Saturday, 2 April 2016

വിഡ്ഢിത്വം !!


                         വായനക്കാരെ വിഡ്ഢികള്‍ ആക്കികൊണ്ട് ഞാനിപ്പോലും വിഡ്ഢിത്വങ്ങള്‍ മാത്രം എഴുതുന്നു എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം.


സ്ഥിതിസമത്വം

                             ക്കൂസ്സിലും ചോറിലും ഒരുപോലെ എത്തിയ ഈച്ച, സ്ഥിതി സമത്വം ഇന്നും സാധ്യമെന്ന് തെളിയിച്ചു കൊടുത്തു.

ആചാര വെടി!!


                       ജീവനുള്ള സമയം അദ്ദേഹം ആദരങ്ങള്‍ ആഗ്രഹിച്ചിരുന്നു.ഒന്ന് മിണ്ടുവാന്‍ എങ്കിലും ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് മോഹിച്ചിരുന്നു.അന്നെല്ലാവരും ഒറ്റപ്പെടുത്തി.ഇന്ന് വന്ന വിശിഷ്ടര്‍ അന്ന് പുറം തിരിഞ്ഞ് നടന്നു പോയി.

വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ പോലീസ് അദ്ദേഹത്തിന്‍റെ ജീവനില്ലാത്ത ശരീരത്തിനു മുന്നില്‍ ആചാര വെടി മുഴക്കി.ഒന്നല്ല മൂന്നു വട്ടം.

ആ വെടിയുണ്ടകളേറ്റ് ചിറകറ്റു വീണതാവട്ടെ,ആവശ്യപ്പട്ടിരുന്ന ആദരങ്ങള്‍ ജീവനുള്ളപ്പോള്‍ നല്‍കാത്തവരെ നോക്കി,  ജീവനറ്റ ശരീരത്തിനു മുന്നില്‍ കോപ്രായങ്ങള്‍ കാണിക്കുന്നവരോട് .... "മൃതദേഹം ഇതൊന്നും ആഗ്രഹിക്കുന്നില്ല" എന്നുറക്കെ പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ ആ പാവം ആത്മാവ് തന്നെ ആയിരുന്നു.

വിരുന്നുവിളിക്കുന്നവര്‍ !!

വിരുന്നുകാരെ വിളിച്ചു വരുത്തുന്നതില്‍ കാക്കയ്ക്ക് ഒന്നും പഴയ ശൌര്യം ഇല്ല.

മനസ്സില്‍ സൌഹൃതവുമായി........ ഹൃദയത്തില്‍ സ്നേഹവുമായി കടന്ന് വന്നിരുന്ന വിരുന്നുകാരെയും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന വീടുകളില്‍ വിളിക്കാതെ തന്നെ കടന്ന് വരുന്നത് സ്വാര്‍ത്ഥ ചിന്തകള്‍ മാത്രം.കൂട്ടിനായി കൊതുകുകളുടെ അകമ്പടി സംഗീതവും.
അവകാശങ്ങള്‍ തുരന്നെടുത്ത ശേഷം, മൂളിക്കൊണ്ട് അവര്‍ യാത്രയായി.ബാറ്റു വീശി തളര്‍ന്ന ഞാനൊന്നുറങ്ങട്ടെ , രാത്രി മറ്റൊരങ്കത്തിനായി ഉണരേണ്ടാതാണ്.
അപ്പോഴും ആ വൃത്തികെട്ട സ്വരത്തില്‍.......,
ഉറപ്പില്ലാത്ത മനസ്സോടെ.....
കാക്കകള്‍ വിരുന്നു വിളിച്ച്കൊണ്ടേയിരുന്നു.

Thursday, 24 March 2016

ആത്മാവ് നഷ്ടപ്പെടുമ്പോള്‍!!

മാറ്റം അനിവാര്യം തന്നെ.അത് പ്രകൃതി നീയമവും ആണ്.

എന്താണെന്നറിയാത്ത ഒരു മൂകത മനസ്സില്‍ പടര്‍ന്നിട്ടു ദിവസ്സങ്ങളായി. അല്ല!!

ആഴ്ചകളോ മാസ്സങ്ങളോ ഒരുപക്ഷെ വർഷങ്ങൾ തന്നെ ആയിക്കാണും.എവിടെയോ എന്തോ ചില അപൂർണ്ണത.എന്തൊക്കെയോ നഷ്ടപ്പെടാനുള്ളതിന്റെ സൂചനകൾ പോലെ!!

മനസ്സിനെ ബാധിച്ചത് എന്താണെന്ന് മാത്രം അറിയാൻ പറ്റാതെ, ദേവിപ്രസാദ് ഓരോന്നും ആലോചിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു.രാവിലെ എണീറ്റ്‌ റെഡി ആയി സൈക്കിളും എടുത്തുകൊണ്ട് പുറപ്പെട്ടു.ഗ്രാമത്തിൽ ഉള്ള ഒരു പ്രൈവറ്റ് വിദ്യാഭാസ സ്ഥാപനത്തിൽ പാർട്ട്‌ ടൈം ആയി പഠിപ്പിക്കാൻ പോകുന്നുണ്ട്.യാന്ത്രികമായി ചലിക്കുന്ന കാലുകൾക്കൊപ്പം മനസ്സും എങ്ങോട്ടോ ചലിച്ചു കൊണ്ടിരുന്നു.

തന്നിലെ അധ്യാപകന്‍ ഇന്നിവിടെ മരിക്കുന്നു എന്നാരോടും പറഞ്ഞില്ല.പ്ലസ്‌ ടൂ കുട്ടികള്‍ അവരുടെ സ്നേഹാദരങ്ങള്‍ എന്തോ സമ്മാനമായി കൊണ്ട് വന്നു തന്ന് കൊണ്ട്, അവര്‍ പറഞ്ഞ ചില വാക്കുകള്‍ അയാളില്‍, പാഠഭാഗങ്ങളില്‍ മാത്രമല്ല, എല്ലാ രീതിയിലും താനൊരു നല്ല അധ്യാപകന്‍ തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് നല്‍കിയത്.ആ തിരിച്ചറിവ് നല്‍കിയത് നഷ്ടബോധം തന്നെ ആയിരുന്നു.എങ്കിലും ഇനി ഒരു പുനര്‍ജന്മം ഇല്ല!!
ഉറച്ച തീരുമാനത്തോടെ.....
പിടയുന്ന മനസ്സോടെ അയാള്‍ തന്‍റെ സൈക്കിള്‍ എടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു.രാത്രി മറ്റൊരു യാത്ര!!ജീവിത പാതയില്‍ മറ്റൊരു അദ്ധ്യായം തുടങ്ങുന്നു.അച്ഛനെയും അമ്മയേയും വിട്ട്  ഒരു യാത്ര!! ഈ യാത്രയോടെ ആ വീട്ടില്‍ തന്‍ ഇനി വിരുന്നുകാരന്‍.വല്ലപ്പോഴും വരുന്ന ഒരുവന്‍.

യാത്രയ്ക്കുള്ള എല്ലാം ഇന്നലെ തന്നെ എടുത്തു വച്ചിരുന്നതിനാല്‍, ചെന്ന് കയറിയ മുതല്‍ അമ്മയ്ക്കും അച്ഛനും ഒപ്പംതന്നെ അയാള്‍ സമയം ചിലവഴിച്ചു.അച്ഛന്‍ ഓരോരോ കാര്യങ്ങള്‍ പറയുന്നുന്ടരുന്നു.പുതിയ നാട്ടില്‍ എത്തിയാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... വണ്ടിയില്‍ വാതിലിനടുത്ത് നില്ക്കരുതെന്നു പോലും പറഞ്ഞു കൊണ്ട് പാവം അച്ഛന്‍ ഉപദേശങ്ങള്‍ തന്നു കൊണ്ടേയിരുന്നു.

"അവനെന്താ കൊച്ചു കുട്ടി ആണോ, ഇങ്ങനെ പറഞ്ഞോണ്ടിരിക്കാന്‍.അവനതെല്ലാം ചെയ്തോളും"

എന്തോ ഒരു അച്ചാര്‍ പൊതിഞ്ഞുകെട്ടി ബാഗില്‍ വയ്ക്കുന്നതിനിടയില്‍ അമ്മ അച്ഛനോട് പറയുന്ന കേട്ടു.പിന്നെ, അയാളുടെ മുടികള്‍ക്കിടയില്‍ കൈകള്‍ ഓടിച്ചുകൊണ്ട് അല്‍പനേരം നിന്നു.
"മോനെ..... നീ ഇനി ഇത് പോലെ............. അടുപ്പിച്ച് ഇത്രയും ദിവസം വീട്ടില്‍ നില്‍ക്കില്ല അല്ലെ?"
നാളെ മുതല്‍ തനിക്ക് നഷ്ടപ്പെടുന്നതെന്തെന്ന് കഴ്ചമറച്ചുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ പറയുന്നുണ്ടാരുന്നു.എങ്കിലും അമ്മ അറിയാതെ തുടച്ചുനീക്കി, അല്‍പ നേരം അനങ്ങാതെ ഇരുന്ന ശേഷം പറഞ്ഞു.
"അമ്മെ, ഞാനിടയ്ക്കിടെ വരില്ലേ... പിന്നെന്താ "

തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ട് പട്ടിണി കിടന്ന് തന്നെ വളര്‍ത്തിയ അച്ഛനോട്, നാട്ടുകാര്‍ മുഴുവന്‍ ജീവിക്കാനറിയാത്തവന്‍ എന്ന് അക്ഷേപിക്കുമ്പോള്‍ പോലും ആദരവ് അല്ലാതെ മറ്റൊന്നും അയാള്‍ക്ക് തോന്നിയിട്ടില്ല.

വരണ്ട എന്ന് പറഞ്ഞിട്ടും അച്ഛന്‍ വണ്ടി കയറി വിടുവാന്‍ വന്നു.യാത്ര പറഞ്ഞ് വണ്ടിയില്‍ കയറി അയാള്‍ മറഞ്ഞപ്പോള്‍, ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നത് അയാളുടെ മനസ്സില്‍ മൂകത പടരാന്‍ കാരണമായി.

