ ഉള്ളു, ഇങ്ങോട്ട് വന്ന് മേല് നൊന്തു തുടങ്ങിയ തിരികെ കൊടുത്തോണം"
"അത് തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ നോക്കിയപ്പോളേക്ക് ഞാൻ പെട്ടു മാതുലാ...., എല്ലാവരും കൂടി ചേർന്ന് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധമെന്നെ പിടിച്ചുകെട്ടി"
"അപ്പൊ... ബ്രൂസ് ലി, ജെറ്റ്ലി, ജാക്കി ചാൻ?? നൂറാളെ തല്ലി മറിക്കുന്ന തല്ലുമാല??"
"3-4 ആളിൽ കൂടുതൽ പറ്റില്ല എന്ന് മനസ്സിലായി,ഗുരുകൾക്ക് പുട്ടടിക്കാൻ കൂലിയിനത്തിൽ തന്ന കായ മൊത്തം പലിശസഹിതം എഴുതിവച്ചിട്ട് എന്നേലും തിരിച്ചു തന്നേക്കാം"
പയ്യൻ.... "പൊലിപ്പിച്ച" ദൃശ്യലോകത്ത് നിന്നും താഴെയെത്തി, യഥാർഥ്യത്തിന്റെ തിരിച്ചറിവ് നേടിയിരിക്കുന്നു!!

"മിടുക്കൻ....... മിടുമിടുക്കൻ...
അരിയും തിന്നും.... നെല്ലും തിന്നും... പിന്നേം നിന്നാൽ..... തവിടും തിന്നും....!!"
പയ്യൻ നേടിയ തിരിച്ചറിവിനെ ആത്മാർത്ഥമായി ഞാനഭിനന്ദിച്ചു.

'ആണ് പിള്ളേര് ആണേൽ അത്യാവശ്യം ഉഴപ്പും തരികിടയും അടിയും ഇടിയും ഒക്കെ വേണം,ഒന്ന് ഓടി ചാടി വീണ് പരിക്ക് പറ്റി മണ്ണിൽ വളർന്നാലേ ഈ ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റൂ. ഇന്നത്തെ ലോകം ലഹരിക്ക് അടിമ ആണ്. അല്ലാരുന്നു എങ്കിൽ ഞാൻ നിന്നെ ചരട് പൊട്ടിച്ചു കണ്ണെത്തും ദൂരത്തു തന്നെ സ്വന്ത്രമായി വളരാൻ വിട്ടേനെ.' പയ്യൻ കേൾക്കാതെ ഞാൻ 
മനസ്സിൽ പറഞ്ഞു.

"പക്ഷെ, മാതുലൻസ്.. എനിക്ക് തിരിച്ചടിക്കണം"
"എന്നിട്ട്..?"
"ഒരു മനസ്സമാധാനത്തിന്!!"
"അവർ കൂട്ടം കൂടി തിരിച്ചു തല്ലിയാൽ ഒറ്റയ്ക്ക് നിന്നടിച്ചിടുമോ?"
"അതാ പ്രശ്നം"
"എന്നാ തല്ക്കാലം ഒന്നടങ്ങു മിസ്റ്റർ പയ്യൻ!!, എന്നിട്ട് മുടങ്ങിപ്പോയ അഭ്യാസപഠനം കൊള്ളാവുന്ന ഏതേലും ഗുരുക്കളുടെ കീഴിൽ തുടരൂ. അപ്പോൾ ഈ ചിന്തകൾ താനേ മാറും"

അടികിട്ടികിളി പോയ പയ്യൻ പറഞ്ഞ ആർക്കൊക്കെയോ എതിരെ ക്ലാസ്സ്‌ ടീച്ചർ ജീവപര്യന്തം വിധിച്ചോർഡറാക്കി.
വിധി ഒപ്പിട്ട് വാങ്ങിയ പ്രതികൾ പയ്യനോട് സാമൂഹിക അകലം പ്രഖ്യാപിച്ച് വീട്ടിൽ കുത്തിയിരുന്നു.പയ്യനിലെ 
പ്രതികാരദാഹിയെ പട്ടിണിക്കിട്ട് ഞാനുണക്കി നിർത്തിയെങ്കിലും 
"തല്ലുമാല" സീസനുകൾ പലതും സ്കൂളിൽ പതിവായി.
അത് കണ്ടില്ലെന്ന് നടിച്ച അധികാരികളിൽ പലരുടെയും ആനയോളം പോന്ന മൗനം സ്കൂൾപരിസരത്തെങ്ങും ചെവിയാട്ടി നിന്നു.

"സ്കൂൾമാറണം!! എങ്കിലേ ഞാനിനി പുസ്തകം കയ്യോണ്ട് തൊടുള്ളൂ...."എന്നും പറഞ്ഞു പയ്യൻ വീട് വിട്ട്  ഇൻസ്റ്റഗ്രാമത്തിലേയ്ക്ക് താമസം മാറ്റി.ആ ഇടയ്ക്ക് ആണ് ആദ്യ പിടിഎ മീറ്റിംഗ് വിളംബരം പെരുമ്പറ കൊട്ടി വിളിച്ചോതപ്പെട്ടത്.

പ്രത്യേകിച്ച് പണിയൊന്നും ഇല്ല, വീട്ടിൽ ഇരുന്നിട്ട് അമ്മ കട്ടൻ പോലും തരുന്നുമില്ല. എന്നാ പിന്നെ പിടിഎ യ്ക്ക് പോകാം.അഞ്ചാറു ചായയും വയറുനിറയെ ടൈഗർ ബിസ്ക്കറ്റും കിട്ടുമെന്ന ശുഭ പ്രതീക്ഷയിൽ വേദിയിൽ എത്തി. ബിസ്കറ്റ് മോഹിച്ചെത്തിയ എന്നെ പിടിഎ രാജസഭയിൽ "കുരണ്ടി" തന്ന് പിടിച്ചിരുത്തി ചായകാശും ടൈഗർ കാശും ലാഭിച്ചതിന് പിന്നിൽ വാസുദേവരാജ ചോളന്റെയും സത്യരാജ തിരുമനസ്സിന്റെയും കറുത്ത കൈകൾ തന്നെ!!

മാതുലൻ പതിനഞ്ചഗ രാജസഭയിൽ എത്തി പെട്ടത്തോടെ സ്കൂളുമാറ്റം ഇനി നടപ്പില്ല എന്ന ജ്ഞാനലബ്ദി നേടിയ പയ്യൻ പ്രതിക്ഷേധമായി.... പണം നൽകി ചകിരിതല ഫാഷനായി സ്വീകരിച്ച് വിപ്ലവം മുഴക്കി.അലക്കുകാരി ജാനുവേടത്തി ബെഡ്ഷീറ്റ് തല്ലിയലക്കും പോലെ അഞ്ചാറെണ്ണത്തിനെ വാരി അലക്കിയെന്നതല്ലാതെ പറയത്തക്ക മറ്റ് ദോഷങ്ങളൊന്നുമില്ലാതെ തിന്നുറങ്ങി പോന്നിരുന്ന പാവം 'കംസമ്മാവനെ കൂമ്പിനിടിച്ചു കൊന്നവനെ പോലെ ആകുമോ മിസ്റ്റർ പയ്യനും' എന്നൊരു ഭയം എന്നിൽ വേരുറപ്പിച്ച് വളർന്നു വലുതായി പഴുത്തയിലകൾ കൊഴിയിപ്പിച്ചുകൊണ്ടേയിരുന്നു.

പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ രാജയോഗങ്ങൾ വിളിക്കപ്പെടുകയും പച്ചവെള്ളം പോലും കുടിക്കാതെ പിരിയപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നതിനിടയിൽ മാവേലിയും പാപ്പാഞ്ഞിയും സുഖചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങി. അവരുടെ വരവുമായി ബന്ധപ്പെട്ട് നടത്തിയ വടംവലി മത്സരത്തിലും ഉറിയടിമത്സരത്തിലും കേക്ക്മുറിയിലും മത്സരപരീക്ഷയിലും വരെ പയ്യൻ വാശിയോടെ മത്സരിച്ച് തോറ്റു.പയ്യനെ ചൊല്ലി ഇണ്ടാസ്സയച്ച മത്സരജൂറികൾ പുതുവർഷദിനത്തിൽ തന്നെ 
കമ്മറ്റി ആപ്പീസ്സിൽ വിളിച്ചു വരുത്തി ഇരുത്തിപൊരിച്ചു.

മാങ്ങാണ്ടി പോലെ ലോലമായ എന്റെ ഹൃദയം പലവിധ ചിന്തകളാൽ ശക്തിയിൽ മിടിച്ചു.പയ്യൻ വേലികെട്ടിയ മോണകാട്ടി വെളുക്കെ ചിരിച്ചു.എന്റെ സ്വപ്നം സ്വപ്നമായി തന്നെ തുടരുമെന്ന്  ആ ചിരിയോടെ പയ്യൻ ഏറെക്കുറെ
ഉറപ്പിച്ചു തന്നു.അതോടെ സഞ്ചിയും തൂക്കി കരിവണ്ടികയറി മുടങ്ങിപ്പോയ ഭാഷാപഠനത്തിനായി കണ്ണപ്പനശാനേ തേടി കാസർഗോഡൻ മലനിരകളിൽ ഞാൻ കാലുകുത്തി.ദക്ഷിണ പോലും കൊടുക്കാതെ ഇടയിൽ മലയിറങ്ങിയത്തിനുള്ള ശിക്ഷയായി "ഗണേശ ഗുഹയിൽ കയറി വെള്ളാരം കല്ല് പെറുക്കി ഗുരുപത്നിയെ കടിക്കാനോടിച്ച ശുനകന്മാരെ എറിഞ്ഞുനാടുകടത്തിയാൽ മാത്രം തുടർപഠനം" എന്നും പറഞ്ഞു ഗുരുക്കൾ കൈമലർത്തി. രണ്ടും കല്പിച്ചു ഞാൻ ഗുഹയിൽ ഇറങ്ങി!!
********

അതെ സമയം അങ്ങകലെ സർപ്പനൃത്തപുരിയിൽ...
പിടിഎ യുടെ പേരും പറഞ്ഞു എപ്പോൾ വേണേലും കയറിവരാൻ സാധ്യതയുള്ള അംഗങ്ങൾ ആരും ഇല്ലാത്ത ഒരു നാൾ.... പഠനകേന്ദ്ര രാജകുടുംബക്കാർ ചേർന്ന് കേക്ക് മുറിച്ച് വയറുനിറയെ തിന്ന ശേഷം,കുടത്തിൽ കയ്യിട്ട് പുതുവത്സര സുഹൃത്തിനെ പെറുക്കി എടുത്ത് തുറിച്ചുനോക്കി പേര് ഉറപ്പിച്ചു.കുടത്തിൽ നിന്നും കിട്ടിയ....സുഹൃത്തിന്റെ പേരെഴുതിയ തുണ്ടുപേപ്പറും കൊണ്ട് കുടുംബങ്ങൾ പലവഴി ചന്തയിലേയ്ക്കോടി.

സത്യരാജ തിരുമനസ്സ് തനിക്ക് വിധിച്ച കടലാസ് തുണ്ടിലെ പേരുകാരിയെ വിളിച്ച്....മൂക്കുത്തിയും കമ്മലുകളും 
ഡ്രസ്സുകളുമെല്ലാം പൊതിഞ്ഞുകെട്ടി തീവണ്ടിയിൽ കൊണ്ടുപോകാൻ പാകത്തിന് വലുപ്പമുള്ള വലിയൊരു "ലിനൻ ചാക്ക്" സമ്മാനമായി പൊതിഞ്ഞു നൽകി.ചാക്ക് കണ്ടിഷ്ടമായ തേൻകനി അന്ന് വാങ്ങിയ കമ്മലും വളകളും പൊതിച്ചോറും അടിച്ചുമാറ്റിയ കേക്കിൻ കഷ്ണവുമെടുത്ത് ചാക്കിലിട്ടു കെട്ടി മേശയ്ക്കടിയിൽ ഒളിപ്പിച്ചു.

രാജനെ തുണ്ട് പേപ്പറിലാക്കി നറുക്കിൽ കിട്ടിയ പുഞ്ചിരി വിദൂഷി, തിരുമനസ്സിന്റെ നഷ്ടപ്പെട്ട മൂന്ന് കിലോ തൂക്കം വർദ്ധിക്കുവാനുള്ള അമൃതം പൊടിയും, പൊടി കലക്കുവാനുള്ള പാത്രവും പെട്ടിയിലിട്ട് കൈയിൽ കൊടുത്തു.പൊടി കിട്ടിയ രാജൻ പാട്ട് വച്ച് കൂടേ തുള്ളി.

വാസു മന്ത്രിമുഖ്യന് ആംഗലേയ മുൻഷി വഴി "മകന്റെ തല്ലുവാങ്ങാതെ രക്ഷപെടാനുള്ള നൂറുവഴികൾ"എന്ന കൊച്ചു ഗ്രന്ഥം തുണിയിൽ കെട്ടി കിട്ടി.ജീവൻ രക്ഷാമാർഗം പൊതിഞ്ഞു കിട്ടിയ സന്തോഷത്തിൽ മന്ത്രിമുഖ്യൻ..... "സ്വപ്‌നങ്ങൾ കാണു" എന്ന കലാം പൗരന്റെ വാക്കുകൾ അനുസരണയോടെ ഏറ്റെടുത്ത്, കിട്ടുന്ന ഒഴിവ് സമയങ്ങളിൽ മുഴുവൻ 
ചാരിയിരുന്നുറങ്ങിയിരുന്ന മധുലോകവാസി കൊട്ടാരം വാദ്യാർക്ക്... കൂർക്കം വലിക്കാതുറങ്ങാനുള്ള നേത്രതൈലം
സ്നേഹത്തിൽ കെട്ടി സമ്മാനമായി നൽകി മറ്റുള്ളവരെ രക്ഷിച്ചു .



സഭയിലെ രാഷ്ട്ര ഭാഷാ  വിനോദിക്ക്, രാജ്യത്തെ മുഴുവൻ പൂരങ്ങളുടെയും നോട്ടീസ് ഒരു തുകൽ മടിശീലയിൽ ആക്കി... കുടുംബ സമ്മേതം പൂരപ്പറമ്പിൽ എത്താനുള്ള വഴികൾ കോറിയ ഭൂപടത്തിൽ പൊതിഞ്ഞു കെട്ടി,"തേൻ" തേച്ചോട്ടിച്ച് നൽകപ്പെട്ടു.തേനൊട്ടിയ പൊതി പൊളിച്ച് നോക്കിയ ഭാഷാ മുൻഷി സമ്മാനം നൽകിയ തേൻകനിയെ നോക്കി വെളുക്കെ ചിരിച്ചു.

