Showing posts with label പുസ്തക പരിചയം. Show all posts
Showing posts with label പുസ്തക പരിചയം. Show all posts

Friday, 4 November 2016

എന്‍റെ പുസ്തകം !! - ഭാഗം 5

1969 ജൂൺ മാസം ഫ്രാൻസ്സിൽ ഇറങ്ങിയ ഒരു നോവൽ വെറും 9 മാസം കൊണ്ട് 10 ലക്ഷം കോപ്പികൾ വിറ്റഴിയുകയുണ്ടായി. ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും", ഡാൻ ബ്രൗൺന്‍റെ "ഡാവിഞ്ചി കോഡ്" എന്നിവയെ വരെ പിന്തള്ളിക്കൊണ്ട്, ഗുഡ് റീഡ് റേറ്റിങ്ങിൽ 4.2/ 5 നേടിക്കൊണ്ട്, ഈ പുസ്തകം 2016 ലും നാലാം സ്ഥാനത്ത് നിൽക്കുന്നു.

അധോലോകത്ത് "ചിത്രശലഭം" എന്നർത്ഥം വരുന്ന "പാപ്പിയോൺ" എന്നറിയപ്പെടുന്ന "ഹെൻറി ഷാരിയർ"തന്‍റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ, ചെയ്യാത്ത ഒരു കൊലപാതകത്തിന്‍റെ പേരിൽ, 1931 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്, ഫ്രഞ്ച് ജയിലിലേയ്ക്കും അവിടുന്ന് ഫ്രഞ്ച് ഗയാനയിലെ പീനൽ കോളനിയിലും അയക്കപ്പെടുന്നു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നറിയാവുന്ന ഹെൻറി, "ഇത്രയും നീണ്ട ശിക്ഷ താൻ അനുഭവിക്കില്ല" എന്ന് പ്രതിജ്ഞ എടുക്കുന്നു.

ഏറ്റവും പൈശാചികവും, നിന്ദ്യവുമായ ശിക്ഷാ വിധികൾക്കിടെ സാഹസികത നിറഞ്ഞ, തുടർച്ചയായ രക്ഷപെടൽ ശ്രമങ്ങൾ. "ഏറ്റവും അപകടകാരി" എന്ന പേരിൽ ഒടുവിൽ ചെകുത്താൻ തുരുത്തിലേയ്ക്ക് മാറ്റപ്പെടുന്ന പാപ്പിയോൺ അപ്പോളും ആത്മ വിശ്വസം കൈവിട്ടിരുന്നില്ല. അവിടുന്ന് നാളികേരം നിറച്ച ചാക്കിൽ കയറി ആർത്തിരമ്പുന്ന കടൽമാർഗം രക്ഷപെട്ട് വെനിസ്യുലയിൽ എത്തിപ്പെടുന്നു.പതിനാലു വർഷം നീണ്ടു നിന്ന യാതനകൾക്കൊടുവിൽ എത്തിപ്പെട്ട നാട്ടിൽ ആയി പിന്നീടുള്ള ജീവിതം.അവിടുത്തെ പൗരത്വം സ്വീകരിച്ച അദ്ദേഹം പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ ആത്മകഥ നോവൽ രൂപേണ എഴുതുന്നു.

ഈ നൂറ്റാണ്ടിലെ എന്നല്ല മാനവ ചരിത്രത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളുടെ ഒപ്പം നിൽക്കാവുന്ന ഒരു രചന ആയി ഇതിനെ പലരും കാണുന്നുണ്ട്.മറ്റു ചിലർ ആവട്ടെ , വായനക്കാരെ രണ്ടായി തിരിക്കുക വരെ ചെയ്തു, "പാപ്പിയോൺ വായിച്ചവരും , പാപ്പിയോൺ വായിക്കാത്തവരും".

