ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്‍ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Wednesday, 19 December 2018
വളർച്ച!!
Thursday, 2 August 2018
"വട്ടു ചരിതം" ഓട്ടൻതുള്ളൽ
വട്ടു...ച്ചാരുടെ മണ്ടച്ചാരുടെ...
മൊട്ടത്തലയിൽ കൂണുമുളച്ചു!!
കൂണു മുളച്ചത് കണ്ടു കൊതിച്ചോരാ...
മാഡം അങ്ങനെ മുട്ടകളിട്ടു....
മുട്ട പുഴുങ്ങാൻ വച്ചൊരു നേരം,
മുട്ടവിരിഞ്ഞതു കുട്ടികളായി !!
പുഴുങ്ങിയ മുട്ടകൾ തിന്നാൻ വന്നൊരു
വട്ടൂ..നെ നോക്കി കുട്ടി ചിരിച്ചു !!
കുട്ടി ചിരിക്കണ കണ്ടൊരു വട്ടു ,
പെട്ടി മുറുക്കീട്ടൊരോ..ട്ടോ പിടിച്ചു
ഓ..ട്ടോ പിടിച്ചോരാ മൊട്ടത്തലയൻ,
പിന്നെ പൊങ്ങീത് ഖത്തറിലാണേ !!
അത്തള പിത്തള കൊച്ചള വട്ടു
കമ്പിളി ചുറ്റി പാ...റി നടന്നു !!
ഖത്തറിലുള്ളൊരു വട്ടുച്ചാരുടെ...
കള്ള.....ക്ക..ളികൾ നാട്ടിലറിഞ്ഞു!!
മുട്ടവിരിഞ്ഞാ.. കുട്ടികൾ ചേ...ർന്ന്,
മണ്ടച്ചാരുടെ...കൂമ്പു കലക്കി !!
കൂമ്പുകലങ്ങി നടക്കും നേരം....
പാലക്കാട്ടെ... ടീച്ചർ കടിച്ചു !!
ടീച്ചർ കടിച്ചത് പോരാഞ്ഞിട്ട്...
വട്ടേക്കാവൻ.. പിടുക്ക് വിഴുങ്ങി !!
പിടുക്കില്ലാതെ ഇരിക്കും നേരം...
മൊട്ടത്തലയിൽ സിലിണ്ടറു വീണു !!
സിലിണ്ടറും പൊക്കി നടക്കും നേരം..
വേലീലിരുന്നൊരു പാമ്പിനെ കണ്ടു !!
പാമ്പിനെ കണ്ടു മയങ്ങിയ വട്ടു ,
പാമ്പിനെ വച്ചോരു കോണകമാക്കി !!
ആ...ടണു പാമ്പ്...ചീ..റ..ണ് പാ..മ്പ് !!
അയ്യോ പാമ്പേ...കൊത്ത...ല്ലേ.... ടാ !!
Tuesday, 28 November 2017
രാമേട്ടൻ അഥവാ വീരശൂരപരാക്രമി !!
തവള കണ്ണുള്ള 3 വയസ്സുകാരി പൈതൽ അവളുടെ വലിഞ്ഞ സ്പ്രിങ് പോലുള്ള മുടിയിൽ പിടിച്ചു വലിച്ച് കൊണ്ട് ചിണുങ്ങി. "നി..ച്ച് കുച്ച...ണ്ടാ".
വെള്ളം കണ്ടാൽ സ്ഥിരമായി പനി വരുമായിരുന്ന അവളെ തറവാട് വീടിന് ചുറ്റും ഓടിച്ചിട്ടു പിടിച്ച് അവർ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി ചകിരിക്ക് ഉരച്ചെടുത്ത് വെയിലത്തുണങ്ങാൻ വച്ച അന്ന് രാത്രി പതിവ് പനിയോടൊപ്പം ശരീരത്തിൽ അങ്ങിങ്ങായി ചൊറിഞ്ഞു തടിച്ചും തുടങ്ങി.പിന്നീട് ആ ചൊറി വട്ടത്തിൽ വലുതായി തുടങ്ങി.തന്നെയുമല്ല ആ ചൊറി തറവാട്ടിലെ മറ്റുള്ളവരിലേക്കും പടർന്നു എന്നതാണ് സത്യം.
അങ്ങിനെ തറവാട്ടിലെ എല്ലാവരും ഒഴിവു സമയങ്ങളിൽ തറവാട്ട് മുറ്റത്ത് വട്ടത്തിലിരുന്നു ചൊറിഞ്ഞു തുടങ്ങി.അവിടം കൊണ്ടും നിന്നില്ല, ആ പ്രക്രീയ തറവാട് മുറ്റവും കടന്നു അയൽ വീടുകൾ തോറും സഞ്ചരിച്ചുകൊണ്ടിരുന്നു.ഒടുവിൽ നാടൊട്ടുക്ക് ആളുകൾ ചൊറിയാൻ വേണ്ടി മാത്രം വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ ആണ് നാട്ടിലെ ഏക വൈദ്യ-ജ്യോത്സ്യ ശേഷ്ഠൻ നാട്ടിലെ പണക്കാരൻ ആയി വളർന്നത്.നാട്ടാർ മുഴുവൻ വട്ടത്തിലിരുന്നു ചൊറിഞ്ഞ കാലത്തിനു ശേഷം ആ നാട് "വട്ടച്ചോറി" എന്നറിയപ്പെട്ടു തുടങ്ങി.ചൊറിയുടെ മൂല കേന്ദ്രമായ 3 വയസ്സുകാരിയെ ഇനി വെള്ളം തൊടുവിക്കരുത് എന്ന് നാട്ടുകൂട്ടം തറവാട്ട് കാരണവർക്ക് കുറി കൊടുത്തു.
തവള കണ്ണുള്ള രാജകുമാരി അങ്ങനെ കുളിക്കാതെ നനയ്ക്കാതെ വളർന്നു വളർന്ന് പിന്നെയും വളർന്നത് ആണ് 28 വർഷങ്ങൾക്ക് ശേഷം നിങ്ങൾ കണ്ട "കുറി കമ്പനി" നടത്തുന്ന വനജ.
വനജ കുറിക്കമ്പനി തുടങ്ങുന്നതിന് ഏതാനും കൊല്ലം മുന്നേ ഉള്ള കാലം.അന്ന് അവൾ പത്താം തരം മൂന്നു തരത്തിലെഴുതി തോറ്റ ശേഷം നാലാം വട്ടം പഠിച്ചോണ്ടിരിക്കുന്നു.അതേ സമയം അങ്ങ് പള്ളിപ്പാറയിലെ പിള്ളേർ മലയാളം ടീച്ചർ പാടി പഠിപ്പിച്ച വരികൾ മാറ്റി ഇങ്ങനെ പാടി നടന്നു.
"കു..ന്നത്ത് വീട്ടിൽ രണ്ടു മക്കളാ....ണേ...
ഒന്നാ....മൻ പഞ്ചാ...ര രാമനാണേ...
ആ...ക്രി പെറുക്കി നടന്നു രാമൻ...
ആക്രി രാമനെന്ന പേരും വീണു.."
സ്വന്തമായി പെറുക്കി കിട്ടിയതും നാട്ടാര് പെറുക്കിയതും ആയ എല്ലാ ആക്രികളും കൂട്ടിയിട്ട്, കുണ്ടന്നൂർ ടൗണിൽ തന്നെ "രാമൻസ് ആക്ക്രീസ്സ്" എന്ന കട നടത്തിപോന്നിരുന്ന സുവർണ്ണ ദിനങ്ങൾ രാമൻ ആഘോഷിക്കുക തന്നെ ചെയ്തു.കട വൻ ലാഭം.ലാഭത്തിലൊരു പങ്ക് ത്രിശങ്കു ഷാപ്പിലും മധുരാപുരി ഷാപ്പിലും മുടങ്ങാതെ കൊടുത്തിരുന്നു എന്നത് മാത്രമല്ല, നാട്ടുകാരെ കൊണ്ട് കൊടുപ്പിക്കുക കൂടി ചെയ്തിരുന്നു.മാംസ പീസുകളായ പോത്ത്, പന്നി,കോഴി,താറാവ്, ആട്, അടിമാലി ശാന്ത, കൊളപ്പുള്ളി ഗീത,ചാലക്കുടി ലീല,കോഴിക്കോട് സുജ എന്നിവയുടെ മാംസളതയോടു അമിതാവേശത്തോടെ മാംസഭുക്കായി തിന്നു നടന്ന നാളുകളിൽ ഒരിക്കൽ,നാട്ടിലെ ആക്രി മുഴുവൻ തീരാറായി എന്ന സത്യം രാമൻ തിരിച്ചറിഞ്ഞു.
