Thursday, 7 May 2020

"കോസ്മിക്ക് കലണ്ടറും, ഫുട്‍ബോൾ സൂര്യനും പിന്നെ ദൈവത്തിൻ്റെ കൂർക്കം വലിയും !!"


                   ഗൂഗിള്‍ ജ്യോത്സ്യന്‍റെ കവടി പലകയ്ക്ക് മുന്നില്‍ ഇരുന്നു നമ്മുടെ പ്രപഞ്ച ജാതകം വായിച്ചു നോക്കിയപ്പോള്‍ സംഗതി "കുഞ്ഞി" കളി അല്ല, ഇമ്മിണി ബലിയ വര്‍ഷങ്ങളുടെ കളികള്‍ ആണ്!!

        ജാതക പ്രകാരം 13.8 ബി ല്യൺ വർഷങ്ങൾക്ക് മുന്നാണത്രെ ഈ പ്രപഞ്ചൻ പൊട്ടിമുളച്ചു കരഞ്ഞുതുടങ്ങിയത്!!

ജാതകം വായിച്ച് മില്യനും  ബില്യനും ഒക്കെ ആയി സീന്‍ ഡാര്‍ക്ക് ആയപ്പോള്‍ പതിവ് പോലെ താടിയിൽ പിടിച്ച് വലിച്ച്കൊണ്ട് അല്‍പ്പനേരം മേപ്പോട്ടു നോക്കി കുത്തിയിരുന്നു.

അപ്പോളാണ് ജ്യോതിഷ ശിരോമണി കാള്‍ സാഗന്‍ തിരുമേനി ബാലരമ രൂപത്തിലുള്ള കുഞ്ഞി ജാതകവും ആയി വന്നത്.സംഗതി വായിച്ചപ്പോള്‍ അതിൽ മില്യണും ബില്യണും ഒന്നുമില്ല.

365 ദിവസത്തെ കണക്ക് മാത്രം, അതായത് വെറും ഒരു കൊല്ലം !!

ആ...ഹാ, അത് കൊള്ളാലോ!!

ആദ്യ പേജ് മറിച്ച് ആവേശത്തിൽ നോക്കിയപ്പോ അതിൽ ഉറുമ്പരിച്ച പോലത്തെ കൈ അക്ഷരത്തിൽ എന്തോ ഒന്ന്!!

1 സെക്കന്റ് = 438 വർഷങ്ങൾ
1 മിനിറ്റ് = 26,280 വർഷങ്ങൾ
1 മണിക്കൂർ = 15.8 ലക്ഷം വർഷങ്ങൾ
1 ദിവസം = 3.78 കോടി വർഷങ്ങൾ

ങാ ഹാ !! ചുമ്മാതല്ല, പ്രപഞ്ച ജാതകം ബാലരമ സൈസ് ആയത്

"അമ്പട കേമാ സണ്ണി കുട്ടാ.." എന്നും പറഞ്ഞു അടുത്ത പേജിൽ തുടങ്ങുന്ന കുഞ്ഞി ജാതകത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു."പ്രപഞ്ചത്തിൻ്റെ  ജാതകം നോക്കി മറ്റൊരു ജ്യോതിഷൻ ആകാൻ തുടങ്ങുമ്പോൾ ആണ് അമ്മയുടെ ഒരു ഫുഡ്" എന്ന് പറയാൻ വെമ്പി എങ്കിലും പെട്ടെന്ന് തന്നെ മനസ്സ് മാറ്റി.ഏതൊക്കെ ആയാലും ഫുഡ് അല്ലേ??അങ്ങിനെ പറഞ്ഞ ഫുഡ് നമ്മളെ കുറിച്ച് എന്ത് കരുതും!!

തേങ്ങായും മഞ്ഞളും ജീരകവും ചേർന്നുള്ള അരപ്പ് ചേർത്ത മുരിങ്ങ പൂവ് ,  കറിവേപ്പിലയും വറ്റൽ മുളകും കടുകും ഒക്കെ ഇട്ടു തോരൻ ആക്കിയതും, എണ്ണ മാങ്ങാ അച്ചാറും,മാങ്ങായും മുരിങ്ങക്കായും ഒക്കെ ഉള്ള  ചക്കക്കുരുചാറും , ചമ്മന്തി പൊടിയും, മുരിങ്ങക്ക 3 ഇഞ്ചു നീളത്തിൽ മുറിച്ചിട്ട് മസാല ഒക്കെ ഇട്ടുണ്ടാക്കിയ മെഴുക്ക് പുരട്ടി. 

ഈ കൊറോണ കാലത്ത് മുരിങ്ങക്ക തിന്നിട്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ എന്ന ചിന്ത വന്നു എങ്കിലും പാടത്തിറങ്ങിയ പന്നിയെ പോലെ
മൂക്കറ്റം തിന്നു വന്ന ഉടൻ പ്രപഞ്ച ജാതകവായന തുടർന്നു.

കോസ്മിക്ക് കലണ്ടർ: 

                       രു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടായി എങ്കിൽ അടുത്ത ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക്, പ്രപഞ്ചം ഇന്നത്തെ കോലത്തിൽ എത്തുന്നു.അതായത്,പ്രപഞ്ച ചരിത്രം  1 വർഷത്തെ കഥകളായി ചുരുക്കി പറയുക ആണ് "കോസ്മിക്ക് കലണ്ടർ" എന്ന പ്രപഞ്ചത്തിൻ്റെ കുഞ്ഞിജാതകം ചെയ്യുന്നത്.

                                                                 **************

കുഞ്ഞി ജാതകമനുസരിച്ച് ഒരു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് ഓലപ്പടക്കം പൊട്ടുന്ന പോലെ ബിഗ്ബാങ്.

                               ഭും !!

അത്ര തന്നെ!!

പിന്നെ കുറച്ചു നാളത്തേയ്ക്ക് അനക്കം ഒന്നും ഇല്ല. തലവഴി പുതപ്പും പുതച്ചു ദൈവം കൂർക്കം വലിച്ചുറങ്ങി.

വാർഷിക കണക്കെടുപ്പിനു മുന്നേ, മുള്ളാൻ മുട്ടി ഉറക്കമുണർന്ന ദൈവം മാർച്ച് 15 നു "മിൽക്കി വേ" എന്ന ക്ഷീര പഥം ഉണ്ടാക്കിയ ശേഷം പിന്നെയും കൂർക്കം വലി തുടർന്നു.
(മിൽക്കി വേ)

ഉറക്കം കഴിഞ്ഞു ദൈവം കോട്ടുവാ ഇട്ടു എഴുന്നേറ്റപ്പോൾ ഓഗസ്റ്റ്  31 ആയി.അന്നാണ് സൂര്യനും സൗരയൂഥവും ഒക്കെ ഉണ്ടാവുന്നത്.

സെപ്റ്റംബർ 14 നോടടുത്താണ് കട്ട കരച്ചിലോടെ കൊച്ചു ഭൂമി പിറന്നുവീണത്.ജനിച്ചപ്പോ കരഞ്ഞുണ്ടാക്കിയ കണ്ണീര് പിന്നീട് എന്നോ കടൽ ആയി മാറി!!

പിന്നെയും ഏകദേശം പത്ത് ദിവസങ്ങൾ കഴിഞ്ഞു സെപ്റ്റംബർ 24 നോടടുത്ത് ഭൂമിയിൽ ജീവൻ്റെ ആദ്യ കണമായ പ്രോകാരിയോട്ട് എന്നറിയപ്പെടുന്ന ഏക കോശ ജീവി ഉടലെടുത്തു.


മനുഷ്യന് ഏറ്റവും താല്പര്യമുള്ളതിൽ ഒന്നായ "സെക്സ്"  നവംബർ 1 നു തന്നെ ദൈവം പായ്ക്കറ്റിൽ ആക്കിയത് ഒരു പക്ഷെ അതുപോലൊരു നവംബർ 1 ന് പാവയ്ക്ക പോലുള്ള കേരളം പിറവിയെടുക്കും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയായിരിക്കും!!

പിന്നെയും 10 ദിവസം കഴിഞ്ഞാണ് പ്രോകാരിയോട്ടുകളിൽ ന്യൂക്ലിയസുകൾ സൃഷ്ടിക്കപ്പെട്ടു അവ യൂക്കാരിയോട്ടുകൾ ആയി മാറുന്നത്.കോശങ്ങളിൽ മർമം വയ്ക്കുന്നതിന് മുന്നേ തന്നെ സെക്സ് ഉണ്ടാക്കിയത് ദൈവത്തിൻ്റെ കള്ളത്തരം തന്നെ !!

ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേക്കും ദൈവത്തിൻ്റെ പെണ്ണുമ്പിള്ള പ്രാതൽ വലിച്ചു വാരി വിളമ്പി.അത് വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടു ദൈവം ഉഷാർ ആയി വന്നപ്പോളേയ്ക്കു ഡിസംബർ 1.

അതായത് കൊല്ലത്തിലെ അവസാന മാസം!!

അതിൻ്റെ ആദ്യ ദിവസം ഓക്സിജൻ ഉണ്ടാകുന്നു.ഡിസംബർ 5 നു ബഹുകോശ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 14 നു കടലിനടിയിലെ ലളിതമായ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 18 നു മത്സ്യങ്ങളും ഉഭയ ജീവികളുടെ പൂർവികരും ഉണ്ടാകുന്നു.ഡിസംബർ 20 നു കരയിൽ സസ്യങ്ങളും 21 നു ചെറു പ്രാണികളും ഇന്നത്തെ ഇൻസെക്ടുകളുടെ പൂർവികരും 22 നു ഉഭയ ജീവികളും 23 നു ഉരഗങ്ങളും ഉണ്ടാകുന്നു.

ഡിസംബർ 25 നു (ഇന്നത്തെ ക്രിസ്മസ് ദിനം) ആണ് ദിനോസറുകൾ ഉണ്ടാകുന്നത്.മൂന്നു നാല് ദിവസം ഭൂമി അടക്കി ഭരിപ്പിച്ച ശേഷം ദിനോസറുകളെ ദൈവം തിരികെ വിളിക്കുന്നു.അതിനിടയിൽ ഡിസംബർ 27  നു പക്ഷികളും ഡിസംബർ 28 ന് ചെടികളിൽ പൂക്കളും ഉണ്ടായി.

മനുഷ്യൻ്റെ കാര്യം ദൈവം ആലോചിച്ചിട്ട് പോലും ഇല്ല.എങ്ങനെ ആലോചിക്കും, ദിനോസറുകൾ ചത്തൊടുങ്ങിയിട്ടു വേണ്ടേ മനുഷ്യനെ പഞ്ച് മ്യൂസിക്കോടെ അവതരിപ്പിക്കാൻ!!

 അങ്ങിനെ ഡിസംബർ 29  ന് ദിനോസറുകൾ ഫോസിലുകൾ ആകുന്നു.
ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകും എന്ന അവസരം മുതലെടുത്ത് ഡിസംബർ 30 നു എല്ലാ ഹോമിഡുകളുടെയും പൂർവികർ ആയ പ്രൈമേറ്റുകളുടെ ബീറ്റ വേർഷൻ ദൈവം പുറത്ത് വിട്ടു.


ഡിസംബർ 31 നു രാവിലെ 6 നു ശേഷം ape ഉണ്ടാകുന്നു.ഉച്ചയ്ക്ക് 2.30 നു അടുത്ത് "ഹോമിനിഡ്" എന്ന  മനുഷ്യൻ്റെയും,ചിമ്പാന്സിയുടെയും ഒക്കെ പൊതു ഗ്രൂപ്പിന്റെ പൂർവികർ ഉണ്ടായി.രാത്രി 10.15നു ആദ്യത്തെ ആൾകുരങ്ങുണ്ടാകുന്നു.10.24 നു മനുഷ്യൻ്റെ പൂർവികർ ആയ "ഹോമോ എറക്റ്റസ്" ഉണ്ടായി. 11 മണിയോടടുത്ത് കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നു.11.44 നു തീയുടെ ഉപയോഗം കണ്ടുപിടിക്കുന്നു.സമയം ഡിസംബർ 31 രാത്രി 11.50 ദേ ഇനി വെറും 10 മിനിറ്റ് മാത്രം !! ദൈവം ഇപ്പോളും മനുഷ്യനെ ഉണ്ടാക്കി വിട്ടിട്ടില്ല.ദൈവത്തെ നോക്കി ദൈവി മടിയൻ എന്ന ഭാവത്തിൽ ഒന്ന് ഇളിച്ചു.  

അതു കണ്ട പുള്ളി കുറച്ചു നേരം ആലോചിച്ചു.

മൂക്ക് ചൊറിഞ്ഞു!!

ചെവി ചൊറിഞ്ഞു!!

തല ചൊറിഞ്ഞു...!!

അങ്ങിനെ കുറച്ചു നേരം "ചൊറിയാൻ പറ്റുന്നതൊക്കെ" ചൊറിഞ്ഞു!!

ഒടുവിൽ രണ്ടും കൽപ്പിച്ച്... മൂട്ടിലെ പൊടിയും തട്ടി എണീറ്റു. 

എന്നിട്ടു,
"മിന്നിച്ചേക്കണേ ....." എന്ന് പറഞ്ഞു എന്തോ ഒരു ഗോഷ്ടി കാണിച്ചിട്ട് പൊടിയും പാറിച്ചു പുള്ളി മുങ്ങി.

പൊടി അടങ്ങിയപ്പോ രാത്രി 11.52.

നോക്കുമ്പോൾ കോന്ത്രപ്പല്ലും കാണിച്ച് ഇളിച്ചുകൊണ്ട് ദേ... നിൽക്കുന്നു  ആധുനിക മനുഷ്യൻ!!

                                                 ***************

കലണ്ടർ അവസാനിക്കാൻ വെറും 8 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ പൊട്ടിമുളച്ചവൻ്റെ "സകല ചരിത്രങ്ങളും ഈ 8 മിനിറ്റിൽ ഒതുങ്ങുന്നു" എന്ന് പോലും പറയാൻ പറ്റില്ല.കാരണം ഇന്നത്തെ മനുഷ്യൻ്റെ അറിയാവുന്ന ചരിത്രം വെറും "പതിനായിരം" കൊല്ലത്തെ മാത്രം ആണ്.കുഞ്ഞി ജാതകത്തിലെ 8 മിനിറ്റ് യഥാർത്ഥ ജാതകത്തിലെ 2 ലക്ഷത്തി പതിനായിരം വർഷങ്ങൾക്ക് തുല്യം ആണ്.

ആധുനിക മനുഷ്യൻ്റെ സർവത്ര ദൈവങ്ങളും, മതങ്ങളും, ഐതീഹ്യങ്ങളും ശാസ്ത്രജ്ഞരും പ്രശസ്തരും ആയ എല്ലാം വരുന്നത് അവസാന 8 മിനിറ്റിൽ ആണ്.എന്നിട്ടും "ഈ പ്രപഞ്ചം മനുഷ്യന് വേണ്ടി ഉണ്ടാക്കിയത് ആണ്" എന്ന് കേമത്തം പറയുന്നവർ ധാരാളം!!

എഴുത്ത് കണ്ടുപിടിക്കുന്നത് അവസാനത്തെ 13 സെക്കന്റിലും, വേദങ്ങളും, ബുദ്ധനും റോമാ സാമ്രാജ്യവും അശോകനും ഒക്കെ അവസാന 6 സെക്കന്റിലും,ആധുനിക ശാസ്ത്രവും, ആകെ മൊത്തം ടോട്ടൽ വിപ്ലവങ്ങളും യുദ്ധങ്ങളും ഒക്കെ സംഭവിച്ചത് അവസാന 1 സെക്കന്റിനുള്ളിലും ആണെന്ന് മനസ്സിലാക്കുമ്പോൾ ആണ് പ്രപഞ്ച ചരിത്രത്തിൽ മനുഷ്യൻ എത്ര ചെറുതാണ് എന്ന് തിരിച്ചറിയുക!!

ആ തിരിച്ചറിവിനു അൽപ്പം കൂടി വ്യക്തത വരുത്തുവാൻ വേണ്ടി മാത്രം 13ലക്ഷം കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള(Diameter) സൂര്യനെ ഒരു ഫുട്‍ ബോളായി കരുതുക.

എങ്കിൽ....,

ബുധൻ(Mercury) = 13 മീറ്റർ അകലെ കിടക്കുന്ന ഒരു മണൽത്തരി !!
ശുക്രൻ(Venus) = 25 മീറ്റർ അകലെ ഉള്ള ഒരു കുന്നിക്കുരു.
ഭൂമി(Earth) =  34 മീറ്റർ അകലെ ഉള്ള മറ്റൊരു കുന്നിക്കുരു.
ചൊവ്വ(Mars) = 54 മീറ്റർ അകലെ ഉള്ള ചെറിയൊരു കുന്നിക്കുരു.
വ്യാഴം(Jupiter) = 180 മീറ്റർ അകലെ ഉള്ള ഒരു പേരയ്ക്ക.
ശനി(Saturn= 320 മീറ്റർ അകലെ ഉള്ള ഒരു ചെറിയ പേരയ്ക്ക
യുറാനസ്സ്(Uranus) = 650 മീറ്റർ അകലെ ഉള്ള ഒരു ഗോട്ടി
നെപ്ട്യൂൺ(Neptune) = 1 കിലോമീറ്റർ അകലെ ഉള്ള മറ്റൊരു ഗോട്ടി

ഈ ഫുട്‍ബോൾ വലുപ്പ കണക്ക് വച്ച് നോക്കിയാൽ സൂര്യൻ്റെ ഏറ്റവും അടുത്ത നക്ഷത്രം ആയ പ്രോക്സിമ സെന്റൂറി 8000 കിലോമീറ്റർ അകലെ ആകും.
(1 light year = 94,60,80,00,00,000 km

നമ്മുടെ "മിൽക്കി വേ" യ്ക്ക് ഒരു ആളുടെ വലുപ്പമേ  ഉള്ളൂ എങ്കിൽ നമ്മുടെ സൗരയൂഥത്തിന്  ഒരു ആറ്റത്തിൻ്റെ വലുപ്പമേ കാണുകയുള്ളു!!


