Saturday, 27 August 2016

പുട്ടാലുവും കള്ളുകുടവും !!

                       ര്‍ച്ചാവേദിയില്‍ നിന്നും ഇറങ്ങി നേരെ പോയത് കൃഷ്ണരാജപുരം സ്റ്റേഷനിലേയ്ക്ക്.അവിടെ ചെന്നിറങ്ങുമ്പോൾ സഹമുറിയൻ "സിനു" നിലാവത്ത് വിട്ട കോഴിയെ പോലെ കറങ്ങിതിരിഞ്ഞു നടപ്പുണ്ട്.ഏതോ പെണ്ണിനെ വായി നോക്കി നില്‍ക്കുകയായിരുന്നു എന്ന് ആ പരുങ്ങല്‍ കണ്ടപ്പോഴേ പിടികിട്ടി.

വണ്ടിയിൽ കയറി അല്പം കഴിഞ്ഞപ്പോ RAC ആയിരുന്ന ടിക്കറ്റ് കൺഫേം ആക്കി തന്നിട്ട് ഹിന്ദിക്കാരൻ TTE സ്ഥലം വിട്ടു.വണ്ടി സേലത്ത് എത്തിയപ്പോൾ ഹിന്ദിക്കാരൻ ഇറങ്ങി പകരം ഒരു തമിഴൻ TTE പണ്ങ്ങി പതുങ്ങി വന്നു.അവന്‍റെ കൂടെ അവൻ കാശ് വാങ്ങി "സീറ്റ്‌ കൊടുക്കാം" എന്ന് പറഞ്ഞ ഏതോ ഒരു അലവലാതിയും.പണ്ടേ തമിഴന്മാരെ ഇഷ്ടമല്ലാത്തത് കൊണ്ടും,ഒരു TTE കൺഫേം ആക്കിയ സീറ്റ് കൊടുക്കുവാൻ തയ്യാറല്ലാത്തതു കൊണ്ടും പിന്നീട് മുട്ടൻ വഴക്ക് തന്നെ നടന്നു.ഒടുവിൽ TTE സ്ഥലം വിട്ടു.അപ്പോളേക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു.പിന്നെ, തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.ബോർ അടി മാറ്റാനായി ഓരോ മണിക്കൂർ ഇടവിട്ട് മച്ചാനെ വിളിച്ചു കൊണ്ടിരുന്നു.അങ്ങിനെ അവൻ്റെ ഉറക്കം കളയാൻ സാധിച്ച സന്തോഷം, വണ്ടിയുടെ കുടു കുടു ശബ്ദത്തിനൊപ്പം മനസ്സിൽ താളം പിടിച്ച് കൊണ്ട് ആഘോഷിച്ചു.
******************

എറണാകുളത്ത് ചെന്നപ്പോൾ മുട്ടൻ മഴ.പണ്ടേ വെള്ളം അലർജി ആയതു കൊണ്ട് മഴ പോകും വരെ ട്രെയിനിൽ തന്നെ ഇരുന്നു.എറണാകുളം വരെ ഉള്ള ട്രെയിൻ ആയത് കൊണ്ട് വണ്ടി കുറേ സമയം അവിടെ കാണും എന്നുറപ്പാരുന്നു.അതുവരെ വായും പൊളിച്ചു ഈത്തയുമൊലിപ്പിച്ച് കിടന്നുറങ്ങിയിരുന്ന സഹമുറിയൻ "എനിക്ക് വിശക്കുന്നേ" എന്ന് പറഞ്ഞു കൊണ്ട് അപ്രതീക്ഷിതമായി എണീറ്റു വന്നപ്പോൾ ആണ് അങ്ങിനെ ഒരു മുതൽ കൂടെ ഉണ്ടല്ലോ എന്ന കാര്യം ഓര്മ വന്നത്. ബാഗിൽ ഒരു മുൻകരുതൽ എന്ന നിലയിൽ വച്ചിരുന്ന "പേസ്റ്റ്" എടുത്ത് കൊടുത്തു.കിട്ടിയപാടെ പേസ്റ്റ്മുഴുവൻ തിന്നു തീർത്തു.ഇനിയും അവിടെ നിന്നാൽ ഒരുപക്ഷേ, എന്നെ തന്നെ അവൻ പിടിച്ച് തിന്നുകളയും എന്ന് കണ്ട് പുറത്തിറങ്ങി കാത്തിരിപ്പ് മുറിയ്ക്കു നേരെ നടന്നു.

അവിടെ കുറേ കിളവികൾ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്.
കിളവികൾ എങ്കിൽ കിളവികൾ !! അവിടെ ഇരുന്നു വായ് നോട്ടം തുടങ്ങി.അന്നത്തെ പരുപാടി ഓർഗനൈസർ ആയ പ്രഭാഷ് മച്ചാനെ വിളിച്ചപ്പോൾ അവൻ ഏതോ പറമ്പിൽ വെളിക്കിറങ്ങാൻ പോയിട്ടേ ഉള്ളത്രെ.എങ്ങിനെ പോയാലും മച്ചാൻ വരുമ്പോൾ 2  മണിക്കൂർ കഴിയുമെന്നുറപ്പ്!!

കിളവികൾ പലരും കൊഞ്ഞനം കുത്തിക്കൊണ്ടു കടന്നു പോയി.
ഊളകൾ !!

ഒടുവിൽ, 8  മണി ആയപ്പോൾ മച്ചാൻ ഹാജർ. അവിടുന്നൊരു വൂബർ പിടിച്ച് കാക്കനാടിന്.പോകും വഴി, ഞങ്ങടെ വണ്ടിയിൽ ഒരു വയ്യാവേലി കണക്കെ ആർട്ടിസ്റ്റ് 
വിപിൻദാസ് ഇടിച്ച് കയറി.കയറിയപ്പോൾ തുടങ്ങിയ കഥ പറച്ചിൽ, തമ്മിൽ പിരിഞ്ഞൊരാഴ്ച കഴിഞ്ഞിപ്പോഴും 
തുടരുന്നതിനാൽ, ഞങ്ങളിൽ പലരും ഇപ്പോൾ വാട്ട്സ്സ് ആപ്പിൽ കയറാറില്ല എന്നതാണ് സത്യം.

കാക്കനാട് ചെന്ന്, മുകളിലുള്ള വീട്ടിലോട് കയറി ചെന്നപ്പോൾ, പടി മുകളിൽ ഒരു കുട്ടിയാന.തുമ്പികൈ ഇല്ല, നെറ്റിപട്ടമില്ല.അപ്പോഴാണ് മനസ്സിലായത് , അത് ആനയല്ല മിസ്സിസ് പ്ലിങ്ങൻ ആണെന്ന്!!

മിസ്റ്റർ പ്ലിങ്ങൻ, "ശാന്തപ്പൻ" പതിവില്ലാതെ കുളിക്കാൻ കയറിയിരിക്കുന്നു!!

കുളിമുറിയിൽ നിന്നും ക്യാബറെ നർത്തകിയുടെ പോലുള്ള ഒരു നിക്കറും ഇട്ടോണ്ട് ശാന്തപ്പൻ പുറത്തെത്തി.ഒന്നാം ക്ലാസ്സിൽ പോകാൻ നേരം മാതാപിതാക്കൾ വാങ്ങി കൊടുത്തതാണത്രെ ആ നിക്കർ!!

അപ്പോഴേയ്ക്കും പ്ലിങ്ങി , കട്ടനുമായി വന്നു.കട്ടൻ കുടിച്ച ഉടൻ ദൈവവിളി കിട്ടി.ദൈവവിളികിട്ടി മുട്ടിപ്പായി പ്രാർത്ഥനയും, കുളിയും കഴിഞ്ഞ് പുറത്തെത്തിയപ്പോളേക്കും ശാന്തപ്പനെ നോക്കി "തനിക്കുള്ളത് വന്നിട്ട് തരാട്ടാ" എന്നും പറഞ്ഞ് പ്ലിങ്ങി മുങ്ങി.
(കുട്ടിയാനയെ പേടിച്ചിരിക്കുന്ന ശാന്തപ്പൻ)


പ്ലിങ്ങി, ഒരു പറ അരിയുടെ ഇഡ്ഡലി ഉണ്ടാക്കി വച്ചിട്ടാണ് പോയത്.
"ഡാ മുഴുവൻ തീർക്കണേ... ഇല്ലേൽ നാളെ ചമ്മന്തിക്കും തേങ്ങയ്ക്ക് പകരം അവളെന്നെ എടുത്തു വച്ചരയ്ക്കും" എന്ന ശാന്തപ്പ രോദനം കേട്ട് പ്രഭാഷും ആർട്ടിസ്റ്റും കൂടി മൂക്കിൽ വരെ ഇഡലി തിരുകി കയറ്റി.മിച്ചം വന്നതെടുത്ത് ഒരു ഈർക്കിളിയിൽ കോർത്ത് ബഡ്‌സ് ആണെന്നും പറഞ്ഞു ചെവിയിലും കുത്തി കയറ്റി.

അപ്പോഴേയ്ക്കും പൂരപ്പറമ്പിൽ കഥപറയുന്നവനെ പോലൊരുവൻ എവിടുന്നോ അങ്ങോട്ട് കടന്നുവന്നു.സുഹൃത്തിലെ ആട്ടിൻകുട്ടി ഡെന്നി.ഡെന്നി വരുമ്പോൾ ശാന്തപ്പൻ തൻ്റെ മകന്റെ ഭീഷണിക്ക് വഴങ്ങി പിറ്റേന്ന് കൊണ്ടുപോകാനുള്ള ക്യാമറയുടെ പേപ്പർ മോഡൽ ഉണ്ടാക്കുകയായിരുന്നു.ക്യാമറ എന്ന് കേട്ട ഉടൻ, ഡെന്നി പല പല പോസ്സുകൾ ഇട്ടു തുടങ്ങി.ഒടുവിൽ, ഡ്രൈവർആയി ഇരിക്കുന്ന പോസ്സിൽ ഫോട്ടോ എടുത്ത് തരാം എന്നു പറഞ്ഞു പറ്റിച്ച് ഡെന്നിയെ തള്ളി വണ്ടിയിൽ കയറ്റി, ഞങ്ങൾ യാത്ര തുടങ്ങി.കഴിഞ്ഞ ജന്മത്തിൽ റോഡ് റോളർ ഡ്രൈവർ ആയിരുന്ന ഡെന്നി, വഴിയിൽ കണ്ട എല്ലാ കുഴികളിലും കയറി ഇറങ്ങികൊണ്ടു പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി ഒളിഞ്ഞു നോക്കി തൃപ്തനായി!!

(ആർട്ടിസ്ററ് വിപിൻദാസ്,സിനു,നുമ്മ,ശാന്തപ്പൻ,ഡെന്നി)
.
.
അപ്പോളാണ്, പൊരി ചാക്കിൽ, മൺകലം വച്ച പോലൊരു രൂപം മറ്റൊരു കാറിൽ അവിടെ എത്തിയത്.നോക്കുമ്പോൾ, "കംസ രൂപേ ജെസിബി" എന്നും പറഞ്ഞുകൊണ്ട് ദിലീപ്.
വണ്ടിയിൽ നിന്നിറങ്ങിയ ജെസിബി ദിലീപിനെ കണ്ടഉടൻ ബാലരമ വായിച്ചോണ്ടിരുന്ന, അടുത്ത വീട്ടിലെ നാല് വയസ്സുകാരൻ പുട്ടാലു മാമാ എന്നും പറഞ്ഞ് പുറകേ കൂടി.

മന്ത്രം ചൊല്ലി കുട്ടിയെ മയക്കി ഞങ്ങൾ മുങ്ങി.പിന്നെ പൊങ്ങിയത് ഒരു കുളിരുള്ള ബോർഡിന് മുന്നിൽ ആണ്.
(മച്ചാൻ,നുമ്മ,ശാന്തപ്പൻ)
.
ചെന്നവഴി "ഡെന്നി" കൊതിയും വിട്ടുകൊണ്ട് നേരെ അടുക്കളയില്‍ കയറി ചെന്ന് പാചകക്കാരന്‍റെ തെറിയും കേട്ട് കരഞ്ഞോണ്ടിറങ്ങി വന്നു.കള്ളാണെന്നും പറഞ്ഞ് ഒരുഗ്ലാസ് കഞ്ഞിവെള്ളത്തില്‍ പഞ്ചസാര ഇട്ട് കൊടുത്തപ്പോള്‍ ഡെന്നി ഹാപ്പി.
.
(ഡെന്നിക്ക് കൊടുത്ത കഞ്ഞിവെള്ളം)
.
ശാന്തേട്ടന്‍റെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട "ബിജു" വന്ന് ഞങ്ങളെ ഒരു മുറിയില്‍ കൊണ്ടിരുത്തി.എന്താ എടുക്കേണ്ടതെന്ന ചോദ്യത്തിന് മെനു ചൂണ്ടി കാണിച്ചിട്ട്, അതെല്ലാം ഓരോന്നായി പോന്നോട്ടെ എന്ന് മച്ചാനും ഞാനും കോറസ്സായി പറഞ്ഞു.

ആദ്യമായി വന്നത് ഒരു മീന്‍ ആണ്.വാല് പോയ പുട്ടാലു കണക്കുള്ള ജെസിബി യെ കണ്ട് പേടിച്ച മീനിന്‍റെ ഉടല്‍, അങ്ങോട്ട്‌ വരാതെ തിരിഞ്ഞോടി.അങ്ങിനെ ആവി പറത്തിക്കൊണ്ട്,തല മാത്രം ഞങ്ങടെ  മേശമേല്‍ വന്നിരുന്നു.


 പിന്നെ ബിജുചേട്ടന് നിന്ന് തിരിയാൻ സമയമുണ്ടാരുന്നില്ല.പുട്ട് വന്നു,അപ്പം വന്നു,ബീഫ് വന്നു, താറാവ് വന്നു,ഞണ്ട് വന്നു ....അങ്ങിനെ വിഭവങ്ങൾ ഓരോന്നായി  വന്നുകൊണ്ടേയിരുന്നു.വരുന്ന വിഭവങ്ങൾ എല്ലാം ഗണപതിയെ മനസ്സിൽ ധ്യാനിച്ച് ജെസിബി ക്കു വിളമ്പിയ ശേഷം എല്ലാവരും  കൂടി പങ്കിട്ടെടുത്തു .ജെ സി ബി ആകട്ടെ, "ലോകത്ത് പഴങ്കഞ്ഞി അല്ലാതെ വേറെയും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന് , ഭാര്യയെ കാണിച്ച് കൊടുക്കാൻ ആണ്" എന്നും പറഞ്ഞുകൊണ്ട് എല്ലാ വിഭവങ്ങളുടേയും ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.ആ അവസ്സരം നോക്കി ഞങ്ങൾ ഞണ്ട് കറി വാങ്ങി പുട്ടാലുനെ പറ്റിച്ച് തിന്നു തീർത്തു.

(പുട്ടാലു )
.
.
"പന്നിയിറച്ചി കിട്ടിയില്ല" എന്ന് പറഞ്ഞു കരഞ്ഞ ഡെന്നിയുടെ വായിൽ ഒരു ഗ്ളാസ്സ് കള്ളൊഴിച്ചു കൊടുത്തപ്പോൾ കരച്ചിൽ മാറി, പൊട്ടിച്ചിരി ആയി.അതിനിടയില്‍ ഖത്തറിൽ അത്തറു വിറ്റ് നടന്നിരുന്ന പമ്മനും,മംഗലാപുരത്ത് മാങ്ങാ പറിച്ചുനടന്നിരുന്ന വയ്യവേലാനന്ദനും ചേട്ടനും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.   അപ്പോഴേയ്ക്കും "സിനു" ക്യാമറയുമായി ചാടി വീണു.ക്യാമറ കണ്ട ഡെന്നി, പല പല പോസ്സുകൾ മാറി മാറി പ്രയോഗിച്ച് തുടങ്ങി.ഒടുവിൽ ഡെന്നിയോട് ചിരിക്കാൻ പറഞ്ഞുകൊണ്ട്, അവനെ ഒഴിവാക്കി ഞങ്ങൾ സെൽഫി എടുത്തു. 
.
(മച്ചാൻ,ശാന്തപ്പൻ,നുമ്മ,സിനു)
.
.
ഫോട്ടോയിൽ ഇല്ല എന്നറിഞ്ഞ ഡെന്നി ഒരുപ്ളേറ്റ് പന്നിഫ്രൈ ഓർഡർ ചെയ്തു ഒറ്റയ്ക്ക് തിന്നു തീർത്തു.ഒറ്റയ്ക്ക് തിന്ന പാപം പിറ്റേന്ന് ടോയ്‌ലറ്റിൽ തീർത്തു എന്നറിഞ്ഞ ഞങ്ങളെല്ലാം പന്നിയുടെ ആത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കാതിരുന്നില്ല.

പുട്ടും അപ്പവും "ബീഫ്" കറിയിൽ മുക്കി തട്ടിവിടുന്നതിനിടയിൽ താറാവിറച്ചിയെ കുറിച്ച് ആരോ പറഞ്ഞു.അപ്പോളാണ് താറാവിറച്ചി വാങ്ങിയിരുന്നു എന്ന കാര്യം ജെസിബി അറിയുന്നത്.താറാവ് കിട്ടാത്ത വാശിക്ക്, ഒറ്റയ്ക്കിരുന്നു കള്ളുസേവ തുടങ്ങിയ പുട്ടാലു, മണ്ണുമാന്തുന്ന വേഗതയിൽ കുടങ്ങൾ  കാലിയാക്കി.
.
(കള്ളുകുടവും, ചീന ഭരണിയും)


ഇനി ഒന്നും കഴിക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ ആണ് ആർട്ടിസ്റ്റ്
പുതിയ ഐഡിയയുമായി വന്നത്.ഒന്ന് പോയി  വയറൊഴിച്ച് വന്നാൽ ഇനിയും കഴിക്കാം.കേട്ട പാതി കേൾക്കാത്തപാതി ഓരോരുത്തരായി വയറിലുള്ളത് ഒഴിവാക്കാൻ ഓട്ടമായി. അതോടെ ഷാപ്പ് വക ശൗചാലയമുന്നിൽ  ബീവറേജിലെ വരിപോലെ ഒന്ന് പെട്ടെന്ന് വളർന്നു വന്നു.പോയി വന്നവർ എല്ലാം പിന്നെയും പഴയ പടി തന്നെ മത്സര തീറ്റ തുടങ്ങി.ബിജു ചേട്ടൻ പല വട്ടം കയറിയിറങ്ങി.നല്ല വാഴയിലയിൽ പൊതിഞ്ഞു വറുത്ത കരിമീൻ അപ്പോളാണ് വരുന്നത്.വന്നപാടെ എല്ലാരും കൂടി അത് ഫിനിഷ് ചെയ്തു.
.
(കരിമീൻ പൊള്ളിച്ചത്)
.
.
കള്ളുകുടത്തേക്കാൾ വീർത്ത വയറുമായി, ശ്വാസം മുട്ടി തുടങ്ങിയപ്പോൾ,"എന്നാൽ പിന്നെ ബില്ലെടുക്കാം" എന്ന് കരുതി ഇരുന്നപ്പോൾ ആണ് ശാന്തപ്പന്റെ കൂടെ കരപ്പൻ പിടിച്ച് കിടന്ന ബാല്യകാല സുഹൃത്തുക്കൾ ആയ ജലീലിക്ക,അനിലേട്ടൻ എന്നിവർ എവിടുന്നോ അവിടെ എത്തി ചേർന്നത്.പിന്നെ അവർക്കൊരു കമ്പനി കൊടുക്കുവാൻ വേണ്ടി ആയി തീറ്റ.

അപ്പോളാണ് ഒരു പാവം ചേട്ടന്‍ ലോട്ടറി വില്‍ക്കുവാന്‍ വേണ്ടി വന്നത്.ലോട്ടറി എന്ന് കേട്ട ഉടന്‍ "ഉള്ള ലോട്ടറി മുഴുവൻ എടുത്തോ" എന്നും പറഞ്ഞുകൊണ്ട്  ജെസിബി ചാടിയെണീറ്റു.ലോട്ടറി വാങ്ങി പണത്തിന് പകരം, പോക്കറ്റിൽ നിന്നും മറ്റു മൂന്നു ലോട്ടറികൾ എടുത്ത് തിരിച്ചു നീട്ടുന്ന പുട്ടാലുനെ കണ്ട ലോട്ടറി കച്ചവടക്കാരന്‍ ഒന്നമ്പരന്നു.ഈശ്വരാ, ദിലീപും ഒരു ലോട്ടറി എജന്റ് ആയിരുന്നോ എന്നറിയാതെ ഞങ്ങള്‍ വായ പൊളിച്ചിരുന്നു.പിന്നീടാണ്‌ കാര്യം മനസ്സിലായത്, പുട്ടാലൂന് ലോട്ടറി അടിച്ചിരിക്കുന്നു.മൂന്നു ലോട്ടറിയില്‍ നിന്നും മുന്നൂറ് രൂപ!!
മുന്നൂറു രൂപയ്ക്ക് ലോട്ടറി അടിച്ചവന്‍ എണ്ണൂറ് രൂപയ്ക്ക് ലോട്ടറി വാങ്ങിയിട്ട്,"ഭയങ്കര ലാഭമായി പോയി മച്ചൂ " എന്നൊരു ഡയലോഗും.

ഞങ്ങള്‍ പിന്നെയും, "ബാക്കി" ഉണ്ടായിരുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു.


ഒടുവിൽ,വയറ്റിൽ സ്ഥലമില്ലാഞ്ഞതിനാൽ,ബിൽ കൊടുത്ത്, എല്ലാരും കൂടി വെളിയിൽ വന്നൊരു ഫോട്ടോയും എടുത്ത്, അൽപ സമയം അവിടെ കറങ്ങി നടന്ന ശേഷം അടുത്ത സ്വീകരണസ്ഥലമായ മറൈൻ ഡ്രൈവിലേയ്ക്ക് വച്ച് പിടിച്ചു.
.

