Monday, 15 April 2019

വിഷു പടക്കം !!

അടുത്ത വീട്ടിലുള്ളവൻ വാശിക്ക് പൊട്ടിച്ച പടക്കങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ വീട്ടിലെ കൊച്ചു കുട്ടി ഉറക്കെ പറഞ്ഞ കാര്യം, ഈഗോ കാരണം ഞാൻ എന്റെ മനസ്സിൽ പതുക്കെ പറഞ്ഞു....

"കുറേ കൂടി വാങ്ങാമായിരുന്നു!!"

Monday, 1 April 2019

കുഞ്ഞോൾ!!


പ്രായത്തിൽ വലിയ വ്യത്യാസമുള്ളവർ പേരു വിളിക്കുന്നത് പലർക്കും പൊടി പോലെ അലർജി ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ട്.ഏതാണ്ടതുപോലൊന്നു അപൂർവം....ചിലരോട് ഉണ്ടായിരുന്ന കാലത്താണ് "മേതിൽ രാധാകൃഷ്ണൻ" എന്ന യങ് ഓൾഡ് മാനെ പരിചയപ്പെടുന്നത്.

75 വയസ്സിലും ചിന്തകൾ കൊണ്ട് ജീനിയസ്സും ഉന്മേഷം കൊണ്ടും ലാളിത്യം കൊണ്ടും കൊച്ചുകുട്ടി ആയ മേതിൽ.അച്ഛനേക്കാൾ പ്രായ മുള്ള ആളെ പേരു വിളിക്കാൻ ഒരിക്കലും തയ്യാർ അല്ലായിരുന്നു.

ടാ..സ്മിനു.നീ എന്റെ ഫ്രണ്ട് ആണേൽ മേതിൽ എന്നു വിളിക്കുന്നത് ആണിഷ്ടം.അതോടെ വേറെ മാർഗം ഇല്ലാതായി.

കട്ട സൗഹൃദം അങ്ങിനെ തുടങ്ങി.ഒപ്പം പ്രായം വ്യത്യാസവും പേരുവിളിയും തമ്മിൽ ഉള്ള പുലയും തീർന്നു.

********
" ഈ ചേട്ടാ എന്നൊന്നും വിളിക്കില്ല.എടാ പോടാ വിളി ആണ് എനിക്ക് ഇഷ്ടം."

അങ്കിൾ വിളികൾ കേട്ടു തഴമ്പിച്ച ചെവികളിൽ എടാ പോടാ വിളികൾ ഓടാതിരിക്കുമോ.

ഇതേ ഡയലോഗ് വേറൊരാളിൽ നിന്നും മുന്നേ കേട്ടിട്ടുള്ളത് കൊണ്ടും അതേ അഹങ്കാരവും ബോൾഡ് ആണെന്ന മുഖം മൂടിയും  തിരിച്ചറിഞ്ഞപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു..."നിന്റെ കൊമ്പ് ഞാൻ മുറിച്ചു നിന്നെ കൊണ്ട് "ഏട്ടാ" എന്നു വിളിപ്പിക്കുമെടി കാന്താരി" എന്നു.

ദിവസ്‌സേന ഉള്ള അടികൾക്കൊടുവിൽ.... "ഞാൻ നിന്നെ ആത്മാർഥമായി വിളിക്കുവാ,ലോകത്തിൽ വേറെ ആരെയും അങ്ങിനെ വിളിച്ചിട്ടില്ല എന്നു പറഞ്ഞു..... 26 ആം വയസ്സിൽ അവൾ എന്നെ ഹൃദയത്തിൽ തൊട്ടു... ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ "ഏട്ടാ.." എന്നു വിളിക്കുമ്പോൾ... രക്ത ബന്ധത്തിലും ശക്തമായൊരു ഫീൽ!!

*********

തലയിൽ ഒരു പാറ എടുത്തു വച്ച പോലത്തെ അവസ്‌ഥ. കുളിക്കുവാൻ കൊണ്ടുപോകുന്ന പട്ടികുട്ടിയെ പോലെ കണ്ണുകൾ വിടരുവാൻ മടിച്ചുകൊണ്ടു കൂമ്പി അടഞ്ഞുകൊണ്ടിരുന്നു.നേരം പുലർന്നതോ അതോ പതിരാവായതോ  എന്നറിയില്ല. തലയിലെ പാറയെ തള്ളി നീക്കി പതിയെ എണീറ്റിരുന്നു.ഓർമയും സ്ഥലകാല ബോധവും തമ്മിൽ പിണങ്ങി മാറിനിന്നു.ശൂന്യതയിൽ ആരോ വർണ്ണങ്ങൾ വാരി വിതറും പോലെ മങ്ങിയ വെട്ടത്തിൽ കാഴ്ച്ചകൾ നടന്നടുത്തു തുടങ്ങിയപ്പോൾ ചുറ്റിനും കണ്ണോടിച്ചു.

നെഹ്റു പാർക്ക് എന്ന മഞ്ഞയിൽ കരിയോയിൽ കൊണ്ട് കോറിയിട്ടൊരു ബോർഡിനു മുന്നിൽവച്ചേനിക്ക്  ഓർമകൾ തിരികെ കിട്ടി തുടങ്ങി.

സ്വതന്ത്രത്തിന്റെ ലോകത്ത് എത്തിയതിന്റെ ആഘോഷ രാവിൽ അന്തിയുറങ്ങിയത് പാർക്ക് ബഞ്ചിൽ. "ഇച്ചിരി വെള്ളം കിട്ടിയിരുന്നെങ്കിൽ!!"
ആരോ ഉപേക്ഷിച്ച ഒരു കുപ്പി വെള്ളം അടുത്ത ബെഞ്ചിൽ സുഖമായുറങ്ങുന്ന കണ്ട സന്തോഷത്തിൽ എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ആണ് അരയിൽ മുറുക്കെ പിടിച്ച  കുഞ്ഞികൈയുടെ അറ്റത്ത് പുഴു തിന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന വട്ട മുഖം കണ്ടത്.

കുഞ്ഞികണ്ണുകളിൽ വല്ലാത്ത തിളക്കം.കുട്ടിക്കാലത്ത് വായിച്ച ഏതോ പുസ്തകത്തിലെ വികൃതി പെണ്കുട്ടിയുടെ കുട്ടിക്കാല രൂപത്തെ ഓര്മപ്പെടുത്തുന്ന മുടികൾ.വെള്ളയിൽ കറുത്ത പൊട്ടുകൾ ഉള്ള കുഞ്ഞുടുപ്പിൽ തിരസ്ക്കരിക്കപെട്ടവളുടെ കരി പുരണ്ടിരിക്കുന്നു.

എങ്ങനെ എന്നിൽ ഇവൾ അഭയം തേടി എന്നറിയില്ല.എങ്കിലും വല്ലാത്തൊരടുപ്പത്തോടെ ആ 3 വയസ്സുകാരി എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്തോ പറയുന്നപോലെ.

*******

വഴീന്നു കിട്ടിയ പുഴുപ്പല്ലി യെ വീട്ടിൽ കൊണ്ടാകാം എന്നു കരുതി പൊക്കി നടന്നപ്പോൾ ആണ് കുറെ ആളുകൾ ഓടി വരുന്ന കണ്ടത്.

പൂർവികർ ചെയ്ത പുണ്യമോ അതോ പുഴുപ്പല്ലി എന്നോട് കാണിച്ച ഇഷ്ടം കണ്ടിട്ടോ എന്നറിയില്ല.തല്ലു കൊണ്ടില്ല. ഇന്നലെ രാത്രി കതങ്ങൾക്ക് അപ്പുറത്ത് മിസ്സ് ആയ കൊച്ച് എങ്ങിനെ എന്റെ അരയിൽ ചുറ്റി എന്ന ദൂരൂഹതയിൽ ചവുട്ടിക്കൊണ്ടു ഞാനാവരുടെ പുറകെ നടന്നു.അപ്പോളും അവൾ അച്ഛന്റെ തോളിൽ കിടന്നു എന്നെ നോക്കി വളപ്പൊട്ടുകൾ വീണുടയുന്നപോലെ കൊഞ്ചി ചിരിക്കുന്നുണ്ടായിരുന്നു.

******

പുഴുപ്പല്ലുകളെല്ലാം കമ്പിയിട്ട പലക പല്ലുകൾക്ക് വഴിമറിയെങ്കിലും... വർഷങ്ങൾക്കിപ്പുറം...  .. ആത്മാവിന്റെ  ഇലാമ വൃക്ഷത്തിൽ ഒരു നനുത്ത കാറ്റായി........ കൊഞ്ചലുകൾ നിറഞ്ഞ ആ വളപ്പൊട്ടു ചിരി ചുറ്റി പടർന്നത് ഒരു നിയോഗം പോലെ ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.

നെഹ്രുപാർക്കിന്റെ നരവീണ ബെഞ്ചിൽ... അവളെ എന്നിലേക്ക് എത്തിക്കുവാൻ കാരണകാരനായ....അജ്ഞാതനായ ആ പിള്ളേരെ പിടുത്തകാരനെ ഞാൻ മനസ്സാൽ നമിക്കുന്നു.

Tuesday, 19 March 2019

സൈക്കോ ഗ്രാമം

ബോധിവൃക്ഷ തണലിൽ വച്ചുൾവിളികിട്ടിയ മഹാനെ പോലൊരു വിളി എനിക്കും കിട്ടി.ഫോൻവിളി ആണെന്ന് മാത്രം.കേന്ദ്രത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജർ ആണ്."നീ കട്ടപ്പനയ്ക്ക് പോകുന്നില്ലേ?"

"രാവിലെ പൊങ്ങി..കട്ടപ്പനയിൽ കല്യാണത്തിന് പോകാം" എന്ന തീരുമാനത്തിൽ തലേന്ന് കിടന്നതേ ഓർമ ഉള്ളൂ. അപ്പൊ സദ്യ ഉരുട്ടി വിഴുങ്ങുന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ??എന്തരോ എന്തോ!!

എന്തോ ഉടായിപ്പ് പറഞ്ഞു അച്ഛന്റെ ഫോണ് കട്ട് ചെയ്ത്,കട്ടിലിനടിയിൽ കിടന്ന ഉടുമുണ്ട് തപ്പിയെടുത്ത് ചുറ്റിക്കെട്ടി അരമണിക്കൂർക്കൊണ്ടു പ്രാഥമിക റൗണ്ട് കർമങ്ങൾ കഴിച്ചു ചാലക്കുടി സ്റ്റേഷനിൽ എത്തി.ഇന്നിനി കട്ടപ്പനയും കുട്ടപ്പനും ഒന്നും വേണ്ട...എന്നു തീരുമാനിച്ചു കിട്ടിയ വണ്ടിയിൽ "ഊട്ടി" പരിസരത്ത് ലാൻഡ് ചെയ്തു.

ഉറക്കച്ചടവിൽ നിലാവത്ത് പെട്ട കോഴിയെപോലെ നാലുപാടും നോക്കി പമ്മിനിന്നപ്പോൾ മൂട്ടിൽ പന്തം കൊളുത്തിയ പോലെ ഒരാൾ പാഞ്ഞു വന്നു.എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ തേയ്ക്കാത്ത പല്ലും മോണയും കാട്ടി എന്നെ നോക്കി ഒരു ചിരി.ഇതു നമ്മുടെ കണ്ടംപറി ആശ അല്ലെ എന്നോർത്തപ്പോലേയ്ക്കും കക്ഷി ദൂരെ എത്തി.പിന്നാലെ വച്ചടിച്ചു ചെന്നു നിന്നത് റൂം 27നു മുന്നിൽ.