1990 ൽ വോയേജർ-1 അതിൻ്റെ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ തുറിച്ചു നോക്കിയാൽ പോലും നമ്മുടെ കൊച്ചു ഭൂമി കണ്ടുപിടിക്കാൻ എളുപ്പം അല്ല.അപ്പോൾ ആണ് അതിൻ്റെ ഉള്ളിൽ "അവനവൻ്റെ" എന്നുപറഞ്ഞു മതിലുകെട്ടി തിരിച്ചും, മതത്തിന്റെയും ദൈവങ്ങളുടേയും വര്ണത്തിന്റേയും ഒക്കെ പേരിൽ ഈഗോ കെട്ടിപ്പൊക്കി അതിന് മുകളിൽ കിടന്നുറങ്ങുന്ന മനുഷ്യനെ!!

(ഭൂമി-ഇത്രേ ഉള്ളു സകല ഈഗോകളും

തലയ്ക്ക് മുകളിൽ ഒരു ഡ്രോൺ  500 മീറ്റർ ഉയരത്തിൽ പറത്തിയാൽ, ആ ക്യാമറയിൽ പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര ചെറുതാണ് ദൈവത്തിൻ്റെ  ശ്രേഷ്ഠ സൃഷ്ടി ആയി അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ്റെ വ്യക്തിത്വം.

നമ്മുടെ പ്രപഞ്ചൻ്റെ ആയുസ്സിൻ്റെ 42% മാത്രമേ നമ്മുടെ ഭൂമി കണ്ടിട്ടുള്ളു.മനുഷ്യനും അവൻ്റെ സൃഷ്ടികൾ ആയ മതങ്ങളും അവയുടെ ദൈവങ്ങളും എല്ലാം ചേർന്ന് കണ്ടിട്ടുള്ളത് വെറും  0.00125% പോലുമില്ല!!

"കോസ്മിക് കലണ്ടർ" പ്രകാരം, വെറും 8 മിനിറ്റുകൾ മാത്രം ജീവിച്ച പെരുമയിൽ പ്രപഞ്ച ജേതാവ് ആയി അഹങ്കരിക്കുന്ന മനുഷ്യന് മുന്നിൽ 5 ദിവസം രാജാക്കന്മാർ ആയി ജീവിച്ച ദിനോസറുകൾ പോലും അവശേഷിപ്പിച്ചത് ഫോസിലുകൾ മാത്രം ആണ്.പ്രപഞ്ച ചരിത്രം നോക്കിയാൽ "പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വംശനാശങ്ങൾ സമയാസമയങ്ങളിൽ നടക്കുന്നുണ്ട് എന്ന സത്യം മറച്ചുവയ്ക്കാനാവില്ല.


ഭൂമിയുടെ ഉത്പത്തി മുതൽ ഉള്ള കലണ്ടർ:


നമ്മുടെ കൊച്ചു ഭൂമി ഉണ്ടായത് ഒരു ജനുവരി 1 നു ആണെന്നും അതിനു ശേഷം ഇന്നുവരെയുള്ള കാലഘട്ടങ്ങൾ ഒറ്റ വർഷത്തിൽ തീരുകയും ചെയ്‌താൽ, പ്രധാന സംഭവങ്ങൾ എങ്ങിനെ എന്ന് നോക്കാം.

  • ജനുവരി 6, 14:46 -ചന്ദ്രൻ രൂപപ്പെടുന്നു
  • ജനുവരി 29, 01:50 - സമുദ്രങ്ങൾ രൂപം കൊള്ളുന്നു
  • ഏപ്രിൽ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
  • ജൂൺ 6, 10:17 – പ്രാധമിക കോശങ്ങൾ (പ്രോകാര്യോസൈറ്റ്സ്)
  • ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങൾ രൂപപ്പെടുന്നു
  • ഒക്ടോബർ 12, 18:43 - പൂപ്പലുകൾ
  • ഒക്ടോബർ 20, 19:15 – ബഹു കോശ ജീവികൾ
  • നവമ്പർ 5, 20:18 – സമുദ്രസസ്യങ്ങൾ
  • നവമ്പർ 23, 11:52 – നട്ടെല്ലുള്ള ജീവികൾ, മത്സ്യങ്ങൾ
  • നവമ്പർ 27, 04:25 – കര സസ്യങ്ങൾ
  • നവമ്പർ 25, 21:37 ‌‌- കര ജീവികൾ - ആർത്രോപോഡ്സ്
  • ഡിസംബർ 1, 23:59 – നാലുകാലുള്ള ജീവികൾ.
  • ഡിസംബർ 1, 23:59 – ഞണ്ടുകൾ, പന്നൽ ചെടികൾ
  • ഡിസംബർ 3, 22:09 - സ്രാവുകൾ
  • ഡിസംബർ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
  • ഡിസംബർ 14, 18:04 - സസ്തനികൾ
  • ഡിസംബർ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
  • ഡിസംബർ 17, പാൻജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
  • ഡിസംബർ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആർക്കിയോപ്ടെറിക്സ്
  • ഡിസംബർ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങൾ (ആൻജിയോസ്പേം )
  • ഡിസംബർ 26, 13:04 – റ്റൈറനോസറസ് റെക്സ്
  • ഡിസംബർ 26, 18:51 - ഡിനോസറുകൾ ഉൾമൂലനം ചെയ്യപ്പെടുന്നു.
  • ഡിസംബർ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 29 , 23:52 – മാനുകളുടെ പൂർവ്വികർ
  • ഡിസംബർ 31, 12:26:54 – മനുഷ്യൻ, ചിമ്പൻസി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 31, 18:03:58 - മാമത്തുകൾ
  • ഡിസംബർ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
  • ഡിസംബർ 31, 22:27:36 - ഹോമോകൾ തീ ഉപയോഗിക്കാൻ പഠിക്കുന്നു.
  • ഡിസംബർ 31, 23:19:34 – നിയാണ്ടർത്താളുകളുടെ ഉത്പത്തി.
  • ഡിസംബർ 31, 23:36:54 – ഹോമോ സാപ്പിയൻസ് (മനുഷ്യൻ)
  • ഡിസംബർ 31, 23:57:06 – നിയാണ്ടർത്താളുകളുടെ അന്ത്യം.
  • ഡിസംബർ 31, 23:58:16 – മാമത്തുകൾക്ക് വംശനാശം
  • ഡിസംബർ 31, 23:58:50 - മനുഷ്യൻ കൃഷി വശമാക്കുന്നു
  • ഡിസംബർ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
  • ഡിസംബർ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യൻ കലണ്ടർ
  • ഡിസംബർ 31, 23:59:18 - സുമേരിയൻ കുനിഫോം , ആദ്യ എഴുത്ത്
  • ഡിസംബർ 31, 23:59:24 – പിത്തള യുഗം
  • ഡിസംബർ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
  • ഡിസംബർ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
  • ഡിസംബർ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റിൽ .
  • ഡിസംബർ 31, 23:59:28 – മായൻ, ഹാരപ്പൻ സംസ്കൃതി. ഗിസായിലെ പിരമിഡ് നിർമ്മാണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:36 – ഋഗ് വേദം
  • ഡിസംബർ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
  • ഡിസംബർ 31, 23:59:42 – പേർഷ്യൻ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
  • ഡിസംബർ 31, 23:59:42 - ബുദ്ധൻ, കൺഫൂഷ്യസ്, മഹാവീരൻ
  • ഡിസംബർ 31, 23:59:44 - ചേരരാജവംശം
  • ഡിസംബർ 31, 23:59:46 ‌‌- ചോള രാജവംശം
  • ഡിസംബർ 31, 23:59:46 – ക്രിസ്തുവർഷാരംഭം, ക്രിസ്തു
  • ഡിസംബർ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
  • ഡിസംബർ 31, 23:59:50 – മുഹമ്മദ്
  • ഡിസംബർ 31, 23:59:56 - ഗുട്ടൻ ബർഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
  • ഡിസംബർ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തിൽ എത്തുന്നു.
  • ഡിസംബർ 31, 23:59:57 – മൊണാലിസ
  • ഡിസംബർ 31, 23:59:58 – ടാജ് മഹൽ
  • ഡിസംബർ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:58.4 - അമേരിക്കൻ സ്വാതന്ത്ര്യം
  • ഡിസംബർ 31, 23:59:58.43 - അമേരിക്കൻ വിപ്ളവം
  • ഡിസംബർ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
  • ഡിസംബർ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
  • ഡിസംബർ 31, 23:59:58.96 – ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
  • ഡിസംബർ 31, 23:59:58.97 - അമേരിക്കൻ സിവിൽ യുദ്ധം
  • ഡിസംബർ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
  • ഡിസംബർ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
  • ഡിസംബർ 31, 23:59:59.35 - റഷ്യൻ വിപ്ളവം
  • ഡിസംബർ 31, 23:59:59.44 - പെൻസിലിൻ കണ്ടു പിടിക്കുന്നു.
  • ഡിസംബർ 31, 23:59:59.47 – അഡോൾഫ് ഹിറ്റ്‌‌ലർ ജർമ്മൻ ചാൻസലറായി അധികാരമേൽക്കുന്നു.
  • ഡിസംബർ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
  • ഡിസംബർ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
  • ഡിസംബർ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
  • ഡിസംബർ 31, 23:59:59.72 - മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു.
  • ഡിസംബർ 31, 23:59:59.94 – 9/11 ആക്രമണം.


മനുഷ്യനും, മനുഷ്യൻ്റെ സൃഷ്ടികൾ ആയ സകല ദൈവങ്ങളും കൂട്ടാളികളും, മത രാഷ്ട്രീയ വേർതിരിവില്ലാതെ, കോവിഡ്-19 എന്ന കുഞ്ഞൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച കണ്ടു "പ്രപഞ്ച സൃഷ്ടിയുടെ പിന്നിൽ ഉള്ള ദൈവം" പൊട്ടി ചിരിച്ചുകൊണ്ട്.... ദൈവി വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മോന്തിയ ശേഷം,കിട്ടിയ സ്ഥലത്ത് ചുരുണ്ടുകൂടി കൂർക്കം വലി തുടങ്ങി!!




കടപ്പാട്: 

       കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠനങ്ങൾ നടത്തിയ എല്ലാ മഹാന്മാർക്കും, അവരുടെ പഠനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചു തന്ന ഗൂഗിൾ അമ്മാവനും, മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ വായിക്കാൻ  പ്രേരിപ്പിച്ച കൊറോണയ്ക്കും!!

Monday, 27 April 2020

മഹാമാരികൾ!!


                           രേഖപ്പെടുത്തിയ മനുഷ്യ ചരിത്രത്തില്‍ അന്റോണിയന്‍ പ്ലേഗ് എന്ന്  അറിയപ്പെട്ടിരുന്ന "ഗാലന്‍ പ്ലേഗ്" ആണ് മഹാമാരികളുടെ മുതുമുത്തശ്ശൻ!!. റോമാ സാമ്രാജ്യത്തില്‍ എ.ഡി 165 -180 കാലഘട്ടത്തിൽ ആണ് ഇത് പടർന്നത്.അൻപത് ലക്ഷത്തോളം ആളുകൾ മരിച്ചു എന്നാണ് കണക്കുകൾ!!

എ.ഡി 541 അന്നത്തെ ലോക ജനസംഖ്യയുടെ ഏകദേശം പകുതിയോളം ആളുകളെ തുടച്ചു നീക്കിയ, മഹാമാരിളുടെ വരവിലെ  രണ്ടാമനായി എത്തിയ "ജസ്റ്റീനിയൻ പ്ലെഗ്" ബൈസെറ്റൈൻ സാമ്രാജ്യ തലസ്ഥാന നഗരിയായ കോൺസ്റ്റാന്റി നേപ്പിളിൽ ആണ് ഉടലെടുത്തത്.അതുകൊണ്ടാണ് ബൈസെറ്റൈൻ ചക്രവർത്തിയുടെ പേരിൽ തന്നെ ഇവൻ അറിയപ്പെട്ടത്.ഏഷ്യ,യൂറോപ്പ്, അറേബ്യാ,ഉത്തരാഫ്രിക്ക തുടങ്ങിയവയിലേക്കും കൂടി പടർന്നു കയറിയ ഈ പ്ലെഗ് മൂലം ഏകദേശം അഞ്ചുകോടി ജനങ്ങൾ മരിച്ചു വീണു.

എ.ഡി 735 -737 കാലഘട്ടത്തിലെ ജപ്പാൻ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ കൊന്നൊടുക്കിയ "ജപ്പാൻ വസൂരി" മൂലം ജപ്പാന്റെ വിവിധമേഖലകളിൽ ആയി ഏകദേശം പത്ത് ലക്ഷം ജനങ്ങൾ മരണത്തിന് കീഴടങ്ങി.

എ.ഡി 1346-1351 കാലത്ത് ഏഷ്യ യിൽ നിന്നും തുടങ്ങിയ "പ്ലെഗ്" വ്യാപനം 4 കൊല്ലം കൊണ്ട് 20കോടിയോളം ആളുകളെ കൊന്നൊടുക്കി കറുത്ത മരണം ആയി മാറുകയുണ്ടായി.1347 ൽ ഇറ്റാലിയൻ തുറമുഖമായ മെസ്സിനയിൽ 12 കപ്പലുകളിലായി എത്തിയ നവീകരിൽ നിന്നുമാണ് യൂറോപ്പിൽ രോഗം പടർന്നത് എന്നാണ് വിശ്വസിക്കുന്നത്.


എ.ഡി 1846-1860 പത്ത് ലക്ഷം ജനങ്ങൾ മരിച്ച "കോളറ" പൊട്ടിപ്പുറപ്പെട്ടത് നമ്മുടെ ഇന്ത്യയിൽ നിന്നും ആണ്.


എ.ഡി 1855 ൽ മഹാമാരി ആയി മൂന്നാമതും "പ്ലെഗ്"  പടർന്നപ്പോൾ അതിന്റെ ഉല്ഭവ സ്ഥാനം ചൈനയിലെ യുനാൻ ആയിരുന്നു.ഒന്നരകോടി ജനങ്ങൾ അന്ന് ലൊകമെമ്പാടും ആയി മരണത്തിനു കീഴങ്ങി.


എ.ഡി 1889-1890 കാലത്ത് റഷ്യയിൽ തുടങ്ങിയ, "റഷ്യൻ ഫ്ലൂ", "ഏഷ്യാറ്റിക്ക് ഫ്ലൂ" എന്നൊക്കെ അറിയപ്പെട്ടിരുന്ന,ഏകദേശം  പത്തുലക്ഷം ആളുകൾ മരിക്കാൻ കാരണമായ ഈ പകർച്ചപ്പനി ആയിരുന്നു 19 ആം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി.


ഒന്നാം ലോകയുദ്ധത്തിൻ്റെ കെടുതികൾക്ക് ഒപ്പം 1918 ൽ  പൊട്ടിപ്പുറപ്പെട്ടു 50 കോടിയിലേറെ പേരെ ബാധിച്ച "സ്പാനിഷ് ഫ്ലൂ" എന്നറിയപ്പെട്ട ഈ മഹാമാരിയിൽ ഇന്ത്യയിൽ മാത്രം  2 കോടിയിലേറെ പേരെ മരണത്തിനിരയാക്കി.ലോകത്താകമാനം പത്ത് കോടിയിൽ കൂടുതൽ മരണങ്ങളുണ്ടായി.


പിന്നീടാണ് മഹാമാരികളിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഭീമൻ ആയി ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏകദേശം അമ്പതുകോടി യിൽ അധികം ജനങ്ങളെ കൊന്നൊടുക്കിയ "വസ്സൂരി" അഥവാ "സ്‌മോൾ പോക്സ്" പടർന്നു പിടിക്കുന്നത്.പല നൂറ്റാണ്ടുകളിൽ ആയി എണ്ണമറ്റ രീതിയിൽ ജനങ്ങളെ കൊന്നൊടുക്കിയ വസ്സൂരിക്ക് ഏകദേശം മൂവായിരം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.



1981 ൽ അമേരിക്കയിലെ സ്വവര്ഗാനുരാഗികൾക്കിടയിൽ ആദ്യമായി "എച്ച്.ഐ.വി" മൂലം ഉണ്ടാകുന്ന "എയ്ഡ്സ്" ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏകദേശം മൂന്നര കോടി ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങാൻ കാരണമായ ഈ വയറസ്സ് 1920 ൽ, ആഫ്രിക്കയിലെ ചിമ്പാന്സികളിൽ നിന്നും ആണ് രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. ഏകദേശം നാല് കോടി ജനങ്ങൾ ഈ വയറസ്സ് ബാധയുമായി ജീവിക്കുന്നു എന്നാണ് കണക്കുകൾ.

2014-2016 ൽ "എബോള" മൂലം പതിനൊന്നായിരത്തിൽ അധികം ആളുകൾ മരിച്ചു.1976 ൽ "ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ" യിലെ എബോള നദിയ്ക്ക് അടുത്ത് ഈ വയറസ്സ് ആദ്യമായി കണ്ടെത്തിയതിനാൽ ആണ് ആ പേര് വരാൻ കാരണം.


2009-2019 വർഷങ്ങളിൽ ആയി രണ്ടുലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഈ നൂറ്റാണ്ടിലെ ഇപ്പോളും തുടരുന്ന മഹാമാരി ആയ "എച്ച്1 എൻ1" ആദ്യമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്.

നൂറ്റാണ്ടിൻ്റെ മഹാമാരി ആയി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മാറിയ "കോവിഡ്-19" എന്ന കൊച്ചു വയറസ്സ് പരത്തിയ "കൊറോണ", 2020 ൽ ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ലോകം മുഴുവൻ അടച്ചിടലിൻ്റെ പാതയിലേക്ക് കൊണ്ടുവന്ന ഈ കുഞ്ഞൻ, 2 മാസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.