*************************


മറൈൻ ഡ്രൈവിൽ ചെന്ന് എല്ലാരും കൂടി ഒരു നാടൻ ചായകടയില്‍  ഇടിച്ച്കയറി അവിടുള്ളത് മുഴുവൻ തീർത്തു.അപ്പോളേക്കും ആരോ ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുമായി വന്നു.
.
(ചായകട കാലിയാക്കുന്നു)
.
.
ഒരു കൊച്ചു ബോട്ട് ആണ്.ബോട്ടിന്‍റെ ഉൾവശം,വിന്ഡോ സൈഡിൽ ഇരിക്കാൻ പാകത്തിന് മര തട്ടുകള്‍ പിടിപ്പിച്ച, വെള്ളത്തോട് ചേർന്നുള്ള രണ്ട് മുറികള്‍  പോലുള്ളതാണ്.ബോട്ടിന്‍റെ മുകളിൽ നിരത്തിയ ഫൈബർ കസ്സേരകളിൽ ആണ് കാഴ്ചകൾ കാണുവാനായി മിക്ക ആളുകളും ഇരിക്കുന്നത്.ബോട്ടിന്‍റെ പിൻഭാഗത്തുള്ള കസ്സേരകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
.
.
ഒരു മണിക്കൂര്‍ ആണ് യാത്ര.കായലില്‍ കൂടി ഒരു കറക്കം.ബോള്‍ഗാട്ടി പാലസ്സിന്‍റെ മുന്നില്‍ കൂടി പോയി തിരികെ കയറിയ സ്ഥലത്ത് കൊണ്ടുപോയി വിടും.അതാണ്‌ ട്രിപ്പില്‍ ഉള്ളത്.കടലില്‍ കൊണ്ടുപോയി സൂര്യ അസ്തമയം കാണിച്ചു മടക്കി കൊണ്ടുവരുന്ന, പാട്ടും ഡാന്സ്സും ഒക്കെ ഉള്ള വലിയ ബോട്ടുകളും ഉണ്ട്.മഴക്കാലമായതുകൊണ്ട്‌, അത്തരം യാത്രയ്ക് എന്തോ നിയന്ത്രണം ഉള്ളതിനാല്‍ ഇത്തരം കൊച്ചു ബോട്ടുകള്‍ മാത്രമാണ് സജീവം!!
.
.
കായല്‍പരപ്പിലൂടെ കറങ്ങുന്നതിനിടയില്‍ ചിരിയും കളിയും സെല്ഫികളും, ഗ്രൂപ്പ്‌ ഫോട്ടോകളും, കുപ്പിയില്‍ കരുതിയ "ദാഹജലം" കുടിക്കലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.
.
(ഡെന്നി)
.
വയ്യാത്ത അവസ്ഥയിലും കറോടിച്ച് ഒരിക്കല്‍ കൂടി വന്ന ഡെന്നിയോടുള്ള സ്നേഹം കൂമ്പിനിടിച്ച് തന്നെ തീര്‍ക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
.
(മച്ചാന്‍സ്സ്)
.
അപ്പോളേയ്ക്കും അന്നത്തെ ഗുസ്തി അവസാനിപ്പിച്ചു കൊണ്ട് സൂര്യന്‍ മേഘങ്ങളുടെ മറവിലൂടെ കുളിസീന്‍ പിടിക്കാന്‍ പോയി തുടങ്ങിയിരുന്നു
.
.
അന്നത്തെ യാത്രാ ക്ഷീണം മാറ്റുവാന്‍ വേണ്ട അല്പം ദാഹജലം,രാത്രി കഴിക്കുവാന്‍ വേണ്ട ഭക്ഷണവും വാങ്ങിക്കൊണ്ട്, ഞങ്ങള്‍ മുറിയില്‍ ചെന്ന ഉടന്‍ ആര്‍ട്ടിസ്റ്റ് വിപിന്‍ദാസ് തന്‍റെ ടൂളുകള്‍ എടുത്ത് എന്‍റെ ഒരു ക്യാരികേച്ചര്‍ വരച്ചു.
.
.
അത് കണ്ട് ആവേശം മൂത്ത് "എന്‍റെ പടവും വരയ്ക്കണം എന്ന് പറഞ്ഞുകൊണ്ട്" പുട്ടാലുവും ഇരുന്നു കൊടുത്തു.ഒരു പപ്പേര്‍ എടുത്ത് അതില്‍ ഒരു കലവും അതിന്മേല്‍ ഒരു ചട്ടിയും വരച്ചുകൊടുത്ത് കൊണ്ട് ആര്‍ട്ടിസ്റ്റ് പുട്ടാലുനെ തേച്ചു.
.
ഇതുവരെ കേള്‍ക്കാത്ത പല പല പാട്ടുകളും പാടി വെറുപ്പിച്ചതു പോരാഞ്ഞ് പല പല പ്രശസ്ത പാട്ടുകള്‍ക്കും പുതിയ ഈണം നല്‍കികൊണ്ട് ഞങ്ങളെ കൊല്ലാകൊല ചെയ്ത ആര്ട്ടിസ്റ്റിനെ പറ്റി ശാന്തപ്പന്‍ "എല്ലാ ആര്‍ട്ടിസ്റ്റ്കളും ഊളകള്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍...
"ഏയ്‌ , ഇത് ഊള ആര്‍ട്ടിസ്റ്റ് ആയതാ" എന്ന പുട്ടാലു ദിലീപിന്‍റെ വാക്കുകള്‍ ശരി തന്നെ എന്ന് എനിക്കും തോന്നാതിരുന്നില്ല.അര്ട്ടിസ്റ്റും മച്ചാനും ശാന്തപ്പനും ചേര്‍ന്ന് നടത്തിയ ഗാനമേള അക്ഷരാര്‍ത്ഥത്തില്‍ പുതുമ ഉള്ളത് തന്നെ ആയിരുന്നു.കാരണം വരികള്‍ പരിചിതം എങ്കിലും, ട്യുന്‍ ആദ്യമായി കേള്‍ക്കുന്നതായിരുന്നു.

ഭക്ഷണ ശേഷം, മിച്ചം വന്ന ഭക്ഷണം വെയ്സ്റ്റില്‍ കളയാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു.സമയം രാത്രി പന്ത്രണ്ടിനോട് അടുക്കുന്നതിനാല്‍, വല്ല പ്രേതങ്ങളും ആകുമോ എന്ന ചിന്തയില്‍ അല്‍പനേരം എല്ലാരും സംശയിച്ച് നിന്നു.അപ്പോളേയ്ക്കും, വാതില്‍ പഴുതിലൂടെ ഒരുത്തന്‍ കടന്നു വന്നു.കളയാന്‍ വച്ച ഭക്ഷണത്തിലേയ്ക്ക് കൊക്കപ്പുഴുവിന്‍റെ ആര്‍ത്തിയോടെയുള്ള ആ നോട്ടം കണ്ടപ്പോളേ ആളെ മനസ്സിലായി, "മനൂസ്സ്".പത്തായത്തിൽ നെല്ലുണ്ടേൽ ഏലി അങ്ങ് കോത്താഴത്ത് നിന്നും വരും എന്നത് എത്ര ശരിയാ അല്ലെ?? 
കവറൊടെ മിണുങ്ങി ഒരേമ്പക്കവും വിട്ട് മനൂസ്സ് പോയപ്പോളെയ്ക്ക് ശാന്തപ്പന്‍ കൂര്‍ക്കംവലി തുടങ്ങിയിരുന്നു.വെട്ടിയിട്ട വാഴപോലെ സിനു ശന്തപ്പന്‍റെ കൂര്‍ക്കംവലിക്ക് മറു കൂര്‍ക്കവും ആയി വന്നു.രണ്ടു കൂർക്കം വലി ആർട്ടിസ്റ്റുകൾക്കിടയിൽ പെട്ട് മയക്കത്തിലേയ്ക്ക് ഞാനും കണ്ണുകൾ വലിച്ചടച്ചു!!

ആര്‍ട്ടിസ്റ്റ് വിപിന്‍‌ദാസ് മാത്രം ഓരോരോ കഥകള്‍ പറഞ്ഞു കൊണ്ട് ഒരു മൂലയ്ക്കിരുന്നു ഉറക്കം തൂങ്ങി മൂക്ക് നിലത്ത് മുട്ടിച്ചുകൊണ്ടിരുന്ന മച്ചാനെ ശല്യം ചെയ്തുകൊണ്ടിരുന്നു...............

കണ്ടക ശനി കൊണ്ടേ പോകൂ!!
.
.
.
                                                                                                                                                                                                                    (ജും ജും)
*********************************************************************

Thursday, 25 August 2016

ആനച്ചെവി!!


                    "സ്വയം വലുപ്പമറിയാതെ നടന്ന ആന, സ്വന്തം വലുപ്പമറിയാൻ മോഹം തോന്നിയ ഉടൻ തന്നെ, പിന്‍ കാഴ്ചകളെ മറച്ചുകൊണ്ട് വളർന്നു നിന്ന ചെവികളെ വാശിയോടെ ആട്ടി തുടങ്ങിയിട്ടും, തന്‍റെ വലുപ്പം മാത്രം ആനയ്ക്കിന്നും അന്യമായി തുടരുന്നു!!"


Tuesday, 16 August 2016

സ്മാർട്ട് ഫോൺ!!



                           കുനിഞ്ഞ ശിരസ്സുകളും, വളഞ്ഞ നട്ടെല്ലുമായി "സ്മാർട്ട് ഫോണിൽ" തോണ്ടി ലോകത്തെ മുഴുവൻ  സ്വന്തമാക്കിയവർക്കിടയിൽ നിന്നും, "സ്മാർട്ടല്ല" എന്നുപറഞ്ഞ് പുറത്താക്കിയപ്പോൾ,
.
.
അതറിയാതെ  ഞാൻ നിവർന്നിരുന്നുകൊണ്ട്......
ചുറ്റുമുള്ള ലോകത്തെ അറിയുകയായിരുന്നു.

Wednesday, 10 August 2016

പമ്മന്‍റെ പമ്മലും കളഞ്ഞുപോയ കൌപീനവും !!

മ്മേട്ടാ... പമ്മേട്ടാ...
കൊച്ചു വെളുപ്പാന്‍കാലത്ത് ആരും കാണാതെ സുഡാനി പെണ്ണുമായി സുടാള്‍ഫ്ലി ഒക്കുമോ എന്നറിയാന്‍ ഇമോയില്‍കയറി സ്റ്റേഷന്‍ ട്യൂന്‍ ചെയ്തോണ്ടിരിക്കുബോള്‍ ആണ് ഫോണ്‍ നാലര കട്ടയില്‍ തൊള്ളപൊളിച്ചത്!!
റിംഗ് ടോണ്‍ കേട്ടപ്പോളെ മനസ്സിലായി പെണ്ണുമ്പിള്ള നാട്ടില്‍ നിന്നും കാറി കൂവുന്നതാണെന്ന്.

" ഇതിനൊന്നും ഉറക്കവുമില്ലേ, നാശം!!" എന്നുംപറഞ്ഞ് ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ സ്ക്രീനില്‍ "മൂദേവി" എന്ന പേര് പരല്‍ മീന്‍ പോലെ നിന്ന് തുള്ളിക്കളിക്കുന്നു.
നാട്ടില്‍ സമയം ആറായിക്കാണും എങ്കിലും ഇവിടെ ആസ്ഥാനത്ത് കൈയും തിരുകി ഞാന്‍ ഉറങ്ങുക  തന്നെ എന്ന് ആ പരട്ടയ്ക്ക് അറിയില്ലേ ?
ഇനി ഇന്നലെ രാത്രി അയച്ച വല്ല മെസ്സേജും മാറി പോയോ ??
പമ്മന്‍ തലേന്ന് മെസ്സേജ് അയച്ചവരുടെ പേരുകളും, അയച്ച മെസ്സേജ്കളും ഓര്‍മകളുടെ മാറാപ്പില്‍ നിന്നും വലിച്ചു പറിച്ചിട്ട് ചികഞ്ഞു നോക്കി.
ലത, മഞ്ചു,കവിത, സൂസ്സന്‍,ജാനു,അമ്മിണി,ചിരുത.....
"ഏയ്‌ അല്ല!! അവരെല്ലാം തന്നെ പണ്ടേ ബ്ലോക്ക്‌ ചെയ്തു വച്ചവരല്ലേ ?? "
മെസ്സേജ് പോകില്ലല്ലോ!!
പിന്നെ ആര്ക്ക ഇന്നലെ അയച്ചത്??
ഓര്‍മ്മകള്‍ നിലാവത്ത് വിട്ട പമ്മനെ പോലെ തെക്ക് വടക്ക് നടന്നിട്ടും പമ്മനൊരെത്തും പിടിയും കിട്ടിയില്ല.
അപ്പോള്‍ വീണ്ടും സ്ക്രീനില്‍ "മൂദേവി" എന്ന പേര് ചാടി കളിച്ചു.
എന്താണാവോ പുലിവാല്?
ഇനി നാട്ടില്‍ കാലു കുത്തിപോകരുതെന്ന അവളുടെ തീരുമാനം മാറ്റി എന്ന് പറയാനോ മറ്റോ ആണോ ?? കഴിഞ്ഞ ജനുവരി മുതല്‍ അവള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തിയതാ.
ഒന്നലോചിച്ച ശേഷം പ്രതീക്ഷയോടെ ഫോണിന്‍റെ പൊക്കിള്‍ക്കൊടിയിലോന്നു തോണ്ടി.
"ആ നാറി ഫോണ്‍ എടുക്കുന്നില്ലല്ലോ!!??"
മഴക്കാലത്തിറങ്ങുന്ന തവള കരയും പോലെ വികൃതമായ ശബ്ദം!!
മറുതലയ്ക്കല്‍ അമ്മായി അപ്പനാണ്.

"നാറി തന്‍റെ *&%**" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പോത്തമറും പോലെ ഭവ്യമായി ചോദിച്ചു "എന്താ അച്ഛാ രാവിലെ തന്നെ വിളിച്ചത്"
നാട്ടില്‍ വരാന്‍ ശാരി സമ്മതിച്ചോ ??
"ഹും, ഉവ്വ !!, ഞാനവള്‍ക്ക് കൊടുക്കാം.അവള് തന്നെ പറഞ്ഞോളും കാര്യം !!"
"പമ്മേട്ടാ..."
എന്നും പറഞ്ഞ് ശാരി ലൈനില്‍ വന്നു മണവാട്ടിയെ പോലെ കുണുങ്ങി വായും പൊത്തി നിന്നു.
ഇവള്‍ക്കിതെന്നാ പറ്റി ?
ഇന്നെന്താ ഇത്ര നാണം ? മുഖത്തൂന്ന് കൈ പോലും എടുക്കുന്നില്ലല്ലോ!!
"അല്ല പെണ്ണേ, നിനക്കിന്നെന്താ ഇത്ര നാണം ?
ആ കൈ ഒന്ന് മാറ്റിക്കേ, നിന്‍റെ മുഖമൊന്നു കാണട്ടെ"
പമ്മന്‍ ലോകത്തിലെ സകല പൂവന്‍ കോഴികളേയും മനസ്സില്‍ ആവാഹിച്ച് കൊണ്ട്, കൊക്കി കൊക്കി കുങ്ങുങ്ങി നിന്നു.
"ഒടുവില്‍ ഞാനങ്ങു പോരുവാന്‍ നീ സമ്മതിച്ചു അല്ലെ?"
ഫാമിലിപായ്ക്ക് ബലൂണുകള്‍ വാങ്ങാന്‍ കടയില്‍ കയറുന്നത് സ്വപ്നം കണ്ടുകൊണ്ട് പമ്മനോന്നു തുള്ളിച്ചാടി.
അപ്പോളാണ് ഫോണിനു നേരെ ചിതലരിച്ച,ഉണങ്ങി ദ്രവിച്ച കറുത്ത പാമ്പിന്‍ തോല് പോലെ എന്തോ ഒന്ന് ശാരി നീട്ടി പിടിച്ചത്!!
ഇതെന്താണ് സാധനം ?? പിടി കിട്ടുന്നില്ലല്ലോ !!
പമ്മന്‍റെ മണ്ടയില്‍ കുന്തിരിക്കം പുകഞ്ഞു.
എന്നാലും എവിടെയോ കണ്ട പോലെ !!
ഇന്നലെ രാത്രി സണ്ണി കുട്ടന്‍റെ പുതിയ ക്ലിപ്പുകള്‍കള്‍ തപ്പിയത് പോലെ ദ്രുതഗതിയില്‍ ഒന്ന് മണ്ടയില്‍ തപ്പി നോക്കി.
"ങേ !! ഇത്.... ??"
ആദിശങ്കരന് ബോധോധയം കിട്ടിയ അതെ അളവില്‍ തന്നെ തിരിച്ചറിവ് നേടിയ പമ്മന്‍ നന്നായൊന്നു പമ്മി!!
കയ്യിലിരുന്ന സാധനം ദൂരേയ്ക്കെറിഞ്ഞ ശാരി കലി തുള്ളി പറഞ്ഞു .
"ങാ ... അത് തന്നെ !!" അപ്പൊ ഓര്‍മയുണ്ട് ??
"നിങ്ങളോട് കഴിഞ്ഞ തവണ വന്നിട്ട് പോകുമ്പോള്‍ പ്രത്യേകം പറഞ്ഞതല്ലേ കിഴങ്ങാ, നിങ്ങടെ "ഒന്നും" ഇവിടിട്ടിട്ടു പോകരുതെന്ന്??കത്തിച്ചിട്ട് കത്തുകയുമില്ല, വെള്ളം വീണാല്‍ നനയുകയുമില്ല,കുഴിച്ചിട്ടാല്‍ ദ്രവിക്കുകയുമില്ല!!"
"അങ്ങിനിവിടെ കിടന്ന സാധനം അപ്പുറത്തെ പട്ടി എടുത്തോണ്ട് എങ്ങോകൊണ്ടോയിട്ടു. പിറ്റേന്ന് പട്ടി വയറിളകി ചത്തു"
"രണ്ടു ദിവസം കഴിഞ്ഞപ്പോ മുതല്‍ എങ്ങു നിന്നോ ദുര്‍ഗ്ഗന്ധം വന്നു തുടങ്ങിയതാ.മീന്‍ മാര്‍ക്കറ്റ് വരെ ഇതിന്‍റെ നാറ്റം കാരണം അടച്ചു പൂട്ടി.
നാട്ടില്‍ ഈച്ചകള്‍ പെരുകി, രോഗം പടര്‍ന്നു"
നാട്ടാര് കൂടി!! ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തി.
സാധനം കണ്ട ഉടനെ അയലോക്കത്തെ ചേച്ചി അത് തിരിച്ചറിഞ്ഞു - അതിനുള്ളത് തനിക്കു ഞാന്‍ വേറെ തരാം!!"
"ഇപ്പൊ നാട്ടാരെല്ലാം കൂടി ഞങ്ങളെ ഊര് വിലക്കാന്‍ പോകുവാ"

അപ്പോളാണ് അവള്‍ നാണം കൊണ്ടല്ല പകരം, നാറ്റം കൊണ്ടാ മുഖം മൂടി നിന്നത് എന്ന സത്യം പമ്മലോടെ നിന്ന പമ്മന്‍ തിരിച്ചറിഞ്ഞത്.
എന്നാലും ആ കൌപീനം അതെങ്ങനാ മറന്നത് ??
അതില്ലാതെ സ്വതന്ത്രനായി നടന്നു നടന്നു പെന്‍ഡുലം തേഞ്ഞുതുടങ്ങി!!
തന്നെയല്ല, ബര്‍മുഡ ഇട്ടു പുറത്ത് പോകും നേരം പട്ടി ശല്യവും കൂടിയിരിക്കുന്നു.
അപ്പോഴേയ്ക്കും "ഇനി നിങ്ങള്‍ നാട്ടില്‍ കാലുകുത്തുന്നതോന്നു കാണണം" എന്നും പറഞ്ഞ് ഫോണ്‍ കട്ടായി.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം ഉപയോഗിക്കുന്ന കൌപീനം കാരണം, നാട്ടിലോട്ടുള്ള തന്‍റെ പോക്കും മുടങ്ങി.

കൌപീനം കണ്ടുപിടിച്ചവന്‍റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച ശേഷം, വെള്ളത്തില്‍ വീണ കോഴിയെ പോലൊരു മൂലയ്ക്ക് പോയിരുന്ന് അന്നടിക്കാന്‍ വാങ്ങിയ കുപ്പി നോക്കിയിരുന്ന് പമ്മനൊരു പാട്ട് മൂളി...
"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
  ആരും കൊതിക്കാറില്ലിപ്പോള്‍ ...

തിരികെ മടങ്ങാനാ... തീരത്തണയാനായ് ഞാന്‍....മാത്രം.........."


Wednesday, 3 August 2016

കോഴിയാണോ മുട്ടയാണോ ആദ്യം ??


ര്‍ഷങ്ങളായുള്ള സംശയം ആണിത്.

ക്രീയേറ്‍റീവ്ലി നോക്കിയാല്‍ മുട്ട തന്നെയാണ് ആദ്യം ഉണ്ടായത്.എന്നാൽ പ്രാക്ടിക്കലി ആദ്യം അതിജീവിച്ചത് കോഴി ആണ്.


എഴുതുതപ്പെടാത്ത ചരിത്രം:
                      സംഭവം നടക്കുന്നത് "ചരിത്രം എഴുതി സൂക്ഷിക്കണം" എന്ന ചിന്ത തുടങ്ങുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്നേ ആണ്.

 മുകളിലെ ഏതോ മേഘത്തിനു മറവിൽ ഇരുന്നു ദൈവം എന്ന പ്രൊഡക്ഷൻ മുതലാളി ആദ്യം ഉണ്ടാക്കിയത് മുട്ട തന്നെ ആയിരുന്നു. പക്ഷെ  അത് ഭൂമിയിലേയ്ക്ക് ഉള്ള ലാൻഡിങ്ങില്‍ പറ്റിയ പിഴവുമൂലം, ലോകത്തിലെ ആദ്യത്തെ "ബുൾസൈ" ആയി മാറുകയാണുണ്ടായത്.


ഓടി നടന്നു പാപം തിന്നു കൊണ്ടിരുന്ന മാഡം ഹവ്വ, ജന്മനാ കിഴങ്ങന്‍ ആയിരുന്ന മിസ്റ്റര്‍ ആദത്തിന്‍റെ മുഖത്ത് നോക്കി തന്നെ അതും മിണുങ്ങി.അങ്ങനെ ഭൂമിയിലെ ആദ്യത്തെ "ശശി" ജനിച്ചു.

ഇതറിഞ്ഞ ദൈവം തല ചൊറിഞ്ഞു, നഖം കടിച്ചു, മൂക്ക് പിഴിഞ്ഞു!!

ഒടുവില്‍ ചന്തി ചൊറിഞ്ഞു കൊണ്ട് "കോഴിയെ പറ പറ" എന്നും പറഞ്ഞൊരു സാധനം ഉണ്ടാക്കി, മേലെന്നു താഴോട്ട് ഉന്തിയിട്ടു.

താഴോട്ട് പോന്ന കോഴി, മൂക്ക് കുത്താതിരിക്കാന്‍ വേണ്ടി ചിറക് വിരിച്ച്, താഴെ പറന്നിറങ്ങി.

"ദൈവം കൊറിക്കാന്‍ വറുത്ത് വച്ചിരുന്ന കടല പൊതി കൊത്തി തിന്നാലോ??" എന്നലോചിച്ച് നിന്നിരുന്ന തന്നെ പിന്നില്‍ നിന്നും തള്ളിയിട്ട ദൈവത്തിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ മേലോട്ട് നോക്കി രണ്ട് മൂന്ന് "തെറി" കൊക്കിവിളിച്ച കോഴിടെ മൂട്ടില്‍ നിന്നും "മുട്ട" സേഫ് ആയി ഭൂമില്‍ ലാന്‍ഡ്‌ ചെയ്തു.