തറവാട്ടു മുറ്റത്ത് ചാരുകസ്സേരയിൽ ഇരുന്നു മുറുക്കാനിൽ ചുണ്ണാമ്പ് തേയ്ക്കും പോലൊരു കാരണവർ ലാപ്‌ടോപ്പിൽ തോണ്ടി പുറം തിരിഞ്ഞിരിക്കുന്നു.ഡോ.പി.എം വിജയൻ!! ഡോക്ടറുടെ കിറിയും നോക്കി...അവാർഡ് പടത്തിനു ആള് കുത്തിയിരിക്കും പോലെ അഞ്ചാറു പേർ, പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ മട്ടിൽ ചിന്തിച്ചിരിപ്പുണ്ട്.

മുൻബഞ്ചിൽ ഇരുന്നൊരു തട്ടമിട്ട രൂപം കണ്ണുരുട്ടി, കൊഞ്ഞനം കുത്തി,പിന്നെ കിറി കോട്ടി കാണിച്ചു. കളിപൂച്ച സിഫു. മറു ബെഞ്ചിൽനിന്നും കണ്ണട വച്ചൊരു കിളവി പല്ലിളിച്ചു- മാർക്കറ്റ് കിച്ചു. തട്ടക്കാരിയുടെ പിന്നിലെ ബഞ്ചിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപം, പാണ്ടി ലോറിക്ക് മുന്നിൽ മസിലു പിടിച്ചിരിക്കുന്ന പോലെ ഇരിപ്പുണ്ട്.ഒറ്റ നോട്ടത്തിൽ 7 up ന്റെ പഴയ പരസ്യത്തിലെ കോലൻ മുടിക്കാരൻ രൂപത്തെ ഓർമ വന്നു. Jk.

അവന്റെ പിന്നിലിരുന്നു അവനെ ചൊറിയാം എന്നുകരുതി പോയിരുന്നപ്പോൾ, ബാർബർ ഷോപ്പില്ലാത്ത നാട്ടിൽ നിന്ന് വരും പോലെ... മറ്റൊരു രൂപം ഓടിക്കിതച്ചുവന്നു എന്റെ ഇടത് ഭാഗത്തിരുന്നു കുശലാന്വേഷണം തുടങ്ങി.പേര് ചോദിച്ചപോൾ "അമർ" എന്നൊന്നമറി അവൻ!!

ആരംഭ ശൂരത്വം കഴിഞ്ഞപ്പോൾ അമർ  ബാക്ക് എൻജിൻ ഓട്ടോ കയറ്റം കയറും പോലെ കൂർക്കം വലിച്ചുറക്കമായി.ഉറങ്ങാൻ വേണ്ടി ഇത്ര ദൂരം വന്ന അവനെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കിക്കൊണ്ടിരുന്നപ്പോൾ,പിന്നെയും ആരൊക്കെയോ കടന്നു വന്നു കിട്ടിയ സ്ഥലത്ത് കുത്തിയിരുന്നു മാറി മാറി കോട്ടുവായിടാൻ തുടങ്ങി.

ഒടുവിൽ ഉച്ച ഉച്ചര ആകാറായപ്പോൾ കഞ്ചാവടിച്ച കോഴി മുട്ടയിടാൻ സ്ഥലം നോക്കി വന്നപ്പോലെ ഒരുവൻ പതുങ്ങി വന്നു jk യെ തള്ളിമാറ്റി അവിടെ കുടിയേറി പാർത്തു.- കരൺ!!

അവൻ വന്ന ഉടൻ ക്ലാസ്സ് കഴിഞ്ഞു. എല്ലാവർക്കും തന്റെ പേരെഴുതിയ വെറ്റില അടിച്ചേല്പിച്ചിട്ടു, തോണ്ടിക്കൊണ്ടിരുന്ന ലാപ്പും തൂക്കി ഡോക്ടർ സ്കൂട്ടായി.

അപ്പോൾ ആണ് എല്ലാവരെയും ശരിക്ക് കാണുന്നത്.പുളിയുറുമ്പു കേറിയ പോലെ ഓടിനടക്കുന്ന മുൻസിപ്പൽ കൗണ്സിലർ സുകന്യ. വെള്ളം കണ്ടാൽ നിൽക്കുന്ന "പാമ്പ് ശ്രുതി",പേരുപറഞ്ഞാൽ പല്ലുതെറിക്കുന്ന "ബ്രീഫിയ", മൈന കണ്ണട വച്ചപോലുള്ള ശർമ്മിള. ലിഷ സിസ്റ്റർ, ഗ്രൂപ്പിൽ സജീവമല്ലാത്ത, ബൊമ്മക്കുട്ടികളെ പോലെ തോന്നിയ പേരുകൾ മറന്നു പോയ മറ്റു ചിലരും.

ക്ലാസ് കഴിഞ്ഞു എന്നറിഞ്ഞ ഉടൻ താറാവ് കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞ പോലെ ക്ലാസ്സിൽ ബഹളം ആയി.ബ്രിഫിയയെ ബ്രീഫ്‌ ആക്കി..  assignment അടിച്ചു മാറ്റാൻ ശ്രമിക്കുന്ന മാർക്കറ്റ് കിച്ചുവിനോട് ഓഫർ ചെയ്ത ചപ്പാത്തിക്കാര്യം ചോദിച്ചപ്പോൾ പുളിച്ചു പൊങ്ങിയ പോലുള്ള മുഖം കൊണ്ടു ആട്ടിപ്പായിച്ചു. അതുകണ്ടു മനസ്സലിഞ്ഞ പാമ്പ് ശ്രുതി ഒരുകൂടു ബിസ്ക്കറ്റ് എടുത്തു നീട്ടി.

ബിസ്ക്കറ്റ് കണ്ട ഉടൻ ഗ്രഹണി പിടിച്ച പിള്ളേർക്ക് ബോണ്ട കിട്ടിയ പോലെ അടിയും പിടിയും ആക്രാന്തവും!! ഭാഗ്യത്തിന്...മൂക്കി വലിക്കാൻ പാകത്തിന് കുറച്ചു ബിസ്ക്കറ്റ് പൊടി കിട്ടി.

ബിസ്ക്കറ്റ് തിന്ന ആവേശത്തിൽ കുമ്പളങ്ങയിൽ തട്ടം ഇട്ടപോലുള്ള സിഫു അക്രമം തുടങ്ങി.ഇടി കുത്ത് കടി മാന്തൽ, ചവിട്ടികൂട്ടൽ.... അങ്ങിനെ തനിസ്വരൂപം പുറത്ത് കാണിച്ച കള്ളി പൂച്ചയെ ദോശ വാങ്ങിത്തരാം എന്നു പറഞ്ഞു ആരോ കൂട്ടി കൊണ്ടുപോയി.

ക്ലാസ് കഴിഞ്ഞ ഉടൻ ഉണ്ടം പൊരി തിന്നണം എന്നും പറഞ്ഞോടിയ കണ്ടംപറി, ഉപ്പുമാവും ചോറും കണ്ടു മടങ്ങി വന്നു മൂക്കറ്റം വെട്ടിവിഴുങ്ങി...ആരുടെയോ കുടയും അടിച്ചുമാറ്റി തുള്ളി ചാടി സ്ഥലം വിട്ടു.അച്ചാർ നോക്കി വെള്ളമിറക്കി നിന്നിരുന്ന മസിൽ മാൻ jk, അച്ചാർ തീർന്നതോടെ കയ്യും നക്കി വേറെ പണിക്ക് പോയി.

ഫുഡ് തീർന്ന ഉടൻ തക്കാളി വാങ്ങാൻ എന്നും പറഞ്ഞു കിച്ചാമണി മുങ്ങി.ആ പുറകെ മറ്റുള്ളവരും.

എന്നാൽ പിന്നെ അടുത്ത സ്വീകരണ സ്ഥലം തേടി പോകാം എന്ന് കരുതി നീങ്ങിയപ്പോൾ....ആക്രി കടയിൽ നിന്നടിച്ചുമാറ്റിയത് പോലൊരു വണ്ടി മുന്നിൽ വന്നു ഞരങ്ങി നിന്നും.അതിൽ നിന്നും സൈക്കിൾ യജ്‌ഞകാരൻ കണാരനെ പോലൊരുവൻ ചാടി ഇറങ്ങി.'വഴി മാറട കൂതറ ചെക്കാ" എന്നു തുടങ്ങുന്ന പഞ്ചു ഡയലോഗ് താങ്ങി എടുത്തു കൊണ്ടുവരും മുന്നേ ആള് കൈയേൽ കയറി പിടിച്ച് കുലുക്കി കൈ ഉള്ക്കി തന്നു.

അപ്പോളാണ് മുഖം നോക്കുന്നത്.ഓസിക്ക് സദ്യ കിട്ടും എന്ന് കേട്ട് പൊരി വെയിലത്ത് പാലക്കാട് വരെ പോയി വിളിക്കാത്ത കല്യാണം കൂടി വന്ന  അനീഷ് കല്യാൺ .പേരിലെ കല്യാൺ കല്യാണം തേടി നടക്കുന്നതിന്റെ ആണെന്നറിഞ്ഞു ചിരിക്കാതിരിക്കാൻ ആയില്ല.

കുശലം പറച്ചിലും പരിഭവങ്ങളും ആയി... അൽപ സമയം.അപ്പോളേക്കും ജന്മനാ ഉള്ള ആ മാറാരോഗത്തിന്റെ കരങ്ങൾ എന്നെ കാർന്നു നിന്നു തുടങ്ങി.ഒരു കൊട്ട ചോറ് തട്ടി രോഗം മാറ്റുവാൻ പറ്റിയ ഹോട്ടൽ തേടിയുള്ള അലച്ചിലിൽ..... ഒരു ലോഡ് ടെൻഷനും അതിലേറെ പരിഭവവും സൗന്ദര്യ പിണക്കവും ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കരണും പൂച്ച സിഫുവും കൂടെ കൂടി.

ആത്മശാന്തി തേടിയുള്ള ആ ഓട്ടം നിന്നത് ശാന്ത ചേച്ചിയുടെ വനിത കാന്റീനു താഴെ ആണ്. വനിത എന്നും...കാന്റീൻ എന്നും കണ്ട ഉടൻ പടികൾ ചാടി കയറി കടയ്ക്ക് മുന്നിൽ വെള്ളമിറക്കിക്കൊണ്ടു അരമണിക്കൂർ അക്ഷമനായി കാത്ത് നിന്നപ്പോഴേയ്ക്കും 2 നു പകരം മൂന്നു പേർ കയറി വന്നു.10 പടികൾ കയറാൻ അര മണിക്കൂറോ എന്നോർത്ത് നിന്നപ്പോൾ മൂന്നാമൻ മുന്നിൽ വന്നു ഇളിച്ചു നിന്നു. ഫ്രഡിൻ!! 

വായില്ലാ കുന്നിലപ്പന്റെ ശിഷ്യരായി മാറിയ രണ്ടാൾക്കിടയിൽ... വായും പൊളിച്ചു നടക്കുന്ന ഫ്രഡിനെ കിട്ടിയപ്പോൾ ചൂടത്തു സംഭാരം കുടിച്ച പോലൊരാശ്വാസം.ആ ആശ്വാസം തീരും മുന്നേ മൂക്കറ്റം ചോറുണ്ട് കൈകഴുകി.

എല്ലാവരോടും യാത്രപറഞ്ഞു ട്രെയിനിൽ ഇരിക്കുമ്പോൾ...കട്ടപ്പനയിൽ കല്യാണത്തിന് ചെല്ലാത്തതിന്റെ പേരിൽ ബന്ധുവീട്ടിൽ ചിലരുടെ വിളിവന്നു.ഒന്നും പറയാതെ അവരുടെ കലിപ്പ് തീരും വരെ ഫോണ് ചെവിയിൽ വച്ചു കേട്ടിരിക്കുമ്പോൾ....എന്നും...എന്നെ ഞാനായി നിലനിർത്തിയിരുന്നത് പല നാൾ..... പല വഴി വന്നു ചേർന്ന സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്ന് ചിന്തിക്കാതിരിക്കാൻ ആവുമായിരുന്നില്ല.

