ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Tuesday, 27 October 2020
മഞ്ഞുതിരും വഴിയരികേ..
Sunday, 25 October 2020
കഷ്ടകാലെ കോണകെ സർപ്പെ..!!
കഷ്ടകാല സമയത്താണ് വീടുപണിയും കല്യാണവും എന്ന് പഴമക്കാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നത് നല്ല രീതിയിൽ മനസ്സിലാക്കി കൊണ്ട്, മൊത്തത്തിൽ കുത്തുപാള എടുത്ത് മെപ്പോട്ട് നോക്കി കുത്തി ഇരിക്കുന്ന കാലം!!
വായ്‌പ്പാ കുടിശ്ശിക ഓർമ്മപ്പെടുത്തിക്കൊണ്ട്, മനസിനെ തളർത്തുവാൻ മുടങ്ങാതെ എത്തുന്ന, ബാങ്കിൽ നിന്നുള്ള വിളികൾ അല്ലാതെ മറ്റൊരു കോളിനായി ഫോൺ പോലും കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിലൊന്നിൽ, രാവിലെ തന്നെ ഒരു കോൾ.
"അതേയ്...ഞാനിന്ന് നിങ്ങടെ നാട്ടിലൂടെ വര്ണ്ട്ട്ടാ... "
ഠിം!!
ഇതിലും ഭേദം ബാങ്കുകാരുടെ കോൾ എടുക്കുന്നതായിരുന്നു.
പണ്ടും ഇതുപോലെ ഒരു കോൾ വന്നതാ.അന്ന് സ്ഥലത്തില്ല എന്ന് പറഞ്ഞു തലനാരിഴയ്ക്ക് രക്ഷപെട്ടത് ആണ്.ഇതിപ്പോ തലേന്ന് വിളിച്ച് "നാളെ തൃശൂർക്ക് എങ്ങാനും വരുന്നുണ്ടോ??" എന്ന ചോദ്യം മുഴുവനായി കേൾക്കും മുന്നേ തന്നെ "നാളെ വീട്ടിൽ നിന്നും മാറി നില്ക്കാൻ പറ്റില്ല, പണിക്കാർ ഉണ്ട്" എന്ന് പറഞ്ഞു ഫോൺ വച്ചത് ആണ്.
ഇനിയിപ്പോ എന്ത് ചെയ്യും??
ങാ.. ന്തേലും വഴി തെളിയാതിരിക്കില്ല, നോക്കാം!!
പണിക്കാർ വന്നു. പണി തുടങ്ങി.പ്രാതൽ കഴിയുന്ന സമയം കഴിഞ്ഞു, ഉച്ച ഊണിൻ്റെ സമയവും കഴിഞ്ഞു.
"ഹോ രക്ഷപെട്ടു, ഇനി വരാൻ വഴിയില്ല!!" സമയം പിന്നെയും മുന്നോട്ട് പോയി.
***********
ബെല്ലടി കേട്ട് മണിക്കുട്ടൻ ഫോൺ കൊണ്ടുവന്നു തന്നത് എടുത്ത് നോക്കിയപ്പോൾ രാവിലെ വന്ന അതേ നമ്പർ!!.
"ഇന്ന് വരാൻ പറ്റിയില്ല, വേറൊരു ദിവസം വരാം" എന്ന് പറയാൻ വിളിക്കുന്നതാകും.അങ്ങിനെ എങ്കിൽ ഇന്ന് ഫോണിലൂടെ ചൊറിഞ്ഞു കൊല്ലുന്നുണ്ട്."ആഗതയുടെ വരവിനായി ഇവിടെല്ലാവരും കാത്തിരിക്കുകയായിരുന്നു" എന്ന തോന്നൽ ഉണ്ടാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം!!
രാവിലെയും ഉച്ചയ്ക്കും ഒക്കെ ഉണ്ടാക്കി കാത്ത് വച്ച ഫുഡിൻ്റെ ലിസ്റ്റ് ആയി പറയാൻ ഹോട്ടൽ മെനുകൾ മനസ്സിൽ കരുതിക്കൊണ്ട്, പണിത്തിരക്കിനിടയിൽ സ്‌പീക്കറിൽ ഇട്ടുകൊണ്ട് കോൾ എടുത്തു.
"ഞാൻ നിങ്ങടെ ബസ്സ് സ്റ്റോപ്പിലി.... ണ്ട്, ഇവിടുന്നു എങ്ങോട്ടാ വരേണ്ടത്ത് ??"
"ഈശ്വരാ ......" ഞാൻപോലുമറിയാതൊരു നിലവിളി തൊണ്ടയിൽ നിന്നുമുതിർന്ന് നിലത്ത് വീണു ചിതറി.
"ആരാ മാമാ വരുന്നത്? ഞാൻ പോയി വിളിച്ചു കൊണ്ടുവരാം" എന്നും പറഞ്ഞു മരുമകൻ ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.
അല്ലെങ്കിലും ഇവന് കുറച്ച് നാളായിട്ട് മാമനിട്ട് പണിയാനുള്ള താൽപ്പര്യം കൂടി വരുന്നുണ്ട്.ഇങ്ങനാണേൽ, ഞാനൊരു കംസനാകേണ്ടി വരുമോ എന്ന് ചിന്തിച്ച ശേഷം, 5 മിനിറ്റ് കഴിഞ്ഞില്ല,ഏതോ ഒരു അറവുകാരൻ പോത്തിനേയും തെളിച്ചു വരുന്നത് കണ്ടു.സൂക്ഷിച്ച് നോക്കിയപ്പോൾ അത് പോത്തല്ല ഒരു അമ്പല കാള നടന്നു വരുന്നത് ആണ് , പിന്നാലെ അമ്മിക്കല്ലിൽ ചുരിദാർ ഇട്ടപോലെ ഒരു ഹിഡുംബി, അരികിലായി വലിയൊരു പൊതിയും പിടിച്ച് മണികുട്ടനും!!
ബേക്കറി സാധനങ്ങൾ കൊടുത്തു ഹിഡുംബി മരുമകനെ മയക്കി എന്ന് മനസ്സിലായി.
അമ്പലകാള വീട്ടിൽ കയറാതെ നേരെ പോയി. പിന്നാലെ വന്നത് രണ്ടും വഴി തെറ്റാതെ നേരെ വീട്ടിലേയ്ക്കു തന്നെ കയറി!!
"കഷ്ടകാലെ കോണകെ സർപ്പെ..!!
കഷ്ടകാല സമയത്ത് കോണകം വരെ സർപ്പമായി മാറും എന്നത് എത്ര സത്യം ആണ്!!
ഏതോ അകന്ന ബന്ധുവിൻ്റെ വീട്ടിൽ സദ്യ നടക്കുന്നു എന്നറിഞ്ഞ ഉടൻ വലിയൊരു ബാഗും ആയി ചെന്ന് "വിളിക്കാത്ത സദ്യ" തിന്ന്, ബാക്കി വന്ന ഫുഡ് മൊത്തം ആ ബാഗിൽ കുത്തി നിറച്ച് തിരികെ പോകും വഴി എന്നെകൂടി മുടിപ്പിക്കാനുള്ള വരവാണത്രേ !!
അപ്പോളാണ് രതീഷിനു മറ്റൊരു ബുദ്ധി തോന്നിയത്.
Saturday, 24 October 2020
കൊറോണ കാലത്തെ ദിനങ്ങൾ -5 !!
Wednesday, 14 October 2020
പരൽ ഫ്രൈ
"നീരാടുവാൻ ..നിളയിൽ....."
മുക്കിലിരുന്നു പാടിയ റേഡിയോ ഒറ്റ പാട്ടിലൂടെ എന്നെ ഉന്തി തള്ളി വിട്ടത് നിളയുടെ തീരങ്ങളിയേക്കാണ്.
സ്ഥിരമായി വരുന്നവരുടെ,ജലപ്പരപ്പിനടിയിലെ വൈകൃതം കണ്ടു മടുത്ത ഏതോ ഒരു പരൽ മീൻ എന്നെ കണ്ടു "യൂ ടൂ..." എന്ന് കടുപ്പിച്ച് മൊഴിഞ്ഞ ശേഷം മുഖം കറുപ്പിച്ചു കാർക്കിച്ചു തുപ്പിട്ട് പുളിച്ച തെറിയും വിളിച്ചുകൊണ്ടു ഊളിയിട്ടു ആഴങ്ങളിലെങ്ങോ മറഞ്ഞു.
അങ്ങിനെ ഒരുമീനിനെയും വെറുപ്പിച്ചിട്ടുള്ള ഒരു കുളി വേണ്ട എന്ന് തീരുമാനിച്ചുകൊണ്ട് പതിയെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ..
ആ പരലിനെ എങ്ങിനെ പിടിക്കാം എന്നത് മാത്രമായിരുന്നു മനസ്സു നിറയെ !!
Thursday, 7 May 2020
"കോസ്മിക്ക് കലണ്ടറും, ഫുട്‍ബോൾ സൂര്യനും പിന്നെ ദൈവത്തിൻ്റെ കൂർക്കം വലിയും !!"
ഗൂഗിള്‍ ജ്യോത്സ്യന്‍റെ കവടി പലകയ്ക്ക് മുന്നില്‍ ഇരുന്നു നമ്മുടെ പ്രപഞ്ച ജാതകം വായിച്ചു നോക്കിയപ്പോള്‍ സംഗതി "കുഞ്ഞി" കളി അല്ല, ഇമ്മിണി ബലിയ വര്‍ഷങ്ങളുടെ കളികള്‍ ആണ്!!
ജാതക പ്രകാരം 13.8 ബി ല്യൺ വർഷങ്ങൾക്ക് മുന്നാണത്രെ ഈ പ്രപഞ്ചൻ പൊട്ടിമുളച്ചു കരഞ്ഞുതുടങ്ങിയത്!!
ജാതകം വായിച്ച് മില്യനും ബില്യനും ഒക്കെ ആയി സീന്‍ ഡാര്‍ക്ക് ആയപ്പോള്‍ പതിവ് പോലെ താടിയിൽ പിടിച്ച് വലിച്ച്കൊണ്ട് അല്‍പ്പനേരം മേപ്പോട്ടു നോക്കി കുത്തിയിരുന്നു.
അപ്പോളാണ് ജ്യോതിഷ ശിരോമണി കാള്‍ സാഗന്‍ തിരുമേനി ബാലരമ രൂപത്തിലുള്ള കുഞ്ഞി ജാതകവും ആയി വന്നത്.സംഗതി വായിച്ചപ്പോള്‍ അതിൽ മില്യണും ബില്യണും ഒന്നുമില്ല.
365 ദിവസത്തെ കണക്ക് മാത്രം, അതായത് വെറും ഒരു കൊല്ലം !!
ആ...ഹാ, അത് കൊള്ളാലോ!!
ആദ്യ പേജ് മറിച്ച് ആവേശത്തിൽ നോക്കിയപ്പോ അതിൽ ഉറുമ്പരിച്ച പോലത്തെ കൈ അക്ഷരത്തിൽ എന്തോ ഒന്ന്!!
1 സെക്കന്റ് = 438 വർഷങ്ങൾ
1 മിനിറ്റ് = 26,280 വർഷങ്ങൾ
1 മണിക്കൂർ = 15.8 ലക്ഷം വർഷങ്ങൾ
1 ദിവസം = 3.78 കോടി വർഷങ്ങൾ
ങാ ഹാ !! ചുമ്മാതല്ല, പ്രപഞ്ച ജാതകം ബാലരമ സൈസ് ആയത്
"അമ്പട കേമാ സണ്ണി കുട്ടാ.." എന്നും പറഞ്ഞു അടുത്ത പേജിൽ തുടങ്ങുന്ന കുഞ്ഞി ജാതകത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു."പ്രപഞ്ചത്തിൻ്റെ ജാതകം നോക്കി മറ്റൊരു ജ്യോതിഷൻ ആകാൻ തുടങ്ങുമ്പോൾ ആണ് അമ്മയുടെ ഒരു ഫുഡ്" എന്ന് പറയാൻ വെമ്പി എങ്കിലും പെട്ടെന്ന് തന്നെ മനസ്സ് മാറ്റി.ഏതൊക്കെ ആയാലും ഫുഡ് അല്ലേ??അങ്ങിനെ പറഞ്ഞ ഫുഡ് നമ്മളെ കുറിച്ച് എന്ത് കരുതും!!