രാത്രിയുടെ മറവില്‍, പുതിയ വാനം തേടി കുതിക്കുന്ന വാഹനത്തിന്‍റെ വേഗതയെ വെല്ലും വിധം അയാളുടെ മനസ്സും ഭൂതകാലത്തിലേയ്ക്ക് കുതിക്കുകയായിരുന്നു.

മണ്ണെണ്ണ വിളക്കിന് മുന്നില്‍ പഠിച്ചിരുന്ന സ്കൂള്‍ വിദ്യാഭ്യാസം.
തന്നേക്കാള്‍ പ്രായമുള്ള ഓരു റേഡിയോയില്‍ കേള്‍ക്കുന്ന സുഭാഷിതവും വാര്‍ത്തയും,കൃഷിപാഠവും,കണ്ടതും കേട്ടതും, നാടകവും,ശബ്ധരേഖയും,പലരും പലതും,തൊഴില്‍ വാര്‍ത്തയും,കഥാപ്രസംഗവും,ശാസ്ത്രീയ സംഗീതവും,ചലച്ചിത്ര ഗാനവും,കമന്ററിയും ഒക്കെ കേട്ടു വളര്‍ന്ന ബാല്യം.പുസ്തകങ്ങളും, പുഴകളും,മലകളും,മരങ്ങളും , പടവും വരമ്പും ഒക്കെ കണ്ട് വളര്‍ന്ന ജീവിതം.

ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര.മെച്ചപ്പെട്ട വേതനത്തില്‍ ഒരു ജോലി,സമ്പാദ്യം,വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലോട്ട് അച്ഛനെയും അമ്മയെയും താമസ്സിപ്പികുക എന്നതൊക്കെ ആണ് മനസ്സില്‍.

അതിനു വേണ്ടി മാത്രമാണ്, തന്‍റെ മാത്രമായുള്ള എല്ലാം ഉപേക്ഷിച്ച് പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയുള്ള ഈ യാത്ര.

**********************************

പതിറ്റാണ്ടുകള്‍ പോയതറിഞ്ഞില്ല.അച്ഛനും അമ്മയും ഇപ്പോളും വാടക വീട്ടില്‍ തന്നെ!!

എങ്കിലും ആത്മാവ് നഷ്ടപെട്ടവനെ പോലെ അയാളിന്നും വീട്ടില്‍ വിരുന്നുകാരനെ പോലെ മാത്രം ചെല്ലുവാന്‍ വിധിക്കപ്പെട്ടുകൊണ്ട്...
പ്രതീക്ഷകളോടെ ജീവിക്കുന്നു.

Thursday, 17 March 2016

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ.......




കുട്ടിക്കാലം!!

            നസ്സില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ മത്സരിച്ച് തിങ്ങിനിറഞ്ഞിരുന്ന കാലം.കാപട്യങ്ങളാല്‍ കളങ്കപ്പെടാത്ത....... നന്മകള്‍ മാത്രം നിറഞ്ഞ് നിന്നിരുന്ന............,മനം നിറഞ്ഞു ചിരിച്ചിരുന്ന....... സന്തോഷത്തിന്റെ പൊന്‍കാലം!!

അതുകൊണ്ട് തന്നെ ആണ്,നമ്മള്‍ ഇന്നും ഏറ്റവും മനോഹര കാലമായി നമ്മുടെ കുട്ടികാലത്തെ മനസ്സില്‍ സൂക്ഷിക്കുന്നത്.ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങുന്ന പ്രായത്തിലും.... ഒരു പുഞ്ചിരിയോടെ നമ്മിലേയ്ക്ക് ഓടി വരുന്നുണ്ടാവും നമ്മുടെ കുട്ടികാലകുസൃതികള്‍ നിറഞ്ഞ, ചില ഓര്‍മ്മകള്‍!!

സ്മാര്‍ട്ട്‌ ഫോണില്‍,അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ മുന്നില്‍ അതുമല്ലെങ്കില്‍ ചാനലുകള്‍ക്ക് മുന്നില്‍ കുടുങ്ങി പോയൊരു ബാല്യവുമായി കഴിയുന്ന ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപെട്ട പലതും ഉണ്ട് അതില്‍.

സ്ലേറ്റും,കല്ലുപെന്‍സിലുംമഷിത്തണ്ടും ഒക്കെ ചേര്‍ന്നൊരു കാലം നമുക്കെല്ലാം ഉണ്ടായിരുന്നില്ലേ ??

               രുപക്ഷെ, അറിവിന്‍റെ കളിമുറ്റത്തേയ്ക്ക് അമ്മയുടെ കൈ പിടിച്ചു കടന്നു ചെന്ന ആ  ആദ്യ നാളുകള്‍ മുതല്‍ ആവും നമ്മുടെ കുട്ടികാല ഓര്‍മ്മകള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നത്.

മുത്തശ്ശി കഥകള്‍,കവിതകള്‍ കേട്ട് വളര്‍ന്ന ഒരുബാല്യം.പുഴയും,കുളങ്ങളും പാടങ്ങളും മലകളും ഒക്കെ നേരിട്ട് കണ്ടറിഞ്ഞു നമ്മള്‍. അതൊക്കെ തന്നെ അല്ലെ നമ്മുടെ എല്ലാവരുടെയും ബാല്യം.

ഓണക്കോടിയും സദ്യയും ഒക്കെ ആയി ഓണപരീക്ഷയ്ക്ക് ശേഷമുള്ള ആ കൊച്ചവധിക്കാലം എത്ര മനോഹരമായിരുന്നു അല്ലെ!!
ഓണ തുമ്പിയും പൂക്കളവും ഓണകളികളും ഒക്കെ ആയി ശരിക്കും ആഘോഷം തന്നെ!!
പൂക്കളം ഇടുവാനായി പൂക്കള്‍ തേടിനടന്ന്, ഒടുവില്‍ കാട്ടു ചേമ്പിലയില്‍ ശേഖരിച്ച ഒരു കൂട്ടം പൂക്കളുമായി മടങ്ങും വഴി,ചൊറിതണം ചവുട്ടി .... കുത്തിയിരുന്നു ചൊറിഞ്ഞു ചൊറിഞ്ഞ് ഒടുവില്‍..... (അന്ന് തുടങ്ങിയ ചൊറിച്ചില്‍ ഇപ്പോളും ഉണ്ട് , നവിനാണെന്ന് മാത്രം !!)

പിന്നീട് പുതുവര്‍ഷത്തിന് മുന്നോടിയായി എത്തുന്ന ക്രിസ്മസ് അവധി. കരോള്‍സംഘങ്ങളുടെയും ക്രിസ്മസ്സ് കാര്‍ഡുകളുടെയും കേക്ക്ന്‍റെയുംഒക്കെ ഓര്‍മ്മകള്‍ അതിമനോഹരം തന്നെ അല്ലെ ??

പിന്നീട് പരീക്ഷാ കാലം!!

അതിനു ശേഷം വലിയ അവധി.അകലെ ഉള്ള ബന്ധുക്കളുടെ അടുത്ത് പോവുകയും അവര്‍ ഇങ്ങോട്ട് വരുകയും ഒക്കെ ചെയ്യുന്ന കാലം.വലിയ മരങ്ങളില്‍ ഊഞ്ഞാലുകള്‍ ആടുന്ന കാലം.


പേരക്കയും, ചക്കയും, മാമ്പഴവും കശുമാങ്ങയും ഒക്കെ പെറുക്കി മൂക്കൊലിപ്പിച്ചു നടന്ന എത്ര എത്ര നാളുകള്‍ !!

     നമുക്ക് ആ കാലത്തിലേയ്ക്ക് ഒരു യാത്ര നടത്തിയാലോ ??


*************************************************

           ര്മ വച്ച നാള്‍ മുതല്‍ ഏഴാംക്ലാസ്സ് വരെ മാത്രമേ ഉള്ളു ഈ യാത്ര കേട്ടോ.

കണ്ണാരം പൊത്തിക്കളിക്കാം.............,

മണ്ണപ്പം ചുട്ട് കളിക്കാം.....,

കളിവണ്ടികള്‍ തള്ളി നടക്കാം!!

ഓല പീപ്പികള്‍ ഊതി രസിക്കാം!!

ഓലപന്തുകളും , ഓലപാമ്പുകളും,ഓല കണ്ണാടിയും ഓല വാച്ചുകളും, ഓല കുടയും, ഓല വിശറിയും ഒക്കെ കൊണ്ട് നടക്കാം!!



എന്നാ തുടങ്ങിക്കോ......

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ-
യഞ്ചാമനോമന കുഞ്ചുവാണേ,
പഞ്ചാരവിറ്റു നടന്നു കുഞ്ചു.......
പഞ്ചാരക്കുഞ്ച്വെന്ന പേരു വന്നു.

                                            വഞ്ചിയില്‍പ്പഞ്ചാരച്ചാക്കു വച്ചു,
                                            തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു,
                                            പഞ്ചാര തിന്നു മടുത്തു കുഞ്ചു.... 
                                      ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.

കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ-
യഞ്ചാമനോമന കുഞ്ചുവാണേ,
പഞ്ചാരവിറ്റു നടന്നു കുഞ്ചു.......
പഞ്ചാരക്കുഞ്ച്വെന്ന പേരു വന്നു.





**********************************************************************************************************


Sunday, 6 March 2016

ഒരു കൊച്ച് പ്രണയലേഖനം !!