ചന്തി ചോറിഞ്ഞപ്പോള്‍ കിട്ടിയ ഐഡിയ വച്ച്, കോഴീടെ മൂട്ടില്‍ മുട്ട തിരുകിയ ദൈവത്തോടുള്ള പ്രതികാരമായി.....,
ദൈവം വച്ച മുട്ടകള്‍ പുറത്തേയ്ക്ക് മുക്കിയിട്ട ശേഷം കൊക്കിവിളിച്ചു ദൈവത്തെ തെറി വിളിക്കുന്നത് കോഴിക്കൊരു ഹരമായി മാറി.കോഴിയുടെ കൂട്ട്, അങ്കവാലന്‍ പൂവന്‍ ദൈവത്തെ കളിയാക്കിക്കൊണ്ട്,ഇടയ്ക്കിടെ  മേപ്പോട്ടു നോക്കിയുള്ള കൂക്കി വിളി തുടര്‍ന്നു പോന്നു.


എഴുതപ്പെട്ട ചരിത്രം:
ആദ്യം ജനിച്ച മുട്ടയും, ആദ്യം ജീവിച്ചു തുടങ്ങിയ കോഴിയും തമ്മില്‍ കാരണവര്‍ സ്ഥാനത്തിന് വേണ്ടി തര്‍ക്കമായി.ആദ്യം ഉണ്ടായത് മുട്ടഎങ്കിലും, ആദ്യം ഭൂമിയില്‍ ജീവനോടെ എത്തിയത് കോഴിതന്നെ എന്നത് കൊണ്ട്, ചരിത്രത്തിന്‍റെ  മാഞ്ഞുതുടങ്ങിയ പേജുകളില്‍ ജ്യേഷ്ഠ സ്ഥാനം കോഴിക്ക് കിട്ടി.

ജയില്‍ മുറി !!


കുമ്പസാരകൂടുകളെ ബഹുദൂരം പിന്തള്ളിക്കൊണ്ട്.....

 പശ്ചാത്താപങ്ങളാല്‍ വിങ്ങുന്ന മനസ്സുകളുടെ കണ്ണുനീരാല്‍ കുതിര്‍ന്ന ചുമരുകളുള്ള  ജയില്‍ മുറി  ദിവ്യത്വം നേടിയതിന് പിന്നില്‍.....

എണ്ണിയാല്‍ തീരാത്ത പാപക്കറകളെ തുടച്ചുനീക്കിക്കൊണ്ട്,
ഉറങ്ങാത്ത രാത്രികളിലെ ഇരുട്ടിന്‍റെ മറവില്‍, മനസിന്‍റെ ആഴങ്ങളില്‍ നിന്നും അടര്‍ന്നു വീണ തേങ്ങലുകള്‍, ആരോരുമറിയാത്ത ഏറ്റുപറച്ചിലുകള്‍, "ഇരകളുടെ" കാലുകളില്‍ മുഖമമര്‍ത്തി ഹൃദയം കൊണ്ടുള്ള മാപ്പ് പറച്ചിലുകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു!!

ഒടുവില്‍....

അനിവാര്യമായ ഫലം ഏറ്റുവാങ്ങുവാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ ഒരു കൈത്താങ്ങായി ജയില്‍ മുറി മാറുകയായിരുന്നു.

അവിടെ ഇടനിലക്കാരായി ദൈവങ്ങളോ, ആത്മീയാചാര്യന്‍മാരോ, മതപണ്ഡിതരോ,അല്ലെങ്കില്‍ മറ്റിടപെടലുകാളോ ഒന്നും തന്നെ ഇല്ലായിരുന്നു!!

മൂകതയില്‍ മുങ്ങിയ ജയില്‍ മുറി, ഒരായിരം കഥകള്‍ പറയുവാന്‍ വെമ്പിക്കൊണ്ടിരുന്നു....




Monday, 1 August 2016

എൻ്റെ സിനിമ- ഷോ 3

                             ർക്കുട്ട് എന്ന അകാല ചരമം പൂകിയ, "സോഷ്യൽ മീഡിയകളുടെ തുടക്കക്കാരനിൽ" നിന്നും പരിചയപ്പെട്ട ആ സുഹൃത്തിനോട് വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു.ഹോബികളെ കുറിച്ചുള്ള സംസാരം  എപ്പോഴോ സിനിമകളെ കുറിച്ചുള്ളതായി മാറിയപ്പോൾ ആണ് ആദ്യമായി കൊറിയൻ സിനിമകളെ കുറിച്ച് കേൾക്കുന്നത്.അവരുടെ സിനിമകളെ കുറിച്ച് ആവേശത്തോടെ സംസാരിച്ച് പിരിയുമ്പോൾ ഒരു അഭ്യർത്ഥന പോലെയോ നിർദ്ദേശം പോലെയോ ആ സുഹൃത്ത് ഒരു കൊറിയൻ സിനിമ എങ്കിലും കണ്ടു നോക്കണം എന്നു പറഞ്ഞു.ഒപ്പം നല്ല ചില സിനിമകളുടെ പേരും പറഞ്ഞുതന്നു.പിന്നെയും കുറച്ച് നാളുകൾക്കു ശേഷം ആണ് ആദ്യമായി ഒരു കൊറിയൻ സിനിമ കാണുവാൻ തോന്നിയത്.സംഭാഷണ രീതികൾ ചിരി പടർത്തി എങ്കിലും, സബ് ടൈട്ടിലിൻ്റെ സഹായത്തോടെ സിനിമ മൊത്തം കണ്ട് തീർത്തപ്പോൾ ആദ്യം ചെയ്തത്, ഏറ്റവും നല്ല കൊറിയൻ സിനിമകളുടെ ടോറന്റ് തിരയുക തന്നെ ആണ്.പല പല സിനിമകൾ കണ്ടപ്പോൾ അതൊരത്ഭുത ലോകം തന്നെ എന്നു മനസ്സിലാക്കുവാൻ സാധിച്ചു.

ഓർക്കുട്ടിനൊപ്പം,കൊറിയൻ സിനിമകളെ കുറിച്ച് വാതോരാതെ  ആ സൗഹൃദവും മരിച്ചു എങ്കിലും, ഓരോ കൊറിയൻ സിനിമകൾ കാണുമ്പോഴും എങ്ങോ നഷ്ടപ്പെട്ട ആ സൗഹൃദത്തെ കുറിച്ചോർക്കാറുണ്ട്. മനോഹരമായ കൊറിയൻ സിനിമാ ലോകത്തിലേയ്ക്ക് എന്നെ എത്തിച്ചതിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത ആ സുഹൃത്തിന് നന്ദി പറയാറുണ്ട്.

 പ്രണയമോ, യുദ്ധമോ, സൗഹൃദമോ, ആത്മബന്ധമോ അങ്ങിനെ വിഷയം എന്തുമാകട്ടെ, കണ്ടിരിക്കുന്നുവരുടെ ഹൃദയത്തിൽ പതിയും വിധം, മനോഹരമായ ഒരു കവിത പോലുള്ള കൊറിയൻ സിനിമകളിൽ മിക്കതും ഈ വേദിയിൽ അവതരിപ്പിക്കുവാൻ അർഹം തന്നെ.

എന്നാലും.
എൻ്റെ സിനിമയുടെ ഇന്നത്തെ ഷോയിൽ അവതരിപ്പിക്കുന്നത് , 2004 ൽ പുറത്തിറങ്ങിയ "Windstruck" എന്ന  കൊറിയൻ മൂവി  ആണ്.
Windstruck )

ഹൃദയ സ്പർശിയായ പ്രണയം അതാണ് "വിൻഡ്‌സ്റ്റ്ക്ക്"

ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ള, പ്രണയിക്കുവാൻ ആഗ്രഹിക്കുന്ന, മനസ്സിൽ പ്രണയം കാത്ത് സൂക്ഷിക്കുന്ന, ഏതൊരാൾക്കും പ്രണയാതുരമായ ഹൃദയത്തോട് കൂടി മാത്രം കണ്ടിരിക്കാവുന്ന സിനിമ എന്നത് തന്നെ ആണ് ഈ സിനിമയുടെ പ്രത്യേകത!!

സിനിമ കണ്ടു തീരുമ്പോൾ, തൻ്റെ പ്രണയം, അതിന്നെവിടെ ആണെങ്കിലും അതിൻ്റെ മനോഹരമായ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ എത്തുകയും, സ്വന്തം പ്രണയത്തെ മനസ്സുകൊണ്ടെങ്കിലും വാരിപുണർന്നു പോകുകയും ചെയ്യും എന്നതാണ് സത്യം.
Windstruck )

വാക്കുകൾക്കതീതമായ അനുഭവം കണ്ടുതന്നെ അറിയുന്നതാണ് നല്ലത് എന്നത് കൊണ്ട് തന്നെ കൂടുതൽ വിവരണം കണ്ട് തന്നെ അറിയുക.








Sunday, 31 July 2016

അശരീരി - വെറുമൊരു ഭ്രാന്തന്‍ !!



ഇല്ല!!

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ ട്രിപ്പീസ്സു കളി ഇനി ഇല്ല !!

പ്രണയമെന്ന് തോന്നിയ ജാര സന്തതിയെ കുടത്തിലാക്കി ഉഗ്ഗ്രതീഷ്ണയുടെ നദിയിൽ ഒഴുക്കി.കാലയവനികയിൽ മറഞ്ഞ പലർക്കും ജാര സന്തതികളെ അല്പ്പം കണ്ണീരിനൊപ്പം ഒഴുക്കികളയുവാൻ  പുരാണങ്ങളുടെ അകമ്പടി സേവ ഒരു കൂട്ടായിരുന്നത്കൊണ്ട്  , മനസ്സെന്തിനു മടിക്കണം ??പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇല്ലാതെ, അടർത്തി മാറ്റിയപ്പോൾ പൊടിഞ്ഞുവോ എന്ന് പോലും ഉറപ്പില്ലാത്ത പച്ചചോരമണം തിരയാതെ,നിശബ്ദതയെ സാക്ഷി നിർത്തി,മനസ്സിനെ ബലി മൃഗം ആക്കിക്കൊണ്ട് ഒരു പേടകം ഇരുട്ടിലെങ്ങോ ഒഴുകി അകലുമ്പോൾ, ശിരസറ്റ് കിടക്കുന്ന ബലിമൃഗത്തിന്‍റെ അവസാന പിടച്ചിൽ നിർവികാരമായി നോക്കി നിന്ന്, ആ കാഴ്ച മനസ്സില് ഉറപ്പിക്കുകയായിരുന്നു അവൻ.

വിശേഷണങ്ങൾക്കോ പുകഴ്ത്തലിനോ,ഗുണനിലവാര ചർച്ചകൾക്കോ ഒന്നും അർഹൻ അല്ലാത്തവൻ.സമൂഹം കല്പിച്ചരുൾ ചെയ്തു നല്കിയ പട്ടികയിൽ പേരില്ലാത്തവൻ.നിർഗുണൻ എന്ന ഇരട്ട പേരിലറിയുന്നവൻ.കാലത്തിനൊപ്പം നടക്കാൻ മടിക്കുന്നവൻ.ഇവനൊരു പേര് വേണമെന്ന് തോന്നിയപ്പോൾ "അശരീരി" എന്നപേര് സ്വയം എടുത്തണിഞ്ഞു.

വ്യക്തിത്വം ഉള്ളവർക്കല്ലേ വ്യക്തമായ പേരിന്‍റെ ആവശ്യം വരൂ.

ഒരു സ്വപ്നം പോലെ, മതി ഭ്രമം പോലെ ഒക്കെ ഇവന്‍റെ സാനിധ്യം പലരും അറിഞ്ഞെന്നു വരാം.ഒരു പക്ഷെ നേരിട്ട് കണ്ടുവെന്ന് വരാം.

പക്ഷെ, അറിഞ്ഞതായി നടിക്കരുത്!!

അവന്‍റെ വാക്കുകള്‍, ചിന്തകള്‍, വികാരങ്ങള്‍ എല്ലാത്തിനേയും പുച്ഛിച്ച് തള്ളുക മാത്രമേ ചെയ്യാവൂ...

ഒടുവിലൊരുനാള്‍ ഇല്ലാത്ത പൈപ്പിന്‍ ചോട്ടില്‍ ഒരിറ്റു ദാഹജലം തേടുന്ന അവനെ നോക്കി, മണിമാളികയിലിരുന്നു കൊണ്ട്, തിന്ന ചോറിനു നന്ദിയില്ലാതെ ഉറക്കെ വിളിച്ചു പറയണം, "ഭ്രാന്തന്‍!!"

അപ്പോഴും അവന്‍റെ ഉള്ളില്‍ ഒഴുകി അകലുന്ന കുടവും, അതിലെ ഓര്‍മകളും, പിന്നെ ലോകത്തോട്‌ മുഴുവനുള്ള സ്നേഹവും മായാതെ കിടപ്പുണ്ടാവും !!

കടലിനെ സ്നേഹിച്ച തീരം കടലിനടിയിൽ അമർന്നത് പോലെ!!


Saturday, 30 July 2016

കൊലുസ്സ് !!


           വളുടെ കുഞ്ഞികാലുകളില്‍ കൊലുസ്സുകള്‍ ഇട്ടുകൊണ്ട് അവര്‍ മൊഴിഞ്ഞു.

"ആഹാ!!  നീ ഇപ്പോള്‍ എത്ര സുന്ദരി!!"

"നിന്‍റെ കൊലുസ്സിന്‍ കിലുക്കം കേട്ട് പ്രകൃതിപോലും ചിരിക്കുന്നത് കണ്ടോ??"

നടക്കുമ്പോള്‍, കൊലുസ്സിലെ കൊച്ചു മണികള്‍ ചേര്‍ന്നുണ്ടാക്കിയിരുന്ന മണികിലുക്കം അവള്‍ക്കും ഇഷ്ടമായിരുന്നു.കൊലുസ്സിന്‍റെ താളത്തിനൊത്ത്, മുല്ല മൊട്ടുകള്‍ പോലുള്ള പല്ലുകള്‍ കാട്ടി അവള്‍ കൊഞ്ചി ചിരിച്ചു കൊണ്ടിരുന്നു...

അച്ഛനമ്മമാര്‍ ചാര്‍ത്തിയ "കൊലുസ്സുകള്‍" കരുതലിന്‍റെ ആയിരുന്നു.ഓടി നടക്കുന്ന മകളുടെ കാലടികള്‍ ഒപ്പിയെടുക്കാനുള്ള ഞൊടിവിദ്യ!!

യവ്വ്വനത്തിന്  മുന്നില്‍ കുട്ടിത്തം  വഴിമാറി കൊടുത്തപ്പോള്‍ കാലുകള്‍ക്ക് മേലേ കൊലുസ്സുകള്‍ പിടിമുറുക്കി.

കൊലുസ്സുകളുടെ പിടിയിലമര്‍ന്ന അവളുടെ സഞ്ചാര സ്വാതന്ത്ര്യം, ആരുമറിയാതെ....

ഒരിക്കലെങ്കിലും നിലാവത്ത് നടക്കുവാന്‍ വെമ്പിക്കൊണ്ടിരുന്നു....

ചൂളന്‍കുന്നിലെ ഭീമന്‍ !!



                      തേള്‍വാലി എന്ന കൊച്ചു ടൗണിൽ നിന്നും മൂന്നു മൈൽ ദൂരം കഴിഞ്ഞാൽ വഴി രണ്ടായി തിരിയുന്നു.ഇടത്തോട്ട് തിരിയുന്ന വഴി നേരെ ജില്ലാആസ്ഥാനത്തേയ്‌ക്ക് നയിക്കുന്നതാണ്‌.വലത്തേയ്ക്കു തിരിയുന്ന റോഡ് അല്പം കൂടി സഞ്ചരിച്ചാൽ ചെറിയൊരിറക്കം ഇറങ്ങി ഒരു ചെറിയ വെള്ളകെട്ടിന് വശം ചേർന്ന് വളഞ്ഞു പുളഞ്ഞു ഒരു വലിയ മലമ്പ്രദേശത്തേയ്ക്കു നയിക്കുന്നു.ഇടുങ്ങിയ വഴി കാടും മേടും ഒക്കെ കടന്ന് മണിക്കൂറുകൾ കഴിഞ്ഞാൽ എത്തിച്ചേരുന്നത് ചൂളൻകുന്നിൽ ആണ്.
ചൂളൻകുന്നിനോട് ചേർന്ന രണ്ടു ഗ്രാമങ്ങളിൽ ഒന്ന് കുന്നിന്‍റെ അങ്ങേ ചെരുവിൽ ആണ് ഉള്ളത്.താരതമ്യേന കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ആദ്യ ഗ്രാമത്തിൽ ഞാനെത്തുമ്പോള്‍, സ്വീകരിക്കാനായി ചെറിയോരാള്‍കൂട്ടം തന്നെ ഉണ്ടായിരുന്നു.അല്‍പനേരം അവരുമായി സംസാരിച്ചുനിന്ന ശേഷം ചുറ്റിനും ഒന്ന് കണ്ണോടിച്ചു.
.
തൊട്ടടുത്തായി കാടു പിടിച്ച പോലെ ഒരു സ്ഥലം- അവിടാണ് ഗ്രാമീണരുടെ ആരാധനാലയം!! സര്‍പ്പക്കാവ് പോലെ തോന്നുന്ന, പ്രദേശത്തുള്ള ആ ഏക ആരാധനാകേന്ദ്രത്തിന്‍ നടുവില്‍, മഞ്ഞനിറം കലർന്ന പായലുകളും, വള്ളി ചെടികളും അലങ്കാരമായി പൊതിഞ്ഞ,നാലടി പൊക്കമുള്ള ഒരു പഴയ കല്ലിൻ കഷ്ണം !! കാളീശക്തി നിറഞ്ഞ മല ദൈവം ആണത്രേ!! 
.
മലദൈവം ഉറങ്ങുന്നതിന് പിന്നിലുള്ള വലിയൊരു കുന്നിൻ മുകളിൽ നിന്നും ഇടയ്ക്കിടെ ആ പ്രദേശത്ത് കേൾക്കുന്ന ചൂളം വിളി പോലത്തെ ശബ്ദം ആകും ആ പ്രദേശത്തിന് അങ്ങിനെ ഒരു പേര് വീഴാൻ കാരണമെന്ന് ഞാൻ ഊഹിച്ചു.
.
കൃഷിയും വേട്ടയും ഒക്കെ ആയി ഒതുങ്ങി ജീവിക്കുന്ന ഗ്രമാവാസ്സികളില്‍ മിക്കവാറും എല്ലാവരും കൃഷിക്കാരും കാലിമേയ്ക്കുന്നവരും ആണ്.മണ്ണ് കുഴച്ചുണ്ടാക്കിയ വീടുകളിൽ ചിലതിൽ ഷീറ്റ് ഇട്ടിട്ടുണ്ട്.വിരളിലെണ്ണാവുന്ന ചില വീടുകള്‍ ഓട് കൊണ്ട് മേഞ്ഞവ ആണ്. ചിലതിൽ മെടഞ്ഞെടുത്ത ഓലയും, മറ്റുള്ളവയിൽ വൈക്കോൽ പോലെ തോന്നിക്കുന്ന ഒരു തരം പുല്ലുകൊണ്ടും ഉള്ള മേൽക്കൂരകൾ ആണുള്ളത്.
.
മഴക്കാലത്തിന് മുന്നേ തന്നെ മിക്ക വീടുകളും മേൽക്കൂര പൊളിച്ച് മേയാറുണ്ട്.ഒരോ വീട്ടിലെയും വയസ്സായ സ്ത്രീകൾ ആണ് ഓലയും മറ്റും മെടഞ്ഞുണ്ടാക്കുന്നത്.
.
*************************************************************************************
.
ചൂളൻ കുന്നിലെ ഏക സർക്കാർ വക സ്ഥാപനം ആണ്,കൃഷിനിലത്തോട്‌ ചേര്‍ന്ന് കിടക്കുന്ന ഫോറസ്ററ് വക പഴകി ദ്രവിച്ച ഓഫീസ്സ് മുറിയോട് കൂടിയ ആ ഔട്ട് ഹൗസ്സ്,അവിടുത്തെ ഏക കോൺക്രീറ്റ് കെട്ടിടവും അത് തന്നെ!!
സർക്കാർ വക പ്രത്യേക ക്ഷണിയിതാവായി വന്നത് കൊണ്ടു, താമസം ഫോറസ്ററ് വക കെട്ടിടത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.
.
ഭക്ഷണം ഉണ്ടാക്കുവാനും മറ്റു സഹായത്തിനും ഒക്കെ ആയി ഗ്രാമത്തലവൻ തന്നെ ഒരാളെ ഏർപ്പാടാക്കിതന്നിട്ടുണ്ട്.
.
വന്ന അന്ന് തന്നെ, ഉച്ച ഭക്ഷണം കഴിഞ്ഞ ഉടന്‍,സഹായികൾ ആയി ഉണ്ടായിരുന്നവര്‍ വിശ്രമിക്കാന്‍ കിടന്ന സമയം നോക്കി, അവരെ കൂട്ടാതെ തന്നെ ഞാനാ ഗ്രാമവീഥിയിലൂടെ ഒരു നടത്തത്തിനായി ഇറങ്ങി.വഴികളേയും ഗ്രാമ വാസികളേയും, അവരുടെ രീതികളെയും ഒക്കെ പറ്റി ഒന്ന് നേരിട്ട്കണ്ടറിയാനും, തൻ്റെ ആഗമനോദ്ദേശത്തിനുതകുന്ന മറ്റെന്തെങ്കിലും വിവരങ്ങൾ ശേഖരിക്കാനും,മലയുടെ അങ്ങേ ചെരിവിലെ ഗ്രാമവാസികളെ പറ്റികൂടി അറിഞ്ഞിരിക്കാനും ഒക്കെ വേണ്ടി ആയിരുന്നു ആ നടത്തം.
.
ഇരുട്ടുന്നതിന് മുന്നേ മടങ്ങി വരാം എന്നത് കൊണ്ടു തന്നെ, മറ്റു തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഇല്ലാതെ ആണ് നടക്കാൻ ഇറങ്ങിയത്.
.
നിരപ്പായ സ്ഥലത്തിന്റെ പ്രധാനഭാഗം, അവിടെയും ഇവിടെയും ഒക്കെ ആയി ചിതറി കിടക്കുന്ന കൂണുകൾ പോലെ തോന്നുന്ന വീടുകൾ തന്നെ!! വീടുകൾ തീരുന്നിടത്ത് കൃഷി സ്ഥലം തുടങ്ങുന്നു.കുന്നിൻ ചരുവിലേയ്ക്ക് നീളുന്ന കൃഷി സ്ഥലം തീരുന്നത് കാട്ടിൽ ആണ്.കാടും കൃഷി സ്ഥലവും സംഗമിക്കുന്നിടം കാട്ടു മുള്ളും മുളയും ഒക്കെ വച്ച് വേര്തിരിച്ചിരിക്കുന്നു എങ്കിലും ഉള്‍കാട്ടിലേയ്ക്ക് നീളുന്ന പല കാട്ട് പാതകളും, കാട്ടിലൂടെ തന്നെ  അടുത്ത ഗ്രാമത്തിലേയ്ക് വേഗം എത്താന്‍ പാകത്തില്‍ ചില ഒറ്റയടി പാതകളും ഒക്കെ ഗ്രമാതിര്ത്തി കടന്ന് പുറത്തേയ്ക്ക് നീളുന്നുണ്ട്. 
.
എല്ലാവരും തന്നെ സന്ധ്യ ആകുന്നതിനു മുന്നേ കൃഷിയിടത്ത് നിന്നും കൂട്ടമായി തിരികെ വന്ന ശേഷം വീടുകളില്‍ കയറി വാതില്‍ അടയ്ക്കുന്നു.എല്ലാ വീടുകള്‍ക്ക് മുന്നിലും അനങ്ങിയാല്‍ കൂട്ടിയിടിക്കാന്‍ പാകത്തില്‍ ചില തകര പാട്ടകള്‍ കൂട്ടി കെട്ടിയ കട്ട് വള്ളികള്‍ നിറഞ്ഞ വേലിപടര്‍പ്പുണ്ട്. മഞ്ഞളില്‍ മുക്കിയ പോലൊരു ചെറു കല്ല് ഒട്ടു മിക്ക വീടുകളുടെയും മുറ്റത്തായി വച്ചിട്ടുണ്ട്.ക്ഷേത്രത്തിലെ പ്രതിഷ്ഠാ കല്ലിന് മുന്നില്‍ ഒരാഴ്ച വച്ചിട്ട് കൊണ്ടുവരുന്നതാണ് എന്ന് പിന്നീട് ഗ്രാമത്തലവന്‍ ആ കല്ലിനെ കുറിച്ചു പറഞ്ഞതായി ഓര്‍ക്കുന്നു.ദേവി അനുഗ്രഹം ചൊരിഞ്ഞ കല്ലുകള്‍ ഉള്ള വീടുകള്‍ക്ക് ദേവിയുടെ സംരക്ഷണം കിട്ടുന്നു എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.വിഗ്രഹത്തിന് മുന്നില്‍ വയ്ക്കുന്നതില്‍ ചില കല്ലുകളില്‍ മാത്രമേ ദേവി അനുഗ്രഹം ചൊരിയാറുള്ളത്രെ!!
.
എന്തായാലും പ്രത്യേകിച്ചൊന്നും കിട്ടാതെ അന്ന് സന്ധ്യയോടെ ഞാൻ തിരികെ പോന്നു.
.
എന്‍റെ സേവനം ഏറ്റവും കൂടുതല്‍ ആവശ്യം ആയി വരുക ഈ ഗ്രാമത്തിന് തന്നെ ആവും എന്ന് വാര്‍ത്തകളും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ തോന്നിയിരുന്നു.അതുകൊണ്ട് തന്നെ ആണ് നേരെ അങ്ങോട്ട്‌ പോന്നതും.
.
എന്‍റെ ആ തീരുമാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവച്ചു കൊണ്ട് അന്ന് രാത്രി ആ ഗ്രാമത്തില്‍ എത്തിചേര്‍ന്ന "ചൂളന്‍കുന്നിലെ ഭീമന്‍" എന്നറിയപ്പെടുന്ന അവന്‍, തന്‍റെ നൂറ്റിഎഴുപത്തിരണ്ടാമത്തെ ഇരയെ പിടിച്ചുകൊണ്ട് കാട്ടിലേയ്ക്ക് കയറി മറഞ്ഞു.
.
അര്‍ദ്ധരാത്രിയില്‍ മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് തന്‍റെ കന്നുകാലി കൂട്ടില്‍ നിന്നും എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന ഒരു സാധു. പ്രസവിക്കറായി നില്‍ക്കുന്ന കന്ന് പ്രസിവിച്ചത് കൊണ്ടാവും കന്നുകൂട്ടില്‍ നിന്നും ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്ന് തെറ്റിദ്ധരിച്ച് ഒരു ചൂട്ടും കത്തിച്ച്, കന്ന് കൂട് ലക്ഷ്യമാക്കി പുറത്തേയ്ക്ക് നടന്ന ആ അറുപതുകാരന്‍റെ അകന്നു പോകുന്ന നിലവിളി കേട്ട് ആ ഗ്രാമം ഞെട്ടി ഉണര്‍ന്നു!!.
.
                                                    *****
                 സംഭവസ്ഥലം സന്ദര്‍ശിച്ച എനിക്ക്,"ചൂളന്‍കുന്നിലെ ഭീമന്‍" എന്ന പേരിനെ ന്യായീകരിക്കും വിധമുള്ള കാല്പാടുകള്‍, വീടിനും പശുകൂടിനും ഇടയില്‍ ഉള്ള ഭാഗത്തായി കാണുവാന്‍ സാധിച്ചു.ആ സാധു മനുഷ്യനെ പുറകില്‍ നിന്നുള്ള ആക്രമണത്തില്‍ ആണ് പിടിച്ചുകൊണ്ടുപോയതെന്ന് അവിടുത്തെ കാല്പാടുകളില്‍ നിന്നും മനസ്സിലായി. നേരം വെളുക്കുവാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കിലും, ചോരപാടുകള്‍ പിന്‍ന്തുടരാന്‍ തന്നെ ആയിരുന്നു എന്‍റെ തീരുമാനം.വേണ്ടിവന്നാല്‍ ഉപകരിക്കുമല്ലോ എന്ന് കരുതി, അതിനുള്ള തയ്യാറെടുപ്പോടെ ആണ് ഔട്ട് ഹൗസ്സില്‍ നിന്നും വന്നത്. എന്‍റെ450 റൈഫിള്‍ തന്നെ ഞാന്‍ കൈയ്യില്‍ കരുതിയിരുന്നു.
.
ഒന്ന് രണ്ട് സഹായികളേയും കൂട്ടി, ചൂട്ടും എരിച്ച് അവരോട് മുന്നില്‍ നടക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട്,ചോര തുള്ളികളും ഞെരിഞ്ഞമർന്ന പുല്ലുകളും നോക്കി ഗ്രാമാതിർത്തിയിലൂടെ ഞങ്ങൾ കാട്ടിലേക്ക് കടക്കും മുന്നേ തന്നെ ഞാനെൻ്റെ ഹെഡ്ടോർച്ച് യഥാവിധി ഉറപ്പിച്ചിരുന്നു.
.
കാട്ടിലേക്ക് പ്രവേശിച്ച് അല്പം മുന്നോട്ട് ചെന്നപ്പോൾ,ഒരു വശത്തായി കണ്ട മുള്‍ പടര്‍പ്പില്‍ വൃദ്ധന്‍റെ വസ്ത്രങ്ങള്‍ ഉടക്കി കിടപ്പുണ്ടാരുന്നു. കാട്ടുവഴി വിട്ട് ഇടത്തേക്ക് തിരിഞ്ഞു ചെന്നാൽ ഉള്ള പുൽമേടിലേയ്ക്ക് അവൻ തൻ്റെ ഇരയുമായി പോയതിൻ്റെ ലക്ഷണങ്ങൾ പുല്ലിൽ കാണുവാൻ സാധിച്ചു.പുൽമേട്ടിൽ എത്തി അവൻ തൊട്ടടുത്ത കുറ്റികാട് ലക്ഷ്യമാക്കി തിരിഞ്ഞിരിക്കുന്നു.പുല്ലിൽ പറ്റി പിടിച്ച രക്തതുള്ളികൾ അപ്പോഴും ഉണങ്ങിയിരുന്നില്ല എന്നത് അവൻ അധിക സമയം ആയില്ല അതിലെ പോയിട്ട് എന്ന് മനസ്സിലാക്കാൻ സഹായിച്ചു.കുറ്റികാട്ടിലേയ്ക്ക് കടക്കും മുന്നേ ഒരു സ്ഥലത്ത് കുറച്ച് രക്തം തളം കെട്ടി കിടന്നിരുന്നതും, പുല്ലിൽ കണ്ട പാടുകളും "ഭീമൻ" തൻ്റെ ഇരയെ അൽപ സമയം അവിടെ കിടത്തിയിരുന്നു എന്നതിന് തെളിവായിരുന്നു.തുടർന്നുള്ള വഴിയിൽ വീണിരുന്ന ചോരത്തുള്ളികൾക്ക് ഇളം ചൂടുണ്ടായിരുന്നതിനാൽ, ഏതാനും മിനിട്ടുകൾക്ക് മുന്നേ ആണ് അവൻ ആ വഴി പോയിരിക്കുക എന്ന് മനസ്സിലായി.
.
.
പൊക്കം കുറഞ്ഞ മരങ്ങളും, ഒരാൾ പൊക്കത്തില്‍ ഉള്ള കുറ്റി ചെടികളും വളര്‍ന്നു നില്‍ക്കുന്ന ഒരു പ്രദേശത്ത് കൂടി  "ഭീമനേയും" തേടി ഒരു കൂട്ടമായി കടന്നു ചെല്ലുക എന്നാല്‍ ഒപ്പമുള്ള ആളുകളെ കൂടി അപകടത്തിലേയ്ക്ക് തള്ളിവിടുന്ന പോലെയാണ്.കൂട്ടാളികളോട് പുൽമേട്ടിലേയ്ക്ക് മടങ്ങി പോയി അവിടുള്ള ഒരു മരത്തിൽ കയറി ഇരിക്കുവാൻ നിർദ്ദേശിച്ച ശേഷം,ടോർച്ച് വെളിച്ചത്തേയും ഭാഗ്യത്തേയും,കൈയ്യിലെ നിറതോക്കിനേയും മാത്രം വിശ്വസിച്ചുകൊണ്ട്, അവരെ കടന്ന് ഞാൻ മുന്നോട്ട് നടന്നു.
.
*****************************************************
.
അപ്പോഴും ചുറ്റിനും ഇരുട്ട് തന്നെ!!
.
അടയാളങ്ങള്‍ പിന്തുടര്‍ന്ന്  രണ്ടാൾ പൊക്കമുള്ള ഒരു പാറയുടെ അടുത്തെത്തിയ ഉടന്‍ ഞാനൊന്ന് നിന്നു.പാറയുടെ മുകളിൽ നിന്നും ഒരു അനക്കം കേട്ടുവോ ??
.
പെട്ടെന്നുണ്ടായ ഒരു ഉൾവിളിയില്വലത് ഭാഗത്തുള്ള പാറയുടെ സൈഡിലേയ്ക്ക് ഞൊടിയിടയില് ഒഴിഞ്ഞു മാറിയ ഞാൻ നിലത്ത് വീണു. വെപ്രാളത്തിൽ അറിയാതെ ആണെങ്കിലും, കാഞ്ചി വലിച്ചത് രക്ഷ ആയി എന്ന് വൈകാതെ തന്നെ മനസ്സിലായി.
.
പാറയോട് പറ്റിച്ചേർന്നുകിടക്കുന്ന കിടപ്പിൽ തന്നെ, തലയിലെ ടോർച്ചിൻ്റെ പ്രകാശത്തിൽ, വാക്കുകളിൽ കൂടി മാത്രം കേട്ടിട്ടുള്ള, രണ്ട് ഗ്രാമവാസികളുടെ മുഴുവൻ പേടി സ്വപ്നം ആയി വിലസുന്ന, തൻ്റെ നൂറ്റി എഴുപത്തി മൂന്നാമത്തെ ഇര ആക്കുവാൻ വേണ്ടി നിശബ്ദനായി എനിക്ക് നേരെ ചാടി വീണ, "ചൂളൻകുന്നിലെ ഭീമൻ" എന്നറിയപ്പെടുന്ന ആ നരഭോജി കടുവയെ അപ്രതീക്ഷിതമായി നേരിൽ കണ്ട് ഞാന്‍ ഞെട്ടിപ്പോയി!! "ഭീമൻ" എന്ന പേരിനുതകുന്ന രീതിയിൽ അസാധാരണ വലുപ്പം.അത്രയും വലുപ്പമുള്ള കടുവയെ ഞാൻ ജീവിതത്തിൽ തന്നെ ആദ്യമായി കാണുകയായിരുന്നു.മൂക്ക് മുതല്‍ വാലിന്‍റെ അഗ്രം വരെ, ചുരുങ്ങിയതൊരു പത്തടിയെങ്കിലും വരും എന്നുഞാനൂഹിച്ചു.തൊട്ടടുത്ത കാട്ടിലേയ്ക്ക് ചാടി അവന്‍ മറഞ്ഞിട്ടും കുറേ നേരം അങ്ങിനെ തന്നെ കിടന്ന ശേഷം ആണ് ശ്വാസം നേരെ വീണത്!!
.
.
.
                            ക്ക സമയത്ത് വലത് വശത്തേയ്ക്ക് വീഴുവാൻ തോന്നുന്നതിന് പകരം, ഇടത് വശത്തേക്കായിരുന്നു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതെങ്കില്‍,ഭീമന് മാറി മാറി രുചി നോക്കുവാൻ പാകത്തിന് മറ്റൊരു ഇര കൂടി ആകുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ, പാദം മുതൽ തല വരെ ഒരു തരിപ്പ് കയറുകയുണ്ടായി.ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാനെണീറ്റു.
.
പാറയുടെ മറുഭാഗത്ത്, മരിച്ചനിലയിൽ ആ വൃദ്ധൻ കിടപ്പുണ്ടാരുന്നു.തലയ്ക്കു പിന്നിലായി നഖം കൊണ്ടിളകിയ ചർമം തൂങ്ങി കിടപ്പുണ്ട്.കഴുത്തിലും പിന്നെ നടുവിലും ആഴത്തിൽ പല്ലുകൾ ഇറങ്ങിയ പാടുകൾ ഉണ്ട്.ആദ്യം കഴുത്തിനും, പിന്നീട് നടുവിനും കടിച്ചാണ് ഭീമൻ ഇത് വരെ വൃദ്ധനെ ചുമന്നതെന്നുഞാനൂഹിച്ചു.
.
അബദ്ധത്തിൽ പൊട്ടിയ വെടി ആണെങ്കിലും, അതുകൊണ്ട്മാത്രമാണ് വീണ്ടും എനിക്ക് നേരെ തിരിയാതെ ഭീമൻ ഓടി മറഞ്ഞത് എന്നും, നരഭോജിയായ ഒരു മൃഗം, തൻ്റെ ഇരയെ തേടി മടങ്ങി വരുവാന്‍ സാധ്യത ഏറെയാണ് എന്നറിയാവുന്നത് കൊണ്ടും, ഉടൻ തന്നെ ഞാൻ തോക്ക് വീണ്ടും നിറയ്ക്കുകയുണ്ടായി.
.
അപ്പോഴാണ് സഹായികളായി വന്നവരെ കുറിച്ച് ഓർമ്മ വന്നത്."വെടിയൊച്ച കേട്ട് കടുവയെ ഞാൻ കൊന്നിരിക്കാം എന്ന ചിന്തയിൽ അവർ മരത്തിൽ നിന്നിറങ്ങി ഇങ്ങോട്ട് വരുകയും, ഭീമൻ്റെ മുന്നിൽ അകപ്പെടുകയും ചെയ്‌താൽ??".
.
ആ ചിന്ത മനസ്സിൽ ഉണ്ടായ ഉടൻ, വന്ന വഴിയേ തന്നെ, അതിവേഗത്തിൽ പുൽമേട് ലക്ഷ്യമാക്കി ഞാന്‍ ഓടുകയായിരുന്നു.അവിടെ എത്തിയപ്പോൾ, എൻ്റെ കണക്കുകൂട്ടലുകൾ പോലെ തന്നെ അവർ മരത്തിൽ നിന്നിറങ്ങി എന്നെ തേടി വരികയായിരുന്നു.എന്നില്‍ നിന്നും സംഭവിച്ചതെല്ലാം കേട്ടറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ ഭീതിപടരുന്നത്‌ ഞാനറിഞ്ഞു. 
.
നരഭോജിയുടെ അടുത്ത നീക്കം എന്താണെന്നതില്‍ ഉറപ്പില്ലാത്തത് കൊണ്ട്, സഹായികളെ ഒറ്റയ്ക്ക് ഗ്രാമത്തിലേയ്ക് വിടുന്നത് അഭികാമ്യമല്ല എന്ന് മനസ്സ് പറയുന്നുണ്ടാരുന്നു.
ഒടുവില്‍,
.
മടങ്ങി പോയി ഭീമന് വേണ്ടി കാത്തിരിക്കുന്നതിന് പകരം, മൂവരും ചേർന്ന് ഗ്രാമത്തിലേയ്ക്ക് തന്നെ മടങ്ങുവാൻ തീരുമാനിച്ചു.കൂടുതൽ ആളുകളുമായി മടങ്ങിവരാം എന്നു കരുതി ഗ്രാമം ലക്ഷ്യമാക്കി നടക്കുമ്പോൾ, വൃദ്ധൻ്റെ ശരീരം ഒറ്റയ്ക്കിട്ടു പോകുന്നതിൽ ഉള്ള അപാകതയെ കുറിച്ച് ചിന്തിക്കാതിരുന്നില്ല.കടുവ ഇരയെ തേടി വീണ്ടും വൃദ്ധന്‍റെ അടുത്തെത്തുകയും, അദ്ദേഹത്തെ തിന്നുകയോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയോ ഒക്കെ ചെയ്യുവാനുള്ള സാധ്യതകള്‍ ധാരാളം!!
അല്പം കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍, ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ആ ഭീമന്‍ കടുവയില്‍നിന്നും ഗ്രാമീണരെ എന്നന്നേയ്ക്കുമായി മോച്ചിപ്പിക്കാമായിരുന്നു എന്നതിനേ കുറിച്ചും, ഗ്രാമത്തിലേയ്ക്ക് നടക്കുന്ന തങ്ങളെ പിന്തുടര്‍ന്നു വരുവാന്‍ സാധ്യതയുള്ള അപകടത്തെകുറിച്ചും ഒക്കെ ആലോചിച്ച് ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു!!

മനസ്സില്‍ ഭയന്നത് ശരിവയ്ക്കും വിധം, ഗ്രാമത്തിലേയ്ക്ക് നടക്കുന്ന ഞങ്ങളുടെ പിന്നില്‍ എവിടെ നിന്നോ, അല്പം അകലെ ആയി കേട്ട ഒരു ശബ്ദം, അത് ഞങ്ങളുടെ കാലുകളുടെ വേഗം വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്തു......                                                                                                                        
                              ഗ്രാമത്തില്‍ എത്തിയ ഉടന്‍ മൂന്നുനാല് ആളുകളേയും കൂട്ടി ഉടന്‍തന്നെ വൃദ്ധന്‍റെ ശരീരം കിടക്കുന്നിടത്തേയ്ക്ക് മടങ്ങി.അപ്പോഴേയ്ക്കു വെട്ടം വീണു തുടങ്ങിയിരുന്നു.മടങ്ങി ചെന്നപ്പോള്‍ വൃദ്ധ ശരീരം ആദ്യം കിടന്നിടത്ത് നിന്നും പത്ത് നൂറു മീറ്റര്‍ അപ്പുറത്തായി കണ്ടെത്താനായി. കാലിന്‍റെ തുടയില്‍ ചെറിയൊരു ഭാഗം മാത്രം നഷ്ടപ്പെട്ടിരിക്കുന്നു.ഞങ്ങള്‍ മടങ്ങി വരുന്നതിന് അല്പം മുന്നേ മാത്രം മടങ്ങി വന്ന "ഭീമന്‍" തന്‍റെ ഇരയെ ഭക്ഷിക്കുവാന്‍ തുടങ്ങിയപ്പോളാവും ഞങ്ങളുടെ വരവ്.അതോടെ ഇരയെ ഉപേക്ഷിച്ച് എങ്ങോ മറഞ്ഞിരിക്കും എന്നുഞാനൂഹിച്ചു.
.
വൃദ്ധന്‍റെ ശരീരവുമായി ഒരു സംഘം മടങ്ങി.
ഗ്രാമത്തില്‍ ഉള്ളവര്‍ കൂട്ടമായി അല്ലാതെ എവിടെയും പോകരുതെന്നും,തൊട്ടടുത്ത ഗ്രാമവാസികളോട് ജാഗരൂകരാകുവാന്‍ അറിയിപ്പ് കൊടുക്കണമെന്നും ചട്ടം കെട്ടിയ ശേഷം, ബാക്കിയുള്ള കൂട്ടാളികളോടൊപ്പം ഞാന്‍ ഭീമന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ തുടങ്ങി.ചാഞ്ഞു കിടക്കുന്ന പുല്ലുകളും, കാല്പാടുകളും തൊട്ടടുത്ത ചെറിയൊരു ചരിവിലൂടെ ഒരു കാട്ടരുവിയിലേയ്ക് നയിക്കുന്നതായിരുന്നു.അരുവി കടന്ന ഭീമൻ നേരെ പോയത് അടുത്ത ഗ്രാമം ലക്ഷ്യമാക്കി ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കി. അരുവിക്കപ്പുറം ഉള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗത്ത് കൂടി മുകളിൽ എത്തിയപ്പോൾ താഴെ ആയി ഞങ്ങൾക്ക് ആ ഗ്രാമം കാണുവാൻ സാധിച്ചു.പാറക്കൂട്ടങ്ങൾക്കിടയിൽ എവിടെയോ വച്ച് ഭീമൻ്റെ കാൽപ്പാടുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു.
.
അപ്പോളാണ് താഴെയുള്ള ഗ്രാമത്തിൽ നിന്നും കൂക്കുവിളികളും ബഹളവും കേട്ടത്.അപകടം മണത്ത ഞങ്ങൾ അങ്ങോട്ട് കുതിച്ചു!!
.
ചെല്ലുമ്പോൾ, ചോരയിൽ കുളിച്ച് ഒരു സ്ത്രീ കിടപ്പുണ്ട്.അവർ കൂട്ടമായി പാടത്ത് പണിയിൽ ആയിരുന്നു.ആ സ്ത്രീ ഒരു മരത്തിനടുത്തതായി, മരത്തിന് പുറം തിരിഞ്ഞ്, കുനിഞ്ഞുനിന്ന് പുല്ലരിഞ്ഞോണ്ടിരുന്നപ്പോൾ, പെട്ടെന്ന് മരത്തിൻ്റെ മറവിൽ നിന്നും ചാടി വീണ കടുവയുടെ നഖം കൊണ്ട് അവരുടെ വസ്ത്രങ്ങൾ കീറി പറിഞ്ഞിരുന്നു.സ്ത്രീയുടെ നിലവിളി കേട്ട് ഓടികൂടിയവരുടെ ബഹളം കേട്ട് കടുവ പിന്മാറി കാട്ടിൽ മറയുകയാണുണ്ടായത്.പരുക്കുകൾ അത്ര ഗുരുതരം അല്ലെങ്കിലും പുറം മുഴുവൻ ചോര ആയിരുന്നു.എൻ്റെ കൂട്ടാളികളിൽ ഒരാൾ, അവരെ പരിചരിച്ച് മുറിവുകൾ വച്ച് കെട്ടി.
.
                     ചെളിയിൽ പതിഞ്ഞ കാൽപാടുകൾ ഭീമൻ്റെ തന്നെയെന്ന് എനിക്ക് മനസ്സിലായി.ഇതിനു മുന്നേ ഗ്രാമത്തിൽ അവൻ നടത്തിയ കൊലപാതകങ്ങളെകുറിച്ച് ഗ്രാമ വാസികൾ വിശദമായി പറഞ്ഞു തന്നത്, അവൻ്റെ രീതികളെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ സഹായകമായി.എല്ലാ ഗ്രാമവാസികളോടും രണ്ടുദിവസ്സത്തേയ്ക്ക് കൃഷിവരെ നിർത്തി വച്ച്കൊണ്ട് വീടുകളിൽ തന്നെ കഴിയുവാൻ സാധ്യമാണോ എന്ന് ഞാൻ ആരാഞ്ഞു.
.
തങ്ങളുടെ ജീവന് മേലെ ആപത്തായി നിൽക്കുന്ന ഭീമനെ കൊല്ലുവാൻ എന്ത് സഹായവും ചെയ്തു തരുവാൻ അവർ തയ്യാറായിരുന്നു.
കന്നുകാലികളെ പോലും കൂടുകളിൽ അടച്ച് പൂട്ടാം എന്നും, ഞാനാദ്യം വന്ന ഗ്രാമത്തിലുള്ളവരെ കൂടി ഇതുപോലെ ചെയ്യുവാൻ പറഞ്ഞുകൊണ്ട് വിവരം അറിയിക്കാം എന്നും ഗ്രാമമുഖ്യൻ എനിക്കുറപ്പ് തന്നു.
.
ഭീമന് പിന്നാലെ നടന്ന് കാടടച്ച് ഉള്ള ഒരു വേട്ട ആയിരുന്നു എൻ്റെ പ്ലാൻ.അതിനു മുന്നോടിയായി, കാട്ടിലെ പുഴകളും, നീര്‍ ചോലകളും, ആളുകൾ കൂടുതൽ പോകുന്ന സ്ഥലങ്ങളും, കൂടുതൽ ആളുകളെ ഭീമൻ കൊന്നിട്ടുള്ള ഭാഗങ്ങളും ഒക്കെ വിവരിച്ച് തരുവാൻ ഞാൻ ഗ്രാമമുഖ്യനോട് ആവശ്യപ്പെട്ടു.ഒരു പഴകിയ മാപ്പിന്‍റെയും, കാടുമായി നല്ല ബന്ധമുള്ള ഒരു വൃദ്ധന്റെയും സഹായത്താല്‍ ആ ജോലി അദ്ദേഹം വളരെ ഭംഗിയായി നിര്‍വഹിച്ചു.അപ്പോഴേയ്ക്കും ഒന്നാമത്തെ ഗ്രാമത്തില്‍ നിന്നും, വിവരങ്ങള്‍ അറിഞ്ഞ ഒരുകൂട്ടം ചെറുപ്പക്കാർ എന്നെ സഹായിക്കുവാന്‍ എത്തിച്ചേർന്നു.
.
എൻ്റെ ആവശ്യപ്രകാരം ഞാൻ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം അവർ ചില സജ്ജീകരണങ്ങൾ ചെയ്യുകയുണ്ടായി.അതിൽ പ്രധാനം ആയിരുന്നു എനിക്ക് രാത്രിയിൽ മഴനനയാതെ തങ്ങുവാൻ പാകത്തിനുള്ള ഏറുമാടങ്ങൾ!! എനിക്ക് ഇളം പ്രായത്തിലുള്ള രണ്ട് കന്നുകളെ വേണ്ടിയിരുന്നു.മനുഷ്യര്‍ ആരും പുറത്തിറങ്ങാതെ വരുമ്പോള്‍, വിശന്നു വലഞ്ഞ ഭീമന്‍ കന്നുകാലികളെ തേടി വരും എന്നതായിരുന്നു എന്‍റെ കണക്കുകൂട്ടല്‍.
.
ഭീമന് മുന്നിൽ തൻ്റെ മകനെ നഷ്ടപ്പെട്ട ഒരു പാവം അച്ഛൻ സന്തോഷത്തോടെ അവ നൽകുകയും ചെയ്തു.അദ്ദേഹത്തിന് മുന്നിൽ വച്ച് കഴിഞ്ഞ കൊല്ലം ആണ്, 12 വയസ്സുള്ള ആ മകനെ ഭീമൻ കൊണ്ടുപോയത്.മുറ്റത്ത് എന്തോ പണിയിൽ ഏർപ്പെട്ടിരുന്ന അച്ഛനെ സഹായിക്കുകയായിരുന്നു ആ ഹതഭാഗ്യൻ!!
.
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോൾ ഏകദേശം വൈകിട്ട് നാലുമണി ആയിരുന്നു.വെടിയൊച്ച കേട്ടാൽ ആരും കാട്ടിലേക്ക് കയറി വരരുത്എന്നും, വീടിനകത്ത് തന്നെ കഴിയേണ്ടതാണെന്നും ഞാൻ ഗ്രാമവാസികളെ ചട്ടം കെട്ടി."രണ്ട് ദിവസം കഴിഞ്ഞിട്ടും ഞാൻ മടങ്ങി വന്നില്ല" എങ്കിൽ മാത്രമേ എന്നെ തേടി വരാവൂ എന്നു പറഞ്ഞ ശേഷം, അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവും, വെടിയുണ്ടകളുമേന്തി ഞാൻ കാടേറി.എന്നോടൊപ്പം വന്ന ഒരു കൂട്ടം സഹായികൾ, ഞാൻ പറഞ്ഞ സ്ഥലങ്ങളിൽ കന്ന്കാലികളെ കെട്ടിയിട്ട ശേഷം ഗ്രാമത്തിലേക്കു തന്നെ മടങ്ങി പോയി.
.
രാത്രി ഇരുട്ട് പരക്കും വരെ ഞാന്‍ കാട്ടിലൂടെ, ഏറുമാടങ്ങള്‍ കെട്ടിയ സ്ഥലങ്ങള്‍ മാറി മാറി സന്ദര്‍ശിച്ചുകൊണ്ടിരുന്നു.ആ പരിസ്സരത്തോന്നും ഭീമന്‍ ഉള്ള ലക്ഷണം ഇല്ലായിരുന്നു.കന്നുകളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ തമ്മില്‍ ഏകദേശം 800 മീറ്റര്‍ ദൂരം ഉണ്ടായിരുന്നു.കന്നുകള്‍ക്ക് പരസ്പരം കാണുവാന്‍ പറ്റില്ല എങ്കിലും, അതിനടുത്തുള്ള ഏറുമാടത്തില്‍ കയറിയാല്‍ എനിക്ക് രണ്ടു കന്നുകളേയും കാണുവാന്‍ പറ്റുമായിരുന്നു.
.
**************************
.
                             രാത്രി ആയതു കൊണ്ട്, ഇനി കാട്ടില്‍ അവനേയും തപ്പി നടക്കുന്നത് അപകടം ഇരന്ന് വാങ്ങുന്നതിന് തുല്യം ആയതുകൊണ്ട്, ഞാന്‍ രണ്ട് കന്നുകളില്‍ ആദ്യത്തെ കന്നിനെ കെട്ടിയതിന് അടുത്തുള്ള വലിയൊരു മരത്തിന്‍റെ കൊമ്പില്‍ കയറി പറ്റി ചുറ്റുപാടുകള്‍ നിരീക്ഷിക്കുവാന്‍ തുടങ്ങി.ഏറുമാടം തറയില്‍ നിന്നും അല്‍പ്പം ഉയരത്തില്‍ ആയത് കൊണ്ട് ഇരുട്ടത്ത് ഉന്നം തെറ്റാന്‍ സാധ്യതയുണ്ട് എന്നതാണ് മരം തിരഞ്ഞെടുക്കാന്‍ കാരണം.കയറി അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇരിക്കുന്ന മരത്തിന്‍റെ അങ്ങേ വശത്ത് നിന്നും ഒരനക്കം!!
.
ഏതെങ്കിലും കുരങ്ങനോ, അല്ലെങ്കില്‍ മലഅണ്ണാനോ ആകുമെന്ന് കരുതി നോക്കിയ ഞാനൊന്നു പതറിപോയി.എന്‍റെ അടുത്ത് നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെ, തൊട്ടടുത്ത മരത്തിലെ ചില്ലയില്‍ നിന്നും എന്നെ തന്നെ നോക്കിക്കൊണ്ട് ഒരു പുള്ളിപ്പുലി!!
.
ഒരു പക്ഷെ, കന്നുകാലികളെ ലക്ഷ്യമാക്കി വന്നതാവും.
എന്തായാലും നരഭോജി അല്ല, അല്ലായിരുന്നു എങ്കില്‍, മരത്തില്‍ കയറുന്ന എന്‍റെ മേലേ അവന്‍ ചാടി വീണേനെ.പൊക്കം കുറഞ്ഞ മരച്ചില്ലകളില്‍ കയറി, ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ശീലം പുള്ളി പുലിക്ക് പതിവുള്ളതാ.എന്തായാലും ഒരു വന്യ മൃഗത്തോടൊപ്പം ഭാഗ്യ പരീക്ഷണം യുക്തി അല്ല!! മരത്തില്‍ കയറുന്നതിനു പകരം ഏറുമാടത്തില്‍ കയറിയാല്‍ മതിയാരുന്നു എന്ന് എനിക്ക് തോന്നാതിരുന്നില്ല.തല്ക്കാലം ആപല്‍ക്കാരി അല്ല എങ്കിലും, എന്‍റെ പെരുമാറ്റം തെറ്റിദ്ധരിക്കപ്പെട്ടാല്‍ പുലി ചിലപ്പോള്‍ ആക്രമിച്ചു എന്ന് വരും എന്നറിയാവുന്ന കൊണ്ടും, ഈ രംഗത്തില്‍ ഭീമനെ കൂടാതെ മറ്റൊരു വന്യ മൃഗം കൂടി വരുന്നത് ആത്മഹത്യാ പരമായത് കൊണ്ടും, ഇവനെ എങ്ങിനെയെങ്കിലും തുരത്തിയേ പറ്റൂ.വെടി പൊട്ടിക്കുന്നത് ഉചിതം അല്ല, കാരണം അത് നരഭോജിയെ എന്നില്‍ നിന്നും അകറ്റും.
.
ചില്ലകള്‍ കുലുക്കിയും, കയ്യിലുള്ള ടോര്‍ച്ച് അവന്‍റെ കണ്ണിലടിച്ചും, ഒച്ച വച്ചും ഞാനവനെ അവിടുന്ന് പായിച്ചു.മരത്തില്‍ നിന്നും ചാടി ഓടിയ അവന്‍ ഞാന്‍ പ്രാര്‍ഥിച്ച പോലെ, കന്നുകാലികള്‍ക്ക് എതിരുള്ള വഴിയെ പോയി ഇരുട്ടത്തെവിടെയോ അപ്രത്യക്ഷമായി.
.
മരത്തില്‍ നിന്നിറങ്ങി ഏറു മാടത്തില്‍ പോയി കയറിയാലോ എന്ന് ചിന്തിച്ച ഉടന്‍ തന്നെ അത് വേണ്ട എന്ന് വച്ചു.കാരണം, ഇരുട്ടത്ത് എറുമാടത്തിലെയ്ക്കുള്ള വഴിയരികില്‍ ഉള്ള പൊന്തക്കടുകളില്‍ നിന്നും, ഭീമന് ഞാന്‍ കാണും മുന്നേ തന്നെ എന്‍റെ മേലെ ചാടി വീഴാവുന്നതാണ്.
.
സമയം പോയ്‌ക്കൊണ്ടേയിരുന്നു.
.
ഇനിയെത്ര നേരം ഇങ്ങനെ എന്ന ചിന്തയിൽ ഇരിക്കുമ്പോൾ പാതിരാവിൽ മറവിൽ ഏതോ ഒരു കുറുക്കന്‍ പേടിച്ചരണ്ട പോലെ എവിടെയോ നിന്നു ഓരി ഇടുന്നതു കേട്ടു.മരത്തില്‍ നിന്നും ഇറങ്ങിയാലോ എന്ന് ചിന്തിച്ചപ്പോള്‍ , ചീവീടുകൾ ഭീതിയുളവാക്കും ശബ്ദങ്ങൾ കൊണ്ടു വിലക്കിക്കൊണ്ടേയിരുന്നു.മഴക്കാലത്ത് അപ്രതീക്ഷിത സമയങ്ങളില്‍ മഴക്കാറ് നിറയും എന്നും, അത് നിലാവെളിച്ചത്തെ മറയ്ക്കുമെന്നും ചിന്തിക്കാതെ മരത്തില്‍ കയറി കൂടിയത് വലിയ തെറ്റ് തന്നെ എന്നറിഞ്ഞപ്പോള്‍, ആ വലിയ വൃക്ഷത്തിന്‌ മുകളില്‍ തനിക്കായി കെട്ടിയ ഏറുമാടത്തില്‍ എങ്കിലും കയറി ഇരിക്കേണ്ടതായിരുന്നു എന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍ നേരം വെളുക്കുവനായി കാത്തിരുന്നു.ചുറ്റിനും തണുപ്പ് പടര്‍ന്നു തുടങ്ങി.കാറ്റിന് മഴയുടെ രുചിയാണ്.മരവിച്ചു തുടങ്ങിയ കാലുകളില്‍ തരിപ്പ് കയറി തുടങ്ങിയിരിക്കുന്നു.തോക്കിന്‍റെ പിടിയ്ക്കടുത്തുള്ള കൊളുത്തില്‍ ഒരു പ്ലാസ്റ്റിക്‌ ചരട് കുരുക്കിയ ശേഷം, ചരടിന്‍റെ മറ്റേ അഗ്രം ഞാന്‍ ഇരിക്കുന്ന മര കൊമ്പില്‍ തന്നെ ബന്ധിച്ച ശേഷം കാലുകള്‍ നീട്ടി പതിയെ ആ മരക്കൊമ്പിലേയ്ക്ക് ഞാനൊന്നു ചാഞ്ഞു.
.
ചെറിയൊരു ചാറലോടെ മഴ തന്‍റെ വരവറിയിച്ചു.
.
മഴത്തുള്ളികള്‍ തണുപ്പായി മരപ്പു കയറിയ ശരീര ഭാഗങ്ങളില്‍ തുളച്ച് കയറി തുടങ്ങി.മഴയ്ക്ക് വഴി കാണിക്കുവാന്‍ എന്ന പോലെ ചെറിയ ഇടി മിന്നലുകല്‍ ഭൂമിയിലെത്താന്‍ വെമ്പിക്കൊണ്ടിരുന്നു!!
.
സ്ഥിതിഗതികള്‍ അറിയുവാന്‍ വേണ്ടി മരക്കൊമ്പില്‍ അല്പം എണീറ്റിരുന്നുകൊണ്ട്, രണ്ടു വശങ്ങളിലേയ്ക്കും മാറി മാറി നോക്കിയ ഞാന്‍, യാദൃശ്ചികമായി മരത്തിന് താഴേയ്ക്ക് ഒന്ന് നോക്കി.
.
മിന്നലിന്‍ വെളിച്ചത്തില്‍, മുന്‍കാലുകള്‍ രണ്ടും മരത്തിന്‍ തടിയിലേയ്ക്ക് എടുത്ത് വച്ചുകൊണ്ട്, ചോരക്കറയുള്ള ദംഷ്ട്രകള്‍ പുറത്തേയ്ക്ക് നീട്ടി, തനിക്കു നേരെ ചാടുവാന്‍ ഒരുങ്ങി ചൂളന്‍കുന്നിലെ ഭീമന്‍ നരഭോജി കടുവ !!
.
മഴനനഞ്ഞു കുതിര്‍ന്ന കൈകളില്‍ പിടിച്ചിരിക്കുന്ന തോക്കെടുത്ത് പെട്ടെന്ന് കടുവയ്ക്കു നേരെ ഉന്നം പിടിക്കുവാനുള്ള ശ്രമത്തിനിടെ, മുകളിലെ കൊമ്പില്‍ നിന്നും താഴേയ്ക്ക് നീണ്ട് നിന്ന ഒരു മരചില്ലയില്‍ തട്ടി തോക്ക് കൈയ്യില്‍ നിന്നും പിടിവിട്ടു വീണു....


            തോക്കിന്‍റെ ഒരഗ്രത്ത്നിന്നും മരകൊമ്പില്‍ ബന്ധിച്ചിരുന്ന പ്ലാസ്ടിക്  വള്ളിയില്‍ കിടന്ന് ആടിയ തോക്ക് കെട്ടഴിഞ്ഞു താഴെ വീഴരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, പ്ലാസ്ടിക് വള്ളി മുകളിലേയ്ക്ക് വലിച്ചെടുത്തു.അവന്‍റെ കൂര്‍ത്ത നഖങ്ങല്‍ക്കിടയില്‍ പെട്ട് പൊളിയുന്ന മരത്തിന്‍ തോലുകള്‍  എനിക്ക് അപകട സൂചന തന്നു കൊണ്ടേയിരുന്നു.ഇരുട്ടില്‍, കടുവയുടെ സ്ഥാനം വ്യക്തമല്ല എങ്കിലും, തോക്ക് കൈയില്‍ കിട്ടിയ ഉടനെ ഞാന്‍ കാഞ്ചി വലിച്ചു.മരത്തില്‍ നിന്നും അവന്‍ പിടി വിട്ട് വീഴുന്ന ശബ്ദം വ്യക്തമായി കേട്ടപ്പോള്‍ ഞാനടുത്ത വെടിക്ക് കൂടി തയ്യാറായി കൊണ്ട് ടോര്‍ച്ച് തെളിയിച്ചു.
ടോര്‍ച്ച് വെളിച്ചത്തില്‍ മരച്ചുവട്ടില്‍ വെറും ശൂന്യത മാത്രം!!
പരിസ്സരം വീക്ഷിച്ച എനിക്ക് താഴെ ഒന്ന് രണ്ടു ചോര തുള്ളികള്‍ കാണുവാന്‍ സാധിച്ചു.ഭീമനെ ഒന്ന് പോറിക്കുക മാത്രം ചെയ്തു കൊണ്ട് ഞാന്‍ വച്ച വെടി കടന്നു പോയി എന്നെനിക്കു മനസ്സിലായി. നിസ്സാര മുറിവ് മാത്രം പറ്റിയ കടുവ, വീണ്ടും ആക്രമിക്കുവാന്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍, ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങിയില്ല.വെടിയൊച്ച കേട്ട് പേടിച്ചത് കൊണ്ടാവാം അവന്‍ മരത്തില്‍ നിന്നും ചാടി ഓടിയത്.
 
എന്തായാലും തണുത്തു വിറയ്ക്കുന ശരീരത്തോടെ, അന്നത്തെ രാത്രി, ആ മരത്തിന്‍ മുകളില്‍ തന്നെ കഴിയുവാനായിരുന്നു എന്‍റെ വിധി.

പിറ്റേന്ന് രാവിലെ ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങി പരിസ്സരം വീക്ഷിച്ചു.കടുവ അവിടെ എവിടെയും ഉള്ളതായ ലക്ഷണങ്ങള്‍ കണ്ടില്ല.നല്ല ക്ഷീണം തോന്നിയത് കൊണ്ട്, കന്നുകളെ കെട്ടിയ സ്ഥലങ്ങളില്‍ കൂടി പരിശോധന നടത്തിയ ശേഷം ഗ്രാമത്തിലേയ്ക്ക് മടങ്ങുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കന്നുകള്‍ രണ്ടും സുരക്ഷിതമായി കിടക്കുന്നുണ്ട്.


ഗ്രാമത്തില്‍ ചെന്ന് നന്നായി ഒന്നുറങ്ങി എണീറ്റ്‌ വീണ്ടും കാട്ടിലേയ്ക്ക് തന്നെ പോകുവാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആണ്,ചൂളന്‍കുന്നിനു അയല്‍പക്കത്തുള്ള മറ്റൊരു ഗ്രാമത്തില്‍ ഒരു സ്ത്രീയെ കടുവ പിടിച്ചു എന്നുള്ള വാര്‍ത്ത എത്തിയത്.കാട്ടില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന കന്നുകള്‍ക്ക് വേണ്ട ഭക്ഷണം കൊടുക്കുവാന്‍ ഒരു കൂട്ടരെ പറഞ്ഞേല്‍പ്പിച്ചു.


ചൂളന്‍ കുന്നില്‍ നിന്നും 10 മൈല്‍ അകലെയാണ് വളരെ കുറച്ച് വീടുകള്‍ മാത്രമുള്ള ആ ഗ്രാമം.വാര്‍ത്ത എത്തിച്ചവരുടെ വിവരണത്തില്‍ നിന്നും അത് ചൂളന്‍ കുന്നിലെ ഭീമന്‍ തന്നെയെന്നു മനസ്സിലായി.


രണ്ടു മൂന്നു ദിവസമായി തന്‍റെ ഇരകളെ ഭക്ഷിക്കുവാന്‍ പറ്റാതെ വലഞ്ഞ അവന്‍, ആ ഗ്രാമത്തില്‍ എത്തിചേരുകയാണ് ഉണ്ടായത്.കിണറ്റിന്‍ കരയില്‍ വെള്ളം കോരിക്കൊണ്ടിരിക്കെ പിന്നില്‍ നിന്നും ചാടിവീണ അവന്‍ സ്ത്രീയുമായി കടന്നു കളയുകയായിരുന്നു എന്ന് വാര്‍ത്തയുമായി വന്നവര്‍ അറിയിച്ചതിനേ തുടര്‍ന്ന്, ഏതാനും ചില വഴികാട്ടികളോടൊപ്പം ഞാന്‍ അങ്ങോട്ട്‌ തിരിച്ചു.


ഇരയുമായി കട്ടില്‍ പ്രവേശിച്ച ഭീമന്‍, ഒരു നിരപ്പായ ഭാഗത്ത് വച്ച് ആ സ്ത്രീയേ ഒട്ടു മുക്കാലും ഭക്ഷിച്ചിരുന്നു.ഒരു പൂര്‍ണ്ണ വളര്ച്ചയെത്തിയ ഒരു പോത്തിനെ രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂര്‍ണ്ണമായും തിന്നു തീര്‍ക്കുവാന്‍ ഒരു കടുവയ്ക്ക് സാധിക്കും എന്നിരിക്കെ, ഭക്ഷണം കഴിച്ചിട്ട് ഏതാനും ദിവസമായ ഭീമന്‍, മെലിഞ്ഞ ആ സ്ത്രീയെ ഒറ്റ നേരം കൊണ്ട്  ഭക്ഷിച്ചതില്‍ എനിക്കത്ഭുതം തോന്നിയില്ല.