തേങ്ങായും മഞ്ഞളും ജീരകവും ചേർന്നുള്ള അരപ്പ് ചേർത്ത മുരിങ്ങ പൂവ് , കറിവേപ്പിലയും വറ്റൽ മുളകും കടുകും ഒക്കെ ഇട്ടു തോരൻ ആക്കിയതും, എണ്ണ മാങ്ങാ അച്ചാറും,മാങ്ങായും മുരിങ്ങക്കായും ഒക്കെ ഉള്ള ചക്കക്കുരുചാറും , ചമ്മന്തി പൊടിയും, മുരിങ്ങക്ക 3 ഇഞ്ചു നീളത്തിൽ മുറിച്ചിട്ട് മസാല ഒക്കെ ഇട്ടുണ്ടാക്കിയ മെഴുക്ക് പുരട്ടി.
ഈ കൊറോണ കാലത്ത് മുരിങ്ങക്ക തിന്നിട്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ എന്ന ചിന്ത വന്നു എങ്കിലും പാടത്തിറങ്ങിയ പന്നിയെ പോലെ
മൂക്കറ്റം തിന്നു വന്ന ഉടൻ പ്രപഞ്ച ജാതകവായന തുടർന്നു.
കോസ്മിക്ക് കലണ്ടർ:
ഒരു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടായി എങ്കിൽ അടുത്ത ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക്, പ്രപഞ്ചം ഇന്നത്തെ കോലത്തിൽ എത്തുന്നു.അതായത്,പ്രപഞ്ച ചരിത്രം 1 വർഷത്തെ കഥകളായി ചുരുക്കി പറയുക ആണ് "കോസ്മിക്ക് കലണ്ടർ" എന്ന പ്രപഞ്ചത്തിൻ്റെ കുഞ്ഞിജാതകം ചെയ്യുന്നത്.
**************
കുഞ്ഞി ജാതകമനുസരിച്ച് ഒരു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് ഓലപ്പടക്കം പൊട്ടുന്ന പോലെ ബിഗ്ബാങ്.
ഭും !!
അത്ര തന്നെ!!
പിന്നെ കുറച്ചു നാളത്തേയ്ക്ക് അനക്കം ഒന്നും ഇല്ല. തലവഴി പുതപ്പും പുതച്ചു ദൈവം കൂർക്കം വലിച്ചുറങ്ങി.
വാർഷിക കണക്കെടുപ്പിനു മുന്നേ, മുള്ളാൻ മുട്ടി ഉറക്കമുണർന്ന ദൈവം മാർച്ച് 15 നു "മിൽക്കി വേ" എന്ന ക്ഷീര പഥം ഉണ്ടാക്കിയ ശേഷം പിന്നെയും കൂർക്കം വലി തുടർന്നു.
സെപ്റ്റംബർ 14 നോടടുത്താണ് കട്ട കരച്ചിലോടെ കൊച്ചു ഭൂമി പിറന്നുവീണത്.ജനിച്ചപ്പോ കരഞ്ഞുണ്ടാക്കിയ കണ്ണീര് പിന്നീട് എന്നോ കടൽ ആയി മാറി!!
പിന്നെയും ഏകദേശം പത്ത് ദിവസങ്ങൾ കഴിഞ്ഞു സെപ്റ്റംബർ 24 നോടടുത്ത് ഭൂമിയിൽ ജീവൻ്റെ ആദ്യ കണമായ പ്രോകാരിയോട്ട് എന്നറിയപ്പെടുന്ന ഏക കോശ ജീവി ഉടലെടുത്തു.
മനുഷ്യന് ഏറ്റവും താല്പര്യമുള്ളതിൽ ഒന്നായ "സെക്സ്" നവംബർ 1 നു തന്നെ ദൈവം പായ്ക്കറ്റിൽ ആക്കിയത് ഒരു പക്ഷെ അതുപോലൊരു നവംബർ 1 ന് പാവയ്ക്ക പോലുള്ള കേരളം പിറവിയെടുക്കും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയായിരിക്കും!!
പിന്നെയും 10 ദിവസം കഴിഞ്ഞാണ് പ്രോകാരിയോട്ടുകളിൽ ന്യൂക്ലിയസുകൾ സൃഷ്ടിക്കപ്പെട്ടു അവ യൂക്കാരിയോട്ടുകൾ ആയി മാറുന്നത്.കോശങ്ങളിൽ മർമം വയ്ക്കുന്നതിന് മുന്നേ തന്നെ സെക്സ് ഉണ്ടാക്കിയത് ദൈവത്തിൻ്റെ കള്ളത്തരം തന്നെ !!
ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേക്കും ദൈവത്തിൻ്റെ പെണ്ണുമ്പിള്ള പ്രാതൽ വലിച്ചു വാരി വിളമ്പി.അത് വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടു ദൈവം ഉഷാർ ആയി വന്നപ്പോളേയ്ക്കു ഡിസംബർ 1.
അതായത് കൊല്ലത്തിലെ അവസാന മാസം!!
അതിൻ്റെ ആദ്യ ദിവസം ഓക്സിജൻ ഉണ്ടാകുന്നു.ഡിസംബർ 5 നു ബഹുകോശ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 14 നു കടലിനടിയിലെ ലളിതമായ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 18 നു മത്സ്യങ്ങളും ഉഭയ ജീവികളുടെ പൂർവികരും ഉണ്ടാകുന്നു.ഡിസംബർ 20 നു കരയിൽ സസ്യങ്ങളും 21 നു ചെറു പ്രാണികളും ഇന്നത്തെ ഇൻസെക്ടുകളുടെ പൂർവികരും 22 നു ഉഭയ ജീവികളും 23 നു ഉരഗങ്ങളും ഉണ്ടാകുന്നു.
ഡിസംബർ 25 നു (ഇന്നത്തെ ക്രിസ്മസ് ദിനം) ആണ് ദിനോസറുകൾ ഉണ്ടാകുന്നത്.മൂന്നു നാല് ദിവസം ഭൂമി അടക്കി ഭരിപ്പിച്ച ശേഷം ദിനോസറുകളെ ദൈവം തിരികെ വിളിക്കുന്നു.അതിനിടയിൽ ഡിസംബർ 27 നു പക്ഷികളും ഡിസംബർ 28 ന് ചെടികളിൽ പൂക്കളും ഉണ്ടായി.
മനുഷ്യൻ്റെ കാര്യം ദൈവം ആലോചിച്ചിട്ട് പോലും ഇല്ല.എങ്ങനെ ആലോചിക്കും, ദിനോസറുകൾ ചത്തൊടുങ്ങിയിട്ടു വേണ്ടേ മനുഷ്യനെ പഞ്ച് മ്യൂസിക്കോടെ അവതരിപ്പിക്കാൻ!!
അങ്ങിനെ ഡിസംബർ 29 ന് ദിനോസറുകൾ ഫോസിലുകൾ ആകുന്നു.
ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകും എന്ന അവസരം മുതലെടുത്ത് ഡിസംബർ 30 നു എല്ലാ ഹോമിഡുകളുടെയും പൂർവികർ ആയ പ്രൈമേറ്റുകളുടെ ബീറ്റ വേർഷൻ ദൈവം പുറത്ത് വിട്ടു.
ഡിസംബർ 31 നു രാവിലെ 6 നു ശേഷം ape ഉണ്ടാകുന്നു.ഉച്ചയ്ക്ക് 2.30 നു അടുത്ത് "ഹോമിനിഡ്" എന്ന മനുഷ്യൻ്റെയും,ചിമ്പാന്സിയുടെയും ഒക്കെ പൊതു ഗ്രൂപ്പിന്റെ പൂർവികർ ഉണ്ടായി.രാത്രി 10.15നു ആദ്യത്തെ ആൾകുരങ്ങുണ്ടാകുന്നു.10.24 നു മനുഷ്യൻ്റെ പൂർവികർ ആയ "ഹോമോ എറക്റ്റസ്" ഉണ്ടായി. 11 മണിയോടടുത്ത് കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നു.11.44 നു തീയുടെ ഉപയോഗം കണ്ടുപിടിക്കുന്നു.സമയം ഡിസംബർ 31 രാത്രി 11.50 ദേ ഇനി വെറും 10 മിനിറ്റ് മാത്രം !! ദൈവം ഇപ്പോളും മനുഷ്യനെ ഉണ്ടാക്കി വിട്ടിട്ടില്ല.ദൈവത്തെ നോക്കി ദൈവി മടിയൻ എന്ന ഭാവത്തിൽ ഒന്ന് ഇളിച്ചു.
അതു കണ്ട പുള്ളി കുറച്ചു നേരം ആലോചിച്ചു.
മൂക്ക് ചൊറിഞ്ഞു!!
ചെവി ചൊറിഞ്ഞു!!
തല ചൊറിഞ്ഞു...!!
അങ്ങിനെ കുറച്ചു നേരം "ചൊറിയാൻ പറ്റുന്നതൊക്കെ" ചൊറിഞ്ഞു!!
ഒടുവിൽ രണ്ടും കൽപ്പിച്ച്... മൂട്ടിലെ പൊടിയും തട്ടി എണീറ്റു.
എന്നിട്ടു,
"മിന്നിച്ചേക്കണേ ....." എന്ന് പറഞ്ഞു എന്തോ ഒരു ഗോഷ്ടി കാണിച്ചിട്ട് പൊടിയും പാറിച്ചു പുള്ളി മുങ്ങി.
പൊടി അടങ്ങിയപ്പോ രാത്രി 11.52.
നോക്കുമ്പോൾ കോന്ത്രപ്പല്ലും കാണിച്ച് ഇളിച്ചുകൊണ്ട് ദേ... നിൽക്കുന്നു ആധുനിക മനുഷ്യൻ!!
***************
കലണ്ടർ അവസാനിക്കാൻ വെറും 8 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ പൊട്ടിമുളച്ചവൻ്റെ "സകല ചരിത്രങ്ങളും ഈ 8 മിനിറ്റിൽ ഒതുങ്ങുന്നു" എന്ന് പോലും പറയാൻ പറ്റില്ല.കാരണം ഇന്നത്തെ മനുഷ്യൻ്റെ അറിയാവുന്ന ചരിത്രം വെറും "പതിനായിരം" കൊല്ലത്തെ മാത്രം ആണ്.കുഞ്ഞി ജാതകത്തിലെ 8 മിനിറ്റ് യഥാർത്ഥ ജാതകത്തിലെ 2 ലക്ഷത്തി പതിനായിരം വർഷങ്ങൾക്ക് തുല്യം ആണ്.
ആധുനിക മനുഷ്യൻ്റെ സർവത്ര ദൈവങ്ങളും, മതങ്ങളും, ഐതീഹ്യങ്ങളും ശാസ്ത്രജ്ഞരും പ്രശസ്തരും ആയ എല്ലാം വരുന്നത് അവസാന 8 മിനിറ്റിൽ ആണ്.എന്നിട്ടും "ഈ പ്രപഞ്ചം മനുഷ്യന് വേണ്ടി ഉണ്ടാക്കിയത് ആണ്" എന്ന് കേമത്തം പറയുന്നവർ ധാരാളം!!
എഴുത്ത് കണ്ടുപിടിക്കുന്നത് അവസാനത്തെ 13 സെക്കന്റിലും, വേദങ്ങളും, ബുദ്ധനും റോമാ സാമ്രാജ്യവും അശോകനും ഒക്കെ അവസാന 6 സെക്കന്റിലും,ആധുനിക ശാസ്ത്രവും, ആകെ മൊത്തം ടോട്ടൽ വിപ്ലവങ്ങളും യുദ്ധങ്ങളും ഒക്കെ സംഭവിച്ചത് അവസാന 1 സെക്കന്റിനുള്ളിലും ആണെന്ന് മനസ്സിലാക്കുമ്പോൾ ആണ് പ്രപഞ്ച ചരിത്രത്തിൽ മനുഷ്യൻ എത്ര ചെറുതാണ് എന്ന് തിരിച്ചറിയുക!!