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കാര്യം ഉറപ്പാണ്.
ആവേശത്തോടെ... 
ആകാംഷയോടെ.....
ഉദ്ദ്വേഗത്തോടെ ....... മാത്രം വായിച്ച് തീർക്കുവാൻ സാധിക്കുന്ന ഒരു നോവൽ, ശ്വാസമടക്കിപിടിച്ച് മാത്രം വായിച്ച്‌ പോകാവുന്ന ചില സംഭവങ്ങൾ.
മനുഷ്യന്‍റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്‍റെ...... തളരാത്ത പോരാട്ട വീര്യത്തിന്‍റെ...... ഇതിഹാസം തന്നെ ആണ് പാപ്പിയോൺ എന്ന നോവൽ എന്നത് ഏതൊരു വായനക്കാരനും സമ്മതിക്കാതെ തരമില്ല.രക്ഷപെടുവാൻ വേണ്ടി ജീവൻ പണയം വച്ച്കൊണ്ടും എന്ത് സാഹസികതയ്ക്കും തയ്യാറാവുന്ന പാപ്പിയോൺന്‍റെ കഥ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.


ഈ പുസ്തകത്തെ അടിസ്ഥാനമാക്കി "പാപ്പിയോൺ" എന്ന സിനിമ 1973 ൽ ഇറങ്ങുകയുണ്ടായി.നോവൽ വായിച്ച ശേഷം കണ്ട സിനിമ ആയതു കൊണ്ടോ എന്തോ, ഏകദേശം അഞ്ഞൂറോളം പേജുകൾ വരുന്ന ഈ നോവൽ വായിക്കുന്ന സുഖമോ ആവേശമോ ആകാംഷയോ ഒന്നും തന്നെ രണ്ടര മണിക്കൂറിൽ താഴെയുള്ള ആ സിനിമയ്ക്ക് നൽകുവാൻ സാധിച്ചില്ല



പുസ്തകം വാങ്ങി വായിക്കുവാൻ ആഗ്രഹിക്കുന്നവർ  ഇവിടെ അമർത്തിക്കോ...


Sunday, 16 October 2016

എന്‍റെ പുസ്തകം !! - ഭാഗം 4

തിങ്ങി നിറഞ്ഞ ഏഴാം നമ്പര്‍ കോടതിമുറിയില്‍ ഹൃദയാഘാതത്തോടെ കുഴഞ്ഞുവീഴുന്ന രാജ്യത്തെ ഏറ്റവും പ്രശശ്തനായ വിചാരണ അഭിഭാഷകന്‍ ജൂലിയന്‍ മാന്റില്‍!!

പിന്നീട് ഒരുനാള്‍ അഭിഭാഷക ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്,വക്കീല്‍ വേഷം അഴിച്ചു വച്ചുകൊണ്ട്, തന്‍റെ കൊട്ടാരസമാനമായ വീടും, ജെറ്റ് വിമാനവും, ഏറ്റവും പ്രീയപ്പെട്ട ചുമന്ന ഫെരാരി കാറ് വരെ വിറ്റ ശേഷം, ജീവിതത്തില്‍ തന്നെ അലട്ടിയിരുന്ന പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തേടിക്കൊണ്ട്.....പ്രാചീനസംസ്കൃതികൊണ്ടും, അതീന്ദ്രീയമായ പാരമ്പര്യങ്ങള്‍ കൊണ്ടും അത്ഭുതമായി മാറിയ അതിപുരാതനമായൊരു സംസ്കാരത്തിലെയ്ക്ക്........ അസാധാരണമായൊരു യാത്ര പുറപ്പെടുന്നു.

കിഴക്കിന്‍റെ കാലാതീതമായ ആധ്യാത്മിക ജ്ഞാനത്തെ പടിഞ്ഞാറിന്‍റെ ശക്തമായ വിജയതത്ത്വങ്ങളുമായി യോജിപ്പിക്കുന്ന ആവേശകരമായ കഥ, മൂന്നു മില്യണില്‍ അധികം കോപ്പികള്‍ വിറ്റുപോയി എന്നത് തികച്ചും സ്വാഭാവികം.അന്‍പതിലധികം രാജ്യങ്ങളില്‍ എഴുപതിലധികം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ഈ പുസ്തകം മറ്റു പലരേയും പോലെ എന്‍റെയും എക്കാലത്തേയും ഏറ്റവും വലിയ ഫേവറെറ്റുകളില്‍ ഒന്നാണ്.

