Sunday, 8 November 2015

എട്ടുകാലി !!


            “വാരുവാന്‍ കൈകള്‍ പോര” എന്ന നിലയിലേയ്ക്ക് വളര്‍ന്ന രാഷ്ട്രീയ ജീവിതത്തിനു കൂടുതല്‍ പന്തലിക്കുവാന്‍ ഇടലഭിക്കും മുന്നേ, അപ്രതീക്ഷിതമായി കിട്ടിയ "ചുവപ്പ് കാര്‍ഡും" പോക്കറ്റിലിട്ടു കളം വിട്ടപ്പോള്‍ തന്നെ,അടുത്ത ജന്മത്തിലും "തികഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ആവും" എന്ന ഉറച്ച തീരുമാനം അവനെടുത്ത് കഴിഞ്ഞിരുന്നു.

ചെന്ന് കയറിയ ഉടന്‍, പുനര്‍ജന്മത്തിന് വേണ്ടിയുള്ള സമരം തുടങ്ങി.കൊടി കുത്തി,കോലം വച്ചു,പന്തലിട്ട് അടുത്ത് നിന്നവനെ പിടിച്ച് നിരാഹാരം കിടത്തി.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,നിരാഹാരം കിടക്കുന്നവനെ രക്ഷിക്കുന്നതിനു വേണ്ടി സംഘാടക സമിതി ചര്‍ച്ചയക്ക് തയാറായി.




“ഉടനൊരു മനുഷ്യ ജന്മം സാധ്യമല്ല!!
മറ്റു വല്ല ജീവികളും ആവണമെങ്കില്‍ സമ്മതം”

മറ്റ് വഴികളൊന്നും ഇല്ലാഞ്ഞ്,അയാള്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ മുഴുവന്‍ ആവാഹിച്ചു കൊണ്ട്,മനുഷ്യജന്മത്തില്‍ തന്നെ നഷ്ടപെട്ട “നട്ടെല്ല്” ഇല്ലാത്ത മറ്റൊരു ജീവിയായി  ജന്മമെടുത്തു.

               ഗുഢോദ്വേശങ്ങള്‍ ഇഴകളായി ചേര്‍ത്തു വച്ച് അവന്‍, തന്‍റെ നെറ്റ് വര്‍ക്ക് ശൃംഖല പലിടത്തായി വ്യാപിപ്പിച്ചു.പുതു പ്രകാശം തേടി പറക്കുന്നവര്‍ക്കായി, വിളക്ക് മാടങ്ങള്‍ക്ക് തൊട്ടു താഴെ അവന്‍ കാണാ വലകള്‍ തീര്‍ത്തു.ആര്‍ത്തി മൂത്ത കണ്ണുകളോടെ അവന്‍ വലകള്‍തോറും ഓടിനടന്നു.വലയില്‍ വീഴുന്നവരെ നൂലുകളാല്‍ വരിഞ്ഞു മുറുക്കി നീരുറ്റികുടിച്ചു.


അവന്‍റെ ഇരകള്‍, ലോകത്തിനു മുന്നില്‍ കാണിക്കുവാന്‍,ബാഹ്യരൂപങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട് കണ്ണുകള്‍ അടച്ചു.
കഴിഞ്ഞ ജന്മത്തിലെ പോരായ്മയും കൂടി ചേര്‍ത്ത് കൈകാലുകള്‍ കിട്ടിയപ്പോള്‍,അവന്‍ “എട്ടുകാലി” എന്നപേരില്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ സാക്ഷാകരിച്ചു വന്നു.
എന്നോ കിട്ടുവാന്‍ പോകുന്ന മനുഷ്യജന്മത്തില്‍ പയറ്റുവാനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ അവന്‍ പഠിച്ചു കൊണ്ടേയിരുന്നു......

No comments:

Post a Comment