  ഭൂമിയെക്കാൾ വലുതായി മനുഷ്യന്റെ ഈഗോ വളരുമ്പോൾ അവയ്‌ക്കെതിരെ കണ്ണിൽ കാണാൻ പോലും പറ്റാത്ത അത്ര കുഞ്ഞു അണുക്കളാൽ, മനുഷ്യന്റെ അഹങ്കാരത്തിന്മേൽ ഇനിയും പല രൂപത്തിൽ, പല പേരുകളിൽ മഹാമാരികൾ അവരുടെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.


Thursday, 23 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!

               മത്സ്യത്തൊഴിലാളി!!*

പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.

ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!


മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!

Friday, 17 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!

പേരിനു ചില "ബ്രോ"സ്സ്!!


                      ലോക്ക്ഡൗണ് ആയത് കൊണ്ട് എവിടെയും പൊക്കില്ല.പ്രത്യേകിച്ചു പണി ഒന്നും ഇല്ല,എങ്കിലും ഒട്ടും ടൈം ഇല്ല.
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!

എന്നാൽ.. 

ഒരു വാക്കോ അല്ലേൽ വോയ്‌സോ അയച്ചു വിശേഷങ്ങൾ ചോദിക്കില്ല.
ചുരുക്കി പറഞ്ഞാൽ അങ്ങോട്ടു വിളിച്ചാൽ തേൻ ഒലിക്കും, "നിന്നെ വിളിക്കാൻ ഒരുങ്ങുക ആയിരുന്നു" എന്നോ അല്ലേൽ "നീ ആയിരുന്നോ, ഫോൺ മാറ്റിയപ്പോ  നിൻ്റെ നമ്പർ പോയി" എന്നോ പറഞ്ഞേക്കാം!! 

ഇനി അങ്ങോട്ട് വിളിച്ചില്ല എങ്കിൽ ... നമ്മളെകൊണ്ട് എന്തെങ്കിലും ആവശ്യം വരാത്തിടത്തോളം കാലം  "പൂര"ത്തിന് കണ്ട ഭാവം പോലും കാണിക്കില്ല!!

ഈ ലക്ഷണങ്ങൾ ഒക്കെ ആയാൽ, നമുക്ക് മുന്നിൽ ഏതാണ്ട് ഒരു "ബ്രോ" ജനിക്കുകയായ്!!

പേരിനൊരു "ബ്രോ"





കൊറോണ കാലത്തെ ദിനങ്ങൾ -4 !!

                "രിപ്പ് വട" എന്ന എക്കാലത്തെയും വീക്നസ് തിരിച്ചറിഞ്ഞിട്ടോ എന്തോ,മൂക്കിൽ വെള്ളാരംകല്ലിന്റെ മൂക്കുത്തി ഇട്ട സഹപാഠി ഉമാദേവി പെരുംജീരകവും മിന്റും കുരുമുളകും ഒക്കെ ചേർത്തു "ലോക്ഡൗൻ സ്‌പെഷ്യൽ" പരിപ്പവട ഉണ്ടാക്കി ഫോട്ടോ അയച്ചു കൊതിപ്പിച്ചു.
അതേ ടൈമിൽ, ഒരു ചക്കയ്ക്ക് ആയുള്ള ആഗ്രഹം വീട് മൊത്തം കറങ്ങി നടപ്പുണ്ടാരുന്നു.

ലോക്ക് ഡൗണിൽ ചക്ക വേണേൽ സ്വന്തം വീട്ടിൽ "ചക്കമരം" വേണം.വീട്ടിൽ ആകെ ഉള്ള പ്ലാവ് ആണേൽ, ഗ്രോ ബാഗിൽ നിന്നും മണ്ണിലേക്ക് ഉള്ള സ്ഥലമാറ്റത്തിനായി മഴക്കാലം കാത്ത് മേപ്പോട്ടു നോക്കി ഇരിപ്പും."ചക്ക ഫാക്റ്ററി" താൻ ആണെന്ന് പോലും ഒരുപക്ഷേ ആ പാവത്തിന് അറിയാൻ വഴിയില്ല!!

അപ്പോൾ ആണ് മൊട്ടത്തലയൻ മാഷ്ന്റെ വീട്ടിൽ "ചക്ക മഹോത്സവം" നടക്കുന്ന കാര്യം അറിഞ്ഞത്.കോവിഡിനെ തുരത്താൻ ലോക രാഷ്ട്രങ്ങൾ നടത്തുന്ന മരുന്നു പരീക്ഷണം പോലെ, യൂ ട്യൂബ് നോക്കി പാചക പരീക്ഷണത്തിൽ മുഴുകിയ സഹധർമ്മിണിയെ പേടിച്ച് മൊട്ട മാഷും കുട്യോളും ഇപ്പൊ പ്രകൃതിയെ ആശ്രയിച്ചു വിശപ്പ് മറ്റുകയാണത്രേ.വിശപ്പ് മാറ്റുന്നതിൽ ചക്കമഹാത്മ്യം ശരിക്കറിയുന്ന മൊട്ട മാഷ്,എന്റെ ചക്കാന്വേക്ഷണം അറിഞ്ഞ ഉടൻ,
അടുത്ത വീട്ടിലെ ഭ്രാന്തൻ കണാരന്റെ കണ്ണുവെട്ടിച്ചു 2 ചക്ക, ചാക്കിൽ കടത്തി പാതി ദൂരം എത്തിച്ചു തന്നു.

അതോടെ മൊട്ട മാഷ് ചക്കമാഷ് ആയി.നാട് മുഴുവൻ ഉള്ള പോലീസിന്റെ കണ്ണുവെട്ടിച്ച് പാതിവഴിയിൽ പാർക്കിയ ചക്ക മാഷിന്റെ ചക്ക വണ്ടിയിൽ നിന്നും ചക്കയും പൊക്കി വീടെത്തിയപ്പോൾ ബഹുസ്വീകരണം.4 മണിക്ക് കട്ടൻ കാപ്പി കിട്ടി ഗ്ലാസ്സിൽ മുക്കാൻ 2 ടൈഗർ ബിസ്ക്കറ്റും!!

ചക്ക സ്നേഹികളുടെ ഇഷ്ടം മുഴുവൻ മുള്ളുകളായി മാറിയത് ആണത്രെ ചക്കോപരിതല രഹസ്യം.ആ രഹസ്യം ചികഞ്ഞു ചൊള എടുക്കുന്ന കണ്ടു ഓടി വന്ന "ഉൽപ്പു" നെ ചകിണി കൊടുത്തു പറ്റിച്ചു.

ചൂടായ വെളിച്ചെണ്ണയിൽ കുളിച്ചുകൊണ്ടിരിക്കുന്ന ചക്ക "കിലും കിലും" ശബ്ദത്തിൽ കലപില കൂട്ടുമ്പോൾ അൽപ്പം മഞ്ഞള് പൊടിയിട്ടു ഇളക്കി കുറച്ചു കഴിയുമ്പോൾ അൽപ്പം ഉപ്പും ചേർത്തു വറുത്ത് കോരി സഹപാഠിക്ക് അയച്ചപ്പോൾ, രാത്രിയിലെ ഉറക്കം ശാന്തി, സമാധാന പൂർണ്ണം!!

                                                              ****************

രാവിലെ നിളയിലെ നീന്തൽ കഴിഞ്ഞു വന്നു കൈകഴുകി ചെന്നപ്പോൾ, വാഴയിലയിൽ ആവി പരത്തി ചക്കപുഴുക്ക്!!

പച്ചമുളകിന്റെയും കറിവേപ്പിലയുടെയും വെളുത്തുള്ളിയുടെയും,മഞ്ഞളിന്റെയും ജീരകത്തിന്റെയും ആത്മാവുൾക്കൊണ്ട തേങ്ങാ അരപ്പിന്റെ മണത്തിന്റെ കൂടെ, ചതച്ച ചുമ്മനുള്ളിയിൽ പച്ച വെളിച്ചെണ്ണ തൂക്കി ഇളക്കിയപ്പോൾ പരന്ന സുഗന്ധം കൂടി ആവാഹിച്ചുകൊണ്ട് കണ്ണടച്ചു ഒരു നുള്ള് ചക്ക പുഴുക്ക് നാവിൽ വച്ചു നുണഞ്ഞു.

ആ...ഹ, അന്തസ്സ്!!

കാശ്മീരി മുളകിന്റെ ത്രസിപ്പിക്കുന്ന ചുവപ്പിൽ മുങ്ങിയ കടുമാങ്ങ അച്ചാറും ചൂടുള്ള ഉണക്കമീൻ വറവും കട്ടൻകാപ്പിയും കൂടി ആയപ്പോൾ.......വൗ!!

ചിലതൊക്കെ അങ്ങിനെ ആണ്, പറഞ്ഞറിയിക്കാൻ പറ്റില്ല!!

ചക്ക മോഹം സഫലീകരണത്തിനു സഹായിച്ച ചക്കമാഷേ നിങ്ങടെ മൊട്ടതലയിൽ ഒരു നൂറു ഉമ്മ!!!

ചക്ക കൊതി മൂത്ത ഉമാദേവി....

വാഴയിലയിൽ നിന്നും തോണ്ടിയെടുത്ത്, അതിനുള്ളിൽ ഒരു കുഞ്ഞു ഉണക്കമീൻ ഒളിപ്പിച്ചു അച്ചാറിൽ മുക്കിയ ഒരു പിടി ചക്കപ്പുഴുക്ക് നിനക്കായി ഞാനിതാ കൂടുതൽ കഴിക്കുന്നു!!


Monday, 13 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -3 !!

                      കുളി സീൻ!!

പതിവ് പോലെ നിളയിൽ കുളിക്കാൻ ചെന്നപ്പോൾ, തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്നും ചില സീൽക്കാരങ്ങൾ!!
ചെന്ന് നോക്കിയപ്പോ  കിടിലൻ സീൻ.

ജോണികുട്ടിയും ലീലയും തമ്മിൽ!!😳😳

അത് കണ്ടു സഹിക്ക വയ്യാതെ സദാചാര പോലീസ് ചമഞ്ഞു ബഹളം വച്ച അസീസിനിട്ടു ജോണിക്കുട്ടി കൊടുത്ത പണിയിൽ അസീസ് ഫുൾ ആയി സീൻ വിട്ടോടി!!

പണ്ടേ ഗുണ്ട ആയ ജോണികുട്ടിയെ പേടിച്ചു കുളിച്ചു എന്നു വരുത്തി തിരികെ നടക്കുമ്പോൾ.."നാളെ മുതൽ രാത്രി ആകും മുന്നേ കുളിക്കണം" എന്ന് ഉറച്ചു തീരുമാനിച്ചു.

അങ്ങകലെ എവിടെയോ അസീസ്ന്റെ ഞരക്കത്തിലൂടെ പുറത്തു കടന്ന പ്രാണൻ കാറ്റിൽ ചേർന്നലിഞ്ഞുകാണും.പാവം!!

                  *********

പിൻകുറിപ്പ്:ജോണികുട്ടിയും ലീലയും പ്രണയ ജോഡികളായ മൂർഖൻസ്സ് ആണ്!!

Thursday, 9 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-3 !!

            കൂടോത്ര നിർമാർജ്ജന ശേഷം രാഘവമാമയുടെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുകൊണ്ടിരിക്കെ മാവിൽ നിന്നും പിടിവിട്ടൊരു മാങ്ങ തേടി പുറത്തിറങ്ങിയപ്പോൾ ആണ് ചെടിച്ചട്ടിയിൽ മദാലസ ആയി തഴച്ചുതുടങ്ങിയ ഒരു റോസാച്ചെടിയിൽ കൗമാരം മൊട്ടുകൾ ആയി വളർന്നു തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്.

"അമ്മേ..ദേ റോസ്സിൽ കുരു മുളച്ചു"

"കുരു അല്ലടാ മണ്ടാ പൂ വിരിയാൻ
മൊട്ടിട്ടതാ."

"കൊറേണ്ണം വരിണ്ടല്ലോ"

*******************

ആരും കാണാതെ 60 ഒഴിക്കാൻ ശ്രമം തുടങ്ങിയ നേരത്തുള്ള, എന്‍റെ "റോസ്സചരിത"ത്തിന്‍റെ ഒടുക്കം മാത്രം ശ്രദ്ധിച്ച രാഘവമാമ പെട്ടെന്ന് ഞെട്ടിയതോടെ തറമുഴുവൻ ഫ്ലോർ സാനിറ്റൈസർ പരന്നു... ഒപ്പം "യ്യോ..." എന്ന നെഞ്ചു തകർന്നുള്ള ഒരു കരച്ചിലും!!

റോസ്സ് ചരിതത്തിന്‍റെ ഒടുക്ക വാചകം കേട്ട് "കൊറോണ വരുന്നുണ്ട്" എന്നു തെറ്റിദ്ധരിപ്പിക്കപെട്ടത് കൊണ്ട് മാത്രമാണ് മാമായുടെ ത്രി ഗുണൻ സമാധി ആയത് എന്നറിയാതെ ശബ്ദം കേട്ട ഉടൻ  മാമായുടെ മുറിയിലേയ്ക്ക് ഞാൻ പാഞ്ഞു!!

                                     ഹാപ്പി തല്ലുകൊള്ളൽ ഡേ!!


Wednesday, 8 April 2020

Expectations !!

ഈ "Expectation"എന്ന വാക്കാണ് മനുഷ്യരുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം!!

അതായത് ബാലാ....
നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മറ്റുള്ളവർ പെരുമാറും,നമ്മുടെ മനസ്സറിഞ്ഞു മറ്റുള്ളവർ പ്രവർത്തിക്കും,നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണ്..തുടങ്ങി കൊറോണ നമ്മളെ ബാധിക്കില്ല എന്ന് വരെയുള്ള expectations!!

ഈ വാക്ക് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ "ഡിപ്രെഷൻ" എന്ന വാക്കിനു ഒരർത്ഥവും ഇല്ലാതായി പോയേനെ !!

സത്യം!!


Sunday, 5 April 2020

പ്രതികാരം !!

                “ബെര്‍ലിന്‍ ഫ്രൈഡ് ചിക്കന്‍”(BFC) എന്ന ബോര്‍ഡ് കണ്ട് "ജര്‍മ്മന്‍ രുചി" മനസ്സില്‍ കണ്ട് കയറിയപ്പോളാണറിഞ്ഞത്, “മെര്‍ലിന്‍” എന്ന തന്‍റെ പഴയകാമുകിയുടെ പേരുചാര്‍ത്തി ഓരോ കോഴികളേയും വെട്ടിനുറുക്കി “ബേക്ക്" ചെയ്ത് പിന്നെ “ഫ്രൈ” ആക്കി വിളമ്പിക്കൊണ്ട്, തന്നെ വഞ്ചിച്ചവളെ ദിവസേന പ്രതീകാത്മകമായി കൊല്ലുകയാണവിടെ എന്ന നഗ്നസത്യം!!

Saturday, 4 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -2 !!

                                        പോലീസിൻ്റെ  വെടി !!


"ഈ ടയർ മാറ്റാരുന്നില്ലേ?"

"കീറിയ കളസം മാറ്റാൻ ക്യാഷ് ഇല്ല അപ്പോളാ ടയർ!!,അച്ഛൻ കേറുണ്ടോ?"

മുട്ടിനു വേദനയ്ക്ക് മരുന്നു വാങ്ങാൻ അച്ഛനെയും കൊണ്ടു  ഡോക്ടറുടെ അടുത്തു പോയി മടങ്ങി.

അനാവശ്യമായി ഇറങ്ങുന്നവരെ പൊക്കാൻ പോലീസ് ഇറങ്ങിയിട്ടുണ്ട്.അതിനാൽ മറ്റൊരു വഴി വീട്ടിലേയ്ക്ക് മടങ്ങി.വളഞ്ഞു പുളഞ്ഞ ഒരിറക്കം തുടങ്ങിയപ്പോ എവിടുന്നോ ഒരു ജീപ്പ് വരുന്നത് മിററിൽ കൂടി കണ്ടു.

പോലീസ്!!

" ഠോ..."

പോലീസ് വെടി വച്ചത് തന്നെ.

കൈകൾ വിറച്ചു.

വണ്ടി പാളി....

എങ്ങിനെയോ വണ്ടി നിർത്തിയ ഞാൻ വെടി കൊണ്ട മുറിവ് തപ്പിക്കൊണ്ടിരിക്കുമ്പോൾ അച്ഛന്റെ വക ആക്രോശം കേട്ടു.

"പല വട്ടം നിന്നോട് പറഞ്ഞു ടയർ മാറ്റണം എന്നു.വെടി തീർന്നപ്പോ സമാധാനം ആയോ? &@#$% "

ഇറക്കം ഇറങ്ങി വിയർത്തു നിൽക്കുന്ന എൻ്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം കീറിയ കളസമോ, പുതിയ ടയറും ട്യൂബുമോ ഒന്നും അല്ലായിരുന്നു.
ചോദ്യ ചിഹ്നം പോലെ വളഞ്ഞു കിടക്കുന്ന ആ ഒന്നൊന്നര കയറ്റം തന്നെ ആയിരുന്നു.

                                                   *********

"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്നും പറഞ്ഞുകൊണ്ട്...  കാറ്റുപോയ വണ്ടിയേയും കാറ്റില്ലാത്ത എന്നേയും തിരിഞ്ഞു നോക്കാതെ..... മുണ്ടുമടക്കി അച്ഛൻ നടന്നുതുടങ്ങി.....

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-2 !!


        രു ചങ്ങാതിയെ തേടി ഒരു നാട്ടിൽ പുറത്ത് ചെന്നിറങ്ങിയതാണ്.അടുത്ത കടയിൽ കയറി അഡ്രസ്സ് കാണിച്ചു വഴി ചോദിച്ചപ്പോൾ മുതൽ അടുത്തു നിന്ന ഒരാൾ ഇടിച്ചു കയറി വഴി പറഞ്ഞു കൊണ്ട് മുന്നിൽ നടപ്പ് ആയി.മുഷിഞ്ഞ വേഷം.ചപ്ര തല. കളസത്തിനു തൊട്ടു താഴെ വരെ കേറ്റി മടക്കി കുത്തിയ കൈലി,കറ പിടിച്ച പല്ലുകൾ!!