വ്യത്യസ്ത മുഖങ്ങളുള്ള....വ്യത്യസ്ത ചിന്തകളുള്ള ചില സൗഹൃദങ്ങൾ തേടിയുള്ള യാത്രകൾ തുടരാൻ തന്നെ തീരുമാനിച്ചുകൊണ്ടു... ചാലക്കുടി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി മെല്ലെ നടന്നു.

Sunday, 10 March 2019

മാർച്ച്

മാർച്ച്!!
എന്തെന്നറിയില്ല, വല്ലാത്തൊരു ആവേശമാണ് ഈ മാസത്തിനോട്.എഴുത്തിന്റെ വഴിയിലേക്ക് എന്നെ എത്തിച്ചത് ഇതുപോലൊരു മാർച്ച് മാസം ആണ്.
എന്തെഴുതി എന്നതിലപ്പുറം... എങ്ങനെ എഴുതി എന്നത് ആണ് എനിക്കിപ്പോളും മനസ്സിൽ ആക്കാത്ത ഏക കാര്യം.

പഴയ എഴുത്തുകൾ ഇന്ന് വായിക്കുമ്പോൾ...ഏതോ അപരിചിതന്റെ വരികൾ പോലെ!!

ഒരുകാര്യം മാത്രം അറിയാം.അന്നൊക്കെ എഴുതുമ്പോൾ വാക്കുകൾ ഒരു "മാർച്ച്" പോലെ മുറിയാതെ താളത്തിൽ ഒഴുകി എത്തിയിരുന്നു.

ഇന്ന് എനിക്ക് ആ ഒഴുക്ക് നഷ്ടപ്പെട്ടുവോ??

ഇത്രയും എഴുതുവാൻ തന്നെ മണിക്കൂറുകൾ എടുത്ത എനിക്ക്... പഴയ "അരപ്പിരി" ആകുവാൻ വീണ്ടും മോഹം.

ചിന്തകളിൽ വീണ്ടും ഭ്രാന്ത് നിറയ്ക്കുവാൻ വെറുതെ ഒരു മോഹം??

Wednesday, 19 December 2018

വളർച്ച!!

വളർച്ചയിലേക്ക് കണ്ണും നട്ടിരുന്നു വളർന്നു കഴിഞ്ഞപ്പോൾ വേദനയോടെ തിരിച്ചറിഞ്ഞു.. വളരുവാൻ ആഗ്രഹിച്ചത് ഏറ്റവും മനോഹരമായ ആ കുട്ടിക്കാലത്ത് നിന്നും ആയിരുന്നു എന്ന്.

കാപട്യങ്ങളുടെയും പിരിമുറുക്കങ്ങളുടെയും പൊയ്മുഖങ്ങൾ വലിച്ചുകീറി.... വളർച്ചയിൽ നിന്നും ആ കുട്ടിക്കാത്തിലേക്കൊരു മടക്കം ഇനി അസാധ്യമെന്നറിയുമ്പോൾ ആണ്  ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങളുടെ വില എത്ര വലുതെന്ന തിരിച്ചറിവ് ഒരു നൊമ്പരമായി കടന്നു വരുന്നത്.




Thursday, 2 August 2018

"വട്ടു ചരിതം" ഓട്ടൻതുള്ളൽ

വട്ടു...ച്ചാരുടെ മണ്ടച്ചാരുടെ...
മൊട്ടത്തലയിൽ കൂണുമുളച്ചു!!

കൂണു മുളച്ചത് കണ്ടു കൊതിച്ചോരാ...
മാഡം അങ്ങനെ മുട്ടകളിട്ടു....

മുട്ട പുഴുങ്ങാൻ വച്ചൊരു നേരം,
മുട്ടവിരിഞ്ഞതു കുട്ടികളായി !!

പുഴുങ്ങിയ മുട്ടകൾ തിന്നാൻ വന്നൊരു
വട്ടൂ..നെ നോക്കി കുട്ടി ചിരിച്ചു !!

കുട്ടി ചിരിക്കണ കണ്ടൊരു വട്ടു ,
പെട്ടി മുറുക്കീട്ടൊരോ..ട്ടോ പിടിച്ചു

ഓ..ട്ടോ പിടിച്ചോരാ മൊട്ടത്തലയൻ,
പിന്നെ പൊങ്ങീത് ഖത്തറിലാണേ !!

അത്തള പിത്തള കൊച്ചള വട്ടു
കമ്പിളി ചുറ്റി പാ...റി നടന്നു !!

ഖത്തറിലുള്ളൊരു വട്ടുച്ചാരുടെ...
കള്ള.....ക്ക..ളികൾ നാട്ടിലറിഞ്ഞു!!

മുട്ടവിരിഞ്ഞാ.. കുട്ടികൾ ചേ...ർന്ന്,
മണ്ടച്ചാരുടെ...കൂമ്പു കലക്കി !!

കൂമ്പുകലങ്ങി നടക്കും നേരം....
പാലക്കാട്ടെ... ടീച്ചർ കടിച്ചു !!

ടീച്ചർ കടിച്ചത് പോരാഞ്ഞിട്ട്...
വട്ടേക്കാവൻ.. പിടുക്ക് വിഴുങ്ങി !!

പിടുക്കില്ലാതെ ഇരിക്കും നേരം...
മൊട്ടത്തലയിൽ സിലിണ്ടറു വീണു !!

സിലിണ്ടറും പൊക്കി നടക്കും നേരം..
വേലീലിരുന്നൊരു പാമ്പിനെ കണ്ടു !!

പാമ്പിനെ കണ്ടു മയങ്ങിയ വട്ടു ,
പാമ്പിനെ വച്ചോരു കോണകമാക്കി !!

ആ...ടണു പാമ്പ്...ചീ..റ..ണ് പാ..മ്പ് !!
അയ്യോ പാമ്പേ...കൊത്ത...ല്ലേ.... ടാ !!

Tuesday, 28 November 2017

രാമേട്ടൻ അഥവാ വീരശൂരപരാക്രമി !!

"ആണായി പിറന്നവന്മാർ ഉണ്ടേൽ വെട്ടെടാ!!"
ഊരി പിടിച്ച കത്തിയുമായി നിൽക്കുന്ന നാലംഗ സംഘത്തിനു മുന്നിൽ കാവി മുണ്ട് വളച്ചു കുത്തി നെഞ്ച് വിരിച്ചു കയറി നിന്നപ്പോൾ ആണ് വട്ടച്ചോറി നിവാസികൾ ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്.സിനിമയെ തോൽപ്പിക്കുന്ന ചങ്കൂറ്റത്തോടെ തങ്ങളുടെ ഇടയിൽ നിന്നും മുന്നിൽ കയറി നിന്ന ആളുടെ മട്ടും ഭാവവും കണ്ടിട്ടോ... അതോ ആ ഭാവം പകർന്നു നൽകിയ ധൈര്യത്തിൽ ഊർജ്ജിതരായ വട്ടച്ചോറിയിലെ പ്രബുദ്ധരെ കണ്ടിട്ടോ എന്നറിയില്ല...  നാലംഗ സംഘം കിട്ടിയ വണ്ടിയിൽ സ്ഥലം വിട്ടു.
കൃതാർത്ഥരായ വട്ടച്ചോറി നിവാസികൾക്ക് മുന്നിൽ അയാൾ സ്വയം പരിചയപ്പെടുത്തി.കുറി കമ്പനി നടത്തി വരുന്ന വനജയുടെ കെട്ടിയവൻ രാമൻ.

കല്യാണ ശേഷം...വനജയുടെ വട്ടച്ചോറിയിലെ തറവാടിനടുത്തുള്ള കുരങ്ങൻ പാടത്തിനോട് ചേർന്നുള്ള പത്ത് സെൻറ് വാങ്ങി പെറ്റനാട് വിട്ടു അങ്ങോട്ട് കുടിയേറിയതാണ് രാമൻ.കാലങ്ങളായി നടത്തിവന്നിരുന്ന പലവക ബിസിനസ്സുകൾ തൻ്റെ ദൂർത്ത് കൊണ്ട് മാത്രം മുടിഞ്ഞപ്പോൾ മിച്ചം വന്ന പണമെല്ലാം ചേർത്തുവച്ച് തൻ്റെ പത്തുസെന്റിൽ തരക്കേടില്ലാത്തൊരു പുര തല്ലികൂട്ടിക്കൊണ്ടിരിക്കുകയാണ് രാമൻ.ചെന്ന നാട്ടിലെല്ലാം തരക്കേടില്ലാത്ത പേരെടുത്ത ചരിത്രം രാമനെ ജനങ്ങൾക്കിടയിൽ വ്യത്യസ്തൻ ആക്കുന്നു.ഇനി ശിഷ്ട ജീവിതം കഴിയേണ്ട നാട്ടിൽ പത്താൾ അറിയുന്ന ഒരുവൻ ആയില്ലേൽ തനിക്ക് നാണക്കേട് ആകും എന്നത് കൊണ്ടല്ല രാമൻ ആയുധ ധാരികളായ നാൽവർ സംഘത്തിനു മുന്നിൽ കയറി നെഞ്ച് വിരിച്ചു നിന്നത്.അല്ലേലും ചെല്ലുന്ന എല്ലാ നാട്ടിലും വിധി ഒരുക്കുന്ന സാഹചര്യങ്ങൾ തന്നെ ആണല്ലോ രാമനെ നാട്ടാരറിയുന്നവൻ ആക്കി മാറ്റിയിരുന്നത് !!

കാവിമുണ്ടിൽ നുരഞ്ഞ ചങ്കൂറ്റത്തിന്റെ പേരിൽ മാത്രം പുതിയ നാട്ടിൽ ചെറിയ രീതിയിൽ അറിയപ്പെട്ടുതുടങ്ങിയ കാലത്ത് ആണ് കുരങ്ങു പാടത്തിനപ്പുറത്തെ പത്ത് സെന്റിന് നടുവിലായി രാമൻറെ സ്വപ്ന സൗധം പൂർത്തിയായത്.പക്ഷി പനി പേടി നാടൊട്ടുക്കുള്ള പക്ഷി വ്യാപാരികൾക്കിടെ ഉറക്കം കെടുത്തി ആയി പരന്നു തുടങ്ങിയ സാഹചര്യവും തനിക്ക് വേണ്ടി വിധി ഒരുക്കി തന്നത് തന്നെ എന്നുറച്ചു വിശ്വസിച്ച രാമൻ, താറാവ് കളത്തിലും കോഴി കുളത്തിലും ഒക്കെ ചെന്ന് പക്ഷിപനി പേടിയിൽ കൂട്ടിലെ പക്ഷികളെ നോക്കി കുത്തിയിരുന്നിരുന്ന വ്യാപാരികളെ പറ്റിച്ച് പത്ത് സെന്റ് നിറച്ചും പല കൂടുകളിൽ ആയി പക്ഷികളെ നിരത്തി.

