Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, 30 December 2024

തൊമ്മൻകുത്തിലെ മുത്ത്!!

         മലയാളസാഹിത്യത്തിൻ്റെ 
മഞ്ഞുകാലം മാഞ്ഞതിൻ്റെ പിറ്റേന്ന്... ഭൂമിയിലെ കണക്കുകളുടെ ഭാരമേറ്റ് തളർന്ന ശരീരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി മൻമോഹൻജിയുടെ ആത്മാവ് എഴുന്നേറ്റ് എങ്ങോട്ടോ പോയി.അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പ്രശസ്തരുടെ വിടപറയലും, ക്രിസ്മസ്സ്‌ രാവിൽ ചുടലപറമ്പിൽ നിറഞ്ഞാടിയ കളിയാട്ടദർശനവും നൽകിയ ക്ഷീണത്താൽ കിടന്നുറങ്ങിയ 
ഞാൻ രാവിലെ എണീറ്റ് ബാഗും എടുത്ത് എങ്ങോട്ടോ പോയി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മൽ ശേഖരമുള്ള,
മുല്ലപ്പൂ ചൂടിയ സുന്ദരി ഇഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും തട്ടിയശേഷം പതിവ് കറക്കത്തിനിറങ്ങിയ വാർത്ത വാട്സ്അപ്പൻ "ന്യൂസ്‌സ്ക്രോൾ" ആക്കി അയച്ച് തന്നു.പ്രസ്തുത വിഭവങ്ങൾ തന്നെ വിഴുങ്ങി ഏമ്പക്കം വിട്ട് റോഡിലിറങ്ങി ഫോണും കുത്തി നിന്നിരുന്ന ഞാൻ വാട്ട്സപ്പ ന്യൂസ്സ് തോണ്ടി മാറ്റിയ ശേഷം,എങ്ങോട്ടെന്നറിയാത്ത യാത്രയിൽ "കൂടേ വരാം" എന്നേറ്റ മൂവർ സംഘത്തെ വിളിച്ചു.

റോഡിൽ വായ് നോക്കി നിന്നപ്പോ വണ്ടി തട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലായ ഒന്നാമൻ ബാഗും, വീൽ ചെയറും, മൂത്ര സഞ്ചിയും സെറ്റ് ആക്കി ട്രിപ്പിനു റെഡി ആയി ഭാര്യ കാണാതെ തൊഴുത്തിന് പിന്നിൽ ഒളിച്ചിരുപ്പുണ്ട്, വണ്ടിയുമായി ചെന്ന് പൊക്കി അകത്തിട്ടാൽ മാത്രം മതി!! രണ്ടാമനെ വിളിച്ചപ്പോ ഫോണിൽ കൂർക്കംവലി ശബ്ദം. അവൻ പൊങ്ങിയിട്ടില്ല. മൂന്നാമൻ രണ്ടാമൻ്റെ  വരവും കാത്ത് റോഡിൽ കുത്തിഇരിക്കുന്നു.

എന്നാ പിന്നെ ടൗണിൽ ചുറ്റിവരാം എന്ന് കരുതി സാംസ്കാരിക കേന്ദ്രത്തിൽ ഒരു കറക്കം.നഗരത്തിൻ്റെ ഒരു ഭാഗത്ത് വണ്ടികളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ കണ്ട് കാര്യം തിരക്കിയപ്പോൾ ആണ് അറിഞ്ഞത്, അന്ന് ഈവനിംഗ് ആണ് "ബോൺ നത്താലേ" എന്ന്.
"അതെന്താ സാധനം??"സംഭവം പിടികിട്ടാതെ ഞാൻ തലചൊറിഞ്ഞു നിന്നു.
"ഇത് പോലും അറിയില്ലെടാ ഊളെ" എന്ന ഭാവത്തിൽ കമ്മറ്റിക്കാരിലൊരുവൻ എന്നെ നോക്കി പുച്ഛിച്ചു കടന്ന് പോയി.
പതിനായിരം ക്രിസ്മസ്സ്‌ പാപ്പമാർ, 21 നിശ്ചല ദൃശ്യങ്ങളുടെയും, കുട്ടികളുടെയും, മാലാഖമാരുടെയും അകമ്പടിയിൽ നഗരം ചുറ്റുന്ന ആഘോഷം.എന്നാ പിന്നെ ഇന്ന് ഇവിടാകാം അന്തികറക്കം എന്ന് തീരുമാനിച്ച് അടുത്തു കണ്ട കടയിൽ കയറി ഒരു "ബോഞ്ച" അടിച്ചോണ്ടിരുന്നപ്പോൾ രണ്ടാമന്റെ വിളി വന്നു."അരമണിക്കൂർ മുന്നേ പുറപ്പെട്ടു" എന്നും പറഞ്ഞു അവനൊരു കൊച്ചു മാന്നാർ മത്തായി ആയി.അതോടെ ഇത്തവണത്തെ ബോൺ നത്താലേ ആഗ്രഹത്തെ മുളയിലേ ഗർഭഛിദ്രം ചെയ്യണ്ടി വന്നു.
11....,12...,1... മണിക്കൂറുകൾക്ക് യുഗങ്ങളുടെ വലുപ്പം.ഒടുവിൽ 2 മണിയോടെ 4 ആളുമായി വണ്ടി അതിരപ്പിള്ളി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.ചെക്ക് പോസ്റ്റ് അടയ്ക്കും മുന്നേ കടക്കണം, അതാണ്‌ അജണ്ട!! അജണ്ടയിൽ തൂങ്ങിയാടിയ രണ്ടാമൻ ആക്സിലറേറ്ററിനെ ഒരു കാമഭ്രാന്തനെ പോലെ ചവിട്ടിയരച്ചു.രംഗം കൊഴുപ്പിക്കാൻ വേണ്ടി ഒന്നാമൻ, ടോപ്പ് ഗീയറിൽ നിൽക്കെ ഗീയറൂരി സഞ്ചിയിലിട്ടു ഡിക്കിയിൽ തള്ളി.ഒരു ജാക്ക്പോട്ട് റേസിലെ കരിംകുതിരയുടെ ഗർവ്വോടെ വളവും, തിരിവും, ഹമ്പും, കുഴിയുമെല്ലാം 
ചാടി കടന്നന്നോടിയ വണ്ടി കാടേറിയ ഉടൻ വിശക്കുന്നെന്നും പറഞ്ഞു മൂന്നാമൻ കാറി തുടങ്ങി.അതുവരെ സീറ്റിലള്ളിപ്പിടിച്ചുറങ്ങിയ ഞാൻ 
മൂന്നാമൻ്റെ കാറലിനു കോറസ്സ് ചേർന്നതോടെ ഗീയർ ഫിറ്റ് ചെയ്ത് ടോപ്പിൽ നിന്നും ഉരുട്ടി താഴെയിട്ട്, പതിമൂന്നാമത്തെ വളവിനപ്പുറം മാനം നോക്കി കുത്തിയിരുന്ന സുഹറ താത്തയുടെ തട്ടിനു മുന്നിൽ ബാക്ക് പൊക്കി മൂക്ക് കുത്തി... അലറിക്കൊണ്ട് വണ്ടി നിന്നു.കഴിഞ്ഞ മാസം തുമ്പിക്ക് തട്ടി തൻ്റെ തട്ട് തകർത്ത കരിവീരൻ "ബൽവർസിങ്" വീണ്ടും വന്നതെന്ന് കരുതി സുഹറത്ത ഓടി മരപ്പൊത്തിൽ ഒളിച്ചു.സംഗതി ആനചേട്ടനല്ല എന്ന് തിരിച്ചറിഞ്ഞ താത്ത വന്ന് രണ്ടാമൻ്റെ പൂർവികരെ പള്ള് വിളിച്ചു.

സുഹറത്ത വിളമ്പിയ നൂലപ്പവും മുട്ടകറിയും,പൊറോട്ടയും ചാറും, കപ്പയും മത്തികറിയും, കടല കറിയും ഓംലെറ്റും തിന്നത് പോരാഞ്ഞു ഇത്ത വീട്ടിൽ കൊണ്ടോകാൻ വെട്ടിവച്ച "അണ്ടിഹള്ളി" മീനും കൂടി പൊരിച്ചടിച്ചത് കണ്ട്, കളയാൻ വച്ചിരുന്ന ക്യാബേജ് ഉപ്പേരിയും പഴങ്കഞ്ഞിയും കൂടി ചട്ടീലിട്ടു നീട്ടി ഇത്ത.

4 ആർത്തി പണ്ടാരങ്ങൾ മൂക്ക് മുട്ടെ തിന്നിട്ടും 265 ഇന്ത്യൻ ബക്സ്സ് മാത്രമേ സുഹറത്ത വാങ്ങിയുള്ളു.  സ്നേഹമുള്ള ഇത്ത, നല്ല ഫുഡ്‌.ഇത്തയുടെ നല്ല ചിരി പോക്കറ്റിൽ നിറച്ചുകൊണ്ട് വീണ്ടും വണ്ടി കുതിച്ചു.

കാട്ടിലെ തണുപ്പേറ്റ് മൂന്നാമൻ്റെ കിഡ്നി ഉണർന്നു പണി തുടങ്ങി. പിന്നെ ഇടയ്ക്കിടെ ഒന്നാംക്ലാസ്സിന് പോകൽ ഒരു പതിവായി.ഇനി ഇവൻ കാറ്റ് കൊള്ളിക്കാൻ വേണ്ടിയോ, വിറ്റാമിൻ D യ്ക്ക് വേണ്ടിയോ ചെയ്യുന്നതാണോ??

അല്ല!!ശബ്ദത്തോടെയുള്ള പനിനീർ ധാര നന്നായി നടക്കുന്നുണ്ട്!!
"ഡേയ് എവിടാ ഏറുമാടം പറഞ്ഞു വെച്ചേക്കുന്നേ??"
"അത് ഇവിടൊന്നും അല്ല, ചെക്ക് പോസ്റ്റ് കടന്ന് പെരിങ്ങൽകൂത്ത് വരെ പോണം"
"ഇങ്ങനെ പനിനീർ ധാരയോടെ അങ്ങിങ്ങായി നിർത്തി പോയാൽ എങ്ങും എത്തില്ല.നമ്മുടെ വണ്ടിയിൽ ആണെങ്കിൽ അല്ലെ ഇവൻ നിർത്തുവാൻ പറയൂ.ഞങ്ങൾ രണ്ടും ആനവണ്ടിയ്ക്ക് വരാം. നിങ്ങൾ പോയി ചെക്കിൻ ചെയ്ത് സൗകര്യങ്ങൾ നോക്കി റിപ്പോർട്ട്‌ അയക്കൂ.5 ന് ചെക്ക് പോസ്റ്റ് അടയ്ക്കും.ബസ്സിൽ ആകുമ്പോൾ ഇവൻ്റെ ഇടയ്ക്കുള്ള മൂത്ര കർമം താനേ നിന്നോളും"
അങ്ങിനെ ഞാനും മൂന്നാമനും കൂടി അവർപോയ പിന്നാലെ വന്ന ആനവണ്ടിയുടെ വാലിൽ തൂങ്ങികയറി.അതിരപ്പിള്ളി, വാഴച്ചാൽ കടന്ന് ചെക്ക് പോസ്റ്റുകളെ പിന്നിലാക്കി ആന ഇഴഞ്ഞു.വണ്ടിയിൽ പല നാട്ടുകാർ, പല ഭാഷകൾ.പഴക്കം ചെന്ന സ്പീക്കറുകൾ 90S മെലഡികൾ മലയാളത്തിൽ പാടി തന്നുകൊണ്ടേയിരിക്കുന്നു.ജനലിൽ കൂടി കാടിൻ്റെ മണമുള്ള കാറ്റ് വന്ന് കവിളിൽ തലോടി പോകുന്നു. മെലിഞ്ഞ പുഴ പാറക്കെട്ടുകളെ തൊട്ടുതഴുകി ഇക്കിളിയാക്കി പതഞ്ഞൊഴുകുന്നു.
പുഴയുടെ രതി മറച്ചു പുഴയരികിൽ നിൽക്കുന്ന ഈറ്റയും പേരറിയാത്ത മരങ്ങളും റോഡിലേയ്ക്ക് നോക്കി കാവൽ നിൽക്കുന്നു.ഇടയ്ക്കിടെ അങ്ങിങ്ങായി ഓരോ 
കുഞ്ഞി വെള്ളചാട്ടങ്ങൾ.

വണ്ടിയിലുള്ള ആളുകളോട് പെട്ടെന്ന് സൗഹൃദത്തിൽ ആയി.പെരിങ്ങൽകൂത്തിലെ ഏറുമാടത്തെപറ്റി നാട്ടുകാരായ 
അവരോട് ചോദിച്ചു.അവരാരും അതെപ്പറ്റി കേട്ടിട്ടില്ല. അങ്ങിനിരിക്കുമ്പോൾ ഒരു കൊച്ചു വെള്ളചാലിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം കടന്ന് ഒരു നാലുകാലൻ കരിവണ്ടി എതിർദിശയിൽ ആനവണ്ടിയെ കടന്ന് ചാലക്കുടി ദിശ നോക്കി പോകുന്നത് കണ്ടു. എവിടെയോ കണ്ടു പരിചയമുള്ള വണ്ടി ആണല്ലോ എന്ന് ഉറക്കെ ചിന്തിച്ചത് കേട്ടപ്പോൾ ആണ് മൂന്നാമൻ പറഞ്ഞത്, "അത് നമ്മുടെ വണ്ടി ആണ്, നമ്പർ നോക്കടാ മണ്ടാ"
ശരിയാണല്ലോ, ഇവരെന്താ തിരിച്ചു പോകുന്നെ??
രണ്ടാളും ഒരുമിച്ച് ഫോണിൽ തോണ്ടി.അസ്ഥാനത്ത് തോണ്ട് കിട്ടിയത് ഇഷ്ടപ്പെടാഞ്ഞ ഫോണുകൾ രണ്ടും റേഞ്ച് മായിച്ച് ഞങ്ങളെ തേച്ചു.ഞങ്ങൾ ഒരുമിച്ച് കരഞ്ഞു കാണിച്ചു, കാല് പിടിച്ചു,അനക്കമില്ല!!ട്രിപ്പ് കഴിയും മുന്നേ പുതിയ കുപ്പായം വാങ്ങി ഇട്ടുതരാം എന്ന് പറഞ്ഞപ്പോ മനസില്ലാമനസ്സോടെ എൻ്റെ ഫോൺ bsnl സിമ്മിൽ എവിടുന്നോ പെറുക്കിയ റേഞ്ച് തന്നു.അപ്പോഴും കോൾ പോകുന്നില്ല.കിട്ടിയത് വച്ച്
വാട്സ്അപ്പൻ വഴി വിളിച്ചു. മെസ്സേജ് അയച്ചു.ഒന്നും ഡെലിവറി കാണിക്കുന്നില്ല.
ഞങ്ങടെ പരിഭവം കണ്ട് സഹതാപികളായ സഹയാത്രികരോട് കാര്യം പറഞ്ഞു. "നിങ്ങടെ കൂട്ടുകാർക്ക് റേഞ്ച് ഉണ്ടാവില്ല, നിങ്ങളെപ്പോലെ ഓഫർ കൊടുക്കാൻ അവർക്കറിയില്ല, അതാ കാര്യം!"വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ യാത്രക്കാർ തടഞ്ഞു.
"ഞങ്ങൾ പറയുന്നിടത്ത് നിങ്ങൾ ഇറങ്ങിയ മതി.എന്നിട്ട് അവരെ കാത്ത് നിൽക്കൂ.ഇവിടെ ഇറങ്ങിയാൽ കാട്ടാന നക്കി കൊല്ലും"