പുതിയ വർഷം മുഴുവൻ പങ്കെടുക്കാനുള്ള പൂരവിശേഷങ്ങൾ കിട്ടിയ സന്തോഷത്തിൽ രാഷ്ട്രഭാഷാ വിദ്വാൻ, "എന്റെ കഴിഞ്ഞകാല വാട്സ്ആപ്പ് കഥകൾ" എന്ന അവലോകനകുറിപ്പ് ഒപ്പിട്ട് പെട്ടിയിലിട്ട് "പുഞ്ചിരി"ക്ക് കൊടുത്ത് പറ്റിച്ചു.പറ്റിക്കപ്പെട്ട പുഞ്ചിരി വിദൂഷി രാഷ്ട്രഭാഷാ വിദ്വാനെ നോക്കി... ന്യൂട്ടമ്മാവന്റെ "മൂന്നാം ചലന നീയമം" 
ഉരുവിട്ട ശേഷം "അടുത്ത കൊല്ലം ശരിയാക്കി തരാം" എന്നും പറഞ്ഞ് 
എങ്ങോട്ടോ ഇറങ്ങി പോയി.

കണക്കപിള്ളയ്ക്ക് ആരുമറിയാതെ ഇഞ്ചുവടിയും സ്ലേറ്റും പെൻസിലും പൊതിഞ്ഞു നൽകിയ പടത്തലവനെ അത്ഭുതത്തോടെ നോക്കി കണ്ട ആംഗലേയ മുൻഷിയ്ക്ക് സഭയിലെ "ശാസ്ത്രപരീക്ഷണ സഹായി"... ഉറങ്ങുന്ന പിള്ളേരെ കാണാതിരിക്കാനുള്ള കണ്ണടയും, അബദ്ധത്തിൽ എങ്ങാനും കണ്ടുപോയാൽ തലയ്ക്കടിച്ചിറക്കിവിടാനുള്ള റബർ ചുറ്റികയും, സഞ്ചിലിട്ടു നൽകി.ഒപ്പം ഒരു കുറിപ്പും:"യജ്ഞാർഥാത് കർമണോ £ ന്യത്ര ലോകോ £ യം കർമബന്ധനഃ
തദർഥം കർമ മുക്തസങ്ഗഃ സമാചര"
(കർമ്മം, ദൈവത്തിനായുള്ള യജ്ഞമെന്ന നിലയിൽ അനുഷ്ഠിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മനുഷ്യനെ ഭൗതികലോകത്തോട് കൂടുതൽ ബന്ധിക്കുകയേയുള്ളൂ. നിന്റെ നിർദ്ദിഷ്ട കർമ്മങ്ങളെ ഭഗവാന്റെ സംതൃപ്തിക്കായി നിർവ്വഹിക്കൂ. അങ്ങനെ ചെയ്താൽ നിനക്ക് എന്നെന്നും ബന്ധമുക്തനായിരിക്കാം.)



പടത്തലവൻ ശശി പെരുമാളിന് കവചകുണ്ഡലങ്ങളും മറ്റ് 21 യുദ്ധസാമഗ്രികളുമടങ്ങിയ കിറ്റും.. കൂടാതെ സേതുഹോട്ടലിൽ പോയി " രണ്ടുഴുന്നുവടയും ഒരു കാലി ചായയും" കഴിക്കാനുള്ള സമ്മാന രസീതും
നൽകിയ രസതന്ത്രജ്ഞ
രാജ്യസുരക്ഷ ഉറപ്പ് വരുത്തി.തിരിച്ച് പോരും വഴി കണക്കപ്പിള്ള യുടെ കയ്യിൽ നിന്നും കണക്കിന് കിട്ടിയ രസത്രജ്ഞ കിട്ടിയതും വാങ്ങി വേഗം സ്ഥലം വിട്ടു.

മന്ത്രിമുഖ്യന്റെ കയ്യിൽ നിന്നും 
കിട്ടിയ പൊതിയും വാങ്ങി ഏതെങ്കിലും മൂലയ്ക്ക് പോയി ചാരിയിരുന്ന് പിന്നേയും ഉറങ്ങാനായി പോകുന്ന പോക്കിന്, 
തന്റെ വഴിയിൽ കയറി വിഷമിച്ചു നിന്നിരുന്ന മലയാളം മുൻഷിയെ വിളിച്ച് "ഇത് തനിക്ക് ഉപകരിക്കും" എന്ന് വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് മധുലോകത്ത് നിന്നും കൊണ്ടുവന്നൊരു പൊതി ബലമായി ഏല്പിച്ചു."ഉപ്പുമാവും നാരങ്ങാചായയും മലയാള തനിമയും" എന്ന സ്വന്തം പാചകകുറിപ്പുകൾ!!
വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് കരുതി സമാധാനിച്ച മലയാളം മുൻഷി തനിക്ക് കിട്ടിയത് പൊതി പോലും മാറ്റാൻ നിൽക്കാതെ ആദ്യം കണ്ട ആൾക്ക് തന്നെ സമ്മാനമായി  കൈമാറി.

വിളംബരവിദഗ്ധർ അതെല്ലാം നിശ്ചല ദൃശ്യങ്ങളായി മാളോകരെ വിളിച്ചറിയിച്ചു.

*****

പിടിഎ സഭാഗ്രൂപ്പിൽ പതിവായി ചുങ്കപിരിവിന്റെ കണക്കുകൾ നിരത്തി സഭാരക്ഷാധികാരി രാജ്യത്തെ ദാരിദ്ര്യം വിളംബരം ചെയ്തുകൊണ്ടിരുന്നത് കൊണ്ട് മാത്രം സഭാഗ്രൂപ്പിൽ നിന്നും പായലും പൂപ്പലും വിട്ട് നിന്നു.

രാജ്യത്തെ യുവജന പ്രമുഖരിൽ പലരും എട്ടുനിലയിൽ പൊട്ടുന്നത് രാജ്യനിലനിൽപ്പിനു പോലും ഭീഷണി ആകുമെന്ന് പറഞ്ഞുകൊണ്ട് 
സത്യരാജൻ തിരുമനസ്സും കൂട്ടരും രാപകലില്ലാ യുദ്ധം തുടങ്ങി.വര്ഷങ്ങളായി പതിവുള്ള യുദ്ധത്തിലെ യുദ്ധമുറകൾ പ്രകാരം,യുവാക്കളെ തരം തിരിച്ചു പ്രത്യേക പരിശീലനം നൽകി. മധുലോക വാദ്യാർ വരെ ഉറക്കമുപേക്ഷിച്ച് പരിശീലന പരിപാടിയിൽ പങ്കുചേരുന്നു.

അധികം ഒന്നുമില്ലേലും പത്തിരുപത് 
തലകളെങ്കിലും തോൽ‌വിയിൽ പെടാതെ വെട്ടി എടുത്ത് വിജുഗേഷു നിരയിൽ നിരത്തണം!!

പയ്യന്റെ തലയും ആ പത്തിരുപതിൽ ഒന്നായി "വിജുഗേഷ്" നിരയിൽ പെടുവാൻ വേണ്ടി.... കാസർഗോഡൻ മലനിരകളിൽ കണ്ണപ്പനാശാന്റെ നേതൃത്വത്തിൽ വയനാട്ടുകുലവന് കാട്ടുപന്നിയെ നേർന്നു.

അതേസമയം നമ്മുടെ 
പയ്യൻ, പ്രത്യേകിച്ച് ടെൻഷനുകൾ ഒന്നും തന്നെയില്ലാതെ...പുതച്ചുമൂടി കൂർക്കംവലിച്ചുറങ്ങുകയായിരുന്നു!!







Friday, 22 October 2021

പിപ്പി പിള്ള!!

 പീക്കിരി പോ...ക്കിരി

പിപ്പി പിള്ള..


കാലത്തെണീറ്റല്ലോ...

കുട്ടി പിള്ള


എന്താടോ പിള്ളേ നോക്കണത്??

ജലജേടെ ആട്ടല് കണ്ടിട്ടാണോ?


അല്ലെടോ മണ്ട അടിമക്കണ്ണേ

ജലജേടെ ആട്ടല് കണ്ടിട്ടല്ല!!


പിന്നെന്താ പിള്ളേ നോക്കണത്

ചട്ടീടെ മൂടത് പൊട്ടീതാണോ??


അല്ലെടോ മണ്ട ഉണ്ടക്കണ്ണാ..

ചട്ടീടെ പൊട്ടിയത് കണ്ടിട്ടല്ല!!


പിള്ളേച്ചൻ തന്നങ്ങു വാതുറക്കു

പിന്നെന്താ പിള്ളേച്ച കാര്യം പറ.


പീക്കിരി പോക്കിരി...

പീപ്പി പിള്ള...


തത്തക്കം പിത്തക്കം..

കള്ള പിള്ള...


മണ്ടശ്ശിരോമണി അടിമ കണ്ണാ

ജാനൂന്റെ വാറ്റത് നീ എടുത്തോ??


സോമനും സരളയും കുട്ടി ദിയെം

ഓസിക്കടിക്കാനായ് വന്നു ചേരും


അമ്പട കേമ കള്ളപിള്ളേ..

ചട്ടീനേം ജലജെയും കൂടി വിളി


ആയ്യയ്യോ വേണ്ടല്ലോ ഉണ്ടാകണ്ണാ

വയറ്റത്തടിക്കല്ലേ അടിമ കുട്ടാ


ചട്ടിയും പൊട്ടിയും വന്നീടെന്നാൽ

ആക്രാന്തപൂരണ  പൊങ്കാലയാ!!


ഞാനില്ല ഞാനില്ല ഹിന്ദി ചെക്കാ

രണ്ടിനേം കൊണ്ടോയി പൂട്ടിയിട്.

Thursday, 6 May 2021

ചാളമേരിയുടെ ദുരന്തൻപിള്ള


                  മീൻ കച്ചവടം നഷ്ടമായിരുന്നു കാലത്ത്, കച്ചവടം ലാഭത്തിലാക്കാൻ വേണ്ടി ചുമന്നമുളകും ചെറുള്ളിയും കറിവേപ്പിലയും ചേർത്തരച്ച മസ്സാല കൂട്ടിൽ, പൊടിച്ച കടുക് വിതറി വറുത്തെടുത്ത് കുരുമുളക് പൊടി തൂകിയ മീൻ....സാമ്പിളായി വാഴയിലയിൽ പൊതിഞ്ഞു ചൂടോടെ കൊടുത്ത്  കസ്റ്റമേഴ്സ്സിനെ ആകർഷിച്ചിരുന്നു മേരി.നഷ്ടത്തിൽ ഉരുണ്ടിരുന്ന  കച്ചവടം ലാഭത്തിൽ ആക്കുക എന്നത് മാത്രമാണ് പൊരിച്ച മീനിന്റെ പിന്നിലെ കെമിസ്ട്രി എന്നറിയാതെ വാഴയിലയോടെ വാങ്ങി മിണുങ്ങിയ പലരെയും പോലെ ദുരന്തനും..... പൊരിച്ചത് തിന്നശേഷം ഇരട്ടി വില കൊടുത്തു മീൻ വാങ്ങാൻ തുടങ്ങി. മാത്രമല്ല, മേരിയുടെ മീൻ വണ്ടിക്ക് കാറ്റടിച്ച് കൊടുത്തു , മീൻ പിടിക്കാൻ നൈലോണിന്റെ വല വാങ്ങി ചാക്കിൽ പൊതിഞ്ഞു കൊട്ടയിലിട്ടു കൊടുത്തു.പാതിരാത്രി സർവ്വരും ഉറങ്ങിക്കഴിഞ്ഞു കുളത്തിൽ ഇടുന്ന ചൂണ്ടയിൽ കൊരുക്കാൻ മണ്ണിരയെ പിടിച്ചു ചിരട്ടയിലിട്ടു കൊടുത്തു.

"ഏഴിമല പൂഞ്ചോല....." എന്ന ഗാനം മൂളി നടന്നത് കൊണ്ടോ എന്തോ കടലിൽ നിന്നും പിടിച്ച മീനുകൾ ചൂടപ്പം പോലെ വിറ്റു  പോയി. മീൻകൊതിയന്മാർ കൂടുകയും നില മെച്ചപ്പെടുകയും ചെയ്തപ്പോൾ..... മേരി  "വറുത്ത മീനിട്ടു ഇര പിടിക്കുന്ന" പരുപാടി നിർത്തി.വറുത്ത മീൻ കിട്ടിയിരുന്ന ഏക വ്യക്തി താനാണ് എന്ന് തെറ്റിദ്ധരിച്ച ദുരന്തനാകട്ടെ...മേരി വറുത്ത മീൻ ചൂടോടെ എന്നും തിന്നാൻ കൊതിച്ചു.

മേരി "ചാളമേരി" ആയും, പിന്നെയും വളർന്നു മാർക്കറ്റ് മുതലാളി ആയി വളർന്നപ്പോളും കരഞ്ഞു കൂവി മീൻ ചോദിച്ചു മേരിയെ തേടി കവലകൾ തോറും ദുരന്തൻ ട്രെയിനുകൾ തള്ളി നടന്നു.

മാസങ്ങളും വർഷങ്ങളും കരഞ്ഞു മൂക്ക് പിഴിഞ്ഞു നടന്ന ദുരന്തന്റെ കണ്ണീരിൽ നാട്ടിലെ പിള്ളേർ പൂളുകൾ നിർമ്മിച്ച് മീൻ വളർത്തി ലാഭം കൊയ്തു.ദുരന്തനാകട്ടെ,നടുക്കടലിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് കപ്പലുകൾ വരെ  തള്ളി വെറുപ്പിച്ചു. 

എന്നിട്ടും...

ങേ ഹേ ... മേരി മാത്രം കുലുങ്ങിയില്ല!!

പിന്നെ എങ്ങിനെ രണ്ടു തള്ളുകൾ ഒന്നിച്ചു എന്നതിന് പിന്നിൽ  "ഒരു പന്നിക്ക് മറ്റൊരു പന്നിയെ കണ്ടുകൂടാ" എന്ന ചൊല്ല് തെറ്റിയത് ഒന്നും അല്ല കാരണം.

സംഗതി നടന്നത് പ്രളയത്തിന് ശേഷം വന്ന പൊളപ്പൻ വേനലിൽ ആണ്.നാടൊട്ടുക്ക് മുള്ളാൻ പോലും വെള്ളമില്ലാതെ നെട്ടോട്ടം ഓടുന്ന സമയത്ത് ആണ്  ചേനപ്പാറയിലെ ചൊറി തവള പാണ്ടിമേളക്കാരി കാക്കാലത്തിയുടെ സഹായത്തോടെ മീൻ വിറ്റുമടങ്ങിയ മേരിയുടെ   നാട്ടിൽ തള്ളുമോൻ എത്തുന്നത്.വെള്ളം ഇല്ലേൽ ഒന്നും ഇല്ല എന്നല്ലേ .  തുള്ളി വെള്ളം ഇല്ലാത്ത കാലത്ത് മേരിയുടെ നാട്ടിൽ കരഞ്ഞു പ്രളയം വരുത്തി അഭിനവ ഋഷ്യശൃഖനായി മോങ്ങി നിന്ന  തള്ളനു മുന്നിൽ മേരി ആവിപറക്കുന്ന കരിമീൻ എടുത്ത് പൊരിച്ചു വാഴയിലയിൽ വച്ച് കൊടുത്തു നിലത്ത് കളം വരച്ചു കൊണ്ട് തള്ള് സഹിക്കാൻ തീരുമാനിച്ചു.