ആ തിരിച്ചറിവിനു അൽപ്പം കൂടി വ്യക്തത വരുത്തുവാൻ വേണ്ടി മാത്രം 13ലക്ഷം കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള(Diameter) സൂര്യനെ ഒരു ഫുട്‍ ബോളായി കരുതുക.
എങ്കിൽ....,
ബുധൻ(Mercury) = 13 മീറ്റർ അകലെ കിടക്കുന്ന ഒരു മണൽത്തരി !!
ശുക്രൻ(Venus) = 25 മീറ്റർ അകലെ ഉള്ള ഒരു കുന്നിക്കുരു.
ഭൂമി(Earth) = 34 മീറ്റർ അകലെ ഉള്ള മറ്റൊരു കുന്നിക്കുരു.
ചൊവ്വ(Mars) = 54 മീറ്റർ അകലെ ഉള്ള ചെറിയൊരു കുന്നിക്കുരു.
വ്യാഴം(Jupiter) = 180 മീറ്റർ അകലെ ഉള്ള ഒരു പേരയ്ക്ക.
ശനി(Saturn) = 320 മീറ്റർ അകലെ ഉള്ള ഒരു ചെറിയ പേരയ്ക്ക
യുറാനസ്സ്(Uranus) = 650 മീറ്റർ അകലെ ഉള്ള ഒരു ഗോട്ടി
നെപ്ട്യൂൺ(Neptune) = 1 കിലോമീറ്റർ അകലെ ഉള്ള മറ്റൊരു ഗോട്ടി
ഈ ഫുട്‍ബോൾ വലുപ്പ കണക്ക് വച്ച് നോക്കിയാൽ സൂര്യൻ്റെ ഏറ്റവും അടുത്ത നക്ഷത്രം ആയ പ്രോക്സിമ സെന്റൂറി 8000 കിലോമീറ്റർ അകലെ ആകും.
നമ്മുടെ "മിൽക്കി വേ" യ്ക്ക് ഒരു ആളുടെ വലുപ്പമേ ഉള്ളൂ എങ്കിൽ നമ്മുടെ സൗരയൂഥത്തിന് ഒരു ആറ്റത്തിൻ്റെ വലുപ്പമേ കാണുകയുള്ളു!!
1990 ൽ വോയേജർ-1 അതിൻ്റെ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ തുറിച്ചു നോക്കിയാൽ പോലും നമ്മുടെ കൊച്ചു ഭൂമി കണ്ടുപിടിക്കാൻ എളുപ്പം അല്ല.അപ്പോൾ ആണ് അതിൻ്റെ ഉള്ളിൽ "അവനവൻ്റെ" എന്നുപറഞ്ഞു മതിലുകെട്ടി തിരിച്ചും, മതത്തിന്റെയും ദൈവങ്ങളുടേയും വര്ണത്തിന്റേയും ഒക്കെ പേരിൽ ഈഗോ കെട്ടിപ്പൊക്കി അതിന് മുകളിൽ കിടന്നുറങ്ങുന്ന മനുഷ്യനെ!!
തലയ്ക്ക് മുകളിൽ ഒരു ഡ്രോൺ 500 മീറ്റർ ഉയരത്തിൽ പറത്തിയാൽ, ആ ക്യാമറയിൽ പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര ചെറുതാണ് ദൈവത്തിൻ്റെ ശ്രേഷ്ഠ സൃഷ്ടി ആയി അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ്റെ വ്യക്തിത്വം.
നമ്മുടെ പ്രപഞ്ചൻ്റെ ആയുസ്സിൻ്റെ 42% മാത്രമേ നമ്മുടെ ഭൂമി കണ്ടിട്ടുള്ളു.മനുഷ്യനും അവൻ്റെ സൃഷ്ടികൾ ആയ മതങ്ങളും അവയുടെ ദൈവങ്ങളും എല്ലാം ചേർന്ന് കണ്ടിട്ടുള്ളത് വെറും 0.00125% പോലുമില്ല!!
"കോസ്മിക് കലണ്ടർ" പ്രകാരം, വെറും 8 മിനിറ്റുകൾ മാത്രം ജീവിച്ച പെരുമയിൽ പ്രപഞ്ച ജേതാവ് ആയി അഹങ്കരിക്കുന്ന മനുഷ്യന് മുന്നിൽ 5 ദിവസം രാജാക്കന്മാർ ആയി ജീവിച്ച ദിനോസറുകൾ പോലും അവശേഷിപ്പിച്ചത് ഫോസിലുകൾ മാത്രം ആണ്.പ്രപഞ്ച ചരിത്രം നോക്കിയാൽ "പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വംശനാശങ്ങൾ സമയാസമയങ്ങളിൽ നടക്കുന്നുണ്ട് എന്ന സത്യം മറച്ചുവയ്ക്കാനാവില്ല.
ഭൂമിയുടെ ഉത്പത്തി മുതൽ ഉള്ള കലണ്ടർ:
- ജനുവരി 6, 14:46 -ചന്ദ്രൻ രൂപപ്പെടുന്നു
- ജനുവരി 29, 01:50 - സമുദ്രങ്ങൾ രൂപം കൊള്ളുന്നു
- ഏപ്രിൽ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
- ജൂൺ 6, 10:17 – പ്രാധമിക കോശങ്ങൾ (പ്രോകാര്യോസൈറ്റ്സ്)
- ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങൾ രൂപപ്പെടുന്നു
- ഒക്ടോബർ 12, 18:43 - പൂപ്പലുകൾ
- ഒക്ടോബർ 20, 19:15 – ബഹു കോശ ജീവികൾ
- നവമ്പർ 5, 20:18 – സമുദ്രസസ്യങ്ങൾ
- നവമ്പർ 23, 11:52 – നട്ടെല്ലുള്ള ജീവികൾ, മത്സ്യങ്ങൾ
- നവമ്പർ 27, 04:25 – കര സസ്യങ്ങൾ
- നവമ്പർ 25, 21:37 - കര ജീവികൾ - ആർത്രോപോഡ്സ്
- ഡിസംബർ 1, 23:59 – നാലുകാലുള്ള ജീവികൾ.
- ഡിസംബർ 1, 23:59 – ഞണ്ടുകൾ, പന്നൽ ചെടികൾ
- ഡിസംബർ 3, 22:09 - സ്രാവുകൾ
- ഡിസംബർ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
- ഡിസംബർ 14, 18:04 - സസ്തനികൾ
- ഡിസംബർ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
- ഡിസംബർ 17, പാൻജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
- ഡിസംബർ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആർക്കിയോപ്ടെറിക്സ്
- ഡിസംബർ 21, 09:51 - പുഷ്പിക്കുന്ന സസ്യങ്ങൾ (ആൻജിയോസ്പേം )
- ഡിസംബർ 26, 13:04 – റ്റൈറനോസറസ് റെക്സ്
- ഡിസംബർ 26, 18:51 - ഡിനോസറുകൾ ഉൾമൂലനം ചെയ്യപ്പെടുന്നു.
- ഡിസംബർ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂർവ്വികൻ
- ഡിസംബർ 29 , 23:52 – മാനുകളുടെ പൂർവ്വികർ
- ഡിസംബർ 31, 12:26:54 – മനുഷ്യൻ, ചിമ്പൻസി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂർവ്വികൻ
- ഡിസംബർ 31, 18:03:58 - മാമത്തുകൾ
- ഡിസംബർ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
- ഡിസംബർ 31, 22:27:36 - ഹോമോകൾ തീ ഉപയോഗിക്കാൻ പഠിക്കുന്നു.
- ഡിസംബർ 31, 23:19:34 – നിയാണ്ടർത്താളുകളുടെ ഉത്പത്തി.
- ഡിസംബർ 31, 23:36:54 – ഹോമോ സാപ്പിയൻസ് (മനുഷ്യൻ)
- ഡിസംബർ 31, 23:57:06 – നിയാണ്ടർത്താളുകളുടെ അന്ത്യം.
- ഡിസംബർ 31, 23:58:16 – മാമത്തുകൾക്ക് വംശനാശം
- ഡിസംബർ 31, 23:58:50 - മനുഷ്യൻ കൃഷി വശമാക്കുന്നു
- ഡിസംബർ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
- ഡിസംബർ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യൻ കലണ്ടർ
- ഡിസംബർ 31, 23:59:18 - സുമേരിയൻ കുനിഫോം , ആദ്യ എഴുത്ത്
- ഡിസംബർ 31, 23:59:24 – പിത്തള യുഗം
- ഡിസംബർ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
- ഡിസംബർ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
- ഡിസംബർ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റിൽ .
- ഡിസംബർ 31, 23:59:28 – മായൻ, ഹാരപ്പൻ സംസ്കൃതി. ഗിസായിലെ പിരമിഡ് നിർമ്മാണം ആരംഭിക്കുന്നു.
- ഡിസംബർ 31, 23:59:36 – ഋഗ് വേദം
- ഡിസംബർ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
- ഡിസംബർ 31, 23:59:42 – പേർഷ്യൻ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
- ഡിസംബർ 31, 23:59:42 - ബുദ്ധൻ, കൺഫൂഷ്യസ്, മഹാവീരൻ
- ഡിസംബർ 31, 23:59:44 - ചേരരാജവംശം
- ഡിസംബർ 31, 23:59:46 - ചോള രാജവംശം
- ഡിസംബർ 31, 23:59:46 – ക്രിസ്തുവർഷാരംഭം, ക്രിസ്തു
- ഡിസംബർ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
- ഡിസംബർ 31, 23:59:50 – മുഹമ്മദ്
- ഡിസംബർ 31, 23:59:56 - ഗുട്ടൻ ബർഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
- ഡിസംബർ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തിൽ എത്തുന്നു.
- ഡിസംബർ 31, 23:59:57 – മൊണാലിസ
- ഡിസംബർ 31, 23:59:58 – ടാജ് മഹൽ
- ഡിസംബർ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
- ഡിസംബർ 31, 23:59:58.4 - അമേരിക്കൻ സ്വാതന്ത്ര്യം
- ഡിസംബർ 31, 23:59:58.43 - അമേരിക്കൻ വിപ്ളവം
- ഡിസംബർ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
- ഡിസംബർ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
- ഡിസംബർ 31, 23:59:58.96 – ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
- ഡിസംബർ 31, 23:59:58.97 - അമേരിക്കൻ സിവിൽ യുദ്ധം
- ഡിസംബർ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
- ഡിസംബർ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
- ഡിസംബർ 31, 23:59:59.35 - റഷ്യൻ വിപ്ളവം
- ഡിസംബർ 31, 23:59:59.44 - പെൻസിലിൻ കണ്ടു പിടിക്കുന്നു.
- ഡിസംബർ 31, 23:59:59.47 – അഡോൾഫ് ഹിറ്റ്‌ലർ ജർമ്മൻ ചാൻസലറായി അധികാരമേൽക്കുന്നു.
- ഡിസംബർ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
- ഡിസംബർ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
- ഡിസംബർ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
- ഡിസംബർ 31, 23:59:59.72 - മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു.
- ഡിസംബർ 31, 23:59:59.94 – 9/11 ആക്രമണം.
മനുഷ്യനും, മനുഷ്യൻ്റെ സൃഷ്ടികൾ ആയ സകല ദൈവങ്ങളും കൂട്ടാളികളും, മത രാഷ്ട്രീയ വേർതിരിവില്ലാതെ, കോവിഡ്-19 എന്ന കുഞ്ഞൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച കണ്ടു "പ്രപഞ്ച സൃഷ്ടിയുടെ പിന്നിൽ ഉള്ള ദൈവം" പൊട്ടി ചിരിച്ചുകൊണ്ട്.... ദൈവി വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മോന്തിയ ശേഷം,കിട്ടിയ സ്ഥലത്ത് ചുരുണ്ടുകൂടി കൂർക്കം വലി തുടങ്ങി!!
Monday, 27 April 2020
മഹാമാരികൾ!!
രേഖപ്പെടുത്തിയ മനുഷ്യ ചരിത്രത്തില്‍ അന്റോണിയന്‍ പ്ലേഗ് എന്ന് അറിയപ്പെട്ടിരുന്ന "ഗാലന്‍ പ്ലേഗ്" ആണ് മഹാമാരികളുടെ മുതുമുത്തശ്ശൻ!!. റോമാ സാമ്രാജ്യത്തില്‍ എ.ഡി 165 -180 കാലഘട്ടത്തിൽ ആണ് ഇത് പടർന്നത്.അൻപത് ലക്ഷത്തോളം ആളുകൾ മരിച്ചു എന്നാണ് കണക്കുകൾ!!
എ.ഡി 541 അന്നത്തെ ലോക ജനസംഖ്യയുടെ ഏകദേശം പകുതിയോളം ആളുകളെ തുടച്ചു നീക്കിയ, മഹാമാരിളുടെ വരവിലെ രണ്ടാമനായി എത്തിയ "ജസ്റ്റീനിയൻ പ്ലെഗ്" ബൈസെറ്റൈൻ സാമ്രാജ്യ തലസ്ഥാന നഗരിയായ കോൺസ്റ്റാന്റി നേപ്പിളിൽ ആണ് ഉടലെടുത്തത്.അതുകൊണ്ടാണ് ബൈസെറ്റൈൻ ചക്രവർത്തിയുടെ പേരിൽ തന്നെ ഇവൻ അറിയപ്പെട്ടത്.ഏഷ്യ,യൂറോപ്പ്, അറേബ്യാ,ഉത്തരാഫ്രിക്ക തുടങ്ങിയവയിലേക്കും കൂടി പടർന്നു കയറിയ ഈ പ്ലെഗ് മൂലം ഏകദേശം അഞ്ചുകോടി ജനങ്ങൾ മരിച്ചു വീണു.
എ.ഡി 735 -737 കാലഘട്ടത്തിലെ ജപ്പാൻ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ കൊന്നൊടുക്കിയ "ജപ്പാൻ വസൂരി" മൂലം ജപ്പാന്റെ വിവിധമേഖലകളിൽ ആയി ഏകദേശം പത്ത് ലക്ഷം ജനങ്ങൾ മരണത്തിന് കീഴടങ്ങി.
എ.ഡി 1346-1351 കാലത്ത് ഏഷ്യ യിൽ നിന്നും തുടങ്ങിയ "പ്ലെഗ്" വ്യാപനം 4 കൊല്ലം കൊണ്ട് 20കോടിയോളം ആളുകളെ കൊന്നൊടുക്കി കറുത്ത മരണം ആയി മാറുകയുണ്ടായി.1347 ൽ ഇറ്റാലിയൻ തുറമുഖമായ മെസ്സിനയിൽ 12 കപ്പലുകളിലായി എത്തിയ നവീകരിൽ നിന്നുമാണ് യൂറോപ്പിൽ രോഗം പടർന്നത് എന്നാണ് വിശ്വസിക്കുന്നത്.
എ.ഡി 1846-1860 ൽ പത്ത് ലക്ഷം ജനങ്ങൾ മരിച്ച "കോളറ" പൊട്ടിപ്പുറപ്പെട്ടത് നമ്മുടെ ഇന്ത്യയിൽ നിന്നും ആണ്.
എ.ഡി 1855 ൽ മഹാമാരി ആയി മൂന്നാമതും "പ്ലെഗ്" പടർന്നപ്പോൾ അതിന്റെ ഉല്ഭവ സ്ഥാനം ചൈനയിലെ യുനാൻ ആയിരുന്നു.ഒന്നരകോടി ജനങ്ങൾ അന്ന് ലൊകമെമ്പാടും ആയി മരണത്തിനു കീഴങ്ങി.
എ.ഡി 1889-1890 കാലത്ത് റഷ്യയിൽ തുടങ്ങിയ, "റഷ്യൻ ഫ്ലൂ", "ഏഷ്യാറ്റിക്ക് ഫ്ലൂ" എന്നൊക്കെ അറിയപ്പെട്ടിരുന്ന,ഏകദേശം പത്തുലക്ഷം ആളുകൾ മരിക്കാൻ കാരണമായ ഈ പകർച്ചപ്പനി ആയിരുന്നു 19 ആം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി.
ഒന്നാം ലോകയുദ്ധത്തിൻ്റെ കെടുതികൾക്ക് ഒപ്പം 1918 ൽ പൊട്ടിപ്പുറപ്പെട്ടു 50 കോടിയിലേറെ പേരെ ബാധിച്ച "സ്പാനിഷ് ഫ്ലൂ" എന്നറിയപ്പെട്ട ഈ മഹാമാരിയിൽ ഇന്ത്യയിൽ മാത്രം 2 കോടിയിലേറെ പേരെ മരണത്തിനിരയാക്കി.ലോകത്താകമാനം പത്ത് കോടിയിൽ കൂടുതൽ മരണങ്ങളുണ്ടായി.
പിന്നീടാണ് മഹാമാരികളിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഭീമൻ ആയി ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏകദേശം അമ്പതുകോടി യിൽ അധികം ജനങ്ങളെ കൊന്നൊടുക്കിയ "വസ്സൂരി" അഥവാ "സ്‌മോൾ പോക്സ്" പടർന്നു പിടിക്കുന്നത്.പല നൂറ്റാണ്ടുകളിൽ ആയി എണ്ണമറ്റ രീതിയിൽ ജനങ്ങളെ കൊന്നൊടുക്കിയ വസ്സൂരിക്ക് ഏകദേശം മൂവായിരം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
1981 ൽ അമേരിക്കയിലെ സ്വവര്ഗാനുരാഗികൾക്കിടയിൽ ആദ്യമായി "എച്ച്.ഐ.വി" മൂലം ഉണ്ടാകുന്ന "എയ്ഡ്സ്" ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏകദേശം മൂന്നര കോടി ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങാൻ കാരണമായ ഈ വയറസ്സ് 1920 ൽ, ആഫ്രിക്കയിലെ ചിമ്പാന്സികളിൽ നിന്നും ആണ് രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. ഏകദേശം നാല് കോടി ജനങ്ങൾ ഈ വയറസ്സ് ബാധയുമായി ജീവിക്കുന്നു എന്നാണ് കണക്കുകൾ.
2014-2016 ൽ "എബോള" മൂലം പതിനൊന്നായിരത്തിൽ അധികം ആളുകൾ മരിച്ചു.1976 ൽ "ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ" യിലെ എബോള നദിയ്ക്ക് അടുത്ത് ഈ വയറസ്സ് ആദ്യമായി കണ്ടെത്തിയതിനാൽ ആണ് ആ പേര് വരാൻ കാരണം.
2009-2019 വർഷങ്ങളിൽ ആയി രണ്ടുലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഈ നൂറ്റാണ്ടിലെ ഇപ്പോളും തുടരുന്ന മഹാമാരി ആയ "എച്ച്1 എൻ1" ആദ്യമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്.
നൂറ്റാണ്ടിൻ്റെ മഹാമാരി ആയി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മാറിയ "കോവിഡ്-19" എന്ന കൊച്ചു വയറസ്സ് പരത്തിയ "കൊറോണ", 2020 ൽ ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ലോകം മുഴുവൻ അടച്ചിടലിൻ്റെ പാതയിലേക്ക് കൊണ്ടുവന്ന ഈ കുഞ്ഞൻ, 2 മാസം കൊണ്ട് തന്നെ രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊന്നൊടുക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൂമിയെക്കാൾ വലുതായി മനുഷ്യന്റെ ഈഗോ വളരുമ്പോൾ അവയ്‌ക്കെതിരെ കണ്ണിൽ കാണാൻ പോലും പറ്റാത്ത അത്ര കുഞ്ഞു അണുക്കളാൽ, മനുഷ്യന്റെ അഹങ്കാരത്തിന്മേൽ ഇനിയും പല രൂപത്തിൽ, പല പേരുകളിൽ മഹാമാരികൾ അവരുടെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.
Thursday, 23 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!
മത്സ്യത്തൊഴിലാളി!!*
പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.
ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!
മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!
Friday, 17 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!
കൊറോണ കാലത്തെ ദിനങ്ങൾ -4 !!
ലോക്ക് ഡൗണിൽ ചക്ക വേണേൽ സ്വന്തം വീട്ടിൽ "ചക്കമരം" വേണം.വീട്ടിൽ ആകെ ഉള്ള പ്ലാവ് ആണേൽ, ഗ്രോ ബാഗിൽ നിന്നും മണ്ണിലേക്ക് ഉള്ള സ്ഥലമാറ്റത്തിനായി മഴക്കാലം കാത്ത് മേപ്പോട്ടു നോക്കി ഇരിപ്പും."ചക്ക ഫാക്റ്ററി" താൻ ആണെന്ന് പോലും ഒരുപക്ഷേ ആ പാവത്തിന് അറിയാൻ വഴിയില്ല!!
അടുത്ത വീട്ടിലെ ഭ്രാന്തൻ കണാരന്റെ കണ്ണുവെട്ടിച്ചു 2 ചക്ക, ചാക്കിൽ കടത്തി പാതി ദൂരം എത്തിച്ചു തന്നു.
വാഴയിലയിൽ നിന്നും തോണ്ടിയെടുത്ത്, അതിനുള്ളിൽ ഒരു കുഞ്ഞു ഉണക്കമീൻ ഒളിപ്പിച്ചു അച്ചാറിൽ മുക്കിയ ഒരു പിടി ചക്കപ്പുഴുക്ക് നിനക്കായി ഞാനിതാ കൂടുതൽ കഴിക്കുന്നു!!
Monday, 13 April 2020
കൊറോണ കാലത്തെ ദിനങ്ങൾ -3 !!
കുളി സീൻ!!
പതിവ് പോലെ നിളയിൽ കുളിക്കാൻ ചെന്നപ്പോൾ, തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്നും ചില സീൽക്കാരങ്ങൾ!!
ചെന്ന് നോക്കിയപ്പോ കിടിലൻ സീൻ.
ജോണികുട്ടിയും ലീലയും തമ്മിൽ!!😳😳
അത് കണ്ടു സഹിക്ക വയ്യാതെ സദാചാര പോലീസ് ചമഞ്ഞു ബഹളം വച്ച അസീസിനിട്ടു ജോണിക്കുട്ടി കൊടുത്ത പണിയിൽ അസീസ് ഫുൾ ആയി സീൻ വിട്ടോടി!!
പണ്ടേ ഗുണ്ട ആയ ജോണികുട്ടിയെ പേടിച്ചു കുളിച്ചു എന്നു വരുത്തി തിരികെ നടക്കുമ്പോൾ.."നാളെ മുതൽ രാത്രി ആകും മുന്നേ കുളിക്കണം" എന്ന് ഉറച്ചു തീരുമാനിച്ചു.
അങ്ങകലെ എവിടെയോ അസീസ്ന്റെ ഞരക്കത്തിലൂടെ പുറത്തു കടന്ന പ്രാണൻ കാറ്റിൽ ചേർന്നലിഞ്ഞുകാണും.പാവം!!
*********
പിൻകുറിപ്പ്:ജോണികുട്ടിയും ലീലയും പ്രണയ ജോഡികളായ മൂർഖൻസ്സ് ആണ്!!
Thursday, 9 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-3 !!
ആരും കാണാതെ 60 ഒഴിക്കാൻ ശ്രമം തുടങ്ങിയ നേരത്തുള്ള, എന്‍റെ "റോസ്സചരിത"ത്തിന്‍റെ ഒടുക്കം മാത്രം ശ്രദ്ധിച്ച രാഘവമാമ പെട്ടെന്ന് ഞെട്ടിയതോടെ തറമുഴുവൻ ഫ്ലോർ സാനിറ്റൈസർ പരന്നു... ഒപ്പം "യ്യോ..." എന്ന നെഞ്ചു തകർന്നുള്ള ഒരു കരച്ചിലും!!
Wednesday, 8 April 2020
Expectations !!
അതായത് ബാലാ....
നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മറ്റുള്ളവർ പെരുമാറും,നമ്മുടെ മനസ്സറിഞ്ഞു മറ്റുള്ളവർ പ്രവർത്തിക്കും,നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണ്..തുടങ്ങി കൊറോണ നമ്മളെ ബാധിക്കില്ല എന്ന് വരെയുള്ള expectations!!
ഈ വാക്ക് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ "ഡിപ്രെഷൻ" എന്ന വാക്കിനു ഒരർത്ഥവും ഇല്ലാതായി പോയേനെ !!
സത്യം!!
Sunday, 5 April 2020
പ്രതികാരം !!
Saturday, 4 April 2020
കൊറോണ കാലത്തെ ദിനങ്ങൾ -2 !!
അനാവശ്യമായി ഇറങ്ങുന്നവരെ പൊക്കാൻ പോലീസ് ഇറങ്ങിയിട്ടുണ്ട്.അതിനാൽ മറ്റൊരു വഴി വീട്ടിലേയ്ക്ക് മടങ്ങി.വളഞ്ഞു പുളഞ്ഞ ഒരിറക്കം തുടങ്ങിയപ്പോ എവിടുന്നോ ഒരു ജീപ്പ് വരുന്നത് മിററിൽ കൂടി കണ്ടു.
വണ്ടി പാളി....
എങ്ങിനെയോ വണ്ടി നിർത്തിയ ഞാൻ വെടി കൊണ്ട മുറിവ് തപ്പിക്കൊണ്ടിരിക്കുമ്പോൾ അച്ഛന്റെ വക ആക്രോശം കേട്ടു.
"പല വട്ടം നിന്നോട് പറഞ്ഞു ടയർ മാറ്റണം എന്നു.വെടി തീർന്നപ്പോ സമാധാനം ആയോ? &@#$% "
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-2 !!
Friday, 3 April 2020
"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-1 !!
"ദേ ഒരു പൊതി"
"കൂടോത്രം ആകും.തൊടണ്ട"
"അവന്റെ കോപ്പിലെ കൂടോത്രം" എന്നു പറഞ്ഞു പൊതി എടുത്തോരേറു കൊടുത്തു.
Thursday, 2 April 2020
കൊറോണ കാലത്തെ ദിനങ്ങൾ -1 !!
ഇപ്പോൾ കിണർ കാണാൻ ഒരു വൃത്തി ഒക്കെ ഉണ്ട് ട്ടോ.
അങ്ങിനെ അനങ്ങാതെ വെള്ളത്തിന്റെ ഓളത്തിൽ പൊങ്ങിയും താഴ്ന്നും കിടന്നപ്പോൾ ആണ് വെള്ളത്തിനടിയിൽ ആയിരുന്ന ചെവികളിൽ ചീവീടു കരയുന്നത് കേട്ടത്.നമ്മുടെ രാത്രി കാലങ്ങളിൽ കേൾക്കുന്ന അതേ ശബ്ദം!!
Sunday, 8 September 2019
ബന്ധങ്ങൾ ബന്ധനങ്ങൾ!!
ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്.
Tuesday, 11 June 2019
സ്പെഷ്യൽ മരണം!!
സ്പെഷ്യൽ ആണ് താൻ, അതുകൊണ്ട് മരണവും സ്‌പെഷ്യൽ ആകണമെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളത്.
ഹൃദയം പറിച്ചു പുറം കാലിനടിച്ചു തെറിപ്പിക്കുക.പിന്നീട് ഹൃദയ സ്തംഭനം പേടിക്കണ്ടല്ലോ!!
തല മാത്രം ബാക്കി ആകുമ്പോൾ... ചെവികൾ, മൂക്ക്, കണ്ണുകൾ എന്നിവ ക്രമത്തിൽ അടർത്തി മാറ്റി നാക്ക് മാത്രം ബാക്കി വയ്ക്കുക. ശരീരത്തിലും നീളമുള്ള വലിയ നാക്ക് വളഞ്ഞു പുളഞ്ഞു ജീവിക്കട്ടെ!!
ലോകം ചുറ്റുവാൻ കാൽനടയായി തിരിക്കുക.ഭക്ഷണവും വെള്ളവും തൊട്ടു പോകരുത്.വിശക്കുമ്പോളും ദാഹിക്കുമ്പോളും നിർത്താതെ ഓടുക.
നാക്കരിഞ്ഞു മാറ്റുക.
തള്ളുവാൻ പറ്റാതെ... വീർപ്പ് മുട്ടി ഇഞ്ചിഞ്ചായി മരണം പടർന്നു കയറിക്കോളും.
നിലപാടുകളും ആശയങ്ങളും മുഴുവൻ എഴുതിവച്ചു ഉറക്കെ വായിക്കുക.വായിക്കുന്നത് റെക്കോർഡ് ചെയ്തു മുഴുവനായി കേൾക്കുക.ശ്വാസം മുട്ടിയാലും നിർത്തരുത്.....
ഒരു മുഴുത്ത പോത്തിനെ വെട്ടിയരിഞ്ഞു ബീഫ് ഫ്രൈ ഉണ്ടാക്കി ഒറ്റ ഇരിപ്പിന് മുളക് ബജി കൂട്ടി തിന്നുക.ദഹിക്കുവാനായി H2SO4 ഇടയ്ക്കിടെ കുടിക്കുക.
Thursday, 30 May 2019
ഈച്ചകൾ!!
Wednesday, 29 May 2019
മഴയെ സ്നേഹിച്ച പെണ്കുട്ടി നിനക്കായ്....
മഴയെ കൊതിച്ച പ്രീയ സഖീ ... ഇടംകണ്ണിൽ പടർന്ന വേദനയിലും കൺചിമ്മാതെ നീ കാത്തിരുന്ന മഴ പെയ്തത് പാണ്ടി നാട്ടിൽ അല്ല!!
സ്വപ്നങ്ങളുടെ ചിറകേറി നീ വന്നാൽ മഴ നനഞ്ഞു ഭാരത പുഴയിൽ പോയി മുങ്ങി കിടക്കാം.നദീതീരത്തെ കൽപ്പടവുകളുടെ വിടവുകളിലും, തീരത്ത് ഉള്ള തെങ്ങിൻ തോപ്പിലുമായി... കാപ്പിരി കാലുകൾ മടക്കി കൂട്ടമായിരിന്നു കിരും... കിറും വയ്ക്കുന്ന ചീവിടുകളുടെയും, കഴുത്തൊപ്പം വെള്ളത്തിൽ പൊങ്ങിയും താണും പോക്രോം പോക്രോം പാടുന്ന ഉണ്ടക്കണ്ണുള്ള തടിയൻ തവളകളുടെയും സംഗീതങ്ങൾ കൈകോർത്ത് നിൽക്കുന്ന മനോഹര കാഴ്ച കാണാം.
മഴകൂടാരത്തിന്റെ വാതായനങ്ങൾ താണ്ടി നിള ഒഴുകി നിറയും മുന്നേ നീ നിന്റെ സ്വപ്നങ്ങൾ തിരികെ എടുത്തുകൊൾക!!
ഞാനീ മഴയിൽ അലിഞ്ഞൊരു പുഴയായി നിളയിൽ ചേർന്നൊഴുകട്ടെ!!പുഴ ഒഴുകും വഴിയിലെ മഴയെല്ലാം എന്നിലേക്കാവാഹിച്ചു ഒരുനാൾ ഞാനും മഴയായ് പെയ്യും സഖി.
മഴ നനയാൻ കൊതിക്കുന്ന സഖിയുടെ ഇടം മൂക്കിലെ മൂക്കുത്തിയിൽ പിടിച്ചു വലിക്കുമ്പോൾ നീ അറിയാതെ പൊഴിയുന്ന തേങ്ങലുകൾ, മിന്നലിൽ ചേർത്ത് കാറ്റിന് നൽകുന്നൊരു നാളിൽ..... ചന്ദ്രനും ചന്ദ്രികയും ആരുമറിയാതെ നമ്മളെച്ചൊല്ലി പരസ്പരം നോക്കി കണ്ണടച്ച് ചിരിക്കുന്നുണ്ടാകും!!
Tuesday, 28 May 2019
വനവാസം !!
വിഷുദിനത്തിൽ ഒരു യാത്ര, അത് പതിവില്ലാത്തത് ആണ്.എങ്കിലും രാവിലെ തന്നെ വീട് വിട്ട് കാടേറുവാനായി തിരിക്കുമ്പോൾ അമ്മയുടെ കൈപ്പടയിൽ അച്ഛൻ രചിച്ചോരു പൊതിച്ചോറ് കൂടെ കരുതിയിരുന്നു.യാത്ര മദ്ധ്യേ വിരലിൽ എണ്ണാവുന്ന ചില കോളുകൾ മാത്രം.ഇടത്താവളമായി കിട്ടിയ സ്റ്റേഷനിൽ വച്ചു പൊതിച്ചോറ് അഴിച്ചു വിഷു സദ്യ ആയി ആസ്വദിച്ചു.ചെറിയൊരു വിശ്രമ ശേഷം യാത്ര തുടർന്നു. അവസാന സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ 4 മണി കഴിഞ്ഞിരുന്നു.
അഞ്ചു മണിയോടെ വനവാസ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു.
ഇനി ഉടുതുണിക്ക് മറുതുണി മാത്രം!!
ഈശ്വര!! ഉണ്ടായിരുന്ന കണ്ണുകൾ കൂടി ദേ മൂടി, ഇവരിനി "മൂക്കിൽ പഞ്ഞി വച്ചടയ്ക്കാൻ" പറയുമോ?? എന്ന സംശയം വീട്ടിലേയ്ക്കുള്ള വഴി ഓർമയിൽ പരതാൻ ഇടവരുത്തി.
"കേന്ദ്രത്തിൽ കയ്യും തിരുകി ചുരുണ്ടുറങ്ങുന്ന ആ കൂതറ പ്രഭയെ വിളിച്ചെണീപ്പിക്കാൻ എന്താ വഴി?"
"ഇന്ന് മഴ പെയ്യുമോ എന്തോ?മഴ കൂടി ഉണ്ടായിരുന്നേൽ തപസ്സ് ചെയ്യാൻ ഒരു പ്രത്യേക സുഖം ഉണ്ടായേനെ."
..
അങ്ങിനെ പലതും നടന്നു.ശ്വാസം മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ല!!
ഇത്തവണ ചിരിക്കാന്‍ ഉള്ള ഊഴം ബുദ്ധന്റെ ആയിരുന്നു.പുള്ളി എന്നെ നോക്കി പുച്ഛം ഇല്ലാതെ ഒന്ന് ചിരിച്ചില്ലേ എന്ന സംശയം തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ചെറുതായി തുറക്കാൻ തയ്യാറെടുത്തു.
"ഇരുട്ടല്ലേ ആരും കാണില്ലലോ" എന്ന് കരുതി അരകണ്ണ് മാത്രം തുറന്നു ചുറ്റിനും നോക്കി.എല്ലാരും കട്ട ധ്യാനം!! ആരും കാണാതെ പുറകിലെ ചുമരിലേയ്ക്ക് തിരിഞ്ഞു നോക്കി.6.30 ആയെങ്കിൽ ഇവിടുന്നു മുങ്ങി ഭോജന ശാലയിൽ പൊങ്ങാരുന്നു എന്ന് കരുതി നോക്കിയതാണ്.ചുമരിലെ പൊണ്ണൻ ക്ലോക്ക് അരണ്ട വെളിച്ചത്തിൽ 5 മണിക്ക് നേരെ കാലുകൾ കവച്ചു വച്ച് ഉറക്കം തൂങ്ങുന്ന കാഴ്ച കണ്ടപ്പോൾ ശരിക്കും ഞെട്ടി. ഈ തപോഭൂവിൽ സമയം പോലും മുന്നോട്ട് പോകാതെ കണ്ണടച്ചു ധ്യാനിച്ചിരിപ്പ് ആണല്ലോ എന്ന തിരിച്ചറിവ് പല തിരിച്ചറിവുകളുടെയും മുന്നോടി ആയിരുന്നു എന്ന് അപ്പോൾ മനസ്സിലായില്ല.
ശ്വാസം ശ്രദ്ധിക്കാൻ ഉറച്ച തീരുമാനമെടുത്തതുകൊണ്ട് കണ്ണുകൾ അടച്ചു മനസ്സിനെ ഏകാഗ്രമാക്കി.ഒന്നോ രണ്ടോ ശ്വാസം.അപ്പോളേക്കും മനസ്സ് ഓടി പോയി.ഓടിയ മനസ്സിനെ പുറകേ പോയി ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്നിരുത്തി വീണ്ടും തുടങ്ങി.സമയം അഞ്ചര ആയി... ആറായി ... ആറര ആയി.10 സെക്കൻഡ് പോലും ശ്വാസം ശ്രദ്ധിക്കാൻ മനസ്സ് സമ്മതിച്ചില്ല. ഫുൾ ടൈം ഓടിക്കൊണ്ടിരുന്നു.10 സെക്കൻഡ് പോലും മനസ്സിനെ പിടിച്ച് നിർത്താൻ പറ്റാത്ത വിഷമം ഭോജനശാലയിലെത്തി പള്ള നിറയെ തിന്നുകൊണ്ട് തല്ക്കാലം തീർത്തു.
ഇനി 3 മണിക്കൂർ ഒറ്റ തപസ്സ് ആണ്.
"ഈശ്വര ഞാനിതെങ്ങനെ സഹിക്കും??"
ശ്വാസം ശ്രദ്ധിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു.പക്ഷെ അതൊഴികെ ബാക്കി എല്ലാം ശ്രദ്ധയിൽ വരുന്നുണ്ട്."പെണ്ണുങ്ങടെ നിരയിൽ അവസാനമായി ഇരിക്കുന്ന കാപ്പിരികൾ അമ്മയും മോളുമാണ്" എന്നും, അമ്മയ്ക്ക് ഗ്യാസിന്റെയും മോൾക്ക് ഉറക്കത്തിന്റെയും അസുഖം ഉണ്ടെന്നതു വരെ ശ്രദ്ധിക്കാൻ പറ്റി.എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു തന്ന ശേഷം 9 മണിയോടെ എല്ലാരോടും റൂമിൽ പോയി തപസ്സ് തുടർന്നോളൂ എന്ന നിർദ്ദേശം കിട്ടിയ വഴി ഞാനിറങ്ങി ഓടി.
ആദ്യം ഇരുന്നും പിന്നെ കിടന്നും ഒടുവിൽ കൂർക്കം വലിച്ചും കട്ടയ്ക്ക് തപസ്സ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് 11 മണി.ഉച്ച ഭക്ഷണ സമയം!!.ആക്രാന്തത്തോടെ വാരിവലിച്ചു തിന്നു കൈ കഴുകി ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് ഇനി കാര്യമായ ഭക്ഷണം കിട്ടണമെങ്കിൽ നാളെ രാവിലെ 6.30 ആകണമത്രേ.
"ബുദ്ധൻ പിന്നേയും ചിരിച്ചുവോ?" ശരീരം മൊത്തം തളരുന്ന പോലെ!! വേഗം റൂമിൽ എത്തി 1 മണി വരെ ശവാസനത്തിൽ കിടന്നു ക്ഷീണം മാറ്റി.
1 മണിക്ക് മുഖമെല്ലാം കഴുകി തപോഭൂവിൽ ഹാജർ!!
ഒന്നുമുതൽ അഞ്ചുവരെ നിർത്താതെ തപസ്സ് എന്ന് കേട്ട ഉടൻ വേലി ചാടി വീട്ടിലോട്ടു പോയാലോ എന്ന് പലവട്ടം ചിന്തിച്ചു.
"വേണ്ട, അങ്ങനെ പേടിച്ചു ഓടിയാൽ എങ്ങനാ??" "ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ ഈ കെ ക്കെ ജോസഫ്" എന്ന് ആരോ മനസ്സിലെ ഇരുന്നു പറഞ്ഞപോലെ.എന്തായാലും കണ്ണടച്ചു, നടു നിവർത്തി, ശ്വാസം ശ്രദ്ധിച്ചു.
ങാ.. കൊള്ളാം, ശ്വാസം വരുന്നതും പോകുന്നതും ഒക്കെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടല്ലോ!! അടിപൊളി.
**********
റോസ് കളർ പൂക്കൾ പരവദാനി വിരിച്ച പോലൊരു താഴവരയിലൂടെ... ഇരട്ട വാലുള്ള മഞ്ഞക്കിളിയുടെ പിന്നാലെ ഓടി നടക്കുമ്പോൾ ആണ് തൊട്ടടുത്ത താഴ്വരയിൽ നിന്നും അതി മനോഹരമായ ഒരു പുല്ലാംകുഴൽ നാദം കേട്ടത്.കിളിയെ വിട്ട് സംഗീതം തേടി ചെന്നപ്പോൾ പഞ്ഞി വിരിച്ച പോലെ മഞ്ഞിൽ പുതഞ്ഞ ഒരു പാറയിൽ പുറംതിരിഞ്ഞിരിക്കുന്ന ഒരു മൊട്ടതലയൻ മുളംതണ്ടിൽ വിസ്മയം തീർക്കുന്നു!! അടുത്ത് ചെന്ന് നോക്കിയപ്പോൾ മൊട്ടത്തലയൻ തന്റെ പുല്ലാംകുഴൽ മാറ്റി വച്ചിട്ട് എന്റെ തോളത്ത് തട്ടി പതിയെ എന്തോ പറഞ്ഞു.
മൊട്ടവചനം മനസ്സിൽ ആകാത്തത് കൊണ്ട് "എന്താ?" എന്ന് ചോദിച്ചപ്പോൾ തോളത്ത് തട്ടിക്കൊണ്ടു തന്നെ ആ മൊട്ട തലയൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."ഉറങ്ങരുത്, ധ്യാനം ചെയ്യൂ"
ഇവനെന്താ ധ്യാനത്തെ കുറിച്ച് ഒക്കെ പറയുന്നത് എന്ന് തലപുകഞ്ഞാലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.
മൊട്ടത്തലയൻ ഒരിക്കൽ കൂടി തോളത്ത് തട്ടിയ ശേഷം ചുണ്ടുകളിൽ ചിരി ഒളിപ്പിച്ചുകൊണ്ട് "ഉറങ്ങരുത്, ധ്യാനം ചെയ്യൂ" എന്ന് പറഞ്ഞു.കണ്ണൊന്നു തിരുമി നോക്കിയപ്പോൾ നടന്നകലുന്ന "ഹഫീസ്"- ഞങ്ങടെ തപസ്സ് ഗുരു ശർമ്മാജിയുടെ സഹായി!!
ഉറങ്ങിയത് ഗുരു കണ്ടു എന്ന് മനസ്സിലായപ്പോൾ പിന്നെ ലൈസൻസ് കിട്ടിയ പോലെ ധൈര്യമായി. സീറ്റിൽ നിന്നും പൊങ്ങി പുറത്ത് പോയി മുഖം കഴുകി വെള്ളം കുടിച്ച് വനത്തിലൂടെ ഒന്ന് കറങ്ങിയിട്ടു തിരികെ വന്നു തപസ്സ് തുടർന്നു.കുറെ കഴിഞ്ഞു കണ്ണ് തുറന്നു തിരിഞ്ഞു സമയം നോക്കി.5 ആകാൻ ഇനിയും 2 മണിക്കൂർ!! ഗുരു എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ നേരെ നോക്കിയപ്പോൾ ഗുരു പീഠം കാലി!!
"ഇങ്ങേരിതെവിടെ പോയി??"
തപ ശക്തി മൂത്ത് പീഠം വിട്ട് വായുവിൽ പൊങ്ങി നിൽപ്പുണ്ടോ എന്നറിയാൻ വെറുതെ മുകളിലോട്ടു നോക്കി.അപ്പോൾ ആണ് ആരോ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടത്.കാപ്പിരി പെണ്ണ് ആണ്.ഞാൻ നോക്കുന്നു എന്ന് കണ്ട കാപ്പിരി മാതാവ്, പണ്ട് പാമ്പിന്റെ വായിൽ കുന്തോം കൊണ്ട് കുത്തിയ പുണ്യാളനെ പോലെ കാലു നീട്ടി കാപ്പിരി മോൾക്കിട്ടു രണ്ടു കുത്ത് കൊടുത്തു.കാപ്പിരി കുഞ്ഞ് മോട്ടർ ഓഫ് ചെയ്തു, തപസ്സ് തുടങ്ങി.
ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ ചുറ്റിനും നോക്കി.എല്ലാരും പ്രതിമ പോലെ ധ്യാനിച്ചിരിക്കുന്നുണ്ട്.ഇവരൊക്കെ ഇത്രവേഗം സന്യാസിമാർ ആയോ? താടി വച്ച മുട്ടനാടിന്റെ രൂപമുള്ള ഫ്രഞ്ചുകാരൻ ഒക്കെ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ "ഇവന്മാർ ജനിച്ച ഉടൻ നഴ്സിന്റെ കയ്യിൽ തന്നെ കുത്തിയിരുന്നു തപസ്സ് തുടങ്ങിയിരുന്നോ??" എന്ന് ന്യായമായും തോന്നിപോകും."നിയാണ്ടർത്താൾ" മനുഷ്യനെ പോലൊരു ജീവി ഏറ്റവും പുറകിൽ ഒരു കസേരയിൽ കയറി നിർവികാരനായി ഇരിപ്പുണ്ടായിരുന്നു.കക്ഷി ഇംഗ്ലണ്ട്കാരൻ ആണ് എന്ന് അവസാന ദിവസം ആണ് അറിഞ്ഞത്.അവസാന ദിവസവും അദ്ദേഹം തന്റെ നിർവികാരത ഉപേക്ഷിക്കുകയോ ചിരിക്കുകയോ ഉണ്ടായില്ല!!
തുർക്കിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഒക്കെ വന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ സ്ത്രീകളുടെ നിരയിലിരുന്ന് മനസ്സറിഞ്ഞു ധ്യാനിക്കുന്ന കണ്ടപ്പോൾ എനിക്കും തപസ്സ് ചെയ്തു അവരോട് സൗഹൃദം സ്ഥാപിക്കണമെന്ന് തോന്നി.പിന്നീട് ഒരൊറ്റ തപസ്സ് ആയിരുന്നു.5 മിനിറ്റ് കഴിയുംമുന്നേ "മണി അഞ്ചായി" എന്ന സൂചനയോടെ ബ്രേക്ക് മണി മുഴങ്ങി.
"നശിപ്പിച്ചു!! മനുഷ്യനെ ഒന്ന് നന്നാവാനും സമ്മതിക്കില്ല!!"
ഡൈനിങ്ങ് ഹാളിലേക്ക് പോകുന്ന ചിലരുടെ പിന്നാലെ നിരാശ ഭാവത്തിൽ, ഞാനും കൂടി.രാവിലെ മാത്രമേ ഇനി വല്ലതും കിട്ടൂ എന്ന് കരുതി ഇരുന്നപ്പോൾ കിട്ടിയ ബോണസ് പോലെ ഒരുഗ്ലാസ്സ് ചായ, ഒരു ചെറുപഴം, ഒരു കുഞ്ഞു ബൗളിൽ വേവിച്ച പയർ എന്നിവ കിട്ടി.ചായ കുടി ശീലം ഇല്ലാഞ്ഞിട്ടും ആർത്തിയോടെ ഞാനതു മൊത്തം കുടിച്ചു. അപ്പോളേക്കും മഴമേഘങ്ങൾ തുള്ളികളായി ചാറി തുടങ്ങി.
നല്ല മഴ ആണേൽ ഞാനിന്നു അതിൽ കുളിക്കും എന്ന് തീരുമാനിച്ചത് മഴ അറിഞ്ഞിട്ടോ എന്തോ, മഴ പെട്ടെന്ന് നിന്നു.
ഇവിടുത്തെ മഴ വരെ മനസ്സ് വായിക്കുന്നു!!
6 മണിക്ക് വീണ്ടും തപോ ഭൂവിൽ!! ഇനി 9 വരെ തപസ്സ്.അപ്പോളേക്കും മഴ വീണ്ടും തുടങ്ങി.മഴയുടെ താളത്തിനൊത്ത് കുറെ നേരം തപസ്സ് ചെയ്തു.
9.30 യോടെ റൂമിൽ എത്തി കുളി കഴിഞ്ഞു കിടന്നു.ഇത്രവർഷത്തെ ശീലങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വന്ന ക്ഷീണം ശരീരത്തിലേയ്ക്കും മനസ്സിലേക്കും ഒരുപോലെ ബാധിച്ചിരുന്നു.ഒന്നാമത്തെ ദിവസം കാര്യമായ തപസ്സ് ഒന്നും നടന്നില്ലല്ലോ എന്ന ചിന്തയെ ഭേദിച്ചുകൊണ്ട് ഇടിമിന്നൽ വരവറിയിച്ച് ഒന്ന് മുഴങ്ങി .അനുവാദമില്ലാതെ കയറി വന്ന തണുത്ത കാറ്റേറ്റ് മയക്കത്തിലേയ്ക്ക് വീഴുമ്പോളേക്കും മഴ ചാറി തുടങ്ങിയിരുന്നു.
********
ശങ്ക തീർത്തു വന്നപ്പോൾ "വീട്ടിൽ പോകണമെന്ന" മുട്ടലിനും നല്ല ശമനം!!
ഓടി തളർന്ന മനസ്സിനെ തണുപ്പിക്കാൻ എന്ന പോലെ അന്നും മഴ പെയ്തു.
********
ആദ്യത്തെ മൂന്നു ദിവസം "ആനാ പാന" എന്ന തപസ്സ് ആണ് പഠിപ്പിക്കുന്നത്. "ആന പാന" എന്നത് "പാലി" ഭാഷയിൽ ഉള്ള പേരാണ്.നാലാം ദിവസം മുതൽ "വിപസ്സന" എന്ന തപസ്സ് ആണ്.
വിപസ്സന കൊള്ളാം.എവിടെ ഒക്കെയോ എന്തൊക്കെയോ ഒരു വ്യത്യസ്ത ഫീൽ ഒക്കെ ഉണ്ട്.കണ്ണടച്ചിരുന്ന് 13 മണിക്കൂർ തപസ്സ് എന്ന പ്രക്രീയയ്ക്ക് മാത്രം ഒരു മാറ്റവും ഇല്ല.മഴയുടെ അകമ്പടിയോടെ അഞ്ചാം ദിനവും പൂർത്തിയാക്കി ഉറങ്ങാൻ കിടക്കുമ്പോൾ ഇനി പകുതി ദിവസം കൂടി അല്ലേ ബാക്കി ഉള്ളു എന്ന സന്തോഷ ചിന്തകൾ, നിറഞ്ഞ മനസ്സിൻ്റെ ഉറക്കത്തിന് കാവൽ നിന്നു.
"ഒരു മണിക്കൂർ ഒറ്റ ഇരിപ്പ്, അനങ്ങരുത്!!"
ആഹാ..അന്തസ്സ് !! ഇത് ഞാനിന്നു പൊരിക്കും!! കേട്ട പാതി കേൾക്കാത്ത പാതി ഏതാണ്ടൊരു പത്മാസനം ഒപ്പിച്ചെടുത്തു കണ്ണടച്ചോരൊറ്റ ഇരുത്തം!!
30 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ മിനിറ്റുകൾക്ക് യുഗങ്ങളുടെ ദൈർഘ്യം വന്നു തുടങ്ങി.പിന്നീടൊരു 10 യുഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ അരയ്ക്ക് കീഴെ ഉള്ളതെല്ലാം അപ്രത്യക്ഷമായ പോലെ.
വായില്ലാ കുന്നിലപ്പനായി തപസ്സ് തുടർന്ന ആൾ കാലില്ലാകുന്നിലപ്പനും ആയി മാറിയ പോലെ!!
യുഗങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതിനൊപ്പം അരയിൽ നിന്നും തരിപ്പ് മുകളിലോട്ട് കയറി ശരീരത്തെ ശൂന്യമാക്കിക്കൊണ്ടിരുന്നു.
"ഇങ്ങനായാൽ 1 മണിക്കൂർ കഴിയുമ്പോൾ ഞാനൊരു പ്രതിമ ആയി മാറുമെന്ന കാര്യം ഉറപ്പ്!!"
"ലാഫിങ് ബുദ്ധ 2 "എന്ന പേരിൽ, തടിച്ചുരുണ്ട എന്നെ പണക്കോഴുപ്പോഴുകിയ മാർക്കറ്റുകൾക്കടുത്തുള്ള തെരുവുകളിൽ വച്ച് വിൽക്കുന്ന കാഴ്ച ഉൾമനസ്സിൽ തെളിഞ്ഞ ഉടൻ കണ്ണുകൾ വലിച്ചു തുറന്നു.ആദ്യം നോക്കിയത് ശരീരത്തിൽ ആണ്.കഴുത്തിനു കീഴെ കാലുകൾ വരെ എല്ലാ ഭാഗങ്ങളും ഉണ്ട്, പക്ഷെ ഒന്നിനും അനക്കമില്ല.അപ്പോളേയ്ക്ക് ഒരുമണിക്കൂർ കഴിഞ്ഞു, "വിശ്രമിക്കൂ" എന്ന നിർദ്ദേശം കിട്ടി.5 മിനിറ്റ് കിണഞ്ഞു ശ്രമിച്ചപ്പോൾ ഒരുവിധം കുരുക്കുകൾ ഒക്കെ അഴിച്ചു.പിന്നേയും 5 മിനിറ്റ് ശ്രമിച്ചപ്പോൾ ഒരുവിധം ഏന്തി വലിഞ്ഞു പുറത്തിറങ്ങാനായി.
വിശ്രമ ശേഷം പിന്നെയും തപസ്സ്!!.
ഉച്ചയൂണ് വരെ വലിയ കുഴപ്പമില്ലാതെ പോയി.ആദ്യത്തെ അഞ്ചുദിവസവും പെയ്ത മഴ ഇന്ന് പെയ്യുന്ന ഒരു ലക്ഷണവും ഇല്ല.കിട്ടിയ അവസരത്തിന് സൂര്യൻ സ്വിച്ച് ഇട്ട പോലെ ചൂടും കൂട്ടി.അതോടെ... ഇടയ്ക്കിടെ വരുന്ന ഒരുമണിക്കൂർ തുടർച്ചയായി പ്രതിമ കണക്കെ ഇരിക്കുന്ന പരുപാടി അസഹനീയമായി തോന്നി തുടങ്ങി.വിശ്രമ വേളകളിൽ ചിലർ മരങ്ങളെ കെട്ടിപ്പിടിക്കുന്നത് കണ്ടു, മറ്റു ചിലർ ആകാശം നോക്കി എന്തോ ചിന്തിച്ചു അനങ്ങാതെ ഒറ്റ ഇരിപ്പാ. "രാമദാസ്" എന്ന മുണ്ട്ബനിയൻ ധരിച്ച താടിക്കാരൻ ഒരു മരക്കൊമ്പിൽ കയറി പാറപോലെ വിദൂരതയിൽ നോക്കി ഇരിപ്പുണ്ട്.ആരുടേയും മുഖത്ത് നോക്കില്ല, കഞ്ചാവടിച്ച ഭാവം.കാതുകളിൽ മോതിരം പോലുള്ള രണ്ടു കടുക്കൻസ്സ്.എല്ലാം കൂടി കണ്ടപ്പോൾ ആ മിണ്ടാപ്രാണിയുടെ രണ്ടുകടുക്കനിലും പിടിച്ചൊരൊറ്റ വലി വലിച്ചാലോ എന്ന് ചിന്തിച്ചു.അങ്ങിനൊരു വലി ഒരുപക്ഷെ എൻ്റെ പല്ലുകൾക്ക് ഹാനികരം ആയി ഭവിച്ചാലോ എന്ന സംശയം തോന്നിയ ഉടൻ സാക്ഷീഭാവത്തിൽ നിന്ന് "വലി" ചിന്തയെ ഇല്ലാതാക്കി.
ലുട്ടാപ്പിയുടെ രൂപമുള്ള "പ്രണവ്" കാട്ടിൽ കണ്ട ഒരു പാമ്പിന്റെ പുറകെ പോകുന്നത് കണ്ടു.ശരീരം മുഴുവൻ ആഭരണങ്ങൾ തുളച്ചിട്ടു യോ..യോ പാടി നടക്കുന്ന അവനിനി പാമ്പിനെ കഴുത്തിൽ ചുറ്റി "ശിവൻ" ആണെന്ന് പറഞ്ഞു വരുമോ എന്തോ??
ആറാം ദിനത്തിലെ കുറവും കൂടി തീർത്തു മഴയിൽ കുതിർന്നുകൊണ്ടു 7 ആം ദിനം വെള്ളത്തിൽ പിറന്നു വീണു.തണുപ്പും മഴയും ഒക്കെ ആയി രാവിലെ മുതൽ ഉള്ള തപസ്സ് മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.മഴയുടെയും ഇടിയുടെയും സംഗമം കാതുകളിൽ സന്തോഷത്തിന്റെ സങ്കാര ജനിപ്പിക്കാതെ ഇരുന്നില്ല.
ഉച്ച ഊണ് കഴിഞ്ഞു മുറിയിൽ പോകുന്നതിനു പകരം തപോഭൂവിൽനടുത്ത് ചെന്ന് മഴനോക്കി നിന്നു. നീണ്ടു കിടക്കുന്ന വിജനമായ സമതലപ്രദേശത്ത് അങ്ങകലെ ഒരു കറുമ്പി പശു വാലുകൾ വീശി, ഇടയ്ക്കിടെ കൊമ്പുകൾ കുലുക്കി നിന്ന് മഴയെ വരവേൽക്കുന്നുണ്ടായിരുന്നു.മഴനനയാൻ ഇറങ്ങിയ തത്തകളും പ്രാവുകളും മൈനയും കരിയിലപ്പടയും ചെമ്പോത്തും പരുന്തുമൊക്കെ സന്തോഷത്തിൽ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു. അനുവാദമില്ലാതെ പടർന്നു കയറി, മഴയുടെ നഗ്നതയിൽ വികൃതികൾ കാണിച്ചിരുന്ന കാറ്റിന്റെ കേളികൾക്കനുസരിച്ചു ഇക്കിളിയോടെ അരങ്ങേറിയ മഴനൃത്തങ്ങൾ മൂടല്മഞ്ഞില് തീർത്ത കളി ശിൽപ്പങ്ങൾ പോലുള്ള നേരിയ രൂപങ്ങൾ തീർത്തുകൊണ്ടേയിരുന്നു.അങ്ങനെ ജനിച്ച രൂപങ്ങൾ മഴയുടെയും കാറ്റിന്റെയും കാമകേളികൾക്കനുസരിച്ചു ഓടിനടന്നു ചുവടുകൾ വച്ചുകൊണ്ടിരുന്നു.മഴയേറ്റു നനുത്ത മണ്ണിലെ മാളങ്ങളിൽ നിന്നും മഴനനഞ്ഞു പുറത്തെത്തിയ ചില സർപ്പങ്ങൾ ലക്ഷ്യം തെറ്റി ഇഴഞ്ഞു നീങ്ങുന്നതിന് വാരകൾക്ക് അപ്പുറത്ത് ഒരു കീരി കുടുംബം ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും , ഇടയ്ക്കിടെ രണ്ടുകാലിൽ ഉയർന്നു നിന്ന് ചുറ്റിനും നോക്കിയും ഒക്കെ മഴയുടെ ശക്തി അളക്കുന്നുമുണ്ടായിരുന്നു.
ആ മഴയിൽ, ഇറങ്ങി നടക്കുവാൻ വെമ്പിയ മനസ്സിനെ പ്രലോഭിപ്പിച്ചുകൊണ്ടു, മഴയുടെ ശക്തി പിന്നേയും കൂടി വന്നുകൊണ്ടിരുന്നു.അപ്പോഴേയ്ക്കും തപസ്സിനുള്ള മണി മുഴങ്ങി.മേൽക്കൂരയിൽ വന്നു പതിക്കുന്ന മഴയ്ക്ക് ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.ഇടയ്ക്കിടെ താളം തെറ്റിച്ചുകൊണ്ട് ചറ പറ എന്ന് ക്രോധത്തിൽ പെയ്തു കൊണ്ട്, തപസ്സിൽ ഇരിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടോ എന്നറിയില്ല കുറച്ചു കഴിഞ്ഞപ്പോൾ മഴ നിലച്ചു.
5 മണിക്കുള്ള ചായ മണി മുഴങ്ങും മുന്നേ മഴ വീണ്ടും പെയ്തുതുടങ്ങി.
"ശരിയാണ്.ഇവിടുത്തെ മഴമേഘങ്ങൾക്ക് പോലും മനസ്സ് വായിക്കുവാൻ ആകുന്നു!!ചായ കുടി കഴിഞ്ഞപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.ഒറ്റ ഓട്ടത്തിന് മുറിയിലെത്തി.അനുവാദമില്ലാതെ മഴയത്ത് ഇറങ്ങിയത് കൊണ്ടോ എന്നറിയില്ല മഴയ്ക്ക് ശക്തി കൂടി.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള:
പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”
തൊപ്പി വച്ച മലബാറി പോലീസ്സിനെ പോലെ തോന്നിച്ച ഒരു മരംകൊത്തി, മഴയത്ത് ഓരോ മരങ്ങളില്‍ ചെന്നിരുന്നു മുകളില്‍ നിന്നും താഴേയ്ക്ക് ടപ്പ ടപ്പേ എന്ന് ക്രമത്തിൽ കൊത്തി കൊത്തി, മഴകാണാന്‍ പുറത്തേക്കെത്തി നോക്കിയ പുഴുക്കളെ കൊത്തി വിഴുങ്ങുന്നുണ്ടാരുന്നു.എന്നെപോലെ ആർത്തി ഉള്ള കിളി ആയത് കൊണ്ട് മരംകൊത്തിയോട് എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി.കൂർത്ത ഒരു കൊക്കുണ്ടായിരുന്നു എങ്കിൽ ഞാനും അവനൊപ്പം കൂടിയേനെ!!മരംകൊത്തിക്ക് അടുത്തേയ്ക്ക് മറ്റൊരു മരംകൊത്തി ആയി എന്‍റെ മനസ്സും പറന്നെത്തി.അപ്പോളേയ്ക്കും മനസ്സിനെ തോല്‍പ്പിച്ചുകൊണ്ട് മരംകൊത്തി മഴയില്‍ എങ്ങോ പറന്നു പോയി.
മണ്ണിന്റെ മാറിൽ മഴയ്ക്കായി കാത്തിരിക്കുന്ന വിത്തുകൾക്ക് പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ടാവും .മഴയേറ്റ് മോക്ഷം നേടിയ ചില ഇലകൾ തങ്ങളുടെ നിയോഗം പൂർത്തിയാക്കി,ഉയരങ്ങളിൽ നിന്നും കാറ്റിന്റെ തൊട്ടിലിലേറി താളത്തിൽ ആടി മണ്ണിലെത്തി ശാന്തമായി ശയനം തുടങ്ങി.
ഇനിയും നോക്കിനിൽക്കാൻ ആവില്ല, വസ്ത്രങ്ങളെല്ലാം ഊറിയേറിഞ്ഞു നഗ്നമായ "മനസ്സ്" ഒരു കൊച്ചുകുട്ടിയെ പോലെ മഴയിലേയ്ക്ക് ചാടിയിറങ്ങി ഓടി.
അല്‍പ്പമകലെ ഒരു തെങ്ങോലയില്‍ ഒരു കാക്ക ഇരുന്നു കോട്ടുവാ ഇടുന്ന കണ്ടു.പിന്നീടാണ് മനസ്സിലായത് കോട്ടുവാ അല്ല, മഴയ്ക്കൊപ്പം കാക്കയുടെ കരച്ചില്‍ ഒലിച്ചു പോയതാണ്. കരയുന്ന കാക്കയുടെ കൂട്ടുകാരന്‍ കാക്ക തൊട്ടടുത്തിരുന്നു ശരീരം കുടഞ്ഞും, കൊക്കുകള്‍ കൊണ്ട് തൂവലുകള്‍ക്കിടയില്‍ ഇളക്കിയും സന്തോഷിച്ചു കുളിക്കുന്നുണ്ടാരുന്നു.
സംശയ നിവാരണത്തിനായി മനസ്സിന് പിന്നാലെ തോർത്തുമുടുത്ത് ഞാനുമിറങ്ങി.അനാവരണം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ആത്മാക്കൾ ഇടിമിന്നലായി വിണ്ണിൽ തുളച്ചിറങ്ങി.അതോടെ ശരീരത്തെ തുവർത്തി എടുത്ത് വരാന്തയിൽ നിർത്തിയ ശേഷം സ്വയം ചിറകുകൾ മുളപ്പിച്ച മനസ്സ് കിളികൾക്കൊപ്പം എങ്ങോട്ടൊക്കെയോ പറന്നു പോയി.
അന്നത്തെ ധ്യാനവും തപസ്സും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോളും മഴ ചറപറ താളത്തിൽ പെയ്യുന്നുണ്ടായിരുന്നു.പെയ്തൊഴിയുവാൻ മടിക്കുന്ന മഴയിൽ അപ്പോഴും ഒരു രാപ്പക്ഷിയായി പറന്നു നടന്ന മനസ്സ് എപ്പോഴാണ് തിരികെ വരുന്നതെന്നു കാക്കാതെ എൻ്റെ ശരീരം ഉറങ്ങുവാൻ കിടന്നു.
മഴതണുപ്പിച്ച പുലർക്കാലത്തിലേയ്ക്ക് ഉറക്കമുണർന്ന എട്ടാം ദിനവും ഒൻപതാം ദിനവും മനസ്സിനെ നീയന്ത്രിക്കുന്നതിലും തപസ്സിൽ മാത്രം ശ്രദ്ധിക്കുന്നതിലും പൂർണമായി വിജയിച്ചു.
പത്താം ദിനം രാവിലെ പത്തുമണിയോടെ മൗനവ്രതം അവസാനിച്ചു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.രാമദാസ് തടഞ്ഞു വച്ച ജലപ്രവാഹത്തിനു ഒഴുകാൻ അവസരം കിട്ടിയ പോലെ, വാ തുറന്നപ്പോൾ ആണ് കക്ഷി ജന്മനാ ഊമ അല്ല എന്ന് മനസ്സിലായത്. സംസാരം കൂടിപ്പോയത് കൊണ്ട് വീട്ടുകാർ പിടിച്ചു കെട്ടി ഇവിടെ കൊണ്ടുവന്നാക്കിയതാകാനേ വഴി ഉള്ളു.
പോർച്ചുഗല്ലിൽ നിന്നും ഇന്ത്യയിൽ എത്തി ഇവിടുത്തെ സംസ്കാരത്തിനൊത്ത് ജീവിക്കുന്ന "ബോറിസ്" ശരിക്കും അദ്ഭുതമായിരുന്നു.ഭാരതീയ സംസ്കാരത്തെയും വേദങ്ങളെയും ഉപനിഷത്തുകളെയും ഇന്ത്യക്കാരായ ഞങ്ങളെക്കാൾ നൂറിരട്ടി അറിയുന്ന, മനോഹരമായി പുല്ലാംകുഴൽ വായിക്കുന്ന, സഹൃദയൻ ആയ, യോഗ അറിയുന്ന ഒരു പച്ചമനുഷ്യൻ!!
കാപ്പിരി അമ്മയും കാപ്പിരി മോളും തപോഭൂവിലെ ഉറക്കവും കൂർക്കം വലിയും അവസാനിപ്പിച്ച് വായ തുറന്നത് ചടങ്ങായി.ഇന്ത്യൻ ആചാരങ്ങളെ കുറിച്ചും ഗുണപാഠ കഥകളേയും ഒക്കെ അറിയണം.അറിഞ്ഞു കേട്ട് വന്നപ്പോൾ കാപ്പിരികൾ അമേരിക്കൻസ്സ്.മോളുടെ പേര് മായ.അറിയുന്ന അറിവുകള്‍ ഇംഗ്ലീഷില്‍ ഒപ്പിച്ചു പറഞ്ഞപ്പോള്‍ അര്‍ത്ഥ ശോഷണം സംഭവിച്ചു എന്നുറപ്പായ നിമിഷം ആരോ വിളിച്ച ഭാവേനെ അവിടുന്ന് മുങ്ങി.
ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം.നല്ല പായസം.വൈകിട്ട് ആയപ്പോള്‍ ഫോണുകള്‍, കാശ് അങ്ങിനെ ഓഫീസില്‍ കൊടുത്തേല്‍പ്പിച്ചതൊക്കെ തിരികെ കിട്ടി.ഇത്രയും ദിവസം ശുദ്ധമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും തന്ന തപോഭൂവിൽ ഇനിയും ആയിരങ്ങൾ അവനവനെ അറിയുവാൻ എത്തിച്ചേരണം.അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ പണം വേണം.അതുകൊണ്ടു എല്ലാവരും മനസ്സറിഞ്ഞു, അവരവർക്ക് പറ്റും പോലെ സംഭാവനകൾ കൊടുക്കുകയും, പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.
കയ്യിൽ കിട്ടിയ ഫോണ്‍ ഓണാക്കിയില്ല, ഓണാക്കാൻ തോന്നിയില്ല എന്നതാണ് സത്യം!! എല്ലാവരും ആയി സംസാരിച്ചു ഉറങ്ങിയപ്പോള്‍ 1 മണി ആയി.
പതിവ് തെറ്റിക്കാതെ പുലര്‍ച്ചെ നാലിന് തന്നെ എണീറ്റ് റെഡി ആയി തപോ ഭൂവിൽ എത്തി. ഗുരുവിനെ കണ്ടു നമസ്ക്കരിച്ചു.എല്ലാവരോടും യാത്ര പറഞ്ഞു.ഭക്ഷണം ഉണ്ടാക്കിയവരെ പ്രത്യേകം അന്വേഷിച്ചു ചെന്ന് കണ്ടു നന്ദി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്ന കണ്ടു.
ദിവസങ്ങൾക്ക് ശേഷം പുറം ലോകം കാണുന്നു.റെയിൽവേ സ്റ്റേഷനിൽ വച്ച് തപോഭൂവിൽ കൂടെ ഉണ്ടായിരുന്ന ചിലരെ വീണ്ടും കണ്ടുമുട്ടി.
അങ്ങോട്ട് പോകുമ്പോള്‍ ഉള്ളതില്‍ നിന്നും എന്തൊക്കെയോ മാറ്റങ്ങള്‍ മനസ്സില്‍ സംഭവിച്ചു കഴിഞ്ഞത് പോലെ.കൈവിട്ടു പോയി എന്നുറപ്പിച്ച മനസ്സിനെ തിരികെ കിട്ടിയ തോന്നൽ!!
അറിയില്ല!!
എങ്കിലും, മാറ്റങ്ങള്‍ അത് അനിവാര്യം തന്നെ !!
രാംദാസും, ബാബു അച്ഛനും,ജിഷ്ണുവും,ജിജോയും ട്രെയിനിൽ കൂടെ ഉണ്ടായിരുന്നു. ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ ആദ്യം ഇറങ്ങിയത് ജിജോ ആണ്.കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ ജിജോയുടെ കണ്ണുകൾക്ക് കനം കൂടിവരുന്നത് കണ്ടു.അതോടെ അവനെ പറഞ്ഞയച്ചു.ഇല്ലേല്‍ അവന്‍ കരയുമെന്ന് തോന്നി.അടുത്ത സ്റ്റേഷനില്‍ ബാബു അച്ഛനും രാമദാസും ഇറങ്ങി.അവരേയും യാത്ര ആക്കി വീണ്ടും യാത്രതുടരുമ്പോള്‍ കൂടെ ജിഷ്ണു മാത്രം. ഒടുവില്‍ അവനും ഇറങ്ങി.
എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തുവാൻ ഇനിയും മണിക്കൂറുകൾ ബാക്കി!!
മറ്റൊന്നും ചെയ്യുവാൻ തോന്നിയില്ല, പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുവാന്‍ വേണ്ടി മനസ്സിനെ ഏകാഗ്രമാക്കി പ്രാണവായുവില്‍ ശ്രദ്ധിച്ചുകൊണ്ട് വിപസന തുടങ്ങി.