പക്ഷികളുടെ കലപില ശബ്ദത്തിൽ പേടിച്ചരണ്ട മാർക്കടർ കുരങ്ങുപാടത്തിൽ ഇറങ്ങാതെ മരങ്ങളിൽ കുത്തിയിരുന്നുറങ്ങിയ ഒരുനാൾ പക്ഷികളുടെ കലപില ശബ്ദം പിടച്ചിലായി മാറിയ ആ പുലർക്കാലത്ത് വട്ടച്ചോറിയിലെ സൂര്യൻ ഉദിച്ചത്... ദം ഇട്ട ചെമ്പിൽ ഒളിച്ച ബിരിയാണി മണത്തോടെ ആണ്.അന്നേ ദിവസം പത്ത് സെന്റിൽ എത്തി ചേർന്ന എല്ലാ വയറുകളും വനജയുടെ സഹായത്തോടെ ബിരിയാണി ഇട്ടു നിറച്ചു രാമൻ.കയ്യും വീശി നടന്നു വന്ന പ്രായപൂർത്തിയായ പുരുഷ പ്രജകളുടെ ഒരു കയ്യിൽ കോഴികാലും മറുകയ്യിൽ വിദേശ മദ്യവും ഒട്ടിച്ചു കൊടുത്തതോടെ "വനജയുടെ കെട്ടിയവൻ രാമൻ" എന്ന പേര് നാട്ടാര് തന്നെ പുതുക്കി പണിതു.രാമേട്ടൻ ആയി പ്രസിദ്ധൻ ആയ രാമൻ അങ്ങനെ നാലാളറിയുന്നവൻ ആയി വട്ടച്ചോറിയിലൂടെ നെഞ്ച് വിരിച്ചു നടന്നു.

***********

തവള കണ്ണുള്ള 3 വയസ്സുകാരി പൈതൽ അവളുടെ വലിഞ്ഞ സ്പ്രിങ് പോലുള്ള മുടിയിൽ പിടിച്ചു വലിച്ച് കൊണ്ട് ചിണുങ്ങി. "നി..ച്ച് കുച്ച...ണ്ടാ".
വെള്ളം കണ്ടാൽ സ്ഥിരമായി പനി വരുമായിരുന്ന അവളെ തറവാട് വീടിന് ചുറ്റും ഓടിച്ചിട്ടു പിടിച്ച് അവർ ബക്കറ്റിൽ നിറച്ച വെള്ളത്തിൽ മുക്കി ചകിരിക്ക് ഉരച്ചെടുത്ത് വെയിലത്തുണങ്ങാൻ വച്ച അന്ന് രാത്രി പതിവ് പനിയോടൊപ്പം ശരീരത്തിൽ അങ്ങിങ്ങായി ചൊറിഞ്ഞു തടിച്ചും തുടങ്ങി.പിന്നീട് ആ ചൊറി വട്ടത്തിൽ വലുതായി തുടങ്ങി.തന്നെയുമല്ല ആ ചൊറി തറവാട്ടിലെ മറ്റുള്ളവരിലേക്കും പടർന്നു എന്നതാണ് സത്യം.

അങ്ങിനെ തറവാട്ടിലെ എല്ലാവരും ഒഴിവു സമയങ്ങളിൽ തറവാട്ട് മുറ്റത്ത് വട്ടത്തിലിരുന്നു ചൊറിഞ്ഞു തുടങ്ങി.അവിടം കൊണ്ടും നിന്നില്ല, ആ പ്രക്രീയ തറവാട് മുറ്റവും കടന്നു അയൽ വീടുകൾ തോറും സഞ്ചരിച്ചുകൊണ്ടിരുന്നു.ഒടുവിൽ നാടൊട്ടുക്ക് ആളുകൾ ചൊറിയാൻ വേണ്ടി മാത്രം വട്ടമേശ സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ ആണ് നാട്ടിലെ ഏക വൈദ്യ-ജ്യോത്സ്യ ശേഷ്ഠൻ നാട്ടിലെ പണക്കാരൻ ആയി വളർന്നത്.നാട്ടാർ മുഴുവൻ വട്ടത്തിലിരുന്നു ചൊറിഞ്ഞ കാലത്തിനു ശേഷം ആ നാട് "വട്ടച്ചോറി" എന്നറിയപ്പെട്ടു തുടങ്ങി.ചൊറിയുടെ മൂല കേന്ദ്രമായ 3 വയസ്സുകാരിയെ ഇനി വെള്ളം തൊടുവിക്കരുത് എന്ന് നാട്ടുകൂട്ടം തറവാട്ട് കാരണവർക്ക് കുറി കൊടുത്തു.
തവള കണ്ണുള്ള രാജകുമാരി അങ്ങനെ കുളിക്കാതെ നനയ്ക്കാതെ വളർന്നു വളർന്ന് പിന്നെയും വളർന്നത് ആണ് 28 വർഷങ്ങൾക്ക് ശേഷം നിങ്ങൾ കണ്ട "കുറി കമ്പനി" നടത്തുന്ന വനജ.

വനജ കുറിക്കമ്പനി തുടങ്ങുന്നതിന് ഏതാനും കൊല്ലം മുന്നേ ഉള്ള കാലം.അന്ന് അവൾ പത്താം തരം മൂന്നു തരത്തിലെഴുതി തോറ്റ ശേഷം നാലാം വട്ടം പഠിച്ചോണ്ടിരിക്കുന്നു.അതേ സമയം അങ്ങ് പള്ളിപ്പാറയിലെ പിള്ളേർ മലയാളം ടീച്ചർ പാടി പഠിപ്പിച്ച വരികൾ മാറ്റി ഇങ്ങനെ പാടി നടന്നു.
"കു..ന്നത്ത് വീട്ടിൽ രണ്ടു മക്കളാ....ണേ...
ഒന്നാ....മൻ പഞ്ചാ...ര രാമനാണേ...
ആ...ക്രി പെറുക്കി നടന്നു രാമൻ...
ആക്രി രാമനെന്ന പേരും വീണു.."

സ്വന്തമായി പെറുക്കി കിട്ടിയതും നാട്ടാര് പെറുക്കിയതും ആയ എല്ലാ ആക്രികളും കൂട്ടിയിട്ട്, കുണ്ടന്നൂർ ടൗണിൽ തന്നെ "രാമൻസ് ആക്ക്രീസ്സ്" എന്ന കട നടത്തിപോന്നിരുന്ന സുവർണ്ണ ദിനങ്ങൾ രാമൻ ആഘോഷിക്കുക തന്നെ ചെയ്തു.കട വൻ ലാഭം.ലാഭത്തിലൊരു പങ്ക് ത്രിശങ്കു ഷാപ്പിലും മധുരാപുരി ഷാപ്പിലും മുടങ്ങാതെ കൊടുത്തിരുന്നു എന്നത് മാത്രമല്ല, നാട്ടുകാരെ കൊണ്ട് കൊടുപ്പിക്കുക കൂടി ചെയ്തിരുന്നു.മാംസ പീസുകളായ പോത്ത്, പന്നി,കോഴി,താറാവ്, ആട്, അടിമാലി ശാന്ത, കൊളപ്പുള്ളി ഗീത,ചാലക്കുടി ലീല,കോഴിക്കോട് സുജ എന്നിവയുടെ മാംസളതയോടു അമിതാവേശത്തോടെ മാംസഭുക്കായി തിന്നു നടന്ന നാളുകളിൽ ഒരിക്കൽ,നാട്ടിലെ ആക്രി മുഴുവൻ തീരാറായി എന്ന സത്യം രാമൻ തിരിച്ചറിഞ്ഞു.

ആക്രിക്കട വിറ്റ പണം ബാങ്കിൽ ഇട്ട്, തൊട്ടടുത്ത ഡിഷ് ആന്റിന കടയിൽ സെയിൽസ് മാൻ ആയി ജോലിക്ക് കയറി.ആന്റിന ട്യൂൺ ചെയ്യുന്നതിൽ ഉള്ള തൻ്റെ പ്രാവണ്യം മുതലാക്കി കടയിൽ കസ്റ്റമറെ കൂട്ടുന്നതിൽ പ്രധാനി ആയി മാറിയ രാമൻറെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ആണ് വനജ കയറിവരുന്നത്. കൂട്ടുകാരിക്ക് വേണ്ടി ഡിഷ് ടിവി നോക്കുവാൻ വന്ന വനജയെ രാമൻ ട്യൂൺ ചെയ്തെടുത്തത് നാട്ടുകാരും വീട്ടുകാരും അറിയുന്നത് അവരുടെ രെജിസ്റ്റർ വിവാഹ ശേഷം ആണ്.അതോടെ രാമനെ പള്ളിപ്പാറ വീട്ടിൽ നിന്നും പുറത്താക്കി.അങ്ങനെ ആണ് ബാങ്കിൽ കിടന്നിരുന്ന ആക്രിക്കട സമ്പാദ്യം എല്ലാം പെറുക്കി എടുത്ത് പത്ത് സെൻറ് സ്ഥലം വാങ്ങി വട്ടച്ചോറിയിലേക്ക് രാമൻ കുടിയേറിപാർത്തത്.

കുടുംബജീവിതവും ഷാപ്പിലെ കറിയും നാട്ടിലെ കിളിപിടുത്തവും എല്ലാം ഒത്തുപോകുവാൻ ഇപ്പോളത്തെ പോക്കറ്റ് കൊണ്ട് പറ്റുന്നില്ല എന്ന് വന്നപ്പോൾ രാമൻ ട്യൂണിങ് കടയിലെ ജോലി വിട്ട് തൊട്ടടുത്ത പപ്പട കടയിൽ കസ്റ്റമർ സർവീസ് മാനേജർ ആയി കയറുകയും വനജയെ കൊണ്ട് ഒരു കുറി കമ്പനി തുടങ്ങിക്കുകയും ചെയ്തു.കുറി കമ്പനി ഓടി എങ്കിലും പപ്പട കട പൂട്ടിയത് കൊണ്ട് അതിജീവനത്തിന് വേണ്ടിയും പത്ത് സെന്റിൽ ഒരു വീട് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടിയും രാമന് ഗൾഫ് നാടുകളിലേയ്ക്ക് ഒരു താൽക്കാലിക കുടിയേറ്റം അനിവാര്യമായിരുന്നു.

അറബി നാട്ടിലെ കർശന നീയമങ്ങൾക്കിടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കി മാറ്റുവാൻ സോഷ്യൽ മീഡിയകളിൽ കിളികൾക്കായി വല വിരിച്ച നാളുകളിൽ ആണ് അവൻ അവളെ പരിചയപ്പെടുന്നത്.മായ, തൃശിവപേരൂർ ആണ് വീട്.സോഷ്യൽ മീഡിയയിൽ അവളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട് പിന്നാലെ കൂടിയത് ആണ്.അവളുടെ ആൽബത്തിൽ അവളുടെ വ്യത്യസ്ത സ്റ്റൈൽ ഫോട്ടോകൾ കണ്ടു മയങ്ങിയ രാമന് അന്നാദ്യമായി തവളകണ്ണിയോട് പുച്ഛം തോന്നി.എങ്ങിനെയും അവളുടെ ശ്രദ്ധ പിടിച്ച് പറ്റണം.അതിനായി പല വഴികളും പയറ്റി പരാജയപ്പെട്ടു.

ഒടുവിൽ, പുസ്തകങ്ങളും കഥകളും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന മായയുടെ ശ്രദ്ധയും സൗഹൃദവും നേടുന്നതിന് വേണ്ടി അവനും എഴുതുവാൻ തീർച്ചയാക്കി.എന്തെഴുതും??പണ്ടത്തെ തൻ്റെ മോഹങ്ങളും, കിട്ടിയ തേപ്പും,പ്രണയ നഷ്ടങ്ങളും, കുളിക്കടവ് അനുഭവങ്ങളും, എരിവ് പുളികളും മറ്റ് മസാലകളും,ഇക്കിളി ഓർമകളും ഒക്കെ കൂട്ടിക്കലർത്തി ഒപ്പം  മോഡേണിസവും ചേർത്ത് ഒരെണ്ണം എഴുതി, പ്രീയ സുഹൃത്തും നാട്ടിലെ പ്രധാന വായി നോക്കിയും ആയ വാസു മാഷിന് അയച്ചു കൊടുത്തു.കഥ വായിച്ച് ഊർജ്ജിതനായ മാഷ്, വാർധക്യ ബാധയിൽ വേരോടെ തളർന്നുണങ്ങിയ മരത്തിൽ പുതു നാമ്പുകൾ പൊടിക്കും എന്ന പ്രതീക്ഷയിൽ, നരമറച്ചുകൊണ്ട് ഒരുകയ്യിൽ റോസാചെടിയും മറു കയ്യിൽ മുരിങ്ങ തൈയും വാങ്ങി വരുന്ന ഫോട്ടോ അയച്ചു കൊടുത്തു.