രണ്ടു തള്ളുകൾ ഒന്നിച്ചപ്പോൾ തള്ളുവനാട് ദേശീയ ദുരന്ത നിവാരണ സേന ഏറ്റെടുത്ത് ദുരന്ത നിവാരണ മാർഗം എന്ന നിലയിൽ, ദുരന്തൻ്റെ കൂടെ കൂടി  വലിയ ദുരന്തമായി മാറിയ മീൻകാരി മേരിയെ നാട് കടത്താൻ തീരുമാനിച്ചു. വീണിടം വിഷ്ണുലോകമാക്കി ശീലമുള്ള മേരി, നാട് വിട്ടാൽ തിരികെ വന്നില്ലെങ്കിലോ എന്ന് പേടിച്ച തള്ളൻ ഒരു രാത്രി മുഴുവൻ മൂക്കുപിഴിഞ്ഞു കരഞ്ഞ ശേഷം, മേരിക്ക് പകരം നാട് വിടുന്നു.

നാടുവിട്ട് പ്രവാസ്സി ആയ ദുരന്തൻ പിള്ളയുടെ അഭാവം നാട്ടുകാർ പടക്കം പൊട്ടിച്ചാഘോഷിച്ചു. 

                                                     **************


P.S
ദുരന്തൻ പോയ ശേഷം മേരി മീൻ കച്ചവടം നിർത്തി പഴയ തറവാട്ടിൽ ചേക്കേറി ഓസിക്ക് തിന്നു ജീവിതം തുടങ്ങി.അല്ലേലും കാണികൾ ഇല്ലാത്ത പൂരപ്പറമ്പിൽ എന്ത് കച്ചവടം ??

Wednesday, 24 March 2021

കാലൻ കഥകൾ (ഭാഗം 15)

                        കൊച്ചു വർത്തമാനത്തിനിടയിൽ കാലത്തി ഉണ്ടാക്കിയ എള്ളുണ്ട, എടുത്ത് ആർത്തിയോടെ കടിച്ച ഉടൻ "കിടും" എന്നൊരു ശബ്ദവും, പിന്നാലെ കോറസ്സായി  യമപുരി മുഴുവൻ കേൾക്കുന്ന പോലെ കാലൻ്റെ  കാറിച്ചയും മുഴങ്ങി.

അത് കേട്ടു നാലുമണി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ചിത്രഗുപ്തൻ, ഓടി പോത്തപ്പൻ്റെ അടുത്തെത്തി മൂക്കിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

"മര്യാദയ്ക്ക് ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ല, ല്ലേ ? കൊരങ്ങൻ !!"

അപ്പോൾ ആണ് കാലൻ്റെ രണ്ടാം  കാറൽ നാലാം കാലത്തിൽ മുഴങ്ങിയത്.

നല്ല അസ്സൽ  പോത്തൂർ തറവാടിയായ തന്നെ "കൊരങ്ങാ" എന്ന്  വിളിച്ച ഗുപ്തൻ തിരുമേനിയുടെ പള്ളയ്ക്ക് ഒരു തൊഴി കൊടുക്കാൻ ചാടി എണീറ്റ പോത്തപ്പൻ, കാല കാറൽ കേട്ട് ഒന്ന് ഞെട്ടി.

"പടച്ചോനെ.... ഇങ്ങേര് വേറെ പോത്തിനെ വാങ്ങിയോ ?"

"തൻ്റെ പണി പോയോ" എന്ന പേടിയാൽ പോത്തച്ചനും, പുതിയ പോത്തിൽ കാലന് മുന്നേ കയറി ഇരുന്നു "ഫസ്റ്റ് റൈഡ്" നടത്തണം എന്നുറച്ച് ചിത്രഗുപ്തനും, കാറൽ കേട്ട ദിക്ക് നോക്കി പാഞ്ഞു!!


**************

കാലപുരി ആസ്ഥാന വൈദ്യൻ ഉല്പലാക്ഷൻ പിള്ള ഭൂമിയിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ "അണ്ണാൻ" കുഞ്ഞായി പോയത് കൊണ്ട് ആസ്ഥാന മേസ്തിരി കോമക്കുറുപ്പ് വന്ന് " എള്ളുണ്ട" കടിച്ചപ്പോൾ പൊട്ടിയ പല്ല് കമ്പിയിട്ടു കെട്ടി, കോൺക്രീറ്റ് ചെയ്ത് "ഒരാഴ്ച വായ തുറക്കരുതെന്നു' നിർദ്ദേശിച്ചിട്ടു "ഗ്രൗട്ട്" കലക്കി ബ്രെഷിനു "തേച്ചിട്ടു" പോയി.

കോൺക്രീറ്റ് ചെയ്തുറപ്പിച്ച പല്ല് ദിവസ്സേന നനയ്ക്കേണ്ടതിനാൽ കാലൻ ഒരാഴ്ച സ്വയം ലീവ് പ്രഖ്യാപിച്ചു കട്ടിലിൽ കയറി കേന്ദ്രത്തിൽ കയ്യും വച്ച് ചുരുണ്ടു കൂടി കിടന്ന്  കൂർക്കം വലി തുടങ്ങി.

"ഇംഗ്ലീഷ് ആത്മാക്കളോടു സംസാരിക്കുമ്പോൾ ഇങ്ങേരുടെ സ്റ്റാൻഡേർഡ് പോരാ" എന്നും പറഞ്ഞു കാലനുറങ്ങിയ ഉടൻ കാലൻ്റെ ടാബെടുത്ത് കാലത്തി "ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ്ങിന്" കാലൻ്റെ പേര് എവിടെയോ കൊണ്ടുപോയി റെജിസ്റ്റർ ചെയ്തു.


കാലൻ പട്ടം രാജി വച്ച്,മസാജ്ജ് സെൻററിൽ  ഓയിൽ മസ്സാജ്‌ജ് ആസ്വദിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് സ്വപ്ന തടസ്സം ആയി ഫോൺ ഉറക്കെ ശബ്‌ദിച്ചത്.

"ഹലോ ഈസ്സ്  ഇറ്റ്  മിസ്റ്റർ കാലൻ??"

ഉം

"ഐ ആം കോളിംഗ് ഫ്രം ആനമുട്ട ലിമിറ്റഡ് "

ങ്ങ

വേർ ആർ യൂ ലൊക്കേറ്റഡ് സർ ? 

ഓ 

"ആർ യു സ്റ്റിൽ വർക്കിംഗ് അസ് എൻ ഇൻഷുറൻസ് ഏജൻറ്?"

ങേ !!

കോൺക്രീറ്റ് ഇളകണ്ട എന്ന് കരുതി ഏകാക്ഷര മന്ത്രങ്ങൾ മാത്രം ഉരുവിട്ടു കൊണ്ടിരുന്ന കാലൻ കാര്യമറിയാതെ കുഴങ്ങി

ഹൌ ലോങ്ങ് ആർ യൂ ബീയിങ് ഇൻ ദിസ് ഫീൽഡ് ??

ആ..

"ജനറൽ ഇൻഷുറൻസ് ആണോ മെഡി ക്ലെയിം ആണോ ചെയ്യുന്നത്?"

"ഇപ്പോൾ ബിസിനസ്‌ എങ്ങനെ പോകുന്നു?"


"ക്യാൻ യു പ്ളീസ് റെഫർ എനി അദർ ഏജൻറ്സ്സ് ?"

കാലൻ്റെ  മനസ്സിൽ ചിത്ര ഗുപ്തന്റെയും പോത്തപ്പന്റെയും മുഖങ്ങൾ ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങി വന്നു.