"എവിടുന്നു വരുന്നു...?എന്താ ചെയ്യുന്നേ...?അപ്പൊ ഒരു പാട് ശമ്പളം ഉണ്ടാകും അല്ലേ...എത്ര കിട്ടും? കല്യാണം കഴിഞ്ഞോ?...." തുടങ്ങി അനാവശ്യ ചോദ്യങ്ങൾ ശരിക്കും ആരോചകം ആയി തോന്നി.

അല്പ ദൂരം കഴിഞ്ഞപ്പോ അയാൾ ഒരു ബീഡി എടുത്തു കത്തിച്ച് ആഞ്ഞു വലിച്ചു അയാളെക്കാൾ വലിയ പുക പുറത്തേയ്ക്ക് ഉന്തി വിട്ടു തുടങ്ങി.ഇടയ്ക്കിടെ വളവുകൾ ഉള്ള മണ്ണിട്ട പാത ആണ്.അടുത്തോന്നും വീടുകൾ ഇല്ല എന്നു തന്നെ പറയാം.ഒരു വളവ് തിരിഞ്ഞു വിജനമായ പാതയുടെ അരികിൽ അയാൾ തന്റെ അല്പ മുണ്ട് പൊക്കി നിന്നു മൂത്രമൊഴിച്ചു.കറ വീണ ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ബീഡി കുറ്റി ആഞ്ഞു വലിച്ചു പുക തള്ളി അയാൾ ആ നിന്ന നിൽപ്പിൽ തല ചെരിച്ചു നോക്കി ഒരു വിടല ചിരി ചിരിച്ചു.

ഇയാൾ ഇനി വല്ല തട്ടിപ്പ് കാരനും ആണോ എന്ന ചിന്തയും... റോഡിൽ ആരും ഇല്ല എന്ന സത്യവും എന്നിൽ ആശങ്ക പടർത്തി തുടങ്ങി.മൊത്തത്തിൽ നിന്ന് ഒന്നു കുലുങ്ങിയ ശേഷം...കൈ മുണ്ടിൽ തുടച്ചുകൊണ്ടു, സംശയിച്ചു നിൽക്കുന്ന എന്റെ മുന്നിൽ കയറി അയാൾ വീണ്ടും നടന്നു തുടങ്ങി.ഏകദേശം അര മണിക്കൂർ പിന്നെയും നടന്നു കാണും.അതിനിടയിൽ ബീഡികൾ പലതും കത്തിയമർന്നു പുകയായി കാറ്റിലലിഞ്ഞു. ഒരു പാമ്പ് ഇഴഞ്ഞു നീങ്ങിയതിന്റെ തൊട്ടടുത്ത വളവ് തിരിഞ്ഞ ഉടൻ അല്പം അകലെ ആയി ഒരു വീട് കണ്ടു.

"അതാണ് സാറേ വീട്" എന്നും പറഞ്ഞു ആ മനുഷ്യൻ പെട്ടെന്ന് തിരിഞ്ഞു നടക്കുമ്പോൾ.....  എന്നിൽ ഞാൻ തന്നെ നട്ടുവളർത്തിയ സംശയത്തിന്റെ വന്മരം ഒരു വലിയ ശബ്ദത്തോടെ കടപുഴകി വീണു!!

എന്നിൽ ആരോചകം ഉണ്ടാക്കിയ ആ മനുഷ്യന്റെ രൂപത്തിനോട് എനിക്ക് തോന്നിയ വിദ്വേഷം എന്നോട് തന്നെ തോന്നി തുടങ്ങി.നാട്ടിൻ പുറത്ത് കാരന്റെ സൗന്ദര്യം അവന്റെ മനസ്സുകൾക്ക് ആണ് എന്ന തിരിച്ചറിവ് നേടുവാൻ എടുത്ത സമയത്തിനുള്ളിൽ അയാൾ എന്റെ  പിന്നിൽ അവസാന വളവും തിരിഞ്ഞു എങ്ങോ മറഞ്ഞു പോയിരുന്നു.


തികച്ചും അപരിചിതൻ ആയ എന്നോടൊപ്പം ഒരു വഴികാട്ടി ആയി വന്ന്...ഒരു നന്ദി പോലും സ്വീകരിക്കുവാൻ നിൽക്കാതെ നടന്നകന്ന, പച്ചയായ ആ മനുഷ്യൻ ഊതി വിട്ട പുകയുടെ പടലം വായുവിൽ അലിഞ്ഞു ചേരുന്നത് പോലെ എന്റെ സ്വകാര്യതയും അവിടെങ്ങോ അലിഞ്ഞു ചേരുന്നത് ഞാനറിഞ്ഞു.

സുഹൃത്തിനെ കണ്ടു മടങ്ങും വഴി, തിരികെ ബസ്സിൽ കയറുന്ന വരെ... ആ മുഴിഞ്ഞ വേഷധാരിയെ പരതി കണ്ണുകൾ അലഞ്ഞത്....പറയുവാൻ മറന്നു വച്ച നന്ദി പറയുവാനോ അതോ അദ്ദേഹം ചോദിച്ചതിൽ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ആണോ എന്നറിയില്ല!!

ഒരു പക്ഷെ ഞാൻ ബസ്സിൽ കയറി പോകുന്നത് കണ്ടുകൊണ്ടു ചെറു പുഞ്ചിരിയോടെ അദ്ദേഹം ഏതെങ്കിലും കടത്തിണ്ണയിൽ കുത്തിയിരുന്നു പുകയൂതിയിരിക്കാം!!

പേരു പോലും അറിയാത്ത ആ മനുഷ്യനെ പിന്നീട് പല നാടുകളിൽ, പല സമായത്തായി കണ്ടുമുട്ടിയിട്ടുണ്ട്.വ്യത്യസ്ത മുഖങ്ങളോടെ,വ്യത്യസ്ത പേരുകളിൽ!!
ചോദിക്കാതെ തന്നെ സഹായ ഹസ്തവും ആയി വന്നു ഒരു നന്ദിയ്ക്ക് പോലും കാത്ത് നിൽക്കാതെ തിരിഞ്ഞു നടന്നവരിലൂടെ....

                                                          ********



പിൻകുറിപ്പ്:

               പതിവിൽ കൂടുതലായി ഒരു "ഹായ്" അല്ലേൽ ഒരു കോൾ ചെയ്തു നിർദോഷമായി വിശേഷങ്ങൾ ചോദിക്കുന്ന പലരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം ആയി കാണുന്നവർ ആണ് നമ്മൾ എല്ലാം!!

Friday, 3 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-1 !!

 ലോക്ക് ഡൗണ്!!


               
"ദേ ഒരു പൊതി"
"കൂടോത്രം ആകും.തൊടണ്ട
പൊതി എടുക്കുവാൻ തുടങ്ങിയ ചേച്ചിയെ തടഞ്ഞു കൊണ്ടു ഞാൻ ഓടി ചെന്നു.നിരന്തര ശല്യമായ അയൽവാസിക്കുള്ള പണി എങ്ങനെ കൊടുക്കാമെന്നു ആലോചിച്ചിരുന്ന എന്റെ കലി മുഴുവൻ പുറത്തു ചാടി.
"അവന്റെ കോപ്പിലെ കൂടോത്രം" എന്നു പറഞ്ഞു പൊതി എടുത്തോരേറു കൊടുത്തു.

കിഡിം എന്ന ശബ്ദത്തിൽ എന്തോ പൊട്ടി!!!

കൊറോണ കാലത്ത് മദ്യം ഇല്ലാതെ കൈ വിറ തുടങ്ങിയ രാഘവമാമ ആരോടോ ഒരാഴ്ച്ച കെഞ്ചി കിട്ടിയ കുപ്പി ആണെന്നും, അച്ഛൻ അറിയാതെ കുടിക്കാൻ ഗേറ്റിൽ ഒളിപ്പിച്ചു വച്ചത് ആണെന്നും ഒക്കെ അമ്മ പറഞ്ഞറിഞ്ഞ ഉടൻ തന്നെ...., 
കുളിക്കാൻ കയറിയ മാമൻ ഇറങ്ങും മുന്നേ........ 
2 ആഴ്ചത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചുകൊണ്ട്.... 
കിട്ടിയതെല്ലാം എടുത്തു ആദ്യം കണ്ട മുറിയിൽ കയറി ഞാൻ കുറ്റിയിട്ടു!!


Thursday, 2 April 2020

കൊറോണ കാലത്തെ ദിനങ്ങൾ -1 !!


                        വിടെ ലോക്ക് ഡൗണ് തുടരുന്നതിനാൽ വീട്ടിൽ തന്നെ ആണ്.പേപ്പർ വായിച്ചും ടിവി കണ്ടും ഫോണ് കുത്തിയും മടുത്തു.എല്ലാത്തിനും മേലെ പാലക്കാടൻ ചൂടും.വല്ലാത്ത ഒരു മരവിപ്പ് മനസ്സിൽ എവിടെയോ കടന്നു കൂടിയിട്ടില്ലേ എന്ന ഒരു സംശയം ഇല്ലാതില്ല.നീ ഇത് വല്ലതും അറിയുന്നുണ്ടോ?

പിന്നെ ആകെ ഒരു ആശ്വാസം കിണറ്റിൽ വെള്ളം ഇല്ല എന്നതാ.ഇതെങ്ങനെ ആശ്വാസം ആകും എന്നാവും നീ ഇപ്പൊ ചിന്തിക്കുന്നത്.പറയാം.

നിന്നോട് പറയാൻ മറന്ന ഒരു കാര്യം ഉണ്ട്, ഇടിഞ്ഞു കിടന്ന കിണർ വറ്റിച്ചു... ഓട് കൊണ്ടു ഇടിഞ്ഞ ഭാഗം കെട്ടി, ഉള്ളിലെ ഗുഹ കരിങ്കല്ലിൽ നിറച്ചു... കിണർ വൃത്തി ആക്കി!!
ഇപ്പോൾ കിണർ കാണാൻ ഒരു വൃത്തി ഒക്കെ ഉണ്ട് ട്ടോ.
കിണർ മൊത്തം വടിച്ചു കോരി വൃത്തി ആക്കിയത് അടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്നും അത്യാവശ്യം വന്നാൽ വെള്ളം എടുക്കാം എന്ന വിശ്വാസത്തിൽ ആണ്.പക്ഷെ...ഏതോ ദ്രോഹി... അതിൽ കറുത്ത കളർ ഉള്ള എന്തോ കലക്കി അത് ഉപയോഗ ശൂന്യമാക്കി.അങ്ങനെ അൽപ്പം അകലെ ഉള്ള ഒരു വീട്ടുകാരുടെ കാരുണ്യത്തിൽ അവിടുന്നു വെള്ളം കോരി ആണ് വീട്ടിൽ കാര്യങ്ങൾ ഓടുന്നത്.
ആ വെള്ളം കോരൽ കൂടി ഇല്ലായിരുന്നു എങ്കിൽ മൊത്തത്തിൽ ശോകം ആയേനെ.മരുമോൻ മണിക്കുട്ടന്റെ സഹായം കൂടി ആകുമ്പോൾ വെള്ളം കോരൽ ശരിക്കും ആസ്വദിക്കാൻ പറ്റുന്നുണ്ട്.

അവൻ എന്നെ ഇപ്പൊ ഒരു കളിപ്പാട്ടം ആക്കിയിരിക്കുക ആണ്.അവനുമായി ഇടയ്ക്ക് മുട്ടൻ അടി ഉണ്ടാകും.ഇന്ന് മുതൽ പുതിയ ഒരു കരാർ ഞങ്ങൾ ഉണ്ടാക്കി.അവൻ ഒരു ദിവസം എന്നെ ഇടിക്കുന്ന ഓരോ ഇടിയും എണ്ണും. ഉറങ്ങുന്നതിനു മുന്നേ അതൊക്കെ തിരികെ നൽകും. എന്തായാലും സംഗതി കിടു.രസമുള്ള ഗെയിം.അവനു തിരികെ കൊടുക്കാൻ ഉള്ള 155 അടി കൊടുത്തു തീർക്കാൻ ഇനി 3 മണിക്കൂറുകൾ മാത്രം.അത് കൊടുക്കാതെ ഞാൻ ഉറങ്ങില്ല!!

പിന്നെ ഇന്ന് പുഴയിൽ കുളിക്കാൻ നേരം ഒരു കാര്യം അത്ഭുതപ്പെടുത്തി.പുഴ മധ്യത്തിൽ വരെ നീന്തിയ ശേഷം നില ഇല്ലാത്ത ഭാഗത്ത് ജലോപരിതലത്തിൽ പൊങ്ങി കിടക്കുവാൻ ഒരു പ്രത്യേക ഫീൽ ആണ്.മലർന്നു മാനത്തെ ചന്ദ്രിക നോക്കി കിടക്കുക ഒരു അനുഭൂതി തന്നെ!!

കണ്ണും മൂക്കും വായും മാത്രമേ വെള്ളത്തിനു മുകളിൽ കാണു.
അങ്ങിനെ അനങ്ങാതെ വെള്ളത്തിന്റെ ഓളത്തിൽ പൊങ്ങിയും താഴ്ന്നും കിടന്നപ്പോൾ ആണ് വെള്ളത്തിനടിയിൽ ആയിരുന്ന ചെവികളിൽ ചീവീടു കരയുന്നത് കേട്ടത്.നമ്മുടെ രാത്രി കാലങ്ങളിൽ കേൾക്കുന്ന അതേ ശബ്ദം!!
തല മൊത്തം വെള്ളത്തിൽ നിന്നും പൊക്കിയപ്പോൾ ചീവീട് ശബ്ദം ഇല്ല.തോന്നിയത് ആണ് എന്ന് കരുതി വീണ്ടും പലവട്ടം മുങ്ങിയും പൊങ്ങിയും നോക്കി.ചെവികൾ വെള്ളത്തിൽ മുങ്ങി ഇരിക്കുമ്പോൾ ചീവീടുകൾ കരയുന്നു.ആഹാ കൊള്ളാലോ!!
ഇത് കേൾക്കുമ്പോൾ നീ ചിരിക്കും എന്നറിയാം.ചിരിക്കണ്ട.വെള്ളത്തിനടിയിൽ ചീവീട് ജീവിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല.പക്ഷെ ശബ്ദം കേട്ടത് നേരാണ്.

കുളി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മ അത്താഴം വിളമ്പിതുടങ്ങി.തേങ്ങ വറുത്തരച്ച സാമ്പാറും ഇരുമ്പാപുളി ഉണക്കിയ അച്ചാറും ബീറ്റ്‌റൂട്ട് തോരനും ഉച്ചയ്ക്കത്തെ തന്നെ.പക്ഷെ അതിന്റെ ഒപ്പം വേറൊരു ഐറ്റം ഉണ്ടാരുന്നു.നിനക്ക് പറയാമോ എന്താണ് എന്ന്??

ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും വറ്റൽ മുളകും കൂടി അരച്ചു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് തേച്ചു പിടിപ്പിച്ചു വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉണക്ക നങ്ക്!! മീനിന് പുറത്തു പറ്റി പിടിച്ചിരിക്കുന്ന ക്രിസ്‌പ്പി ആയ അരപ്പിൽ നിന്നും വരുന്ന ആ മണം അടിച്ച ഉടൻ ഉള്ളത് പറയാമല്ലോ വായിൽ വെള്ളം നിറഞ്ഞു.മീനിന്റെ കൂടെ പത്രത്തിൽ വീണു കിടക്കുന്ന മസാല ആദ്യമേ പെറുക്കി തിന്നു.പിന്നെ ഓരോ മീൻ ആയി എടുത്തു കറുമുറ ശബ്ദത്തിൽ കടിച്ചു കൊണ്ടു ചോറുണ്ടപ്പോൾ കിട്ടിയ ഒരു സുഖം ഉണ്ടല്ലോ.... ആ സമയത്ത് നീ വന്നു എനിക്ക് ബമ്പർ അടിച്ചു എന്നു പറഞ്ഞാൽ പോലും ഞാൻ മൈൻഡ് ചെയ്യില്ല!!

പറഞ്ഞു പറഞ്ഞു 10 മണി !!  കിടക്കാറായി ല്ലേ...??
ആ ചെക്കന് കൊടുക്കാൻ ഉള്ള 155 കൊടുക്കണം... എന്നിട്ടു സുഖമായി ഉറങ്ങണം.
സ്വപ്നത്തിൽ ഞാൻ ബാക്കി കഥകൾ പറയാം.നീ വന്നാൽ....
             

Sunday, 8 September 2019

ബന്ധങ്ങൾ ബന്ധനങ്ങൾ!!

                         ല്ലാ ബന്ധങ്ങളും സ്വാര്‍ത്ഥത നിറഞ്ഞതാണ്‌. 

അത് ചിലപ്പോൾ സൗഹൃതത്തിൽ നിന്നും കിട്ടുന്ന "സന്തോഷത്തിന്" വേണ്ടി ആകും, ചിലപ്പോള്‍ ഒരു ആങ്ങളയുടെ അല്ലെങ്കില്‍ പെങ്ങളുടെ സംരക്ഷണവും  സ്നേഹവും കിട്ടുവാന്‍ വേണ്ടി ആകും, ചിലപ്പോൾ പണത്തിനോ ശരീര സുഖത്തിനോ വേണ്ടി ആയിരിക്കും.മറ്റു ചിലപ്പോള്‍ "എന്‍റെത്" എന്ന് പറയുമ്പോള്‍ കിട്ടുന്ന അഭിമാനത്തിന് വേണ്ടി ആയിരിക്കും.


എങ്ങിനെ ഒക്കെ ആയാലും....
തലനാരിഴകീറി നോക്കിയാൽ ഒട്ടുമിക്ക ബന്ധങ്ങളും കാര്യസാധ്യതയ്ക്ക് വേണ്ടി തന്നെ!!

അതിപ്പോ പിറന്നു വീണ കൊച്ചിന് അമ്മയോട് ഉള്ളതായാലും... അമ്മയ്ക്ക് തിരികെ കുഞ്ഞിനോട് ഉള്ള ബന്ധമായാലും അടിസ്ഥാന ഉദ്ദേശം  "സ്വാര്‍ത്ഥത" തന്നെ!!

ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്. 

ആ തിരിച്ചറിവിലൂടെ കാണുമ്പോള്‍ എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍ തന്നെ!!

********************

സ്വാർത്ഥതയ്ക്ക് വേണ്ടി ഉള്ള, നിബന്ധനകൾക്ക് വിധേയമായുള്ള ഒട്ടുമിക്ക ബന്ധനങ്ങളുടെയും  ബന്ധനങ്ങള്‍ പൊട്ടിച്ചെറിയുവാന്‍ മനസ്സ് കൊതിച്ചുതുടങ്ങിയിരിക്കുന്നു.

Tuesday, 11 June 2019

സ്‌പെഷ്യൽ മരണം!!

അഭ്യർത്ഥന:
സ്‌പെഷ്യൽ ആണ് താൻ, അതുകൊണ്ട് മരണവും സ്‌പെഷ്യൽ ആകണമെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളത്.
മരണം 1:
ഹൃദയം പറിച്ചു പുറം കാലിനടിച്ചു തെറിപ്പിക്കുക.പിന്നീട് ഹൃദയ സ്തംഭനം പേടിക്കണ്ടല്ലോ!!
കാലിൽ നിന്നും മുകളിലോട്ട് ഓരോ അവയവങ്ങൾ ആയി മുറിച്ചു മണ്ണിലിടുക.സ്വന്തം ശരീരം പുഴു അരിക്കുന്നത് കാണുവാൻ ഉള്ള യോഗം ബോണസ് മാത്രം.
ഒടുവിൽ....
തല മാത്രം ബാക്കി ആകുമ്പോൾ... ചെവികൾ, മൂക്ക്, കണ്ണുകൾ എന്നിവ ക്രമത്തിൽ അടർത്തി മാറ്റി നാക്ക് മാത്രം ബാക്കി വയ്ക്കുക. ശരീരത്തിലും നീളമുള്ള വലിയ നാക്ക് വളഞ്ഞു പുളഞ്ഞു ജീവിക്കട്ടെ!!
തലച്ചോറിന്റെ സ്ഥാനത്ത് നിന്നും കിട്ടുന്ന കളിമണ്ണ് പോലത്തെ വസ്തു കുഴച്ചൊരു മണ്ണ് പ്രതിമ ഉണ്ടാക്കണം.മരിച്ച ശേഷം നാക്ക് ആ പ്രതിമയിൽ പ്രവേശിച്ചു, ലോകത്തെ മുഴുവൻ വെറുപ്പിക്കുന്ന തോന്യാസങ്ങൾ തുടർന്നുകൊള്ളും.
മരണം 2:
ലോകം ചുറ്റുവാൻ കാൽനടയായി തിരിക്കുക.ഭക്ഷണവും വെള്ളവും തൊട്ടു പോകരുത്.വിശക്കുമ്പോളും ദാഹിക്കുമ്പോളും നിർത്താതെ ഓടുക.
മരണം 3:
നാക്കരിഞ്ഞു മാറ്റുക.
തള്ളുവാൻ പറ്റാതെ... വീർപ്പ് മുട്ടി ഇഞ്ചിഞ്ചായി മരണം പടർന്നു കയറിക്കോളും.
മരണം 4:
നിലപാടുകളും ആശയങ്ങളും മുഴുവൻ എഴുതിവച്ചു ഉറക്കെ വായിക്കുക.വായിക്കുന്നത് റെക്കോർഡ് ചെയ്തു മുഴുവനായി കേൾക്കുക.ശ്വാസം മുട്ടിയാലും നിർത്തരുത്.....
മരണം 5:
ഒരു മുഴുത്ത പോത്തിനെ വെട്ടിയരിഞ്ഞു ബീഫ് ഫ്രൈ ഉണ്ടാക്കി ഒറ്റ ഇരിപ്പിന് മുളക് ബജി കൂട്ടി തിന്നുക.ദഹിക്കുവാനായി H2SO4 ഇടയ്ക്കിടെ കുടിക്കുക.

Thursday, 30 May 2019

ഈച്ചകൾ!!

                         ച്ചകൾ മുട്ടയിടുന്നത് മാലിന്യങ്ങളിൽ ആണെന്നും.മുട്ട വിരിഞ്ഞു വന്നവർ ചിറക്കുമുളച്ചു രോഗങ്ങൾ പറത്താനുള്ള കഴിവ് നേടും വരെ അവരുടെ ഭക്ഷണം മാലിന്യങ്ങൾ ആണെന്നും, മാലിന്യ സംസ്ക്കരണത്തിൽ ഈച്ചകളുടെ പങ്ക് ചെറുതല്ല എന്നും പഠനങ്ങൾ പറയുന്നു.


മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ പ്രധാനിയായ മനുഷ്യനെതിരെ രോഗങ്ങൾ പരത്തി ശിക്ഷ നൽകുന്ന ഈച്ചകൾ നീണാൾ വാഴട്ടെ!!

Wednesday, 29 May 2019

മഴയെ സ്നേഹിച്ച പെണ്കുട്ടി നിനക്കായ്....




                                 ഴയെ കൊതിച്ച പ്രീയ സഖീ ... ഇടംകണ്ണിൽ പടർന്ന വേദനയിലും കൺചിമ്മാതെ  നീ കാത്തിരുന്ന മഴ  പെയ്തത് പാണ്ടി നാട്ടിൽ അല്ല!!

ദേ... നിന്നെ പോലെ..... ശാന്തമായി ഇവിടെ മഴ പെയ്തു തുടങ്ങി.മഴയായി മാറിയ നിൻ  മോഹങ്ങൾ പുതുമണ്ണിൽ ഉറങ്ങുന്ന വിത്തുകൾക്ക് പുതു ജീവൻ പടർന്നു തുടങ്ങി.ആദ്യ തുള്ളികളേറ്റുവാങ്ങിയ വിണ്ണിന്റെ സന്തോഷം മണ്ണിന്റെ മണമായി ചുറ്റിനും പടരുന്നു.പുസ്തകങ്ങളെ സ്നേഹിക്കുന്ന നിനക്ക് പുതു പുസ്തക മണം ഇഷ്ടമാണ് എങ്കിൽ.... മഴവീണ മണ്ണിന്റെ മണവും ഇഷ്ടമാവും,ഉറപ്പ്!!

ഒറ്റയ്ക്ക് പെയ്യുവാൻ ആഗ്രഹിക്കുന്ന നിന്നെ പോലെ തന്നെ ഒറ്റയ്ക്ക് പെയ്യുവാൻ ആണ് മഴയ്ക്ക് ഇന്നിഷ്ടം എന്നു തോന്നുന്നു.കാരണം...ഇന്ന് മഴ പെയ്യുന്നത് സഖി...നിനക്ക് വേണ്ടി ആണ്.അതുകൊണ്ട്...ഇടിയുടെയും കാറ്റിന്റെയും അകമ്പടി ഇല്ലാതെ ശാന്തമായാണിന്നീമഴയുടെ വരവ്. മഴ കാത്ത വേഴാമ്പലുകൾ ഏതോ മലമുകളിൽ ആനന്ദനൃത്തം ചവിട്ടുന്നുണ്ടാവാം.

രാത്രിയിൽ പെയ്യുന്ന മഴയിൽ,തുടക്കത്തിലേ കരണ്ട് പോകുന്നത് ആണെനിക്കിഷ്ടം.

ചുറ്റിനും കൂരിരുട്ടാവണം.

മഴയെ തഴുകി നനുത്ത കുളിർക്കറ്റ് വീശണം.മിന്നൽ ദേവത വാനിൽ ദിക്ക് തെറ്റി പറന്നു നടക്കണം.

പക്ഷെ...

  ഇന്ന് കരണ്ടു പോയില്ല.കാറ്റും മിന്നലും ഇല്ലാത്തത് കൊണ്ടാവും!!

എനിക്ക് ഇഷ്ടം മഴയുടെ രൗദ്ര ഭാവം ആണ്.പാണ്ടി മേളം കൊട്ടി കേറുന്ന പോലെ... കാറ്റിന്റെ കുസൃതിയിൽ മുങ്ങി, മിന്നതിന്റെ താളത്തിനൊത്ത് ദ്രുതകാലത്തിൽ തകർത്തു പെയ്യുന്ന മഴ നോക്കി നിൽക്കാൻ എന്തു രസം ആണെന്നോ.

ആഹാ... മനസ്സറിഞ്ഞ മിന്നൽ ദേവത വിണ്ണിൽ പറന്നിറങ്ങി തുടങ്ങി.ഒപ്പം കുസൃതി കാട്ടി ഓടിനടക്കുന്ന കാറ്റും ഉണ്ട് കേട്ടോ.ഇപ്പോൾ മഴ പെയ്യുന്നത് എനിക്ക് വേണ്ടി തന്നെ ആണ്.

വീടിന്റെ കോലായിൽ ചെന്നു കണ്ണടച്ചു നിന്ന് ഇരുട്ടിന്റെ മറവിൽ മഴത്താളം കേട്ടു നിൽക്കുമ്പോൾ, കാറ്റിന്റെ വികൃതിയിൽ സ്‌പ്രേപോലെ മുഖത്തു പതിക്കുന്ന കുഞ്ഞൻ മഴത്തുള്ളികൾ  കണ്പോളകളിൽ പടർത്തുന്ന തണുപ്പിന് ഒരാത്മാവുണ്ട്.

ആ ആത്മാവിനെ ആവാഹിച്ചുകൊണ്ടു ഇടതടവില്ലാതെ മിന്നുന്ന ഫ്‌ളാഷ് ലൈറ്റുകൾ പോലെ മിന്നലുകൾ വരുമ്പോൾ കണ്ണുകൾ തുറന്നാൽ..... വീടിനെ തഴുകി മണ്ണിലേക്ക് ഒഴുകുന്ന ജല പ്രവാഹം വെള്ളാരം കല്ലുകളുടെ നിറമുള്ള പളുങ്ക് മുത്തുമണികൾ  പോലെ തിളക്കത്തോടെ വീഴുന്നത് കാണാം.

ആ വെള്ളാരം കല്ലുകൾ പെറുക്കികൂട്ടി നിളയുടെ കരയിൽ ഞാനൊരു മഴകൂടാരം കെട്ടിയിട്ടുണ്ട്.

സ്വപ്നങ്ങളുടെ ചിറകേറി നീ വന്നാൽ മഴ നനഞ്ഞു ഭാരത പുഴയിൽ പോയി മുങ്ങി കിടക്കാം.നദീതീരത്തെ കൽപ്പടവുകളുടെ വിടവുകളിലും, തീരത്ത് ഉള്ള തെങ്ങിൻ തോപ്പിലുമായി...  കാപ്പിരി കാലുകൾ മടക്കി കൂട്ടമായിരിന്നു കിരും... കിറും വയ്ക്കുന്ന ചീവിടുകളുടെയും, കഴുത്തൊപ്പം വെള്ളത്തിൽ  പൊങ്ങിയും താണും പോക്രോം പോക്രോം പാടുന്ന ഉണ്ടക്കണ്ണുള്ള തടിയൻ തവളകളുടെയും സംഗീതങ്ങൾ കൈകോർത്ത് നിൽക്കുന്ന മനോഹര കാഴ്ച കാണാം.

തടിയൻ തവളകളുടെ കുറുകിയ കഴുത്തിൽ ശ്വാസം നിലയ്ക്കുമ്പോൾ അവർ  പെട്ടെന്ന് പാട്ടു നിർത്തും.അതുകേട്ട് ചീവീടുകളും നിശബ്ദമാകും.പിന്നെ കുറച്ച് നേരം മഴശബ്ദം മാത്രമേ കാണൂ.അതുകേട്ട് നിളയുടെ ഓളങ്ങളിൽ മുങ്ങി കിടക്കുമ്പോൾ അപ്രതീക്ഷിതമായി തുടങ്ങുന്ന  പോക്രോം പാട്ടുകൾ കേട്ട് നീ പേടിക്കരുത് കേട്ടോ.

ജലപ്പരപ്പിലെ മഴ.... നിളയിലലിഞ്ഞു അസ്ഥികളിൽ തണുപ്പ് പടർത്തി പല്ലുകൾ കൂട്ടി ഇടിക്കുമ്പോൾ കൂടാരത്തിൽ ചെന്നു മഴകണ്ടു പുഴയുടെ ഗതിനോക്കി ചുടു കട്ടൻ പകർന്നു കുടിക്കാം.

മഴകൂടാരത്തിന്റെ വാതായനങ്ങൾ താണ്ടി നിള ഒഴുകി നിറയും മുന്നേ നീ നിന്റെ സ്വപ്നങ്ങൾ തിരികെ എടുത്തുകൊൾക!!

ഞാനീ മഴയിൽ  അലിഞ്ഞൊരു പുഴയായി നിളയിൽ ചേർന്നൊഴുകട്ടെ!!പുഴ ഒഴുകും വഴിയിലെ മഴയെല്ലാം എന്നിലേക്കാവാഹിച്ചു ഒരുനാൾ ഞാനും മഴയായ് പെയ്യും സഖി.

മഴ നനയാൻ കൊതിക്കുന്ന സഖിയുടെ ഇടം മൂക്കിലെ മൂക്കുത്തിയിൽ പിടിച്ചു വലിക്കുമ്പോൾ നീ അറിയാതെ പൊഴിയുന്ന തേങ്ങലുകൾ, മിന്നലിൽ ചേർത്ത് കാറ്റിന് നൽകുന്നൊരു നാളിൽ..... ചന്ദ്രനും ചന്ദ്രികയും ആരുമറിയാതെ നമ്മളെച്ചൊല്ലി  പരസ്പരം നോക്കി കണ്ണടച്ച് ചിരിക്കുന്നുണ്ടാകും!!


Tuesday, 28 May 2019

വനവാസം !!




                         വിഷുദിനത്തിൽ ഒരു യാത്ര, അത് പതിവില്ലാത്തത് ആണ്.എങ്കിലും രാവിലെ തന്നെ വീട് വിട്ട് കാടേറുവാനായി തിരിക്കുമ്പോൾ അമ്മയുടെ കൈപ്പടയിൽ അച്ഛൻ രചിച്ചോരു പൊതിച്ചോറ് കൂടെ കരുതിയിരുന്നു.യാത്ര മദ്ധ്യേ വിരലിൽ എണ്ണാവുന്ന ചില കോളുകൾ മാത്രം.ഇടത്താവളമായി കിട്ടിയ സ്റ്റേഷനിൽ വച്ചു പൊതിച്ചോറ് അഴിച്ചു വിഷു സദ്യ ആയി ആസ്വദിച്ചു.ചെറിയൊരു വിശ്രമ ശേഷം യാത്ര തുടർന്നു. അവസാന സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ 4 മണി കഴിഞ്ഞിരുന്നു.

അഞ്ചു മണിയോടെ വനവാസ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു.
നിയമങ്ങൾ പാലിച്ചുള്ള വനവാസത്തിന് സമ്മതപത്രം ഒപ്പിട്ടു കൊടുത്തപ്പോൾ മുതൽ വല്ലാത്തൊരു ത്രിൽ.വിദേശികൾ അടക്കം കുറെ ആളുകൾ വനവാസ സമ്മതപത്രം വായിച്ചു നോക്കി അങ്ങിങ്ങായി ഇരിപ്പുണ്ടായിരുന്നു.മനുഷ്യന്റെ ഗർവിനെ ഉണർത്തിയിരുന്ന എന്റേതെന്നു കരുതിയിരുന്ന ഫോണുകളും പണവും വായിക്കുവാൻ കരുതിയ പുസ്തകവും അടക്കമുള്ളതെല്ലാം ഓഫീസിൽ ഏൽപ്പിച്ചു.

ഇനി ഉടുതുണിക്ക് മറുതുണി മാത്രം!!

നാളെ മുതൽ തപസ്സ് തുടങ്ങുകയായി.പിന്നെ ആരോടും മിണ്ടാൻ പാടില്ല, സ്പർശനം പാടില്ല, കാൽമുട്ടിനു മുകളിൽ നോക്കുവാൻ പാടില്ല അതാണ് പ്രധാന നിയമം!!

അതുകൊണ്ടു തന്നെ ഓടി നടന്നു എല്ലാവരോടും സംസാരിച്ചു.എല്ലാരുടേയും കാൽമുട്ടിന് മുകളിൽ നോക്കി.

കടമറ്റത്ത് കത്തനാരുടെ മാർഗത്തിൽ പോകാൻ ആഗ്രഹിക്കുന്ന ബാബു അച്ഛൻ, മന്ത്രവാദിയുടെ മട്ടും ഭവവുമുള്ള ജിഷ്ണു എന്നിവർ ആണ് കൂടെ താമസിക്കുന്നവർ.രണ്ടാളും കൊള്ളാം.ഒരുപാട് അറിവുകൾ വാരി നിറച്ചവർ, സഹൃദയർ, സരസന്മാർ.ഇവർക്കൊപ്പം അടുത്ത മുറിയിൽ നിന്നും ഒരാൾ കൂടി പൂച്ചയെ പോലെ  പതുങ്ങി പതുങ്ങി എത്തിച്ചേർന്നു, ജിജോ.രസികൻ, വായാടി.അന്നത്തെ ദിവസം മുഴുവൻ നിർത്താതെ സംസാരിച്ചു.

"രാവിലെ 4 മണിക്ക് എണീക്കണം" എന്ന നിർദേശമുള്ളത് കൊണ്ടു 2 മണിക്ക് തന്നെ എണീറ്റ് കുളിച്ച ബാബു അച്ഛനെ കണ്ടു ഞാനും എണീറ്റു റെഡി ആയി.കൈയിൽ ഫോണ് ഇല്ലാത്തത് കൊണ്ടും, വാച്ചു കെട്ടുന്ന ശീലം ഇല്ലാത്തത് കൊണ്ടും "സമയം" എന്നിൽ നിന്നും ശത്രു ഭാവത്തിൽ അകന്നു നിൽക്കുന്നപോലെ തോന്നാതിരുന്നില്ല!!