ആക്രിക്കട വിറ്റ പണം ബാങ്കിൽ ഇട്ട്, തൊട്ടടുത്ത ഡിഷ് ആന്റിന കടയിൽ സെയിൽസ് മാൻ ആയി ജോലിക്ക് കയറി.ആന്റിന ട്യൂൺ ചെയ്യുന്നതിൽ ഉള്ള തൻ്റെ പ്രാവണ്യം മുതലാക്കി കടയിൽ കസ്റ്റമറെ കൂട്ടുന്നതിൽ പ്രധാനി ആയി മാറിയ രാമൻറെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ആണ് വനജ കയറിവരുന്നത്. കൂട്ടുകാരിക്ക് വേണ്ടി ഡിഷ് ടിവി നോക്കുവാൻ വന്ന വനജയെ രാമൻ ട്യൂൺ ചെയ്തെടുത്തത് നാട്ടുകാരും വീട്ടുകാരും അറിയുന്നത് അവരുടെ രെജിസ്റ്റർ വിവാഹ ശേഷം ആണ്.അതോടെ രാമനെ പള്ളിപ്പാറ വീട്ടിൽ നിന്നും പുറത്താക്കി.അങ്ങനെ ആണ് ബാങ്കിൽ കിടന്നിരുന്ന ആക്രിക്കട സമ്പാദ്യം എല്ലാം പെറുക്കി എടുത്ത് പത്ത് സെൻറ് സ്ഥലം വാങ്ങി വട്ടച്ചോറിയിലേക്ക് രാമൻ കുടിയേറിപാർത്തത്.
കുടുംബജീവിതവും ഷാപ്പിലെ കറിയും നാട്ടിലെ കിളിപിടുത്തവും എല്ലാം ഒത്തുപോകുവാൻ ഇപ്പോളത്തെ പോക്കറ്റ് കൊണ്ട് പറ്റുന്നില്ല എന്ന് വന്നപ്പോൾ രാമൻ ട്യൂണിങ് കടയിലെ ജോലി വിട്ട് തൊട്ടടുത്ത പപ്പട കടയിൽ കസ്റ്റമർ സർവീസ് മാനേജർ ആയി കയറുകയും വനജയെ കൊണ്ട് ഒരു കുറി കമ്പനി തുടങ്ങിക്കുകയും ചെയ്തു.കുറി കമ്പനി ഓടി എങ്കിലും പപ്പട കട പൂട്ടിയത് കൊണ്ട് അതിജീവനത്തിന് വേണ്ടിയും പത്ത് സെന്റിൽ ഒരു വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടിയും രാമന് ഗൾഫ് നാടുകളിലേയ്ക്ക് ഒരു താൽക്കാലിക കുടിയേറ്റം അനിവാര്യമായിരുന്നു.
അറബി നാട്ടിലെ കർശന നീയമങ്ങൾക്കിടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കി മാറ്റുവാൻ സോഷ്യൽ മീഡിയകളിൽ കിളികൾക്കായി വല വിരിച്ച നാളുകളിൽ ആണ് അവൻ അവളെ പരിചയപ്പെടുന്നത്.മായ, തൃശിവപേരൂർ ആണ് വീട്.സോഷ്യൽ മീഡിയയിൽ അവളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട് പിന്നാലെ കൂടിയത് ആണ്.അവളുടെ ആൽബത്തിൽ അവളുടെ വ്യത്യസ്ത സ്റ്റൈൽ ഫോട്ടോകൾ കണ്ടു മയങ്ങിയ രാമന് അന്നാദ്യമായി തവളകണ്ണിയോട് പുച്ഛം തോന്നി.എങ്ങിനെയും അവളുടെ ശ്രദ്ധ പിടിച്ച് പറ്റണം.അതിനായി പല വഴികളും പയറ്റി പരാജയപ്പെട്ടു.
ഒടുവിൽ, പുസ്തകങ്ങളും കഥകളും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന മായയുടെ ശ്രദ്ധയും സൗഹൃദവും നേടുന്നതിന് വേണ്ടി അവനും എഴുതുവാൻ തീർച്ചയാക്കി.എന്തെഴുതും??പണ്ടത്തെ തൻ്റെ മോഹങ്ങളും, കിട്ടിയ തേപ്പും,പ്രണയ നഷ്ടങ്ങളും, കുളിക്കടവ് അനുഭവങ്ങളും, എരിവ് പുളികളും മറ്റ് മസാലകളും,ഇക്കിളി ഓർമകളും ഒക്കെ കൂട്ടിക്കലർത്തി ഒപ്പം മോഡേണിസവും ചേർത്ത് ഒരെണ്ണം എഴുതി, പ്രീയ സുഹൃത്തും നാട്ടിലെ പ്രധാന വായി നോക്കിയും ആയ വാസു മാഷിന് അയച്ചു കൊടുത്തു.കഥ വായിച്ച് ഊർജ്ജിതനായ മാഷ്, വാർധക്യ ബാധയിൽ വേരോടെ തളർന്നുണങ്ങിയ മരത്തിൽ പുതു നാമ്പുകൾ പൊടിക്കും എന്ന പ്രതീക്ഷയിൽ, നരമറച്ചുകൊണ്ട് ഒരുകയ്യിൽ റോസാചെടിയും മറു കയ്യിൽ മുരിങ്ങ തൈയും വാങ്ങി വരുന്ന ഫോട്ടോ അയച്ചു കൊടുത്തു.
അതുകണ്ട ഉടൻ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ കഥയുടെ ഒരു കോപ്പി എടുത്ത് മായയ്ക്ക് അയച്ചു കൊടുത്തു.ഒപ്പം പതിവ് പോലെ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനും മറന്നില്ല.പിറ്റേന്ന് രാവിലെ മായയുടെ മറുപടി ആയി ഒരു സ്മൈലി വന്നു.അന്ന് രാമൻ ലീവ് എടുത്ത് കൂട്ടുകാർക്കായി ബാർഡിനറ്റ് പകർന്നു നൽകി.
പിന്നീട് മായക്ക് വായിക്കുവാൻ വേണ്ടി കഥകൾ പലതും എഴുതി.എല്ലാത്തിന്റെയും ഓരോ കോപ്പി മുടങ്ങാതെ കിട്ടിയിരുന്ന വാസുമാഷിൻ്റെ വീടിനെ നാട്ടുകാരിൽ ചിലർ "റോസ് ഗാർഡൻ" എന്നും മറ്റു ചിലർ "മുരിങ്ങ തോട്ടം" എന്നും വിളിച്ചു തുടങ്ങി.
വനജ ആകട്ടെ... പുതിയ ഭർത്താവിനെ കുറിച്ചുള്ള ആലോചന തുടങ്ങിയിരുന്നു....
Sunday, 13 August 2017
പെയില്‍ കില്ലര്‍ !!
Friday, 24 March 2017
മാർജ്ജാരൻ !!!
"ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളേ അല്ല" എന്ന ഭാവേന കുമ്പ നിറച്ചും വെട്ടി വിഴുങ്ങിയ ശേഷം, പതിവ് പോലെ ഇന്ത്യയുടെ "ഭാവി" പ്ലാൻ ചെയ്യാനായി "ഉറക്കത്തിലേയ്ക്ക് വഴുതി വീഴാം" എന്നു കരുതി ചാരുകസേരയിലേയ്ക്ക് ചാഞ്ഞ ഉടൻ തന്നെ ആസനം തറയിലിടിച്ച് വീണു.
യൂറോപ്യൻ ക്ളോസറ്റിൽ ആസനം പെട്ടവനെ പോലെ ഞാനൊന്ന് പിടഞ്ഞു നോക്കി. ചാരുകസ്സേരയിൽ ഇറക്കി വച്ച "V" പോലെ തലയും കാലും കൈയും മുകളിലേയ്ക്ക് നീട്ടി പിടിച്ച് അന്തിച്ചു കുന്തിച്ച് അല്പസമയം!!