വര്‍ഷങ്ങള്‍ക്കുശേഷം ശേഷം മടങ്ങി വരുന്ന ജൂലിയന്‍ തന്‍റെ പ്രീയ ചങ്ങാതിയും, ജൂനിയറുമായിരുന്ന ജോണ്‍നെ കാണുവാന്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വരുന്നിടത്ത് വച്ച് കഥ ആവേശകരമായി മാറുന്നു.അവര്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളിലൂടെ മുന്നേറുന്ന വരികള്‍ ജീവിതത്തില്‍ നമുക്ക് ഉപകാരപ്രഥമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരുന്നു.

ഇന്ത്യയില്‍ എത്തിചേര്‍ന്ന ജൂലിയന്‍, ജീവിതത്തിന്‍റെ അര്‍ത്ഥത്തെ കുറിച്ചു ഉന്മേഷപ്രദമായ ഉള്‍കാഴ്ചകള്‍ ഉള്ള ഇന്ത്യന്‍ ജനതയെ സ്നേഹിച്ചുകൊണ്ടുള്ള യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്നത് ഹിമാലയത്തിന്റെ മടിത്തട്ടില്‍ ഉള്ള കാശ്മീരില്‍!!

അവിടെ വച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന "കൃഷ്ണന്‍" എന്ന യോഗിയില്‍ നിന്നുമാണ്, ഹിമാലയന്‍സാനുക്കളില്‍ എവിടെയോ ഉള്ള "ശിവാന" എന്ന "മഹായോഗികളുടെ" ഗ്രാമത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.

ദീര്‍ഘനാളത്തെ കഷ്ടപാടുകള്‍ക്കൊടുവില്‍ ശിവാനയില്‍ എത്തിപ്പെടുന്നതോടെ ജൂലിയന്റെ ജീവിതം മാറുകയാണ്........!!

പലവട്ടം വായിക്കുവാനും, വായിച്ചത് ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുവാനും, അതിലൂടെ വിജയത്തിലേയ്ക്ക് പടി പടി ആയി മുന്നേറുവാനുള്ള പാത കാണിച്ചു തരുകയും ഒക്കെ ചെയ്യുന്ന, പേരുപോലെ തന്നെ "വിജയം സുനിശ്ചിതം" എന്ന് പലരും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ആ  ഗ്രന്ഥം

ഓണ്‍ലൈന്‍ വാങ്ങുവാനായി ...



Friday, 7 October 2016

എന്റെ പുസ്തകം !!- ഭാഗം 3

               മൂന്നു നാല് ആഴ്ചകളായി മുടങ്ങികിടന്ന പുസ്തക വായന വീണ്ടും തുടങ്ങുവാന്‍ പ്രേരണ ആയത് ഒരു കുഞ്ഞു നോവല്‍ ആണ്.വായിക്കുവാന്‍ വാങ്ങി കൂട്ടിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അലസമായി തിരഞ്ഞെടുത്ത് വെറുതെ ഒരു പേജ് വായിച്ചു.

രസാവഹം!!

എന്നാല്‍ പിന്നെ ഒരദ്ധ്യായം വായിച്ച് മടക്കി വയ്ക്കാം എന്നുകരുതി ഒരദ്ധ്യായം മുഴുമിച്ചപ്പോളെയ്ക്കും കഥയില്‍ പറഞ്ഞിരിക്കുന്ന ആ ഗ്രാമത്തിലെ ഒരു താമസ്സക്കാരനായി മാറിയിരുന്നു ഞാനും.അതുകൊണ്ട് തന്നെ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഉറങ്ങാം എന്ന് കരുതി.
അത് വായിച്ചപ്പോളോ.... ??

കുട്ടിക്കാലത്തിലെ പല സംഭവങ്ങളുടെയും ആവര്‍ത്തനം!!
മണ്ണെണ്ണ വിളക്കിന്‍റെ കീഴില്‍ ഉള്ള പഠിത്തവും,വിളക്കൂതിയാല്‍, തൊട്ടടുത്തായി ഉറങ്ങാന്‍ കിടക്കുന്ന ചേച്ചിയുമായി ചില കുശു കുശുപ്പുകളും... ഒടുവില്‍ അച്ഛന്റെ രണ്ട് ചീത്ത കേട്ട് കഴിയുമ്പോള്‍ അടക്കിപിടിച്ച ചിരിയോടെ ഉറക്കത്തിലേയ്ക്കു വീഴുന്നതും, പിറ്റേന്ന് ചേച്ചിയുടെ കൂടെ സ്കൂളിലേയ്ക്ക് നടക്കുന്നതും, ഒടുവില്‍ രണ്ട് സ്കൂളിലേയ്ക്കായി പിരിയുന്നതും ഒക്കെ ആയ പല പല ഓര്‍മ്മകള്‍!!
ഓര്‍മകളുടെ ലോകം എത്ര മനോഹരം ആണല്ലേ ??

*****************

ഉറങ്ങി എണീറ്റ ഉടന്‍ മൂന്നാം അദ്ധ്യായത്തിലേയ്ക്ക്.....

വായിച്ചു തീര്‍ന്നപ്പോള്‍ രാധയെ പോലെ....  വനജേപോലെ...... മറ്റു പലരേയും പോലെ.....
പരന്ത്രീസ്സിലേയ്ക്ക് ആവികപ്പല്‍ കയറും മുന്നേ ചോയി രഹസ്യമായി മാധവനെ ഏല്‍പ്പിച്ച ആ "ലക്കോട്ടില്‍" എന്താണെന്നറിയാനുള്ള ആകാംഷ അടുത്ത അദ്ധ്യായത്തിലേയ്ക്ക് എന്നെ പിന്നേയും തള്ളിയിട്ടുകഴിഞ്ഞിരുന്നു.

അന്തോണി സായ്‌വ് മാഷും, വിദ്വാന്‍ കുഞ്ഞിരാമന്‍മാഷും, കക്കൂയിയില്‍ തോലനും, ജനപ്രതിനിധി തായക്കണ്ടി കണ്ണനും, മുച്ചിറിയന്‍ കോരനും, നുറ്കുമാരനും, പത്രാസ്സുകാരന്‍ പത്രോസുംകേളന്‍ മേസ്തിരിയും, കുഞ്ഞികുട്ടി സാറാപ്പും, മന്തുകാലന്‍ ഫെര്‍ണണ്ടാസ്സും, തന്‍റെ ജോര്‍ജ്ജ്റ്റ് സാരി വാരിച്ചുറ്റി നാട്ടാര്‍ക്ക് കണ്ണിനു കുളിരേകി തുള്ളിനടക്കുന്ന മാധവിഅമ്മായിയും, കമ്പി ശിപായി കേശവനും, കാപ്പിക്കാരന്‍ കേളുവും, പലച്ചരക്ക് കച്ചവടക്കാരന്‍ കുഞ്ഞമ്പുവും..... അങ്ങിനെ ഒരു ഗ്രാമം മുഴുവന്‍ "തന്‍റെ മരണ ശേഷമേ തുറക്കാവൂ" എന്ന് പറഞ്ഞ് ചോയി മാധവനെ ഏല്‍പ്പിച്ച ലക്കോട്ടില്‍ എന്താണെന്ന് അറിയാനായി ഓടിനടക്കുമ്പോള്‍... ആകാംഷയോടെ.... അവര്‍ക്കൊപ്പം കൂടിപോകുന്നു  വായനക്കാരും. അത്രയും മനോഹരമായി ആണ് എം.മുകുന്ദന്‍ എന്ന കഥാകൃത്ത് ഓരോ അദ്ധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്.