പ്രീയ ധാലൂട്ടിക്ക്.....
നിന്‍റെ പ്രണയം ആവി പറത്തിക്കൊണ്ടു വെട്ടി തിളക്കുന്നത്‌ കണ്ട്, നിന്നോടുള്ള എന്‍ പ്രണയം കവിതകളായി രചിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട എനിക്ക് ഒടുവിലാണ് മനസ്സിലായത്‌, നിന്നൊപ്പം ജീവിതയാത്ര തുടങ്ങാനുള്ള ആദ്യ മാര്‍ഗം എന്റെ ഈ വലിയ രൂപം ചെറുതാക്കുക എന്നത് തന്നെ എന്ന്.പല നുറുങ്ങായി വെട്ടി മുറിക്കപ്പെട്ടു കൊണ്ട് ഞാന്‍ നിന്റെ വഴിത്താരയില്‍ കൂടെ കൂടി.
അപ്പോളാണ്....
ആ വഴിയില്‍ നിന്നെ പ്രണയിക്കാന്‍ ഞാനൊറ്റയ്ക്കല്ല എന്നറിയുന്നത്!!
എന്നെ കൂടാതെ നിന്‍റെ പ്രണയം തേടി , വെട്ടി നുറുക്കിയ ശരീരവുമായി പലരും എത്തപ്പെട്ടു.
പക്ഷെ , നീ ആരെയും ഇഷ്ടമാണോ അല്ലയോ എന്ന് പോലും പറയാതെ നിന്‍റെ യാത്ര തുടരുകയാണ് ചെയ്തത്.
എങ്കിലും ഇടയ്ക്കിടെ ഉള്ള നിന്റെ ഒരു കടാക്ഷം എല്ലാവരിലും എത്തിയിരുന്നു എന്നത് ഞങ്ങള്‍ എല്ലാവര്ക്കും ആശ്വാസകരം തന്നെ ആയിരുന്നു.
പിന്നീടെപ്പോഴോ തമ്മില്‍ കാണാന്‍ പറ്റാത്ത വിധം ആരോ നമ്മുടെ കാഴ്ചകള്‍ പൊടികള്‍ തൂവി മറച്ചപ്പോള്‍, നിന്‍റെ സാന്നിധ്യം ഞങ്ങളിലോരോരുത്തരിലും ഒരു മൃദുലമായ സ്പര്‍ശനത്തിലൂടെ അറിയിച്ചു കൊണ്ട് നിന്റെ ഓരോ കണങ്ങൾ ഞങ്ങൾ ഓരോരുത്തരിലും ആയി അലിഞ്ഞു ചേരുവാൻ തുടങ്ങിയപ്പോൾ , നിന്റെ പ്രണയ തീവ്രത ഞങ്ങൾ ഓരോരുത്തരും അറിയുവാൻ തുടങ്ങുകയായിരുന്നു.
ഒടുവിൽ നമ്മളെല്ലാവരും ഒരുമിച്ചു എത്തപ്പെട്ട വഴിയില്‍ വച്ചാരോക്കെയോ നമ്മളെ പങ്കിട്ടെടുത്തപ്പോഴും, നീ നിന്റെ പ്രണയം ഞങ്ങളില്‍ ചേര്‍ത്തുകൊണ്ട് അലിഞ്ഞു ചെര്ന്നതറിയാതെ ചില മണ്ടന്‍മാര്‍ നിന്നെ മാത്രം കാണുന്നില്ല എന്ന പരിഭവത്തോടെ പതുക്കെ പറയുന്നുണ്ടായിരുന്നു ......
"സാമ്പാറില്‍ പരിപ്പ് ഇട്ടില്ല എന്നാ തോന്നുന്നേ!!"


സമര്‍പ്പണം:വെട്ടിത്തിളയ്ക്കുന്ന പരിപ്പിലേയ്ക്ക് വെട്ടിയരിഞ്ഞു വീഴ്ത്തപ്പെട്ട എല്ലാ "സാമ്പാര്‍ കഷ്ണങ്ങള്‍ക്കും"

ശല്യരാജ്യത്തെ ഈച്ചകൾ !!





                                      ദ്യാനനഗരിയിലെ കാലാവസ്ഥയെ കുറിച്ച് ഒരു കാര്യവുമില്ലാതെ അഭിമാനം കൊണ്ട്, നാട്ടിലെ ഇപ്പോളത്തെ ചൂടിനെ മനസ്സാ തെറിവിളിച്ച്, മുരിങ്ങക്കാ ജ്യൂസ്സും കുടിച്ച്, പല്ലിനിടയില്‍ കുടുങ്ങി പോയ ഏതോ കറികഷ്ണം കിള്ളിയെടുക്കാനുള്ള ശ്രമം തുടരുന്നതിനിടയില്‍ ആണ്, ശല്യരാജ്യ രാജനായ  മാർത്താണ്ഢദേവൻറെ  പള്ളിയറയിലേയ്ക്ക്  പ്രവചനാതീതമായ പാതകളിലൂടെ പറന്നു വന്ന ഒരീച്ച, നേരെ രാജന്‍റെ മൂക്കിന്‍ തുമ്പത്ത് തന്നെ വന്നു കുത്തി ഇരുന്നത്.!!

ഇന്നലെ വായി നോട്ടം കഴിഞ്ഞു വരും വഴി അഞ്ചാറ് ഈച്ചകള്‍ ചേര്‍ന്ന്, ഒരഴുക്ക് ചാലില്‍ നിന്നും കോരി കരയ്ക്കിട്ട മാലിന്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് അറപ്പോടെ നോക്കി തുപ്പിയതാണ്.അതിലോരുവന്‍ അല്ലെ ഇതെന്ന സംശയം മൂക്കിന്‍ തുമ്പ് വരെ എത്തിയപ്പോ, ആഞ്ഞൊരു തുപ്പ്‌ തുപ്പി .

"ത....ത്..ത്തൂ ............."

ഈച്ച പറന്നെങ്ങോ പോയി.

ആ സന്തോഷത്തില്‍ പഴയ പണി തുടര്‍ന്ന രാജന്‍റെ വായില്‍ എന്തോ അടര്‍ന്നു വീണു എന്നുറപ്പായി.പുറത്തെടുത്തു നോക്കിയപ്പോള്‍ ഒരു പേരയ്ക്ക കുരു.
ഈ അടുത്തൊന്നും പേരയ്ക്കാ തിന്നില്ലല്ലോ എന്ന ആശയ കുഴപ്പം ചാരുകസ്സേര നിവര്‍ത്തി അതില്‍ കിടക്കാന്‍ തുടങ്ങും മുന്നേ തന്നെ കാര്യം പിടി കിട്ടി.കഴിഞ്ഞ മാസം അയല്‍ രാജ്യമായ  അംഗരാജ്യത്ത് ചുരുട്ട് തേടി പോയപ്പോള്‍ വഴിയില്‍ കിടന്ന ഒരു പേരയ്ക്ക കണ്ടപാടെ ചാടി എടുത്ത്  അപ്പാടെ  തിന്നിരുന്നു.അപ്പോളേയ്ക്കും  "സസ് സു സ്സ്,,,," എന്ന് മൂളി ആ പഴയ ഈച്ച വീണ്ടും മൂക്കിന്‍ തുമ്പത്ത്!!

 ലാന്‍ഡ്‌ ചെയ്ത ഉടന്‍ അവനൊരു ചോദ്യം,
"ഈ സ്ഥലം കൊടുക്കുന്നോ??"

"എന്‍റെ മൂക്കിന്‍ തുമ്പത്ത് വന്നിരുന്ന് വമ്പത്തരം പറയുന്നോ .. പന്ന ........"

മൂക്കിന്‍ തുമ്പത്തേയ്ക്കിരച്ചു കയറിയ രാജന്‍റെ  ശുണ്ഠിക്ക് മേലെ അവൻ അവന്‍റെ കാലുകള്‍ ചവുട്ടി തൂത്തു.അത്രേം ആയപ്പോള്‍ ഇന്നിവനെ കൊന്നിട്ടെ ഉള്ളു എന്ന് തീരുമാനിച്ച് ചാടി എണീറ്റ രാജന്‍ കെട്ടിമറിഞ്ഞ് കൊരണ്ടിയേന്നു താഴെ!!

കുപ്പി വാങ്ങാന്‍ വേണ്ടി കാർഷിക ബാങ്കില്‍ പണയം വച്ച സിംഹാസനം ഉടന്‍ തിരിച്ചെടുക്കണം രാജൻ തിരുചന്തി തിരുമ്മിക്കൊണ്ട് മനസ്സില് പറഞ്ഞു.


"ആരവിടെ.... "


ആരും വന്നില്ല !!


ഒടുവില്‍ തറയില്‍ നിന്നും പിടഞ്ഞെണീറ്റ് വീണ്ടും അലറി. 


"ആ...........രവിടെ


ശബ്ദ ഗാംഭീര്യത്തിനൊപ്പം സ്വതന്ത്രമാക്കപ്പെട്ട "എന്തോ ഒന്ന്"  മണത്തറിഞ്ഞ് മൂക്കും വായും ഒരുപോലെ പൊത്തിക്കൊണ്ട് കടന്നു വന്ന മന്ത്രി മൂക്ക് നിലത്തു മുട്ടും വിധം താഴ്ന്നു തൊഴുത് പറഞ്ഞു

"ശല്യ മഹാരാജാവ് നീണാൾ വാഴട്ടെ......................"

"ശല്യരാജന്‍........... ശല്യം ചെയ്യാനായി അടിയനെ വിളിച്ചിരുന്നു അല്ലെ?? "


"മന്ത്രീ.....


പള്ളിയറയില്‍ ഈച്ച ശല്യം കൂടിയിരിക്കുന്നു.ഉടൻ പോംവഴി കണ്ടെത്തണം!!"


ശല്യത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് ഓർമ വന്നത്, മഹാറാണി എവിടെ ?"


"രാജൻ മറന്നു , റാണി ഇന്നലെ കാമ രാജ്യത്തെ ഭോഗ രാജന്റൊപ്പം, ടൂറിസം വികസനത്തിന് പോയി."


എന്തോ പള്ളി തെറി പറയാൻ വന്ന രാജന്റെ മുന്നില് മന്ത്രി ഉള്ള സത്യം തുറന്ന് പിടിച്ച് നിന്നു !!