പുലർച്ചെ നാലിന് തന്നെ 12 തവണ ഉണർത്തുമണി മുഴങ്ങിയപ്പോൾ ജിഷ്ണു മന്ത്രവാദി പിടഞ്ഞെണീറ്റ് കരിംപൂച്ചയെ പോലുള്ള തൻ്റെ വാച്ചിൽ തുറിച്ചു നോക്കി സമയം ഉറപ്പ് വരുത്തി.4 .30 നു തപോഭൂവിൽ എത്തിയ ഉടൻ തപസ്സിനുള്ള ഇരിപ്പിടം കിട്ടി.തപസ്സ് അവസാനിപ്പിച്ച് പോകും വരെ ഇരിപ്പിടം മാറാൻ പാടില്ല എന്ന കർശന നിർദ്ദേശം കൈപ്പറ്റി വാങ്ങി ഇരിപ്പിടത്തിൽ ഉറപ്പിച്ചിരുന്നപ്പോൾ പുറത്തെ ബോർഡിൽ എഴുതിയ "പഞ്ച ശീലങ്ങൾ" ഓർമയിൽ വന്നു:

1) ഒന്നിനെയും കൊല്ലരുത്.
2) ഒന്നും മോഷ്ടിക്കരുത്.
3) ബ്രഹ്മചര്യം അനുഷ്ടിക്കണം.
4) ലഹരികൾ അരുത്.
5) അനാവശ്യ സംസാരങ്ങൾ പാടില്ല.

ഇതൊക്കെ എന്ത് പുല്ലു പോലെ പാലിക്കും എന്ന് ആലോചിച്ചിരിക്കുമ്പോൾ ആദ്യ നിർദ്ദേശം കിട്ടി,

"തപസ്സിനിടയിൽ കണ്ണ് തുറക്കരുത്!!"

ഈശ്വര!!  ഉണ്ടായിരുന്ന കണ്ണുകൾ കൂടി  ദേ മൂടി, ഇവരിനി "മൂക്കിൽ പഞ്ഞി വച്ചടയ്ക്കാൻ" പറയുമോ?? എന്ന സംശയം വീട്ടിലേയ്ക്കുള്ള വഴി ഓർമയിൽ പരതാൻ ഇടവരുത്തി.

"ഇല്ല, എന്തുവന്നാലും തപസ്സ് പൂർത്തിയാക്കാതെ പോകില്ല!!"
"എന്നോടാ കളി, അല്ല പിന്നെ!!"കണ്ണുകൾ വലിച്ചടച്ചു ഷട്ടർ ഇട്ടു.

"അവനവന്റെ ശ്വാസം ശ്രദ്ധിക്കു.. വേറൊന്നും വേണ്ട!!"

"ഇത്ര നിസ്സാര കാര്യത്തിനാണോ ഈ കൊച്ചുവെളുപ്പാൻകാലത്ത് കുത്തി എണീപ്പിച്ചു ഇവിടെ പിടിച്ചിരുത്തിയേ??" ഉള്ളിലെ "ഞാൻ" ബുദ്ധനെ മനസ്സിൽ പുച്ഛിച്ചു ചിരിച്ചു. 

"ദേ ഇപ്പ ശരിയാക്കി തരാം" എന്ന് പറഞ്ഞു ചിന്മുദ്ര ഒക്കെ ഒപ്പിച്ചു നടുവ് നിവർത്തി താപസ്സൻ ആയി ഒറ്റ ഇരിപ്പ്.ശ്വാസംശ്രദ്ധിക്കാൻ തുടങ്ങി.

"ഇന്ന് പ്രാതൽ എന്താണാവോ?

 "കേന്ദ്രത്തിൽ കയ്യും തിരുകി ചുരുണ്ടുറങ്ങുന്ന ആ കൂതറ പ്രഭയെ വിളിച്ചെണീപ്പിക്കാൻ എന്താ വഴി?"

"ഇന്ന് മഴ പെയ്യുമോ എന്തോ?മഴ കൂടി ഉണ്ടായിരുന്നേൽ തപസ്സ് ചെയ്യാൻ ഒരു പ്രത്യേക സുഖം ഉണ്ടായേനെ."
.................. .....
..
അങ്ങിനെ പലതും നടന്നു.ശ്വാസം മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ല!!


ഇത്തവണ ചിരിക്കാന്‍ ഉള്ള ഊഴം ബുദ്ധന്റെ ആയിരുന്നു.പുള്ളി എന്നെ നോക്കി പുച്ഛം ഇല്ലാതെ ഒന്ന് ചിരിച്ചില്ലേ  എന്ന സംശയം തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ചെറുതായി തുറക്കാൻ തയ്യാറെടുത്തു.

"ഇരുട്ടല്ലേ ആരും കാണില്ലലോ" എന്ന് കരുതി അരകണ്ണ് മാത്രം തുറന്നു ചുറ്റിനും നോക്കി.എല്ലാരും കട്ട ധ്യാനം!! ആരും കാണാതെ പുറകിലെ ചുമരിലേയ്ക്ക് തിരിഞ്ഞു നോക്കി.6.30 ആയെങ്കിൽ ഇവിടുന്നു മുങ്ങി ഭോജന ശാലയിൽ പൊങ്ങാരുന്നു എന്ന് കരുതി നോക്കിയതാണ്.ചുമരിലെ പൊണ്ണൻ ക്ലോക്ക് അരണ്ട വെളിച്ചത്തിൽ 5 മണിക്ക്‌ നേരെ കാലുകൾ കവച്ചു വച്ച് ഉറക്കം തൂങ്ങുന്ന കാഴ്ച കണ്ടപ്പോൾ ശരിക്കും ഞെട്ടി. ഈ തപോഭൂവിൽ സമയം പോലും മുന്നോട്ട് പോകാതെ കണ്ണടച്ചു ധ്യാനിച്ചിരിപ്പ് ആണല്ലോ എന്ന തിരിച്ചറിവ്  പല തിരിച്ചറിവുകളുടെയും മുന്നോടി ആയിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല.

ശ്വാസം ശ്രദ്ധിക്കാൻ ഉറച്ച തീരുമാനമെടുത്തതുകൊണ്ട് കണ്ണുകൾ അടച്ചു മനസ്സിനെ ഏകാഗ്രമാക്കി.ഒന്നോ രണ്ടോ ശ്വാസം.അപ്പോളേക്കും മനസ്സ് ഓടി പോയി.ഓടിയ മനസ്സിനെ പുറകേ പോയി ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്നിരുത്തി വീണ്ടും തുടങ്ങി.സമയം അഞ്ചര ആയി... ആറായി ... ആറര ആയി.10 സെക്കൻഡ് പോലും ശ്വാസം ശ്രദ്ധിക്കാൻ മനസ്സ് സമ്മതിച്ചില്ല. ഫുൾ ടൈം ഓടിക്കൊണ്ടിരുന്നു.10 സെക്കൻഡ് പോലും മനസ്സിനെ പിടിച്ച് നിർത്താൻ പറ്റാത്ത വിഷമം ഭോജനശാലയിലെത്തി പള്ള നിറയെ തിന്നുകൊണ്ട് തല്ക്കാലം തീർത്തു.

6.30 മുതൽ 8 വരെ ഫ്രീ ടൈം.കിട്ടിയ ടൈം പോയികിടന്നുറങ്ങി.8 മണിക്ക് വീണ്ടും തപോഭൂവിൽ!!

ഇനി 3 മണിക്കൂർ ഒറ്റ തപസ്സ് ആണ്.

"ഈശ്വര ഞാനിതെങ്ങനെ സഹിക്കും??"

ശ്വാസം ശ്രദ്ധിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു.പക്ഷെ അതൊഴികെ ബാക്കി എല്ലാം ശ്രദ്ധയിൽ വരുന്നുണ്ട്."പെണ്ണുങ്ങടെ നിരയിൽ അവസാനമായി ഇരിക്കുന്ന കാപ്പിരികൾ അമ്മയും മോളുമാണ്" എന്നും, അമ്മയ്ക്ക് ഗ്യാസിന്റെയും മോൾക്ക് ഉറക്കത്തിന്റെയും അസുഖം ഉണ്ടെന്നതു വരെ ശ്രദ്ധിക്കാൻ പറ്റി.എന്തൊക്കെ ചെയ്യണമെന്ന്  പറഞ്ഞു തന്ന ശേഷം 9 മണിയോടെ എല്ലാരോടും റൂമിൽ പോയി തപസ്സ് തുടർന്നോളൂ എന്ന നിർദ്ദേശം കിട്ടിയ വഴി ഞാനിറങ്ങി ഓടി.

ആദ്യം ഇരുന്നും പിന്നെ കിടന്നും ഒടുവിൽ കൂർക്കം വലിച്ചും കട്ടയ്ക്ക് തപസ്സ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് 11 മണി.ഉച്ച ഭക്ഷണ സമയം!!.ആക്രാന്തത്തോടെ വാരിവലിച്ചു തിന്നു കൈ കഴുകി ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് ഇനി കാര്യമായ ഭക്ഷണം കിട്ടണമെങ്കിൽ നാളെ രാവിലെ 6.30 ആകണമത്രേ.

"ബുദ്ധൻ പിന്നേയും ചിരിച്ചുവോ?" ശരീരം മൊത്തം തളരുന്ന പോലെ!! വേഗം റൂമിൽ എത്തി 1 മണി വരെ ശവാസനത്തിൽ കിടന്നു ക്ഷീണം മാറ്റി.

1 മണിക്ക് മുഖമെല്ലാം കഴുകി തപോഭൂവിൽ ഹാജർ!!

ഒന്നുമുതൽ അഞ്ചുവരെ നിർത്താതെ തപസ്സ് എന്ന് കേട്ട ഉടൻ വേലി ചാടി വീട്ടിലോട്ടു പോയാലോ എന്ന് പലവട്ടം ചിന്തിച്ചു.
"വേണ്ട, അങ്ങനെ പേടിച്ചു ഓടിയാൽ എങ്ങനാ??" "ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ ഈ കെ ക്കെ ജോസഫ്‌" എന്ന് ആരോ മനസ്സിലെ ഇരുന്നു  പറഞ്ഞപോലെ.എന്തായാലും കണ്ണടച്ചു, നടു നിവർത്തി, ശ്വാസം ശ്രദ്ധിച്ചു.
ങാ.. കൊള്ളാം, ശ്വാസം വരുന്നതും പോകുന്നതും ഒക്കെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടല്ലോ!! അടിപൊളി.


**********


റോസ് കളർ പൂക്കൾ പരവദാനി വിരിച്ച പോലൊരു താഴവരയിലൂടെ... ഇരട്ട വാലുള്ള മഞ്ഞക്കിളിയുടെ പിന്നാലെ ഓടി നടക്കുമ്പോൾ ആണ് തൊട്ടടുത്ത താഴ്വരയിൽ നിന്നും അതി മനോഹരമായ ഒരു പുല്ലാംകുഴൽ നാദം കേട്ടത്.കിളിയെ വിട്ട് സംഗീതം തേടി ചെന്നപ്പോൾ പഞ്ഞി വിരിച്ച പോലെ മഞ്ഞിൽ പുതഞ്ഞ ഒരു പാറയിൽ പുറംതിരിഞ്ഞിരിക്കുന്ന ഒരു മൊട്ടതലയൻ മുളംതണ്ടിൽ വിസ്മയം തീർക്കുന്നു!! അടുത്ത് ചെന്ന് നോക്കിയപ്പോൾ മൊട്ടത്തലയൻ തന്റെ പുല്ലാംകുഴൽ മാറ്റി വച്ചിട്ട്‌ എന്റെ തോളത്ത് തട്ടി പതിയെ എന്തോ പറഞ്ഞു.

മൊട്ടവചനം മനസ്സിൽ ആകാത്തത് കൊണ്ട് "എന്താ?" എന്ന് ചോദിച്ചപ്പോൾ തോളത്ത് തട്ടിക്കൊണ്ടു തന്നെ ആ മൊട്ട തലയൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."ഉറങ്ങരുത്, ധ്യാനം ചെയ്യൂ"
ഇവനെന്താ ധ്യാനത്തെ കുറിച്ച് ഒക്കെ പറയുന്നത് എന്ന് തലപുകഞ്ഞാലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
മൊട്ടത്തലയൻ ഒരിക്കൽ കൂടി തോളത്ത് തട്ടിയ ശേഷം ചുണ്ടുകളിൽ ചിരി ഒളിപ്പിച്ചുകൊണ്ട് "ഉറങ്ങരുത്, ധ്യാനം ചെയ്യൂ" എന്ന് പറഞ്ഞു.കണ്ണൊന്നു തിരുമി നോക്കിയപ്പോൾ നടന്നകലുന്ന "ഹഫീസ്"- ഞങ്ങടെ തപസ്സ് ഗുരു ശർമ്മാജിയുടെ സഹായി!!

ഉറങ്ങിയത് ഗുരു കണ്ടു എന്ന് മനസ്സിലായപ്പോൾ പിന്നെ ലൈസൻസ് കിട്ടിയ പോലെ ധൈര്യമായി. സീറ്റിൽ നിന്നും പൊങ്ങി പുറത്ത് പോയി മുഖം കഴുകി വെള്ളം കുടിച്ച് വനത്തിലൂടെ ഒന്ന് കറങ്ങിയിട്ടു തിരികെ വന്നു തപസ്സ് തുടർന്നു.കുറെ കഴിഞ്ഞു കണ്ണ് തുറന്നു തിരിഞ്ഞു സമയം നോക്കി.5 ആകാൻ ഇനിയും 2 മണിക്കൂർ!! ഗുരു എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ നേരെ നോക്കിയപ്പോൾ ഗുരു പീഠം കാലി!!

"ഇങ്ങേരിതെവിടെ പോയി??"

തപ ശക്തി മൂത്ത് പീഠം വിട്ട് വായുവിൽ പൊങ്ങി നിൽപ്പുണ്ടോ എന്നറിയാൻ വെറുതെ മുകളിലോട്ടു നോക്കി.അപ്പോൾ ആണ് ആരോ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടത്.കാപ്പിരി പെണ്ണ് ആണ്.ഞാൻ നോക്കുന്നു എന്ന് കണ്ട കാപ്പിരി മാതാവ്, പണ്ട് പാമ്പിന്റെ വായിൽ കുന്തോം കൊണ്ട് കുത്തിയ പുണ്യാളനെ പോലെ കാലു നീട്ടി കാപ്പിരി മോൾക്കിട്ടു രണ്ടു കുത്ത് കൊടുത്തു.കാപ്പിരി കുഞ്ഞ് മോട്ടർ ഓഫ് ചെയ്തു, തപസ്സ് തുടങ്ങി.

ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ചുറ്റിനും നോക്കി.എല്ലാരും പ്രതിമ പോലെ ധ്യാനിച്ചിരിക്കുന്നുണ്ട്.ഇവരൊക്കെ ഇത്രവേഗം സന്യാസിമാർ ആയോ? താടി വച്ച മുട്ടനാടിന്റെ രൂപമുള്ള ഫ്രഞ്ചുകാരൻ ഒക്കെ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ "ഇവന്മാർ ജനിച്ച  ഉടൻ നഴ്സിന്റെ കയ്യിൽ തന്നെ കുത്തിയിരുന്നു തപസ്സ് തുടങ്ങിയിരുന്നോ??" എന്ന് ന്യായമായും തോന്നിപോകും."നിയാണ്ടർത്താൾ" മനുഷ്യനെ പോലൊരു ജീവി ഏറ്റവും പുറകിൽ ഒരു കസേരയിൽ കയറി നിർവികാരനായി  ഇരിപ്പുണ്ടായിരുന്നു.കക്ഷി ഇംഗ്ലണ്ട്കാരൻ ആണ് എന്ന് അവസാന ദിവസം ആണ് അറിഞ്ഞത്.അവസാന ദിവസവും അദ്ദേഹം തന്റെ നിർവികാരത ഉപേക്ഷിക്കുകയോ ചിരിക്കുകയോ ഉണ്ടായില്ല!!

തുർക്കിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഒക്കെ വന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ സ്ത്രീകളുടെ നിരയിലിരുന്ന് മനസ്സറിഞ്ഞു ധ്യാനിക്കുന്ന കണ്ടപ്പോൾ എനിക്കും തപസ്സ് ചെയ്തു അവരോട് സൗഹൃദം സ്ഥാപിക്കണമെന്ന് തോന്നി.പിന്നീട് ഒരൊറ്റ തപസ്സ് ആയിരുന്നു.5 മിനിറ്റ് കഴിയുംമുന്നേ "മണി അഞ്ചായി" എന്ന സൂചനയോടെ ബ്രേക്ക് മണി മുഴങ്ങി.

"നശിപ്പിച്ചു!! മനുഷ്യനെ  ഒന്ന് നന്നാവാനും സമ്മതിക്കില്ല!!" 

ഡൈനിങ്ങ് ഹാളിലേക്ക് പോകുന്ന ചിലരുടെ പിന്നാലെ നിരാശ ഭാവത്തിൽ,  ഞാനും കൂടി.രാവിലെ മാത്രമേ ഇനി വല്ലതും കിട്ടൂ എന്ന് കരുതി ഇരുന്നപ്പോൾ കിട്ടിയ ബോണസ് പോലെ ഒരുഗ്ലാസ്സ് ചായ, ഒരു ചെറുപഴം, ഒരു കുഞ്ഞു ബൗളിൽ വേവിച്ച പയർ എന്നിവ കിട്ടി.ചായ കുടി ശീലം ഇല്ലാഞ്ഞിട്ടും ആർത്തിയോടെ ഞാനതു മൊത്തം കുടിച്ചു. അപ്പോളേക്കും മഴമേഘങ്ങൾ തുള്ളികളായി ചാറി തുടങ്ങി.

നല്ല മഴ ആണേൽ ഞാനിന്നു അതിൽ കുളിക്കും എന്ന് തീരുമാനിച്ചത് മഴ അറിഞ്ഞിട്ടോ എന്തോ, മഴ പെട്ടെന്ന് നിന്നു.

ഇവിടുത്തെ മഴ വരെ മനസ്സ് വായിക്കുന്നു!!

6 മണിക്ക് വീണ്ടും തപോ ഭൂവിൽ!! ഇനി 9 വരെ തപസ്സ്.അപ്പോളേക്കും മഴ വീണ്ടും തുടങ്ങി.മഴയുടെ താളത്തിനൊത്ത് കുറെ നേരം തപസ്സ് ചെയ്തു.
9.30 യോടെ റൂമിൽ എത്തി കുളി കഴിഞ്ഞു  കിടന്നു.ഇത്രവർഷത്തെ ശീലങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വന്ന ക്ഷീണം ശരീരത്തിലേയ്ക്കും മനസ്സിലേക്കും ഒരുപോലെ ബാധിച്ചിരുന്നു.ഒന്നാമത്തെ ദിവസം കാര്യമായ തപസ്സ് ഒന്നും നടന്നില്ലല്ലോ എന്ന ചിന്തയെ ഭേദിച്ചുകൊണ്ട് ഇടിമിന്നൽ  വരവറിയിച്ച് ഒന്ന് മുഴങ്ങി .അനുവാദമില്ലാതെ കയറി വന്ന തണുത്ത കാറ്റേറ്റ് മയക്കത്തിലേയ്ക്ക് വീഴുമ്പോളേക്കും മഴ ചാറി തുടങ്ങിയിരുന്നു.

********

മേയോഹാളിലെ 23 ആം നിലയിലെ റെയിൽവേ കൗണ്ടറിൽ നാട്ടിലേക്കുള്ള തത്ക്കാൽ ടിക്കറ്റിനായി ക്യു നിൽക്കുമ്പോൾ, "ടിക്കറ്റ് കിട്ടും" എന്നത് ഉറപ്പ് ആയിരുന്നു.കാരണം രണ്ടാമൻ ആയി ആണ് നിന്നിരുന്നത്.മുന്നിൽ നിന്നവൻ ടിക്കറ്റ് കിട്ടി ഒഴിഞ്ഞു പോയപ്പോൾ പൂരിപ്പിച്ച ഫോം കൗണ്ടറിൽ കൊടുത്തു.അപ്പോൾ ആണ് പഞ്ഞിമുട്ടായിയും കൊണ്ട് ആരോ മണിയടിച്ചു വരുന്നത് കണ്ടത്.

"കൊള്ളാമല്ലോ!! ഇന്ത്യൻ റയിൽവേ ക്യു നിന്നു ബോർ അടിക്കുന്നവർക്കായി പഞ്ഞിമുട്ടായി ഒക്കെ ഒരുക്കിയിട്ടുണ്ടല്ലോ.
എന്തായാലും അടിപൊളി!!" എന്നു കരുതി നിന്നപ്പോളേയ്ക്ക് ടിക്കറ്റ് തീർന്നു.അപ്പോൾ വീണ്ടും പഞ്ഞി മുട്ടായിക്കാരന്റെ "ണിം ണിം" നിർത്താതെ അടിക്കുന്നു.കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്, അതു പഞ്ഞി മുട്ടായി വിൽക്കാൻ വന്നതല്ല, ഉണർത്തു മണി അടിച്ച ശേഷം, ഗുരുവിന്റെ സഹായി പഞ്ഞിമുട്ടായി വിൽക്കുന്നവരുടെ പോലത്തെ ഒരു മണിയുമായി എല്ലാവരെയും വിളിച്ചുണർത്താൻ വന്നത് ആണ്. തൽക്കാൽ ടിക്കറ്റ് നഷ്ടപ്പെടുത്തിയത്തിൽ ചെറിയ അമർഷം തോന്നിയെങ്കിലും, ആ മണി കിലുക്കവുമായി ഗുരു സഹായി "ഹഫീസ്", മൊട്ടതലയും താഴ്ത്തി പിന്നീട് വരുമ്പോൾ എല്ലാം...ഒരു കൊച്ചുകുട്ടിക്ക് പഞ്ഞിമുട്ടായിക്കാരനോട് ഉള്ള പോലൊരിഷ്ടം അവനോട് തോന്നിയിരുന്നു.

4.30 ആകാൻ ഇനിയും സമയമുണ്ട്. അതുകൊണ്ട് കിടന്ന സ്ഥലം ഒന്നു പൊടി തട്ടി ഇടാം എന്നു കരുതി നോക്കിയപ്പോൾ അഞ്ചാറു കുഞ്ഞുണ്ടകൾ ഉരുണ്ടുരുണ്ട്  നീങ്ങുന്നു.ഉറക്ക ചടവിൽ തോന്നിയതോ? എന്നറിയാൻ കണ്ണു തിരുമി നോക്കിയപ്പോൾ യക്ഷികളുടെ പുനർജന്മം കൊതുകുകൾ!!
ചോരകുടിച്ചു വീർത്ത വയർ കുന്നിക്കുരു വിഴുങ്ങിയ പോലെ ചുകന്നുരുണ്ടിരിക്കുന്നു.

ശീലം കൊണ്ടു കൈകൾ യക്ഷീവധത്തിനായി ഉയർന്ന നേരം, പഞ്ച ശീലങ്ങളിൽ ഒന്നാമൻ ഓർമയിലേക്ക് കയറി വന്നു, "ഒന്നിനെയും കൊല്ലരുത് !!" 
ഇനി എന്തു ചെയ്യും? എന്നറിയാതെ നോക്കുമ്പോൾ ഫാദർ ബാബു, തന്നെ കടിച്ച യക്ഷികളെ എല്ലാം സ്നേഹത്തോടെ പിടിച്ചു പുറത്തേയ്ക്ക് ഉരുട്ടി വിടുന്നു.
അതുകണ്ട ഉടൻ യക്ഷി വധത്തിനുയർന്ന കൈകൾ കൊണ്ട് ഉണ്ടൻ കൊതുകുകളുടെ പുറത്തു തട്ടി അഭിനന്ദിച്ച ശേഷം, ബാബു അച്ഛന്റെ പാത പിന്തുടർന്ന് ഓരോ ഉണ്ടയും എടുത്ത് ഉരുട്ടി വിടാം എന്നു തീരുമാനിച്ചു.

വധത്തിനുയർന്ന കൈകൾ ഉറക്കച്ചടവിൽ തലോടൽ ആക്കി മാറ്റിയപ്പോൾ പറ്റിയ പകപിഴ- ആദ്യത്തെ കുന്നിക്കുരു പൊട്ടി കൈ ചുമന്നു.

"പണി പാളി

പഞ്ച ശീലങ്ങളിൽ ഒന്നാമൻ തെറ്റി ചതുർ ശീലങ്ങൾ ആയി മാറി.

ബുദ്ധം ശരണം ഗചാമി!!

ബാക്കി വന്ന ഗുണ്ടൻ കൊതുകുകളെ ഊതി ഉരുട്ടി മാറ്റി.കൈ കഴുകി നേരെ തപോ ഭൂവിൽ ചെന്നിരുന്നു തപസ്സ് തുടങ്ങി.ഇന്ന് രണ്ടാം ദിനം. ഇന്നെങ്കിലും ശ്വാസം ശ്രദ്ധിച്ചുകൊണ്ടു അഞ്ചൽ ഓട്ടകാരൻ ആയ മനസ്സിനെ എന്റെ മണ്ടയിൽ പിടിച്ചിരുത്തി വിശ്രമിപ്പിക്കണം എന്നുറപ്പിച്ചു.
"എന്തു നല്ല നടക്കാത്ത ആഗ്രഹം" എന്നു മനസ്സിലാക്കാൻ പിന്നെയും കുറേ പാഴ്ശ്രമങ്ങളും സമയവും എടുക്കേണ്ടി വന്നു.

അപ്പോളേയ്ക്കും ഓടിപോകുന്ന മനസ്സിനെ തിരികെ പിടിച്ചു കൊണ്ടുവരാൻ പുറകെ ഓടി തളർന്ന ഞാൻ തല കത്തി ചാകുന്ന അവസ്ഥയിൽ ആയി.മുടിയിൽ തീ കത്തുന്ന പോലൊരു ഫീൽ.കണ്ണുതുറന്നു നോക്കുമ്പോൾ എല്ലാവരും പ്രതിമ കണക്കെ ധ്യാനം.മുറിയിൽ പോയി ധ്യാനം തുടർന്നാൽ മതി എന്ന ഓഫർ ഒന്നാം ദിനം മാത്രം ഉള്ളത് ആണ് എന്നറിഞ്ഞു വീണ്ടും മനസ്സ് മടുത്തു.പ്രാതലും ഉച്ച ഊണും മാത്രമായിരുന്നു ഏക ആശ്വാസം.

5 മണി ആകുവാൻ ഒരുവർഷം കാത്തിരിക്കും പോലെ.

5 മണിക്കുള്ള ബ്രെക്ക് ടൈമിൽ ഓടി പോകുന്ന മനസ്സിന്റെ പിന്നാലെ പോകാതെ പകരം ശരീരവും കൊണ്ടു കാട് താണ്ടി വീട്ടിലോട്ട് ഓടിയാലോ എന്നു പലവട്ടം ചിന്തിച്ചു. ചിന്തകൾക്ക് പ്രേരണ ആയി ചിലർ ഓടി പോകുന്നത് കാണുക കൂടി ചെയ്തതോടെ ഇതിവിടെ അവസാനിപ്പിച്ചു വീട് പറ്റാം എന്നുറപ്പിച്ചുകൊണ്ട് ബാഗെടുക്കാൻ മുറിയിൽ ചെന്ന ഉടൻ അസ്ഥാനത്തൊരു  ശങ്ക.
ശങ്ക തീർത്തു വന്നപ്പോൾ "വീട്ടിൽ പോകണമെന്ന" മുട്ടലിനും നല്ല ശമനം!!

"അങ്ങനെ ഓടിയാൽ എങ്ങനാ.. എന്തായാലും വന്നു..എന്നാൽ പിന്നെ...."

അങ്ങനെ വീണ്ടും തപോഭൂവിൽ പോയി കണ്ണടച്ച് മനസ്സിന്റെ ഒപ്പം ഓട്ടം തുടർന്നു.ഇവിടുന്നിറങ്ങിയാൽ നല്ലൊരു ഓട്ടക്കാരൻ ആയിമാറും എന്നത് ഉറപ്പ്!! 

ഓടി തളർന്ന  മനസ്സിനെ തണുപ്പിക്കാൻ എന്ന പോലെ അന്നും മഴ പെയ്തു.

********


ആദ്യത്തെ മൂന്നു ദിവസം "ആനാ പാന" എന്ന തപസ്സ് ആണ് പഠിപ്പിക്കുന്നത്. "ആന പാന" എന്നത് "പാലി" ഭാഷയിൽ ഉള്ള പേരാണ്.നാലാം ദിവസം മുതൽ "വിപസ്സന" എന്ന തപസ്സ് ആണ്.

വിപസ്സന കൊള്ളാം.എവിടെ ഒക്കെയോ എന്തൊക്കെയോ ഒരു വ്യത്യസ്ത ഫീൽ ഒക്കെ ഉണ്ട്.കണ്ണടച്ചിരുന്ന് 13 മണിക്കൂർ തപസ്സ് എന്ന പ്രക്രീയയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല.മഴയുടെ അകമ്പടിയോടെ അഞ്ചാം ദിനവും പൂർത്തിയാക്കി ഉറങ്ങാൻ കിടക്കുമ്പോൾ ഇനി പകുതി ദിവസം കൂടി അല്ലേ ബാക്കി ഉള്ളു എന്ന സന്തോഷ ചിന്തകൾ, നിറഞ്ഞ മനസ്സിൻ്റെ ഉറക്കത്തിന് കാവൽ നിന്നു.

ആറാം ദിവസം തപോഭൂവിൽ എത്തി തപസ്സ് തുടങ്ങിയപ്പോൾ ആണ് പുതിയ നിർദ്ദേശം

"ഒരു മണിക്കൂർ ഒറ്റ ഇരിപ്പ്, അനങ്ങരുത്!!"

ആഹാ..അന്തസ്സ് !! ഇത് ഞാനിന്നു പൊരിക്കും!! കേട്ട പാതി കേൾക്കാത്ത പാതി ഏതാണ്ടൊരു പത്മാസനം ഒപ്പിച്ചെടുത്തു കണ്ണടച്ചോരൊറ്റ ഇരുത്തം!!

30 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ മിനിറ്റുകൾക്ക് യുഗങ്ങളുടെ ദൈർഘ്യം വന്നു തുടങ്ങി.പിന്നീടൊരു 10 യുഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ  അരയ്ക്ക് കീഴെ ഉള്ളതെല്ലാം അപ്രത്യക്ഷമായ പോലെ.
വായില്ലാ കുന്നിലപ്പനായി തപസ്സ് തുടർന്ന ആൾ കാലില്ലാകുന്നിലപ്പനും ആയി മാറിയ പോലെ!!

യുഗങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതിനൊപ്പം അരയിൽ നിന്നും തരിപ്പ് മുകളിലോട്ട് കയറി ശരീരത്തെ ശൂന്യമാക്കിക്കൊണ്ടിരുന്നു.
"ഇങ്ങനായാൽ 1 മണിക്കൂർ കഴിയുമ്പോൾ ഞാനൊരു പ്രതിമ ആയി മാറുമെന്ന കാര്യം ഉറപ്പ്!!"
"ലാഫിങ് ബുദ്ധ 2 "എന്ന പേരിൽ, തടിച്ചുരുണ്ട എന്നെ പണക്കോഴുപ്പോഴുകിയ മാർക്കറ്റുകൾക്കടുത്തുള്ള തെരുവുകളിൽ വച്ച് വിൽക്കുന്ന കാഴ്ച ഉൾമനസ്സിൽ തെളിഞ്ഞ ഉടൻ കണ്ണുകൾ വലിച്ചു തുറന്നു.ആദ്യം നോക്കിയത് ശരീരത്തിൽ ആണ്.കഴുത്തിനു കീഴെ കാലുകൾ വരെ എല്ലാ ഭാഗങ്ങളും ഉണ്ട്, പക്ഷെ ഒന്നിനും അനക്കമില്ല.അപ്പോളേയ്ക്ക് ഒരുമണിക്കൂർ കഴിഞ്ഞു, "വിശ്രമിക്കൂ" എന്ന നിർദ്ദേശം കിട്ടി.5 മിനിറ്റ് കിണഞ്ഞു ശ്രമിച്ചപ്പോൾ ഒരുവിധം കുരുക്കുകൾ ഒക്കെ അഴിച്ചു.പിന്നേയും 5 മിനിറ്റ് ശ്രമിച്ചപ്പോൾ ഒരുവിധം ഏന്തി വലിഞ്ഞു പുറത്തിറങ്ങാനായി.

വിശ്രമ ശേഷം പിന്നെയും തപസ്സ്!!.

ഉച്ചയൂണ് വരെ വലിയ കുഴപ്പമില്ലാതെ പോയി.ആദ്യത്തെ അഞ്ചുദിവസവും പെയ്ത മഴ ഇന്ന് പെയ്യുന്ന ഒരു ലക്ഷണവും ഇല്ല.കിട്ടിയ അവസരത്തിന് സൂര്യൻ സ്വിച്ച് ഇട്ട പോലെ ചൂടും കൂട്ടി.അതോടെ... ഇടയ്ക്കിടെ വരുന്ന ഒരുമണിക്കൂർ തുടർച്ചയായി പ്രതിമ കണക്കെ ഇരിക്കുന്ന പരുപാടി അസഹനീയമായി തോന്നി തുടങ്ങി.വിശ്രമ വേളകളിൽ ചിലർ മരങ്ങളെ കെട്ടിപ്പിടിക്കുന്നത് കണ്ടു, മറ്റു ചിലർ ആകാശം നോക്കി എന്തോ ചിന്തിച്ചു അനങ്ങാതെ ഒറ്റ ഇരിപ്പാ. "രാമദാസ്" എന്ന മുണ്ട്ബനിയൻ ധരിച്ച താടിക്കാരൻ ഒരു മരക്കൊമ്പിൽ കയറി പാറപോലെ വിദൂരതയിൽ നോക്കി ഇരിപ്പുണ്ട്.ആരുടേയും മുഖത്ത് നോക്കില്ല, കഞ്ചാവടിച്ച ഭാവം.കാതുകളിൽ  മോതിരം പോലുള്ള രണ്ടു കടുക്കൻസ്സ്.എല്ലാം കൂടി കണ്ടപ്പോൾ ആ മിണ്ടാപ്രാണിയുടെ രണ്ടുകടുക്കനിലും പിടിച്ചൊരൊറ്റ വലി വലിച്ചാലോ എന്ന് ചിന്തിച്ചു.അങ്ങിനൊരു വലി ഒരുപക്ഷെ എൻ്റെ പല്ലുകൾക്ക് ഹാനികരം ആയി ഭവിച്ചാലോ എന്ന സംശയം തോന്നിയ ഉടൻ സാക്ഷീഭാവത്തിൽ നിന്ന് "വലി" ചിന്തയെ ഇല്ലാതാക്കി.

ലുട്ടാപ്പിയുടെ രൂപമുള്ള "പ്രണവ്"  കാട്ടിൽ കണ്ട ഒരു പാമ്പിന്റെ പുറകെ പോകുന്നത് കണ്ടു.ശരീരം മുഴുവൻ ആഭരണങ്ങൾ തുളച്ചിട്ടു യോ..യോ പാടി നടക്കുന്ന അവനിനി പാമ്പിനെ കഴുത്തിൽ ചുറ്റി "ശിവൻ" ആണെന്ന് പറഞ്ഞു വരുമോ എന്തോ??

**********************************************



             റാം ദിനത്തിലെ കുറവും കൂടി തീർത്തു മഴയിൽ കുതിർന്നുകൊണ്ടു 7 ആം ദിനം വെള്ളത്തിൽ പിറന്നു വീണു.തണുപ്പും മഴയും ഒക്കെ ആയി രാവിലെ മുതൽ ഉള്ള തപസ്സ് മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.മഴയുടെയും ഇടിയുടെയും സംഗമം കാതുകളിൽ സന്തോഷത്തിന്റെ സങ്കാര ജനിപ്പിക്കാതെ ഇരുന്നില്ല.

ഉച്ച ഊണ് കഴിഞ്ഞു മുറിയിൽ പോകുന്നതിനു പകരം തപോഭൂവിൽനടുത്ത് ചെന്ന് മഴനോക്കി നിന്നു. നീണ്ടു കിടക്കുന്ന വിജനമായ സമതലപ്രദേശത്ത് അങ്ങകലെ ഒരു കറുമ്പി പശു വാലുകൾ വീശി, ഇടയ്ക്കിടെ കൊമ്പുകൾ കുലുക്കി നിന്ന് മഴയെ വരവേൽക്കുന്നുണ്ടായിരുന്നു.മഴനനയാൻ ഇറങ്ങിയ തത്തകളും പ്രാവുകളും മൈനയും കരിയിലപ്പടയും ചെമ്പോത്തും പരുന്തുമൊക്കെ സന്തോഷത്തിൽ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു. അനുവാദമില്ലാതെ പടർന്നു കയറി, മഴയുടെ നഗ്നതയിൽ വികൃതികൾ കാണിച്ചിരുന്ന കാറ്റിന്റെ  കേളികൾക്കനുസരിച്ചു ഇക്കിളിയോടെ അരങ്ങേറിയ മഴനൃത്തങ്ങൾ മൂടല്മഞ്ഞില് തീർത്ത കളി ശിൽപ്പങ്ങൾ പോലുള്ള നേരിയ രൂപങ്ങൾ തീർത്തുകൊണ്ടേയിരുന്നു.അങ്ങനെ ജനിച്ച രൂപങ്ങൾ മഴയുടെയും കാറ്റിന്റെയും കാമകേളികൾക്കനുസരിച്ചു ഓടിനടന്നു ചുവടുകൾ വച്ചുകൊണ്ടിരുന്നു.മഴയേറ്റു നനുത്ത മണ്ണിലെ മാളങ്ങളിൽ നിന്നും മഴനനഞ്ഞു പുറത്തെത്തിയ ചില സർപ്പങ്ങൾ ലക്ഷ്യം തെറ്റി ഇഴഞ്ഞു നീങ്ങുന്നതിന് വാരകൾക്ക് അപ്പുറത്ത് ഒരു കീരി കുടുംബം ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും , ഇടയ്ക്കിടെ രണ്ടുകാലിൽ ഉയർന്നു നിന്ന് ചുറ്റിനും നോക്കിയും ഒക്കെ മഴയുടെ ശക്തി അളക്കുന്നുമുണ്ടായിരുന്നു.

ആ മഴയിൽ, ഇറങ്ങി നടക്കുവാൻ വെമ്പിയ മനസ്സിനെ പ്രലോഭിപ്പിച്ചുകൊണ്ടു, മഴയുടെ ശക്തി പിന്നേയും കൂടി വന്നുകൊണ്ടിരുന്നു.അപ്പോഴേയ്ക്കും തപസ്സിനുള്ള മണി മുഴങ്ങി.മേൽക്കൂരയിൽ വന്നു പതിക്കുന്ന മഴയ്ക്ക് ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.ഇടയ്ക്കിടെ താളം തെറ്റിച്ചുകൊണ്ട് ചറ പറ എന്ന് ക്രോധത്തിൽ പെയ്തു കൊണ്ട്, തപസ്സിൽ ഇരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടോ എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ മഴ നിലച്ചു.

5 മണിക്കുള്ള ചായ മണി മുഴങ്ങും മുന്നേ മഴ വീണ്ടും പെയ്തുതുടങ്ങി.

"ശരിയാണ്.ഇവിടുത്തെ മഴമേഘങ്ങൾക്ക് പോലും മനസ്സ് വായിക്കുവാൻ ആകുന്നു!!ചായ കുടി കഴിഞ്ഞപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.ഒറ്റ ഓട്ടത്തിന് മുറിയിലെത്തി.അനുവാദമില്ലാതെ മഴയത്ത് ഇറങ്ങിയത് കൊണ്ടോ എന്നറിയില്ല മഴയ്ക്ക് ശക്തി കൂടി.

ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: 
പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:

ലക്ഷണങ്ങൾ ഒത്ത മേള കൊഴുപ്പ് തുടങ്ങിയ പോലെ. "മുഖവും ചെമ്പടവട്ടവും" ചേർന്ന പതികാലത്തിൽ തുടങ്ങിയ മേളത്തിൽ തപോവനത്തിലെ അംബര ചുംബികളായ മരങ്ങൾ, ചില്ലകളും ഇലകളുമാട്ടി കാറ്റിനൊപ്പം താളം പിടിച്ചു നിന്നു.കാറ്റും മഴയും ചേർന്നുള്ള മഴനൃത്തം കണ്ടു സന്തോഷിച്ച പക്ഷികൾ മരങ്ങൾ തോറും പാറി നടന്നുല്ലസിച്ചിരുന്നു.

തൊപ്പി വച്ച മലബാറി പോലീസ്സിനെ പോലെ തോന്നിച്ച ഒരു മരംകൊത്തി, മഴയത്ത് ഓരോ മരങ്ങളില്‍ ചെന്നിരുന്നു മുകളില്‍ നിന്നും താഴേയ്ക്ക് ടപ്പ ടപ്പേ എന്ന് ക്രമത്തിൽ കൊത്തി കൊത്തി, മഴകാണാന്‍ പുറത്തേക്കെത്തി നോക്കിയ പുഴുക്കളെ കൊത്തി വിഴുങ്ങുന്നുണ്ടാരുന്നു.എന്നെപോലെ ആർത്തി ഉള്ള കിളി ആയത് കൊണ്ട് മരംകൊത്തിയോട് എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി.കൂർത്ത ഒരു കൊക്കുണ്ടായിരുന്നു എങ്കിൽ ഞാനും അവനൊപ്പം കൂടിയേനെ!!മരംകൊത്തിക്ക് അടുത്തേയ്ക്ക് മറ്റൊരു മരംകൊത്തി ആയി എന്‍റെ മനസ്സും പറന്നെത്തി.അപ്പോളേയ്ക്കും മനസ്സിനെ തോല്‍പ്പിച്ചുകൊണ്ട്  മരംകൊത്തി മഴയില്‍ എങ്ങോ പറന്നു പോയി.

മണ്ണിന്റെ മാറിൽ മഴയ്ക്കായി കാത്തിരിക്കുന്ന വിത്തുകൾക്ക് പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ടാവും .മഴയേറ്റ് മോക്ഷം നേടിയ ചില ഇലകൾ തങ്ങളുടെ നിയോഗം പൂർത്തിയാക്കി,ഉയരങ്ങളിൽ നിന്നും കാറ്റിന്റെ തൊട്ടിലിലേറി താളത്തിൽ ആടി മണ്ണിലെത്തി ശാന്തമായി ശയനം തുടങ്ങി.

തന്നിലേക്കലിയുവാൻ പ്രകൃതി മാടി വിളിക്കും പോലെ!!


ഇനിയും നോക്കിനിൽക്കാൻ ആവില്ല, വസ്ത്രങ്ങളെല്ലാം ഊറിയേറിഞ്ഞു നഗ്നമായ "മനസ്സ്" ഒരു കൊച്ചുകുട്ടിയെ പോലെ മഴയിലേയ്ക്ക് ചാടിയിറങ്ങി  ഓടി.

അല്‍പ്പമകലെ ഒരു തെങ്ങോലയില്‍ ഒരു കാക്ക ഇരുന്നു കോട്ടുവാ ഇടുന്ന കണ്ടു.പിന്നീടാണ് മനസ്സിലായത് കോട്ടുവാ അല്ല, മഴയ്ക്കൊപ്പം കാക്കയുടെ കരച്ചില്‍ ഒലിച്ചു പോയതാണ്. കരയുന്ന കാക്കയുടെ കൂട്ടുകാരന്‍ കാക്ക തൊട്ടടുത്തിരുന്നു ശരീരം കുടഞ്ഞും, കൊക്കുകള്‍ കൊണ്ട് തൂവലുകള്‍ക്കിടയില്‍ ഇളക്കിയും സന്തോഷിച്ചു കുളിക്കുന്നുണ്ടാരുന്നു.

നക്ഷത്രങ്ങൾ ആകുവാൻ പറ്റാത്ത ആത്മാക്കൾ കാക്കകൾ ആയി പ്രീയപ്പെട്ടവർക്കടുത്ത് ചുറ്റിപ്പറ്റി  നടക്കും എന്നല്ലേ?
കാക്കകളായി കറങ്ങിനടക്കുന്നവർ എന്റെ ആരാണോ എന്തോ ? 

നഷ്ടപ്പെട്ട പ്രണയങ്ങൾ ആണോ??

സംശയ നിവാരണത്തിനായി മനസ്സിന് പിന്നാലെ തോർത്തുമുടുത്ത് ഞാനുമിറങ്ങി.അനാവരണം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ആത്മാക്കൾ ഇടിമിന്നലായി വിണ്ണിൽ തുളച്ചിറങ്ങി.അതോടെ  ശരീരത്തെ തുവർത്തി എടുത്ത് വരാന്തയിൽ നിർത്തിയ ശേഷം സ്വയം ചിറകുകൾ മുളപ്പിച്ച മനസ്സ് കിളികൾക്കൊപ്പം എങ്ങോട്ടൊക്കെയോ പറന്നു പോയി.

അന്നത്തെ ധ്യാനവും തപസ്സും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോളും മഴ ചറപറ താളത്തിൽ പെയ്യുന്നുണ്ടായിരുന്നു.പെയ്തൊഴിയുവാൻ മടിക്കുന്ന മഴയിൽ അപ്പോഴും ഒരു രാപ്പക്ഷിയായി പറന്നു നടന്ന മനസ്സ് എപ്പോഴാണ് തിരികെ വരുന്നതെന്നു കാക്കാതെ എൻ്റെ ശരീരം ഉറങ്ങുവാൻ കിടന്നു.

പറയാൻ ബാക്കി വച്ച പലതും മഴയിൽ ചാലിച്ച പ്രകൃതി, മഴകൊണ്ടെന്റെ സ്വപ്നങ്ങൾക്ക് മറപിടിച്ചു നിന്ന് ത്രിപുട താളത്തിൽ കൊട്ടിക്കയറിയ രാത്രിയിൽ....  പ്രകൃതിയുടെ മേളം ദ്രുതകാലത്തിൽ അതിന്റെ പൂർണത എത്തുന്നതും കേട്ട്  മയക്കത്തിലേയ്ക്ക് വഴുതി വീണപ്പോഴും, ഉറങ്ങാത്ത തവളകൾ ചിരട്ട ചിരകുന്ന പോലെ പോക്രോം പോക്രോം പാടുന്നുണ്ടായിരുന്നു.

മഴതണുപ്പിച്ച പുലർക്കാലത്തിലേയ്ക്ക് ഉറക്കമുണർന്ന എട്ടാം ദിനവും ഒൻപതാം ദിനവും മനസ്സിനെ നീയന്ത്രിക്കുന്നതിലും തപസ്സിൽ മാത്രം ശ്രദ്ധിക്കുന്നതിലും പൂർണമായി വിജയിച്ചു.

പത്താം ദിനം രാവിലെ പത്തുമണിയോടെ മൗനവ്രതം അവസാനിച്ചു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.രാമദാസ് തടഞ്ഞു വച്ച ജലപ്രവാഹത്തിനു ഒഴുകാൻ അവസരം കിട്ടിയ പോലെ, വാ തുറന്നപ്പോൾ ആണ് കക്ഷി ജന്മനാ ഊമ അല്ല എന്ന് മനസ്സിലായത്. സംസാരം കൂടിപ്പോയത് കൊണ്ട് വീട്ടുകാർ പിടിച്ചു കെട്ടി ഇവിടെ കൊണ്ടുവന്നാക്കിയതാകാനേ വഴി ഉള്ളു.

പോർച്ചുഗല്ലിൽ നിന്നും ഇന്ത്യയിൽ എത്തി ഇവിടുത്തെ സംസ്കാരത്തിനൊത്ത് ജീവിക്കുന്ന "ബോറിസ്" ശരിക്കും അദ്ഭുതമായിരുന്നു.ഭാരതീയ സംസ്കാരത്തെയും വേദങ്ങളെയും ഉപനിഷത്തുകളെയും ഇന്ത്യക്കാരായ ഞങ്ങളെക്കാൾ നൂറിരട്ടി അറിയുന്ന, മനോഹരമായി പുല്ലാംകുഴൽ വായിക്കുന്ന, സഹൃദയൻ ആയ, യോഗ അറിയുന്ന ഒരു പച്ചമനുഷ്യൻ!!

കാപ്പിരി അമ്മയും കാപ്പിരി മോളും തപോഭൂവിലെ ഉറക്കവും കൂർക്കം വലിയും അവസാനിപ്പിച്ച് വായ തുറന്നത് ചടങ്ങായി.ഇന്ത്യൻ ആചാരങ്ങളെ കുറിച്ചും ഗുണപാഠ കഥകളേയും ഒക്കെ അറിയണം.അറിഞ്ഞു കേട്ട് വന്നപ്പോൾ കാപ്പിരികൾ അമേരിക്കൻസ്സ്.മോളുടെ പേര് മായ.അറിയുന്ന അറിവുകള്‍ ഇംഗ്ലീഷില്‍ ഒപ്പിച്ചു പറഞ്ഞപ്പോള്‍ അര്‍ത്ഥ ശോഷണം സംഭവിച്ചു എന്നുറപ്പായ നിമിഷം ആരോ വിളിച്ച ഭാവേനെ  അവിടുന്ന് മുങ്ങി.

ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം.നല്ല പായസം.വൈകിട്ട് ആയപ്പോള്‍ ഫോണുകള്‍, കാശ് അങ്ങിനെ ഓഫീസില്‍ കൊടുത്തേല്‍പ്പിച്ചതൊക്കെ തിരികെ കിട്ടി.ഇത്രയും ദിവസം ശുദ്ധമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും തന്ന തപോഭൂവിൽ ഇനിയും ആയിരങ്ങൾ അവനവനെ അറിയുവാൻ എത്തിച്ചേരണം.അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ പണം വേണം.അതുകൊണ്ടു എല്ലാവരും മനസ്സറിഞ്ഞു, അവരവർക്ക് പറ്റും പോലെ സംഭാവനകൾ കൊടുക്കുകയും, പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.

കയ്യിൽ കിട്ടിയ ഫോണ്‍ ഓണാക്കിയില്ല, ഓണാക്കാൻ തോന്നിയില്ല എന്നതാണ് സത്യം!! എല്ലാവരും ആയി സംസാരിച്ചു ഉറങ്ങിയപ്പോള്‍ 1 മണി ആയി.

പതിവ് തെറ്റിക്കാതെ പുലര്‍ച്ചെ നാലിന് തന്നെ എണീറ്റ് റെഡി ആയി തപോ ഭൂവിൽ എത്തി. ഗുരുവിനെ കണ്ടു നമസ്ക്കരിച്ചു.എല്ലാവരോടും യാത്ര പറഞ്ഞു.ഭക്ഷണം ഉണ്ടാക്കിയവരെ പ്രത്യേകം അന്വേഷിച്ചു ചെന്ന് കണ്ടു നന്ദി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്ന കണ്ടു.

ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നു.റെയിൽവേ സ്റ്റേഷനിൽ വച്ച് തപോഭൂവിൽ കൂടെ ഉണ്ടായിരുന്ന ചിലരെ വീണ്ടും കണ്ടുമുട്ടി.

അങ്ങോട്ട്‌ പോകുമ്പോള്‍ ഉള്ളതില്‍ നിന്നും എന്തൊക്കെയോ മാറ്റങ്ങള്‍ മനസ്സില്‍ സംഭവിച്ചു കഴിഞ്ഞത് പോലെ.കൈവിട്ടു പോയി എന്നുറപ്പിച്ച മനസ്സിനെ തിരികെ കിട്ടിയ തോന്നൽ!! 

ട്രെയിന്‍ കാത്തുള്ള നില്‍പ്പിനിടയില്‍ വേണ്ടപ്പെട്ട ചിലരെ മാത്രം വിളിച്ചു തിരികെ വന്ന കാര്യം അറിയിച്ചു.എല്ലാവരും പറയുന്നു സംസാരത്തിൽ വല്ലാത്ത മാറ്റം വന്നത് പോലെ എന്ന്.

അറിയില്ല!!

എങ്കിലും, മാറ്റങ്ങള്‍ അത് അനിവാര്യം തന്നെ !!

രാംദാസും, ബാബു അച്ഛനും,ജിഷ്ണുവും,ജിജോയും ട്രെയിനിൽ കൂടെ ഉണ്ടായിരുന്നു. ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ ആദ്യം ഇറങ്ങിയത് ജിജോ ആണ്.കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ ജിജോയുടെ കണ്ണുകൾക്ക് കനം കൂടിവരുന്നത് കണ്ടു.അതോടെ അവനെ പറഞ്ഞയച്ചു.ഇല്ലേല്‍ അവന്‍ കരയുമെന്ന് തോന്നി.അടുത്ത സ്റ്റേഷനില്‍ ബാബു  അച്ഛനും രാമദാസും ഇറങ്ങി.അവരേയും യാത്ര ആക്കി വീണ്ടും യാത്രതുടരുമ്പോള്‍ കൂടെ ജിഷ്ണു മാത്രം. ഒടുവില്‍ അവനും ഇറങ്ങി.

എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തുവാൻ ഇനിയും മണിക്കൂറുകൾ ബാക്കി!!

മറ്റൊന്നും ചെയ്യുവാൻ തോന്നിയില്ല, പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുവാന്‍ വേണ്ടി മനസ്സിനെ ഏകാഗ്രമാക്കി പ്രാണവായുവില്‍ ശ്രദ്ധിച്ചുകൊണ്ട് വിപസന തുടങ്ങി.



                                  ഇനിയുള്ള യാത്ര തനിയെ ആണ്.......