അതുകണ്ട ഉടൻ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ കഥയുടെ ഒരു കോപ്പി എടുത്ത് മായയ്ക്ക് അയച്ചു കൊടുത്തു.ഒപ്പം പതിവ് പോലെ ഫ്രണ്ട് റിക്വസ്റ്റ് അയക്കാനും മറന്നില്ല.പിറ്റേന്ന് രാവിലെ മായയുടെ മറുപടി ആയി ഒരു സ്മൈലി വന്നു.അന്ന് രാമൻ ലീവ് എടുത്ത് കൂട്ടുകാർക്കായി ബാർഡിനറ്റ് പകർന്നു നൽകി.

പിന്നീട് മായക്ക് വായിക്കുവാൻ വേണ്ടി കഥകൾ പലതും എഴുതി.എല്ലാത്തിന്റെയും ഓരോ കോപ്പി മുടങ്ങാതെ കിട്ടിയിരുന്ന വാസുമാഷിൻ്റെ വീടിനെ നാട്ടുകാരിൽ ചിലർ "റോസ് ഗാർഡൻ" എന്നും മറ്റു ചിലർ "മുരിങ്ങ തോട്ടം" എന്നും വിളിച്ചു തുടങ്ങി.

***********
വല്ലപ്പോഴും ലീവിന് നാട്ടിൽ എത്തുന്ന വരവിന്, രാമൻ വട്ടച്ചോറിയിലെ കുരങ്ങു പാടത്ത് വിരുന്നൊരുക്കി നാട്ടാർക്കിടയിൽ രാമേട്ടൻ എന്ന പേര് നിലനിർത്തിപൊന്നു.വർഷങ്ങൾ പലത് കഴിഞ്ഞു പോയി.വാസു മാഷിന്റെ റോസ് - മുരിങ്ങ തോട്ടങ്ങളിൽ "മുഞ്ഞ" പടർന്നു പിടിച്ചു.രാമന് പ്രവാസം മടുത്ത് തുടങ്ങി. തന്നെയുമല്ല വനജ അന്ത്യ ശാസനം തന്നു കഴിഞ്ഞു.നാട്ടിൽ തന്നെ സെറ്റിൽ ആകുവാൻ പറ്റിയ എന്തെങ്കിലും ബിസിനസ്സ് കണ്ടു പിടിക്കണം.ഇല്ല എങ്കിൽ ഇപ്പോൾ തന്നെ ചുമന്ന കൊടി സ്ഥാപിച്ച വനജ ചിലപ്പോൾ തനിക്ക് സ്ഥിരമായ മോറട്ടോറിയം പ്രഖ്യാപിച്ച് വല്ല വഴിയും പോകും.പെണ്ണൊരുമ്പെട്ടാൽ..... എന്ന ചിന്ത രാമൻ്റെ  മനസ്സിനെ നാട്ടിൽ കുറ്റിയടിച്ചുറപ്പിച്ചു.

ആ ഇടയ്ക്കു ആണ് ആരോ പറഞ്ഞു കേട്ട്  നാട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ഒരു ബിസിനസിനെ കുറിച്ച് അറിയുന്നത്.കേട്ടത് പാതി കേൾക്കാത്തത് പാതി,തൻ്റെ രണ്ടും വനജയുടെ രണ്ടും ചേർത്ത് നാല് കാലും നീട്ടി വച്ച് ബിസിനസ്സിൽ ചാടി ഇറങ്ങി.രാജി കത്തെഴുതി കറമ്പൻ മനേജറുടെ മുഖത്ത് എറിഞ്ഞതു പോരാഞ്ഞു അവൻ്റെ അപ്പനപ്പൂപ്പന്മാരെ തെറിയും വിളിച്ച ശേഷം നാട്ടിലോട്ടുള്ള അടുത്ത ജങ്കാറിൽ നുഴഞ്ഞു കയറി.

തമിഴ് നാട്ടിൽ എവിടെയോ ഉണ്ട് എന്ന് പറയപ്പെടുന്ന ഒരു ഉണ്ടൻപൊരി ബിസിനസിനസ്സ് !! ഉണ്ടൻപൊരിക്ക് ആവശ്യമായ മാവ് കുഴച്ചു കൊടുക്കുന്ന പരിപാടി.മുടക്ക് മുതൽ മൂന്നു മാസം കൊണ്ട് തിരികെ കിട്ടുന്നു.പിന്നീടുള്ളതെല്ലാം ലാഭം.ആദ്യ മാസങ്ങളിൽ സംഭവം ഗംഭീര ലാഭം.ലാഭം കൂടിയപ്പോൾ ഉണ്ടൻപൊരി ബിസിനസ്സിനൊപ്പം ബിസിനസ്സ് എക്സിക്യൂട്ടീവ് ചാപ്രയിൽ ജാനു പറഞ്ഞതനുസരിച്ച് കൂടുതൽ ലാഭമുള്ള പല്ലിമുട്ട ബിസിനസ്സിൽ കൂടി മുതൽ മുടക്കി.മച്ചിൽ കുത്തിയിരുന്ന് ചിലയ്ക്കുന്ന പല്ലികളെ കൊണ്ട് മുട്ട ഇടുവിപ്പിച്ചു മുട്ട പെറുക്കി വിറ്റു ബൂർഷ ആയി വളരുക, അതാണ് ബിസിനസ്സ്.നാട്ടിൽ തേരാ പാരാ നടന്ന അഷ്ടിക് വകയില്ലാത്ത രണ്ടു മച്ചാന്മാരെയും, തൊട്ട ബിസിനസ്സിൽ എല്ലാം തോറ്റ ചരിത്രം മാത്രമുള്ള വട്ടു മാമനേയും കൂടി ബിസിനസ്സിൽ തോണ്ടിയിട്ടു.

മച്ചാന്മാർ വീട്ടിൽ അരി വാങ്ങാൻ വച്ചിരുന്ന കാശും നാട്ടാരുടെ കയ്യിൽ നിന്നും ഇരന്നു വാങ്ങിയ കാശും ചേർത്ത് പണം മുടക്കി.വട്ടു മാമൻ, ശ്രീലങ്കൻ ആഴ കടലിൽ പോയി മുത്തും ചിപ്പിയും തപ്പാൻ വച്ചിരുന്ന ക്യാഷ് എടുത്ത് വാരിയെറിഞ്ഞു.പകരം കടുക്ക വാങ്ങി പോക്കറ്റിലിട്ടു.ഒടുവിൽ തപ്പിനോക്കാൻ പോലും ശേഷി ഇല്ലാത്ത വിധമായി.ഇതൊന്നുമറിയാതെ പാവം കടുക്ക മാത്രം ബാക്കിയായി.

***********

ജാനു തേച്ചു എന്ന ദുഃഖത്തിൽ കുരങ്ങു പാടത്തെ കുരങ്ങുകളുമായി തായം കളിച്ചിരിക്കുമ്പോൾ ആണ് നാളുകൾക്ക് ശേഷം മായയുടെ ഒരു സന്ദേശം വന്നത്.വനജയോട് മൂത്രക്കല്ലിനു നാട്ടു വൈദ്യം ചെയ്യാൻ പോകുന്നു എന്നും പറഞ്ഞു നേരെ തൃശിവപേരൂർക്ക് വച്ച് പിടിച്ചു.അമ്പാടി ഹോട്ടലിലെ ആവിപറക്കുന്ന കുഴിവട നിറച്ച പ്ലെറ്റിൻ്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുമ്പോൾ, രാമൻ തൻ്റെ കണ്ണുകളുടെ വികൃതി മായ അറിയരുത് എന്ന ഉറച്ച തീരുമാനത്തിൽ മുഖത്തെ കറുത്ത കണ്ണട ഒരിക്കൽ കൂടി ഉറപ്പിച്ച് വച്ചു.കണ്ണടയ്ക്കുള്ളിൽ രണ്ടു കണ്ണുകൾ അവളുടെ നിമ്നോന്നതകങ്ങളിൽ പലതും പരതി നടന്നിരുന്നതറിയാതെ അവൾ ഗ്ളാസ്സിൽ നിറച്ച ഫിൽറ്റർ കാപ്പി നുകരുകയായിരുന്നു.
"എനിക്ക് ഒരു സഹായം ചെയ്യാമോ ??"
"ഹോ...എൻ്റെ പൊന്നേ... ഒടുവിൽ എൻ്റെ കാലം വന്നു.ഈ സഹായത്തിൽ പിടിച്ച് പറിച്ച് ഞാൻ അങ്ങ് കേറും നോക്കിക്കോ" രാമൻ ആത്മഗതം പൊഴിച്ചു.
"പിന്നെന്താ ... അത് ചോദിക്കണോ ?? ഞാൻ എന്തും ചെയ്യും !!"
"എൻ്റെ അമ്മായി ആശുപത്രിയിൽ ആണ്.നാളെ ആണ് ഓപ്പറേഷൻ.അതിനു കുറച്ച് രക്തം വേണ്ടിവരും.ആരെയെങ്കിലും ഒരാളെ അറേഞ്ച് ചെയ്യാമോ ??"
"ഒരാളോ?? ഞാൻ നൂറാളെ കൊണ്ടുവരും!!"രാമൻ മനസ്സിൽ പറഞ്ഞു.
"അതിനെന്താ, ഏതു ഗ്രൂപ്പ് ആണ് ??"
"ബി പോസ്റ്റിവ് "
"ആണോ? എൻ്റെ ഗ്രൂപ്പ് അത് ആണ്.ഞാൻ താരാലോ!!"

അങ്ങനെ ദിവസം തീരുമാനിക്കപ്പെട്ടു.രക്ത ദാനം മഹാ ദാനം എന്നല്ലേ!!രാമൻ തൻ്റെ അളിയൻ കുട്ടിരാമനോട് രക്തം കൊടുക്കുന്നതിനെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഒക്കെ ഒരു ഖണ്ഡികയിൽ കുറയാതെ ഉപന്യസിച്ചു.സംഗതി കേട്ടറിഞ്ഞപ്പോൾ കുട്ടിരാമനും രക്തം കൊടുക്കണം.അങ്ങനെ രക്തം കൊടുക്കാൻ മുട്ടി മുട്ടി അവർ ഒരുവിധം രക്തദാന ദിവസത്തിനായി കാത്തിരുന്നു.
ഒടുവിൽ,ആ ദിനം വന്നെത്തി.
അതിനിടയിൽ കുട്ടിരാമൻ, തങ്ങളെ സ്നേഹിക്കുന്ന വട്ടച്ചോറി നിവാസികൾക്കിടെ തങ്ങൾ രക്ത ദാനത്തിന് പോകുന്നു എന്ന കാര്യം പാട്ടാക്കി.