"കാമരാജൻറെ  കരുണ കൊണ്ടാണ് നമ്മൾ കഴിയുന്നതെന്ന് മാർത്തരാജൻ ഓർത്താൽ നന്ന്,രാജൻ  !! "


അപ്പോളേയ്ക്കും "കുണു കുണാ"ന്നു പാടി വന്ന് തന്റെ കുംഭയില്‍ തന്നെ കുത്തിയിരുന്ന  ഈച്ചയേയും കൂടി കണ്ട രാജാവ് ദേഷ്യം കൊണ്ട് കോമരം തുള്ളി.അടുത്തത്തിന്റെ അടുത്ത രാജ്യമായ "കോണാച്ചേരി" രാജ്യത്ത് കണ്ട, വിറകുവെട്ടുകാരന്റെ ഒഴിവിലേയ്ക്കായി എഴുതിയ അപേക്ഷ എടുത്തു മടക്കി അതുകൊണ്ടോടി നടന്ന് ചറ പറ തല്ലീട്ടും ഈച്ച രക്ഷ പെട്ടു.



"ങാ!! അല്ലേലും ഒരീച്ചയെ കൊല്ലാന്‍ പറ്റാത്ത നോം പുതിയ ജോലി സ്ഥലത്തെത്തി എന്ത് മല മറിക്കാൻ ?? നോമില്ല .. എങ്ങോട്ടും !!

ഓടി തളർന്ന മാർത്താണ്ഢദേവൻറെ മൂക്കിൻ മേലെ തന്നെ വീണ്ടും വന്നിരുന്ന ഈച്ച, രാജനെ  വെല്ലുവിളിച്ച ശേഷം മേശ മേല്‍ പോയി  വീശ്പാളയുടെ കാറ്റ് കൊണ്ട് കാലു നീട്ടി ഇരുന്നു.


മഹാറാണി അറിയാതെ, ദാസിമാർക്ക് കാമലേഖനം എഴുതാൻ വച്ചിരുന്ന പേന എടുത്തൊരു കുത്ത് കൊടുത്തു രാജൻ!!


കാമം രചിച്ചിരുന്ന പേന ഒടിഞ്ഞ് തൂങ്ങിയത്‌ കണ്ട് സഹിക്ക വയ്യാതെ ശല്യരാജൻ, പിന്നെ പല പല ആക്ഷരങ്ങളിൽ തുടങ്ങുന്ന നാടൻ തെറികൾ  എടുത്തു ഈച്ചയ്ക്ക് നേരെ അക്ഷര രൂപേണ വാരി എറിഞ്ഞു.


ഒന്നും കൊണ്ടില്ല!!


എലിയെ പിടിക്കാൻ വേണ്ടി തെങ്ങാപൂള് ഇട്ട് തുറന്നു വച്ചിരുന്ന മൗസ് ബോക്സ് കൊണ്ട് പല വട്ടം എറിഞ്ഞു നോക്കി.....


റാണി ഉണ്ടാക്കിത്തന്ന കടല മുട്ടായി പൊട്ടിക്കാൻ വച്ചിരുന്ന ചുറ്റിക എടുത്തടിച്ചു...


തുരുമ്പിച്ച വാളെടുത്ത് വീശി .....


പാറ്റാകായ കൊണ്ടെറിഞ്ഞു നോക്കി....


റാണിയുടെ മുഖത്തിന്റെ ക്ലോസ് അപ്പ് ഫോട്ടോ വരെ കാണിച്ച് പേടിപ്പിച്ചു.....,


എന്നിട്ടും ഈച്ച മാത്രം ചത്തില്ല!!



ഭോഗിച്ചു മടുത്തവനെ പോലെ വീര്യം നഷ്ടപ്പെട്ട മാർത്താണ്ഢരാജൻ, ഒടുവിൽ  തൂണും ചാരി തളര്‍ന്നിരുന്നു.


"കൊട്ടാരം ആസ്ഥാന ഗായകനോട് രണ്ടു പാട്ട് പാടാൻ പറഞ്ഞാലോ തിരുമനസ്സേ ??"


"ഈച്ചയെ കൊല്ലാനോ ??"


"അതല്ല, അങ്ങയുടെ ക്ഷീണം മാറ്റാൻ... വേണ്ടി!!"


"വേണ്ട മന്ത്രീ  , അതിലും ഭേതം നമ്മുടെ പോത്തിനോട് രണ്ടു മൂന്നു വട്ടം അമറാൻ പറയുന്നതാ "


രാജാവിന്റെ ഇരിപ്പുകണ്ട്, കൊട്ടാരം നർത്തകി "അപ്സരകന്യ"  പഴങ്കഞ്ഞി വെള്ളത്തിൽ മോരൊഴിച്ചു കൊണ്ട് വന്നു.


ഓണക്ക മുന്തിരി കരിഞ്ഞ പോലുള്ള മുഖവും,ചാരത്തിൽ മുക്കിയ ചകിരി പോലുള്ള മുടിയും,ടാറൊഴിച്ച കരിയോയിലിൽ മുങ്ങിയ പോലുള്ള കളറും, പത്തിരുപത് പെറ്റുകൂട്ടി ജനസംഖ്യ വർദ്ദനവിലെ പ്രധാന പങ്കാളിയുമായ കൊട്ടാര നർത്തകിയെ കണ്ട ഉടനെ തന്നെ രാജാവ് അവളെ പരതെറി പറഞ്ഞോടിച്ചു വിട്ടു. 


"രാജഗുരു ഉല്പലാക്ഷഗുരൂനോട്‌ വരാൻ പറയൂ മന്ത്രീ...."


"രാജഗുരു ഈച്ചശല്യം തീർക്കാനുള്ള മരുന്ന് തപ്പി തപ്പി നടന്ന് അങ്ങ്  ഗല്ഫിലെങ്ങാണ്ട് എത്തിപ്പെട്ടു എന്നും, അവിടെ ചെന്നും തപ്പല് തുടർന്നപ്പോ..... ഇപ്പൊ ഷേക്കിൻറെ തടവറയിൽ ഇരുട്ടത്ത്‌ തപ്പുവാ എന്നും പറഞ്ഞ് അങ്ങയെ പോലെ കുളിക്കാത്ത ഒരു കാട്ടറബി കത്തും കൊണ്ട് വന്നിരുന്നു.ആയിരം പൊൻപണം കൊടുത്തൽ മോചിപ്പിക്കാം എന്ന്"


"ആയിരം പൊൻപണമുണ്ടേൽ നാം പത്ത് ആടിനെ വാങ്ങി മേയ്ച്ചു നടന്ന് പണ്ടേ രക്ഷ പെട്ടേനെ,രാജാവാന്നും പറഞ്ഞിവിടെ കിടക്കുമായിരുന്നോ ?"


അതും പറഞ്ഞു കോട്ടുവായിട്ട രാജാവിന്‌ പുളിച്ചു തികട്ടി വന്നു."കോട്ടുവായ്ക്ക് ഒടുക്കത്തെ നാറ്റം തന്നെ"എന്ന് രാജന്‍, തിരു മനസ്സില്‍ പറഞ്ഞു.തൻറെ ബ്രഷ് എടുത്ത് റാണി "തിരുകക്കൂസ്സ്" കഴികിയ അന്ന് മുതൽ പല്ല് തേപ്പു മുടങ്ങി.പിന്നെ, ഇന്നലെ കഴിച്ച വാറ്റുചാരായത്തിന്റെ നാറ്റം കൂടി ആയപ്പോ രാജാവിനു തന്നെ സ്വന്തം വായോടു പുച്ഛം തോന്നി.




**************************************************************************************


വാല് കഷ്ണം:

ശല്യ രാജൻ തിരു വാ തുറന്നു കോട്ടുവാ  ഇടും എന്ന് പ്രതീക്ഷിക്കാതെ മൂക്ക് ലക്ഷ്യമാക്കി പറന്നു വന്ന ഈച്ച കിറുങ്ങി അടിച്ച് വീണത് കണ്ട്, ശല്യ രാജൻ ഈച്ച പിടുത്തം തൊഴിലാക്കിക്കൊണ്ട്, തുറന്ന വായുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.സംഗതി അറിഞ്ഞ മറ്റു രാജ്യക്കാരും,അവരുടെ നാട്ടിലേയ്ക്ക് രാജാവിനെ ക്ഷണിച്ചു കൊണ്ട് പോയി.മറ്റു രാജ്യങ്ങളിൽ പോയുള്ള രാജാവിന്റെ ഈച്ച നശീകരണത്തിലൂടെ  ശല്യരാജ്യത്തെ ഖജനാവ് നിറഞ്ഞ് കവിഞ്ഞു.തപ്പിയ കേസ്സിൽ ആപ്പിലായ ഉൽപ്പലാക്ഷഗുരുനെ മോചിപ്പിച്ചു.വരും വഴി ഒരറബി പെണ്ണിനെ കൊട്ടാര നർത്തകി ആയി പൊക്കാൻ ഗുരു മറന്നില്ല."അപ്സരകന്യ" യെ പുരാവസ്തു മ്യൂസ്സിയത്തിൽ കൊണ്ടോയി കുടിയിരുത്തി.ടൂറിസ്സ വികസ്സനത്തിനു പോയ മഹാറാണി മാസ്സങ്ങൾക്കു ശേഷം എന്തൊക്കെയോ പ്രത്യക്ഷ വികസനങ്ങളുമായി മടങ്ങി വന്ന് മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ ശല്യ രാജ്യത്തിന് രണ്ട് രാജ കുമാരന്മാരെ കിട്ടി.ഓസിക്ക്‌ അച്ഛനായതിൽ രാജാവ് അതിയറ്റം സന്തോഷിച്ചു. 





Tuesday, 1 March 2016

കാലന്‍ കഥകള്‍ (ഭാഗം 13)


നീയമപരമായ മുന്നറിയിപ്പ്:
ഭാഗം 12- "കേരള ടൈ" വായിച്ച ശേഷം മാത്രം വായന തുടരുക ......