തോലന് വേണ്ടി, മാധവനെതിരെ മുട്ടയില്‍ കൂടോത്രം ചെയ്തു കൊടുക്കുന്ന പെരുവണ്ണാനെ പോലെ വന്നുപോകുന്ന കഥാപാത്രങ്ങളും, കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വടക്കന്‍കേരളത്തിലെ തനി നാടന്‍ സംസാര ശൈലിയും, വരികള്‍ക്കിടയില്‍ ചിരിപടര്ത്തുന്ന ചില നര്‍മങ്ങളും എല്ലാം കൂടി ചേര്‍ന്ന്, ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നിരയിലേയ്ക്ക് ഈ പുസ്തകത്തിനേയും എത്തിക്കുക തന്നെ ചെയ്യും.
ചോയി മാധവന് അയച്ച കമ്പി എന്താണെന്നറിയാന്‍ കൂട്ടം കൂടുന്നവര്‍ക്കിടയില്‍ നിന്നും കമ്പി തട്ടിപ്പറിച്ചുകൊണ്ടോടുന്ന ജനപ്രതിനിധിയുടെ ശിങ്കിടി ഗോപാലന്‍,ലക്കോട്ട് തേടി മാധവന്‍റെ വീട്ടില്‍ കയറുന്ന ചുമന്ന തോപ്പിക്കരായ ആന്റണി പോലീസും, നാണു പോലീസും ഒക്കെ അവരവരുടെ റോളുകള്‍ ഭംഗി ആക്കിയിരിക്കുന്നു. 


ആദ്യത്തെ ലക്കോട്ടില്‍ എന്താണെന്ന് അറിയാന്‍ വെമ്പി നടക്കുന്ന നാട്ടാര്‍ക്കിടയിലേയ്ക്ക്, ചോയി കൊടുത്തയച്ച രണ്ടാമത്തെ ലക്കോട്ടുമായി പരന്തരീസ്സില്‍ നിന്നും വരുന്ന വളവില്‍ ഡക്ലസ്.!!

***********************
വായനയെ സ്നേഹിക്കുന്ന.......

പുസ്തകങ്ങളെ പ്രണയിക്കുന്ന ഏവര്‍ക്കുമായി....

  *****************************************************************************************************************************************
മുൻ ഭാഗങ്ങൾ:
എന്റെ പുസ്തകം !!- ഭാഗം 1
എന്റെ പുസ്തകം !!- ഭാഗം 2
എന്റെ പുസ്തകം !!- ഭാഗം 3
എന്റെ പുസ്തകം !!- ഭാഗം 4

Thursday, 21 January 2016

എന്റെ പുസ്തകം - രണ്ടാമൂഴം"


                                      ചില പുസ്തകങ്ങള്‍ എത്ര തവണ വായിച്ചാലും പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കാന്‍ കൊതി തോന്നും.എത്ര തവണ വായിച്ചു എന്നറിയില്ല, ഇനി എത്ര ആവര്‍ത്തി വായിക്കും എന്നുമറിയില്ല.അതാണ്‌ എനിക്ക് "രണ്ടാമൂഴം".




ഭീമന്‍റെ ശരീരത്തെയും, ശക്തിയേയും പുകഴ്ത്തി പാടുമ്പോഴും ഒക്കെ മറ്റാരും ആ ശരീരത്തിനുള്ളില്‍ ലളിതമായ ഒരു മനസ്സുണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. ഈ നോവലിലൂടെ സഞ്ചരിക്കുക വഴി, "ഭീമന്‍" എന്ന മനുഷ്യനെ,അവന്‍റെ മനസ്സിനെ കൂടി തിരിച്ചറിയുകയാണ് ഓരോ വായനക്കാരനും.

 
പാഞ്ചാലി എന്ന സ്ത്രീ അപമാനിത ആകുന്നിടങ്ങളില്‍ എല്ലാം രൌദ്ര ഭാവം കൈകൊള്ളുന്ന , കല്യാണ സൌഗന്ധികം തേടി പുറപ്പെടുന്ന ഭീമന്‍ തന്നെ ആണ് പാഞ്ചാലിയെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത്  !!
എന്നാല്‍ , പാഞ്ചാലി സ്നേഹിച്ചത് അര്‍ജ്ജുനനെ മാത്രം !!

 
 അർജ്ജുനനോ യുധിഷ്ഠിരനോ പിന്നിലായി എന്നും "രണ്ടാമൂഴ"ക്കാരന്‍ ആവേണ്ടി വന്നതിന്‍റെ വിഷാദം ഭീമന്‍ സ്വയം ഉള്ളില്‍ ഒതുക്കുന്നു.വായൂ പുത്രന്‍ എന്ന് സ്വയം വിശ്വസിച്ച് നടന്ന തന്‍റെ "പിതൃത്വം" വരെ കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും, നിശബ്ധനായി  എല്ലാം സഹിക്കുകയാണ് ഭീമന്‍ !!
.
രണ്ടാമൂഴക്കാരനായി പോയ ഒരച്ഛന്‍റെ മകനായത്‌ കൊണ്ട് മാത്രം,അഭിമന്യുവിന്‍റെ നിഴലില്‍ മറഞ്ഞു പോയ ഘടോൽഘചന്‍ എന്ന തന്‍റെ മകനെ കുറിച്ച് വേദനിക്കുന്ന ഒരച്ഛനെ ഭീമനിലൂടെ നമ്മുക്ക് ഈ നോവലില്‍  കാണുവാനാകും.
.
.
***********************************************************************************
.
പ്രശസ്തമായ വരികള്‍ :
 
“കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി..."
 
"യുധിഷ്ഠിരന്‍ മുഖമുയര്‍ത്തി നോക്കി... എന്നിട്ട് വളരെ ശാന്തതയോടെ ഒരു വാക്ക് മാത്രം പറഞ്ഞു- ''യുദ്ധം'''

“ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.” 
 
“കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ...” 
 
“കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ...”


"മനസ്സ് ശാന്തം. ഈ വധം ശരിക്കും ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ഇരുട്ടില്‍ നിയമങ്ങളില്ല. മല്ലയുദ്ധതിന്റെ ആചാര്യന്മാര്‍ അതിനെ പൈശാചികമുറയെന്ന് പറയും...."


Friday, 8 January 2016

എന്‍റെ പുസ്തകം- ടോട്ടോചാന്‍


                             ല്ലാവര്ക്കും ഉണ്ടാവില്ലേ ഇഷ്ടപ്പെട്ട,ഒന്നിലധികം തവണ വായിച്ച ചില പുസ്തകങ്ങൾ!! നമുക്ക് ആ വിശേഷങ്ങൾ ഇവിടെ പങ്കുവയ്ക്കാം.പുസ്തകത്തിനെ കുറിച്ചു ഒരു ചെറു വിവരണം.വായിച്ചവർക്ക് ആ പുസ്തകത്തെ കുറിച്ച് ഒന്നും കൂടി ഒര്ക്കുവാനും, വായിക്കത്തവർക്ക് അത് വായിക്കുവാനും ഒരു പ്രേരണ ആവട്ടെ !!



മുടങ്ങാതെ പറഞ്ഞ് തന്നിരുന്ന കഥകളിലൂടെ, പുസ്തകങ്ങളുടെ ലോകത്തിലേയ്ക്ക് കൈപിടിച്ചുയര്ത്തിയ എന്‍റെ മാതാവിന് നന്ദി പറഞ്ഞ് കൊണ്ട്, ആദ്യ പുസ്തകം ആയി "ടോട്ടോ-ചാൻ" അവതരിപ്പിക്കുന്നു.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി ഈ പുസ്തകം വായിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ആദ്യ പതിപ്പ്."ടോട്ടോ-ചാൻ" ജപ്പാനിലെ ബെസ്റ്റ് സെല്ലര്‍ ആണ്.മിക്ക ലോക ഭാഷകളിലും ഇതിന്റെ പതിപ്പുകള്‍ ലഭ്യമാണ്.

"റ്റോമോ" എന്ന സ്കൂളില്‍ എത്തുന്ന കൊച്ചു ടോട്ടോ എന്നാ ജനലക്കരികിലെ വികൃതികുട്ടി,തെത്സുകോ കുറോയാനാഗി ആയി വളര്‍ന്നപ്പോള്‍ , തന്‍റെ പ്രീയ അദ്ധ്യാപകനായ "സോസാകു കൊബായാഷി" എന്ന ഹെഡ്മാസ്റ്ററെ സ്മരിച്ചുകൊണ്ട് തുടങ്ങുന്നു.കുട്ടികള്‍ക്കും, കുട്ടികളെ സ്നേഹിക്കുന്നവര്‍ക്കും പ്രായ ഭേതമന്യേ ഒരു നല്ല വിരുന്നു തന്നെ ആണ് ടോട്ടോച്ചാന്‍.


അമ്മയുടെ വിരലില്‍ തൂങ്ങി ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന കൊച്ചു ടോട്ടോ , ഒരു പെട്ടി നിറയെ ടിക്കറ്റ് നിറച്ചു നില്‍ക്കുന്ന, ടിക്കറ്റ് കളക്ടറെ കണ്ട്
"വലുതാകുമ്പോള്‍ താനും ഇത് പോലെ ടിക്കറ്റ് വില്‍ക്കും , നോക്കിക്കോ" എന്ന് പറയുന്നു.

ഇന്നലെ വരെ ചാര പണിക്കു പോകുന്നു എന്ന് തീരുമാനിച്ചിരുന്ന ടോട്ടോ യോട് അമ്മ അതെ പറ്റി ചോദിക്കുമ്പോള്‍ ,

"അമ്മെ ..അപ്പൊ ടിക്കറ്റ് വിറ്റൊണ്ട് ചാരപണി നടത്താന്‍ പറ്റ്വോ ??" എന്നായിരുന്നു ടോട്ടോയുടെ മറു ചോദ്യം .

അപ്പോള്‍ തന്നെ മേളക്കാരെ കണ്ട അവള്‍ പറയുന്നു
"എന്‍റെ മനസ്സുമാറി,ട്ടോ.ഞാനേയ് , പാട്ടുപാടി ചുറ്റിനടക്കണ ആ ചെണ്ടാക്കാരുടെ കൂടെ കൂടിയാലോന്ന് ആലോചിക്കുവ!"


നിഷ്കളങ്കമായ ചോദ്യങ്ങളും വികൃതികളും ആയി വളരുന്ന ടോട്ടോയുടെ സ്കൂള്‍ ജീവിതം ഏവര്‍ക്കും ഹൃദ്യമായ അനുഭവം തന്നെ ആകും എന്നതില്‍ സംശയം വേണ്ട .



കേരളത്തില്‍ മാത്രം ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം , ഇപ്പോള്‍ നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ആണ് പുറത്തിറക്കുന്നത്.75 രൂപ ആണ് ഇപ്പോളത്തെ വില.ഓണ്‍ലൈന്‍ ആയും ലഭ്യമാണ്.pdf ആയും ഇത് കണ്ടിട്ടുണ്ട്.
വായിച്ചാലും വളരും , വായിച്ചില്ലെലും വളരും 
വായിച്ചാല്‍ വിളയും, വായിച്ചില്ലേല്‍ വളയും!!
എന്നാ പിന്നെ നമ്മുക്ക് വായിച്ചു വളര്‍ന്നു വിളയാം അല്ലെ ??