ചാരുകസ്സേരയുടെ മർമ്മം കരണ്ടെടുത്ത് മൂഷികവർഗ്ഗം പുട്ടു കുത്താൻ കൊണ്ടുപോയതറിയാതെ ഇന്ത്യയുടെ ഭാവി പ്ലാൻ ചെയ്യാൻ ചാഞ്ഞ ചായലിൽ നിന്നും എന്നെ പൊക്കി എടുത്ത് കരയ്ക്കിരുത്തിയപ്പോൾ, കിറിക്കു കുത്തിക്കൊണ്ട് ഭാര്യ മുരണ്ടു..
"എലികളില്ലാ..ന്ന് പറഞ്ഞിട്ടിപ്പോ...ന്തായി മനുഷ്യ??"
"അതെങ്ങനാ.....എലികൾ അങ്ങേരുടെ മൂക്ക് കരണ്ടുകൊണ്ടോയാലും ചുരുണ്ടു കിടന്നുറങ്ങിക്കോളും, കിഴങ്ങൻ!!"
"ഇങ്ങനൊരു മണ്ണുണ്ണിയെ ആണല്ലോ......"
പഴംപുരാണ കെട്ടഴിച്ചു, ചീത്തവിളിയും അട്ടഹാസവും കൂട്ടികലർത്തി പതിവ് പോലെ സപ്‌താഹ പാരായണം തുടങ്ങുവാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഞാൻ എളിക്ക് കൈ കുത്തി ഒന്നു മൂരി നിവർന്ന ശേഷം......, തലയും താഴ്ത്തി ഇറങ്ങി നടന്നു.
"വല്ല ആൽത്തറയിലും പോയി കിടന്നുറങ്ങാം" എന്ന ഉദ്ദേശത്തോടെ, ഒരു മുറി ബീഡിയും കൊളുത്തി ഇടവഴികൾ താണ്ടി ആൽത്തറ തേടി വയലിറങ്ങി നടന്നപ്പോൾ ആണ് വഴിയരികിൽ കിടന്നുറങ്ങിയ ഒരു കൊടിച്ചി പട്ടിയെ കണ്ടത്.ഭാര്യ എന്ന മൂദേവിയോട് വർഷങ്ങളായി പറയുവാൻ കൊണ്ടുനടന്നതൊക്കെ പട്ടിയുടെ നേരെ എടുത്ത് കാച്ചി.എൻ്റെ ആക്രോശം കേട്ട് തല പൊക്കി നോക്കിയ പട്ടി വാലാട്ടി കാണിച്ചു.വാലാട്ടി മുദ്രയിലൂടെ പട്ടിയും എന്നെ കളിയാക്കുന്നു എന്ന് ധരിച്ച ഞാൻ "ചവുട്ടി തേച്ചുകളയുമെടി മരമാക്രി....." എന്ന പഞ്ച് ഡയലോഗിനൊപ്പം ഒരു ആവേശത്തിന് കാലുമടക്കി ഒരോറ്റ തൊഴിയും കൂടി വച്ച് കൊടുത്തു.
ഉടുമുണ്ടും വാരിചുറ്റി ലോകറെക്കോർഡും തകർത്തുകൊണ്ട് പാഞ്ഞതോ, തൊട്ടടുത്ത മരത്തിൽ ചാടികയറിയതോ ഒന്നും തന്നെ പിന്നെ ഓർമയേ ഇല്ലാരുന്നു!!
കുറെ നേരം മരച്ചുവട്ടിൽ നിന്ന് ആവേശത്തോടെ കുരച്ച ശുനക ശ്രേഷ്ഠൻ സ്ഥലം വിട്ട് പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ പതുക്കെ താഴെയിറങ്ങി പട്ടി പോയതിനു എതിർ ദിശയിൽ ഒറ്റ ഓട്ടം വച്ച് കൊടുത്തു.
വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങിയപ്പോൾ വഴിയരികിലൊരു പഴയ മതില് ചാരി കുത്തിയിരുന്നു ക്ഷീണം മാറ്റി.
ചെവിയിൽ അല്പം പഞ്ഞി വച്ച് ചുരുണ്ടു കൂടി കിടന്നു കൊണ്ട്, ഭാര്യയുടെ കുര കേൾക്കുന്നതാണ് പട്ടിയുടെ കടി കൊള്ളുന്നതിലും നല്ലതെന്ന് മനസ്സിലാക്കിയ ഞാൻ, എണീറ്റ് മറ്റൊരു വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.അല്പ ദൂരം ചെന്നപ്പോൾ ഒരു കുറ്റികാട്ടിൽ നിന്നൊരു "മ്യാവു..."
"കരഞ്ഞത് വിദ്യ" എന്നല്ലേ.മൂഷിക ശല്യത്താൽ കോപിതയായ ഭാര്യയെ ഒന്ന് തണുപ്പിച്ച് ഇന്നത്തെ രാത്രി ആഘോഷിക്കാം എന്ന ചിന്ത ആവേശമായി കടന്നു വന്നു.
"നാടുമുഴുവന്‍ തപ്പാൻ നിങ്ങളെ കഴിഞ്ഞേ മറ്റാരും ഉള്ളു, നാണമില്ലാത്ത മനുഷ്യൻ!!" എന്ന ഭാര്യയുടെ വാക്കു പാലിച്ചല്ലേ പറ്റൂ??
രണ്ടും കൽപ്പിച്ച് കുറ്റിക്കാട്ടിൽ കയറി തപ്പി!!
തപ്പൽ വെറുതെ ആയില്ല!!
പഞ്ഞിക്കെട്ടിൽ കുത്തിക്കയറ്റിയ നാല് കാലുകളും, പേരിനൊരു വാലും,ഉണ്ടൻപൊരി എടുത്ത് വച്ചപോലത്തെ കണ്ണുകളും ഒക്കെ ആയി മാർജ്ജാര ഗോത്രത്തില്‍പ്പെട്ട ഒരുവൻ.
"മൂഷിക രിപു മ്യാവു പ്രമുഖന്‍" എന്നാണ് പ്രമാണം.
പിന്നൊന്നും ആലോചിച്ചില്ല, അവനെ പൊക്കി.
"ഒന്നില്‍ തൊട്ടാല്‍ മൂന്ന്" എന്ന് പണ്ട് ആശാന്‍ പള്ളികൂടത്തിലെ ചുമരില്‍ ആരോ എഴുതിയത് വായിച്ച ഒരോര്‍മ്മ വച്ച്, മൂന്നിനേം പൊക്കി വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.
"ഇന്ന് ഭാര്യ എന്നെ നോക്കി അഭിമാനിക്കും" എന്നോര്‍ത്തപ്പോള്‍, ആകാശത്തില്‍ പറക്കുന്ന വീമാനത്തെ നോക്കുന്ന പോലെ തല മുകളിലോട്ടാക്കി മൊത്തത്തില്‍ ഞാനൊന്നു ഞെളിഞ്ഞു.
"അല്ല വാസു മാഷെ, ഈ പൂച്ചകളെ വില്‍ക്കാന്‍ കൊണ്ടുപോകാ?"
എന്ന ചോദ്യം കേട്ട് ഞെളിഞ്ഞ ശരീരം താഴോട്ട് വളച്ച് ഞാനൊന്നു നോക്കി.
തെക്കേതിലെ വറീത്.
മൂടുപടം കീറിയ വള്ളി നിക്കറിനുള്ളിലൂടെ മുന്നിലെ പുള്ളി കുയിലിനേം കാണിച്ച്,മൂക്കൊലിപ്പിച്ച് നടന്നിരുന്ന ചൊറി പിടിച്ച ചെക്കനാരുന്നു.ഇപ്പൊ വലിയ കാന്റ്രാക്ടർ ആണ്.
"അല്ലടോ വറീ.... നിനക്ക് പെണ്ണ് കാണിക്കാന്‍ കൊണ്ടുവന്നതാ" എന്നുറക്കെ വിളിച്ചു പറഞ്ഞ ശേഷം, അവന്‍റെ മുഖത്ത് നോക്കി രണ്ട് ആട്ടും കൂടി കൊടുക്കണം എന്നുണ്ടാരുന്നു. എന്‍റെ ഇപ്പോഴത്തെ ആരോഗ്യം വച്ചും, ഇപ്പോള്‍ ശനി ദശ ആയതുകൊണ്ടും അവന്‍റെ മുഖത്ത് നോക്കി ഒന്ന് ഇളിച്ച് മാത്രം കാണിച്ചിട്ട് നേരെ നടന്നു.
