Friday, 8 May 2015

പൂരവും സൌഹൃതവും പിന്നെ ആബിയും

 
                    നടുവന്‍ തിരുമേനിയുടെ മേലേ കൂടിയ ബാധയെ ഒഴിപ്പിക്കാന്‍ നടത്തിവരുന്ന തിരുമ്മല്‍ മന്ത്രവാദത്തിന്‍റെ രണ്ടാം ഘട്ടത്തിനായി നാട്ടില്‍ എത്തിയതാ.വന്നപാടേ മന്ത്രവാദിയെ വിളിച്ചു നോക്കി.

"അഞ്ചാറു മുട്ടയുമായി അങ്ങോട്ട് പോരട്ടെ?"

വേണ്ട!!
ഇന്ന് നുമ്മ പൂരാണ്ടാ... അതിനിടയില്‍ മുട്ടേം കൊണ്ട് വന്നാല്‍ നിന്‍റെ മര്‍മ്മം ഞാന്‍ കലക്കും.മലയ്ക്ക് പോകാന്‍ തേങ്ങ ഉടയ്ക്കും പോലെ ഫോണ്‍ വീണുടയുന്ന ശബ്ദം.മന്ത്രവാദിക്ക് ബാധ കേറിന്നാ തോന്നുന്നേ.

മന്ത്രവാദി ഇല്ലാതെ എന്തു മന്ത്രവാദം!!

നേരേ ഓടി തൊട്ടടുത്ത തീവണ്ടി ആപ്പീസില്‍ എത്തിയപ്പോളേയ്ക്കും ദേ വരുന്നു,എവിടെയോ കേട്ട് മറന്ന വരികളിലെ പോലെ,

ചുക്... ചുക്... ചുക്... ചുക്, ചുക് ചുക്, ചുക് ചുക്
കൂ...കൂ....................... 
ഝട.. ട്ടട...
കൂ...കൂ....................... 
ഝട.. ഝട..

ഭീമന്‍ ചേട്ടന്‍, ഭൂമി കുലുക്കി.....
ചടപട ചാടി.... കൂകി...പ്പായുന്നേ...............................യ്

ഠട..ട്ടട..ടട ഝട.. ട്ടട... ഠട..

കണ്ണില്‍ തീയോ... തലയില്‍ കൊമ്പോ...
പാളം കീറി, കൂകി പായുന്നേ..............യ്

നിര നിരയായ് പോ...................കും..
പാമ്പിന്‍ മാതിരി അമ്പോ നീ........ളം,

മഴയത്തും വെയിലത്തും 
മടി കൂടാ.................തോടും കെങ്കേ.......മാ........................

ഒരുവട്ടം
നില്ക്കാ മോ? 
കയറട്ടെ...,??
ഞാനും പോന്നോട്ടെ ......??


ചലിക്കുന്ന വൈദ്യുത യന്ത്രസംവിധാന ഘടക ത്തില്‍ ഒരു വിധം കയറി കൂടി, കിട്ടിയ സീറ്റില്‍ കമന്നടിച്ച് വീണു.
അവിടിരുന്നുറങ്ങി.ഉറങ്ങി താഴെ വീണപ്പോ ചാടി എണീറ്റ്‌, ഫ്രണ്ട്സ്സിനെ ഓരോരുത്തരെ ആയി വിളി തുടങ്ങി.
പൂരപറമ്പില്‍ വച്ചൊരു സംഗമം.അതും 15 കൊല്ലങ്ങള്‍ക്ക് ശേഷം!!
ഡിഗ്രിക്ക് കൂടെ വായി നോക്കാന്‍ ഉണ്ടായിരുന്ന എല്ലാ ആപ്പ ഊപ്പകളും എത്തുന്നു.ഡോ.നിവാസ്സ് ബാബുവിനെ ട്രെയിനില്‍ വച്ചേ കിട്ടി.
കോളേജിലെ അന്നത്തെ സുന്ദരികളുടെ പിന്നാലെ നടന്ന കഥകളും,സ്പെഷ്യല്‍ ക്ലാസിന്ന് പോയിട്ട്,ചക്കപഴം ഇട്ടുതിന്നതും,അതേത്തുടര്ന്ന് ഈച്ച ശല്യം കൂടുകയും, എല്ലാവന്മാരെയും ഇറക്കിവിടുകയും ചെയ്തതും,....മാങ്ങ പറിച്ച്ചോണ്ടിരുന്നപ്പോ കരാറുകാരന്‍ പൊക്കിയതും, ചെമ്പരത്തി പൂ വച്ചു ഒരാഴ്ച്ച ക്ലാസ്സില്‍ വന്നതും...... അങ്ങനെ കഥകള്‍ ഓരോന്നായി തിന്നുകൊണ്ട് ... തൃശ്ശൂര്‍ എത്തിയത് അറിഞ്ഞില്ല.

രാമു കാര്യാട്ടിന്റെ കൊച്ചുമോന്‍ എങ്കിലും ഇതുവരെ ഒരു നത്തോലിടെ ഫോട്ടോ പോലും എടുക്കാത്ത കിഷന്‍ ചന്ദ് കാര്യാട്ട് കാറും ആയി സ്റ്റേഷനില്‍.അവിടുന്ന് നേരെ സംഗമം പ്രമാണിച്ച് വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലേയ്ക്ക്.അപ്പോളേയ്ക്കും ബാക്കിയുള്ളവര്‍ ഓരോന്നായി എത്തിത്തുടങ്ങി.

പിന്നെ എല്ലാവന്മാനരും കൂടി കിഷന്‍റെ വീട്ടിലെയ്ക്ക്.അവിടെ ചെന്ന ഉടന്‍ നേരേ അടുക്കളയിലേയ്ക്ക്.ഭക്ഷണം ശരിയാകുന്നതേ ഉണ്ടായിരുന്നുള്ളു.കൈയില്‍ കിട്ടിയ പത്രങ്ങളില്‍, അടുപ്പേല്‍ നിന്നും നേരിട്ട് കുടഞ്ഞിട്ട്, മൂക്കുമുട്ടെ തിന്നിട്ട് ഏമ്പക്കവും വിട്ട ശേഷം, കിഷന്റെ അച്ഛനോടും അമ്മയോടും അല്പ്പം കുശലാന്വേഷണം.ഇങ്ങനുള്ള ദുരന്തങ്ങള്‍ പണ്ടും ഒരുപാട് കണ്ടിട്ടുള്ളതിനാല്‍ , അവര്‍ ഓക്കേ.എന്നാല്‍, കിഷന്റെ ഭാര്യ ഞങ്ങള്‍ പോരുമ്പോളും അമ്പരപ്പില്‍ നിന്നും മോചിത ആയിരുന്നില്ല.

അവിടുന്ന് നേരെ പൂരപറമ്പിലേയ്ക്ക്.
(മേളാസ്വാദകര്‍ )

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇലഞ്ഞിത്തറമേളം തുടങ്ങിയിരുന്നു.
ഒരുവിധം മേളക്കാരെ കാണാം എന്ന ദൂരത്ത്‌ വരെ എത്താനായി.പിന്നെ വെയിലും ദാഹവും ഒക്കെ മറന്നുള്ള ആസ്വദനമായി.താളത്തിന്റെ വേഗ ഗതി മാറി മറിഞ്ഞുകൊണ്ടിരുന്നു.ചിലപ്പോള്‍ ഹനുമാന്‍ ഗീയറില്‍ കാണികളെ ആവേശ കൊടുമുടിയുടെ മുകളില്‍ വരെ കൊണ്ടെത്തിക്കും.പിന്നെ ആമ വേഗത്തില്‍ ഇഴയും.പെട്ടന്ന്,തന്നെ മൂട്ടില്‍ തീ പിടിച്ച റോക്കറ്റ് പോലോരു പാച്ചിലാ.ഇതിനൊക്കെ അനുസ്സരിച്ച് എന്റെട ഹൃദയവും താളം പിടിക്കുന്നുണ്ടോ എന്നൊരു സംശയം.ഒടുവില്‍...,
ICU വും CCU വും ഒക്കെ മനസ്സിലോടിയെത്തിയപ്പോള്‍ ഹൃദയം അടങ്ങി.
ഒരു പഞ്ചിനായി 5-6 കിളികളെ കൂടി വായി നോക്കിയപ്പോ ചങ്ങായി ഫ്ളാറ്റ്!!
(കതിനാ വെടിക്കാരന്‍റെ അഭ്യാസങ്ങള്‍ )

മേളം തീരും മുന്നേ കളം വിട്ടു.കുടമാറ്റം അടുത്ത് കാണണ്ടേ!!
പോകും വഴി, ആരോ തോട്ടി ഇട്ട് വലിച്ച പോലെ നീളമുള്ള ചില വിദേശികള്‍, കളസ്സവും ഇട്ട്, തുമ്പികൈടെ നീളമുള്ള ക്യാമറയും തൂക്കി മ്ണാക്ക്... മ്ണാക്ക് എന്നും പറഞ്ഞ് പോകുന്നത് കണ്ടു.പോക്ക് കണ്ടാല്‍ വെയിലുകൊണ്ട് കറുത്ത ആനയെ വീശി കൊടുക്കാന്‍ പോകുവാന്നെ തോന്നൂ.
ഊളകള്‍!!
(വെടിക്കെട്ടിനായുള്ള ഒരുക്കങ്ങള്‍)
പോകുന്ന വഴി , വെടിക്കെട്ടിനായുള്ള കുഴികളും അവയില്‍ മഴ നനയാതെ, ഇരിക്കാന്‍ വച്ചിരിക്കുന്ന അടപ്പുംകളും കൌതുകം ഉണര്‍ത്തുന്നതായിരുന്നു.

************
(കുടമാറ്റത്തിനായി ആനകള്‍ തെക്കേ നടയിലൂടെ പുറത്തേയ്ക്ക് വരുന്നു)

അങ്ങനെ കുടമാറ്റം തുടങ്ങുന്നു.മരുഭൂമിയിലേയ്ക്ക് മണല് കൊണ്ടുവന്ന ലോറി മറിഞ്ഞത് പോലെ ജനത്തിരക്ക്.വലിയോരാരവത്തിന്‍റെ അകമ്പടിയോടെ കുടമാറ്റം തുടങ്ങി.ഒരു കൊല്ലം ഉപയോഗിച്ച ഡിസൈന്‍, പിന്നീട് ഒരിക്കലും ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുവാന്‍ പറ്റുന്ന വര്‍ണ്ണപൂരം എന്നുതന്നെ പറയാം. ബള്‍ബുകള്‍ വച്ചതും, ഭദ്രകാളി രൂപമുള്ളതും,പല നിലകള്‍ ഉള്ളതും,.....അങ്ങനെ പോകുന്നു കുട കാഴ്ചകള്‍.
(കുടമാറ്റം)

പിന്നെ വീണ്ടും റൂമിലേയ്ക്ക്.

കുളിച്ച് ഫ്രഷ്‌ ആയി, എല്ലാവരും കൂടി പാചകം.ഓരോരുത്തര്‍ അവരവരുടെ പാചക പരീക്ഷണങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ വിഭവങ്ങള്‍ പലതരം.
പിന്നെ പഴയ കഥകളും,പൊട്ടിച്ചിരികളും, വെടിവട്ടവും ഒക്കെ ആയി മണിക്കൂറുകള്‍ പോയതറിഞ്ഞില്ല.

പൂര നഗരിയിലെ മണികണ്ഠന്‍ ആലിനെ കുറിച്ച് ആരോ പറഞ്ഞത് കേട്ട് എല്ലാരും കുറേ ചിരിച്ചു.
ആ ആലിന് ആ പേര് വന്നതിന്‍റെ  പിന്നിലെ കഥ ആണ് ചിരി പടര്‍ത്തിയത്.
പണ്ട് മുതലേ ആളുകള്‍ അതിനു ചുവട്ടില്‍ ഒന്നാം ക്ലാസ്സില്‍ പോകുമായിരുന്നു അത്രേ.അങ്ങനെ പല മണികള്‍ മാറി മാറി കണ്ടതിനാല്‍ ആണത്രേ ആ പേര് വന്നത്

പിന്നെയും കഴിഞ്ഞ കാലത്തിലെ പല കഥകളും പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ ആരോ സമയം 3 കഴിഞ്ഞു എന്ന് പറഞ്ഞു.പുലര്‍ച്ച വെടിക്കെട്ട്‌ കാണാനുള്ള സമയം ആയി.എല്ലാവരും കൂടി വീണ്ടും പൂരപറമ്പിലേയ്ക്ക്.വെടിക്കെട്ട്‌ കണ്ടു കഴിഞ്ഞപ്പോളെയ്ക്കും കണ്ണുകള്‍ അടഞ്ഞ് തുടങ്ങിയിരുന്നു.എത്രയും വേഗം റൂമില്‍ എത്തണം.പിന്നൊരു പാച്ചിലാരുന്നു.റൂമില്‍ എത്തിയതും ഓരോരുത്തര്‍ ആയി കട്ടിലിലേയ്ക് മറിഞ്ഞു.പൂരത്തിന് കണ്ട എല്ലാ മത്സരങ്ങളേയും വെല്ലുന്ന ഒരു മത്സരംആയിരുന്നു പിന്നീട്‌ അവിടെ നടന്നത്.കൂര്‍ക്കംവലി മത്സരം.
(വെടിക്കെട്ട് ആസ്വദിക്കുന്നവര്‍)

വിജയി ആരെന്നു നിര്‍ണ്ണയിക്കാനാവാത്ത കടുത്ത മത്സരത്തിനൊടുവില്‍, പത്ത് മണിയോടെ ആ ചടങ്ങും അവസാനിച്ചു.
എണീറ്റപ്പോള്‍, പൂരത്തിന് നടന്ന സംഗമത്തിന്റെ ഓര്‍മ്മയ്ക്കായി, എല്ലാവര്‍ക്കും ഉള്ള സ്നേഹോപകാരം മേശമേല്‍ തയാര്‍,പല്ല് തേക്കാന്‍ ഉള്ള ബ്രഷ്!!!
പല്ല് തേച്ച ഉടന്‍ പഴയ ആ അസുഖം പിന്നെയും തല പൊക്കി.
വിശപ്പ് !!

തലേന്ന് ചില മുന്‍ കരുതല്‍ ഉണ്ടായിരുന്നത് കൊണ്ട്,പരസ്പരം വിഴുങ്ങുന്നത് ഒഴിവായി.ഉള്ളത് കൊണ്ട് കുംഭ നിറച്ച്,ഉച്ചയ്ക്കത്തേയ്ക്കുള്ളതും തയാറാക്കി വച്ചിട്ട് വീണ്ടും ചില കൊച്ചു വര്ത്ത മാനങ്ങള്‍.ചിരിയും പൊട്ടിച്ചിരിയും ഒക്കെ ആയി കുറേ സമയം കൂടി.അപ്പോളേയ്ക്കും ഉച്ച വിശപ്പ് കയറിയിരുന്നു.ഉള്ളത് പങ്കുവച്ച് കഴിച്ച്, മുറി ആകെ ഒന്ന് വൃത്തി ആക്കിയ ശേഷം, എല്ലാവരും മടക്ക യാത്രയ്ക്ക് ഒരുങ്ങി.പതിനഞ്ചും പതിനേഴും ഒക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം, തമ്മില്‍ കണ്ടുമുട്ടിയതിന്റെ സന്തോഷത്തില്‍ ആണെങ്കിലും.........,
ഇനി എല്ലാ കൊല്ലവും നമുക്ക് ഇങ്ങനെ കൂടണം എന്ന് പറഞ്ഞ്, 
പരസ്പരം കെട്ടിപിടിച്ച് കൊണ്ട്,...
പോകട്ടേടാ... എന്ന് പറഞ്ഞ് പിരിയുമ്പോള്‍,
സൌഹൃതത്തിന്‍റെ മാസ്മരികതയില്‍ മതിമറന്നോ എന്നറിയില്ല.....
എല്ലാവരിലും ഒരു ചെറു വിഷാദം പടര്‍ന്നിരുന്നു.കാലം ഒരുപാടു മാറ്റങ്ങള്‍ അടിച്ചേല്പ്പി ച്ചു എങ്കിലും, അന്നത്തെ ആ സൌഹൃതം, ഇന്നും ആ കോളേജ് അങ്കണത്തില്‍ തന്നെ നില്‍ക്കുന്നുണ്ടല്ലോ- ഒരു മാറ്റവും കൂടാതെ എന്ന ചിന്തയില്‍ പരസ്പരം തിരിഞ്ഞ് നോക്കി കൈ വീശി കൊണ്ട്..... 
ഏവരും പല വഴി പിരിഞ്ഞു പോയി.

ഇനി ഒരു സംഗമം വരെ കാത്തിരിക്കാനുള്ള മനസ്സോടെ തന്നെ!!!
************** 
സമയം 4 pm.പൂര നഗരിയുടെ ഹൃദയ വഴിയിലേയ്ക് കടക്കുമ്പോള്‍ തന്നെ, പ്രീയ ഗഡിയെ വിളിച്ചു.ഫോണില്‍ കൂടി വഴി പറഞ്ഞതനുസരിച്ച് ഗഡിയുടെ ഓഫീസ് കെട്ടിടത്തിനു താഴെ തന്നെ കാര്‍ നിര്ത്തി തന്നു കിഷന്‍.

ഫോണ്‍ വിളിച്ച്‌ ഗഡിയോട് ഇറങ്ങി വരാന്‍ പറഞ്ഞപ്പോ....,

ഞാനങ്ങട്ട് വരില്ലാട്ടാ... നീ വേണേല്‍ ഇങ്ങട് വന്നാ... എന്ന് പറഞ്ഞ് ഭീഷണി. ശരി പോയി കാണാം എന്ന് കരുതി നോക്കുമ്പോള്‍... ലിഫ്റ്റ് ഇല്ല.എന്‍റെ ആ പഴയ ശത്രു എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് കിടക്കുന്നു. ശത്രുവിന്‍റെ ഓരോ പടികളായി ചവുട്ടി മെതിച്ച് മുകളില്‍ എത്തിയപ്പോള്‍ ദേ ഗഡി അപ്പോളും പുറത്ത് വരണില്ല.ശബ്ദം മാത്രം കേള്ക്കാം.നോക്കുമ്പോള്‍ ഒരു ചേച്ചി ഇറങ്ങി വന്ന് കൂട്ടികൊണ്ട് പോകുന്നു.ഞാന്‍ കരുതി ഹോ.., ഗഡി വലിയ പുള്ളിയാട്ടോ.സ്വന്തമായി PA ഒക്കെ ഉണ്ടല്ലോ!!

വാതില്‍ കടന്ന് അകത്ത് കടന്നതും ദേ നില്ക്കു ന്നു പാടത്ത് വച്ച കോലം കണക്കെ നമ്മുടെ സ്വന്തം ഗഡി ആബി”- അബിത സുരേഷ്!!

അപ്പോളല്ലേ കാര്യം പിടികിട്ടിയത്, പുള്ളിക്ക് കാലേല്‍ ആണി രോഗം പിടിച്ചു.അതല്ലേ ഇറങ്ങി വരാത്തത്!!

നിന്ക്കെന്തൂട്ട വേണ്ടേ... ? ചായ പറയട്ടെ .... നല്ല വട കിട്ടൂടാ പരട്ടെ.വാങ്ങട്ടെ?”
പണ്ടേ ആക്രാന്തം കൂടുതലുള്ള എന്റെ വായില്‍ 5-6 കപ്പല്‍ ഒരുമിച്ചോടി നടന്നു.
ഗഡി ,ഓഫീസ് ഫോണ്‍ എടുത്ത് എങ്ങോട്ടോ വിളിക്കുന്നു.എന്തൊക്കെയോ ഓര്‍ഡര്‍ ചെയുന്നു.
(അബിത ബാധ ഏറ്റു വങ്ങേണ്ടി വന്നതിന്‍റെ ദുഃഖവും പേറി ബിന്ദുവേച്ചി)

ആബി ഒരു സംഭവം തന്നെയാ,ഒറ്റ ഫോണ്‍ വിളിയില്‍ ഇരിപ്പിടത്ത് ഭക്ഷണം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ട് ഞാനെന്‍റെ കപ്പലോട്ടം തുടര്‍ന്നു.

സുഹൃത്തില്‍ നിന്നും കിട്ടിയ ചങ്ങാതിമാരില്‍ , ആദ്യമായിട്ട് നേരില്‍ കാണുന്ന മുതലല്ലേ .., ആല്പസമയം കൊണ്ട് തന്നെ എന്നെ കൊണ്ട് രണ്ടു കുഞ്ഞു കുപ്പി നിറച്ചും വെള്ളം കുടിപ്പിച്ചു.ചുരുങ്ങിയ സമയം കൊണ്ട് കുറേ വിശേഷങ്ങള്‍.അതിനിടയില്‍ സന്തോഷത്തോടെ വാങ്ങണം എന്നും പറഞ്ഞ് , ഏതോ കൂടോത്രം എനിക്ക് സമ്മാനമായി തന്നു.
(അഭിതോപഹാരം)
തുറന്നു നോക്കിയപ്പോ കോഴി യുടെ പടം വരച്ച്, താഴെ അരപിരി എന്നെഴുതിയ ഒരു തോര്‍ത്തിന്‍റെ വലുപ്പമുള്ള കര്‍ചീഫ്.

അപ്പോളേയ്ക്കും , മുന്‍‌കൂര്‍ പറഞ്ഞുറപ്പിച്ചു വച്ചിരുന്നതനുസരിച്ച്, ഒരുത്തന്‍ വന്ന് പറഞ്ഞു...

ചേച്ചി.... പറഞ്ഞ ഓര്‍ഡര്‍ എല്ലാം ക്യാന്സണല്‍.അതില്‍ പറഞ്ഞ പലഹാരങ്ങള്‍ എല്ലാം തീര്‍ന്നു.

പിന്നെ അവന്‍ കുറച്ച് നേരം തല ചൊറിഞ്ഞു നിന്നുകൊണ്ട് എന്തോ ആലോചിച്ചു.

ചേച്ചി... വേറെന്തോ കൂടി പറയണം എന്ന് പറഞ്ഞാരുന്നല്ലോ!!

ശൊ!!, മറന്ന് പോയല്ലോ 
ങാ..... കിട്ടി ,

ചേച്ചി.... ചായയും തീര്‍ന്നുട്ടാ 

വായില്‍ ഓടി ക്കൊണ്ടിരുന്ന കപ്പലുകള്‍ ഒരുമിച്ച് മുങ്ങിതാണു!!
ചുമ്മാതല്ല , 2 കുപ്പി വെള്ളം കുടിക്കാന്‍ തന്നത്.ഇങ്ങനൊരു തേപ്പ് മുന്നില്‍ കണ്ടുകൊണ്ടു തന്നെ !!