അപ്പോളേക്ക് എൻ്റെ ഫോൺ കനിഞ്ഞു രണ്ട് bsnl കട്ട കൂടി കിട്ടി. കിട്ടിയത് പോകും മുന്നേ ട്രൂ കോളറിൽ "ഫോറസ്ററ് ചെക്ക് പോസ്റ്റ്‌" എന്ന പേര് തെളിഞ്ഞു.
"നിങ്ങൾ എവിടാ, നിങ്ങടെ രണ്ട് കൂട്ടുകാരെന്നും പറഞ്ഞു കള്ളലക്ഷണമുള്ള രണ്ടുപേർ 
ഇവിടെ പാത്തും പതുങ്ങിയും നിൽപ്പുണ്ട്"
"അവന്മാരെ കാലിൽ വാരി നിലത്തടിക്ക് സാറേ" എന്ന് മനസ്സിൽ നിന്ന് വന്ന വാക്കുകൾ കഷ്ടപ്പെട്ട് തടഞ്ഞു.
"അവർ വരും വരെ നിങ്ങൾ പെരിങ്ങൽകൂത്തിൽ കാത്തിരിക്കൂ" എന്നും പറഞ്ഞു ഫോൺ കട്ട്‌ ആയി.അവിടെ ഇറങ്ങിയ ഞങ്ങളെ സംഗതി അറിഞ്ഞ ആളുകൾ തൊട്ടടുത്ത ചായക്കടയിലേയ്ക്ക് നയിച്ചു.
"ഇവിടിരുന്നു ചായ കുടിക്ക്, അപ്പോളേക്ക് അവർ വരും"
ചായ കുടിച്ച്, അലമാരിയിൽ തണുത്ത് വിറച്ചു ഉറങ്ങിയിരുന്ന വടയും തിന്ന് കൈ കഴുകിയപ്പോളേക്ക് അവർ എത്തി.അദ്ധ്യാപകനായ മൂന്നാമൻ ആഗതരെ നോക്കി സരസ്വതി നമസ്തുഭ്യം പല ടോണിൽ ചൊല്ലി.എന്നിട്ട് ചാടി വണ്ടിയിൽ കയറി. പിന്നാലെ ഞാനും കയറി വാതിൽ വലിച്ചടച്ച് ദേഷ്യം തീർത്തു.
വണ്ടിയിൽ കയറിയപ്പോ ആണ് മനസിലായത്, ഓൺലൈൻ വഴി ബുക്കിയ ഏറുമാടം ലൊക്കേഷനും ഗൂഗിൾ അമ്മായിയും പ്രചരിപ്പിച്ചപോലെ പെരിങ്ങലിൽ അല്ല, അത് ഞങ്ങൾ ആനവണ്ടിയിൽ കയറിയതിൻ്റെ അരകിലോമീറ്റർ പുറകിൽ ആണ്.
ആഹാ, അന്തസ്സ്!!
"എന്നാ പിന്നെ അത് ക്യാൻസൽ ചെയ്യൂ. ഇനി അത്രേം പിന്നിലോട്ട് ഓടുന്നതിലും നല്ലത് മുന്നോട്ട് തന്നെ പോയി വേറെ എവിടേലും താമസിക്കുന്നതല്ലേ"
"അതിനി ക്യാൻസൽ പറ്റില്ല. ചെക്കിൻ ടൈം കഴിഞ്ഞു. അതോണ്ട്, തിരിച്ചു പോകാം. തന്നേമല്ല... ഫോറസ്റ്റ്കാര് തിരിച്ചു വരണം എന്ന് ഓലയിൽ കല്പ്പന പുറപ്പെടുവിച്ചിട്ടും ഉണ്ട്"

     ***************
തിരിച്ച് അതിരപ്പിള്ളി എത്തുമ്പോളേക്ക് സൂര്യൻ അങ്ങേരുടെ പാട് നോക്കി പോയിരുന്നു.
"പന്നി, കുറച്ചുംകൂടി കഴിഞ്ഞു പോയിരുന്നേൽ വെള്ളച്ചാട്ടം എങ്കിലും....!! മൂന്നാമൻ മൂക്ക് ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
"സാരമില്ല, ഈ കേട് നമുക്ക് ഫുഡ്‌ അടിച്ചു തീർക്കാം"ഒന്നാമൻ പറഞ്ഞ കേട്ട ഉടൻ ഞങ്ങൾ അവിടുന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചു. പൈനാപ്പിൾ വിശപ്പ് കൂട്ടും...ത്രെ!!

ഏറുമാടത്തിൽ കയറി കുളിച്ചു, ഡ്രസ്സ്‌ മാറി നേരെ പോയി ഫുഡ്‌ വാങ്ങി വന്നു.ഫുഡ് തീർന്ന ഉടൻ Uno കാർഡ് നിരത്തി കളി തുടങ്ങി. ഒപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ചർച്ചകൾ... കോളേജ് കാല കഥകൾ... ഫാമിലി വിശേഷങ്ങൾ... എല്ലാം കഴിഞ്ഞു ഒറ്റ ഉറക്കം. രാവിലെ നേരത്തെ എണീറ്റ് സൂര്യോദയം കണ്ട്, വെള്ളച്ചാട്ടം ചാടി മലക്കപ്പാറയ്ക്ക്!! അതാണ്‌ പ്ലാൻ.

**************

പുലർച്ചെ 5 ന് ഒന്നാമൻ കാലിലെ പരിക്കും ചുറ്റിക്കെട്ടും താങ്ങി എടുത്ത് പുറത്തേക്ക് പോകുന്നത് സ്വപ്നം പോലെ കണ്ടു. 6 മണിക്ക് തിരികെ വന്നു.പിന്നെ ബാഗ് പായ്ക്ക് ചെയ്തു റ്റാറ്റ പറഞ്ഞിറങ്ങി.
അപ്പോളാണ് ഞങ്ങൾ മൂവരും കാര്യമറിയുന്നത്. സംഗതി കുടുംബികം ആണ്. ഫ്രണ്ട്‌സ്നൊപ്പം ഭർത്താവ് സന്തോഷിക്കുന്നത് കാണാനിഷ്ടമില്ലാത്ത ക്രൂരയായ ഭാര്യവക മാനസിക പീഡനം സഹിക്കവയ്യാതെ, കക്ഷി വയ്യാത്ത കാലും തൂക്കി കിട്ടിയ വണ്ടിക്ക് തിരികെ പോയതാണ്.ചെന്നില്ല എങ്കിൽ, അനന്തര ഫലം കിട്ടുക പാവം കുട്ടികൾക്കാവും.
എന്നാ പിന്നെ ട്രിപ്പിന് വിട്ടത് എന്തിനാണാവോ?? ശെടാ!! 
"ഭാര്യ ഒരു സാഡിസ്റ്റ്" എന്നൊരു കഥ ഉടൻ തന്നെ ഡ്രാഫ്റ്റ്‌ ചെയ്തേ തീരു‌ എന്നുറപ്പിച്ചുകൊണ്ട് കുറച്ച് നേരം കൂടി മയങ്ങി.

************

പിന്നീടുള്ള യാത്രയിൽ ഞങ്ങൾ മൂന്നാൾ മാത്രം. മൂന്നാള് ചേർന്നൊരു വഴി പോയാൽ 3G എന്നല്ലേ?എന്നാലതൊന്നറിയണമല്ലോ!!

അങ്ങിനെ വണ്ടി മൂവരുമായി യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങി. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഹോട്ടലിൽ പ്രാതൽ. പിന്നീട് ഫോട്ടോകളും വീഡിയോകളും, വാർത്തമാനങ്ങളും ചർച്ചക്കളുമായി കാടിൻ്റെ ഭംഗിയിൽ അലിഞ്ഞുചേർന്നൊരു യാത്ര. പോകും വഴി ചില കുരങ്ങൻസ് വഴിയിലിരുന്ന് എൻ്റെ നേരെ തുറിച്ചു നോക്കുന്നുണ്ടാരുന്നു. താടി വച്ച എന്നെ കണ്ടു വലിയ സിംഹവാലനെന്ന് തെറ്റിദ്ധരിച്ചിട്ടാണോ???

ഡാമിൻ്റെ മുകളിലെ വ്യൂ പോയിൻ്റ് വർണ്ണനകൾക്ക് അപ്പുറമായിരുന്നു. മനോഹരമായ ഓരോ വ്യൂ പോയിൻ്റിലും നിർത്തി കണ്ടുകൊണ്ട് കാട് കടന്ന് മലക്കപ്പാറ ചെക്പോസ്റ്റ് പരിസരത്തു നിന്നും ചായ കുടിച്ച് തേയില തോട്ടങ്ങളെ വകഞ്ഞ്മാറ്റി മലക്കപ്പാറ ഷോളയാർ ഡാമിൻ്റെ സ്പിൽ വേ കണ്ട് ഫോട്ടോസ് പകർത്തി.വളഞ്ഞ പാത മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. വഴിയരികിൽ ഉള്ള "ഗുണ" എന്ന ചെറുപ്പക്കാരൻ്റെ കടയിൽ നിന്നും ഓംലെറ്റും കട്ടനും തട്ടി. ഒന്നാമൻ പോയ വിഷമത്തിൽ വണ്ടിയിലിരുന്നുറങ്ങിയ മൂന്നാമന് ബോഞ്ച കൊടുത്തു ഉഷാറാക്കി.

ഡാമിൻ്റെ മുകളിൽ നല്ല വ്യൂ ഉണ്ടായിരുന്നു എങ്കിലും അതിലും കിടു കാഴ്ചകൾ പിന്നീടാണ് എത്തിയത്. ഡാമിൻ്റെ സൈഡിലൂടെ വാൽപാറയിലേയ്ക്ക് നയിച്ച വഴിയിലെ പല പ്രകൃതി ഭംഗികളും ഒന്നിനൊന്നു മെച്ചം ആയിരുന്നു.
ഒരു ചിത്രത്തിലെന്ന പോലെ, ഭംഗിയായി ഒരുക്കിയിട്ടുള്ള തേയില തോട്ടങ്ങൾ കുന്നുകളെ പച്ചപുതപ്പിച്ചു കിടത്തിയതിനിടയിൽ അങ്ങിങ്ങായി തണുത്ത് വിറച്ച് ഒറ്റയ്ക്ക് നിൽക്കുന്ന ഓക്ക് മരങ്ങൾ!!നീലാകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ വെള്ള മേഘങ്ങൾ... അവയെ നോക്കി 
പേരറിയാത്ത പക്ഷികൾ പാറിപറക്കുന്നുണ്ട്.കറുത്തൊരു ഭീകര സർപ്പം ഇഴഞ്ഞപോലുള്ള റോഡിലൂടെ സർപ്പത്തിൻ്റെ തല തേടിയ വണ്ടി ഉള്ളിലെ പുല്ലാംകുഴൽ റെക്കോർഡിങ്ങ് ആസ്വദിച്ചുകൊണ്ട്
 പാമ്പിനു മുകളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.സമയം 2 ആയി എങ്കിലും ഉച്ചവെയിലിലും എസിയിൽ ഇരിക്കും പോലുള്ള തണുപ്പോടെ ഭൂമി കുളിരു കോരി നൽകുന്നു. വാൽപ്പാറ പോകാതെ പൊള്ളാച്ചി പോകുവാനുള്ള വഴി അൽപ്പം ആശങ്ക നൽകി.

മറ്റ് മനുഷ്യരെ ആരേയും ആവഴിയിൽ കാണാഞ്ഞത് കൊണ്ട്, മരമിറങ്ങി വണ്ടിക്കരികിൽ വന്ന മർക്കടകുമാരൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ വാൽപ്പാറ വഴി പോകുവാൻ തീരുമാനിച്ചു.ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് വാൽപ്പാറയിൽ ഫുഡ്‌ കഴിച്ചപ്പോൾ മനസ്സിലായി.

"ശ്രീ സായി ഭവൻ" ശുദ്ധ വെജിറ്ററിയൻ. ബോർഡ് കണ്ട് ചെന്ന് നോക്കുമ്പോൾ അവിടെങ്ങും അങ്ങനൊരു ഹോട്ടൽ കാണുന്നില്ല.തൊട്ടടുത്ത കടയിലെ അണ്ണൻ ചൂണ്ടിയ വഴി റോഡ് നിരപ്പിൽ നിന്നും ഇടുങ്ങിയ ഒരു ഗോവണി ഇറങ്ങി വലതു തിരിഞ്ഞുള്ള ഒരു വീടിൻ്റെ കൊച്ചു ഹാളിൽ ആണ് കൊണ്ടെത്തിച്ചത്.6-7 ആളുകൾക്ക് മാത്രം ഇരിക്കുവാനുള്ള സ്ഥലം.
തമിഴ് കൂതറ ഫുഡ്‌ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.മഞ്ഞ കലർന്ന ഇളം വാഴയിലയിൽ ആദ്യം വീണത്  കടുകിട്ടഎണ്ണയിൽ മുളകും, ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് താളിച്ച് ഫ്രഷ് പയർ പച്ചപ്പ് പോകാതെ ഉപ്പിട്ട് പാകം ചെയ്തെടുത്ത പയർ മെഴുക്കുപുരട്ടി ആണ്.പിന്നീട് തമിഴ് സ്റ്റൈലിൽ പൊന്നി അരിയുടെ വെള്ളചോറ് വന്നു. അതിലേക്ക് സാമ്പാർ,അച്ചാർ, പപ്പടം. പാവയ്ക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, കൂടാതെ പച്ച പാവയ്ക്ക മുളക് പൊടി മുക്കി വറുത്തെടുത്തതും.
തമിഴ് ടേസ്റ്റ് ഉണ്ടെങ്കിലും ബന്ധുവീട്ടിലോ ഒരുപക്ഷെ സ്വന്തം വീട്ടിലോ കഴിക്കുന്ന രുചി.ജന്മനാ ആർത്തിപണ്ടാരമായവന് രുചിയുള്ള ഭക്ഷണം കൂടി കിട്ടിയാലോ?? രണ്ടാമതും ചോറ് കൂമ്പാരമായി വാങ്ങി. അപ്പോഴേക്ക് "പുളികുളമ്പ്" വേണോ എന്ന് തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചോണ്ട് ഓണർ വന്നു. തീറ്റ വസ്തു വേണ്ട എന്ന് പറയണമെങ്കിൽ നിറഞ്ഞു തുളുമ്പി മൂക്കിലൂടെ വെളിയിൽ ചാടനം എന്ന ശീലമുള്ള ഞാൻ കൈകൊണ്ട് കാണിച്ചു ഒഴിക്കൂ എന്ന്.പുളിയും എരിവും ഒക്കെയുള്ള ഓറഞ്ച് നിറം കലർന്ന കുറുക്കിയ  തിക്ക് ഗ്രേവി.

ഐ... വ്വ!! നാവിൽ വെള്ളം ഊറുന്ന ടേസ്റ്റ്.

ഒടുവിൽ കട്ടി മോരും കൂട്ടി കുഴച്ചു ഇല വടിച്ച് കഴിച്ച് ഏമ്പക്കം വിട്ട് എണീറ്റ് കൈ കഴുകി വന്നപ്പോൾ "ഭക്ഷണം നന്നായി, നല്ല ടേസ്റ്റ്" എന്ന് ഓണറിനോട് പറഞ്ഞു. ഹോട്ടലിൻ്റെ ബോർഡിലും ഓണറുടെ ടി ഷർട്ടിലും കറികളിലും ഒക്കെ ഒരു മഞ്ഞ സാനിധ്യം ഉണ്ടെങ്കിലും നല്ല ഭക്ഷണം ആയത് കൊണ്ട് പേര് ചോദിച്ചു. രമേശ്‌, ഒറ്റപ്പാലം വെങ്ങാശ്ശേരി സ്വദേശി. 40 കൊല്ലം മുന്നേ വാൽപ്പാറയ്ക്ക് കുടിയേറിയവർ.ചുമ്മാതല്ല ഒരു നാട് ഫീൽ ഫുഡിൽ ഉണ്ടായത്!!

അവിടുന്ന് ഇറങ്ങി യാത്ര തുടർന്നു. വാൽപ്പാറ ടൌൺ കഴിഞ്ഞു കുറെ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ഹെയർ പിൻ വളവ് തിരിഞ്ഞു കയറ്റം തുടങ്ങി. അവിടെ 40/40 എന്നൊരു ബോർഡ്‌ കണ്ടു. അതായത് 40 ഹെയർ പിന്നിൽ ഞങ്ങൾക്ക് എതിരെ വരുന്ന വണ്ടികളുടെ ഒടുക്കത്തെ ഹെയർ പിൻ ആണ് ഇത്, ഞങ്ങളുടെ ആദ്യത്തേതും!!

40 അല്ലെ ദേ ധിപ്പോ തീരും എന്ന് കരുതി ഇരുന്ന ഞങ്ങൾ പിന്നെയും മണിക്കൂറുകൾ സഞ്ചരിച്ചപ്പോൾ ആണ് 1/40 എന്ന ബോർഡ്‌ കണ്ടത്. ഒന്നിനും നാൽപ്പതിനും ഇടയിൽ ഹെയർ പിന്നിനോളം പോന്ന 200 വലിയ വളവുകളെങ്കിലും ഒളിച്ചിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇടയിൽ ഏതോ ഒരു വളവിനോട് ചേർന്നാണ് വാട്ടർഫാൾസ് പോസ്റ്റ്‌ ഓഫീസ്.അതിന് മുന്നിൽ പോസ്റ്റുമാന്റെ ഗാർവോടെ ഒരു മർക്കടൻ കുത്തി ഇരുന്ന് രംഗ വീക്ഷണം നടത്തിയിരുന്നു.പോസ്റ്റ്‌ ഓഫീസിനോട് ചേർന്നുള്ള ബസ് വെയിറ്റിങ് ഷെഡിനുള്ളിൽ..... മെടഞ്ഞിട്ട മുടിയിൽ ചുകപ്പ് റിബൺ കെട്ടിയ,നീല ഹാഫ് സാരി ചുറ്റിയ,  നിഷ്കളങ്കമായ ചിരിയുള്ളൊരു ഒരു തമിഴ് പെൺകൊടി പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്നുണ്ട്.അതിനോട് 
ചേർന്നുള്ള ടി ഷോപ്പിൽ കയറി ഞങ്ങൾ ചുക്ക് കാപ്പികുടിച്ചു.
 ചുക്ക് കാപ്പി എങ്കിൽ ചുക്ക് കാപ്പി എന്ന് കരുതി അത് തട്ടി പറിക്കാൻ കടയുടെ മച്ചിന് മേലെ താഴോട്ട് നോക്കി ഇരിക്കുന്ന ഒരു കുട്ടി കുരങ്ങൻ "ഗോപി"യിൽ നിന്നും ഞങ്ങളിലെ രണ്ടാമൻ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഗോപിയുടെ ചേട്ടൻ വികൃതിരാമനായ "ബാബുമോൻ" കൂടി വന്നതോടെ ഞങ്ങൾ കാപ്പിയുമായി കടയുടെ ഉള്ളിൽ കയറി.