ചെന്ന പാടേ മാര്‍ജ്ജാര "ത്രി" മൂര്‍ത്തികളെ കാണിച്ച് കൊടുത്ത്, ഭാര്യേടെ കൈയിൽ നിന്നും "പുട്ടും കടലയും" വാങ്ങണം എന്ന് കരുതിയതാ.
പക്ഷെ അവൾ,തനിക്കെതിരെ പറയേണ്ട ശകാരങ്ങൾ റീചാർജ് ചെയ്യാനായി "ഭർത്താവൊരു കിഴങ്ങൻ" എന്ന സീരിയലിനു മുന്നിലിരുന്ന് കട്ട തപസ്സിൽ ആണ്.ലോട്ടറി അടിച്ചു എന്ന് പറഞ്ഞാലും ഇപ്പോൾ രക്ഷയില്ല, പിന്നാ മാർജ്ജൂസ്സ്!!
മാർജ്ജൂസ്സുകളെ കൊണ്ട്പോയി എല്ലാ മൂഷിക സങ്കേതങ്ങളും കാണിച്ചു കൊടുത്തു.ദുരിത ബാധിത പ്രദേശങ്ങൾ കണ്ട അവരിലൊരുവൻ ഒന്ന് "മ്യാ..വി".
മറ്റുള്ളവർ അത് കോറസ് ആക്കി.
ഭാര്യ റീചാർജ് കഴിഞ്ഞു വരുമ്പോളേയ്ക്കു "മൂഷിക മുക്ത കേരളം" എന്ന സ്വപ്നം കണ്ടുകൊണ്ട് ഞാൻ മാർജ്ജാര പോരാളികളെ വീട്ടിലെ പല ഇടങ്ങളിലായി പോരിനിറക്കി വിട്ടശേഷം, കട്ടിലിൽ കയറി ചുരുണ്ടു കൂടി.
ആ മയക്കത്തിൽ, ലോട്ടറി പോലെ കിട്ടിയ... സ്വപ്നത്തിലെ കോമളാങ്കിയുടെ പൃഷ്ട ദോലന ദർശ്ശന സുഖത്തിൽ ആറാടികൊണ്ടിരിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നൊരു അലർച്ച കേട്ടത്.
ഞെട്ടി ഉണർന്നപ്പോൾ ദേ പിന്നെയും ഒരു അലറി വിളി.
ഭാര്യ ആണ്.
"ഒടുവിൽ നീ എൻ്റെ പ്രാർത്ഥന കേട്ടല്ലോ ഈശ്വര" എന്നും പറഞ്ഞുകൊണ്ട് അവളുടെ കാര്യത്തിൽ തീരുമാനം ആയിക്കാണും എന്ന സന്തോഷത്തിൽ ഓടി ചെന്നപ്പോൾ, ദേ.... മല പോലെ അവൾ നിൽക്കുന്നു.
പിന്നീടാണ് കാര്യം മനസ്സിലായത്.
മൂഷിക - മാർജ്ജാര റേസിൽ അടുക്കളയിലെ ഏതൊക്കെയോ പത്രങ്ങൾ തട്ടി മറിഞ്ഞു താഴെ വീണ ശബ്ദം കേട്ട് അടുക്കളയിൽ എത്തിപ്പെട്ട
ഭാര്യ, യുദ്ധക്കളം പോലുള്ള അടുക്കള കണ്ടു അലറി വിളിച്ചു.അതാണ് എന്നെ ഉണർത്തിയത്.
അവളുടെ കാലുവഴി ചാടി കയറാൻ തുടങ്ങിയ ഒരു മൂഷികനെ അവൾ കാറി കൊണ്ടു കുടഞ്ഞെറിഞ്ഞതാണ് രണ്ടാമത് കേട്ടത്.
അടുക്കള രംഗങ്ങൾ വീക്ഷിച്ച് ഞാൻ നിൽക്കുമ്പോൾ തന്നെ,
ഏതോ ഒരു വിരുതൻ മൂഷികൻ മച്ചിൻ മുകളിൽ നിന്നും ഭാര്യേടെ തലയിൽ തന്നെ എടുത്ത് ചാടി.ചാടിയ ഉടൻ അവൻ കഴുത്ത് വഴി ഇറങ്ങി, നൈറ്റി പൊക്കി മാറിനടിയിലെവിടെയോ ഓടി ഒളിച്ചു.
മൂഷിക മുഖ്യനെ തേടി പിന്തുടർന്നു വന്ന മാർജ്ജാര പ്രഭു ഭാര്യേടെ "മാംസള ഭാഗേ" സ്വകാര്യ സ്വത്തിൽ കൈയേറ്റത്തിനായി ചാടി വീണു.വർഷങ്ങളായി എനിക്ക് ഊരു വിലക്കുള്ളിടത്ത് വെറുമൊരു മൂഷികനും മാർജ്ജാരനുമൊ??അമ്പട!!
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!! എന്ന് കരുതി,"ഓണത്തിനിടയിൽ പൂട്ടു കച്ചവടം" എന്നത് പോലെ മൂഷികനെ തപ്പാൻ എന്ന ഭാവേന കൈയും നീട്ടി ഞാനും ചെന്നു.
എൻ്റെ ലക്ഷ്യം, ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ "അവകാശങ്ങൾ നേടിയെടുക്കുക" എന്നതാണെന്ന് മനസ്സിലാകാതെ, എൻ്റെ കൈകൾ അവനു നേരെ എന്ന് തെറ്റി ധരിച്ച മാർജ്ജാരൻ സകല ശക്തിയും എടുത്ത് എൻ്റെ കൈയിൽ ആഞ്ഞു മാന്തി.പിന്നൊരു കടിയും തന്നു.ഞാനൊന്നറിഞ്ഞു കാറി.
അത് കേട്ടു പേടിച്ച മാർജ്ജാര പ്രഭു വീടുവിട്ടോടി.പോകുന്ന വഴി എൻ്റെ മുഖം നോക്കി നല്ലൊരു മാന്തും കൂടി ബോണസ്സായി തന്നു.അതിനിടയിൽ തക്കം നോക്കി മൂഷികൻ വീണ്ടും മച്ചിൽ ചാടി കയറി രക്ഷപെട്ടു.
മാർജ്ജാരാക്രമണവേദനയേക്കാൾ എൻ്റെയുള്ളിൽ "മാറിൽ" ഒളിച്ച മൂഷികനോടുള്ള അസ്സൂയ മുന്നിട്ടു നിന്നു.
ഇതിനൊക്കെ കാരണം ഞാനെന്നറിഞ്ഞ ഭാര്യ അന്ന് ചെയ്ത റീചാർജ്ജ് മുഴുവൻ നേരിട്ട് വിളിച്ച് തീർത്തതും പോരാഞ്ഞു, ലോൺ എടുത്ത് ഒരു പത്ത് മിനിറ്റു കൂടി സംസാരിച്ചു.
ജീവിതം ധന്യമായ ഞാൻ മുറിയിലോട്ടു പോകും വഴി ആണ് കൈയിൽ നിന്നും ചോര പൊടിയുന്നത് കണ്ടത്.മാർജ്ജാരൻ തന്ന പണി ഇനി എട്ടിൻ്റെ പണി ആയി മാറുമോ?? എന്ന ചിന്ത അപ്പോളാണ് സകല സമാധാനവും കളഞ്ഞു കൊണ്ട് കടന്നു വന്നത്!!
പേ വിഷബാധ ഏറ്റാൽ പിന്നെ ഞാൻ "മ്യാ...വു" പാടി നടക്കേണ്ടി വന്നാലോ എന്നോർത്തപ്പോൾ കണ്ണിൽ ഇരുട്ട് പടർന്നു.
പൂച്ച മാന്തിയ മോന്തയും, ഉയർത്തി പിടിച്ച കൈയുമായി തലകറങ്ങി വീണ എന്നെ അയൽവാസി പൊക്കി സർക്കാർ ആശുപത്രിയിലെ ഓപി ബഞ്ചിൽ കൊണ്ടോയി ഇട്ടു.
അൽപ്പം കഴിഞ്ഞു ബോധം വന്നപ്പോൾ, എൻ്റെ മുന്നിൽ കാർക്കോടകനെ പോലൊരുവൻ നിന്ന് കുഴൽ വച്ച് നെഞ്ചിൽ കുത്തിനോക്കുന്നു. വട യക്ഷിയെ പോലൊരു നഴ്സ് തൊട്ടടുത്ത് നിന്ന് ബി.പി നോക്കുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ, വീരപ്പനെ പോലെ മീശയുള്ള കംബോണ്ടർ വന്നെന്നെ പൊക്കി എടുത്ത് കാർക്കോടക ഡോക്ടറുടെ മുന്നിൽ ഇരുത്തി.
കാർക്കോടകൻ, കാറി തുപ്പുന്ന പോലുള്ള ശബ്ദത്തിൽ സംഭവങ്ങൾ എന്നിൽ നിന്നും ചോദിച്ചറിഞ്ഞു.എന്നിട്ട് ഒരു മയവു മില്ലാതെ പറഞ്ഞു,"പേ വിഷം ഏൽക്കാൻ സാധ്യത ഉണ്ട്"
"വിഷ ബാധ ഏറ്റാല് പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല"
പിന്നീട് കുനിഞ്ഞിരുന്നു ഒപി ചീട്ടെടുത്ത് കാക്ക ചിക്കിയ പോലെ എന്തൊക്കെയോ കുത്തി കുറിച്ച ശേഷം എൻ്റെ നേരെ പിടിച്ച് കൊണ്ട് മുക്രയിട്ടു.
"ഈ ഇഞ്ചക്ഷൻ ഒക്കെ ഇതിൽ പറയുന്ന തീയതികളിൽ മുടങ്ങാതെ ഇവിടെ വന്നു എടുക്കണം."
"പിന്നെ,
ഈ കാണുന്ന ഒരു ഇൻജക്ഷൻ, അത് ഇന്ന് തന്നെ എടുക്കണം.അതിവിടെ ഇല്ല.മെഡിക്കൽ കോളേജിൽ പോയി എടുക്കണം. ഇപ്പോൾ തന്നെ വിട്ടോ, രണ്ടു മണിക്കു മുന്നേ അവിടെത്തണം"
അറവുശാലയിൽ വച്ച് വെട്ടുകാരൻ്റെ മുന്നിൽ പെട്ട കാളയെ പോലെ ഞാനൊന്നു കാർക്കോടകൻ ഡോക്ടറെ പേടിയോടെ നോക്കി.
ചെവിയിൽ കുറ്റി ചൂല് വച്ച പോലെ രോമങ്ങൾ വളർന്നു, മത്തങ്ങയിൽ ഉടുപ്പിട്ടപോലെ കസ്സേര നിറഞ്ഞിരിക്കുന്ന കാർക്കോടകനു ഏതോ പുരാണ കഥാപത്രത്തിൻ്റെ രൂപം പോലെ??
കഴുത്തിൽ സ്റ്റതസ്കോപ്പ് ചുറ്റി എൻ്റെ മുന്നിൽ ഇരിക്കുന്ന കാർക്കോടകൻ്റെ മുഖത്ത് "കാലൻ" തെളിഞ്ഞു തെളിഞ്ഞു വരും പോലെ.
ഇടം കണ്ണിട്ടു ഞാൻ നോക്കുമ്പോൾ, വടയക്ഷി നഴ്സിനു കാല വാഹനമായ പോത്തിൻ്റെ അതേ ഛായ!!
കാർക്കോടകൻ്റെ കഴുത്തിലെ കുഴൽ എന്നെ കൊണ്ടുപോകാനുള്ള കയറായി മാറി തുടങ്ങുന്നുവോ?
പിന്നൊന്നും നോക്കിയില്ല, ഞാനിറങ്ങി ഓടി.
************
ഓടുന്ന വഴി ആണ് മറ്റൊരു സർക്കാർ സ്ഥാപനമായ "ഹോമിയോ" ആശുപത്രി കണ്ടത്.കാലനും പോത്തും കയറും പിന്നാലെ വരുന്നുണ്ടോ എന്നൊന്ന് തിരിഞ്ഞു നോക്കിയ ശേഷം ഞാനങ്ങോട്ട് ഓടി കയറി.
ഇവിടെ ആകുമ്പോൾ പഞ്ചാര ഗുളികയും പൊതിയും ഒക്കെ ആണ്.തന്നെയുമല്ല, ഇവിടുത്തെ ഡോക്ടർ ആവട്ടെ സ്ത്രീ രക്നവും.കൂടാതെ, രോഗികൾക്കൊക്കെ നല്ല അഭിപ്രായവും ആണ്.കൈ പുണ്യം ഉള്ള ഡോക്ടർ ആണ് എന്നാണ് നാട്ടിൽ സംസാരം.
നിറയെ രോഗികൾ ഉണ്ട്.അതിനിടയിൽ എന്നെ പരിചയമുള്ള ചിലർ കുശലം ചോദിച്ചു.എൻ്റെ മുഖത്തെ മാന്ത് കൊണ്ട പാടുകൾ സൂക്ഷിച്ചു നോക്കിയ ശേഷം, കൂട്ടത്തിലൊരു പെണ്ണ് മറ്റൊരു പെണ്ണിൻ്റെ ചെവിയിൽ അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു.
എൻ്റെ ഭാര്യയുടെ സ്വഭാവം ശരിക്കറിയുന്ന ആരോ ആണ് എന്നുറപ്പാ.
"വഷളത്തരവുമായി ചെന്ന എന്നെ, ഭാര്യ മാന്തി ഈ പരുവം ആക്കിയതാണ്" എന്ന് പറഞ്ഞതാവും.
എന്തെലും ആവട്ടെ, കാർക്കോടക കാലനേക്കാൾ ഭേതമാണല്ലോ അപവാദം സഹിക്കുന്നത്.
ഞാൻ സ്വയം പറഞ്ഞാശ്വസിച്ചു.
എല്ലാവരും പോയി കഴിഞ്ഞു , ഒടുവിലായി എൻ്റെ ടോക്കൺ വിളിച്ചു.
ഡോക്ടറോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.ഭാര്യ അല്ല, മറിച്ച് മാർജ്ജാരൻ ആണ് പ്രതി എന്നും പറഞ്ഞു.കാർക്കോടകനെ പേടിച്ചോടും വഴി ആണ് ഇവിടെ കയറിയതെന്ന സത്യം മനഃപൂർവ്വം മറച്ചു വച്ചു.
പൂച്ച എങ്ങനെ മുഖത്ത് മാന്തി എന്ന് അർഥം വച്ച് ചോദിച്ചപ്പോൾ, നിസ്സഹായനായി ഞാൻ കഥ ചുരുക്കി എനിക്കനുകൂലമായി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞു ഡോക്ടർ പൊട്ടി ചിരിച്ചു.
ഹോ സമാധാനം!! പറഞ്ഞു പേടിപ്പിച്ചില്ലല്ലോ.നല്ല ഡോക്ടർ.ഇനി എന്തസുഖം വന്നാലും ഞാനിവിടെ മാത്രമേ വരൂ എന്ന് മനസ്സുകൊണ്ട് തീരുമാനം എടുത്ത ശേഷം, ഞാനും കൂടെ ചിരിച്ചു.
മുറിവുള്ളിടത്ത് പുരട്ടാൻ എന്നും പറഞ്ഞു ഒരു മരുന്നും, അകത്ത് കഴിക്കുവാൻ കുറച്ചു പഞ്ചാര ഗുളികകളും തന്ന ശേഷം, ഒരു മുന്നറിയിപ്പ് പോലെ, എന്നാൽ സൗമ്യമായി ഡോക്ടർ മൊഴിഞ്ഞു.