"ഡു യു വാണ്ട് ടു ട്രൈ ഫോർ എ ബെറ്റർ ഓപ്പർട്യൂണിറ്റി ഇൻ ബിസിനസ്?" 

"ഉള്ള പണി തന്നെ ചെയ്യാൻ മടി, അപ്പോള !!" കാലൻ മനസ്സിൽ പറഞ്ഞു 

"ഞങ്ങൾ അതിനായി നൽകുന്ന ട്രെയിനിംഗ്പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ?"

ഫാ.... കാലൻ ഉറക്കെ ആട്ടി. കോൺക്രീറ്റ് ഒന്നിളകി. കാലൻ കാറി!!

സ്വപ്ന കുളി മുടങ്ങിയ കലിപ്പിൽ ഇരുന്ന കാലന് തൻ്റെ എഫിഷെൻസിയെ ചോദ്യം ചെയ്തതിലും കൂടുതൽ പിടിക്കാതിരുന്നത് മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷിൽ പറഞ്ഞു എന്നതാണ് .അതിൻ്റെ കൂടെ കോൺക്രീറ്റ് ഇളകിയപ്പോളത്തെ വേദനയും.

ദേഷ്യത്തിൽ വിറച്ച കാലൻ്റെ ചകിരി ബ്രഷ് പോലത്തെ   മീശയിൽ പറ്റി പിടിച്ചിരുന്നുറങ്ങിയിരുന്ന ഈച്ചകൾ തെന്നി തെറിച്ചു താഴെവീണു!!

ഫോൺ കട്ട് ചെയ്തു ടാബ് എടുത്ത് തോണ്ടി ഫോണിൽ വിളിച്ചവൻ്റെ ഡീറ്റെയിൽസ് എടുത്ത് അവൻ്റെ ആയുസ്സ് ഒരാഴ്ച ആയി വെട്ടിച്ചുരുക്കി.

"ലീവ് കഴിഞ്ഞ ഉടൻ അവനെ പൊക്കി ഇവിടെ കൊണ്ടുവന്നു തീയിൽ പൊരിക്കുന്നുണ്ട്. എന്നോടാ കളി!!
പണ്ട് "കാലൻപരീക്ഷ"യ്ക്ക് കോപ്പി അടിക്കാനുള്ള ബിറ്റ് എഴുതി മിച്ചം വന്ന പേപ്പറില്‍ അവന്‍റെ പേരെഴുതി ചുരുട്ടി ചെവിയിൽ തിരുകി.


കോമ കുറുപ്പ് മേസ്‌തിരി പറഞ്ഞതു കൊണ്ട് മാത്രം കാലൻ ആ ഒരാഴ്ച വായിൽ മുടങ്ങാതെ വെള്ളം നനച്ചു. ശരീരം നനച്ചില്ല !! അങ്ങിനെ "വാട്ടർ ബില്ലിൽ വലിയൊരു സേവിങ് " എന്ന പതിവ് ആ മാസവും തെറ്റിയില്ല !!

വായിലെ കോൺക്രീറ്റിങ്ൻ്റെ തട്ട് പൊളിച്ച അന്ന് തന്നെ കാലൻ, തന്നെ വിളിച്ചു ഇംഗ്ലീഷ് പറഞ്ഞവനെ പൊക്കാനായി, വെറുതെ കിടന്നുറങ്ങിയിരുന്ന  പോത്തപ്പനേയും കുത്തിപ്പൊക്കി യാത്ര തിരിച്ചു.

*******************

പല്ല് കേസ്സിൽ കാലൻ അപ്രതീക്ഷിത ലീവിൽ പോയതറിഞ്ഞ കാലാദികാലനായ "ശിവപ്പ",തൻ്റെ ഭൂതഗണങ്ങളിലെ കുഞ്ഞി പൂതങ്ങങ്ങളിൽ ഒന്നായ കൊറോണ പൂതത്തെ വിളിച്ച് വേൾഡ് ടൂർ പാക്കേജ്ജ് ഒപ്പിട്ടു കൊടുത്തു. ചൈനീസ് ന്യൂഡിൽസ് തിന്നാൻ ദീർഘ നാളായി കൊതിച്ചിരുന്ന കുട്ടി പൂതം നേരെ ഗൂഗിൾ മാപ്പിട്ട് ചൈനയ്ക്ക് വച്ച് പിടിച്ചു.

കാലപുരിയിലെ ഒരാഴ്ച എന്നാൽ, ഭൂമിയിലെ കാക്കത്തൊള്ളായിരം മണിക്കൂറുകൾ ആയതിനാൽ,കാലൻ ലീവ് കഴിഞ്ഞു വന്നപ്പോളേക്കും കൊച്ചു പൂതം, കപ്പയും മീനും തിന്നാനായി കേരളത്തിലും എത്തിച്ചേർന്നിരുന്നു.

കൊച്ചു പൂതത്തിൻ്റെ ടൂർ പ്ലാനറിയാത്ത കാലൻ ആനമുട്ട ലിമിറ്റഡിന് മുന്നിൽ പോത്തിറങ്ങി!!

സംഗതി പൂട്ടി കിടക്കുന്നു.എന്നാ പിന്നെ അടുത്ത കടയിൽ ചോദിക്കാം എന്ന് കരുതി നോക്കിയപ്പോൾ അതും താഴിട്ടിരിക്കുന്നു."ഇനി വല്ല ഹർത്താലും ആണോ??"

ന്തായാലും അവൻ്റെ വീട്ടിൽ പോയി പൊക്കാം.എന്ന് കരുതി നടന്നു തുടങ്ങിയപ്പോൾ ആണ് ഒരു പോലീസ് വണ്ടി വന്ന് വലിയ ശബ്ദത്തിൽ പോത്തിനെ വട്ടം വച്ച് ബ്രെക്കിട്ടു നിന്നത്.ബ്രേക്ക് നിലവിളി കേട്ട് പേടിച്ച പോത്തച്ചൻ അപ്പോൾ തന്നെ വാലും പൊക്കി കണ്ടം വഴി ഓടി തള്ളി.

"ലോക്ക് ഡൗണിലാണോടാ പെരുവയറാ പോത്തിനെ അറക്കാൻ കൊണ്ടുപോണേ? നിൻ്റെ മാസ്ക്ക് എവിടെടാ അലവലാതി ?"   

"മാസ്‌ക്കോ??, അതെന്തിനാ?? " കാര്യമറിയാതെ കാലൻ വാപൊളിച്ചു.

"കൊറോണ കാലത്ത് മാസ്ക്ക് എന്തിനാണെന്നോ ?"

ഏതാടാ നീ ... 

കാ...ലൻ!!"

"ഫ...പന്ന................. പൊക്കിയെടുത്ത് വണ്ടീലിടവനെ, ലോക്‌ഡൌൺ തെറ്റിച്ചതും പോരാഞ്ഞു എന്നെ ഇരട്ടപ്പേരും വിളിക്കുന്നോ @$%^&*....."

