ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Tuesday, 31 December 2024
ഫാനിന്റെ ചുവട്ടിലെ തേനും, അച്ചന്റെ കത്തിയും!!
Sunday, 8 December 2024
മാട്രിമോണിയൻ!!
ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല !!
Thursday, 23 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!
മത്സ്യത്തൊഴിലാളി!!*
പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.
ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!
മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!
Friday, 17 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!
Friday, 10 May 2019
വാസുമാഷിനൊരു തുറന്ന കത്ത് !!
പിന്നെ ഇപ്പോൾ എഴുതാൻ കാരണം ഉണ്ട്.പ്രഭയും സജീവേട്ടനും കൂടി വൃദ്ധ സദനം തുടങ്ങുന്നു.ഒൻപത് ആളുകളെ കിട്ടിയിട്ടുണ്ട്.ഒൻപത് എന്നാൽ "വശപ്പിശക്" ആണ് എന്ന് മാഷെ നിങ്ങൾ തന്നെ പലപ്പോഴും വിനുവിനോട് പറഞ്ഞിട്ടുള്ളതല്ല??എങ്കിൽ പിന്നെ നിങ്ങളെ കൂടി ചേർത്താൽ ആ പേരുദോഷം മാറ്റി പത്താളുകളുമായി സദനം നാടമുറിച്ചുമാറ്റി തുറന്നിടാം എന്ന് പ്രഭ പറഞ്ഞു .നിങ്ങൾക്ക് ബോറടി മാറുകയും ചെയ്യും സദനത്തിൽ ഒരു വിപ്ലവകാരിയുടെ സാനിധ്യം ആവുകയും ചെയ്യും.
എന്നാൽ ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ.ഇവിടെ വന്നിട്ട് ആരും കാണാതെ "ഇടുക്കി ഗോൾഡും" "നാടനും" തേടി പോയാൽ..... തൊണ്ണൂറു വയസ്സായ കിളവന്‍ ആണ് ഇങ്ങള്‍ എന്നൊന്നും നോക്കില്ല,പിള്ളേരെല്ലാം കൂടി വളഞ്ഞിട്ട് തല്ലും!!
പിന്നെ ഒരു കാര്യം,"സ്മിനുവും പ്രഭയും സജീവും വിനുവും ഒക്കെ പാർട്ട്ടൈം വഷളന്മാർ ആണ്" എന്ന് മാഷ് "ശാന്ത"യോട് പറഞ്ഞതായി ബീരാൻ പറഞ്ഞു.ഉള്ളതാണോ മാഷെ? ഇങ്ങനെ പറഞ്ഞു നടക്കാൻ മാഷിനോട് ആരാ പറഞ്ഞത്? മീര ടീച്ചര്‍ പറഞ്ഞു തന്നതാണോ?? അതോ മുന്തിരിയിൽ ഒളിച്ചിരുന്ന പുളി കണ്ടുപിടിച്ച ആ പഴയ കുറുക്കച്ചാർ ആയതാണോ മാഷെ നിങ്ങൾ ?
ഇര കോർത്തിട്ട മാഷിന്റെ "ചൂണ്ട" അടക്കം മീനുകൾ വിഴുങ്ങുകയും മറ്റുള്ളവരുടെ കളസത്തിന്റെ വള്ളിയിൽ വരെ "ചൂണ്ട" എന്ന് കരുതി മീനുകൾ കൂട്ടത്തോടെ വന്നു ഉരുമി നീക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും ആർക്കും ഉണ്ടാകുന്ന ഫീലിംഗ്സ്സ് ഒക്കെ തന്നെ ആണ് ഇപ്പോൾ ഞങ്ങളോട് മാഷിന് തോന്നിയതും.
രണ്ടു ദിവസം മുന്നേ ഒരു സംഭാവമുണ്ടായിട്ടോ മാഷെ.തളര്‍ന്നു കിടന്ന കുറിഞ്ഞിപൂച്ചകുട്ടിയ്ക്ക് ഭക്ഷണം കൊടുക്കും വഴി അതിന്‍റെ പല്ല് കൊണ്ട് കൈയ്യില്‍ നല്ലൊരു മുറിവുണ്ടായി.പത്ത് ദിവസം നോക്കീട്ട് പൂച്ചയ്ക്ക് കുഴപ്പമില്ല എങ്കില്‍ കുത്തിവെപ്പ് വേണ്ട എന്ന് ശശി ജ്യോത്സ്യന്‍ കുറിപ്പെഴുതി തന്നതിനാല്‍ കുത്തിയില്ല.