"ഇത് മറ്റു കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കാനും മുറിവ് കരിയാനും മാത്രമുള്ള മരുന്നുകൾ ആണ്.പേ വിഷബാധയ്ക്ക് ഉള്ള മരുന്നല്ല.വീട്ടിൽ വളർത്തുന്ന പൂച്ച അല്ലെ,ഒരാഴ്ച ഒന്ന് ശ്രദ്ധിക്കൂ.എന്തെങ്കിലും മാറ്റങ്ങൾ പൂച്ചയിൽ ഉണ്ടായാൽ ഉടൻ മെഡിക്കൽ കോളേജ്ജിൽ പോയി ഇഞ്ചക്ഷൻ എടുക്കണം.പൂച്ചയ്ക്ക് കുഴപ്പമൊന്നുമില്ല എങ്കിൽ, കുറച്ച് നാളുകൾ കൂടി പൂച്ചയെ നിരീക്ഷിക്കണം.എന്ന് വച്ച് പേടിക്കുകയൊന്നും വേണ്ട"
അൽപ സമയം ആശുപത്രി പരിസരത്ത് ആലോചിച്ച് നിന്ന ശേഷം, പതുക്കെ ഇറങ്ങി വീട്ടിലേയ്ക്കു തിരിച്ചു.
അവിടെ ചെന്നപ്പോൾ ആണ് മാന്തിയവൻ വീടുവിട്ട കാര്യം ഓർമ്മ വന്നത്.
"ഈശ്വര... പിന്നെങ്ങനെ ഒരാഴ്ച നിരീക്ഷിക്കും??"
കാർക്കോടകനും വടയക്ഷിയും കയറുമായി കയറി വരുന്ന കാഴ്ച വെറുതേ ചിന്തിച്ചപ്പോൾ തന്നെ ഞാൻ വീട്ടിൽ കയറി ഒരു കഷ്ണം ഉണക്ക മീനും പൊതിഞ്ഞെടുത്ത് മാർജ്ജാരനെ തേടിയിറങ്ങി.
ഒടുവിൽ നാട്ടിലെ പേരുകേട്ട അമ്മായി യുടെ വീടിനടുത്ത് വച്ച് ഞാനവനെ മീൻകൊടുത്ത് വശീകരിച്ചു കൂടെ കൊണ്ട് പൊന്നു.
അമ്മായിയുടെ വീടിനടുത്ത് വച്ച് എന്നെ ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന ദുഷ്പേര് അപ്പോൾ ഞാൻ ചിന്തിച്ചില്ല.പേ ഇളകി ചത്തു കഴിഞ്ഞു "ദുഷ്‌പേരില്ലാതെ ജീവിച്ചവൻ" എന്ന അവാർഡ് കിട്ടിയിട്ട് എന്ത് പിണ്ണാക്കിനാ??
എൻ്റെ ചിന്തകളെ ശരിവയ്ക്കും വിധം, കൂടെ ഉണ്ടായിരുന്ന മാർജ്ജാരൻ ഒരു കാര്യവുമില്ലാതെ ചുമ്മാ ഒന്ന് കരഞ്ഞു.
...
...
"മ്യാ....വൂ"
മൂഷികന്മാർക്ക് പുതിയ പ്ലാനുകൾ വല്ലതും ഉണ്ടോ എന്നതറിയാതെ,വീട്ടിലുള്ള രണ്ടും ഇവനും കൂടി ഇനി മൂഷിക നിഗ്രഹം കഥകളി ആടിത്തിമിർത്തോളും എന്ന വിശ്വാസത്തിൽ, പേ വിഷ പേടി ഇല്ലാതെ വീട്ടിലോട്ടു നടക്കുമ്പോൾ, "അടുത്ത വഴക്കിനുള്ള ചിരവയും ചപ്പാത്തി പലകയും റെഡി ആക്കി വയ്ക്കുകയായിരിക്കുമോ എൻ്റെ ഭാര്യ??" എന്ന ചിന്ത എന്നെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു.
Saturday, 7 January 2017
സ്വാര്‍ത്ഥന്‍ !!
ശരിയാണ്, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നത് സ്വാർത്ഥത കൊണ്ട് മാത്രം!!
എൻ്റെ മകൻ ആയതു കൊണ്ടല്ലേ എനിക്ക് മകനോട് ഇഷ്ടം ഉള്ളത്??
മകന്റെ അച്ഛൻ എന്ന ചിന്ത ആയിരുന്നെങ്കിൽ , അനാഥത്വം ഉണ്ടാവില്ലായിരുന്നല്ലോ!!
പെറ്റ 'അമ്മ പറയുന്നതും ഇതു തന്നെ!!
എൻ്റെ കുഞ്ഞാ നീ....
ശരിയാണ്!!
അമ്മയുടെ കുഞ്ഞാണ് ഞാൻ എന്നതുകൊണ്ടല്ല എനിക്ക് അമ്മയോട് സ്നേഹം തോന്നുന്നത്, മറിച്ച് എൻ്റെ 'അമ്മ ആയതു കൊണ്ടാണ്.
"എൻ്റെ" എന്ന ചിന്ത ഉള്ളിടത്ത് അവനവനു വേണ്ടി എങ്കിലും സ്നേഹം ഉണ്ടായിരിക്കും.
"എൻ്റെ" എന്നത് കൊണ്ട് എനിക്ക് പ്രാധാന്യം ഇല്ലാത്ത, മറ്റുള്ളവർക്ക് പ്രാധാന്യം തോന്നുന്ന ഏക കാര്യം....
അത് "മരണം" മാത്രം!!
മരണത്തിലും സ്വാർത്ഥനാവാൻ കഴിയാതെ..... എൻ്റെ മരണം നിങ്ങൾക്കുള്ളതാണ്!!
ഞാനറിയാതെ നിങ്ങൾ പങ്കെടുക്കുന്ന, എൻ്റെ ജീവിതത്തിലെ ഒരേ ഒരു കാര്യം!!
നെയ്ത്തുകാരൻ!!
അടഞ്ഞു തുടങ്ങുന്ന കൺകോണുകളെ പ്രണയം കൊണ്ട് നിറച്ചു കൊണ്ടന്നും, പതിവ് പോലെ..... അവൻ അവൾക്കായി കാത്തിരുന്നു.
വരുവാൻ ഇഷ്ടമല്ലാതിരുന്നിട്ടും വല്ലപ്പോഴും ഓൺലൈൻ വന്നു കുത്തി കുറിക്കുന്ന അവളുടെ പാതി മുറിഞ്ഞ, ചിതറിയ ഏതാനും വാക്കുകൾക്ക് വേണ്ടി മാത്രം അവൻ വേഴാമ്പലായി മാറിയിരുന്നു.
തിരക്കിനിടയിൽ വല്ലപ്പോഴും വന്നെത്തുന്ന അവളുടെ വരികൾകൊണ്ടാണ് അവൻ തന്റെ നല്ല സ്വപ്‌നങ്ങൾ നെയ്യുന്നതെന്നതിനാൽ...., ഉറങ്ങുവാൻ കൊതിക്കുന്ന കണ്ണുകൾക്ക് അന്നും നിരാശയോടെ കാത്തിരിപ്പ് തുടരേണ്ടി വന്നു.
ഒടുവിലോരുനാൾ....
അവന്റെ പാതി നെയ്യപ്പെട്ട സ്വപ്‌നങ്ങൾക്കെല്ലാം, ഇഴകളില്ലാ വസ്ത്രങ്ങൾ പോലെ...
ഇരുളിൻ മറവിലെങ്ങോ
പോയി മറയേണ്ടി വന്നു.
അനാഥൻ !!!
അച്ഛനും അമ്മയും - സ്നേഹം കൊണ്ട് മാത്രം വീർപ്പുമുട്ടിച്ച രണ്ടു വ്യക്തികൾ!!
കാലം അവരിൽ ജരാനരകൾ കൊണ്ട് ചിത്രങ്ങൾ വരച്ചപ്പോൾ, എൻ്റെ കുടുംബം എന്ന പരിധിയിൽ നിന്നവർ മാറ്റി നിർത്തപ്പെട്ടു.
പാതിമെയ്യായ് കരുതിയവൾക്കു മുന്നിൽ ബന്ധങ്ങൾക്കു മേലെ പറക്കുന്ന പരുന്തിൻ ചിറകുകൾ വിടർന്നപ്പോൾ, വേദനയോടെ തിരിച്ചറിഞ്ഞു ഞാനാദ്യമായെൻ അനാഥത്വം.
അച്ഛനും അമ്മയും ഇല്ലെങ്കിൽ ഞാൻ വെറും ഒരനാഥൻ മാത്രം!!!