തങ്ങളുടെ രാമേട്ടനും അളിയനും മഹാദാനത്തിനു പോകുന്നു എന്നറിഞ്ഞ വട്ടച്ചോറി നിവാസികൾ പുളകിതരായി.നാടൊട്ടുക്ക് അവർ രാമേട്ടനും അളിയനും അഭിവാദ്യങ്ങളും അഭിനന്ദങ്ങളും ഒക്കെ നേർന്നു കൊണ്ട് ഫ്ലക്സുകൾ നിരത്തി.ധീരമാതൃക എന്ന് പറഞ്ഞു ഇറങ്ങിയ "വട്ടച്ചോറി അന്തിപത്രം" ചൂടപ്പം പോലെ വിറ്റു തീർന്നു.

രാമേട്ടനെ പോലെ പരോപകാരിയും ധീരനും ആയ ഒരു പുരുഷനെ ഭർത്താവായി കിട്ടണം എന്ന ആഗ്രഹത്തിൽ നാട്ടിലെ കന്യകകൾ അമ്പലങ്ങൾ തോറും "ഭാഗ്യ സൂക്ത പുഷ്‌പാഞ്‌ജലി" കഴിപ്പിച്ച് ദേവനെ സമ്പന്നനാക്കി.കിഴങ്ങന്മാരെ ഭർത്താക്കന്മാർ ആയി കിട്ടിയ  ഭാര്യമാർ വനജയെ അസൂയയോടെ നോക്കി.അന്ന് രാത്രി വനജ, രാമൻ്റെ തലയ്ക്കുഴിഞ്ഞു അടുപ്പിൽ ഇട്ടശേഷം ചുമന്ന കൊടി മാറ്റി ഒരു ഡസൻ പച്ചക്കൊടി നാട്ടി. 

പച്ചക്കൊടികളുടെ ആവേശത്തിൽ തളർന്നുറങ്ങിയ രാമൻ രാവിലെ പത്തുമണിക്ക് എണീറ്റ് ക്ഷീണത്തോടെ തൃശിവപേരൂർക്ക് അളിയനേയും കൂട്ടി വിട്ടു.ഹോസ്പിറ്റലിൽ ചെന്ന രാമനെയും അളിയനേയും മായ കാന്റീനിൽ കൊണ്ടുപോയി സ്വീകരിച്ചിരുത്തി.

"നീ ഇവിടെ നിൽക്ക്, ഞാൻ കൊടുത്തിട്ട് വരാം.ടെൻഷൻ അടിക്കേണ്ട, രക്ത ദാനം എന്നാൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.നീ ഒരാണല്ലേ... പേടിക്കണ്ട" എന്നും പറഞ്ഞുകൊണ്ട് രാമൻ രക്ത ബാങ്കിന്റെ വാതിൽ തുറന്ന് ഒരു നേതാവിനെ പോലെ കടന്നു പോയി.അതുകണ്ട് അളിയൻ കുട്ടിരാമൻ പുളകിതനായി.

*********** 
8 മണിക്കൂറുകൾക്ക് ശേഷം... രാമൻ ബ്ലഡ് ബാങ്കിൻ്റെ വാതിൽ തുറന്ന് പുറത്ത് കടക്കുമ്പോൾ മായയുടെ മുഖത്ത്, രാമൻ്റെ കഥകളോ കഥകളിലെ ഹൃദ്യതയോ ചൂടൻ രംഗങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.പകരം, രക്തം കണ്ടു തലകറങ്ങി വീണതും പോരാഞ്ഞു ഒരുകുപ്പി രക്തം കൊടുത്തു പകരം icu വിൽ കിടക്കുന്ന തൻ്റെ അമ്മായിയുടെ രക്തം അടക്കം 5 കുപ്പി രക്തം ഊറ്റി കുടിച്ച ഒരു കൊതുകിനോട് തോന്നുന്ന അമർഷം ആയിരുന്നു.

തിരികെ ഉള്ള യാത്രയിൽ കുട്ടിരാമൻ ചോദിച്ച ഒരു ചോദ്യം മാത്രം രാമൻ്റെ മനസ്സിൽ മായാതെ കിടന്നു.

"അല്ല അളിയാ... അവനവനു പറ്റുന്ന പണിക്ക് പോയാൽ പോരാരുന്നോ?"

***********
അതേ സമയം രാമൻ്റെ മകൾ olx ൽ രാമനെ സെക്കൻഡ് ഹാൻഡ് വിലയിലും കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് വച്ചു.

വനജ ആകട്ടെ... പുതിയ ഭർത്താവിനെ കുറിച്ചുള്ള ആലോചന തുടങ്ങിയിരുന്നു.... 







Sunday, 13 August 2017

പെയില്‍ കില്ലര്‍ !!

മനസ്സിന്‍റെ പെയിന്‍ മാറും എന്ന തെറ്റായ പ്രതീക്ഷയില്‍, അവന്‍ പെയിന്‍ കില്ലറുകൾ തേടി വെറുതേ അലഞ്ഞു നടന്നു.

Friday, 24 March 2017

മാർജ്ജാരൻ !!!


                           ദ്ദിഷ്ട കാര്യേ ഉപകാര സ്മരണേ... എന്ന കവി വാക്യം കാറ്റിൽ പറത്തിക്കൊണ്ട്, ഗണപതി ഹോമം നടത്തിയതിന്‍റെ അന്ന് തന്നെ വീട്ടിൽ മൂഷിക ശല്യം കലശമായി.ഹോമ പ്രസാദത്തിലെ മുന്തിരിയും ശർക്കരയും ഏലി പുങ്കവന്മാർ മാറി മാറി തിന്ന ശേഷം ഏമ്പക്കം വിട്ടു. ഹോമകുണ്ഡമൊരുക്കിയ കളത്തിൽ മൂഷിക ക്ലിനിക് വക പ്രസവ വാർഡാക്കിമാറ്റി.

"ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളേ  അല്ല" എന്ന ഭാവേന കുമ്പ നിറച്ചും വെട്ടി വിഴുങ്ങിയ ശേഷം, പതിവ് പോലെ ഇന്ത്യയുടെ "ഭാവി" പ്ലാൻ ചെയ്യാനായി "ഉറക്കത്തിലേയ്ക്ക് വഴുതി വീഴാം" എന്നു കരുതി ചാരുകസേരയിലേയ്ക്ക് ചാഞ്ഞ ഉടൻ തന്നെ ആസനം തറയിലിടിച്ച് വീണു.
യൂറോപ്യൻ ക്ളോസറ്റിൽ ആസനം പെട്ടവനെ പോലെ ഞാനൊന്ന് പിടഞ്ഞു നോക്കി. ചാരുകസ്സേരയിൽ ഇറക്കി വച്ച "V" പോലെ തലയും കാലും കൈയും മുകളിലേയ്ക്ക് നീട്ടി പിടിച്ച് അന്തിച്ചു കുന്തിച്ച് അല്പസമയം!!

ചാരുകസ്സേരയുടെ മർമ്മം കരണ്ടെടുത്ത് മൂഷികവർഗ്ഗം പുട്ടു കുത്താൻ കൊണ്ടുപോയതറിയാതെ ഇന്ത്യയുടെ ഭാവി പ്ലാൻ ചെയ്യാൻ ചാഞ്ഞ ചായലിൽ നിന്നും എന്നെ പൊക്കി എടുത്ത് കരയ്ക്കിരുത്തിയപ്പോൾ, കിറിക്കു കുത്തിക്കൊണ്ട് ഭാര്യ മുരണ്ടു..
"എലികളില്ലാ..ന്ന് പറഞ്ഞിട്ടിപ്പോ...ന്തായി മനുഷ്യ??"
"അതെങ്ങനാ.....എലികൾ അങ്ങേരുടെ മൂക്ക് കരണ്ടുകൊണ്ടോയാലും ചുരുണ്ടു കിടന്നുറങ്ങിക്കോളും, കിഴങ്ങൻ!!"
"ഇങ്ങനൊരു മണ്ണുണ്ണിയെ ആണല്ലോ......"
പഴംപുരാണ കെട്ടഴിച്ചു, ചീത്തവിളിയും അട്ടഹാസവും കൂട്ടികലർത്തി പതിവ് പോലെ സപ്‌താഹ പാരായണം തുടങ്ങുവാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഞാൻ എളിക്ക് കൈ കുത്തി ഒന്നു മൂരി നിവർന്ന ശേഷം......, തലയും താഴ്ത്തി ഇറങ്ങി നടന്നു.

"വല്ല ആൽത്തറയിലും പോയി കിടന്നുറങ്ങാം" എന്ന ഉദ്ദേശത്തോടെ, ഒരു മുറി ബീഡിയും കൊളുത്തി ഇടവഴികൾ താണ്ടി ആൽത്തറ തേടി വയലിറങ്ങി നടന്നപ്പോൾ ആണ് വഴിയരികിൽ കിടന്നുറങ്ങിയ ഒരു കൊടിച്ചി പട്ടിയെ കണ്ടത്.ഭാര്യ എന്ന മൂദേവിയോട് വർഷങ്ങളായി  പറയുവാൻ കൊണ്ടുനടന്നതൊക്കെ പട്ടിയുടെ നേരെ എടുത്ത് കാച്ചി.എൻ്റെ  ആക്രോശം കേട്ട് തല പൊക്കി നോക്കിയ പട്ടി വാലാട്ടി കാണിച്ചു.വാലാട്ടി മുദ്രയിലൂടെ പട്ടിയും എന്നെ കളിയാക്കുന്നു എന്ന് ധരിച്ച  ഞാൻ "ചവുട്ടി തേച്ചുകളയുമെടി മരമാക്രി....." എന്ന പഞ്ച് ഡയലോഗിനൊപ്പം ഒരു ആവേശത്തിന് കാലുമടക്കി ഒരോറ്റ തൊഴിയും കൂടി വച്ച് കൊടുത്തു.

ഉടുമുണ്ടും വാരിചുറ്റി ലോകറെക്കോർഡും തകർത്തുകൊണ്ട് പാഞ്ഞതോ, തൊട്ടടുത്ത മരത്തിൽ ചാടികയറിയതോ ഒന്നും തന്നെ പിന്നെ ഓർമയേ ഇല്ലാരുന്നു!!

കുറെ നേരം മരച്ചുവട്ടിൽ നിന്ന് ആവേശത്തോടെ കുരച്ച ശുനക ശ്രേഷ്ഠൻ സ്ഥലം വിട്ട് പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ പതുക്കെ താഴെയിറങ്ങി പട്ടി പോയതിനു എതിർ ദിശയിൽ ഒറ്റ ഓട്ടം വച്ച് കൊടുത്തു.
വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങിയപ്പോൾ വഴിയരികിലൊരു പഴയ മതില് ചാരി കുത്തിയിരുന്നു ക്ഷീണം മാറ്റി.

ചെവിയിൽ അല്പം പഞ്ഞി വച്ച് ചുരുണ്ടു കൂടി കിടന്നു കൊണ്ട്, ഭാര്യയുടെ കുര കേൾക്കുന്നതാണ് പട്ടിയുടെ കടി കൊള്ളുന്നതിലും നല്ലതെന്ന് മനസ്സിലാക്കിയ ഞാൻ, എണീറ്റ് മറ്റൊരു വഴിയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.അല്പ ദൂരം ചെന്നപ്പോൾ ഒരു കുറ്റികാട്ടിൽ നിന്നൊരു "മ്യാവു..."
"കരഞ്ഞത് വിദ്യ" എന്നല്ലേ.മൂഷിക ശല്യത്താൽ കോപിതയായ ഭാര്യയെ ഒന്ന് തണുപ്പിച്ച് ഇന്നത്തെ രാത്രി ആഘോഷിക്കാം എന്ന ചിന്ത ആവേശമായി കടന്നു വന്നു.