ഹഹഹഹ.... എന്നിട്ട് വേണം എനിക്കൊരു എലിയുടെ പുറകെ ഓടി, ദംഷ്ട്രകള്‍ കാട്ടി അതിനെ ഒന്ന് അടിമുടി പേടിപ്പിക്കാന്‍! !പേടിച്ചു വിറയ്ക്കുന്ന മൂഷികനെ നോക്കി ഞാനൊന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
പൂച്ച ആയാല്‍ എനിക്ക് ഇടാന്‍ ഞാനൊരു പേര് കണ്ട് വച്ചിട്ടുണ്ട് - ഡുംഡുഭം.ലക്ഷ്യം തെറ്റിയതിന്റെ പേരില്‍ മുനിയുടെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന പുരാണ കഥാപാത്രം!!
പിന്നെ...
വൃദ്ധസദനത്തിലെ പത്താമൻ ആകുന്ന കാര്യം മറക്കണ്ട!!
Monday, 14 November 2016
ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ...
"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"
ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.
കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്. "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.
സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.
കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.
ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.
ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!
ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ് മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.
"അന്നോട് ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."
വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.
"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"
"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??
മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.
"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!
ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.
"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.
അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.
അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.
"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.
കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.
കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.
കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട് ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.
ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.
ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.
ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."
വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.
"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."
ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.
"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.
തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...
"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."
ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.
വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.
നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.
വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.
ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.
"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....
Monday, 20 June 2016
ത്രിഫല !!
വായനാദിനത്തിൽ നടന്ന സെമിനാറിൽ സൊസൈറ്റിയിലെ പ്രമുഖർക്കൊപ്പം "പ്രമുഖർ" ആകാൻ ശ്രമിക്കുന്നവരും,ദിവസകൂലിക്ക് അണികളായി പോകുന്നവരും,സംഘാടകരും,അവരുടെ കുടുംബക്കാരും,അധ്യക്ഷനായ പ്രമുഖ സാഹിത്യകാരനും,ഉത്‌ഘാടകൻ ആയ രാഷ്ട്രീയ നേതാവും, കൂടാതെ ഹാള് സൂക്ഷിപ്പുകാരനും കൂടി ആയപ്പോൾ ടൗൺഹാളിൻറെ സ്റ്റേജ് ഉൾപ്പെടുന്ന പകുതിയുടെ പകുതി ഭാഗം നിറഞ്ഞു കവിഞ്ഞതിനാൽ ഹാള് സൂക്ഷിപ്പുകാരൻ തൊട്ടു പുറകിലെ നിരയിലേക്ക് കടന്നിരുന്നു.
പകുതിയും,പകുതിയുടെ പകുതിയും ചേർന്ന,ആളുകളില്ലാത്ത വലിയ ഭാഗത്ത് സംഘാടകരുടെ കുട്ടികൾ ഓടി കളിച്ചു രസിച്ചു.
സ്ത്രീകൾ സീരിയലുകളേയും,ടൗണിൽ തുടങ്ങിയ പുതിയ വസ്ത്രാലയത്തെ കുറിച്ചും, സ്വർണ വിലയേയും,മഹിളാ വേദിയേയും കുറിച്ചും ഒക്കെ വാചാലരായി.
പുരുഷ കേസരികൾ വായനയേകുറിച്ചും വായനയുടെ ഗുണങ്ങളെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിക്കുന്ന രാഷ്ട്രീയ നേതാവിനെ അസൂയയോടെ നോക്കിക്കൊണ്ട് "സമയം ഉണ്ടായിരുന്നെങ്കിൽ തങ്ങളും വായിച്ചേനെ" എന്നു നെടുവീർപ്പിട്ടു.തങ്ങളിൽ നിന്നും പുസ്തകങ്ങളെ അകറ്റി നിർത്തിയതിന് "സമയകുറവിനെ" എല്ലാവരും കുറ്റപ്പെടുത്തി.
അപ്പോളാണ് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നു പറഞ്ഞുകൊണ്ട് ഉത്‌ഘാടകൻ തന്നെ അതിനൊരു പരിഹാരവും ഇട്ട്കൊടുത്തു.
"ഒരു ജന പ്രതിനിധിയുടെ തിരക്കുകളും സമയക്കുറവും നിങ്ങൾക്ക് ഊഹിക്കാമല്ലോ ??അങ്ങിനുള്ള ഞാൻ പോലും വായനയ്ക്ക് സമയം കണ്ടെത്തുന്നുണ്ട്.അതും ഒരു ദിവസം പോലും മുടങ്ങാതെയുള്ള വായന.
ദിവസ്സേനെയുള്ള ടോയിലറ്റിൽപോക്കിനൊപ്പം ആണ് എൻ്റെ വായന.രാത്രിയിൽ കിടക്കും മുന്നേ ഒരു ത്രിഫല കഴിച്ചിട്ട് കിടന്നാൽ, നിങ്ങൾക്കും ദിവസ്സേന ഉള്ള വായന സാധ്യമാകും"
വായിക്കുവാൻ സമയം കണ്ടെത്തിയ സന്തോഷത്തിൽ കേട്ടിരുന്ന പ്രമുഖർ വായിക്കേണ്ട പുസ്തകങ്ങളെകുറിച്ചുള്ള ചർച്ചകൾ തുടങ്ങി.
ഉത്‌ഘാടകൻ പ്രസംഗിച്ചു തളർന്ന് കസ്സേരയിലേയ്ക്ക് മടങ്ങി.അടുത്തിരുന്ന സാഹിത്യകാരൻ അധ്യക്ഷൻ, തിരക്കുള്ള ജീവിതത്തിലും വായനയെ സ്നേഹിക്കുന്ന രാഷ്ട്രീയകാരനെ അഭിന്ദനപൂർവം നോക്കികൊണ്ട് ചോദിച്ചു.
"ഏതു പുസ്തകം ആണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് ?"
"പുസ്തകം വായിക്കാൻ ഒന്നും സമയം കിട്ടണില്ല, പത്രങ്ങൾ ആണ് വായിക്കുന്നത്.രാഷ്ട്രീയക്കാർ പല പത്രങ്ങൾ വായിച്ചാലല്ലേ പിടിച്ചു നിൽക്കാനാവൂ"
"എന്നാൽ പിന്നെ രാത്രി കിടക്കും മുന്നേ പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി....??"
"അതെങ്ങനെ ശരിയാകും ?? ആ പോക്കിനല്ലേ സാഹ്‌യാന പത്രങ്ങൾ വായിക്കുന്നത് !!"
"എന്നാൽ പിന്നെ ഉച്ചയ്ക്ക് ?? ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ !!"
"അപ്പൊ ഫേസ്ബുക്ക് എപ്പോ നോക്കും?"
രാഷ്ട്രീയക്കാരന്റെ പ്രധാന പ്രവർത്തന മേഖല ടോയ്‌ലറ്റ് തന്നെ എന്നു തിരിച്ചറിഞ്ഞ സാഹിത്യകാരൻ, അധ്യക്ഷനായി തന്നെ ഇരിപ്പ് തുടർന്നു.
"ദിവസ്സേനയുള്ള പുസ്തക വായനയ്ക്കായി" അന്നുമുതൽ തന്നെ പലരും ത്രിഫല കഴിച്ചുതുടങ്ങി.
പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുവാനായി, പല പ്രസാധകരും പുസ്തകങ്ങൾക്കൊപ്പം "ഫ്രീ" ത്രിഫല കൂടി ചേർത്തുകൊണ്ട് പുസ്തക മേളകൾ സംഘടിപ്പിച്ചു.
*******************************************************************************
Sunday, 19 June 2016
ഈശ്വരാ ഞാനിന്ന് ചാവണേ....
ഞാനൊരു "ജീവന്‍ പരിരക്ഷാ ഇന്‍ഷുറന്‍സ്സ്" എടുത്തു.
അങ്ങിനെ,
കാശ്കൊടുത്ത് സ്വന്തം മരണത്തിനായി ദിവസ്സേന പ്രാര്‍ഥിക്കുവരുടെ കൂട്ടത്തില്‍ ഞാനുമൊരംഗമായി.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാലാവധി തീരുമ്പോള്‍...., കൈയില്‍ കിട്ടുന്ന പണത്തിന് ഒരു പക്ഷെ ഒരു "ചെവിതോണ്ടി"പോലും കിട്ടില്ല.
ഒരു ബിസിനസ് ആകുമ്പോള്‍ ലാഭം വേണമല്ലോ??
അതുകൊണ്ട് കാലാവധി തീരും മുന്‍പുള്ള മരണത്തിനായി പ്രാര്‍ഥിക്കാം!!അതും അപകട മരണം തന്നെ.എന്നാലല്ലേ ലാഭം ഉണ്ടാവൂ.....
പോളീസി നമ്പര്‍ എഴുതി പോളീസ്സി എടുക്കാത്ത ദൈവത്തിന് മുന്നില്‍ സമര്‍പ്പിച്ച ശേഷം കണ്ണടച്ച്, മനമുരുകി പ്രാര്‍ഥിച്ചു,
ഈശ്വരാ ഞാനിന്ന് ചാവണേ....