പുട്ടിംഗ് !!
കണ്ണകന്നാൽ !!
മുത്തശ്ശി!!
കഥകള്‍ പറഞ്ഞ് നടന്നൊരു മുത്തശ്ശി
ഒരുനാള്‍ കണ്ടൊരു കോമള രൂപം.
കൊമ്പന്‍ മീശയും കുംഭവയറും
കണ്ട് മയങ്ങി പാവം മുത്തശ്ശി
മോണകള്‍ കാട്ടി ചിരിച്ചൊരാമുത്തശ്ശി
ഒരുന്നാള്‍ രാവിലോളിച്ചോടി പോയി
കഥകള്‍ കവിതകള്‍ ഒക്കെയുമായി
കാലന്റൊപ്പം പോയൊരു മുത്തശ്ശി
പിന്നൊരു നാളില്‍ രൂപം മാറി
കമ്പ്യൂട്ടറിനുള്ളില്‍ ചാടി കയറി.
വിഡ്ഢി പെട്ടിയിലേറിനടന്നാ
കഥകള്‍ കവിതകളെല്ലാം ചൊല്ലി.
അങ്ങനെ ഇങ്ങനെ നാട്ടാരെല്ലാം
മുത്തശ്ശിമാരെ കാട്ടിലെറിഞ്ഞു
പകരം കടയില്‍ നിന്നും വാങ്ങി
ആയിരമായിരം മുത്തശ്ശിമാരെ!
പല്ലില്ലാ മുത്തശ്ശി:
മുറ്റം നിറയെ തുപ്പിയ മുത്തശ്ശി
തുപ്പലിനിടയില്‍ തപ്പിനടന്നു...
താഴോട്ട് വീണൊരാ വെപ്പ്പല്ലുകളയ്യോ
കിട്ടിയതോടുവില്‍ എന്താണെന്നു
ചൊല്ലുകില്‍ കൊല് മിഠായി നല്‍കാം
ലാലുൻ്റെ മുത്തശ്ശി:
പെങ്ങൾ!!
"എടോ , ഇയാളെ എനിക്ക് ഒരുപാടിഷ്ടാ, തന്നെ കല്യാണം കഴിക്കണം എന്നാണ് എൻ്റെ ആഗ്രഹം"
അപ്രതീക്ഷിതമായി മനുവിൻ്റെ ഭാഗത്തുനിന്നങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
രേഖയും മനുവും സഹപാഠികൾ ആണ്.പണ്ടേ തൊട്ടാവാടി ആണ് മനു എന്ന് രേഖയ്ക്കറിയാം.അതുകൊണ്ട് തന്നെ,മനുവിനോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവൾ മൗനം പൂണ്ടു!!
"തനിക്കൊരു ചേട്ടനെ ഇഷ്ടമാണെന്നും അയാളെ മാത്രമേ താൻ കല്യാണം കഴിക്കുകയുള്ളു എന്നും പറഞ്ഞാലോ ??"
പെട്ടെന്ന് പറയുമ്പോൾ, അവൻ വിശ്വസിച്ചു എന്ന് വരില്ല.താൻ മനഃപൂർവ്വം അവനെ ഒഴിവാക്കാൻ പറയുന്നതാണെന്നു അവൻ കരുതിയാലോ??
മറുപടി ഒന്നും പറയാതെ ചാറ്റ് അവസാനിപ്പിച്ചുകൊണ്ട് അവൾ കട്ടിലിലേക്ക് ചരിഞ്ഞു.
മനുവിൻ്റെ സന്ദേശങ്ങൾ ചാറ്റിൽ വരുന്നതിൻ്റെ സൂചനയുമായി ഫോൺ പലവട്ടം ശബ്‌ദിച്ചു.
താൻ നല്ലൊരു ഫ്രണ്ട് ആയി, അല്ലെങ്കിൽ സഹോദരനായി കണ്ടിരുന്ന മനുവിന് എന്താ തന്നോട് അങ്ങിനെ തോന്നാൻ??
അവനോടു ഇടപെടുമ്പോൾ കുറെ കൂടി അകലം പാലിക്കേണ്ടതായിരുന്നില്ലേ??
Friday, 6 January 2017
ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ...
എന്ന വാക്കും വിശ്വസിച്ച്, എറണാകുളം വരെ ഉണ്ടാക്കുന്ന ടിക്കറ്റ് വകവയ്ക്കാതെ ചാലക്കുടിയിൽ ചാടി ഇറങ്ങിയ കണ്ടിട്ടോ എന്തോ, "ങ്യേേ....യേ.......ഹെ..ഹെ..ഹ..ഹ..ഹ..." എന്ന ചാലക്കുടിക്കാരന്‍റെ ചിരിയോടെ ട്രെയിൻ എറണാകുളത്തെ കൊതുകുകടി കൊള്ളാനായി ചന്തിയും കുലുക്കി യാത്രയായി.
പല്ലുതേയും കുളിയും കഴിഞ്ഞു നേരത്തേ ഹാജരായ സൂര്യേമ്മാൻ കിഴക്ക് വിട്ട്തുടങ്ങിയിരുന്നു.സ്റ്റേഷൻ പരിസരത്ത് മൂടി പുതച്ച് കിടക്കുന്നവർക്കിടയിലും, കുത്തിയിരുന്നുറങ്ങുന്നവർക്കിടയിലും, കൊച്ചുവെളുപ്പാന്കാലത്ത് വെളിക്കിറങ്ങി മടങ്ങുന്നവർക്കിടയിലും ഒന്നും, എന്നെ കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെ കണ്ടില്ല .ഫോൺ വിളിച്ചപ്പോ സകല നമ്പറും ഓഫ്.ഒടുവിൽ രണ്ടും കൽപ്പിച്ച് ഐ.എസ്സ്.ഡി വിളിച്ചു."ആ @@#$%* നാട്ടിൽ ആണ് " എന്ന് ഫോൺ എടുത്ത ആരോ ഉറക്കച്ചടവിൽ സുഭാഷിതങ്ങള്‍ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.നാട്ടിലെ നമ്പർ എല്ലാം ഓഫ്,അഡ്രസ്സ് അറിയുകേം ഇല്ല !!
"ഈശ്വരാ.. പണി പാളിയോ?? " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ "ഊ..ഞ്ഞാ..ലാ...ഊ..ഞ്ഞാ..ലാ..." എന്ന റിങ് ടോണോടെ മച്ചാന്‍റെ വിളി വന്നു.സംഗതി അറിഞ്ഞ മച്ചാനും അതേ പാട്ട് തന്നെ പാടി തന്നു.
ഏഴുമണി കഴിഞ്ഞിട്ടും, "മണിക്കുട്ടി" ഏതോ ഒരുവന്‍റെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.
അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു അപശബ്ദം.ഒരു ഹരിനാമകീർത്തനം പാടി മുഴുമിപ്പിക്കും മുന്നേ... ഒരു കാറ് വന്നു നിന്നു.
കാറിനുള്ളിൽ ഈത്തയും ഒളിപ്പിച്ച്, വര്ഷങ്ങളായി തേയ്ക്കാത്ത പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്, ഒരു വികൃത രൂപം- സജീവേട്ടൻ !!
"നീയെന്താ നേരത്തെ വിളിക്കാഞ്ഞത്?" എന്നതിനു മറുപടിയായി വന്ന സരസ്വതീ ന:മസത്ഭ്യം ഞാൻ ഉമിനീരിനൊപ്പം മനപൂര്‍വ്വം വിഴുങ്ങി.
വലിയൊരു സ്കൂളിന്‍റെ മതിലിനോട് ചേർന്നൊരു ചെറിയ സ്കൂൾ മുറ്റത്ത് വണ്ടി നിന്നു.യൂണിഫോം ധാരികളായ ഒരു ഡസൻ പിള്ളേര്‍ അവിടെ തേരാ പാരാ നടപ്പുണ്ട്.രണ്ടില്‍ പഠിക്കുന്ന ഒരു കാന്താരിക്കുട്ടി,ഷട്ടറില്ലാത്ത മോണകള്‍ കാട്ടി കൊഞ്ഞനം കുത്തിയിട്ട് ഓടി പോയി.
പാട്ട് കേട്ട് പിള്ളാരെല്ലാം അസംബ്ലി നിക്കുംപോലെ ഹാളില്‍ നിരന്നു.