കാലൻമത്തായി എന്ന സർക്കിൾ ഏമാൻ ഉറഞ്ഞു തുള്ളി തീരും മുന്നേ കൊറോണ കിറ്റ് ധരിച്ച കോൺസ്റ്റബിൾ ബാബു കാലനെ പൊക്കി വണ്ടീൽ കയറ്റി. വണ്ടി നേരെ കൊറോണ വാർഡിലെ ബെഡിനു സമീപം കൊണ്ടോയി നിർത്തി.കാലനെ ബെഡിലേയ്ക്ക് മറിച്ചിട്ട ഉടൻ സർക്കിൾ മത്തായി മീശ വിറപ്പിച്ച് കൊണ്ട് ആക്രോശിച്ചു
.
"ക്വാററ്റൈൻ എങ്ങാനും തെറ്റിച്ച ചവുട്ടി എല്ലൂരിക്കളയും പന്നി"

നടന്നതൊന്നും പിടികിട്ടാതെ നിലാവത്ത് പെട്ട കോഴിയെ പോലെ അന്തിച്ചു പോയ കാലനെ ആരൊക്കെയോ ചേർന്ന് പിടിച്ച് കെട്ടി മൂക്കിൽ കോലിട്ടു കുത്തി ആന്റിജൻ ടെസ്റ്റ് നടത്തി, 14 ദിവസം നിരീക്ഷണത്തിന് വച്ചു.

പതിനഞ്ചാം ദിവസം രാവിലെ ആരും കാണാതെ പുറത്തിറങ്ങിയ കാലൻ  നേരെ ആനമുട്ടക്കാരനെ തപ്പി നടന്നു തുടങ്ങി.ആദ്യത്തെ വളവ് തിരിഞ്ഞു  കഴിഞ്ഞപ്പോൾ ആണ് ചെക്കിങ്ങിനായി സൈഡാക്കിയ പോലീസ്സ് ജീപ്പ് കണ്ണിൽ പെട്ടത്.ജീപ്പിനടുത്ത് നിന്ന് തന്നെ തുറിച്ചു നോക്കുന്ന പോലീസിനെ കണ്ട ഉടൻ ആണ് മാസ്ക് മറന്ന കാര്യം ഓർമ്മ വന്നത്.ഒട്ടും വൈകിയില്ല, ഉടു വസ്ത്രത്തിൻ്റെ  അറ്റം കൊണ്ട് മൂക്കും വായും പൊത്തി കാലൻ ഞെളിഞ്ഞു നടന്നു.

"ഞെളിഞ്ഞിതെവിടെ പോകുന്നു?പോകും മുന്നേ ദേ ഇതും കൂടി അടച്ചെക്കൂ"
പോലീസ് വച്ചു നീട്ടിയ സ്ലിപ്പ് വാങ്ങി വായിച്ച കാലൻ അന്തിച്ചു പോയി
.
"മാസ്ക് ഇല്ലാത്തതിന് 200 രൂപയെ പിഴ ഉള്ളൂ എന്ന് ഇന്നലത്തെ പേപ്പറിൽ വായിച്ചല്ലോ!! ഇതെന്താ ആയിരം? ഇതെന്തു ന്യായം"

"മാസ്ക് ഇല്ലാത്തതിന് പിഴ 200 തന്നെ, പക്ഷേ പോലീസിനെ തുണി പൊക്കി കാണിച്ചതിന് പിഴ 800 ആണ്!! "

വെപ്രാളത്തിൽ മാസ്ക് ആക്കുവാൻ പൊക്കിയ മുണ്ട് പതിയെ താഴ്ത്തിയ ശേഷം കാലൻ  ഒറ്റ ഓട്ടം വച്ചു കൊടുത്തു.

ആ ഓട്ടം നിന്നത് കാടിനുള്ളിലെ ഒരു നീർചോലയ്ക്ക് അടുത്താണ്.അല്‍പ്പ നേരം ഇരുന്ന് കിതപ്പകറ്റിയപ്പോള്‍ ആണ് വയറ്റില്‍ ഒരുരുണ്ട് കയറ്റം, ഒപ്പം മുണ്ട് വലിച്ചു കീറും പോലെ ഒരു ശബ്ദവും!!

"വായുഗുളിക വണേണ്ടതായിരുന്നു!! ങ്ങ... അടുത്ത തവണ ആവട്ടെ"

വയറും തിരുമ്മി കാലന്‍ അടുത്ത് കണ്ട പൊന്ത കാട്ടില്‍ പോയി കുത്തി ഇരുന്നു രണ്ടാം ക്ലാസ്സ്‌ പരീക്ഷ വിജയകരമായി എഴുതി തീര്ത്ത് മടങ്ങി.

********************

 ആന മുട്ട ലിമിറ്റഡ്  തപ്പി നടന്നു മടുത്ത കാലന്‍, പോലീസ്സ് ജീപ്പ് കണ്ട് പേടിച്ചോടിയ പോത്തനെ, പലവട്ടം തെറി വിളിച്ചത് കേട്ടറിഞ്ഞ പോത്തച്ചന്‍ കുണ്ഠിത പെട്ട് കുണ്ടിയും കുലുക്കി തിരിച്ചു വന്നു.ഒടുവിൽ പോത്തച്ചൻ്റെ സഹായത്തോടെ കാലൻ, മുട്ടക്കാരൻ്റെ വീട്ടിൽ എത്തി ചേർന്നു. അപ്പോളേക്കും മുട്ടക്കാരൻ കൊറോണ ഭൂതത്തിൻ്റെ പിടിയിൽ അമർന്നു ഒരു പിടി ചാരമായി മാറിയിരുന്നു.ഭൂതം ചപ്പിയ ആനമുട്ടക്കാരൻ്റെ ആത്മാവിനേയും കെട്ടി വരിഞ്ഞു തിരികെ പോകും വഴി "മുണ്ടുപൊക്കി" എന്നും പറഞ്ഞു  "സംഗതി"യ്ക്ക് വിലയിട്ട പോലീസിനേയും നൈസ് ആയി പൊക്കി. 



****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി

ഭാഗം 14- ബൃഹ്

Thursday, 19 November 2020

കാലന്‍ കഥകള്‍ (ഭാഗം 14)

 മുന്നത്തെ 2 ഭാഗങ്ങൾ വായിച്ച്  വായിക്കുക  
***************************************************************

                      മൂട്ടില്‍ തൂങ്ങിയ പട്ടിയുമായി ഓടും വഴി ആണ്  ഗുരുവായൂരെ അപ്പന്‍ തമ്പ്രാന്‍ വക "ഗരുഢ മോട്ടോഴ്സ്" അപ്പൻ തമ്പ്രാൻ അറിയാതെ അന്തി മോന്താൻ പോയി വരുന്നത് കണ്ടത്.

പട്ടി കടിയേറ്റു കുറഞ്ഞ ചന്തിയോടെ ഇനി ഒരടി വയ്യ എന്നും പറഞ്ഞു, അന്തി മോന്തി താണു പറന്നു പോകുന്ന ഗരുഢ മോർട്ടേഴ്സ്സിനെ ലാക്കാക്കി കുതിക്കാൻ പാകത്തിന് കാലൻ ഒരാന്റിക് എടുക്കാൻ കുത്തിയിരുന്ന ഇരുപ്പിൽ പട്ടിയുടെ പിടി അയഞ്ഞു.കിട്ടിയ ലാക്കിനു ചാടിയ കാലൻ ഗരുഢ മോർട്ടേഴ്സ്സിന്‍റെ  മടക്കി വച്ച ലാൻഡിംഗ് ടയറിൽ പിടുത്തമിട്ടു. അപ്രതീക്ഷിത പിടിത്തത്തിൽ ഒരു ടയർ അൽപ്പം താഴേയ്ക്ക് വലിഞ്ഞു നീണ്ടു. അന്ന് മുതൽ ഗരുഢ തലമുറക്കാർ നടക്കുമ്പോൾ മേ.. കോ എന്ന് ഇരു വശങ്ങളിലേയ്ക്കും കുണുങ്ങി കുണുങ്ങി ഞൊണ്ടി തുടങ്ങി.

ആദ്യമൊന്നു ബാലൻസ് പോയി എങ്കിലും സംഗതിയുടെ "തൂങ്ങി" കിടപ്പു മനസ്സിലാക്കിയ ഗരുഢൻ കാലനേയും കൊണ്ട് പാഞ്ഞു.

പോകുന്ന വഴി ലാടവൈദ്യൻ ബൃഹസ്പതി ഗുരുക്കളുടെ പൊടി പിടിച്ചുകിടന്ന വീട്ട് മുറ്റത്ത് കാലനെ അൺലോഡ് ചെയ്തശേഷം ഗരുഢ മോട്ടോഴ്സ് സ്കൂട്ടായി.

വാതത്തിനു കഷായം കുടിച്ചും പെടലി വേദനയ്ക്ക് ബെൽറ്റിട്ടും, മുട്ടും തടവി മുറുക്കാനും ചവച്ച് കോലായിൽ മൂത്തുനരച്ചു കിടന്നിരുന്ന ഗുരു ശബ്ദം കേട്ട് വടിയും കുത്തി വേച്ച് വേച്ച് കാലനരികിൽ ചെന്നു.തൻ്റെ വീട്ടിലേയ്ക്കുള്ള റോഡ് പണിക്ക് വന്ന ദേവേന്ദ്രൻ്റെ ആളുകൾ കൊണ്ടിട്ടിട്ടു പോയ ടാറിൻ വീപ്പ ആണെന്നാണ് ഗുരു ആദ്യം കരുതിയത്.

ബൃഹു ഗുരുനെ കണ്ടയുടൻ, തൻ്റെ മീൻ ചട്ടിപോലത്തെ ചന്തിയേൽ പട്ടി കടിച്ച കാര്യം എട്ടു വട്ടം പറഞ്ഞു പൊട്ടികരഞ്ഞ കാലൻ്റെ,  പട്ടി നുഴഞ്ഞുകയറിയ പിന്നിലെ രഹസ്യ ബങ്കറുകളിൽ കമ്യുണിസ്റ്റു പച്ച പിഴിഞ്ഞൊഴിച്ച ശേഷം ബൃഹു ഗുരു കാലനെ എടുത്ത് വെയിലത്ത് ഉണങ്ങാൻ ഇട്ടു.

അപ്പോളാണ് മൂക്കിനിടയിൽ വിരലിട്ടു കിള്ളിക്കൊണ്ട്, പൊട്ടന് ലോട്ടറി അടിച്ചപോലത്തെ ചിരിയും ചിരിച്ചുകൊണ്ടൊരു രൂപം കടന്നു വന്നത്.

മൂപ്പിലാനേ ഇതേതാണ്ടപ്പ ഈ ശവി?? ആഗതൻ മൂക്കേന്നു വിരലെടുക്കാതെ തന്നെ വെയിലത്ത് തിരിഞ്ഞു കിടന്നിരുന്ന കാലനെ ചൂണ്ടി കളിയാക്കി ചിരിച്ചു.

"ആല്ല ഗഡിയേ   ... ഇതെന്തൂട്ടാണ് ഈ കുരുപ്പിൻ്റെ മൂട്ടില് ?? "

ഹോ ഹോ ഹോ ഹോ ഹോ ....

ആസ്മ പിടിച്ച പട്ടി കുരയ്ക്കുന്ന പോലെ ചിരിക്കുന്നവൻ ആരെടാ എന്നറിയാൻ ചാടി എണീറ്റപ്പോൾ ആണ് കാലന് ആഗതനെ പിടികിട്ടിയത്.

ചാക്ക് ചരടിട്ടു മുറുക്കിചുറ്റിയ കീറിയ മുണ്ടും, ഉണങ്ങിയ ചെമ്പരത്തി പൂമാലയും,ഇടംകൈയിലൊരു ചിരവ പോലത്തെ കമ്പി പൊട്ടിയ വീണയും, വലത് കൈയിൽ രണ്ടു ചിരട്ട പൊട്ടുകളും , വെടല ചിരിയുമായി ദേവഋഷി നാരദർ !!

താനെന്താണ്ടോ ഇബടെ  ??

കാലനെ കണ്ട നാരദർ ചോദിച്ചു.

എന്തേ എനിക്കിവിടെ വരാൻ പാടില്ലേ ??

തന്നെ ഇവിടെ കണ്ടപ്പോ "ബൃഹു കിളവൻ്റെ കാര്യം പോക്കാണോ"  എന്ന് കരുതി ചോദിച്ചതാ!!

അത് പോട്ടെ ... തന്നെ കണ്ടത് നന്നായി .
"ഗുണ്ട് മേരി സുഖമായിട്ടിരിക്കുന്നോ? കാലപുരിക്ക് ഞാനൊന്നു വരുന്നുണ്ട്!!"

"ഇനി അവിടേം വന്നു കലക്കാൻ ആണോ ? തൻ്റെ നാരദ പണി കാലപുരിക്ക് പുറത്ത് മതി"കടിച്ച പട്ടിയോടുള്ള ചൊരുക്ക്  നാരദരോട് തീർത്താലോ എന്നു കാലനൊന്നു ചിന്തിച്ചു.ദേവർഷി അല്ലേ.. തന്നേമല്ല.. ആടിനെ പട്ടി ആക്കുന്ന സ്വഭാവവും.

വേണ്ട, പിണക്കിയാൽ പണി ബ്ലൂ ഡാർട്ട് വഴി വരും.

നാരദരെ നോക്കി ഒന്നിളിച്ചു കാണിച്ച ശേഷം കാലൻ ചരിഞ്ഞു കിടന്നു വെയിൽ കൊള്ളൽ തുടർന്നു.

ഉച്ച വരെ നീണ്ട ബൃഹ-നാരദ ഉച്ചകോടിയ്ക്ക് ശേഷം, നാരദർ വന്ന പോലെ ചിരവയും തൂക്കി തിരിച്ചു പോയി.

ബൃഹന്റെ മരുന്ന് ഫലിച്ചു.പട്ടി കടിച്ച ത് കരിഞ്ഞു തുടങ്ങിയ ഉടൻ കിടന്ന കിടപ്പിൽ നിന്നും ഒന്നാം ക്ലാസ്സിൽ പോകാൻ വേണ്ടി കാലൻ ചാടി എണീറ്റു.പോയി നിന്നു തപ്പി നോക്കിയപ്പോ ദേ ഒരെണ്ണം എസ്ട്ര.

പടച്ചോനെ... ഈ കിളവൻ തന്ന മരുന്നിനു സൈഡ് എഫ്ക്റ്റോ?? എന്നു കരുതി സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് കാര്യം പിടി കിട്ടിയത്.വെയിലത്ത് ഉണങ്ങാൻ കിടന്ന കിടപ്പിൽ ഒന്നാം ക്ലാസ് വാതിലിനടുത്ത് പറ്റി കൂടിയ അട്ട ചോര കുടിച്ചു വളർന്നൊരു പ്രസ്ഥാനമായി മാറിയത് ആണ്.

തീക്കട്ടയിൽ ഉരുമ്പരിക്കുന്നോ??
അട്ട മോന്റെ ചീട്ട് ഉടൻ കീറിയ കാലൻ ഒന്നാം ക്ലാസ് കഴിഞ്ഞ ഉടൻ ഒന്നും മിണ്ടാതെ ഫീസും കൊടുക്കാതെ ബൃഹു കാണാതെ കാലപുരി ലക്ഷ്യമാക്കി ഒറ്റ മുങ്ങൽ!!

**********
കയ്യിലെ അട്ടയെ കണ്ടു തെറ്റിദ്ധരിച്ച കാലത്തി ചേമ്പ് പുഴുങ്ങാനുള്ള കലമെടുത്ത് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ചിട്ട് മുളക് അരയ്ക്കാൻ പോയി.


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി