Friday, 22 July 2016

നിർവൃതി !!


                      ദ്യപെണ്ണിൻ്റെ ആദ്യചുംബനം  പോലെ രതിനിർവൃതി കുത്തിനിറച്ചതാണ് കഞ്ചാവ് നിറച്ച സ്ടഫ്ഫിലെ അവസാന പഫ്.ചുണ്ടുകളെ  പൊള്ളിക്കുന്ന ചുകപ്പു ചൂടിനൊപ്പം ശരീരമാകെ പടർന്നിറങ്ങുന്ന തീവ്രതയാണ് രണ്ടിനും.ചുണ്ടിലൂടെ തുടങ്ങി സപ്തനാഡികളിലേയ്ക്കും ആഴ്ന്നിറങ്ങി പടർന്നു കയറുന്ന വശ്യത ഒളിഞ്ഞിരിപ്പുണ്ട് രണ്ടിലും.

പൊട്ടിത്തെറിക്കും വിധം വലിഞ്ഞുമുറുകിയ ഞരമ്പുകളില്‍ ലഹരിനിറഞ്ഞ രക്തം കുത്തി ഒലിച്ചു കലങ്ങി മറിഞ്ഞ് പായുകയാണ്.ഒടുവില്‍ എല്ലാം എരിഞ്ഞടങ്ങി ചാരം മാത്രം താഴേയ്ക്ക് പതിക്കുന്നു.

പിന്നെ ശാന്തതയാണ്.

സംതൃപ്തിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ ഒപ്പിമാറ്റുവാൻ പോലും ആകാതെ, പാതിയടഞ്ഞ മിഴികളോടെ.....!!

എല്ലാത്തിനും തുടക്കം കുറിച്ച ചുണ്ടുകളിൽ, ലഹരി മണം തുളുമ്പി നിൽക്കുന്ന കൊതിയോടെയുള്ള മന്ദഹാസം പറ്റിപിടിച്ചിരിക്കുന്നു.

പാതിയടഞ്ഞ മിഴികളിൽ അപ്പോഴും ഉന്മാദ നഗ്നത തങ്ങി നിന്നിരുന്നു.

വായുവിൽ അലിഞ്ഞില്ലാതായ പുകച്ചുരുളുകൾക്കൊപ്പം മറ്റൊരു രാവിന് കൂടി കൊടിയിറക്കമായി!!

**************

നിർവൃതി തേടി പിന്നീട് എത്ര എത്ര യാത്രകൾ!!

എത്രയെത്ര സ്ത്രീകൾ!!

തുള്ളികൾ ഇറ്റുന്ന സൂചികൾ !!

എണ്ണിയാൽ തീരാത്ത സ്റ്റഫുകൾ!!

അടങ്ങാത്ത സീല്ക്കകാര ശബ്ദങ്ങൾ!!

ഒടുവിലൊരുനാൾ,എല്ലാ ലഹരിയും ഒരുമിച്ചറിയാനുള്ള വാശിയിൽ ഉഗ്രവിഷമുള്ളോരു സർപ്പത്തിനൊപ്പം അന്തിയുറങ്ങി.

വലിഞ്ഞു മുറുകുന്ന ശരീരത്തോടെ....

കണ്ണുകളിൽ നിറഞ്ഞ ഭോഗ തീഷ്ണതയോടെ......

തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞ സീൽക്കാരത്തോടെ........

പട പട മിടിക്കുന്ന ഹൃദയ തുടിപ്പുകളോടെ.............,

ഊർദ്ധൻവലിക്കുന്ന ശ്വാസങ്ങളോടെ.....

ഒടുവിൽ!!
ശരീരമാസകലം പിടഞ്ഞുമറിഞ്ഞുകൊണ്ട്, ലഹരിയുടെ "ലഹരി"യെ അവൻ അറിഞ്ഞാസ്വദിക്കുവാൻ തുടങ്ങി...

Thursday, 21 July 2016

കളഞ്ഞുപോയ വരികള്‍ !!


                       പാതിരാ നേരത്ത് ഞെട്ടിയുണർന്നു പേനയും പേപ്പറും തപ്പിയെടുത്ത് എഴുതുവാൻ ഇരുന്നപ്പോൾ ആണ്, എഴുതേണ്ടിയിരുന്ന പല വരികളും എഴുതുവാൻ പറ്റണില്ല എന്ന നഗ്നസത്യം മനസ്സിലായത്!!

ഇനിയെന്തെഴുതും എന്ന ചിന്തയിൽ ഇരിക്കുമ്പോൾ ജനലില്‍ കൂടി തണുത്ത കാറ്റ് വീശുന്നുണ്ടാരുന്നു.മനസ്സു വീണ്ടും എഴുത്തിലേയ്ക്ക് തന്നെ മടക്കി കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ കാറ്റിനൊപ്പം ഒരു കുഞ്ഞുവെട്ടം മിന്നിക്കൊണ്ട് കടന്ന് വന്ന് എഴുതാന്‍ വച്ച പേപ്പറില്‍ ഇരുന്നു.ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്ന പോലെ ഒന്നുരണ്ടു വട്ടം ചുറ്റി പറന്നശേഷം അവിടെ തന്നെ വന്നിരുന്നു.അവനെന്തോ പറയാനുണ്ടോ??

അറിയില്ല!!
അല്‍പനേരം എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് പരാജയപെട്ട ശേഷം അവന്‍ വന്ന വഴി തന്നെ പുറത്തേയ്ക്ക്...

പിന്നെയും എഴുതണം എന്ന മോഹത്തില്‍ കുറെ ആലോചിച്ചു.

ഒടുവില്‍ പേപ്പര്‍ കീറികളഞ്ഞ് ലൈറ്റണച്ച് കട്ടിലിലേയ്ക്ക് മടങ്ങി.

എഴുതനമെന്നാഗ്രഹിക്കുന്ന പലതും പലപ്പോഴും എഴുതാന്‍ പറ്റാറില്ലല്ലോ.
കുറിച്ചു വച്ച പല വരികളും ചിലപ്പോള്‍ എവിടെയെന്നറിയാത്ത എങ്ങോ കളഞ്ഞു പോയി എന്നും വരാം!!

കളഞ്ഞുപോയ വരികള്‍ ഇനി ഓര്‍മകളില്‍ മാത്രം,പുതിയ വരികളിലൂടെ കണ്ണുകളെ വഴിതെറ്റാതെ പായിക്കുവാന്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

എത്ര ശ്രദ്ധിച്ചാലും പിടിതരാത്ത അത്ഭുത രചന തന്നെ ജീവിതം!!

********************************************************

Monday, 18 July 2016

നീതിമാന്‍ !!



                           നീതിദേവതയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പേജ് എടുത്ത് വായിച്ച ശേഷം നിരഞ്ജന്‍ ഷാ എന്ന നീതിമാന്‍, പതുക്കെ കസ്സേരയിലെയ്ക്ക് ചായുമ്പോള്‍, തനിക്കച്ഛനെ എന്നന്നത്തേയ്ക്കുമായി നഷ്ടപ്പെടുകയാണ് എന്നറിഞ്ഞ് പുറകിലെ നിരയില്‍ നിന്നും പ്രതികൂട്ടിലേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ രണ്ട് കൊച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി.....





Friday, 15 July 2016

കേട്ടെഴുത്ത്



                                                             കാലം, ആയിരത്തി തൊള്ളായിരത്തി അമ്പതിനും മുന്നുള്ള ഏതോ ഒരു വര്‍ഷത്തില്‍ തട്ടി തടഞ്ഞുവീണിടത്ത് കിടന്നുരുളുമ്പോള്‍ ആയിരുന്നു കൊച്ചു "ജി" വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യമായി അഞ്ചാം ക്ലാസ്സിലെത്തിയത്. ഉച്ചകഞ്ഞി കട്ട് കുടിച്ച് നേടിയെടുത്ത "കഞ്ഞി കള്ളന്‍" എന്ന പേരും കക്ഷത്തില്‍ വച്ച് പുതിയ സ്കൂളില്‍ ചേരാന്‍ ഒരു കാരണമുണ്ട്. പോത്തുപോലെ വളര്‍ന്നിട്ടും,കട്ടി മീശ വന്നിട്ടും പണ്ടന്നോ നിക്കറില്‍ കാഷ്ടിച്ച കാര്യം പറഞ്ഞ് പൊടി പിള്ളേര് വരെ എന്നും ചൊറിയും.
.
 ആദ്യ ദിവസമായത് കൊണ്ടും, അന്ന് തന്‍റെ പിറന്നാള്‍ ആയതു കൊണ്ടും പള പള പെടയ്ക്കുന്ന ഷര്‍ട്ടും,കരയുള്ള വെള്ള മുണ്ടും ഉടുത്താണ് "ജി" പുതിയ ക്ലാസ്സില്‍ എത്തിയത്.
പത്ത് കൊല്ലം വിശദമായി പഠിച്ച് അഞ്ചില്‍ എത്തിയത് കൊണ്ടാണോ എന്നറിയില്ല, ജി ചെന്ന ഉടന്‍ പിള്ളേരെല്ലാം എണീറ്റ്‌ നിന്ന് "നമസ്തെ" പറഞ്ഞു.തിരിച്ചൊരു നമസ്തേ വലിച്ചെറിഞ്ഞിട്ട് ബാക്ക് ബെഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചു.
.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് മൂക്കില്‍ ശുണ്ഠിക്കു ചികിത്സയിൽ ആയിരുന്ന മലയാളം മാഷ് "വെട്ടുപോത്ത്" എന്ന ജോയ് മാഷ് അരങ്ങിലെത്തിയത്.വെട്ടുപോത്തിനെ കണ്ട അഞ്ചാം ക്ലാസിലെ ബെഞ്ചുകൾ പോലും കിറു കിരാ ശബ്ദം മൂടിവെച്ച് പേടിച്ചിരിപ്പായി.
.
വന്ന പാടെ കുട്ടികളുടെ ഗുണനിലവാരം അറിയാൻ വേണ്ടി "കേട്ടെഴുത്ത്" എന്നമറി!!
.
കേട്ടതു പോയിട്ട്, പുസ്തകം നോക്കി എഴുതിക്കോ എന്ന് പറഞ്ഞാല്‍ പോലും പുതിയ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സമ്മാനിക്കുന്ന "ജി" വേഗം തന്‍റെ സ്ലേറ്റ്‌ എടുത്ത്,തുപ്പല് നക്കി തുടച്ച് ഏറ്റവും മുകളിലായി നന്നായി ഒന്ന് പിടിച്ചെഴുതി "കോട്ടെഴുത"
.
അപ്പോളേയ്ക്കും പോത്ത് പിന്നേം അമറി, ഒന്നല്ല പല വട്ടം!!
.
"അമ്പഴങ്ങ"
.
ജി അത് "ഊമ്പഴങ്ങ" എന്നെഴുതി കഴിവ് തെളിയിച്ചു.

 "ചിത്രഭാനു"  സ്ലേറ്റില്‍ മൂത്രപാന ആയി മാറി.
.
"ഐരാവതം" എന്ന ജീവി എരാകൊതം ആയി ചത്ത് വീണു.
.
"കുട്ടിച്ചാത്തന്‍"  കട്ടപേത്തന്‍ ആയി വിലസി നടന്നു.
.
"കാളിദാസന്‍" വന്നപാടെ തന്നെ കാളദോശ ആയി കൊതിയൂറും ആവി പറത്തി.
.
ജോയ് മാഷ് അമറി തീര്‍ന്നപ്പോള്‍, ജി സ്ലേറ്റ് നോക്കി "സര്‍വ ശിക്ഷ അഭിമാനം" പൂണ്ട് എണീറ്റ്‌ നിന്ന് സ്വയം വണങ്ങി.
.
.
ജിടെ സ്ലേറ്റു കണ്ട ഉടന്‍,  മുക്ര ഇട്ട് മുന്കാലെടുത്ത്‌ നിലത്ത് മാന്തി പോത്ത്മാഷൊരു വരവ് വന്നു.
.
ഇന്ത്യയിലെ ആദ്യത്തെ ജെല്ലിക്കെട്ട് അന്നവിടെ വച്ച് അരങ്ങേറി.
.
പിന്നീടുള്ള ഒരാഴ്ച ജി, ഉണ്ടില്ല ഉറങ്ങീല എന്തിന് ഒന്നുറക്കെ മുള്ളി പോലുമില്ല.
.
പിന്നീടുള്ള നാളുകളില്‍, "കേട്ടെഴുത്ത്" മണല്‍ തരികളില്‍ "പകര്ത്തെഴുത്തായി" പല വട്ടം പുനര്‍ജ്ജന്മം കൊണ്ടപ്പോള്‍, എഴുത്തിന്‍റെ ലോകത്തിലേയ്ക്ക് "ജി" കടക്കുകയായിരുന്നു.
.
********************* 

അരങ്ങിനു പിന്നില്‍: പോത്തിനെ കാലന്‍ ഏറ്റെടുത്തതോടെ പോത്തിന് പകരം ജെല്ലിക്കെട്ട് ഡ്യൂട്ടി കാളകള്‍ ഏറ്റെടുത്തു എന്നത് ചരിത്രം!!
.
"ജി' ക്ക് പലരുമായും സാമ്യം തോന്നുന്നത് വളര്‍ത്ത് ദോഷം മാത്രം!!