ആന കൊടുത്താലും കിളിയേ..... ആശ കൊടുക്കാമോ....?” എന്ന പാട്ടും പാടി ഞാന്‍ പടികള്‍ ഇറങ്ങി.
ആബി തേച്ചെങ്കിലും , പടികള്‍ക്ക് താഴെ ഒരു കുട്ടികൊമ്പന്‍ ഡാന്‍സ്സും ,ചില വികൃതികളും ആയി കാത്ത് നിന്നിരുന്നു.
(കുട്ടിക്കോമ്പന്‍റെ കുറുമ്പുകള്‍)

****************

ഓടി പിടു പിടുത്ത്,പൂങ്കുന്നം സ്റ്റേഷനില്‍ എത്തി, ചലിക്കുന്ന വൈദ്യുത യന്ത്രസംവിധാന ഘടക ത്തിനായി കാത്ത് നിന്നു.അല്പ്പംയ കഴിഞ്ഞ് കൂകി കൊണ്ട് ദേ വരുന്നു കക്ഷി.

പാളത്തിന്മേടല്‍ പായും വണ്ടി..
നീണ്ട വണ്ടി...., തീവണ്ടി...,

തീയും വേണ്ട, കരിയും വേണ്ട...,
ഡീസ്സല് പോലും വേണ്ടിപ്പോള്‍.

കരണ്ട് മോന്തി കുടിച്ച് കൊണ്ട് 
കറങ്ങീടുന്നു സഞ്ചാരി .

ദേശം ദൂരം, വേഷം ഭാഷ 
എല്ലാം ഇവനില്‍ ഒരുപോലെ


എവിടെയോ പഠിച്ചു മറന്ന ആ വരികള്‍ മനസ്സില്‍ പാടിക്കൊണ്ട് മെമുവില്‍ കയറി വീട്ടിലേയ്ക്ക്.....
ചില പൂരകഴ്ചകളും , അതിലുപരി.........
കൂടെ പഠിച്ചവരോടും, ആബി യോടും ഒപ്പം ചിലവഴിച്ച ആ നല്ല നിമിഷങ്ങളും അയവിറക്കിക്കൊണ്ട് ....,ചെറിയൊരു മയക്കത്തിനായി കണ്ണുകള്‍ അടയ്ക്കുമ്പോള്‍....

"ഈ നല്ല ഓര്‍മ്മകള്‍ ഒരിക്കലും മായരുതേ, ഞാന്‍ മരിക്കുവോളം!!" എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ നിറയെ ..........

******************************************************************************************************************

Friday, 17 April 2015

യക്ഷിയമ്മ



                                      ഇരുട്ടിന്റെ മൂടുപടം ചൂടിതുടങ്ങിയ ആ വനാന്തരത്തിലേയ്ക്ക്,പതിവ് സന്ദര്‍ശകനായ ഇളംതെന്നലിന്‍റെ കൈയും പിടിച്ച് മറ്റൊരാള്‍ കൂടി കടന്നെത്തി.ഒരു കുഞ്ഞു പൈതലിന്റെ മുല്ലപൂമോട്ടുകള്‍ പോലത്തെ ഇളം പല്ലുകളില്‍ തട്ടിചിതറി പുറത്തെത്തിയ കിളി കൊഞ്ചലുകള്‍!!
മയക്കത്തിനിടയില്‍ ആരോ അവിടെ ഉപേക്ഷിച്ചതാണ് ആ കുഞ്ഞു മാലാഖയെ.ഉറക്കമുണര്‍ന്നപ്പോള്‍ തന്‍റെ മേലെ ഇടയ്ക്കിടയ്ക് വന്നു പതിക്കുന്ന, ആ പൂമരത്തിലെ ചുവപ്പ് പൂവുകള്‍ കണ്ട് ചിരിക്കയാണ്,ഒപ്പം മരച്ചില്ലയില്‍ ഇടയ്ക്കിടെ പറന്നെത്തുന്ന നീണ്ട ഇരട്ട വാലന്‍ മഞ്ഞകിളിയോട് കിന്നാരം പറയുന്നുമുണ്ട്.ആ ചിരി എറ്റെടുത്ത് കൊണ്ട് വാനില്‍ പ്രകാശിപ്പിച്ചു ചന്ദ്രിക.മഴപ്രവാചകരായ ചിലരുടെ പ്രവചനങ്ങള്‍ക്ക് പശ്ചാത്തലം പാടിക്കൊണ്ട് അങ്ങും ഇങ്ങും ആയി ചില ചീവീടുകള്‍ തല ഉയര്‍ത്തിതുടങ്ങി.
******
കാറ്റിന്റെ താളത്തിനൊത്ത് ആടുന്ന മറ്റ് മരങ്ങള്‍ക്കൊപ്പം ആ കരിമ്പനയും!!
ആ കരിമ്പന മുകളില്‍ നിന്നും താഴെയെത്തിയ യക്ഷിയമ്മ, ചോരയുടെ മണം പിടിച്ച്കൊണ്ട് കാറ്റിനെതിരെ പാഞ്ഞു.ദംഷ്ട്രകള്‍ നിലാവെട്ടത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.നിലംമുട്ടെ വളര്‍ന്നു കഴിഞ്ഞ  മുടിയിഴകള്‍ കാറ്റില്‍ ആടി ഉലഞ്ഞു.കൂര്‍ത്ത നഖങ്ങള്‍, മാംസ ദാഹത്താല്‍ കാറ്റില്‍ സീല്ക്കാരമുണ്ടാക്കിക്കൊണ്ടിരുന്നു
********
വെണ്ണ തോല്‍ക്കും മൃദുലതയോടെ,നിഷ്കളങ്കമായി ചിരിച്ചു കളിക്കുന്ന ആ പൈതലിനെ കണ്ടതും,കുഞ്ഞിനടുത്തായി മുട്ടുകുത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ ചുടു നിശ്വാസം കുഞ്ഞിന്‍റെ മുഖത്ത് പതിച്ചു.അവള്‍ യക്ഷിയമ്മയെ തുറിച്ചുനോക്കി.പിന്നെ ആ കുഞ്ഞു മുഖത്തൊരു പാല്‍ പുഞ്ചിരി പടര്‍ന്നു.പുഞ്ചിരിയില്‍ മയങ്ങിയ ദംഷ്ട്രകള്‍ താനേ ഉള്‍വലിഞ്ഞു.കാലുകളാല്‍ അവള്‍ യക്ഷി അമ്മയുടെ മാറില്‍ തൊഴിച്ചു.കൈകളാല്‍ അവള്‍ യക്ഷിയമ്മയുടെ മൂക്കില്‍ പിടിച്ച് വലിച്ചു.പെട്ടെന്നവളെ കോരിയെടുത്ത് നിവര്‍ന്നു യക്ഷിയമ്മ.നെഞ്ചോടു ചേര്‍ത്ത് പിടിക്കുമ്പോള്‍, തന്നിലെ ചോരകൊതി എങ്ങോപോയി മറയുന്നത് യക്ഷിയമ്മ അറിഞ്ഞിരുന്നില്ല.ആ മുഖം ശാന്തമായി കഴിഞ്ഞിരുന്നു.തന്‍റെ മാറിടത്തില്‍ ആ കുഞ്ഞു തപ്പുമ്പോള്‍ , ആ മുലകച്ചയ്ക്കുള്ളിലൂടെ തന്‍റെ സിരകലിലേയ്ക്ക് പറഞ്ഞറിയിക്കനാവത്ത ഒരു തരിപ്പ് പടരുന്നതവള്‍ അറിഞ്ഞു.അന്നാദ്യമായി മാതൃവാത്സല്യം ആ മുലകളില്‍ വന്നു നിറഞ്ഞു.ആ കുഞ്ഞിനെ നെഞ്ചോട് ചെര്‍ത്തുതന്നെ യക്ഷിയമ്മ കരിമ്പന ചുവട്ടിലെത്തി.
******************