                     ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പ്രാര്‍ത്ഥനയും മിമിക്ക്രിയും കാണിച്ചു നിവര്‍ന്ന വ്യാജന്‍ മുഖത്തെ വൃത്തികേട് ഇനി എങ്ങനെ മാറ്റും എന്നറിയാതെ ഉഴറി നില്‍ക്കുമ്പോള്‍ അങ്ങകലെ,കേരള ടൈ ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ കുടുങ്ങിയ ചാത്തന്‍, ചാത്തിവക ചിരവയ്ക്കടിയും കൂമ്പിനു കുത്തും ഏറ്റ് വാങ്ങി, നെഞ്ചത്തടിയും നിലവിളിയും ആയി കഴിഞ്ഞു പോന്നു.

**********************************************************

അതെ സമയം , ഈച്ചപിടിക്കുന്ന ടൈയും കെട്ടി,പാണ്ടി ലോറീടെ ഗ്ലാസ്സ് പോലുള്ള കണ്ണടയും വച്ച് “പുളുസ്സോ പിളുസ്സോ” എന്ന് നടക്കുന്ന കാലന്‍റെ പുറകെ പോത്തന്‍സ്സ് ആന്‍ഡ്‌ ഗുപ്തന്‍സ്സ് കേരളകരയില്‍ കയറിയിരുന്നു.ചെന്നു കയറിയതാവട്ടെ ഏതോ ഒരു ഗ്രാമ പ്രദേശത്തും!!

വിജനമായ വഴിയിലൂടെ മൂവര്‍ സംഘം നടക്കുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു കുര കേട്ടത്.തിരിഞ്ഞ് നോക്കിയപ്പോള്‍,മഹാവിഷ്ണുവിന് ക്ഷയം പിടിച്ച പോലെ നിര്‍ത്താതെ ഒന്നര കട്ടയില്‍ കുരച്ചു കൊണ്ട് ഒരു കൊടിച്ചി പട്ടി!!

കുരയ്ക്കും പട്ടി കടിക്കില്ല എന്നറിയാത്ത പോത്തന്‍ ഉടന്‍ തന്നെ അടുത്ത് കണ്ട കുറ്റികാട്ടിലേയ്ക്ക് എടുത്ത് ചാടി.

ചാടി കഴിഞ്ഞാണ് മനസ്സില്ലായത് അത് ഒരു പൊട്ടകുളത്തിലോട്ടുള്ള ഇറക്കം ആണെന്ന്.ചാടിയ ചാട്ടം തിരിച്ചെടുക്കാനുള്ള തത്രപ്പാടില്‍ ചുവടു പിഴച്ചത് മൂക്ക് കുത്തി അഡ്ജസ്റ്റ് ചെയ്തു എങ്കിലും, കിട്ടിയ ചാന്‍സ് മുതലെടുത്ത്‌ കാലുമാറിയ കാലുകളുടെ സഹായത്തോടെ, ആസനം കുത്തി കാലുകള്‍ "മേ..." "കോ..." എന്ന് വച്ച്, ജീവനകലയ്ക്ക് പുതിയോരാസനം സമ്മാനിച്ച്‌ കൊണ്ട്,ചന്തി ചൊറിയാന്‍ കുത്തി ഇരുന്ന പോലെ ആയിപ്പോയി പാവം പോത്തപ്പന്‍.ഇരുന്ന ഇരുപ്പില്‍ ചാണ്ടി സര്‍ക്കാരിന്റെ ആപ്തവാക്യം പോലെ “അതിവേഗം..., ബഹുദൂരം ” കുളത്തിലോട്ട് പൊയ്ക്കൊണ്ടിരുന്ന പോത്തന്, ആ യാത്രയില്‍ ഒരു സുഖമൊക്കെ തോന്നി തുടങ്ങിയപ്പോള്‍ ആണ് പണി പാറകഷ്ണങ്ങളായി വഴിയില്‍ എത്തി തുടങ്ങിയത്.ആദ്യത്തെ പറ കഷ്ണവും പോത്തപ്പന്റെ “പോത്തത്തവും” ചേര്‍ന്ന്, “ഡിഷും” എന്നൊരു പള്ളി മണി മുഴക്കിയപ്പോള്‍ തന്നെ അഞ്ചാറ് കിളികള്‍ എങ്ങോ പറന്നു പോയി.


കമാ” എന്നൊരക്ഷരം മിണ്ടാതെ എല്ലാം സഹിച്ച പോത്തപ്പന്‍ “കമാ” എന്നത് പിരിച്ചെഴുതികിട്ടിയത് കൊണ്ട്, പാറ ഉണ്ടാക്കിയ ദൈവത്തെ രണ്ട് തെറി വിളിച്ചു.തെറി വിളി പൂര്‍ത്തിയാക്കും മുന്നേ തന്നെ താഴോട്ടുള്ള വഴിയില്‍ കണ്ട പാറകളില്‍ എല്ലാം മുട്ടി ഒരു കൂട്ട മണി തന്നെ മുഴങ്ങി.എല്ലാം കഴിഞ്ഞപ്പോള്‍  പോത്തപ്പന്‍ നല്ലൊരു "ഒമ്ലെറ്റ്" ഉണ്ടാകി അല്പം കുരുമുളക് തൂകി മറിച്ചിട്ട ശേഷം,കുളത്തിലോട്ടു തന്നെ  മറിഞ്ഞടിച്ച് വീണു.പോത്തത്തം തണുപ്പിക്കാന്‍ വേണ്ടി  തല മാത്രം വെള്ളത്തിന്‌ മേലെ ആക്കി കുളത്തില്‍ പൊങ്ങി കിടന്നു.

അന്ന് മുതല്‍ പോത്തപ്പന്റെ പിന്മുറക്കാര്‍,പിന്‍ഭാഗം മുങ്ങും വിധം വെള്ളം കണ്ടാല്‍ ഉടന്‍ അതില്‍ കിടപ്പ് തുടങ്ങിക്കൊണ്ട്,പോത്തത്തം തണുപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് പോന്നു.കഥയറിയാത്ത മണ്ടന്മാര്‍ “കന്നിനെ കയം കാണിച്ചപോലെ” എന്ന് പാടി നടന്നു.
*********************
അതേസമയം,കുരയ്ക്കും പട്ടിയെങ്ങാനും കടിക്കുമോ എന്ന് പേടിച്ച ചിത്രപ്പന്‍,പട്ടി മൂന്നുവട്ടം കുരയ്ക്കും മുന്നേ തന്നെ കാലനെ പട്ടിക്ക് ഒറ്റികൊടുത്ത ശേഷം  തൊട്ടടുത്തുകണ്ട ചെടികള്‍ക്കിടയിലോട്ടു സ്കൂട്ടായി.ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു "കാല-പട്ടി" സംഗമ കാഴ്ചകാണാന്‍  കുത്തിയിരുന്ന വകയില്‍ ഗുപ്തപ്പന്റെ കഴുത്തില്‍ എന്തോ ഉടക്കി.നോക്കിയപ്പോ ഒരു വള്ളി.

കാലന് കടി കിട്ടുന്ന അടിപൊളി കാഴ്ചകള്‍ കാണാന്‍ ഇരിക്കുമ്പോളാ വള്ളിയുടെ വക കളിയും ചിരിയും!! 

വലിച്ചു പറിച്ച് നിലത്തിട്ടു രണ്ട് ചവിട്ട്.ചവിട്ട്നാടകം കഴിഞ്ഞ ഉടന്‍ ചൊറിഞ്ഞ് തുടങ്ങിയപ്പോള്‍ ആണ്, ചതഞ്ഞരഞ്ഞ വള്ളിയിലേയ്ക്കും വള്ളിയില്‍ ഉണ്ടായിരുന്ന കായിലേയ്ക്കും ഗുപ്തപ്പന്‍ സൂക്ഷിച്ചു നോക്കിയത്.

പടച്ചോനേ... നയിക്കുരുണം!!

നത്തോലി പോലിരുന്ന ഗുപ്തന്‍ ചൊറിഞ്ഞ് ചൊറിഞ്ഞു വീര്‍ത്ത് തടിച്ചു.

                അതെ സമയം,കുരയ്ക്കും പട്ടി കടിക്കില്ല എന്നുറച്ച് വിശ്വസിച്ച കാലന്‍ ആവട്ടെ, "പോ.. പട്ടിഎന്ന് പറഞ്ഞൊരു കല്ലെടുത്തൊരു കീച്ചു കീച്ചി.ഏറോട്ട് കൊണ്ടും ഇല്ല, പട്ടിക്കു ശൌര്യം കൂടുകയും ചെയ്തു.കാലന് നേരെ കുതിച്ച പട്ടിയെ കാലുമടക്കി തൊഴിച്ച കാലന്‍റെ കാലിനു തന്നെ ആദ്യത്തെ കടി കിട്ടി.കടികൊണ്ട കാലന് കലി മൂത്തു.പിന്നെ രണ്ട് കൈകള്കൊണ്ടും പട്ടിയെ പൊതിരെ തല്ലി.ഒറ്റ തല്ല് പോലും പാഴായില്ല, എല്ലാം കറക്റ്റ് ആയി തറയില്‍ തന്നെ കൊണ്ടു.പട്ടി സേഫ്!!

തല്ലുകഴിഞ്ഞു നോക്കിയാ കാലന്‍ ഞെട്ടി.കാളാമുണ്ടന്‍ പോലിരുന്ന തന്‍റെ കൈകള്‍ കടി കൊണ്ട് തുളഞ്ഞ് കൊതുകുവല പോലെ!!

സങ്കടം സഹിക്ക വയ്യാഞ്ഞു കുത്തിയിരുന്നു മോങ്ങിയ കാലന്‍ മൂക്ക് പിഴിഞ്ഞോണ്ട് വിളിച്ച് പറഞ്ഞു....

“ങ്ങീ........... ഞീ.............. ങീ........
തിരിച്ചു ചെല്ലട്ടെടാ പട്ടീ.... നിന്നെ ഞാന്‍ പോക്കും!!”

ഇതും പറഞ്ഞ് നിലത്ത് നിന്നും പൊങ്ങിയ കാലന്‍റെ ആസ്സനത്തില്‍ തന്നെ കൊടുത്തു പട്ടി അടുത്ത കടി.അടിച്ചു മാറ്റിയത് കീറി പൊളിഞ്ഞ് കഴിഞ്ഞ ഓണത്തിന് ഇട്ട "മഞ്ഞ പൂക്കളം" തെളിഞ്ഞു വന്നു.അങ്ങിനെ സംഗതി നാട്ടാരറിഞ്ഞു.

ഇത്രയും ആയപ്പോളേയ്ക്ക് കാലന്‍റെ സകല നിയന്ത്രണവും പോയി.പിന്നോരോറ്റ ഓട്ടമായിരുന്നു......

ഓടിയ കാലന്‍റെ മൂട്ടില്‍ കടിച്ച് തൂങ്ങിയ പട്ടി ആവട്ടെ,ആസനത്തില്‍ വച്ച കുടുമ പോലെ കാലന്റെ ഓട്ടത്തിനനുസരിച്ച് താളത്തില്‍ ആടിക്കൊണ്ടിരുന്നു....

Wednesday, 24 February 2016

അച്ഛന്‍ തോട്ടില്‍ !!

ബാല്യത്തെ പിഴുതെറിഞ്ഞ് കടന്നു വന്ന കൌമാര നാളുകളില്‍, വിയര്‍പ്പില്‍ കുതിര്‍ന്ന മടക്കു പുസ്തകങ്ങള്‍ ആവേശത്തോടെ വായിച്ചു തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുമ്പോള്‍, അവനിലെ രതി സൂത്രങ്ങങ്ങള്‍ സ്വപ്നങ്ങളില്‍ കാമകേളികള്‍ ആടി തിമിര്‍ക്കുകയായിരുന്നു.

ഊതി പെരുപ്പിച്ച രതി സങ്കല്‍പ്പങ്ങള്‍ സര്‍പ്പങ്ങള്‍ കണക്കെ കെട്ടുപിണഞ്ഞും, ഉയര്‍ന്നു താഴ്ന്നും,ആടികളിച്ചും സീല്‍ക്കാരത്തോടെ ഫണങ്ങള്‍ വിടര്‍ത്തി ചീറിയ നാളുകളില്‍ അവനും ഒരു തികഞ്ഞ കോണ്ഗ്രസ്സ് ചിഹ്ന വിശ്വാസി ആയി മാറിയിരുന്നു.

വിയര്‍ത്തോലിച്ച് കുഴഞ്ഞ് വീണു ചത്ത പുസ്തകങ്ങള്‍ക്ക് മേലെ വൃത്തം വരച്ച് ആദ്യാക്ഷരം കുറിച്ച ദൃശ്യ സുഖങ്ങളെ സ്ക്രീനില്‍ നിന്നും അടര്‍ത്തിയെടുത്ത് ചിന്തകളില്‍ ആവാഹിച്ചുകൊണ്ട്, തള്ളി തുറന്നു കടന്നു ചെന്ന സ്വകാര്യ മുറിയില്‍ പിന്നീടവന്‍ ഒരു അച്ഛന്‍തോട്ടില്‍ തന്നെ പണിത്, അനാഥമാക്കപ്പെട്ട ആയിരങ്ങളെ കുടിയിരുത്തി.

************************

വാര്‍ധക്യപുരാണം നാടകാന്ത്യത്തില്‍, അരങ്ങൊഴിഞ്ഞ ഇണകിളിയുടെ ഓര്‍മകളും പേറി ആ നടന വൈഭവം വേഷങ്ങള്‍ അഴിക്കുമ്പോള്‍, അച്ഛാ എന്ന വിളികള്‍ മാത്രം പാശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്നുവോ ??

Tuesday, 9 February 2016

"ഗുണ" "ദോഷ"ങ്ങള്‍ അഥവാ "ഗുണദോഷങ്ങള്‍" !!

നാടുവിട്ടതോ ഓടിച്ച് വിട്ടതോ എന്നറിയില്ല!!

എങ്കിലും പത്തുവര്‍ഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ബന്ധമെന്ന്, സൌഹൃതമെന്ന് കരുതിയ പലതും, വഴിയില്‍ കൊഴിഞ്ഞ് വീണുകഴിഞ്ഞു.എല്ലാ കൂട്ടലും കിഴിക്കലിനുമൊടുവില്‍ തെളിഞ്ഞ് നില്‍ക്കുന്ന ചിലതാവട്ടെ അമൂല്യവും!!


മഹാനഗരങ്ങളിലെ ജീവിതത്തില്‍ നിന്നുകിട്ടിയ പ്രധാന "ഗുണം", ഉള്ള രോമങ്ങൾ മുഴുവന്‍ വെള്ളി കെട്ടിക്കാനായി എന്നത് തന്നെ.ഉത്സവകാല പെരുമയെങ്കിലും, കാലഹരണപ്പെട്ട "സിക്സ്സ് പാക്ക്" കൊടുത്ത് പകരം ഒരു പിടി ഉപ്പിനുള്ള ചോറെടുത്തു വയ്ക്കാന്‍ പറ്റുന്ന ഒരു കുടം വാങ്ങാനായത് മറ്റൊരു ഗുണമെങ്കിലും, അതിലും പ്രധാനം- ഇഷ്ടം പോലെ വളയുകയും തിരിയുകയും ഒക്കെ ചെയ്തിരുന്ന ബലമില്ലാത്ത നട്ടെല്ലിനെ,വളയ്ക്കാന്‍ പറ്റാത്ത വിധം ബലമുള്ളതാക്കി മാറ്റി എന്നത് തന്നെ!!


പ്രധാന "ദോഷം" ഇന്നര്‍വെയര്‍ ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും മത്സരിച്ച് വളര്‍ന്നു എന്നത് തന്നെ.നാട്ടിലുള്ളപ്പോൾ വീട്ടില്‍ കയറാത്തവന്‍ ,നോസ്റ്റി നുണഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍ എത്തുന്നു എന്നത് വീട്ടിലെ ഭക്ഷ്യ ക്ഷാമം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഒരു വളര്ത്തുദോഷമായി മാറിക്കൊണ്ടിരിക്കുന്നു!!


പത്തുകൊല്ലം മുന്നേ തന്നെ സാമ്പത്തിക ഭദ്രതയില്‍ സ്ഥിരത നേടിയിട്ടും അന്നത്തെ പോലെ തന്നെ, ബാങ്ക് ബാലനന്‍സ്സ്  ഇന്നും പൂജ്യം എന്നത് മാത്രം ഒരു വിരോധാഭാസമായി നിലനില്‍ക്കുന്നത് "ഗുണം" ആണോ "ദോഷം" ആണോ എന്നറിയാന്‍ വാരഫലം നോക്കിയിട്ടും അറിയാത്തതിനാല്‍ അതിനെ "ഗുണദോഷങ്ങളില്‍" പെടുത്തിക്കൊണ്ട്,പതിവ് പോലെ മത്തായി സുവിശേഷം ഈണത്തില്‍ പാടുന്നു.....

Friday, 5 February 2016

പ്രായശ്ചിത്തം !!

സൂര്യന്‍ ഒരു പിംബ് ആണ്.തെളി വെളിച്ചത്തില്‍ കൂട്ടികൊടുപ്പ് നടത്തി , സമുദ്രവുമായുള്ള വഴി വിട്ട ബന്ധത്തില്‍ മുങ്ങി താഴുന്ന ഒരു പിമ്പ്.

എന്നാല്‍ , സൂര്യന്‍റെ പ്രവര്‍ത്തികളുടെ ഫലം നേരിട്ടുകണ്ടു കൊണ്ട് , സൂര്യ പ്രവര്‍ത്തികളുടെ പ്രായശ്ചിത്തമായി സ്വയം ഇല്ലതാവുന്നവന്‍ ചന്ദ്രന്‍. തന്‍റെ പ്രകാശഹേതുവായ സൂര്യനോടുള്ള നന്ദിയായി അവന്‍ തന്‍റെ നാവുകള്‍ അറുത്തുമാറ്റി കഴിഞ്ഞു .അതുകൊണ്ട് മാത്രം , പലരും ഇപ്പോളും പൊതു മധ്യത്തില്‍ മാന്യന്മാര്‍ ആയി നിലകൊള്ളുന്നു.പലരുടെയും യഥാര്‍ത്ഥ മുഖം രാത്രിയില്‍ ആണല്ലോ പുറത്തുവരുക.ചന്ദ്രനു നാവുകള്‍ ഇല്ലാഞ്ഞത് നന്നായി.

ഇല്ല എങ്കില്‍ , ഒരുപക്ഷെ .....


Thursday, 4 February 2016

മച്ച!!




                                   നുഷ്യന്‍റെ മനസ്സും പൂച്ചയുടെ രൂപവുമായി പതുങ്ങി പതുങ്ങി നടന്നവനെ ഒരിക്കല്‍ ഒരു പാവം പട്ടി പിന്തുടര്‍ന്നു.ഓടി വളവില്‍ മറഞ്ഞ പൂച്ച രൂപത്തെ പിന്തുടര്‍ന്ന്‍ വന്ന പട്ടി, ഇരുട്ടില്‍ തന്നെ കാത്തിരിക്കുന്ന ചതികുഴികള്‍ അറിഞ്ഞിരുന്നില്ല.
                           ഒടുവില്‍ ഒരുനാള്‍ ,പുഴുക്കള്‍ അരിക്കാതെ ബാക്കി വന്ന "പട്ടി" എന്ന പേരുമാത്രം, കഥയറിയാതെ പൂച്ചയെ തേടി നടക്കുമ്പോള്‍, മനുഷ്യ മനസ്സിലെ ചതിപ്രയോഗങ്ങളുമായി പൂച്ച രൂപമുള്ള മച്ച, തന്‍റെ അടുത്ത ഇരയേയും കൊണ്ട് ഇരുലിന്റെ മറവില്‍ പതുങ്ങി കഴിഞ്ഞിരുന്നു.




Sunday, 31 January 2016

അച്ഛന്‍ !!

                          

             

                           ക്ത ബന്ധം എന്നത് കാറ്റില്‍ പറത്തികളഞ്ഞുകൊണ്ട്, ഗ്ലാസ്സില്‍ നിറഞ്ഞ ലഹരിക്കൊപ്പം നുരഞ്ഞ് പൊങ്ങിയ കാമാഗ്നിയില്‍ എരിക്കപ്പെട്ടത് ഒരു മകള്‍ക്കുണ്ടായിരുന്ന "അച്ഛന്‍" എന്ന പദത്തിന്‍റെ വ്യാഖ്യായനങ്ങള്‍ ആയിരുന്നു.

                          ഇനി അച്ഛനില്ല , അയാള്‍ മാത്രം !!

Friday, 29 January 2016

ഗുണ്ടയ്ക്കൊപ്പം !!


കിട്ടിയാ ഊട്ടി
       പോയാല്‍ ചട്ടി” 
എന്ന ആപ്തവാക്യമെടുത്ത് പതിവുപോലെ പല്ല്തേച്ചുമിനുക്കി,ജീവിതത്തില്‍  36 ആമത്തെ ചട്ടിയും പോയ ദിനം പൂര്‍ത്തിയാകുന്ന അന്ന് പുലര്‍ച്ചെ തന്നെ  ഒറ്റപ്പാലം തീവണ്ടി ആപ്പീസ്സില്‍ കാല്കുത്തുമ്പോള്‍, പ്രതിക്ഷേധഭാവേന പ്രകൃതി ചൂട്കാറ്റൂതി തള്ളി വിട്ടുന്നുണ്ടാരുന്നു.ബാംഗ്ലൂരിലെ തണുപ്പിനോട് കൊഞ്ഞനംകുത്തി വലിച്ചുവാരി കയറ്റിയ മേല്കുപ്പയങ്ങളില്‍ ചിലത് വലിച്ചൂരി ബാഗില്‍ തള്ളിയ ശേഷം, മ്ണാ..ക്ക്  മ്ണാ..ക്കെന്നും പറഞ്ഞ് ബാഗും തൂക്കി ബസ്സ്‌സ്റ്റാന്‍ഡിലേയ്ക്ക്!!

ആറുമണിക്ക് വീട്ടില്‍ എത്തുമ്പോള്‍, പതിവുപോലെ അമ്മ പടിക്കല്‍ തന്നെ കത്ത് നില്‍പ്പുണ്ട്.അമ്മയുടെ ഒറ്റശ്വാസത്തില്‍ ഉള്ള വിശേഷം അറിയലും, പറയലും ഒക്കെ കഴിഞ്ഞ് പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞ് വന്നപ്പോളേയ്ക്കും സ്നേഹവും വാത്സല്യവും ഒക്കെ ചേര്‍ത്ത് ചൂടുള്ള ചായയും കൊണ്ട് അമ്മ എത്തി.പിന്നെ , ഒരുനാള്‍ അമ്മയ്ക്കൊപ്പം .

പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണ ശേഷം കിട്ടിയ വണ്ടിയില്‍ കയറി തൃശൂര്‍ക്ക്.അവിടെ ചെന്ന് ഒരുമണിക്കൂര്‍ കറങ്ങി നടന്നിട്ടും, വരാം എന്ന് പറഞ്ഞവന്‍ വന്നില്ല, വിളിച്ചിട്ട് എടുക്കുന്നും ഇല്ല.

അതിനിടയില്‍ പുസ്തകശാലയില്‍ കയറി ചില പുസ്തകങ്ങള്‍ വാങ്ങി.ഇനിയും നിന്നാല്‍, കൈയിലെ കാശ്മുഴുവന്‍ പുസ്തകങ്ങള്‍ ആയി മാറും എന്ന് വന്നപ്പോള്‍ അവിടുന്നിറങ്ങി.വരാമെന്ന് പറഞ്ഞവനെ വിളിച്ചു.അനക്കമില്ല.
ഇനിയെന്ത് ചെയ്യും?

അപ്പോളാണ് ആ മണ്ടന്‍ ഐഡിയ വലിഞ്ഞു കയറി വന്നത്.

നേരെ നടന്നൊരു പരിചയമുള്ളൊരു  കെട്ടിടത്തിന്‍റെ മുന്നില്‍ ചെന്ന് നിന്നു.എന്‍റെ ആജന്മ ശത്രു-“പടികള്‍” ഞെളിഞ്ഞ് കിടന്നെന്നെ ഒന്ന് പുച്ഛിച്ച് നോക്കുന്നത് കണ്ട ഞാന്‍ മുകളിലോട്ടു കയറണ്ട എന്ന് തീരുമാനിച്ചു കൊണ്ട് ഫോണ്‍ എടുത്ത് കുത്തി.
“ഹലോ....”

മറുതലയ്ക്കല്‍ പശു ചവിട്ടിയ തവള കണക്കെ ഒരു അരോചക ശംബ്ദം!!

കേക്ക്, ബിരിയാണി, ഐസ്സ്ക്രീം,കോലുമുട്ടായി,ജീരകമുട്ടായി തുടങ്ങിയ പലതും ഓഫര്‍ ചെയ്തിട്ടും പശുചവിട്ടില്‍ നിന്നും മാറാന്‍ തവള കൂട്ടാക്കിയില്ല.
താഴോട്ടിറങ്ങില്ല, വേണേല്‍ മുകളിലോട്ട് പോര്” എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മറുതല മുറിഞ്ഞു.
പഴയ അനുഭവം കുരു ആക്കി ,സ്വന്തമായി  കഴിക്കാന്‍ വേണ്ട ഉഴുന്ന് വട പൊതിഞ്ഞു വാങ്ങി, പടികള്‍ കയറി ചെന്നപ്പോള്‍....,

ഉടമസ്ഥന്‍ ഇല്ലാത്ത സമയം നോക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തു ആ പൈസ മുഴുവന്‍ അടിച്ചു മാറ്റുന്ന തിരക്കില്‍ തൃശൂര്‍ന്‍റെ സ്വന്തം മത്സ്യമന്ത്രി- ഒലക്ക ആബി !!

ചെന്ന ഉടന്‍ പൊതി തട്ടിപറിച്ച് വാങ്ങി പൊതിഞ്ഞ പേപ്പര്‍ അടക്കം തിന്നശേഷം,തല്ലുകൊണ്ട പന്നികണക്കെ ഒരു നോട്ടവും, ഒപ്പം ഒരു ചോദ്യവും “ഇനീണ്ട ??

അപ്പോളേയ്ക്കും കാത്തുനിന്ന വിളി വന്നു.മറുതലയ്ക്കല്‍ ഭരണിപാട്ട്.എന്നാല്‍ ശരി ഗഡി, നുമ്മ പോണു എന്ന് പറഞ്ഞ്, ഒലക്ക ആബിയെ സഹിക്കുന്ന പാവം ബിന്ദുവേച്ചിയുടെ ഒപ്പം ഒരു ഫോട്ടോ എടുത്ത് പടികള്‍ ഇറങ്ങി.

തിരിഞ്ഞ് നോക്കുമ്പോള്‍, ഒലക്ക ആബി പുറകെയുണ്ട്. "കൂരി” സുരേഷ്നെ തിരികെ വിളിക്കാനുള്ള തെറികള്‍ പഠിക്കാന്‍ ഉള്ള വരവാണ്!!
റോഡില്‍ ഒരു ബൈക്കില്‍ മുന്‍ വിപ്പ് കുപ്പ.
ഒലക്ക മാടം, അന്നത്തേയ്ക്കു വേണ്ട മരുന്നുകള്‍ കുറിച്ച് വാങ്ങി ചെവി പൊത്തി തിരികെ നടന്നു.

പല പല കഥകള്‍ പറഞ്ഞുകൊണ്ട്,ഞങ്ങള്‍ അവിടുന്ന് അടുത്ത സ്വീകരണ സ്ഥലത്തേയ്ക്കും.
 ******************
മണ്ണിട്ട വഴി അവസാനിക്കുന്നിടത്ത് വണ്ടി നിര്‍ത്തി മുറ്റത്തെത്തിയപ്പോളെ കേട്ടു, ഒരു കൊടിച്ചി പട്ടി ഏറുകൊണ്ട് നിലവിളിക്കുന്ന ശബ്ദം!!

വാതിലില്‍ മുട്ടി, അനക്കമില്ല.ഇടിച്ചു കയറിയപ്പോ കരയുന്നത് പട്ടി അല്ല!!

അഞ്ചില്‍ പഠിക്കുന്ന ഏതോ ചെറുക്കന്‍ തല്ലി എന്നും പറഞ്ഞു,  ഒരു മൂലയ്ക്കിരുന്നു മൂക്ക് പിഴിഞ്ഞ് ചുമരില്‍ തേച്ചുകൊണ്ട് ഉറക്കെ ഉറക്കെ കരയുന്ന ഒരുവന്‍- ഗ്രാമം മുഴുവന്‍ വിറപ്പിക്കുന്ന ഗുണ്ടവിനു!!

തൊട്ടടുത്തായി വടിവാള്‍, അരിവാള്‍,പേനാകത്തി,മലപ്പുറം കത്തി,മഴു,അമ്പും വില്ലും.... അങ്ങിനെ പല മാരക ആയുധങ്ങളും കൂട്ടി ഇട്ടിരിക്കുന്നു.മുറിയുടെ മൂലയിലായി ഒരു അടുപ്പ് കൂട്ടി എന്തോ വച്ചിരിക്കുന്നു.പിന്നെ ആണ് മനസ്സിലായത്‌ സംഭവം “നാടന്‍ വാറ്റ്” ആണെന്ന്.

ഞങ്ങളെ കണ്ട വഴി, കരച്ചില്‍ നിര്‍ത്തി ഗൌരവം ആയി.

“ഹും... എന്താ രണ്ടും കൂടി??”
"അല്ല, ഞങ്ങള്‍ വെറുതെ ...."
“വെറുതെ വരാന്‍ ഇതെന്താ സത്രമോ ?? തല അരിഞ്ഞുകളയും രണ്ടിന്‍റെയും” എന്നും പറഞ്ഞ് കത്തിയുമായി ചാടി എണീറ്റു ഗുണ്ട.അതുകണ്ട് പേടിച്ച കുപ്പയുടെ കൈകൊണ്ട് തുറന്നിട്ട കതകു “ടപ്പേ” എന്ന ശബ്ധത്തില്‍ പെട്ടെന്നടഞ്ഞു.ഒപ്പം ഒരു നിലവിളിയും!!
നോക്കുമ്പോള്‍, “അയ്യയോ എന്നെ തല്ലല്ലേ...” എന്ന് പറഞ്ഞ് പേടിച്ചു വിറച്ചുകൊണ്ട് കട്ടിലിന്‍റെ മുകളില്‍ കുത്തിയിരിക്കുന്നു പാവം ഗുണ്ട.
അതുകണ്ട ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.അപ്പൊ ഇത്രേ ഉള്ളു ഗ്രാമം ഗുണ്ട അല്ലെ ?

പിന്നെ വിശേഷങ്ങള്‍ ചോദിക്കല്‍ ആയി, കെട്ടിപിടിക്കല്‍ ആയി.അപ്പോളേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.കുപ്പയ്ക്കൊരാഗ്രഹം “എന്തായാലും വന്നതല്ലേ , വെണ്ണകള്ളനെ കൂടി കണ്ടേയ്ക്കാം??”
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി ബൈക്കില്‍ കയറി.ഇപ്പോള്‍ പോയാല്‍ നല്ല കിളികളെ കൂടി കാണാന്‍ പറ്റും എന്നതാരുന്നു എന്‍റെ മനസ്സില്‍!!
പോകും വഴി ഗ്രാമത്തിലെ ഷാന്‍ എന്ന പുതിയ ഗുണ്ടയെ കൂടി കാണാം എന്ന് കരുതി പലരെയും വിളിച്ചു നമ്പര്‍ ചോദിച്ചു.
ഒടുവില്‍,ഒലക്ക മാടം പറഞ്ഞതനുസരിച്ച് സുജാജി വഴി “ഈ നമ്പര്‍ വേറെ എവിടെയും ഉപയോഗിക്കില്ല എന്ന ഉറപ്പില്‍” അധികാരിടെ കൈയില്‍ നിന്നും നമ്പര്‍ കിട്ടി - "98 98 98 98 98" 

അത് കണ്ടപ്പോളേ ഇതൊരു "നമ്പര്‍" ആണെന്ന് മനസ്സിലായി എങ്കിലും വിളിച്ചു നോക്കി.
“നിന്നോടല്ലേടാ ഈ നമ്പറില്‍ ഉള്ളവന്‍ എനിക്ക് പണം തരാതെ മുങ്ങി ....@#$%^ എന്ന് പറഞ്ഞത്....." എന്നൊക്കെ ഏതോ ഒരു തള്ള ഹിന്ദിയില്‍ പറഞ്ഞു കൊണ്ടേ ഇരുന്നു”

ഒടുവില്‍ ആ ശ്രമം ഓടയില്‍ ഉപേക്ഷിച്ച് അമ്പല ദര്‍ശനവും കഴിഞ്ഞ് തിരികെ ഗുണ്ട സങ്കേതത്തില്‍.

നീ ബാംഗ്ലൂര്‍ നിന്നൊന്നും കൊണ്ട് വന്നില്ലേ” എന്ന് കിറിയുടെ രണ്ടറ്റത്തൂടെയും ഒലിപ്പിച്ചു കൊണ്ട് ഗുണ്ട.
കൊണ്ടുവന്നത് എടുത്തു കൈയില്‍ കൊടുത്തപ്പോള്‍ എന്തോ കണ്ട കൊച്ചുപന്നിയുടെ സന്തോഷം ആ മുഖത്ത് തെളിയുന്നത് കണ്ടു.ഒപ്പം 
"എന്‍റെമ്മെച്ചിയേ..." എന്നൊരു സന്തോഷ പ്രകടന നിലവിളിയും.

ഞങ്ങടെ ആ സന്തോഷം അധിക നേരം നിന്നില്ല.കൊടുത്തത് കഴിച്ച ഗുണ്ട, പിന്നെ അഭിഷേകം തന്നെ ആയിരുന്നു.ഇടയ്ക്കെപ്പോളോ കേരളാനീയമ സഭയില്‍ നിന്നും “തെറി” റീചാര്‍ജ്ജ് ചെയ്യാന്‍ ആരൊക്കെയോ വിളിച്ച തക്കം നോക്കി, ഞങ്ങള്‍ രക്ഷപെട്ട് മുറിയുടെ പുറത്തെത്തി.അപ്പോളാണ് കോഴിക്കോട് നിന്നും ഒരു വിളി- മണിലാല്‍ മാഷ്!!

സാഹിത്യം നിപ്പനായി അടിച്ച് കയറ്റി , മാഷ് നല്ല ഫിറ്റ്!!

“കവിത, കവിത.... “എന്നിടയ്ക്കിടെ പറയുന്നുണ്ട്.അതിനനുസരിച്ച് “ആരാടോ തന്‍റെ ഈ കവിത ?? സത്യം പറഞ്ഞോ “ എന്നും പറഞ്ഞു ചേച്ചി ചിരവയ്ക്കടിക്കുന്നത് മുഴങ്ങി കേള്‍ക്കുന്നുമുണ്ട്.ചിരവ പണി കൊടുത്ത ഏതോ നിമിഷത്തില്‍ മാഷിന്റെ ബോധം പോയി, ഫോണ്‍ കട്ട് ആയി.

അപ്പോളേയ്ക്കും കള്ളിന്‍റെ മണം പിടിച്ച് വിനോദ് ഭായി പ്രവാസ ലോകത്ത് നിന്നും വിളിച്ചു.
ക്ലാ ക്ലാ ക്ലാ....
ക്ലേ.. ക്ലേ...ക്ലേ...

അതും കട്ട്‌ ആയി.അതില്‍ മനം നൊന്ത് ഞങ്ങള്‍ വീണ്ടും ഗുണ്ട സങ്കേതത്തില്‍ കയറി.പിന്നവിടെ നടന്നത് ഒരു സംവാദം ആയിരുന്നു.വാളും കത്തിയും കോടാലിയും കൊണ്ടൊക്കെ ഗുണ്ട ആഞ്ഞുവെട്ടി.ഒടുവില്‍ പുലര്‍ച്ചെ നാല്മണിക്ക് എല്ലാരും തളര്‍ന്നുറങ്ങി.

ഉച്ചയോടു കൂടി ഉറങ്ങുന്ന ഗുണ്ടയെ വിളിച്ചുണര്‍ത്തി ടാറ്റ പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്രയായി.തൃശൂര്‍ വച്ച് തമ്മില്‍ പിരിഞ്ഞ്, പ്രഭ ആലപ്പുഴയ്ക്കും ഞാന്‍ തിരുവില്വമാലയ്ക്കും!!

വീട്ടില്‍ ചെന്നഉടന്‍ മരുമകനെയും കൊണ്ട് പാലക്കാട് വരെ എത്തിയ “താജ്മഹല്‍” കാണുവാന്‍ യാത്രയായി.അവിടെ എത്തി എല്ലാം കണ്ടു തിരികെ വീട്ടില്‍ എത്തുമ്പോള്‍ രാത്രി പത്ത്മണി.


*******************************************
മിക്ക മാസങ്ങളിലും വരാറുണ്ടെങ്കിലും, തിരികെയുള്ള യാത്രകള്‍ എന്നും വേദനാ ജനകം തന്നെ!!
എങ്കിലും അമ്മ കെട്ടിതന്ന- വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറും എടുത്ത്, ബാഗും പിടിച്ചു ഇറങ്ങുമ്പോള്‍ അമ്മ ഒരു കവര്‍ കൂടി തന്നു.

വണ്ടിയില്‍ വച്ച് കുടിക്കുവാനുള്ള വെള്ളവും പിന്നെ ഒന്നോ രണ്ടോ ചേമ്പിന്‍ കഷ്ണങ്ങളോ,കൂര്‍ക്കയോ അല്ലെങ്കില്‍ വഴക്കയോ....
പവയ്ക്കയോ, തേങ്ങയോ,ചമ്മന്തി പൊടിയോ,അച്ചാറോ ....അങ്ങിനെ എന്തെങ്കിലും ഒക്കെ ആയിരിക്കും അതിലെന്നറിയാം.

എല്ലാം ബാംഗ്ലൂര്‍ സുലഭമായി കിട്ടുന്നവ തന്നെ!!

എങ്കിലും ആ പൊതി വാങ്ങി ഭദ്രമായി കൈയില്‍ പിടിച്ചു.കാരണം ആ പൊതിയില്‍ ബാംഗ്ലൂര്‍ എന്നല്ല, ലോകത്ത് മറ്റെവിടെയും കിട്ടാത്ത ഒന്നുണ്ട്... ഒരമ്മയുടെ സ്നേഹം!!


ബാംഗ്ലൂര്‍ നിന്നും എന്ന് വന്നാലും പടിക്കല്‍ തന്നെ സന്തോഷത്തോടെ കാത്ത്നില്‍ക്കുന്ന ആ രണ്ടു കണ്ണുകള്‍, പോകുമ്പോഴും പടിക്കല്‍ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ ആ കണ്ണുകളില്‍ അപ്പോള്‍ സന്തോഷം ആയിരുന്നില്ല എന്ന് മാത്രം!!

************************