Thursday, 14 July 2016

എന്‍റെ സിനിമ - ഷോ 2

                      ന്‍റെ സിനിമ എന്ന ഈ പംക്തിയുടെ ആദ്യ ഷോയില്‍ സിനിമ കാണുവാന്‍ വന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, അടുത്ത ഷോയിലേയ്ക്ക് കടക്കുന്നു.


നല്ലൊരു കഥയ്ക്കനുസരിച്ച്,നല്ലൊരു സംവിധായകന്‍റെ കീഴില്‍ കഥാപാത്രങ്ങള്‍ ജീവിക്കുമ്പോള്‍, നല്ലൊരു  സിനിമ ജനിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, അത്തരത്തില്‍ ജനിച്ച ഒരു സിനിമ ആണ് 2001 ഡിസംബര്‍ 28 ന്  പുറത്തിറങ്ങിയ "ഐ ആം സാം" എന്ന ഇംഗ്ലീഷ് മൂവി.

ജെസ്സി നെല്‍സണ്‍ കഥയും തിരക്കഥയും എഴുതിയ ഈ സിനിമ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു.

ഏഴു വയസ്സിന്‍റെ മാനസ്സിക വളര്ച്ച മാത്രമുള്ള അച്ഛനായി "സീന്‍ പെന്‍" എന്ന,രണ്ട് തവണ ഓസ്കാര്‍ നേടിയ അതുല്യ നടന്‍ അഭിനയിക്കുക അല്ല, മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയാണ്.


ഈ സിനിമയിലെ അഭിനയത്തിന് എന്തൊകൊണ്ട് അദ്ദേഹത്തിന് ഓസ്കാര്‍ കിട്ടിയില്ല എന്നത്, അക്കൊല്ലത്തെ അവാര്‍ഡു നേടിയ സിനിമ കണ്ടപ്പോള്‍ തോന്നാതിരുന്നില്ല എന്നതാണ് സത്യം.

തന്നെക്കാള്‍ മാനസ്സിക വളര്‍ച്ചയില്‍ എത്തിയ, തന്‍റെ മകള്‍ "ലൂസി ഡയമണ്ട്" എന്ന കൊച്ചുസുന്ദരി കുട്ടിയെ അധികാരികള്‍ സാം എന്ന അച്ഛനില്‍ നിന്നും അകറ്റുമ്പോള്‍ നിസ്സഹായനായി മാറുന്ന സാം ഒടുവില്‍,"റിത ഹാരിസന്‍" എന്ന  നഗരത്തിലെ പ്രശസ്ത വക്കീലിനെ സമീപിക്കുന്നു.

ആദ്യമെല്ലാം സാമിനെ ഒഴിവാക്കാന്‍ ശ്രമിച്ച "റിത" ഒടുവില്‍ ഫ്രീ ആയി ആ കേസ് വാദിക്കുവാന്‍ തയ്യാറാകുന്നു.

തന്നെക്കാള്‍ മാനസ്സിക വളര്‍ച്ച കുറവുള്ള അച്ഛന്റെ മുന്നില്‍, തന്‍റെ കഴിവുകള്‍ മനപൂര്‍വം കുറച്ചു കാണിക്കുന്ന ലൂസിയും, സാമിനെ പോലെ തന്നെ മാനസ്സിക വളര്ച്ച കുറഞ്ഞ സാമിന്റെ ചില കൂട്ടുകാരുടെ സ്നേഹവും,സാമിന് വേണ്ടി സാക്ഷി പറയുവാന്‍ വരുന്നവരും ഒക്കെ ആയി വളരെ മനോഹരമായ ഒരു സിനിമ ആണ് "ഐ ആം സാം".


മറ്റു തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ സമയം, ഒറ്റയ്ക്കിരുന്നു കാണുന്ന ഏതൊരാള്‍ക്കും മനസ്സ് നിറയുന്ന,സന്തോഷ കണ്ണീര്‍ പൊടിയുന്ന പല ഹൃദയ സ്പര്‍ശിയായ രംഗങ്ങളും ഈ സിനിമയുടെ പ്രത്യേകതകള്‍ ആണ്.








ട്രെയിലര്‍ കാണുവാന്‍ ഇവിടെ 



ചെയ്സ്സര്‍ !!


                    പുകയില കറയും പൊടിഞ്ഞു തുടങ്ങിയ ഷർട്ടും കൈയിൽ ഒരു ചെറിയ സഞ്ചിയുമായി നടക്കുന്ന,പല ഭാഷകള്‍ സംസാരിക്കുന്ന "ബൻഷി" ഒരു മൂന്നാമൻ ആണ്. രതി മണമുള്ള തെരുവുകളിൽ കൂട്ടിക്കൊടുപ്പുകാരൻ ആവാനുള്ള കഴിവ്കേടോ താല്പര്യകുറവോ എന്താണെന്നറിയില്ല, ബൻഷി ഇന്നും ഇങ്ങനെ നഗരത്തിൽ എത്തിച്ചേരുന്നവർക്കു വാസസ്ഥലവും മറ്റു സൗകാര്യങ്ങളും മാത്രമൊരുക്കി കൊടുത്തു കിട്ടുന്നത് കൊണ്ട് ജീവിതം തള്ളി നീക്കുന്നു.

അതിജീവനത്തിന്‍റെ പാതയിലൂടുള്ള യാത്രയില്‍ ഒരുനാള്‍ ആണ് ജയമോഹനന്‍ ജോലികിട്ടി ആ നഗരത്തിൽ വന്നു ചേർന്നത്.ജയമോഹനന്‍ എന്ന പേരില്‍ പുതുമ പോര എന്ന് തോന്നിയതുകൊണ്ടോ എന്തോ, പേര് ചോദിക്കുന്നവരോടൊക്കെ "ജയ്‌" എന്നാണ് അയാള്‍ പറഞ്ഞിരുന്നത്.മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ പതിവ് റൂം ഷെയറിങ്ങിനു മുതിരാതെ "ഒറ്റയ്ക്കൊരു മുറി" എന്ന ചിന്തകള്‍ ആണ് അദ്ദേഹത്തെ ബൻഷി യുടെ അടുത്തെത്തിച്ചത്.

നഗര തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ ഗിരിനഗര്‍ ലേഔട്ടിൽ,
ചെറു മുറ്റവും, മുറ്റത്ത് നിൽക്കുന്ന ഒരു മാവും, ഗേറ്റും,വീടിനുള്ളില്‍ ഒരു മേശയും,കട്ടിലും,സാധനങ്ങള്‍ വയ്ക്കുവാനുള്ള റാക്കും ഒക്കെ ഉള്ള ആ വീട് ഒറ്റ കാഴ്ചയിൽ തന്നെ ജയ്‌ക്ക്  ഇഷ്ടമായി.ഇങ്ങനൊരെണ്ണം കിട്ടും എന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ല.

*******************

പതിവിന് വിപരീതമായി അത്താഴ സമയത്ത് അവർ അന്ന് കണ്ടത് ഒരു ഹൊറർ സിനിമ ആയിരുന്നു.സിനിമ ഇടാൻ തുടങ്ങിയത് മുതൽ അയാൾക്ക്‌ വല്ലാത്തോരു അസ്വസ്ഥത ആയിരുന്നു.

"എടാ ഇതു ഇടണ്ട.നമുക്ക് വേറെ ഏതേലും നല്ല സിനിമ കാണാം" എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു.

മോഹൻജിഎന്നാണ് അവർ ജയമോഹനനെ വിളിക്കുന്നത്.

"നമ്മൾക്ക് ഇന്ന് ഇതു തന്നെ കാണാം"
എന്നു പറഞ്ഞുകൊണ്ട് അവർ സിനിമ കണ്ടു തുടങ്ങിയ ഉടൻ ജയ് തൻ്റെ ഭക്ഷണം എങ്ങിനെയൊക്കെയോ കഴിച്ചു എന്നു വരുത്തിയ ശേഷം,എണീറ്റ്‌ പുറത്തേയ്ക്ക് നടന്നു.ബാറിലോട്ടുള്ള പോക്കാണെന്നു മനസ്സിലായ അവർ മിണ്ടാതെ സിനിമ കാണൽ തുടർന്നു.

സിനിമ തീരുന്നതിന് അൽപ്പം മുന്നേ മടങ്ങി വന്ന ജയ്, നേരെ അദ്ദേഹം കിടക്കുന്ന മുറിയിൽ കയറി വാതിലടച്ചു.സിനിമ തീർന്ന ഉടൻ അവർ കിടന്നു.ഒരേ മുറിയിൽ അടുത്തടുത്ത് രണ്ടു പായ വിരിച്ചാണ് അവർ കിടന്നിരുന്നത്.

കിടന്ന് അൽപ്പം കഴിഞ്ഞപ്പോൾ,
"ഞാനിന്ന് നിങ്ങടെ കൂടെ കിടന്നോട്ടെടാ " എന്നും ചോദിച്ച് കൊണ്ട് അവരുടെ മുറിയിലേയ്ക്കു ഒരു പുതപ്പും പിടിച്ച് ജയ് കയറി വന്നു.കണ്ണുകളിൽ നിഴലിക്കുന്ന ഭയം കണ്ണുകളെ താഴോട്ടു തള്ളിയിടുമോ എന്നു തോന്നിപ്പോകും.

"ഞാനവിടെ ഒറ്റയ്ക്ക് കിടന്നാൽ ശരിയാവില്ല"
എന്നു പറഞ്ഞു കൊണ്ടു അയാൾ അവരുടെ ഇടയിൽ കയറി പുതപ്പും മൂടി കിടന്നു.

"ഈയാളെന്താ ഈ കാണിക്കുന്നേ? ഇത്രയും പ്രായമായിട്ടും നിങ്ങക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയോ?നാണമില്ലല്ലോ !!"

"എണീറ്റ്‌ പോയേ "

"ഇന്നൊരു ദിവസം ഞാനിവിടെ കിടക്കട്ടെ ... പ്ലീസ് "

*************

ഓഫീസിൽ തങ്ങളുടെ സീനിയർ ആയ "ജയ്" എന്നറിയപ്പെടുന്ന ആൾ ഒരു നാൾ പെട്ടെന്നാണ് തങ്ങൾ താമസിക്കുന്ന സ്ഥലത്തെയും വീടിനെയും കുറിച്ചോക്കെ ചോദിച്ചത്.

"ഞാനും നിങ്ങടെ കൂടെ താമസിച്ചോട്ടെ" എന്ന ചോദ്യത്തിന് അവർ സന്തോഷത്തോടെ സമ്മതം മൂളി.
കാരണം,അവരും ഒരു റൂം മേറ്റിനെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു.

വന്ന അന്ന് മുതൽ അവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഓഫീസിലും പുറത്തും ഒക്കെ നല്ല ബോൾഡ് ആയി ഇടപെടുന്ന, നല്ല ഉറച്ച ശരീരമുള്ള ജയ് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാൽ പിന്നെ നേരെ വിപരീതമായി ആണ് പെരുമാറുക.ഇരുട്ടിനെ ഭയക്കും പോലെ!!

 കുറേ നേരം പ്രാർത്ഥന.മുറിയിൽ മുഴുവൻ നിരത്തി വച്ചിരിക്കുന്ന ദൈവങ്ങളുടെ ഫോട്ടോകൾ മുഴുവൻ തൊട്ടു തലയിൽ വച്ച ശേഷമേ പായ വിരിക്കൂ. അതിനു ശേഷം ഒരു കൊച്ചു പെട്ടിയിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന, രണ്ടോ മൂന്നോ ഇഞ്ച് വലുപ്പമുള്ള, ദൈവങ്ങളുടെ കൊച്ചു കൊച്ച് വിഗ്രഹങ്ങൾ പെറുക്കി തലയിണ കീഴിലും, തലയിണയ്ക്കു ചുറ്റിലും വയ്ക്കും.എന്നിട്ടു തലവരെ മൂടി പുതച്ച് കിടന്നുറങ്ങും.ചില ദിവസം ഉറങ്ങാൻ കിടന്നിട്ട് എഴുന്നേറ്റ് പുറത്ത് പോയി നന്നായി കുടിച്ചിട്ട് വന്നു പഴയ പടി കിടന്നുറങ്ങും.ആകെ കൂടി സ്വസ്ഥത ഇല്ലാത്ത അവസ്ഥ.

*******************

"നിങ്ങൾക്ക് ഇതെന്താ പറ്റിയെ മോഹൻജി?
എന്താ നിങ്ങടെ പ്രശ്നം ?
നിങ്ങൾ എന്തിനാ ഇങ്ങനെ കുടിക്കുന്നെ ?
നിങ്ങള്‍ ആരെയാ പേടിക്കുന്നെ ?
എന്തായാലും പറയൂ"

അവരുടെ മാറി മാറിയുള്ള ചോദ്യങ്ങൾ കേട്ട് ജയ് തൻ്റെ തലവഴി മൂടിയ പുതപ്പ് മാറ്റി.എന്നിട്ട് നെറ്റി തടവിക്കൊണ്ട് പറഞ്ഞു.
"നിങ്ങക്ക് എന്‍റെ അവസ്ഥ മനസ്സിലാവില്ല, ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കില്ല"
"എന്താണെങ്കിലും പറയൂ"

അല്‍പ നേരത്തെ മൌനം!!

വിദൂരതയിലേയ്ക്ക് നോക്കിയ കണ്ണുകളിലൂടെ ....
താന്‍ ആദ്യമായി ഈ നഗരത്തില്‍ വന്നിറങ്ങിയ നാളുകളിലേയ്ക്ക് അയാളുടെ മനസ്സ് വീണ്ടും യാത്ര തുടങ്ങുകയായിരുന്നു.


*******************

ഗിരിനഗര്‍ ലേഔട്ടിലെ,ചില വീടുകളില്‍ അടിച്ച് വാരി വൃത്തിയാക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഒക്കെ വന്നിരുന്ന വയസ്സായ ഒരു അമ്മച്ചിയെ,
അത്യാവശ്യം വീട്ട് പണികള്‍ ഒക്കെ ചെയ്യുന്നതിന് വേണ്ടിബൻഷി തന്നെയാണ് ഏര്‍പ്പാടാക്കികൊടുത്തത്.ഇടയ്ക്കൊക്കെ വന്നു മുറ്റവും പരിസരവും ഒക്കെ വൃത്തിയാക്കും.അലക്കുവാനുള്ള ദിവസങ്ങളില്‍  തുണികള്‍ ബക്കറ്റില്‍ മുക്കി വെളിയിലെ  പൈപ്പിനരുകില്‍ വച്ചിട്ടാണ്, "ജയ്‌" ഓഫീസില്‍ പോകാറ്.തിരികെ വരുമ്പോളേയ്ക്ക് ആ തുണികള്‍ എല്ലാം അലക്കി, ഉണങ്ങി മടക്കി ബക്കറ്റില്‍ തന്നെ വച്ചിരിക്കും.ഓഫീസില്ലത്ത ദിവസങ്ങളില്‍ അവര്‍ വന്ന് വീടിന്‍റെ ഉള്‍വശം അടിച്ച് വാരി തുടച്ചുവൃത്തിയാക്കുകയും ചെയ്യും.മറാത്തി കലര്‍ന്ന ഹിന്ദി സംസാരിച്ചിരുന്ന അവരുടെ പേര് പോലും ജയ്‌ക്ക് അറിയില്ലാരുന്നു.

വൃദ്ധയോടൊപ്പം  ഏകദേശം പത്ത് പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചിലപ്പോഴെല്ലാം കാണാറുണ്ട്.വൃദ്ധയുടെ കൊച്ചുമകളോ മറ്റോ ആവും.തന്‍റെ വീടിന്‍റെ പരിസരത്തെ റോഡിലും മറ്റുമായി പലപ്പോഴും അവളെ ജയ്‌ കണ്ടിട്ടുണ്ട്.ദാരിദ്രം വിളിച്ചോതും വിധം, മങ്ങി തുടങ്ങിയ ഒരു  ക്രീം കളറുള്ള ഒരു ഉടുപ്പ് ആണ് അവള്‍ മിക്കപ്പോഴും ഇട്ടിരുന്നത്. താന്‍ വരുന്നത് കണ്ട്, തന്‍റെ വീടിന്‍റെ ഗേറ്റ് തുറന്ന് അവള്‍ ഓടുന്നത് കണ്ടിട്ട് അയാള്‍ക്ക്‌ പലപ്പോഴും ചിരിവരാറുണ്ടാരുന്നു.

*******************

ഓഫീസിലെ തിരക്കുകള്‍ ഒക്കെ കുറഞ്ഞ്, പതിവായി നേരത്തെ വരുവാന്‍ തുടങ്ങിയ ശേഷം ആണ്  തന്‍റെ ബോറടി മാറ്റുവാന്‍ വേണ്ടി ജയ്‌ ഒരു ലാപ്ടോപ് വാങ്ങിയത്.കൊച്ചു മുറിയില്‍ ചുമരിനോട് ചെര്ത്തിട്ടിരിക്കുന്ന മേശയും, മേശയുടെ ഒരു സൈഡില്‍ ആയി ഒരു കട്ടിലും, മേശയ്ക്കു മുന്നില്‍ ഉള്ള ചുമരില്‍ സീലിങ്ങിനു കുറച്ച് താഴെയായി, തറയില്‍ നിന്നും ഒന്നരയാള്‍ പൊക്കത്തില്‍, സാധനങ്ങള്‍ കയറ്റി വയ്ക്കാന്‍ പാകത്തിന് ഒരു റാക്കും, മേശയ്ക്കു തൊട്ടു മുന്നില്‍ ഒരു കസ്സെരയും, ഒരു സീലിംഗ് ഫാനും രണ്ടോ മൂന്നോ ബള്‍ബുകളും അല്ലാതെ മറ്റൊന്നും ആ മുറിയില്‍ ഇല്ലാരുന്നു.മുറിക്കു പുറത്തേയ്ക്ക് ഉള്ള വാതില്‍ ഹാളിലേയ്ക്ക് തുറന്നിരിക്കുന്നു.ഹാളിന്‍റെ ഒരു മൂലയ്ക്ക് ടോയിലറ്റും ബാത്ത് റൂമും.തന്‍റെ വസ്ത്രങ്ങളും ബാഗും ഒക്കെ ഹാളില്‍ തന്നെ ആണ് അയാള്‍ വച്ചിരുന്നത്.ഹാളില്‍ നിന്നും നേരെ മുറ്റത്തേയ്ക്ക് ഇറങ്ങാന്‍ ഒരു വാതില്‍.ഹാളിന്‍റെ മറ്റൊരു വശത്തായി അടുക്കള.

ഭക്ഷണം മുഴുവന്‍ പുറത്ത് നിന്നായതിനാല്‍ തന്നെ അയാള്‍ക്ക്‌ അടുക്കള ഉപയോഗിക്കേണ്ടി വന്നിട്ടില്ല.ഓഫീസില്‍ നിന്നും വരും വഴി കഴിച്ചിട്ട് വരും.വന്നാല്‍ ഉടന്‍ കുളിച്ച ശേഷം ലാപ്ടോപ് മേശയില്‍ എടുത്തു വച്ച്, തൊട്ടു മുന്നില്‍ കസേര ഇട്ടുകൊണ്ട്‌, ഉറക്കം വരുന്നത് വരെ ഏതെങ്കിലും സിനിമകള്‍ കാണും.അതാണ്‌ ഇപ്പോള്‍ പതിവ്.

******************

നല്ല കാറ്റുള്ള ഒരു രാത്രി, പതിവ് പോലെ ലാപ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ട്‌ ഇരിക്കുകയായിരുന്നു. കുറെ നേരമായി എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടാരുന്നു.സിനിമയിലെ ഒരു ഫൈറ്റ് രംഗം കണ്ട് തീരാറായപ്പോള്‍,പിന്നില്‍ നിന്നും എന്തോ ഒരു ശബ്ദം!!

പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍,തുറന്ന് കിടക്കുന്ന ജനലിലൂടെ ചീറിയടിച്ച കാറ്റില്‍ കര്‍ട്ടന്‍ ശക്തിയായി ആടി ഉലഞ്ഞ ശബ്ദമാണ്.
വേഗം എഴുന്നേറ്റ് ചെന്ന് ജനലുകള്‍ കൊട്ടിയടച്ച് കുറ്റിയിട്ടു.
മുറിയിലെ പ്രധാന ലൈറ്റ് ഒഴികെ മറ്റെല്ലാം ഓഫ്‌ ചെയ്ത് സിനിമയുടെ മൂഡ്‌ നഷ്ട്ടപ്പെടും മുന്നേ വീണ്ടും സിനിമ കാണല്‍ തുടര്‍ന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ എന്തോ ഒരു ശബ്ദം കൂടി."ഈ കാറ്റ് ഇതുവരെ ശമിച്ചില്ലേ" എന്നാ ഭാവേന തല ഒന്നുയര്‍ത്തി നോക്കിയിട്ട് വീണ്ടും സിനിമയിലേയ്ക്ക് തന്നെ മടങ്ങി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ താനിരിക്കുന്നതിനു പിന്നില്‍ എവിടെ നിന്നോ വീണ്ടും ഒരു അനക്കം പോലെ.ശരീരം അനക്കാതെ കണ്ണുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് തന്‍റെ പിന്‍വശത്തേയ്ക്ക് ഇടംകണ്ണിട്ടു ഒന്ന് നോക്കി.അല്‍പ സമയം അങ്ങിനെ തന്നെ ഇരുന്നു.അപ്പോളും സിനിമ തീര്‍ന്നിരുന്നില്ല.ലാപ്ടോപ്പിന്റെ സ്ക്രീനിലേയ്ക്ക് തന്നെ കണ്ണുകള്‍ മടക്കിയപ്പോള്‍ ആണ് സ്ക്രീനില്‍ ഒരു റിഫ്ലക്ഷന്‍ പോലെ എന്തോ ഒരനക്കം.
പെട്ടെന്ന് തിരിഞ്ഞു നോക്കിയ ജയ്‌ തരിച്ചുപോയി !!

തന്‍റെ പിന്നിലെ ചുമരില്‍, സാധനങ്ങള്‍ കയറ്റി വയ്ക്കുവാന്‍ വേണ്ടി ഉള്ള റാക്കിന് മുകളിലായി, കാലുകള്‍ ആട്ടിക്കൊണ്ട് തന്നോടൊപ്പം സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഒരു രൂപം!!
പെട്ടെന്നുണ്ടായ ഷോക്കില്‍ തൊണ്ടയില്‍ നിന്നും പുറത്ത് വന്ന നിലവിളിശബ്ദം അടിമുടി നിറഞ്ഞു നിന്ന പേടിയിൽ അലിഞ്ഞില്ലാതായി.

അല്‍പ്പ നേരത്തിനുള്ളില്‍ സ്ഥലകാല ബോധം വീണ്ടെടുത്ത ജയ്‌ ചാടിയെണീറ്റ്, വാതിലുകള്‍ ഇടിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു.

ഏതോ കൂട്ടുകാരന്‍റെ വീട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന് രാവിലെ തന്നെ ജയ്‌ തിരികെ വന്നു. പേടിച്ചു പേടിച്ചാണ് അകത്തുകടന്നത്.

പക്ഷെ, ആ മുറിയില്‍ മറ്റാരും തന്നെ ഇല്ലായിരുന്നു.

എന്തായാലും ഇന്നിനി ഇവിടെ തങ്ങണ്ട എന്ന് കരുതി അയാള്‍ ഒരു ബാഗില്‍ ചില ഡ്രസ്സുകള്‍ എടുത്ത് കൊണ്ട്, വീടും പൂട്ടി എങ്ങോ പോയി.

പിന്നെ മൂന്ന് നാളുകള്‍ക്കു ശേഷം ആണ് ജയ്‌ ആ വീട്ടിലോട്ട് മടങ്ങി വന്നത്.അതും നന്നായി മദ്യപിച്ച ശേഷം!!

പിന്നീട് കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ നാളുകള്‍ പലതും കടന്നു പോയി എങ്കിലും, മദ്യപിച്ചു മാത്രമേ അയാള്‍ക്ക്  ആ വീട്ടിലോട്ട് വരാന്‍ പറ്റിയിരുന്നുള്ളൂ.

*********

ഒരു വെള്ളിയാഴ്ച രാത്രി പതിവിലും മദ്യപിച്ച്, ഉറയ്ക്കാത്ത കാലുകളോടെ ആണ് ജയ്‌ കയറി വന്നത്.വന്ന പാടെ കട്ടിലിലേയ്ക്ക് വീണതാണ്.പിന്നെ ബോധം വരുമ്പോഴേയ്ക്കു നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.
മുറിയില്‍ ചെറിയ തോതില്‍ വെട്ടം പരന്നു തുടങ്ങി.കണ്ണുകള്‍ തുറക്കാന്‍ മടിച്ച് അല്‍പ്പ സമയം കൂടി അങ്ങിനെ തന്നെ കിടന്നു.

തലയ്ക്കു വല്ലാത്ത കനം.ഇന്നലത്തെ കെട്ട് ശരിക്കും മാറി വരുന്നതെ ഉള്ളു.അല്‍പ നേരം കൂടി കിടക്കാം എന്ന് കരുതി അയാള്‍ കണ്ണുകള്‍ അടച്ചു തന്നെ ഒന്ന് ചരിഞ്ഞു കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍,തന്‍റെ അരികില്‍ ആരോ ഉള്ളതായി ഒരു തോന്നല്‍!!

ആരികിൽ ആയി ആരുടെയോ നിശ്വാസങ്ങൾ ഉള്ള പോലെ!!

അയാള്‍ കണ്ണുകള്‍ പതിയെ തുറന്നു.
തന്‍റെ കട്ടിലില്‍, രണ്ടു കൈകളും ബെഡ്ഡില്‍ കുത്തിക്കൊണ്ട്, തന്‍റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട്‌, താന്‍ കിടക്കുന്ന കട്ടിലിന്‍റെ അരികില്‍ ഇരിക്കുന്ന, ക്രീം കളര്‍ ഉടുപ്പിട്ട ഒരു പെണ്‍കുട്ടിയുടെ രൂപം!!

ഒന്ന് ഞെട്ടി എങ്കിലും സ്വപ്നം കാണുകയാവും എന്ന് കരുതി കണ്ണുകള്‍ ഒന്ന് മുറുക്കെ അടച്ച് തുറന്നു.അപ്പോളും ആ പെണ്‍കുട്ടി തന്‍റെ മുഖത്തേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.അവളുടെ ശ്വാസം തന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി പടരുന്നത് അറിഞ്ഞുകൊണ്ട് കുറച്ചു സമയം അങ്ങിനെ തന്നെ മരവിച്ചു കിടന്നു.അപ്പോളും ആ പെണ്‍കുട്ടി ഇമ വെട്ടാതെ മുഖത്തോട്ടു നോക്കിക്കൊണ്ട് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണിലെ നിസംഗത ആ മുറിയിലാകെ വന്യമായി പടർന്നു കയറിക്കൊണ്ടിരിക്കുന്നു.

സ്ഥലകാല ബോധം പതിയെ പതിയെ അരിച്ചിറങ്ങി വന്നപ്പോള്‍ ആണ്, ആ പെണ്‍കുട്ടിക്ക് താന്‍, സിനിമ കണ്ട രാത്രിയില്‍ "റാക്കിന്‍" മുകളില്‍ കണ്ട അതേരൂപം തന്നെയെന്നു മനസ്സിലായത്!!

വീട്ട് വേലയ്ക്കു വരുന്ന വൃദ്ധയുടെ ബന്ധു എന്ന് കരുതി, പലയിടത്തും വച്ച് താന്‍ കണ്ടതും ഇതേ പെണ്‍കുട്ടിയെ തന്നെ ആണെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞ ആ നിമിഷം കട്ടിലില്‍ നിന്നും ആ പെണ്‍കുട്ടിയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ പുറത്തേയ്ക്ക് ഓടി.


**********

താന്‍ താമസിച്ചിരുന്ന ആ വീട്ടില്‍ ഒരു പെണ്‍കുട്ടി തൂങ്ങി മരിച്ചിരുന്നു എന്നും, അതിനു ശേഷം അതൊരു "പ്രേത ബാധ" ഉള്ള വീടാണെന്ന് പലരും പറയുകയും,  അതോടെ ആണ് ആ വീട് ആരും വാടകയ്ക്ക് എടുക്കാതെ ആയതെന്നും, അതുകൊണ്ടാണ് തനിക്ക് ആ വീട് കുറഞ്ഞ വാടകയ്ക്ക് കിട്ടിയതെന്നും ഒക്കെ അറിയുവാന്‍ സാധിച്ച ജയ്‌ക്ക്, പിന്നീട് ആ വീട്ടിലോട്ട് വരുവാന്‍ ധൈര്യം ഇല്ലായിരുന്നു.

ഒന്നോ രണ്ടോ ദിവസം വീതം  പല പല കൂട്ടുകാരുടെ വീടുകളില്‍ മാറി മാറി താമസ്സിച്ചു എങ്കിലും ജയ്‌ക്ക് ആ പെണ്‍കുട്ടി തന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു.

"അങ്ങിനെ ആണ് പ്രാര്‍ഥനയും പൂജയും ഒക്കെ തുടങ്ങിയത്.നിങ്ങടെ കൂടെ വന്ന ശേഷം, എന്നും മുടങ്ങാതെ പ്രാര്‍ത്ഥിച്ചു കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല.എങ്കിലും ചില രാത്രികളില്‍ ഉറക്കം ഉണര്‍ന്നാല്‍, ജനാലയ്ക്കു വെളിയില്‍ ആരോ നില്‍ക്കുന്നത് പോലെ!!"

"ഇടയില്‍ ഉറക്കം ഉണരാതെ ഇരിക്കാന്‍ വേണ്ടി ആണ് കുടിച്ചു വന്ന് കിടക്കുന്നത്.ഇതൊക്കെ ആരോടെങ്കിലും പറയാന്‍ പറ്റുമോ?? പറഞ്ഞാല്‍ തന്നെ ആരെങ്കിലും വിശ്വസിക്കുമോ?? ഇന്നാളൊരു ദിവസം......................"

ഒരു അശരീരി പോലെ ജയ്‌ തന്‍റെ സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.

രാത്രി 12 മണി ആയെന്ന മുന്നറിയിപ്പുമായി ചുമരിലെ ക്ലോക്ക് പേടിച്ചരണ്ട ഞരങ്ങല്‍ പോലെ പലവട്ടം നിലവിളിച്ചു.

ക്ലോക്കിന്‍റെ നിലവിളിക്കൊപ്പം അവരുടെ ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍, എണീറ്റ്‌ നിന്ന് കൊണ്ട് ഇതുവരെയില്ലാത്ത ഒരു പേടി അവരിലെയ്ക്കാവാഹിക്കുകയായിരുന്നു.

ജനാലയ്ക്കു വെളിയില്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയത്താല്‍ അവരുടെ പേടി നിറഞ്ഞ കണ്ണുകള്‍ ഇരുട്ടില്‍ ആരെയോ പരതി തുടങ്ങിയിരുന്നു....

എഴുത്തില്‍ അലിഞ്ഞ കറുപ്പ് !!

                       കറുപ്പിന്റെ ലഹരിയെ കുറിച്ച് വാതോരാതെ എഴുതണമെന്ന ആഗ്രഹത്തിൽ എഴുത്തുപകരണങ്ങലായ പേനയും പേപ്പറും അടുത്ത വീട്ടിലെ ചെക്കന്റെ സ്കൂൾ ബാഗിൽ നിന്നും അടിച്ചു മാറ്റി, രണ്ടു സ്റ്റഫും അടിച്ചു കയറ്റി വരികൾക്ക് വേണ്ടി ഉറക്കെ മുക്കി തുടഗിയപ്പോൾ ആണ്,കറുപ്പിന്റെ ലഹരിക്കു നിരോധനം ഏർപ്പെടുത്തിക്കൊണ്ട്LATE ആയി വന്നാല്‍ ലേറ്റസ്റ്റാകും എന്ന നയമുള്ള പാർട്ടി,ആദ്യമായി പുറത്തിറക്കിയകറുപ്പിനെ കുറിച്ചുള്ള ലഘു ലേഖ പിൻവലിച്ചത്.

എഴുത്തിന്റെ വഴിയിൽ വച്ച് തന്നെ കറുപ്പെന്ന ലഹരിയെ അറിഞ്ഞാസ്വദിക്കാൻ കിട്ടിയൊരവസരം നഷ്ടപ്പെട്ട വേദനയിൽ ഞാനെന്റെ എഴുത്ത് പെട്ടി അടച്ചു വച്ച് നല്ലൊരു സ്റ്റഫും വലിച്ചുകയറ്റി കസ്സേരയിലേയ്ക്ക് ചാഞ്ഞു.

അപ്പോഴാണ്, കതകിൽ മുട്ടു കേട്ടത്.

തുറന്നു നോക്കിയപ്പോൾ, അടുത്ത വീട്ടിലെ കുട്ടിയും, അവന്റെ അപ്പനും അപ്പൂപ്പനും,അപ്പൂപ്പന്‍റെ അപ്പന്‍റെ ഫോട്ടോയും ഒക്കെ ഉണ്ട്.

കുട്ടി, ഏതോ പ്രോജെക്ട എഴുതി വച്ചിരുന്ന പുത്തകത്തിൽ നിന്നുമാണത്രെ തിരക്കിനിടയിൽ എഴുത്തിനുള്ള പേപ്പർ വലിച്ച് കീറിയത്.ആക്രാന്തത്തിൽ കീറിയതുകൊണ്ടു , അതിന്റെ മറ്റു പേജുകളും ഇളകി പോന്നിരുന്നു.

*************

പുതിയ നോട്ടു വാങ്ങി, അതിൽ കുട്ടിക്ക് വേണ്ടി ആ പ്രോജെക്ട മുഴുവൻ എഴുതി കഴിഞ്ഞപ്പോളേയ്ക്കു തുടർച്ചയായ മൂന്നു മണിക്കൂറുകൾ !!
മണിക്കൂറുകൾനീണ്ട എഴുത്തിനൊപ്പം കറുപ്പിന്റെ ലഹരിയും കെട്ടടങ്ങിയിരുന്നു.

എഴുത്തിന്റെ ക്ഷീണം ബാധിച്ച സിരകളെ, ഓയിൽ പേപ്പറിൽ തെറുത്തെടുത്ത മറ്റൊരുസ്ടഫ്ഫിനാല്‍ ഉണര്ത്തിക്കൊണ്ട്,ആനന്ദ നിര്‍വ്രുതിയാല്‍ കണ്ണുകള്‍ അടയ്ക്കുംബോളും,കറുപ്പ് നിരോധിച്ച പാര്‍ട്ടി നേതാവിനെ മനസ്സറിഞ്ഞ് രണ്ടെണ്ണം പറയുവാന്‍ എല്ലാ കറുപ്പ്സ്നേഹികളെ പോലെ എന്‍റെ ഹൃദയവും തുടിക്കുന്നുണ്ടാരുന്നു.

Tuesday, 12 July 2016

ഒരു ആനിമേഷന്‍ സിനിമ !!



                             രു ആനിമേറ്റര്‍ ആയി ഉപജീവനം നടത്തുന്നത് അഭിമാനമായി കരുതുന്നത് കൊണ്ട് തന്നെ "എന്‍റെ സിനിമ" എന്ന ഈ പംക്തിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഒരു ആനിമേഷന്‍ സിനിമ തന്നെയാണ് !!

"വാൾട്ട് ഡിസ്‌നി പിച്ചേഴ്‌സ്" ഉം "പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ"യും ചേര്‍ന്ന്, 2003 മെയ് മാസം 30ന്  പുറത്തിറക്കിയ "ഫൈൻ്റിങ്ങ് നെമോ" എന്ന ആനിമേഷന്‍ സിനിമ 2004 ല്‍ ഓസ്കാറും, ഗോള്‍ഡന്‍ ഗ്ലോബും അടക്കം നിരവധി പുരസ്കാരങ്ങള്‍ വാരികൂട്ടുക തന്നെ ചെയ്തു.

1 മണിക്കൂര്‍ 40 മിനിറ്റുള്ള ഈ സിനിമ 630 കോടി രൂപ മുതൽ മുടക്കിൽ ഏകദേശം 6500 കോടിയോളം രൂപ കളക്ഷൻ നേടുകയുണ്ടായി.ഈ സിനിമയുടെ, നാല് കോടിയിലധികം ഡിവിഡി കൾ ആണ് വിറ്റുപോയത്.



ഓറഞ്ചും വെള്ളയും കറുപ്പും കൂടി കലർന്ന് മനോഹര നിറമുള്ള ക്ലൌണ്‍ഫിഷ്‌ ആയ "മര്‍ലിന്‍" തന്‍റെ മകനായ "നിമോ" യെ രക്ഷപെടുത്തുവാന്‍ വേണ്ടി നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാവുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം.

"ഭാര്യയേയും നൂറുകണക്കിന് മുട്ടകളെയും ഒരു മത്സ്യം തിന്നത്കൊണ്ട്, അവശേഷിച്ച ഒരേ ഒരു മുട്ടയില്‍ നിന്നും ഉണ്ടായ "നിമോ" യെ വളരെ കരുതലോടെയും,നീയന്ത്രണങ്ങളോടെയും ആണ് "മര്‍ലിന്‍" വളര്‍ത്തുന്നത്.ഒരിക്കല്‍ അച്ഛനും ആയി പിണങ്ങുന്ന "നിമോ" ആഴക്കടലിലേയ്ക്ക് നീന്തുകയും ഒരു ബോട്ടില്‍ വന്നവര്‍ അവനെ പിടിച്ച് കൊണ്ട്പോവുകയും ചെയ്യുന്നു.മകനെ തേടി പുറപ്പെടുന്ന മെര്‍ലിന്‍, ഷോര്‍ട്ട്ടേം മെമ്മറി ലോസ്സ് ഉള്ള "ഡോറി" എന്ന നീല മത്സ്യത്തെ കണ്ടുമുട്ടുന്നു.നിമോയെ തേടിയുള്ള യാത്രയില്‍ "ഡോറി" കൂടി ചേരുന്നു.യാത്രയില്‍ അവര്‍ കുറെ അപകടങ്ങള്‍ നേരിടുന്നു.


അതെ സമയം,സിഡ്നി ഹാര്‍ബറിനടുത്തുള്ള ഒരു ഫിഷ്‌ടാങ്കില്‍ എത്തപ്പെട്ട നിമോ മറ്റ് മത്സ്യങ്ങളോടൊപ്പം  അവിടുന്ന് രക്ഷപെടാന്‍ വേണ്ടി പല രീതിയില്‍ ശ്രമിക്കുന്നു"

കടലിനടിയിലെ ദൃശ്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ കുട്ടികളെക്കാള്‍ അധികം കണ്ടിരിക്കുന്നത് മുതിര്‍ന്നവര്‍ ആണ്.സിനിമയിലെ എല്ലാ സീനുകളും പൂര്‍ണമായി കമ്പ്യൂട്ടര്‍ നിര്‍മിതം ആണെന്നത് അവിശ്വസനീയം എന്ന് തോന്നും.അത്ര മനോഹരമായും റിയല്‍ ആയും ആണ് കടലും, കടലിനടിയും ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്.


ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ആനിമേഷൻ സിനിമ കാണണം എന്ന ആഗ്രഹം തോന്നാത്തവർക്ക്‌ പോലും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് "ഫൈൻ്റിങ്ങ് നെമോ" എന്നതിൽ സംശയമില്ല.


                                  ************************************************

ഇനി നമുക്ക് തിരശീലയ്ക്ക് പിറകിലേക്ക് പോകാം................

                                       "നിമേഷന്‍" എന്നാല്‍ കുട്ടികളി, കുട്ടികള്‍ക്കുള്ള സിനിമ എന്നാണ് ഒരു സാധാരണ ഇന്ത്യക്കാരനുള്ള ധാരണ. ആനിമേറ്റര്‍ ആണ് എന്ന് അറിയുമ്പോള്‍ "കൊള്ളാവുന്ന പണി ഒന്നും കിട്ടിയില്ലേ?", "ഇതുവരെ ജോലി ഒന്നും ആയില്ല അല്ലെ" എന്നൊക്കെ ചോദിച്ചവരും, ചോദിക്കുന്നവരും ഒരുപാടാണ്..
.
                    എന്നാല്‍ ഒരു ആനിമേഷന്‍ സിനിമയുടെയോ അല്ലെങ്കില്‍ ഒരു ആനിമേഷന്‍ സീരിയലിന്‍റെയോ പിന്നില്‍ ഉള്ള പ്രയത്നം എത്രത്തോളമെന്നോ അതിന് വരുന്ന ചിലവുകള്‍, സമയം  എന്നിവയെ കുറിച്ചോ ഒന്നും തന്നെ അറിയാത്തവരാണ് മിക്കവരും..
.
ആമുഖം:
         രണ്ടു രണ്ടരമണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ശരാശരി മലയാള സിനിമ ചെയ്യുന്നതിന് നൂറില്‍ താഴെ ആളുകളും, മൂന്നു മുതല്‍ അഞ്ചു കോടിയോളം രൂപ ചിലവും, രണ്ടോ മൂന്നോ മാസത്തെ അധ്വാനവും മതി..
.
എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ആനിമേഷന്‍ സിനിമയുടെ പുറകില്‍ ആയിരത്തോളം ആളുകളുടെ നാലോ അഞ്ചോ വർഷത്തെ പ്രയത്നവും ആയിരംകോടി രൂപയോളം ചിലവും ഉണ്ട് എന്നു പറയുമ്പോൾ അതിശയം തോന്നരുത്. ഒരു ആനിമേഷൻ സീരിയലിന് വരെമുന്നൂറും നാനൂറും കോടി രൂപ ചിലവുണ്ടെന്നതാണ് സത്യം !!.
എന്തുകൊണ്ടാണ് ഇത്രയും ചിലവ് വരുന്നതെന്ന് അറിയണമെങ്കിൽ, നമ്മൾ കാണുന്ന ഒരു ആനിമേഷന്‍ ചലച്ചിത്രത്തിന് പിന്നിൽ ഉള്ള ഘട്ടങ്ങൾ എന്തൊക്കെ ആണെന്ന് പരിശോധിക്കാം..
           പൊതുവെ നമ്മൾ "ആനിമേഷന്‍" എന്ന് പറയുമെങ്കിലും, "ആനിമേഷന്‍"  എന്നാൽ വലിയൊരു പ്രോസസ്സിങ്ങിലെ ഒരു ഘട്ടം മാത്രമാണ്.
 ********************************************************************************************
പ്രധാന ഘട്ടങ്ങൾ:
പ്രീ പ്രൊഡക്ഷൻ 
പ്രൊഡക്ഷൻ
പോസ്റ്റ് പ്രൊഡക്ഷൻ
 ********************************************************************************************
പ്രീ പ്രൊഡക്ഷൻ:
.
                      കഥ, തിരക്കഥ എന്നിവയ്ക്ക് ശേഷം ചിത്രകഥാ രൂപത്തില്‍ കഥ പറയുന്നതിനെ ആണ് "സ്റ്റോറിബോര്‍ഡിംഗ്" എന്ന് പറയുന്നത്. പിന്നീട്, അങ്ങനെ വരച്ച ചിത്രങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു ചിത്രകഥാ ചലച്ചിത്രം അഥവാ  "അനിമാറ്റിക്സ്‌" ആക്കി മാറ്റുന്നു. ഓരോ സീനും എത്ര സമയം വേണം എന്നതും, സംഭാഷണവും എല്ലാം ഉള്‍പ്പെട്ട ഈ "അനിമാറ്റിക്സ്‌" കണ്ടാല്‍ തന്നെ കഥയുടെ ഏകദേശ രൂപം മനസ്സിലാവുന്നതാണ്. സംവിധായകന്‍റെ ആശയങ്ങള്‍ എല്ലാവരിലേയ്ക്കും വളരെ എളുപ്പം എത്തിക്കുവാന്‍ സാധിക്കുന്ന ഒരു ബ്ലൂ പ്രിന്റ് എന്നു വേണമെങ്കിൽ പറയാം. ക്യാരക്ടർ, പ്രോപ്സ്, സെറ്റ് തുടങ്ങിയവയുടെ ഡിസൈനും ഈ ഘട്ടത്തിൽ ചെയ്യുന്നു..
.
.
.
പ്രൊഡക്ഷൻ:
.
             കളിമണ്‍ശില്പങ്ങള്‍ നിര്‍മിക്കുന്നത് പോലെ, ആനിമേഷന്‍ സിനിമകള്‍ക്ക്‌ വേണ്ട കഥാപാത്രങ്ങളെയും, സെറ്റും, പ്രോപ്സ്സും ഒക്കെ ഉണ്ടാക്കുന്നത് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ വഴി ആണ്. അങ്ങനെ, പ്രീ പ്രൊഡക്ഷനിൽ ചെയ്ത ഡിസൈന് അനുസരിച്ച് കമ്പ്യുട്ടറിൽ രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെ "മോഡലിങ്ങ്" എന്നാണ് പറയുന്നത്.
.
(റെഫറൻസ് വച്ചു മോഡൽ ചെയ്യുന്നു )
.
             നമ്മള്‍ക്ക് എല്ലാവര്‍ക്കും ശരിയായി ഓടുവാനും നടക്കുവാനും, കൈകൾ ചുരുട്ടുവാനും ഒക്കെ സാധിക്കുന്നത് ശരിയായ ജോയിന്റ്കളോടെ ഉള്ള അസ്ഥികളും മസിലുകളും ഒക്കെ ഉള്ളതുകൊണ്ടാണ്. അതുപോലെ തന്നെ ആണ് ആനിമേഷനിലും. അങ്ങിനെ "മോഡലിങ്ങ്" കഴിഞ്ഞ കഥാപാത്രങ്ങൾക്ക് ശരിയായ ബോണുകളും, കൺട്രോളുകളും കൊടുക്കുന്നതിനെ "റിഗ്ഗിങ്" എന്നാണ് പറയുന്നത്.
(കൻഡ്രോളുകൾ ആഡ് ചെയ്ത മോഡൽ അഥവാ റിഗ്ഗ്ഡ് മോഡൽ
.
.
                  "മോഡലിങ്ങ്"  വിഭാഗത്തിൽ നിന്ന് വരുന്ന  കഥാപത്രങ്ങൾക്കോ  അല്ലെങ്കില്‍ മറ്റു മോഡലുകള്‍ക്കോ ഒന്നും കളറുകള്‍ ഉണ്ടാവില്ല. ബോഡി കളർ, ഡ്രെസ്സ് കളർ തുടങ്ങിയ എല്ലാ ടെസ്റ്ററിങ്ങും  "സർഫസിങ്" വിഭാഗത്തിൽ ആണ്  ചെയ്യുന്നത്.
(ടെസ്റ്റർ നൽകിയ മോഡൽ ).
.
            ആനിമേഷൻ തുടങ്ങും മുന്നേ, ആനിമാറ്റിക്സ്സിന്റെയും , സ്റ്റോറിബോർഡിന്റെയും സഹായത്താൽ, ഓരോ സീനും തയ്യാറാക്കുന്നു. ക്യാമറയും, കഥാപാത്രങ്ങളേയും ആനിമേഷൻ സീനിനു വേണ്ട മറ്റ് വസ്തുക്കളെയും ഒക്കെ ക്രമീകരിക്കുന്നത് "ലേ ഔട്ട്" വിഭാഗം ആണ്.
.
.
            "ലേ ഔട്ടിൽ" കഥാപത്രങ്ങൾക്ക് ശരിയായ മൂവ്മെന്റ് ഉണ്ടാവില്ല. അതു ചെയ്യുന്നത് "ആനിമേഷൻ" വിഭാഗത്തിൽ ആണ്. ഒരു സിനിമയിലെ നടന്മാർ കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുന്നത് പോലെ ഉള്ള അഭിനയം തന്നെ ആണ് ആനിമേഷനിലും നടക്കുന്നത്. എന്നാൽ, കഥാപാത്രങ്ങൾ തനിയെ അനങ്ങില്ല, ഓരോ ആനിമേറ്ററും, അവർ ചെയ്യുന്ന സീനിലെ ഓരോ കഥാപാത്രങ്ങളേയും പ്രത്യേകമായി അഭിനയിപ്പിക്കുക ആണ് ചെയ്യുന്നത്.
.
.
                       നമ്മുടെ കൈയിൽ ഒരു "ടെഡി ബീർ" ഉണ്ടെന്ന് കരുതുക. അതിനെ നമ്മൾ നടത്തിക്കണമെങ്കിൽ, അതിന്‍റെ ഓരോ കാലുകളും നമ്മൾ തന്നെ പിടിച്ചുകൊണ്ട് മുന്നോട്ടോ പുറകോട്ടോ മാറ്റി വെച്ചു കൊടുക്കണ്ടേ? അതുപോലെ ആണ് ആനിമേഷൻ ചെയ്യുമ്പോളും. ഓരോ കൺട്രോളുകൾ ആയി നമ്മൾ മാറ്റി മാറ്റി വച്ചുകൊണ്ട് വേണം ഓരോ ചലനങ്ങളും, മുഖത്തെ ഭാവ മാറ്റങ്ങളും ഒക്കെ വരുത്തുവാൻ.
.
.
ചിലപ്പോൾ ചില ക്യാരറ്ററുകൾക്കു മൂവായിരം കൺട്രോളറുകൾ വരെ ഉപയോഗിക്കേണ്ടി വരും. ഡ്രാഗണുകൾ പോലുള്ള ക്യാരറ്ററുകൾക്കു ഏഴായിരം കൺട്രോളുകൾ വരെ ഉണ്ടാവാറുണ്ട്. ആനിമേറ്റർ ഓരോ സീനും ഒരു കണ്ണാടിക്കു മുന്നിലോ, അല്ലെങ്കിൽ ഒരു ക്യാമറയ്ക്കു മുന്നിലോ അഭിനയിച്ച്‌ നോക്കി, അതു റെക്കോർഡ് ചെയ്തു കണ്ട ശേഷം ആണ് മിക്കപ്പോഴും ആനിമേഷൻ ചെയ്യുക. അതിനായി പ്രത്യേക "ആക്റ്റിങ് മുറികൾ" തന്നെ എല്ലാ സ്റ്റുഡിയോകളിലും ഉണ്ട്. ചിലപ്പോൾ മറ്റുപല റെഫറൻസുകളും പഠിക്കേണ്ടതായും വരാറുണ്ട്.
.
.
നമ്മൾ കാണുന്ന ഒരു സെക്കൻഡ് ആനിമേഷൻ ചെയ്യാൻ പോലും ആഴ്ചകൾ എടുക്കുന്നുണ്ട്.
.
.
                     ആനിമേഷൻ കഴിഞ്ഞാൽ "ക്യാരറ്റർ എഫക്ട്സ്സ്" എന്ന വിഭാഗത്തിലോട്ട് പോകുന്നു.ക്യാരറ്ററിനോട് ചേർന്നു നിൽക്കുന്ന മുടി, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ മൂവ്മെന്റ്സ് ശരിയാക്കുന്നത് ഇവിടെ വച്ചാണ്.
.
.
              പിന്നീടാണ് "എഫക്ട്" വിഭാഗത്തിൽ എത്തുന്നത്. തീ , വെള്ളം, മിന്നൽ, കാറ്റ്, പൊട്ടിത്തെറികൾ തുടങ്ങിയ എഫക്ട്കൾ ഈ വിഭാഗത്തിൽ വച്ചു ചെയ്യുന്നു.
.
.
"മാറ്റ് പെയിന്റിങ്" വിഭാഗക്കാർ ആണ് ഓരോ സീനിനും ആവശ്യമായ വിദൂര ദൃശ്യങ്ങൾ വരയ്ക്കുന്നത്.
(സ്റ്റോറി ബോർഡിൽ നിന്നും ഫൈനൽ ഔട്ടിലോട്ടുള്ള മാറ്റങ്ങൾ )
.
.
                "ലൈറ്റ്" ഇല്ല എങ്കിൽ ഇരുട്ടത്ത് നമുക്ക് ഒന്നും തന്നെ കാണുവാൻ സാധിക്കില്ലല്ലോ. അതുപോലെ തന്നെ ആണ് ആനിമേഷനിലും. "ലൈറ്റിങ്" വിഭാഗം ആണ് കഥയ്ക്കനുസരിച്ച് ഓരോ സീനിനും പ്രകാശം നൽകുന്നത്. രാവിലെ, ഉച്ചയ്ക്ക്, സന്ധ്യക്ക്‌, രാത്രിയ്ക്ക് എന്നിങ്ങനെയുള്ള "ലൈറ്റിങ് " വ്യതിയാനങ്ങൾ നൽകുന്നത് ഇവർ ആണ്. അതിനു ശേഷം അതിനെ ഓരോരോ ചിത്രങ്ങൾ ആക്കി മാറ്റുന്നു. ഇതിനെ "റെൻഡറിങ്" എന്നാണ് പറയുന്നത്. ഒരു ഫ്രെയിമിന് ഒരു ചിത്രം എന്നതാണ് കണക്ക്. 24 ഫ്രെയിം അല്ലെങ്കിൽ 24 ചിത്രങ്ങൾ വേണം ഒരു സെക്കൻഡ് സിനിമ ആകുവാൻ.
.
.
പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ്കൾക്ക് ഉണ്ടാവുന്ന  എല്ലാ ടെക്നീക്കൽ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു "ടെക്‌നിക്കൽ ടീമ്" തന്നെ ഉണ്ടായിരിക്കും.
(ഓരോ സ്റ്റേജിലും ഉള്ള മാറ്റങ്ങള്‍)
.
.
.
പോസ്റ്റ് പ്രൊഡക്ഷൻ:
.
                 "റെൻഡറിങ്" കഴിഞ്ഞ ഇമേജുകളെ തീയറ്ററിൽ കാണുന്ന രീതിയിൽ മൂവി ആക്കി മാറ്റുന്നത് പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്. സംഭാഷണവും, പശ്ചാത്തല സംഗീതവും അടക്കം എല്ലാ ശബ്ദ മിശ്രണവും, കളർ കറക്ഷനും ഒക്കെ പോസ്റ്റ് പ്രൊഡക്ഷനിൽ വച്ച് നടക്കുന്നു.

അങ്ങിനെ ഒടുവിൽ ഒരു ആനിമേഷൻ സിനിമ ജനിക്കുന്നു.സിനിമയുടെ അവസാനം എഴുതികാണിക്കുന്ന ക്രെഡിറ്റ്സ്സ് കൂടി നോക്കുവാൻ ക്ഷമ കാണിച്ചാൽ, സിനിമയ്ക്ക് പിന്നിൽ  ആരൊക്കെ, ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ്കൾ,ഏതൊക്കെ സോഫ്ട് വെയറുകൾ ഉപയോഗിച്ചു.... തുടങ്ങി പല വിവരങ്ങളും അറിയാവുന്നതാണ്.

നല്ല പ്രേക്ഷകർ ആണ് ഒരു സിനിമയുടെ വിജയം.മറ്റ് സിനിമകളെ കാണുന്ന പോലെ തന്നെ "ആനിമേഷൻ" സിനിമകളെയും കാണുക.അവയെ പ്രോത്സാഹിപ്പിക്കുക.സമൂഹത്തിൽ മറ്റേതൊരു ജോലിയും പോലെ മാന്യത അർഹിക്കുന്നവർ ആണ് ആനിമേഷൻ രംഗത്തുള്ളവരും.സർഗാത്മകമായ ഒരു രംഗത്ത് പ്രവർത്തിക്കുവാൻ അവസരം കിട്ടിയ എല്ലാ ആർട്ടിസ്റ്റ്കളും ഇങ്ങനൊരവസരം കിട്ടിയതിൽ അഭിമാനത്തോടെ, തലയുയർത്തി തന്നെ ദൈവത്തോട് നന്ദി പറയുക.കാരണം നിങ്ങൾ സന്തോഷിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രതിനിധികളായ കുട്ടികളെ ആണ്, സിനിമ കണ്ടിരിക്കുന്ന സമയത്തെങ്കിലും കുട്ടി ആയി മാറാന്‍ കൊതിക്കുന്ന മുതിര്‍ന്നവരെ ആണ്!!
.
**************************************************************************************
.

Friday, 8 July 2016

ഷാപ്പിലെ കറിയും,പൂരപ്പറമ്പിൽ വയറിളക്കവും!!

                              ണുത്ത കാറ്റിന്‍റെ കൈയ്യും പിടിച്ച് കൊഞ്ചി കുഴഞ്ഞുപെയ്യുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ പല ഓർമകളിലൂടെയും തെന്നി തെറിച്ചുകൊണ്ട് മനസ്സ് കാലങ്ങൾക്ക് പിന്നിലേയ്ക്ക് ഓടിത്തുടങ്ങിയിരുന്നു.

എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍റെ ഓവർ ബ്രിഡ്‌ജിന്‍ മുകളില്‍,മഴ കോലങ്ങൾ ആസ്വദിച്ചു എത്രനേരം നിന്നു എന്നറിയില്ല.തളർന്ന സീൽക്കാരത്തോടെ മേൽക്കൂരയിൽ പതിക്കുന്ന മഴത്തുള്ളികൾക്ക്  താളബോധം നഷ്ടപ്പെട്ടിരിക്കുന്നു.മഴത്തുള്ളികളുടെ വേഗത്തെ ജീവിത തിരക്കുകള്‍ കൊണ്ട് തോല്‍പ്പിക്കുവാന്‍ വേണ്ടി തലങ്ങും വിലങ്ങും പായുന്ന പല പല രൂപങ്ങള്‍.

മഴനനഞ്ഞു വിറച്ചുതുടങ്ങിയ ബോഗികളുമായി ഏതോ ഒരു ട്രെയിൻ സ്റ്റേഷൻ വിട്ടു പോകാനുള്ള വ്യഗ്രതയിൽ പുറന്തള്ളിയ ചൂളംവിളിയില്‍  ഓർമകള്‍ എങ്ങോ ഓടിയൊളിച്ചു.

അപ്പോഴേയ്ക്കും സമയം എട്ടുമണി കഴിഞ്ഞിരുന്നു.മച്ചാനെ വിളിച്ചപ്പോൾ "നോർത്ത് സ്റ്റേഷൻ പരിസരത്ത് എത്താറായി.ഇപ്പൊ വിളിക്കാം" എന്ന മറുപടി.മച്ചാനെത്തുന്ന സമയം കൊണ്ട് പ്ലിങ്ങനെ വിളിച്ചുനോക്കാം എന്നു കരുതി വിളിച്ചപ്പോൾ പ്ലിങ്ങൻ എഞ്ചിന്‍റെ ചൂടും പറ്റി, ഏതോ പെൺ ബസ്സിന്‍റെ പിന്നാലെ തോപ്പുംപടിക്കു നിരങ്ങിക്കൊണ്ടിരിക്കുന്നു.

എന്നാൽ പിന്നെ കംസനെ വിളിക്കാം എന്ന് കരുതി ഡയൽ ചെയ്തപ്പോളേ ഫോൺ അറ്റൻഡ് ആയി.മറുതലയ്ക്കൽ ഏറുകൊണ്ട പട്ടിയെ പോലുള്ള ഒരു നിലവിളി.

ജെസിബി ക്ക് വിളിച്ച കോൾ പട്ടിക്ക് പോയോ ?? ഈശ്വര .. ഇതെങ്ങനെ!!
എന്ന് തല പുകച്ച് തുടങ്ങിയപ്പോഴേയ്ക്കും നെഞ്ചത്തടിച്ചു താളം പിടിച്ചൊരു കംസ ധ്വനി മുഴങ്ങി.

"എനിക്ക് കള്ളുകുടിക്കാൻ പറ്റണില്ല അളിയാ!!
ആരുടെയോ ശാപം ആണെന്ന് തോന്നുന്നു"

  എന്നാൽ അതൊന്നറിയണമല്ലോ എന്നു കരുതി വേഗം തോപ്പുംപടി വരാൻ പറഞ്ഞു ഫോൺ വച്ചു.കള്ള് വാങ്ങി തരാം എന്നു പറഞ്ഞാൽ ചത്ത്‌കിടന്നാലും കംസൻ ഗ്ളാസ്സും ആയി വരും എന്നറിയാമായിരുന്നു.

അപ്പോളേക്കും മച്ചാൻ എത്തി.


"ഡാ .. ഡെന്നി വരുന്നുണ്ട്.ഏതോ പെണ്ണിനെ വായിനോക്കാന്‍ വേണ്ടി, പി.എസ്.സി  കൊച്ചിങ്ങിന് ചേര്‍ന്ന ഡെന്നി , "ക്ലാസ്സില്‍ പോകുവാ" എന്നും പറഞ്ഞാണ് സ്ലേറ്റും പെന്‍സ്സിലും വാട്ടര്‍ ബോട്ടിലും കുപ്പി പാലും ഒക്കെ എടുത്ത് വീട്ടില്‍ നിന്നിറങ്ങിയതത്രെ.അതുകൊണ്ട് അവന്റെ വീട്ടില്‍ പോയി ഫ്രഷ്‌ ആകാം എന്ന പരുപാടി നടക്കില്ല.നമുക്ക് കുറച്ചപ്പുറത്തുള്ള ജംഗ്ഷനിൽ പോയി അവനെ കാത്ത് നിൽക്കാം"

"ഇവിടെ വന്നിറങ്ങിയ ഉടൻ ഡെന്നിയെ വിളിച്ചിരുന്നു.അപ്പോഴും അവൻ വീട്ടിൽ നിന്നും ഇറങ്ങി എന്നാണല്ലോ പറഞ്ഞത് "

ഇവൻ ഇത്ര ദൂരെ ആണോ താമസിക്കുന്നത് എന്നു ആലോചിച്ചുകൊണ്ട് മച്ചാന്‍റെ പിന്നാലെ കുടയും ചൂടി എങ്ങോട്ടോ നടന്നു.ഏതോ ഒരു ബസ്സ്‌സ്റ്റോപ്പില്‍ ചെന്ന് കിട്ടിയ ശകടത്തില്‍ കയറി ഹൈകോടതി പരിസരത്ത് ചെന്നിറങ്ങി ഡെന്നിയെ വീണ്ടും വിളിച്ചു.

"എത്താറായി ചേട്ടാ"എന്ന് മാത്രം.

ഏകദേശം ഒരുമണിക്കൂര്‍ ആ മഴയത്ത് അവിടെ നിന്നു.ഫുള്‍ ലോഡ് വെള്ളവുമായി ഒരു ജലപീരങ്കി നെരിഞ്ഞമര്‍ന്ന ടയറുകളുമായി ഞങ്ങളുടെ തൊട്ടു മുന്നില്‍ വന്നു നിന്നു.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസ് വാഹനം കൂടി വന്നു നിന്നു.ഏതോ ആളുകള്‍ ഇന്ന് മഴനനഞ്ഞ്‌ തല്ലുകൊള്ളാന്‍ പോകുന്നു.വെറുതെ അവിടെ നിന്ന് പുലിവാലാകണ്ട എന്ന ചിന്തകള്‍ ഞങ്ങളെ അവിടുന്ന് പോകുവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
"ഡെന്നി വരും വഴി  അവനെ പൊക്കാം" എന്നും പറഞ്ഞ് പതുക്കെ നടന്നു തുടങ്ങി.

നടന്ന് നടന്ന് ഒടുവില്‍ ഞങ്ങള്‍ ഡെന്നിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള വീടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു ചുവപ്പ് കാര്‍ നിരങ്ങി വരുന്നത് കണ്ടു.നിരങ്ങി വന്ന കാർ അര കിലോമീറ്റർ അകലെ പോയി നിന്നു.
മഴ നനഞ്ഞു കാറിനടുത്തെത്തിയപ്പോൾ, കനത്ത മഴയിൽ സൺഗ്ളാസ്സും വച്ചുകൊണ്ട്, നീല ചുരിദാറും, വെള്ള മുണ്ടും ചകിരി ചീഞ്ഞ പോലുള്ള തലയും ഒക്കെ ആയി ഒരു തടിമാടൻ!!

അവൻ്റെ കക്ഷത്തിനിടയിലെങ്ങാനും കുടുങ്ങി ചത്താലോ എന്നു പേടിച്ച മച്ചാൻ"ഡാ നീ ഫ്രണ്ടിൽ ഇരുന്നോ, അവന്‍റെ രൂപത്തിന് നീയാ ബെസ്റ്"എന്നും പറഞ്ഞ് പുറകിൽ ചാടി കയറി.

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ഫ്രീസറിൽ കയറിയത് പോലെ.
"ഇത്രയും തണുപ്പുള്ളപ്പോൾ എന്തിനാടാ ഏസി?"
"ഏസിയിൽ ഇരുന്നാൽ വെളുക്കും എന്ന് എവിടെയോ വായിച്ചു ചേട്ടാ,അതു പോട്ടെ .. നുമ്മ എങ്ങാട്ടാണ് ??"

ആദ്യമായി കാണുന്നതല്ലേ, ഇവന്‍റെ രണ്ടു ഫോട്ടോ എടുക്കാം എന്നു കരുതി ക്യാമറ പുറത്തെടുത്തപ്പോൾ മുതൽ ഡെന്നി "കല്യാണരാമനിൽ" ഇന്നച്ചൻ പോസ്സ് ചെയ്യുന്ന പോലെ പല പല പോസുകൾ ഇട്ടുതുടങ്ങി.


ക്യാമറ കണ്ടപ്പോൾ മുതൽ ഡെന്നിയുടെ നോട്ടം ക്യാമറയ്ക്കു നേരെ ആയി.നേരെ നോക്കി ഓടിച്ചപ്പോൾ തന്നെ റോഡിന്‍റെ നടുക്ക് കൂടിയാണ് കാർ പോയിരുന്നത്.ജീവനിൽ കൊതി ഉള്ളത് കൊണ്ടു ക്യാമറ എടുത്ത് വച്ചു.

വെണ്ടുരുത്തി പാലം കയറി തുടങ്ങിയപ്പോൾ കംസന്‍റെ ഫോൺ.

പാലം കടന്ന ഉടൻ നിക്കുന്നുണ്ടെന്ന നിർദ്ദേശം വിശ്വസിച്ച ഞങ്ങൾ പാലം കടന്നൊരു കടയുടെ മുന്നിൽ കാർ നിർത്തി.
കനത്ത മഴ ആയതുകൊണ്ട് റോഡിലെ ആളുകളെ തിരിച്ചറിയുന്നില്ല.
കംസൻ അവിടെങ്ങാനും ഉണ്ടോ എന്നറിയാൻ വേണ്ടി, പൊരിഞ്ചാക്കിന് കൊട്ട് ഇട്ടതു പോലുള്ള ഒരു രൂപത്തിന് വേണ്ടി ഞങ്ങൾ ചുറ്റിനും കണ്ണോടിച്ചു.


പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ കംസൻ മറ്റൊരു കാറിൽ അവിടെത്തി.

അവിടെ നിന്നും കംസന്‍റെ കാറിൽ കയറാൻ തോന്നിയ തീരുമാനം തെറ്റായിരുന്നു എന്നു ഉടൻതന്നെ മനസ്സിലായി.

ഉറക്കെ പറഞ്ഞാൽ തെറി ആയി മാറുന്ന ഏതോ ഒരു സ്ഥലത്ത് ആണ് പ്ലിങ്ങൻ ഉള്ളതെന്നു മച്ചാൻ പറഞ്ഞ ഉടൻ കംസൻ, ജെസിബി തിരിക്കും പോലെ വണ്ടി തിരിച്ച് ആവേശത്തിൽ ഒരോറ്റ പോക്ക്.

"ഇതെവിടേയ്ക്കാ ഈ പോണേ ? ഇങ്ങക്ക് സ്ഥലം അറിയോ ? നമുക്ക് അവരുടെ വണ്ടിയുടെ പുറകെ പോന്നാൽ പോരെ ?"

തുടങ്ങിയ ചോദ്യങ്ങൾക്ക് പഴകിയ കക്കൂസുംബ്രഷ് പോലത്തെ കൊമ്പൻ മീശ പിരിച്ചു കൊണ്ട് ഒരൊറ്റ മറുപടി.

"നമ്മൾ സ്ഥിരം പോകുന്ന റൂട്ട് ആണ് ഭായി"

എവിടെയോ ചെന്നപ്പോൾ മച്ചാൻ വിളിച്ചു.
"ഞങ്ങ ദേ ശാന്തേട്ടന്‍റെ അടുത്തെത്തി.നിങ്ങളെവിടാ?"

അപ്പൊ നമ്മൾ എങ്ങോട്ടാ പോണതെന്ന ഭാവേന കംസനെ നോക്കിയപ്പോൾ, "അവര് വഴി തെറ്റി വേറെ വഴി പോയി. ദാ ദിപ്പോ ശരിയാക്കാം, ആ വളവു തിരിഞ്ഞാൽ നമ്മളെത്തും "



വളവ് തിരിഞ്ഞപ്പോ അവിടെ വഴി തീർന്നു.
"ഛെ !! ഇതറിഞ്ഞെങ്കിൽ ഞാൻ ജെസിബിയും കൊണ്ട് വന്നേനെ"

"എന്തിനാ വഴി മാന്തിയുണ്ടാക്കാനാ ?? ഇങ്ങള് ജാഡ കളഞ്ഞിട്ട് ആരോടെങ്കിലും വഴിചോദിക്ക് മനുഷ്യ.റൂം എടുത്തിട്ടു വേണം ഫ്രഷ് ആകാൻ" വയറു തടവി കൊണ്ട് ഞാൻ പറഞ്ഞു.

പിന്നെ ,അവിടുന്നു പെണ്ണുങ്ങളോടും കിളവിമാരോടും മാത്രം വഴി ചോദിച്ചു ചോദിച്ചു ചോദിച്ച് ജെസിബി പല വഴി വണ്ടി ഓടിച്ചു.

ആ പ്രദേശത്തെ പാലങ്ങൾ മുഴുവൻ കണ്ടു.ഉടുവഴികൾ മുഴുവൻ കറങ്ങി.

അവസാനം, ജെസിബി തന്നെ മച്ചാനെ വിളിച്ച് "പേത്ത" എന്നു പറഞ്ഞു.എന്നിട്ട് വണ്ടി തിരിച്ചു.

"പേത്ത പറഞ്ഞിട്ടുണ്ട്, ഇനി കളി ആദ്യം തുടങ്ങാം" എന്നും പറഞ്ഞുകൊണ്ട് ആദ്യം ഞങ്ങടെ കാറുകൾ തമ്മിൽ പിരിഞ്ഞ അതേ സ്ഥലത്ത് കൊണ്ടുപോയി വണ്ടി സൈഡാക്കി.


കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ കണ്ടുപിടിച്ചു.പിന്നെ ഒരു ലോഡ്ജിൽ റൂം എടുത്ത് പ്രാഥമിക കാര്യങ്ങൾ തീർത്തു.

അപ്പോളാണ് നേരെ "മുല്ല പന്തലിൽ" പോയാലോ എന്ന ചിന്ത വന്നത്.
മുല്ല പന്തലല്ലേ, എനിക്കറിയാം എന്നു പറഞ്ഞ ജെസിബി ചാടി വണ്ടിയിൽ കയറി.പോകുന്ന വഴി പ്ലാൻ മാറി.വേറെ ഏതോ ഒരു ഷാപ്പ്.
അവിടുന്നു പത്തിരുപത് കിലോമീറ്റർ പോയപ്പോൾ മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് വണ്ടി ഷാപ്പിന്‍റെ മുറ്റത്ത്!!



ഒരു മുറിയിൽ എല്ലാവരും കൂടി ചിരിയും കളിയും തമാശയും ഒക്കെ ആയി ഒരുപാട് സമയം.അതിനിടയിൽ ഓർഡർ എടുക്കാൻ ആളെത്തി.
മീൻ തലയും പുട്ടും ഓർഡർ കൊടുത്തു.

മീൻ തല എന്നു കേട്ടപ്പോൾ മത്തി തല പ്രതീക്ഷിച്ച, ആദ്യമായി ഷാപ്പിൽ കയറുന്ന ഡെന്നി ഒരു വലിയ സ്റ്റീല്‍ ഉരുളിയിൽ നിറയെ ചാറിൽ മുങ്ങി ചാടിക്കളിക്കുന്ന, നാലഞ്ചു കിലോ ഉള്ള മീനിന്‍റെ തല കണ്ട് ഞെട്ടി!!


ഞെട്ടി ഇരിക്കുന്ന ഡെന്നിയുടെ മുഖത്ത് നോക്കി മറ്റെല്ലാവരും മീൻ പൊളിച്ചു തീറ്റ തുടങ്ങി.

അപ്പോളേയ്ക്കും പുട്ടും, ഒരു കുപ്പി കള്ളുമായി ആളെത്തി.
പിന്നൊരു യുദ്ധമാരുന്നു.മീൻ കറി ഇവിടെ കൂട്ടിയാൽ അങ്ങു ഗൾഫിൽ വരെ എരിയും എങ്കിലും കിടിലൻ കറി.ആദ്യ പ്ലെയ്റ്റ് കൊണ്ടുവന്നപ്പോഴേ വിളമ്പുകാരന് കാര്യം പിടി കിട്ടിയതിനാൽ ,പുട്ട് മുറയ്ക്ക് വന്നുകൊണ്ടിരുന്നു.

പണ്ട് കോഴിക്കോട് സംഗമത്തിൻ്റെ തലേന്ന് ഇതുപോലൊരു പുട്ടു തീറ്റ ഉണ്ടായിരുന്നത് ഓർത്തുകൊണ്ട് ശാന്തേട്ടൻ പറഞ്ഞു.

"നമുക്ക് അന്നത്തെ റെക്കോർഡ് തകർക്കണം സ്മിനു."

കേട്ട വഴി കംസൻ ഒരു കുറ്റി പുട്ട് അങ്ങിനെ തന്നെ കുത്തികയറ്റി കൊണ്ടു സമ്മതം മൂളി.

മീൻ കറിയുടെ എരുകാരണം കംസന്റെ മീശ വരെ ഒടിഞ്ഞു തൂങ്ങി എങ്കിലും തീറ്റയ്ക്കു ഒരു കുറവും ഇല്ലാരുന്നു.

പുട്ടിനു പൊട്ടി വാങ്ങാൻ ഷാപ്പുകാർ പോയ ഗ്യാപ്പിനാണു എല്ലാവരും ചുമരിൽ തൂക്കി ഇട്ട മെനു കണ്ടത്.


പിന്നെ പലവട്ടം അപ്പം വാങ്ങി.
അപ്പത്തിന് കക്ക ഫ്രൈ, അതു പോരാഞ്ഞു പന്നിയിറച്ചി..
"വിഭവങ്ങൾ പലവിധം ഷാപ്പിൽ സുലഭം!!"

അതു തീർന്നപ്പോളേയ്ക്കു പുട്ടെത്തി.

ഡെന്നിയുടെ മൂക്കിൽ കൂടിയും, ചെവിയിൽ കൂടിയും ഒക്കെ പുട്ട് പുറത്തെത്തി തുടങ്ങിയപ്പോൾ ഞങ്ങൾ തീറ്റ നിർത്തി എണീറ്റു.
അപ്പോളും കംസൻ അവിടെ ഇരുന്നു മീൻ പത്രം വടിച്ചുനക്കുന്നുണ്ടാരുന്നു.

എല്ലാം കഴിഞ്ഞു തിരികെ പോരും വഴി ജെസിബി യാത്ര പറഞ്ഞു മറ്റൊരു വഴിക്ക് പോയി.ശാന്തേട്ടനും മച്ചാനും കൂടി ഡെന്നിയുടെ കാറിൽ സ്റ്റേഷനിൽ കൊണ്ടാക്കുമ്പോൾ സമയം ആറിനോട് അടുത്തിരുന്നു.


ലീവ് ഇല്ലാതിരുന്നിട്ടും, ലീവ് എടുത്ത് സ്റ്റേഷൻ മുതൽ എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട് കൂടെ ഉണ്ടായിരുന്ന മച്ചാനോടും,രാവിലത്തെ ഓട്ടത്തിനിടയിൽ വിളിച്ചുപറഞ്ഞിട്ടു പോലും, ട്രിപ് മുടക്കി കൂടെ കൂടിയ ശാന്തേട്ടനോടും, അന്നത്തെ വർക്ക്‌ വേണ്ട എന്നു വച്ചുകൊണ്ട് കൂടെ കൂടി ഒരുപാട് ചിരി സമ്മാനിച്ച ജെസിബി ദിലീപിനോടും, അതിനേക്കാളൊക്കെ വയ്യാത്ത കാലും വച്ച്‌കൊണ്ട് ഒരു ദിവസം മുഴുവൻ വേദന സഹിച്ചു കൊണ്ടു വണ്ടി ഓടിച്ചു വന്ന ഡെന്നികുട്ടനോടും നന്ദി പറഞ്ഞാൽ തീരില്ല.



അപ്രതീക്ഷിതമായി ടിക്കറ്റ് വന്നതുകൊണ്ട്  ജീവിത പങ്കാളി പ്രവാസ ജീവിതത്തിനായി പെട്ടെന്ന് കയറി പോയത് കൊണ്ട്, സെന്റി ആയി പോകുമായിരുന്നതിന് പകരം, ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ പറ്റും വിധം മനോഹരമായ ഒരു ദിവസം തകർത്തു പെയ്യുന്ന മഴയിലും സമ്മാനിച്ച ഈ സൊഹൃതം എന്നെന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ.... നിറഞ്ഞ മനസ്സോടെ ഒറ്റപ്പാലത്തിനുള്ള ട്രെയിനിൽ മടങ്ങുമ്പോഴും, മഴ വാശിയോടെ തന്നെ പെയ്യുന്നുണ്ടാരുന്നു....


***************************


അയ്യന്തോള്‍ പോകും വഴി അധികാരി മാഡത്തിനെ കൂടി കണ്ടുകളയാം എന്ന ചിന്തയില്‍ തിരുവില്വാമലയില്‍ നിന്നും പുറപ്പെടും വഴി ഒലക്ക മാഡത്തെ വിളിച്ചു.അര മണിക്കൂര്‍ തുടര്ച്ച ആയി വിളിച്ചിട്ടും അനക്കമില്ല.

തൃശൂര്‍ക്കുള്ള വണ്ടിയില്‍ ഇരിക്കുമ്പോള്‍ തിരികെ കാള്‍ വന്നു.
ഫോണ്‍ എടുക്കാഞ്ഞതില്‍ ദേഷ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആണ് കാര്യം മനസ്സിലായത്.

കക്ഷി ഫോണ്‍ എടുക്കാന്‍ ഓടി വരുമ്പോളേയ്ക്കും ദൈവവിളി വരും.
പിന്നോരോട്ടമാ."മുട്ടി"പായി പ്രാര്‍ത്ഥനയും സമര്‍പ്പണവും കഴിഞ്ഞ് വീണ്ടും കാള്‍ എടുക്കാന്‍ ഓടി വരുമ്പോളേയ്ക്ക് വീണ്ടും ദൈവ വിളി.
തലേന്ന് പൂച്ചയ്ക്ക് കൊടുക്കാന്‍ കെട്ടിയവന്‍ കൂരിസുരേഷ് വാങ്ങി കൊണ്ടുവന്ന ഹോട്ടല്‍ വെസ്റ്റ്‌ കഴിച്ചതാണ്.പിന്നെ നിലത്ത് നിന്നിട്ടില്ല എന്നാണ് പറഞ്ഞത്.

ചിക്കന്‍ കണ്ടപ്പോള്‍ ആക്രാന്തം.കിലുക്കത്തിലെ രേവതിയെ പോലെ, "കുരങ്ങാ... കുരങ്ങന് വേണോ" എന്ന് കൈ നക്കികൊണ്ട്   കൂരിസുരേഷിനോട് ചോദിക്കാം എന്ന് കരുതി, കെട്ടിയവന്‍ കുളിക്കാന്‍ കയറിയ സമയത്ത് പൊതി അഴിച്ചു തിന്നതാണ്.ഒടുവില്‍ ഭക്ത ആയി മാറി.

അല്ല അപ്പൊ നീ ഇന്ന് ലീവ് ആണോ ?സുഖമില്ലാതെ എങ്ങനെ വരും?

"ഇന്ന് മുതലാളി ഇല്ല.അപ്പൊ അങ്ങേരെ പറ്റിച്ച് കറങ്ങി നടക്കാം.ശമ്പളം കിട്ടുകൈയും ചെയ്യും.എങ്ങനുണ്ട് ഐഡിയ?"

അല്ല, അപ്പൊ ദൈവവിളി ഉണ്ടായാലോ?
"മഴ അല്ലേടാ ഗഡി? പിന്നെ നമ്മുടെ പൂരപറമ്പല്ലേ ഉള്ളത്, ഞാനഡജസ്റ്റ് ചെയ്തോളാം, നീ വന്നിട്ട് വിളിച്ചാല്‍ മതി.ഞാനവിടെ എവിടെങ്കിലും വായി നോക്കി നില്‍പ്പുണ്ടാവും"

തൃശൂര്‍ മുന്‍സിപ്പല്‍ ഓഫീസിനു സമീപം ചെന്നിറങ്ങുമ്പോള്‍ കനത്ത മഴ.

മഴയത്ത് അയ്യന്തോളിനുള്ള ബസ്സ്‌ കിട്ടുന്ന സ്ഥലത്തെയ്ക്ക് നടക്കുമ്പോള്‍ ഒരു കൂട്ടം അമ്പലകാളകള്‍ മുന്നില്‍ കൂടി നടന്നടുക്കുന്നു.പൂരപറമ്പിനടുത്ത് അതൊരു സ്ഥിര കാഴ്ച ആയതുകൊണ്ട് മൈന്റ് ചെയ്തില്ല.അവസാന കാളയും കടന്ന് പോയപ്പോള്‍ കാളകള്‍ക്കിടയില്‍ നിന്നൊരു വിളി.

"ഡാ അരപ്പിരി...."

ഈശ്വരാ..... കാളകളും...?? എന്ന സംശയത്തില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു കാള മാത്രം തിരിഞ്ഞ് നില്ല്കുന്നു.മറ്റുള്ളവ നടന്നകലുന്നു.
തോന്നിയതാവും എന്ന് കരുതി തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍
"നിനക്കെന്നെ മനസ്സിലായില്ല അല്ലെ അരപ്പിരി പരട്ടെ ?" എന്നൊരു ചോദ്യവും ആദ്യമായി മുട്ട ഇട്ട കോഴി നാട്ടാരെ മുഴുവന്‍ കൊക്കി അറിയിക്കുന്ന പോലെ ഒരു ചിരിയും...

"കി കി കി കി കി കി കി കി "
നിന്നെ പറ്റിക്കാന്‍ ഇവറ്റൊല്ടെ കൂടെ കൂടിയതാ.

നോക്കുമ്പോള്‍, മഴ നനഞ്ഞൊലിച്ച് ചാണക മണവുമായി "ഒലക്ക ആബി".

"നീ വാ, എനിക്ക് വിശക്കുന്നു.ചോറ് കഴിക്കാം.അപ്പോള്‍ വിശേഷങ്ങള്‍ പറയാം" എന്നും പറഞ്ഞ് ഞങ്ങളൊരു ഹോട്ടലില്‍ കയറി.

"ഡാ പിരി , എനിക്കൊന്നും വേണ്ടട്ടാ. എനിക്ക് വിശക്കണില്ല.ഉച്ചയ്ക്ക് കഴിക്കാറില്ല.തന്നേം അല്ല, ഇന്നലത്തെ ചിക്കന്‍റെ പണി തീര്‍ന്നിട്ടും ഇല്ല."

എന്നാല്‍ ശരി എന്ന് പറഞ്ഞ് ഞാനൊരു ഊണ് പറഞ്ഞു.

ചോറ് വന്നു.ഒരുരുള കഴിച്ചപ്പോള്‍ മുതല്‍ എന്‍റെ മുഖത്ത് തന്നെ നോക്കി കഴിക്കുന്നതിന് വെള്ളമിറക്കി ഇരിപ്പ് തുടങ്ങി.
ഈ പോക്ക് ആണേല്‍ എനിക്കും ദൈവ വിളി കിട്ടും എന്ന് തോന്നിയ ഞാന്‍ ഒരു മസാല ദോശ ഓര്‍ഡര്‍ ചെയ്തു കൊടുത്തു.പിന്നെ ശല്യമില്ലാരുന്നു.
ഇടയ്ക്ക് ഒന്ന് പൊങ്ങി നോക്കിയപ്പോള്‍ മസാല ദോശ കാലി ആക്കിയിട്ട് ഇളിച്ചുകാണിക്കുന്ന ഒലക്ക മാഡം.

 "ഇനിയും വേണം"എന്ന ആ മുഖത്തെ ഭാവം കണ്ടില്ല എന്ന് നടിച്ചുകൊണ്ട്‌ ഞാന്‍ ഊണ് മതിയാക്കി എണീക്കാന്‍ തുടങ്ങിയപ്പോള്‍ , ഹോട്ടല്‍ സപ്ലയര്‍ ഓടി വന്നു.

"പ്ലെയ്ത്റ്റ് തിന്നാന്‍ നോക്കണ്ട,വേണേല്‍ ഇനിയും തരാം" എന്ന് പറഞ്ഞ് പ്ലേറ്റു പിടിച്ച് വാങ്ങി.

കൂടുതല്‍ നിന്നു ചളമാക്കും മുന്നേ ബില്ല് കൊടുത്ത് പുറത്തിറങ്ങി.

എന്നാല്‍ ശരി, എന്ന് പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ ഒലക്ക ഒരോഫര്‍ എടുത്തിട്ടു.

"ഡാ ഗഡീ, സാലറിയോ കൂട്ടി തരില്ല, ഓട്ടോ വിളിച്ച് തൃശൂര്‍ മുഴുവന്‍ കറങ്ങി അത് ഓഫീസ് ആവശ്യത്തിനു പോയതാ എന്ന് കണക്കെഴുതും.നിനക്കെവിടാ പോകേണ്ടത് ?ഞാന്‍ ഓട്ടോ വിളിച്ച് കൊണ്ടാക്കാം"എന്ന് പറഞ്ഞ് ഒരോട്ടോ വിളിച്ചു.

"ചേട്ടാ നടുവിലാല്‍ പോകണം,അയ്യന്തോള് വഴി പോയാല്‍ മതി"

അപ്പോളാണ് ഓട്ടോക്കാരനെ സൂക്ഷിച്ചു നോക്കിയത്.ഒലക്കയുടെ നാട്ടുകാരന്‍.

ടിപ്പര്‍ ഓടിച്ചു നടന്ന കക്ഷി പ്രൊമോഷന്‍ കിട്ടി ഇപ്പൊ ഓട്ടോ ഓടിക്കുന്നു.

അയ്യന്തോള്‍ ചെന്ന് ഓട്ടോ ഇറങ്ങുമ്പോള്‍ തേങ്ങ ചിരവും പോലുള്ള ശബ്ദത്തില്‍ ഒലക്ക മാഡം പറയുന്നുണ്ടാരുന്നു.

"ഡാ പിരി, നിന്‍റെ ബുക്ക്‌ വേണ്ടേ ?

"വേണം വേണം . ഇങ്ങു തന്നേക്ക്‌"

"അത് ഓഫീസിലാ"

വായില്‍ വന്ന "സരസ്വതീ നമസ്തുഭ്യം.... വരദേ .. കാമരൂപിണി" വിഴുങ്ങിക്കൊണ്ട് ഓട്ടോയില്‍ നിന്നിറങ്ങി 

*********************


തിരികെ പോരും വഴി നടുവിലാലില്‍ ഇറങ്ങി ഓലക്കയെ വിളിച്ചു. 2 വര്ഷം മുന്നേ എന്‍റെ കൈയില്‍ നിന്നും വായിക്കാന്‍ ആണെന്ന് പറഞ്ഞ് വാങ്ങിയ "ആരാച്ചാര്‍ " ഒരു പേജ് പോലും തുറന്ന് നോക്കാതെ ഒരു വെടല ചിരിയോടെ മടക്കി തന്നു. 

ഒപ്പം മറ്റൊരു പൊതിയും.പുസ്തകം ആണെന്ന് കണ്ടപ്പോള്‍ തന്നെ അറിയാരുന്നു.എങ്കിലും വീട്ടില്‍ ചെന്നാണ് തുറന്നത്.
പുസ്തക ശേഖരത്തിലേയ്ക്ക് ഒരു പുസ്തകം കൂടി സമ്മാനമായി തന്നതില്‍ ഒരുപാട് സന്തോഷം തോന്നിയപ്പോളും, "ആരാച്ചാര്‍" വായിക്കാതെ മടക്കി തന്നതില്‍ നല്ല ദേഷ്യം തോന്നാതിരുന്നില്ല.




*******************

പാറ്റയെ കണ്ടു പേടിച്ച് തുള്ളല്‍ പനി പിടിച്ച് കിടക്കുന്ന ഗുണ്ടയെ മാത്രം കാണുവാന്‍ പോകാന്‍ പറ്റിയില്ലല്ലോ എന്ന് മനസ്സില്‍ തോന്നിയ ആ വിഷമം , ഫോണില്‍ വിളിച്ച് ഗുണ്ടയെ രണ്ടു ചീത്ത വിളിച്ചപ്പോള്‍ മാറികിട്ടി.

പാലക്കാട് വരെ വന്നിട്ട് ഒന്ന് വിളിക്കഞ്ഞതോ പോട്ടെ, തൃശൂര്‍ യാത്രയില്‍ കാണാം എന്ന് പറഞ്ഞതിനാല്‍ അങ്ങോട്ട്‌ വിളിച്ച ഫോണ്‍ എടുക്കാത്ത കൂതറ ബാവേലിയോടു പറയാനുള്ളത് ചാറ്റില്‍ കൊടുക്കാം എന്ന ആശ്വാസത്തില്‍ ബാംഗ്ലൂര്‍ വന്നിറങ്ങിയപ്പോള്‍ ആണ് പ്രസാദേട്ടന്‍ വിളിച്ചത്.

"തിരിച്ചു പോയി" എന്ന തെറ്റിധാരണയില്‍ കഴിഞ്ഞതിനാല്‍, ആ മനുഷ്യനെ കാണാന്‍ പറ്റിയില്ലല്ലോ എന്നലോചിച്ചപ്പോലെയ്ക്ക്
"ഞാനിന്ന് പോകുവാ ഡാ " എന്ന് മടങ്ങിപ്പോകുന്ന എല്ലാ പ്രവാസികളും മറ്റാരും കാണാതെ ഉള്ളിൽ ഒതുക്കുന്ന വേദനയോടെ പറഞ്ഞപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി എങ്കിലും...

"എന്നാല്‍ പിന്നെ അവിടെ ചെന്നിട്ട് കാണാം ചേട്ടാ, ഹാപ്പി ജേർണി!!"  എന്ന്  മാത്രം പറഞ്ഞ്കൊണ്ട് നേരെ റൂമിലേയ്ക്ക് വെച്ചടിച്ചു ...