"ഇതെന്‍റെ മൂത്തത്, രണ്ടാമത്തവൾ...
...............
...........
......
ഒടുവിലത്തവൾ ..."
എന്നും പറഞ്ഞു സജീവേട്ടന്‍ ഒടുവില്‍ പല്ലില്ലാ കാന്താരിയെ കൂടി പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അല്ല, അതാണ് സജീവേട്ടന്‍റെ വീടെന്നു മനസ്സിലായത്.മാസാ മാസം നാട്ടില്‍ വന്നാല്‍ സ്വന്തമായി സ്കൂള്‍ അല്ല ജില്ല പണിയാം എന്ന് പച്ചമാങ്ങ വചനം ഞാനോര്ത്ത് പോയി.
ചാലക്കുടി വന്നിറങ്ങിയപ്പോൾ മുതൽ പുട്ടാലുമാമനെ വിളിക്കുന്നതാ.അപ്പോൾ മുതൽ ഒരേ ഉത്തരം, "പുറപ്പെട്ടു..... പുറപ്പെട്ടു".മാന്നാര്‍ മത്തായിയെ മനസ്സാ തെറി വിളിച്ച് കൊണ്ട് ഞാന്‍ കുളിക്കാന്‍ കയറി.കുളികഴിഞ്ഞു വന്നപ്പോള്‍ ചായ കിട്ടി.
അതിനിടയിൽ പല വട്ടം ഗുണ്ട വിളിച്ചു.ബാംഗ്ലൂർ ഉള്ള നുമ്മ ഇവിടെ എത്തിയിട്ടും എറണാകുളത്ത് നിന്നും പാണ്ടിപട എത്താഞ്ഞതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഞങ്ങൾ ചാലക്കുടി ചന്തയ്ക്ക് പോകുവാൻ തീരുമാനിച്ചു.
ചന്തയിൽ ചെന്നപ്പോൾ അവിടുള്ള അണ്ടനും അടകോടനും വരെ സജീവേട്ടനെ അറിയാം.പണ്ടത്തെ ചന്ത നിരങ്ങിയെ അവര്‍ മറക്കില്ലല്ലോ!!
പന്നിഇറച്ചി, കോഴിയിറച്ചി,ഒരു ചാക്ക് പച്ചക്കറി,ചപ്പാത്തി,വട എന്നിവ വാങ്ങിയപ്പോളേക്കും പാണ്ടിപ്പട ഹാജർ.മറ്റു സാധനങ്ങൾ വാങ്ങുവാൻ അവരെ ഒരു സൂപ്പർ മാർക്കറ്റിലേയ്ക്ക് തള്ളി വിട്ടശേഷം വാങ്ങിയതെല്ലാം വണ്ടിയിൽ കയറ്റി, നേരെ സൂപ്പർമാർക്കറ്റിലേയ്ക്ക്!!
അവിടുന്ന് മീൻ,അരി , പലചരക്ക് സാധനങ്ങൾ എന്നിവയും കൂടി വാങ്ങിയശേഷം സജീവേട്ടന്‍റെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നു.സജീവേട്ടനെ കണ്ട്, ഈ മാരണം പിന്നേയും വന്നോ എന്ന ഭാവേന സജീവേടത്തി അടുക്കളയിലേയ്ക്ക് വലിഞ്ഞു.മാരകായുധങ്ങളുമായി ചേച്ചി മടങ്ങി വരുംമുന്നേ ഞങ്ങൾ രണ്ടു വണ്ടിയിലായി മുല്ലശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
വാർദ്ധക്യപുരാണം വായിച്ച്കൊണ്ടിരുന്ന പുട്ടാലുനെ സൈഡിലിരുത്തി, പുട്ടാലുന്‍റെ തേര് ശാന്തത്തപ്പൻ തെളിച്ചുതുടങ്ങി.ആ വാഹനത്തിൽ ആർട്ടിസ്റ്റ് വിപിൻദാസ്സ്,മച്ചാൻ,കുഞ്ഞുശാന്തത്തപ്പൻ എന്നിവരും ഉണ്ടാരുന്നു.സജീവേട്ടനും ഞാനും കയറിയ വണ്ടിയിൽ ആണ് വട പോലുള്ള ഭക്ഷണ സാധനങ്ങൾ എന്ന് കണ്ട സിനു,ഒരു കള്ള ചിരിയോടെ പുട്ടാലു വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങടെ വണ്ടിയിൽ കയറി.
അവിടുന്ന് നേരെ പോയത് സജീവേട്ടന്‍റെ കമ്പനിയിലേയ്ക്ക് ആണ്.വർഷങ്ങൾക്കു ശേഷം കമ്പനിയിൽ കാലുകുത്തിയ സജീവേട്ടനെ മറ്റു പാർട്നേർസ് കൂമ്പിനിടിച്ച് വരവേറ്റു.വെള്ളം നിറയ്ക്കാനുള്ള സിന്തറ്റിക് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി.അവിടുള്ള ഓരോ ഘട്ടങ്ങളും സജീവേട്ടൻ ഓടി നടന്ന് പറഞ്ഞു തന്നു.ചാക്കിൽ നിറച്ച് വച്ചിരുന്ന റോ മെറ്റീരിയല്‍ കൽക്കണ്ടം ആണെന്ന് പറഞ്ഞു തിന്നാൻ ഒരുങ്ങിയ സിനുവിനെ ബംഗാളി പണിക്കാർ ഓടിച്ച് വിട്ടു.
ഏതു കളർ ആണോ വേണ്ടത് അതിൻ്റെ കളർ ക്രിസ്റ്റലുമായി ഉരുക്കി ചേർത്ത് നൂൽ പോലെ വരുന്ന മിശ്രിതം, വെള്ളം നിറച്ച പാനലിൽ കൂടി കടത്തിവിട്ടു തണുപ്പിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് എടുക്കുന്നതും മിഷ്യൻ വഴി.
ഈ പൊടി അച്ചിൽ ഇട്ട് ഉരുക്കി തണുപ്പിച്ച് വാട്ടർ ടാങ്കുകൾ ഉണ്ടാക്കുന്നു
വാട്ടർ ടാങ്കുകൾ കണ്ട് അന്തം വിട്ടു ഒരു മൂലയിൽ മാറി നിന്നിരുന്ന പുട്ടാലുമാമനെ,"ഉടുപ്പിട്ട ടാങ്ക്" എന്നും പറഞ്ഞുകൊണ്ട് സപ്ലൈ വണ്ടിയിൽ കയറ്റിയ ഹിന്ദിക്കാരനുമായി മച്ചാൻ മുട്ടൻ വഴക്കുണ്ടാക്കി.
ഒടുവിൽ ഹിന്ദി അറിയാവുന്ന ഏക വ്യക്തിയായ ശത്തപ്പൻ ഇടപെട്ട് പുട്ടാലുവുമായി ഞങ്ങൾ യാത്ര തിരിച്ചു.
ഹൈവേയിൽ കയറിയപ്പോൾ പിന്നിൽ വന്നിരുന്ന ശാന്തത്തപ്പ വാഹനം പോലീസ്സ് പൊക്കി.ഫൈൻ കൊടുത്ത് നേരെ മുല്ലശ്ശേരിക്ക്.പോകുന്ന വഴി അഞ്ചു കിലോ പച്ച കപ്പ കൂടി വാങ്ങി.
അപ്പോളേക്കും മണിക്കുട്ടി "ഒന്നേ...ന്നു" വീണ്ടും ഓട്ടം തുടങ്ങി.
ആഘോഷത്തിനിടയിൽ ബി.പി കൂടിയ പുട്ടാലു, മന്ത്രവാദ തകിട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് കൊച്ചിക്കു വിട്ടു.
ബി.പി കൂടിയ മറ്റൊരാൾ ആരോരുമറിയാതെ ചാലക്കുടിക്ക് തിരിച്ചത്, ചാലക്കുടി ചന്തയ്ക്കു പോകാൻ വേണ്ടിയാണെന്ന് മാളോകർ പാടി നടന്നു.
ഒടുവില്‍ ഗുരുവായൂര്‍ കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങള്‍ രണ്ടു വഴി പിരിഞ്ഞു.