"നാടുമുഴുവന്‍ തപ്പാൻ നിങ്ങളെ കഴിഞ്ഞേ മറ്റാരും ഉള്ളു, നാണമില്ലാത്ത മനുഷ്യൻ!!" എന്ന ഭാര്യയുടെ വാക്കു പാലിച്ചല്ലേ പറ്റൂ??

രണ്ടും കൽപ്പിച്ച് കുറ്റിക്കാട്ടിൽ കയറി തപ്പി!!

തപ്പൽ വെറുതെ ആയില്ല!!
പഞ്ഞിക്കെട്ടിൽ കുത്തിക്കയറ്റിയ നാല് കാലുകളും, പേരിനൊരു വാലും,ഉണ്ടൻപൊരി എടുത്ത് വച്ചപോലത്തെ കണ്ണുകളും ഒക്കെ ആയി മാർജ്ജാര ഗോത്രത്തില്‍പ്പെട്ട ഒരുവൻ.
"മൂഷിക രിപു  മ്യാവു പ്രമുഖന്‍" എന്നാണ് പ്രമാണം.
പിന്നൊന്നും ആലോചിച്ചില്ല, അവനെ പൊക്കി. 

തിരികെ പോരാന്‍ നേരം , അവനൊന്നു കരഞ്ഞു.അപ്പോഴുണ്ട് പൊന്തക്കിടയില്‍ നിന്നും മറ്റ് രണ്ട് മ്യാവൂസ്സ് കൂടി പൊങ്ങി വരുന്നു.
"ഒന്നില്‍ തൊട്ടാല്‍ മൂന്ന്" എന്ന് പണ്ട് ആശാന്‍ പള്ളികൂടത്തിലെ ചുമരില്‍ ആരോ എഴുതിയത് വായിച്ച ഒരോര്‍മ്മ വച്ച്, മൂന്നിനേം പൊക്കി വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.
"ഇന്ന് ഭാര്യ എന്നെ നോക്കി അഭിമാനിക്കും" എന്നോര്‍ത്തപ്പോള്‍, ആകാശത്തില്‍ പറക്കുന്ന വീമാനത്തെ നോക്കുന്ന പോലെ തല മുകളിലോട്ടാക്കി മൊത്തത്തില്‍ ഞാനൊന്നു ഞെളിഞ്ഞു.

"അല്ല വാസു മാഷെ, ഈ പൂച്ചകളെ വില്‍ക്കാന്‍ കൊണ്ടുപോകാ?"
എന്ന ചോദ്യം കേട്ട് ഞെളിഞ്ഞ ശരീരം താഴോട്ട് വളച്ച് ഞാനൊന്നു നോക്കി.
തെക്കേതിലെ വറീത്.
മൂടുപടം കീറിയ വള്ളി നിക്കറിനുള്ളിലൂടെ മുന്നിലെ പുള്ളി കുയിലിനേം കാണിച്ച്,മൂക്കൊലിപ്പിച്ച് നടന്നിരുന്ന ചൊറി പിടിച്ച ചെക്കനാരുന്നു.ഇപ്പൊ വലിയ കാന്റ്രാക്ടർ  ആണ്.
"അല്ലടോ വറീ.... നിനക്ക് പെണ്ണ് കാണിക്കാന്‍ കൊണ്ടുവന്നതാ" എന്നുറക്കെ വിളിച്ചു പറഞ്ഞ ശേഷം, അവന്‍റെ മുഖത്ത് നോക്കി രണ്ട് ആട്ടും കൂടി കൊടുക്കണം എന്നുണ്ടാരുന്നു. എന്‍റെ ഇപ്പോഴത്തെ ആരോഗ്യം വച്ചും, ഇപ്പോള്‍ ശനി ദശ ആയതുകൊണ്ടും അവന്‍റെ മുഖത്ത്‌ നോക്കി ഒന്ന് ഇളിച്ച് മാത്രം കാണിച്ചിട്ട് നേരെ നടന്നു.

ചെന്ന പാടേ മാര്‍ജ്ജാര "ത്രി" മൂര്‍ത്തികളെ കാണിച്ച് കൊടുത്ത്, ഭാര്യേടെ കൈയിൽ നിന്നും "പുട്ടും കടലയും" വാങ്ങണം എന്ന് കരുതിയതാ.
പക്ഷെ അവൾ,തനിക്കെതിരെ പറയേണ്ട ശകാരങ്ങൾ റീചാർജ് ചെയ്യാനായി  "ഭർത്താവൊരു കിഴങ്ങൻ" എന്ന സീരിയലിനു മുന്നിലിരുന്ന് കട്ട തപസ്സിൽ ആണ്.ലോട്ടറി അടിച്ചു എന്ന് പറഞ്ഞാലും ഇപ്പോൾ രക്ഷയില്ല, പിന്നാ മാർജ്ജൂസ്സ്!!

മാർജ്ജൂസ്സുകളെ കൊണ്ട്പോയി എല്ലാ മൂഷിക സങ്കേതങ്ങളും കാണിച്ചു കൊടുത്തു.ദുരിത ബാധിത പ്രദേശങ്ങൾ കണ്ട അവരിലൊരുവൻ ഒന്ന് "മ്യാ..വി".
മറ്റുള്ളവർ അത് കോറസ് ആക്കി.

ഭാര്യ റീചാർജ് കഴിഞ്ഞു വരുമ്പോളേയ്ക്കു "മൂഷിക മുക്ത കേരളം" എന്ന സ്വപ്നം കണ്ടുകൊണ്ട് ഞാൻ മാർജ്ജാര പോരാളികളെ വീട്ടിലെ പല ഇടങ്ങളിലായി പോരിനിറക്കി വിട്ടശേഷം, കട്ടിലിൽ കയറി ചുരുണ്ടു കൂടി.
ആ മയക്കത്തിൽ, ലോട്ടറി പോലെ കിട്ടിയ... സ്വപ്നത്തിലെ കോമളാങ്കിയുടെ പൃഷ്ട ദോലന ദർശ്ശന സുഖത്തിൽ ആറാടികൊണ്ടിരിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നൊരു അലർച്ച കേട്ടത്.

ഞെട്ടി ഉണർന്നപ്പോൾ ദേ പിന്നെയും ഒരു അലറി വിളി.

ഭാര്യ ആണ്.
"ഒടുവിൽ നീ എൻ്റെ പ്രാർത്ഥന കേട്ടല്ലോ ഈശ്വര" എന്നും പറഞ്ഞുകൊണ്ട് അവളുടെ കാര്യത്തിൽ തീരുമാനം ആയിക്കാണും എന്ന സന്തോഷത്തിൽ ഓടി ചെന്നപ്പോൾ, ദേ.... മല പോലെ അവൾ നിൽക്കുന്നു.

പിന്നീടാണ് കാര്യം മനസ്സിലായത്.

മൂഷിക - മാർജ്ജാര റേസിൽ അടുക്കളയിലെ ഏതൊക്കെയോ പത്രങ്ങൾ തട്ടി മറിഞ്ഞു താഴെ വീണ ശബ്ദം കേട്ട് അടുക്കളയിൽ എത്തിപ്പെട്ട
ഭാര്യ, യുദ്ധക്കളം പോലുള്ള അടുക്കള കണ്ടു അലറി വിളിച്ചു.അതാണ് എന്നെ ഉണർത്തിയത്.

അവളുടെ കാലുവഴി ചാടി കയറാൻ തുടങ്ങിയ ഒരു മൂഷികനെ അവൾ കാറി കൊണ്ടു കുടഞ്ഞെറിഞ്ഞതാണ് രണ്ടാമത് കേട്ടത്.
അടുക്കള രംഗങ്ങൾ വീക്ഷിച്ച് ഞാൻ നിൽക്കുമ്പോൾ തന്നെ,
ഏതോ ഒരു വിരുതൻ മൂഷികൻ മച്ചിൻ മുകളിൽ നിന്നും ഭാര്യേടെ തലയിൽ തന്നെ എടുത്ത് ചാടി.ചാടിയ ഉടൻ അവൻ കഴുത്ത് വഴി ഇറങ്ങി, നൈറ്റി പൊക്കി മാറിനടിയിലെവിടെയോ ഓടി ഒളിച്ചു.

മൂഷിക മുഖ്യനെ തേടി പിന്തുടർന്നു വന്ന മാർജ്ജാര പ്രഭു ഭാര്യേടെ "മാംസള ഭാഗേ" സ്വകാര്യ സ്വത്തിൽ കൈയേറ്റത്തിനായി ചാടി വീണു.വർഷങ്ങളായി എനിക്ക്  ഊരു വിലക്കുള്ളിടത്ത് വെറുമൊരു മൂഷികനും മാർജ്ജാരനുമൊ??അമ്പട!!
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!! എന്ന് കരുതി,"ഓണത്തിനിടയിൽ പൂട്ടു കച്ചവടം" എന്നത് പോലെ  മൂഷികനെ തപ്പാൻ എന്ന ഭാവേന കൈയും നീട്ടി ഞാനും ചെന്നു.

എൻ്റെ ലക്ഷ്യം, ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ "അവകാശങ്ങൾ നേടിയെടുക്കുക" എന്നതാണെന്ന് മനസ്സിലാകാതെ, എൻ്റെ കൈകൾ അവനു നേരെ എന്ന് തെറ്റി ധരിച്ച മാർജ്ജാരൻ സകല ശക്തിയും എടുത്ത് എൻ്റെ കൈയിൽ ആഞ്ഞു മാന്തി.പിന്നൊരു കടിയും തന്നു.ഞാനൊന്നറിഞ്ഞു കാറി.

അത് കേട്ടു പേടിച്ച മാർജ്ജാര പ്രഭു വീടുവിട്ടോടി.പോകുന്ന വഴി എൻ്റെ മുഖം നോക്കി നല്ലൊരു മാന്തും കൂടി ബോണസ്സായി തന്നു.അതിനിടയിൽ തക്കം നോക്കി മൂഷികൻ വീണ്ടും മച്ചിൽ ചാടി കയറി രക്ഷപെട്ടു.
മാർജ്ജാരാക്രമണവേദനയേക്കാൾ എൻ്റെയുള്ളിൽ "മാറിൽ" ഒളിച്ച മൂഷികനോടുള്ള അസ്സൂയ മുന്നിട്ടു നിന്നു.

ഇതിനൊക്കെ കാരണം ഞാനെന്നറിഞ്ഞ ഭാര്യ അന്ന് ചെയ്ത റീചാർജ്ജ് മുഴുവൻ നേരിട്ട് വിളിച്ച് തീർത്തതും പോരാഞ്ഞു, ലോൺ എടുത്ത് ഒരു പത്ത് മിനിറ്റു കൂടി സംസാരിച്ചു.
ജീവിതം ധന്യമായ ഞാൻ മുറിയിലോട്ടു പോകും വഴി ആണ് കൈയിൽ നിന്നും ചോര പൊടിയുന്നത് കണ്ടത്.മാർജ്ജാരൻ തന്ന പണി ഇനി എട്ടിൻ്റെ പണി ആയി മാറുമോ?? എന്ന ചിന്ത അപ്പോളാണ് സകല സമാധാനവും കളഞ്ഞു കൊണ്ട് കടന്നു വന്നത്!!

പേ വിഷബാധ ഏറ്റാൽ പിന്നെ ഞാൻ "മ്യാ...വു" പാടി നടക്കേണ്ടി വന്നാലോ എന്നോർത്തപ്പോൾ കണ്ണിൽ ഇരുട്ട് പടർന്നു.

പൂച്ച മാന്തിയ മോന്തയും, ഉയർത്തി പിടിച്ച കൈയുമായി തലകറങ്ങി വീണ എന്നെ അയൽവാസി പൊക്കി സർക്കാർ ആശുപത്രിയിലെ ഓപി ബഞ്ചിൽ കൊണ്ടോയി ഇട്ടു.