കാല്പാടുകള്‍ പരിശോധിച്ച എനിക്ക് അവന്‍ ചൂളന്‍ കുന്നിലേയ്ക്ക് ലക്ഷ്യമാക്കി തന്നെ കടേറിയിരിക്കുന്നു എന്ന് മനസ്സിലായി.


വയറു നിറയെ ഭക്ഷണം കഴിച്ച ഒരു കടുവ അധികം ദൂരം സഞ്ചരിക്കാറില്ല എങ്കിലും, വാര്‍ത്തയുമായി എന്‍റെ അടുത്തെത്തുവാനും, അവിടുന്ന് ഞാന്‍ ഇവിടെ എത്തുവാനും എടുത്ത ദീര്‍ഘ നേരം കണക്ക്കൂട്ടിയാല്‍, ഭീമന്‍ തന്‍റെ വിശ്രമം കഴിഞ്ഞ് സ്ഥലം വിടുവനുള്ള സാധ്യതയും തള്ളികളയാന്‍ പറ്റില്ല.


ഭീമന്‍ അവിടെങ്ങുമില്ല എന്ന് എന്‍റെ മനസ്സ് പറയുന്നുണ്ടാരുന്നു എങ്കിലും, ആ പ്രദേശം മുഴുവന്‍ തിരയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.ഒടുവില്‍ നിരാശനായി മടങ്ങുവാന്‍ തന്നെ ആയിരുന്നു യോഗം!!

************
നേരം ഇരുട്ടിയത് കൊണ്ട് അന്നവിടെ തങ്ങിയ ശേഷം, അതിരാവിലെ തന്നെ ഞാന്‍ ചൂളന്‍ കുന്നിലേയ്കു തന്നെ മടങ്ങി.കാരണം, ഭീമന്‍ അങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് എനിക്കുറപ്പായിരുന്നു.കാട് മാര്‍ഗം തന്നെ പോകാം എന്ന് ഞാന്‍ തീരുമാനിച്ചു.ദിശയും വഴിയും കാണിച്ചു കൊണ്ട് എന്‍റെ കൂടെ വന്ന ആളുകളും ഉണ്ടായിരുന്നു.
കാട്ടിലൂടെ ഏറെ നേരം നടന്നപ്പോള്‍ അങ്ങകലെ ഒരു സാംബര്‍ മാന്‍ അപകട മുന്നറിയിപ്പ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ശബ്ദം കേള്‍ക്കുവാന്‍ സാധിച്ചു.കാട്ടില്‍ കടുവയുടെയോ പുലിയുടെയോ ഒക്കെ സാനിദ്ധ്യം ഞാന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നത് സാംബര്‍ മാനുകളും, കാകര്‍ മാനുകളും, കുരങ്ങുകളും, പക്ഷികളും ഒക്കെ തരുന്ന ഇത്തരം സൂചനകളിലൂടെയായിരുന്നു.
 
എല്ലാവരോടും ജഗരൂഗരാകുവാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നേറിയത്.
അല്‍പ്പം കൂടി ചെന്നപ്പോള്‍ ഒരു കാകര്‍ മാന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടിമറയുന്നത് കണ്ടു.ഒരു വന്യമൃഗത്തിന്‍റെ സാനിധ്യം ഞങ്ങള്‍ക്ക് അടുത്തെവിടെയോ ഉള്ളതായി ഞാനൂഹിച്ചു.


ചുറ്റുപാടുകള്‍ നിരീക്ഷിച്ച ശേഷം, എല്ലാവരോടും തൊട്ടടുത്തുള്ള മരങ്ങളില്‍ കയറുവാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.എല്ലാവരും കയറിയ ശേഷം ഞാന്‍ തോക്ക് മുന്നിലേയ്ക്ക് ചൂണ്ടി മുന്നോട്ട് നടന്നു.
അപ്പോള്‍ തൊട്ടടുത്ത് നിന്നൊരു ലാങ്ങര്‍ കുരങ്ങിന്‍റെ ശബ്ദം കേട്ടു.ഏതാനും ചുവടുകള്‍ കൂടി മുന്നേറിയപ്പോള്‍, ഒരു കൂട്ടം മരങ്ങളുടെ അപ്പുറത്ത് ഞാനൊരു കാഴ്ച കണ്ടു.
ഒരു മരച്ചുവട്ടില്‍ ഏതാനും ലാങ്ങര്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങിന്‍ കുഞ്ഞുങ്ങള്‍ !!
അവയ്ക്ക് തൊട്ടടുത്തുള്ള മരങ്ങളില്‍ അവരെ ഉറ്റു നോക്കി കൊണ്ട് മറ്റു കുരങ്ങുകള്‍. കുരങ്ങിന്‍ കുഞ്ഞുങ്ങള്‍ക്ക്‌ നേരെ വരുന്ന ഒരു കടുവ.അവന്‍റെ വഴി മുടക്കിക്കൊണ്ട് ഒരു വലിയ ലാങ്ങര്‍ കുരങ്ങ്!!
സാധാരണയില്‍ കുറഞ്ഞ വലുപ്പമുള്ള കടുവ "ഭീമന്‍" അല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞത് കൊണ്ട്, വെടി വയ്ക്കുവാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു.തന്നെയുമല്ല, വെടിയൊച്ച വളരെ ദൂരം സഞ്ചരിക്കുന്നത് കൊണ്ട് അത് ഭീമനെ ഒരിക്കല്‍ കൂടി എന്നില്‍ നിന്നും അകറ്റുവാനും മതി.
കടുവയുടെ മുന്നില്‍ ചാടിയും മറിഞ്ഞും ഒഴിഞ്ഞുമാറിയും, കൈയ്യിലുള്ള മരകൊമ്പ്കൊണ്ട് കടുവയെ തല്ലിയും ഒക്കെ കുരങ്ങന്‍ ആ കുഞ്ഞുങ്ങളില്‍ നിന്നും കടുവയെ അകറ്റുവാന്‍ നോക്കുന്നുണ്ട്.ആ സമയം, ചില കുരങ്ങുകള്‍ വന്നു ഒന്ന് രണ്ടു കുഞ്ഞുങ്ങളെ വീതം എടുത്തു മരത്തില്‍ കയറുകയും ചെയ്യുന്നുണ്ട്.
കടുവയുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന കുരങ്ങിന്‍റെ മെയ്‌വഴക്കം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്ന് പോയി.അവന്‍റെ ധൈര്യം എന്നില്‍ മതിപ്പുളവാക്കി.എല്ലാ കുഞ്ഞുങ്ങളും സുരക്ഷിതരായോ എന്നറിയാന്‍ അവന്‍  ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടാരുന്നു.അങ്ങിനെ നോക്കിയ ഒരു സമയത്ത് കടുവ അപ്രതീക്ഷിതമായി ആക്രമിച്ചു എങ്കിലും അവന്‍ ഒഴിഞ്ഞുമാറി.പക്ഷെ, കടുവയുടെ നഖം അവന്‍റെ കാലുകളില്‍ ക്ഷതം എല്പ്പിക്കുകയുണ്ടായി.എങ്കിലും അവന്‍ പിന്നെയും കടുവയോട് ചെറുത്ത്നില്‍പ്പ് തുടരുക തന്നെ ചെയ്തു.
കാലില്‍ ഏറ്റ മുറിവ് അവന്‍റെ വേഗതയെ ബാധിച്ചു എന്ന് എനിക്ക് തോന്നി.മുന്നോട്ടാഞ്ഞ കടുവയെ അവന്‍ ആക്രോശിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ചെറുത്ത്കൊണ്ട് വായുവില്‍ ഒന്ന് ചാടി മറിഞ്ഞു.
എന്നാല്‍ അവന്‍റെ നീക്കം മുന്‍‌കൂര്‍ അറിഞ്ഞത് പോലെ കടുവ തന്‍റെ വലം കൈ വായുവില്‍ വീശി.ഒരു കരച്ചിലോടെ അവന്‍ മറിഞ്ഞു വീണു.അത്രയും നേരം തന്നെ ഒരു പീറകുരങ്ങന്‍ എതിര്‍ത്തു നിന്നു എന്ന ദേഷ്യത്തില്‍ കടുവ അവന്‍റെ മേലെ ചാടി വീണു എങ്കിലും, മരത്തിന്‍റെ മുകളില്‍ നിന്നും പാഞ്ഞിറങ്ങി വന്ന മറ്റൊരു കുരങ്ങന്‍ അവനെയും കൊണ്ട് മറ്റൊരു മരത്തില്‍ ചാടി കയറി.ചാട്ടം പിഴച്ച കടുവ, ദേഷ്യത്തോടെ ആ മരത്തില്‍ ആഞ്ഞടിച്ചു.പിന്നെ, മരത്തൊലി നഖം കൊണ്ട് മാന്തി പൊളിച്ചു.എന്നിട്ടും ദേഷ്യം തീരാതെ അവന്‍ ഉറക്കെ ഗര്‍ജ്ജിച്ചു.
അപ്പോളേയ്ക്കും കുഞ്ഞുങ്ങളേയും കൊണ്ട് എല്ലാ കുരങ്ങുകളും ഓരോരോ മരങ്ങളില്‍ കയറി മറഞ്ഞിരുന്നു.അല്‍പ്പനേരം കൂടി അവിടെ നിന്ന കടുവ ചുറ്റിനും നോക്കുന്നത് കണ്ടു.മനുഷ്യ സാന്നിധ്യം അറിഞ്ഞത് കൊണ്ടോ എന്തോ അവന്‍ പെട്ടെന്ന് തിരിഞ്ഞ് ഉള്‍ക്കാട്ടിലേയ്ക്ക് ഓടി മറഞ്ഞു.
അപ്പോള്‍ മരത്തില്‍ ധീരനായ ആ പോരാളി കുരങ്ങ് അന്ത്യ ശ്വാസം എടുത്ത്കഴിഞ്ഞിരുന്നു.മറ്റു കുരങ്ങുകള്‍ അവനെ കുലുക്കി ഉണര്‍ത്താന്‍ നോക്കുന്നുണ്ടാരുന്നു.തന്‍റെ വംശത്തിലെ കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി പോരാടിയ, ധീരനായ ആ ലാങ്ങര്‍ കുരങ്ങിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി കടുവയ്ക്ക് നേരെ വെടി ഉതിര്‍ക്കാന്‍ മടിച്ചത്, ഭീമന്‍ എന്നില്‍ നിന്നും കൂടുതല്‍ അകലുമോ എന്ന സ്വാര്‍ത്ഥ ചിന്ത കൊണ്ടു മാത്രം ആയിരുന്നു എന്ന് ലജ്ഞയോടെ ഞാന്‍ തിരിച്ചറിഞ്ഞു.ഉള്ളില്‍ ഒരു കുറ്റബോധം ഉടലെടുക്കുകയുണ്ടായി.

*********************************
അതേസമയം,വെടിയൊച്ചകള്‍ക്ക് എത്തിച്ചേരുവാന്‍ പറ്റാത്ത അകലത്തില്‍ എത്തിച്ചേര്‍ന്ന ഭീമന്‍ ആകട്ടെ അന്നത്തെ യാത്രകള്‍ അവസാനിപ്പിച്ചുകൊണ്ട് ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാന്‍നായി കിടന്നു.
മരത്തില്‍ നിന്നിറങ്ങിയ സഹായികളോടൊപ്പം ചൂളന്‍ കുന്ന് ലക്ഷ്യമാക്കി ഞാന്‍ നടന്നു.
                                                                           
****



                       ഗ്രാമത്തില്‍ എത്തുമ്പോളേയ്ക്കും എന്നെ തേടി ഒരുപറ്റം ആളുകള്‍ ഗ്രാമാതിര്‍ത്തിയിലേയ്ക്കു നടന്നു വരുന്നതായി കണ്ടു.ഏവരും പരിഭ്രാന്തര്‍ ആണെന്ന് അവരുടെ വരവില്‍ നിന്നും തന്നെ ഞാനൂഹിച്ചു.

ഗ്രാമത്തില്‍ കോഴികൂവും മുന്നേ രണ്ട് നരഹത്യകള്‍  നടന്നിരിക്കുന്നു.

വയറു നിറയെ ഭക്ഷിച്ച ശേഷം , എനിക്ക് മുന്നേ ചൂളന്‍ കുന്നില്‍ എത്തി ചേര്‍ന്ന "ഭീമന്‍" ആണ് നരഹത്യക്ക് പിന്നില്‍ എന്നത് എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.കാരണം, വയറു നിറയെ ഭക്ഷണം കഴിച്ച ഒരു കടുവ, അത് ദഹിക്കും മുന്നേ ഒരേ സമയം രണ്ട് ആളുകളെ കൊന്നു കൊണ്ട്  മറ്റൊരു ഇരയെ തേടുക എന്നത്, ഇത്രയും കാലത്തെ എന്‍റെ "കാടും വന്യജീവികളുമായുള്ള അടുത്തിടപെടലുകള്‍" മൂലം നേടിയ യുക്തിക്ക് നിരക്കാത്ത അനുഭവം ആയിരുന്നു.

പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനുമായിരുന്നു ഇത്തവണത്തെ ഇരകള്‍ !!

അടഞ്ഞ വാതിലിനിടയില്‍ ഉണ്ടായിരുന്ന ചെറിയ വിടവില്‍ കൂടി അകത്തുറങ്ങുന്നവരെ കണ്ട കടുവ, വാതില്‍ തകര്‍ത്തുകൊണ്ട് അകത്തു കടക്കുകയായിരുന്നു.
രാത്രിയില്‍ അവര്‍ ഉറങ്ങി കിടന്ന കുടിലിന്‍റെ വാതില്‍ തള്ളിതുറന്ന് കൊണ്ട്, അവരുടെ കുഞ്ഞു കുടിലില്‍ കയറിയ ഭീമന്‍, വാതിലിനു നേരെ കിടന്നിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് വാതിലിനു നേരെ നടക്കുകയായിരുന്നു.ബഹളത്തിനിടയില്‍ മകളെ രക്ഷിക്കാന്‍ കടുവയ്ക്കു നേരെ പാഞ്ഞ ആ പാവം അച്ഛന്‍റെ മുന്നില്‍ ഇട്ടു തന്നെ ആ കുഞ്ഞിനെ അവന്‍ മുന്‍ കൈകള്‍ കൊണ്ടടിച്ച് കൊന്നു.പിന്നെ, അച്ഛനു നേരെ തിരിഞ്ഞ് അയാളെയും കൊണ്ട് കാടേറിയിരിക്കാന്‍ ആണ് സാധ്യത എന്ന് എനിക്ക് അവരുടെ വിവരണം കേട്ടപ്പോള്‍ തോന്നി.
സംഭവ സ്ഥലം സന്ദര്‍ശിച്ച എനിക്ക് ആ കുഞ്ഞിന്‍റെ നിശ്ചല ശരീരത്തിലേയ്ക്ക് നോക്കുവാന്‍ സാധിച്ചില്ല.ഇവരെ രക്ഷിക്കുവാന്‍ പറ്റിയില്ലല്ലോ എന്നാ കുട്ബോറ്റധം മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. രണ്ടു കൊല്ലം മുന്നേ ആയിരുന്നു അവളുടെ അമ്മയെ ഭീമന്‍ തന്‍റെ ഇര ആക്കിയത്.ഒരു കുടുംബത്തിലെ ബാക്കി ഉണ്ടായിരുന്നവരുടെ കൂടി ജീവന്‍ അപഹരിച്ചുകൊണ്ട്, അവന്‍ തന്‍റെ ഇരകളുടെ എണ്ണം നൂറ്റിഎഴുപത്തിയഞ്ചില്‍ എത്തിച്ച ശേഷം, കാട്ടില്‍ എവിടെയോ നിന്നുകൊണ്ട് എനിക്ക് നേരെ പല്ലിളിക്കുന്നത് പോലെ എനിക്ക് തോന്നി. 

എതാനും ഗ്രാമവാസികളോടൊപ്പം, കാല്പാടുകള്‍ പിന്തുടര്‍ന്ന് കാട്ടില്‍ അല്‍പ ദൂരം നടന്നപ്പോള്‍ ഒരു കാട്ടരുവിയുടെ അടുത്തുള്ള ഒരു പ്രദേശത്ത് എത്തി ചേര്‍ന്നു. ആ പ്രദേശമാകെ അങ്ങിങ്ങായി ചെറിയ ഉരുളന്‍ കല്ലുകള്‍ നിരന്നു കിടക്കുന്നു എങ്കിലും, കാട്ടരുവിയോട് ചേര്‍ന്ന ആ പ്രദേശം വളരെ മനോഹരമായി കാണപ്പെട്ടു.മഴകാലം എങ്കിലും പുല്ലുകള്‍ നിറന്ന ഭാഗങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് തീരങ്ങളോട് കുസൃതി കാണിച്ചുകൊണ്ടോടുന്ന കാട്ടരുവിയില്‍ നല്ല തെളിഞ്ഞ വെള്ളം തന്നെ ഒഴുകുന്നു.
ആ കാട്ടരുവിയില്‍ നിന്നും അല്പം അകലെ മാത്രമായി കാണപ്പെട്ട നിരന്ന ഒരു പാറ കൂട്ടത്തിനടുത്തായി ഭീമന്‍ ഒടുവിലായി കൊണ്ടുപോയ ആളുടെ ശരീരം കിടക്കുന്നത് ഞങ്ങള്‍ കണ്ടെത്തി.ശരീര ഭാഗങ്ങള്‍ അങ്ങിങ്ങായി അല്‍പ്പം ഭക്ഷിച്ചിട്ടുണ്ട്.കുറച്ചു ദിവസങ്ങളായി തന്നെ പിന്തുടരുന്ന എന്‍റെ സാന്നിധ്യം അറിഞ്ഞത് കൊണ്ട് തന്നെ ആവും അവന്‍ ഇരയെ ഉപേക്ഷിച്ചു മാറി കളഞ്ഞത് എന്ന് എനിക്ക് തോന്നി.
കടുവയെ പോലുള്ളൊരു മൃഗം, തന്‍റെ ഇരയെ അല്പം മാത്രം ഭക്ഷിച്ച് ഉപേക്ഷിച്ചു പോകാറുണ്ടെങ്കിലും, വിശക്കുമ്പോള്‍ വീണ്ടും മടങ്ങി വരാറുണ്ട്.മറ്റുള്ള മൃഗങ്ങള്‍ തിന്നതിന്‍റെ ബാക്കി തിന്നുവാന്‍ താല്പര്യം കാണിക്കാത്തത് കൊണ്ട്, ഇരയെ ഉപേക്ഷിച്ച് പോയാലും അധികം അല്ലാത്ത ഒരു ദൂരത്ത്‌ നിന്നും അവന്‍ ഇരയെ വീക്ഷിച്ച് കൊണ്ടിരിക്കാന്‍ ആണ് സാധ്യത. അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള എതെങ്കിലും മറവില്‍ ഒളിച്ചിരുന്ന് അവന്‍ എന്നെ നിരീക്ഷിക്കുന്നണ്ടാവാം എന്ന ചിന്ത എന്നെ കൂടുതല്‍ ജാഗരൂഗനാക്കി.തോക്ക് തോളിലേയ്ക്ക്‌ അടുപ്പിച്ചു കൊണ്ട് ഞാന്‍ ചുറ്റുപാടും നിരീക്ഷണം നടത്തി.വെടി വയ്ക്കുവാന്‍ സമയം കിട്ടാത്ത അത്രയും അരികിലായി എവിടെയും അവന്‍ പതുങ്ങി ഇരിക്കുന്നില്ല എന്നുറപ്പ് വരുത്തിയ ശേഷം, ഞാന്‍ ആ മൃതദേഹം പരിശോധിച്ചു.
ശരീരത്തില്‍ അപ്പോഴും ഇളം ചൂട് ഉണ്ടായിരുന്നു. ഒരു കൊച്ചു കുടുംബത്തിലെ അവസാനകണ്ണികള്‍ വരെ അറുത്ത്മാറ്റിയ ഭീമനെ, ഇനി ഒരു ഇരയെകൂടി പിടിക്കുവാന്‍ സമ്മതിക്കരുത് എന്ന് എന്‍റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.കൂടെ ഉണ്ടായിരുന്ന ഗ്രാമവാസികളുടെ കണ്ണുകളിലും അങ്ങനോരഭ്യര്‍ത്ഥന ഞാന്‍ കാണുകയുണ്ടായി.
ആ മനുഷ്യന്‍റെ ശരീരവുമായി മടങ്ങി പോകുവാന്‍ ഞാന്‍ ഗ്രാമ വാസ്സികളോട് ആവശ്യപ്പെട്ടു എങ്കിലും, ഒറ്റയ്ക്ക് മടങ്ങിപോകുവാന്‍ അവര്‍ ഭയക്കുന്നത് പോലെ തോന്നി.അവരുടെ ഭയം മനസ്സിലാക്കിയ ഞാന്‍ അവരെ ഗ്രാമത്തിലേയ്ക്ക് കടക്കും വരെ അനുഗമിച്ചു.
 
എന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ഇളം കന്നിനെ അവര്‍ ഗ്രാമാതിര്‍ത്തി വരെ കൊണ്ടുവന്നു തന്നു.കാട്ടിലേയ്ക്ക് അനുഗമിക്കാന്‍ തയ്യാറായി ഏതാനും ഗ്രാമീണര്‍ മുന്നോട്ടുവന്നു എങ്കിലും, എന്‍റെ കൂടെ ചൂളന്‍കുന്നില്‍ എത്തിയ സഹായികളില്‍ രണ്ടു പേരോട് മാത്രം കന്നുകളും, അവരുടെ തോക്കുകളും മറ്റു സാമഗ്രികളുമായി എന്നെ അനുഗമിക്കുവാന്‍ ഞാന്‍ പറഞ്ഞു.ഗ്രാമീണര്‍ ആരും തന്നെ ഒരു കാരണവശാലും പുറത്തിറങ്ങി ഒറ്റയ്ക്ക് നടക്കരുതെന്നും, ഉറങ്ങുമ്പോള്‍ വാതിലുകള്‍ ഇരട്ടി സുരക്ഷയോടെ അടച്ചു സുരക്ഷിതമാക്കണമെന്നും ഞാന്‍ അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയ ശേഷം, കന്നുമായി സഹായികള്‍ മുന്നിലും, ഞാന്‍ പിന്നിലുമായി കാടേറി.

"കുറച്ചു ദിവസങ്ങളായി, തുടര്‍ച്ചയായി തന്നെ പിന്തുടരുന്ന" എന്‍റെ നീക്കങ്ങള്‍ അടുത്തെവിടെയോ പതുങ്ങി ഇരുന്നുകൊണ്ട് ഭീമനും നിരീക്ഷിക്കുന്നുണ്ടാവും എന്നെനിക്കുറപ്പായിരുന്നു.കാട്ടിനുള്ളില്‍ ഭീമന്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്,ഏറ്റവും കൂടുതല്‍ ഇരകളെ പിടിച്ചിരിക്കുന്നത് ഒരു കൊച്ചു മലഞ്ചെരുവും, ധാരാളം കുറ്റിക്കാടുകളും,മരങ്ങളും, പലവഴി തിരിയുന്ന കാട്ടുവഴികളും ഉള്‍പ്പെടുന്ന ഒരു പ്രദേശത്തായിരുന്നു.ആ പ്രദേശത്ത് ഏറ്റവും അനുയോജ്യമായ ഒരു മരത്തിന്‍ ചോട്ടിലായി, കന്നിനെ ബലമുള്ള കയറുകൊണ്ട് കെട്ടിയിടുവാന്‍ ഞാന്‍ സഹായികളോടാവശ്യപ്പെട്ടു.


അതിനടുത്തൊരു മരത്തില്‍, മുന്നേ തന്നെ ഗ്രാമവാസികള്‍ എനിക്കായി തീര്‍ത്ത ഒരു ഏറുമാടം ഉണ്ടായിരുന്നു.ഭക്ഷണ സാധനങ്ങളും അവശ്യത്തിന് വെള്ളവും,വെടികൊപ്പുകളും ഒക്കെ സഹായികള്‍ തന്നെ ഏറുമാടത്തില്‍ സുരക്ഷിതമായി വയ്ക്കുകയുണ്ടായി.


അവര്‍ രണ്ടു പേരും അത്യാവശ്യം ധൈര്യശാലികളും,നല്ല ഉന്നമുള്ള വെടിവെപ്പുകാരും ആയിരുന്നു.അവരുടെ തോക്കുകളുമായി, രണ്ടുപേരും ഒരുമിച്ച് ഗ്രാമത്തിലേയ്ക്ക് മടങ്ങുവാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഗ്രാമത്തിലേയ്ക്ക് പോകുന്ന അവര്‍ പോകുന്നത് നോക്കി ഞാന്‍ അല്‍പനേരം നില്‍ക്കുകയുണ്ടായി.പതിവിന് വിപരീതമായി അവര്‍ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നിരുന്നു.


എനിക്ക് ആപത്ത് വരുമോ എന്ന് അവര്‍ ഭയക്കുന്ന പോലെ!!


ഒരു പക്ഷെ, ഇനി ഗ്രാമത്തിലേയ്ക്ക് ഒരിക്കലും ഞാന്‍ മടങ്ങി ചെന്നില്ല എന്ന് വരാം.

എന്നാല്‍,
"ഗ്രാമത്തിലേയ്ക്കൊരു മടക്കയാത്ര ഉണ്ടെങ്കില്‍, അത് ചൂളന്‍ കുന്നിലെ ഭീമന്‍റെ അവസാന ചലനവും അവസ്സനിപ്പിച്ച ശേഷം മാത്രമെന്ന്" ഞാന്‍ മനസ്സില്‍ ദൃഡ നിശ്ചയം എടുത്തു.

അപ്പോഴേയ്ക്കും സഹായികള്‍ എന്‍റെ കാഴ്ചയില്‍ നിന്നും ദൂരെ മറഞ്ഞിരുന്നു...


ഭീമന്‍ എന്നെ തേടിവരുന്നത് കാത്ത് ഒരിടത്തിരിക്കാതെ, അവനെ തേടി അങ്ങോട്ട്‌ ചെല്ലാന്‍ തന്നെ തീരുമാനിച്ചു കൊണ്ട്,ഞാന്‍ ആ പ്രദേശമാകെ ഒന്ന് ചുറ്റികറങ്ങുവാന്‍ തീരുമാനിച്ചു.


                                                                   (കാറ്റിന് ചോരയുടെ മണം.....??)



                                 

               മയം അഞ്ചുമണിയോടടുക്കുന്നു.അന്നത്തെ ഇരതേടലും മറ്റു തിരക്കുകളും ഒക്കെ അവസാനിപ്പിച്ച് കൊണ്ട് കൂടണയാൻ തയ്യാറായ പക്ഷികളും മൃഗങ്ങളും എല്ലാം അതിനുള്ള ഒരുക്കങ്ങളിൽ ആണെന്ന് തോന്നുന്നു.രാത്രിയെ വരവേറ്റുകൊണ്ട് ചീവീടുകൾ തങ്ങളുടെ സംഗീത വിരുന്നു തുടങ്ങി കഴിഞ്ഞു.നിഴലുകൾ,രാത്രിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനെന്നോണം ഭീമാകാരമായി വളർന്നു തുടങ്ങിയിരുന്നു.അങ്ങകലെ ഇരുട്ടിൽനിന്നും പേടിച്ച് അലറി കരയുന്ന പോലെ നരിച്ചീറുകളുടെ ശബ്ദം!!

.
മഴയായി പെയ്യാൻ വെമ്പുന്ന മേഘകൂട്ടങ്ങൾക്കിടയിൽ നിന്നും ക്ഷമ നശിച്ച അമ്പിളി ആകാംക്ഷയോടെ ഇടയ്ക്കിടെ ഓടിവന്ന് എത്തിനോക്കുന്നുണ്ടായിരുന്നു.ഒരുപക്ഷെ,എന്നേ പോലെ തന്നെ അവനും ഭീമന് വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.അതോ, എനിക്ക് നേരെ ചാടി വീഴുവാൻ തയ്യാറെടുത്തതുകൊണ്ട് നിഴലുകളുടെ മറവിൽ പതുങ്ങിയിരിക്കുന്ന ഭീമനെ അവൻ കണ്ടുകാണുമോ ??അതുമല്ലെങ്കിൽ .......,ഭീമനെ പോലെ തന്നെ, എന്‍റെ പതനത്തിനായി കാത്തിരിക്കുന്നതാവുമോ??
.
അറിയില്ല!!
.
 പക്ഷെ, ഒരു കാര്യം മാത്രം ഉറപ്പായിരുന്നു - തനിക്കു ചുറ്റിനും അപകടം പതിയിരിപ്പുണ്ട്.ഓരോ ചുവടുകളും ആത്മഹത്യാ പരം തന്നെ!!
.
ദു:സൂചനകളുമായി, ഇടയ്ക്കിടെ കേൾക്കുന്ന കാട്ടു നായ്ക്കളുടെ ഓരിയിടലുകൾ.ചൂളം വിളിച്ചുകൊണ്ട് മലഞ്ചെരുവിൽ നിന്നും വീശിയടിക്കുന്ന കാറ്റിന്‍റെ ദിശ അനുകൂലമാകും വിധം കാറ്റിന് ലംബമായി ആണ് ഞാൻ സഞ്ചരിച്ചിരുന്നത്.എന്നിലേയ്ക്ക് ഏതു നിമിഷവും ചാടി വീഴാവുന്ന ഭീമൻ, എൻ്റെ ഇടത് അല്ലെങ്കിൽ വലത്  വശങ്ങളിൽ നിന്നുമാത്രം  പ്രത്യക്ഷപെടുന്നതാണ് എനിക്ക് ഏറ്റവും അഭികാമ്യം. "തന്നെ പോലെ തന്നെ ഘ്രാണ ശക്തി മനുഷ്യർക്കും ഉണ്ട്" എന്ന തെറ്റിദ്ധാരണ എല്ലാ കടുവകൾക്കും ഉണ്ടെന്നു ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്നും കിട്ടിയ തിരിച്ചറിവ് തന്നെ ആയിരുന്നു അങ്ങിനെ സഞ്ചരിക്കാൻ എന്നെ പ്രേരിപ്പിച്ചതും!!
.
.
കടുവയെ ആകർഷിക്കുവാൻ ഇരയായി കെട്ടി നിർത്തിയ കന്നിന്‍റെ ഭയപ്പാടോടുകൂടിയ പെരുമാറ്റത്തിൽ നിന്നും, എൻ്റെ നീക്കങ്ങൾ കണ്ടുകൊണ്ട്, ഒരവസ്സരത്തിനായി കാത്തിരിക്കുന്ന ഭീമൻ അടുത്തെവിടെയോ ഉണ്ട് എന്നെനിക്കു മനസ്സിലായി.
.
.
                 ഇത്തരം സാഹചര്യങ്ങളിൽ, മുന്നറിയിപ്പ് പോലെ മനസ്സിൽ ചില തോന്നലുകൾ ഉണ്ടാവാറുണ്ട്.മനസ്സിന്‍റെ അത്തരം മുന്നറിയിപ്പുകൾ തന്നെയാണ് എന്നെ പലപ്പോഴും രക്‌ഷിച്ചിട്ടുള്ളതും.അതുപോലൊരു തോന്നൽ അപ്പോഴും ഉണ്ടായി.ഞാൻ നടക്കുന്ന പാതയ്ക്ക് അൽപ്പം മാറി മറ്റൊരു പാതയിൽ കൂടി ഭീമൻ എന്നെ നിശബദ്ധനായി അനുഗമിക്കുന്നു എന്നതായിരുന്നു ആ തോന്നൽ.പഞ്ചേന്ദ്രിയങ്ങളെയും ജാഗരൂഗരാക്കികൊണ്ട്,വലിയ മരത്തിനോട് ചേർന്ന്,ഇരുട്ടിന്‍റെ മറവിൽ ശ്വാസമടക്കി പിടിച്ച് അല്പനേരം നിന്നു.അപ്പോൾ അല്പം അകലെയായി കാറ്റിൽ ഒടിഞ്ഞു വീണു കിടക്കുന്ന മരച്ചില്ലകൾ,ഭാരമുള്ള എന്തിന്‍റെയോ അടിയിൽ പെട്ട് അമർനൊടിയുന്ന നേർത്ത ശബ്ദം വ്യക്തമായി കേൾക്കുവാനായി.പറ്റിയൊരവസരം കിട്ടിയാലുടൻ ചാടി വീഴുവാൻ തയ്യാറായി ഭീമൻ,അത്രയും നേരം എന്നെ അനുഗമിച്ചിരുന്നു എന്നത് എന്നിൽ കൗതുകം ഉണർത്തി.ലക്‌ഷ്യം കാണുംവരെ ഇരയെ വിടാതെ പിന്തുടരുക എന്നത് തന്നെ ആയിരുന്നു ഭീമനെ പോലെ എന്‍റെയും ഉദ്ദേശം!!
.
നിഴലുകളുടെ പൈശാചികതയെ ആട്ടി പായിച്ചുകൊണ്ട്,മേഘങ്ങളെ തള്ളിമാറ്റിക്കൊണ്ട് അപ്പോഴേയ്ക്കും നിലാവെളിച്ചം ഭൂമിയില്‍ പറന്നിറങ്ങിയതില്‍ പ്രതിക്ഷേധിച്ച് എന്നില്‍ നിന്നും നടന്നകലുന്ന ഭീമന്‍റെ കാലടികളെ പിന്തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
.
അപ്പോളാണ്, കാലിന്‍റെ അടുത്തായി ഒരു അനക്കം കേട്ടത്, പെട്ടെന്ന് തോക്ക് അങ്ങോട്ട്‌ ചൂണ്ടിയപ്പോള്‍ നിലാ വെളിച്ചത്തില്‍ നല്ലൊരു മൂര്‍ഖന്‍ പാമ്പ് എന്‍റെ ഷൂവിനു മുകളിലൂടെ ഇഴഞ്ഞു പോകുന്നത് കണ്ടു. പ്രകോപനം ഉണ്ടായാല്‍ ഒരുപക്ഷെ അവന്‍റെ കടിയേല്ക്കാനും സാധ്യതയുണ്ട്.പാമ്പിനെ വെടി വച്ചാല്‍, ആ ഒറ്റ കാരണം കൊണ്ട് മാത്രം ഭീമന്‍ രംഗം വിട്ടോടിയേക്കാം എന്നത് കൊണ്ട് ഞാന്‍ പാമ്പ് ഇഴഞ്ഞു പോകും വരെ അനങ്ങാതെ തന്നെ നില്‍ക്കുകയാണ് ചെയ്തത്.
.
.
പാമ്പ് പോയികഴിഞ്ഞ ഉടന്‍ ഞാനെന്‍റെ ഉദ്യമത്തിലേയ്ക്ക് തന്നെ മടങ്ങിയെത്തി. അല്‍പ ദൂരം കൂടി നടന്ന് കഴിഞ്ഞപ്പോള്‍, വലത് വശത്തായി ഒരു കുറ്റിക്കാട് കാണുകയുണ്ടായി.കാറ്റിന്‍റെ ആനുകൂല്യം അപ്പോളേയ്ക്കും എനിക്ക് നഷ്ടപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ , കുറ്റികാട്ടില്‍ പതുങ്ങിയിരുന്നു, പിന്നില്‍ നിന്നും ഒരാക്രമണം നടത്തുവാന്‍ ഭീമനെ അനുവദിക്കരുത് എന്നുറപ്പിച്ച്കൊണ്ട്,ആ കുറ്റിക്കാട് ഞാനരിച്ചു പെറുക്കിക്കൊണ്ടിരിക്കെ,അല്പമകലെയായി ഒരു പേടമാനിന്‍റെ ദയനീയ കരച്ചില്‍ കേള്‍ക്കുകയുണ്ടായി.ഏതോ വന്യമൃഗം തന്നെയാവും അതിനു പിന്നില്‍ എന്നുറപ്പായിരുന്നു എങ്കിലും, അത് ഭീമന്‍ അല്ല എന്നതില്‍ തര്‍ക്കമില്ലാരുന്നു.കാരണം, ഭീമന്‍റെ ലക്‌ഷ്യം, അവന്‍റെ മാര്‍ഗ്ഗത്തില്‍ തടസ്സമായി നില്‍ക്കുന്ന ഞാന്‍ തന്നെ ആയിരുന്നു.
.
.
കുറ്റിക്കാട് കഴിഞ്ഞു പിന്നെയും മുന്നേറിയപ്പോള്‍ വഴിയരികില്‍ രണ്ടടി പൊക്കത്തില്‍ ഒരു പാറ നില്‍ക്കുന്നത് കണ്ടു.പാറയുടെ മറുവശം അര ആൾ താഴ്ചയില്‍ ഉള്ള നിരപ്പായ ഒരു ഭാഗമാണ്.നിരപ്പായ സ്ഥലത്തിന്‍റെ വശത്തോട് ചേര്‍ന്നു,പാറയുടെ മുകളില്‍ ഉള്ള ഒരു വിടവിലായി, ഉണങ്ങിപോയ ഒരു ചെറു മരത്തിന്‍റെ ദ്രവിച്ച്തുടങ്ങിയ തടി നില്‍പ്പുണ്ട്.പാറയുടെ മുകളില്‍ നിന്നുകൊണ്ട്  ചുറ്റുപാടും ഒരു നിരീക്ഷണം നടത്താം എന്ന ഉദ്ദേശത്തില്‍ ഞാനാ പാറയില്‍ കയറികൂടി.
.
.
അപ്രതീക്ഷിതമായി എന്‍റെ ഇടതു സൈഡില്‍ നിന്നും ഒരു മുരള്‍ച്ച കേട്ടുവോ !!??
.
ഞെട്ടി തിരിഞ്ഞ എനിക്ക് അങ്ങിങ്ങായി ഉള്ള പൊന്തകാടുകള്‍ അല്ലാതെ മറ്റൊന്നും കാണുവാന്‍ സാധിച്ചില്ല.എങ്കിലും, തന്‍റെ കൈയെത്തും ദൂരത്തായി മരണം പതിയിരിക്കുന്നു എന്നൊരു ചിന്ത ഉണ്ടാവുക തന്നെ ചെയ്തു.വെടി വയ്ക്കുവാന്‍ പാകത്തിന് "തോക്ക്" നെഞ്ചിന്‍കൂടിലമര്ത്തി, കാഞ്ചിയില്‍ വിരല്‍ വച്ച് ഞാന്‍ ചുറ്റിനും നോക്കി.ചീവീടുകള്‍ പോലും കരച്ചില്‍ നിര്‍ത്തിക്കൊണ്ട്, നിശബ്ധതയില്‍ മുങ്ങിയ ഒരു ഭീകരത എന്‍റെ മനസ്സില്‍ നിറക്കുകയായിരുന്നു.അപ്പോഴാണ്‌, അങ്ങകലെ ഏതോ ഒരു ജീവിയുടെ മുരള്‍ച്ച കേട്ടത്.ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി ഞാന്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ ആണ്, അപ്രതീക്ഷിതമായി തൊട്ടടുത്ത കുറ്റികാട്ടില്‍ നിന്നും നരഭോജി എന്‍റെ നേരെ ചാടി വീണത്!!
.
.
പെട്ടെന്ന് വെട്ടിതിരിഞ്ഞ ഞാന്‍, എന്‍റെ നേരെ കുതിച്ചു പാഞ്ഞടുക്കുന്ന ഭീമന് നേരെ കാഞ്ചിവലിക്കലും ബാലന്‍സ്സ് തെറ്റി വീഴാന്‍ പോകുകയും ഒക്കെ ഞൊടിയിടയില്‍ സംഭവിച്ചു.
.
ബാലന്‍സ്സ് തെറ്റി വീഴുവാന്‍ പോയ ഞാന്‍ പാറയുടെ വിടവില്‍ നിന്നിരുന്ന ഉണങ്ങിയ മരത്തടിയില്‍ പിടിച്ചു നിന്നു.വെടിയേറ്റ് ചാട്ടം പിഴച്ച ഭീമൻ പാറയിൽ തലയിടിച്ച് വീണു. ഉന്നം നോക്കി വെടി വയ്ക്കുവാനുള്ള സാവകാശം ലഭിച്ചിരുന്നില്ല എന്നതിനാൽ തന്നെ ആ വെടി  അവനെ കൊല്ലുവാന്‍ മാത്രം കൃത്യതയാര്‍ന്നതാണോ എന്ന കാര്യത്തില്‍ എനിക്കുറപ്പില്ലായിരുന്നു.നിസ്സാര പരിക്കേ ഏറ്റിട്ടുള്ളൂ എങ്കിൽ, അവൻ വീണ്ടും ആക്രമിക്കുവാൻ സാധ്യത ഉണ്ട് എന്ന് ചിന്തിച്ച്‌ കൊണ്ട്, ആ ഉണക്ക തടിയിൽ ചാരി നിന്നുകൊണ്ട് അടുത്ത വെടിക്കുള്ള ഒരുക്കങ്ങൾ നടത്തുമ്പോളേക്കും, പാറയിൽ നിന്നും പിടഞ്ഞെണീറ്റ അവൻ,എനിക്ക് വെടിവയ്ക്കുവാൻ സമയം കിട്ടുന്നതിന് മുന്നേ മുരണ്ടുകൊണ്ട് എൻ്റെ നേരെ കുതിച്ചു ചാടി.
.
പകച്ചു പോയ എൻ്റെ വെപ്രാളത്തിനിടയിൽ ഞാൻ ചാരി നിന്നിരുന്ന മരത്തടി ഒടിഞ്ഞു പോയി.പാറയുടെ ചെരിവിലേയ്ക്ക് മറിഞ്ഞു വീണ ഞാൻ, നടുവടിച്ച് തന്നെ താഴെയുള്ള നിരപ്പായ സ്ഥലത്ത് വീണു.
.
നരഭോജിയായ ഒരു മൃഗത്തിനെ നേരിടുമ്പോൾ, മരണം വരെയും തോക്ക് താഴെയിടില്ല എന്ന വാശി പോലെ, അപ്പോഴും കൈകളിൽ എൻ്റെ വിശ്വസ്തമായ സഹചാരിയെ ഞാൻ മുറുക്കെ പിടിച്ചിരുന്നു.നടുവിടിച്ച് വീണതിൽ സാരമല്ലാത്ത വേദന അനുഭവപ്പെട്ടു എങ്കിലും കൈയെത്തും ദൂരത്ത് നിന്നും ,എന്നെ വലിച്ച് കീറുവാൻ വേണ്ടി ഭീമൻ ചാടി വീഴും എന്നുറപ്പുള്ളതിനാൽ കിടന്ന കിടപ്പിൽ തന്നെ, വേദന കടിച്ചമർത്തികൊണ്ട് നീട്ടി പിടിച്ച തോക്കുമായി ഞാൻ മുകളിലേയ്ക്കു നോക്കുമ്പോൾ,ചോരദാഹിയായ നാവുകളോടെ, പുറത്തേയ്ക്കു നീട്ടിയ ബലമുള്ള നഖങ്ങളും,എൻ്റെ മാംസങ്ങൾ കടിച്ചുകീറുവാൻ വെമ്പുന്ന കൂർത്ത ദംഷ്രകളും കാണിച്ച് കൊണ്ട്, ചൂളൻ കുന്നിലെ ഭീമൻ എന്ന ആ ഭീകര സത്വം, താഴേയ്ക്ക് കുതിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു.
അവന്‍ കുതിച്ചു ചാടും മുന്നേ തന്നെ ഞാന്‍ കാഞ്ചി വലിച്ചു.താഴെ നിന്നും മുകളിലേയ്ക്കുതിര്‍ത്ത ആ വെടി അവന്‍റെ വലത്തേ തോളെല്ലിന്‍റെ അടിയില്‍ കൂടി തറച്ച്കയറി എല്ല് പൊടിഞ്ഞു എങ്കിലും എന്‍റെ സകല നാഡികളിലും അന്ധാളിപ്പ് ജനിപ്പിച്ചുകൊണ്ട്, അവന്‍ താഴേയ്ക്ക് കുതിക്കുക തന്നെ ചെയ്തു..
                                                                                                                        
                                 താഴേയ്ക്ക് കുതിച്ചു ചാടിയ ഭീമൻ തറയിൽ എത്തിയതും, കിടന്നിടത്ത് നിന്നും ഞാൻ ഉരുണ്ടു മാറിയതും എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയിൽ തന്നെ നടന്നു.രണ്ട് തവണ വെടിവച്ചെങ്കിലും എൻ്റെ വെടിയുണ്ടകൾക്ക് സ്ഥാനം തെറ്റുകയാണ് ഉണ്ടായത്.കൃത്യതയാർന്ന ഒറ്റ വെടിയിൽ തീരേണ്ട ഒരു ജീവൻ ഇപ്പോഴും വന്യമായ കരുത്തോടെ തൻ്റെ മുന്നിൽ!!

തൻ്റെ ലക്ഷ്യം സ്ഥാനം, തെറ്റാതെ തന്നെ എത്തിപ്പിടിക്കുന്നതിൽ ഉള്ള ഭീമൻ്റെ കൃത്യത എന്നിൽ അത്ഭുതം ഉളവാക്കി.ലക്ഷ്യം നോക്കി ഉള്ള അവൻ്റെ ആക്രമണത്തിന്‌,സാരമായ പരിക്കുകളോടെ ശരീരത്തിൽ തറച്ചു കയറിയ രണ്ട് ഉണ്ടകൾ നൽകിയ താളപ്പിഴകൾ മാത്രം.അത് തന്നെയായിരുന്നു എന്നെ അപ്പോളും ജീവനോടെ നിലനിർത്തിയതും.


ഞാൻ ആദ്യം കിടന്നിരുന്ന ഭാഗത്ത് തന്നെ കൃത്യമായി ചാടി വീണ ഭീമൻ,വലത്തേ  തോളിൽ ഏറ്റ മുറിവിൻ്റെ വേദനയിൽ ഒന്ന് വേച്ചതിന് ശേഷം മറിഞ്ഞു വീണു.നിലത്തു വീണ

ഭീമന് മുന്നിൽ നിന്ന് കൊണ്ട്, കാലിയായ തോക്ക് നിറയ്ക്കുവാൻ ശ്രമിച്ചാൽ, തോക്കു നിറയ്ക്കും മുന്നേ അവൻ എന്നെ കൊന്ന് അവൻ്റെ വയറു നിറയ്ക്കും എന്നറിയാമായിരുന്ന ഞാൻ,അസഹനീയ വേദന കടിച്ചമർത്തികൊണ്ട്,ആ പാറയുടെ അടിഭാഗത്ത് കണ്ട ഒരു ചെറിയ വിടവിലേക്ക് ഒരു വശം തിരിഞ്ഞു നുഴഞ്ഞു കയറി.അവിടെ ഒരാൾക്ക് സൈഡ് ചെരിഞ്ഞ നിലയിൽ കഷ്ടിച്ച് കുനിഞ്ഞു കൂടി നിൽക്കാൻ മാത്രമേ  സാധിക്കൂ.പാറയിടുക്കിൽ ഉള്ള ആ വിടവിൽ ഭീമന് കടക്കുവാൻ സാധിക്കില്ല എങ്കിലും, ഒരു പക്ഷെ മുൻകൈകൾ കൊണ്ട് എന്നെ മുറിവേൽപ്പിക്കുവാൻ അവനു നിസ്സാരമായി സാധിക്കുന്നതാണ്.

അപ്പോഴേയ്ക്കും നിലത്ത് നിന്നും തലകുടഞ്ഞു കൊണ്ട് ചാടി പിടഞ്ഞെണീറ്റ അവൻ സർവ്വ ശക്തിയുമെടുത്ത് എൻ്റെ നേരെ കുതിക്കുന്നത് നിലാവെട്ടത്തിൽ ഞാൻ ഭീതിയോടെ കാണുകയുണ്ടായി.തോക്ക് തറയ്ക്ക് നേരെ താഴ്ത്തിക്കൊണ്ട് ഞാൻ ഒരു വെടിക്കുള്ള ഉണ്ട നിറച്ചപ്പോളേക്കും അവൻ പാറയിടുക്കിൽ എത്തി കഴിഞ്ഞിരുന്നു.


ഞാൻ കയറിയ പാറ വിടവിന് മുന്നിൽ മുൻ കാലിൽ ഉയർന്നു നിന്നുകൊണ്ട് അവൻ്റെ  തല പാറകൾക്കിടയിലൂടെ കടത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നെ കടിച്ചു കീറുവാൻ വെമ്പുന്ന ദംഷ്ട്രകൾക്കിടയിൽ നിന്നും എൻ്റെ ചോര രുചിക്കുവാൻ വേണ്ടി വെമ്പുന്ന അവൻ്റെ പരുപരുത്ത നാവ് പുറത്തേയ്ക്കു ചാടുന്നുണ്ടായിരുന്നു.അവൻ്റെ വായിൽ നിന്നും പുറപ്പെട്ട മുരൾച്ചയും സീൽക്കാരങ്ങളും എൻ്റെ കാതുകളിൽ മരണമണി കണക്കെ പതിച്ചു കൊണ്ടിരുന്നു.എന്നെ പിടിക്കുവാന്‍ വേണ്ടി "പാറകള്‍ക്കിടയിലൂടെ തല കടക്കില്ല" എന്നറിഞ്ഞ അവൻ, ചോരയുടെയും മാംസത്തിൻ്റെയും ഉമിനീരിൻ്റെയും എല്ലാം കൂടിച്ചേര്‍ന്നൊരു മനംപുരട്ടുന്ന രൂക്ഷഗന്ധത്തോടുകൂടി, എന്നെ നോക്കി കാട് മുഴക്കികൊണ്ടൊന്നു ഗർജ്ജിച്ചു.ഒരു കടുവയുടെ ഗർജ്ജനം അത്ര അടുത്ത് കേൾക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.ഒരുപക്ഷെ "ഇതു തന്നെ ആവും അവസാനത്തേതും" എന്ന ചിന്ത എന്നിൽ വല്ലാത്തോരു പരിഭ്രാന്തി പരത്തി.


സാധാരണയായി കടുവകൾ, കൈകൾ കൊണ്ട് ആക്രമിച്ച ശേഷം കടിച്ചു കീറുകയാണ് പതിവ്.എന്നാൽ തോളിൽ ഏറ്റ മുറിവിൻ്റെ വേദന കൊണ്ടാവും,തലകൊണ്ട് പറ്റുന്നില്ല എന്നു വന്നപ്പോൾ മാത്രമാണ് അവൻ കൈകൾ കൊണ്ട് ആക്രമിക്കുവാൻ മുതിർന്നത്.

ഇടം കൈ അകത്തേയ്ക്കിട്ടു ആക്രമിക്കുവാൻ അവൻ പല വട്ടം ശ്രമിക്കുകയുണ്ടായി.വലത്തേ തോളിൽ പറ്റിയ മുറിവിൻ്റെ വേദനകൊണ്ടാവാം, "പാറയോട് പറ്റിച്ചേർന്നു നിന്ന് ശ്രമിച്ചാൽ "കിട്ടാവുന്ന അകലത്തിൽ  മാത്രം ഉള്ള എന്നെ, അവൻ ഒരു നിശ്ചിത അകലത്തിൽ നിന്നുകൊണ്ട് മാത്രമാണ് ആക്രമിച്ചിരുന്നത്.

തോക്കുയർത്തി വെടിവയ്ക്കുവാൻ പറ്റുന്ന അകലം ഇല്ലാത്തതിനാൽ, എന്നെ പിടിക്കുവാൻ ഉള്ള ശ്രമത്തിനിടെ എപ്പോളെങ്കിലും അവനുനേരെ തോക്കുപയോഗിക്കുവാൻ ഒരു അവസരം കിട്ടും എന്ന പ്രതീക്ഷയിൽ, അവൻ്റെ ഒരോ നീക്കവും സൂക്ഷമതയോടെ നിരീക്ഷിച്ചു കൊണ്ട് പാറയുടെ ഉൾവശത്തോടു പരമാവധി പറ്റിച്ചേർന്നു നിൽക്കുമ്പോൾ വല്ലാത്തോരു മാനസിക പിരിമുറുക്കം എന്നെ ബാധിച്ചിരുന്നു.


ഒരവസരം കിട്ടിയാൽ അവനു നേരെ വെടിയുതിർക്കുവാൻ പാകത്തിൽ ഉയർത്തുവാനായി തോക്കിൻ്റെ പാത്തി എളിയിൽ ചേർത്ത്,കാഞ്ചിയിൽ വിരലമർത്തി ഞാൻ കാത്തിരുന്നു.സൈഡിലേക്ക് തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അവസരം കിട്ടിയാൽ തന്നെ കൃത്യമായി വെടിവയ്ക്കുവാൻ പറ്റുമോ എന്നതിൽ ഉറപ്പില്ലായിരുന്നു.


പെട്ടന്നാണ് അവൻ്റെ കൈ അപ്രതീക്ഷിതമായി എൻ്റെ നേരെ വന്നത്.ഒഴിഞ്ഞു മാറി എങ്കിലും ഭീമനഭിമുഖമായി നിന്നിരുന്ന എൻ്റെ ഇടതു തുടയിൽ തരക്കേടില്ലാത്തത്ര ആഴത്തിൽ മുറിവുകൾ നൽകിക്കൊണ്ട് അവൻ്റെ നഖങ്ങൾ പാറയിൽ പോറലുകൾ വീഴ്ത്തുകയുണ്ടായി.


എനിക്ക് മുറിവേറ്റു എന്ന് കണ്ട അവൻ എങ്ങിനേയും എന്നെ വലിച്ചു പുറത്തിട്ടു വലിച്ച് കീറുവാനുള്ള ആവേശത്തോടെ, മുരണ്ടുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുവാൻ തുടങ്ങി.മുറിവുകളിൽ നിന്നും ചുടുചോര പൊടിയുന്നവേദന കടിച്ചമർത്തികൊണ്ട് ഞാൻ പാറയുടെ ഉള്ളിലേയ്ക്ക് കൂടുതൽ പറ്റി ചേർന്ന് നിന്നു.


മാനസിക പിരിമുറുക്കത്താൽ, "ബോധം കേട്ട് വീഴുമോ??" എന്നുവരെ ഞാൻ ഭയപ്പെട്ടു.ഞരമ്പുകൾ വലിഞ്ഞുമുറുകി പൊട്ടിപോകുന്ന പോലെ!!

കൈയെത്തും ദൂരത്ത് മരണം ഭീമൻ്റെ രൂപത്തിൽ നിറഞ്ഞാടുന്നു.ഉച്ചത്തിലുള്ള എൻ്റെ ഹൃദയമിടിപ്പിനൊപ്പം ശരീരമാകെ വിയർക്കുവാൻ തുടങ്ങി.

ശരീരത്തിലെ മുറിവുകൾ നൽകിയ തളർച്ചയിൽ, എന്നെ ആക്രമിക്കുന്നതിൽ ചെറിയൊരു താമസം വരുത്തിയ അവസരം നോക്കി ഞാൻ അലക്ഷ്യമായി വെടിവച്ചു.


മുന്നേ കിട്ടിയ മുറിവുകളുടെ അനുഭവത്താൽ ആണോ എന്നറിയില്ല,വെടിയൊച്ച കേട്ട ഭീമൻ എന്നെ വിട്ടു ഓടിയകന്നു.

ഭീമൻ പോയി എന്നറിഞ്ഞ ഞാൻ പാറയോട് ചേർന്ന് നിന്ന് കണ്ണുകൾ അടച്ച് അല്പസമയം നിന്നു.പിന്നീടൊരു ദീർഘ നിശ്വാസം എടുത്ത ശേഷം , തോക്കിൽ ഉണ്ടകൾ നിറച്ചു.നടുവിനും, കാലിനും അസഹനീയ വേദന.അന്നത്തെ രാത്രി ആ പാറവിടവിൽ ചാരി നിന്നുകൊണ്ട് തന്നെ ഞാൻ ചിലവഴിച്ചു.

പിറ്റേന്ന് നേരം വെളുത്ത് തുടങ്ങും മുന്നേ തന്നെ, ഭീമൻ അടുത്തൊന്നുമില്ല എന്നുറപ്പിച്ച ശേഷം പുറത്തിറങ്ങിയ ഞാന്‍, ഏന്തി വലിഞ്ഞ് ഏറുമാടം ലക്ഷ്യമാക്കി നടന്നു.


********************************


മുറിവുകൾ വൃത്തിയാക്കി മരുന്നുകൾ വച്ച് കെട്ടി.കരുതിയിരുന്ന ഭക്ഷണവും വെള്ളവും ആവശ്യത്തിന് വേദനാ സംഹാരിയും കഴിച്ച ശേഷം,നടുവ് നിവർത്തി ഏറുമാടത്തിൽ കിടന്ന് നന്നായി ഒന്നുറങ്ങി.ഉച്ചയോടു കൂടി അല്പം ഭക്ഷണവും വെള്ളവും കഴിച്ചുഎന്ന് വരുത്തിയിട്ട് ഏറുമാടം വിട്ടിറങ്ങിയ ഞാന്‍ നേരെ പോയത്, തലേന്ന് ഭീമനുമായി ജീവന്മരണ പോരാട്ടം നടന്ന അതേ പറയിടുക്കിനടുത്തേയ്ക്കു തന്നെയായിരുന്നു.പോകുന്ന വഴിയില്‍ ചില അടയാളങ്ങള്‍ വയ്ക്കുവാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.ഒരുപക്ഷെ ഇന്നത്തെ ദിവസം ഭീമനനുകൂലമാണ് എങ്കില്‍ തന്നെ, എന്‍റെ ജഡം തേടി വരുന്നവര്‍ക്ക് വഴി തെറ്റരുത് എന്ന ഒറ്റ  ഉദ്ദേശം ആയിരുന്നു അങ്ങിനെ ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചത്.


തലേന്നു ഭീമന്‍ ഓടി പോയ ദിശയിലേയ്ക്ക് സഞ്ചരിച്ച എനിക്ക് അല്പമകലെയുള്ള ഒരു മരച്ചുവട്ടിൽ ഭീമൻ വിശ്രമിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തുവാനായി.തുടർന്ന് കണ്ട കാല്പാടുകളും, ചോരത്തുള്ളികളും ഭീമൻ സഞ്ചരിച്ച വഴിവ്യക്തമാക്കുന്നതായിരുന്നു.നിലത്ത് വീണ ചോരത്തുള്ളികളുടെ അളവും, മുടന്തി നടക്കുന്ന പോലുള്ള കാലടികളും എല്ലാം, ഭീമനു ഗുരുതരമായ പരിക്കുകൾ തന്നെ ആണ് പറ്റിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു.


ഏതാനും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന ഒരു പ്രദേശത്ത് എത്തിയപ്പോൾ, ഭീമൻ അവിടെ എവിടെയോ ഉണ്ട് എന്നൊരു ഉൾവിളി!!


ചുറ്റുപാടുകൾ നിരീക്ഷിച്ച എനിക്ക്, അടുത്തുള്ള ഒരു മരത്തിൽ കുറേ കുരങ്ങന്മാർ അക്ഷമരായി ഇരുന്ന്കൊണ്ട് താൻനിൽക്കുന്ന ദിക്കിലേക്ക് നോക്കുന്നത് കണ്ടു.വെടിവയ്ക്കാൻ പാകത്തിന് തോക്കിനെ തോളോട് ചേർത്തുകൊണ്ട്, ശ്വാസമടക്കി പിടിച്ച് ഞാൻ ചുറ്റിനും ശ്രദ്ധിച്ചു.


നടന്നു കൊണ്ടിരുന്ന വഴിയരികിൽ എനിക്ക് അരികിലായി ഉണ്ടായിരുന്ന, ചെറിയ കുറ്റിച്ചെടികളോട് കൂടിയ ഒരു പാറയെ അതിൻ്റെ ഇടതു വശത്ത് കൂടി ചുറ്റിവളഞ്ഞു കൊണ്ട് പ്രദക്ഷിണം ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചു.ആ തീരുമാനം എത്ര ശരിയായിരുന്നു എന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.പാറയെ ചുറ്റി പാറയുടെ മറുപുറത്ത് എത്തിയപ്പോൾ, അവിടെ എൻ്റെ വരവും കാത്ത് അവൻ പതുങ്ങി ഇരിപ്പുണ്ടാരുന്നു.ഇടതു വശത്തോട്ടു തിരിയുന്നതിനു പകരം, വലതു വശത്തെ വഴിയിൽ കൂടി ആണ് ഞാൻ നടന്നിരുന്നതെങ്കിൽ,അവൻ എൻ്റെ മേലെ ചാടി വീഴും എന്നത് ഉറപ്പാരുന്നു.


തലയിലോ മറ്റു മർമ കേന്ദ്രങ്ങളിലോ വെടി വയ്ക്കുവാൻ പാകത്തിനല്ലായിരുന്നു അവൻ്റെ കിടപ്പ്.അതിനാൽ അല്പം കൂടി അടുത്തേയ്ക്കു പോകുവാൻ ഞാൻ തീരുമാനിച്ചു.റബര്‍ ഷൂസ് ഉള്ളതുകൊണ്ട് ശബ്ദം കേള്‍പ്പിക്കാതെ പതുങ്ങി പതുങ്ങി നടക്കുവാന്‍ എനിക്കായി.അവന് പിന്നിലായി,ഒരു വലിയ കിണറിന്‍റെ വലുപ്പത്തില്‍ കുറച്ചു വെള്ളം കെട്ടികിടപ്പുണ്ട്. ഏതാണ്ട് അൻപതടി അകലത്തിൽ എത്തിയപ്പോൾ, എന്നെ ഞെട്ടിച്ച് കൊണ്ട് അവൻ ചാടിഎണീറ്റ് എൻ്റെ നേരെ തിരിഞ്ഞു.


രാവിലെ പെയ്ത മഴയില്‍ കെട്ടികിടക്കുന്ന വെള്ളം തട്ടിതെറിപ്പിച്ചുകൊണ്ട്‌,വെള്ള കെട്ടും കടന്ന്.....

എന്നെ വകവരുത്തുവാനുള്ള കരുത്തോടെ,മുറിവേറ്റ വേദനകൾ സഹിച്ച്കൊണ്ട്, ഭ്രാന്തമായ ആവേശത്തോടെ......എൻ്റെ നേരെ അവൻ കുതിച്ചു.ഇനിയൊരുഭാഗ്യ പരീക്ഷണത്തിന് തയ്യാറല്ലായിരുന്ന ഞാൻ അവൻ്റെ തലയിൽ ലക്ഷ്യം വച്ച് വെടിയുതിർത്തു.
വെടിയേറ്റ ഭീമന്‍റെ തലയോട്ടിയുടെ ചെറിയൊരു ഭാഗം അടര്‍ന്നു തെറിച്ചു.സാധാരണ കടുവകളും പുലികളും ഒക്കെ ആ വെടിയോടെ വീഴുകയാണ് പതിവ്.പക്ഷെ, വെടിയേറ്റ് ഒന്ന് ആടിയുലഞ്ഞു എങ്കിലും,
വീഴുന്നതിന് മുന്നേ, "തൻ്റെ മരണത്തിനു കാരണമായവനെ കൂടി കൊന്നിട്ടേ ഉള്ളു" എന്ന ഭാവേന അവൻ എനിക്ക് നേരെ വരുക തന്നെ ചെയ്തു.

ഏകദേശം പന്ത്രണ്ടടി അകലത്തിൽ വച്ച് അവൻ എൻ്റെ നേരേ...

ഗർജ്ജിച്ചുകൊണ്ട്, പിന്‍കാലുകള്‍ നിലത്തൂന്നി കുതിച്ചു ചാടി.പുറത്തേയ്ക്കു നീണ്ട നഖങ്ങൾ നിറഞ്ഞ കൈകൾ രണ്ടും വായുവിൽ വിടർത്തിക്കൊണ്ട്, കടിച്ചു കീറുവാൻ പാകത്തിന് ദംഷ്ട്രകൾ ഒരുക്കിക്കൊണ്ട് എൻ്റെ നേരെ വായുവിൽ വന്നുകൊണ്ടിരിക്കുന്ന ആ ഭീകരൻ്റെ കണ്ണുകൾക്ക് ഇടയിൽ, നെറ്റി ലക്ഷ്യമാക്കി തന്നെ തോക്കുയര്ത്തി ഞാൻ കാഞ്ചി വലിച്ചു

അവൻ്റെ ലക്ഷ്യത്തിൽ നിന്നും കുനിഞ്ഞുകൊണ്ടു ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു എങ്കിലും,അവൻ്റെ പിന്‍കാലുകളിലൊന്ന് എന്നെ തട്ടി തെറിപ്പിച്ചു കളഞ്ഞു.


ഭീമനൊപ്പം ഞാനും മണ്ണിൽ പതിച്ചു!!


കൃത്യമായി വെടിയേറ്റ് നെറ്റിതകർന്ന ഭീമൻ, നിലത്ത് വീണു മുന്നോട്ടു നിരങ്ങി നീങ്ങി.അവൻ്റെ അരികിലായി തെറിച്ചു വീണ എൻ്റെ നേരെ, തൻ്റെ ഇടതു കൈ നിലത്ത് കുത്തി ഒരിക്കൽ കൂടി കുതിക്കുവാൻ ഉള്ള അവന്‍റെ ശ്രമങ്ങള്‍ എന്‍റെ ഭാഗ്യത്തിന് വിഫലമാവുകയായിരുന്നു.


നെറ്റിൽ കൂടി ഒലിച്ചിറങ്ങിയ ചോരയിൽ കുതിർന്ന തല മണ്ണിൽ പതിപ്പിച്ചുകൊണ്ട് അവൻ അല്പസമയം നിശബ്ദമായി കിടന്നു.


ശബ്ദമില്ലാതെ ഒന്ന് ഗർജ്ജിക്കുവാൻ ശ്രമിച്ചതു പോലെ !!


പിന്നെ പച്ചമണ്ണിൽ തല ചായ്ച്ചുകൊണ്ട് കണ്ണുകൾ അടച്ചു.

അവസാനമായി അവൻ്റെ വാലൊന്നു പിടച്ചു.പതിയെ കൈ കുത്തി എണീറ്റ ഞാന്‍ വേച്ചു വേച്ച് ഭീമന്‍റെ അരികിലെത്തി.

ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ, നൂറ്റി എഴുപത്തിയഞ്ച് ആളുകളുടെ അന്തകനായ ചൂളന്‍ കുന്നിലെ ഭീമന്‍ എന്ന നരഭോജി കടുവയുടെ അവസാന ശ്വാസം വരെ നീണ്ട പോരാട്ട വീര്യത്തെ ഞാന്‍ മനസാ വണങ്ങി.ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ കടുവയായ ഭീമന്‍റെ, മൂക്കുമുതല്‍ വാലിന്‍റെ അഗ്രം വരെ ഏകദേശം പത്തേകാല്‍ അടി നീളമുണ്ടായിരുന്നു. 


ദിവസങ്ങള്‍ നീണ്ട പോരാട്ടം തളര്‍ത്തിയ മനസ്സും, ഭീമന്‍ നല്‍കിയ മുറിവുകളും, ക്ഷതങ്ങളും!!



കാലുകള്‍ തളരുന്നു.....
കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെ...... 
ശരീരത്തിന്‍റെ ഭാരം നഷ്ടപ്പെടുന്ന പോലെ .....
കൈയില്‍ ഉണ്ടായിരുന്ന റൈഫിളിലെ പിടി അയഞ്ഞു....

ചൂളന്‍ കുന്നിലെ ഭീതികള്‍ അവസാനിപ്പിച്ചുകൊണ്ട്, പ്രാണന്‍ വെടിഞ്ഞ ഭീമന്‍റെ ചൂടാറാത്ത ശരീരത്തിനു മുകളിലേയ്ക്ക് തന്നെ ഞാന്‍ തളര്‍ന്ന് കുഴഞ്ഞു വീണു..!!
.


*********************************************************************************************


ഫോട്ടോ കടപ്പാട്: ഗൂഗിൾ