പിന്നീട് ആ കാട്ടില്‍ ഉത്സവമായിരുന്നു.കാടിന്‍റെ ഓമനയായി അവള്‍ മാറി,യക്ഷിയമ്മയുടെ സ്വന്തം പാറു, പാറുകുട്ടി!!
കാട്ടിലെങ്ങും സന്തോഷം പരത്തി.... ശലഭങ്ങള്‍ക്കൊപ്പം അവള്‍ പാറിനടന്നു.അവള്‍ക്കൊപ്പം ഓടാനും ചാടാനും ഒക്കെ മാങ്കുട്ടികളും മുയലുകളും തമ്മില്‍ മത്സരമായി.വൃക്ഷലതാതികള്‍ പൂക്കളാല്‍ ആലങ്കരിക്കപ്പെട്ടു.പക്ഷികളാവട്ടെ അവള്‍ക്കായി, കുയിലിന്റെ നേതൃത്വത്തില്‍  പാട്ടുകളും,മയിലിന്‍റെ നേതൃത്വത്തില്‍ നൃത്തങ്ങളും ഒരുക്കി.യക്ഷിയമ്മയുടെ സന്തോഷത്തില്‍ പങ്കുചേരാനെന്നപോലെ,വെള്ളയും നീലയും വൈലറ്റും ഒക്കെ ചേര്‍ന്ന മനോഹരമായ പുഷ്പങ്ങളാല്‍, പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് പനകളും പൂത്തുലഞ്ഞു.

യക്ഷിയമ്മയകട്ടെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന, വലിയ മാവിന്‍ തണലില്‍, മണ്ണുകുഴച്ച് വൃത്താകൃതിയില്‍ ചുമര് കെട്ടി, ഉണക്ക പുല്ലും പനയോലയും ചേര്‍ത്ത് മേഞ്ഞൊരു കുടിലു കെട്ടി, അവിടായി പിന്നെ അവര്‍ താമസ്സം.
ഋതുക്കള്‍ മാറിക്കൊണ്ടിരുന്നതിനൊപ്പം പറുകുട്ടിയും വളര്‍ന്നുതുടങ്ങി.  എന്നും രാവിലെ പാറുകുട്ടിടെ  മുടി വകഞ്ഞൊതുക്കി, അവള്‍ക്കായി  ശേഖരിച്ച പൂക്കളാല്‍ മാല കെട്ടി, മുടിയില്‍ ചൂടി കൊടുക്കും യക്ഷിയമ്മ. അപ്പൂപ്പന്‍ താടികള്‍ ചേര്‍ത്ത് വച്ച് കുഞ്ഞുടുപ്പുകള്‍ നെയ്തു. അവളോടൊപ്പം കളിക്കും,കഥകള്‍ പറഞ്ഞ് കൊടുക്കും,പാലും പഴങ്ങളും കൊടുത്ത് വയറു നിറച്ച്, താരാട്ട് പാടി ഉറക്കും.
കുറച്ചും കൂടി വളര്‍ന്നപ്പോള്‍, അവള്‍ക്കായി മാവിന്‍ കൊമ്പില്‍, കാട്ടുവള്ളികള്‍ പിരിച്ചോരൂഞ്ഞാല്‍ കെട്ടികൊടുത്തു.കിളികള്‍ക്കൊപ്പം ആടാനും പാടാനും ഒക്കെ അവള്‍ പഠിച്ച് തുടങ്ങി.വര്‍ഷങ്ങള്‍ അവളെ കൌമാരാത്തിലെത്തിച്ചു.ഭൂമിയിലെത്തിയ മാലാഖയെ പോലെ അവള്‍ കാട്ടിലെങ്ങും പാറിനടന്നു.
**************
പതിവ് വിട്ട് ഒരുനാള്‍ അവള്‍,ഒരു മാന്‍പേടയോടോപ്പം കളിച്ചു കളിച്ച് കാടിന്റെ അതിര്ത്തിയിലെത്തിച്ചേര്‍ന്നു.മകള്‍ക്കായി ആഹാരം ഒരുക്കുന്ന തിരക്കിലാരുന്ന യക്ഷിയമ്മ, പാറുകുട്ടിയില്ലാതെ ഓടി കിതച്ചെത്തിയ മാന്‍പേടയെ കണ്ടു പിടഞ്ഞെണീറ്റു.മാനിന്‍റെ ദേഹം മുഴുവന്‍ ക്ഷതമേറ്റ പാടുകള്‍!! മാന്‍പേട വന്ന ദിക്ക് നോക്കി അവള്‍ പാഞ്ഞു.
*******
അകലേന്നേ കണ്ടു തന്‍റെ പാറുകുട്ടി നിലത്ത് വീണു കിടക്കുന്നത്!!ഓടിച്ചെന്നു വാരിയെടുത്ത് ഉറക്കെ വിളിച്ചു.
“മോളെ പാറൂ............. പാറുകുട്ടീ....
കണ്ണ് തുറക്ക് മോളെ...
ന്‍റെ കുട്ടിക്കെന്താ പറ്റിയേ.....?
കണ്ണ് തുറക്ക് പാറു.....
പാറുകുട്ടി...... കണ്ണ് തുറക്ക്, യക്ഷിയമ്മയെ ഒന്ന് നോക്ക് മോളേ...
പാറുകുട്ടീ...........”
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു കൊച്ചു കുട്ടിയേ പോലെ അവള്‍ മടിയില്‍ കിടക്കുന്ന മകളെ നോക്കി പൊട്ടികരഞ്ഞു.പക്ഷികളും മൃഗങ്ങളും ഓടി കൂടി.യക്ഷിയമ്മയുടെ സങ്കടം കാണവയ്യാതെ അകലെ നിന്നൊരു കതിരുകാണാകിളി ഉറക്കെ കരയുന്നുണ്ടാരുന്നു.പാറുകുട്ടിയുടെ ചലനമറ്റ ശരീരവും താങ്ങി യക്ഷിയമ്മ തന്‍റെ കുടിലിലെത്തി.അന്ന് രാത്രി മുഴുവന്‍ ആ വളര്ത്തമ്മ മകളേയും കെട്ടിപിടിച്ചു കരഞ്ഞു.
********
പിറ്റേന്ന് ആ അമ്മ മകളുടെ ശരീരം മാവിന്‍ തണലില്‍ തന്നെ മറവുചെയ്തു.മകള്‍ക്ക് ഏറ്റവും ഇഷ്ടം ആ മാവായിരുന്നു.അതിലെ പഴങ്ങളും!! മകള്‍ക്ക് തിന്നുവാനായി ഏതാനും പഴങ്ങളും,മുടിയില്‍ ചൂടാനായി പൂമാലയും ഒരുക്കി മറവ് ചെയ്തതിനു മുകളില്‍ വച്ച്, അല്‍പനേരം മൂകയായി നോക്കി നിന്ന ശേഷം,അവള്‍ തിരിഞ്ഞ് നടന്നു.കുടിലിനുള്ളില്‍ കയറി വാതിലടച്ചു.യക്ഷിയമ്മയുടെ തേങ്ങലുകള്‍ ആ ചുമരില്‍ ചെര്‍ന്നില്ലാതായി.എങ്ങും മൂകത പടര്‍ന്നുപിടിച്ചു. പതിവിലും നേരത്തേതന്നെ സന്ധ്യ മയങ്ങി തുടങ്ങി.ദീര്‍ഘ നേരത്തെ മൂകതയ്ക്ക്‌ ശേഷം യക്ഷിയമ്മ പുറത്തെത്തി.
*******
മകള്‍ക്ക് വേണ്ടി പണിത ആ കുടില്‍ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് അവള്‍ കരിമ്പന മുകളിലെത്തി.അപ്പോളേയ്ക്കും ആകാശം ഇരുണ്ടുമൂടിതുടങ്ങി.ചെറിയൊരു മര്‍മരത്തോടെ കാറ്റ് വീശിത്തുടങ്ങി.പൊടുന്നനെ, ആ കുടിലും തകര്‍ത്ത് കൊണ്ട് ഊഞ്ഞാല് കെട്ടിയിരുന്ന ആ കൊമ്പോടിഞ്ഞു കുടിലിന്‍ മേലെ വീണു.പക്ഷികളും മൃഗങ്ങളും പേടിച്ച് നാനവഴി പാഞ്ഞു.അപ്പോളേയ്ക്കും കരിമ്പന മുകളില്‍ നിന്നും യക്ഷിയമ്മ താഴെ എത്തിയിരുന്നു.

********
വാത്സല്യം നിറഞ്ഞ്തുളുമ്പിയിരുന്ന ആ മുഖം വലിഞ്ഞു മുറുകി. പുരികക്കൊടികള്‍ വളഞ്ഞോടിഞ്ഞു തമ്മില്‍ കൂട്ടി മുട്ടി.കണ്ണുകളിലെ സ്നേഹാര്‍ദ്രത വറ്റിവരണ്ടു.പകരം ചുമപ്പ് പടര്‍ത്തിക്കൊണ്ട് ക്രോധരക്തം നുരഞ്ഞു കയറി കണ്ണുകള്‍ വികസിച്ചു.ചുണ്ടുകളില്‍ വന്യത നിറഞ്ഞു.ആ വന്യതയ്ക്കിടയിലൂടെ,ഒരു വ്യാഴവട്ടത്തിനു ശേഷം ദംഷ്ട്രകള്‍ പുറത്തേയ്ക്ക് നീണ്ടു. ശ്വാസോച്വാസ ഗതി ഭയാനകമായ സീല്ക്കരമായി മാറി.മുടിയിഴകള്‍ കാറ്റില്‍ പാറികളിച്ചു.മാതൃത്വം ചുരത്തിയിരുന്ന ആ നെഞ്ചിനുള്ളില്‍ പ്രതികാരാഗ്നി കത്തിജ്വലിച്ചു തുടങ്ങി.വിരലുകളില്‍ ചോര പൊടിച്ചുംകൊണ്ട് കാരിരിമ്പുപോലെ കൂര്‍ത്ത നഖങ്ങള്‍ പുറത്തെത്തി.മകളുറങ്ങുന്ന മണ്ണില്‍നിന്നും ആ കാലുകള്‍ വായുവിലേക്ക് ഉയര്‍ന്നുവന്നു. തന്‍റെ പൊന്നോമനയായി കാട്ടിലോടി നടന്നിരുന്ന ആ മാലഖകുട്ടിയുടെ മുഖമല്ലായിരുന്നു അപ്പോള്‍ യക്ഷിയമ്മയുടെ മനസ്സില്‍ നിറയെ,മറിച്ച്.....
വസ്ത്രങ്ങള്‍ പിച്ചിചീന്തപ്പെട്ട്,ദേഹം മുഴുവന്‍ നഖക്ഷതങ്ങളും കടിയും ഏറ്റ്,ആരുടെയൊക്കെയോ കാമാര്‍ത്തി ഏറ്റുവാങ്ങി,ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ നിസഹായത നിറഞ്ഞ കുറേ നിമിഷങ്ങളായിരുന്നു.
മാനത്തിനു വേണ്ടി കെഞ്ചുന്ന നിമിഷങ്ങള്‍!!
ജീവനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങള്‍!!
ആ നിമിഷങ്ങള്‍, മകളുടെ വിരഹവേദനയില്‍ പുളഞ്ഞിരുന്ന യക്ഷിയമ്മയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതികാരദാഹിയായ ഒരുഗ്രമൂര്‍ത്തിയായി മാറ്റുകയായിരുന്നു.
***********
വനാതിര്‍ത്തിക്കപ്പുറമുള്ള ആ കൊച്ചു ഗ്രാമത്തില്‍ ചേക്കേറിയിരുന്ന പക്ഷികള്‍ എങ്ങോട്ടോ പറന്നു തുടങ്ങി.നായക്കള്‍ ഓരിയിടാന്‍ തുടങ്ങി.കേട്ടിടിട്ടിരുന്ന പശുക്കളും മറ്റും കയറുപോട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.വിജയിച്ചവര്‍ ഗ്രാമം വിട്ട് ഓടാന്‍ തുടങ്ങി.പരാജയപ്പെട്ടവരുടെ ദീനരോദനം ഉറങ്ങികഴിഞ്ഞിരുന്ന ആ ഗ്രാമത്തെ ഉണര്‍ത്തി.എന്തോ ആപത്തിന്‍റെ മുന്നോടി എന്നപോലെ ദു:ശകുനങ്ങള്‍!!
എങ്ങും കുറ്റാകൂരിരുട്ട്!!
കരിപുരണ്ട ആകാശത്ത് ഇടയ്ക്കിടയ്ക്ക് വെള്ളിടി മുഴങ്ങുന്നുണ്ടായിരുന്നു.മിന്നല്‍ വെളിച്ചത്തില്‍, നരിചീറുകള്‍ ചീറിപായുന്നത് കാണാമായിരുന്നു.അങ്ങകലെ നിന്നേതോ കോഴി കാലന്‍കൂവുന്നുണ്ടായിരുന്നു.ഗ്രാമത്തിനു ചുറ്റും നരികള്‍ നിരന്നു.മെല്ലെ തുടങ്ങിയ കാറ്റ് പിന്നീട് ചുഴലിയുടെ രൂപംകൊണ്ട്, പൊടികളും ഇലകളും എന്തിനേറെ,കുടിലുകളുടെ മെല്ക്കൂര വരെ തന്നിലേയ്ക്കടുപ്പിച്ചുകൊണ്ട് ആകാശംമുട്ടെ ഉയര്‍ന്നു തുടങ്ങി.കാറ്റിനകമ്പടി ആയി പിന്നീടെത്തിയത് മഴയായിരുന്നു.മഴയുടെ തേരിലേറി ആ ഗ്രാമത്തിലെത്തി യക്ഷിയമ്മ.യക്ഷിയമ്മയുടെ വരവറിയിച്ചുകൊണ്ട് കാറ്റിന്റെയും മഴയുടെയും രൂപം മാറി.മഴ പേമാരിയായി പെയ്തുതുടങ്ങി.കാറ്റാവട്ടെ, ചുഴലി രൂപം മാറി കൊടുംകാറ്റായി വീശിത്തുടങ്ങി.മരച്ചില്ലകള്‍ ഓടിച്ചു എറിഞ്ഞു തുടങ്ങി.അതും പോരാഞ്ഞു മരങ്ങളെ വേരോടെ പിഴുത് കുടിലുകള്‍ക്ക് മേലേയ്ക്കെറിഞ്ഞു.ശക്തമായ ഒരു മിന്നലിനോപ്പം, ഗ്രാമത്തിനു മേലെ ആകാശം മുട്ടേ വളര്‍ന്നു നില്‍ക്കുന്ന യക്ഷിയമ്മയെ കണ്ട് ഗ്രാമം നടുങ്ങി വിറച്ചു.
*********
പിറ്റേന്ന് സൂര്യനുദിക്കുമ്പോള്‍ അങ്ങനൊരു ഗ്രാമം ഇല്ലായിരുന്നു ,പകരം കുറേ അവശിഷ്ടങ്ങളും അവയ്ക്കിടയിലായി കുറേ ജീവശവങ്ങളും മാത്രം!!
പാറുകുട്ടിയുടെ ഘാതകരെല്ലാം ക്രൂരമായി വധിക്കപ്പെട്ടു.അവരുമായി ബന്ധപ്പെട്ടവരുടെ ജീവനൊഴികെ സര്‍വ്വതും നശിക്കപ്പെട്ടു.
*************
യക്ഷിയമ്മയുടെ പ്രതികാരം കാട്ടുതീ പോലെ ചുറ്റിനും പടര്‍ന്നിരുന്നു.
പല രാത്രികളിലും കാമാവെറിയന്മാരായ പലരും കൊല്ലപ്പെട്ടു.

പെണ്മക്കള്‍ഉള്ള എല്ലാവരും യക്ഷിയമ്മയെ ഇഷ്ടപെടാന്‍ തുടങ്ങി.അതുകണ്ട് പുരുഷമേധാവിത്വം തുണി ഉരിയപ്പെട്ടു.യക്ഷിയമ്മയെ തളയ്ക്കാന്‍ മാന്ത്രിക കളമൊരുങ്ങി. ഏറ്റവും പ്രഗല്‍ഭരായ മഹാ മാന്ത്രികര്‍ തന്നെ എത്തിച്ചേര്‍ന്നു.7 ദിവസത്തെ മന്ത്രവിധികള്‍ക്കൊടുവില്‍ യക്ഷിയമ്മയെ അവര്‍ എന്നന്നേയ്ക്കുമായി തളച്ചു.എന്നിട്ടും വെറി അടങ്ങാത്ത അവര്‍, സ്വന്തം മകളെ വരെ പിച്ചി ചീന്തി ദൂരേയ്ക്കെറിഞ്ഞു.സംഹാര താണ്ഡവമാടാന്‍ ഒരിക്കല്‍ കൂടി യക്ഷിയമ്മ വരണേ.... എന്ന പ്രാര്‍ഥനകൾ കേട്ട്.... യക്ഷിയമ്മയുടെ ഹൃദയം പിടഞ്ഞു.
**************

അങ്ങകലെയുള്ളോരുകാട്ടില്‍......

കാമവെറിയില്‍ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന പാറുകുട്ടിമാരില്‍ നിന്നും, ഒരായിരം യക്ഷിയമ്മമാര്‍ ഉയരുന്നതും കാത്ത് കരിമ്പനകള്‍ മുളച്ചു കൊണ്ടേയിരുന്നു..... 

**********************************************************************************************


ചിത്രങ്ങള്‍ കടപ്പാട്:ഗൂഗിള്‍

എന്നെ ആരും പേടിപ്പിക്കല്ലേ !! പ്ലീസ്സ്!!

(ഒരു ഈമെയിലില്‍ വിഷുകൈ നീട്ടം - അരങ്ങിനു പിന്നില്‍ )



രാവിലെ തന്നെ ഇന്നെങ്കിലും തന്നെ ആരും പേടിപ്പിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നമ്മുടെ പത്രക്കാരന്‍ പത്രകെട്ടുമായി ഇറങ്ങി. പോകുന്ന വഴി അടുത്തുള്ള ഗണപതികോവിലില്‍ കയറി 101 ഏത്തവും കാച്ചിട്ട്, നേരെ പോയി ചെറുവള്ളി ഗുരുക്കളുടെ അടുത്ത്‌.ആരുടേയും പേടി തട്ടാതിരിക്കാനുള്ള രക്ഷ വാങ്ങി കണ്ടിടത്തൊക്കെ തൂക്കി.എല്ലാം കഴിഞ്ഞ്, സര്‍ക്കസ്സിലെ കരടി പത്രവുമായി പോണത് പോലെ പത്രവിതരണം തുടര്ന്നു .

അപ്പോളാണ് ഫോണ്‍ കാറിവിളിക്കുന്നത്.ബെല്ല് കേട്ട് വിറച്ച കരടി ദേ കിടക്കുന്നു സൈക്കിളെന്നു താഴെ.ദേഹം മുഴുവന്‍ രക്ഷ തൂക്കിയത്‌ നന്നായി.പെയിന്റ്‌ പോയില്ല.
നമ്പര്‍ നോക്കി.ഇല്ല പരിചയം ഇല്ല!!
പൊട്ടന് ഒണേഷടിച്ചത് പോലെ കുറേ നേരം നോക്കി നിന്നു.ഫോണ്‍ വാ അടച്ചു.
ഹോ!! സമാധാനം!! താനൊരു സംഭവം തന്നെ!! “എത്ര ഭുധിപരമായാ ഒരു പേടിക്കല്‍ ഒഴിവാക്കിയത്!!”

അപ്പൊ ദേ പിന്നേം ഫോണ്‍ കാറുന്നു.വെപ്രാളത്തിനിടയില്‍ എങ്ങനയോ കാള്‍ ഓണ്‍ ആയി.മറുതലയ്ക്കല്‍ ആംഗലേയം.
സൈബര്‍ സെല്‍ ആണെന്നോ തനിക്കെതിരെ ഒരു കംപ്ലൈന്റ്റ്‌ ഉണ്ടെന്നോ ഒക്കെ പോക്കെറ്റ്‌ ഡിക്ഷ്ണറി നോക്കിയപ്പോ മനസ്സിലായി.


“സര്‍!!, ഞാന്‍....അത്....അല്ല... ഇത്... അങ്ങനൊന്നും അല്ല..... ഇത്...ബാലന്‍സ്സ് ഇല്ലാത്ത ഫോണ്‍ ആണ്.ഞാന്‍ വിളിച്ചിട്ടില്ല.സത്യം!! ഞാനാ ടൈപ്പ് അല്ല സാര്‍ ”
കാലുമുട്ടുകള്‍ തപ്പുകൊട്ടി തുടങ്ങി. അടിമുതല്‍ ഒരു വിറയല്‍.
കഴിഞ്ഞ മൂന്നു ദിവസമായി ബാലന്‍സ്സ് ഇല്ല.പിന്നെങ്ങനാ ഞാന്‍.
ഇങ്ങനൊന്നും പറയരുത്, ബ്ലീ...സ്സ്.”
“എന്തായാലും കംപ്ലൈന്റ്റ്‌ കിട്ടി, അതാ വിളിച്ചത്.ഒരുകാര്യം ചെ......”
മുഴുമിക്കും മുന്നെതന്നെ ഫോണ്‍ കട്ട്‌ ആയി.പേടി കാരണം ഫോണ്‍ കൈയിന്നു പോയതാണോ എന്തോ??

പാവം!! വിളിച്ച്‌ കാര്യം പറഞ്ഞേക്കാം.

കിട്രും കിട്രും കിട്രും ..... ഫോണ്‍ കരഞ്ഞു.
ങ്ങേ ഹേ !!
എടുക്കുന്നില്ല.
പത്രക്കാരന്‍ ബോധം പോയി കിടക്കുന്നതറിയാതെ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വിളിച്ചു.
******
ഭോധം വന്ന ഉടന്‍ ഓടി വക്കീലിന്റെ അടുത്തേയ്ക്ക്.എന്താ പരിഹാരം എന്നറിയണമല്ലോ. ഒന്നും പറ്റിയില്ലേല്‍ മുന്‍‌കൂര്‍ ജാമ്യം എങ്കിലും!! ഒരിരയെയും കാത്തിരുന്ന വക്കീലപ്പന്‍ നീയമ വീര്യം നുരഞ്ഞു.ആദ്യം കണ്‍സള്‍ട്ടേഷന്‍ ഫീ 500. എന്നിട്ട് കാര്യം പറ.പത്രം വിറ്റ വകയിലെ കാഷ് എടുത്ത് വീശി.500 വാങ്ങി കീസേല്‍ തള്ളി.ഹും പറ.
“ അത് ...... ....... ....... .......”
താന്‍ വിറയ്ക്കാതെ കാര്യം പറയടോ.അല്ലേല്‍ ദേ കിടക്കുന്നു തന്റെം 500 കുലുവ.
“വേണ്ട സാര്‍ ... ഞാന്‍ പറയാം!!” പൈസ്സ പിന്നേം വക്കീലന് മിണുങ്ങി.
ഒരുവിധം ഒപ്പിച്ചു പറഞ്ഞ്‌കൊടുത്തു.
“ഹോ ഇതാണോ.ഇത് തന്നെ ആരോ പറ്റിച്ചതാവും.
“അല്ല സാര്‍ എനിക്ക് ഒരു കേസ് അങ്ങോട്ട് കൊടുക്കണം.സൈബര്‍ സെല്ലിലും കൊടുക്കാം,അവനാരായാലും ഒന്ന് പേടിപ്പിക്കാം”

“എന്തു പറഞ്ഞ്?തന്നെ പേടിപ്പിച്ചു എന്ന് പറഞ്ഞോ?”

“തെളിവുകള്‍ ഒന്നും ഇല്ലാതെ ഈ കേസ്സ് നിലനില്ക്കി്ല്ല.”

"പിന്നെ എല്ലാരും തന്നെ പോലെ പെടിതോണ്ടന്‍ മാരല്ല.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട."

“എടൊ തനിക്കാ നമ്പറിലോട്ട് വേറേതെങ്കിലും നമ്പറില്‍ നിന്നും വിളിച്ച്‌ നോക്കാമായിരുന്നില്ലേ?ഇല്ലെങ്കില്‍,വല്ല ഫ്രണ്ട്സ്നെ കൊണ്ട് വിളിപ്പിക്കായിരുന്നില്ലേ?ചാഞ്ഞ മരത്തില്‍ കണ്ടവരൊക്കെ ഓടി കേറും.തന്‍റെ ഫ്രണ്ട്സ് ആരാ ബാംഗ്ലൂര്‍ ഉള്ളതെന്ന് ആദ്യം പോയി അന്വേഷിക്ക്!!
ഓരോന്നു വന്നോളും.

അപ്പോളാണ് പത്രത്തിന്‍റെ തലയില്‍ അക്ഷരങ്ങള്‍ തെളിഞ്ഞത്.

“ശരിയണല്ലോ!! അയ്യേ... ഞാനെന്തൊരു മണ്ടനാ!!”

പത്രം സ്വയം തിരിച്ചറിഞ്ഞു.
എന്നാലും എന്റെര 500 പോയതല്ലേ.ആ പരട്ടയ്ക് ഒരു മെസ്സേജ് എങ്കിലും അയച്ചേക്കാം. പൊലീസ്സും ആയി ബന്ധപ്പെട്ട ചില വാക്കുകള്‍ വേണമല്ലോ.
സൈബര്‍ സെല്‍,ADGP..... ഇനി?
ങാ ആ സൈഫുന്റെല പേരില്‍ ഉള്ള വാല്, “CID” കൂടി ഇരിക്കട്ടെ!!

“ഇത് ഞാന്‍ ഇപ്പൊ എന്റെ് വക്കീലന്‍ വഴി കൈകാര്യം ചെയ്തോളാം.
ഞാന്‍ ഇപ്പൊ തന്നെ എറണാകുളം സൈബര്‍ സെല്ലുമായി ബന്ധപ്പെടും.
കൊച്ചിന്‍ സൈബര്‍ സെല്ലില്‍ നിന്നും എന്റെപ വക്കീലന്‍, ബാംഗ്ലൂര്‍ സൈബര്‍ ക്രൈം ഉം ആയി ബന്ധപ്പെടാന്‍ ഉപദേശിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ADGP,CID എന്നിവരുമായി ഞങ്ങള്‍ ബന്ധപ്പെടും.”


ആ കാലമാടന്‍ മെസ്സേജ് വായിച്ച് പേടിക്കട്ടെ.ഒറ്റ ഫോണ്‍ വിളിയില്‍ ഞാന്‍ പേടിച്ചുമുള്ളിയില്ലേ?? പിന്നെന്താ അവനും പേടിച്ചാല്‍??


എന്നാലും ഇനി ഈ നാണക്കേട്‌ എങ്ങനെ മാറ്റും?അല്ലേല്‍ തന്നെ "പേടിച്ചുതൂറി" എന്നാ പീക്കിരി പിള്ളേരുവരെ വിളിക്കുന്നെ!! ഛെ..!!

*****

വേഗം ഓടി ഭാര്യേടെ അടുത്തെത്തി.
കാര്യമറിഞ്ഞ പുള്ളിക്കാരി മണ്ണുകപ്പി കപ്പി മുറ്റം നിറച്ചു.
ഇങ്ങേരെന്നെ കൂടി നാറ്റിക്കും.
പേടിത്തൊണ്ടന്‍!!
ആ നമ്പര്‍ ആരുടെ ആണെന്ന് ഒന്ന് ചെക്ക് ചെയ്താല്‍ പോരാരുന്നോ മണ്ടാ.
നമ്പര്‍ താ.ദാ ഇപ്പൊ പറയാം!!

true calleril കയറി നിരങ്ങി ഇറങ്ങിവന്ന ഭാര്യ കാര്യം പറഞ്ഞു

അയ്യേ അവനായിരുന്നോ? ഞാന്‍ ശരിക്കും പേടിച്ചു പോയിട്ടോ.ഇനി എന്താ ചെയുക? മറ്റുള്ളവര്‍ അറിഞ്ഞാല്‍ ആകെ നാണക്കേട്‌ ആകും.
“ഹും ഒരു കാര്യം ചെയൂ. അവനായിട്ട് പറയുന്നതിന് മുന്‍പേ.... നിങ്ങള്‍ തന്നെ അങ്ങു ഒരു കഥ എഴുത്.പത്രക്കാരനായതുകൊണ്ട് എല്ലാരും വിശ്വസിക്കുകേം ചെയ്യും.സത്യങ്ങള്‍ വളോച്ചോടിച്ചു എഴുതിയാ മതി. അതെങ്ങനാ എന്ന് ഞാന്‍ പറഞ്ഞ് തരേണ്ടല്ലോ,ഡെയിലി ചെയുന്നതല്ലേ!!.

പിന്നൊരു കാര്യം!!

കഥയിലെങ്കിലും നിങ്ങളെ ഒരു ധൈര്യശാലി ആയി എഴുതണേ.അങ്ങനെങ്കിലും ഞാനോന്നാശ്വസ്സിക്കട്ടെ.”

അങ്ങനെ മലര്ന്ന് കിടന്നു മേപ്പോട്ടു തന്നെ എഴുതി വിട്ടു ഒരു കഥ.

*******
ഇപ്പോളും, ആ ഫോണ്‍ മാത്രം ബാലന്സ്സ് ഇല്ലാതെയും .... വിളിച്ചാല്‍ കിട്ടാതെയും തുടരുന്നു.

*********

പൊടികൈ: കടുകുഴിഞ്ഞു അടുപ്പില്‍ ഇടുന്നത് പേടി മാറാന്‍ നന്നെന്നു പഴമക്കാര്‍!!

******************************