അൽപ്പം കഴിഞ്ഞു ബോധം വന്നപ്പോൾ, എൻ്റെ മുന്നിൽ കാർക്കോടകനെ പോലൊരുവൻ നിന്ന് കുഴൽ വച്ച് നെഞ്ചിൽ കുത്തിനോക്കുന്നു. വട യക്ഷിയെ പോലൊരു നഴ്സ് തൊട്ടടുത്ത് നിന്ന് ബി.പി നോക്കുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ, വീരപ്പനെ പോലെ മീശയുള്ള കംബോണ്ടർ വന്നെന്നെ പൊക്കി എടുത്ത് കാർക്കോടക ഡോക്ടറുടെ മുന്നിൽ ഇരുത്തി.

കാർക്കോടകൻ, കാറി തുപ്പുന്ന പോലുള്ള ശബ്ദത്തിൽ സംഭവങ്ങൾ എന്നിൽ നിന്നും ചോദിച്ചറിഞ്ഞു.എന്നിട്ട് ഒരു മയവു മില്ലാതെ പറഞ്ഞു,"പേ വിഷം ഏൽക്കാൻ സാധ്യത ഉണ്ട്"
"വിഷ ബാധ ഏറ്റാല് പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല"
പിന്നീട് കുനിഞ്ഞിരുന്നു ഒപി ചീട്ടെടുത്ത് കാക്ക ചിക്കിയ പോലെ എന്തൊക്കെയോ കുത്തി കുറിച്ച ശേഷം എൻ്റെ നേരെ പിടിച്ച് കൊണ്ട് മുക്രയിട്ടു.
"ഈ ഇഞ്ചക്ഷൻ ഒക്കെ ഇതിൽ പറയുന്ന തീയതികളിൽ മുടങ്ങാതെ ഇവിടെ വന്നു എടുക്കണം."
"പിന്നെ,

ഈ കാണുന്ന ഒരു ഇൻജക്ഷൻ, അത് ഇന്ന് തന്നെ എടുക്കണം.അതിവിടെ ഇല്ല.മെഡിക്കൽ കോളേജിൽ പോയി എടുക്കണം. ഇപ്പോൾ തന്നെ വിട്ടോ, രണ്ടു മണിക്കു മുന്നേ അവിടെത്തണം"

അറവുശാലയിൽ വച്ച് വെട്ടുകാരൻ്റെ മുന്നിൽ പെട്ട കാളയെ പോലെ ഞാനൊന്നു കാർക്കോടകൻ ഡോക്ടറെ പേടിയോടെ നോക്കി.
ചെവിയിൽ കുറ്റി ചൂല് വച്ച പോലെ രോമങ്ങൾ വളർന്നു, മത്തങ്ങയിൽ ഉടുപ്പിട്ടപോലെ കസ്സേര നിറഞ്ഞിരിക്കുന്ന കാർക്കോടകനു ഏതോ പുരാണ കഥാപത്രത്തിൻ്റെ രൂപം പോലെ??
കഴുത്തിൽ സ്റ്റതസ്കോപ്പ് ചുറ്റി എൻ്റെ മുന്നിൽ ഇരിക്കുന്ന കാർക്കോടകൻ്റെ മുഖത്ത് "കാലൻ" തെളിഞ്ഞു തെളിഞ്ഞു വരും പോലെ.
ഇടം കണ്ണിട്ടു ഞാൻ നോക്കുമ്പോൾ, വടയക്ഷി നഴ്സിനു കാല വാഹനമായ പോത്തിൻ്റെ അതേ ഛായ!!
കാർക്കോടകൻ്റെ കഴുത്തിലെ കുഴൽ എന്നെ കൊണ്ടുപോകാനുള്ള കയറായി മാറി തുടങ്ങുന്നുവോ?
പിന്നൊന്നും നോക്കിയില്ല, ഞാനിറങ്ങി ഓടി.

************
ഓടുന്ന വഴി ആണ് മറ്റൊരു സർക്കാർ സ്ഥാപനമായ "ഹോമിയോ" ആശുപത്രി കണ്ടത്.കാലനും പോത്തും കയറും പിന്നാലെ വരുന്നുണ്ടോ എന്നൊന്ന് തിരിഞ്ഞു നോക്കിയ ശേഷം ഞാനങ്ങോട്ട് ഓടി കയറി.
ഇവിടെ ആകുമ്പോൾ പഞ്ചാര ഗുളികയും പൊതിയും ഒക്കെ ആണ്.തന്നെയുമല്ല, ഇവിടുത്തെ ഡോക്ടർ ആവട്ടെ സ്ത്രീ രക്നവും.കൂടാതെ, രോഗികൾക്കൊക്കെ നല്ല അഭിപ്രായവും ആണ്.കൈ പുണ്യം ഉള്ള ഡോക്ടർ ആണ് എന്നാണ് നാട്ടിൽ സംസാരം.

നിറയെ രോഗികൾ ഉണ്ട്.അതിനിടയിൽ എന്നെ പരിചയമുള്ള ചിലർ കുശലം ചോദിച്ചു.എൻ്റെ മുഖത്തെ മാന്ത് കൊണ്ട പാടുകൾ സൂക്ഷിച്ചു നോക്കിയ ശേഷം, കൂട്ടത്തിലൊരു പെണ്ണ് മറ്റൊരു പെണ്ണിൻ്റെ ചെവിയിൽ അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു.
എൻ്റെ ഭാര്യയുടെ സ്വഭാവം ശരിക്കറിയുന്ന ആരോ ആണ് എന്നുറപ്പാ.
"വഷളത്തരവുമായി ചെന്ന എന്നെ, ഭാര്യ മാന്തി ഈ പരുവം ആക്കിയതാണ്" എന്ന് പറഞ്ഞതാവും.
എന്തെലും ആവട്ടെ, കാർക്കോടക കാലനേക്കാൾ ഭേതമാണല്ലോ അപവാദം സഹിക്കുന്നത്.
ഞാൻ  സ്വയം പറഞ്ഞാശ്വസിച്ചു.
എല്ലാവരും പോയി കഴിഞ്ഞു , ഒടുവിലായി എൻ്റെ ടോക്കൺ വിളിച്ചു.
ഡോക്ടറോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.ഭാര്യ അല്ല, മറിച്ച് മാർജ്ജാരൻ ആണ് പ്രതി എന്നും പറഞ്ഞു.കാർക്കോടകനെ പേടിച്ചോടും വഴി ആണ് ഇവിടെ കയറിയതെന്ന സത്യം മനഃപൂർവ്വം മറച്ചു വച്ചു.

പൂച്ച എങ്ങനെ മുഖത്ത് മാന്തി എന്ന് അർഥം വച്ച് ചോദിച്ചപ്പോൾ, നിസ്സഹായനായി ഞാൻ കഥ ചുരുക്കി എനിക്കനുകൂലമായി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞു ഡോക്ടർ പൊട്ടി ചിരിച്ചു.

ഹോ സമാധാനം!! പറഞ്ഞു പേടിപ്പിച്ചില്ലല്ലോ.നല്ല ഡോക്ടർ.ഇനി എന്തസുഖം വന്നാലും ഞാനിവിടെ മാത്രമേ വരൂ എന്ന് മനസ്സുകൊണ്ട് തീരുമാനം എടുത്ത ശേഷം, ഞാനും കൂടെ ചിരിച്ചു.

മുറിവുള്ളിടത്ത് പുരട്ടാൻ എന്നും പറഞ്ഞു ഒരു മരുന്നും, അകത്ത് കഴിക്കുവാൻ കുറച്ചു പഞ്ചാര ഗുളികകളും തന്ന ശേഷം, ഒരു മുന്നറിയിപ്പ് പോലെ, എന്നാൽ സൗമ്യമായി ഡോക്ടർ മൊഴിഞ്ഞു.
"ഇത് മറ്റു കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കാനും മുറിവ് കരിയാനും മാത്രമുള്ള മരുന്നുകൾ ആണ്.പേ വിഷബാധയ്ക്ക് ഉള്ള മരുന്നല്ല.വീട്ടിൽ വളർത്തുന്ന പൂച്ച അല്ലെ,ഒരാഴ്ച ഒന്ന് ശ്രദ്ധിക്കൂ.എന്തെങ്കിലും മാറ്റങ്ങൾ പൂച്ചയിൽ ഉണ്ടായാൽ ഉടൻ മെഡിക്കൽ കോളേജ്ജിൽ പോയി ഇഞ്ചക്ഷൻ എടുക്കണം.പൂച്ചയ്ക്ക് കുഴപ്പമൊന്നുമില്ല എങ്കിൽ, കുറച്ച് നാളുകൾ കൂടി പൂച്ചയെ നിരീക്ഷിക്കണം.എന്ന് വച്ച് പേടിക്കുകയൊന്നും വേണ്ട"
അൽപ സമയം ആശുപത്രി പരിസരത്ത് ആലോചിച്ച് നിന്ന ശേഷം, പതുക്കെ ഇറങ്ങി വീട്ടിലേയ്ക്കു തിരിച്ചു.


അവിടെ ചെന്നപ്പോൾ ആണ് മാന്തിയവൻ വീടുവിട്ട കാര്യം ഓർമ്മ വന്നത്.
"ഈശ്വര... പിന്നെങ്ങനെ ഒരാഴ്ച നിരീക്ഷിക്കും??"
കാർക്കോടകനും വടയക്ഷിയും കയറുമായി കയറി വരുന്ന കാഴ്ച വെറുതേ ചിന്തിച്ചപ്പോൾ തന്നെ ഞാൻ വീട്ടിൽ കയറി ഒരു കഷ്ണം ഉണക്ക മീനും പൊതിഞ്ഞെടുത്ത് മാർജ്ജാരനെ തേടിയിറങ്ങി.

ഒടുവിൽ നാട്ടിലെ പേരുകേട്ട അമ്മായി യുടെ വീടിനടുത്ത് വച്ച് ഞാനവനെ മീൻകൊടുത്ത് വശീകരിച്ചു കൂടെ കൊണ്ട് പൊന്നു.

അമ്മായിയുടെ വീടിനടുത്ത് വച്ച് എന്നെ ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന ദുഷ്പേര് അപ്പോൾ ഞാൻ ചിന്തിച്ചില്ല.പേ ഇളകി ചത്തു കഴിഞ്ഞു "ദുഷ്‌പേരില്ലാതെ ജീവിച്ചവൻ" എന്ന അവാർഡ് കിട്ടിയിട്ട് എന്ത് പിണ്ണാക്കിനാ??

എൻ്റെ ചിന്തകളെ ശരിവയ്ക്കും വിധം, കൂടെ ഉണ്ടായിരുന്ന മാർജ്ജാരൻ ഒരു കാര്യവുമില്ലാതെ ചുമ്മാ ഒന്ന് കരഞ്ഞു.

...

...

"മ്യാ....വൂ"


മൂഷികന്മാർക്ക് പുതിയ പ്ലാനുകൾ വല്ലതും ഉണ്ടോ എന്നതറിയാതെ,വീട്ടിലുള്ള രണ്ടും ഇവനും കൂടി ഇനി മൂഷിക നിഗ്രഹം കഥകളി ആടിത്തിമിർത്തോളും എന്ന വിശ്വാസത്തിൽ, പേ വിഷ പേടി ഇല്ലാതെ വീട്ടിലോട്ടു നടക്കുമ്പോൾ, "അടുത്ത വഴക്കിനുള്ള ചിരവയും ചപ്പാത്തി പലകയും റെഡി ആക്കി വയ്ക്കുകയായിരിക്കുമോ എൻ്റെ ഭാര്യ??" എന്ന ചിന്ത എന്നെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു.