Friday, 6 January 2017

ഇട്ടുണ്ണാന്‍റെ ഫാമിലെ പാമ്പ് !!

പമ്മൻ്റെ  കുട്ടി വൈഗ മോളുടെ പിറന്നാൾ ആഘോഷവും, തുടർന്ന് ചാലക്കുടി യാത്രയും ആഘോഷങ്ങളും കഴിഞ്ഞു കിടന്നപ്പോൾ പുലർച്ചെ രണ്ടുമണി കഴിഞ്ഞിരുന്നു.

നല്ലൊരുറക്കത്തിലേയ്ക്കൊരു സ്വപ്നത്തിൻ്റെ അകമ്പടിയോടെ വഴുതി നീങ്ങിയപ്പോൾ ആണ് ഒരു വികൃത രൂപം ജനൽവഴി കടന്നു വന്ന് ആസനവും ചൊറിഞ്ഞു മൂക്കും തിരുമ്മി എന്തൊക്കെയോ ചെയ്യുന്നകണ്ടത്. ഉറക്കപിച്ചിലാണേലും ആളെ തിരിച്ചറിഞ്ഞു- ആദിവാസി മൂപ്പൻ വാസുമാഷ്.
(കൊച്ചുവെളുപ്പിനെ ഒരുങ്ങി നിൽക്കുന്ന ആദിവാസി)

രണ്ടുമണിവരെ പഴമ്പുരാണങ്ങൾ പറഞ്ഞു ശല്യം ചെയ്തതും പോരാഞ്ഞു ദേ പിന്നേം വന്നോ എന്ന് കരുതി കണ്ണടയ്ക്കാൻ  തുടങ്ങിയപ്പോൾ തൊട്ടു പിന്നിലായി ലവനും- മച്ചാൻ!!

സമയം നാലുമണിയായിട്ടേ ഉള്ളു, ഇവനൊന്നും ഉറക്കമില്ല ??

പിന്നെ കുറെ തവണ അവർ മാറി മാറി മുറിയിൽ വരുകയും പോകുകയും ഒക്കെ ചെയ്തു.ആദിവാസിക്കു രാവിലെ 8 മണിക്കുള്ള ട്രെയിനിൽ പോകേണ്ടതാണ്.അതിനുള്ള ഒരുക്കം ആണ്.എന്നാൽ ഈ മാച്ചാനിതെന്തിൻ്റെ കേടാ?? ഇനി ഇവൻ ആദിവാസിയുടെ കൂടെ കാട്ടിലോട്ട് കുടിയേറി പാർക്കാനുള്ള പോക്കാണോ??
എന്ത് കുന്തേലും ആവട്ടെ, എന്ന് കരുതി കണ്ണടച്ചു.

എന്നിട്ടും 6  മണി ആയപ്പോൾ തന്നെ രണ്ടുംകൂടി വന്ന് ബഹളം വച്ചതുകൊണ്ട്  ഉറക്കമൊക്കെ പോയി.ഒടുവിൽ 8 മണിയോടടുത്തു ആദിവാസിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടോയി നടതള്ളി ചാണകവെള്ളം തളിച്ചു.

(:നസ്സില്ലാമനസ്സോടെ യാത്രപറയുന്ന വാസുമാഷ്)
എല്ലു കടിച്ചുകൊണ്ടിരുന്ന പട്ടിയുടെ മൂട്ടിൽ ഏറുകൊണ്ടാൽ എന്നതുപോലെ, മനസ്സില്ലാ മനസ്സോടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ട് മൂപ്പൻ നടന്നകന്നു.

"ട്രെയിൻ മാറി കയറി വല്ല കന്യാകുമാരിക്കോമറ്റോ പോണേ....ഈശ്വരാ!!"എന്ന് മനമുരുകി പ്രാർത്ഥിച്ച ശേഷം റൂമിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ പൊട്ടന് ലോട്ടറി അടിച്ചപോലെ വെളുക്കെ ചിരിച്ചുകൊണ്ട്, ഒരു പീക്കിരിയുടെ കയ്യും പിടിച്ച് പള പള മിന്നുന്ന നീല ഷർട്ടുമിട്ടു മയിലെണ്ണ കച്ചവടക്കാരനെ പോലൊരാൾ കയറിവന്നു.

ചാലക്കുടി എന്ന പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വരെയുള്ള ടിക്കറ്റും, കൂടെ രണ്ടു സെൽഫിയും എടുത്ത് തൃശ്ശൂർ പോലും സ്റ്റോപ്പ് ഇല്ലാത്ത ഒരു "നോൺ സ്റ്റോപ്പ്" സൂപ്പർഫാസ്റ് ട്രെയിനിൽ "ചാലക്കുടി ഇറങ്ങാം" എന്ന അതിമോഹവുമായി കയറിയ ശാന്തപ്പൻ!! 
(ശാന്തപ്പൻ)

ഇങ്ങേരിതെങ്ങനെ ഇവിടെത്തി??

നാളെ രാവിലെ ഏതേലും മാർവാടികളുടെ സഹായത്തോടെ ഉത്തരേന്ത്യയിൽ എവിടെങ്കിലും നിന്നും "ലേലു അല്ലു ലേലു അല്ലു... എന്നെ അഴിച്ചുവിടൂ.... രക്ഷിക്കണേ....." എന്നൊരു കോൾ പ്രതീക്ഷിച്ച ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

ട്രെയിൻ്റെ ചങ്ങല വലിച്ച് ഇറങ്ങി  വന്നതാണ് കക്ഷി.


ചൂടുള്ള കട്ടൻചായയെ മനസ്സിൽ ധ്യാനിച്ച് ചൂടുള്ള "ടക്കീല" ഗ്ളാസ്സെടുത്ത് നീട്ടി.ആർത്തി പശു കാടിവെള്ളം മോന്തുമ്പോലെ ഒറ്റ വലി .

ടക്കീല വണ്ടി പിന്നെ നിന്നത് തൃശൂർ പൂരപ്പറമ്പിൽ.
(പൂര പറമ്പിന് വെളിയിൽ)

വിളിച്ച് വരുത്തി ചോറില്ല എന്നുപറഞ്ഞത് പോലെ സംഘാടകര്‍ ആരുമില്ല.നോട്ട്പിൻവലിച്ച ശേഷമുള്ള പൊതുജനത്തെ പോലെ ഞങ്ങൾ തലയും ചൊറിഞ്ഞു പെരുവഴിയിൽ ചിന്തിച്ചുനിന്നു.ഒടുവിൽ പൂരപ്പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന ബംഗാളികളുടെ കളികണ്ട് നിന്ന് സമയം തള്ളിനീക്കി.നട്ടുച്ച ആയപ്പോള്‍ സൂര്യന്‍ ഉച്ചിമേലെ വന്ന് കൊഞ്ഞനം കുത്തി കളിയാക്കിചിരിച്ചു.ഇനി നിന്നിട്ട് കാര്യമില്ല എന്നുകരുതി മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ അധികാരമുള്ളവരെ മാത്രം സ്വീകരിച്ച് ശീലമുള്ള മറ്റൊരധികാരി ഒരു കൂട്ടം ഊളകളേയും കൊണ്ട് കടന്നുവന്നു.അങ്ങനെ തൃശൂര്‍ സംഗമം തുടങ്ങി.

*************************

സംഗമം കഴിഞ്ഞു ഏട്ടന്‍ പമ്മന്‍റെ കയ്യും പിടിച്ച് ഒറ്റപ്പാലത്തിന് മടങ്ങാന്‍ തീരുമാനിച്ച ഹരിയെ പറഞ്ഞു പറ്റിച്ച പമ്മന്‍, പമ്മിയുടെ വാലേല്‍ തൂങ്ങി കളമൊഴിഞ്ഞു.ഞായറാഴ്ച ആയിരുന്നിട്ടുകൂടി "മോളു സ്കൂളിൽ പോയി വരും മുന്നേ ഞങ്ങ വരാട്ടാ" എന്ന് പറഞ്ഞു സ്വന്തം കുഞ്ഞിനെ തേച്ചുമടക്കി പെട്ടിയിൽ വച്ചവരുടെ ചതി പ്രതീക്ഷിക്കേണ്ടതായിരുന്നു.പാര്‍ക്കില്‍ പോയി ഐസ് ക്രീം നുണഞ്ഞു പമ്മിയുടെ സാരിതുമ്പില്‍ തൂങ്ങി മുങ്ങിയ പമ്മനെ തേടി മൂക്കൊലിപ്പിച്ച് നടന്ന ഹരിയോട് "പോരുന്നോ" എന്ന് വെറുതേ ഒന്ന് ചോദിച്ചു.

മീന്‍ വണ്ടിയില്‍ ലിഫ്റ്റ്‌ കിട്ടിയ പൂച്ചയെ പോലെ ചോദിച്ചു തീരും മുന്നേ തന്നെ ഹരിഹർജി ഫ്ലാറ്റ്!!

"വൈദ്യന്‍ ഇച്ഛിച്ചതും രോഗി നീട്ടിയതും ഫീസ്സ്‌" എന്ന് പറഞ്ഞപോലെ ഹരി ഞങ്ങള്‍ക്കൊപ്പം വീണ്ടും ചാലക്കുടിക്ക് മടങ്ങി.വഴിയിൽ ഇറങ്ങാം എന്നുപറഞ്ഞു പഞ്ചാര കുഞ്ചു നിധിൻ ഞങ്ങടോപ്പം കയറി.
(ചാലക്കുടിക്ക് മടങ്ങും വഴി ഒരു സ്നാപ്)

അവിടെ ചെന്ന് അല്‍പ്പം വിശ്രമം.
"ദെ ധിപ്പ വരാട്ടാ" എന്നും പറഞ്ഞു പോയ സജീവ്‌ ഇട്ടുണ്ണാനെ 4 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാനില്ല.ഒടുവില്‍ അന്തി മയങ്ങിയ നേരത്ത് ഇട്ടുണ്ണാന്‍ മടങ്ങിവന്നു.മയിലെണ്ണക്കാരന്‍ തന്‍റെ കുഞ്ഞിനേയും കൂട്ടി യാത്രപറഞ്ഞു.രാത്രി 7 മണി ആയപ്പോള്‍ മച്ചാനും ഹരിയും ഇട്ടുണ്ണാനും ഒപ്പം നാല്‍വര്‍ സംഘം കോസ്മോസ് ക്ലബ്ബില്‍ നിന്നും കിട്ടിയ "തണുത്തവെള്ളത്തിന്‍" കുപ്പികള്‍ വണ്ടിയില്‍ നിറച്ചുകൊണ്ട് പാലക്കാട് റൂട്ടില്‍  അടുത്ത യാത്ര തുടങ്ങി.
തലേന്നത്തെ അനുഭവം ഉള്ളതുകൊണ്ട്, "ഭക്ഷണം കഴിച്ചിട്ടു മതി ബാക്കി യാത്ര" എന്നും പറഞ്ഞു തട്ടുകടയില്‍ കയറി തട്ടിക്കൊണ്ടിരിക്കുമ്പോള്‍, ശാന്തപ്പന്‍റെ വിളിവന്നു.

ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ അഹങ്കാരത്തില്‍ മടങ്ങി ചെന്ന ശന്തപ്പനെ കാത്ത് എട്ടിൻ്റെ പണി സ്റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു.രാവിലത്തെ തിരക്കിനിടയില്‍ "പാര്‍ക്കിംഗ്" എന്ന് കണ്ട ബോര്‍ഡിന്‍റെ മുന്നില്‍ തന്നെ ബൈക്ക് പാര്‍ക്ക് ചെയ്ത് ട്രെയിനില്‍ കയറി കൂടിയതാണ് കക്ഷി.മടങ്ങി വന്നപ്പോള്‍ ആണ് ബോര്‍ഡില്‍  "പാര്‍ക്കിംഗ്" എന്നതിന് മുന്നില്‍ എഴുതിയ "നോ" ശാന്തപ്പന്‍ കണ്ടത്.

"നോ" ഉള്ള ബോര്‍ഡും, ബോര്‍ഡിനു മുന്നില്‍ "ഫയര്‍ എസ്കേപ്പിന്" ചങ്ങല വരിഞ്ഞുകെട്ടി താഴിട്ടു പൂട്ടിയ മജീഷ്യനെപോലെ  നില്‍ക്കുന്ന സ്വന്തം വണ്ടിയും കണ്ടു ഏഴരക്കട്ടയില്‍ ഉറക്കെ പാടി... "നോാാാാാാാാാാാാ......"

പാട്ട് കേട്ട് റെയില്‍വേ പോലീസ് എത്തി.

"ഇനിമുതൽ നോ കാണ്ടോളാം... സാറേ.... " എന്ന് കരഞ്ഞു കാലുപിടിച്ച ശന്തപ്പനെകൊണ്ട് "ഞാനിനി ഇതാവര്‍ത്തിക്കില്ല............., ബൈക്കും കൊണ്ട് സ്റ്റേഷനില്‍ വരില്ല..................., പോലീസ്നെ കണ്ടാല്‍ പേടിച്ചു മുള്ളില്ല..............." എന്നൊക്കെ നൂറുതവണ എഴുതിപ്പിച്ച ശേഷം 51 ഏത്തവും ഇടുവിപ്പിച്ചു എന്നൊക്കെ കേട്ട് ഇട്ടുണ്ണാന്‍ എട്ടുവട്ടം പൊട്ടിച്ചിരിച്ചു. ആ ഗ്യാപ്പിനു തട്ടുകട ബില്ല് ഇട്ടുണ്ണാനെ ഏല്‍പ്പിച്ച് ഞങ്ങള്‍ മൂന്നും വണ്ടിയില്‍ കയറി.

മണ്ണൂത്തി കഴിഞ്ഞപ്പോള്‍ ആദിവാസി കുടിയില്‍ നിന്നും കോൾ വന്നു.രാവിലെ ട്രെയിനില്‍ ഇരുന്നു വായിനോക്കി നോക്കി ഏതോ പെണ്ണിനൊപ്പം കാസര്‍ഗോഡ്‌ വരെ പോയി രാത്രി മടങ്ങിവന്ന ആദിവാസ്സിയെ ഭാര്യ ജാനു ചിരവയ്ക്കടിച്ചു, ഒലക്കയ്ക്ക് തല്ലി, ചൂലോണ്ട്മാന്തി, ഒടുവില്‍ കൂമ്പിനിടിച്ച് താഴെയിട്ടു.
അതില്‍ പ്രതിക്ഷേധിച്ച് ജാനുനെ പെങ്ങളായി പ്രഖ്യാപിച്ച് വിപ്ലവം തുടങ്ങിയ കാര്യം പറയാന്‍ വിളിച്ചതാണ്.

ചവുട്ടി പിടിച്ചിരിക്കുന്ന ജാനുവിൻ്റെ കാല്കീഴില് നിന്നും "നഷടപെടാൻ ഉടുതുണി മാത്രം, നേടുവാനൊരു ജീവൻ" എന്നും പറഞ്ഞു, യാത്രാ ഉദ്ദേശങ്ങള്‍ കേട്ടറിഞ്ഞു പൊള്ളാച്ചിക്ക് തിരിക്കാനൊരുങ്ങിയ വാസുമാഷിന്‍റെ മണ്ടയില്‍ അമ്മിക്കല്ല് പോലെ എന്തോ വീഴുന്ന ശബ്ദത്തിനോപ്പം കോള് കട്ടായി.

രാത്രി എങ്കിലും, അന്തരീക്ഷത്തിന് നല്ല ചൂടുണ്ട്.തണുത്ത വെള്ളം തീര്‍ന്നിട്ടും ചൂട് കുറയുന്നില്ല.ചൂട് സഹിച്ച് വടക്കഞ്ചേരി എത്തി അവിടിറങ്ങി ആദ്യം കണ്ട തട്ടുകടയില്‍ നിന്നും രാത്രിയിലേയ്ക്കുള്ള പാഴ്സല്‍ വാങ്ങിക്കൊണ്ടിരുന്നപ്പോള്‍ സംഗമത്തിന് വരാന്‍ പറ്റാഞ്ഞതില്‍ സന്തോഷ പ്രകടനവുമായി വാസുമാഷിൻ്റെ ഭൂതം മുത്താപ്പ വിളിച്ചു.വരാഞ്ഞതില്‍ നന്ദി പറഞ്ഞു മനസ്സില്‍ രണ്ട് ചീത്തയും വിളിച്ച് വീണ്ടും യാത്ര.സംസ്ഥാന കുടിവെള്ള കോര്‍പ്പറേഷന്‍ കടയില്‍ കയറി ബഫര്‍ വെള്ളം വാങ്ങി വണ്ടിയില്‍ സ്റ്റോക്ക്‌ ചെയ്തശേഷം ഞങ്ങള്‍ ഹൈവേ വിട്ട് പൊള്ളാച്ചി റോഡില്‍ കയറിയപ്പോളെയ്ക്കും സമയം ഒന്‍പത് കഴിഞ്ഞിരുന്നു.

***************************

ഇടയ്ക്കിടെ എതിരെ വരുന്ന ചില വാഹനങ്ങളുടെയും അങ്ങിങ്ങായി കാണുന്ന ചില വീടുകളിലെ മങ്ങിയ പ്രകാശവും ഒഴികെ വണ്ടിയുടെ മൂന്ന്ചുറ്റിനും ഉണ്ടായിരുന്നത് കൂരിരുട്ടും, ഇരുട്ട് കണ്ട് പേടിച്ചു കരയുന്ന ചീവീടുകളുടെ ശബ്ദവും മാത്രം.

എതിരെ വരുന്ന വാഹനങ്ങള്‍ നിലച്ചു തുടങ്ങിയിരുന്നു. 
വീടുകളിലെ വെളിച്ചം അണഞ്ഞതോ അതോ വീടുകള്‍ മുഴുവന്‍ മണ്ണില്‍ താണ്പോയതോ എന്നറിയില്ല. അല്പം കൂടി കഴിഞ്ഞപ്പോള്‍ യാത്രയ്ക്കിടെ ഞങ്ങടെ വണ്ടിയ്ക്കു പിന്നിലോട്ട് ഓടിയൊളിക്കുന്ന ചില  ചെറു കവലകളില്‍ കാണുന്ന സ്ട്രീറ്റ് വെളിച്ചം അല്ലാതെ,പാലക്കാടൻ കാറ്റേറ്റുവാങ്ങി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അന്തരീക്ഷത്തിലൂടെ.... ഇരുട്ടിനെ കീറി മുറിക്കാന്‍ കെൽപ്പുള്ളതായി അവിടെ ഉണ്ടായിരുന്നത് വയസ്സന്‍ ഇട്ടുണ്ണാന്‍റെ വണ്ടിയുടെ തലവെളിച്ചം മാത്രം!!

റോഡിനിരുവശവും മരങ്ങള്‍ നിറഞ്ഞ ഒരു വഴിയിലൂടെ.........
ഒരു വളവു തിരിഞ്ഞു വണ്ടി കുതിച്ചു തുടങ്ങിയപ്പോള്‍....
ഉച്ചസമയത്ത് ഫ്രിഡ്ജിന്‍റെ വാതില്‍ തുറന്നവന് കിട്ടുന്നത് പോലൊരു തണുപ്പ്, ചൂടിനെ മറികടക്കാനായി താഴ്ത്തിയിട്ടിരുന്ന സൈഡ് വിന്‍ഡോയിലൂടെ വണ്ടിയില്‍ പടരുന്നത്‌ ഞാന്‍ അറിഞ്ഞു.ഒപ്പം കൂ......യ് എന്നൊരു കൂവലും.
പാലക്കാടിന്‍റെ മണ്ണില്‍ കയറിയപ്പോള്‍ മുതല്‍ മനസ്സില്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത് കണ്ടറിഞ്ഞുകൊണ്ട് സൂര്യകോപം തണുപ്പിക്കാനായി മഴയെത്തിയത് കണ്ടുള്ള സന്തോഷം ആണ്.മണ്ണിനേയും മനസ്സിനേയും തണുപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ആദ്യതുള്ളികള്‍ ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

അരങ്ങില്‍ തകര്‍ത്താടുന്ന ബാലെയില്‍ രംഗപടം മാറിയ പോലെ, മിനിട്ടുകള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു.ചെറുകാറ്റില്‍ റോഡിലേയ്ക്ക് തളര്‍ന്നു വീഴുന്ന ഇലകള്‍ക്കും ഉണങ്ങിയ മരകൊമ്പുകള്‍ക്കും ഇടയിലൂടെ....., കാഴ്ച്ചയെ മറയ്ച്ചു കൊണ്ട് ഫ്രണ്ട് ഗ്ലാസ്സില്‍ തട്ടിചിതറി തെറിക്കുന്ന മഴവെള്ളത്തെ വകഞ്ഞുമാറ്റിക്കൊണ്ട്, ഞങ്ങള്‍ ഇട്ടുണ്ണാന്‍ സജീവേട്ടൻ്റെ ഫാം ഹൌസ്സിലേയ്ക്കുള്ള ചെറിയ വഴിയിലേയ്ക്കു തിരിഞ്ഞു. അപ്പോളേയ്ക്കും മഴകണ്ട് പിണങ്ങിയ വൈദ്യുതിയുടെ പ്രതിക്ഷേധമറിയിച്ചു കൊണ്ട് തൊട്ടടുത്ത സ്ട്രീറ്റ് വെളിച്ചവും നിലച്ചിരുന്നു.

ഇടുങ്ങിയ വഴിയിലൂടെ.... റോഡിലേയ്ക്ക് ചാഞ്ഞുറങ്ങിയിരുന്ന, ഒരാള്‍ പൊക്കമുള്ള പുല്‍തലപ്പുകളെ തട്ടിയുണര്‍ത്തിക്കൊണ്ട് പോകുമ്പോള്‍ ഇട്ടുണ്ണാന്‍ വലത്തേയ്ക്ക് ചൂണ്ടി പറയുന്നുണ്ടാരുന്നു "ഡാ ഗഡിയെ ... ആ കാണുന്നത് ഡാം ആണ്" എന്ന്.ഇരുട്ടിന്‍റെ മറവില്‍ മഴതുള്ളികളേറ്റു ലാസ്യഭാവത്തില്‍ മഴനൃത്തമാടുന്ന ജലപ്പരപ്പിനെ പോലെ മഴനനയുവാന്‍ കൊതിക്കുന്ന മനസ്സിനെ എതിര്‍ത്തുകൊണ്ട് മഴയുടെ ശക്തി ശോഷിച്ച് വെറും ചാറ്റല്‍ മഴ ആയിമാറിയപ്പോള്‍ ഞങ്ങള്‍ ഫാം ഹൌസിൻ്റെ പടിക്കലെത്തിയിരുന്നു.ട്രെയിനിലെ ടോയിലറ്റ് ചുമരുകളില്‍ കാണുന്ന പോലെ ഒരു പേരും അതിന് താഴെ ഒരു മൊബൈല്‍ നമ്പരും,ഗെയ്റ്റിന് മേലെയായി വലിയ വായില്‍ തെളിഞ്ഞു നിന്നിരുന്നു.

ചാറ്റല്‍ മഴ എങ്കില്‍ അങ്ങിനെ എന്ന് കരുതി ഇറങ്ങി ഗേറ്റ് തുറക്കുമ്പോള്‍ അതിൽ എഴുതിയിരുന്ന പേര് വായിക്കാതിരുന്നില്ല - ജോഷി !!

*****************

വളരെ പഴയ രീതിയില്‍ പണിത ഒരു ചെറിയ കെട്ടിടം.അതിനു മുന്നില്‍ അസ്ഥാനത്ത് പുളിയുറുമ്പ് കടിച്ചിട്ട്‌ ചൊറിയാന്‍ പറ്റാതെ തുള്ളിനടക്കുന്നത് പോലൊരു മനുഷ്യന്‍ തത്തി കളിച്ചു നില്‍ക്കുന്നു.മൊബൈല്‍ നമ്പര്‍ ഒക്കെ എഴുതി ഗെയ്റ്റില്‍ തൂക്കിയ, ജോഷി എന്ന ആ മുതല് ഓടി നടന്നു ഞങ്ങളെ വരവേറ്റതിന് മേമ്പൊടിയായി കരണ്ടും വന്നു.


 അപ്പോഴേയ്ക്കു മനസ്സിലെ ആഗ്രഹം മഴയായി മണ്ണില്‍ കുതിര്‍ന്നിറങ്ങി.പിന്നൊന്നും ആലോചിച്ചില്ല......പിണ്ണാക്ക് കണ്ട പിള്ളേരെപ്പോലെ മഴയത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.അതുകണ്ട് ഹരി പിന്നാലെ ചാടി.വെള്ളം അലര്‍ജ്ജി ആണെന്ന് പറഞ്ഞു മച്ചാന്‍ ഇറങ്ങിയില്ല.തലയിലെ കളിമണ്ണ്‍ ഒലിച്ചു പോകും എന്ന് പറഞ്ഞ് ഇട്ടുണ്ണാനും മാറി നിന്നു."ഇവനൊക്കെ ഭ്രാന്താ" എന്ന ഭാവേന ജോഷിച്ചേട്ടന്‍ അടുക്കളയില്‍ കയറി ഭക്ഷണം വിളമ്പി കൊണ്ടുവന്നു.

യാത്രാ ഡ്രസ്സ്‌ മാറ്റി, വീട്ടു വസ്ത്രം ധരിച്ച് ഏവരും ടക്കീലയും ടച്ചിങ്ങ്സ്സും ഒക്കെ ആയി വരാന്തയില്‍ തന്നെ കൂടി.

അപ്പോളാണ് ഇട്ടുണ്ണാന്‍ ആ വീട്ടില്‍ പ്രേത ബാധ ഉണ്ട് എന്ന് കാച്ചിയത്.അതും സ്ത്രീ പ്രേതം.

എന്നാല്‍ അതൊന്നു കാണണമല്ലോ എന്ന് പറഞ്ഞു ഹരി പ്രേതത്തെ വെല്ലുവിളിച്ചു.

ഇട്ടുണ്ണാൻ്റെ തള്ളൽ പലനാൾ കേട്ടിട്ടുള്ള ശീലം വച്ച് മച്ചാൻ ഇട്ടുണ്ണാനെ നോക്കി ഒന്ന് പുച്ഛിച്ചു

ടക്കീലയും, ഗ്രാണ്ടും,ബാര്‍ടിനട്ടും,പൊറോട്ടയും ബീഫും , മീന്‍കറിയും മറ്റു പല വിഭവങ്ങളും ഒക്കെ ആയി മഴയുടെ മേമ്പടിയോടെ ഞങ്ങള്‍ ആഘോഷം പൊടിപൊടിക്കുമ്പോളാണ് അന്താക്ഷരി കളിക്കാം എന്ന ആശയം കടന്നുവന്നത്.മച്ചാനും, ജോഷി ചേട്ടനും ഇട്ടുണ്ണാന്‍ സജീവേട്ടനും മറുപക്ഷം ചേര്‍ന്ന വാശിയില്‍ ഞങ്ങള്‍ രണ്ടാളുകള്‍ വാശിയോടെ മത്സരിച്ചു.സന്ദര്‍ഭത്തിനു യോജിക്കും വിധം കരണ്ട് പോയി.മഴ അതിൻ്റെ പൂർണ്ണരൂപം കൈവരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുകളിലേയ്ക്ക് തിരിച്ചു വച്ച ടോര്‍ച്ച് വെളിച്ചത്തില്‍ മത്സരം മുറുകിയപ്പോള്‍ ഇടിയും മിന്നലും കാറ്റും ചേര്‍ന്ന് ഓര്‍ക്കസ്ട്രയൊരുക്കി. മഴനനഞ്ഞ് തണുത്ത തൊണ്ടയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും ചീവീടുകളും, തവളകളും ചേര്‍ന്ന് കോറസ്സ് പാടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മൂവര്‍സംഘം തോല്‍വി സമ്മതിച്ചു പിന്മാറി.
(അന്താക്ഷരി തോറ്റതിൽ കരയുന്ന സജീവേട്ടൻ )

എതിരാളികള്‍ മുട്ടുമടക്കിയപ്പോള്‍, എന്നാല്‍ പിന്നെ നാടന്‍പാട്ടാവാം എന്ന് കരുതി മഴയത്തെയ്ക്ക് ചാടിയ എന്‍റെ കൂടെ അന്താക്ഷരി പാർട്ട്ണർ ഹരിയും എത്തി !! 

വയറ്റിലെ വെള്ളം പാട്ടായി പുറത്ത് വന്നപ്പോള്‍, ശക്തി കൂട്ടി തിരിച്ചടിച്ച മഴയില്‍ കുതിര്‍ന്നുകൊണ്ട്, പല പല പാട്ടുകള്‍ ആടിയും പാടിയും രാത്രി ഒരുമണി കഴിഞ്ഞിട്ടും വന്ന്കൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടാളുടെ മഴ ആസ്വാദനം കണ്ട സജീവേട്ടന്‍ തല നനയാതെ ഇരിക്കാന്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചു കയറ്റി തയ്യാറായപ്പോളേയ്ക്ക് ഒരു നേരത്തെ നിശബ്ദ്തയ്ക്ക് ശേഷം ഹരി പാടി തുടങ്ങി....

ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ ......മ്പേ..........യ്.
എന്ത് കണ്ടിട്ടേ...തേതു കണ്ടിട്ടാടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാണോ ആടാട് പാമ്പേ....

പാക്കാനാരുടെ മുല്ലത്തറയിൽ വന്നാടാട് പാമ്പേ ...
നാലുകാല് പന്തലകത്ത് നിന്നാടാടു പാമ്പേ 

പന്തലില് മഞ്ഞ കളംകണ്ടിട്ടാടാട് പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാലാടാട് പാമ്പേ 


ചോ...പ്പകച്ച കഴുത്തിലണിഞ്ഞാലാ....ടാട് പാമ്പേ 
പള്ളി വാള് കയ്യിലെടുത്താ.... ലാടാട് പാമ്പേ 

പാക്കനാരുടെ വട്ട മുടി കണ്ടാലാ...ടാട് പാമ്പേ ...
ചേലൊത്ത പത്തി വിരിച്ചിട്ടാടാടു  പാമ്പേ 

ഏഴിലംപാല ചോട്ടില് വന്നിട്ടാടാടു പാമ്പേ 
പാമ്പിന്റെ ആട്ടാതു കണ്ടാല് ഞങ്ങളും ആടും പാമ്പേ...

ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... ആടാടു പാ.......മ്പേ..........യ്.
ആ...............ടു.. പാ......മ്പേ................................. 
ആടാ..ട്... പാ......മ്പേ...... കാവിലിളം പാ.......മ്പേ..........യ്


പാട്ടു തുടങ്ങി പകുതി ആകുന്നതിനുമുന്നേ തന്നെ ഇട്ടുണ്ണാൻ പാമ്പ് മഴയത്തിറങ്ങി പത്തിവിടർത്തി ആടി തിമിർത്തു തുടങ്ങി.അതുകണ്ട ജോഷിച്ചേട്ടൻ ഇരുട്ടിൻ്റെ മറവിലൂടെ ഇഴഞ്ഞു വന്ന് ഫണം വിടർത്തി മഴനൃത്തം തുടങ്ങി. വെള്ളം അലർജ്ജി ആയ മച്ചാൻ മാത്രം ഇരവിഴുങ്ങിയ പെരുമ്പാമ്പ് കണക്കെ കരയ്ക്കു നിന്ന് തലയുയർത്തി ഒന്ന് നോക്കി.

തണുത്ത് വിറച്ചു തുടങ്ങിയപ്പോൾ മഴയത്ത് നിന്നും കരയ്ക്കു കയറി.അപ്പോളും തുള്ളിക്കൊരുകുടം എന്നപോലെ മഴ തകർത്തു പെയ്യുന്നുണ്ടാരുന്നു.

സർപ്പകളത്തിൽ വന്ന് കളമെഴുതി അടിയ ഇട്ടുണ്ണാൻ ഒരുകലം ചോറ് ഒറ്റയിരിപ്പിനു തീർത്ത ശേഷം കൈ കഴുകുമ്പോൾ സമയം പുലർച്ചെ മൂന്നരയോടടുത്തിരുന്നു
അൽപ സമയം കൂടി കഥകളും പാട്ടുകളുമൊക്കെയായി കൂടിയ ശേഷം കിടക്കാനുള്ള തത്രപ്പാട് ഒരുക്കിയപ്പോളേക്കും,ആർക്കും വേണ്ടാത്ത പിണ്ണാക്കും ചാക്ക് പോലെ..... മച്ചാൻ കസ്സേരയിൽ ഇരുന്നുറങ്ങിയിരുന്നു.  


അന്ന് രാത്രി ഹരി ഒഴികെ മറ്റെല്ലാവരും സുഖമായി ഉറങ്ങി.

യക്ഷികളെയും പ്രേതങ്ങളെയും ഒക്കെ പുച്ഛിച്ച് തള്ളിയ ഹരിയുടെ ചോരകുടിച്ചു പ്രേതങ്ങൾ തൃപ്തിയടഞ്ഞു.

ചോരകുടി സഹിക്കവയ്യാതെ ഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയും തിരിയുകയും മറിയുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന ഹരി ഒരു മന്ത്രം പോലെ ഇടയ്ക്കിടെ പറയുന്നുണ്ടാരുന്നു, "ഒടുക്കത്തെ കൊതുകാണ് ഭായി"

അവിടെ ഉറങ്ങിയ മറ്റ് നാലുപേരെയും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഹരിയെ മാത്രം ഇര ആക്കിയത് "പ്രേതങ്ങളുടെ പ്രതികാരം തന്നെ" എന്ന ഉറച്ച വിശ്വാസത്തിൽ പുലർച്ചെ 10 മണിക്ക് തന്നെ ഞങ്ങൾ ഉറക്കമുണർന്നു.


അപ്പോളാണ് ഇട്ടുണ്ണാൻ്റെ ഫാം മൊത്തത്തിൽ കാണുന്നത്.വീട് ഇരിക്കുന്ന ഭാഗം ഏകദേശം രണ്ടു രണ്ടര ഏക്കർ വരും.അതിൽ വീടിൻ്റെ ഒരു വശത്തായി  ഒഴിഞ്ഞ കോഴിക്കൂട്, നിറഞ്ഞ ആട്ടിൻ കൂട്,പശു ഇല്ലാത്ത പശു കൂട് എന്നിവയുണ്ട്.
പോത്ത്കൾ നിറഞ്ഞ മറ്റൊരു വലിയ കൂട് വീടിൻ്റെ മറു വശത്തായി കാണാവുന്നതാണ്. ആ കൂടിൻ്റെ  ഒരുവശം നിറയെ വൈക്കോൽ നിറച്ചുവച്ചിരിക്കുന്നു.പണ്ട് ജാമ്പവാൻ ലങ്കയിൽ നെൽകൃഷി നടത്തിയിരുന്നപ്പോൾ കൊയ്ത പാടത്തിൽ നിന്നും നേരിട്ട് വാങ്ങി സൂക്ഷിച്ചതാണ് എന്ന് അതിൻ്റെ പഴക്കം കണ്ടാൽ തന്നെ മനസ്സിലാകും.

ഉപ്പുമാവും ദോശയും ഒക്കെ എല്ലാവരും കൂടി ഉണ്ടാക്കി കഴിച്ചു.ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കിയശേഷം ഫാമിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി കാണുവാൻ പോയി.

വീടും കൂടും ഒക്കെ ഇരിക്കുന്ന ഫാമിൻ്റെ കൊച്ചു ഭാഗം കഴിഞ്ഞാൽ ഒരു കുഞ്ഞു കനാൽ ആണ്.ഡാമിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി ഒഴുക്കുന്ന വെള്ളം നിറഞ്ഞൊഴുകുന്ന കനാലിൻ്റെ മറുകരയിൽ നിന്നും തെങ്ങിൻ തോപ്പ് തുടങ്ങുന്നു.ഏതാനും ഇരുമ്പിന് ദണ്ഡ്കൾ കൂട്ടി കെട്ടി കനാലിനു കുറുകെ ഇട്ടിരിക്കുന്ന വീതികുറഞ്ഞ പാലത്തിലൂടെ ഞാണിന്മേൽ കളിക്കാർ നടക്കുന്ന പോലെ ഓരോരുത്തരായി തെങ്ങിൻ തോപ്പിലേയ്ക്ക്.

കനാലിൽ നിന്നും ഉള്ള ഉറവയും, തലേന്ന് മണിക്കൂറുകൾ പെയ്ത മഴയുടെ ഉറവയും ഒക്കെ ചേർന്ന് ചില നീരൊഴുക്കുകൾ തെങ്ങിൻതോപ്പിൻ്റെ  പല ഭാഗത്തേയ്ക്കും പോകുന്നുണ്ട്.

തെങ്ങിൻ തോപ്പിൽ നിറയെ അങ്ങിങ്ങായി ഓരോരുത്തർ തീറ്റ കണ്ട കോഴിയെ പോലെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്.പിന്നീടാണ് മനസ്സിലായത് അവർ തെങ്ങു ചെത്തുകാർ ആണ്.ഈശ്വരാ സോമരസഫാക്ടറി തെങ്ങിൻ്റെ രൂപേണ മുന്നിലോ ??
(തെങ്ങു ചെത്തുന്നു)

 മൊത്തത്തിൽ ഒന്ന് ചുറ്റിക്കറങ്ങി വന്നു.എല്ലായിടത്തും, മഴവെള്ളത്തിൽ കുതിർന്നു കിടക്കുന്നതുകൊണ്ട് മണ്ണിൽ ചവിട്ടുമ്പോൾ താഴുന്നുണ്ട്.

നല്ലൊരു കുളവും , ഫാമിൻ്റെ അതിർത്തിയോട് ചേർന്നൊഴുകുന്ന ഒരു മനോഹര അരുവിയും, അരുവിയിലേയ്ക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങുകളും, ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന വലിയ പുല്ലുകളും ഒക്കെ ചേർന്ന് മനസ്സ് നിറയുന്ന അനുഭവം തന്നെ !!

തലേന്ന് വെള്ളം അലർജ്ജി ആയി മാറി നിന്ന മച്ചാൻ കയം കണ്ട കന്നിനെ പോലെ അരുവിലേയ്ക്ക് എടുത്ത് ചാടി അർമ്മാദിച്ചുല്ലസ്സിച്ചു.
ഹരിയും ഞാനും കൂടേ ചേർന്നപ്പോൾ മച്ചാണ് ബഹു സന്തോഷം.വെള്ളത്തിൽ ഒഴുകി വരുന്ന തേങ്ങയ്ക്കു പിന്നാലെ ഓടലും, വെള്ളം തെറിപ്പിക്കലും, അട്ടഹാസങ്ങളും ഒക്കെ ആയി കുറെ സമയം

എല്ലാവരും മടങ്ങിപോകുവാൻ തുടങ്ങിപ്പോൾ, എന്തൊക്കെ ചെയ്തിട്ടും വെള്ളത്തിൽ നിന്നും കയറാത്ത മച്ചാനെ ഒടുവിൽ ഒരു കുപ്പി ചെത്ത് കള്ള് കാണിച്ച് ആവാഹിച്ച് കൊണ്ടുവന്നു ഗ്ളാസ്സിനു മുന്നിൽ കുടിയിരുത്തി.
(തെങ്ങിൻപൂക്കുല ജ്യൂസ്)


അതിനിടയിൽ ഹരിയെ കാണാതെ പോയി.തപ്പിപ്പിടിച്ച് ചെന്നപ്പോൾ പുല്ലുമേഞ്ഞോണ്ടിരുന്ന ഒരാടിനെ ട്യൂൺ ചെയ്തുകൊണ്ട് ഒരു തെങ്ങിൻ ചുവട്ടിൽ നിൽപ്പുണ്ട്.ചെവിക്ക് പിടിച്ചുവലിച്ച് ഒരുവിധം വീട്ടിൽ എത്തിച്ചു.
(കൊള്ളാലോ... )

ഉച്ച ഊണും, വിശ്രമവും സൊറപറച്ചിലും ഒക്കെയായി പിന്നെയും കുറച്ച് സമയം.പിന്നെ തിരികെ പോരാനുള്ള തത്രപ്പാടിൽ ആയി എല്ലാവരും.ആ തിരക്കിനിടയിൽ ആരും കാണാതെ തെങ്ങിൻതോപ്പിൻ്റെ ഒരു സൈഡിൽ ഉള്ള കുറ്റിക്കാട്ടിലേക്ക് കയറിപ്പോയി കുറെ കഴിഞ്ഞു മടങ്ങിയ സജീവേട്ടൻ എന്തിനവിടെ പോയി എന്നത് ഇന്നും അജ്ഞാതം !!
(കുറ്റിക്കാട്ടിൽ പോയി മടങ്ങുന്ന സജീവേട്ടൻ)

എല്ലാം കഴിഞ്ഞു അവിടുന്ന് മടക്കയാത്ര തുടങ്ങിയപ്പോഴേയ്ക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു.തൃശൂർ സംഗമ തലേന്ന് തുടങ്ങിയ യാത്രയും ആഘോഷങ്ങളും എല്ലാം താൽക്കാലത്തേയ്ക്കു നിർത്തിവച്ചുകൊണ്ട് പിരിയാനുള്ള സമയം അടുക്കുന്നു.മടക്കയാത്രയിൽഹരിയോടൊപ്പം ആലത്തൂർ ഇറങ്ങി.മൂന്നു ദിവസം നീണ്ട കൂടിക്കാഴ്ചകളോട് യാത്രപറഞ്ഞു ഇട്ടുണ്ണാനും മച്ചാനും ചാലക്കുടിക്കും, ഞങ്ങൾ രണ്ടും പാലക്കാടിനും യാത്ര തിരിച്ചു.പാലക്കാടു നിന്നും ഒറ്റപ്പാലത്തിനുള്ള ലാസ്റ്റ് ബസ്സിൽ കയറി  ലക്കിടി ഇറങ്ങി ഹരിയ്‌ക്കൊരു ടാറ്റ വച്ച് നീട്ടിയ ശേഷം തിരുവില്വാമലയ്ക്ക്.

സ്നേഹനിധികളായ അച്ഛനും അമ്മയും വീടിന്റെ ഉമ്മറത്ത് തന്നെ ചിരിച്ചുകൊണ്ട് കാത്ത് നിൽപ്പുണ്ടാരുന്നു..... 





Tuesday, 27 December 2016

പറുദീസ !!


             നെഞ്ചിലെ ഇടതൂർന്ന,
രോമങ്ങൾക്കിടയിലൂടെ അലസമായി വിരലുകൾ പായിച്ചുകൊണ്ട്, റേസ് പൂർത്തിയാക്കിയ കുതിരയുടേതുപോലെ വേഗതയിൽ മിടിക്കുന്ന അവൻ്റെ ഹൃദയ താളത്തിനായി ചെവിയോർത്തു കിടക്കുമ്പോൾ,വിയർപ്പാർന്ന ചുണ്ടുകളാൽ കിതപ്പടക്കികൊണ്ട് രേഖാചന്ദ്രന്‍ പതിയെ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടാരുന്നു.

"വിനു.."

ഉം...

"നിനക്കുവേണ്ടി മാത്രം ജീവിക്കുവാൻ ഒരു മോഹം തോന്നുന്നു....."

മഞ്ഞുതുള്ളികൾ മൂടിയ
പുലർകാല പുഷ്പങ്ങൾ പോലെ, ചുടുവിയർപ്പാൽ പൊതിഞ്ഞ 
അവളുടെ നഗ്നമായ മേനിയിലേയ്ക്ക് തളർന്നു വീണുറങ്ങുന്ന മുടിയിഴകളിൽ തലോടിക്കൊണ്ടിരിക്കെ തന്നെ, ആ വാചകങ്ങൾ വിനോദിനെ ഈന്തപ്പനയുടെ മണം നിറഞ്ഞ ഭൂമിയിൽ നിന്നും,നാട്ടിലുള്ള തന്‍റെ സഹധര്‍മ്മിണിയേയും മക്കളേയും വരെ മറികടന്നുകൊണ്ട്‌... വർഷങ്ങൾക്ക് പിന്നിലേയ്ക്ക് കൊണ്ടെത്തിച്ചു.


"നീ ആണ്  വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!""

പൂച്ചകണ്ണുള്ള ....,നുണകുഴികൾ വിരിക്കുന്ന ചിരിയുള്ള.....,പോക്കിളിൽ മറുകുള്ള.....സലോമി സെബാസ്റ്റ്യന്‍!!

കണ്ണുകളിൽ പടർന്ന നനവ് ചിരിയാൽ മറച്ചുകൊണ്ട്, ആത്മഗതം പോലെ അവൾ പറഞ്ഞ ആ വാക്കുകളിൽ തറച്ചു നിന്ന വിനോദ് പതിയെ രേഖയെ അടർത്തിമാറ്റിക്കൊണ്ട്... ബാൽക്കണിലക്ഷ്യമാക്കി എണീറ്റ് നടന്നു.

ഒരു മാൽബ്രോ എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ദീർഘമായ ഒരു പഫ് എടുത്ത് പുറത്തേയ്ക്കൂത്തിയകറ്റി!!


ജീവിതത്തിൽ ആരെ മറക്കുവാൻ വേണ്ടി ആണോ താൻ പല പല പെണ്ണുങ്ങളിൽ അഭയം തേടിയത്, അതെ ആൾ അങ്ങകലെ എവിടെയോ നിന്ന് മന്ത്രിക്കും പോലെ തോന്നി.

"വിനു നീ ഇങ്ങനെ വലിക്കരുത്, പുകവലി ആണ് എൻ്റെ അച്ഛനെ മരണത്തിൽ എത്തിച്ചത് , അതുപോലെ  നീയും ...."


ഒന്നുരണ്ട് പുക കൂടി എടുക്കുമ്പോഴേയ്ക്കും, തൻ്റെ മനസ്സ് പൂർണമായി സലോമി സെബാസ്റ്റ്യനിൽ  ഒട്ടിപ്പിടിച്ച പോലെ വിനോദിന് തോന്നി.

അവളുടെ കണ്ണിൽ അന്ന് പടർന്ന നനവ്, വർഷങ്ങൾക്കിപ്പുറമിന്നും 
തന്നെ പൊള്ളിക്കുന്നതവനറിഞ്ഞു!!

******************

ഠനം കഴിഞ്ഞു ജോലിതേടി കൊച്ചിയിൽ അലഞ്ഞ നാളുകളിൽ ആണ് സലോമി സെബാസ്റ്റ്യനെ വിനോദ് ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് താമസിച്ചിരുന്ന ഗാന്ധിനഗർ കോളനിയിലെ തൻ്റെ വീട്ടുടമസ്ഥയുടെ  ഒരേ ഒരു മകൾ. വല്ലപ്പോഴും നേർക്ക് നേരെ വരുമ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തുന്നതൊഴികെ,അതിലപ്പുറം ഒരടുപ്പം ഒരിക്കലും അവർ തമ്മിൽ ഉണ്ടായിരുന്നില്ല.

മാസങ്ങൾക്കു ശേഷമൊരുനാൾ സലോമിക്ക് 
ചെന്നൈയിൽ ജോലി കിട്ടി.അതോടെ അവൾ ചെന്നൈയ്ക്ക് ട്രെയിൻ കയറി.
ആഴ്ചകൾക്കു ശേഷം,സലോമി ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒഴിവ് ഉണ്ടെന്നത് അവളുടെ 'അമ്മ വഴി അവനിലേയ്ക്കെത്തിയപ്പോൾ ആണ് സലോമിയെ പറ്റി പിന്നീടവൻ ഓർക്കുക പോലും ചെയ്തത്.

ചെന്നൈയിൽ വിനോദ് എത്തി
മാസങ്ങൾക്കു ശേഷം ആണ് അവർ കൂടുതൽ അടുക്കുന്നത്.ആ അടുപ്പം എന്നോ ഒരിക്കൽ പ്രണയത്തിലേയ്ക്ക് വഴുതി വീണു.

പിന്നീടൊരുനാൾ അവൾ തന്നെ മുൻകൈ എടുത്തുകൊണ്ട് മഹാബലിപുരത്തിലേയ്ക്ക് നടത്തിയ ഒരു ട്രിപ്പിൽ  വിനോദിനെ ഞെട്ടിച്ചുകൊണ്ട് സലോമി സെബാസ്റ്റ്യന്‍ തൻ്റെ പൊക്കിൾ ചുഴിയിലെ കറുത്ത മറുക് അവനുമുന്നിൽ മറനീക്കികൊടുത്തു.

പിന്നീടവർ പല യാത്രകൾ ഒന്നിച്ച് നടത്തി,തളർച്ചയിൽ പരസ്പരം കൂടെ നിന്നു.അവന്റെ മനസ്സിലെ രതിദേവിയ്ക്ക് സലോമി എന്ന ഒറ്റ അർത്ഥമെ ഉണ്ടായിരുന്നുള്ളു.പ്രണയ സല്ലാപങ്ങൾക്കും കാമകേളികൾക്കും അപ്പുറം വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.

"ഇവൾ തന്നെ വിനുവിൻ്റെ പെണ്ണ്" എന്ന് മനസിലുറപ്പിച്ച ഉടൻ അവൾക്കൊപ്പമൊരു കൊച്ചു ഫാമിലി ഫ്ലാറ്റിലേയ്ക്ക് താമസം മാറി.ഒരു മനവും ഇരു മെയ്യുമായി, ഭാര്യ ഭർത്താക്കന്മാരെ പോലുള്ള ജീവിതം ആസ്വദിച്ച്... സന്തോഷത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നാളുകളിൽ ഒന്നിലാണ്, അവളുടെ കരൾ രോഗത്തെ കുറിച്ച് വിനോദ് അറിയുന്നത്.

വർഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവൾ ആണ് സലോമി എന്നറിഞ്ഞതോടെ വിനോദിന്റെ ഉള്ളിലെ "തൻ്റെ പെണ്ണ്" എന്ന ചിത്രത്തിന് നാൾക്കുനാൾ മങ്ങലേറ്റു തുടങ്ങി."ഒരു നിത്യ രോഗിയെ സ്വീകരിച്ച് ബാധ്യത ആക്കണമോ?" എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.ഹൃദയവും ബുദ്ധിയും തമ്മിൽ ഉണ്ടായ  മല്പിടുത്തത്തിനൊടുവിൽ വിനോദിന് തൻ്റെ ബുദ്ധിക്കു മുന്നിൽ തലകുനിക്കേണ്ടി വന്നു.

നടുവ് മുതൽ കാലിന്റെ പെരുവിരൽ വരെ ഇടയ്ക്കിടെ 
ഉണ്ടാവാറുള്ള വേദനയും മരവിപ്പും ചികിൽസിക്കാൻ കമ്പനിപ്പടിയിൽ ഉള്ള മർമ ചികിത്സകൻ വാസുവൈദ്യരെ കാണുവാൻ പോകുന്നു എന്ന ഭാവേന വിനോദ് നാട്ടിലേയ്ക്കുള്ള ടിക്കറ്റെടുത്തു.അവൻ നാട്ടിലേക്ക് 
തിരിക്കുന്ന ദിവസം രാവിലെ,കുളിച്ച് മുല്ലപ്പൂ ചൂടി 
ഒരിളം പിങ്ക് സാരിയും ധരിച്ച് തൻ്റെ മുന്നിൽ എത്തിയ സലോമിയുടെ രൂപം നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു.

പിന്നീടുള്ള 
മണിക്കൂറുകൾ കെട്ടിപ്പിടിച്ച് കിടന്നതിന്റെയോ അതോ അവളുടെ രോഗത്തിൻ്റെയോ അതുമല്ലെങ്കിൽ അവൻ നാട്ടിലേയ്ക്ക് പോകുന്നതിന്റെയോ എന്നറിയില്ല, അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തളർച്ച!!അവനെ യാത്രയാക്കുവാൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ആ തളർച്ച മറയ്ക്കുവാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

 ജനൽ പാളികൾക്കിടയിലൂടെ........ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട്........,നീങ്ങിതുടങ്ങിയ ട്രെയിനിനൊപ്പം പ്ലാറ്റ്ഫോമിലൂടെ വേഗത്തിൽ നടക്കുവാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

"വിനു......

നീ വേഗം മടങ്ങിവരില്ലേ....??

ഉം!!

"നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല വിനു ..."

എന്ന അവളുടെ വാക്കുകളെ പ്ലാറ്റ്ഫോമിൽ തനിച്ചാക്കിക്കൊണ്ട് 
ട്രെയിൻ വേഗത കൈവരിക്കുവാൻ തുടങ്ങിയിരുന്നു.ചെന്നൈയിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ അവൾക്ക് മുന്നിൽ എല്ലാം മഞ്ഞു മൂടി പോയത് പോലെ അവൾക്ക് തോന്നി.

അവൾക്കരികിലേയ്ക്ക് തിരിഞ്ഞോടുവാൻ വെമ്പുന്ന കാലുകളെ തോൽപ്പിച്ചുകൊണ്ട് വിനോദ് തൻ്റെ വലതു കരമുയർത്തി അവൾക്കൊരു ടാറ്റ നൽകി.

************

                     ബാൽക്കണിയിൽ നിൽക്കുന്ന തന്നെ പിന്നിലൂടെ കെട്ടിപിടിച്ച് ചുംബിക്കുന്ന രേഖാചന്ദ്രൻ്റെ  സാമിപ്യം മനസ്സിൽ അസ്വസ്ഥത പടർത്തിക്കൊണ്ടിരിക്കെ തന്നെ... വല്ലാത്തോരു കുറ്റബോധം അവനിൽ പടർന്ന് കയറി!!

രേഖയുടെ ആലിംഗനത്തെ വിടുവിച്ചുകൊണ്ട്, അവൻ 
ബാൽക്കണിയിൽ നിന്നും മുറിയിൽ കടന്നു.ഫ്രിഡ്ജ്ജ് തുറന്ന് ഐസ് ക്യൂബുകൾ എടുത്ത്  ഒരുഗ്ളാസ്സിൽ പാതി നിറച്ച ശേഷം, ഷെൽഫ് തുറന്ന് "ബ്ളാക്ക് ഡോഗ് ട്രിപ്പിൾ ഗോൾഡ് റിസേർവ് ബ്ലന്റഡ്" വിസ്കി എടുത്ത്  ഗ്ളാസ്സിലെ ഐസ് ക്യൂബുകൾക്കു മുകളിൽ പകർന്ന്, സോഫയിൽ ചാരി ഇരുന്നു.മറ്റൊരു പായ്ക്കറ്റ് പൊട്ടിച്ച് അതിൽ നിന്നൊരു മാൽബറോ കൂടി എടുത്ത് ചുണ്ടോടടുപ്പിച്ചു.

എന്താ വിനു ?? എന്തു പറ്റി?? നീ പെട്ടെന്ന്
മൂഡോഫ് ആയല്ലോ!!

"നാൽപ്പതു വയസ്സുകഴിഞ്ഞാൽ സ്ത്രീകൾക്ക് സൗന്ദര്യം കൂടും" എന്ന് എവിടെയോ വായിച്ചതിനെ പുച്ഛിച്ച്‌ തള്ളിക്കൊണ്ട്, തൻ്റെ തൊട്ടടുത്തായി വന്നിരുന്ന രേഖ ചന്ദ്രനെ കണ്ടില്ല എന്ന് നടിച്ചു.
രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം എണ്ണിപെറുക്കിയ ലീവുമായി നാട്ടിൽ വന്നിറങ്ങി ഏതാനും ദിവസം കഴിയുമ്പോൾ ഭാര്യയോട് തോന്നുന്ന അതെ നിസ്സംഗത!!

മുപ്പത്തി അഞ്ചു കഴിഞ്ഞ ഭാര്യ പെങ്ങളെ പോലെ എന്ന് പറഞ്ഞ സ്കൂൾ അധ്യാപനോട് ആദ്യമായി ഒരിഷ്ടം തോന്നി.

ഒരുകൈയിൽ ഗ്ളാസ്സും മറുകൈയിൽ ഫോണും എടുത്തുകൊണ്ട്, വിനോദ് തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.

***************

ദൂരെ ദൂരെ......

അറിയപ്പെടാത്ത നാട്ടിലെങ്ങോ............

സലോമി സെബാസ്റ്റ്യൻ്റെ അനാഥമാക്കപ്പെട്ട ചിതറിയ വാക്കുകൾ,വാക്കുകൾക്ക് മാത്രമുള്ള പറുദീസ തേടിയുള്ള യാത്രയിൽ ആയിരുന്നു.

ചാരം മൂടിയ കനലുകൾ ആ വാക്കുകളാൽ എരിഞ്ഞുകൊണ്ടേയിരുന്നു:"നീ....... നീയാണ് വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!"







Monday, 14 November 2016

ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ...



"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"

ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.

കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്.  "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.

സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.

കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.

ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.

ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!

ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ്‌ മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.

"അന്നോട്‌ ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."

വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.

"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"

"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??

മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.

"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!

ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.

"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.

അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.

അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.

"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.

കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.

കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.

കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട്  ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.

ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും  ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.

ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.

ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."

വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.

"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."

ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.

"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.


*********************

തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...

"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."

ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.

വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.

നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.

വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.

ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.

"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....


  കൊ കൊ കൊ ക്കൊ ക്കൊ
   കൊ..ക്കോ...............................; കൊ..ക്കോ...... 


********************








Monday, 7 November 2016

എന്‍റെ സിനിമ - ഷോ 7

ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 1934 ൽ ചിലർ ചേർന്ന് ഒരു പ്രതിമ പ്രതിമ സ്ഥാപിക്കുകയുണ്ടായി.ഒരു നായയുടെ!!


എന്തിനെന്നറിയണം എന്ന ആഗ്രഹത്തിൽ ഗൂഗിൾ മാമന്‍റെ ഉമ്മറത്ത് ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ എത്തിപ്പെട്ടപ്പോൾ ആണ് മാമൻ ആ കഥ പറഞ്ഞുതന്നത്.

ആ പ്രതിമയുടെ ജീവനുള്ള രൂപം ആയിരുന്നു "ഹാച്ചിക്കോ" എന്ന ഒരു വളർത്തു നായ.1920 ൽ യെനൊ എന്ന തന്‍റെ യജമാനനെ റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചിരുന്ന ഹാച്ചി, വൈകിട്ട് ജോലി കഴിഞ്ഞു ട്രെയിനിൽ വന്നിറങ്ങുന്ന യെനൊ യ്ക്ക് വേണ്ടി പകൽ മുഴുവൻ ആ സ്റ്റേഷൻ പരിസരത്ത് കാത്തിരിക്കുമായിരുന്നു.ആ പതിവ് അഞ്ചുകൊല്ലം മുടങ്ങാതെ തുടർന്നു.

എന്നാൽ 1925 ൽ ഒരുനാൾ പതിവ് പോലെ സ്റ്റേഷനിൽ വച്ച് ട്രെയിൻ കയറി ജോലിക്കു പോയ ഹാച്ചിയുടെ യജമാനൻ മടങ്ങിവരവ് സാധ്യമല്ലാത്ത ലോകത്തിലേയ്ക്ക് യാത്ര തിരിച്ചതറിയാതെ ഹാച്ചി യജമാനൻ മടങ്ങിവരുന്നതും കാത്ത് സ്റ്റേഷനിൽ തന്നെ തുടരുന്നു.

ആ കാത്തിരിപ്പിനു മുന്നിൽ മണിക്കൂറുകൾ ദിവസങ്ങൾക്ക് വഴിമാറി,ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ പിന്നീട് മാസങ്ങൾക്കും ഒടുവിൽ മാസങ്ങൾ വർഷങ്ങൾക്കും വഴിമാറികൊടുത്തു.ഏകദേശം പത്ത് കൊല്ലം തന്‍റെ യജമാനൻ ഒരിക്കൽ മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ചിയുടെ ശരീരം കാത്തിരിപ്പ് ആത്മാവിന് കൈമാറിക്കൊണ്ട് ഒടുവിൽ നിശ്ചലമായി.

ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ഒന്നും കെട്ടിമാറാപ്പുകളോ അളവുകോലുകളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ പറ്റാത്ത ഇരുകാലികൾക്കിടയിൽ, നിസ്വാർത്ഥ സ്നേഹത്തോടെ .... തന്‍റെ മരണം വരെയുള്ള കാത്തിരിപ്പു തുടർന്ന ആ നാൽക്കാലിയുടെ സ്നേഹം അറിഞ്ഞു കണ്ണുനിറഞ്ഞ ചിലർ ചേർന്ന് ആ കഥ അഭ്രപാളികളിൽ എത്തിക്കുകയുണ്ടായി.

2009 ജൂൺ മാസ്സത്തിൽ പുറത്തിറങ്ങിയ ഹാച്ചി- എ ഡോഗ്സ് ടേൽ എന്ന സിനിമ, ഹാച്ചിക്കോ എന്ന നായയുടെ യജമാന സ്നേഹത്തിന്‍റെ കഥ പറയുന്നു.



ക്ലാസ്സ് മുറിയിൽ വച്ച് തങ്ങളുടെ പ്രീയപ്പെട്ട ഹീറോകളെ പറ്റി പറയുന്ന കുട്ടികൾക്കിടയിൽ നിന്നും തന്‍റെ ഏറ്റവും വലിയ ഹീറോ ഹാച്ചിക്കോ എന്ന, തന്‍റെ മുത്തശ്ശന്‍റെ വളർത്ത് നായ ആണെന്ന് പറഞ്ഞുതുടങ്ങുന്ന റോണി എന്ന കൊച്ചു മിടുക്കനിലൂടെ സിനിമ ഹാച്ചിക്കോയുടെ ജീവിതത്തിലേയ്ക്ക് കടക്കുന്നു.

ബെഡ്റിജ്ജ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോംമിൽ വച്ച് ആണ് പ്രൊഫസർ പാട്രിക് വിത്സൺ ആദ്യമായി കൊച്ചു ഹാച്ചിയെ കണ്ടുമുട്ടുന്നത്.

പിന്നീട്....സ്നേഹിക്കപ്പെടുവാൻ വെമ്പുന്ന ഹൃദയത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു ഈ സിനിമ.കാല്പനികതയോ അതിഭാവുകത്വമോ ഇല്ലാതെ.... ഹൃദയത്തിൽ തൊട്ടുകൊണ്ട് കടന്നുപോകുന്ന കഥാ സന്ദർഭങ്ങളിൽ പലതും കണ്ണിൽ ചെറുനനവോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നെടുവീർപ്പുകളോ പുറപ്പെടുവിച്ചെക്കാം.

 ആത്മാർത്ഥ സ്നേഹം എന്നത് ഒരു മൃഗത്തിന് സാധിക്കും എങ്കിൽ, എല്ലാം തികഞ്ഞവർ എന്നൂറ്റം കൊള്ളുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്ത പ്രേക്ഷകർക്കുള്ളിൽ ജനിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയവും.

ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാടു സിനിമകൾ കാണുമെങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ട്, ഹൃദയസ്പർശ്ശിയായ ഈ സിനിമ തന്നെ ആവും എക്കാലത്തെയും എന്‍റെ ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉണ്ടാവുക.


കാത്തിരിപ്പിന് ഒരു നല്ലവശം ഉണ്ട്.ഒരിക്കൽ നടക്കും എന്ന നല്ലവശം.അത്തരം  ശുഭ  പ്രതീക്ഷകൾ തന്നെയാണ്  ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.


  








Friday, 4 November 2016

എന്‍റെ പുസ്തകം !! - ഭാഗം 5

1969 ജൂൺ മാസം ഫ്രാൻസ്സിൽ ഇറങ്ങിയ ഒരു നോവൽ വെറും 9 മാസം കൊണ്ട് 10 ലക്ഷം കോപ്പികൾ വിറ്റഴിയുകയുണ്ടായി. ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും", ഡാൻ ബ്രൗൺന്‍റെ "ഡാവിഞ്ചി കോഡ്" എന്നിവയെ വരെ പിന്തള്ളിക്കൊണ്ട്, ഗുഡ് റീഡ് റേറ്റിങ്ങിൽ 4.2/ 5 നേടിക്കൊണ്ട്, ഈ പുസ്തകം 2016 ലും നാലാം സ്ഥാനത്ത് നിൽക്കുന്നു.

അധോലോകത്ത് "ചിത്രശലഭം" എന്നർത്ഥം വരുന്ന "പാപ്പിയോൺ" എന്നറിയപ്പെടുന്ന "ഹെൻറി ഷാരിയർ"തന്‍റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ, ചെയ്യാത്ത ഒരു കൊലപാതകത്തിന്‍റെ പേരിൽ, 1931 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്, ഫ്രഞ്ച് ജയിലിലേയ്ക്കും അവിടുന്ന് ഫ്രഞ്ച് ഗയാനയിലെ പീനൽ കോളനിയിലും അയക്കപ്പെടുന്നു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നറിയാവുന്ന ഹെൻറി, "ഇത്രയും നീണ്ട ശിക്ഷ താൻ അനുഭവിക്കില്ല" എന്ന് പ്രതിജ്ഞ എടുക്കുന്നു.

ഏറ്റവും പൈശാചികവും, നിന്ദ്യവുമായ ശിക്ഷാ വിധികൾക്കിടെ സാഹസികത നിറഞ്ഞ, തുടർച്ചയായ രക്ഷപെടൽ ശ്രമങ്ങൾ. "ഏറ്റവും അപകടകാരി" എന്ന പേരിൽ ഒടുവിൽ ചെകുത്താൻ തുരുത്തിലേയ്ക്ക് മാറ്റപ്പെടുന്ന പാപ്പിയോൺ അപ്പോളും ആത്മ വിശ്വസം കൈവിട്ടിരുന്നില്ല. അവിടുന്ന് നാളികേരം നിറച്ച ചാക്കിൽ കയറി ആർത്തിരമ്പുന്ന കടൽമാർഗം രക്ഷപെട്ട് വെനിസ്യുലയിൽ എത്തിപ്പെടുന്നു.പതിനാലു വർഷം നീണ്ടു നിന്ന യാതനകൾക്കൊടുവിൽ എത്തിപ്പെട്ട നാട്ടിൽ ആയി പിന്നീടുള്ള ജീവിതം.അവിടുത്തെ പൗരത്വം സ്വീകരിച്ച അദ്ദേഹം പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ ആത്മകഥ നോവൽ രൂപേണ എഴുതുന്നു.

ഈ നൂറ്റാണ്ടിലെ എന്നല്ല മാനവ ചരിത്രത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളുടെ ഒപ്പം നിൽക്കാവുന്ന ഒരു രചന ആയി ഇതിനെ പലരും കാണുന്നുണ്ട്.മറ്റു ചിലർ ആവട്ടെ , വായനക്കാരെ രണ്ടായി തിരിക്കുക വരെ ചെയ്തു, "പാപ്പിയോൺ വായിച്ചവരും , പാപ്പിയോൺ വായിക്കാത്തവരും".

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കാര്യം ഉറപ്പാണ്.
ആവേശത്തോടെ... 
ആകാംഷയോടെ.....
ഉദ്ദ്വേഗത്തോടെ ....... മാത്രം വായിച്ച് തീർക്കുവാൻ സാധിക്കുന്ന ഒരു നോവൽ, ശ്വാസമടക്കിപിടിച്ച് മാത്രം വായിച്ച്‌ പോകാവുന്ന ചില സംഭവങ്ങൾ.
മനുഷ്യന്‍റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്‍റെ...... തളരാത്ത പോരാട്ട വീര്യത്തിന്‍റെ...... ഇതിഹാസം തന്നെ ആണ് പാപ്പിയോൺ എന്ന നോവൽ എന്നത് ഏതൊരു വായനക്കാരനും സമ്മതിക്കാതെ തരമില്ല.രക്ഷപെടുവാൻ വേണ്ടി ജീവൻ പണയം വച്ച്കൊണ്ടും എന്ത് സാഹസികതയ്ക്കും തയ്യാറാവുന്ന പാപ്പിയോൺന്‍റെ കഥ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.


ഈ പുസ്തകത്തെ അടിസ്ഥാനമാക്കി "പാപ്പിയോൺ" എന്ന സിനിമ 1973 ൽ ഇറങ്ങുകയുണ്ടായി.നോവൽ വായിച്ച ശേഷം കണ്ട സിനിമ ആയതു കൊണ്ടോ എന്തോ, ഏകദേശം അഞ്ഞൂറോളം പേജുകൾ വരുന്ന ഈ നോവൽ വായിക്കുന്ന സുഖമോ ആവേശമോ ആകാംഷയോ ഒന്നും തന്നെ രണ്ടര മണിക്കൂറിൽ താഴെയുള്ള ആ സിനിമയ്ക്ക് നൽകുവാൻ സാധിച്ചില്ല



പുസ്തകം വാങ്ങി വായിക്കുവാൻ ആഗ്രഹിക്കുന്നവർ  ഇവിടെ അമർത്തിക്കോ...


Monday, 24 October 2016

പൂച്ച


കെട്ടുകഥകളില്‍ മാത്രം ഉണ്ടായിരുന്ന സിംഹം,പുലി എന്നിവയുടെ ഒക്കെ തറവാട്ടില്‍ പെട്ടവന്‍ എന്ന് വീമ്പും പറഞ്ഞ് നടക്കുന്ന പെരും കള്ളന്‍.എച്ചില് തിന്നും,പാത്തും പതുങ്ങിയും, കട്ടും പെറുക്കിയും,മുട്ടി ഉരുമിയും ഒക്കെ ജീവിക്കുന്ന വെള്ളത്തില്‍ പൊങ്ങിയായ ഇവന്‍ ചില കുബുദ്ധികൾക്ക് പൊന്നോമന .

ബ്ഭുഹ്ഹഹഹഹ 

മ്യാവു ....മ്യാവു

രണ്ട് കരച്ചിലുകൾ !!


ഒരു കരയലിനും ഒരു കരയിപ്പിക്കലിനും ഇടയിലുള്ള സമയം!!

ആ സമയത്ത് ചിരിക്കാൻ താല്പര്യമില്ലാഞ്ഞതിനാൽ, സമയത്തേയും തിരക്കുകളേയും പ്രതികളാക്കി ലോക്കപ്പിൽ കയറ്റി കൂമ്പിടിച്ച് വാട്ടി എടുത്ത് ഉണങ്ങാനിട്ടു.

ആദ്യ കരച്ചിലിൻ്റെ ഓർമ്മകളും തുടർവർഷങ്ങളും വരികളിൽ കോറിയ ശേഷം ഈഗോയുടെ വർണ്ണകടലാസ്സിൽ പൊതിഞ്ഞുകെട്ടി,പഴയ ഫോട്ടോകളുടെ അകമ്പടിയോടെ സോഷ്യൽ നെറ്റ് വർക്കുകളിൽ വയറൽ ആക്കുവാൻ നോക്കി.

ഒലിച്ച് പോകുന്ന മണ്ണിന് മുകളിൽ കയറി നിന്ന് ലൈക്കുകൾ, ഷെയറുകൾ, സെൽഫികൾ ഒക്കെ വാരി വിതറി കൃഷിയിറക്കി.

കൃഷി വിളയും മുന്നേ കരയിപ്പിക്കാനുള്ള കയറുമായി "ബ്രോ" വന്നു.

തെറ്റുകൾ തിരുത്താൻ,ഈഗോയുടെ കെട്ട് പൊട്ടിച്ചെറിയാൻ....

ആത്മാര്‍ത്ഥമായി എല്ലാവരേയും ഒന്ന് സ്നേഹിക്കാന്‍ ......

മനം നിറഞ്ഞ് ഒന്നുറക്കെ ചിരിക്കാൻ....???

എല്ലാം ബാക്കി ആക്കി സോഷ്യലും പ്രൈവറ്റും ആയ എല്ലാ  നെറ്റ് വര്‍ക്കുളില്‍ നിന്നും പുറത്തേയ്ക്ക്.

സമയ ചക്രം പിന്നോട്ട് കറങ്ങാറില്ലല്ലോ!!

കരയിപ്പിക്കാൻ പോലുമാകാതെ, ചിരിക്കാൻ മറന്ന മനസ്സുമായി......

ബ്രോയോടൊപ്പം നടന്നകലുമ്പോൾ......

ചക്രവാളം ചുമന്നിരുന്നു!!



എന്‍റെ സിനിമ - ഷോ 6

           ടുത്ത ഷോ ആയി പ്രദര്‍ശിപ്പിക്കാനായി ഒരു സിനിമ പ്രൊജക്ടർ റൂമിൽ വരെ എത്തിച്ചപ്പോൾ ആണ് അപ്രതീക്ഷിതമായി ഒരു കവറുമായി ഒരാൾ!!

ആരാണപ്പാ നുമ്മക്ക് കവർ തരാൻ എന്ന് കരുതികൊണ്ട്, കവറിലേയ്ക്ക് നോക്കിയപ്പോൾ "കുടനന്നാക്കുന്ന ചോയി" മാധവന് കൈ മാറിയ ലക്കോട്ട് ആണ് മനസ്സിൽ വന്നത്. അപ്പോൾ ഏതോ ഒരു ഫോൺ വന്നു. കവർ മേശമേൽ വച്ചിട്ടു ഫോണിൽ സംസാരം കഴിഞ്ഞു വന്നപ്പോളേയ്ക്കു കവറിൻ്റെ കാര്യം മറന്നു കഴിഞ്ഞു.

പിന്നീടെപ്പോഴോ യാദൃശ്ചികമായാണ് ആ കവർ ഒന്ന് തുറന്നു നോക്കാൻ തോന്നിയത്.തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

കവറിനുള്ളിൽ നവംബർ നാലിന് മാത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു സിനിമ ചെയ്ത സ്റ്റുഡിയോ അവരുടെ ഓഫീസിലെ ആളുകൾക്ക് വേണ്ടി മാത്രം പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഒരു ഷോ, അതുകാണുവാൻ.....

അതും ആ സിനിമയിൽ വർക്ക്‌ ചെയ്തിട്ടുള്ള കലാകാരന്മാരോടൊപ്പം തന്നെ ഇരുന്നു കാണുവാൻ ഉള്ള പ്രത്യേക ക്ഷണം.ഒപ്പം ടിക്കറ്റും!!!



അനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ,.... ലോകത്തിലെ ഏറ്റവും മികച്ച അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ.....
ഹോളിവുഡ് സിനിമയിലെ സൂപ്പർസ്റ്റാർ സംവിധായകൻ "സ്റ്റീവ് സ്പിൽബർഗ്"ൻ്റെ ഉടമസ്ഥതയ്യിൽ ഉള്ള "ഡ്രീം വർക്സ്" എന്ന സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ആനിമേഷൻ സിനിമ ആയ "ട്രോൾസ്" എന്ന സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നേ കാണുവാൻ കിട്ടിയ അവസ്സരം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലിയ സന്തോഷം നൽകുന്നതായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ പ്രത്യേക ഷോ നടക്കുന്ന തീയറ്ററിൽ എത്തി ചേർന്നു.

സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകളെ എല്ലാം പരിചയപ്പെട്ടുകഴിഞ്ഞപ്പോളേയ്ക്കു സിനിമ തുടങ്ങി.

ആടുകയും പാടുകയും പരസ്പരം സ്നേഹിച്ചുകൊണ്ട് ആലിംഗനം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് സന്തോഷകരമായി ജീവിക്കുന്ന ഇത്തിരി കുഞ്ഞന്മാരായ ജീവികൾ ആണ് ട്രോൾസ്.എന്നാൽ, ഒരിക്കലും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കാത്ത ഭീമാകാരന്മാർ ആണ് ബെർഗെൻസ്. ട്രോൾസ് നെ ഭക്ഷിക്കുന്നതിലൂടെ മാത്രം ആണ് തങ്ങൾക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന് ചിന്തിക്കുന്ന ബർഗെൻസ് , ഇപ്പോഴും അതിനായുള്ള ശ്രമങ്ങളിൽ ആണ്.

ബർഗൻസിൽ നിന്നും ഓടി രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചു താമസിക്കുന്ന ട്രോൾസ്കൾ ,അവർക്കിടയിലേക്ക് ഒരു നാൾ ഒരു ബർഗന്‍ കടന്നു വന്ന് അവരില്‍ ചിലരെ കൊണ്ടുപോകുന്നു.ഇരുപതു വർഷങ്ങൾക്കു ശേഷമാണ്  അവര്‍ക്കങ്ങിനെ ഒരു അപകടം സംഭവിക്കുന്നത്.അന്ന് അവരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ ട്രോൾസ് രാജാവ് "പെപ്പി"ക്ക് ഇന്ന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു.

ട്രോള്‍സ്സ്  രാജകുമാരി "പോപ്പി" ഒറ്റയ്ക്ക് തന്‍റെ കൂട്ടുകാരെ രക്ഷപെടുത്താന്‍ യാത്ര തിരിക്കുന്നു.യാത്രയ്ക്കിടയിൽ സംഭവിക്കുന്ന അപകടത്തിൽ നിന്നും പോപ്പിയെ രക്ഷപ്പടുത്തുന്ന "ബ്രഞ്ച്" എന്ന ട്രോൾസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം.പിന്നീടങ്ങോട്ടുള്ള യാത്ര അവർ ഒന്നിച്ചായി.

 "എല്ലാവരുടെയും ഉള്ളിൽ സന്തോഷം ഉണ്ട്, അത് നമ്മൾ കണ്ടെത്തിയാൽ ജീവിതം ഹാപ്പി ആയിരിക്കും" എന്ന ഒരു സന്ദേശം നേരിട്ട് പറയാതെ പറയുന്ന മനോഹരമായ കഥാന്ത്യത്തിൽ മനസ്സുനിറഞ്ഞു തിയറ്ററിനു വെളിയിലേക്കു പോന്നപ്പോൾ സിനിമയിലെ രസകരമായ സംഭാഷങ്ങളും , രംഗങ്ങളും ആയിരുന്നു ഏവരുടെയും സംസാര വിഷയം.

ട്രോൾസ് തൊപ്പിയും, ഒരു ബാഡ്ജും , അതിലെ ഓരോ കഥാപാത്രങ്ങളുടെയും ഒക്കെ ഡ്രോയിങ്ങ്‌സ്സും മറ്റു വിവരങ്ങളും ഉള്ള ഒരു പുസ്തകവും കിട്ടി.

700 കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ഈ മനോഹരമായ ആനിമേഷൻ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ നടത്തിയിരിക്കുന്നത് "ഡ്രീം വർക്ക്സ്" സ്റ്റുഡിയോ ആണ്.


ലോകത്തിലെ എല്ലാ വർണ്ണങ്ങളും ചാലിച്ച് നെയ്തു കൂട്ടിയ ഒരു മനോഹര സ്വപ്നം എന്നതുപോലെ കണ്ടിരിക്കാൻ പറ്റുന്ന,മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന രംഗങ്ങളും സംഭാഷണങ്ങളും, ഹൃദയ സ്പർശ്ശിയായ സന്ദർഭങ്ങളും നിറഞ്ഞ, നല്ലൊരു കഥയുള്ള ഈ  കൊച്ചു സിനിമ നവംബർ 4 ന് ലോകമെമ്പാടും റിലീസ് ആകുന്നു.ത്രീ ഡി ഗ്ളാസ്സ് വച്ച് തീയറ്ററിൽ തന്നെ പോയി കാണുവാൻ ശ്രമിക്കും എന്ന വിശ്വാസത്തോടെ .....

(ട്രോൾസ് തൊപ്പി ധരിച്ച പാവം മീ )