*******

പിന്നീടുള്ള യാത്രയിൽ അഗാതമായ കൊക്ക പോലൊരു സ്ഥലത്തിനടുത്തു വണ്ടി നിർത്തി താഴോട്ട് നോക്കിയപ്പോൾ അങ്ങകലെ വെള്ളമഷി പേനയ്ക്ക് കുത്തിയ പോലെ കുറെ രൂപങ്ങൾ. അതാണ്‌ ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് തള്ളി വിടേണ്ട ടൗൺ.

കുറച്ചുനേരം കൂടി വണ്ടി പോയപ്പോൾ ഇറക്കം തുടങ്ങി. ഇറക്കം ഇറങ്ങി കുറെകൂടി ചെന്നപ്പോൾ മുന്നിലായി ഞങ്ങളുടെ ശ്രദ്ധയിൽ നിന്നും മറന്നു തുടങ്ങിയ നാല്പത്അംഗ ഹെയർ പിൻ കുടുംബത്തിലെ 15ആമൻ. ആ ഹെയർ പിൻ വളവ് തിരിഞ്ഞ ഉടൻ ഒരു കാര്യം മനസ്സിലായി, ഞങ്ങൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു രാക്ഷസ മലയുടെ വിളുമ്പിൽ കൂടി വളഞ്ഞു ചുറ്റി സമതലം തേടി പോകുവാണെന്ന്. ഒന്ന് കാലിടറിയാൽ ആകാശത്തു നിന്നും താഴെ വീണു പൊടിയുന്ന അത്രയും വിളുമ്പിലൂടെ ഹെയർ പിന്നുകൾ ഓരോന്നായി തിരിഞ്ഞ് താഴേയ്ക്ക്.
12 എണ്ണം കൂടിയേ ബാക്കി ഉള്ളു എന്ന സൂചകവുമായി വന്ന "റാക്കറ്റ് ടെൽഡ് ദ്രോങ്കോ ഹെയർ പിൻ ബെൻഡ്" ൽ ഞങ്ങൾക്ക് വണ്ടി നിർത്താതിരിക്കാൻ പറ്റിയില്ല. വണ്ടി നിർത്തി പുറത്തിറങ്ങി നോക്കുമ്പോൾ... മുന്നിലായി അതിമനോഹരമായ ഒരു കാഴ്ച. വലിയൊരു തടാകം പോലെ.. നിറയെ വെള്ളം പരന്ന് കിടക്കുന്ന "ആളിയാർ ഡാം" അതിൻ്റെ ഒരു സൈഡിൽ ആയി ചിരട്ട കമിഴ്ത്തി ചുട്ട മണ്ണപ്പം ആരോ തട്ടി പരത്തിയ പോലെ ചില പാറ കൂട്ടങ്ങൾ.വലത് സൈഡിൽ തള്ളി നിൽക്കുന്ന ഞങ്ങൾ നിൽക്കുന്ന മലയുടെ ഭാഗം!!
ഐവ്വ!! എത്ര മനോഹരം!!
പിന്നീടുള്ള ഓരോ ഹെയർ പിൻ വളവുകളും ഞങ്ങളെ ഡാമിൻ്റെ വശ്യ സൗന്ദര്യത്തിലേയ്ക്ക് ഉന്തി ഇറക്കികൊണ്ടിരുന്നു.ഓരോ ഹെയർപിൻ വളവുകളും കണ്ണിനായി വിരുന്നൊരുക്കിയത് ആസ്വദിച്ചു ചുരമിറങ്ങി ഡാം നിരപ്പിൽ വന്നു.ജലപ്പരപ്പിൽ പാതി മുങ്ങിയ പന്തുപോലുള്ള രണ്ട് പാറകൾ ഉണ്ടായിരുന്നു.
ഇതിൽ മുന്നിലെ കറുത്ത പാറമുകളിൽ അല്പനേരം കഴിഞ്ഞപ്പോൾ ഒരു കാട്ടാന കുടുംബം വെയിൽ കായാനിറങ്ങി നടക്കുന്ന കാഴ്ച്ചയും വ്യത്യസ്തമായി.ആ വ്യത്യസ്തതയെ പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. റോഡിൻ്റെ വലതു ഭാഗത്ത് ഒരു ഫോറസ്റ്റ് ഓഫീസർ റോഡിൻ്റെ ഇടതു വശത്തുള്ള ഒരാൾ മാത്രം പൊക്കമുള്ള മൺതിട്ടയിലേയ്ക്ക് നോക്കി എന്തോ ആഗ്യം കാണിക്കുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോൾ, അസാമാന്യ വലുപ്പമുള്ളൊരു കൊമ്പൻ ചേട്ടൻ റോഡിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.അതിനെ ആണ് ഫോറസ്റ്റ് ഓഫീസർ ആംഗ്യം കാണിച്ച് ഓടിക്കാനോ മറ്റോ ശ്രമിച്ചു കൊണ്ടിരുന്നത്. ആനക്കാര്യം അങ്ങാടിപാട്ടായി പാടിയ ഉടൻ വണ്ടി 100-100 ൽ ഓടി തള്ളി.
പിന്നെ നിന്നത് "ആളിയാർ ഡാം" മുന്നിൽ ആണ്.

അവിടിറങ്ങി ഒരു കരിക്ക് കുടിച്ചു. ഒരു കരിക്കിൽ ഇത്രയും വെള്ളമോ,സ്‌നഗി വാങ്ങി കെട്ടേണ്ടി വരുമോ??? എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വലിയ കട ശ്രദ്ധയിൽ പെട്ടത്. പല നൂലിലായി പലതരം മീനുകൾ തലയോടെയും തലയില്ലാതെയും ഒക്കെ തൂങ്ങി കിടക്കുന്നു. ചിലതിൽ ഹിഡുമ്പിയെ പോലൊരുവൾ മസാല തേച്ചു പിടിപ്പിക്കുന്നു. കാട്ടാളനെ പോലൊരുവൻ, കൊതിയന്മാർ ആവശ്യപ്പെടുന്ന മീൻ പൊരിച്ചെടുത്തു ചൂടോടെ മിണുങ്ങാൻ വച്ച് നീട്ടുന്നു.അതെ പോലുള്ള വേറെയും ചില കടകൾ അടുത്തടുത്തായുണ്ട്. എല്ലായിടത്തും മീനുകൾ പല കോലത്തിൽ തൂങ്ങി ആടുന്നുണ്ട്.അതിൽ ഒന്ന് വാങ്ങി പൊരിച്ച് ഒറ്റയടിക്ക് തിന്നാൻ എന്നിലെ ആർത്തിചേട്ടൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. മറ്റുള്ള രണ്ടാൾക്കും വേണ്ട, എന്നറിഞ്ഞ ഞാൻ ആർത്തിയെ പറ്റിച്ചു ചാടി വണ്ടിയിൽ കയറി.തെങ്ങിൻ തോട്ടങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീളുന്ന പൊള്ളാച്ചി റോഡിലൂടെ,ഓടി ഇടം തിരിഞ്ഞു ഞങ്ങൾ കേരളത്തിൻ്റെ മണ്ണ് തേടി പിന്നെയും ഓടി. ഞങ്ങൾക്ക് മുന്നിലായുള്ള പശ്ചിമഘട്ട മലനിരകൾക്ക് പിന്നിലോളിക്കാൻ വെമ്പിയ സൂര്യൻ ചുവപ്പ് വാരി എറിഞ്ഞു.

തമിഴ്മണ്ണിലും, വെട്ടിമാറ്റിയ പാലക്കാടൻ മണ്ണിൻ്റെ ശേഷിപ്പുകൾ പോലെ കരിമ്പനകൾ തലയുയർത്തി നിന്ന് സൂര്യനോട് കാറ്റിൽ തലകളാട്ടി റ്റാറ്റ പറയുന്നുണ്ടായിരുന്നു.ഞങ്ങളുടെ വഴിക്കിരുവശവും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തൊപ്പിനും മാവിൻ തോട്ടത്തിനുമൊക്കെ നടുവിൽ... അങ്ങിങ്ങായി ഒരു കൊച്ചു ഗ്രാമം മങ്ങിയ ലൈറ്റുകൾ തെളിച്ചു തുടങ്ങിയിരുന്നു.

പകൽ കൊഴിയുന്ന വേളയിൽ സൂര്യനിൽ നിന്നും പിന്നെയും ചുവപ്പ് പൊടിഞ്ഞുകൊണ്ടേയിരുന്നു. ആ ചുവപ്പിന് നേരെ നീളുന്ന വിജനമായ വഴിയിലൂടെ ഗൂഗിൾ അമ്മായി ഞങ്ങളെ കേരളത്തിൻ്റെ മണ്ണിലേക്ക് നയിച്ചു.

********

ഒറ്റയ്ക്കായാലും ഫാമിലിയ്‌ക്കൊപ്പം ആയാലും, കൂട്ടുകാർക്ക് ഒപ്പം ആയാലും യാത്രകൾ എന്നും നല്ലതാണ്.ഓരോ യാത്രകളും പുതു അനുഭവങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഒരേ വൈബ് ഉള്ളവർക്കൊപ്പം ഉള്ള യാത്രകൾ ഇരട്ടിമധുരം ആണ്.മനസ്സിൻ്റെ അമൂല്യ നിധിശേഖരത്തിലേയ്ക്ക് ആത്മ 
സുഹൃത്തുക്കളോടൊപ്പമുള്ള ഈ യാത്രയും, ആ യാത്രയിൽ വരികൾകൊണ്ട് കോറിയിടാൻ പറ്റാത്ത ഒരുപിടി സൗഹൃദ നിമിഷങ്ങളും!!

അത്തരം സൗഹൃദങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് വീടിൻ്റെ പടി കടന്നപ്പോൾ... ഇതുവരെ കാണാത്ത ഒരാൾ ചിരിച്ചുകൊണ്ട് എന്നെ സ്വീകരിച്ചു.ഞാൻ പോയ തക്കത്തിന് എൻ്റെ മരുമോൻ വീട് മറിച്ച് വിറ്റ് കാശാക്കിയോ എന്ന ചിന്തയിൽ ശങ്കിച്ചു നിന്ന എൻ്റെ കൈ പിടിച്ച് കൊണ്ട് അവിടെ നിന്ന ആൾ മധുരമായി ചോദിച്ചു.
"എന്നെ മനസിലായില്ല അല്ലെ?? മേരി ആന്റി ആണ്"
"ങേ!" "ഇതെപ്പോ വന്നു..."വേറെ ആരാ കൂടേ ഉള്ളെ?"
ഒരുപാട് ചോദ്യങ്ങൾ വരിതെറ്റിച്ച്  പുറത്തു ചാടി.

**********
മൂന്നു മുതൽ പത്തുവരെ ഒന്നിച്ചു പഠിച്ച കൂട്ടുകാരിയെ തേടി തൊമ്മൻകുത്തിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്നതാണ് കക്ഷി, അമ്മയുടെ വാക്കുകളിലൂടെ ഞങ്ങൾക്കെല്ലാവർക്കും സുപരിചിതയായ.... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്!!

25 വർഷം മുന്നേ കണ്ടുമുട്ടിയവർക്കൊപ്പം നടത്തിയ യാത്രയുടെ ഉന്മാദത്തിൽ ഞാനന്നുറങ്ങി എണീറ്റ്‌ ഫ്രഷ് ആയി മേരി ആന്റിയെ അടുത്തുള്ള സ്ഥലങ്ങൾ കാണിക്കുവാൻ ഒരുങ്ങിയപ്പോൾ....
"മരിക്കും മുന്നേ ദേ... ഇവളുടെ വീട്ടിൽ ഒരിക്കൽ എങ്കിലും 
വരണമെന്നുണ്ടായിരുന്നു.... ഇവളെ കാണുവാൻ മാത്രമാണ് ഞാനീ യാത്രയ്ക്ക് തയ്യാറായത്,എൻ്റെ ഈ യാത്രയിലെ ഏറ്റവും വലിയ കാഴ്ച ഇവൾ ആണ്, ഇനി വേറെ സ്ഥലങ്ങളൊന്നും എനിക്ക് കാണണ്ട!!"
രണ്ട് ദിവസം ആയി വീടിന് വെളിയിൽ ഞാൻ നടത്തിയ യാത്രയിൽ മനം കുളിർപ്പിച്ച ഏതൊരു കാഴ്ചയേക്കാളും പത്തിരട്ടി മനോഹരമായ കാഴ്ച!!

ഫോണുകളും, സോഷ്യൽമീഡിയകളും,ഇന്റർനെറ്റും,കമ്പ്യൂട്ടറുകളും ഒന്നും പ്രചാരത്തിലില്ലാത്ത കാലത്ത്..... വൈദ്യുതിയോ യാത്രാ സൗകര്യങ്ങളോ പോലും എത്താത്ത നാട്ടിൽ തുടങ്ങിയ...നീണ്ട ആറു പതിട്ടാണ്ട്
കാലം പിന്നിട്ട സൗഹൃദത്തിൻ്റെ  സന്തോഷത്തിൽ.... അമ്മയെ അരികിൽ ചേർത്ത് പിടിച്ച് നിറമനസ്സോടെ... 
പുഞ്ചിരിച്ച് കൊണ്ട് മേരി ആന്റി പറഞ്ഞ ആ വാക്കുകളിൽ......... ആ കാഴ്ച്ചയിൽ..................ഞാൻ അലിഞ്ഞില്ലാതായി!!

************


Wednesday, 4 December 2024

വാസുമാഷും...സത്യൻമാഷും, പിന്നെ കുറേ......പിള്ളേരും!!

 ചാപ്റ്റർ 2- മൈസൂർ

                     ല രാവുകളിലും പാമ്പാടി സ്കൂളിന് മുന്നിലെ റോഡിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും രാത്രിയിൽ സ്കൂൾ മുറ്റത്ത് ആദ്യമായാണ്.

ചെല്ലുമ്പോൾ വാസുമാഷിൻ്റെ കുട്ടികളിൽ ചിലർ വലിയ ബാഗും കെട്ടിപിടിച്ചു അങ്ങിങ്ങ് കുത്തി ഇരുന്ന് ഫോണിൽ കുത്തുന്നുണ്ടായിരുന്നു."മണി 8  കഴിഞ്ഞിട്ടും മാഷിനെ കാണുന്നില്ലല്ലോ" എന്ന് ചിന്തിച്ചു തീരും മുന്നേ കാറിൽ വന്ന രണ്ടുപിള്ളേർ മാഷിനെ ഓഫീസ് പരിസരത്ത് ഡോർ തുറന്ന് തള്ളി ഉരുട്ടി ഇട്ടിട്ടു കടന്നു കളഞ്ഞു.  ഭീകരർ!!

മാഷ് വന്ന സന്തോഷത്തിൽ വീട്ടിലോട്ട് രക്ഷപെടാൻ തുടങ്ങിയ എൻ്റെ നേരെ പിടയ്ക്കുന്ന ഒരു നോട്ട് വീശിയിട്ട് മാഷ് പറഞ്ഞു: 
"വേഗം പോയി ബാഗ് എടുത്ത് ഡ്രസ്സ്‌ മാറി വരൂ.10 മണിക്ക് എങ്കിലും പോണം.പോകുന്ന വഴി ഈ കാശ് വില്വദ്രിനാഥൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തിട്ട് നമസ്ക്കരിച്ചേക്ക്.പുള്ളി വിചാരിച്ചാലെ ഈ പിള്ളേരേം കൊണ്ട് വലിയ പരിക്കില്ലാതെ തിരിച്ചു വരാൻ പറ്റൂ"

ഗ്രാൻഡ് സദ്യ ഉണ്ടെന്ന് കേട്ടാൽ പോലും അമ്പലത്തിൽ എത്താത്ത ആൾ, നേർച്ചയും കൊണ്ട് അസമയത്ത് കയറി വരും എന്ന് മുൻ‌കൂർ സൂചന കിട്ടിയത് കൊണ്ടാണോ എന്നറിയില്ല,രാമേട്ടൻ നേരത്തെ തന്നെ വാതിലടച്ചു കിടന്നിരുന്നു.

അടഞ്ഞ വാതിലിനു മുന്നിൽ നിന്ന് വാസുദൂത് മൂന്ന് വട്ടം ഉച്ചത്തിൽ വിളിച്ചോതി, "ദക്ഷിണ" പെട്ടിയിൽ ഇട്ടു നമസ്ക്കരിച്ചപേക്ഷ സമർപ്പിച്ച് വീടെത്തി, കൂടും കുടുക്കയും എടുത്ത് വീണ്ടും സ്കൂളിൽ എത്തുമ്പോൾ സമയത്തിൻ്റെ കാല് നീണ്ടു നിവർന്ന് പത്തിൻ്റെ കാല് വരെ എത്തി.

കുട്ടികൾ മഴകോള് കണ്ട തവള കുഞ്ഞുങ്ങളെ പോലെ നാലുപാടും പോക്രോം വച്ച് ചാടി നടക്കുന്നു.ചിലർ സെല്ഫി എടുത്ത് അന്യഗ്രഹങ്ങളിലേയ്ക്ക് എറിഞ്ഞു കൊടുക്കുന്നു.......,റീൽസ് എടുത്ത് സോഷ്യൽ മീഡിയകളിലേക്ക് ഉരുട്ടി വിടുന്നു.... മറ്റ് ചിലർ, പടക്കം പൊട്ടിക്കുന്നു.. റോക്കറ്റ് വിടുന്നു... പന്തം കൊളുത്തി വലിക്കുന്നു..മലപ്പുറം കത്തികൊണ്ട് എറിയുന്നു.... ബോംബിടുന്നു..അലറി വിളിക്കുന്നു...മാഷുമാർക്ക് നേരെ മിസൈലുകൾ ലോഡ് ചെയ്ത് ഉന്നം വയ്ക്കുന്നു...

ഡ്രൈവറും കിളിയും ചേർന്ന് വാസുമാഷിനേയും,ശശി സാറിനെയും,സുപ്രിത ടീച്ചറേയും,ഹണി ടീച്ചറേയും,മധു മാഷിനെയും ചെവിക്ക് തൂക്കി "കോമേഴ്‌സ്" പിള്ളേർ കയറിയ ബസ്സിനുള്ളിലേയ്ക്ക് എറിഞ്ഞു.

ഭഗവാനെ...ഇതാവസാന യാത്ര ആകുമോ?? PTA  പ്രസിഡൻറിനെ വിളിച്ച് ടൂർ കഴിഞ്ഞു വരുമ്പോളേക്ക് എനിക്കൊരു ചിത ഒരുക്കി വയ്ക്കാൻ പറയണോ?? എന്നൊക്കെ ചിന്തിച്ചു നിന്ന എന്നെ ഏതോ ദുഷ്ടൻ  ഉന്തിത്തള്ളി "സയൻസ്" കുട്ടികൾ കയറിയ ബസ്സിൽ കയറ്റി വാതിലടച്ചു പൂട്ടി താക്കോൽ വലിച്ചെറിഞ്ഞു.

ജാ........ങ്കോ.. ഞാൻ പെട്ടു!!

ആയിരം പെരുമ്പറ ഒരുമിച്ചു മുഴങ്ങും പോലെ വണ്ടിയിലെ  സ്പീക്കറുകൾ മുഴുവൻ അട്ടഹസിക്കുന്നു, ലോകത്തിലെ മുഴുവൻ കളറുകളും LED ആയി മിന്നുന്നു... ടിപ്പുവിൻ്റെ യുദ്ധമുഖത്തെന്ന പോലെ കുട്ടികൾ സ്പീക്കറുകളോട് അലറി തുള്ളി മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ, വണ്ടി ഞങ്ങളെയും കൊണ്ട് നൈസ് ആയിട്ട് ടിപ്പുവിൻ്റെ നാട്ടിലേക്ക് പാഞ്ഞു തുടങ്ങി.അപ്പോൾ സമയം നീണ്ടു ചെന്ന് പത്തിൻ്റെ മുക്കാലിൽ ചുറ്റി കയറിയിരുന്നു!!

എല്ലാം കണ്ട് വാ പൊളിഞ്ഞു പോയ ഞാൻ ചാടി തുള്ളുന്ന പിള്ളേർക്കിടയിലൂടെ പിന്നിലേക്ക് നോക്കി.വണ്ടിയിൽ എവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന "സുഷ" ടീച്ചറെയും "വിനോദ്" മാഷിനെയും കാണുന്നില്ല.പിള്ളേരെല്ലാം കൂടി അവരെ സീറ്റിനടിൽ എവിടെയോ മുക്കി 
താഴ്ത്തിയ മട്ടുണ്ട്.റബർ പാല് കുടിച്ചപോലെ തുള്ളി കളിക്കുന്ന പിള്ളേരുടെ നേരെ അല്പസമയം തുറിച്ചു നോക്കി നിന്നിട്ട് "സത്യൻ മാഷ്" ചെവിയിൽ ഒരു പഞ്ഞിയും തിരുകി, ജനലിൻ്റെ ചില്ലിൽ ഒട്ടിചേർന്ന് ഇരുന്നുറങ്ങി.ഭാഗ്യവാൻ!!

"മ്യൂസിക് ട്രീറ്റ്‌മെൻ്റ്" എന്ന് കേട്ടിട്ടുണ്ട്, "മ്യൂസിക് പണിഷ്മെൻ്റ്" ഇത്  ആദ്യമാണ്!! ഇന്നത്തെ ഉറക്കം 3ജി!! ഫോണിൽ ആണേൽ 2ജി പോലും ഇല്ല, കലികാലം തന്നെ, അല്ലാതെന്താ!! റൂട്ട്കനാൽ ചെയ്യുമ്പോൾ ട്രീറ്റ്‌മെൻ്റ് ചെയറിൽ അള്ളി പിടിച്ചിരിക്കും പോലെ എല്ലാം സഹിച്ച് സീറ്റിൽ അമർത്തി പിടിച്ചിരുന്നു.പുലർച്ചെ 2 മണി ആയപ്പോളേക്ക് പിള്ളേര് കെട്ടടങ്ങി!!സ്പീക്കറുകൾ തളർന്നുറങ്ങി.വണ്ടി നിലമ്പൂരിനോട് ബൈ ബൈ പറഞ്ഞശേഷം,"നാടുകാണി" ചുരമിറങ്ങി!!

"ഗൂഡല്ലൂർ" ചെക്ക് പോസ്റ്റ് എത്തിയപ്പോ വണ്ടികൾ മുഴുവൻ കട്ട പോസ്റ്റ്!!
ഇനി 6 മണിക്കേ പോസ്റ്റ് തുറക്കൂ.ഇനിയും 3 മണിക്കൂർ ബാക്കി.അതുവരെ പ്രകൃതിയുടെ വിളി തടഞ്ഞു വച്ചാൽ കിഡ്നി പൊട്ടിപോകും എന്നും പറഞ്ഞു പിള്ളേർ ബഹളം തുടങ്ങി.

അഞ്ച്‌ മിനിറ്റ് മുന്നേ പോലും എക്സാം ഹാളിലെ കോപ്പിയടി 
പിള്ളേരെപോലെ
പതിഞ്ഞ ശബ്ദത്തിൽ നിർത്താതെ വർത്തമാനം പറഞ്ഞ സത്യൻമാഷ് അപ്പോഴേക്കും സത്യത്തിൽ നല്ല ഉറക്കത്തിൽ എത്തിയിരുന്നു.വിനോദ് മാഷും, സുഷ ടീച്ചറും ആകട്ടെ മത്സരിച്ചുള്ള കൂർക്കം വലിയും!!കൂർക്കംവലി കേട്ട് ഇനി വല്ല കാട്ടുമൃഗങ്ങളും വരുമോ എന്തോ?

കുട്ടികൾ വൈലൻ്റായി തുടങ്ങി.പിള്ളേരുടെ "കിഡ്നിയുടെ പൈസ" ഉണർന്നിരിക്കുന്ന ഞാനൊറ്റയ്ക്ക് കൊടുക്കേണ്ടിവരും എന്ന സ്റ്റേജ് എത്തിയപ്പോൾ, കാട്ടാന ഇറങ്ങുന്ന ടൈം ആയിട്ട് കൂടി രണ്ടും കല്പ്പിച്ച് പുറത്തിറങ്ങി വണ്ടി മാർവാടി "കിഷോർ സിങ്ങി"നോട്‌ കാര്യം പറഞ്ഞു.പിള്ളേര് വണ്ടി "ചണ്ടി" ആകുമെന്നറിഞ്ഞ മൊയ്‌ലാളി റോഡിലിറങ്ങി ഏതോ അണ്ണാച്ചിയുടെ ലോഡ്ജ് ജാക്കി ലിവറിന് കുത്തി തുറപ്പിച്ച് അണ്ണാച്ചിയേം കൂട്ടി വന്നു. അണ്ണാച്ചിക്ക് പിന്നാലെ ലോഡ്ജിൽ എത്തിയ പിള്ളേര് കല പില നിർത്തി ഉദ്ധിഷ്ട സിദ്ധി കൈവരിച്ചു മടങ്ങി വണ്ടിയിലേറി ഉറക്കം തുടങ്ങി.

ഒന്നാം ക്ലാസ്സിൽ പോയ പിള്ളേരുടെ പൈസ അണ്ണാച്ചി കുത്തിനു പിടിച്ചു വാങ്ങിയ ക്ഷീണത്തോടെ തണുപ്പത്ത് മേപ്പോട്ട് നോക്കി അല്പനേരം നിന്ന എനിക്ക് വാസുമാഷൊരു ചായ വാങ്ങി തന്നു. ചായ എന്ന് പറയാൻ പറ്റില്ല, ചായ പത്രം കഴുകിയ മധുരമുള്ള ചൂട് വെള്ളം!!

ആറ് മണിക്ക് ഗേറ്റ് തുറന്നു.അത്രയും നേരം ഉറങ്ങിയ ഏതോ ഒരുവൻ മുള്ളണം എന്ന് പറഞ്ഞു അലറി കരഞ്ഞു. അവനൊരു കാലി കുപ്പി എടുത്ത് കൊടുത്തു. ആ കുപ്പിയിൽ 
അവനെന്തു ചെയ്തു എന്നറിയില്ല!!എന്തായാലും അവൻ പിന്നീട് അനങ്ങിയില്ല.

8.30 ക്ക് മൈസൂർ എത്തി.

കിഷോർ സിങ് ഏർപ്പാടാക്കിയ ലോഡ്ജിൽ കയറി ഫ്രഷ് ആയ ശേഷം നേരെ ചൊവ്വേ മൈസൂർ Zoo!!

പോകും വഴി തൊട്ടടുത്ത ഹോട്ടലിൽ നിന്നും വയറു നിറയെ പ്രാതൽ.തലേന്ന് സ്റ്റാഫ്‌ റൂമിൽ തുടങ്ങി ഈ ഹോട്ടലിൽ കയറും വരെ ഫുൾ ടൈം ഉറക്കമായിരുന്ന മധുമാഷ് പ്രാതലിലെ ഉപ്പുമാവിനെ വാനോളം പുകഴ്ത്തിക്കൊണ്ട് 5 പൂരിയും 4 ഇഡ്ഡലിയും 3 നൂലപ്പവും
2 മസാല ദോശയും കൂടാതെ രണ്ട് പായ്ക്കറ്റ് ബ്രഡും അതിനുള്ള ജാമും കൂടി കഴിച്ച ശേഷം ഓടി നടന്ന് മൂന്ന് പ്ലേറ്റ് ഉപ്പ് മാവ് കൂടി വിഴുങ്ങി.അത് കണ്ട ഹോട്ടലുകാർ അങ്ങേരെ പിടിച്ചു പുറത്തെറിഞ്ഞു.അവിടെ കിടന്നുറങ്ങും മുന്നേ ഞങ്ങൾ മധുമാഷിനെയും കൂട്ടി Zoo ന് ഉള്ളിൽ കയറി.

വലയിട്ട കൂട്ടിൽ പറന്ന് നടക്കുന്ന വിവിധതരം പക്ഷികളിൽ തുടങ്ങി കൊട്ടാരത്തിലെ പാറാവുകാരെ പോലെ പരസ്പരം അഭിമുഖമായി ഉല്ലാത്തുന്ന ജിറാഫിൽ ഒടുങ്ങുന്ന മൂന്ന് കിലോമീറ്ററോളം നടക്കേണ്ടി വന്നാലും, ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വലിയ ജീവിലോകം തന്നെ ആണ് 1982ൽ സ്ഥാപിതമായ "ശ്രീ കാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ"

അല്പനേരം കുട്ടികൾക്കൊപ്പം നടക്കാൻ ശ്രമിച്ചു.അവർക്ക് "റീൽസ്" ഉണ്ടാക്കാനും "സെൽഫി" എടുക്കാനും മാത്രമല്ലാതെ ഇതിലൊന്നിലും താല്പര്യമില്ല എന്ന് തോന്നിയപ്പോൾ മുതൽ ഗാർഡൻ്റെ ഭംഗി ആസ്വദിക്കാൻ സത്യൻ മാഷും,വിനോദ് മാഷും,ശശി സാറും, മധു മാഷും,സുഷ ടീച്ചറും,ഹണി ടീച്ചറും,സുപ്രിത ടീച്ചറും എല്ലാം ചേർന്ന കൂട്ടത്തിൽ "കൂട്ടം തെറ്റും വരെ" ഞാനും ചേർന്നു!!

24 ന്യൂസ്‌ ചാനലിനെ പോലും തോല്പിക്കുന്ന വേഗത്തിൽ  യാത്രയുടെ അവസാനം വരെയും ലൈവ് സ്റ്റാറ്റസ് ഇട്ടുകൊണ്ടിരുന്ന വിനോദ് മാഷ് അത്ഭുതമായി.

കൊളസ്‌ട്രോൾ കുറയ്ക്കാൻ പ്രഭാത സഫാരിക്ക് ഇറങ്ങിയ പുള്ളിപുലികളും... "ബംഗാളികളെ പോലെ പണിക്ക് പോകാൻ മനസ്സില്ല" എന്ന് പറഞ്ഞു മേശമേൽ കിടന്നുറങ്ങുന്ന ബംഗാൾ കടുവയും...ഗതികേട്ടാൽ പുല്ലും തിന്നുമെന്ന് പറഞ്ഞ ചില സിംഹിണികളും കാട്ടിലെ രാജാവെങ്കിലും ഇനിയും കുട്ടിക്കളി മാറാതെ ഇല്ലിക്കൊമ്പിൽ തൂങ്ങിയാടുന്ന ലോർഡ് "സിംഹ പ്രഭുവും", മഡഗാസ്ക്കറിലെ "കിങ് ജൂലിയനായ" വളയവാലൻ ലീമറും.. സിംഹവാലൻ കുരങ്ങും ഗൊറില്ലയും തൊലിക്കട്ടി വീരൻ മിസ്റ്റർ റൈനോയും....

അങ്ങിനെ പലവിധ ജീവികൾക്കിടയിൽ ഇത്രയും വർഷങ്ങൾ ചില്ലു കൂട്ടിൽ കിടന്നതിൻ്റെ യാതൊരു മടുപ്പും ഇല്ലാതെ... തങ്ങളുടെ സന്ദർശകരെ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് കൗതുകത്തോടെ നോക്കിനിൽക്കുന്ന ചില "മീർക്കാറ്റു" കളെ കണ്ടപ്പോൾ ശശി സാറിൻ്റെ ശകാരം കേട്ട് നിൽക്കുന്ന കുട്ടികളെപോലെ തോന്നി!!

"അനാകോണ്ട"യ്ക്ക് 
"അനക്കം ഉണ്ടോ" എന്ന് മണിക്കൂറുകൾ നോക്കി നിന്നാൽ പോലും ഉറപ്പിച്ചിട്ടേ ബാക്കി കാര്യം ഉള്ളു എന്ന് തീരുമാനിച്ച്,കൂടിൻ്റെ മുന്നിൽ "അനാക്കൊണ്ട"യെ തുറിച്ചു നോക്കി കൊണ്ടിരിക്കുമ്പോൾ "ഞങ്ങൾ വെളിയിലെത്തി, ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ പോകാം, നിങ്ങൾ എവിടെ?" എന്നും പറഞ്ഞ് വാസുമാഷിൻ്റെ വിളി വന്നു.
ഫുഡ്‌ എന്ന് കേട്ടതും ഞങ്ങൾ  ഒറ്റച്ചാട്ടത്തിന് വെളിയിൽ എത്തി!!


പ്രാതൽ കഴിച്ച അതെ ഹോട്ടലിലേക്ക് തന്നെ വലിയ പ്രതീക്ഷയോടെ ഞങ്ങൾ എത്തി.വളരെ "മികച്ച" കറികളും ഭക്ഷണവും ആയത് കൊണ്ട് കിട്ടിയതിൽ പകുതിയും പാത്രത്തിനു തന്നെ സമർപ്പിച്ച ശേഷം കൈകഴുകി പുറത്ത് കടന്ന് ബസ്സിൽ കയറി അവിടുന്ന് രക്ഷപ്പെട്ട് നേരെ മൈസൂർ പാലസ്സിൽ എത്തി.

"സിറ്റി ഓഫ് പാലസസ്സ്" എന്നറിയപ്പെടുന്ന മൈസൂരിലെ- മൈസൂർ പാലസ്, ജഗൻമോഹൻ പാലസ്സ്, ലളിത മഹൽ പാലസ്സ്, ജയലക്ഷ്മി വിലാസ്, ചെലുവമ്പ മാൻഷൻ, ചിത്തരഞ്ചൻ പാലസ്സ്, രാജേന്ദ്ര വിലാസ് എന്നിങ്ങനെ ഉള്ള 7 പാലസ്സുകളിൽ ഏറ്റവും വലുതും പ്രശസ്തവും ആയത് "അംബ വിലാസ്സ്" എന്ന് കൂടി അറിയപ്പെടുന്ന "മൈസൂർ പാലസ്സ്" തന്നെ ആണ്.

വർണിക്കാൻ പറ്റാത്ത വിധം മനോഹരമായ കൊട്ടാരം. അത്ഭുതം തോന്നുന്ന ഡിസൈനുകൾ.ഇത്രയും വലിയ കൊട്ടാരം മുഴുവൻ നടന്നെത്തിയ ശേഷം നാടുഭരിക്കാൻ രാജാവിന് സമയം കിട്ടിയിരുന്നത് എങ്ങിനെ ആണോ എന്തോ?? ഒരു മുറിയിൽ രാജാക്കന്മാരുടെ എണ്ണഛായ ചിത്രങ്ങൾ വച്ചിരിക്കുന്നതിൽ രാജ വേഷം കണ്ടപ്പോൾ ആണ് ഒരുകാര്യം മനസ്സിലായത്, ഇവരുടെ ഡ്രസ്സ് കോഡ് അടിച്ചുമാറ്റി അതിൽ  വെള്ള പൂശി, തലപ്പാവിൽ പേപ്പർ വിശറി കൂടി വച്ചതാണ് ഇന്ത്യൻ കോഫീ ഹൗസിലുള്ളത്.

"രാജാ...വേ......... ഒരു ചാ..യ!!"

കൊട്ടാരഭംഗി കണ്ടിറങ്ങി ബസ്സിൽ എത്തിയപ്പോൾ അതിനടുത്ത് ദേ..ചായ വിൽപ്പന.

"മൂക്കിപൊടി ഡപ്പ"യുടെ അടപ്പിൻ്റെ വലുപ്പമുള്ള പേപ്പർ കപ്പിൽ കിട്ടിയ ചായ വായിലൊഴിക്കണോ അതോ മൂക്കിൽ ഇറ്റിക്കണോ എന്നറിയാതെ അരനിമിഷം ഒന്ന് ചിന്തിച്ച്  നിന്നപ്പോളേക്ക് ചായ ആവിയായി പോയി!!

ആ വിഷമത്തിൽ വണ്ടിയിൽ കയറി ഒരു മയക്കം. ഉണർന്നപ്പോൾ "ബൃന്ദാവൻ ഗാർഡൻ" എത്താറായി. സമയം 4.45 pm. 
കാവേരി നദിക്ക് കുറുകെ അന്നത്തെ രാജാവായിരുന്ന കൃഷ്ണ രാജ വാടിയാർ നാലാമൻ പണിത "കൃഷ്ണ രാജ സാഗർ" അണക്കെട്ട്, ഇര വിഴുങ്ങി കിടക്കുന്ന ഒരു ഭീകര സർപ്പത്തെ പോലെ എവിടുന്നോ തുടങ്ങി എവിടെയോ അവസാനിക്കും വിധം ഒരു സൈഡിൽ നീണ്ട് നിവർന്നു കിടക്കുന്നു.ആ പാമ്പിന്റെ വയറിനടിൽ നിന്നും തുടങ്ങി 60 ഏക്കറിൽ പരന്നു കിടക്കുന്ന മനോഹരമായ ഒരുദ്യാനം, അതാണ്‌ "ബൃന്ദാവൻ ഗാർഡൻ"

വണ്ടിയിൽ നിന്നും ഇറങ്ങും മുന്നേ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സത്യൻമാഷ് മൈക്കെടുത്ത് തട്ടിവിട്ടു.മാഷ് തട്ടിയ നിർദ്ദേശങ്ങളിൽ പ്രധാനമായ "കൂട്ടം തെറ്റരുത്, കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങി കഴിക്കരുത്" എന്നത് പിള്ളേർ ബസ്സ്‌ ഇറങ്ങിയ ഉടൻ തന്നെ തട്ടിമാറ്റി.തൃശൂർ പൂരത്തിൻ്റെ തിരക്ക് ഉണ്ടാകും അതിനിടയിൽ നിന്നും പാമ്പാടി സ്കൂളിലെ കുട്ടികളെ തിരിച്ചറിയാൻ എളുപ്പത്തിന് വേണ്ടി എല്ലാവരോടും യൂണിഫോം നിർബന്ധമായും ഇടാൻ പറഞ്ഞിരുന്നത് കുട്ടികൾ രാവിലെ തന്നെ തെറ്റിച്ചത് കൊണ്ട്... കൂട്ടംതെറ്റിയ രണ്ട് കുട്ടികളെ തപ്പി അദ്ധ്യാപകർ വലഞ്ഞു.ആ വലയലിനിടയിൽ ഞങ്ങളുടെ ഗാർഡൻ കാണൽ ഒരു മരച്ചുവട്ടിൽ ഒതുങ്ങി. അതിനിടയിൽ "ലൈറ്റ് ഷോ"യ്ക്കുള്ള സമയം പാലത്തിലൂടെ ഷൊ വേദിയ്ക്കരുകിലേയ്ക്ക് നടന്നടുത്തു. പിന്നാലെ ഞങ്ങളും.ഏതൊ രണ്ട് കന്നഡ പാട്ടുകൾ, അവിടുത്തെ വാർദ്ധക്യപെൻഷൻ വാങ്ങി ജീവിച്ചു പോരുന്ന സീനിയർ സിറ്റിസൻ സ്പീക്കറുകൾ ചുമച്ചുകൊണ്ട് പാടി ഒപ്പിച്ചു.പല കളർ വെളിച്ചത്തിൽ മുങ്ങി നനഞ്ഞ വെള്ളം ഞങ്ങൾക്കായി പാട്ടിനൊപ്പം നൃത്തമൊരുക്കി. ഒടുവിൽ "ജയ്ഹോ" പാടി പാട്ടു പെട്ടി കിതച്ചു ഞരങ്ങി നിന്നപ്പോൾ ജലനൃത്തം തൽക്കാലം ഒന്ന് കൊടിയിറങ്ങി.

"ശെടാ... കഷ്ടപ്പെട്ട് വന്നിട്ട് മരിയാധയ്ക്ക് ഒന്ന് കണ്ടില്ലല്ലോ!!"

എന്നാ പിന്നെ ഒന്നൂടെ കാണാം എന്ന് കരുതി ഒരുവട്ടം കൂടി നൃത്തതിന് വേണ്ടി വെറ്റിംഗ്.അങ്ങനെ രണ്ടാമൂഴവും നൃത്തം കഴിഞ്ഞു. ഇനി 15 മിനിറ്റ് ഇടവേള.

പാമ്പാടി പിള്ളേരിൽ ചിലർ വാട്ടർ ഡാൻസും,പാട്ടും,കൂവലുമായി ഗ്യാലറിയിൽ തന്നെ കൂടാൻ ഉള്ള പരുപാടി ആണോന്ന് സംശയം തോന്നിയ ഉടൻ എല്ലാത്തിനെയും ചിരട്ടയ്‌ക്കെറിഞ്ഞു വണ്ടിയിലേയ്ക്ക് ഓടിച്ചു വിട്ടു.കൂടേ ഞങ്ങളും.

പോരും വഴി കിഷോർ സിങ് കാണിച്ച ഹോട്ടലിൽ ബോഫെ ഡിന്നർ.
ഇറച്ചിയും കൂട്ടി കുതിർത്തു കഴിക്കുവാൻ അഞ്ചാമതും പൊറോട്ടയ്ക്ക്  ഗ്രേവി ചോദിച്ചുചെന്ന പിള്ളേരിൽ ഏതോ ഒരുത്തനെ അവർ കണ്ണിൽ നോക്കി കന്നടയിൽ ചീത്ത  പറഞ്ഞോടിച്ചു വണ്ടിയിൽ കയറ്റി.അവൻ്റെ പിന്നാലെ ഏതോ സ്കൂളിലെ എങ്ങോട്ടോ പോകേണ്ട ഏതൊക്കെയോ പിള്ളേരും വണ്ടി മാറി കയറി.
"ഇവിടുള്ളത്ങ്ങളുടെ ശല്യം തന്നെ സഹിക്കാൻ പറ്റാത്തപ്പോൾ ആണ് പുറമെ നിന്നുള്ള കൊട്ടേഷൻ, ഓടടാ മാക്രികളേ...." വണ്ടിയിലെ കിളി വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളി!!

ഡിന്നറിലെ പൊറോട്ട തൊണ്ടയിൽ കുടുങ്ങി ചാവാൻ തുടങ്ങിയപ്പോ തീറ്റ നിർത്തി ഞങ്ങളിറങ്ങി.തൊണ്ടയിൽ കുടുങ്ങിയ പൊറോട്ടയെ ഫ്ലഷടിച്ചു ആമാശയത്തിലേയ്ക്ക് നയിക്കാൻ അവർ "ലെമൺ ടി" എന്നപേരിൽ എന്തോ ഒന്ന് തന്നു.കുമ്പ നിറയ്‌ക്കാനുള്ളതാണേൽ, കണ്ണും പൂട്ടി തട്ടി ശീലമുള്ള ഞാനതും വിഴുങ്ങിയിട്ട് വണ്ടിയിൽ കയറി.
റൂമിൽ എത്തി അല്പം കഴിഞ്ഞ ഉടൻ കുളികഴിഞ്ഞു പൗഡർ ഇട്ടു സുന്ദരന്മാരായി ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പിള്ളേര് ഉറങ്ങാൻ പരുപാടി ഇല്ല എന്ന് തോന്നുന്നു. ലോഡ്ജ്കാരുടെ തല്ലു കിട്ടുന്നതിനു മുന്നേ എല്ലാത്തിനെയും പിടിച്ചു ചുറ്റികയ്ക്ക് അടിച്ചു ബോധം കെടുത്തി ഉറക്കി.പിന്നാലെ ഞങ്ങളും ഉറങ്ങി!!


 ******************************

രാവിലെ 6.30 ന് ചാമുണ്ഡിഹിൽസ്സിൽ പോകാൻ പ്ലാൻ ചെയ്തത് കാരണം 7.30ന് തന്നെ റൂം പൂട്ടി താക്കോൽ കൊടുത്തു.വണ്ടികൾ രണ്ടും തണുപ്പിൻ്റെ ആലസ്യത്തിൽ, ഉറക്കം തൂങ്ങിയ കണ്ണുകളോടെ ചാമുണ്ഡി കുന്ന് കയറി. പാർക്കിങ്ങിൽ എത്തിയ ഉടൻതന്നെ ഞങ്ങളെ ചവുട്ടി പുറത്താക്കിയ ശേഷം "ഒറ്റ ഒരുത്തനും ഒരു മണിക്കൂർ നേരത്തേക്ക് എന്നെ ഉണർത്തരുത്"
എന്ന് പറഞ്ഞുകൊണ്ട് വണ്ടികൾ വീണ്ടും ഉറക്കം തുടങ്ങി.


പോകും വഴി ഇടം കയ്യിൽ പാമ്പും വലം കയ്യിൽ വാളും ആയി നിൽക്കുന്ന ഒരു കൊമ്പൻമീശക്കാരൻ്റെ പ്രതിമ: മഹിഷാസുരൻ!! ഈ പുള്ളിക്കാരൻ്റെ നാട് എന്നർത്ഥം വരുന്ന "മഹിഷ് ഊര്" എന്ന "മഹിഷൂർ" ആണ് പിന്നീട് "മൈസൂര്" ആയി മാറിയത്. ചാമുണ്ഡേശ്വരി ഓടിച്ചിട്ട് തല്ലി കൂമ്പ് വാട്ടിയ ശേഷം ഒടുവിൽ  നൈസ്സായി തല വെട്ടി തട്ടികളഞ്ഞെങ്കിലും ഓൾഡ് രാജൻ്റെ പ്രതിമയ്ക്ക് മുന്നിൽ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ ഇന്നും നല്ല തിരക്കാണ്. പാമ്പാടി സ്കൂളും ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ നിന്ന്, ഫോട്ടോ ഗ്രാഫർ ആയി വന്ന അണ്ണനെ വെറുപ്പിച്ച് അങ്ങേരെ കൊണ്ട് വരെ ചീത്ത വിളിപ്പിച്ചു
.


ചാമുണ്ഡി ക്ഷേത്രത്തിനു പരിസരത്ത് വച്ച് പിള്ളേരും ടീച്ചേഴ്സും ഓടിനടന്നു  ഷൂട്ട് നടത്തി.അമ്പല പരിസരത്തും മഹിഷാസുര സമീപത്തും ഫോട്ടൊകൾ ചാകര പോലെ, കൂട്ടമായി ഒഴുകി.

ചാമുണ്ഡിക്ഷേത്രത്തിന് ചുറ്റും നടന്ന് ഫോട്ടോസ് എടുത്ത ശേഷം അവിടുന്ന് "സെൻ്റ് ഫിലോമിന" ചർച്ചിലേയ്ക്ക് പോകും വഴി പ്രാതലിനെന്നും പറഞ്ഞ് വണ്ടി ഏതോ ഹോട്ടലിനടുത്ത് നിന്നു. നോക്കിയപ്പോൾ 
കഴിഞ്ഞ ദിവസത്തെ അതേ ഹോട്ടൽ. ഭൂമി ഉരുണ്ടതാണെന്ന് വീണ്ടും തെളിഞ്ഞു!!കിട്ടിയത് വിഴുങ്ങിക്കൊണ്ട്  ചർച്ചിലേയ്ക്ക് വച്ച് പിടിച്ചു.അവിടുന്ന് കുട്ടികളുടെ റീൽസ് പിടുത്തവും ഫോട്ടോ പിടുത്തവും കഴിഞ്ഞു നേരെ ബസുകളിലേക്ക്.

അടുത്ത ബസ്സിൽ പാട്ടിനോത്ത താളത്തിൽ സുഖമായി "കൂർക്കം" വലിച്ചുറങ്ങി പോന്നിരുന്ന "ഹണി" ടീച്ചറെ സബ് ജില്ലാ കൂർക്കംവലി മത്സരത്തിനായി "സുഷ" ടീച്ചറുടെ തൊട്ടടുത്ത സീറ്റിലേയ്ക്ക് ചെസ്റ്റ് നമ്പറും കൊടുത്ത് പണിഷ്മെൻ്റ് ട്രാൻസ്ഫർ ചെയ്തു.പിള്ളേരെ ഒതുക്കുന്നതിന് വേണ്ടി,"വാസുമാഷിന്‌ കൈക്കൂലി കൊടുത്ത് അടുത്ത വണ്ടിയിൽ നിന്നും ഗുണ്ടയെ ഇറക്കിയതാണ്" എന്നും ചില പിള്ളേര് മനസ്സിൽ "ഉറക്കെ" പറയാതിരുന്നില്ല.

അതിനിടയിൽ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇടയിൽ ഒരു സേഫ്റ്റി വാൾ ആയി അദ്ധ്യാപകരുടെ സീറ്റ്,"റീ അറേഞ്ച്" ചെയ്യുകയും ചെയ്തു.അപ്പോളേക്കും ബസ്സുകൾ കൂർഗ് ലക്ഷ്യമാക്കി ഉരുണ്ടു തുടങ്ങി.പാട്ടിനോത്ത് ചില പെൺകുട്ടികൾ പുളിയുറമ്പ് കടിച്ച പോലെ കിടന്ന് തുള്ളുന്നുണ്ടാരുന്നു.
"സ്പീക്കർ നന്നായി പാടുന്നുണ്ടല്ലോ, പിന്നെന്തിനാ കൂടേ അലറുന്നേ??" വിനോദ് മാഷ് സഹികെട്ട് ചോദിച്ച ആ ഒറ്റ ചോദ്യത്തിൽ ചിരട്ട ഉരയ്ക്കും പോലെ 
സ്പീക്കരിന് ഒപ്പം 
പാടിയിരുന്ന പിള്ളേര് അതോടെ പാട്ട് നിർത്തി.

"കൂടേ തുള്ള്..."എന്ന പാട്ട് കേട്ട് അനുസരണയോടെ ചാടി എണീറ്റ സത്യൻമാഷിനെ അടുത്തിരുന്ന വിനോദ് മാഷ് സീറ്റിൽ പിടിച്ചിരുത്തി താരാട്ട് പാടി തട്ടി ഉറക്കി."പെരിയ പട്ടണം" വഴി "ബൈലകുപ്പ"യിലെത്തി റോഡ് സൈഡിൽ തന്നെ ഉള്ള "കൂർഗ് ഗേറ്റ്" റെസ്റ്റോറൻ്റിൽ ആയിരുന്നു ഉച്ച ഭക്ഷണം.നല്ല ഭക്ഷണം കഴിച്ച തൃപ്തിയോടെ കുശാൽനഗറിലെ "ഗോൾഡൻ ടെംപിളി"ലേക്ക്.

ഈ ടിബറ്റൻ മോണാസ്ട്രിയോട് ചേർന്ന് 600 ൽ അധികം സന്യാസിമാരും പതിനാറായിരത്തോളം അഭയാർത്ഥികളും ജീവിക്കുന്നുണ്ട്. ശ്രീബുദ്ധൻ്റെ ഇരു സൈഡിലും ആയി "ബുദ്ധ ഓഫ് എറ്റേണൽ ലൈഫ്" എന്നറിയപ്പെടുന്ന ലോർഡ് അമത്യുസ്സും"ഗുരു റിംമ്പോച്ചെ" എന്നറിയപ്പെടുന്ന ലോർഡ് പത്മസംഭവയും,ഇരിക്കുന്ന രീതിയിൽ... ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഗോൾഡൻ പ്രതിമകൾ ആണ് മോണാസ്ട്രിയിലെ പ്രത്യേക.



തവളയെ പിടിച്ച് എണ്ണം വച്ച പോലെ പല വഴി ചിതറി ചാടി നടന്നിരുന്ന കുട്ടികൾ, ആരും പറയാതെ തന്നെ സൈലന്റ് ആയി മോണാസ്ട്രിയിൽ ഏറെ സമയം ഇരുന്നത് അദ്ധ്യാപകരിൽ പലരും അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കണ്ടു.അവിടെ നിന്നും തിരികെ പോരും വഴി "ബൈചനഹള്ളി"യിലെ "ബാംബു ഫോറസ്റ്റിലും" അതിന് മുൻപിലെ ഷോപ്പിംഗ് ഏരിയകളിലുമായി ഏതാനും മണിക്കൂറുകൾ!!

ഷോപ്പിംഗ് കടകൾ പോക്കറ്റ് കാലിയാക്കുകയും ബാഗ് നിറയ്ക്കുകയും ചെയ്തു എങ്കിൽ,ബാംബു ഫോറസ്റ്റ് ടെൻഷൻ കാലിയാക്കുകയും മനസ്സ് നിറയ്ക്കുകയും ചെയ്തു.

തലക്കാവേരിയ്ക്ക് മുകളിലെ ആടികളിക്കുന്ന തൂക്കു പാലത്തിൽ കൂടിയുള്ള നടത്തം ബാലൻസ് കിട്ടാതെ വീഴാൻ പോകുന്ന കുടിയന്മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാൻ സഹായിച്ചു.പാലത്തിൽ നിന്നും ഇറങ്ങിയ ശേഷവും അല്പം ദൂരം കാലുകൾ കുടിയൻമാരുടെ നടത്തം തുടർന്നു.ട്രൈബൈൽ ലൈഫ്, പരമ്പരാഗത കലാരൂപങ്ങൾ ഒക്കെ കാണിക്കുന്ന പ്രതിമകളും,ഏറുമാടങ്ങളും, നടപ്പാതയും ഒക്കെ പ്രകൃതിയോട് ഇണങ്ങും പോലെ ശുദ്ധതയോടെ നിർമിച്ചു വച്ചതിന് ചുറ്റിനും മുളംകാടുകളും അവയിൽ പക്ഷികളും, ഒരു മാൻ കൊട്ടകയും...... എല്ലാത്തിനും സംരക്ഷണമെന്ന പോലെ ചുറ്റി ഒഴുകുന്ന തലക്കാവേരിയും.. ആഹാ,വൈബ്!!

തിരികെ പോരും വഴി, വിളവെടുപ്പ് കഴിഞ്ഞ ഏതോ കരിമ്പിൻ പാടങ്ങളുടെയും നെൽ പാടങ്ങളുടെയും നടുവിലൂടെയുള്ള മണ്ണിട്ട റോഡിലൂടെ കുലുങ്ങി തിരിഞ്ഞ് ബസ്സുകൾ ചെന്ന് നിന്നത്, നമ്മുടെ നാട്ടിലെ കോഴി ഫാമുകൾക്ക് വേണ്ടി പണിത പോലുള്ള തകര ഷീറ്റുകൾ കൊണ്ട് നിർമിച്ച നീണ്ട ഒരു ഷെഡ്‌ഡിന് മുന്നിൽ ആണ്. ഇരുട്ട് കലക്കി ഒഴിച്ച ഒരു വലിയ ഹാളിനെ അരയ്‌ക്കൊപ്പം പൊക്കമുള്ള വലകൾ കമ്പിയിൽ കോർത്ത് ഓരോരൊ ''ക്യുബിക്കിൾസ്" ആയി തിരിച്ചിരിക്കുന്നു. ആർക്കെങ്കിലും കണ്ണ് കാണുന്നുണ്ടെങ്കിൽ അവൻ "ശ്വാസം മുട്ടി മരിച്ചോട്ടെ" എന്ന് കരുതി മനംപുരട്ടൽ ഉണ്ടാക്കാൻ പറ്റുന്ന സ്മെല്ലോട് കൂടിയ സ്മോക്ക് ഇടയ്ക്കിടെ ഹാളിൽ നിറയുന്നുണ്ട്.മുകളിൽ നിരത്തി വച്ചിരിക്കുന്ന ഡിസ്‌കോ ലൈറ്റുകൾ, ചെറിയൊരു സ്റ്റേജിന് മുകളിൽ നിൽക്കുന്ന 3-4 ആളുകൾ അവർക്ക് മുന്നിലായി തിരിയുന്ന ലേസർ ലൈറ്റുകൾ,ഒരു ലോഡ് സബ് വൂഫറുകൾ, അതിലൂടെ പുറത്ത് വരുന്ന ഡാൻസ് കളിക്കാൻ പ്രേരിപ്പിക്കുന്ന വിവിധ ഭാഷാ പാട്ടുകൾ..... ഇതൊക്കെ ആണ് അവിടെ പെറുക്കി കൂട്ടി ഒരുക്കി വച്ചിട്ടുള്ളത്.എല്ലാം കൂടി ഒരു മണിക്കൂർ ഉഷാർ!!

"പിള്ളേരെ പരമാവധി ഡാൻസ് കളിപ്പിച്ചു ക്ഷീണിപ്പിച്ചാൽ പെട്ടെന്ന് കിടന്നുറങ്ങിക്കോളും" എന്ന ഐഡിയ നടപ്പിലാക്കാൻ പിള്ളേരുടെ കൂടേ DJ തുള്ളി തളർന്ന ശശിമാഷിനെയും,മധുമാഷിനെയും,സത്യൻ മാഷിനെയും അർബാനയിൽ കോരിഎടുത്ത്  ആരോ ബസ്സിൽ കൊണ്ടുവന്ന് തട്ടി.

ഡാൻസ് കളിച്ചു ക്ഷീണിച്ചു എന്ന് കരുതിയ പിള്ളേര് DJയിൽ നിന്ന് പുറത്തിറങ്ങി അവിടെ നിർത്തിയിട്ടിരുന്ന എല്ലാ ബസ്സിൻ്റെയും പാട്ടിനൊത്ത് പിന്നെയും തുള്ളി!!

സ്കൂളുകളിൽ ബോർഡിന് പകരം സ്പീക്കറുകളും, ചോക്കിന് പകരം ഡിസ്‌കോ ലേസർ ലാമ്പുകളും, ക്ലാസ്സ്‌ മുറിക്ക് പകരം ഡാൻസ് മുറികളും ഒരുക്കി...പഠിക്കാനുള്ള സിലബസ്സ് റാപ്പ് മിക്സ് ചെയ്ത്, അല്പം മെലഡിയും ചേർത്ത് ഹിറ്റ് പാട്ടുകളായി ഇറക്കി, പിള്ളേർക്ക് അവർക്ക് ഇഷ്ടമുള്ള ഡാൻസുകൾ കളിക്കാൻ അവസരം ഒരുക്കിയിരുന്നേൽ നമ്മുടെ പിള്ളേര് എക്സാമുകൾ പണ്ടേ പൊരിച്ചേനെ!! കേരളത്തിലെ വിദ്യാഭ്യാസരീതികൾ കാലാനുസൃതമായി പൊളിച്ചെഴുതാൻ ഇവിടൊരു "സംഗീത പ്രേമിയായ ഡാൻസർ" മന്ത്രിയായി വരേണ്ടി വരും എന്ന് തോന്നുന്നു.കലികാലമല്ലേ മൂക്കിൽ പഞ്ഞി കയറും മുന്നേ അതും കാണേണ്ടി വന്നെങ്കിലോ??

എല്ലാം കഴിഞ്ഞു ഒടുവിൽ ലഞ്ച് കഴിച്ച അതെ "കൂർഗ് ഗേറ്റ്" ഹോട്ടലിൽ എത്തി.അത്താഴ ശേഷം ബസ്സിൽ കയറും മുന്നേ...ഹോട്ടലിനു മുന്നിലെ പാർക്കിങ് ഏരിയയ്ക്ക് സൈഡിൽ ആയി ലൈറ്റിൽ തെളിഞ്ഞു നിന്നിരുന്ന ബോർഡ്‌ ഉള്ളിൽ തട്ടി ഞാനൊരിക്കൽ കൂടി വായിച്ചു....ഒരുപാട് സ്നേഹത്തോടെ ഞാനാ വാക്കുകൾ മനസ്സിൽ പറഞ്ഞു...

ഐ ലൗ കൂർഗ്!!

എങ്ങിനെ സ്നേഹിക്കാതിരിക്കും,  ഈ ഭൂമിയിലെ ആദ്യ ശ്വാസം എനിക്ക് നൽകിയത് ഈ കൂർഗ് ആണ്,"മക്കൾ രണ്ടും മാതൃഭാഷ പഠിക്കട്ടെ" എന്ന ചിന്തയോടെ അച്ഛനമ്മമാർ നാട്ടിലേക്ക് പോരും വരെയുള്ള 5 കൊല്ലം ഞാൻ വളർന്ന നാട്!!

8.15 pm. ബസ്സുകൾ രണ്ടും മടക്കയാത്ര തുടങ്ങി. പിള്ളേര് അപ്പോഴും ഫുൾ എനർജിയിൽ പാട്ടിനോത്ത് ഡാൻസ് ആണ്.അല്പനേരം കൂടി അതെ എനർജിയിൽ മുന്നോട്ട് പോയി.കുറച്ച് കഴിഞ്ഞപ്പോൾ,പാട്ടിൻ്റെ വോളിയം അവർ തന്നെ കുറച്ചശേഷം ഓരോരുത്തർ ആയി സീറ്റിലേയ്ക്ക് മടങ്ങി തുടങ്ങി.രണ്ട് ദിവസത്തെ യാത്രയും DJയും, തണുപ്പും എല്ലാം കൂടി പിള്ളേരെ ക്ഷീണിപ്പിച്ചു എന്നുറപ്പ്.കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ചെക്ക് പോസ്റ്റ്. അതോടെ പാട്ട് നിന്നു.ചെക്ക് പോസ്റ്റ് കടന്ന് വണ്ടി കാട്ടിലേയ്ക്ക് കടന്ന ഉടൻ ഉള്ളിലെ ലൈറ്റുകൾ കൂടി ഓഫ്‌ ആക്കി.തൊണ്ട പൊട്ടുമാറ് അലറി മടുത്ത സ്പീക്കറിലൂടെ പതിഞ്ഞ ശബ്‍ദത്തിൽ മെലഡികൾ ഒഴുകി തുടങ്ങി... 

"ഈ... കാ.....റ്റ് വന്ന് കാ......തിൽ പറഞ്ഞു................"

പാതി തുറന്ന ജനൽ പാളികളിലൂടെ നനുത്ത കാറ്റ് മുടിയിഴകളെ തലോടി ശരീരമാകെ തണുപ്പിച്ചു തുടങ്ങിയപ്പോൾ ബസ്സിൻ്റെ ഉള്ള് പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.ബസ്സിൻ്റെ പുറംബോഡിയിൽ ഉടനീളം പിടിപ്പിച്ച വെള്ള ലൈറ്റിലേക്ക് എത്തി നോക്കി റോഡരികിൽ നിന്ന പേരറിയാത്ത മരങ്ങൾക്ക് പിന്നിലെ ഇരുട്ടിലൊളിച്ച, വലിയൊരു കാടും അതിലെ കാട്ടുമൃഗങ്ങളെയും ബസ്സിൻ്റെ കൊച്ചു വെളിച്ചത്തിൽ തിരഞ്ഞു കൊണ്ട് പുറത്തേയ്ക്ക് നോക്കി ഞാനിരുന്നു.വിശപ്പിൻ്റെ വിളി സഹിക്കാൻ വയ്യാതെ ഡിന്നറിന് ഇറങ്ങിയ ഒരു ആനചേട്ടന് റോഡ് കടന്ന് കാടേറുവാൻ വേണ്ടി ബസ്സ് കുറച്ചു നേരം കാട്ടിൽ നിർത്തി.ബസ്സ്‌ കടന്നു പോകുന്ന വഴിയരികിൽ തന്നെ, കരിവീരൻ ഏതോ ചില്ലകൾ ഒടിച്ചുകൊണ്ട് നിൽക്കുന്ന രാത്രീ കാഴ്ചയും വ്യത്യസ്തമായി!!

രാത്രി യാത്രയുടെ ഏറ്റവും ഭംഗിനിറഞ്ഞ നിലാവുള്ള രാത്രിയും കുളിർമയുള്ള കാറ്റും നിഴൽ പൊതിഞ്ഞ മനോഹര കാഴ്ചകളും അല്പം നാളുകളായി കിട്ടിയിരുന്നില്ല.നിലാവില്ല എങ്കിലും ബസ്സിൻ്റെ സൈഡ് ലൈറ്റ് വെളിച്ചത്തിൽ,എൻ്റെ കാഴ്ചയിലേക്ക് ഒരുനോക്ക് എത്തിനോക്കി ഇരുട്ടിൻ്റെ മറവിൽ പിന്നിലേക്ക് ഓടിമറയുന്ന കാട് പ്രത്യേക അനുഭൂതി പകർന്നുകൊണ്ടേയിരുന്നു. കർണ്ണാടകയിലെ "കുപ്പം" കഴിഞ്ഞു പിന്നെയും സമയമെടുത്ത് വയനാടൻ തേയിലകാടുകളിൽ കൂടി കേരളത്തിൻ്റെ മണ്ണിലേക്ക് കടക്കുമ്പോഴും അതെ തണുപ്പും കാഴ്ചകളുടെ കുളിർമയും കണ്ണുകളെയും മനസ്സിനെയും സന്തോഷിപ്പിച്ചിരുന്നു.കുട്ടികൾക്ക് വേണ്ടി ഏതോ പെട്രോൾ പമ്പിൽ നിർത്തിയ ഉടൻ ചിലർ ചാടി ഇറങ്ങി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി തിരികെ പോയി അവരുടെ ഉറക്കം തുടർന്നു.

ഒടുവിൽ താമരശ്ശേരി ചുരം ഇറങ്ങി തുടങ്ങി.ബാംഗ്ലൂർ ജീവിതത്തിനിടയിൽ പലപ്പോഴും ഈ ചുരം ഇറങ്ങിയിട്ടുണ്ടെങ്കിലും എപ്പോൾ വന്നാലും തോന്നാറുള്ള രണ്ട് കാര്യങ്ങൾ ഇത്തവണയും തോന്നാത്തിരുന്നില്ല:ഈ ചുരത്തിന് അവസാനം ഇല്ലാത്ത ഇറക്കം ആണോ, എത്ര ഇറങ്ങിയിട്ടും തീരുന്നില്ലല്ലോ!!

രണ്ടാമത്തേത് "വെള്ളാനകളുടെ നാട്" സിനിമയിൽ പപ്പുച്ചേട്ടൻ അനശ്വരമാക്കിയ മെക്കാനിക്ക് സുലൈമാൻ്റെ "മ്മ...ടെ...താമരശ്ശേരി ചുരം...." ഡയലോഗ്!!

ചുരമിറങ്ങികൊണ്ടിരുന്നപ്പോൾ മയക്കത്തിൽ ആയിരുന്ന വിനോദ് മാഷ് പുറത്തേക്ക് കണ്ണ് തുറിച്ച് നോക്കി ഇരുട്ടിനെ പേടിപ്പിക്കുന്നത് കണ്ടു. 
"ഉറക്കം ഇല്ലേ മാഷേ??"
"ഉറങ്ങിയാൽ ചിലപ്പോ വാള് വയ്ക്കും!!"
"വാളെങ്ങാനും വച്ചാൽ വണ്ടിയിൽ നിന്നിറക്കി വിടും"
"വേണ്ട, ചുരം കഴിഞ്ഞാൽ ഉടൻ ഞാൻ ഉറങ്ങും"
ശരിയാ, ചുരം ഇറങ്ങി ഒരു കിലോമീറ്റർ കഴിഞ്ഞുള്ള, രാത്രി കടകൾക്ക് മുന്നിൽ ചായ കുടിക്കാനും മറ്റുമായി വണ്ടി നിർത്തിയപ്പോളേക്ക് വിനോദ് മാഷ് ഉറങ്ങിയിരുന്നു.

ആർഭാടം ഇല്ലാതെ ആവശ്യത്തിന് മാത്രം ഭംഗിയിൽ ലൈറ്റുകൾ ഇട്ട്, വൃത്തിയുള്ള പരിസരത്തോടെ  അത്യാവശ്യം ഏരിയ ഉള്ള ഒരു കച്ചവട കേന്ദ്രം.രാത്രി യാത്രക്കാരായ ചില വണ്ടികൾ നിർത്തി, ഉറങ്ങാത്ത അപൂർവം ചിലർ മാത്രം ചായയും സ്നാക്സും കഴിക്കുന്ന സ്ഥലം!!ടൈൽ പാകിയ വലിയ മുറ്റത്ത് വരിയിൽ നിരത്തി ഇട്ടിരിക്കുന്ന കുറെ മേശകൾ, അവയ്ക്ക് ചുറ്റും നിർവികാരമായ കസേരകൾ!!

അപ്പുറത്തെ വണ്ടിയിൽ നിന്നും വാസു മാഷ് പുറത്തിറങ്ങി.വണ്ടി മൊയ്‌ലാളി കിഷോർ സിങ്ങിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ലെമൺ ടീ അടിച്ചു. നല്ല ടീ!!

അപ്പോളേക്ക് സുഷ ടീച്ചർ, ഹണിടീച്ചർ എന്നിവർക്കൊപ്പം ഏതാനും കുട്ടികൾ കൂടി പുറത്തിറങ്ങി.  വാഷ്റൂമിൽ പോയി തിരികെ നേരെ 
വണ്ടിയിലേയ്ക്ക്  മടങ്ങിയ കുട്ടികൾ അവരുടെ ഉറക്കം തുടർന്നു.ടീച്ചർമാർ രണ്ടും ഉറക്കചടവോടെ ചുടു ചായ ഊതി കുടിക്കുമ്പോൾ, ജീൻസിൻ്റെ പോക്കറ്റിൽ..."ചാർജ്ജ് തീരാറായതിൻ്റെ" അവശതയിൽ തണുത്തുറങ്ങികിടന്ന ഫോണെടുത്ത് ആ യാത്രയിൽ ഞാൻ അവസാനം ക്ലിക്ക് ചെയ്ത ചിത്രം പകർത്തുമ്പോൾ സമയം പുലർച്ചെ 1.50



രണ്ട് മണിയോടെ ഞാൻ വണ്ടിയിൽ ഇരുന്നു മയങ്ങി തുടങ്ങി. 4.45 ന് പാമ്പാടി സ്കൂളിൽ യാത്ര അവസാനിപ്പിച്ച് രക്ഷിതാക്കൾ വന്ന മുറയ്ക്ക്, ഓരോ കുട്ടികൾ ആയി പിരിഞ്ഞു പോയി.ടീച്ചർമാരും അവസാന കുട്ടികളും പോയി കഴിഞ്ഞ ഉടൻ സത്യൻമാഷും,ശശികുമാർ മാഷും,വാസുമാഷും ഒപ്പം ഞാനും പരസ്പരം യാത്ര പറഞ്ഞ് പിരിയുമ്പോൾ 6മണി കഴിഞ്ഞിരുന്നു.

2025 മാർച്ചിലെ പരീക്ഷാ ചൂടിലേയ്ക്കും തുടർന്നുള്ള ജീവിത പ്രതിസന്ധികളിലേയ്ക്കും നടക്കേണ്ടവരുടെ, കുട്ടികൾ എന്നനിലയിലും....ഒരുപക്ഷെ "സ്കൂൾ ജീവിതത്തിലെ" തന്നെ അവസാന ടൂറിൽ നിന്നും സ്വയം ഒഴിവാകാൻ നോക്കിയിട്ടും നിയോഗം പോലെ പങ്കെടുക്കാൻ സാധിച്ചതിൽ ശരിക്കും സന്തോഷം തോന്നി.


                  ( "കുട്ട്യോളും ടീച്ചർമാരും" - ആരുമറിയാതെ ഒരു ഗ്രൂപ്പ് ഫോട്ടൊ!! )



          *************************************************************************

എങ്കിലും... 

എവിടെയോ എന്തോ ഒരു നൊമ്പരം!!

നാട്ടുകാരും വീട്ടുകാരും എഴുതിതള്ളിയ പാമ്പാടി സ്കൂളിലെ നമ്മുടെ കുട്ടികളിലും നന്മയുടെയും സ്നേഹത്തിൻ്റെയും നിഴലാട്ടം ഇല്ലാതില്ല. അവരുടെ പാട്ടിഷ്ടങ്ങൾ നമുക്ക് ഇഷ്ടപെടാൻ പറ്റില്ലായിരിക്കും. പക്ഷെ.. നമ്മുടെ ഇഷ്ട പാട്ടുകളിൽ പലതും അവർക്കും ഇഷ്ടമാണ്.!!

ഒരു കുട്ടിയും മോശമായി ജനിക്കുന്നില്ലല്ലോ.കൂട്ട്കെട്ടുകളും ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും സ്വഭാവ രൂപീകരണം നടക്കേണ്ട പ്രായത്തിൽ നേർവഴി കാണിക്കാൻ ആളില്ലാത്തതും,മീഡിയകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങളും ഒക്കെ ആകാം ഓരോ കുട്ടിയേയും സംസ്ക്കാരം നശിച്ചവർ ആക്കുന്നത്.

പ്രായവും പക്വതയും എത്തി എന്ന് അവകാശപ്പെടുന്ന മുതിർന്നവരായ നമ്മൾ, 20-25 വയസ്സിൽ മാത്രം ബ്രെയിൽ വളർച്ച പൂർത്തിയാകുന്ന നമ്മുടെ കുട്ടികളെ അറിയാൻ... അവരെ കേൾക്കാൻ.... അവരോടൊപ്പം ചിലവഴിക്കാൻ ഒക്കെ കുറെ കൂടി സമയം കണ്ടെത്തിയിരുന്നു എങ്കിൽ........!!

ചെറിയ ക്ലാസുകൾ മുതൽ ഓരോ ക്ലാസ്സിലും പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകരും,രക്ഷിതാക്കളും, ഒപ്പം ഈ സമൂഹവും കുട്ടികളെ വൈകാരികമായി കുറെ കൂടി ശ്രദ്ധിച്ചു മുന്നോട്ട് പോയിരുന്നെങ്കിൽ......!!


********************    *******************    **********************


Friday, 6 January 2017

ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ...

"നീ വരുന്നേനു മുന്നേ തന്നെ ഞാനവിടിണ്ടാവൂ..ഡാ ചാപ്പട്ടേ..."
എന്ന വാക്കും വിശ്വസിച്ച്, എറണാകുളം വരെ ഉണ്ടാക്കുന്ന ടിക്കറ്റ് വകവയ്ക്കാതെ ചാലക്കുടിയിൽ ചാടി ഇറങ്ങിയ കണ്ടിട്ടോ എന്തോ,  "ങ്യേേ....യേ.......ഹെ..ഹെ..ഹ..ഹ..ഹ..." എന്ന ചാലക്കുടിക്കാരന്‍റെ ചിരിയോടെ ട്രെയിൻ എറണാകുളത്തെ കൊതുകുകടി കൊള്ളാനായി ചന്തിയും കുലുക്കി യാത്രയായി.
പല്ലുതേയും കുളിയും കഴിഞ്ഞു നേരത്തേ ഹാജരായ സൂര്യേമ്മാൻ കിഴക്ക് വിട്ട്തുടങ്ങിയിരുന്നു.സ്റ്റേഷൻ പരിസരത്ത് മൂടി പുതച്ച് കിടക്കുന്നവർക്കിടയിലും, കുത്തിയിരുന്നുറങ്ങുന്നവർക്കിടയിലും, കൊച്ചുവെളുപ്പാന്കാലത്ത് വെളിക്കിറങ്ങി മടങ്ങുന്നവർക്കിടയിലും ഒന്നും, എന്നെ കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെ കണ്ടില്ല .ഫോൺ വിളിച്ചപ്പോ സകല നമ്പറും ഓഫ്.ഒടുവിൽ രണ്ടും കൽപ്പിച്ച് ഐ.എസ്സ്.ഡി വിളിച്ചു."ആ @@#$%* നാട്ടിൽ ആണ് " എന്ന് ഫോൺ എടുത്ത ആരോ ഉറക്കച്ചടവിൽ സുഭാഷിതങ്ങള്‍ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.നാട്ടിലെ നമ്പർ എല്ലാം ഓഫ്,അഡ്രസ്സ് അറിയുകേം ഇല്ല !!

"ഈശ്വരാ.. പണി പാളിയോ?? " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ "ഊ..ഞ്ഞാ..ലാ...ഊ..ഞ്ഞാ..ലാ..." എന്ന റിങ് ടോണോടെ മച്ചാന്‍റെ വിളി വന്നു.സംഗതി അറിഞ്ഞ മച്ചാനും അതേ പാട്ട് തന്നെ പാടി തന്നു.

ഏഴുമണി കഴിഞ്ഞിട്ടും, "മണിക്കുട്ടി" ഏതോ ഒരുവന്‍റെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.

അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു അപശബ്ദം.ഒരു ഹരിനാമകീർത്തനം പാടി മുഴുമിപ്പിക്കും മുന്നേ... ഒരു കാറ് വന്നു നിന്നു.

കാറിനുള്ളിൽ ഈത്തയും ഒളിപ്പിച്ച്, വര്ഷങ്ങളായി തേയ്ക്കാത്ത പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്, ഒരു വികൃത രൂപം- സജീവേട്ടൻ !!

"നീയെന്താ നേരത്തെ വിളിക്കാഞ്ഞത്?" എന്നതിനു മറുപടിയായി വന്ന സരസ്വതീ ന:മസത്ഭ്യം ഞാൻ ഉമിനീരിനൊപ്പം മനപൂര്‍വ്വം വിഴുങ്ങി.

വലിയൊരു സ്കൂളിന്‍റെ മതിലിനോട് ചേർന്നൊരു ചെറിയ സ്കൂൾ മുറ്റത്ത് വണ്ടി നിന്നു.യൂണിഫോം ധാരികളായ ഒരു ഡസൻ പിള്ളേര്‍ അവിടെ തേരാ പാരാ നടപ്പുണ്ട്.രണ്ടില്‍ പഠിക്കുന്ന ഒരു കാന്താരിക്കുട്ടി,ഷട്ടറില്ലാത്ത മോണകള്‍ കാട്ടി കൊഞ്ഞനം കുത്തിയിട്ട് ഓടി പോയി.

"അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി.........
ഗുണ്ടാമണി..... സാറാ പീറാ
മാറാ... കീറാ.... കോറാ...
കുട്ടകള്‍ നിറയെ ഡോ.....ട്ട് !!"

പാട്ട് കേട്ട് പിള്ളാരെല്ലാം അസംബ്ലി നിക്കുംപോലെ ഹാളില്‍ നിരന്നു.

"ഇതെന്‍റെ മൂത്തത്, രണ്ടാമത്തവൾ...
...............
...........
......
ഒടുവിലത്തവൾ ..."
എന്നും പറഞ്ഞു സജീവേട്ടന്‍ ഒടുവില്‍ പല്ലില്ലാ കാന്താരിയെ കൂടി പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അല്ല, അതാണ് സജീവേട്ടന്‍റെ വീടെന്നു മനസ്സിലായത്.മാസാ മാസം നാട്ടില്‍ വന്നാല്‍ സ്വന്തമായി സ്കൂള്‍ അല്ല ജില്ല പണിയാം എന്ന് പച്ചമാങ്ങ വചനം ഞാനോര്ത്ത് പോയി.

ചാലക്കുടി വന്നിറങ്ങിയപ്പോൾ മുതൽ പുട്ടാലുമാമനെ വിളിക്കുന്നതാ.അപ്പോൾ മുതൽ ഒരേ ഉത്തരം, "പുറപ്പെട്ടു..... പുറപ്പെട്ടു".മാന്നാര്‍ മത്തായിയെ മനസ്സാ തെറി വിളിച്ച് കൊണ്ട് ഞാന്‍ കുളിക്കാന്‍ കയറി.കുളികഴിഞ്ഞു വന്നപ്പോള്‍ ചായ കിട്ടി.
അതിനിടയിൽ പല വട്ടം ഗുണ്ട വിളിച്ചു.ബാംഗ്ലൂർ ഉള്ള നുമ്മ ഇവിടെ എത്തിയിട്ടും എറണാകുളത്ത് നിന്നും പാണ്ടിപട എത്താഞ്ഞതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഞങ്ങൾ ചാലക്കുടി ചന്തയ്ക്ക് പോകുവാൻ തീരുമാനിച്ചു.

ചന്തയിൽ ചെന്നപ്പോൾ അവിടുള്ള അണ്ടനും അടകോടനും വരെ സജീവേട്ടനെ അറിയാം.പണ്ടത്തെ ചന്ത നിരങ്ങിയെ അവര്‍ മറക്കില്ലല്ലോ!!

പന്നിഇറച്ചി, കോഴിയിറച്ചി,ഒരു ചാക്ക് പച്ചക്കറി,ചപ്പാത്തി,വട എന്നിവ വാങ്ങിയപ്പോളേക്കും പാണ്ടിപ്പട ഹാജർ.മറ്റു സാധനങ്ങൾ വാങ്ങുവാൻ അവരെ ഒരു സൂപ്പർ മാർക്കറ്റിലേയ്ക്ക് തള്ളി വിട്ടശേഷം വാങ്ങിയതെല്ലാം വണ്ടിയിൽ കയറ്റി, നേരെ സൂപ്പർമാർക്കറ്റിലേയ്ക്ക്!!

അവിടുന്ന് മീൻ,അരി , പലചരക്ക് സാധനങ്ങൾ എന്നിവയും കൂടി വാങ്ങിയശേഷം സജീവേട്ടന്‍റെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നു.സജീവേട്ടനെ കണ്ട്, ഈ മാരണം പിന്നേയും വന്നോ എന്ന ഭാവേന സജീവേടത്തി അടുക്കളയിലേയ്ക്ക് വലിഞ്ഞു.മാരകായുധങ്ങളുമായി ചേച്ചി മടങ്ങി വരുംമുന്നേ ഞങ്ങൾ രണ്ടു വണ്ടിയിലായി മുല്ലശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
(ശാന്തത്തപ്പനും പുട്ടാലുവും)

വാർദ്ധക്യപുരാണം വായിച്ച്കൊണ്ടിരുന്ന  പുട്ടാലുനെ സൈഡിലിരുത്തി, പുട്ടാലുന്‍റെ തേര് ശാന്തത്തപ്പൻ തെളിച്ചുതുടങ്ങി.ആ വാഹനത്തിൽ ആർട്ടിസ്റ്റ് വിപിൻദാസ്സ്,മച്ചാൻ,കുഞ്ഞുശാന്തത്തപ്പൻ എന്നിവരും ഉണ്ടാരുന്നു.സജീവേട്ടനും ഞാനും കയറിയ വണ്ടിയിൽ ആണ് വട പോലുള്ള ഭക്ഷണ സാധനങ്ങൾ എന്ന് കണ്ട സിനു,ഒരു കള്ള ചിരിയോടെ പുട്ടാലു വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങടെ വണ്ടിയിൽ കയറി.
(വട കണ്ടു കൊതിച്ച്‌ വണ്ടി മാറുന്ന സിനു)

അവിടുന്ന് നേരെ പോയത് സജീവേട്ടന്‍റെ കമ്പനിയിലേയ്ക്ക് ആണ്.വർഷങ്ങൾക്കു ശേഷം കമ്പനിയിൽ കാലുകുത്തിയ സജീവേട്ടനെ മറ്റു പാർട്നേർസ്  കൂമ്പിനിടിച്ച് വരവേറ്റു.വെള്ളം നിറയ്ക്കാനുള്ള സിന്തറ്റിക് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി.അവിടുള്ള ഓരോ ഘട്ടങ്ങളും സജീവേട്ടൻ ഓടി നടന്ന് പറഞ്ഞു തന്നു.ചാക്കിൽ നിറച്ച് വച്ചിരുന്ന റോ മെറ്റീരിയല്‍ കൽക്കണ്ടം ആണെന്ന് പറഞ്ഞു തിന്നാൻ ഒരുങ്ങിയ സിനുവിനെ ബംഗാളി പണിക്കാർ ഓടിച്ച് വിട്ടു.
(ചാക്കിൽ ഉള്ളത് കളർ ക്രിസ്റ്റൽ ആണ് )

ഏതു കളർ ആണോ വേണ്ടത് അതിൻ്റെ കളർ ക്രിസ്റ്റലുമായി ഉരുക്കി ചേർത്ത് നൂൽ പോലെ വരുന്ന മിശ്രിതം, വെള്ളം നിറച്ച പാനലിൽ കൂടി കടത്തിവിട്ടു തണുപ്പിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് എടുക്കുന്നതും മിഷ്യൻ വഴി.



അങ്ങിനെ പൊടിച്ച് ചാക്കിൽ നിറച്ചിരിക്കുന്ന പൊടി സർഫ് എക്സൽ ആണെന്നുകരുതി അടിച്ചുമാറ്റി സഹധർമനിക്കു കൊടുത്ത ശാന്തപ്പൻ ഒരാഴ്ച കിടപ്പിലായിരുന്നു എന്നത് ഇന്നും ആരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഈ പൊടി അച്ചിൽ ഇട്ട് ഉരുക്കി തണുപ്പിച്ച് വാട്ടർ ടാങ്കുകൾ ഉണ്ടാക്കുന്നു


വാട്ടർ ടാങ്കുകൾ കണ്ട് അന്തം വിട്ടു ഒരു മൂലയിൽ മാറി നിന്നിരുന്ന പുട്ടാലുമാമനെ,"ഉടുപ്പിട്ട ടാങ്ക്" എന്നും പറഞ്ഞുകൊണ്ട് സപ്ലൈ വണ്ടിയിൽ കയറ്റിയ ഹിന്ദിക്കാരനുമായി മച്ചാൻ മുട്ടൻ വഴക്കുണ്ടാക്കി.
(പുട്ടാലു മാമൻ)

ഒടുവിൽ ഹിന്ദി അറിയാവുന്ന ഏക വ്യക്തിയായ ശത്തപ്പൻ ഇടപെട്ട് പുട്ടാലുവുമായി ഞങ്ങൾ യാത്ര തിരിച്ചു.
(മച്ചാനും സിനുവും)

ഹൈവേയിൽ കയറിയപ്പോൾ പിന്നിൽ വന്നിരുന്ന ശാന്തത്തപ്പ വാഹനം പോലീസ്സ് പൊക്കി.ഫൈൻ  കൊടുത്ത് നേരെ മുല്ലശ്ശേരിക്ക്.പോകുന്ന വഴി അഞ്ചു കിലോ പച്ച കപ്പ കൂടി വാങ്ങി.

************************************
ഗുണ്ടാ സങ്കേതത്തിൽ ചെല്ലുമ്പോൾ ഉച്ച ഉച്ചര ആയി.വിശപ്പിന്‍റെ വിളി കൂടി കൂടി വന്നതിനാൽ, അൽപ സമയം ഗുണ്ടയുടെ തോന്ന്യാസങ്ങൾ കേട്ട ശേഷം എല്ലാവരും കൂടി അടുക്കളയിലേയ്ക്ക്.അടുക്കളയിൽ അടിച്ചു തളിക്കാരി ആയി ഒരാളെ ഗുണ്ട തയാറാക്കി നിർത്തിയിരുന്നു.ജീവിതത്തിൽ ആദ്യമായി അടുക്കളയിൽ കയറുന്ന ഭാവത്തിൽ നിന്ന അടിച്ചു തളിക്കാരി അബിതജിയെ ശാന്തപ്പനും മച്ചാനും കൂടി ചട്ടുകത്തിന് തല്ലിയും കുത്തിയും ഓരോരോ പണികൾ ചെയ്യിപ്പിച്ച് തുടങ്ങി.
(മച്ചാൻ, അബിതാജി, ശാന്തത്തപ്പൻ)

"ഇറച്ചികളും മീനും കഴുകി തരാം,പച്ചക്കറികൾ വൃത്തിയാക്കിത്തരാം........നിങ്ങൾ പറയുന്ന എന്തും ചെയ്യാം....... എന്നേയും കൊണ്ടോകണം ബ്ലീ....സ്സ്!!" എന്നൊക്കെ പറഞ്ഞു കൂടെ കൂടിയ പുട്ടാലു മാമനെ പിന്നെ കണ്ടത് വിളമ്പി വച്ച ഭക്ഷണത്തിന് മുന്നിൽ ആണ്!!


ശാന്തപ്പൻ വക ചിക്കൻ "തട്ടി കൂട്ട്" ആയിരുന്നു ആദ്യം തയാറാക്കിയത്.അതിനിടയിൽ ഒരു കലത്തിൽ ചോറ് വയ്ക്കാൻ അബിതാജിയോട് പറഞ്ഞേൽപ്പിച്ചിട്ട്, അറിയില്ല എന്ന് പറഞ്ഞതിനാൽ ആ പണി പാവം 'അമ്മ ഏറ്റെടുത്ത് ഭംഗിയാക്കി.
(ചിക്കൻ തട്ടികൂട്ട്)

വാചകത്തിൽ മുന്നിലും പാചകത്തിൽ പിന്നിലും ആയ അബിതാജി യെ നാണിപ്പിച്ചു കൊണ്ട്,പച്ചക്കറി ഒരുക്കൽ സജീവേട്ടനും,കറിക്കരിയാൽ മച്ചാനും, കപ്പ നേരെ ആക്കൽ ആർട്ടിസ്റ്റ് വിപിൻദാസും ഏറ്റെടുത്ത് വിജയിപ്പിച്ചു.വെസ്റ്റ് പെറുക്കി കളയുന്ന പണി അബിതാജി ഭംഗിയായി ചെയ്തു.
(മച്ചാൻ,നുമ്മ, വിപിൻദാസ്സ്)

അപ്പോഴും ആ വഴി വരാഞ്ഞ പുട്ടാലുമാമൻ, ചെത്ത് കള്ളാണെന്നു പറഞ്ഞു ഗുണ്ട കൊടുത്ത പുളിച്ച കഞ്ഞിവെള്ളം മോന്തി ഫിറ്റായി.അതിനിടയിൽ ഞങ്ങൾ അടുത്ത ഘട്ടം പാചകത്തിലേയ്ക്ക് കടന്നു.

മീൻകറി, മീൻ ഫ്രൈ, മോരുകറി, രസം,പന്നിയിറച്ചി എന്നിവ പാവം സ്മിനേഷ് ഏറ്റെടുത്ത് കൊതിയൂറും വിഭവങ്ങൾ ആയി തയ്യാറാക്കി.അപ്പോഴേയ്ക്കും മച്ചാനും ആർട്ടിസ്റ്റും കൂടി കപ്പ തയ്യാറാക്കി.ഞങ്ങൾ ഉണ്ടാക്കിയ വിഭവങ്ങളുടെ വാസന അടിച്ച് ഗുണ്ടയുടെ സഹായികളായ കൊച്ചു ഗുണ്ടകൾ  ജൂബി, സെബു,അനിയൻ വിജീഷ്, പിന്നെ ആരെല്ലാമോ വേഗം ഭക്ഷണം വിളമ്പൂ എന്നും പറഞ്ഞു വന്നു.


അബിത സുരേഷ്ജിക്ക് അനുവദിച്ച പരോൾ തീർന്നതിനാൽ, ഭക്ഷണത്തിനു മുന്നേ ഗുണ്ട, അബിതജി,ജൂബി എന്നിവർക്ക്  ഞങ്ങൾ ഓണകോടികൾ കൈമാറിയ ശേഷം, ചില ഫോട്ടോകൾ എടുത്തു.

ഞങ്ങൾക്കായി കൊണ്ടുവന്ന വിം ഇട്ടുണ്ടാക്കിയ ബീഫ് ഫ്രൈയും,മച്ചാനും എനിക്കും ഓരോ മുണ്ടുകളും തന്ന ശേഷം പിന്നേയും ചുറ്റി പറ്റി നിന്നിരുന്ന അബിതാജി യെ എല്ലാവരും ചേർന്ന് എറിഞ്ഞോടിച്ചു.

പോകുന്നതിന് മുന്നേ.. ചെകുത്താൻ കോട്ട പരട്ട ഉണ്ണി നടത്തിയ മത്സരത്തിൻ്റെ വിജയികളായ അബിതജി യ്ക്കും സന്ധ്യജി യ്ക്കും ഉള്ള സമ്മാനങ്ങൾ മിസിസ്സ് സുരേഷ്ജി യെ ഏൽപ്പിക്കാനും മറന്നില്ല.
(മച്ചാൻ സ്പെഷ്യൽ)

അപ്പോളേക്കും വിശപ്പിൻ്റെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.എല്ലാവരും കൂടി കൈയിട്ട് വാരി കുംഭ നിറച്ച് കഴിഞ്ഞപ്പോളേയ്ക്കു സജീവേട്ടൻ സ്പെഷ്യൽ സോമരസം മുന്നിലെത്തി.
(സോമരസം കണ്ട് ഓടിവന്ന പുട്ടാലു)

പിന്നെ.....ൻ്റെ സാ....റേ.......
ചുറ്റിലുള്ളതൊന്നും കാണാൻ പറ്റിയില്ല.

"നീ..യറിഞ്ഞോ.... മേലെ മാനത്ത്...
ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ...
ആ.. സ്വർഗ്ഗത്തിലേ... മുത്തശ്ശൻമാർ.......
..............     ...........    ...............     ...................
..............     ...........    ...............     ...................
ലാ ..ല ...ല ലാ ........ലാ..ലാ ...ല ല ലാ..."


ഒന്നാഘട്ട പോളിംഗ് വിജയകരമായി തീർന്നപ്പോഴേയ്ക്കും, മൂവന്തി മോന്താനാണെന്നും പറഞ്ഞുകൊണ്ട് സൂര്യേമ്മാൻ പടിഞ്ഞാട്ട്മുറി ഷാപ്പ് ലക്ഷ്യമായി ഒറ്റ മുങ്ങൽ !! അപ്പോഴാണ് "ചുട്ട കോഴിയെ പറപ്പിക്കും"  എന്നും പറഞ്ഞു സിനു മൂന്ന് കോഴിയുമായ് വന്നത്.

കുഞ്ഞുശാന്തപ്പൻ കോഴിപറക്കുന്നത് കാണാൻ കോഴിക്കരികിൽ തന്നെ സ്ഥാനം പിടിച്ചു.
(സിനു മന്ത്രവാദി ഹോമം തുടങ്ങി)

ഹോമകുണ്ഡം ആളിക്കത്തി.ഹോമത്തിൻ്റെ ശക്തിയിൽ മൂന്നുകോഴികളും കൊക്കോ ക്കോ പാടി.  

അതേസമയം ഗുണ്ടാസങ്കേതത്തിൽ, ഗുണ്ട നഗ്ന നൃത്തം തുടങ്ങിയിരുന്നു.നിരത്തി വച്ച സോമരസ ഗ്ലാസ്സുകൾ കൂട്ടിമുട്ടിയ ശബ്ദം കേട്ട് നടുങ്ങിയ പമ്മൻ വരെ ഖത്തറിൽ നിന്നും വിളിച്ച് പൂര പാട്ടു പാടി.പമ്മൻ്റെ പാട്ടിന് മറുപാട്ട് പാടിയ ഗുണ്ടയുടെ സംഗതി താഴെ പോയത് കണ്ട മച്ചാൻ സംഗതികൾ ചേർത്ത് വച്ച് മറുപാട്ട് മുഴുമിച്ചു.താളമേളം തപ്പും പാട്ടും ഏറ്റുപിടിച്ച് ശാന്തപ്പനും, ആർട്ടിറ്റും സജീവേട്ടനും രംഗം കൊഴുപ്പിച്ചു.മുല്ലപ്പന്തൽ അനുഭവം വച്ച്‌, ആർട്ടിസ്റ്റ് പാടാൻ ചാൻസുണ്ടെന്ന് നേരത്തേ കണക്കുകൂട്ടിയ ഞാൻ മന്ത്രവാദത്തിന് ശിങ്കിടി നിന്നു.

ഒടുവിൽ ഹോമം ഫലം കണ്ടുതുടങ്ങി.ഹോമ പുകയേറ്റ് വശം കേട്ട അസുരൻ ഹോമകുണ്ഡത്തിനടുത്തെത്തി ആർത്തിയോടെ അന്തിച്ചു നിന്നു.

(മന്ത്രവാദ ശക്തിയിൽ പേടിച്ച് നിൽക്കുന്ന പുട്ടാലു)

അസുരനെ ആവാഹിച്ച് ഗ്ളാസ്സിലാക്കാൻ വേണ്ടി മന്ത്രവാദി കോക്ടെയിലിൽ മന്ത്ര ജലം തയ്യാറാക്കി.അപ്പോഴേയ്ക്കും മന്ത്രവാദ ശക്തിയിൽ ദുർമൂർത്തികൾ ഓരോന്നായി മന്ത്രകളത്തിൽ കയറി നിന്ന് തുള്ളി തുടങ്ങി.

(ഉറഞ്ഞു തുള്ളുന്ന മൂർത്തികൾ)
ഓടി നടന്നു മന്ത്രങ്ങൾ ഉരുവിട്ടതോടെ മന്ത്രത്തിന് അടിപ്പെട്ട, കൂടിനുള്ളിൽ കൂടിയിരുന്ന മാടനും, വേടനും, മറുതയും, പേയുമെല്ലാം നിൽക്കകളിയില്ലാതെ ഹോമകുണ്ഡത്തിൽ വന്നു വീണു.
(ചുട്ട കോഴിയിലൊരെണ്ണം കൊക്കി പറന്നു.)

 ചുട്ട കോഴി പറന്നു വരുന്നത് കണ്ട ഗുണ്ട മുട്ടയിട്ട് കൊക്കുന്ന കോഴിയെ പോലെ അഞ്ചാറു വട്ടം കൊക്കി വിളിച്ചു.


പിന്നെ പ്രസാദ വിതരണം ആയിരുന്നു.എത്ര വിതരണം ചെയ്തിട്ടും, കപ്പയും ബീഫും,മീനും, പന്നിയും, മോരുകാരിയും,ചപ്പാത്തിയും,ചോറും ഒക്കെ ബാക്കി വന്നു.

അപ്പോളേക്കും മണിക്കുട്ടി "ഒന്നേ...ന്നു" വീണ്ടും ഓട്ടം തുടങ്ങി.
ആഘോഷത്തിനിടയിൽ ബി.പി കൂടിയ പുട്ടാലു, മന്ത്രവാദ തകിട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് കൊച്ചിക്കു വിട്ടു.
(ബി.പി കൂടി നിൽക്കുന്ന പുട്ടാലു)

ബി.പി കൂടിയ മറ്റൊരാൾ ആരോരുമറിയാതെ ചാലക്കുടിക്ക് തിരിച്ചത്, ചാലക്കുടി ചന്തയ്ക്കു പോകാൻ വേണ്ടിയാണെന്ന് മാളോകർ പാടി നടന്നു.

ഉറക്കം വരാത്ത ഗുണ്ട മാത്രം ചാലക്കുടിക്കാരൻ്റെ ഒരു പാട്ട് അക്ഷരം തെറ്റാതെ വളഞ്ഞ മൂക്കും കൊഴഞ്ഞ നാവുമായി പാടിക്കൊണ്ടിരുന്നു...

"പകല് മുഴുവൻ പണിയെടുത്ത്.....
കിട്ടുന്ന കാഷിനു കല്ലും കടിച്ച്.............
നിൻ്റെ ഭാവി  കസ്ടത്തിലാക്കാല്ലേ...... 
ദാ.....സ... പ്പാ .....   നിൻ്റെ ഭാവി .....


പിറ്റേന്ന് രാവിലെ എണീറ്റ് ശന്തപ്പനും മച്ചാനും, ആര്‍ട്ടിസ്റ്റും യാത്രപറഞ്ഞു.ഞാനും സിനുവും കുറെ നേരം കൂടി കിടന്നുറങ്ങി.ഗുരുവായൂര്‍ അമ്പലം കാണണം എന്ന് പറഞ്ഞു മൂക്ക് പിഴിഞ്ഞ സിനുവിനേയും കൂട്ടി അങ്ങോട്ട്‌ പോകുവാന്‍ തന്നെ തീരുമാനിച്ചു."അമ്പലമുറ്റത്താന നിറഞ്ഞു" എന്നല്ലേ?? അതുകൊണ്ട് ആദ്യം ആനകൊട്ടില്‍ കാണാന്‍ തന്നെ പോയി.

സാമന്ത രാജാവിന്‍റെ കൊട്ടാരം ആയിരുന്ന പുന്നത്തൂര്‍ കോട്ട ഇപ്പോള്‍ ആന താവളം ആണ്.ചെല്ലുമ്പോള്‍ 54 ആനകള്‍ ഉണ്ടാരുന്നു.അതില്‍ ചിലവന്മാര്‍ മദ പാടോട് കൂടി കുറുമ്പുകാട്ടി നില്‍ക്കുന്നു.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.എല്ലാ ആനകളെയും കണ്ട ശേഷം അമ്പലമുറ്റത്ത് എത്തി.സിനു അകത്ത് കയറി പ്രാര്‍ത്ഥിച്ചു.ഞാന്‍ പുറത്ത് കറങ്ങി നടന്നു.


ഒടുവില്‍ ഗുരുവായൂര്‍ കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങള്‍ രണ്ടു വഴി പിരിഞ്ഞു.

ഒറ്റപ്പാലം എത്തിയപ്പോള്‍, വഴി തടഞ്ഞുകൊണ്ട് ഗണേശോല്സവം!!

രണ്ടുമണിക്കൂറില്‍ അധികം വഴിയില്‍ കിടന്നു.വിവരവും വിദ്യാഭ്യാസവും കൂടിപോയതുകൊണ്ടാവും നാട്ടില്‍ രാഷ്ട്രീയത്തിനും മതത്തിനും വകതിരിവ് നഷ്ടപ്പെടുന്നത് എന്ന് കരുതി സമാധാനിച്ചു കൊണ്ട് വീടെത്തിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു.

അമ്മയുടെ കൈകൊണ്ടു വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മാങ്ങാ അച്ചാറും കൂട്ടി അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍.... 

നിസ്വാര്‍ത്ഥമായ സൌഹ്രതങ്ങള്‍ എന്നെന്നും നിലനില്‍ക്കണേ എന്ന പ്രാര്‍ത്ഥന മാത്രം!!